സിപിഎം മുസ്ലീങ്ങളെ തള്ളിപ്പറയും

സി.പി.എം പലപ്പോഴും വൈകാരികമായ വിഷയങ്ങളില്‍ അവര്‍ മുസ്ലിങ്ങള്‍ക്കൊപ്പമാണെന്നു പറയും. ഉദാഹരണത്തിന് ബീഫ് നിരോധിച്ചപ്പോള്‍ അവര്‍ ബീഫ് വിതരണം ചെയ്ത് പാര്‍ട്ടികള്‍ നടത്തി
സിപിഎം മുസ്ലീങ്ങളെ തള്ളിപ്പറയും

പാര്‍ട്ടി എന്ന നിലയില്‍ കേരളത്തിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും പല കോണുകളില്‍നിന്ന് ഉയരുന്നുണ്ട്. അതോടൊപ്പം മാറിയ ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയും പ്രതിരോധത്തിലാകുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നു. മുന്നണി രാഷ്ട്രീയത്തില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തില്‍നിന്നും സംഘപരിവാറില്‍നിന്നും മാത്രമല്ല, മുസ്ലിം സമുദായത്തിനകത്തുനിന്നും ആരോപണങ്ങളും വിമര്‍ശനങ്ങളും പാര്‍ട്ടി നേരിടുന്നു. ഇതിനിടെ ഹരിത ഉള്‍പ്പെടെ സ്ത്രീ പ്രതിനിധാനത്തെ ചോദ്യം ചെയ്യുന്ന സംഭവങ്ങളും ഉണ്ടാകുന്നു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്, സംവരണം പോലുള്ള വിഷയങ്ങളില്‍ മുസ്ലിം ലീഗ് സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് കേരളത്തിലും ദേശീയതലത്തിലും പ്രസക്തിയേറെയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ കാരണങ്ങളെ വിലയിരുത്താനും പാര്‍ട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്താനുമുള്ള നടപടികള്‍ തുടങ്ങിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ സമകാലിക പ്രസക്തിയെക്കുറിച്ചും വിവിധ പ്രശ്നങ്ങളെക്കുറിച്ചും മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു. 

പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍  മുസ്ലിംലീഗ് ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ടോ?

ലീഗിന് ലീഗിന്റേതു മാത്രമായ പ്രതിസന്ധി ഉണ്ട് എന്നൊരു അഭിപ്രായം എനിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയമാണ് അങ്ങനെയൊരു വിലയിരുത്തലിലേക്ക് എത്തുന്നത്. യു.ഡി.എഫിന്റെ പരാജയത്തില്‍ ലീഗിനു മാത്രമല്ല പരാജയം സംഭവിച്ചത്. എല്ലാ ഘടകകക്ഷികള്‍ക്കും പരാജയം സംഭവിച്ചിട്ടുണ്ട്. തുടര്‍ഭരണം വന്നപ്പോള്‍ ലീഗിനാണ് പരാജയം എന്ന തരത്തിലുള്ള ഒരു പ്രചാരണം ഉണ്ടായി. അത് ബോധപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്നും അറിയില്ല. കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍നിന്നുവന്ന് മത്സരിച്ചതാണ് കാരണം എന്നൊക്കെ പറഞ്ഞായിരുന്നു പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  ജനങ്ങളാകെ ഭീതിയിലായ ഒരു സന്ദര്‍ഭമായിരുന്നു. പലര്‍ക്കും തൊഴില്‍ നഷ്ടമായെങ്കിലും അവര്‍ക്ക് ആഹാരം കിട്ടികൊണ്ടിരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് കിറ്റും മറ്റുമായി ഭക്ഷണം നല്‍കികൊണ്ടിരുന്നു. ഈയൊരു സാഹചര്യത്തില്‍  ഇതുതന്നെ തുടര്‍ന്നോട്ടെ എന്ന് ജനം തീരുമാനിക്കുകയായിരുന്നു. അതിനപ്പുറത്ത് ഒരു രാഷ്ട്രീയം ചര്‍ച്ചയായിട്ടില്ല. ഒരുപാട് പ്രശ്നങ്ങള്‍ സര്‍ക്കാരിനെതിരെയുണ്ടായിരുന്നു. സാധാരണഗതിയില്‍ ഒരു തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാവുന്ന ഒരുപാട് വിഷയങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. 

മുഹമ്മദ് ഇസ്മയിൽ സാഹിബ്
മുഹമ്മദ് ഇസ്മയിൽ സാഹിബ്

ലീഗിന്റെ മതേതര സ്വഭാവത്തെ സംശയത്തില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാവുന്നില്ലേ?

മുസ്ലിംലീഗ് എന്നും മതേതരത്വത്തോടൊപ്പമാണ്. ലീഗ് ഉണ്ടായത് തന്നെ അങ്ങനെയാണ്. ഇന്ത്യയും പാകിസ്താനും വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരേന്ത്യയിലെ പല നേതാക്കളും പാകിസ്താനിലേക്ക് പോയി. ഇന്ത്യന്‍ മുസ്ലിങ്ങളെ സംബന്ധിച്ച് ഒരു നേതൃത്വം ഇല്ലാത്ത അവസ്ഥ വന്നു. അവിടെയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഉണ്ടാവുന്നത്. മുഹമ്മദ് ഇസ്മയില്‍ സാഹിബൊക്കെയാണ് അതിന് നേതൃത്വം നല്‍കിയത്. അദ്ദേഹം അന്നുതന്നെ പറഞ്ഞത്, മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം സൂക്ഷിക്കാന്‍ അവര്‍ക്ക് ഒരു രാഷ്ട്രീയ സംഘടന ആവശ്യമാണ്. രാഷ്ട്രീയ സംഘടന എന്നതിന് പ്രത്യേകതയുണ്ട്. ലോകത്ത് പലയിടത്തും ന്യൂനപക്ഷങ്ങള്‍ സംഘടിക്കാറുണ്ട്. പക്ഷേ, അതില്‍ ഭൂരിഭാഗവും മിലിറ്റന്റ് രൂപത്തിലായിരിക്കും, അക്രമത്തിന്റെ ഭാഷയിലായിരിക്കും. പക്ഷേ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അങ്ങനെയല്ല സംഘടിച്ചത്. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഭാഗമായി, ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചുകൊണ്ടായിരിക്കണം ആ സംഘടനയെന്നും പൊളിറ്റിക്കല്‍ ആയിട്ടുള്ള ശാക്തീകരണമാണ് അതിന് ആവശ്യമായിട്ടുള്ളത് എന്ന സന്ദേശമായിരുന്നു അന്ന് നല്‍കിയത്. ഭൂരിപക്ഷവുമായി സൗഹാര്‍ദ്ദത്തിലേര്‍പ്പെട്ടുകൊണ്ടായിരിക്കണം നമ്മുടെ പ്രവര്‍ത്തനം. അത് ലീഗിന്റെ ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്. സാമുദായിക സൗഹാര്‍ദ്ദമാണ് ലീഗ് ലക്ഷ്യം വെയ്ക്കുന്നത്. സാമുദായിക സൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്ന ഒന്നും ലീഗിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാനും പാടില്ല. അത് ഇന്നും തുടരുന്നുണ്ട്. 

ലീഗിനോട് എതിര്‍പ്പുള്ള വിഭാഗങ്ങള്‍ മുസ്ലിം സമുദായത്തില്‍ തന്നെ ഉണ്ട്. അതും സ്വാഭാവികമാണ്. അവരുടെ എതിര്‍പ്പ് എന്താണെന്നു വെച്ചാല്‍ ലീഗ് മതേതരത്വം കൂടുതല്‍ പറയുന്നു എന്നാണ്. അതിന്റെ പേരില്‍ കുറേ വിട്ടുവീഴ്ചകള്‍ നടത്തുന്നു. ഇതൊന്നും സ്വീകാര്യമല്ല, അക്രമത്തിന് അക്രമത്തിന്റെ ഭാഷ തന്നെ വേണ്ടിവരും എന്ന നിലപാട്. അതായത് തീവ്രവാദം. ഭൂരിപക്ഷ തീവ്രവാദം ഉണ്ടാകുമ്പോള്‍ ന്യൂനപക്ഷവും ആ രീതിയില്‍ത്തന്നെ പോകണം എന്നൊക്കെ രീതിയിലുള്ള ശൈലി ചില തീവ്രവാദ ഗ്രൂപ്പുകള്‍ ഇവിടെ ഉയര്‍ത്തുന്നുണ്ട്. കേരളത്തിലാണ് അത് കുറവുള്ളത്. പക്ഷേ, അതുകൊണ്ടൊന്നും ന്യൂനപക്ഷങ്ങള്‍ക്ക് എവിടെയും എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ല. തീവ്രവാദത്തിന്റെ ശൈലി ആരൊക്കെ പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ മുസ്ലിംലീഗ് അതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്.

ബാബ്റി മസ്ജിദ് തകര്‍ത്ത വേളയില്‍ കോണ്‍ഗ്രസ് മുന്നണി വിടണം എന്ന് തീവ്ര നിലപാടുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിംലീഗ് ഇത്തരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല എന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. പക്ഷേ ലീഗ് അപ്പോഴും ഉറച്ചുനിന്നു. കോണ്‍ഗ്രസ്സുമായി യോജിച്ചുതന്നെ നിന്നു. ശിഹാബ് തങ്ങളും ഉറച്ച നിലപാട് എടുത്തു. അതിന്റെ ഫലമായി ഞങ്ങള്‍ക്ക് ഒന്നുരണ്ട് തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി ഉണ്ടായിരുന്നു. സീറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. പക്ഷേ, എന്നിട്ടുപോലും ലീഗ് അതിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഉറച്ചുനിന്നു. പിന്നീട് ലീഗിനു നേട്ടമുണ്ടായി. മറ്റുള്ള പാര്‍ട്ടികളും സമുദായങ്ങളും അതംഗീകരിച്ചു. ഇപ്പോഴും സാമുദായിക സൗഹാര്‍ദ്ദത്തിന് മുസ്ലിംലീഗ് ആവശ്യമാണ് എന്ന് മറ്റ് പാര്‍ട്ടിക്കാരും പറയുന്നുണ്ട്. ലീഗില്ലെങ്കില്‍ അവിടെ മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ വരും, അതുകൊണ്ട് മുസ്ലിംലീഗ് നിലനില്‍ക്കണം എന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ല.

സി.പി.എമ്മടക്കമുള്ള മറ്റു മുഖ്യധാര പാര്‍ട്ടികളില്‍നിന്ന് 'വര്‍ഗ്ഗീയ പാര്‍ട്ടി' എന്ന പരാമര്‍ശങ്ങളുണ്ടാവുന്നു. മറുഭാഗത്ത് ലീഗിന് മതേതരത്വം കൂടിപ്പോയി എന്ന് സമുദായത്തിനകത്തുള്ള ചില സംഘടനകളുടെ ആരോപണവും. ഈ രണ്ട് വാദങ്ങള്‍ക്കിടയില്‍ മുസ്ലിംലീഗ് എങ്ങനെയാണ് മുന്നോട്ടുപോകുന്നത്?

അവിടെയാണ് മുസ്ലിംലീഗിന്റെ രാഷ്ട്രീയ സത്യസന്ധതയുടെ വിജയം. സി.പി.എം പലപ്പോഴും വൈകാരികമായ വിഷയങ്ങളില്‍ അവര്‍ മുസ്ലിങ്ങള്‍ക്കൊപ്പമാണെന്നു പറയും. ഉദാഹരണത്തിന് ബീഫ് നിരോധിച്ചപ്പോള്‍ അവര്‍ ബീഫ് വിതരണം ചെയ്ത് പാര്‍ട്ടികള്‍ നടത്തി. മുസ്ലിങ്ങള്‍ക്കൊപ്പം എന്നൊരു തോന്നലുണ്ടാക്കി. അതുപോലെതന്നെ പൗരത്വനിയമം വന്നപ്പോഴും സി.പി.എം ഇത് ചെയ്തു. പക്ഷേ, അതേസമയം ഏക സിവില്‍ കോഡ് വിഷയം വന്നാല്‍ അല്ലെങ്കില്‍ ശരീഅത്ത് വിഷയം വന്നാല്‍ സി.പി.എം. മുസ്ലിങ്ങളോടൊപ്പം നിന്നു എന്ന് വരില്ല. അക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ രീതികള്‍ക്കൊപ്പമോ അവരുടേതായ രീതിയിലോ മാത്രമേ അവര്‍ നില്‍ക്കുള്ളൂ. അപ്പോള്‍ അടിസ്ഥാനപരമായ വിഷയങ്ങളില്‍ മുസ്ലിങ്ങളെ തള്ളിപ്പറയുകയും വൈകാരികമായ വിഷയങ്ങളില്‍ മുസ്ലിങ്ങള്‍ക്കൊപ്പമാണ് എന്ന് അഭിനയിക്കുകയും ചെയ്യുകയാണ് സി.പി.എം. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. 

സാമുദായികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ സന്തുലനത്തോടെ കൈകാര്യം ചെയ്യാന്‍ ലീഗിനു കഴിയാതെ വരുന്നുണ്ടോ?

സാമുദായികമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ സമുദായത്തിലെ എല്ലാ സംഘടനകളുമായി മുസ്ലിംലീഗ് ചര്‍ച്ച ചെയ്യും. പൊതുസ്വീകാര്യമായ നിലപാട് എന്താണ് എന്ന് ചര്‍ച്ച ചെയ്യും.  അങ്ങനെ മുസ്ലിം സമുദായത്തിന്റെ അഭിപ്രായങ്ങള്‍ കൂടി സ്വീകരിച്ചുകൊണ്ടാണ് ലീഗ് നിലപാടെടുക്കുന്നത്. അതോടൊപ്പം ഇതര സമുദായങ്ങളുടേയും അഭിപ്രായങ്ങളെടുക്കും. 

സമുദായ സംഘടനകളെ തൃപ്തിപ്പെടുത്താന്‍ പറ്റാതെ വരാറുണ്ടോ?

സമുദായ സംഘടനകള്‍ ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനോ സമ്മര്‍ദ്ദം ചെലുത്താനോ പൊതുവെ തയ്യാറാവാറില്ല. സമുദായ സംഘടനകള്‍ക്കറിയാം ലീഗിന്റെ രാഷ്ട്രീയം എന്താണെന്ന്. 

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

മതേതരത്വത്തോടൊപ്പം നില്‍ക്കുകയും സമുദായത്തിന്റെ താല്പര്യങ്ങള്‍ കൂടെ കൂട്ടുകയും ചെയ്യുന്നതില്‍ ലീഗ് സ്വീകരിക്കുന്ന ഒരു മധ്യമാര്‍ഗ്ഗമുണ്ട്. അത് അപ്രസക്തമാകുന്നുണ്ടോ ഇക്കാലത്ത്?

പുതിയ കാലത്ത് അതിന്റെ പ്രസക്തി കൂടിയിട്ടേ ഉള്ളൂ. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നു. ഇന്ത്യ വാക്സിനേഷനില്‍ മുന്നിട്ടുനില്‍ക്കുകയാണല്ലോ. മതനേതാക്കളുമായി സംസാരിച്ച് വാക്സിനേഷന്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മതനേതൃത്വത്തിന്റെ ഒരു സ്വാധീനമാണത്. മതനേതാക്കന്മാരുടെ സ്വാധീനം ആര്‍ക്കും തള്ളിപ്പറയാന്‍ പറ്റില്ല. അത് സര്‍ക്കാരിനായാലും സംഘടനകള്‍ക്കായാലും. അതൊരു യാഥാര്‍ത്ഥ്യമാണ്. അത് ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇന്ത്യന്‍ സമൂഹം തന്നെ മതത്തില്‍ അധിഷ്ഠിതമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ അടിവേര് മതാധിഷ്ഠിതമാണ് എന്നതാണ്. രാഷ്ട്രീയത്തിന്റെ കാര്യത്തിലായാലും സാമൂഹ്യപരമായ കാര്യങ്ങളിലായാലും മതനേതൃത്വത്തെ അംഗീകരിച്ചുകൊണ്ടുതന്നെയേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയൂ. 

തീവ്ര നിലപാടെടുക്കുന്ന സംഘടനകള്‍ വരികയും അതിലേക്ക് ആളുകള്‍ പോവുകയും ചെയ്യുന്നതിനെ ലീഗ് ഗൗരവമായി കാണുന്നുണ്ടോ?

ലീഗ് അതിനെ ഗൗരവമായി കാണുന്നതുകൊണ്ടാണ് കൂടുതല്‍ ആളുകള്‍ അതിലേക്ക് പോകാത്തത്. അതിതീവ്രത വെച്ചുപുലര്‍ത്തുന്ന സംഘടനകള്‍ ഉണ്ട്. ഒരുദാഹരണം പറഞ്ഞാല്‍ മദനിയുടെ രാഷ്ട്രീയം. പി.ഡി.പിയിലൂടെ വല്ലാത്ത രീതിയില്‍ പ്രസംഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അതിലേക്കൊന്നും ആളുകളെ കിട്ടിയില്ല. രാഷ്ട്രീയമായി നോക്കിയാല്‍ മുസ്ലിംലീഗിന് എതിരായുള്ള പാര്‍ട്ടികള്‍ ചിലപ്പോള്‍ അവരുടെ കൂടെ പോയിട്ടുണ്ടാവും. നാല് വോട്ട് കിട്ടുമോ എന്നു നോക്കാന്‍ വേണ്ടി. പക്ഷേ, സമൂഹത്തിന്റെ അംഗീകാരം അവര്‍ക്ക് ലഭിച്ചിട്ടില്ല. അതുപോലെതന്നെ പോപ്പുലര്‍ ഫ്രണ്ട്, പൊതുവെ തീവ്ര നിലപാടെടുക്കുന്ന സംഘടനയാണ്. അവരുമായൊന്നും ഒരുതരത്തിലുമുള്ള നീക്കുപോക്കിനും മുസ്ലിംലീഗ് തയ്യാറല്ല. മുസ്ലിംലീഗ് അതിന്റെ യുവജനവിഭാഗമായ യൂത്ത് ലീഗിനെ ഉപയോഗിച്ചുകൊണ്ടാണ് അതിനെ തടയിടാന്‍ ശ്രമിച്ചത്. തീവ്രവാദത്തിനും വര്‍ഗ്ഗീയതയ്ക്കുമെതിരെ പാര്‍ട്ടി ക്ലാസ്സുകള്‍ നല്‍കി. മതസൗഹാര്‍ദ്ദം പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുത്തുകൊണ്ടാണ് നമ്മള്‍ ഇതിനെ പ്രതിരോധിക്കുന്നത്. അത് ഫലപ്രദവുമാണ്. 

അത്തരം പാര്‍ട്ടികളും സംഘടനകളും ഉയര്‍ത്തിക്കൊണ്ടുവരുന്ന വിഷയങ്ങള്‍ ലീഗിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടോ?

അത്തരം പാര്‍ട്ടികള്‍ വൈകാരികമായ വിഷയങ്ങളാണ് കൂടുതലും ഉപയോഗിക്കുക. വൈകാരിക വിഷയങ്ങളില്‍ ജനങ്ങളെ പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. അതാണ് തീവ്രവാദികള്‍ ചെയ്തുകൊണ്ടിരിക്കുക. മുസ്ലിംലീഗിനെ സംബന്ധിച്ച് അത്തരം വിഷയങ്ങള്‍ വരുമ്പോള്‍ പ്രഭാഷണങ്ങള്‍ കൊടുത്തും ക്ലാസ്സുകളെടുത്തും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയുമൊക്കെയാണ് കൈകാര്യം ചെയ്യുക. കാരുണ്യത്തിന്റേയും സൗഹൃദത്തിന്റേയും സന്ദേശമാണ് പറഞ്ഞുകൊടുക്കുക. മറ്റുള്ളവര്‍ അക്രമത്തിന്റെ ഭാഷ പറയും. 

ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ എതിര്‍പാര്‍ട്ടികള്‍ക്ക് ഗുണകരമായി പ്രവര്‍ത്തിക്കാറുണ്ട്. സാമുദായിക വോട്ട് വിഭജിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്?

ശരിയാണ്. വോട്ട് ചിതറിപ്പോകുന്ന അവസ്ഥ തെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവാറുണ്ട്. ബി.ജെ.പിയൊക്കെ അധികാരത്തില്‍ വരാന്‍ തന്നെ കാരണം അതാണല്ലോ. മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് വിവിധ പെട്ടികളിലേക്ക് വീഴും. ബി.ജെ.പിയുടെ വോട്ട് ഒറ്റ പെട്ടിയിലും. വോട്ടിങ്ങ് ശതമാനം പരിശോധിച്ചാല്‍ ബി.ജെ.പിക്ക് കുറവായിരിക്കും. അതേസമയം, ഫലത്തില്‍ അവര്‍ വിജയിച്ചിട്ടുമുണ്ടാകും. വോട്ടുകള്‍ ചിതറുന്നതുകൊണ്ടാണ്. കേരളത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇക്കാര്യത്തില്‍ കാണുന്നത്. ഒരു ഭാഗത്ത് മതേതരത്വം പ്രസംഗിക്കും വേറൊരു ഭാഗത്ത് തീവ്രവാദ നിലപാടുകാരെ സഹായിക്കും. അവര്‍ക്ക് വോട്ട് മറിച്ചുകൊടുക്കും. അവരുടെ വോട്ടുകള്‍ ഇവര്‍ വാങ്ങുകയും ചെയ്യും. ഇതാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

മ​ദനി
മ​ദനി

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് സമുദായത്തിനകത്ത് തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നു. മറ്റ് പാര്‍ട്ടികളും ഈ കൂട്ടുകെട്ടിനെ എതിര്‍ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ കഴിയാതെ പോയതിന്റെ, ഒരു ആശയക്കുഴപ്പം ഇക്കാര്യത്തിലുണ്ടായിരുന്നോ?

ആ തെരഞ്ഞെടുപ്പില്‍ മുന്നണിയിലേക്ക് അവരെ കൊണ്ടുവന്നിട്ടില്ല. സ്ഥാനാര്‍ത്ഥികളില്‍ ചിലയിടങ്ങളില്‍ നീക്കുപോക്ക് ഉണ്ടാക്കി എന്നത് ശരിയാണ്. പക്ഷേ, മുന്നണിയുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടിയെ ലീഗ് അംഗീകരിച്ചിട്ടില്ല. അവര്‍ വോട്ടു നല്‍കാന്‍ തയ്യാറായിട്ടുണ്ട്. അതിനെതിരെ സമുദായത്തിനകത്തുനിന്നുതന്നെ വിമര്‍ശനം ഉണ്ടായി എന്നത് തള്ളിക്കളയുന്നില്ല. അങ്ങനെ വിമര്‍ശനം ഉള്ളതുകൊണ്ടാണ് അവരെ മുന്നണിയിലേക്ക് കൊണ്ടുവരാതിരുന്നതും. പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ അങ്ങോട്ടുമിങ്ങോട്ടും ചില നീക്കുപോക്കുകളൊക്കെ നടത്താറുള്ളതാണ്. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ചില സ്ഥാനാര്‍ത്ഥികള്‍ അവരുടെ സ്വാതന്ത്ര്യം ഉപയോഗിക്കുമല്ലോ. ആ രീതിയില്‍ അതിനെ കണ്ടാല്‍ മതി. അതേസമയം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന ഇടതുപക്ഷം ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിട്ടുമുണ്ട്. അവരുടെ വേദിയില്‍ കൊണ്ടിരുത്തി വോട്ടുചോദിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ എന്തുചെയ്യും. യു.ഡി.എഫിനെതിരെ കുപ്രചരണം നടത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യും. 

ലീഗ് മതേതര പാര്‍ട്ടിയാണ് എന്ന് തെളിയിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുന്നുണ്ടോ?

അതുണ്ട്. അതെന്തുകൊണ്ടാണ് എന്നും എനിക്ക് മനസ്സിലാവുന്നില്ല. മറ്റ് പാര്‍ട്ടികളെപ്പോലെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് കമ്മിഷന് കാലാകാലങ്ങളായി കണക്കുകള്‍ കൊടുക്കുന്ന ഒരു പാര്‍ട്ടിയുമാണ്. മറ്റ് പാര്‍ട്ടികള്‍ക്കില്ലാത്ത എന്ത് കുറ്റമാണ് ലീഗിനുള്ളത് എന്നാണ് മനസ്സിലാവാത്തത്. മുസ്ലിംലീഗിന്റെ വളര്‍ച്ചയില്‍ അസൂയയുള്ളതുകൊണ്ടാണ് കിട്ടുന്ന അവസരങ്ങളിലെല്ലാം ലീഗിനെ കല്ലെറിയാന്‍ ശ്രമിക്കുന്നത്. മാങ്ങയുള്ള മാവിനെയല്ലെ എറിയുള്ളൂ. അത്രേയുള്ളൂ. ഞങ്ങള്‍ അതുകൊണ്ടൊന്നും തളര്‍ന്നിട്ടില്ല. ഞങ്ങള്‍ ഞങ്ങളുടെ നിലപാടുമായിത്തന്നെ മുന്നോട്ടുപോകും. 

പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് സമയങ്ങളില്‍ മുസ്ലിംലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണ് എന്ന് സി.പി.എം പലപ്പോഴും ആരോപിക്കാറുണ്ട്. ഇതിലൂടെ സി.പി.എം ലക്ഷ്യംവെയ്ക്കുന്നത് എന്തായിരിക്കും?

സി.പി.എം ഉദ്ദേശിക്കുന്നത് കേരളം എപ്പോഴും അവര് തന്നെ ഭരിക്കണം എന്നാണ്. ബംഗാളിലൊക്കെ ഉണ്ടായതുപോലെ. കേരളത്തിലും അതുപോലെ പതിറ്റാണ്ടുകളോളം ഭരണം നിലനിര്‍ത്തണം എന്ന തോന്നലുണ്ട് അവര്‍ക്ക്. അതിന് തടസ്സമാണ്  മുസ്ലിംലീഗിന്റെ രാഷ്ട്രീയം എന്നവര്‍ക്കറിയാം. ബംഗാളില്‍ സംഭവിച്ചത് നേരത്തെ പറഞ്ഞതുപോലെ ന്യൂനപക്ഷ വോട്ടുകള്‍ ചിതറിപ്പോയതുകൊണ്ടാണ്. കേരളത്തില്‍ മുസ്ലിംലീഗ് കേഡര്‍ ശൈലിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ലീഗില്‍ വാര്‍ഡ് കമ്മിറ്റി മുതല്‍ ഓരോ കമ്മിറ്റിക്കും വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ഒരു വാര്‍ഡില്‍ ഇത്ര മീറ്റിങ്ങുകള്‍ ചേര്‍ന്നിരിക്കണം. പഞ്ചായത്തില്‍ ഇത്ര മീറ്റിങ്ങുകള്‍ ചേര്‍ന്നിരിക്കണം. വോട്ടുകള്‍ ചേര്‍ക്കുന്നതിലും ഈ പ്രവര്‍ത്തനശൈലി ഉണ്ട്. മുസ്ലിംലീഗിന്റെ രാഷ്ട്രീയത്തിന്റെ ഒരു ഭാഗമാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍. ഞങ്ങള്‍ അതിനെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ എന്നാണ് പറയുന്നത്. ഈ കാരുണ്യപ്രവര്‍ത്തനങ്ങളൊന്നും ഒരിക്കലും മുസ്ലിംലീഗ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. ബൈത്തുറഹ്മ വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുന്നുണ്ട്. ഇതില്‍ രാഷ്ട്രീയമോ മതമോ ഒന്നും നോക്കാറില്ല. 

ലീഗിനു സ്വാധീനമുള്ള ഒരു സ്ഥലത്ത് ഇതര സമുദായത്തില്‍പ്പെട്ടവരോ ബി.ജെ.പിയോ ആര്‍.എസ്.എസ്സോ ആരുമായിക്കോട്ടെ, അവര്‍ വീടില്ലാതെ കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്കാണ് വീട് വെച്ചുകൊടുക്കുന്നത്. അയാള്‍ അര്‍ഹതപ്പെട്ടയാളാണെങ്കില്‍ അവരുടെ രാഷ്ട്രീയമോ പാര്‍ട്ടിയോ ഒന്നും നോക്കാറില്ല. ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതുപോലെ മറ്റ് പാര്‍ട്ടികളും ലീഗ് ഇതൊക്കെ വോട്ടാക്കി മാറ്റുമോ എന്ന് തെറ്റിദ്ധരിക്കും. പ്രളയസമയത്തൊക്കെ കെ.എം.സിസിയുടെ നേതൃത്വത്തില്‍ കോടിക്കണക്കിന് രൂപ കേരളത്തില്‍ കൊടുത്തിട്ടുണ്ട്. അതിലൊന്നും രാഷ്ട്രീയം നോക്കിയിട്ടില്ല. ഇതൊക്കെ ലീഗ് രാഷ്ട്രീയനേട്ടമാക്കി മാറ്റുമോ എന്ന ഭയം ഉള്ളതുകൊണ്ടാണ് കിട്ടുന്ന അവസരങ്ങളിലൊക്കെ ലീഗിനെ കല്ലെറിയാന്‍ ശ്രമിക്കുന്നത്. പക്ഷേ, സമൂഹത്തിന് അതറിയാം. ബാഫഖി തങ്ങളുടേയും ശിഹാബ് തങ്ങളുടേയുമൊക്കെ ജീവിതം കേരളസമൂഹത്തിന് മുന്നിലുണ്ട്. അവര്‍ എന്തിനുവേണ്ടി നിലകൊണ്ടു, എന്തായിരുന്നു അവരുടെ നിലപാട് എന്നതൊക്കെ സത്യസന്ധമായി വിലയിരുത്തുന്നവരാണ് കേരളീയര്‍. ആ ഒരു ശൈലിയാണ് മുസ്ലിംലീഗിന്റെ ശൈലി എന്നത് ജനങ്ങള്‍ക്കറിയാവുന്നതുകൊണ്ട് ഈ എതിര്‍പ്പുകളൊക്കെ അതിജീവിച്ചുകൊണ്ട് മുസ്ലിംലീഗിനു മുന്നോട്ടുപോകാന്‍ കഴിയും. 

ലോകത്തിന്റെ പലഭാഗത്ത് നടക്കുന്ന വിഷയങ്ങളിലും മുസ്ലിംലീഗ് അഭിപ്രായം പറയേണ്ടി വരുന്ന സാഹചര്യമുണ്ടോ? അഫ്ഗാനായാലും തുര്‍ക്കിയായാലും...?

അതുണ്ട്. താലിബാന്‍ മുന്നോട്ടുവെയ്ക്കുന്ന നിലപാടിനെ മുസ്ലിംലീഗ് ഒരുതരത്തിലും അംഗീകരിക്കുന്നില്ല. താലിബാന്‍ ഇസ്ലാമിനു വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നത്. പിഞ്ചുകുട്ടികളെയൊക്കെ വെടിവെച്ചുകൊല്ലുന്നത് നമ്മള്‍ കാണുന്നുണ്ട്. അതൊന്നും ഇസ്ലാമിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല. യുദ്ധത്തില്‍പ്പോലും കുട്ടികളെ തൊടരുത്, അവിടത്തെ സ്ത്രീകളെ തൊടരുത്, അവിടത്തെ വൃക്ഷങ്ങളെ നശിപ്പിക്കരുത്, ഇതര മതപണ്ഡിതന്മാരെ ഉപദ്രവിക്കരുത് എന്നതൊക്കെയാണ് ഇസ്ലാമില്‍ പറയുന്നത്. താലിബാന്‍ ചെയ്യുന്നത് അതൊന്നുമല്ലല്ലോ. സത്യത്തില്‍ മുസ്ലിംലീഗിന് അതിനു മറുപടി പറയേണ്ട കാര്യം തന്നെയില്ല. ഇന്ത്യയിലെ മുസ്ലിങ്ങളുടെ കാര്യം പറഞ്ഞാല്‍ പോരെ ലീഗിന്.

വിഭജനം നടന്ന സമയത്ത് മുസ്ലിം നേതാക്കളൊക്കെ പാകിസ്താനിലേക്ക് പോയല്ലോ. ആ സമയത്ത് അഖിലേന്ത്യ മുസ്ലിംലീഗിന്റെ ഫണ്ട് അവരുടെ കയ്യിലുണ്ടായിരുന്നു. ആ ഫണ്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിനു തരാം എന്നവര്‍ പറഞ്ഞു. എന്നാല്‍ പാകിസ്താന്‍ ലീഗിന്റെ ആ പൈസ സ്വീകരിക്കാന്‍ ഇന്ത്യന്‍ മുസ്ലിംലീഗ് തയ്യാറായില്ല. അത് ഞങ്ങള്‍ക്കാവശ്യമില്ല എന്നു പറഞ്ഞ പാര്‍ട്ടിയാണ് ലീഗ്. മറ്റുള്ള രാജ്യത്തെ കാര്യങ്ങളിലൊന്നും ഇടപെടേണ്ട ആവശ്യവും അതില്‍ നിലപാട് വ്യക്തമാക്കേണ്ട കാര്യവും മുസ്ലിംലീഗിന് ഇല്ല. 

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍/ ഫോട്ടോ: ടിപി സൂരജ്/ എക്സ്പ്രസ്

താങ്കള്‍ തുര്‍ക്കിയിലെ ഹഗിയ സോഫിയയെ കുറിച്ചെഴുതിയ ലേഖനം പിന്നീട് വിശദീകരിക്കേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു?

ഹഗിയ സോഫിയ ലേഖനത്തെ വിമര്‍ശിച്ചവരൊന്നും ആ ലേഖനം വായിച്ചിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ തുര്‍ക്കിയില്‍ പോയ ഒരാളാണ്. ഹഗിയ സോഫിയ സന്ദര്‍ശിച്ച ഒരാളാണ്. ഞാന്‍ പോകുന്ന സമയത്ത് അത് മ്യൂസിയം ആയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചര്‍ച്ച് ആണത്. അവിടെ അധികാരം മാറുന്നതിനനുസരിച്ച് അത് മുസ്ലിംപള്ളിയും ക്രിസ്ത്യന്‍ പള്ളിയുമായി വന്നിട്ടുണ്ട്. അവസാനഘട്ടത്തില്‍ മുസ്ലിം ഭരണം വന്നപ്പോള്‍ അത് മുസ്ലിങ്ങളുടെ കയ്യിലായി. മുസ്തഫ അതാതുര്‍ക് എന്ന ആധുനിക തുര്‍ക്കിയുടെ ശില്പി ഇസ്ലാമിക നിലപാടുകള്‍ അങ്ങനെ എടുക്കുന്ന ആളായിരുന്നില്ല. പാശ്ചാത്യ ലൈനായിരുന്നു. അദ്ദേഹമാണ് ആ പള്ളി മ്യൂസിയം ആക്കിയത്. 30 വര്‍ഷത്തോളം അത് മ്യൂസിയമായിരുന്നു. ഇതിനെ കോടതിയില്‍ ചോദ്യം ചെയ്തു. പള്ളിയായി തന്നെ തുടരാന്‍ കോടതി വിധി വന്നു. ഞാന്‍ അതാണ് ആ ലേഖനത്തില്‍ എഴുതിയത്. അല്ലാതെ ക്രിസ്ത്യന്‍ ചര്‍ച്ച് പള്ളിയാക്കിയതിനെ കുറിച്ചൊന്നുമല്ല. മുസ്തഫ അതാതുര്‍ക് മ്യൂസിയമാക്കിയതിനെ ചോദ്യം ചെയ്ത് കോടതിയില്‍ പോയതിനേയും കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അവിടെ നിസ്‌കാരം തുടങ്ങി എന്ന കാര്യവും മാത്രമേ ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളൂ. പിന്നീട് അത് ആരൊക്കെയോ തെറ്റിദ്ധരിച്ചതാണ്.

മുസ്ലിം പള്ളിയാണെങ്കിലും യേശുവിന്റെ പ്രതിമ അതിനകത്തുണ്ട്. മറിയത്തിന്റെ ചിത്രമുണ്ട്. ക്രിസ്തീയമായ ചിത്രങ്ങളൊക്കെ അവിടെത്തന്നെയുണ്ട്. പള്ളിയായപ്പോഴും അത് മാറ്റിയിട്ടില്ല. അത് അവിടത്തെ മുസ്ലിം-ക്രിസ്ത്യന്‍ സൗഹൃദമാണല്ലോ കാണിക്കുന്നത്. മാത്രവുമല്ല, അവിടത്തെ ക്രിസ്ത്യന്‍ വിഭാഗങ്ങളൊന്നും പള്ളിയാക്കിയതിനെ ചോദ്യം ചെയ്തിട്ടില്ല. അവരതിനെ അംഗീകരിക്കുകയാണ് ചെയ്തത്. മറ്റൊരു കാര്യം കൂടി പറയാം, സ്പെയിനിലെ കോര്‍ദോബ പള്ളിയില്‍ ഞാന്‍ പോയിരുന്നു. ക്രിസ്ത്യന്‍ വിഭാഗം ഭരണം പിടിച്ചതിനു ശേഷം ഇപ്പോഴത് ക്രിസ്ത്യന്‍ പള്ളിയാണ്. പക്ഷേ, അവിടെ പോയാല്‍ കാണാന്‍ കഴിയുക, മുസ്ലിങ്ങള്‍ ഉപയോഗിച്ച ഭാഗം അതുപോലെ നിലനിര്‍ത്തിയതാണ്. ഇമാമിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലം അതുപോലെ കാത്തുസൂക്ഷിച്ചിട്ടുണ്ട്. മറുഭാഗത്ത് ക്രിസ്ത്യന്‍ ആരാധനയും നടക്കുന്നുണ്ട്. നല്ല ശില്പ ചാതുരിയുള്ള സ്ഥലം കൂടിയാണ്. അപ്പോള്‍ രണ്ട് മതങ്ങളായിട്ടും അവര്‍ പരസ്പരം അംഗീകരിക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം. 

ക്രിസ്ത്യന്‍-മുസ്ലിം സാമുദായിക സന്തുലനം ചോദ്യം ചെയ്യപ്പെടുന്ന സമയമാണിത്. ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് പോലുള്ള പ്രയോഗങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കിട്ടുന്നു?

കേരളത്തിലെ ജനങ്ങള്‍ ഇക്കാര്യങ്ങളെയൊക്കെ വളരെ ജാഗ്രതയോടെ വീക്ഷിച്ചു എന്നു നമുക്ക് സമാധാനിക്കാം. നര്‍ക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച ബിഷപ്പിന് ക്രിസ്തീയ സമൂഹത്തില്‍നിന്നുതന്നെ പിന്തുണയൊന്നും കിട്ടിയിട്ടില്ല. അദ്ദേഹത്തിനെതിരെ കേസും എടുത്തു. മുസ്ലിം സമൂഹവും ഇക്കാര്യത്തില്‍ വളരെ പക്വതയോടെയാണ് പ്രതികരിച്ചത്. മുസ്ലിംലീഗ് സമുദായ സംഘടനകളെയെല്ലാം വിളിച്ചുകൂട്ടി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. ലൗ ജിഹാദ് നടക്കുന്നില്ല എന്ന് കോടതി തന്നെ പറഞ്ഞ കാര്യമാണ്. എന്‍.ഐ.എയും അത് പറഞ്ഞിട്ടുണ്ട്. 

പ്രണയം എന്നൊക്കെ പറയുന്നത് രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം മനുഷ്യമനസ്സുകളുടെ കാര്യമാണല്ലോ. അവര്‍ അതുമായി പോകട്ടെ എന്നല്ലാതെ അതില്‍ രാഷ്ട്രീയ പാര്‍ട്ടിക്കോ മതത്തിനോ കാര്യമില്ല. മതം അതിന്റെ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നുണ്ട്. അത് പിന്‍പറ്റേണ്ടത് വിശ്വാസികളുടെ ചുമതലയാണ്. പക്ഷേ, നിര്‍ബ്ബന്ധിച്ച് പിന്‍പറ്റണം എന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. പ്രത്യേകിച്ച് ഇസ്ലാം അത് തീരെ പറയുന്നില്ല. മതത്തില്‍ നിങ്ങള്‍ നിര്‍ബ്ബന്ധം പിടിക്കരുത് എന്നാണ്. പറഞ്ഞുകൊടുക്കാം; എന്നാല്‍, തല്ലിക്കൊണ്ട് മതത്തിലേക്ക് കൊണ്ടുവരണം എന്ന് എവിടെയും പറയുന്നില്ല. ഈ കാര്യത്തിലും അതേ സംഭവിക്കുന്നുള്ളൂ. പ്രണയിക്കുന്ന സമയത്ത് അവര്‍ ആരു പറഞ്ഞാലും കേള്‍ക്കില്ല. അച്ഛനമ്മമാര്‍ പറഞ്ഞാല്‍പ്പോലും കേള്‍ക്കില്ല. പ്രണയത്തിന്റെ ചൂട് പിടിച്ചുകഴിഞ്ഞാല്‍ ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല. പിന്നീട് ചിലപ്പോള്‍ ഖേദിക്കേണ്ടിയും വരാം എന്നത് വേറെ കാര്യം. 

വനിതാപ്രാതിനിധ്യം സംബന്ധിച്ച് ലീഗിലെ ഒരു വിഭാഗത്തിന് ഇപ്പോഴും അനുകൂല നിലപാടെടുക്കാന്‍ കഴിയുന്നില്ല എന്ന് തോന്നുന്നുണ്ടോ? കോഴിക്കോട് സൗത്തില്‍ നൂര്‍ബിനാ റഷീദിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാത്തവരുണ്ടായിരുന്നു. ഐ.എന്‍.എല്ലിന്റെ സ്ഥാനാര്‍ത്ഥിയെ ലീഗ് നേതാവ് തന്നെ സാമ്പത്തികമായി സഹായിച്ചു എന്ന ആരോപണവും ഉണ്ടായിരുന്നു?

അങ്ങനെ വിലയിരുത്തുന്നത് ശരിയല്ല. മുസ്ലിംലീഗ് എത്രയോ വനിതകളെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചിട്ടുണ്ട്. വനിതകളാണ് എന്നതിന്റെ പേരില്‍ അവര്‍ക്ക് ആരും വോട്ട് ചെയ്യാതിരുന്നിട്ടില്ല. നിയമസഭയിലേക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരാളെ നിര്‍ത്തി, പക്ഷേ ജയിക്കാന്‍ പറ്റിയില്ല. കോഴിക്കോട് സൗത്തില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പരാജയപ്പെടാന്‍ കാരണം അവര്‍ വനിത ആയതുകൊണ്ട് മാത്രമല്ല, മണ്ഡലത്തിലുണ്ടായ രാഷ്ട്രീയ ധ്രുവീകരണം കൊണ്ടാണ്. അതുകൊണ്ട് തോറ്റു എന്നേയുള്ളൂ. മറ്റ് മണ്ഡലങ്ങളില്‍ യു.ഡി.എഫ് തോറ്റപോലെ. അതിനപ്പുറം സ്ത്രീ സ്ഥാനാര്‍ത്ഥിയായതുകൊണ്ട് സീറ്റ് നഷ്ടപ്പെട്ടു എന്നുപറയാന്‍ കഴിയില്ല. തൊട്ടടുത്ത മണ്ഡലത്തില്‍ കാനത്തില്‍ ജമീല ജയിച്ചില്ലേ? മുസ്ലിങ്ങളുടെ വോട്ടുകൂടി കിട്ടിയല്ലേ അവര്‍ ജയിച്ചത്. സ്ത്രീകള്‍ക്ക് മുസ്ലിങ്ങള്‍ വോട്ടുചെയ്യില്ല എന്നാണെങ്കില്‍ അവര്‍ ജയിക്കാന്‍ പാടില്ലാത്തതാണ്. ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥിക്ക് സംഭാവന കൊടുത്തു എന്നത് ഉണ്ടായിട്ടില്ല. ആ ആരോപണം ലീഗ് അന്വേഷിച്ചിരുന്നു. അത് തെറ്റാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിരുന്നു.

ഹരിത വിഷയത്തില്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന വാദം മാറ്റിനിര്‍ത്തിയാല്‍ അവര്‍ മുന്നോട്ടുവെച്ച നിലപാട് അംഗീകരിക്കപ്പെടേണ്ടതായിരുന്നില്ലേ?

മുസ്ലിംലീഗ് അക്കാര്യത്തില്‍ രാഷ്ട്രീയമായ അച്ചടക്കമാണ് നോക്കിയത്. അച്ചടക്കം ആരായാലും പാലിക്കേണ്ടതാണ്. അതിന് അവര്‍ തയ്യാറാവാതിരുന്നതുകൊണ്ടാണ് നടപടിയെടുക്കേണ്ടിവന്നത്. അല്ലാതെ ഹരിതയ്ക്കെതിരേയോ വനിതകള്‍ക്കെതിരേയോ അല്ല. അതിനുശേഷം പുതിയ കമ്മിറ്റി ഉണ്ടാക്കിയല്ലോ. അങ്ങനെയാണെങ്കില്‍ വേറെ കമ്മിറ്റി ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ. പക്ഷേ, പാര്‍ട്ടി അങ്ങനെയല്ലല്ലോ ചെയ്തത്. ക്യാംപസുകളില്‍ എം.എസ്.എഫിന്റെ സന്ദേശം വിദ്യാര്‍ത്ഥിനികള്‍ക്കിടയിലും എത്തിക്കണം. അതിനാണ് ഹരിത രൂപീകരിച്ചത്. അത് ഭംഗിയായി ഇനിയും മുന്നോട്ടു കൊണ്ടുപോകണം. അതുകൊണ്ടുതന്നെയാണ് പുതിയൊരു കമ്മിറ്റിയെ അതേല്പിച്ചത്. നേരത്തെ ഉണ്ടായിരുന്ന കമ്മിറ്റി പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്നതുകൊണ്ടു മാത്രമാണ്. അതില്‍ മറ്റ് ആശയപരമായ വ്യത്യാസങ്ങള്‍ കാണേണ്ട കാര്യമില്ല. 

അച്ചടക്കം ലംഘിച്ച രണ്ടോ മൂന്നോ പേര്‍ക്കെതിരെ നടപടിയെടുത്തു എന്നു മാത്രമേയുള്ളൂ. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിട്ടൊന്നുമില്ല. അവരിപ്പോഴും പാര്‍ട്ടിയുടെ ഭാഗം തന്നെയാണ്. അങ്ങനെയാണെങ്കില്‍ തുടക്കം മുതലേ ഞങ്ങള്‍ക്ക് വേണമെങ്കില്‍ നടപടിയെടുക്കാമായിരുന്നു. അങ്ങനെയൊന്നുമുണ്ടായില്ല. ഒന്നോ രണ്ടോ മാസം ഞങ്ങള്‍ കാത്തിരുന്നിട്ടുണ്ട്. അവര്‍ തിരുത്തും എന്ന് കരുതി. അവസാന നിമിഷം വരെ തിരുത്തിയില്ല. മുസ്ലിംലീഗിന്റെ ഒരു ഘടകകക്ഷി ചെയ്യേണ്ടത് അവര്‍ക്കെന്തെങ്കിലും പരാതിയുണ്ടെങ്കില്‍മേല്‍ ഘടകത്തോട് ആ പരാതി പറയുക എന്നതാണ്. ഇവിടെ അതിനു പകരമായി അവര്‍ പോയത് വനിതക്കമ്മിഷനിലേക്കാണ്. അത് പാര്‍ട്ടിയെ ചെറുതായി കാണുന്ന നിലപാടായി പോയി. അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടിക്കുള്ളില്‍ ഓരോരുത്തര്‍ക്കും പ്രശ്നമുണ്ടാകുമ്പോള്‍ പാര്‍ട്ടിയില്‍ പറയാതെ കോടതിയില്‍ പോയി പറയുന്ന അവസ്ഥ ഒരു പാര്‍ട്ടിക്കും അംഗീകരിക്കാന്‍ കഴിയില്ല. ആ ഒരു രീതിയിലേ മുസ്ലിംലീഗും കണ്ടിട്ടുള്ളൂ. അതിന്റെ പേരിലാണ് അച്ചടക്കനടപടി എന്ന നിലയില്‍ ഇങ്ങനെ ചെയ്തത്. എന്നിട്ടും അവരെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടൊന്നുമില്ല. സ്ഥാനമാനങ്ങളില്‍നിന്നു നീക്കി എന്നു മാത്രമേ ഉള്ളൂ. പിരിച്ചുവിട്ട് ഇങ്ങനെയൊരു സംഘടന വേണ്ട എന്ന നിലപാടല്ല ലീഗ് എടുത്തത്. ആളുകള്‍ മാറി എന്നേയുള്ളൂ. പ്രസ്ഥാനം ഇപ്പോഴും ഉണ്ട്. 

2020ൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധം
2020ൽ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ മുംബൈയിൽ നടന്ന പ്രതിഷേധം

പി.കെ. നവാസ്, സാദിഖലി തങ്ങളുടെ നോമിനിയായതുകൊണ്ട് മറിച്ചൊരു തീരുമാനമെടുത്താല്‍ അത് തങ്ങള്‍ കുടുംബത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യപ്പെടുന്നതുപോലെയാകും എന്നതാണ് പാര്‍ട്ടി ഹരിതയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കാരണം എന്നൊരു വാദമുണ്ട്?

പാര്‍ട്ടി അതിന്റെ മെറിറ്റ് നോക്കിയാണ് തീരുമാനം എടുക്കുന്നത്. പാണക്കാട് കുടുംബത്തിന്റെ തീരുമാനത്തിനു വേണ്ടി ഒരിക്കലും പാര്‍ട്ടിയുടെ നിലപാടുകളെ ബലികഴിക്കാറില്ല. അങ്ങനെ ആരും പറയാറില്ല. ഞാന്‍ ആ കുടുംബത്തില്‍പ്പെട്ടയാളായി പോയി എന്നതുകൊണ്ട് പാര്‍ട്ടിയുടെ നയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. ഇവിടെയുണ്ടായത് അതല്ല. പാര്‍ട്ടിയുടെ ഭാഗമായി ഞാന്‍ അതില്‍ ഉണ്ടായി എന്നല്ലാതെ അത് എന്റെ മാത്രം തീരുമാനമല്ല. ഉന്നതാധികാര സമിതി കൂടിയെടുത്ത തീരുമാനമാണ്. ഞാന്‍ ആ ചര്‍ച്ചയില്‍ തന്നെ വളരെ വൈകിയാണ് എത്തുന്നത്. തീരുമാനമൊക്കെയായി കഴിഞ്ഞ ശേഷമാണ് ഞാന്‍ എത്തിയത്. മലപ്പുറത്ത് കൂടിയ മീറ്റിങ്ങിലായിരുന്നു ഈ തീരുമാനം. ഞാന്‍ ആ തീരുമാനം കേള്‍ക്കാന്‍ ഉണ്ടായിരുന്നു എന്നല്ലാതെ ആ തീരുമാനമെടുക്കാന്‍ ഞാന്‍ ആരെയും സ്വാധീനിച്ചിട്ടില്ല. അത് തെറ്റിദ്ധാരണയാണ്.

പി.കെ. നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇനിയെങ്ങനെയാണ് പാര്‍ട്ടി ഇതിനെ കാണുന്നത്?

അത് നിയമപരമായി അതിന്റെ വഴിക്ക് നീങ്ങട്ടെ. അത്രേയുള്ളൂ. 

ഹരിതയ്ക്ക് അനുകൂലമായി നിന്നവരെ യൂത്ത് ലീഗ് തെരഞ്ഞെടുപ്പില്‍ ഒഴിവാക്കിയതില്‍ ഒരു വിഭാഗത്തിന്റെ  പ്രതിഷേധമുണ്ട്?

യൂത്ത് ലീഗിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതില്‍ ഈ വിഷയം ബാധിച്ചിട്ടില്ല. ഇതിന്റെ ഭാഗമായി ആരെയും മാറ്റിനിര്‍ത്തിയിട്ടുമില്ല. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ലീഗിന്റെ വര്‍ക്കിങ്ങ് കമ്മിറ്റിയില്‍ ചില തീരുമാനങ്ങളുണ്ടായിരുന്നു. പാര്‍ട്ടി സംവിധാനങ്ങള്‍ക്ക് മാറ്റമുണ്ടാകും എന്നതും അന്നെടുത്ത തീരുമാനമായിരുന്നു. അതിന്റെ ഭാഗമായി ഭാരവാഹികളെ പതിനൊന്നു പേരായി നിജപ്പെടുത്തണം. അങ്ങനെ വരുമ്പോള്‍ പലരേയും ഉള്‍പ്പെടുത്താന്‍ കഴിയാതെ വരും.
 
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് പ്രശ്നത്തില്‍ ലീഗിന് നിലപാടെടുക്കാന്‍ ആശങ്കയുണ്ടായിരുന്നോ?

ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ നടപ്പാക്കപ്പെടണം. അതിന്റെ പേരില്‍ സാമുദായികമായ ധ്രുവീകരണം വരാനും പാടില്ല. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 100 ശതമാനം മുസ്ലിങ്ങള്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ട തീരുമാനം, പാലൊളി കമ്മിറ്റി  ശുപാര്‍ശ നടപ്പായതോടെ 80:20 ആക്കി. അന്ന് ലീഗ് എന്തുകൊണ്ട് അതിനെ എതിര്‍ത്തില്ല എന്ന് ചോദിക്കുന്നവരുണ്ട്. അന്ന് എതിര്‍ക്കാതിരിക്കാന്‍ കാരണം ഈയൊരു സമവാക്യം തെറ്റണ്ട എന്ന് വിചാരിച്ചാണ്. അന്ന് അതിനെ എതിര്‍ക്കുകയാണെങ്കില്‍ സാമുദായികമായ ധ്രുവീകരണം ഉണ്ടാകും എന്ന് വിചാരിച്ചാണ് ലീഗും അതിനെ പിന്തുണച്ചത്. വീണ്ടും അത് കുറഞ്ഞപ്പോഴാണ് അത് പാടില്ല എന്ന് പറഞ്ഞത്. സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ക്രിസ്ത്യന്‍ സമുദായത്തിന് അവകാശപ്പെട്ടത് അവര്‍ക്ക് കൊടുക്കണം. മുസ്ലിം സമുദായത്തിന് അവകാശപ്പെട്ടത് അവര്‍ക്കും കൊടുക്കണം. അത്രയേ പറയുന്നുള്ളൂ. അല്ലാതെ മറ്റുള്ളവരുടെ അവകാശം കവര്‍ന്നെടുക്കണം എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. 

ഹൈദരലി തങ്ങള്‍ പോലും അന്വേഷണ ഏജന്‍സിക്കു മുന്നില്‍ ഹാജരാകേണ്ടിവന്ന സാഹചര്യമായിരുന്നു ചന്ദ്രിക ഫണ്ട് ഇടപാട്. ശരിക്കും എന്താണ് സംഭവിച്ചത്?

അത് രാഷ്ട്രീയമായ ഒരു ആരോപണമാണ്. പാലാരിവട്ടം കേസ് ചന്ദ്രികപത്രവുമായി ബന്ധപ്പെടുത്തിയതുകൊണ്ടാണ് ഇ.ഡി അതില്‍ ഇടപെട്ടത്. ഇ.ഡിക്ക് അത് ബോധ്യപ്പെടുകയും ചെയ്തു. ചന്ദ്രികയുടെ ഫണ്ട് ചന്ദ്രികയ്ക്കു മാത്രം ചെലവഴിച്ചതാണ്. ക്യാംപയിനിന്റെ ഭാഗമായി വരിക്കാരില്‍നിന്നുള്ള പൈസയാണ് ചന്ദ്രികയ്ക്കു കിട്ടിയത്. ഇ.ഡിക്ക് അത് ബോധ്യപ്പെട്ടിട്ടും ഉണ്ട്. ബാക്കിയൊക്കെ രാഷ്ട്രീയ ആരോപണമാണ്.

നൂർബിന റഷീ​ദ്
നൂർബിന റഷീ​ദ്

കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പാണക്കാട് തങ്ങള്‍ കുടുംബം നിലപാടെടുക്കുന്നത് എന്ന തരത്തില്‍ ആരോപണമുണ്ട്. പാര്‍ട്ടിയില്‍ അങ്ങനെയൊരു ഒറ്റയാള്‍ തീരുമാനമുണ്ടോ?

പാര്‍ട്ടി കൂട്ടായ ആലോചനകളിലൂടെയാണ് തീരുമാനമെടുക്കാറുള്ളത്. ഏതെങ്കിലും ഒരു വ്യക്തിയുടെ തീരുമാനത്തെ പ്രഖ്യാപിക്കുക എന്നതല്ല പാണക്കാട് കുടുംബം ചെയ്യാറുള്ളത്. പാര്‍ട്ടിയെ സംബന്ധിച്ച് പാര്‍ട്ടിയിലെ ഉന്നത നേതാക്കളായ കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍വഹാബ്, കെ.പി.എ. മജീദ്, സെക്രട്ടറി എന്ന നിലയില്‍ പി.എം.എ. സലാം ഇങ്ങനെയുള്ള നേതാക്കളുമായൊക്കെ കൂടിയാലോചിച്ചാണ് തീരുമാനമെടുക്കാറുള്ളത്. 

സംഘപരിവാറിന്റെ ഇടപെടലോടെ ചരിത്രത്തിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നു. വാരിയന്‍കുന്നന്റേയും മലബാര്‍ കലാപത്തിന്റേയും പേരില്‍ രാഷ്ട്രീയമായ ഉപയോഗപ്പെടുത്തല്‍ അല്ലേ നടക്കുന്നത്?

1921-ലെ മലബാര്‍ സമരം സ്വാതന്ത്ര്യസമരം തന്നെയാണ്. അതൊരു വര്‍ഗ്ഗീയ കലാപമായിരുന്നു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. പക്ഷേ, ചരിത്രം പറയുന്നത് അങ്ങനെയല്ല. കുഞ്ഞഹമ്മദ് ഹാജി ആറുമാസത്തേക്കാണെങ്കിലും മലയാളരാജ്യം ഉണ്ടാക്കിയിരുന്നു. ഇവരൊക്കെ പറയുന്ന സ്വഭാവം വെച്ച് നോക്കിയാല്‍ അദ്ദേഹം ഒരിക്കലും മലയാളരാജ്യം ഉണ്ടാക്കാന്‍ പാടില്ല. മാപ്പിള നാടോ മറ്റോ ആണ് ഉണ്ടാക്കേണ്ടിയിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ മതേതരത്വമാണ് അതില്‍ കാണുന്നത്. ആ സമരത്തില്‍ ഇതര മതസ്ഥരും ഉണ്ടായിരുന്നു. സാമ്രാജ്യത്വത്തിനെതിരെയുള്ള സമരമായിരുന്നു. അതാണ് ചരിത്രപരമായ യാഥാര്‍ത്ഥ്യം. ചരിത്രം വക്രീകരിക്കുകയാണ് ഇപ്പോള്‍ ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പേര് വെട്ടിമാറ്റിയാലും ചരിത്രം നിലനില്‍ക്കും. അതില്ലാതായി പോവില്ല. ആദിപിതാവായ ആദത്തിന്റെ കാലത്തുള്ള ചരിത്രം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതൊന്നും എഴുതിയിട്ടില്ലല്ലോ. അതുകൊണ്ട് വക്രീകരിച്ചോ മായ്ച്ചുകളഞ്ഞോ ഒന്നും ചരിത്രത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. ഇവര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അസംബന്ധമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com