ഭരണഘടനയെപ്പറ്റി പറയുന്ന വേളയില്‍ ഡോക്ടര്‍ അംബേദ്കര്‍ എപ്പോഴും ആവര്‍ത്തിക്കാറുള്ള ഒരു കാര്യമുണ്ടായിരുന്നു; ഒരു മനുഷ്യന്‍ ഒരു വോട്ട് എന്ന നിലയില്‍ പൊളിറ്റിക്കലി സമന്മാരാകുന്ന ഇന്ത്യന്‍ ജനത സാമൂഹിക കാരണങ്ങളാലും സാമ്പത്തിക കാരണങ്ങളാലും അസമത്വത്തിന്റെ തട്ടുകളില്‍ത്തന്നെ തുടര്‍ന്നേക്കാമെന്ന്. സാമൂഹ്യ സമത്വത്തിന്റെ അഭാവത്തില്‍ നിയമം നല്‍കുന്ന സുരക്ഷയോ സമത്വമോ അതേറ്റവും അധികമര്‍ഹിക്കുന്ന ഒരു പൗരന് ഒരിക്കലും ലഭിച്ചേക്കില്ലെന്ന് അദ്ദേഹമെന്നും ആശങ്കപ്പെട്ടു. വര്‍ഷങ്ങള്‍ക്കപ്പുറവും ആ ആശങ്ക ഇനിയും നിര്‍വ്വീര്യമാക്കപ്പെടാതെ കിടക്കുന്നതെങ്ങനെയെന്ന് 'ജയ് ഭീം' എന്ന സിനിമ കാണിച്ചുതരുന്നു.
'ജയ് ഭീം' തമിഴ് സിനിമാലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ധീരമായ സിനിമകളിലൊന്നാണെന്ന് - ഒരുപക്ഷേ, ഏറ്റവും ധീരമായതെന്നുതന്നെ പറയേണ്ടിയിരിക്കുന്നു-വിശേഷിപ്പിക്കാതെ അതിനെക്കുറിച്ചെഴുതുന്ന ഒരു ലേഖനവും തുടങ്ങാന്‍ പറ്റില്ലെന്നു തോന്നുന്നു. അടിമുടി ധീരമായി അത് കാലത്തേയും ദേശത്തേയും മനുഷ്യനേയും സാക്ഷ്യവല്‍ക്കരിക്കുന്നുണ്ട്. വാണിജ്യ സിനിമയോട് സന്ധി ചെയ്യേണ്ടിവരുന്ന ഇടങ്ങളില്‍പ്പോലും അത് മേല്‍പ്പറഞ്ഞതിന്റെ അഴുക്കുചാലുകളോട് പുലര്‍ത്തുന്ന അത്ഭുതാവഹമായ അകലം അനല്പമായ ആഹ്ലാദം പകരുന്നുണ്ട്. പൊലീസ് സ്റ്റേഷന്‍ രംഗങ്ങളിലെ നഗ്‌നമായ വയലന്‍സ് രംഗങ്ങളുടെ നേര്‍ക്കാഴ്ചയോ കസ്റ്റഡിയിലെ പീഡനമോ അല്ല, അല്ലെങ്കില്‍ അതു മാത്രമല്ല സിനിമയുടെ സമീപനത്തിലെ ധീരത. മറിച്ച് എക്‌സിനെ എക്‌സ് എന്നുതന്നെ വിളിച്ച് അഭിസംബോധന ചെയ്യാന്‍ അതു കാണിക്കുന്ന ആര്‍ജ്ജവവും നാട്യമില്ലായ്മയുമാണ് 'ജയ് ഭീമി'നെ ഉള്ളുറപ്പുള്ള സിനിമയാക്കുന്നത്.
സിനിമയുടെ തുടക്കത്തില്‍ ഫ്രെയിം തന്നെ 'ജയ് ഭീം' മുന്നോട്ടുവെയ്ക്കുന്ന നേര്‍ക്കാഴ്ചയുടെ ഉദാഹരണമാകുന്നുണ്ട്. ഒരു പൊലീസ് ഓഫീസര്‍ ജാതിയുടെ അടിസ്ഥാനത്തില്‍, ജയില്‍ മോചിതരാകുന്ന വൃക്തികളെ തരംതിരിക്കുകയാണ്. 'നീ എന്ത ആള്' എന്ന ചോദ്യം പിന്നീടങ്ങോട്ടുള്ള അവരുടെ ജീവിതത്തെ തീരുമാനിക്കുന്ന നിര്‍ണ്ണായക ചോദ്യമാകുന്നുണ്ട്. അതിന്റെ ഉത്തരത്തില്‍ ജാതിനാമങ്ങളുടെ കാര്യത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെയാണ് ജ്ഞാനവേലെന്ന സംവിധായകന്‍ പ്രതികരിക്കുന്നത്. ഉന്നതകുലജാതരേയും അല്ലാത്തവരേയും കൃത്യമായി ആ ജാതിപ്പേരു വെച്ചുതന്നെ അഭിസംബോധന ചെയ്യുന്നിടത്ത് അയാള്‍ ആദ്യവിജയം നേടുകയാണ്. തന്റെ സിനിമ ചര്‍ച്ച ചെയ്യാന്‍ പോകുന്ന രാഷ്ട്രീയത്തില്‍/അതിന്റെ നൈതികതയില്‍ അടിയുറച്ച വിശ്വാസമുള്ള ഒരു ഫിലിം മേക്കറെ നമുക്കവിടെ പരിചയപ്പെടാം. മുനയൊടിയുന്ന രാഷ്ട്രീയമല്ല; രാകിമിനുക്കപ്പെട്ട മൂര്‍ച്ചയേറുന്ന ദളിത് രാഷ്ട്രീയമാണ് 'ജയ് ഭീമി'ന്റെ കാതല്‍. അതു പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് വ്യക്തികളെയല്ലതാനും; മറിച്ച് ജാതിയുടേയും നിയമ-നീതിന്യായ വ്യവസ്ഥകളുടേയും സംവിധാന ഘടനകളേയും അത് പരിപാലിക്കുന്ന സവര്‍ണ്ണ രാഷ്ട്രീയത്തെത്തന്നെയുമാണ്.
സിനിമയിലെ ബദല്‍ രാഷ്ട്രീയം
'ജയ് ഭീം' മുന്നോട്ടുവെയ്ക്കുന്ന ആശയത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരുപിടി ക്ലാസ്സിക്ക് രംഗങ്ങള്‍ സിനിമയിലുണ്ട്. വ്യക്തിപരമായി അവയിലേറ്റവും പ്രിയപ്പെട്ടത് പ്രകാശ് രാജ് അവതരിപ്പിക്കുന്ന ഐ.ജിയുടെ കഥാപാത്രത്തോട് പൊലീസില്‍നിന്നുണ്ടായ ദുരനുഭവങ്ങളെപ്പറ്റി ചില ദളിത് കഥാപാത്രങ്ങള്‍ വിവരിക്കുന്നിടത്താണ്. അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം മുട്ടിക്കുന്നവയാണ് അതിലെ ഓരോ കഥനവും അതുപേറുന്ന ഉള്ളുലയ്ക്കുന്ന കദനവും. പൊലീസിനെ അഭിവാദ്യം ചെയ്തതിന് അറസ്റ്റിലായവരുണ്ട് അവരുടെ കൂട്ടത്തില്‍, പൊലീസിനെ കണ്ട ഭയപ്പാടോടെ, വഴിമാറി നടന്നതിന് അറസ്റ്റിലായവരുമുണ്ട്. ഏറ്റവുമധികം നൊന്തത് അച്ഛനെ അറസ്റ്റു ചെയ്യാന്‍ കിട്ടാതിരുന്നതുകൊണ്ട് കസ്റ്റഡിയിലെടുക്കപ്പെട്ട, ആ ഒറ്റക്കാരണം കൊണ്ടു മാത്രം സ്‌കൂളില്‍ എന്തു കളവ് നടന്നാലും നിരന്തരം പരിശോധിക്കപ്പെടുന്ന സഞ്ചിയുടെ ഉടമസ്ഥനാവേണ്ടിവന്ന ആ സ്‌കൂള്‍കുട്ടിയുടെ കഥ കേട്ടപ്പോഴാണ്. ഉണങ്ങാത്ത മുറിവുകള്‍ മനസ്സില്‍ സൃഷ്ടിക്കുന്ന സംവിധാനത്തിന്റെ ക്രൂരത ഇതില്‍ കൂടുതല്‍ പച്ചയായി എങ്ങനെ ആവിഷ്‌കരിക്കാന്‍? അക്രമത്തിനാല്‍ നീതിയെ ക്രമപ്പെടുത്തുന്നതില്‍ വിശ്വസിക്കുന്ന പ്രകാള്‍ രാജിന്റെ ഐ.ജി കഥാപാത്രത്തെയല്ല സിനിമ പിന്തുടരുന്നത്. മറിച്ചു താന്‍ വിശ്വസിക്കുന്ന സത്യത്തില്‍ അടിയുറച്ച് നില്‍ക്കുന്ന മണികണ്ഠന്റെ രാജാക്കണ്ണും ലിജോമോളുടെ സെംഗിണിയും മുന്നോട്ടുവെയ്ക്കുന്ന പ്രതിരോധത്തെയാണ് 'ജയ് ഭീം' അനുധാവനം ചെയ്യുന്നത്. വ്യക്തമായ കാരണങ്ങള്‍ കൊണ്ടാണെങ്കിലും രാജാക്കണ്ണിനും സെംഗിണിക്കും തങ്ങള്‍ ഉയിരുകൊടുത്തും കാക്കുന്നത് സത്യത്തേയും സ്‌നേഹത്തേയും മാനവികതയെയുമാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. അത്ര പോലും നിസ്സഹായരാണ് അവരെന്നു തിരിച്ചറിയുന്നിടത്താണ് ഒരു കളക്ടീവ് സിസ്റ്റമെന്ന നിലയില്‍ നമ്മളെത്ര പരാജിതരാണെന്ന് നമുക്കു ബോധ്യമാവുന്നത് അല്ലെങ്കില്‍ ബോധ്യമാവേണ്ടത്. ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ, പൂശിയ സുഗന്ധദ്രവ്യത്തിന്റെ, വന്നിറങ്ങിയ വാഹനത്തിന്റെ, കയ്യില്‍ പിടിച്ചിരിക്കുന്ന മൊബൈല്‍ ഫോണിന്റെ ഒക്കെ മാനകങ്ങളില്‍ നാം സ്വീകരിക്കപ്പെടുന്ന പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍നിന്നു പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് തിരിച്ചറിയല്‍ രേഖകള്‍ പോലുമില്ലാത്ത രാജാക്കണ്ണുമാരും സെംഗിണികളും. അനുഭവിക്കാത്തതുകൊണ്ടുതന്നെ അവ നമുക്കു കഥകള്‍ മാത്രവുമാണ്!
ചന്ദ്രു എന്ന ആക്ടിവിസ്റ്റിന്റെ കഥാപാത്രം സൂര്യയുടെ കയ്യില്‍ ഭദ്രമായിരുന്നു എന്നുള്ളതിനേക്കാള്‍ ഇത്തരമൊരു സിനിമയുടെ ഭാഗമാകാന്‍ അയാള്‍ കാണിക്കുന്ന ഉത്സാഹത്തിനെയാണ് അഭിനന്ദിക്കേണ്ടതെന്നു തോന്നുന്നു. രണ്ടാം പകുതിയിലെ കോടതി മുറി രംഗം നിമിഷങ്ങളിലെ നാടകീയതകളില്‍ ഗ്യാലറിക്കുവേണ്ടി സംവിധായകനൊരുക്കുന്ന നിമിഷങ്ങളിലൊഴിച്ച് മറ്റുള്ള സമയമെല്ലാം 'ജയ് ഭീമി'ലെ നായകന്‍ ലിജോ മോളാണ്. അവര്‍ പുലര്‍ത്തുന്ന ടെറിഫിക്കായ നൈരന്തര്യത്തുടര്‍ച്ചകള്‍ അമ്പരപ്പിക്കുന്നതാണ്. ഡി.ജി.പിയോട് അയാള്‍ മുന്നോട്ടുവെയ്ക്കുന്ന 'ഓഫര്‍' നിരസിക്കുന്ന രംഗത്തുള്ള അവരുടെ ഭാവവ്യതിയാനങ്ങള്‍ സമാനതകളില്ലാത്തവിധം സൂപ്പര്‍ലേറ്റീവാണ്. കോര്‍ട്ട് റൂം രംഗങ്ങളും വളരെ പ്രവചനീയമായ അന്വേഷണ വഴികളുമൊക്കെയുണ്ടെങ്കിലും രണ്ടേമുക്കാല്‍ മണിക്കൂറിലേറിയ പങ്കും പ്രേക്ഷകനെ പിടിച്ചിരുത്താന്‍ സിനിമയിലെ വാണിജ്യ ഘടകങ്ങള്‍ക്കു കഴിയുന്നുണ്ട്.
ഒരു തിയേറ്റര്‍ റിലീസിനു മാത്രം ചിലപ്പോള്‍ എത്തിച്ചേരാന്‍ കഴിയുമായിരുന്ന ഇടങ്ങളിലേക്ക് ഒരു ഒ.ടി.ടി റിലീസിന്റെ പ്രിവിലേജ് എത്രത്തോളം 'ആക്‌സസില്ലായ്മ' സൃഷ്ടിക്കുന്നുണ്ടെന്ന അസ്വസ്ഥാജനകമായ ഒരു തിരിച്ചറിവുകൂടി ഈ സിനിമ നല്‍കുന്നുണ്ട്. എത്ര കാതം നടന്നാലായിരിക്കാം ഈ അസമത്വത്തിന്റെ അനിവാര്യമായ അന്ത്യത്തിലേക്കെത്തുക? പരിയേറും പെരുമാളും വിസാരണയും നല്‍കുന്ന 'റോ' എക്‌സിപീരിയന്‍സിനോളം-വാണിജ്യഘടകങ്ങള്‍ കൊണ്ടായിരിക്കാം - എത്തുന്നില്ലെങ്കിലും പറയുന്ന വിഷയത്തോട് കാണിക്കുന്ന അസാമാന്യമായ ആര്‍ജ്ജവം 'ജയ് ഭീമി'നെ പ്രിയപ്പെട്ടതാക്കുന്നു. ഒരു ബദല്‍ സാധ്യതയ്ക്കു നല്‍കുന്ന പ്രതീക്ഷയാണ് അതിനെ അനന്യമാക്കുന്നതും. ഡോക്ടര്‍ ബി.ആര്‍. അംബേദ്റെക്കുറിച്ചുള്ള ഒരു മറാത്ത കവിതയിലെ വരികളുമായാണ് 'ജയ് ഭീം' അവസാനിക്കുന്നത്. ''ജയ് ഭീം വെളിച്ചമാണ്, ജയ് ഭീം സ്‌നേഹമാണ്'' ഇതുകൂടി നമുക്കു കൂട്ടിച്ചേര്‍ക്കാമെന്നു തോന്നുന്നു. ''ജയ് ഭീം പ്രതീക്ഷ കൂടിയാണ്, പ്രതീക്ഷ.''
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates