കാലം സാക്ഷി അനുഭവം സാക്ഷി

By അരവിന്ദ് ഗോപിനാഥ്  |   Published: 07th November 2021 05:53 PM  |  

Last Updated: 07th November 2021 05:53 PM  |   A+A-   |  

brp

 

ര്‍ത്തമാനകാലത്തിന്റെ എഴുത്തുകാരന്‍ എന്ന നിലയില്‍ പത്രപ്രവര്‍ത്തകന്റെ ചരിത്രമൂല്യം എന്താണ്? ഇതിനുള്ള ഉത്തരം ലോകത്തിലെ വിഖ്യാതരായ പല മാധ്യമപ്രവര്‍ത്തകരും അവരുടെ ദൈനംദിന ചരിത്രമെഴുത്തിലൂടെ സൂക്ഷ്മമായി ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനുമപ്പുറം അവരുടെ ജീവിതകഥകളില്‍ ചരിത്രസംഭവങ്ങളുടെ പിന്നിലെ കഥകള്‍ പിന്നീട് പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ഒരു ചരിത്രകാരന്റെ കണ്ണിലൂടെ ആ സംഭവങ്ങള്‍ വായനക്കാരിലെത്തിച്ചിട്ടുമുണ്ട്. ദൈനംദിന പത്രപ്രവര്‍ത്തനത്തിന്റെ പൊതുരീതികള്‍ക്ക് അപ്പുറത്തായതുകൊണ്ടുതന്നെ വായനക്കാര്‍ക്ക് സംഭവങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചയ്ക്ക് ഇത്തരം എഴുത്തുകള്‍ സഹായകരവുമായിട്ടുണ്ട്. ഇതിന് നിരവധി ഉദാഹരണങ്ങളായി വിഖ്യാതരായ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജീവിതം എഴുതിയപ്പോള്‍ അത് ചരിത്രത്തിലേക്കുള്ള പുതിയ കാഴ്ചയായി മാറിയിട്ടുമുണ്ട്.

കുല്‍ദീപ് നയ്യരുടെ ആത്മകഥയൊക്കെ ദൈനംദിന മാധ്യമപ്രവര്‍ത്തനം തന്നെ ചരിത്രാവിഷ്‌കാരങ്ങളായി മാറ്റുന്നത് എങ്ങനെയാണെന്ന് കാണിച്ചുതന്നിട്ടുള്ളതാണ്. കൊളോണിയല്‍ ഭരണത്തില്‍നിന്നും സ്വാതന്ത്ര്യത്തിലേയ്ക്ക് രാജ്യം കടന്നപ്പോള്‍ ചരിത്രം പിറവിയെടുക്കുന്നത് അടുത്തുനിന്നു കണ്ട മലയാളി പത്രപ്രവര്‍ത്തകരുണ്ട്.  രാഷ്ട്രീയ  പ്രവര്‍ത്തനമെന്ന നിലയില്‍ക്കൂടി പത്രപ്രവര്‍ത്തനത്തെ കണ്ടവരായിരുന്നു അവരില്‍ പലരും. തങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ ബോധ്യങ്ങള്‍ പറയാന്‍, രാഷ്ട്രീയ സംഭവങ്ങളെ തങ്ങളുടെ നിലപാടുകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനായിരുന്നു അവര്‍ മുതിര്‍ന്നത്. മാധ്യമ പ്രവര്‍ത്തനത്തിന്റെ കണിശമായ നിസ്സംഗതകള്‍ കയ്യൊഴിഞ്ഞ് തങ്ങളുടെ രാഷ്ട്രീയ ബോധ്യത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തനം കൂടിയായിരുന്നു അവരില്‍ പലര്‍ക്കും മാധ്യമപ്രവര്‍ത്തനം. എടത്തട്ട നാരായണനെപ്പോലുള്ളവരുടെ ജീവിതം ഇതിന്റെ ഉദാഹരണമാണ്. 

എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തനാണ് ബി.ആര്‍.പി ഭാസ്‌കര്‍.  അദ്ദേഹത്തിന്റെ പ്രൊ ഫഷണല്‍ ജീവിതകഥ അതുകൊണ്ടുതന്നെയാണ് സവിശേഷമാകുന്നത്. ബി.ആര്‍.പിയുടെ അനുഭവങ്ങളിലൂടെ നമുക്ക് ചരിത്രത്തെ കാണാം. പത്രപ്രവര്‍ത്തനം പിന്നിട്ട വഴികള്‍ തിരിച്ചറിയാം. അതാണ് അദ്ദേഹം ജീവിതം എഴുതുമ്പോള്‍ അത്  സവിശേഷമായ ഒരു ചരിത്ര രേഖകൂടിയായി മാറുന്നത്. രാഷ്ട്രീയ സംഭവങ്ങള്‍ രൂപപ്പെടുന്നതിലേയ്ക്ക് നയിച്ച തിരശ്ശീലയ്ക്ക് പിന്നിലെ സംഭവങ്ങള്‍ മാത്രമല്ല, അക്കാലത്തുമുതല്‍ പത്രമുതലാളിമാരില്‍ ചിലരെ നയിച്ച താല്പര്യങ്ങളും മൂല്യങ്ങളുമെല്ലാം ബി.ആര്‍.പി ആവേശരഹിതമായി സൂക്ഷ്മതയോടെ പറയുന്നു.  കേരളത്തിലെ നിതാന്ത പ്രതിപക്ഷം എന്ന നിലയില്‍ സാമൂഹ്യ, രാഷ്ട്രീയ സംഭവങ്ങളില്‍ ഇടപെടുന്ന ബി.ആര്‍.പി തന്റെ ന്യൂസ് അനുഭവങ്ങള്‍ പറയുമ്പോള്‍ ഇക്കാരണങ്ങള്‍കൊണ്ടുതന്നെ മലയാളത്തിലെ ചരിത്രമെഴുത്തിന്റെ ഒരു ഭാഗമാകുകയാണ് ചെയ്യുന്നത്.

ചരിത്രത്തിന്റെ തിളക്കമുള്ള ഓര്‍മകള്‍

അനുഭവത്തിന്റെ പാഠങ്ങളാണ് ഈ പുസ്തകത്തിലെ 466 താളുകള്‍. ചരിത്രസംഭവങ്ങളുടെ തിളക്കമുള്ള ഓര്‍മ്മകള്‍ അതിന്റെ ഭംഗിയും ആഴവും കൂട്ടുന്നു. ഏഴു പതിറ്റാണ്ടുകാലത്തെ ബി.ആര്‍.പിയുടെ വാര്‍ത്താലോകം സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം കൂടിയാണ്. നാടകീയമായതും അല്ലാത്തതുമായ വഴിത്തിരിവുകളിലൂടെ നീങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പഠനം. പത്രപ്രവര്‍ത്തകന്‍ എന്ന് നാം വ്യവഹരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോര്‍ട്ടറോ എഡിറ്ററോ മാത്രമായിരുന്നില്ല അദ്ദേഹം. ചരിത്രവും സാമൂഹ്യവുമായ മാറ്റങ്ങളെ അദ്ദേഹം ഉള്‍ക്കൊണ്ട് അനുഭവങ്ങളുടെ വിശാലതയിലൂടെ ഭാവിയെ കാണാനുള്ള ദീര്‍ഘദര്‍ശിത്വം പ്രകടിപ്പിക്കുന്നുമുണ്ട്. ദുരൂഹതകളില്‍ മുങ്ങിപ്പോകാതെ സംഭവങ്ങളെ ലളിതമായി പ്രതിപാദിക്കുന്നു. ഇതിവൃത്തത്തെ ഭംഗിയായി സൂക്ഷിക്കുന്നതിനൊപ്പം നിരീക്ഷണത്തിലൂടെ പക്ഷപാതിത്വമില്ലാത്ത ഒരു വാര്‍ത്താചിത്രം നല്‍കുന്നു. 

ചരിത്രത്തെ മാറ്റിമറിച്ച സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യുക മാത്രമല്ല, അതിലുള്‍പ്പെട്ട വ്യക്തികളെക്കുറിച്ചുള്ള തെളിഞ്ഞ ചിത്രം നമുക്ക് നല്‍കുന്നു. പതറാതെ സാക്ഷിയായി സംഭവങ്ങള്‍ രേഖപ്പെടുത്തുന്നു. അനുഭവത്തിന്റെ തീക്ഷ്ണത നിറഞ്ഞ ആ റിപ്പോര്‍ട്ടുകള്‍ കാലത്തിന്റെ അടയാളങ്ങളായി നില്‍ക്കുന്നു. ആദര്‍ശാത്മകമായ സ്വരച്ചേര്‍ച്ചകള്‍, വര്‍ഗ്ഗസമരങ്ങള്‍, മഹത്തരമായ ചരിത്രസാക്ഷ്യങ്ങള്‍ എന്നിവയൊക്കെ ഇഴുകിച്ചേരുംവിധം ഈ താളുകളിലുണ്ട്. ഭ്രാന്തമായ ഒരു യാത്രയ്ക്കിടയില്‍ ഒരു നിമിഷം തിരിഞ്ഞുനോക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന പുസ്തകം. നിസ്സാരമായ ഒരു കൈത്തെറ്റുപോലുമുണ്ടാകാതിരിക്കാന്‍ അദ്ദേഹം എത്രമാത്രം ജാഗരൂകനായിരുന്നുവെന്ന് വായനക്കാരനു ബോധ്യപ്പെടും. ചരിത്രത്തില്‍നിന്നും പഠിക്കാത്തവര്‍ അത് ആവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്നു എന്ന ബര്‍ക്കിന്റെ പ്രസിദ്ധ വാക്യം തന്നെയാണ് ഇന്നത്തെ പത്രപ്രവര്‍ത്തന ലോകത്തെക്കുറിച്ച് ഈ പുസ്തകം വായിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക. നിലപാടിലുറച്ച മാധ്യമപ്രവര്‍ത്തനം സാധ്യമല്ലെന്ന് പ്രവര്‍ത്തിച്ചു പഠിപ്പിക്കുന്ന ഈ ലോകത്ത്.

1952-ഹിന്ദുവില്‍ ചേര്‍ന്നതു മുതലുള്ള പത്രലോകത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അവിസ്മരണീയമാണ്. സാങ്കേതികവിദ്യ മെച്ചപ്പെടാത്ത കാലത്ത് പത്രം ഇറക്കുന്നത് എത്രമാത്രം സങ്കീര്‍ണ്ണമായ ചുമതലയാണെന്നത് ആദ്യ താളുകളില്‍ത്തന്നെ വായനക്കാരനു വ്യക്തമാകും. രാത്രിവണ്ടികളില്‍ അയയ്‌ക്കേണ്ട എഡിഷനുകളും വിമാനത്തില്‍ വിതരണം ചെയ്യുന്ന എഡിഷനുകളുമടക്കമുള്ള ജോലികളുടെ വിവരവും രീതിയും ഒരുപക്ഷേ, ഇന്നത്തെ മാധ്യമവിദ്യാര്‍ത്ഥികള്‍ക്ക് അവിശ്വസനീയമായി തോന്നിയേക്കാം. ഇന്ത്യയില്‍ ആദ്യമായി ഫോട്ടോടൈപ്പ് സെറ്റിങ്ങും ഓഫ്സെറ്റ് പ്രിന്റിങ്ങും കൊണ്ടുവരുന്നതും 1971-ല്‍ ഉദയവാനി എന്ന കന്നട പത്രത്തിലാണ്. ഡെക്കാണ്‍ ഹെറാള്‍ഡാണ് പുതിയ സാങ്കേതികവിദ്യ സ്വീകരിച്ച ആദ്യ ഇംഗ്ലീഷ് പത്രം. ഏജന്‍സികളില്‍ കംപ്യൂട്ടര്‍വല്‍ക്കരണം തുടങ്ങിയത് എ.പിയായിരുന്നു. അതിനു ശേഷം പതിറ്റാണ്ടുകള്‍ കടന്നുപോയിരിക്കുന്നു. ഇന്ന് കംപ്യൂട്ടറിന്റെ കൂടുതല്‍ സാധ്യതകള്‍ വന്നു. എന്നാല്‍ സാങ്കേതികവിദ്യ വേണ്ടത്ര ആലോചനയില്ലാതെ പ്രയോഗിക്കുന്നതിന് ബി.ആര്‍.പി  ഒരു ഉദാഹരണം ചൂണ്ടിക്കാട്ടുന്നു: ചാനലുകളിലെ രാത്രി കോപ്രായങ്ങള്‍. സാങ്കേതികവിദ്യയടക്കമുള്ള പ്രതിസന്ധികളെ നേരിടാനും ഉപയോഗപ്പെടുത്താനുമായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
 
ധര്‍മ്മവും ധാര്‍മ്മികതയുമൊക്കെ ഓരോ കാലത്തും വ്യത്യസ്തമായിരിക്കുമെന്ന  ലളിതസമവാക്യത്തിലല്ല ഈ പുസ്തകം വായിക്കുമ്പോള്‍ നാം എത്തിച്ചേരുക. ഒരു കാലത്തും അദ്ദേഹം ധാര്‍മ്മികത കൈവിട്ടിട്ടില്ല. ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയനായിട്ടുമില്ല. അവസാന താളുകളില്‍ ഏഷ്യാനെറ്റില്‍നിന്നു വിടേണ്ടിവന്ന സാഹചര്യങ്ങള്‍ വിവരിക്കുമ്പോള്‍ അത് വ്യക്തമാകും. പത്രവിശേഷത്തില്‍ മാതൃഭൂമിയെ വിമര്‍ശിച്ചതായിരുന്നു കാരണം. വിമര്‍ശിക്കരുതെന്നും ആ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതും കൈകടത്തലായിരുന്നു. ഏഷ്യാനെറ്റുമായുള്ള ബന്ധം അവിടെ അവസാനിച്ചു. സ്വന്തം പ്രൊഫഷണല്‍ വിലയിരുത്തലുകള്‍ക്കുമേല്‍ വിധികര്‍ത്താവാകാനുള്ള യോഗ്യത അദ്ദേഹം ആര്‍ക്കും കല്പിച്ചു കൊടുത്തിരുന്നില്ല. എങ്ങനെയാണ് തന്റെ തലമുറയില്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും വില നല്‍കിയതെന്ന് സത്യസന്ധമായി അദ്ദേഹം ഈ സംഭവങ്ങളിലൂടെ വിവരിക്കുന്നു. 

പത്രപ്രവര്‍ത്തനത്തിലെ സംശയദൃഷ്ടി

ഔദ്യോഗികമായി ഒരു സ്ഥാപനത്തിന്റെ ഭാഗമാകാതെ തന്നെ പത്രപ്രവര്‍ത്തകനായ ആളാണ് ബി.ആര്‍.പി. കോളേജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അച്ഛന്‍ എ.കെ. ഭാസ്‌കര്‍ നടത്തിയിരുന്ന നവഭാരതം പത്രത്തിലേക്ക് മറ്റൊരു പേരില്‍ ഒരു രാഷ്ട്രീയലേഖനം അയച്ചുകൊടുത്തു. നവഭാരതം അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി നെഹ്റു തിരുവനന്തപുരത്ത് വന്നപ്പോള്‍ ചീഫ് റിപ്പോര്‍ട്ടര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഉപപ്രധാനമന്ത്രി വല്ലഭായ് പട്ടേല്‍ കൊച്ചിയിലെത്തിയപ്പോഴായിരുന്നു അടുത്ത റിപ്പോര്‍ട്ടിങ്ങ് അവസരം. ഈ അനുഭവപരിചയം വച്ചാണ് ലത്തീന്‍ കത്തോലിക്ക സഭയുടെ കീഴിലുള്ള തൃശൂരിലെ പള്ളിയില്‍ നടക്കുന്ന ദിവ്യാത്ഭുതം റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്ര. പ്രാര്‍ത്ഥനാനിലവിളികള്‍ക്കൊടുവില്‍ പ്രത്യക്ഷപ്പെടുന്ന കന്യാമറിയത്തെ കാണാന്‍ പോയ ആ യാത്ര സംശയാലുവായ വിദ്യാര്‍ത്ഥിയുടെ മനസ്സോടെയായിരുന്നുവെന്ന് അദ്ദേഹം ആദ്യ അദ്ധ്യായത്തില്‍ പറയുന്നു. പത്രപ്രവര്‍ത്തനത്തില്‍ സംശയദൃഷ്ടിക്കു സ്ഥാനമുണ്ടെന്ന് ഈ അനുഭവത്തിലൂടെ അദ്ദേഹം പറയുന്നു. 

ജാഗ്രതയുള്ള പത്രപ്രവര്‍ത്തനത്തില്‍ സംശയദൃഷ്ടിക്കു സ്ഥാനമുണ്ടെന്ന് അദ്ദേഹം പറയുന്നത് ഹിന്ദുവിലുണ്ടായ ഒരു അനുഭവത്തെ മുന്‍നിര്‍ത്തിയാണ്. റിപ്പോര്‍ട്ടറിലുള്ള അമിതവിശ്വാസമുണ്ടാക്കുന്ന അപകടം ന്യൂസ് എഡിറ്ററായ സി.ആര്‍. കൃഷ്ണസ്വാമിക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സംഭവം ഇങ്ങനെ: അര്‍ദ്ധരാത്രിയിലെ പാര്‍ലമെന്റ് ചടങ്ങിനു ശേഷം രാവിലെ പ്രധാനമന്ത്രി നെഹ്റു ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിനെ കണ്ട് സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരുടെ പേരുകള്‍ നല്‍കിയെന്നും അതില്‍ ഒന്നുമുണ്ടായിരുന്നില്ലെന്നുമാണ് ഹിന്ദുവിന്റെ അമേരിക്കന്‍ പ്രതിനിധി ബലരാമന്‍ നല്‍കിയ ഒരു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അത് തെറ്റാണെന്ന് സി.ആര്‍. കൃഷ്ണസ്വാമിയെ ബോധ്യപ്പെടുത്താനെടുത്ത അധ്വാനം വിവരിക്കുന്നുണ്ട്. 

തുടര്‍ന്നുള്ള അനുഭവങ്ങളുടെ ഒഴുക്ക് മുഴക്കമുള്ള അനുഭവനാദങ്ങളാകുന്നു. നവഭാരതം പത്രത്തില്‍ വാരഫലമെഴുതിയ അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്. ഗൗരവത്തോടെ സമീപിക്കേണ്ട വിഷയങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യാവൂവെന്ന് എനിക്ക് അഭിപ്രായമില്ല. അതേ സമയം വായനക്കാരും പ്രേക്ഷകരും മാധ്യമങ്ങള്‍ എഴുതുന്നതും പറയുന്നതും ഗൗരവത്തോടെ എടുക്കാന്‍ സാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ എപ്പോഴും ഓര്‍മ്മിക്കണമെന്ന് അദ്ദേഹം ആ അനുഭവത്തെ മുന്‍നിര്‍ത്തി പറയുന്നു. ഡിഗ്രി പൂര്‍ത്തിയാകുമ്പോഴേക്കും പത്രപ്രവര്‍ത്തകനാകാന്‍ തീരുമാനിച്ച അദ്ദേഹം ഇംഗ്ലീഷ് പത്രങ്ങളില്‍ ജോലി ചെയ്യാനാണ് താല്പര്യപ്പെട്ടത്. 1952 ഫെബ്രുവരി 25-നാണ് ബി.ആര്‍.പി ഹിന്ദുവില്‍ ചേരുന്നത്. പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യ ദിനം അതായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ചേരാന്‍ സഹായം ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഗാന്ധിഗ്രാമത്തിന്റെ സ്ഥാപകന്‍ ജി. രാമചന്ദ്രന് അദ്ദേഹം കത്തയച്ചിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ച അച്ഛന്‍ ഹിന്ദു പത്രാധിപര്‍ കസ്തൂരി ശ്രീനിവാസനോട് സംസാരിച്ചു. അങ്ങനെ ട്രെയിനിയായി ഹിന്ദുവില്‍ ചേര്‍ന്നു. 

ചരമക്കുറിപ്പുകളായിരുന്നു തുടക്കം. സിലോണ്‍ ആദ്യ പ്രധാനമന്ത്രി ഡോണ്‍ സ്റ്റീഫന്‍ സേനാനായകെയുടെ ചരമക്കുറിപ്പാണ് ആദ്യമെഴുതേണ്ടിവന്നതെന്ന് ബി.ആര്‍.പി ഓര്‍ക്കുന്നു. ഒരു വ്യക്തിയുടെ സംഭാവനകളെ മൊത്തത്തില്‍ വിലയിരുത്താനുള്ള അവസരമാണ് ചരമക്കുറിപ്പെന്ന് അദ്ദേഹം പറയുന്നു. അതിന് ജവഹര്‍ലാല്‍ നെഹ്റുവും  ഇന്ദിരാഗാന്ധിയും മരിച്ചപ്പോള്‍ ടൈം എഴുതിയ കുറിപ്പാണ് ആധാരമാക്കുന്നത്. കസ്തൂരി ശ്രീനിവാസന്‍, കെ.എസ്. നരസിംഹന്‍, സി.ആര്‍. കൃഷ്ണസ്വാമി, ഹിന്ദുവിന്റെ ചരിത്രമെഴുതിയ രംഗസ്വാമി പാര്‍ത്ഥസാരഥി എന്നിങ്ങനെയുള്ള വ്യക്തിചിത്രങ്ങള്‍ തെളിമയോടെ തെളിയുന്നതു കാണാം. സര്‍വ്വ ഇടങ്ങളിലും ഒരു പോരാളിയെയാണ് നമുക്ക് വായിച്ചെടുക്കാനാകുക. പത്രപ്രവര്‍ത്തകനായും തൊഴിലാളിയായും മിന്നിമറയുന്ന ജീവിതങ്ങള്‍. രണ്ടു മേഖലയിലും അവകാശങ്ങള്‍ക്കും ധാര്‍മ്മികതയ്ക്കും വേണ്ടി നിലകൊള്ളുന്ന നിലപാടുകള്‍. 

ഏറ്റവുമൊടുവിലെ മൂന്ന് അദ്ധ്യായങ്ങളില്‍ അദ്ദേഹത്തിന്റെ ദൃശ്യമാധ്യമ പരീക്ഷണങ്ങളാണ്. ഫോക്കസ് ഇന്ത്യ ഫീച്ചേഴ്സില്‍ തുടങ്ങി ഏഷ്യാനെറ്റിലെത്തിയതുവരെയുള്ള കാലം ദൃശ്യസമ്പന്നമായ പുതിയ രീതിയിലേക്കു മാറുന്ന വാര്‍ത്താലോകത്തിന്റെ അനാവരണം കൂടിയാണ്. ഏഷ്യാനെറ്റില്‍ അവതരിപ്പിക്കപ്പെട്ട പത്രവിശേഷം എന്ന മാധ്യമവിമര്‍ശന പംക്തിയെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. പത്രപ്രവര്‍ത്തന മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു താന്‍ വാര്‍ത്തകളെ വിലയിരുത്തിയതെങ്കില്‍ സക്കറിയ സാമൂഹ്യ വിമര്‍ശകനെന്ന രീതിയിലായിരുന്നു വിലയിരുത്തിയത്. മുച്ചീട്ടുകളിക്കാരന്റെ ഗൗരവത്തില്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്കു ചിന്തിക്കാന്‍ ഒറ്റവരി കമന്റ് നല്‍കിയെന്ന് അദ്ദേഹം പറയുന്നു. വാര്‍ത്താവായനയില്‍നിന്ന് വാര്‍ത്താ അവതരണത്തിലേയ്ക്ക് മാറുന്ന രീതിയും വിശദീകരിക്കപ്പെടുന്നു. 

പൊതുവേ ഇടതുപക്ഷത്തോട് ചായ്വുള്ള ചാനലെന്നാണ് ഏഷ്യാനെറ്റ് അറിയപ്പെട്ടിരുന്നത്. ശശികുമാറിനെ പുറത്താക്കി റെജിമേനോന്‍ നേതൃത്വം ഏറ്റെടുത്തതോടെ സി.പി.എമ്മിന് ആ വിശ്വാസം നഷ്ടമായി. കൈരളിയുടെ ഉദയത്തിനു കാരണവും ഇതായിരുന്നു. രസകരമായ ഒരു വസ്തുത അദ്ദേഹം പറയുന്നു. ഒരിക്കല്‍ റെജിമേനോന്‍ തിരുവനന്തപുരത്ത് വന്നപ്പോള്‍ യൂണിയന്‍കാര്‍ പ്രതിഷേധ പ്രകടനം പോലും നടത്തി. ഏതായാലും സാഹസികതയുടെ ഒരു കാലമായി അത്- ബി.ആര്‍.പി കണക്കുകൂട്ടുന്നു. ചാനല്‍ റേറ്റിംഗില്‍ ആ സംതൃപ്തി അളക്കാനാവില്ലെന്നും. നെഹ്‌റുവിന്റെ മരണം, കോണ്‍ഗ്രസ്സിലെ പിളര്‍പ്പ്, ബംഗ്ലാദേശിന്റെ പിറവി, അടിയന്തരാവസ്ഥ എന്നിങ്ങനെയുള്ള അദ്ദേഹം സാക്ഷിയായ ചരിത്രസംഭവങ്ങളിലൂടെയുള്ള യാത്രകൂടിയാണ് ഈ പുസ്തകം. വസ്തുനിഷ്ഠമായി, വളച്ചുകെട്ടല്ലാതെയുള്ള വിവരണം.

ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ പിരിച്ചുവിടപ്പെട്ട ശേഷം പ്രത്യക്ഷസമരത്തെത്തുടര്‍ന്ന് തിരിച്ചെടുക്കപ്പെട്ട ഏക പത്രപ്രവര്‍ത്തകനാണെന്നു തോന്നുന്നു അദ്ദേഹം. യു.എന്‍.ഐയിലെ ജനറല്‍ മാനേജര്‍ ജി.ജി. മിര്‍ചന്ദാനിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പുറത്താകലിനു കാരണമായത്. പിന്നീട് ഐതിഹാസികമായ സമരത്തിലൂടെ അവര്‍ക്കുതന്നെ തിരിച്ചെടുക്കേണ്ടി വന്നു. ഇക്കാലങ്ങളില്‍ സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ബി.ആര്‍.പി. ഇന്നത്തെ മാധ്യമപരിസരങ്ങളില്‍ അത്തരമൊരു സമരമോ പിരിച്ചുവിടലോ തിരിച്ചെടുക്കലോ സങ്കല്പിക്കാന്‍ പോലുമാകില്ല. മട്ടക്കുതിരപ്പുറത്തേറി അമര്‍നാഥിലേയ്ക്കുള്ള യാത്രകളുടെ അനുഭവം മാത്രമല്ല അദ്ദേഹത്തിന്റെ കശ്മീര്‍ ദിനങ്ങള്‍ വായനക്കാര്‍ക്കു സമ്മാനിക്കുക. ഭരണകൂടത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേയുള്ള കലാപങ്ങള്‍ കൂടി അതിനൊപ്പം വായിക്കപ്പെടുന്നു.