കോവിഡ് കാലത്ത് അട്ടപ്പാടിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം വിദൂരസ്വപ്നം

രോഗികളേയും ഗര്‍ഭിണികളേയും മുളമഞ്ചലില്‍ കെട്ടി എട്ടു കിലോമീറ്ററിലധികം നടന്നുവേണം ആനവായിലെ റോഡിലെത്താന്‍.
അട്ടപ്പാടിയിലെ സമരം
അട്ടപ്പാടിയിലെ സമരം

പത്ത് ദിവസം മുന്‍പ് പാലക്കാട് അട്ടപ്പാടി മുക്കാലിയില്‍ ഒരു സമരം നടന്നു. പ്രധാന ആവശ്യം ഇതായിരുന്നു-ഊരുകളിലേക്ക് റോഡ്, വീടുകളില്‍ വൈദ്യുതി, കുടിക്കാന്‍ വെള്ളം, കുട്ടികള്‍ക്കു പഠിക്കാന്‍ ഇന്റര്‍നെറ്റ് സൗകര്യം. 600-ലധികം കുടുംബങ്ങളുടെ പ്രാഥമികമായ ആവശ്യമാണ് ഇത്. സൈലന്റ് വാലി വനം ഉള്‍ക്കൊള്ളുന്ന തടിക്കുണ്ട് ഊരു മുതല്‍ ഗലസി വരെ പത്ത് ഊരുകളിലെ പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പ സമുദായത്തില്‍പ്പെട്ടവരാണ് സമരത്തിനിറങ്ങിയത്. കാലങ്ങളായി അവരനുഭവിക്കുന്ന പുറന്തള്ളല്‍ ഇനിയും ആവര്‍ത്തിച്ചുകൂട എന്ന ബോധ്യത്തില്‍നിന്നാണ് ഊരു മൂപ്പന്മാരുടെ നേതൃത്വത്തില്‍ ഇവര്‍ സമരത്തിനിറങ്ങിയത്. 

വൈദ്യുതിയും റോഡുമില്ല. രോഗികളെ മുളവടിയില്‍ കെട്ടി കിലോമീറ്ററുകള്‍ നടന്ന് ആശുപത്രികളിലെത്തിക്കേണ്ട അവസ്ഥ. നെറ്റ്വര്‍ക്കോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഇല്ലാതെ പഠനം മുടങ്ങുന്ന കുട്ടികള്‍-മുഖ്യധാര സമൂഹത്തിനെ ഈ മനുഷ്യരുടെ ജീവിതം അഭ്ദുതപ്പെടുത്തിയേക്കാം. എന്നാല്‍, കേരള മോഡലില്‍നിന്നും പുറത്തായിപ്പോയ ഇവരുടെ ജീവിതം ഭരണവര്‍ഗ്ഗത്തിനോ ജനപ്രതിനിധികള്‍ക്കോ വകുപ്പുകള്‍ക്കോ അറിയാത്തതല്ല. അടിസ്ഥാന മനുഷ്യാവകാശം ഉറപ്പുവരുത്തേണ്ടതുണ്ട് എന്ന് ഒരു ഭരണകൂടം തീരുമാനിക്കുന്നില്ല എന്നുമാത്രം.

നടന്നുതീരുന്ന ജീവിതം 

അട്ടപ്പാടിയിലെ പ്രാക്തന ഗോത്രവിഭാഗമാണ് കുറുമ്പര്‍. അട്ടപ്പാടിയില്‍ 19 ഊരുകളിലായാണ് കുറുമ്പരുടെ താമസം. പുതൂര്‍ പഞ്ചായത്തിലാണ് ഊരുകളെല്ലാം. 2015-ഓടെ ഒന്‍പത് ഊരുകളില്‍ വൈദ്യുതിയും റോഡും പ്രാഥമിക സൗകര്യങ്ങളുമൊരുക്കാന്‍ കഴിഞ്ഞു. ബാക്കി 10 ഊരുകളിലും യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെയാണ് മനുഷ്യര്‍ ജീവിക്കുന്നത്. മണ്ണാര്‍ക്കാട്-ആനക്കട്ടി റോഡില്‍ മുക്കാലി സെന്ററില്‍നിന്ന് 20 കിലോമീറ്ററിലധികം സഞ്ചരിക്കണം ഏറ്റവും മുകളിലുള്ള ഗലസി ഊരിലെത്താന്‍. മുക്കാലിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെ ആനവായ് വരെ ഇന്റര്‍ലോക്ക് പാകിയ വഴിയുണ്ട്. ഇതിലൂടെ ജീപ്പ് സര്‍വ്വീസ് ഉണ്ട്. ഇവിടന്നങ്ങോട്ട് ഊരുകളിലേക്ക് വനത്തിലൂടെ കാല്‍നട മാത്രമാണ് ആശ്രയം. 


രോഗികളേയും ഗര്‍ഭിണികളേയും മുളമഞ്ചലില്‍ കെട്ടി എട്ടു കിലോമീറ്ററിലധികം നടന്നുവേണം ആനവായിലെ റോഡിലെത്താന്‍. സമയത്തിനു ജീപ്പ് കിട്ടണം എന്നുമില്ല. അന്‍പത് കിലോമീറ്ററപ്പുറം കോട്ടത്തറ ട്രൈബല്‍ ഹോസ്പിറ്റലാണ് ഇവരുടെ പ്രധാന ആശ്രയം. അവിടെ വരെ എത്തിക്കുക എന്നത് അതീവ സാഹസമാണ്. മഴക്കാലമോ രാത്രിയോ ആണെങ്കില്‍ വനത്തിലൂടെയുള്ള ഈ നടത്തം കഠിനമാണ്. മുരുഗള, കിണറ്റുകര ഊരുകളാണെങ്കില്‍ പുഴകടന്നു വേണം എത്താന്‍. മുരുഗള ഊരിലുള്ളവര്‍ മരത്തടി വെച്ചുകെട്ടിയും ചങ്ങാടം ഉണ്ടാക്കിയുമാണ് ഊരില്‍നിന്നു പുറത്തെത്തുന്നത്. മഴക്കാലത്ത് വെള്ളം നിറഞ്ഞൊഴുകുമ്പോള്‍ ഇതൊന്നും എളുപ്പവുമല്ല. വെള്ളം കുറവുള്ള സമയങ്ങളില്‍ പാറക്കെട്ടുകളിലേയ്ക്ക് ചെറിയ ചെറിയ മരപ്പാലങ്ങള്‍ പണിതിട്ടാണ് ഊരിലുള്ളവര്‍ പുറത്തെത്തുന്നത്. ഇവിടെനിന്നു പിന്നെയും വനത്തിലൂടെ കാല്‍ നടയായി വേണം ഇന്റര്‍ലോക്ക് റോഡിലെത്താന്‍. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാവാതെ ജീവന്‍ നഷ്ടമായ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഈ ദുരിതങ്ങളൊക്കെ ഇവരുടെ ജീവിതത്തിന്റെ ഭാഗമായതുപോലെയാണ്.

600 രൂപയാണ് ഒരു തവണ പോകാന്‍ ജീപ്പിന്റെ വാടക. പരമാവധി 10 പേര്‍ക്ക് യാത്ര ചെയ്യാം. ഓരോരുത്തരും 60 രൂപ വെച്ചെടുക്കണം. 10 പേര് തികയാന്‍ കാത്തിരിക്കണം. അത്യാവശ്യ സാഹചര്യമാണെങ്കില്‍ സ്വന്തമായി 600 രൂപയും കൊടുത്ത് പോവാനേ നിവൃത്തിയുള്ളൂ. പ്രത്യേകിച്ചും രാത്രി സമയങ്ങളില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ല.

ഊരുകളില്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല. വനംവകുപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങളാണ് റോഡും വൈദ്യുതിയും ഇവര്‍ക്ക് അന്യമാക്കുന്നത്. വനത്തിലൂടെ വൈദ്യുതി ലൈന്‍ വലിക്കാനുള്ള പ്രശ്‌നങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ഇതിനുപകരം കേബിള്‍ സംവിധാനം ആലോചിച്ചെങ്കിലും എങ്ങുമെത്തിയില്ല. സോളാര്‍ പാനലാണ് ഇവരുടെ ഏക ആശ്രയം. അതും കുറച്ച് മണിക്കൂറുകള്‍ കിട്ടിയാലായി. മഴ സമയത്ത് അതും ഇല്ല. മണ്ണെണ്ണ വിളക്കാണ് വീടുകളിലിപ്പോഴും. ഫോണ്‍ റേഞ്ച് എന്നത് ഇവരുടെ സ്വപ്നത്തിലേ ഇല്ല. ഊരുകളിലെത്തിയാല്‍ ഒരാളേയും ബന്ധപ്പെടാനോ തിരിച്ച് അവര്‍ക്ക് മറ്റൊരിടത്തേയ്ക്ക് വിളിക്കാനോ സാധ്യമല്ല. താഴെ ടൗണില്‍ ഇറങ്ങുമ്പോള്‍ മാത്രമാണ് ഇവരുടെ മൊബൈല്‍ ഉപയോഗം. കൊവിഡിന്റെ സാഹചര്യത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ അതുകൊണ്ടുതന്നെ ഇവിടത്തെ കുട്ടികള്‍ക്ക് അന്യമാണ്. ഹോസ്റ്റലുകളില്‍നിന്നാണ് പല കുട്ടികളുടേയും വിദ്യാഭ്യാസം. കൊവിഡ് കാലത്ത് അതുകൂടി മുടങ്ങിയതോടെ വിദ്യാര്‍ത്ഥികളും ഊരില്‍ ഒറ്റപ്പെട്ടുപോയി.

കുടിവെള്ള സൗകര്യങ്ങളെത്തിക്കാനുള്ള പദ്ധതികളൊന്നും ഊരില്‍ നടപ്പായില്ല. മലയില്‍നിന്നുള്ള വെള്ളം പൈപ്പിട്ട് വീടുകളിലേക്കെത്തിക്കുകയാണ് പലരും. പൈപ്പും ടാങ്കും മറ്റു സാധനങ്ങളും സ്വന്തമായി വാങ്ങണം. അധികൃതര്‍ ഇടപെട്ടാല്‍ വലിയ ടാങ്ക് സ്ഥാപിച്ച് അതില്‍നിന്നു വീടുകളിലേയ്ക്ക് കുടിവെള്ളമെത്തിച്ച് പരിഹരിക്കാവുന്നതേയുള്ളൂ ഈ പ്രശ്‌നം. പക്ഷേ, കാലങ്ങളായി ഉന്നയിക്കപ്പെടുന്ന ആവശ്യം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ അടുത്തിടെ മൊബൈല്‍ റേഷന്‍ കട ആരംഭിച്ചു. ആഴ്ചയിലൊരിക്കല്‍ ആനവായില്‍ റേഷന്‍ കട വരും. എട്ടു കിലോമീറ്ററിലധികം നടന്നുവേണം റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചുപോകാന്‍. ആ ദിവസം പണിക്കുപോകാതെ ഇതിനായി മാറ്റിവെക്കേണ്ടിവരുമെന്നു സാമൂഹ്യപ്രവര്‍ത്തകനായ മേലെആനവായ് ഊരിലെ എസ്. രമേഷ് പറയുന്നു.

''പണ്ടൊക്കെ താഴെ വരെ പോയി റേഷന്‍ വാങ്ങണമായിരുന്നു. ഇപ്പോള്‍ ആനവായിലെത്തി എന്നു വേണമെങ്കില്‍ ആശ്വസിക്കാം. ഗതാഗത സൗകര്യമാണ് ഏറ്റവും വലിയ പ്രശ്‌നം. താഴെ ടൗണില്‍ പോയാല്‍ തന്നെ വൈകുന്നേരം നാല് മണിക്കു മുന്‍പേ ഊരുകളിലേയ്ക്ക് കയറിപ്പോകാന്‍ നോക്കും. ഇല്ലെങ്കില്‍പ്പിന്നെ ആനവായ് എത്താന്‍പോലും ജീപ്പ് കിട്ടില്ല. ഒരസുഖം വന്നാല്‍ ഇതുപോലെ കെട്ടിയെടുത്ത് എത്രകാലമായി കൊണ്ടുപോകുന്നു. അസുഖം ഉള്ളവരെ കെട്ടിച്ചുമന്നു താഴെ എത്തിച്ച് വണ്ടിക്ക് കാത്തിരിക്കേണ്ടിവരും. ടൗണില്‍നിന്നു വണ്ടി വിളിച്ചുവരുത്തി ആശുപത്രിയിലേയ്ക്ക് പോകുകയാണെങ്കില്‍ അത്രയും പൈസ നമ്മള്‍ കൊടുക്കേണ്ടിവരും. 

കൊവിഡ് കാലത്ത് കുട്ടികളൊക്കെ വെറുതെയിരിക്കുകയല്ലാതെ പഠനങ്ങളൊന്നും നടന്നിട്ടില്ല. മുക്കാലിയില്‍നിന്നു നാല് കിലോമീറ്റര്‍ കഴിഞ്ഞാല്‍ ചിണ്ടക്കി എത്തും. ഇവിടെവരെ ഫോണിനു കഷ്ടിച്ച് റേഞ്ച് കിട്ടും. അതുകഴിഞ്ഞാല്‍പ്പിന്നെ യാതൊരു വഴിയുമില്ല. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കളക്ടറേയും മന്ത്രിമാരേയുമൊക്കെ പലതവണ സമീപിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ ഭാഗത്തുനിന്നു തടസ്സങ്ങളുണ്ട് എന്നാണ് പലപ്പോഴും മറുപടി കിട്ടുക. പ്രശ്‌നത്തിന് ഒരിക്കലും പരിഹാരമാകാറില്ല. പല തവണ നിവേദനങ്ങള്‍ കൊടുത്തു. 2017-ല്‍ അനര്‍ട്ട് പദ്ധതിയിലാണ് സോളാര്‍ പാനല്‍ ഊരിലെത്തിയത്. ഭൂരിഭാഗം വീടുകളിലും ഇപ്പോള്‍ ഇത് ഉപയോഗിക്കാന്‍ പറ്റാറില്ല. ഒരു മണിക്കൂറൊക്കെ കിട്ടിയാല്‍ ഭാഗ്യം എന്ന സ്ഥിതിയാണ്. തൊഴിലുറപ്പിന്റെ പണിക്കൊക്കെ പോകുന്നവര്‍ പൈസ കൂട്ടിവെച്ച് ബാറ്ററിയൊക്കെ വാങ്ങിയാണ് ചിലയിടത്തൊക്കെ ടി.വി കാണുന്നത്. 

പലതവണ അപേക്ഷകള്‍ കൊടുത്തിട്ടും ഒരു തീരുമാനമാകാതെ വന്നപ്പോഴാണ് ഇത്തരത്തിലൊരു സമരത്തിന് ഇറങ്ങേണ്ടിവന്നത്. ഞങ്ങള്‍ക്കുവേണ്ടി ആരും സംസാരിക്കില്ല എന്നതുകൊണ്ട് ഊരുമൂപ്പന്മാരുടെ നേതൃത്വത്തില്‍ ആളുകളെ സംഘടിപ്പിച്ചു സമരത്തിനിറങ്ങുകയായിരുന്നു'' -രമേശ് പറയുന്നു.

വനാവകാശ നിയമപ്രകാരമുള്ള ഡവലപ്മെന്റ് റൈറ്റ്സും കമ്യൂണിറ്റി റൈറ്റ്സും കൊടുത്താല്‍ മാത്രമേ റോഡും മറ്റു സൗകര്യങ്ങളും ഊരുകളില്‍ നടപ്പാവുകയുള്ളൂ എന്നു പട്ടികവര്‍ഗ്ഗ ഉപദേശക സമിതിയംഗം ഡോ. രാജേന്ദ്ര പ്രസാദ് പറയുന്നു. ''അത്തരം നീക്കത്തിന് വനംവകുപ്പ് പലപ്പോഴും എതിര് നില്‍ക്കുകയാണ്. അതു നടപ്പായാല്‍ മാത്രമേ വനത്തിലൂടെയുള്ള വഴിയും വൈദ്യതിയും ഇന്റര്‍നെറ്റ് സൗകര്യവും നടപ്പാക്കൂ. അതാണ് അടിസ്ഥാന പ്രശ്‌നം. വനാവകാശ നിയമം നടപ്പാക്കല്‍ മാത്രമാണ് മാര്‍ഗ്ഗം.
 
ഇവരെ കേള്‍ക്കുക എന്നതും പ്രധാനമാണല്ലോ. അതിന് ഊരുകൂട്ടം വിളിക്കുകയും ഉദ്യോഗസ്ഥര്‍ എത്തുകയും വേണം. ഇവിടെ അതൊന്നുമുണ്ടാവുന്നില്ല. അത്രയും ബുദ്ധിമുട്ടി ഊരുകളിലെത്തി അവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ താല്പര്യപ്പെടാറില്ല. എല്ലാം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് അവരുടെ സമരം. 16 വര്‍ഷമായി വനാവകാശനിയമം പ്രാബല്യത്തിലായിട്ട്. ഇതുവരെ അനുവദിച്ചു കിട്ടിയില്ല. വനാവകാശം ക്രിയാത്മകമായി നടപ്പാക്കാനുള്ള നടപടിയുണ്ടായാല്‍ മാത്രമേ ഇത്തരം പ്രതിസന്ധികള്‍ക്കു പരിഹാരം കാണാന്‍ കഴിയുള്ളൂ'' -അദ്ദേഹം പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com