മനുഷ്യമനസ്സിന്റെ ഭീകരതകള്‍

തിരുവനന്തപുരത്ത് ഡി.സി.പിയായി ഞാന്‍ ജോലിനോക്കുന്ന കാലത്ത് തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ചുമതലയും സിറ്റി പൊലീസിന്റേതായിരുന്നു
മനുഷ്യമനസ്സിന്റെ ഭീകരതകള്‍

യര്‍പോര്‍ട്ടിന്റെ സുരക്ഷ എല്ലാക്കാലത്തും അതീവ പ്രാധാന്യമുള്ളതാണ്. തിരുവനന്തപുരത്ത് ഡി.സി.പിയായി ഞാന്‍ ജോലിനോക്കുന്ന കാലത്ത് തിരുവനന്തപുരം എയര്‍പോര്‍ട്ടിന്റെ സുരക്ഷാ ചുമതലയും സിറ്റി പൊലീസിന്റേതായിരുന്നു. അന്ന് ആ ചുമതലയില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF) രംഗപ്രവേശം ചെയ്തിരുന്നില്ല. ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ എയര്‍പോര്‍ട്ടുകളുടേയും സുരക്ഷാചുമതല വഹിക്കുന്നത് സി.ഐ.എസ്.എഫ് ആണ്. അത് സംഭവിച്ചത് കാണ്ടഹാര്‍ ഹൈജാക്കിംഗിനു ശേഷമാണ്. 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം താലിബാന്‍ ഭീകരര്‍ റാഞ്ചിയ സംഭവം പ്രസിദ്ധമാണല്ലോ. അതിനു കൃത്യം നാലുവര്‍ഷം മുന്‍പുള്ള ഡിസംബറില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടിയിരുന്ന ഒരു വിമാനത്തിനുള്ളില്‍ ബോംബ് ഭീഷണി വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. കുവൈറ്റ് എയര്‍വെയ്‌സിന്റെ വിമാനം രാവിലെ ഏഴ് മണിയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇറങ്ങേണ്ടതാണ്. അതിന് ഏതാണ്ട് അരമണിക്കൂര്‍ മുന്‍പാണ് സംഭവങ്ങളുടെ തുടക്കം. യാത്രക്കാരില്‍ ഭൂരിപക്ഷവും ഗള്‍ഫില്‍നിന്നും കേരളത്തിലേയ്ക്കു് വരുന്നവരായിരുന്നു. അതിലൊരു യാത്രക്കാരന്‍, തന്റെ സീറ്റില്‍നിന്ന് മുന്നോട്ടു വന്ന് പൈലറ്റിനെ സമീപിച്ച് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്നു പറഞ്ഞു. മാത്രമല്ല, ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അത് പൊട്ടിത്തെറിക്കുമെന്നും പ്രഖ്യാപിച്ചു. പൈലറ്റ് മനസ്സാന്നിദ്ധ്യം വിട്ടില്ല. അയാളെ ഒരുവിധം സമാധാനിപ്പിച്ച് സീറ്റിലേയ്ക്ക് തിരിച്ചയച്ചു. എന്തോ വലിയ അപകടം വരാന്‍പോകുന്നതായി മുന്നിലുള്ള യാത്രക്കാര്‍ മനസ്സിലാക്കി. അവര്‍ പരിഭ്രാന്തരായി. 'വിമാന റാഞ്ചി' സീറ്റില്‍ പോയിരുന്നുവെങ്കിലും ബോംബിന്റെ കാര്യം മറ്റ് എയര്‍വെയ്‌സ് സ്റ്റാഫിനോടും പറഞ്ഞു. ഏതാനും മിനിറ്റുകള്‍ക്കകം ബോംബ് പൊട്ടുമെന്ന് 'ഭീകരന്‍' എല്ലാ പേരോടുമായി പ്രഖ്യാപിച്ചു. വിമാനത്തിനുള്ളില്‍ കാര്യം അറിഞ്ഞവരും അറിയാത്തവരും എന്തോ വലിയ അപകടം വരാന്‍ പോകുന്നുവെന്നു മനസ്സിലാക്കി. മരണം മുന്നില്‍ കണ്ടാല്‍ മനസ്സിന്റെ സമനില തെറ്റുമല്ലോ; അതും ആകാശത്തുവെച്ച്. പരിഭ്രാന്തിയില്‍ ചിലര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞു. ധാരാളം യാത്രക്കാര്‍ കൈകൂപ്പിയും അല്ലാതേയും പ്രാര്‍ത്ഥന തുടങ്ങി. ഒറ്റ അപേക്ഷയുമായി അവര്‍ പല ദൈവങ്ങളേയും ഒരേ സമയം വിളിച്ചിരിക്കണം. അതിനിടയില്‍, പൈലറ്റ് അടിയന്തര സാഹചര്യം എയര്‍ട്രാഫിക്ക് കണ്‍ട്രോളില്‍ അറിയിച്ചു. 

ആകാശപ്പാതയിലെ ബോംബ് ഭീഷണി

അകലെ, ആകാശത്ത് ഇതെല്ലാം അരങ്ങേറുമ്പോള്‍, താഴെ ഭൂമിയില്‍ ഞാന്‍ ടെന്നീസ് കോര്‍ട്ടിലായിരുന്നു; നേരം പുലര്‍ന്ന് ജനങ്ങള്‍ കര്‍മ്മനിരതരാകും മുന്‍പേ വേഗം ടെന്നീസ് രണ്ടു സെറ്റ് പൂര്‍ത്തിയാക്കി മടങ്ങാനുള്ള തിരക്കില്‍. ആളുകള്‍ കര്‍മ്മനിരതരായാല്‍ പിന്നെ പൊലീസിനു മറ്റൊന്നിനും സാവകാശമില്ലല്ലോ.  പക്ഷേ, ആ 'ഭീകരന്‍' എന്റെ അന്നത്തെ പ്രഭാത പരിപാടിയും തകര്‍ത്തു. ഏതു നിമിഷവും പൊട്ടാവുന്ന ബോംബുമായി കുവൈറ്റ് എയര്‍വെയ്‌സ് വിമാനം തിരുവനന്തപുരം എയര്‍പോര്‍ട്ടിനെ സമീപിക്കുന്നതായി എനിക്കു വിവരം കിട്ടി. ഞാനുടനെ എയര്‍പോര്‍ട്ടിലേയ്ക്ക് തിരിച്ചു. അതിനിടയില്‍ അങ്ങോട്ടേയ്ക്ക് കൂടുതല്‍ അഗ്‌നിശമന ഉപകരണങ്ങള്‍ അയയ്ക്കാനും പൊലീസ് ഉദ്യോ ഗസ്ഥരോട് അവിടെ എത്താനും വയര്‍ലെസ്സില്‍ നിര്‍ദ്ദേശിച്ചു. കേട്ടതു ശരിയെങ്കില്‍, ഞാനവിടെ എത്തുമ്പോള്‍ ഒരു തീഗോളമായിരിക്കും അവിടെ കാത്തിരിക്കുക എന്നെനിക്കു തോന്നി. യാത്രക്കാരെ എങ്ങനെ രക്ഷപ്പെടുത്താം? അഗ്‌നിബാധ എങ്ങനെ നിയന്ത്രിക്കാം? പൊലീസാകും മുന്‍പ് പൂര്‍വ്വാശ്രമത്തില്‍ വിശാഖപട്ടണത്ത് റിഫൈനറിയില്‍ ജോലി ചെയ്യുമ്പോള്‍ പഠിച്ച അഗ്‌നിസുരക്ഷാ പാഠങ്ങളും ഓര്‍ത്തു. അവിടെ തീ പിടിത്തത്തില്‍ പൊള്ളലേറ്റു മരിച്ച ആന്ധ്രാക്കാരനായ ഓപ്പറേറ്റര്‍ സുബ്രഹ്മണ്യനും മനസ്സിലെത്തി. 

അതിനിടെ പൈലറ്റില്‍നിന്നും ബോംബിന്റെ വിവരം ലഭിച്ച എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍, അത്തരം വിമാനങ്ങള്‍ക്കുള്ള പ്രത്യേക സ്ഥലമായ 'ഐസൊലേഷന്‍ ബേയി'ല്‍ ഇറങ്ങാന്‍ ഉടന്‍ അനുമതി നല്‍കി. അവിടെ സ്ഫോടനമുണ്ടായാല്‍ മറ്റു വിമാനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നത് ഒഴിവാക്കാം. കൂടാതെ അഗ്‌നിശമന വാഹനങ്ങള്‍ക്കു രക്ഷാപ്രവര്‍ത്തനം നടത്താന്‍ അത് സൗകര്യപ്രദവുമാണ്. പൈലറ്റ് അതിനുള്ള ശ്രമം ആരംഭിച്ചു. എന്നാല്‍ നമ്മുടെ 'ഭീകരന്‍' ഉടന്‍ ബോംബു പൊട്ടുമെന്ന് അലറിവിളിച്ചു. എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ നിര്‍ദ്ദേശിച്ച സുരക്ഷിത സ്ഥലത്ത് ഇറക്കുവാന്‍ കൂടുതല്‍ സമയമെടുക്കുമായിരുന്നു. അതുകൊണ്ട്, പുതിയ അടിയന്തര സാഹചര്യം അറിയിച്ച് എയര്‍ട്രാഫിക്ക് കണ്‍ട്രോളിന്റെ അനുമതിയോടെ കുറേക്കൂടി വേഗത്തില്‍, ലഭ്യമായ ഒരിടത്ത് റണ്‍വേയില്‍ത്തന്നെ എമര്‍ജന്‍സി ലാന്റിംഗ് നടത്തി. ഒപ്പം യാത്രക്കാര്‍ക്ക് ബോംബ് സ്ഫോടനത്തില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി. അതനുസരിച്ച് എല്ലാപേരും ലൈഫ് ജാക്കറ്റ് ധരിച്ചു. വിമാനത്തിന്റെ ഇരുവശത്തുമായി എട്ട് എമര്‍ജന്‍സി വാതിലുകള്‍ തുറക്കുമ്പോള്‍ അതുവഴി നിരങ്ങി നീങ്ങി സുരക്ഷിതമായി പുറത്തുകടക്കേണ്ടിയിരുന്നു. എമര്‍ജന്‍സി വാതിലുകള്‍ തുറക്കേണ്ട താമസം, യാത്രക്കാര്‍ ജീവനും കയ്യിലെടുത്തുകൊണ്ട് അതിലൂടെ വെളിയിലേയ്ക്ക് നിരങ്ങിയിറങ്ങാന്‍ തുടങ്ങി. മരണവെപ്രാളത്തിലുള്ള ഉന്തിലും തള്ളിലും പലര്‍ക്കും പരിക്കേറ്റു. കുറച്ചുപേര്‍ അതില്‍പ്പെട്ട് നിരങ്ങിയിറങ്ങുന്നതിനു പകരം നേരേ താഴോട്ട് വീണ് പരിക്കേറ്റു. ബോംബ് പൊട്ടുമെന്നും വിമാനമുള്‍പ്പെടെ പൊട്ടിത്തെറിച്ച് വലിയ അഗ്‌നിബാധ വ്യാപിക്കും എന്നുമുള്ള ഭയത്തില്‍ പുറത്തുകടന്നവര്‍ പരക്കം പായുകയായിരുന്നു. എയര്‍പോര്‍ട്ടിലെ ഈ ബഹളത്തിനിടയിലേയ്ക്കാണ് ഞാനെത്തിച്ചേര്‍ന്നത്. തീഗോളമൊന്നും കണ്ടില്ല എന്നതില്‍ ആശ്വാസം തോന്നി. വലിയതുറയിലും പൂന്തുറയിലും പരിസരത്തുമുള്ള പൊലീസ് ഉദ്യോഗസ്ഥരും ഫയര്‍സര്‍വ്വീസുകാരും അവിടെയുണ്ടായിരുന്നു. ഇതെല്ലാം എയര്‍പോര്‍ട്ടിന്റെ മതില്‍ക്കെട്ടിനുള്ളിലായിരുന്നതുകൊണ്ട് പുറത്തുനിന്നും ആളുകള്‍ ഉള്ളില്‍ കടന്നിരുന്നില്ല. വിമാനത്തിനു വെളിയില്‍ കടന്ന ചില യാത്രക്കാര്‍ ഭയന്നോടി വിമാനത്താവളത്തിന്റെ ചുറ്റുമതിലിനടുത്തെത്തി അതിനു മുകളിലെ കമ്പിവേലിയും കടക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ദേഹത്ത് മുറിവേറ്റെങ്കിലും ചില സാഹസികര്‍ അതിലും വിജയിച്ചിരുന്നു. പരിക്കോടേയും അല്ലാതേയും യാത്രക്കാരെല്ലാം വിമാനത്തില്‍നിന്നു പുറത്തുകടന്നെന്നു മനസ്സിലായെങ്കിലും ബോംബ് ഭീഷണി അവസാനിച്ചിരുന്നില്ല. എന്നു മാത്രമല്ല, അനുനിമിഷം ഭീഷണി വര്‍ദ്ധിക്കുകയുമാണ്. 

അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ആയിരുന്നുവല്ലോ വിമാനം ഇറക്കിയത്. അതുകൊണ്ടുതന്നെ വിമാനത്താവളം പ്രവര്‍ത്തനക്ഷമമല്ലാതായി. 

ഇങ്ങോട്ടുള്ള മറ്റു വിമാനങ്ങള്‍ തിരിച്ചുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. എമര്‍ജന്‍സി വാതില്‍ വഴി പുറത്തുകടന്നവരുടെ കൂട്ടത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ 'ഭീകരനും' ഉള്‍പ്പെട്ടിരുന്നു. അയാള്‍ക്ക് കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല. മറ്റു യാത്രക്കാരും വിമാന ജീവനക്കാരും ചൂണ്ടിക്കാണിച്ചത് അനുസരിച്ച് അയാളെ കസ്റ്റഡിയിലാക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ആരും അടുത്ത് വരരുതെന്നും ബോംബ് തന്റെ ദേഹത്തു സൂക്ഷിച്ചിട്ടുണ്ടെന്നും ഭീഷണി മുഴക്കി 'ഭീകരന്‍'. വയറിനു ചുറ്റും സ്ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് അയാള്‍ പറയുന്നത്. ഭീകരവര്‍ഗ്ഗത്തില്‍പ്പെട്ട ചില ജീവികളെ ജീവനോടേയും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ട ശേഷവും ഞാന്‍ കണ്ടിട്ടുണ്ട് പഞ്ചാബില്‍ പരിശീലനകാലത്ത്. ബഹളത്തിനിടയില്‍ ഞാന്‍ ഭീകരനെ കണ്ടു. ഇവനാണോ ഭീകരന്‍? എനിക്ക് വിശ്വസിക്കാനായില്ല. കാഴ്ചയില്‍ ഏതോ ആദ്യകാല ജഗതി ശ്രീകുമാര്‍ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു ഭീകരന്‍. ചുറ്റും കൂടിയ പൊലീസുകാര്‍ക്കും ഫയര്‍ഫോഴ്സുകാര്‍ക്കും ലക്ഷണം കണ്ടിട്ട് ഭീകരനോട് തീരെ 'ബഹുമാനം' തോന്നിയില്ല. 'ഭീകരന്' കാഴ്ചയില്‍ തീരെ 'ലുക്കി'ല്ലായിരുന്നു. ആകാശത്തുവെച്ച് അയാള്‍ക്ക് ലഭിച്ച പ്രാധാന്യവും പരിഗണനയും ഇങ്ങ് ഭൂമിയില്‍ നഷ്ടമായെന്നു വ്യക്തം. പൊലീസുകാര്‍ ഭീകരന്റെ ഉടുപ്പുയര്‍ത്തി നോക്കിയപ്പോള്‍ ഒട്ടിയ വയറും ശോഷിച്ച ദേഹവും അല്ലാതെ സ്ഫോടകവസ്തുക്കളൊന്നും കണ്ടില്ല. സ്ഫോടനം അയാളുടെ മസ്തിഷ്‌കത്തിനുള്ളില്‍ ആയിരുന്നിരിക്കണം. അയാള്‍ മാറ്റി മാറ്റി ഓരോന്നു പറയാന്‍ തുടങ്ങിയപ്പോഴും സ്ഫോടകവസ്തുക്കളടങ്ങിയ സൂട്ട്‌കേസ് വിമാനത്തിനുള്ളിലുണ്ട് എന്നതില്‍ മാറ്റം വരുത്തിയില്ല. 'മിനിറ്റുകള്‍ക്കുള്ളില്‍ പൊട്ടും' എന്ന് അയാള്‍ പറഞ്ഞിട്ട് മണിക്കൂര്‍ ഏതാണ്ട് ഒന്നു കഴിഞ്ഞിട്ടും അതൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അവിടെ സുരക്ഷാക്രമീകരണങ്ങള്‍ അപ്പോഴും തുടരുന്നുണ്ടായിരുന്നു. ആ അവസ്ഥ നീണ്ടു പോകുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരുന്നു. വിദേശത്തുനിന്നുള്‍പ്പെടെ പല വിമാനങ്ങളുടേയും വരവിനേയും പോക്കിനേയും അതു ബാധിച്ചു. അതിനപ്പുറം വിമാനത്താവളത്തിനുള്ളില്‍ സ്ഫോടനം ഉണ്ടായാല്‍  അത് സൃഷ്ടിക്കാവുന്ന സുരക്ഷാപ്രശ്‌നങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്. 

തിരുവനന്തപുരം വിമാനത്താവളം- ശംഖുമുഖം കടൽത്തീരത്തു നിന്നുള്ള കാഴ്ച
തിരുവനന്തപുരം വിമാനത്താവളം- ശംഖുമുഖം കടൽത്തീരത്തു നിന്നുള്ള കാഴ്ച

ഏതായാലും അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം ദീര്‍ഘിപ്പിക്കാനാവില്ല എന്നു വ്യക്തമായിരുന്നു. സംസ്ഥാന പൊലീസിലെ ബോംബ് സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥര്‍ അവിടെ എത്തി. പക്ഷേ, വിമാനത്തിനുള്ളില്‍ കയറി പരിശോധിക്കാതെ ബോംബ് കണ്ടെത്തുന്നതിനോ അത് നിര്‍വീര്യമാക്കുന്നതിനോ സാധ്യമായിരുന്നില്ല. ആ ഉദ്യോ ഗസ്ഥര്‍ക്കും വിമാനവും വിമാനത്താവളവും അവിടുത്തെ ബോംബ് ഭീഷണിയും ചേര്‍ന്ന സാഹചര്യം യാതൊരുവിധ മുന്‍പരിചയവും ഉള്ളതായിരുന്നില്ല. വിമാനത്തിനുള്ളില്‍ സ്ഫോടകവസ്തു അടങ്ങിയ സൂട്ട്‌കേസ് ഉണ്ട് എന്നതാണ് വിവരം. അതു ശരിയെങ്കില്‍ സ്ഫോടകവസ്തുവിനെ നിര്‍വീര്യമാക്കിയെങ്കില്‍ മാത്രമേ സുരക്ഷിതത്വം ഉറപ്പുവരുകയുള്ളൂ. പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചാലും സ്ഫോടകവസ്തുവിന്റെ മണം പിടിച്ച് അതു കണ്ടെത്താന്‍ പരിശീലനം ലഭിച്ച പൊലീസ് നായ അക്കാലത്ത് കേരള പൊലീസില്‍ ഇല്ലായിരുന്നു. അന്ന്, ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരുടെ സ്വന്തം പ്രാഥമിക സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രത്യേക സ്യൂട്ടോ കവചമോ ഒന്നും ഉണ്ടായിരുന്നില്ല. അവയൊക്കെ ഉണ്ടെങ്കിലും വിമാനത്തിനുള്ളില്‍ കയറിയുള്ള പരിശോധന ജീവന്‍ പണയംവെച്ച് തന്നെയുള്ള ഒന്നായിരിക്കും എന്നതില്‍ സംശയമില്ലായിരുന്നു. ആകെ ഉണ്ടായിരുന്ന ധൈര്യം ബോംബ് ഭീഷണി ഉയര്‍ത്തിയ വ്യക്തിയില്‍നിന്നും കൂടുതല്‍ വിവരം ശേഖരിച്ചതില്‍ ഭീഷണി എത്രത്തോളം ഗൗരവമുള്ളതാണ് എന്നതില്‍ കാര്യമായ സംശയം ജനിച്ചു എന്നതാണ്. സ്ഥിരതയില്ലാത്ത നിലപാടാണ് അയാളില്‍നിന്നും പൊലീസിനു ലഭിച്ചത്. ഏറ്റവും പ്രധാനമായി തോന്നിയത് അപ്രകാരം ഒരു ഭീകരപ്രവര്‍ത്തനം നടത്തുന്നതിനുള്ള പശ്ചാത്തലമോ കാരണമോ ഒന്നും അയാളില്‍ കണ്ടെത്താനായില്ല എന്നതാണ്. അവസാനം ബോംബ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ കയറി. ലഭ്യമായ മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ള ഉപകരണങ്ങള്‍ വച്ച് പ്രാഥമികമായി പരിശോധിച്ച ശേഷം, സംശയകരം എന്നു കരുതിയ സൂട്ട്‌കേസ് കൈകൊണ്ടെടുത്ത് പുറത്തു കൊണ്ടുവന്നു. ഒഴിഞ്ഞ സ്ഥലത്തുവെച്ച് കൂടുതല്‍ പരിശോധിച്ചതില്‍, ഞങ്ങള്‍ പ്രതീക്ഷിച്ചപോലെ ഒരു ബോംബും അതിലുണ്ടായിരുന്നില്ല. വിമാനം സൂക്ഷ്മമായി പരിശോധിച്ച ശേഷം ഏതാണ്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് അപായം നീങ്ങിയതായി പ്രഖ്യാപിച്ചു.     

അപ്പോള്‍പ്പിന്നെ 'ഭീകരന്‍' മാത്രം പൊലീസിന്റെ കസ്റ്റഡിയിലായി. ആ പാലക്കാടുകാരന്‍ യുവാവ് എങ്ങനെ ഇതിനൊക്കെ കാരണം ആയി എന്ന ചോദ്യം മാത്രം ബാക്കിയായി. അയാളുടെ പൂര്‍വ്വകാല ചരിത്രത്തിലൊന്നും അത്തരം ഏതെങ്കിലും അപകടകരമായ ബന്ധത്തിന്റെ വിദൂരസൂചനപോലും കണ്ടില്ല. പക്ഷേ, ബോംബ് ഭീഷണി വലിയ പരിണതഫലം സൃഷ്ടിക്കും എന്ന് അയാള്‍ക്ക് അറിയാതിരിക്കാന്‍ കാരണം ഇല്ലാതിരുന്നുതാനും. എന്നിട്ടും എന്തിന് അയാള്‍ അങ്ങനെ പ്രവര്‍ത്തിച്ചു എന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും ഞാന്‍ കണ്ടില്ല. അയാള്‍ രണ്ടു വര്‍ഷം മുന്‍പ് തൊഴില്‍ തേടി മറ്റു പലരേയും പോലെ ഗള്‍ഫില്‍ പോയതാണ്. ഒരു നിര്‍ദ്ധന കുടുംബത്തിന്റെ ലൈഫ് ലൈന്‍ ആയിരുന്നിരിക്കണം ഗള്‍ഫ്. രണ്ട് വര്‍ഷം മുന്‍പുള്ള ആദ്യത്തെ വിമാനയാത്ര അവര്‍ക്ക് ഒരു സ്വപ്നസാക്ഷാല്‍ക്കാരം ആയിരുന്നിരിക്കണം. ഗള്‍ഫില്‍  ഒരു നിര്‍മ്മാണക്കമ്പനിയിലാണ് അയാള്‍ ജോലി ചെയ്തിരുന്നത്. ഇടയ്ക്ക് ജോലിയുണ്ടാകും, ഇടയ്ക്കത് നഷ്ടമാകും. ആ അവസ്ഥയിലൂടെ കടന്നുപോയി, അവസാനം തൊഴില്‍ നഷ്ടപ്പെട്ടു. ആ കുടുംബത്തിന്റെ സാമ്പത്തികപ്രശ്നമൊന്നും പരിഹരിക്കപ്പെട്ടതുമില്ല. അങ്ങനെ പ്രതീക്ഷയറ്റ തിരിച്ചുവരവായിരുന്നു ഇപ്പോഴത്തേത്. അങ്ങനെയുള്ള മനസ്സില്‍ എന്തൊക്കെയാണ് സംഭവിക്കുക എന്നത് ആര്‍ക്കാണ് പ്രവചിക്കാനാകുക? നിരാശയും നിസ്സഹായതയും കുന്നുകൂടി താളം തെറ്റിയ മനസ്സാണോ അയാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്? ആര്‍ക്കറിയാം?

സംഘര്‍ഷത്തിനടിപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍

താങ്ങാനാവാത്ത ഭാരംമൂലം അടിതെറ്റിപ്പോകുന്ന മനുഷ്യരെ പൊലീസിനുള്ളിലും കുറേ കണ്ടിട്ടുണ്ട്. അങ്ങനെ എന്നെ അത്ഭുതപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു ഹെഡ് കോണ്‍സ്റ്റബിള്‍ രാമകൃഷ്ണന്‍. അയാളെ ഞാന്‍ ആദ്യം കണ്ടത് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു. ഞാനവിടെ ഇന്‍സ്പെക്ഷനു പോയതാണ്. പഴയകാലത്ത് പൊലീസില്‍ ഇന്‍സ്പെക്ഷന്‍ എന്നാല്‍ കീഴുദ്യോഗസ്ഥരുടെ പേടിസ്വപ്നമായിരുന്നു. പലരേയും പാഠം പഠിപ്പിക്കാനുള്ള അവസരമായി അത് പ്രയോജനപ്പെടുത്തുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന സിനിമയില്‍ നാദിയാ മൊയ്തു മോഹന്‍ലാലിനോട് ഒരു പ്രത്യേകതരം കണ്ണടയെപ്പറ്റി പറയുന്നുണ്ട്. ആ കണ്ണട ധരിച്ചാല്‍ മനുഷ്യരെ വസ്ത്രമില്ലാതെ ശരീരം മാത്രം കാണാമത്രേ. പൊലീസില്‍ ഇന്‍സ്പെക്ഷനു പോകുന്ന ഉദ്യോഗസ്ഥര്‍ പണ്ട് ഒരു പ്രത്യേകതരം കണ്ണട ധരിച്ചിരുന്നുവെന്നു തോന്നുന്നു. അത് മുഖത്തുണ്ടെങ്കില്‍ മനുഷ്യന്‍ എന്തിലും എവിടെയും കുറ്റം മാത്രം കാണുന്ന ആളായി മാറും. എന്നാല്‍, ഇന്‍സ്പെക്ഷനില്‍ എന്നെ ആകര്‍ഷിച്ച കാര്യം, അത് ഏറ്റവും താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിട്ടു മനസ്സിലാക്കുവാനുള്ള അവസരമുണ്ടാക്കി എന്നതാണ്. പദവിയുടെ അനാവശ്യ ഭാരം ഒഴിവാക്കി സഹപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ പ്രായോഗിക പ്രശ്നങ്ങളില്‍ അവരും മനസ്സ് തുറക്കും. അങ്ങനെ കണ്ട ഒരാളായിരുന്നു വട്ടിയൂര്‍ക്കാവിലെ ആ ഹെഡ് കോണ്‍സ്റ്റബിള്‍. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട ഏതു കാര്യം ചോദിച്ചാലും അയാള്‍ക്ക് നല്ല ധാരണയുണ്ട്. അവിടെയുണ്ടായിട്ടുള്ള പ്രധാന കേസുകളെക്കുറിച്ചൊക്കെ അറിയാമെന്നു മാത്രമല്ല, അയാള്‍ക്ക് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നല്ല പക്വമായ വീക്ഷണവുമുണ്ട്. മാനുഷികമായ പ്രശ്‌നങ്ങളെ അനുതാപത്തോടേയും തുറന്ന മനസ്സോടേയും കാണുന്ന ഉദ്യോഗസ്ഥന്റെ വ്യക്തിത്വത്തിനു വളരാനും വികസിക്കാനും ഉതകുന്ന അനുഭവസമ്പത്ത് പ്രദാനം ചെയ്യുന്ന ഒരിടം കൂടിയാണ് പൊലീസ് സ്റ്റേഷന്‍. റാങ്ക് വ്യത്യാസമില്ലാതെ അങ്ങനെ മാനസിക വികാസം സിദ്ധിച്ച മികച്ച വ്യക്തിത്വങ്ങളെ ഞാന്‍ പൊലീസ് സ്റ്റേഷനുകളില്‍ അവിടവിടെ കണ്ടിട്ടുമുണ്ട്. ഇതിനു നേര്‍ വിപരീതമായി, തെറ്റായ വഴി സ്വീകരിച്ച് വ്യക്തിത്വവൈകല്യം വളര്‍ന്ന് സാമൂഹ്യവിരുദ്ധത മുഖമുദ്രയാക്കുന്നവരേയും കണ്ടിട്ടുണ്ട്. ആദ്യഗണത്തില്‍പ്പെടുന്ന വ്യക്തിയായിരുന്നു വട്ടിയൂര്‍ക്കാവില്‍ ഞാന്‍ കണ്ട ആ ഹെഡ് കോണ്‍സ്റ്റബിള്‍. പിന്നീട് ഞാനാ മനുഷ്യനെ കണ്ടിരുന്നില്ല. 

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി, ഞാന്‍ പുറത്തെവിടെയൊക്കെയോ ചുറ്റിക്കറങ്ങിയ ശേഷം വീട്ടിലെത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു. കാറില്‍നിന്നിറങ്ങാന്‍ തുടങ്ങുമ്പോള്‍ കുറെ മുന്നിലായി ആരോ റോഡില്‍ കിടക്കുന്നതുപോലെ തോന്നി. എന്റെ വീടിനപ്പുറം ഒരു വീട് കഴിഞ്ഞ് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഗസ്റ്റ്ഹൗസ് ആയി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ മുന്നിലാണതു കണ്ടത്. മങ്ങിയ വെളിച്ചത്തില്‍, ഒരാളിന്റെ തലഭാഗം ഗേറ്റിനുള്ളിലും കാലുകള്‍ പുറത്തേയ്ക്കും ആയിട്ടായിരുന്നു കിടപ്പ്. സമാനദൃശ്യങ്ങള്‍ പൊലീസില്‍ ഞങ്ങള്‍ക്ക് തീരെ അപരിചിതമല്ലെങ്കിലും ആ സ്ഥലത്ത് അത് അസാധാരണമായിരുന്നു. എന്നോടൊപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ പോയി ആളെ തട്ടിയിട്ടും വലിയ അനക്കമൊന്നും കണ്ടില്ല. ഞാനും കൂടി ചെന്ന് നോക്കുമ്പോള്‍ സമ്പൂര്‍ണ്ണമായും ലഹരിയില്‍ എല്ലാവിധ പ്രജ്ഞയും നഷ്ടപ്പെട്ട അവസ്ഥയില്‍ ഒരു മനുഷ്യന്‍. ഇത്തരം സന്ദര്‍ങ്ങളില്‍ സാധാരണ ചെയ്യുന്നപോലെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അയാളെ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കയയ്ക്കുവാന്‍ ഏര്‍പ്പാട് ചെയ്തു. ആളാരാണെന്ന് അപ്പോളറിഞ്ഞില്ല. പിന്നീടറിഞ്ഞപ്പോള്‍ അതെന്നെ അമ്പരപ്പിച്ചു. അതൊരു പൊലീസുകാരനെന്നു മാത്രമല്ല, രണ്ടുമൂന്നു മാസം മുന്‍പ് വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഞാന്‍ കണ്ട ഹെഡ് കോണ്‍സ്റ്റബിള്‍ രാമകൃഷ്ണനായിരുന്നു അത്. അവിശ്വസനീയമായി തോന്നി. ഇതാണ് പൊലീസ് സ്റ്റേഷനിലെ 'പക്വമതി' എങ്കില്‍ പിന്നെ മറ്റുള്ളവരുടെ അവസ്ഥ എന്തായിരിക്കും? കൂടുതല്‍ മനസ്സിലാക്കാന്‍ ഞാന്‍ അവിടുത്തെ സര്‍ക്കിളിനെ വിളിച്ചു. ''സാര്‍, അയാള്‍ ഒരാഴ്ചയിലധികമായി ജോലിക്ക് വരുന്നില്ല; ലീവിലാണ്. വീട്ടിലെന്തോ പ്രശ്‌നമാണെന്ന് കേട്ടു'' എന്നാണ് ഇന്‍സ്പെക്ടര്‍ പറഞ്ഞത്. അതിനപ്പുറം അയാള്‍ക്കൊന്നുമറിയില്ല. പൊലീസ് സംവിധാനത്തില്‍ സഹപ്രവര്‍ത്തകന്റെ വ്യക്തിപരമായ പ്രശ്‌നം, അതും ഗൗരവമുള്ളതാണെങ്കില്‍ മറ്റുള്ളവരും മനസ്സിലാക്കേണ്ടതാണ്. എനിക്ക് കണ്‍ട്രോള്‍ റൂമില്‍നിന്നും അയാളെ വൈദ്യപരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റടക്കം റിപ്പോര്‍ട്ട് ലഭിച്ചു. അയാള്‍ അമിത മദ്യത്തിന് അടിപ്പെട്ടിരുന്നു എന്നതിന് ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമുണ്ടായിരുന്നില്ല. അയാള്‍ അവധിയിലായിരുന്ന സമയത്താണ് അതുണ്ടായതെങ്കിലും പൊലീസില്‍ അച്ചടക്കത്തിന് അവധിയില്ല. അയാള്‍ നടപടിക്കു വിധേയനാകാന്‍ ബാധ്യസ്ഥനാണ്. അച്ചടക്കനടപടി സ്വീകരിക്കാന്‍ ചുമതലയുള്ള എന്റെ വീടിനടുത്തുതന്നെയായിരുന്നു അയാള്‍ വീണുകിടന്നിരുന്നത്. അയാള്‍ക്കെന്താണ് സംഭവിച്ചത് എന്നറിയാന്‍ എനിക്ക് താല്പര്യം തോന്നി. ഞാനാ ഉദ്യോഗസ്ഥനെ ഓഫീസില്‍ വിളിപ്പിച്ചു. സിവില്‍ വേഷത്തിലാണയാള്‍ വന്നത്. യൂണിഫോം നഷ്ടപ്പെട്ടു എന്നയാള്‍ കരുതിയിരിക്കണം. രണ്ടുമാസം മുന്‍പ് പൊലീസ് സ്റ്റേഷനില്‍വച്ച് കണ്ട മനുഷ്യനായിരുന്നില്ല അതെന്നു തോന്നി. അന്ന് ആത്മവിശ്വാസവും പ്രസന്നതയും സ്ഫുരിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ ഞാന്‍ കണ്ടത് 'വരുന്നത് വരട്ടെ' എന്ന മട്ടില്‍ നില്‍ക്കുന്ന ഒരു നിരാശാഭരിതന്‍. എന്നാല്‍, ശീലംകൊണ്ട് അച്ചടക്കത്തിന്റെ ബാഹ്യരൂപമൊന്നും കൈവിട്ടിട്ടില്ല എന്നുമാത്രം. സാവധാനം അയാള്‍ കാര്യത്തിലേയ്ക്ക് കടന്നു. കോളേജില്‍ പഠിക്കുന്ന അയാളുടെ മകള്‍ ഒരു യുവാവുമായി പ്രണയത്തിലായി വീടുവിട്ടു പോയി. ജാതിയും മതവും സമ്പത്തുമൊന്നുമായിരുന്നില്ല അയാളെ വിഷമിപ്പിച്ചത്. ആ യുവാവ് വഴിവിട്ട ജീവിതം നയിക്കുന്ന കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട വ്യക്തിയായിരുന്നുവത്രെ. അതയാള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. മകളുടെ ജീവിതം തകര്‍ന്നു എന്ന് ആ മനുഷ്യന്‍ ഉറപ്പിച്ചു. അതയാളെ തളര്‍ത്തി. തന്റെ എല്ലാം നഷ്ടപ്പെട്ടു എന്ന മാനസികാവസ്ഥയിലാണ് ഞാനയാളെ കണ്ട ദിവസം ഉച്ചയോടെ വീട്ടില്‍നിന്നിറങ്ങിയത്. ലക്ഷ്യമില്ലാതെ നടന്ന് വൈകുന്നേരം വഴിയില്‍ കണ്ട ഒരു മദ്യഷോപ്പില്‍ കയറി. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മദ്യപിച്ചിട്ടുണ്ടെങ്കിലും അതയാളുടെ ശീലമായിരുന്നില്ല. അന്നയാള്‍ മദ്യപിച്ച് ലക്കുകെട്ട് ഏതോ സമയത്ത് അവിടെ നിന്നിറങ്ങി, എങ്ങോട്ടെന്നില്ലാതെ നടന്ന് നടന്ന് എവിടെയോ വീണുകിടന്നു. ആ അവസ്ഥയിലാണ് എന്റെ ശ്രദ്ധയില്‍പ്പെട്ടത്. ജീവിതം തകര്‍ന്നു എന്ന് കരുതുന്ന അവസ്ഥയില്‍ മദ്യത്തില്‍ അഭയം തേടുന്നതിന്റെ അപകടത്തെപ്പറ്റി ചെറുതായി ഞാന്‍ സൂചിപ്പിച്ചപ്പോള്‍ അയാള്‍ അതിനോട് യോജിച്ചു. അച്ചടക്കനടപടിക്കൊന്നും മുതിരാതെ എന്തൊക്കെയോ കുറേ നേരം സംസാരിച്ച് ഞാനാ ഉദ്യോഗസ്ഥനെ അല്ല, മനുഷ്യനെ യാത്രയാക്കി. 

തികച്ചും സാധാരണക്കാരനായ മനുഷ്യന്‍ സങ്കീര്‍ണ്ണമായ ചില ജീവിതാവസ്ഥകളില്‍ച്ചെന്ന് പെടുമ്പോള്‍ അയാളുടെ പ്രതികരണം ചിലപ്പോള്‍ നിലവിലുള്ള നിയമം, വ്യവസ്ഥ ഇവയുടെ പരിധിക്കപ്പുറമാകാം. ഭൗതികവസ്തുവിന്റെ ചലനങ്ങളുടെ പരിധിയും സ്വഭാവവും കൃത്യതയോടെ അറിയാന്‍ ശാസ്ത്രതത്ത്വങ്ങള്‍ നമുക്കുണ്ട്. പക്ഷേ, മനുഷ്യമനസ്സിന്റെ ചലനങ്ങളുടെ സ്വഭാവവും പരിധിയും നിര്‍ണ്ണയിക്കാന്‍ ആര്‍ക്കാണ് കഴിയുക? അസാധാരണമായ മാനസികാവസ്ഥകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ഒരുപാട് മനുഷ്യരെ കാണേണ്ടിവന്നിട്ടുണ്ട്. അതാണ് പൊലീസ് ജോലിയുടെ ഭാഗ്യം; ചിലപ്പോള്‍ ദൗര്‍ഭാഗ്യവും.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com