ഉത്തരദേശത്ത് ഉരുത്തിരിയുന്ന ഹിന്ദുത്വവിരുദ്ധ രാഷ്ട്രീയം

By സതീശ് സൂര്യന്‍  |   Published: 16th November 2021 03:02 PM  |  

Last Updated: 16th November 2021 03:02 PM  |   A+A-   |  

satish_suryan

 

രാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് എല്ലാനിലയ്ക്കും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയശക്തിയായി ഹിന്ദുത്വകക്ഷി മാറുകയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള ഇതര രാഷ്ട്രീയകക്ഷികള്‍ ക്ഷയോന്മുഖമാകുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ ഇനി വരുംകാലം എങ്ങനെ ഇന്ത്യ ചിന്തിക്കും എന്നതിന്റെ സൂചകമാകും ഈ തെരഞ്ഞെടുപ്പ്. നരേന്ദ്ര മോദിക്കു ശേഷം ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ രാഷ്ട്രനായക സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാണിക്കുന്ന യോഗി ആദിത്യനാഥ് എന്ന ഭരണാധികാരിയുടെ മുഖ്യമന്ത്രി എന്ന നിലയിലുള്ള റഫറണ്ടം കൂടിയാകും ഈ തെരഞ്ഞെടുപ്പ്.

ഭാരതീയ ജനതാ പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നിവയാണ് ബഹുമുഖ മത്സരത്തിനൊരുങ്ങുന്ന ഉത്തര്‍പ്രദേശിലെ പ്രമുഖ കക്ഷികള്‍. ഇവയ്ക്കു പുറമേ ചെറിയ ചില പ്രാദേശിക കക്ഷികളും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നുണ്ട്.

2017-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷകക്ഷികള്‍ കുറച്ചൂകൂടി ജാഗ്രത പുലര്‍ത്തുകയും വോട്ടുകള്‍ ഭിന്നിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ പോലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു മുന്നേറ്റത്തില്‍ കാര്യമായ വ്യത്യാസമൊന്നും സൃഷ്ടിക്കാന്‍ അവര്‍ക്കു കഴിയുമായിരുന്നില്ല. ആകെയുള്ള 403 സീറ്റുകളില്‍ നാലില്‍ മൂന്നു സീറ്റുകളും നേടി വലിയ മുന്നേറ്റമാണ് അന്ന് അവര്‍ നടത്തിയത്.

മുസ്ലിം വോട്ടുകളിലെ ഭിന്നിപ്പായിരുന്നു ബി.ജെ.പി വിജയത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിച്ച ഒരു ഘടകം. മുസ്ലിങ്ങള്‍ 20 ശതമാനത്തിലധികമുള്ള 140 മണ്ഡലങ്ങളുണ്ട് ഉത്തര്‍പ്രദേശില്‍. 2012-ല്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പ്പിച്ച് സമാജ്വാദി പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ഈ മണ്ഡലങ്ങള്‍ നിര്‍ണ്ണായകമായി. അന്ന് അവയില്‍ പകുതി സീറ്റുകളും നേടിയത് സമാജ്വാദി ആയിരുന്നു. എന്നാല്‍, ഈ സീറ്റുകളില്‍ 111-ഉം നേടിയത് ബി.ജെ.പി മുന്നണിയായിരുന്നു. ഹിന്ദു ഏകീകരണത്തിനു പുറമേ ഈ രണ്ടു പ്രാദേശിക പാര്‍ട്ടികള്‍ക്കിടയിലായി മുസ്‌ലിം വോട്ടുകള്‍ കൃത്യമായും വിഭജിക്കപ്പെട്ടത് ബി.ജെ.പിക്ക് ഗുണകരമായി.

എന്നാല്‍, 2019-ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ഒന്നിച്ചത് ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുമെന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ഒളി മങ്ങിത്തുടങ്ങിയെങ്കിലും മോദി ഭരണത്തിനു ബദലാകാന്‍ അഖിലേന്ത്യാതലത്തില്‍ മറ്റൊരു ശക്തിയില്ലെന്ന തോന്നലായിരുന്നു പ്രധാനകാരണം. അതിനും പുറമേ ഈ രണ്ടു പാര്‍ട്ടികളേയും പിന്തുണച്ചുപോന്ന സമുദായങ്ങളും സാമൂഹികവിഭാഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും താല്‍പ്പര്യ സംഘര്‍ഷങ്ങളും ഇരുകൂട്ടരേയും പരസ്പരം തോല്‍പ്പിക്കുന്നതിലേക്ക് നയിച്ചു.

2022-ല്‍ ഈ രണ്ടു പാര്‍ട്ടികളും അസംബ്ലിയിലേയ്ക്ക് വെവ്വേറെയാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തയ്യാറെടുക്കുന്നത്. ബി.ജെ.പിക്ക് എതിരെ ഐക്യത്തോടെ പ്രതിപക്ഷത്തിനു നില്‍ക്കാനാകുന്നില്ല എന്നത് സാധാരണഗതിയില്‍ ബി.ജെ.പിക്ക് ഗുണകരമായിത്തീരേണ്ടതാണ്. എന്നാല്‍, അങ്ങനെയല്ല സംഭവിക്കാനിരിക്കുന്നത് എന്നാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ചില രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളില്‍നിന്നും നാം മനസ്സിലാക്കേണ്ടത്.

എന്താണ് പുതിയ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍?

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ സ്വാധീനം ഏതാനും വര്‍ഷങ്ങളായി തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുന്നത് സമാജ്വാദി പാര്‍ട്ടിക്ക് ഗുണകരമായി തീരുന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. പ്രവര്‍ത്തകര്‍ കൂട്ടത്തോടെയാണ് പാര്‍ട്ടിയില്‍നിന്നും ഒഴിച്ചുപോക്ക് നടത്തുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് എതിരെ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന ഒരേ ഒരു കക്ഷി സമാജ്‌വാദി പാര്‍ട്ടി മാത്രമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ബഹുജന്‍ സമാജ്പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് പുറത്തുപോകുന്നവര്‍ ഈയിടെയായി അധികവും തെരഞ്ഞെടുക്കുന്നത് സമാജ്വാദി പാര്‍ട്ടിയാണ്. പാര്‍ട്ടിയുടെ മുന്‍ രാജ്യസഭാംഗവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ വീര്‍സിംഗ്, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍.എസ്. കുശ്‌വാഹ എന്നിവര്‍ സമാജ്‌വാദിയില്‍ ചേര്‍ന്നുകഴിഞ്ഞു. അഞ്ചുതവണ എം.എല്‍.എയായിരുന്ന, ഇപ്പോള്‍ പാര്‍ട്ടിയില്‍നിന്നും പുറത്തായ ലാല്‍ജി വര്‍മ്മ, അക്ബര്‍പൂര്‍ എം.എല്‍.എ അചല്‍ രാജ്ഭാര്‍ എന്നിവര്‍ വൈകാതെ സമാജ്‌വാദിയില്‍ ചേരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

2007-ല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബി.എസ്.പി. 2017-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ വെറും 19 സീറ്റുകളിലേക്ക് അത് ഒതുങ്ങി. വോട്ടില്‍ പത്തുശതമാനം കുറവും ഇതിനകം സംഭവിച്ചു. നിരവധി പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടി വിടുകയോ പാര്‍ട്ടിയില്‍നിന്നു പുറത്താകുകയോ ചെയ്തു. നേതാക്കള മാത്രമല്ല, പാര്‍ട്ടിയുടെ അണികളിലും വലിയ ചോര്‍ച്ച ഇക്കാലയളവിലുണ്ടായിട്ടുണ്ട്. ബി.എസ്.പിയുടെ പ്രധാന അടിത്തറയായ ജാതവ് ദളിതുകള്‍ പാര്‍ട്ടിയെ കൈവിട്ടുകൊണ്ടിരിക്കുകയാണ്. ബി.ജെ.പിയെ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ താല്‍പ്പര്യപ്പെടുന്ന ദളിത് യുവാക്കള്‍ ഇപ്പോള്‍ തന്ത്രപരമായി സമാജ്വാദി പാര്‍ട്ടിയെ പിന്തുണക്കുന്നു.

കഴിഞ്ഞ രണ്ടുദശകങ്ങളായി തുടരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിതാപകരമായ അവസ്ഥയ്ക്ക് ഇപ്പോഴും മാറ്റമൊന്നുമില്ല എന്നതാണ് മറ്റൊരു കാര്യം. ഈ 20 വര്‍ഷത്തിനുള്ളില്‍ 30 സീറ്റുകള്‍ക്കപ്പുറം നേടാന്‍ ആ പാര്‍ട്ടിക്ക് ആയിട്ടില്ല. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആകെ വോട്ടുചെയ്തതില്‍ പത്തുശതമാനത്തില്‍ കൂടുതല്‍ നേടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഇത്തവണ പ്രിയങ്ക വാധ്രയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാടുകളിലൂന്നിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക എന്ന് കൃത്യമായ സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടുമോ?

കോണ്‍ഗ്രസ്, ബി.എസ്.പി എന്നീ പാര്‍ട്ടികളുടെ തകര്‍ച്ച സമ്പൂര്‍ണ്ണമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അക്കാരണം ഒന്നുകൊണ്ടുതന്നെ ബി.ജെ.പിയുടെ മുഖ്യ എതിരാളിയായി സമാജ്‌വാദി പാര്‍ട്ടി ഉയര്‍ന്നുവരാനുള്ള സാധ്യത വളരെയേറെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ ബി.എസ്.പിക്കും എസ്.പിക്കും ഇടയിലായി വിഭജിക്കപ്പെട്ടതും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കപ്പെട്ടതുമാണ് ബി.ജെ.പിക്ക് ഗുണകരമായത്. എന്നാല്‍, ഇത്തവണ ചിത്രം മാറുമെന്ന് ഉറപ്പാണ്. വിഭജിക്കപ്പെട്ട മുസ്ലിം വോട്ടുകളും ദളിത് വോട്ടുകളും സമാജ്‌വാദിക്ക് അനുകൂലമായി മറിയുകയും മൃദുഹിന്ദുത്വ നിലപാടുകളിലൂന്നി കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നതുകൊണ്ട് ഹിന്ദുവോട്ടുകളില്‍ ചെറിയൊരു ശതമാനം കോണ്‍ഗ്രസ്സിന് അനുകൂലമായി മാറാനും ഇടയുണ്ട്. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ സമാജ്‌വാദി പാര്‍ട്ടിക്കു കഴിയും. ഇതിനിടയില്‍ മുസ്‌ലിം വോട്ടുബാങ്കിനെ പൂര്‍ണ്ണമായും കയ്യിലെടുക്കുന്നത് ലക്ഷ്യമിട്ട് അഖിലേഷ് യാദവ് കൃത്യമായ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കോണ്‍ഗ്രസ്സുമായോ, ബി.എസ്.പിയുമായോ സഖ്യമുണ്ടാക്കുന്നതിലല്ല, സമാജ്‌വാദി പാര്‍ട്ടിയുമായുള്ള മുന്നണിബന്ധത്തിലാണ് ഇപ്പോള്‍ ചെറിയ രാഷ്ട്രീയകക്ഷികള്‍ താല്‍പ്പര്യമെടുക്കുന്നത് എന്നത് സൂചിപ്പിക്കുന്നതുതന്നെ ആ പാര്‍ട്ടിക്കു മാത്രമാണ് ബി.ജെ.പിയെ നേരിടാനാകുക എന്ന് ജനം കരുതുന്നു എന്നതാണ്. രാജ്ഭാര്‍, ബിന്ദ്, പാല്‍, ചൗഹാന്‍ തുടങ്ങിയ പിന്നാക്ക വിഭാഗങ്ങള്‍ പിന്തുണക്കുന്ന സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയെപ്പോലുള്ള പാര്‍ട്ടികള്‍ ഇപ്പോള്‍ കൈകോര്‍ക്കുന്നത് സമാജ്‌വാദി പാര്‍ട്ടിയെ ആണ്. കഴിഞ്ഞതവണ ബി.ജെ.പിയുടെ വിജയത്തിനു വലിയ സംഭാവന ചെയ്ത സമുദായങ്ങളാണ് ഇവ.

കര്‍ഷകസമരം ജാട്ട് സമുദായത്തില്‍ ഉയര്‍ത്തിയ മോദിവിരുദ്ധവികാരം ബി.ജെ.പിയുടെ ശക്തിക്ഷയത്തിനു കാരണമായേക്കാം. ചരണ്‍സിംഗിന്റെ കാലം തൊട്ടേ ലോക്ദളും മകന്‍ അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദളുമായിരുന്നു ജാട്ട് ജനതയെ പ്രതിനിധാനം ചെയ്തിരുന്നത്. എന്നാല്‍, അവരില്‍ വലിയൊരു വിഭാഗം കഴിഞ്ഞ കുറേക്കാലമായി ബി.ജെ.പിക്കൊപ്പമായിരുന്നു. ഈ വിഭാഗം വീണ്ടും ലോക്ദളിലേക്കു തിരിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ ലോക്ദള്‍ ആകട്ടെ ഇപ്പോള്‍ സമാജ്‌വാദിക്കൊപ്പം തെരഞ്ഞെടുപ്പു നേരിടാനുള്ള ഒരുക്കത്തിലുമാണ്.