മതോന്മാദികളുടെ ബലപ്രയോഗങ്ങള്‍

By ഹമീദ് ചേന്നമംഗലൂര്‍  |   Published: 16th November 2021 04:30 PM  |  

Last Updated: 16th November 2021 04:30 PM  |   A+A-   |  

hameed

 

ന്താരാഷ്ട്ര മതസ്വാതന്ത്ര്യ ദിനമായിരുന്നു ഒക്ടോബര്‍-27. ആ ദിവസം അമേരിക്കയുടെ പ്രസിഡന്റ് ജോബൈഡന്‍ എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവനയില്‍ പറഞ്ഞ ഒരു കാര്യം ഏറെ ശ്രദ്ധേയമായിത്തോന്നി. അതിങ്ങനെ സംഗ്രഹിക്കാം: ഓരോ മതവും ലോകത്തില്‍ എവിടെയെങ്കിലും ന്യൂനപക്ഷമതം എന്ന അവസ്ഥയിലായിരിക്കും. നാം നമുക്ക് ലഭിക്കണമെന്നാഗ്രഹിക്കുന്ന മതസ്വാതന്ത്ര്യം അതേ അളവില്‍ ന്യൂനപക്ഷമതക്കാര്‍ക്കു കൂടി ലഭിക്കാന്‍ നാം സഹായിക്കുമ്പോള്‍ മാത്രമേ നമ്മുടെ മതസ്വാതന്ത്ര്യം സാര്‍ത്ഥകമാവുകയുള്ളൂ.

ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവര്‍ക്ക് മതസ്വാതന്ത്ര്യം നിഷേധിക്കുകയോ അവരെ ദ്രോഹിക്കുകയോ അവര്‍ക്കുനേരെ വിവേചന നയം അവലംബിക്കുകയോ ചെയ്യുന്നവര്‍ മതസ്വാതന്ത്ര്യത്തിന്റെ അന്തകരാണ് എന്നത്രേ ബൈഡന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ലോകത്തിന്റെ പല ഭാഗങ്ങളിലും ഭൂരിപക്ഷ മതവൈതാളികര്‍ പലപ്പോഴും പെരുമാറുന്നത് മതസ്വാതന്ത്ര്യം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണ് എന്ന മട്ടിലാണ്. ന്യൂനപക്ഷ മതം ഭൂരിപക്ഷ മതത്തിനു കീഴൊതുങ്ങണം എന്നതാണവരുടെ നിലപാട്. ന്യൂനപക്ഷ മതസ്ഥരുടെ വിശ്വാസ സംഹിതകളേയും സാംസ്‌കാരിക പാരമ്പര്യങ്ങളേയും അവര്‍ അവജ്ഞയോടെ വീക്ഷിക്കുന്നു. വല്ലവിധേനയും നശിപ്പിക്കപ്പെടേണ്ടവരാണ് ന്യൂനപക്ഷമതക്കാര്‍ എന്ന മനോഭാവം വെച്ചുപുലര്‍ത്തുന്നവരും ഭൂരിപക്ഷ മതഷോവിനിസ്റ്റുകള്‍ക്കിടയില്‍ സമൃദ്ധമായുണ്ട്.

അത്തരം ഷോവിനിസ്റ്റുകളുടെ ഇളകിയാട്ടത്തിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 13-ന് ബംഗ്ലാദേശിലെ ചതോഗ്രാം ഡിവിഷനില്‍പ്പെടുന്ന കുമില നഗരം സാക്ഷിയാവുകയുണ്ടായി. മറ്റു പലയിടങ്ങളിലുമെന്നപോലെ കുമിലയിലും ന്യൂനപക്ഷപീഡനത്തിന് ഭൂരിപക്ഷ മതാഹങ്കാരികള്‍ ഉപകരണമാക്കിയത് ദൈവത്തേയും വേദപുസ്തകത്തേയുമാണ്. ഹിന്ദുക്കള്‍ ദുര്‍ഗപൂജ നടത്തുന്ന സ്ഥലത്ത് ദുര്‍ഗപ്രതിമയുടെ കാല്‍മുട്ടിന്മേല്‍ മുസ്ലിം വേദഗ്രന്ഥമായ ഖുര്‍ആന്‍ വെച്ചതായുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. അതോടൊപ്പം ഫോയസ് അഹമ്മദ് എന്നു പേരുള്ള ഒരാള്‍ ''മുസ്ലിങ്ങളേ, ഉണര്‍ന്നെഴുന്നേല്‍ക്കൂ'' എന്നു വിളിച്ചു പറയുന്ന ദൃശ്യവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. താമസിച്ചില്ല, സമീപപ്രദേശങ്ങളിലെ ഭൂരിപക്ഷ മതപോരാളിക്കൂട്ടം സംഭവസ്ഥലത്തെത്തി. രോഷാന്ധരായ അവര്‍ ദുര്‍ഗപൂജ നിര്‍ത്തിവെപ്പിക്കുക മാത്രമല്ല, ന്യൂനപക്ഷമതക്കാരായ ഹിന്ദുക്കളുടെ ആരാധനാകേന്ദ്രങ്ങളും വീടുകളും അടിച്ചും തീവെച്ചും തകര്‍ക്കുന്നതില്‍ വ്യാപൃതരാവുകകൂടി ചെയ്തു.

ഒക്ടോബര്‍ 13-ന് ദുര്‍ഗാഷ്ടമി നാളില്‍ തുടങ്ങിയ ഈ താണ്ഡവം കുമിലയില്‍ പരിമിതപ്പെട്ടില്ല. ഗാസിപൂര്‍, ചാന്ദ്പൂര്‍, മുന്‍ഷിഗഞ്ച്, മൗലവി ബസാര്‍, കോക്സ് ബസാര്‍, ലക്ഷ്മിപൂര്‍, ബന്ദര്‍ബാന്‍, നവ്ഖാലി തുടങ്ങി പല ദിക്കുകളിലേക്കും അതു പടര്‍ന്നു. ആറുപേരുടെ ജീവഹാനിയും ഒട്ടേറെപ്പേരുടെ ദേഹക്ഷതത്തിലും ക്ഷേത്രങ്ങളും വീടുകളുമടക്കമുള്ള വസ്തുവഹകളുടെ നശീകരണത്തിലും കലാശിച്ച ഈ വര്‍ഗ്ഗീയാക്രമണം പൊടുന്നനെയുണ്ടായ വികാരവിക്ഷോഭത്തിന്റെ ഫലമായിരുന്നില്ല എന്നതാണ് പ്രധാനം. തികച്ചും ആസൂത്രിതമായിരുന്നു അത്. ഹിന്ദു ന്യൂനപക്ഷത്തെ ഉന്നമിട്ട് ഭൂരിപക്ഷ മതതീവ്രവാദികളായ ഇസ്ലാമിസ്റ്റുകള്‍ തയ്യാറാക്കിയ തിരക്കഥയനുസരിച്ച് നടന്നതായിരുന്നു ആ തേര്‍വാഴ്ച.

ഇന്ത്യ ആവര്‍ത്തിക്കുന്നു ബംഗ്ലാദേശിലും

ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. മുന്‍കാലത്തും ന്യൂനപക്ഷങ്ങള്‍ക്കു നേരെയും ഭൂരിപക്ഷ സമുദായത്തില്‍ത്തന്നെ സ്വതന്ത്ര ചിന്തകര്‍ക്ക് നേരെയും ഭൂരിപക്ഷ മതോന്മാദികള്‍ പല സന്ദര്‍ഭങ്ങളില്‍ പലമട്ടില്‍ ആക്രമണങ്ങളഴിച്ചു വിട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് ബംഗ്ലാദേശി പത്രപ്രവര്‍ത്തകനായ രോദ്‌റോ റഹ്മാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 'ഐനോ സലീഷ് കേന്ദ്ര' എന്ന മനുഷ്യാവകാശ സംഘടന അവതരിപ്പിച്ച സ്ഥിതിവിവരക്കണക്ക് ഉള്‍പ്പെടുത്തിയത് കാണാം. അതുപ്രകാരം 2013 ജനുവരിക്കും 2021 സെപ്റ്റബറിനുമിടയ്ക്ക് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ 3710 ആക്രമണങ്ങള്‍ ഭൂരിപക്ഷ വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഹിന്ദു സമുദായക്കാരുടെ വീടുകളും കടകളും ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതിന്റെ കണക്കുകളോടൊപ്പം അവരുടെ ഭൂമിയും മറ്റു സ്വത്തുക്കളും ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതിന്റെ വിവരങ്ങളും മേല്‍പ്പറഞ്ഞ മനുഷ്യാവകാശ സംഘടനയുടെ രേഖകളില്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ഹിന്ദുക്കള്‍ക്ക് പുറമെ ബൗദ്ധ ന്യൂനപക്ഷവും ക്രൈസ്തവ ന്യൂനപക്ഷവുമുണ്ട് ബംഗ്ലാദേശില്‍. 2011-ലെ കണക്കനുസരിച്ച് ജനസംഖ്യയില്‍ 90.4 ശതമാനം മുസ്ലിങ്ങളാണ്. ഹിന്ദുക്കള്‍ 8.5 ശതമാനമാണെങ്കില്‍ ബൗദ്ധരും ക്രൈസ്തവരും യഥാക്രമം 0.6 ശതമാനവും 0.4 ശതമാനവും വരും. ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ഹിന്ദു ന്യൂനപക്ഷമെന്നപോലെ ബൗദ്ധ-ക്രൈസ്തവ ന്യൂനപക്ഷങ്ങളും പലപ്പോഴും വിധേയമായിട്ടുണ്ട്. 2012 സെപ്റ്റംബര്‍ അവസാനത്തില്‍ ധാക്കയില്‍നിന്നു 350 കിലോ മീറ്റര്‍ അകലെയുള്ള രമു പട്ടണത്തില്‍ ബുദ്ധമതക്കാര്‍ക്ക് നേരെ നടന്ന ആക്രമണം ഉദാഹരണങ്ങളില്‍ ഒന്നാണ്. വര്‍ഗ്ഗീയാന്ധതയുടെ പിടിയിലമര്‍ന്ന വന്‍ജനക്കൂട്ടം അന്ന് ബൗദ്ധരുടെ അഞ്ചു ക്ഷേത്രങ്ങളും ഒട്ടേറെ വീടുകളും നിലംപരിശാക്കി. ബൗദ്ധ കേന്ദ്രീകരണമുള്ള പാട്ടിയ എന്ന ഉപജില്ലയിലേക്കും ഉഖിയ, തെക്നാഥ് എന്നിവിടങ്ങളിലേക്കും ആ കലാപത്തീ പടരുകയുണ്ടായി. അവിടങ്ങളില്‍ മൂന്ന് ബൗദ്ധ ക്ഷേത്രങ്ങളാണ് ഇസ്ലാമിസ്റ്റ് തീവ്രവാദികളാല്‍ തകര്‍ക്കപ്പെട്ടത്.

2017-ല്‍ ബംഗ്ലാദേശിലെ കത്തോലിക്കര്‍ പോപ്പിന്റെ സന്ദര്‍ശനം കാത്തിരുന്ന ദിവസങ്ങളില്‍ അന്നാട്ടിലെ ക്രൈസ്തവ സമൂഹം ഭീതിയുടെ അന്തരീക്ഷത്തിലാണ് കഴിഞ്ഞിരുന്നതെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമിസ്റ്റുകളാല്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒട്ടേറെ ക്രൈസ്തവ കുടുംബങ്ങള്‍ ബംഗ്ലാദേശ് വിട്ടുപോയതായി ആ നാളുകളില്‍ ക്രൈസ്തവ സമുദായ നേതാക്കള്‍ വെളിപ്പെടുത്തുകയുണ്ടായി. 2016-ല്‍ മൂന്നു ക്രൈസ്തവര്‍ ഇസ്ലാമിസ്റ്റുകളാല്‍ വധിക്കപ്പെട്ടു. അവരില്‍ ഒരാള്‍ പലചരക്കു കച്ചവടക്കാരനായിരുന്നു. മറ്റു രണ്ടുപേര്‍ ഇസ്ലാമില്‍നിന്നു ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരും. 2020 ഫെബ്രുവരിയില്‍ പ്രൊട്ടസ്റ്റന്റുകാരനായ ജോഗേന്ദര്‍ സര്‍ക്കാറിന് നാടുവിട്ട് കല്‍ക്കത്തയില്‍ അഭയം തേടേണ്ടി വന്നു. കുഷിത ജില്ലക്കാരനായ അയാളുടെ 1.66 ഏക്കര്‍ ഭൂമി മുസ്ലിം തീവ്രവാദികള്‍ കയ്യേറുകയും വീട് നശിപ്പിക്കുകയും ചെയ്തപ്പോഴാണ് അയാള്‍ക്ക് മാതൃരാജ്യം ഉപേക്ഷിച്ചു പോകേണ്ടിവന്നത്.

ബംഗ്ലാദേശിലെ ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂനിറ്റി കൗണ്‍സിലിന്റെ കണക്കനുസരിച്ച് 2009-2010 ല്‍ മാത്രം ഭൂമി കയ്യേറ്റം, കൊല, തീവെപ്പ്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങളടങ്ങിയ നൂറ്റി അന്‍പതോളം ആക്രമണങ്ങള്‍ ന്യൂനപക്ഷ സമുദായക്കാര്‍ക്ക് നേരെ നടന്നിട്ടുണ്ട്. ഒട്ടനവധി കുടുംബങ്ങള്‍ ആത്മരക്ഷാര്‍ത്ഥം രാജ്യം വിട്ട് പോകേണ്ടി വന്നിട്ടുണ്ടെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. 1971-ല്‍ ബംഗ്ലാദേശ് പിറവികൊണ്ട നാളില്‍ അവിടത്തെ ജനസംഖ്യയില്‍ 23.1 ശതമാനം ന്യൂനപക്ഷ മതക്കാരായിരുന്നു. ഇപ്പോഴത് വെറും 9.6 ശതമാനം മാത്രം. ഹിന്ദുക്കളും ബൗദ്ധരും ക്രൈസ്തവരുമുള്‍പ്പെടെ നിരവധി പേര്‍ ഭൂരിപക്ഷ വര്‍ഗ്ഗീയവാദികളുടെ ആക്രമണം ഭയന്നു നാടുവിട്ട് ഓടിപ്പോകേണ്ടി വന്നതിന്റെ ഫലമത്രേ ഈ ജനസംഖ്യാ ഇടിവ്.

ന്യൂനപക്ഷ സമുദായക്കാരെ ടാര്‍ഗറ്റ് ചെയ്ത് കലാപങ്ങള്‍ സൃഷ്ടിക്കുന്നവരും മാധ്യമങ്ങളാല്‍ ഇസ്ലാമിസ്റ്റുകള്‍ എന്നോ ഭൂരിപക്ഷ മൗലികവാദികള്‍ എന്നോ വ്യവഹരിക്കപ്പെടുന്നവരുമായ അക്രമിസംഘം യഥാര്‍ത്ഥത്തില്‍ ആരാണ്? ഇതിനുള്ള ഉത്തരം 2012-ല്‍ ബംഗ്ലാദേശിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന ഡോ. മൊഹിയുദ്ദീന്‍ ഖാന്‍ ആലംഗീര്‍ നല്‍കിയിട്ടുണ്ട്. അക്കാലത്ത് പാട്ടിയ ഉള്‍പ്പെടെയുള്ള കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞത് ജമാഅത്തെ ഇസ്ലാമിക്കാരും അവരുടെ സ്വാധീനവലയത്തിലമര്‍ന്ന റോഹിംഗ്യകളുമാണ് ആക്രമണത്തിനു പിന്നിലെന്നാണ്. 2013 ഒക്ടോബറിലും നവംബറിലുമായി ലാല്‍ മോനിര്‍ഹാത്ത് ജില്ലയിലെ ഷാഫി നഗറിലും പത്ഗ്രാമിലും ഹിന്ദു ന്യൂനപക്ഷത്തിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും അതിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ഛത്ര ശിബിറും ആണെന്നത്രേ ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് അന്നു പ്രമുഖ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ എന്ന തീവ്രവാദ പ്രസ്ഥാനക്കാരും കലാപങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.

ഭൂരിപക്ഷ മൗലികവാദികളുടെ ഭീഷണിയും ഹിംസയും നിമിത്തം ന്യൂനപക്ഷക്കാര്‍ക്ക് മാതൃദേശം ഉപേക്ഷിച്ചു പോകേണ്ട ദയനീയ സാഹചര്യം നിലനില്‍ക്കുന്ന ബംഗ്ലാദേശിന്റെ ഭരണഘടനയനുസരിച്ച് അതൊരു മതേതര രാഷ്ട്രമാണ്. അതേസമയം ആ രാജ്യത്തിനു രാഷ്ട്രമതം (State religion) ഉണ്ടുതാനും. അത് ഇസ്ലാം മതമാണ്. മതേതര രാഷ്ട്രം എന്ന സങ്കല്‍പ്പവുമായി പൊരുത്തപ്പെടാത്ത പരികല്‍പ്പനയാണ് രാഷ്ട്രമതം എന്നത്.

ഇസ്ലാം രാഷ്ട്രമതമായിരിക്കെ ഇസ്ലാമിതര ന്യൂനപക്ഷമതങ്ങള്‍ അവിടെ രണ്ടാംകിട മതങ്ങളായിത്തീരുന്നു. ജമാഅത്തെ ഇസ്ലാമി, ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ തുടങ്ങിയ സംഘടനകള്‍ രാഷ്ട്രമതം എന്ന പരികല്‍പ്പനയുടെ തണലിലാണ് തങ്ങളുടെ മതേച്ഛകള്‍ ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇസ്ലാമിന് നല്‍കപ്പെട്ട രാഷ്ട്രമതം എന്ന പദവി നീക്കം ചെയ്തു കിട്ടാന്‍ 2016-ല്‍ ബംഗ്ലാദേശി സെക്യുലറിസ്റ്റുകള്‍ കോടതിയെ സമീപിച്ചിരുന്നു. ആ ശ്രമം വിജയിച്ചില്ല. അതിനാല്‍ത്തന്നെ ഇസ്ലാമിസ്റ്റുകള്‍ക്ക് തങ്ങളുടെ ഹുങ്കും ദുശ്ശാഠ്യങ്ങളും നടപ്പാക്കാന്‍ സാധിക്കുന്ന രാഷ്ട്രമായി ബംഗ്ലാദേശ് തുടരുന്നു.