രാജാക്കണ്ണിന്റെ മക്കളോട് സെംഗിണി എന്തു പറയും

By പി.എസ്. റംഷാദ്  |   Published: 21st November 2021 05:46 PM  |  

Last Updated: 21st November 2021 07:19 PM  |   A+A-   |  

jaibheem

 

'ജയ് ഭീം' എന്ന പേരില്‍ ഒരു സിനിമ ഇറങ്ങുമ്പോള്‍ അത് ഡോ. ബി.ആര്‍. അംബേദ്കറുടെ ജീവിതത്തേയും ഇടപെടലുകളേയും കുറിച്ചാകാം എന്നു ചിന്തിക്കുന്നത് സ്വാഭാവികം. അംബേദ്കറുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ അഭിമാനത്തോടെ മുദ്രാവാക്യമായും അഭിവാദ്യമായും പറയുന്ന വാക്യമാണത്. രാജ്യത്ത് മനുഷ്യര്‍ ഏതുവിധം നരകയാതന അനുഭവിക്കേണ്ടിവരരുത് എന്നാണോ അദ്ദേഹമുള്‍പ്പെടെ ജാതിവിവേചനങ്ങള്‍ക്കെതിരെ പൊരുതിയവര്‍ ആഗ്രഹിച്ചത് അതേ യാതനയും പീഡാനുഭവങ്ങളും നമ്മുടെ തൊട്ടരികില്‍ത്തന്നെയുണ്ട് എന്ന് കാണിച്ചു തരുന്ന സിനിമയാണിത് എന്നാണ്. പക്ഷേ, അംബേദ്കറാകാന്‍ ജാതിക്കെതിരെ ജീവിതകാലം മുഴുവന്‍ പൊരുതിയ മറ്റു നവോത്ഥാന നായകരിലാര്‍ക്കും കഴിഞ്ഞിട്ടില്ല. 

ഇന്ത്യയുടെ ഭരണഘടനയാണ് അതിനു കാരണമായി തല ഉയര്‍ത്തി നില്‍ക്കുന്നത്. തുല്യതയുടെ എല്ലാ ശാഖോപശാഖകള്‍ക്കും അതിശക്തമായ പ്രാധാന്യം നല്‍കി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ ഭരണഘടനയാണ് ഇന്ത്യയെ നയിക്കുന്നത്. അതേ ഇന്ത്യ മായ്ക്കാന്‍ ശ്രമിച്ച കളങ്കങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുണ്ട് ഈ സിനിമയില്‍. അംബേദ്കറെത്തന്നെ രാജ്യം മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നു. അതിലേക്കുകൂടി കര്‍ക്കശസ്വരത്തില്‍ വിരല്‍ചൂണ്ടുകയാണ് 'ജയ് ഭീം.' ''ഗാന്ധി, നെഹ്‌റു തുടങ്ങിയ പ്രധാന നേതാക്കളെല്ലാമുണ്ട്, എന്തുകൊണ്ട് അംബേദ്കര്‍ മാത്രമില്ല?'' എന്ന് സ്വാതന്ത്ര്യദിനാഘോഷത്തിലോ മറ്റോ കുട്ടികള്‍ വിവിധ മഹദ്വ്യക്തികളുടെ വേഷം ധരിച്ചെത്തുന്ന ചടങ്ങില്‍ അടുത്തിരിക്കുന്ന നേതാവിനോട് അഡ്വ. ചന്ദ്രു ചോദിക്കുന്നുണ്ട്. അദ്ദേഹത്തിന് മറുപടിയൊന്നുമില്ല. 

ഈ സിനിമ മുഴുവനായും നോക്കുമ്പോള്‍ ഭരണകൂട ഭീകരതയുടെ, പൊലീസ് അഴിഞ്ഞാട്ടത്തിന്റെ നേര്‍ചിത്രമാണ്. പക്ഷേ, പണവും അധികാര കേന്ദ്രങ്ങളില്‍ സ്വാധീനവും ഇല്ലാത്തവരും ജാതിയില്‍ താഴ്ന്നവരും പ്രത്യേകിച്ച് അവരിലെ സ്ത്രീകളും അനുഭവിക്കുന്ന അപമാനത്തിന്റേയും പീഡാനുഭവങ്ങളുടേയും ദൈനംദിന ചിത്രം കൂടിയുണ്ട്. ജാതി എന്ന വൃത്തികെട്ട ഭൂതം കുറേ മനുഷ്യരെ പുഴുക്കളായും മറ്റു കുറേപ്പേരെ മനുഷ്യരായും മാറ്റുന്നു. സിനിമയിലെ രണ്ടേ രണ്ട് സന്ദര്‍ഭങ്ങളില്‍ നിന്നുതന്നെ പൊള്ളലേല്‍ക്കുന്നതുപോലെ അതറിയാനാകും. പട്ടികവര്‍ഗ്ഗക്കാരായ ഇരുളര്‍ കുട്ടികളുടെ പഠനാവശ്യത്തിനു ജാതി സര്‍ട്ടിഫിക്കേറ്റു ചോദിച്ചു ചെല്ലുമ്പോള്‍ പല തടസ്സങ്ങള്‍ പറയുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍. ''ഇരിക്കുന്ന ഇടത്തിന് പട്ടാ കിടയാത്, റേഷന്‍ കാര്‍ഡ് കിടയാത്, വോട്ടേഴ്സ് ലിസ്റ്റില്‍ പേരേ കിടയാത്... പിന്നെന്തിന്റെ പേരിലാണ് ഞാന്‍ നിനക്കൊക്കെ എസ്.ടി. സര്‍ട്ടിഫിക്കേറ്റ് തരേണ്ടത്'' എന്നാണ് ചോദ്യം. ഇതൊക്കെ ഇവര്‍ക്കു കൊടുക്കേണ്ടത് ആരാണു സര്‍ എന്ന് മൈത്ര ടീച്ചര്‍ ചോദിക്കുമ്പോള്‍, ടീച്ചര്‍ ടീച്ചറിന്റെ ജോലി മാത്രം ചെയ്താല്‍ മതി എന്ന മറുപടിയാണു കിട്ടുന്നത്. ആ പാവങ്ങള്‍ അവിടെ നില്‍ക്കുമ്പോള്‍ത്തന്നെ 'മാന്യനായ' മറ്റൊരാളുടെ മകന്റെ പഠനവുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കേറ്റ് വേഗംതന്നെ ശരിയാക്കിക്കൊടുക്കുകയും ചെയ്യുന്നു.

ജയ് ഭീം ചിത്രത്തിൽ നിന്ന്

മറ്റൊന്ന്, ഗ്രാമത്തിലെ പ്രമാണിയുടെ വീട്ടിനുള്ളില്‍ കയറിയ വിഷപ്പാമ്പിനെ പിടിക്കാന്‍ ആളയച്ചു വരുത്തുന്ന രാജാക്കണ്ണിന് പാമ്പിനെ പിടിച്ചതിനുള്ള കൂലിക്കു പുറമേ പ്രമാണിയുടെ കാറ് തള്ളിക്കൊടുത്തതിനു കൊടുക്കുന്ന പണം നിരസിക്കുന്ന സന്ദര്‍ഭം. കാറൊന്നു തള്ളിയതിനു പണമെന്തിന് എന്ന ചോദ്യത്തിനൊപ്പം അയാള്‍ വിനയത്തോടെ പറയുന്ന മറ്റൊരു കാരണം അങ്ങയുടെ ഭാര്യ തങ്ങളുടെ നാട്ടുകാരിയാണല്ലോ എന്നാണ്. മിനിറ്റുകള്‍ക്കു മുന്‍പുവരെ പാമ്പിനെ പേടിച്ച് വിറച്ചുനിന്ന അവര്‍ക്ക് ആശ്വാസം നല്‍കിയ ആളാണ് എന്നുപോലും ഓര്‍ക്കാതെ ആ സ്ത്രീ പൊട്ടിത്തെറിക്കുന്നു: ''ഞാന്‍ നിന്റെ നാട്ടുകാരിയോ? എങ്കില്‍പ്പിന്നെ സ്വന്തക്കാരിയാണെന്നു കൂടി പറഞ്ഞുകളയുമല്ലോ. കണ്ണില്‍ക്കണ്ട അലവലാതികളൊക്കെ നാടിന്റെ പേരു ചേര്‍ത്തു പറയുന്നോ.'' 

നേരേമറിച്ച്, എലിയേയും പാമ്പിനേയും പിടിച്ചു ജീവിക്കുന്ന പാവപ്പെട്ട ഇരുളരുടെ കാഴ്ചപ്പാടും മനുഷ്യപ്പറ്റും വേറൊരു വിധത്തിലാണ്. പാമ്പിനെ ജീവനോടെ പിടിച്ചു തുണിയില്‍ കെട്ടുന്ന രാജാക്കണ്ണിനോട് പ്രമാണി പറയുന്നത്, അതിനെ അടിച്ചുകൊന്നുകളയാനാണ്. എന്നാല്‍, ഇരതേടി വന്ന പാവം പാമ്പ് അടികൊണ്ടു ചാകാന്‍ എന്തു പിഴച്ചു എന്നാണ് അക്ഷരമറിയാത്ത ഇരുളന്റെ ചോദ്യം. ഞാനതിനെ ജീവനോടെ കാട്ടില്‍ വിട്ടേക്കാം എന്നും പറയുന്നു. വിഷ ചികിത്സ നടത്തുന്ന ഇരുളര്‍ അതിനു പ്രതിഫലവും വാങ്ങാറില്ല. ജീവന്‍ രക്ഷിക്കുന്നതിനു പ്രതിഫലം വാങ്ങാനോ എന്ന മൈത്ര ടീച്ചറോടുള്ള സെംഗിണിയുടെ ചോദ്യത്തില്‍ ആ മനുഷ്യരുടെ ജീവിത ദര്‍ശനത്തിലെ നന്മയത്രയുമുണ്ട്. 

പക്ഷേ, പൊലീസ് കള്ളക്കേസില്‍ കുടുക്കി അവരുടെ ശരീരവും മനസ്സും അഭിമാനവും ജീവിതം തന്നെയും ചവിട്ടിമെതിച്ചു. കസ്റ്റഡിയിലെ മൂന്നാംമുറ പ്രയോഗത്തില്‍ രാജാക്കണ്ണ് കൊല്ലപ്പെട്ടു. എന്നിട്ട് അവര്‍ മൂന്നുപേര്‍ പൊലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ടെന്ന് വരുത്തുന്നു. അതിന്റെ പേരിലും പീഡനം; തല്ലിക്കൊന്നവര്‍ തന്നെ, ''നിന്റെ ഭര്‍ത്താവ് എവിടേടീ'' എന്നു ചോദിച്ച് രാപ്പകലില്ലാതെ കുടിലില്‍ കയറിയിറങ്ങുന്നു. പോണ്ടിച്ചേരിയോടു ചേര്‍ന്നുകിടക്കുന്ന കടലൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്ന് ആ മനുഷ്യാവകാശ ലംഘനം സെംഗിണിയും മൈത്ര ടീച്ചറും ചെന്നൈ ഹൈക്കോടതി വരെ എത്തിച്ചു. രാജാക്കണ്ണും സുഹൃത്തുക്കളും ഓടിപ്പോയതല്ല പൊലീസ് രാജാക്കണ്ണിനെ കൊല്ലുകയും മോസക്കുട്ടിയേയും ഇരുട്ടപ്പനേയും ജയിലിലടയ്ക്കുകയും ചെയ്തതാണെന്ന സത്യം അഡ്വക്കേറ്റ് ചന്ദ്രുവിന്റെ നിരന്തര നിയമ പോരാട്ടത്തില്‍ പുറത്തുവരുന്നു, ഇതിനിടെ സംഭവിക്കുന്ന ചിലതുണ്ട്. ദുര്‍ബ്ബലര്‍ നിയമത്തിന്റെ കരുത്തില്‍ ശക്തി നേടുമ്പോള്‍ അങ്കലാപ്പിലാകുന്ന ഔദ്യോഗിക കുറ്റവാളികള്‍ എല്ലാക്കാലത്തും പുറത്തെടുക്കുന്ന ചിലത്. ഒന്ന് ഭീഷണി, രണ്ട് പ്രലോഭനം. കേസ് പിന്‍വലിക്കാന്‍ സെംഗിണിക്കു നേരേ ഭീഷണി; പണം നല്‍കാമെന്ന പ്രലോഭനം. നിങ്ങളുടെ അച്ഛനെ ഒറ്റുകൊടുത്ത പണംകൊണ്ടാണ് നമ്മള്‍ ഉല്ലസിച്ചു ജീവിക്കുന്നതെന്ന് കൈത്തുമ്പിലുള്ള മകളും വയറ്റിലുള്ള കുഞ്ഞും നാളെ വലുതാകുമ്പോള്‍ ഞാന്‍ പറഞ്ഞുകൊടുക്കണോ എന്ന് ഡി.ജി.പിയോടു കൂസലില്ലാതെ ചോദിക്കാന്‍ നിയമത്തിന്റെ കരുത്ത് സെംഗിണിയെ പ്രാപ്തയാക്കുന്നു. സമാന്തരമായി സെംഗിണിക്കു നീതി കിട്ടാന്‍ തെരുവില്‍ നടക്കുന്ന സമരങ്ങളുംകൂടി ഉള്‍പ്പെട്ടതാണ് 'ജയ് ഭീമി'ന്റെ ഫ്രെയിം. കോടതിയും ജനശക്തിയുമാകുന്നു ജനാധിപത്യത്തിലെ പ്രതീക്ഷകള്‍.

ഡോ. ബിആർ അംബേദ്കർ

സത്യത്തിന്റെ മുഖങ്ങള്‍

ദരിദ്രരും ജാതിയില്‍ താഴ്ന്നവരും അധികാര കേന്ദ്രങ്ങളില്‍നിന്ന് എത്രയോ അകലെയാണ് എന്നതിന് സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തിയഞ്ചാം വര്‍ഷത്തിലും തെളിവുകളും സംഭവങ്ങളും നിരവധി. പ്രത്യേകിച്ചും പൊലീസിന്റെ ഭാഗത്തു നിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍. സാമൂഹിക വിവേചനം വേറെ. കള്ളക്കേസ്, കസ്റ്റഡി മര്‍ദ്ദനം, ആള്‍ക്കൂട്ട മര്‍ദ്ദനം, കൊല, വിദ്യാഭ്യാസത്തിലെ വിവേചനം തുടങ്ങി തെരഞ്ഞെടുപ്പില്‍ ജയിച്ച ദളിത് സ്ത്രീയെ ജനപ്രതിനിധിയായി അംഗീകരിക്കാനുള്ള ചിലരുടെ മടി വരെ. കൊല്ലം ജില്ലയിലെ എഴുകോണ്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ അയ്യപ്പന്‍ എന്ന കൂലിപ്പണിക്കാരന്റേയും നീതിക്കുവേണ്ടി കാല്‍നൂറ്റാണ്ടായി കോടതികള്‍ കയറിയിറങ്ങുന്ന ഭാര്യ ഓമനയുടേയും ജീവിതവും പോരാട്ടവും  പലവട്ടം എഴുതിയിട്ടുണ്ട്.  മജിസ്ട്രേറ്റ് കോടതി മുതല്‍ ഹൈക്കോടതി വരെ അവര്‍ക്ക് അനുകൂലമായും പൊലീസിനെതിരെയും വിധികളുണ്ടായി. പക്ഷേ, അതു നടപ്പാക്കാന്‍ ആഭ്യന്തരവകുപ്പ് തുടക്കം മുതല്‍ മടിച്ചു. നടപ്പാക്കാന്‍ നിര്‍ബ്ബന്ധിതരായപ്പോള്‍പ്പോലും കഴിയുന്നത്ര പൊലീസ്പക്ഷമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. 2016 ജൂണില്‍ കൊല്ലം കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച കുഞ്ഞുമോന്‍ എന്ന ദളിത് യുവാവിന്റെ കുറ്റം ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്ക് ഓടിച്ചതിന്റെ പിഴ അടയ്ക്കാന്‍ വൈകിയതായിരുന്നു. പാതിരാത്രി വീടുവളഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. അടുത്ത ദിവസം ആശുപത്രിയില്‍ വച്ച് അമ്മയെ കാണിച്ചത് മൃതദേഹം. കേരളത്തെ ഞെട്ടിച്ച സംഭവമാണ് 2018 ഫെബ്രുവരിയില്‍ അട്ടപ്പാടി മുക്കാലി ചിണ്ടക്കി ഊരിലെ മധു എന്ന ആദിവാസി യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. പലചരക്ക് കടയില്‍നിന്ന് അരിയും മറ്റും മോഷ്ടിച്ചു എന്ന് ആരോപിച്ചായിരുന്നു പിടിച്ചുകെട്ടി മര്‍ദ്ദിച്ചത്. എന്നിട്ട് പൊലീസിനെ ഏല്പിച്ചു. പൊലീസ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയിലായിരുന്നു മരണം. 16 പേരെ കേസില്‍ അറസ്റ്റു ചെയ്തു. ആ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണം എന്ന കുടുംബത്തിന്റെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. എം.ജി. സര്‍വ്വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിനി ദീപ മോഹന് നേരിടേണ്ടിവന്ന വിവേചനങ്ങളും ബുദ്ധിമുട്ടുകളും വര്‍ഷങ്ങളായുള്ളതാണ്. അവര്‍ സര്‍വ്വകലാശാലയ്ക്കു മുന്നില്‍ നിരാഹാര സമരം തുടങ്ങിയതോടെയാണ് അതു ചര്‍ച്ചയായതെന്നു മാത്രം. കൊല്ലം ജില്ലയിലെ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ക്ലാസ്സ് ഫോര്‍ ജീവനക്കാരിയായിരുന്ന ആനന്ദവല്ലി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു ജയിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമായി. സി.പി.എം അവരെ പ്രസിഡന്റുമാക്കി. പക്ഷേ, കീഴ്ജീവനക്കാരിയായ ദളിത് സ്ത്രീയെ പുതിയ പദവിയില്‍ അംഗീകരിക്കാന്‍ ഒരു വിഭാഗം സഹപ്രവര്‍ത്തകര്‍ക്കു മടി.  2003 ഫെബ്രുവരിയിലെ മുത്തങ്ങ പൊലീസ് നടപടി കേരളം മറക്കില്ലല്ലോ. ജോഗി എന്ന ആദിവാസി യുവാവ് പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ആ സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. വിശദാംശങ്ങള്‍ കേരളം നിരവധി തവണ ചര്‍ച്ചചെയ്തു കഴിഞ്ഞതാണ്. പക്ഷേ, അന്ന് ആ സമരത്തിനു നേതൃത്വം നല്‍കിയതിന് അറസ്റ്റിലായ ആദിവാസി നേതാവ് സി.കെ. ജാനുവിന്റെ മുഖം പൊലീസിന്റെ അടിയേറ്റ് നീരുവച്ച് വീര്‍ത്തത് മറക്കാനാകില്ല. ആ സമരവുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ ഗവേഷക വിദ്യാര്‍ത്ഥിനിയായ ദളിത് പെണ്‍കുട്ടി ഉന്നയിച്ച ചോദ്യം പ്രസക്തം: ''പത്മജാ വേണുഗോപാലോ ലതികാ സുഭാഷോ ശ്രീമതി ടീച്ചറോ ആണെങ്കില്‍ അങ്ങനെ മുഖത്തടിച്ചു പരിക്കേല്‍പ്പിക്കാന്‍ പൊലീസ് ധൈര്യം കാണിക്കുമോ? ജാനു നിസ്സഹായ ആദിവാസിയായതുകൊണ്ടു മാത്രമല്ലേ?'' എതിര്‍വാദങ്ങളും വിശദീകരണങ്ങളുമുണ്ടാകാം. 

ജാതിയും അതിന്റെ പേരിലുള്ള അനീതികളും ഉയര്‍ന്ന ജാതിക്കാര്‍ക്കുവേണ്ടി പൊലീസ് നിലകൊള്ളുന്ന സംഭവങ്ങളും തമിഴ്നാട്ടില്‍ സാധാരണമാണ്. മൂന്നു പതിറ്റാണ്ടു മുന്‍പത്തെ സംഭവത്തില്‍നിന്ന് 'ജയ് ഭീം' എന്ന സിനിമ വരുമ്പോള്‍ വന്‍ ചര്‍ച്ചയായി മാറുന്നതിന്റെ കാരണങ്ങളില്‍ ഈ യാഥാര്‍ത്ഥ്യവുമുണ്ട്.  

പാമ്പിനെ പിടിക്കാന്‍ ചെന്ന രാജാക്കണ്ണിന് മേശയ്ക്കടിയില്‍ നിന്നു കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ അപ്പോള്‍ത്തന്നെ വീട്ടുകാരെ ഏല്പിക്കുന്നുണ്ട്. എങ്കിലും പിറ്റേദിവസം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയത് അറിയുമ്പോള്‍ സംശയിക്കുന്നത് അയാളെത്തന്നെ. മറ്റൊരു നാട്ടിലെ ഇഷ്ടികക്കളത്തില്‍ ജോലിക്കു പോയ രാജാക്കണ്ണിനെ തേടി രാത്രി കുടിലില്‍ എത്തുന്ന പൊലീസ് സെംഗിണിയേയും നിരവധി അയല്‍ക്കാരേയും തൂക്കിയെടുത്തും വലിച്ചിഴച്ചും കൊണ്ടുപോകുന്നു. അവിടെനിന്നാണല്ലോ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ തുടക്കം. ''തൊടര്‍ തിരുട്ടു പയക്കം ഉടയവര്‍ (ഹാബിച്വല്‍ ഒഫന്‍ഡര്‍ അഥവാ സ്ഥിരം കുറ്റവാളി) എന്നാണ് മറ്റൊരു സന്ദര്‍ഭത്തില്‍ ദളിത് യുവാവിനെ പൊലീസ് വീടുകയറി പിടിച്ചുകൊണ്ടുപോയ സംഭവം അഡ്വക്കേറ്റ് ചന്ദ്രു കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ പ്രോസിക്യൂട്ടറും പറയുന്നത്: ''അയാളൊരു നിഷ്‌കളങ്കനായ ആദിവാസിയല്ല'' എന്നും പറയുന്നു. അങ്ങനെ മുന്‍വിധിയോടെ ചിന്തിക്കുന്നവര്‍ മോഷണത്തിനു താഴ്ന്ന ജാതിക്കാരനായ രാജാക്കണ്ണിനെയല്ലാതെ സംശയിക്കുന്നതെങ്ങനെ? 

സെംഗിണിയും രാജാക്കണ്ണും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ മനസ്സുതൊടുന്ന സന്ദര്‍ഭങ്ങള്‍ കണ്ട പ്രേക്ഷകരെ അവരുടെ താല്‍ക്കാലിക വിരഹംപോലും സങ്കടപ്പെടുത്തുന്നുണ്ട്. പക്ഷേ, ആ യാത്രയില്‍നിന്ന് അയാള്‍ അവളിലേക്കും മക്കളിലേക്കും തിരിച്ചെത്തുന്നില്ല. ഗര്‍ഭിണിയായ സെംഗിണിയോടും മകളോടുമുള്ള സ്നേഹക്കൂടുതല്‍കൊണ്ട് ജോലിസ്ഥലത്തുനിന്ന് രാജാക്കണ്ണ് മടങ്ങുന്നു. നാട്ടില്‍ സംഭവിച്ചതും താന്‍ മോഷണക്കേസില്‍ പ്രതിയായതും അയാള്‍ അറിയുന്നില്ല. അതുകൊണ്ട് നേരേ ചെന്ന് നാട്ടുപ്രമാണിയുടെ ഗൂണ്ടകളുടെ കൈയില്‍ പെടുകയും ചെയ്യുന്നു. അവര്‍ അടിച്ചവശനാക്കിയാണ് പൊലീസില്‍ ഏല്പിക്കുന്നത്. രാജാക്കണ്ണിനെ കിട്ടിയപ്പോള്‍ പൊലീസ് വിട്ടയച്ച സെംഗിണി പഞ്ചായത്ത് പ്രസിഡന്റിനെ കണ്ട് സഹായം ചോദിക്കുന്നുണ്ടെങ്കിലും അയാള്‍ ആട്ടിവിടുന്നു. വോട്ടില്ലാത്തവരാണല്ലോ. മുട്ടിയ വാതിലുകളൊന്നും തുറക്കപ്പെടാതിരിക്കുകയോ വലിച്ചടയ്ക്കപ്പെടുകയോ ചെയ്യുമ്പോഴാണ് അവരെക്കൂട്ടി അഡ്വക്കേറ്റ് ചന്ദ്രുവിനെ ചെന്നു കാണാന്‍ വയോധികരായ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ മൈത്ര ടീച്ചറോടു പറയുന്നത്. അവര്‍ ചെല്ലുമ്പോള്‍ ചന്ദ്രു ഒരു സമരമുഖത്താണ്. 

പാവങ്ങള്‍ക്കു നീതി ഉറപ്പാക്കാന്‍ കേസ് നടത്തി ജയിക്കുന്ന ചന്ദ്രുവിന് പൂമാല ഇടാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ എത്തുന്ന രംഗമുണ്ട് ജയ് ഭീമില്‍. അവര്‍ക്കു കഴുത്തുനീട്ടാതെ നിരസിച്ച് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് കോടതിയുടെ ചുമരിലെഴുതിയ വരികളിലേക്കാണ്; അനര്‍ഹമായി സ്വീകരിക്കുന്നതെന്തും കൈക്കൂലിയാണ് എന്ന വാചകത്തിലേക്ക്. ആര്, എത്രവട്ടം ചോദിച്ചാലും സത്യം മാത്രമേ പറയാവൂ, അതേ നമ്മളെ രക്ഷിക്കുകയുള്ളു എന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പും ചന്ദ്രു സെംഗിണിയോടു പറയുന്നത്. ആദിവാസികളുടേയും മനുഷ്യാവകാശത്തിന്റേയും കേസുകളെടുത്താല്‍ സഹതാപത്തില്‍ വേഗം ജയിക്കാമെന്നു കരുതണ്ട ചന്ദ്രൂ, ഇത്തവണ ഭാഗ്യം നിങ്ങള്‍ക്കൊപ്പമാകില്ല എന്നാണ് രാജാക്കണ്ണിനേയും മറ്റു രണ്ടുപേരേയും കാണാനില്ലാത്തതിനെതിരായ ഹര്‍ജിയെക്കുറിച്ച് പ്രോസിക്യൂട്ടര്‍ പറയുന്നത്. ''ഞാന്‍ ഭാഗ്യത്തിലല്ല, സത്യത്തിലാണ് വിശ്വസിക്കുന്നത്'' എന്ന ചന്ദ്രുവിന്റെ മറുപടിയില്‍ ജയ് ഭീമിന്റെ മുഴുവന്‍ സ്പന്ദനവുമുണ്ട്. നടന്നത് വസ്തുതാപരമായി അന്വേഷിക്കാന്‍ കോടതി നിയോഗിക്കുന്ന ഐ.ജി പെരുമാള്‍ സാമിക്കും ഒരു സാക്ഷിയില്‍നിന്നു ശരിയായ മൊഴി കിട്ടാന്‍ അടി കൊടുക്കേണ്ടിവരുന്നു എന്നതു മാത്രമാണ് ഇതിനു വിരുദ്ധമായിപ്പോകുന്നത്. അതും പക്ഷേ, ഒരു പൊലീസ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍ത്തന്നെ മര്‍ദ്ദകനായ അത്തിയൂര്‍ എസ്.ഐ ഗുരുമൂര്‍ത്തിക്കു മുകളില്‍നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ കൂടി ഫലമായാണ് അയാള്‍  നിരപരാധികളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാകുന്നത് എന്നതും ജയ് ഭീം മറച്ചുവയ്ക്കുന്നില്ല. അങ്ങനെ കാണുമ്പോഴാണ് ശരിയായി സത്യത്തിനു നേരേ പിടിച്ച കണ്ണാടിയാകുന്നത്. 

ജസ്റ്റിസ് കെ ചന്ദ്രുവും സൂര്യയും 

വാതിലുകള്‍

മധുപാല്‍ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യന്‍' (2018), ലെനിന്‍ രാജേന്ദ്രന്റെ 'മീനമാസത്തിലെ സൂര്യന്‍' (1986), ഷാജി എന്‍. കരുണിന്റെ 'പിറവി' (1989) എന്നീ മലയാള സിനിമകളെ ഓര്‍ക്കേണ്ട സന്ദര്‍ഭമാണിത്. ദളിതുകളും മുസ്ലിങ്ങളും പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍, അവര്‍ കുറ്റം ചെയ്തിരിക്കാമെന്ന മുന്‍വിധിയോടെ കോടതികള്‍ പോലും പ്രതികരിക്കുന്നതിനെക്കുറിച്ച് 'ഒരു കുപ്രസിദ്ധ പയ്യനി'ല്‍ നിമിഷ സജയന്റെ അഭിഭാഷക കഥാപാത്രം ഹന്ന എലിസബത്ത് പറയുന്നുണ്ട്. അതൊരു വെറും പറഞ്ഞുപോകലല്ല. ആ സിനിമ എഴുതി സംവിധാനം ചെയ്ത ആള്‍ ജീവിക്കുന്ന ചുറ്റുപാടുകളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധം പ്രകടിപ്പിക്കുന്ന പല രീതികളിലൊന്നാണ്. ഷാജി എന്‍. കരുണിന് 'പിറവി' സംവിധാനം ചെയ്യുമ്പോള്‍ പ്രൊഫ. ഈച്ചരവാര്യരുടേയും കുടുംബത്തിന്റേയും ദുഃഖത്തില്‍ മാത്രമാകാം കണ്ണുടക്കിയത്. അടിയന്തരാവസ്ഥയുടെ ഇരുണ്ടകാലത്തെ ഭരണകൂടഭീകരതയിലേക്ക് രാജന്‍ സംഭവത്തിലൂടെ വീശാവുന്ന അധിക വെളിച്ചത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകില്ല. അല്ലെങ്കില്‍ 'ജയ് ഭീം' പോലെ ഒരു സിനിമ നേരത്തേ മലയാളത്തില്‍ വരുമായിരുന്നു. എന്നുവച്ച്, ഈച്ചരവാര്യരുടേയും കുടുംബത്തിന്റേയും വിങ്ങല്‍ നിസ്സാരവും 'പിറവി' മോശം സിനിമയുമല്ല; ചാക്യാരുടെ മകന്‍ രഘുവിന്റെ തിരോധാനത്തിനു പിന്നില്‍ പൊലീസ് തന്നെയാണുതാനും. ജയ് ഭീമിലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുമ്പോള്‍ രാജന്‍ സംഭവം ചെന്നൈ ഹൈക്കോടതിയില്‍ വരുന്നുണ്ട്. സാക്ഷികളെ വിസ്തരിച്ചാല്‍ സത്യം പുറത്തുവരുമെന്ന ചന്ദ്രുവിന്റെ വാദത്തിന്, ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സാക്ഷി വിസ്താരമില്ല എന്ന പി.പിയുടെ എതിര്‍പ്പ് കോടതിയും അംഗീകരിക്കുകയാണ്. അപ്പോഴാണ് 1978-ല്‍ രാജന്‍ കേസിലെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ കേരള ഹൈക്കോടതി സ്വീകരിച്ച സമീപനം ചന്ദ്രു ചൂണ്ടിക്കാട്ടുന്നത്. പൊലീസ് ഉദ്യോസ്ഥരെ ക്രോസ് വിസ്താരം ചെയ്യാന്‍ പ്രത്യേകാനുമതി കൊടുത്തു. അതിലൂടെ പല സത്യങ്ങളും പുറത്തുവന്നു എന്ന വാദം ചെന്നൈ ഹൈക്കോടതി അംഗീകരിക്കുന്നതോടെ സംഗതി മാറുന്നു. ഭരണകൂടത്തിനു വിറളിപിടിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ കയ്യൂര്‍ പോരാട്ടത്തിന്റേയും നാലു രക്തസാക്ഷിത്വങ്ങളുടേയും പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച സിനിമയാണ് 'മീനമാസത്തിലെ സൂര്യന്‍.' ''പഠിച്ചവരെ ഭരണാധികാരികള്‍ക്കു ഭയമാണ്, എന്തുകൊണ്ടെന്നാല്‍ ഭരിച്ചവര്‍ ഭരണാധികാരികളുടെ തെറ്റുകള്‍ക്കു നേരേ വിരല്‍ ചൂണ്ടും'' എന്ന് ഉള്ളില്‍ തീയുള്ള ചെറുപ്പക്കാരോട് ഭരത് ഗോപിയുടെ സ്‌കൂള്‍ മാഷ് പറയുന്നത് എക്കാലത്തേയും വലിയ സത്യം. ''മുതലിലെ പടീങ്കേ, എല്ലാം താനേ കിടയ്ക്കും'' എന്ന് ഇരുള സമുദായത്തോടു ജയ് ഭീമിലെ മൈത്ര ടീച്ചര്‍ പറയുന്നതുമായി എന്തൊരു ചേര്‍ച്ച.

രജിഷ വിജയൻ

എന്നാല്‍, ഇന്ത്യന്‍ അവസ്ഥയുടെ കാണാതെ പോയിക്കൂടാത്ത ഇരുണ്ട ചിത്രത്തിലേക്കാണ് ജയ് ഭീമില്‍ കൂടുതല്‍ വിപുലമായും കര്‍ക്കശമായും ജ്ഞാനവേല്‍ വെളിച്ചം തെളിച്ചു പിടിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ആ സിനിമ മഹത്തരമാക്കി മാറ്റാന്‍ സൂര്യയ്ക്കും ലിജോമോള്‍ ജോസിനും കഴിഞ്ഞത്. അവരുടെ മാത്രമല്ല, കെ. മണികണ്ഠന്‍ (രാജാക്കണ്ണ്), പ്രകാശ് രാജ് (ഐ.ജി പെരുമാള്‍ സാമി), രാജേന്ദ്രന്‍ (മോസക്കുട്ടി), തമിഴ് (എസ്.ഐ ഗുരുമൂര്‍ത്തി), രജീഷാ വിജയന്‍ (മൈത്ര ടീച്ചര്‍) തുടങ്ങിയവരുടേയും കൂടി സിനിമയാണിത്. പ്രേക്ഷകനു പേരറിയാത്തവരും അഭിനയമറിയാത്തവരുമായ നിരവധി പാവപ്പെട്ട മനുഷ്യരുടെ സാന്നിധ്യം തുടിക്കുന്ന സിനിമ. തീരുമ്പോള്‍ അഡ്വക്കേറ്റ് ചന്ദ്രുവിനൊപ്പം കസേരയില്‍ ആത്മവിശ്വാസത്തോടെ ചാഞ്ഞിരുന്ന് പത്രം വായിക്കുന്ന രാജാക്കണ്ണിന്റെ മകള്‍, (സെംഗിണിയുടേയും) തിളങ്ങുന്ന പ്രതീകവും. 

പിന്നീട് ജസ്റ്റിസ് ചന്ദ്രുവായ നീതിമാനായ അഡ്വക്കേറ്റ് ചന്ദ്രുവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും അല്ലാതേയും കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യം ഏറെ വായിച്ചു കഴിഞ്ഞിരിക്കുന്നു, പല ഭാഷകളില്‍. അദ്ദേഹം നീതിമാന്‍ മാത്രമല്ല, പോരാളിയുമായതുകൊണ്ടാണ് എന്നേക്കുമായി അടഞ്ഞുപോകുമായിരുന്ന പല കേസുകളിലും നീതിയുടെ താക്കോല്‍ കടന്നത്. കോടതിക്കുള്ളില്‍ മാത്രമല്ല, തെരുവിലും പ്രക്ഷോഭകാരിയാകാനുള്ള ആഹ്വാനം കൂടിയാണ് ചന്ദ്രുവിന്റെ നിയമപോരാട്ടങ്ങള്‍. നിയമവിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു ക്ലാസ്സില്‍ അഡ്വക്കേറ്റ് ചന്ദ്രു പറയുന്നുണ്ട്; ''നിയമം ശക്തമായ ഒരു ആയുധമാണ്. ആരെ രക്ഷിക്കാനാണു നാമത് ഭയരഹിതമായി ഉപയോഗിക്കുന്നത് എന്നതാണു മുഖ്യം.'