പെഗസസ് ഉത്തരം കിട്ടി, ഉത്തരവാദിയാര്?

By അരവിന്ദ് ഗോപിനാഥ്  |   Published: 16th November 2021 02:37 PM  |  

Last Updated: 16th November 2021 02:37 PM  |   A+A-   |  

aravind

 

സ്രയേല്‍ ചാരസോഫ്റ്റ്വെയറായ പെഗസസ് ഉപയോഗിച്ച് കേന്ദ്രസര്‍ക്കാരോ ഏജന്‍സികളോ നിയമവിരുദ്ധമായി ഇന്ത്യന്‍ പൗരന്മാരുടെ ഫോണുകള്‍ ചോര്‍ത്തിയോ?

റിട്ട് ഹര്‍ജികളുടേയും പൊതുതാല്പര്യഹര്‍ജികളുടേയും കാതലായ ഉള്ളടക്കം ഈ ചോദ്യമായിരുന്നു. ഈ ചോദ്യത്തിനുള്ള  ഉത്തരം ജനാധിപത്യത്തിന്റെ തന്നെ വിവക്ഷയാണ്. അഭിപ്രായ സ്വാതന്ത്ര്യം, അത് പ്രകടിപ്പിക്കാനുള്ള അവകാശം, സ്വകാര്യത എന്നിവയുടെ നിര്‍വചനത്തെ അത് പുനര്‍നിര്‍ണ്ണയിക്കുകയോ നിലനിര്‍ത്തുകയോ ചെയ്യും. അതായത്, അതിസങ്കീര്‍ണ്ണമായ ഭരണഘടനാവിഷയങ്ങളാണ് പെഗസസ് വെളിപ്പെടുത്തല്‍ ഉയര്‍ത്തിയത്. രണ്ടുമാസത്തിലേറെ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഈ ചോദ്യത്തിന് ഉത്തരം കിട്ടുമെന്നാണ് നാം പ്രതീക്ഷിച്ചത്. ആരോപണങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ദ്ധസമിതി രൂപീകരിച്ച സുപ്രീംകോടതിയുടെ ഉത്തരവ് ആ ചോദ്യത്തിനുള്ള മറുപടിയാണ്. പക്ഷേ, ആ ഉത്തരവിന്മേലുള്ള തുടര്‍നടപടികള്‍ക്ക് കോടതി മുതിര്‍ന്നില്ല.

നിങ്ങള്‍ക്കൊരു രഹസ്യം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍നിന്നുതന്നെ മറച്ചുവയ്ക്കണമെന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ '1984' എന്ന നോവലിലെ വാക്കുകള്‍ ഉദ്ധരിക്കുന്ന ഇടക്കാല ഉത്തരവിന്റെ തുടക്കം തന്നെ സര്‍വ്വാധിപത്യ ഭരണകൂടരീതികളെക്കുറിച്ച് വിമര്‍ശിച്ചാണ്. ഹര്‍ജിക്കാരുടെ ആരോപണങ്ങളെല്ലാം  സത്യമാണെന്ന തീര്‍പ്പില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ എത്തിയെങ്കിലും ആ ഉത്തരവിന്മേല്‍ നടപടിയെടുക്കുന്നതില്‍ അദ്ദേഹം താല്പര്യം കാണിച്ചില്ല. ഒരുപക്ഷേ, അത് അദ്ദേഹം നിസ്സഹായനായതുകൊണ്ടാവണം. ഹര്‍ജികളില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടാല്‍ അടുത്തഘട്ടം പ്രായോഗികമായ നടപടിക്രമങ്ങളാണ്. അതിനു പുറമേ സര്‍ക്കാരിനെ ഉത്തരവാദിയാക്കണം. ഈ ഉത്തരവ്  അതിനു പ്രാപ്തമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഓര്‍ക്കണം സെപ്റ്റംബര്‍ 13-ന് ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ തന്നെ അനധികൃതമായി പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് മാത്രമാണ് അറിയേണ്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനു പകരം കോടതി തന്നെ ഒരു സമിതിയെ രൂപീകരിക്കുകയായിരുന്നു. വിചാരണവേളയില്‍ ഇതിനകം ഉയര്‍ന്ന വിഷയങ്ങളും അവയുടെ ശുപാര്‍ശകളുമാണ് ആ സമിതിയുടെ ടേംസ് ഓഫ് റഫറന്‍സ്. ഇതില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതുമാണ്. എല്ലാ വിവരങ്ങളും അറിയിക്കാന്‍ കേന്ദ്രത്തിന് ആവശ്യത്തിനു സമയം നല്‍കി. കൃത്യമായ നിലപാട് കേന്ദ്രത്തില്‍ നിന്നുണ്ടായിരുന്നെങ്കില്‍ കോടതിക്കും ബാധ്യത കുറയുമായിരുന്നുവെന്നാണ് ഡിവിഷന്‍ ബെഞ്ച് ഒരു ഘട്ടത്തില്‍ പരാമര്‍ശിച്ചത്. പല അവസരം നല്‍കിയിട്ടും ചെറിയ സത്യവാങ്മൂലത്തിലൂടെ അവ്യക്തമായ മറുപടികളാണ് കേന്ദ്രം നല്‍കിയത്. ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിന്റെ പേരില്‍ പല വിവരങ്ങളും വെളിപ്പെടുത്തിയില്ല. സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്നു പോലും പറഞ്ഞില്ല. അപര്യാപ്തമായ സത്യവാങ്മൂലമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കാത്തതരം വിവരങ്ങള്‍ ലഭ്യമാക്കിയാല്‍ മതിയെന്നായി കോടതി. എന്നാല്‍ നിലപാട് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.  

പെഗസസ് ദുരുപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് ജൂലൈ 18-ന് കേന്ദ്ര ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, ആരോപണങ്ങള്‍ക്കു വ്യക്തമായ മറുപടി കോടതിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. വേണമെങ്കില്‍ ആരോപണങ്ങള്‍ തങ്ങള്‍ തന്നെ സമിതി രൂപീകരിച്ച് അന്വേഷണം നടത്താമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍, നീതി നടപ്പാക്കുകയല്ല, അത് നടപ്പാക്കുന്നുവെന്ന് വ്യക്തമാകണം എന്ന തത്ത്വമാണ് സര്‍ക്കാര്‍ തന്നെ സമിതി രൂപീകരിക്കുന്നതിനെ കോടതി തള്ളിക്കളയാന്‍ ഉന്നയിച്ച സ്വകാര്യത വ്യക്തികളുടെ അന്തസ്സുള്ള ജീവിതത്തിന് അനുപേക്ഷണീയമായ അവകാശമാണ്. ഭരണകൂടമോ ഏതെങ്കിലും ഏജന്‍സിയോ ചാരപ്പണി നടത്തുമ്പോള്‍ ആ അവകാശത്തില്‍ നേരിട്ടുള്ള കടന്നുകയറ്റമാണ് ഉണ്ടാകുന്നതെന്നാണ് ജസ്റ്റിസ് രമണ കുറിച്ചത്.

തുടക്കം മുതല്‍ വിധിപ്പകര്‍പ്പ് വായിക്കുന്ന ഒരാള്‍ക്ക് അഭിപ്രായസ്വതന്ത്ര്യം, സ്വകാര്യത എന്നിവയെ ജാഗ്രതയോടെ പരിരക്ഷിക്കുന്ന വിധിയാണ് ഇതെന്നാണ് ആദ്യനോട്ടത്തില്‍ തോന്നുക. സ്വാഭാവികമായും സാമൂഹ്യമാധ്യമങ്ങളിലും തലക്കെട്ടുകളിലും വിധി നിറയും. എന്നാല്‍, 54-ാം ഖണ്ഡിക മുതലാണ് ശരിക്കും വായിക്കപ്പെടേണ്ടത്. കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വമാണ് വിവരങ്ങള്‍ നല്‍കാത്തതെന്ന് അതില്‍ പറയുന്നു. സ്വാഭാവികമായും അതു കോടതിയലക്ഷ്യമാകും. നിയമം അനുസരിച്ച് പ്രസക്തമായ വിവരങ്ങള്‍ ഒരു കക്ഷി അത് കോടതിസമക്ഷം രേഖപ്പെടുത്താന്‍ വിസമ്മതിച്ചാല്‍ ആ കക്ഷിക്കെതിരെ പ്രതികൂലമായ അനുമാനത്തിലെത്താന്‍ കോടതിക്ക് കഴിയും. അതായത് ഒരു കേസ് സംബന്ധിച്ച രേഖകള്‍ ഒരു കക്ഷി ഹാജരാക്കിയില്ലെങ്കില്‍ അവര്‍ക്കെതിരായ അനുമാനം കോടതിക്ക് സ്വീകരിക്കാം.

മറ്റൊന്നു കൂടിയുണ്ട്. ഭരണഘടനാ കേസുകളില്‍ അത്തരം രേഖകളും വിവരങ്ങളും നല്‍കേണ്ട ഭരണഘടനാബാധ്യത കൂടി കേന്ദ്രസര്‍ക്കാരിനുണ്ട്. ചോദിക്കാന്‍ സുപ്രീംകോടതിക്ക് അവകാശവുമുണ്ട്. കഴിഞ്ഞവര്‍ഷം വാക്സിന്‍ കേസില്‍ ഈ അധികാരം കോടതി ഉപയോഗിച്ചിരുന്നു. അതായത് പെഗസസ് ഒരു അവസരമായിരുന്നു. പൗരന്മാര്‍ക്ക്  മൗലികാവകാശത്തിനു വേണ്ടി ഭരണകൂടത്തെ ചോദ്യം ചെയ്യാനും മുള്‍മുനയില്‍ നിര്‍ത്താനും ഉത്തരങ്ങള്‍ ആവശ്യപ്പെടാനുള്ള നിയമപരമായി കിട്ടിയ അവസരം.

എന്നാല്‍, പെഗസസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നിലപാടില്‍നിന്ന് അണുവിട മാറാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. നിസ്സഹായരായ കോടതി ഇനി മുന്‍കയ്യെടുത്ത് എന്ത് ചെയ്യാനാകുമെന്ന ചോദ്യം ബാക്കിയാകുന്നു. നിയമം അനുസരിക്കില്ലെന്ന് കേന്ദ്രം പരസ്യമായി വ്യക്തമാക്കുന്നതിനു  തുല്യമാണ് അത്.  ഒന്നുകില്‍ കേന്ദ്രം ഉത്തരവ് അനുസരിക്കണമെന്ന് കോടതിക്കില്ല അല്ലെങ്കില്‍ കോടതി നിസ്സഹായാവസ്ഥയിലാണ്. അതിനു പരിഹാരമാകുന്നില്ല വിരമിച്ച ഒരു സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഒരു സമിതിയുടെ അന്വേഷണം. ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ അന്വേഷിച്ചു സത്യം കണ്ടെത്തുന്നതിനു പുറമേ വ്യക്തികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റം തടയാന്‍ മെച്ചപ്പെട്ട മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും കോടതി പറഞ്ഞിട്ടുണ്ടെന്നതാണ് ആശ്വാസകരം.  

ഇന്ത്യയില്‍ നിരീക്ഷണനിയമങ്ങള്‍ക്ക് മൂന്നു ദശാബ്ദത്തിലധികം കാലപ്പഴക്കമുണ്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈലിന്റെയും വ്യാപക ഉപയോഗത്തിനു മുന്‍പാണ് ഈ നിയമങ്ങള്‍ നിലവില്‍വന്നത്. അതായത് കാലഹരണപ്പെട്ടതും നിഷ്‌ക്രിയവുമാണ് ഇവയില്‍ ഭൂരിഭാഗവും. കോടതിയുടെയോ പാര്‍ലമെന്റിന്റെയോ ഒരു രീതിയിലുള്ള മേല്‍നോട്ടവുമില്ല.

വിവരാവകാശ നിയമത്തിന്റെ പരിധിയിലും ഇത് വരില്ല. സര്‍ക്കാരിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ ആരെയും ഒന്നും ബോധിപ്പിക്കേണ്ടി വരില്ലായിരുന്നു. എന്നാല്‍, പുട്ടസ്വാമി കേസ് പ്രകാരം ഒരാളുടെ സ്വകാര്യതയെ ഹനിക്കണമെങ്കില്‍ അത് നിയമപരമായിരിക്കണം. സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും ഇങ്ങനെ ചോര്‍ത്തുമ്പോള്‍ അതാര് പരിശോധിക്കുമെന്നതാണ് ചോദ്യം. രാജ്യസുരക്ഷയെ മറയാക്കി രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ല. ഇങ്ങനെ പെഗസസ് വിധി വലിയ മാനങ്ങളാണ് നല്‍കുന്നത്.