കനല്‍ നടപ്പുകള്‍
By മാനസി | Published: 16th November 2021 05:21 PM |
Last Updated: 16th November 2021 05:21 PM | A+A A- |

തന്റെ മുന്നില്‍ നില്‍ക്കുന്ന ഉയരം കൂടിയ പുരുഷനെ പെണ്‍കുട്ടി ഒന്നുകൂടി നോക്കി. തുണിമറക്കപ്പുറത്ത് നില്‍ക്കുന്ന പതിനേഴുകാരന്റെ മുഖം വ്യക്തമല്ല. അതിനു മുന്‍പ് കണ്ടത് ഒരിക്കലാണ്. തന്നെ പെണ്ണുകാണാനാണെന്നു പറഞ്ഞുവന്ന ദിവസം. ദാദാജി ഭിക്കാജി എന്നാണ് പേര് എന്ന്, പൂമുഖ വാതിലിനു പിന്നില്‍ ഭവ്യതയോടെ ചുരുങ്ങിക്കൂടി നില്‍ക്കുമ്പോള്‍ അമ്മ പറഞ്ഞിരുന്നു. ദാദാജി അച്ഛന്റെ അകന്ന ബന്ധുവാണെന്നും. കല്യാണത്തിനുശേഷം ദാദാജി ഭാര്യയായ തന്റെ വീട്ടിലായിരിക്കും താമസിക്കുന്നത് എന്ന് സമ്മതിച്ചിട്ടുണ്ടെന്ന് പിന്നീട് അച്ഛന്‍ പറയുന്നത് കേട്ടു. വിശ്വസിക്കാനായില്ല. അതല്ല സാധാരണ പതിവ്. പണമില്ലാത്തവരും 'മോശ'ക്കാരും ആണ് അത് ചെയ്യാറ്. അത്ര മോശക്കാരനാണോ അപ്പോള്‍ തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ഇയാള്‍ എന്നാണ് ആദ്യം മനസ്സില്‍ വന്നത്. പക്ഷേ, കാര്യങ്ങള്‍ താനറിയുകപോലും ചെയ്യാതെ നിശ്ചയിക്കുന്നത് മുതിര്‍ന്നവരാണ്.
''അയാള്‍ ഇവിടെ താമസിച്ച് സ്‌കൂളില്‍ പോട്ടെ'' - റോക്കിങ്ങ് കസേലയില്‍ ഇരുന്ന് പതുക്കെ ആടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു: ''അയാളുടെ പഠിപ്പില്‍ കണ്ണുവയ്ക്കാനാളില്ലെങ്കില്‍, അയാള്‍ ഒഴപ്പും. അയാള്‍ ഇവിടെ നിന്നാല്‍ എനിക്കയാളുടെ പഠിപ്പില്‍ കണ്ണുവയ്ക്കാം. ഇവിടെത്തന്നെ നിന്നു രഖ്മക്ക് പഠിപ്പ് തുടരുകയുമാകാം.''
തുന്നിക്കൊണ്ടിരുന്ന കയ്യിലെ ജാക്കറ്റ് വലിച്ചെറിയും പോലെ താഴത്തിട്ട് അമ്മ പെട്ടെന്ന് എഴുന്നേറ്റ് ഓടി അച്ഛന്റെ മുന്‍പില്‍ പോയിനിന്നു.
''അതല്ലല്ലൊ നാട്ടുനടപ്പ്.'' അമ്മയുടെ പതിവില്ലാതെ ഉയര്‍ന്ന ശബ്ദം, മുറിക്കു പുറത്ത് ജനല്‍പ്പടിയില്‍ ഇരുന്നിരുന്ന തന്റെ അടുത്തുവരെ എത്തി. ''അങ്ങനൊരുത്തനെ രഖ്മയുടെ വരനാക്കാന്‍ അവള്‍ക്കോ നമുക്കോ എന്താണൊരു കുറവ്? കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്കാണ് പോകേണ്ടത്. ഭാര്യയെ കൊണ്ടുപോയി നോക്കാന്‍ വയ്യാത്തവന്‍ ഭാര്യക്കും ഭാര്യവീടിനും അപമാനമാണ്. ഹോ! മകള്‍ക്ക് ഒരു വരനെ കണ്ടുപിടിച്ച് വന്നിരിക്കുന്നു! അയാള്‍ അയാളുടെ വീട്ടില്‍ നില്‍ക്കണം. അയാളുടെ പഠിപ്പിന് എന്ത് സഹായം വേണമെങ്കിലും ചെയ്തു കൊടുത്തോളൂ. അതൊക്കെ പക്ഷേ, അവിടെ മതി. കല്യാണത്തിനുശേഷം രഖ്മയുടെ വീട് അതാണ്. ഇതല്ല. എനിക്കീ നാട്ടില്‍ തലനീര്‍ത്തി നടക്കണം. നിങ്ങള്‍ക്കീ നാട്ടില്‍ തലനീര്‍ത്തി നടക്കേണ്ടെ? അയാള്‍ ഇവിടെനിന്നു പഠിക്കണമത്രേ!''
''രഖ്മ ഇവിടെനിന്നു എവിടെപ്പോയാലും അതോടെ അവളുടെ പഠിപ്പ് തീരും.''
കനലുപോലെ ചൂടിറ്റുനിന്ന അമ്മയുടെ മുഖത്തെ ചുകപ്പ് കണ്ടില്ലെന്നു നടിച്ച് താന്‍ കേള്‍ക്കാതിരിക്കാനാവണം, അച്ഛന്‍ ശബ്ദം വല്ലാതെ താഴ്ത്തി.
''നമുക്ക് രഖ്മയെ പഠിപ്പിക്കേണ്ടേ ജയന്തീ? ഈ പതിനൊന്ന് വയസ്സില്‍ അവളെ ആരുടെയെങ്കിലും വീട്ടുജോലിക്ക് വിട്ടുകൊടുക്കണോ? ദാദാജിയാണ് രഖ്മയുടെ വരനെങ്കില്‍ അയാളെ ഇവിടെ നിര്‍ത്താം. പഠിപ്പിക്കാം. രഖ്മയ്ക്ക് പഠിപ്പ് തുടരാം. ബന്ധുവായതുകൊണ്ട് ഞാന്‍ പറഞ്ഞാല്‍ ദാദാജി കേള്‍ക്കും. അതുപോലെ വേറൊരാള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്ക്വൊ? എല്ലാ സൗകര്യങ്ങളും ദാദാജിക്കിവിടെ കൊടുക്കാം. രഖ്മക്കു തുടര്‍ന്ന് പഠിക്കാന്‍ ഞാന്‍ നോക്കിയിട്ട് അതേ വഴിയുള്ളൂ.''
''രഖ്മ പെണ്‍കുട്ടിയാണ്.'' അമ്മയുടെ ശബ്ദത്തില്‍ എന്തെന്നില്ലാത്ത വെറുപ്പും ദേഷ്യവും ഒന്നിച്ചു കലങ്ങിമറിഞ്ഞു. ''പെണ്ണിന് പഠിപ്പല്ല, ഭര്‍ത്തൃഗൃഹമാണ് വേണ്ടത്. എത്ര പഠിച്ചാലും അവസാനം അടിയുന്നത് അടുക്കളയുടെ മൂട്ടില്‍ തന്നെയാവും. പിന്നെന്തിനാണീ വാശി? ''നമ്മുടെ മാനത്തേക്കാള്‍ വലുതല്ല അവളുടെ പഠിപ്പ്.''
''എന്നാരു പറഞ്ഞു?'' അപൂര്‍വ്വമായി മാത്രം ഉയരാറുള്ള അച്ഛന്റെ ശബ്ദം മുറിക്ക് പുറത്തേയ്ക്ക് തെറിച്ച് നാലുപാടും ചിതറി. ''ഇതാണ് നിങ്ങളുടെ പ്രശ്നം. മോഹിക്കാന്‍ പോലും നിങ്ങള്‍ തയ്യാറല്ല. അതെ, ഞാനവളുടെ രണ്ടാനച്ഛനാണ്. അമ്മയായ നിങ്ങള്‍ക്കു തന്നെയാണ് അവള്‍ക്കുമേല്‍ പൂര്‍ണ്ണാവകാശം. പക്ഷേ, എന്റെ മകളായതുകൊണ്ടല്ല രഖ്മ പഠിക്കണമെന്ന് ഞാന്‍ പറഞ്ഞത്. പെണ്‍കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തത് തികഞ്ഞ അനീതിയാണ് എന്നു വിശ്വസിക്കുന്നതുകൊണ്ടാണ്. രഖ്മ പഠിക്കണം എന്നത് എന്റെ ആവശ്യം കൂടിയായതുകൊണ്ടാണ്. നിനക്കീ പ്രായത്തില്‍ പഠിക്കണോ. ഞാന്‍ പഠിപ്പിക്കാം. സന്തോഷമേയുള്ളൂ. രഖ്മ വളരെ സമര്‍ത്ഥയാണ് പഠിക്കാന്‍ എന്ന് നിനക്കും എനിക്കും അറിയാം. അവളുടെ പഠിപ്പ് തകരാതിരിക്കാനാണ് ഞാനൊരു 'വീട്ടുവരനെ' കണ്ടുപിടിക്കാന്‍ ശ്രമിച്ചത്. രഖ്മയെ ഇവിടെ നിര്‍ത്താന്‍ അതല്ലേ വഴിയുള്ളൂ? ഭര്‍ത്താവിന്റെ വീട്ടിലേക്കയക്കല്‍ ആ വീട്ടിലെ അടുക്കളയിലേക്കയയ്ക്കലാണ് എന്നു നിനക്കുമറിഞ്ഞുകൂടേ? വെറും പതിനൊന്ന് വയസ്സാണവള്‍ക്ക്. അവളെ കുരുതികൊടുക്കുകയാണ് ഭേദം.''

സ്റ്റെതസ്‌കോപ്പും കോട്ടുമെടുത്ത് സ്വന്തം ക്ലിനിക്കിലേക്ക് പോകാനൊരുങ്ങിയിടത്തുനിന്ന് മടങ്ങി കോട്ട് അച്ഛന്‍ കസേലയിലേക്കു തന്നെ ഇട്ടു. പിന്നെ പതിവില്ലാത്തവിധം ജനലിലൂടെ പുറത്തേക്കു നോക്കി കുറേ നേരം നില്‍ക്കുന്നതു കണ്ടു. കാലങ്ങളായി താന്‍ നാടുമുഴുവന്‍ പറഞ്ഞുനടക്കുന്ന കാര്യം ഇനിയും ആര്‍ക്കും മനസ്സിലാവാത്തതെന്തേ, ആര്‍ക്കുമറിയാത്തതെന്തേ എന്നാവുമോ അച്ഛന്‍ ഓര്‍ത്തിരിക്കുക? പക്ഷേ, ആ ഇരിപ്പ് കാതങ്ങള്‍ നടന്നു ക്ഷീണിച്ചവന്റേതായിരുന്നു എന്ന് പിന്നീട് പിന്‍തിരിഞ്ഞു നോക്കിയപ്പോഴൊക്കെ തോന്നിയിട്ടുണ്ട്.
കല്യാണം കഴിഞ്ഞാല്‍ പഠിപ്പ് നിര്‍ത്തേണ്ടിവരും എന്ന പേടി അറപ്പിക്കുന്ന ഒരു വലിയ പുഴുവിനെപ്പോലെയാണ് മനസ്സിലേക്കിഴഞ്ഞത്. തിളച്ചുമറിയുംപോലെ നിന്ന അമ്മയുടെ മുന്നില്‍ പോകാന്‍ പക്ഷേ, ധൈര്യം വന്നില്ല.
''അതെയ്, പതിനൊന്ന് വയസ്സായി അവള്‍ക്ക്. അവള്‍ മുതിരും മുന്‍പേ കല്യാണം നടന്നില്ലെങ്കില്‍, ആള്‍ക്കാര് നമ്മുടെ മുഖത്തു കാറിത്തുപ്പും. ഒരു തുള്ളി വെള്ളം പോലും നമുക്കാരും തരില്ല.'' അമ്മ കിതച്ചു: ''അവള്‍ക്കൊപ്പം നമുക്കും കാടുകയറുകയേ നിവൃത്തിയുണ്ടാവൂ. വേണോ? അതാണോ നിങ്ങള്‍ക്കു വേണ്ടത്? ഏതായാലും എനിക്കതല്ല വേണ്ടത്; അതെനിക്കാലോചിക്കാന്‍ പോലുമാവില്ല. ഞാനതിനു തയ്യാറുമല്ല. പെണ്‍കുട്ടിയുടെ ഇഷ്ടവും സമ്മതവും അല്ല ഇവിടെ പ്രധാനം. നിങ്ങളുമായി എന്റെ രണ്ടാം വിവാഹം ഉറപ്പിക്കുമ്പോള്‍ പോലും എന്നോടാരെങ്കിലും സമ്മതം ചോദിച്ചോ? ഇല്ല. ചോദിച്ചിട്ടില്ല. വീട്ടുകാര്‍ പറയുന്നത് പെണ്‍കുട്ടികള്‍ അനുസരിക്കണം. അതാണ് നാട്ടുനടപ്പ്. അതാണ് ശരി.''
''അല്ല, അതല്ല ശരി.'' പിടയുന്നതുപോലെയാണ് അച്ഛന്‍ അങ്ങോട്ടും ഇങ്ങോട്ടും പലതവണ നടന്നത്. ''ഭിക്കാജിക്ക് പഠിക്കാമെങ്കില്‍ രഖ്മയ്ക്കും പഠിക്കാം. അതാണ് ശരി. അതാണ് ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നതും. അല്ലെങ്കില്‍ പെണ്‍കുട്ടികളെ പഠിപ്പിക്കണമെന്ന് രാവും പകലും ലോകത്തോട് പറഞ്ഞുനടക്കുന്ന ഞാനും മലബാറിയും വിഷ്ണു ശാസ്ത്രിയും ഒക്കെ ആള്‍ക്കാര്‍ക്ക് മുന്നില്‍ ഒന്നാംതരം നുണയന്മാരാകും. കപട നാട്യക്കാരാവും. ഞാന്‍ ഇന്നുവരെ ജീവിച്ച സ്വന്തം ജീവിതത്തെ ഒറ്റുകൊടുക്കലാവും അത്. വേണോ? അതാണോ നിനക്ക് വേണ്ടത്? വയ്യ. ജയന്തീ. അത് ഞാന്‍ ചെയ്യില്ല. ഭേദം ആത്മഹത്യയാണ്.''
വിങ്ങല്‍പോലെ പതഞ്ഞ അച്ഛന്റെ ശബ്ദത്തിലേയ്ക്ക് അമ്മ നിശ്ശബ്ദയായി കുറച്ചുനേരം നോക്കിനിന്നു.
''രഖ്മക്ക് പതിനൊന്ന് തികയുകയാണ് എന്ന് എന്താണു അങ്ങേക്ക് മനസ്സിലാവാത്തത്? വീണ്ടും വീണ്ടും ഞാന്‍ അത് തന്നെ ഓര്‍മ്മിപ്പിക്കണോ? അവള്‍ എപ്പോള്‍ വേണമെങ്കിലും മുതിരാം. അതാണു എന്റെ പേടി. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ പിന്നെ നാം ജീവിച്ചിരുന്നിട്ട് കാര്യമില്ല. എല്ലാവര്‍ക്കും കൂടി ഒരുമിച്ച് ചാവാം'' മുഖം മുഴുവന്‍ നനച്ചൊഴുകുന്ന കണ്ണീരിന്റെ തുടര്‍ച്ചപോലെ വെട്ടിയിട്ട വാഴ കണക്കെ അമ്മ അച്ഛന്റെ കാല്‍ക്കല്‍ വീണു. ''ദയവുചെയ്ത് അവളെ മാത്രം ഓര്‍ത്തെങ്കിലും അവളെ രക്ഷിക്കണം. ഓരോ ദിവസവും ഓരോ പേടിസ്വപ്നമാകുകയാണ് എനിക്ക്. നിങ്ങള്‍ ചെയ്യുന്ന അഹമ്മതിക്ക് ഞാനും അവളും കൂടി അനുഭവിക്കേണ്ടിവരില്ലേ? എന്താണു നിങ്ങള്‍ക്കത് മനസ്സിലാവാത്തത് എന്നാണ് എനിക്കു പിടികിട്ടാത്തത്. ഇല്ല. നാണംകെട്ട് ഭ്രഷ്ടയായി എന്റെ ആള്‍ക്കാരുടെ ഇടയില്‍ ജീവിക്കാന്‍ എന്നെ കിട്ടില്ല. നിങ്ങള്‍ക്ക് മനസ്സിലാവില്ലല്ലേ? എന്റെ അച്ഛന്‍ പോലും പിന്നെ എന്നോട് മിണ്ടില്ല. ആരോട് യുദ്ധം ചെയ്യും നമ്മള്‍? ശരി. നാണമില്ലാത്ത വീട്ടുവരനെങ്കില്‍ വീട്ടുവരന്‍. എന്റെ മോള്‍ക്ക് അതാണു വിധിയെങ്കില്‍, അവളുടെ രണ്ടാനച്ഛന് അതാണ് വേണ്ടതെങ്കില്‍ അങ്ങനെ തന്നെ നടക്കട്ടെ. എനിക്ക് തീ തിന്ന് തിന്ന് മതിയായി.''
''എനിക്ക് പഠിക്കണം'', കലിതുള്ളി നില്‍ക്കുന്ന അമ്മയുടെ മുന്നിലൂടെ മുറിയില്‍നിന്ന് പുറത്തേക്കു വരാന്‍ ഒരുങ്ങിയ അച്ഛനെ കെട്ടിപ്പിടിച്ചു താനന്ന് ഉറക്കെ കരഞ്ഞു. ''ഞാനെവിടെയും പോകില്ല. എനിക്ക് കല്യാണം വേണ്ട. പഠിക്കാത്ത ഭിക്കാജി ഒട്ടുംവേണ്ട.''
''ആഹാ! സ്വന്തം പെറ്റമ്മയോട് തന്നെ നീ ഇതു പറയണം.'' നനഞ്ഞു കുതിര്‍ന്ന അമ്മയുടെ മുഖം നീരുവന്നപോലെ ചുവന്നുവീര്‍ത്തിരുന്നു. ''ഞങ്ങളല്ല, നിന്റെ പഠിപ്പാണ് അപ്പോള്‍ നിനക്ക് വലുത്. ഓര്‍ത്തോ. വെള്ളം കിട്ടാതെ ചാവേണ്ടിവരും എല്ലാറ്റിനും.''
കോടതിയിലെ പ്രതിക്കൂട്ടില്‍ നില്‍ക്കെ, കഴിഞ്ഞ കാലത്തെ ചിത്രങ്ങള്‍ ഒന്നൊന്നായി രഖ്മയുടെ മനസ്സില്‍ ചിതറിവീണു. ചുറ്റും കൂടി നിന്നവരുടെ മുഖത്തു മുഴുവന്‍ പുച്ഛമാണ്. ഒരു പെണ്ണ്, കോടതിയുടെ പ്രതിക്കൂട്ടില്‍! അതും ഭര്‍ത്താവിനെതിരെ!
''ഞങ്ങള്‍ ഹിന്ദു സ്ത്രീകള്‍ക്ക് ജീവിതത്തില്‍ സഹിക്കേണ്ടിവരുന്ന ക്രൂരതകളെക്കുറിച്ചും അനീതികളെക്കുറിച്ചും ഞങ്ങളുടെ പുരുഷന്മാര്‍ അല്പം പോലും ആലോചിക്കാറില്ല. അതിനാല്‍ തന്നെ ഞങ്ങളുടെ മനസ്സിന്റെ ഉള്ളറകളിലേക്ക് കടക്കാന്‍ അവര്‍ക്കാവാറുമില്ല. ഞങ്ങള്‍ ജിവിച്ചുതീര്‍ക്കുന്ന നരകതുല്യമായ ഈ ജീവിതങ്ങളില്‍ ഞങ്ങള്‍ സംതൃപ്തി അടയുന്നു എന്നാണോ നിങ്ങള്‍ കരുതുന്നത്? ഞങ്ങള്‍ക്കിഷ്ടമുള്ള ജീവിതങ്ങള്‍ക്കുവേണ്ടി ആഗ്രഹിക്കാനുള്ള ബുദ്ധി ഞങ്ങള്‍ക്കില്ലെന്നും നിങ്ങള്‍ കരുതരുത്.''
രഖ്മയുടെ പോരാട്ടം
1887-ല്‍, മുംബൈയിലെ ഒരു കോടതിമുറിയില്‍നിന്ന് രഖ്മ എന്ന പതിനെട്ടുകാരി പൊട്ടിത്തെറിച്ചു. പതിനൊന്നു വയസ്സില്‍ താന്‍ വിവാഹം കഴിച്ച ഭാര്യയെ ഈ വര്‍ഷങ്ങളിലത്രയും ഒരിക്കല്‍പ്പോലും കാണാനോ അന്വേഷിക്കാനോ വരാതെ, അവള്‍ക്ക് യൗവ്വനം വന്നപ്പോള്‍ ഭര്‍ത്താവെന്ന അവകാശം ഉപയോഗിച്ച് അവളുടെ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി മാത്രം ഭര്‍ത്താവിന്റെ വീട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് രഖ്മയുടെ ഭര്‍ത്താവായ ഭിക്കാജി കൊടുത്ത കേസിലെ പ്രതിയായിരുന്നു അപ്പോള്‍ രഖ്മാബായി.
''എട്ടും പൊട്ടും തിരിയാത്ത, വിവാഹം എന്നാല്‍ എന്തെന്നുപോലും മനസ്സിലാവാത്ത പ്രായത്തില്‍ തന്നോടൊരിക്കലും സമ്മതം ചോദിക്കാതെ മറ്റുള്ളവര്‍ നിശ്ചയിച്ചു നടത്തിയ വിവാഹത്തിന്റെ ആചാരമനുസരിച്ച് തനിക്കൊരിക്കലും സ്നേഹിക്കാനാവാത്ത ഒരു ഭര്‍ത്താവായ ഭിക്കാജിയുടെ കൂടെ ലോകത്തില്‍ എവിടെയായാലും ജീവിക്കാന്‍ ഞാന്‍ തയ്യാറല്ല.'' രഖ്മാബായി ലോകം മുഴുവന്‍ കേള്‍ക്കെ ഭര്‍ത്താവിന്റെ മുഖത്തുനോക്കി ഗര്‍ജ്ജിച്ചു: ''അല്ല. ഞാന്‍ തയ്യാറല്ല.''
ഒരു പെണ്ണ്, അതും വെറും ചീളുപോലുള്ളൊരു താഴ്ന്ന ജാതിക്കാരി ആശാരിപ്പെണ്ണ്. അവളാണ് കോടതിയുടെ മുഖത്തുനോക്കി ഇത്തരമൊരു പ്രസ്താവന നടത്തുന്നത്! തന്റെ ഇഷ്ടം പ്രഖ്യാപിക്കുന്നത്! കോടതിയില്‍ ഇരുന്നിരുന്ന രഖ്മയുടെ അച്ഛന്‍ സക്കാറാമും സാമൂഹ്യ പരിഷ്‌കര്‍ത്താവും സുഹൃത്തുമായ മലബാറിയും ഇത്തരമൊരു കേസിന്റെ വൈചിത്ര്യം കൊണ്ടുമാത്രം കേസ് കേള്‍ക്കാന്‍ നാടിന്റെ പലഭാഗത്തുനിന്നുമെത്തിയ സാംസ്‌കാരിക നേതാക്കളും നിയമജ്ഞരും ഒപ്പം ഞെട്ടിത്തെറിച്ചു.
''ഈ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ രഖ്മയ്ക്ക് താങ്ങാനായെന്നുവരില്ല. എത്ര വിചാരിച്ചാലും ആരു വിചാരിച്ചാലും ഇതില്‍ രഖ്മയെ സഹായിക്കാന്‍ ഒന്നും ചെയ്യാനായെന്നും വരില്ല.'' സക്കാറാം, അസ്വസ്ഥനായി ഇരിപ്പിടത്തില്‍ തിരിഞ്ഞും മറിഞ്ഞുമിരിക്കുന്ന മലബാറിയുടെ കൈയില്‍ അങ്കലാപ്പോടെ അമര്‍ത്തിപ്പിടിച്ചു. സമൂഹത്തിലേയും സമുദായത്തിലേയും തൊട്ടാല്‍ പൊള്ളുന്ന വികാരങ്ങളിലാണ് രഖ്മ കോറി വരച്ചിരിക്കുന്നത്. ഉഭയസമ്മതമില്ലാത്ത വിവാഹത്തിന് ഒരു പവിത്രതയുമില്ലെന്ന് ഒരു വലിച്ചെറിയലിന്റെ തീവ്രതയോടെ പറയുന്ന, ആരൊ തലയില്‍വച്ചു കെട്ടിയ ഒരു പുരുഷന്റെ ഭാര്യാപട്ടം വര്‍ഷങ്ങളായി തലയിലേറ്റി നടന്നിട്ടും അയാള്‍ക്കൊപ്പം ജീവിക്കാന്‍ തയ്യാറല്ലെന്ന്, അതുവരെ സമൂഹത്തിനു കേട്ടുകേള്‍വിപോലുമില്ലാത്തവിധം, തന്റെ ദുരിതങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ബാല്യവിവാഹമെന്ന ക്രൂരത പെണ്‍കുട്ടിക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന സമൂഹമാണ് ഏറ്റെടുക്കേണ്ടതെന്ന് കൂസലില്ലാതെ വിളിച്ചുപറയുകയാണ് പതിനെട്ടുപോലും തികയാത്ത ഒരാശാരി പെണ്ണ്. അവള്‍ പറഞ്ഞ കാര്യങ്ങളിലെ സത്യമാവില്ല ചോദ്യം ചെയ്യപ്പെടുന്നത്. മറിച്ച് 'നാണവും മാനവും' ഇല്ലാതെ സമൂഹനിയമങ്ങളെ വെല്ലുവിളിക്കുന്ന പെണ്ണിന്റെ ധിക്കാരമാകും. അവളെ നിയന്ത്രിക്കാതെ അഴിച്ചുവിട്ട അവളുടെ തന്തതള്ളമാരെക്കുറിച്ചാവും ചര്‍ച്ച. പ്രത്യേകിച്ചും തന്തയെക്കുറിച്ച്. ആരോഗ്യം വല്ലാതെ ക്ഷയിച്ചുതുടങ്ങിയിരുന്ന സക്കാറാം ഇരുന്നിടത്തിരുന്ന് വിയര്‍ത്തു. സുഹൃത്ത് മലബാറി നിലത്തു കണ്ണുംനട്ട് മിണ്ടാതിരിക്കുന്നു. രഖ്മ എല്ലാം മറന്ന് ഇങ്ങനെ പൊട്ടിത്തെറിക്കുമെന്ന് അദ്ദേഹവും ഒരിക്കലും ഓര്‍ത്തുകാണില്ല. ഇന്നത്തെ പരിതസ്ഥിതിയില്‍ തന്നെ കല്യാണം കഴിച്ച ഭര്‍ത്താവിനോടൊപ്പം പോകില്ലെന്നു പറയാന്‍ രഖ്മയ്ക്ക് ലോകത്തിനു മുന്നില്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താവുന്ന ന്യായങ്ങളുണ്ടായെന്നുവരില്ല.''
രഖ്മയുടെ വായില്‍നിന്ന് ചീറ്റിയുയര്‍ന്ന് തനിക്കു ചുറ്റും ലാവപോലെ ഒഴുകിപ്പരന്ന വാക്കുകളിലേക്ക് ജസ്റ്റിസ് റോബര്‍ട്ട് ഹില്‍ പിന്‍ഹെ (Robert Hill Pinhey) അറിയാതെ നോക്കിപ്പോയി. താന്‍ അന്നുവരെ പഠിച്ച നിയമവ്യവസ്ഥയുടെ ഓരങ്ങളില്‍ കാറി കരളുന്ന വാക്കുകള്‍. ബ്രിട്ടീഷ് നിയമത്തിലും ഹിന്ദു നിയമത്തിലും ഇതുപോലെ ഉഭയസമ്മതമില്ലാതെ നടക്കുന്ന വിവാഹ വ്യവസ്ഥകള്‍ക്കു തീര്‍പ്പു കല്പിക്കാന്‍ മുന്‍ ഉദാഹരണങ്ങളില്ല. സ്വന്തം നീതിബോധം മാത്രമാണ് ആശ്രയം. വഴികാട്ടി. താനാണ് ആ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെങ്കില്‍ - ജസ്റ്റിസ് പിന്‍ഹെ ഒരു നിമിഷം തന്റെ മനസ്സിലേക്കു നോക്കി. ഒരു ജീവിതം മുഴുവന്‍ മറ്റൊരാള്‍ക്ക് ചവിട്ടിത്തേക്കാന്‍ കൂട്ടുനില്‍ക്കുന്ന വിധിതീര്‍പ്പിനെ എങ്ങനെയാവും താന്‍ കാണുക? തന്റെ കണ്ണില്‍ നിറയുന്ന പുച്ഛം അപ്പോള്‍ കോടതിക്കു നേരിടാനായെന്നുവരില്ല. രഖ്മയുടെ മുഖത്തു നോക്കാന്‍ പോലും പേടിയാണ് തോന്നുന്നത്.
''ഒരുതരത്തിലും ആരേയും എതിര്‍ക്കാനാവാത്തതും നിസ്സഹായവുമായ ഒരു ബാല്യകാലത്ത്, സ്വന്തം സമ്മതം കൂടാതെ ആരോ തീര്‍ച്ചയാക്കിയ ഒരു കല്യാണത്തിന്റെ വ്യവസ്ഥകള്‍ ഒരാള്‍ക്കുമേല്‍ ചുമത്താനാവില്ല.'' ജസ്റ്റിസ് തന്റെ പേനത്തുമ്പില്‍ കുരുങ്ങിപ്പോകുന്ന ഹിന്ദു നിയമവ്യവസ്ഥകളിലെ വാക്കുകള്‍ അകലേയ്ക്ക് കുടഞ്ഞെറിഞ്ഞ് കേസിന്റെ വിധിയെഴുതി. ''ഇഷ്ടമല്ലെങ്കില്‍, രഖ്മ, ഭര്‍ത്താവോടൊപ്പം ജീവിക്കാന്‍ പോകേണ്ടതില്ല.''
ആരവങ്ങളില്ലാത്ത ആഴമേറിയ നിശ്ശബ്ദത. കോടതി മുഴുവന്‍ അനക്കമറ്റ് വെറുങ്ങലിച്ചു നിന്നു. വെള്ളപ്പൊക്കത്തിനടിയില്‍പ്പെട്ട പുല്‍നാമ്പുകള്‍പോലെ, പിന്‍ഹെയുടെ വിധി കൂലംകുത്തിയൊഴുകിയ കടുത്ത വിമര്‍ശനങ്ങള്‍ക്കടിയില്‍ തലപൊക്കാനാവാതെ മുങ്ങിത്താണു. ശ്രീ വിശ്വനാഥ് നാരായണ്‍ മണ്‍ഡിക് നടത്തിയിരുന്ന ആംഗ്ലോ മറാത്തി വാരിക, ശ്രീ ബാലഗംഗാധര്‍ തിലകിന്റെ 'മറാട്ട' വാരിക, നിരവധി അന്യ പത്രമാധ്യമങ്ങള്‍ തുടങ്ങി ഏതാണ്ട് എല്ലാവരും ഹിന്ദുനിയമങ്ങളുടെ ആത്മാവ് ചോര്‍ത്തിയ വിധിയെ, ഭാരത സംസ്‌കാരത്തെ ധിക്കരിക്കുന്ന ബ്രിട്ടീഷുകാരന്റെ അറിവുകെട്ട ഔദ്ധത്യമായി നിര്‍ത്താതെ വേട്ടയാടി. ബ്രിട്ടീഷ്‌കാരുടേയും ഇന്ത്യക്കാരുടേയും യുദ്ധമുഖത്തെന്നപോലെ വാദങ്ങളില്‍ തീ ആളിപ്പടര്‍ന്നു. രഖ്മയും ഭര്‍ത്താവായ ഭിക്കാജിയും തമ്മിലുള്ള കോടതിക്കേസ് മഹാരാഷ്ട്രയിലെ വെറും രണ്ട് വ്യക്തികളുടെ കേസ് മാത്രമല്ലാതായി. ഇന്ത്യ മുഴുവനും കടന്ന് ബ്രിട്ടനിലും അത് അലയടിച്ചു. പെണ്‍കുട്ടിയുടെ സമ്മതമില്ലാതെയുള്ള വിവാഹത്തിന്റെ സാധുത, യാഥാസ്ഥിതികതയ്ക്കും നിയമവ്യവസ്ഥയ്ക്കും മുന്നില്‍ ഒരു നോക്കുകുത്തിയെപ്പോലെ പല്ലിളിച്ചുനിന്നു. ഹിന്ദുസമൂഹത്തിന്റെ വികാരങ്ങളേയും വിചാരങ്ങളേയും അവഗണിച്ചെന്ന ആക്ഷേപം അടിക്കടി ശക്തമായെങ്കിലും ചരിത്രത്തില്‍ ആദ്യമായി; പക്ഷേ, ബാല്യവിവാഹത്തിന്റെ പ്രത്യാഘാതങ്ങള്‍ കുടുംബസദസ്സുകളില്‍ ചര്‍ച്ചാവിഷയമായി.
അപ്പോഴും പക്ഷേ, ഭര്‍ത്താവിനെ വെറുത്ത ധിക്കാരിയായ രഖ്മയുടെ മുഖത്ത് ഇങ്ങനേയും പെണ്ണുങ്ങളോ എന്ന് അതീവ വെറുപ്പോടെ ലോകം കാറിത്തുപ്പിക്കൊണ്ടിരുന്നു. വിഷജന്തുവിനെ കണ്ടപോലെ ഒഴിഞ്ഞുമാറിയ അയല്‍ക്കാര്‍ക്കിടയില്‍, അഴുകിയ വ്രണങ്ങളില്‍നിന്നൊഴുകിയ ചലം പോലെ പരന്ന അവരുടെ കുശുകുശുപ്പുകള്‍ക്കിടയില്‍, ജയന്തിയുടെ ഉരഞ്ഞുകീറുന്ന അലമുറകള്‍ക്കും കനലെറിയുന്ന കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ നില്‍ക്കെ സക്കാറാം, പാലാഴി മഥനത്തിലെ ശിവനെപ്പോലെ എല്ലാ കലങ്ങലുകളും കറുപ്പുകളും സ്വന്തം മനസ്സിലേക്കേറ്റുവാങ്ങി.
''നാണംകെട്ട ആര്‍ത്തിപ്പണ്ടാരം'' - ജയന്തിയുടെ അച്ഛന്‍ വീടിന്റെ വരാന്തയിലൂടെ തലങ്ങും വിലങ്ങും നടന്നു. ''രഖ്മ ഭിക്കാജിയുടെ കൂടെ പോയാല്‍ പിന്നെ അവളുടെ സ്വത്തു നിന്റെ സക്കാറാമിനു തിന്നാന്‍ കിട്ടില്ലല്ലൊ. അതാണവന്റെ പേടി. രഖ്മയുടെ തള്ള നീ നീയാണ് ജയന്തി. അവനല്ല. പറഞ്ഞയക്ക് അവളെ അവളുടെ വീട്ടിലേക്ക്. അവളുടെ വീട് ഇനി അതാണ്.''
''ഇനി ഇവള്‍ക്കിവിടെന്തുകാര്യം?'' അയല്‍പക്കത്തെ ഗോവിന്ദ് റാവുവിന്റെ അര്‍ത്ഥഗര്‍ഭമായ ചിരിക്കുമുന്നില്‍ കാല്‍തെന്നുമെന്ന് തോന്നി സക്കാറാമിന്. ''പെണ്ണും പൊന്നും ഇവിടെത്തന്നെയിരിക്കട്ടെ അല്ലെ സക്കാറാം? രണ്ടാനച്ഛനാണെങ്കില്‍ ഇങ്ങനെ വേണം. ഒലിച്ചിറങ്ങുകയല്ലേ പുത്രീസ്നേഹം! കണ്ടുപഠിക്കണം നമ്മള്‍!''
ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന സക്കാറാമിന് രഖ്മയുടെ സ്വത്തിന്റെ യാതൊരാവശ്യവുമില്ലെന്ന് എത്ര പറഞ്ഞാലും ആരു പറഞ്ഞാലും ലോകത്തിനു മുന്നില്‍ അത് വിലപ്പോയെന്നുവരില്ല. സക്കാറാം സ്വയം പറഞ്ഞു: ''പക്ഷേ, ഇപ്പോള്‍ തോറ്റുകൊടുത്താല്‍, താനിത്ര കാലവും പിന്നിട്ട ദൂരങ്ങളിലൂടെയുള്ള തിരിച്ച് നടക്കലാവും അത്. പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അനുവദിക്കാത്ത അനീതി നിറഞ്ഞ ആചാരത്തെ ചെറുക്കാന്‍ പൊള്ളിപ്പഴുത്ത വഴികളിലൂടെ കാലങ്ങളായി നടക്കുന്ന തന്നെയും മലബാറിയെപ്പോലുള്ള തന്റെ സുഹൃത്തുക്കളേയും ഒറ്റു കൊടുക്കലുമാവും അത്. വഴിമാറി നടന്നവരോട് ചരിത്രം ഒരിക്കലും ദയ കാണിച്ചിട്ടില്ല. അവരുടെ വഴികളില്‍ ആവുന്നത്ര മുള്ളുവിരിച്ചിട്ടേയുള്ളൂ. ആചാരലംഘനങ്ങളുടെ ചരിത്രത്തില്‍ പൂവിരിച്ച വഴികളില്ല. കാല്‍ക്കീഴിലും മേലിലും തറയ്ക്കുന്ന മുള്ളുകള്‍ ഏറ്റുവാങ്ങുക. അതേ ചെയ്യാനാവൂ. അവനവനോടുള്ള പരീക്ഷ കൂടിയാണത്. അവനവന്റെ സഹനത്തിന്റെ അതിര്‍ത്തികള്‍ അവനവന്‍ തന്നെ നിശ്ചയിക്കല്‍ കൂടിയാണത്.
''ഒറ്റക്കു നടക്കുക എളുപ്പമല്ല.'' മുറിയിലെ മങ്ങിയ വെളിച്ചത്തില്‍, കാല്‍ക്കീഴില്‍ വന്നിരുന്ന രഖ്മയുടെ തലയില്‍ തലോടി സക്കാറാം പറഞ്ഞു: ''തോല്‍ക്കാതിരിക്കാന്‍ പെടാപ്പാട്പെടേണ്ടിവരും. സ്വന്തം വഴി സ്വയം തിരഞ്ഞെടുക്കുന്നതിന്റെ ശാപമാണത്, നേരിട്ടേ പറ്റൂ. നിനക്ക് പഠിക്കാന്‍ വേണ്ടി ഞാന്‍ പാതി തോറ്റുകൊടുത്തു. നിന്റെ കല്യാണത്തിനു സമ്മതിച്ചു. അത് ശരിയായതുകൊണ്ടല്ല, ഭ്രഷ്ട് ഒഴിവാക്കിയാലേ നിനക്കു പഠിക്കാനാവൂ എന്നു കരുതിയതുകൊണ്ടാണ്. എനിക്കിത്രയേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ രഖ്മാ. എന്തുവില കൊടുത്തായാലും മുന്നോട്ട് നടക്കാതിരിക്കരുത്. പട്ട് പരവതാനി മുന്നിലുണ്ടാകില്ല. കല്ലും മുള്ളും ചവുട്ടി നടന്നേ പറ്റൂ.

ലക്ഷ്യം മാത്രം ദര്‍ശിച്ച ഇച്ഛാശക്തി
അന്നത്തെ മഹാരാഷ്ട്രയിലെ നാട്ടുനടപ്പനുസരിച്ച് മുതിര്‍ന്നതിനുശേഷം സ്‌കൂളില്‍ പോകാന്‍ അനുവാദം നഷ്ടപ്പെട്ടിരുന്ന എല്ലാ പെണ്‍കുട്ടികളേയും പോലെ വീട്ടിലടക്കപ്പെട്ട രഖ്മ മടങ്ങിയത് പക്ഷേ, അവരെപ്പോലെ അടുക്കളയിലേക്കല്ല, ഫ്രീ ചര്‍ച്ച് മിഷന്‍ ലൈബ്രറിയിലെ പുസ്തകങ്ങളിലേക്കായിരുന്നു. ചെകിടടപ്പിക്കുന്ന എതിര്‍പ്പുകള്‍ക്കിടയിലൂടെ നിശ്ശബ്ദം ലൈബ്രറിയിലേക്കു തന്റെ കൈപിടിച്ചു നടത്തിയത് അച്ഛനാണ്. സ്വന്തം പ്രവര്‍ത്തനമേഖലകളിലെ പ്രഗത്ഭരെ തനിക്കു ഗുരുക്കന്മാരാക്കി. ഏതുയരത്തിലേക്കും നോക്കി മോഹിക്കാന്‍ ധൈര്യം തന്ന ആ അച്ഛനോടാണ് ഡോക്ടറാവണമെന്ന തന്റെ മോഹത്തെപ്പറ്റി ആദ്യം പറഞ്ഞത്. ആറാം ക്ലാസ്സിനു മുകളില്‍ വിദ്യാഭ്യാസമില്ലാത്ത, ഇംഗ്ലീഷ്പോലും ശരിക്കറിയാത്ത ഒരാശാരിപ്പെണ്ണിന് എത്തിപ്പിടിക്കാനാവാത്ത ദൂരം എന്നല്ല അന്ന് അച്ഛന്‍ തന്നോട് പറഞ്ഞത്. സന്ധ്യയില്‍നിന്ന് തെന്നിവീണ വെളിച്ചത്തില്‍ തന്നെ നോക്കിനിന്ന അച്ഛന്‍ പറഞ്ഞത്, ''ഇതാണ് രഖ്മയെ എന്നും തലയിലേറ്റണമെന്ന് എനിക്കു തോന്നാനുള്ള കാരണം'' എന്നാണ്. ''പുത്തന്‍ വഴികളിലേക്ക്, ആഴമറിയാത്ത ഇരുട്ടിലേക്ക് കടന്നുചെല്ലാന്‍ മടിക്കാത്ത, പേടിക്കാത്ത നിന്റെ മോഹം എനിക്കിഷ്ടമായി രഖ്മാ'' - അച്ഛന്‍ സന്തോഷത്തോടെ ചിരിച്ചു. ''ഇങ്ങനെയാണ് നാം നമ്മുടെ വഴികള്‍ കണ്ടെത്തുന്നത്. ഇങ്ങനെയാണ് ചില വ്യക്തികളുടെ കഴിവില്‍, മോഹത്തില്‍, ധൈര്യത്തില്‍, സമൂഹം മുന്നോട്ട് നടക്കാന്‍ ശ്രമിക്കുന്നത്.''
''എനിക്കങ്ങനെയാവാനുള്ള കഴിവുണ്ടായിട്ടല്ലച്ഛാ.'' അച്ഛന്റെ വാക്കുകള്‍ പേടിയുടെ ഒരുണ്ടപോലെ മനസ്സിലേക്കുരുണ്ട് വന്നപ്പോള്‍ അറിയാതെ വിതുമ്പിപ്പോയി. ''അതിനാവശ്യമായ ഒന്നും എന്റെ കയ്യിലില്ല. എന്നിട്ടും വെറുതേ മോഹം തോന്നി. എന്താണ് നമ്മുടെ മനസ്സുകള്‍ ഇങ്ങനെ?''
''എങ്ങനെ?'' അച്ഛന്‍ പുറത്തുതട്ടി വീണ്ടും ചിരിച്ചു ഏതു നേട്ടത്തിന്റേയും തുടക്കം അത് വേണമെന്ന മോഹമാണ്. ആനന്ദിബായിയെ കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍? വെറും പതിനെട്ടു വയസ്സില്‍ ഒന്നുമറിയാത്ത അന്യദേശത്തേയ്ക്ക് പഠിക്കാന്‍ വേണ്ടി ഒറ്റയ്ക്ക് കപ്പലില്‍ കയറിയവള്‍. ഇതിലും എത്രയോ വലിയ കടമ്പ ചാടിക്കടന്നവരാണ് അവര്‍. പണ്ഡിത രമാബായി, വന്യമൃഗത്തെപ്പോലെ തന്റെ ജീവിതത്തെ ആക്രമിക്കാന്‍ വന്ന ഒരുപാട് കൊടുങ്കാറ്റുകളെ കയ്യിലാക്കാന്‍ ധൈര്യം കാട്ടി. ചെയ്യാമോ എന്ന ചോദ്യമേ ഇല്ല രഖ്മ. ചെയ്യും എന്ന തീരുമാനങ്ങളേയുള്ളൂ. നിന്റെ വഴിയില്‍ മുന്നേ നടന്നവരാരും വഴിയിലെ മുള്ളും കടമ്പകളും കണ്ട് പിന്‍വാങ്ങിയവരല്ല. അത് തന്നെ നീയും ചെയ്യും. അതാണ് നിന്റെയും വിധി. ആ വഴിയിലൂടേയേ നിന്റെ മനസ്സിന് നടക്കാനാവൂ.''
അച്ഛന്റെ അനക്കമറ്റ ശരീരത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഈ വാക്കുകളാണ് ചെകിടടപ്പിക്കും വിധം കാതില്‍ മുഴങ്ങിയത്. അതാണ് കേസിന്റെ പഴയ വിധിക്കെതിരെ വീണ്ടും അതേ ആവശ്യം ഉന്നയിച്ച് ഭിക്കാജി കോടതിയില്‍ അപ്പീലിനു പോയപ്പോള്‍ ഒരു കൂസലും കൂടാതെ അതിനെ നേരിടാന്‍ തീരുമാനിച്ചത്.
നരകിക്കുന്ന, മോഹിക്കാനോ മുന്നോട്ട് നടക്കാനോ കഴിയാത്ത അടിമകളെപ്പോലെ മൗനം മാത്രം തിന്ന് ജീവിക്കേണ്ടിവരുന്ന പരശതം സ്ത്രീ ജീവിതങ്ങള്‍ നേരിടുന്ന താരതമ്യങ്ങളില്ലാത്ത അനീതിയില്‍, മലബാറി ചാച്ചയും അച്ഛനും കൂട്ടരും ആ സ്ത്രീകളെപ്പോലെ തന്നെ വെന്തിരുന്നു എന്ന് അന്നേ തോന്നിയിട്ടുണ്ട്. അവനവനുള്ള എല്ലാ സൗകര്യങ്ങളും വെടിഞ്ഞ്, മുള്‍മുനകളിലൂടെ അന്യര്‍ക്കുവേണ്ടി നടക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുന്നതെന്താവുമെന്ന് പലതവണ അത്ഭുതപ്പെട്ടിട്ടുമുണ്ട്. കറുപ്പും കലങ്ങലും സ്ഥിരമായി ജീവിതത്തില്‍ ഏറ്റുവാങ്ങുന്ന പാവങ്ങളുടെ കൈപിടിക്കാന്‍ മുന്നോട്ടു വന്ന് സ്വന്തം ജീവിതം കുഴച്ചുമറിച്ചവരെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മനസ്സിലെ കെട്ടുകള്‍ കൂടുതല്‍ കൂടുതല്‍ മുറുകും. ഇത് ചോദിക്കുമ്പോഴൊക്കെ മലബാറി ചാച്ച ഒന്നും പറയാതെ ചിരിക്കാറാണ് പതിവ്.
'ഒരു ഹിന്ദു ലേഡി'യുടെ ലേഖനം തരൂ. ബഞ്ചില്‍നിന്നു പെട്ടെന്ന് എഴുന്നേറ്റ് മലബാറി ചാച്ച ചിരിച്ചു. ''പ്രസിദ്ധീകരിക്കാന്‍ വൈകരുതല്ലോ. കേസ് കൊടുമ്പിരികൊള്ളുമ്പോള്‍ ഈ ലേഖനങ്ങളും ഒപ്പം നിയമജ്ഞരുടെ മനസ്സില്‍ വരണം. നിനക്കുവേണ്ടിയല്ല, നിന്നെപ്പോലുള്ള പലര്‍ക്കും വേണ്ടിയാണ് ഞാനിത് പത്രത്തിലിടുന്നത്. അവരുടെ മനസ്സ് കൂടിയാണ് നീ. അറിയാമല്ലോ. ലേഖനമെവിടെ, തരൂ!''
ഭിക്കാജിയുടെ അപ്പീലിനെതിരെ വാദിച്ച് വീണ്ടും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും പണ്ടത്തെപ്പോലെ മുന്നില്‍ വന്നുനിന്നത് അച്ഛന്‍ തന്നെയായിരുന്നു.
''പ്രതിസന്ധികളില്‍ തളരാന്‍ ആര്‍ക്കും കഴിയും.'' അച്ഛന്‍ മുഖത്തേയ്ക്ക് തറച്ചുനോക്കി: ''അതിനൊരു രഖ്മ വേണ്ട. അത് മറികടക്കാനാണ് രഖ്മ രഖ്മമാര്‍.''
കല്യാണത്തിനുശേഷം രഖ്മയുടെ വീട്ടില്‍ താമസമാക്കിയിരുന്ന ഭിക്കാജി, പഠിപ്പില്‍ താല്പര്യമില്ലാതെ, സക്കാറാമിന്റെ അച്ചടക്കം അംഗീകരിക്കാനാവാതെ വീടുവിട്ട് പോയതിനുശേഷം രഖ്മയെ കണ്ടുമുട്ടുന്നതുപോലും കോടതികളില്‍ വച്ചായിരുന്നു. പക്ഷേ, ഒരു ഹിന്ദുഭാര്യക്ക് അവളെ കൂടെ താമസിപ്പിക്കാനുള്ള ഭര്‍ത്താവിന്റെ ന്യായമായ അവകാശത്തെ ധിക്കരിക്കാനാവില്ലന്നായിരുന്നു കേസില്‍ രഖ്മയ്‌ക്കെതിരെ കോടതി വിധിച്ചത്. നിയമവിരുദ്ധമാണ് അത്. ജഡ്ജി വിധിന്യായത്തില്‍ കര്‍ശനമായി എഴുതി.
സ്വന്തം ജീവിതംകൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കാവണമെന്ന സാമാന്യ ബോധത്തിന്റെ യുക്തിപോലും അംഗീകരിക്കാത്ത നീതിബോധം! രഖ്മ പ്രതിക്കൂട്ടില്‍നിന്ന് ഒന്നാകെ പിടഞ്ഞു. ആണിനൊരു നീതി. പെണ്ണിന് വേറെ നീതി! ഇതാണ് ഹിന്ദുനിയമമെങ്കില്‍ അതിനെതിരെ പോരാടിയേ പറ്റൂ. തന്റെ തെറ്റല്ല താന്‍ പെണ്ണായിപ്പോയത്. ആണിന്റെ ഗുണം കൊണ്ടല്ല ഒരാള്‍ ആണാകുന്നതും. രഖ്മ ഉള്ളില്‍ ചീറി.
''അഥവാ ഭര്‍ത്താവിനൊപ്പം പോകാന്‍ രഖ്മ വിസമ്മതിച്ചാല്‍'' ജഡ്ജി സഗൗരവം വിധിന്യായം തുടര്‍ന്നു. ''ആറുമാസം ജയില്‍ ശിക്ഷ അനുഭവിക്കണം. അതാണ് നിയമം. പ്രതിക്ക് ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം.''
കോടതിയിലുള്ളവര്‍ ഒന്നാകെ അന്ധാളിച്ചുനിന്നു ''ജയില്‍! രഖ്മ ഒരു ക്രിമിനലല്ല.'' പലരുടേയും ശബ്ദം ഒന്നിച്ചുയര്‍ന്നു: ''എന്നിട്ടും ജയില്‍!''
''ഇയാളുടെ കൂടെ ജീവിക്കുന്നതിലും എത്രയോ ഭേദം ജയിലിലേക്ക് പോവുകയാണ് പ്രഭോ.'' രഖ്മ അക്ഷോഭ്യയായി ജഡ്ജിയുടെ മുഖത്തേക്കുതന്നെ നോക്കി. ''ഇതാണ് ഈ കോടതിയുടെ നീതിബോധമെങ്കില്‍, ഞാന്‍ അതിന് തയ്യാറാണ്. വെറും എഴുതിയിട്ട അക്ഷരങ്ങളിലേക്ക് മാത്രം ചുരുണ്ടു കൂടുന്ന നിയമങ്ങളല്ല നീതി എന്നാണ് പക്ഷേ, എന്റെ വിശ്വാസം. സ്വന്തം ഇഷ്ടമുണ്ടാവുക ഒരു കുറ്റമാവുക വയ്യ.''
തോല്‍വിയുടെ കയ്പ് വിഴുങ്ങിത്തീരും മുന്‍പേ തന്റെ കോടതിക്കു നേരെ കല്ലേറുപോലെ വന്ന വാക്കുകളിലേക്ക് രഖ്മാബായിയുടെ വക്കീല്‍ തുറിച്ചുനോക്കി.
''ജയിലില്‍? അതിന് രഖ്മ എന്താണ് ചെയ്തത്?'' കേട്ടുകേള്‍വിപോലുമില്ലാത്ത വിധിന്യായത്തോടുള്ള എതിര്‍പ്പുകള്‍ കോടതിമുറിയില്‍ ഒരു മുഴക്കം പോലെ നിറഞ്ഞുകൊണ്ടിരിക്കെ കേസുകൊടുത്ത ഭിക്കാജി ആ മുഴക്കം മുഴുവന്‍ തലയിലേറ്റി സദസ്സിനെ നോക്കിനിന്നു. ഒട്ടും പ്രതീക്ഷിച്ചതല്ല ഇത്. തന്റെ കൂടെ താമസിക്കാന്‍ രഖ്മ വന്നാല്‍ മാത്രമേ രഖ്മയുടെ സ്വത്ത് തന്റെ സ്വാധീനത്തില്‍ വരൂ എന്ന് തനിക്കും അമ്മാവനും അറിയാം. അതായിരുന്നു ഏക ലക്ഷ്യവും. ആ സ്വത്ത് കാണിച്ച് തീരാത്ത കടബാദ്ധ്യതകള്‍ ഉണ്ടാക്കി വച്ചിരുന്ന തന്നെ അമ്മാവന്‍ ഭീഷണിയോടെയാണു നോക്കുന്നത്. ഇനി അയാള്‍ തന്നെ വീട്ടില്‍ നിന്നു പുറത്താക്കിയേക്കും. കാരണം, ആ സ്വത്ത് കണ്ടാണ് താന്‍ ചോദിക്കുമ്പോഴൊക്കെ അമ്മാവനും തനിക്ക് കാശ് കടം തന്നിരുന്നത്. രഖ്മ ജയിലില്‍ പോയാല്‍ ആ വാതില്‍ എന്നന്നേക്കുമായി അടയുക എന്നാണര്‍ത്ഥം. കത്തുന്ന പുരയില്‍നിന്ന് ഊരിയ കഴുക്കോല്‍ ലാഭം എന്നപോലെ എന്തെങ്കിലും ഒരു വഴി കണ്ടേ പറ്റൂ.
''നല്ല ചെലവാണ് കേസ് നടത്തിക്കൊണ്ട് പോകാന്‍'' - രഖ്മയുടെ വീട്ടിലെ ഉമ്മറക്കോലായിലെ ബഞ്ചില്‍ ഇരുന്ന് മലബാറി ചാച്ച 'കേസരി' മാസികയുടെ താളുകള്‍ മറിച്ചു. ''ഇംഗ്ലീഷ് വിദ്യാഭ്യാസവും വിദേശി പ്രഗത്ഭരായുള്ള ഇടപെടലുകളും ആണത്രെ ഹിന്ദു ആചാരങ്ങളെ വിലവയ്ക്കാതെ നിന്നെ ഇങ്ങനെ ധിക്കാരിയാക്കിയതെന്നാണ് ബാലഗംഗാധര്‍ തിലക് പറയുന്നത്. മാക്സ്മുള്ളറാവട്ടെ, നേരെ തിരിച്ചും. നിനക്ക് ചിന്തിക്കാന്‍ ധൈര്യം തന്നത് ഈ ഇടപെടലുകളും ഇംഗ്ലീഷ് വിദ്യാഭ്യാസവുമാണെന്ന് മാക്സ്മുള്ളര്‍ അടിവരയിട്ടു പറയുന്നു! അത് പോട്ടെ. ഞങ്ങള്‍ ഒരു ഫണ്ട് ശേഖരിക്കുന്നുണ്ട്. എന്തുവന്നാലും കേസില്‍ നിന്നു നീ പിന്മാറില്ലെന്ന് ഈ ചാച്ചക്കറിയാം. പണ്ഡിത രമാബായിയും വിഷ്ണുശാസ്ത്രിയും ഫണ്ട് ശേഖരണത്തിന് മുന്നിലുണ്ട്. വലിയ വലിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും.''
''മലബാറി നോട്ട്സ് എന്ന എന്റെ ചെറുകുറിപ്പുകളിലൂടെ ഞാന്‍ പറയാന്‍ ശ്രമിച്ചതൊക്കെ നീ എത്ര ഉച്ചത്തിലാണു ലോകത്തോട് വിളിച്ചുപറഞ്ഞത്'' - മലബാറി ചാച്ച ചിരിച്ചു: ''ഇനി കിട്ടുന്നതൊക്കെ അനുഭവിക്കതന്നെ.''

ഇംഗ്ലണ്ടില്‍ അലയൊലി ഉണ്ടാക്കിയ പോരാട്ടം
''അഭിസാരിക. കള്ളത്തി. ധിക്കാരി. ആണുംപെണ്ണും കെട്ടവള്‍, നശൂലം, പെണ്ണല്ലാത്തവള്‍. പെണ്ണിനപമാനമായവള്‍ ഇതൊക്കെയാണ് നിനക്കുള്ള ഇപ്പോഴത്തെ വിശേഷണങ്ങള്‍.'' ലൈബ്രറിയില്‍ പുസ്തകം തിരഞ്ഞെടുത്തു തരുമ്പോള്‍ അച്ഛന്‍ ഉറക്കെ എല്ലാരും കേള്‍ക്കേ ചിരിച്ചു... ''അല്ലാതെന്തു പ്രതീക്ഷിക്കാന്‍!'' ഞാന്‍ അറിയാതെ അച്ഛന്റെ മുഖത്തു നോക്കിപ്പോയി. ഒരു ഭാവവ്യത്യാസവുമില്ലാതെ അച്ഛന്‍ പുസ്തകങ്ങള്‍ക്കിടയിലേയ്ക്ക് തന്നെ തിരിഞ്ഞിരിക്കുന്നു. എന്നും ചിന്തിച്ചും ചിരിപ്പിച്ചും തന്റെ കൂടെ നടന്നയാള്‍. തനിക്കുവേണ്ടി കേള്‍ക്കാനരുതാത്തതൊക്കെ കേട്ട ആള്‍. തന്റെ ഈ യുദ്ധം ഒരു കടപ്പാടിന്റെ ബാക്കിയാണോ എന്ന് പലപ്പോഴും താന്‍ തന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഒരിക്കലും വീട്ടാനാകാത്ത കടം എന്ന ഉത്തരമാണ് അച്ഛനെക്കുറിച്ചോര്‍ക്കുമ്പോഴെല്ലാം എപ്പോഴും മനസ്സില്‍ തിരിച്ചു വന്നത്.
''എവിടെ ലേഖനം? അത് വാങ്ങാനാണ് ഞാന്‍ വന്നത്. മലബാറി ചാച്ച ബഞ്ചില്‍ നിന്നെഴുന്നേറ്റു. 'എ ഹിന്ദു ലേഡി' തകര്‍ക്കുന്നു എന്നാണ് ഫീഡ് ബാക്ക്.''
'എ ഹിന്ദു ലേഡി' എന്ന പേരില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയിരുന്നത് രഖ്മാബായി തന്നെയായിരുന്നു എന്നറിയാമായിരുന്ന വളരെ ചുരുക്കം പേരിലൊരാളായിരുന്നു, എഴുത്തുകാരനും പബ്ലിഷറും സാമൂഹ്യ പരിഷ്‌കര്‍ത്താവും എഡിറ്ററും ആയ ബെഹ്റാം മലബാറി എന്ന മലബാറി ചാച്ച... സ്ത്രീ വിദ്യാഭ്യാസത്തേയും സാമൂഹ്യ പരിഷ്‌കാരങ്ങളേയും ശക്തമായി പിന്‍തുണക്കുന്നവരായിട്ടും, രഖ്മ ഭര്‍ത്താവിനെ ധിക്കരിക്കുന്നതിന് അനുകൂലമായിരുന്നില്ല അദ്ദേഹത്തിന്റെ കൂട്ടുകാരില്‍ പലരും. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പേരില്‍ തന്നെ അകമഴിഞ്ഞ് പിന്തുണച്ചവര്‍ പോലും ഭിക്കാജിയുടെ കൂടെ പോകില്ലെന്നു കോടതിയില്‍ തുറന്നു പറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ അനുസരിക്കാത്ത ഭാര്യയെ പിന്തുണക്കാനാവില്ലെന്നു പറഞ്ഞ് മുഖം ചുളിച്ചു. ഞങ്ങള്‍ പിന്തുണയ്ക്കുന്നത് സ്ത്രീ വിദ്യാഭ്യാസത്തെയാണ്, പെണ്ണിന്റെ ധിക്കാരത്തെയല്ല എന്നാണ് അവര്‍ ആക്രോശിച്ചത്. കൂടെ നിന്നവരൊക്കെ അകലാന്‍ തുടങ്ങുന്നോ എന്ന പേടി മലബാറി ചാച്ച തന്നെയാണ് മനസ്സിലേയ്ക്ക് വലിച്ചിട്ടത്. വന്നുംപോയുമിരുന്ന ഭിക്കാജിക്കേസിന്റെ അവസാനിക്കാത്ത നൂലാമാലകളില്‍ കുരുങ്ങി മനസ്സ് പേടിച്ച് പുകഞ്ഞ അത്തരമൊരു ദിവസമായിരുന്നു രണ്ടും കല്പിച്ച്, സ്വയം തലതല്ലിതകര്‍ക്കുംപോലെയുള്ള ഭ്രാന്തമായ ആവേശത്തില്‍ രാജ്യം ഭരിക്കുന്ന റാണിക്ക് കത്തെഴുതാനിരുന്നത്. ആ ചിന്ത മനസ്സില്‍ വന്നതെങ്ങനെയെന്ന് ഇന്നും അറിഞ്ഞുകൂട. അതിനുള്ള ധൈര്യം എവിടുന്നു വന്നു എന്നും ഇന്നുവരെ മനസ്സിലായിട്ടില്ല.
ഇത്തരമൊരു കത്ത്, അതും ഇന്ത്യയില്‍നിന്ന്, റാണിക്കും അവിശ്വസനീയമായി തോന്നിയിരിക്കണം. വിശ്വസിക്കാനാവാത്തവിധം അനീതിബദ്ധമായ ആചാരങ്ങള്‍, പരിഷ്‌കൃതമെന്നു വിശ്വസിക്കപ്പെടുന്ന, താന്‍ ഭരിക്കുന്ന സമൂഹത്തിലും ചില്ലറ ഭാവഭേദങ്ങളോടെ നിലനില്‍ക്കുന്നു എന്നതിന്റെ അനുരണനങ്ങള്‍ രഖ്മ എന്ന തന്റെ കേസുമായി ബന്ധപ്പെട്ട് അവിടത്തെ പത്രങ്ങളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയിരുന്നു എന്നത് റാണി ശ്രദ്ധിച്ചിരുന്നുവോ ആവോ. ഒന്നുമറിയാത്ത പ്രായത്തില്‍ മറ്റാരോ എടുക്കുന്ന തീരുമാനങ്ങള്‍ ഒരു വ്യക്തിയുടെ ഭാഗധേയമാവുക എന്നത്, ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ക്രൂരമായ ഹിംസയാണ് എന്ന് താന്‍ കത്തില്‍ എഴുതിയിരുന്നു. അന്ന് അതു വായിച്ച് പ്രഭാതഭക്ഷണം മുഴുവനാക്കാതെ റാണി കൈ കുടഞ്ഞെഴുന്നേറ്റിരിക്കണം. വെറും 20 വയസ്സില്‍ ഒരു വ്യവസ്ഥിതിയെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ തൊലിയുരിച്ചു നിര്‍ത്തുന്ന ആ കത്തിന്റെ അവസാനത്തില്‍ ചെറുതായി എഴുതിയിരുന്ന 'എ ഹിന്ദു ലേഡി' എന്ന പേരിലേക്ക് ഒരിക്കല്‍ക്കൂടി റാണി ഒരുപക്ഷേ, നോക്കിയിരിക്കണം. തന്റെ പേനയുടെ ഒരു കോറല്‍ ഒരുപാട് സ്ത്രീകളെ അനീതി നിറഞ്ഞ ആചാരങ്ങളുടെ നിത്യദുരിതത്തില്‍നിന്നു രക്ഷിച്ചേക്കും എന്ന് ചിന്തിച്ചിരിക്കണം. അധികാരം അതിനുള്ളതാവേണ്ടെ എന്ന് അറിയാതെങ്കിലും മനസ്സില്‍ തോന്നിയിരിക്കുമോ? അറിയില്ല. താനാണ് റാണിയെങ്കില്‍ അങ്ങനെ ചിന്തിച്ചേക്കും എന്നേ പറയാനാവൂ. താനാണ് രഖ്മയുടെ സ്ഥാനത്തെങ്കില്‍ എന്ന് റാണി ചിന്തിച്ചിരിക്കുമോ എന്ന് പലതവണ താന്‍ തന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. പരിഷ്‌കൃതമെന്ന് പറയുന്ന ബ്രിട്ടനിലും ഇല്ല സ്ത്രീയോട് ഒന്നിനും സമ്മതം ചോദിക്കല്‍.
എല്ലാ കോടതി വിധികള്‍ക്കും മേലെ റാണിയുടെ ആജ്ഞ ഉടവാളുപോലെ ആഞ്ഞുവീണത് അവിശ്വസനീയമാംവിധം അപ്രതീക്ഷിതമായാണ്. തുള്ളിപ്പുളയ്ക്കുന്ന എന്തിനെയൊക്കെയോ ഒറ്റയടിക്ക് നിശ്ശബ്ദമാക്കിയ ഒരു വടിക്കു കീഴിലെന്നപോലെ ഇന്ത്യയില്‍ ഇതിനെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളുടെ അന്തരീക്ഷം ചതയുകയും മുറിയുകയും ചെയ്തു. ബ്രിട്ടനില്‍ ആദ്യമായി ബാല്യവിവാഹങ്ങള്‍ക്കു മേലുള്ള നിയമങ്ങള്‍, തിളയ്ക്കുന്ന വാദപ്രതിവാദങ്ങള്‍ക്കുശേഷം ഭേദഗതി ചെയ്യപ്പെട്ടു എന്ന വാര്‍ത്തയുമായെത്തിയത് മലബാറി ചാച്ച തന്നെയാണ്. വിശ്വസിക്കാനായില്ല എന്നതാണ് സത്യം.
''എല്ലാ എതിര്‍പ്പുകളേയും ചവിട്ടിമെതിച്ച് ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിവാഹപ്രായം പൊതുവേദിയില്‍ ആദ്യമായി ചര്‍ച്ചാവിഷയമാകും ഇനി!'' ജന്മസാഫല്യം കിട്ടിയപോലെ ചാച്ചയുടെ മുഖം നിറഞ്ഞു. ഭിക്കാജിക്കേസിലെ രഖ്മയുടെ വാദമാണ് രഖ്മാ കാരണം! ''പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ പോകുന്ന 'മഴല ീള രീിലെി േമര'േ, എന്ന നിയമം നിയമജ്ഞര്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നു! രഖ്മാബായി എന്ന പതിനെട്ടുകാരി ധൈര്യത്തിന്റേയും നീതിബോധത്തിന്റേയും പ്രതിരൂപമാകാന്‍ പോകുന്നു!''
എഴുന്നേറ്റ് പോകാനൊരുങ്ങിയ ചാച്ചാജി ഒരു നിമിഷം മുന്നിലെ കല്പടയില്‍ പിന്‍തിരിഞ്ഞുനിന്നു.
''ജയിലില്‍ പോയാലും നീ പിന്മാറില്ലെന്നറിഞ്ഞു തന്നെയാവണം, ഭിക്കാജിയുടെ അമ്മാവന്‍ നിന്റെ മുത്തശ്ശനെ കാണാന്‍ പോയത്. 2000 രൂപയാണത്രെ നിന്റെ സ്വപ്നത്തിന് അവര്‍ വിലയിട്ടത്.''
''ഒറ്റ പൈസയാണെങ്കിലും കൊടുക്കരുത്.'' രഖ്മ അട്ടഹസിക്കും പോലെയാണ് പറഞ്ഞത്. ''എന്റെ സ്വാതന്ത്ര്യം ഞാന്‍ വില്‍ക്കാന്‍ വച്ചിട്ടില്ല.''
''ഇല്ല. ശരിയാണ്. അതുകൊണ്ടല്ല പണം കൊടുക്കാമെന്നേറ്റത്.'' ചാച്ച തിരിച്ചു വന്ന് അടുത്തിരുന്നു. ''നിനക്ക് പഠിക്കണ്ടേ? ഡോക്ടറാവേണ്ടേ?'' ചാച്ച കുറച്ചുകൂടി അടുത്തേക്ക് നീങ്ങി. ''എനിക്കൊന്നേ പറയാനുള്ളൂ. നീ അച്ഛനെ പാതിവഴിക്കുപേക്ഷിക്കരുത്. സക്കാറാം നിനക്കുവേണ്ടി ഏറ്റെടുത്തത് കാലവുമായുള്ള യുദ്ധമായിരുന്നു. നീ ഒറ്റയ്ക്കതിനെ ഏറെ മുന്നോട്ട് കൊണ്ടുപോയി എന്നത് ശരിയാണ്. ഞങ്ങളുടെ വഴിയിലാണ് എങ്കിലും ഞങ്ങളേക്കാളൊക്കെ എത്രയോ മുന്നിലാണ് നീ നടന്നതും നടക്കുന്നതും. നടന്നുകയറുന്നത് ചരിത്രത്തിലേക്കാവും എന്നുമറിയാം. നീ ഡോക്ടറാവുക എന്നത് സക്കാറാമിന്റെ കൂടി സ്വപ്നമായിരുന്നു. സക്കാറാമിന്റെ ജയം, ഞങ്ങളുടെ ഒക്കെ ജയം കൂടിയാണ്. നിന്റെ മോഹമറിയുന്ന, ബോംബെ കാമാ ഹോസ്പിറ്റലിലെ ഡോ. എഡിത്ത് പിച്ചേ (Edith Pechey) എല്ലാവിധത്തിലും സഹായിക്കാമെന്നേറ്റിട്ടുണ്ട്. ഭിക്കാജിയെ തോല്പിക്കലല്ല നിന്റെ ജീവിത ലക്ഷ്യം, ഡോക്ടറാവുകയാണ്.''
മലബാറി ചാച്ച എന്നും അങ്ങനെയായിരുന്നു. അച്ഛനില്ലാതായതില്‍ പിന്നെ എന്നും അച്ഛന്റെ സ്ഥാനത്തുനിന്നയാള്‍. ചാച്ചയുടെ കാല്‍ക്കല്‍ വീണ് അന്ന് വല്ലാതെ കരഞ്ഞു. മറ്റുള്ളവരുടെ ജീവിതത്തിന്റെ മാനം, കാറും കോളും കൊള്ളുമ്പോള്‍ കുടയുമായി ഒപ്പം നടക്കുന്നവര്‍. ചരിത്രത്തിന്റെ ഭാഗമാകേണ്ടവര്‍ ഇവരാണ്. വഴിയില്‍ തന്റെ കാല്‍ വഴുതിയപ്പോഴൊക്കെ വീഴാതെ പിടിച്ചുനിര്‍ത്തിയ ഇവരൊക്കെയില്ലായിരുന്നെങ്കില്‍ എവിടെ നിന്നേനെ തന്റെ ഈ ജീവിതം!

സ്വപ്നത്തിലേക്ക് ഒരു തീര്‍ത്ഥയാത്ര
ലണ്ടനിലേക്കുള്ള കപ്പലിന്റെ ഡക്കില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ താനിവിടെ നില്‍ക്കുന്നത് സത്യമാണെന്നു വിശ്വസിക്കാനാവുന്നില്ല. യാത്ര പറഞ്ഞപ്പോള്‍ അമ്മയും മുത്തശ്ശനും ഒരുപോലെ മുഖം വീര്‍പ്പിച്ചു നിന്നു. പ്രതീക്ഷിച്ചതാണെങ്കിലും അവരുടെ മുഖത്തെ കറുപ്പ് മായ്ക്കാനാകാത്ത ഒരു പാടുപോലെ മനസ്സിന്റെ മേലെ വീണു. അമ്മയും മുത്തശ്ശനും കാല്‍തൊട്ടു വണങ്ങാന്‍ സമ്മതിച്ചില്ല. തിരിച്ചുവരുമെന്നുറപ്പിക്കാനാകാത്ത യാത്രയാണ്. യാഥാസ്ഥിതികത്വം നിറച്ചുവെച്ച ചെപ്പുകള്‍ പോലെയുണ്ട് രണ്ടുപേരുടേയും മുഖം! ചോദിക്കുന്ന ചോദ്യങ്ങള്‍ സത്യമാകാമെങ്കിലും അതു ചോദിക്കാന്‍ പുരുഷന്മാരില്ലേ എന്നാണു ചോദ്യം. ചോദിക്കുന്നത് പുരുഷന്‍ ആകണം എന്നതുറപ്പാണ്.
1888-ല്‍, ലണ്ടന്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഫോര്‍ വിമനില്‍ നാലുവര്‍ഷത്തെ പഠിപ്പിനായി വിദേശത്തേക്ക് ഒരു പെണ്‍കുട്ടിയെ ഒറ്റയ്ക്ക് അയക്കുന്നതിന്റെ ടെന്‍ഷന്‍ യാത്രയയക്കാന്‍ വന്നവരുടെ മുഖത്തെല്ലാം ഒരു മുറിപ്പാട് പോലെ കിടന്നു. ഒറ്റയ്ക്ക്, ഒറ്റയ്ക്കാണ് ഈ കടല്‍ താണ്ടേണ്ടത്. അറിയാത്ത ഭാഷയില്‍, അറിയാത്ത ദേശത്ത്, അറിയാത്തവരുടെ കൂടെ പഠിച്ചെത്തിക്കുക! മോഹിക്കുന്നപോലെ അത്ര എളുപ്പമല്ല അത് എന്ന ബോധ്യം കണ്‍മുന്നില്‍ പരന്നു കിടക്കുന്ന, ആഴമറിയാത്ത കടല്‍പോലെ ഉള്ളില്‍ ഇരമ്പി. അച്ഛന്റെ മുഖം എന്നത്തേയും പോലെ ഒരു മിന്നല്‍ പോലെയാണ് മനസ്സില്‍ തെളിഞ്ഞത്. ഡക്കിലെ തന്റെ നില്‍പ്പുകണ്ട് അച്ഛന്‍ ഒന്നു ചിരിച്ചുവോ എന്നു തോന്നി. കപ്പലല്ല, ഒരുപാട് ഒരുപാട് കാണാക്കൈകളാണ് തന്നെ ഇവിടെ ഈ ഡക്കില്‍ കൊണ്ടുവന്ന് നിര്‍ത്തിയിരിക്കുന്നത് എന്ന് അച്ഛനുമറിയുമായിരിക്കും.
ഡോ. എഡിത്ത് പേച്ചെ (Edith Pechey)യോട്, ഭാവിയില്‍ ഡോക്ടറാവണമെന്ന് താന്‍ എന്നോ പറഞ്ഞ ഒരു വാചകം ജീവിതം ഇങ്ങനെ മാറ്റിമറിക്കുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല. മുതിര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ സ്‌കൂളില്‍ പഠിക്കാന്‍ പോകാന്‍ അനുവാദമില്ലാത്തതിന്റെ നിരാശ തീര്‍ക്കാനും മുന്നോട്ടുളള പഠിപ്പിനെ സഹായിക്കാനും പതിവുപോലെ ലൈബ്രറിയില്‍ അച്ഛന്‍ തന്നെ കൊണ്ടുചെന്ന ഒരു ദിവസമാണ്, ഒരു പുസ്തകം തിരഞ്ഞവിടെയെത്തിയ ഡോ. എഡിത്ത്, ഭാവിയില്‍ എന്താവാനാണ് രഖ്മയ്ക്കു മോഹം എന്ന് ചോദിച്ചത്. എന്നുതൊട്ടേ മനസ്സില്‍ കൊണ്ടുനടന്നിരുന്ന മോഹമായതിനാല്‍ ഡോക്ടര്‍ എന്ന ഉത്തരം വായില്‍നിന്നു വീണത് താന്‍ പോലുമറിയാതെയാണ്. ഇത്രകാലവും അതവര്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്നു എന്നതാണ് അത്ഭുതം. ലണ്ടനിലേക്ക് പഠിക്കാന്‍ പോകാനുള്ള എല്ലാ ഏര്‍പ്പാടുകള്‍ക്കും വഴിയൊരുക്കി എന്നു മാത്രമല്ല, അതിനാവശ്യമായ പണച്ചെലവിനുള്ള ഫണ്ട് പിരിക്കാനും മുന്നില്‍ നിന്നു എന്നത് വിശ്വസിക്കാന്‍ പോലുമാവുന്നില്ല. ബ്രിട്ടനിലെ ആക്റ്റിവിസ്റ്റുകളായ ഈവാ മക്ലാറനും വാള്‍ട്ടര്‍ മക്ലാറനും (Ev Mclaren and Walter Mclaren) വേണ്ടത്ര പണം സംഭാവന നല്‍കാന്‍ മുന്നോട്ടു വന്നത് അതിലേറെ അവിശ്വസനീയമായി തോന്നി. രഖ്മാബായി ഡിഫന്‍സ് കമ്മിറ്റിക്ക് രൂപം നല്‍കി. തന്നെ പഠിപ്പിച്ച് ഡോക്ടറാക്കുക എന്നത് ഏറെക്കുറെ തന്റെ ദൗത്യമായി ഏറ്റെടുത്ത അഡിലെയ്ഡെ മന്നിങ് (Adelaide Manning), നിലവിലുള്ള അനീതി ജഡിലമായ വ്യവസ്ഥിതിയെ ഇത്ര ചെറുപ്രായത്തില്‍ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയതിന് 500 രൂപ സമ്മാനമായി നല്‍കിയ, പുരോഗമന ചിന്താഗതിക്കാരനായ രാജാ ശിവ്ജിരാവ് ഹോള്‍ക്കര്‍... പറഞ്ഞുതീര്‍ക്കാനാവാത്തവിധം നീളുകയാണ് പേരുകള്‍. നന്ദി എന്ന വാക്ക് വളരെ വളരെ ചെറുതായി ഒന്നിനും പകരമല്ലാതായി പോകുന്നു എന്ന് തോന്നിപ്പോകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുടനീളം ചിതറിക്കിടപ്പാണ്. ഒരിക്കലും വീട്ടാനാവാത്ത കടങ്ങള്‍. ആദ്യം മുതലേ തന്നോടൊപ്പം നടന്ന കടപ്പാടുകള്‍. അര്‍ജ്ജുന്‍ സക്കാറാം എന്ന, കാലത്തിനെത്രയോ മുന്‍പ് നടന്ന വലിയ മനുഷ്യനല്ല തന്റെ രണ്ടാനച്ഛനായി വന്നിരുന്നതെങ്കില്‍ എന്തായിത്തീരുമായിരുന്നു താന്‍ എന്ന് അന്തിച്ചുനിന്ന നിമിഷങ്ങള്‍.
തന്നെ പരിചയം പോലുമില്ലാത്ത എത്രയോ പേര്‍ തനിക്കുവേണ്ടി സമൂഹത്തിന്റെ ഏറും തല്ലും ആട്ടും തുപ്പും കൊള്ളാന്‍ തയ്യാറായത് എന്തിനുവേണ്ടിയായിരുന്നു? തന്റെ യുദ്ധം തനിക്കുവേണ്ടിയായിരുന്നു. തന്റെ സ്വാര്‍ത്ഥത്തിനുവേണ്ടി. അവരുടേതോ? എന്തായിരുന്നു അവരൊക്കെ ചരിത്രത്തോട് പറയാന്‍ ശ്രമിച്ചതും ആഗ്രഹിച്ചതും? ഒരു ഇരുപതുകാരി പെണ്‍കുട്ടിയെ ഡോക്ടറാക്കല്‍ മാത്രമായി അത് ചുരുങ്ങാനും താഴാനും ഇടയില്ല. പിന്നെ? പബ്ലിഷറും ചിന്തകനും ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ മലബാറി ചാച്ച എന്ന പാഴ്സി മനുഷ്യന്‍ അടിമുടി തന്നെ സഹായിക്കാന്‍ എത്തുമ്പോഴൊക്കെ എന്തായിരിക്കും അദ്ദേഹം ആലോചിച്ചിരിക്കുക? ത്യാഗങ്ങള്‍, പ്രതിബദ്ധത, ബോധ്യങ്ങള്‍ എന്നിവയ്ക്ക് എത്ര വലിയ ശക്തിയാകാന്‍ കഴിയുമെന്ന് കാണിക്കാമെന്നോ? വിവേചനമില്ലാത്ത നീതിബോധമാകണം ശരിയായ, താന്‍ ജീവിക്കുന്ന സമൂഹത്തിന് അടിസ്ഥാനമെന്നോ? ഹിന്ദുനിയമ വ്യവസ്ഥകളെ ശരിതെറ്റു നോക്കാതെ കണ്ണുമടച്ച് കൂട്ടുപിടിച്ച ബാലഗംഗാധര്‍ തിലകും, അസമത്വത്തിലമര്‍ന്ന വ്യവസ്ഥിതിയെ തിരുത്തിയെഴുതാന്‍ സമൂഹത്തിന്റെ ആട്ടും തുപ്പും ഏറ്റുവാങ്ങി കയ്യിലുള്ളതൊക്കെ കളഞ്ഞുകുളിക്കുന്ന മലബാറി ചാച്ചപോലെയുള്ളവരും വ്യത്യാസപ്പെടുന്നത് എവിടെവച്ചാണ്? എന്തുകൊണ്ടാണ്? ഒരു പെണ്ണിന്റെ, ആര്‍ക്കും ഉപദ്രവമില്ലാത്ത ഒരു മോഹം സമൂഹത്തിന് ഇത്രമാത്രം അശ്ലീലമാകുന്നത് എന്തുകൊണ്ടാണെന്ന് ഇന്നുവരെ മനസ്സിലായിട്ടില്ല. എന്താണവരെ, അധികാരസ്ഥാനങ്ങളെ അലോസരപ്പെടുത്തുന്നത്?

ചരിത്രത്തിലേക്ക് നടന്നുകയറുന്നു
നാലുവര്‍ഷത്തെ പഠനം തുടങ്ങിയപ്പോഴും തുടര്‍ന്നപ്പോഴും വെള്ളത്തില്‍ മുങ്ങുന്നവനെ ഉയര്‍ത്തി നിര്‍ത്തുന്ന കൈകള്‍പോലെ സഹായഹസ്തങ്ങള്‍ ചുറ്റും നിറഞ്ഞിരുന്നു. വിനിമയ സൗകര്യങ്ങള്‍ വളരെയേറെ കുറവായിരുന്നതിനാല്‍ സ്വന്തം നാട് ഒരു സ്വപ്നംപോലെ പക്ഷേ, അകലത്തായി. അമ്മയോ മുത്തശ്ശനോ ഒരിക്കലും കത്തിലൂടെ പോലും സംസാരിക്കുകയുണ്ടായില്ല. താനൊരു മഹാരാഷ്ട്രക്കാരിയാണെന്ന ബോധമുണ്ടാക്കാന്‍ ആകെയുണ്ടായിരുന്ന ഒരു പാലം മലബാറി ചാച്ചയുടെ എപ്പോഴെങ്കിലും വരുന്ന ഫോണ്‍ വിളികളായിരുന്നു. അങ്ങനെയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം പത്തില്‍നിന്നു പന്ത്രണ്ടായി ഉയര്‍ത്തിയ 'ദി എജ് ഓഫ് കണ്‍സെന്റ് ആക്റ്റ്, 1891 (The age of consent act, 1891) ബ്രിട്ടീഷ് ഇന്ത്യയിലെ നിയമസഭയില്‍ പാസ്സായതറിഞ്ഞോ എന്ന് ചോദിച്ച് മലബാറി ചാച്ച വിളിച്ചത്. ''നീ തോല്‍ക്കാന്‍ കൂട്ടാക്കാതെ അറ്റംവരെ വാദിച്ച നിന്റെ കേസ് ഇന്ത്യയിലെ കണക്കറ്റ സ്ത്രീ ജീവിതങ്ങളെ മാറ്റിമറിച്ചിരിക്കുന്നു.'' മലബാറി ചാച്ച അങ്ങേയറ്റത്ത് വിതുമ്പുകയാണെന്ന് തോന്നി. ''നിന്റെ പോരാട്ടത്തിന്റെ മാത്രം ഫലമാണത് രഖ്മ. നന്ദി. പഠിപ്പ് മുഴുവനാക്കി വേഗം തിരിച്ചുവാ. ചരിത്രനായികയെ വരവേല്‍ക്കാന്‍ കാത്തിരിക്കയാണ് ഞങ്ങളെല്ലാവരും. ഡിഗ്രിയെടുത്തിട്ടും പ്രാക്റ്റീസ് ചെയ്യാന്‍ കഴിയാതെപോയ ആനന്ദി ജോഷിക്കുശേഷം ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യുന്ന ആദ്യത്തെ വനിതാ ഡോക്ടറാവാന്‍ പോവുകയാണ് നീ?''
''നന്ദി!'' തന്നെ കൈവെള്ളയിലെന്നപോലെ സംരക്ഷിച്ചു നടത്തിപ്പോന്ന മലബാറി ചാച്ച തന്നെ അതു പറയണം! രഖ്മ പൊട്ടിച്ചിരിച്ചുപോയി. അദ്ദേഹത്തിന്റെ പ്രശസ്തമായ 'നോട്ട്സ് ഓഫ് മലബാറി', അന്നത്തെ തന്റെ കേസിനേയും നിയമജ്ഞരേയും എത്രയധികം സ്വാധീനിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. വ്യക്തിപരമായി താന്‍ നേരിട്ട അനീതികള്‍ സ്ത്രീകളുടെ പൊതു അനുഭവങ്ങളാണെന്ന സത്യത്തിലേക്ക് അത് ചര്‍ച്ചകളെ മാറ്റി പ്രതിഷ്ഠിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിന് അത് അടിവരയിട്ടു. നിയമങ്ങളും മതാചാരങ്ങളും ഒന്നാവരുതെന്നും അവയെ വേറെ വേറെ കാണണമെന്നും യുക്തിയുക്തം ശഠിച്ചു. വസ്തുനിഷ്ഠമായ പുരോഗമന ചിന്താഗതിക്ക് യാഥാസ്ഥിതികതയുമായി എന്നും ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട് എന്ന് പ്രഖ്യാപിക്കാനും സ്ത്രീ സമത്വവാദം ഇന്ത്യയ്ക്ക് പുറമെ ബ്രിട്ടനിലും അതിന്റെ എല്ലാ മാനങ്ങളോടും കൂടി ചര്‍ച്ചയ്ക്ക് വന്നതിനും ആ കേസിലെ തന്റെ വാദങ്ങളെപ്പോലെ തന്നെ 'നോട്ട്സ് ഓഫ് മലബാറി'യും വഴിത്തിരിയിട്ടതാണ്. വിനയത്തിനും വേണം ഒരതിര് ചാച്ചാ എന്നു കുസൃതിയോടെ പറയാനാണ് ആദ്യം വായില്‍ വന്നത്.
സൂറത്തിലെ വിമന്‍സ് ഹോസ്പിറ്റലില്‍ ചീഫ് മെഡിക്കല്‍ ഓഫീസറായുള്ള നിയമനം അംഗീകരിക്കാന്‍ ആവശ്യപ്പെട്ട് അധികാരികള്‍ എഴുതിയ കത്തിനു മുന്നില്‍ രഖ്മ സ്തംഭിച്ചുനിന്നു. കല്ലിലും മുള്ളിലും കൂടെ ഇത്രയും ദൂരം താന്‍ നടന്നിരിക്കുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല. മോഹങ്ങളാണ് നേട്ടത്തിന്റെ ആണിക്കല്ല് എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്‍ വല്ലാത്ത ഒരു ചിരിയോടെ മനസ്സിന്റെ വാതില്‍പ്പൊളിക്കു പിന്നില്‍നിന്ന് എത്തിനോക്കി.
പക്ഷേ, ഹോസ്പിറ്റലില്‍ തനിക്കനുവദിച്ചു കിട്ടിയ മുറിയില്‍ ഒറ്റയ്ക്ക്, ചികിത്സിക്കാന്‍ രോഗികളില്ലാതെ, ഡോക്ടര്‍ രഖ്മ മുഷിഞ്ഞിരുന്നു. പെണ്ണ് ഡോക്ടറായാലും, അടുക്കളപ്പണിക്കല്ലാതെ ചികിത്സിക്കാന്‍ കഴിവുണ്ടാവില്ല എന്നതില്‍ ആര്‍ക്കും ഒരു സംശയവുമുണ്ടായിരുന്നില്ല. ഗര്‍ഭിണികള്‍ ഡോക്ടറായ രഖ്മയെ തഴഞ്ഞ് കൈത്തഴക്കം വന്ന വയറ്റാട്ടികളോടും മിഡ് വൈഫ്മാരോടും സ്വന്തം പ്രശ്നങ്ങള്‍ ആരും കേള്‍ക്കാതെ പതിവുപോലെ കുശുകുശുത്തു. ഇംഗ്ലീഷ് പഠിച്ച പെണ്‍കുട്ടിക്ക് അറിയുന്നതിനേക്കാള്‍ എത്രയോ കൂടുതല്‍ വയറ്റാട്ടികള്‍ക്കറിയുമെന്ന് അവര്‍ക്കുറപ്പായിരുന്നു. ഡോക്ടര്‍ രഖ്മ ആശുപത്രിയിലെ സ്വന്തം മുറിയില്‍ രോഗികളില്ലാതെ രാവിലെ മുതല്‍ രാത്രി വരെ മേശപ്പുറത്ത് വെറുതേ തല ചായ്ച്ചു കിടന്നു.
അവസാനം മടുത്ത് മരവിച്ച്, രണ്ടും കല്പിച്ചാണ് പരസ്യമായി ഗര്‍ഭിണിയായ ഒരു പെണ്ണാടിന്റെ പ്രസവമെടുക്കാന്‍ രഖ്മ തീരുമാനിച്ചത്. ആട് ശരിക്ക് പെറ്റു! കണ്ടുനിന്നവര്‍ അത്ഭുതത്തോടെ തലയില്‍ കൈവച്ചു രഖ്മയെ അത്ഭുതത്തോടെ നോക്കി. പിറ്റേദിവസം ഡോ. രഖ്മയുടെ മുറിക്കു മുന്നില്‍ ആദ്യമായി ഒരു 'മഹിളാരോഗി' പ്രത്യക്ഷപ്പെട്ടു!
ബാക്കി ചരിത്രമാണ്. നേട്ടങ്ങളുടെ ചരിത്രം. 1895 മുതല്‍ തുടങ്ങിയ ഡോക്ടര്‍ ജീവിതം 1929 വരെ നീണ്ടു. കാര്യക്ഷമതയുടേയും നേട്ടങ്ങളുടേയും ജൈത്രയാത്രയില്‍ രാജ് കോട്ടില്‍ ജോലി ചെയ്യുന്നതിനിടയ്ക്കാണ് ഡോ. രഖ്മ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിച്ചെടുക്കുന്നത്. ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷം ബോംബെയില്‍ സ്ഥിരതാമസമാക്കിയ ഡോ. രഖ്മാബായി എഴുതി പ്രസിദ്ധീകരിച്ചതായിരുന്നു 'പര്‍ദ്ദ - അത് നിരോധിക്കുന്നതിന്റെ ആവശ്യകത' എന്ന ചെറുപുസ്തകം. സമൂഹത്തിലേക്ക് സജീവമായി സംഭാവന ചെയ്യാനുളള അവസരങ്ങള്‍ യുവതികളായ വിധവകള്‍ക്ക് അത് നിഷേധിക്കാന്‍ ഇടയാക്കുന്നു എന്നായിരുന്നു പരാതിയോളമെത്തിയ അവരുടെ അഭിപ്രായം. ഇന്ന് ഡോ. രഖ്മാബായിയുടെ ബോംബെയിലെ വീട് പെണ്‍കുട്ടികളുടെ സ്‌കൂളാണ്.

ചരിത്രത്തിലേക്ക് ആരേയും കൂസാതെ നടന്നുകയറിയ പല സ്ത്രീകളുടേയും ചരിത്രം കൂടിയാണ്. മഹാരാഷ്ട്രയുടെ ഈ കാലയളവിന്റെ ചരിത്രം. പലരും പലവിധത്തിലും പലതിനേയും ചോദ്യം ചെയ്ത 1800-കള്‍. ആദ്യ വനിതാ ഡോക്ടര്‍, ഡോ. ആനന്ദി ബായി ജോഷി, ആദ്യത്തെ വനിതാ അദ്ധ്യാപിക സാവിത്രി ബായി ഫൂലെ, വിധവകളുടെ ജീവിതത്തെ സഹനീയമാക്കിയ പണ്ഡിത രമാബായി, സമൂഹവ്യവസ്ഥിതിയെ പിച്ചിച്ചീന്തി വിമര്‍ശിച്ച ആദ്യ ഫെമിനിസ്റ്റ് എഴുത്തുകാരി താരാബായി ശിന്ദെ, ആദ്യ വനിതാ പ്രാക്ടീസിങ്ങ് ഡോക്ടറായ ഡോ. രഖ്മാബായി. പട്ടികയില്‍ ഇനിയുമുണ്ട് ധാരാളം പേരുകള്‍...
ആരാണ് രഖ്മാബായി എന്ന ചോദ്യത്തിന്, ''അത് എന്തായാലും എന്റെ ഈ ശരീരമല്ല, ആരൊക്കെ കൂടിയോ പണിതെടുത്ത മറ്റൊന്നാണ്'' എന്നായിരിക്കും രഖ്മാബായി നല്‍കുന്ന ഉത്തരം. ''ഞാന്‍ എന്നെത്തന്നെ അന്വേഷിക്കുമ്പോള്‍ കാണുന്നത് ആ ആരെയൊക്കെയോ ആണെന്നും.'' 1955-ല്‍ മരിക്കും വരെ ഇന്ത്യയിലെ ആദ്യത്തെ പ്രാക്ടീസിങ്ങ് വനിതാ ഡോക്ടര്‍ ആയ രഖ്മാബായി 91 വയസ്സിലും അതുതന്നെയാണ് വിശ്വസിച്ചതും വിശ്വസിപ്പിച്ചതും.
(അച്ഛന്‍- ജനാര്‍ദ്ദന്‍ പാണ്ഡുരംഗ്
അമ്മ- ജയന്തിബായി
രണ്ടാനച്ഛന്‍- ഡോ. സക്കാറാം അര്‍ജ്ജുന്‍
ആശാരി വിഭാഗത്തില്‍ അക്കാലത്ത് വിധവകള്‍ക്ക് രണ്ടാം വിവാഹം അനുവദനീയമായിരുന്നു.
ഭര്‍ത്താവ്- ദാദാജി ഭിക്കാജി
ജനനം- നവംബര്‍22, 1864
വിവാഹം- 1875.
ചരമം- 25 സെപ്റ്റംബര്‍, 1955.
ജന്മസ്ഥലം- ബോംബെ, മഹാരാഷ്ട്ര)