ഉത്തരാധുനികതയും നീച്ചെയുടെ വിമര്‍ശനപദ്ധതിയും
By അമൃത് ജി. കുമാര്‍ | Published: 22nd November 2021 02:50 PM |
Last Updated: 22nd November 2021 02:54 PM | A+A A- |

ആനുകാലിക സാഹിത്യചര്‍ച്ചകളില്‍ നാം സ്ഥിരം കേള്‍ക്കാറുള്ള ഒരു വാക്കാണ് ഉത്തരാധുനികത. മനസ്സിലാകാത്ത ഒരു കവിത അല്ലെങ്കില്‍ കഥ എന്നിവയെയൊക്കെ നമ്മള്‍ ഉത്തരാധുനികത എന്നൊക്കെ പറഞ്ഞു കളിയാക്കാറുണ്ട്. എന്നാല്‍, എന്താണ് ഉത്തരാധുനികത എന്നു വ്യക്തമായ ഒരു ധാരണയോടുകൂടിയല്ല നാം അങ്ങനെ പറയാറുള്ളത്. യഥാര്‍ത്ഥത്തില്‍ ഉത്തരാധുനികതയ്ക്ക് നിയതമായ ഒരു നിര്‍വ്വചനം ഒന്നുമില്ല. ഒരു കൃത്യമായ നിര്‍വ്വചനം പോലുമില്ലാത്ത ഒന്നാണോ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നത് എന്ന് അത്ഭുതപ്പെട്ടേക്കാം. നിയതമായ ചട്ടക്കൂടുകളുടേയും നിര്‍വ്വചനങ്ങളുടേയും ഉള്ളില്‍ നിര്‍ത്തി വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഒന്നല്ല ഉത്തരാധുനികത എന്ന ആശയം. എന്നാല്‍, ഈ ആശയത്തെ സംബന്ധിക്കുന്ന അഭിപ്രായങ്ങളുടെ ഒരു സമന്വയം പല എഴുത്തുകാരില്‍നിന്നും നമുക്കു കണ്ടെത്താന്‍ സാധിക്കും.
സാഹിത്യത്തില്‍ മാത്രമല്ല; കല, വാസ്തുവിദ്യ, തത്ത്വശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിലായി പരന്നുകിടക്കുന്ന ഒരു ആശയമാണ് ഉത്തരാധുനികത. വാസ്തുവിദ്യയില്‍ ഉത്തരാധുനികത പ്രതിനിധാനം ചെയ്യുന്നത് വ്യത്യസ്ത രീതികളുടെ, ഉദാഹരണമായി മുഗള്‍, യൂറോപ്യന്‍, ദക്ഷിണേന്ത്യന്‍ എന്നിങ്ങനെ സമന്വയം ഒരേ നിര്‍മ്മിതിയിലേയ്ക്കു തന്നെ കൊണ്ടുവരിക എന്നുള്ളതാണ്. അതോടൊപ്പം തന്നെ പഴയകാലങ്ങളില്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചിരുന്ന അല്ലെങ്കില്‍ വാസ്തുവിദ്യയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളെ കൂടാതെ പുതിയ വസ്തുക്കള്‍ പരീക്ഷിച്ചുകൊണ്ട് വാസ്തുവിദ്യ സമീപിക്കുക എന്നുള്ളതാണ്. സാഹിത്യത്തിലാകട്ടെ, ശിഥിലീകരിക്കപ്പെട്ടതും വൈരുദ്ധ്യാത്മകവും സാമാന്യയുക്തിക്കു നിരക്കാത്ത കഥാകഥന രീതികള്‍ എന്നിങ്ങനെയാണ് ഉത്തരാധുനികതയുടെ സാന്നിധ്യങ്ങള്‍ വ്യക്തമാകുന്നത്. തത്ത്വചിന്തയില്‍ ആകട്ടെ, യാഥാര്‍ത്ഥ്യത്തിന്റെ വസ്തുനിഷ്ഠമായ വിവരണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുക, വിവിധങ്ങളായ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുക, ഈ കാഴ്ചപ്പാടുകള്‍ എല്ലാം തന്നെ അത് ഉയര്‍ത്തുന്നവരുടെ സത്യങ്ങള്‍ ആണെന്നുള്ള ആശയത്തെ മുന്‍പോട്ടു വയ്ക്കപ്പെടുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ ഉത്തരാധുനികത ഊന്നുന്നത് ശിഥിലീകരിക്കപ്പെട്ടതും വൈവിധ്യങ്ങള്‍ നിറഞ്ഞതും പരസ്പരം ഒത്തുപോകാത്ത ആശയങ്ങളുടേയും വസ്തുക്കളുടേയും സഹവര്‍ത്തിത്വവുമാണ്. കൃത്യതയോടെ വ്യവസ്ഥ ചെയ്യപ്പെട്ട ലോകക്രമം എന്ന ആശയത്തെ വെല്ലുവിളിക്കുകയാണ് ഉത്തരാധുനികത അടിസ്ഥാനപരമായി ചെയ്യുന്നത്. സത്യം പലതുണ്ടാകില്ല; മറിച്ച് ഒന്നു മാത്രമേയുണ്ടാകുകയുള്ളൂ എന്ന വിശ്വാസത്തെ രൂക്ഷമായി ആക്രമിക്കുന്ന ഒരു ആശയമായി ഉത്തരാധുനികതയെ പരിചയപ്പെടുന്നത് കൂടുതല്‍ രസകരമായിരിക്കുമെന്നു തോന്നുന്നു.
.jpg)
ഫേബര്‍മാസിന്റെ ചിന്തകള്‍
ഉത്തരാധുനികതയെക്കുറിച്ചു ധാരാളം എഴുതിയിട്ടുള്ള ഒരു ചിന്തകനാണ് ഹേബര്‍മാസ്. ഉത്തരാധുനികതയുടെ സാംഗത്യത്തെ തന്നെ ഹേബര്‍മാസ് ചോദ്യം ചെയ്യുന്നുണ്ട്. ജ്ഞാനോദയ കാലത്തിന്റെ ഉല്പന്നമായ ആധുനികത ഒരു പൂര്‍ത്തിയാകാത്ത പദ്ധതിയാണെന്നും അതിനാല്‍ ഉത്തരാധുനികത ചര്‍ച്ചകള്‍ അസമയത്താണെന്നുപോലും ഹേബര്‍മാസ് എഴുതുന്നുണ്ട്. എന്നിരുന്നാല്‍പ്പോലും ഉത്തരാധുനികതയെ സംബന്ധിക്കുന്ന ചര്‍ച്ചകളുടെ നെടുംതൂണാണ് ഹേബര്‍മാസിന്റെ ചിന്തകള്‍. ഉത്തരാധുനികതയുടെ എടുത്തുപറയേണ്ട മറ്റു പ്രധാനപ്പെട്ട പ്രയോക്താക്കള്‍ ലിയോറ്റാര്‍ഡ്, ബാഡ്രിലാര്‍ഡ് എന്നിവരാണ്. ഇവരെക്കൂടാതെ ഉത്തരാധുനികത ചിന്തകളെ സമ്പുഷ്ടമാക്കിയ എഴുത്തുകാരുടെ ഒരു നീണ്ടനിരതന്നെയുണ്ട്. ഇവരുടെയെല്ലാം തത്ത്വചിന്തകള്‍ വിശദീകരിക്കാനുള്ള സമയം ഈയൊരു ചെറിയ കുറിപ്പിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുടെയൊക്കെ ഏറ്റവും മുന്‍ഗാമിയായ, ഉത്തരാധുനിക ചിന്തകള്‍ക്ക് അടിത്തറയിട്ട, ജര്‍മന്‍ ചിന്തകനായ ഫ്രഡറിക് നീച്ചെയുടെ ചിന്തകളെ അടിസ്ഥാനമാക്കിയാണ് ഈ ചെറുകുറിപ്പ് തയ്യാറാക്കിയിട്ടുള്ളത്. ഉത്തരാധുനികതയെ മനസ്സിലാക്കണമെങ്കില്‍ നീച്ചെയില്‍നിന്നു തുടങ്ങണം എന്നു പറഞ്ഞാല്‍ അതിശയോക്തിപരമാകുമെന്നു തോന്നുന്നില്ല. 19-ാം നൂറ്റാണ്ടിലെ അവസാന പാദങ്ങളില്‍ വൈജ്ഞാനിക ലോകത്ത് ആഴത്തിലുള്ള സ്വാധീനം സൃഷ്ടിച്ച നീച്ചെയെ സ്പര്‍ശിക്കാതെ ഒരു ഉത്തരാധുനിക ചിന്തകനും മുന്നോട്ടുപോകാന്‍ സാധിക്കില്ല എന്നുള്ളതാണ് വാസ്തവം. ആശയ ലോകത്തെ കീറിമുറിക്കുന്ന തരത്തിലുള്ള ചിന്തകളുടെ ആക്രമണമാണ് നീച്ചെയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്നു കാണാന്‍ സാധിക്കും. അടിസ്ഥാന തത്ത്വങ്ങളേയും സത്യത്തിന്റെ ഏകാത്മകതയും വിട്ടുവീഴ്ചകള്‍ ഇല്ലാത്ത രീതിയില്‍ നീച്ചെ വിമര്‍ശിച്ചു.
നീച്ചെയുടെ 'അടിസ്ഥാന' വിമര്‍ശനം (Attack on foundations) ഒരുതരത്തില്‍ പറഞ്ഞാല്‍ നിലനിന്നിരുന്ന കാഴ്ചപ്പാടുകളുടേയും ബോധ്യങ്ങളുടേയും അടിത്തറ ഇളക്കല്‍ കൂടിയായിരുന്നു.
ഈ അടിത്തറ ഇളക്കല്‍ എങ്ങനെയാണ് സംഭവിക്കുന്നത് എന്നു നമുക്കു നോക്കാം. പ്രണയ നൈരാശ്യം മൂത്ത് കാമുകന്‍ കാമുകിയെ കഴുത്തറുത്ത് കൊല്ലുന്നു, അല്ലെങ്കില്‍ ആസിഡ് എറിഞ്ഞ് വികൃതമാക്കുന്നു. ഇതൊക്കെ ശരിയാണോ എന്നു ചോദിച്ചാല്‍ നാമെല്ലാം പറയുന്ന ഉത്തരം അവയെല്ലാം തന്നെ അങ്ങേയറ്റത്തെ അധാര്‍മ്മികവും കുറ്റകരവുമായ പ്രവൃത്തി എന്നാവും. അവ തെറ്റ് അധാര്‍മ്മികമാകുന്നതെങ്ങനെ എന്നു നമ്മോട് വീണ്ടും ചോദിച്ചാല്‍ ഒരുപക്ഷേ, ഉത്തരം കിട്ടുക അതു നമ്മുടെ മനസ്സാക്ഷിക്കു നിരക്കുന്നതല്ലാത്തതുകൊണ്ടാണ് എന്നാവും. ഇനി നിയമത്തെ പേടിച്ചുകൊണ്ട് അങ്ങനെ ചെയ്യാത്തവര്‍ ഉണ്ടാവുമോ? അങ്ങനെയുള്ളവര്‍ ഉണ്ടെങ്കില്‍ കൂടി അവര്‍ ഉത്തരം പറയുക മനസ്സാക്ഷിയെ സാക്ഷ്യപ്പെടുത്തിയിട്ടാവും. അപ്പോള്‍ മനസ്സാക്ഷി സമ്മതിക്കാത്തതുകൊണ്ടാണ് നാം അധാര്‍മ്മികമായി ഒന്നും പ്രവൃത്തിക്കാത്തതെന്നര്‍ത്ഥം. നിങ്ങളുടെ മനസ്സാക്ഷി ശരിയാണ് എന്നുള്ളതിന് എന്താണ് ഉറപ്പ് എന്നൊരു ചോദ്യം നമ്മോട് തിരിച്ചു ചോദിച്ചാല്‍ നാം ഒരുപക്ഷേ, പറയുക നിങ്ങള്‍ നിങ്ങളുടെ മനസ്സാക്ഷിയോട് ചോദിച്ചു നോക്കൂ, അതുതന്നെയാവും നിങ്ങള്‍ക്കും കിട്ടുന്ന ഉത്തരം എന്നാവും. മനസ്സാക്ഷി ഉള്ളവര്‍ക്കെല്ലാം ഈ ഉത്തരമേ കിട്ടൂ എന്നൊരു ധ്വനിയും അതില്‍ അടങ്ങിയിട്ടുണ്ടാകും.
ഇത്തരത്തില്‍ സാന്മാര്‍ഗ്ഗികം ആയ എല്ലാ കാര്യങ്ങളും ചെയ്യുന്നതിനു നമുക്ക് അടിസ്ഥാനം ആയിട്ടുള്ളത് നമ്മുടെ മനസ്സാക്ഷിയാണ്. മനസ്സാക്ഷി നമ്മുടെ ധാര്‍മ്മികമായ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം ആകുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ രണ്ടാണ്. ഒന്നാമതായി നമ്മുടെ ധാര്‍മ്മിക മൂല്യങ്ങളെ ഉള്‍ക്കൊണ്ടിരിക്കുന്നതും അതിനനുസരിച്ചുള്ള പ്രവര്‍ത്തികള്‍ക്കു പച്ചക്കൊടി കാണിക്കുന്നതും നമ്മുടെ മനസ്സാക്ഷിയാണ്. ഇനി ഈ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുകയും മോശം കാര്യങ്ങളെ തടയുകയും ചെയ്യുന്ന നമ്മുടെ മനസ്സാക്ഷിക്ക് അതിന്റെ തീരുമാനങ്ങളിലേക്ക് എത്തുന്നതിന് മറ്റാരുടേയും സമ്മതമോ പച്ചക്കൊടിയോ ആവശ്യമില്ലതാനും. അതായത് നമുക്കു പ്രവര്‍ത്തിക്കുന്നതിന് മനസ്സാക്ഷിയുടെ പച്ചക്കൊടി ആവശ്യമായി വരികയും മനസ്സാക്ഷിക്ക് പ്രവര്‍ത്തിക്കുന്നതിന് അങ്ങനെയൊരു പച്ചക്കൊടിയുടെ ആവശ്യമില്ലാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് 'അടിസ്ഥാനം' എന്നു പറയുന്നത് നമ്മുടെ പ്രവൃത്തികളേയും ചിന്തകളേയും ന്യായീകരിക്കുകയും എന്നാല്‍, സ്വയം ഒരു ന്യായീകരണം ആവശ്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന ഒന്നാണ്. ഇത് ഒരു വീടിന്റെ അടിത്തറയ്ക്ക് തുല്യമാണ്. വീട് അടിത്തറയില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ അടിത്തറയ്ക്ക് മറ്റ് അടിത്തറയില്ല എന്നുവരുന്നു. ഇതുപോലെ മനസ്സാക്ഷിക്ക് കാര്യങ്ങള്‍ ചോദിച്ച് ശരിയോ തെറ്റോ എന്നു തീരുമാനിക്കുന്നതിന് മറ്റൊരു അടിത്തറ അല്ലെങ്കില്‍ മറ്റൊരു മനസ്സാക്ഷിയില്ലാതെ വരുന്നു. വിജ്ഞാനത്തെ സംബന്ധിക്കുന്ന മനുഷ്യന്റെ അടിത്തറ ശാസ്ത്രജ്ഞാനം ആണല്ലോ. നാടുമുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുന്നത് കൊറോണ എന്ന സൂക്ഷ്മജീവിയായ വൈറസ് മൂലമാണ് എന്നു നമ്മള്‍ വിശ്വസിക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണം അത് ശാസ്ത്രജ്ഞാനം ആണ് എന്നുള്ളതാണ്. ഇത്തരത്തില്‍ ലോകത്തെ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗമായി ശാസ്ത്രം അവലംബിക്കുന്നത് അതിന്റെ രീതിശാസ്ത്രങ്ങള്‍ ആണ്. അപ്പോള്‍ രീതിശാസ്ത്രങ്ങള്‍ അടിത്തട്ടും ശാസ്ത്രജ്ഞാനം അതിന്റെ ഉല്പന്നങ്ങളുമായി മാറുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു പൊതുസത്യം മുന്നോട്ടുവെയ്ക്കുന്നതിനു നാമെല്ലാം ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള വിവിധങ്ങളായ അടിത്തറകളെയാണ്. ധാര്‍മ്മികമായ കാര്യങ്ങളില്‍ മനസ്സാക്ഷി, വൈജ്ഞാനികമായ കാര്യങ്ങളില്‍ ഗവേഷണ രീതിശാസ്ത്രം എന്നിങ്ങനെ പോകുന്നു അടിസ്ഥാനങ്ങള്‍.
അടിത്തറയെ ആശ്രയിച്ചുകൊണ്ട് പൊതു സത്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടും എന്നാണ് നീച്ചെ മുന്‍പോട്ടു വയ്ക്കുന്ന വാദം. സര്‍വ്വഥാ അംഗീകരിക്കപ്പെട്ട അടിത്തറയില്‍ നിന്നുകൊണ്ടാണ് തന്റെ വാക്കുകളും പ്രവൃത്തികളും എന്നു വിശ്വസിക്കുന്ന ഓരോരുത്തരും സ്വയം വഞ്ചിക്കുക കൂടിയാണ് ചെയ്യുന്നതെന്ന് നീച്ചെ വിമര്‍ശിക്കുന്നുണ്ട്.
ഒരുപക്ഷേ, ഒരു സഹജീവിയെ കൊല്ലുന്നതിന് അനുവദിക്കുന്ന മനസ്സാക്ഷി ആര്‍ക്കെങ്കിലും ഉണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ നമുക്കു ബുദ്ധിമുട്ടാവും. ഇതിന്റെ അര്‍ത്ഥം സഹജീവികളുടെ മേല്‍ ആക്രമണം അഴിച്ചുവിടുന്നതിനു നമ്മുടെ മനസ്സാക്ഷിക്കോടതിയിലെ ഒരു നിയമവും അനുവദിക്കുന്നില്ല എന്നാവുമോ? ഇതെന്താണ് വ്യക്തമാക്കുന്നത്? നീച്ചെയെ സംബന്ധിച്ചിടത്തോളം ഇതു വ്യക്തമാക്കുന്നത് നിങ്ങളുടെ ഭാവന പരിമിതപ്പെട്ടിരിക്കുന്നു എന്നു മാത്രമാണ്. എന്റെ മനസ്സാക്ഷിക്കു മുന്‍പില്‍ മറ്റൊരു ഉത്തരമില്ല എന്നു പറയുന്നതുകൊണ്ട് നിങ്ങളുടെ മനസ്സാക്ഷി സത്യമാണ് എന്നതിനു തെളിവ് ആവുന്നില്ല.
നീച്ചെ ഇവിടെ ചോദ്യം ചെയ്യുന്നത് നമ്മുടെ മനസ്സാക്ഷിയുടെ ഭാഗമായ മൂല്യങ്ങള്‍ രൂപപ്പെട്ടുവന്ന ചരിത്രപരമായ സാഹചര്യങ്ങളാണ്. ഇതില്‍ വീണ്ടും നീച്ചെ ഉപയോഗിക്കുന്നത് ജിനിയോളജി എന്ന മാര്‍ഗ്ഗമാണ്. വംശാവലി എന്ന് മലയാളത്തില്‍ പറയാം. നമ്മുടെ വാക്കുകളേയും പ്രവര്‍ത്തനങ്ങളേയും രൂപപ്പെടുത്തുന്ന മൂല്യഘടന രൂപപ്പെട്ടുവരുന്നതിന്റെ ചരിത്രം പരിശോധിച്ചാല്‍ അവയൊക്കെ നമ്മില്‍ത്തന്നെ നിന്ദ ഉളവാക്കുന്നവയാവും എന്നാണ് നീച്ചെ മുന്നോട്ടുവെയ്ക്കുന്ന വാദം. ഇതിന് ഉപോദ്ബലകമായ ഒരു വാദം മുന്നോട്ടുവയ്ക്കുന്നത് പ്രശസ്ത മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് ആണ്. പുറംലോകത്തിന്റെ ആവശ്യങ്ങളെ നാം ഉള്‍ക്കൊള്ളുന്നതിലൂടെയാണ് നമ്മുടെ മനസ്സാക്ഷി രൂപീകരിക്കപ്പെടുന്നത് എന്നാണ് ഫ്രോയ്ഡ് മുന്നോട്ടുവെയ്ക്കുന്നത്. ഒരാളുടെ അച്ഛന്‍, അമ്മ, അദ്ധ്യാപകര്‍, സമൂഹം എന്നിവരുമായുള്ള ഇടപെടലുകളും അതില്‍നിന്നു ലഭിക്കുന്ന അനുഭവങ്ങളും അതിന്റെ ഭാഗമായുള്ള മൂല്യ സങ്കല്പങ്ങളുമാണ് നമ്മുടെ മനസ്സാക്ഷിയായി മാറുന്നത്. അല്ലാതെ അവ ജനിക്കുമ്പോഴേ മനുഷ്യനില്‍ ഉണ്ടായിരുന്ന ദൈവികമായ ഒരു സോഫ്റ്റ്വെയര്‍ ഒന്നുമല്ല. സാമൂഹ്യമായ ആവശ്യങ്ങളുടെ ആന്തരികവല്‍ക്കരണമാണ് മനസ്സാക്ഷി.
ഗുണദോഷങ്ങളുടെ സമ്മിശ്രണം ആണല്ലോ നമ്മുടെ സാമൂഹ്യ അവസ്ഥകള്‍. അവിടെ സ്‌നേഹമുണ്ട്; സഹതാപമുണ്ട്; ആര്‍ദ്രതയുണ്ട്; അതുപോലെതന്നെ അധീശത്വവും പരാക്രമവും സ്വാര്‍ത്ഥതയുമുണ്ട്. ഇനി, സ്വാര്‍ത്ഥതയ്ക്കും അധീശത്വത്തിനും വേണ്ടിയുള്ള സ്‌നേഹവും സഹതാപവും ഉണ്ടെന്നു പറഞ്ഞാലും തെറ്റില്ല. ഇത്തരത്തില്‍ വ്യക്തിബന്ധങ്ങളില്‍നിന്നും സമൂഹത്തില്‍നിന്നും രൂപപ്പെട്ടു വരുന്നതാണ് നമ്മുടെ മനസ്സാക്ഷി എങ്കില്‍ അതിനെ വിമര്‍ശനാതീതമായി സ്വീകരിക്കാന്‍ സാധിക്കുമോ എന്ന ചോദ്യമാണ് നീച്ചെ ഉയര്‍ത്തുന്നത്.
വംശാവലി സിദ്ധാന്തത്തിന് വിശകലനം
തന്റെ വംശാവലി സിദ്ധാന്തം ഉപയോഗിച്ചുകൊണ്ട് നീച്ചെ ക്രിസ്തീയ മൂല്യങ്ങളായ സ്‌നേഹം, സഹനം തുടങ്ങിയവയുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു വിശകലനം ചെയ്യുന്നുണ്ട്. ഈ മൂല്യങ്ങളുടെ ഉത്ഭവത്തിനു കാരണമായി നീച്ചെ ചൂണ്ടിക്കാണിക്കുന്നത് റോമാ സാമ്രാജ്യത്തില്‍ നിലനിന്നിരുന്ന സാമൂഹികഘടനയിലെ മേല്‍ത്തട്ടിനേയും കീഴ്ത്തട്ടിനേയുമാണ്. മേല്‍ത്തട്ട് പണവും അധികാരവും സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നതിനു സ്വാതന്ത്ര്യവും ഉള്ളവരാണ്. കീഴ്ത്തട്ടിലുള്ളവര്‍ക്ക് ഇതെല്ലാം നിഷേധിക്കപ്പെട്ടിരിക്കുന്നു. മേല്‍ത്തട്ടില്‍ ഉള്ളവരുടെ അടിമകളായി ജോലി ചെയ്യുന്നവരാണ് കീഴ്ത്തട്ടിലുള്ളത്. അടിമകള്‍ യജമാനന്റെ ഉത്തരവിനു വിരുദ്ധമായി സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിച്ചാല്‍ അവര്‍ കൊടിയ മര്‍ദ്ദനത്തിന് ഇരയാകുമായിരുന്നു. എത്ര മര്‍ദ്ദനവും പീഡനവും ഏറ്റുവാങ്ങിയാലും തിരിച്ചു തന്റെ യജമാനനോട് മറുത്ത് ഒരക്ഷരം പറയാന്‍ സാധിക്കില്ല. അങ്ങനെ ഉണ്ടായാല്‍ യജമാനന്‍ അതൊരിക്കലും സഹിക്കില്ല. അങ്ങനെയുണ്ടായാല്‍ വീണ്ടും കൊടിയ പീഡനങ്ങള്‍ അടിമയുടെമേല്‍ ഉണ്ടാവും. ചിലപ്പോള്‍ കൊന്നുകളയുകയും ചെയ്യും. യജമാനനോട് പ്രതികരിക്കുകയോ മറുത്ത് ഒരക്ഷരം പറയുകയോ ചെയ്യാന്‍ സാധിക്കാത്ത അടിമകള്‍ പീഡനങ്ങളില്‍നിന്ന് 'സഹനം' എന്നൊരു മൂല്യത്തെ കണ്ടെത്തുകയായിരുന്നു. തന്നെ പീഡിപ്പിക്കുന്നവരോട് പ്രതിഷേധിക്കുന്നതിനുള്ള യാതൊരു മാര്‍ഗ്ഗവും ഇല്ലാതിരിക്കുക വഴി രൂപപ്പെട്ട ഒരു സ്വഭാവമാണ് 'സഹനം' എങ്കിലും പിന്നീട് അതൊരു മൂല്യമായി പരിണമിക്കുകയാണ് ഉണ്ടായത്. ചുരുക്കിപ്പറഞ്ഞാല്‍ പ്രതികരിക്കാന്‍ സാഹചര്യങ്ങളും അതിനുള്ള ശേഷിയും ഇല്ലാത്ത അടിമകളുടെ ദുരവസ്ഥയാണ് 'സഹനം' എന്ന ക്രിസ്തീയ മൂല്യത്തിന്റെ ഉത്ഭവസ്ഥലം എന്നാണ് നീച്ചെ പറയുന്നത്. ജീസസ് ക്രൈസ്റ്റിന്റെ അടിച്ചമര്‍ത്തപ്പെട്ട മുന്‍ഗാമികളില്‍നിന്നും കൈമാറ്റം ചെയ്യപ്പെട്ട ഈ 'സ്വഭാവം' ക്രിസ്ത്യാനിറ്റിയുടെ ഉത്ഭവത്തോടുകൂടി ദൈവികവും മതപരവുമായ മൂല്യം ആയി പരിണമിക്കപ്പെട്ടു എന്നാണ് നീച്ചെ വിശകലനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ സഹനം എന്നത് ഒരു ദൈവിക മൂല്യമാണ് എന്ന ആശയത്തെ നീച്ചെ ചോദ്യം ചെയ്യുകയാണ്. ഇത്തരത്തിലുള്ള ചോദ്യം ചെയ്യലില്‍ തന്റെ നിഗമനങ്ങള്‍ അന്തിമ സത്യമാണ് എന്നും നീച്ചെ വിശ്വസിക്കുന്നില്ല. അടിത്തട്ടിനെ മനസ്സിലാക്കുന്നതിനുള്ള വ്യത്യാസങ്ങള്‍ ഒരേ മൂല്യത്തേയോ സംഭവങ്ങളേയോ വസ്തുവിനേയോ പ്രതിഭാസങ്ങളേയോ ഒക്കെ സംബന്ധിക്കുന്ന വ്യതിരിക്തമായ കാഴ്ചപ്പാടുകളിലേയ്ക്ക് നമ്മെ കൊണ്ടുചെന്നെത്തിച്ചേക്കാം.
.jpg)
നീച്ചെയുടെ 'അടിത്തറയെ' ചോദ്യം ചെയ്യുന്ന ഈ വാദത്തില്‍നിന്നും സാഹിത്യത്തിലേയ്ക്ക് വരുകയാണെങ്കില്‍ പ്രത്യക്ഷമായി വായിച്ചെടുക്കാന്‍ സാധിക്കുന്ന പരിധിക്കു പുറത്തേയ്ക്കു പോയി അടിത്തട്ടിനെ വിശകലനം ചെയ്തുകൊണ്ടു പുതിയ ഉള്‍വെളിച്ചങ്ങള്‍ നല്‍കുന്ന സര്‍ഗ്ഗസൃഷ്ടികളാണ് ഉത്തരാധുനിക സാഹിത്യത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്നത്. പാടിപ്പതിഞ്ഞ പാട്ടുകളും കവിതകളും കേട്ടുപഴകിയ കഥകളും മിത്തുകളും എല്ലാം തന്നെ അവയുടെ ഉത്ഭവത്തെ സംബന്ധിക്കുന്ന സാഹചര്യങ്ങളെ അജ്ഞാതവും നിഗൂഢവും ആക്കുന്നുണ്ട്. ഇവയുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള നിരീക്ഷണങ്ങള്‍ ഒരുപക്ഷേ, വിരോധാഭാസവും മതവിരുദ്ധമായും സാമൂഹ്യവിരുദ്ധമായും ഒക്കെ ചിത്രീകരിക്കപ്പെട്ടേക്കാം. നമ്മുടെ പൊതുബോധത്തിന്റെ ഭാഗമായി ദീര്‍ഘനാളുകളായി നിലനില്‍ക്കുന്ന പല കാര്യങ്ങളും യുക്തിഭദ്രം ആണ് എന്ന തോന്നല്‍ നമുക്ക് ഉണ്ടായേക്കാം. ദാനശീലവും ഔദാര്യവുംപോലെയുള്ള സാമൂഹികവും മതപരവുമായ മൂല്യങ്ങള്‍ ലോകാവസാനം വരെ നീണ്ടുനില്‍ക്കേണ്ടതാണ് എന്ന് ഏതൊരു മനുഷ്യസ്‌നേഹിയും ആഗ്രഹിക്കും. ഔദാര്യവും ദാനശീലവും അനീതിയും അസമത്വവും നിറഞ്ഞ ലോകത്തിന്റെ തെളിവാണ് എന്നു പറഞ്ഞത് പൗലോ ഫ്രയര്‍ ആണ്. അങ്ങനെ വരുമ്പോള്‍ ഇല്ലാത്തവന് അവകാശപ്പെട്ടതും കൂടെ കയ്യടക്കിവെച്ചിരിക്കുന്ന ധനികരുടെ കുറ്റബോധത്തില്‍നിന്നാണ് ഔദാര്യവും ദാനശീലവുംപോലെയുള്ള മൂല്യങ്ങള്‍ ഉണ്ടാകുന്നത് എന്നു കാണാം. ലോകാവസാനം വരെ ദാനശീലം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തി സാമൂഹിക അസമത്വം ഒരു കാരണവശാലും മാറരുത് എന്ന് അബോധമായി ആഗ്രഹിക്കുന്നതിനു തുല്യമായി മാറുന്നു.
സര്‍ഗ്ഗസൃഷ്ടികള്‍ നിലനില്‍ക്കുന്ന ലോകത്തിന്റെ പൊതുബോധത്തേയും അതിന്റെ ഭാഗമായിട്ടുള്ള വ്യത്യസ്ത മൂല്യങ്ങളേയും വംശാവലി പഠനത്തിലൂടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നു പരിശോധിക്കുമ്പോള്‍ ദൃശ്യമാകുന്നത് ഒരുപക്ഷേ, ഇപ്പോഴത്തെ സമൂഹത്തിന് ഒരിക്കലും ദഹിക്കുന്ന കാര്യങ്ങള്‍ ആയിക്കൊള്ളണമെന്നില്ല. ''ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാകാം, നാളത്തെ ശാസ്ത്രമാകാം, അതില്‍ മൂളായ്ക സമ്മതം രാജന്‍'' എന്ന് കുമാരനാശാന്‍ പറയുമ്പോള്‍ നാം ഒരു ഉത്തരാധുനികനെയാണ് പരിചയപ്പെടുന്നത്. അതെ, ഉത്തരാധുനികത പ്രതിനിധാനം ചെയ്യുന്നത് ഒരു കാലത്തെയല്ല, മറിച്ച് ഒരു ജ്ഞാനവ്യവസ്ഥയേയും അതു മുന്നോട്ടു വെയ്ക്കുന്ന മനോഭാവത്തേയുമാണ്.