'സൈഡിലെ കര്‍ട്ടനിലേക്കു മാറിനിന്ന്, തകഴിയെ നോക്കി ബീഡി വലിക്കുന്ന എം.ടിയുടെ മുഖം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്'

പത്മനാഭന് ഡ്രൈവിംഗ് വശമുണ്ടെന്ന് അറിയുന്നവര്‍ ഇക്കാലത്ത് ചുരുക്കവുമായിരിക്കും
'സൈഡിലെ കര്‍ട്ടനിലേക്കു മാറിനിന്ന്, തകഴിയെ നോക്കി ബീഡി വലിക്കുന്ന എം.ടിയുടെ മുഖം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്'

1989-ല്‍, എഫ്.എ.സി.ടിയിലെ ഔദ്യോഗിക ജീവിതത്തില്‍നിന്നു പടിയിറങ്ങുമ്പോള്‍, ടി. പത്മനാഭന്‍, താന്‍ അതുവരെ ഓടിച്ചുകൊണ്ടിരുന്ന പ്രീമിയര്‍ പത്മിനിയില്‍നിന്നുമിറങ്ങി. അതുവരെ അനുഭവിച്ചിരുന്ന ഡ്രൈവിംഗ് എന്ന ആഹ്ലാദം ഉപേക്ഷിക്കുന്നതിനു പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല. പത്മനാഭന് ഡ്രൈവിംഗ് വശമുണ്ടെന്ന് അറിയുന്നവര്‍ ഇക്കാലത്ത് ചുരുക്കവുമായിരിക്കും.

''ഞാന്‍ മനോഹരമായി ഡ്രൈവ് ചെയ്യുമായിരുന്നു.''

പത്മനാഭന്‍ പറഞ്ഞു:

''എറണാകുളത്തുനിന്ന് കണ്ണൂര് വരെ തനിച്ച്... ഒരപകടവും ഉണ്ടായിരുന്നില്ല. ഒരിക്കലും.''

''എന്നിട്ടും ഇനി ഡ്രൈവ് ചെയ്യേണ്ട എന്നു തീരുമാനിച്ചത്?''

''ഒന്നുമുണ്ടായിട്ടല്ല. ജോലിക്കു പോകുമ്പോള്‍ ഉപയോഗിച്ചിരുന്ന ആ വണ്ടി ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ ഉപേക്ഷിക്കാന്‍ തോന്നി. നന്നായി ഞാന്‍ കാറിനെ നോക്കിയിരുന്നു. പരിപാലിച്ചിരുന്നു എന്നുതന്നെ പറയാം. എല്ലാ ദിവസവും അകവും പുറവും തുടച്ച്... കാര്‍ ഷെഡില്‍ തുണികള്‍ കൂട്ടിക്കെട്ടി മറച്ച്... വണ്ടി വിലക്ക് വാങ്ങാന്‍ വന്നയാള്‍ പറഞ്ഞു: ഒരു ഒടവും പറ്റിയിട്ടില്ല. പുതിയതുപോലെ... പഴയതായിരിക്കുമ്പോഴും പുതിയതുപോലെയിരിക്കുക. അത് എന്റെ കാഴ്ചപ്പാടും ആയിരുന്നു...''

ഇപ്പോള്‍ ചില പഴയ സിനിമകളില്‍ പ്രീമിയര്‍ പത്മിനി കാണുമ്പോള്‍ ടി. പത്മനാഭന്‍ വെറുതെ, ഗൃഹാതുരതയോടെ ഓര്‍മ്മിക്കും:

''എനിക്കും ഇതുപോലെ ഒരു വണ്ടിയുണ്ടായിരുന്നു. മഴ പെയ്യുമ്പോള്‍ ഞാനത് സ്വയം ഓടിച്ച്... ഗ്ലാസ്സിലൂടെ മഴത്തുള്ളികള്‍ വീഴുന്നതൊക്കെ ആസ്വദിച്ച് ...''

ഡ്രൈവിംഗ് ഉപേക്ഷിച്ചു എന്നു മാത്രമല്ല, പിന്നീട് പത്മനാഭന്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കിയുമില്ല.

എന്നാല്‍, ഉപേക്ഷിക്കാനാവാത്ത ഒരു ശീലം പത്മനാഭന്‍, 93-ാം വയസ്സിലും തുടരുന്നു.

കഥ, എഴുത്ത്.

കഥയുടെ ലൈസന്‍സ് കാലഹരണപ്പെടാതെ കൊണ്ടുനടക്കുന്നു.

ടി. പത്മനാഭന്റെ കഥകളുടെ പ്രമേയം, ജീവിച്ചിരിക്കുന്ന നിമിഷങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്.

എന്താ കഥ? പത്മനാഭന്‍ കഥകളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെ ചോദിക്കുമ്പോള്‍, ഇതാ, ഈ ഇരിക്കുന്ന നിമിഷങ്ങള്‍ ഓരോ മനുഷ്യരും അവരവരുടെ കഥകളിലൂടെയാണ് കടന്നുപോകുന്നത് എന്നു പറയാം. ജീവിക്കുന്ന നിമിഷങ്ങളുടെ പകര്‍പ്പുകളാണവ. അതായത്, നല്ല കഥ ഹൃദയം കൊണ്ട് അനുഭവിക്കാനുള്ളതാണ്. മന്ദസ്മിതത്തെ നാം എങ്ങനെയാണ് നിര്‍വ്വചിക്കുക? ''ഇന്നലെ രാവില്‍ ഞാനൊരു പൂമൊട്ടിന്‍ മന്ദസ്മിതത്തില്‍ കിടന്നുറങ്ങി...'' എന്ന് ചങ്ങമ്പുഴയിലെ വരിയിലെ മന്ദസ്മിതത്തെ എങ്ങനെ നിര്‍വ്വചിക്കും? അതുപോലെ ഒരുതരം നിര്‍വ്വചനത്തിനും വഴങ്ങാത്ത ആന്തരികതലം ആ കഥകള്‍ അനുഭവപ്പെടുത്തുന്നു. പ്രീമിയര്‍ പത്മിനി വാങ്ങാന്‍ വന്നയാള്‍ പറഞ്ഞ ആ വിശേഷണം പത്മനാഭന്റെ ഏറെ പ്രശസ്തമായ പല കഥകള്‍ക്കും ചേരും:

ഇത്ര കാലം ഓടിച്ചിട്ടും ഒരു ഒടവും പറ്റിയിട്ടില്ല.

ടി പത്മനാഭൻ/ ഫോട്ടോ: സജി ജെയിംസ്
ടി പത്മനാഭൻ/ ഫോട്ടോ: സജി ജെയിംസ്

ടി. പത്മനാഭനുമായി നടത്തുന്ന എത്രാമത്തേയോ സംഭാഷണങ്ങള്‍ക്കായി പള്ളിക്കുന്നിലെ വീട്ടില്‍ ഇരിക്കുമ്പോള്‍, പുതുതായൊരു വിഷയത്തെ കണ്ടെത്തണമെന്നു തോന്നി. ഇവിടേക്ക് പുറപ്പെടും മുന്‍പുതന്നെ നായകളെ കെട്ടിയിടണമെന്നു പറഞ്ഞിരുന്നു. തെരുവിലെവിടെയോ നിന്ന് ഒരു മഴക്കാലത്ത് കയറിവന്ന ആ കറുത്ത നായയെ എനിക്കു പേടിയാണ്. ആവശ്യമില്ലാതെ അതു കുരച്ചു പേടിപ്പിക്കും. പോകുമ്പോഴൊക്കെ രാമചന്ദ്രന്‍, ടി. പത്മനാഭന്റെ ജീവിതത്തിന്റെ സാരഥി, നായ്ക്കളെ അരുമയോടെ മാറ്റിനിര്‍ത്തും. 'നവാതിഥി' എന്ന പേരില്‍ പത്മനാഭന്‍ ആ നായയെപ്പറ്റി ഒരു കഥയും എഴുതിയിരുന്നു. 

സംസാരിച്ചു തുടങ്ങി, ഒടുവിലെപ്പോഴോ ആണ് വര്‍ത്തമാനത്തിലേക്ക് പ്രീമിയര്‍ പത്മിനി കടന്നുവരുന്നത്. പുതുതായി ഒരു കാര്യം പറയുന്നതല്ല, ഒരു ഉടവും പറ്റാതെ പറയുക എന്നതാണ് പ്രധാനം. 93-ാം വയസ്സിലും ആ ഓര്‍മ്മകള്‍ വെയില്‍പോലെ തിളങ്ങുന്നു.

പത്മനാഭന്റെ എഴുത്തുകാര്‍, പാട്ടുകാര്‍, പത്രാധിപന്മാര്‍ എന്ന വിഷയത്തിലാണ് ഈ സംഭാഷണം. ഏതൊരു എഴുത്തുകാരനും/കാരിക്കും അവരുടേതായ എഴുത്തുകാരുണ്ടാവും. വായനക്കാര്‍ സ്വന്തം എഴുത്തുകാരുടെ ആശയഭ്രമണപഥത്തില്‍ കറങ്ങുന്നവരായിരിക്കും. 

ടി. പത്മനാഭനെപ്പോലെയുള്ള, ദീര്‍ഘമായ എഴുത്തനുഭവം പേറുന്ന ഒരാള്‍ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചു പറയുമ്പോള്‍, അത് ഒരു വായനശാലയില്‍ കയറുന്ന അനുഭവമായിരിക്കും. ഓര്‍മ്മകളുടെ വായനശാല.

കുമാരനാശാൻ
കുമാരനാശാൻ

പത്മനാഭന്റെ എഴുത്തുകാര്‍ 

ഒന്ന്: കുമാരനാശാന്‍ 

''ഹന്ത! ധന്യമിഹ നിന്റെ ജീവിതം.''

മഹാകവി കുമാരനാശാനെയാണ് പത്മനാഭന്റെ എഴുത്തുകാരില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാളായി ആദ്യം ഓര്‍ത്തെടുക്കുന്നത്.

എന്തുകൊണ്ട്?

ടി. പത്മനാഭന്‍: ഞാന്‍ വളരെ ചെറുപ്പത്തിലേ വായന തുടങ്ങിയ ഒരാളാണ്. ഞങ്ങളുടെ അദ്ധ്യാപകന്‍ വാഴയില്‍ ഗോവിന്ദന്‍ വൈദ്യരിലൂടെ നാലപ്പാട്ട് നാരായണമേനോന്‍ വിവര്‍ത്തനം ചെയ്ത 'പാവങ്ങള്‍' സമ്പൂര്‍ണ്ണ കൃതികള്‍ ഞാന്‍ വായിക്കുന്നുണ്ട്. അതൊരു വലിയ സംഭവമാണ്. ഒരു വലിയ ലോകത്തേക്ക് അദ്ധ്യാപകന്‍ വാതില്‍ തുറന്നുതരികയാണ്. അതുവരെ ആ കുട്ടി കാണാത്ത ഒരു ലോകം. മറ്റൊരു ലോകത്തെ, ഏതോ കാലത്തെ മനുഷ്യര്‍...

ആ അദ്ധ്യാപകന്‍ തന്നെയാണ് കുമാരനാശാന്റേയും വള്ളത്തോളിന്റേയും സാഹിത്യലോകത്തേക്കു കൈപിടിച്ചുകൊണ്ട് പോകുന്നത്. ഇന്നത്തെപ്പോലെ എക്സ്ട്രാ കരിക്കുലം ആക്ടിവിറ്റിയൊന്നും ഇല്ലാത്ത കാലമാണ് എന്ന് ഓര്‍മ്മ വേണം. എന്താണ് അദ്ധ്യാപകര്‍ക്ക് കുട്ടികള്‍ക്കു നല്‍കാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം? അവര്‍ ഇരിക്കുന്ന ക്ലാസ്സ്മുറിക്കു പുറത്ത് മറ്റൊരു ലോകമുണ്ടെന്നും അവിടേക്കു വായനയിലൂടെ കടന്നുപോകാമെന്നും പറഞ്ഞുകൊടുക്കുക. ആ ലോകത്തേക്ക് വഴി പറഞ്ഞുകൊടുക്കുക. ബാസല്‍ മിഷന്‍ അച്ചടിച്ച 'നവീന പാഠാവലി'ക്കപ്പുറം അനുഭവങ്ങളുടേയും വാക്കുകളുടേയും വിസ്മയിപ്പിക്കുന്ന ഒരു ലോകമുണ്ടെന്ന് ചെറുബാല്യത്തിലേ അറിയാന്‍ വാഴയില്‍ ഗോവിന്ദന്‍ വൈദ്യര്‍ സഹായിച്ചു. ചെറിയ ക്ലാസ്സില്‍ വെച്ചുതന്നെ ഭാഷയുടെ കരുത്തും സൗന്ദര്യവും മനസ്സിലാക്കാന്‍ അതു വലിയ കാരണമായി. മാഷ് 'ചണ്ഡാലഭിക്ഷുകി' നന്നായി പഠിപ്പിച്ചു. 'ബന്ധനസ്ഥനായ അനിരുദ്ധനും' പഠിപ്പിച്ചു. ഭാഷയെ നന്നായി മനസ്സിലാക്കി തരാനുള്ള കഴിവ് ആ അദ്ധ്യാപകനുണ്ടായിരുന്നു. 

അറിയാമല്ലോ, പിന്നീട്, കഥകള്‍ സമാഹാരമായി പുറത്തിറക്കുമ്പോള്‍ പ്രിയപ്പെട്ട കവിതകളില്‍നിന്നുള്ള വരികളാണ് ആമുഖമായി ചേര്‍ത്തത്. ബാല്യത്തിലെ മനസ്സില്‍ പതിഞ്ഞ വരികളായിരുന്നു അവ.
കുമാരനാശാന്‍ ആണോ നിത്യപ്രചോദകന്‍ എന്ന ചോദ്യത്തിനു മറുപടിയായി പത്മനാഭന്‍ പറഞ്ഞു:

''ഇല്ല, അങ്ങനെയാരും എന്നെ പ്രചോദിപ്പിച്ചിട്ടില്ല. ഒരുപക്ഷേ, സമാനമായിട്ടുള്ള ഒരു ജീവിതബോധം കുമാരനാശാനില്‍ ഞാന്‍ കാണുന്നുണ്ട്. അതു നിഷേധിക്കാനാവില്ല.

''സന്തതം മിഹിരന് ആത്മശോഭയും 
സ്വന്തമാം മധു കൊതിച്ച വണ്ടിനും 
ചന്തമാര്‍ന്നരുളി നില്‍ക്കുമോമലേ 
ഹന്ത! ധന്യമിഹ നിന്റെ ജീവിതം'' എന്ന നളിനിയിലെ വരികള്‍... 

ആത്മാവിന്റെ ശോഭയുള്ള വരികളാണവ. വണ്ടിനും സൂര്യനും ആത്മശോഭ പകുത്തുകൊടുത്ത ഒരു ധന്യജീവിതത്തെക്കുറിച്ചാണ് ഈ വരികള്‍ സൂചിപ്പിക്കുന്നത്. 'ഗൗരി' എഴുതുമ്പോള്‍ ഈ ചിന്ത മനസ്സിലുണ്ടായിരുന്നു. 'ഗൗരി'ക്ക് ഭര്‍ത്താവുണ്ട്, മക്കളുണ്ട്. അതേസമയം അവര്‍ മറ്റൊരാളെ പ്രേമിച്ചു. അത്, ആത്മാവിന്റെ ഒരു പകുത്തുകൊടുക്കലാണ്. പ്രണയമെന്നത് ആത്മാവിന്റെ പ്രകാശനമാണ്. അങ്ങനെയാണ് എനിക്കു തോന്നുന്നത്. അല്ലാതെ...

വള്ളത്തോൾ
വള്ളത്തോൾ

പ്രണയത്തിന്റെ ഭംഗി, പ്രണയത്തിന്റെ വേദന, പ്രണയശേഷമുള്ള വിരഹത്തിന്റെ ശക്തി, ആഘാതം... ഇതെല്ലാം ആശാന്‍ കവിതകളില്‍ നമുക്കു കാണാം. ആശാന്റെ വരികള്‍ ഞാന്‍ കുറെ കഥകളില്‍ ചേര്‍ത്തിട്ടുണ്ട്. ആമുഖമായും അല്ലാതേയും ആ വരികള്‍ അതുപോലെ എടുത്തു ചേര്‍ത്തിട്ടുമുണ്ട്. മറ്റൊന്ന്, കുമാരനാശാന്‍ ആ കാലത്തെ ജാതി വേദനകള്‍ അതികഠിനമായി അനുഭവിച്ച കവിയാണ്. ജാതികൊണ്ട് മാറ്റിനിര്‍ത്തപ്പെടുക എന്നു പറഞ്ഞാല്‍, ഒരു മനുഷ്യന്‍ അനുഭവിക്കുന്ന ഏറ്റവും യാതന നിറഞ്ഞ സഹനമാണ്. ഇല്ല, അതനുഭിച്ചവര്‍ക്കല്ലാതെ ഒരിക്കലും പൂര്‍ണ്ണമായി മനസ്സിലാകില്ല. കുമാരനാശാന്‍ അതു നേരില്‍ അനുഭവിച്ചിരുന്നു. 

കുമാരനാശാന്റെ ജീവിതം പഠിക്കുമ്പോള്‍, സ്വന്തം ജാതിയാല്‍ തന്നെയാണ് ആശാന്‍ വേട്ടയാടപ്പെട്ടത് എന്നു മനസ്സിലാക്കാനാവും. ഈഴവരില്‍നിന്നു തന്നെയാണ് ആശാന്‍ വലിയ ജാതിനിന്ദ അനുഭവിച്ചത്. സ്വജാതിയില്‍ത്തന്നെ കീഴ്ശ്രേണിയിലായിരുന്നു കുമാരനാശാന്‍. കുമാരനാശാന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം ഇതു വ്യക്തമാക്കുന്നുണ്ട്. കുമാരനാശാനോട് വലിയ ആദരവുള്ള ഒരു ഈഴവ പ്രമാണിയുടെ മകളുടെ വിവാഹത്തിന് കുമാരനാശാനു ക്ഷണമുണ്ടായിരുന്നു. സുഹൃത്തിന്റെ മകളല്ലേ, കുമാരനാശാന്‍ നേരത്തേ പുറപ്പെടുന്നു. എന്നാല്‍, സുഹൃത്തായ ഈഴവ പ്രമാണി, കല്യാണവീട്ടില്‍നിന്ന് ഏറെ ദൂരെ, വഴിയരികില്‍ കുമാരനാശാനേയും കാത്തുനില്‍പ്പുണ്ടായിരുന്നു. കുമാരനാശാനെ കണ്ടയുടന്‍ കൈ രണ്ടും കൂട്ടിപ്പിടിച്ച് ആ ഈഴവ പ്രമാണി പറഞ്ഞു:

പൊൻകുന്നം വർക്കി
പൊൻകുന്നം വർക്കി

''പൊന്നു ചങ്ങാതി, വീട്ടിലേക്ക് വരരുത്. കുമാരന്‍ വന്നാല്‍ ഞങ്ങള്‍ ഇറങ്ങിപ്പോകും എന്ന് ചില പ്രമാണിമാര്‍ പറയുന്നു.''

കുമാരനാശാന്‍ പറഞ്ഞു: 

''ഞാന്‍ വരുന്നില്ല. നിങ്ങള്‍ സമാധാനത്തോടെ പോയ്ക്കോളൂ.''

ഓര്‍മ്മ വേണം, ഒരു മഹാകവിയാണ് തിരിച്ചുപോകുന്നത്. വിളിച്ച കല്യാണത്തിനു പങ്കെടുക്കാനാവാതെ... സവര്‍ണ്ണരില്‍നിന്നല്ല ഈ ദുരനുഭവം കുമാരനാശാന്‍ നേരിട്ടത്. അതുകൊണ്ടാണ് കുമാരനാശാന്‍ പിന്നീടെഴുതിയത്: ''നിന്റെ മക്കള്‍ ജാതികൊണ്ട് തമ്മിലടിക്കുകയാണ്. സ്വാതന്ത്ര്യം എന്തിന്?''
''എന്തിനു ഭാരതധരേ കരയുന്നു?...'' എന്ന വരികള്‍ ഉള്ള ആ കവിത. ''പാരതന്ത്ര്യം നിനക്കു വിധികല്‍പ്പിതം തായേ!'' എന്നു വേദന കലര്‍ന്ന ആത്മരോഷത്തോടെ കുമാരനാശാന്‍ എഴുതി. സ്വാതന്ത്ര്യം ഏറ്റവുമധികം ആഗ്രഹിച്ച കവിയാണ് ഹൃദയം പിളര്‍ക്കുന്ന വേദനയില്‍ അതെഴുതിയത്. വ്യക്തി എന്ന നിലയില്‍ സ്വജാതിയില്‍നിന്നു കടുത്ത അവഗണന ആശാന്‍ നേരിട്ടു. ആ അവഗണന, നിന്ദ ഭാഷയില്‍ വന്നു.
കുമാരനാശാന്റെ ജീവിതത്തിലെ വേദനയുടെ ആ കാലം പറഞ്ഞുകൊണ്ടുതന്നെ ടി. പത്മനാഭന്‍ സ്വന്തം ബാല്യത്തിലെ ഒരു ഓര്‍മ്മ പങ്കുവെച്ചു:

''ഞാന്‍ എലിമെന്ററി സ്‌കൂളില്‍ പഠിക്കുന്ന കാലം. എന്റെ സതീര്‍ത്ഥ്യ, നാണിക്കുട്ടി വാരസ്യാര്‍ക്ക് ചില വിഷയങ്ങളില്‍ ഞാന്‍ പഠനത്തില്‍ സഹായിക്കുമായിരുന്നു. പ്രത്യേകിച്ചും ഗണിത ക്രിയകള്‍ ചെയ്യാന്‍. കണക്കില്‍ ആ കുട്ടി പിറകിലായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടായിരുന്നു. പ്രണയമാണ് എന്നു പറയാമോ എന്നറിയില്ല...

സ്‌കൂളില്‍നിന്ന് ഒരു ടീച്ചര്‍ പിരിയുന്ന ദിവസം. ആ ടീച്ചറുടെ വക കുട്ടികള്‍ക്കു കാപ്പിയും ബിസ്‌കറ്റും നല്‍കി. ഞാനപ്പോള്‍ തന്നെ ബിസ്‌കറ്റ് വാങ്ങി തിന്നു. നല്ല വിശപ്പുണ്ടായിരുന്നു.

സ്‌കൂള്‍ വിട്ട് ഞാനും നാണിക്കുട്ടിയും തിരിച്ചു വീട്ടിലേക്കു പോവുകയാണ്. ഒരേ വഴിക്കാണ് ഞങ്ങള്‍ക്കു പോകേണ്ടത്. നാണിക്കുട്ടി വീട്ടിനടുത്ത് എത്താറായപ്പോള്‍, ഒളിപ്പിച്ചുവെച്ച ബിസ്‌കറ്റ് അമ്പലക്കുളത്തിലെറിഞ്ഞു. അവളുടെ അച്ഛന്‍ ഒരു നമ്പൂതിരി ആയിരുന്നു. അവള്‍ വാരസ്യാര്‍. ജോലിയില്‍നിന്നു പിരിയുന്ന ടീച്ചര്‍ ജാതി ശ്രേണിയില്‍ താഴെയായിരുന്നു. ബിസ്‌കറ്റിനും ജാതിയോ... എനിക്കു വേദന തോന്നി. ആ ബിസ്‌കറ്റ് നാണിക്കുട്ടിക്ക് എനിക്കു തരാമായിരുന്നല്ലോ...

ബഷീർ
ബഷീർ

ഈ സംഭവം മനസ്സില്‍ അങ്ങനെ കിടന്നു. മംഗലാപുരത്ത് ഇന്റര്‍മീഡിയറ്റിനു പഠിക്കുമ്പോള്‍ ആ അനുഭവത്തിന്റെ ഓര്‍മ്മയിലാണ് 'തിന്നുവാന്‍ പറ്റാത്ത ബിസ്‌കറ്റ്' എന്ന കഥ എഴുതിയത്. എന്നാല്‍, കഥയുടെ ഒടുവില്‍ ഞാനൊരു കള്ളമെഴുതി: അവള്‍ വളര്‍ന്നപ്പോള്‍ കീഴ്ജാതിയില്‍ പെട്ട ഒരാളെ കല്യാണം കഴിച്ച് ജീവിക്കുന്നു എന്ന്...''

''എഴുത്തുകാരനെന്ന നിലയിലുള്ള ശുഭാപ്തിവിശ്വാസം കൊണ്ടാണോ കഥയില്‍ അങ്ങനെയെഴുതിയത്?''

ടി. പത്മനാഭന്‍: ''എഴുത്തുകാരനെന്ന നിലയില്‍ ഒരു ശുഭാപ്തി വിശ്വാസവുമില്ല. എന്നാല്‍, വ്യക്തി എന്നുള്ള തനതായിട്ടുള്ള ശുഭാപ്തിവിശ്വാസമുണ്ട്. ലോകപരിചയം, നിരീക്ഷണങ്ങള്‍, സൗഹൃദങ്ങള്‍ - ഇവയില്‍നിന്നൊക്കെ രൂപപ്പെട്ട ശുഭാപ്തിവിശ്വാസം. എഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു പ്രത്യേക സ്വഭാവമൊന്നുമില്ല. ഒരു ബുദ്ധിജീവി ചമയലുമില്ല... എന്നാല്‍, വേദനകളെ മറ്റൊന്നാക്കി മാറ്റാന്‍ എനിക്കു കഴിയും. രണ്ടാമത്തെ കഥാസമാഹാരത്തിന് ജി. ശങ്കരക്കുറുപ്പിന്റെ വരികള്‍ ആമുഖമായി എടുത്തു ചേര്‍ത്തത് അതുകൊണ്ടാണ്:

''മൂടുക, ഹൃദന്തമേ
മുഗ്ദ്ധ ഭാവനകൊണ്ടീ -
മൂക വേദനകളെ,
മുഴുവന്‍ 
മുത്താകട്ടെ!''

ഉറൂബ്
ഉറൂബ്

വേദനയില്‍നിന്നു ശുഭാപ്തിവിശ്വാസമുള്ള വാക്കുകള്‍ സൃഷ്ടിക്കാന്‍ എഴുത്തുകാര്‍ക്കു സാധിക്കും. എഴുതുന്ന ഓരോ വാക്കിലും ഓരോ കഥയിലും എനിക്കു നല്ല വിശ്വാസമുണ്ടായിരുന്നു.

മഹാകാവ്യങ്ങളൊന്നുമെഴുതാതെ തന്നെ കുമാരനാശാന്‍ മഹാകവിയായി. അതിലൊരു താന്‍പോരിമയുണ്ട്. ആശാന്റെ ആ താന്‍പോരിമ വ്യക്തിപരമായി എന്നെ സ്വാധീനിച്ചിട്ടുണ്ട്. കൊച്ചുകൊച്ചു ഖണ്ഡകാവ്യങ്ങളിലൂടെ അദ്ദേഹം വലിയൊരു ആശയലോകത്തേക്ക് നമ്മെ കൊണ്ടുപോയി. എന്നിട്ടു കാലത്തെക്കൊണ്ട് മഹാകവി എന്നു വിളിപ്പിച്ചു... അക്കാലത്തെ മഹാകാവ്യങ്ങള്‍ക്കുള്ള സ്ഥാനമാണ് ഇന്നു പലരും നോവലിനു കാണുന്നത്. എല്ലാ എഴുത്തുകാരും നോവല്‍ എഴുതാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാ? എഴുത്തുകാരനായി അംഗീകാരം നേടണമെങ്കില്‍ നോവലെഴുതണം എന്ന തോന്നല്‍ കൊണ്ടാണ്. അല്ലേ? അതുകൊണ്ട് എല്ലാവരും വാരിവലിച്ച് നോവല്‍ എഴുതുകയാണ്. അതുകൊണ്ടൊന്നും ആരും വലിയ എഴുത്തുകാരാവില്ല. നോവല്‍ എഴുതുകയാണ് സകലരും. നോവല്‍... നോവല്‍... പ്രസാധകര്‍ അവരെ എഴുന്നള്ളിക്കുകയാണ്. എന്തൊക്കെയാണ് നടക്കുന്നത്...

എസ്കെ പൊറ്റക്കാട്
എസ്കെ പൊറ്റക്കാട്

ഏതു വിഡ്ഢിക്കും ഒരു നോവലെഴുതാം എന്ന ചൊല്ലുണ്ട്. അതു വളരെ പ്രശസ്തമാണ്. പക്ഷേ, കഥ, നല്ല കഥകളെക്കുറിച്ചാണ് പറയുന്നത്, ആളുടെ തലക്കടിക്കുന്നതുപോലെയുള്ള കഥകളെക്കുറിച്ചല്ല പറയുന്നത്, കേട്ടോ... നല്ല കഥകള്‍, ആത്മാവിന്റെ ഉള്ളില്‍നിന്നു വരുന്നവയാണ്.

പറഞ്ഞുവന്നത്, കുമാരനാശാന്‍ ഒരു മഹാകാവ്യവും എഴുതാതെ, ശാശ്വതമായി മഹാകവിയായി അറിയപ്പെട്ടു. ആ കാലത്ത് ജീവിച്ചിരുന്ന മറ്റു കവികളേക്കാള്‍ കുമാരനാശാന്‍ നമ്മെ പ്രചോദിപ്പിച്ചു.''

ആശാനു ശേഷം ആ നിലയില്‍ ഹൃദയം കവര്‍ന്ന എഴുത്തുകാരനാരാണ് എന്ന ചോദ്യത്തിന് പത്മനാഭന്‍ പറഞ്ഞു:

''കവികളില്‍നിന്നാണെങ്കില്‍ വള്ളത്തോള്‍ എന്നു വേണമെങ്കില്‍ പറയാം. മഹാകവി എന്ന പട്ടം കിട്ടാന്‍ വേണ്ടി വള്ളത്തോള്‍ എഴുതിയ 'ചിത്രയോഗം' കവിയുടെ ഒരു ആരാധകനും ഉയര്‍ത്തിപ്പിടിക്കുന്ന കൃതിയല്ല. അതാരും ഓര്‍ക്കുന്നുപോലുമുണ്ടാവില്ല. ഉള്ളൂരിന്റെ 'ഉമാകേരളം' സാമാന്യം നല്ലതായിരുന്നു. എങ്കിലും, വള്ളത്തോള്‍ കവി എന്ന നിലയില്‍ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചുതന്നെ നിന്നു.''

രണ്ട്: എസ്.കെ. പൊറ്റെക്കാട്ട്, ഉറൂബ്

കഥയുടെ ലോകത്തേക്ക് കവിത തുറക്കുന്ന അതേ വാതിലിലൂടെയല്ല പ്രവേശിക്കേണ്ടത് എന്ന് ഏതൊരു വായനക്കാര്‍ക്കുമറിയാം. കഥ തൊടുന്നത് ജീവിതത്തിന്റെ അനുഭവച്ചൂരുള്ള തലങ്ങള്‍ കൂടിയാണ്. ആ രീതിയില്‍ ആദ്യകാലത്ത് പ്രചോദിപ്പിച്ച കഥാകാരന്മാര്‍ ആരൊക്കെയാണ് എന്ന ചോദ്യത്തിന്, ടി. പത്മനാഭന്‍ പറഞ്ഞു:

''എസ്.കെ. പൊറ്റക്കാടും പി.സി. കുട്ടിക്കൃഷ്ണനും. ഏത് ഇഷ്ടവും ഒരുതരം ആത്മനിഷ്ഠമായ സമീപനം കൊണ്ടുണ്ടാവുന്നതാണ്. അതാവട്ടെ, അറിവും ജന്മസിദ്ധമായ സ്വഭാവപ്രകൃതം കൊണ്ടുമാകാം. ആ നിലയിലാണ് ഞാന്‍ എന്റെ അഭിപ്രായം പറയുന്നത്...

1931-ല്‍ തുടങ്ങിയ ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത പി.സി. കുട്ടിക്കൃഷ്ണന്‍ ദേശീയ സമരത്തേയും ദേശാഭിമാനത്തേയും പ്രചോദിപ്പിക്കുന്ന കഥകള്‍ എഴുതിയിരുന്നു. പി.സി. കുട്ടിക്കൃഷ്ണന്റെ കഥകള്‍ ആന്തരിക യാഥാര്‍ത്ഥ്യങ്ങളുടെ ഒരു തലം കൂടി വായനക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു. അവ അധികവും തകഴിയുടേയോ പൊന്‍കുന്നം വര്‍ക്കിയുടെ കഥകള്‍പോലെയോ വിവരണ പ്രധാനങ്ങളായിരുന്നില്ല. എന്റെ മുന്‍തലമുറയില്‍പ്പെട്ട സാഹിത്യകാരന്മാരില്‍ എനിക്ക് ആത്മബന്ധമുണ്ടായിരുന്നത് പി.സിയുമായിട്ടാണ്. ഒരിക്കലും ഒരുതരത്തിലും ഉലച്ചില്‍ തട്ടാത്ത ബന്ധം.

തകഴി
തകഴി

എസ്.കെ. പൊറ്റക്കാടിന്റെ കഥകളില്‍ അന്ധന്റെ തോട്ടി, ഒട്ടകം, ക്വ ഹേരി, പുള്ളിമാന്‍ എന്നിവ ഇപ്പോഴും ഓര്‍മ്മയുണ്ട്. 'നാടന്‍ പ്രേമം' ആകര്‍ഷിച്ച ഒരു നോവലാണ്. ഹൃദയത്തെ മഥിച്ച ഒരു കൃതിയായിരുന്നു, നാടന്‍ പ്രേമം. ഈ രണ്ടു പേര്‍ക്കും ശേഷം കഥകൊണ്ട് എന്റെ ഹൃദയം കവര്‍ന്ന എഴുത്തുകാര്‍ കാരൂരും ഒ.വി. വിജയനുമാണ്.

''വൈക്കം മുഹമ്മദു ബഷീര്‍?''

ടി. പത്മനാഭന്‍: ''എന്താ സംശയം? തീര്‍ച്ചയായും ബഷീര്‍ വലിയ എഴുത്തുകാരനാണ്. അത് എടുത്തുപറയേണ്ട കാര്യമില്ലല്ലൊ. എന്നാല്‍, നേരത്തേ പറഞ്ഞ, ആത്മനിഷ്ഠമായ തിരഞ്ഞെടുപ്പില്‍, കാരൂര്‍ കഥകളാണ് എനിക്കിഷ്ടം. കഥകളില്‍, ആ തലമുറയില്‍ കാരൂറിനു സമാനരായി മറ്റൊരു കഥാകാരനില്ല. എന്നെ വ്യക്തിപരമായി ഏറ്റവും പ്രശംസിച്ചത് തകഴിയാണ്. കാരൂര്‍ ഒരിക്കലും പ്രശംസിച്ചിട്ടില്ല. എന്നാല്‍, തകഴിയുടെ കഥകളേക്കാള്‍ എനിക്കിഷ്ടം കാരൂര്‍ കഥകളാണ്.''

തകഴി നല്‍കിയ ആ പ്രശംസ പത്മനാഭന്‍ പല സംഭാഷണങ്ങളിലും അഭിമാനത്തോടെ ഓര്‍ക്കാറുണ്ട്. കാരണം, അത് മലയാളത്തിലെ എക്കാലത്തേയും വലിയ എഴുത്തുകാരന്‍ നല്‍കിയ പ്രശംസയായിരുന്നു. കോട്ടയത്തുവെച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഡി.സി കിഴക്കേമുറി ജീവിച്ചിരുന്ന കാലം, 20 പുസ്തകങ്ങളുടെ പ്രകാശനം നടക്കുന്നു. മാധവിക്കുട്ടി, എം.ടി., ഒ.വി. വിജയന്‍, തകഴി, പൊന്‍കുന്നം വര്‍ക്കി, പത്മനാഭന്‍... തുടങ്ങി മിക്കവാറും പ്രമുഖരായ എഴുത്തുകാര്‍ വേദിയിലുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പ്രൗഢഗംഭീരമായ സദസ്സ്. എഴുത്തിലെ മലയാളികളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍ മുഴുവന്‍ ആ വേദിയിലുണ്ട്. പ്രകാശനം ചെയ്യേണ്ട ആ പുസ്തകങ്ങളിലൊന്ന് പത്മനാഭനു നല്‍കി തകഴി പറഞ്ഞു: ''നീയാണെടോ ഇതിലൊന്നാമന്‍.'' പിന്നെ തകഴി കൂട്ടിച്ചേര്‍ത്തു: ''ഒരു അനന്തരവന്റെ വളര്‍ച്ച കാണുന്ന കാരണവരുടെ സന്തോഷമാണ് എനിക്ക്!''

പിറ്റേന്ന്, മലയാള മനോരമയില്‍ അതു വലിയ വാര്‍ത്തയായി വന്നു.

എന്നാല്‍, ഇപ്പോള്‍ ആ ഓര്‍മ്മ ആവര്‍ത്തിക്കുമ്പോള്‍ പത്മനാഭന്‍ മറ്റൊന്നുകൂടി പറയുന്നു:

''അന്ന് തകഴിയെക്കുറിച്ച് എം.ടി. ചെയ്ത ഒരു ഡോക്യുമെന്ററി അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. അതു മികച്ച ഡോക്യുമെന്ററിയാണ്. എം.ടി. ചെയ്തതില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വര്‍ക്ക് തകഴിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. മനോഹരമായ ഡോക്യുമെന്ററിയാണ്. തകഴി എന്നെ പ്രശംസിച്ചപ്പോള്‍ സ്റ്റേജിന്റെ സൈഡിലെ കര്‍ട്ടനിലേക്കു മാറിനിന്ന്, തകഴിയെ നോക്കി ബീഡി വലിക്കുന്ന എം.ടിയുടെ മുഖം ഇപ്പോഴും എനിക്ക് ഓര്‍മ്മയുണ്ട്.''

കാരൂര്‍, ഉറൂബ്, എസ്.കെ. പൊറ്റക്കാട് - ഇവര്‍ എഴുത്തില്‍ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നത്?
 
'ചെറുകഥാ സാഹിത്യത്തിന്റെ സൗന്ദര്യത്തിലേക്ക് ഇവര്‍ കൊണ്ടുപോയി എന്നുമാത്രം. എന്നാല്‍, ഇവരുടെ ശൈലിയിലൊന്നുമല്ല ഞാന്‍ എഴുതിയത്. ഒരു ശൈലി രൂപപ്പെടുത്താന്‍ മനപ്പൂര്‍വ്വമായ ശ്രമം ഉണ്ടായിരുന്നുമില്ല. ബാഹ്യലോകത്തെ സംഭവങ്ങള്‍ വളരെ വിവരണ പ്രധാനമായി എഴുതാതിരിക്കാന്‍ ശ്രദ്ധിച്ചു. മനുഷ്യരുടെ ആന്തരിക ലോകത്തേക്കുള്ള പ്രയാണങ്ങളിലായിരുന്നു ശ്രദ്ധ. എഴുതാനിരിക്കുമ്പോള്‍ മുകളില്‍നിന്നു വെളിച്ചംപോലെ വാക്കുകള്‍ വരുന്നു. ആ വെളിച്ചത്തില്‍ എന്റെ വഴിയിലൂടെ ഞാന്‍ നടന്നു. അവര്‍, മഹാരഥന്മാരായ ആ എഴുത്തുകാര്‍, വാക്കുകളുടെ വെളിച്ചത്തില്‍ അവരുടെ വഴികളിലൂടെയും നടന്നു.
പറഞ്ഞല്ലോ, ബോധപൂര്‍വ്വം ഒരു ശൈലിയുണ്ടാക്കിയതല്ല. എഴുതാനിരുന്നപ്പോള്‍ തനതായി ആ ശൈലി വന്നു. ഉയര്‍ച്ചയും താഴ്ചയുമുണ്ടാകാം, എന്റെ കഥകളുടെ ശൈലി പക്ഷേ, എനിക്കിഷ്ടമാണ്.

എംടി
എംടി

ജി.യുടെ കവിതയിലെ വരികളില്‍ ഉള്ളതുപോലെ 

''മുകളില്‍നിന്നും മിന്നുന്നൊരു താരമേ 
ചൊല്ലുക അകലെയെങ്ങാനും വെളിച്ചമുണ്ടോ''-

മുകളില്‍ വെളിച്ചമുണ്ട്. അകലെയുള്ള വെളിച്ചത്തിലേക്കു നാം ആയിത്തന്നെ എത്തിച്ചേരേണ്ടതുണ്ട്. മുന്‍പൊക്കെ ഞാന്‍ കണ്ടമാനം നടക്കുമായിരുന്നു. വെറുതെ റെയില്‍വേ സ്റ്റേഷനില്‍ പോകും. എവിടെയും പോകാനുണ്ടായിട്ടൊന്നുമല്ല. വെറുതെ...

എപ്പോഴും മാര്‍ക്കറ്റില്‍ പോകും, ഒന്നും വാങ്ങാനുണ്ടായിട്ടൊന്നുമല്ല. വെറുതെ... സിനിമ കാണാന്‍ തിയേറ്ററില്‍ പോകും, എന്നാല്‍, സിനിമ കാണാതെ മടങ്ങും. എനിക്ക് ആളുകളെ കാണാന്‍ ആഗ്രഹമാണ്. അവരുടെ തിരക്കുകള്‍, വെപ്രാളം. ഓട്ടപ്പാച്ചില്‍, അവര്‍ക്കിടയില്‍ എന്തോ ആലോചിച്ചു നടക്കുന്ന ആരോ... ചിലപ്പോള്‍ യാത്രയ്ക്കിടയില്‍ കാണുന്ന മരങ്ങളിലൊക്കെ നോക്കി... ചക്ക എവിടെയെങ്കിലും കാണുമ്പോള്‍, ഒരു ചക്ക തിന്നിട്ട് എത്ര കാലമായി എന്നൊക്കെ ചിന്തിച്ച്...

ടി പത്മനാഭൻ/ ഫോട്ടോ: സജി ജെയിംസ്
ടി പത്മനാഭൻ/ ഫോട്ടോ: സജി ജെയിംസ്

ബസുകളില്‍ പോകുമ്പോള്‍ സൈഡ് സീറ്റിലിരുന്നു ഞാന്‍ പുറത്തേക്കു നോക്കും, പറമ്പുകളിലേക്ക്, മനുഷ്യരിലേക്ക്...

ആ ജിജ്ഞാസ ചെറുപ്പത്തിലേ ഉണ്ട്. ജിജ്ഞാസയാണ് നിങ്ങളെ എഴുത്തുകാരാക്കുന്നത്. ഓരോ മനുഷ്യനും അവരുടെ ഡി.എന്‍.എയുടെ ഒരു ശൈലിയുണ്ട്. ആ ശൈലിയില്‍ ജിജ്ഞാസകളെ പകര്‍ത്തുന്നു. ശൈലി ജനിതകമായിത്തന്നെ പകര്‍ന്നുകിട്ടുന്നതാണ് എന്നാണ് തോന്നുന്നത്...''

മലയാളത്തിലെ മഹാകാവ്യങ്ങളുടേയും മഹത്തായ കഥകളുടേയും ലോകത്തുനിന്ന് ഇതര ഇന്ത്യന്‍ ഭാഷകളുടേയും ഇംഗ്ലീഷ് സാഹിത്യത്തിന്റേയും ലോകത്തേയ്ക്ക് പത്മനാഭന്‍ കടന്നു പോകുന്നതിന്റെ വര്‍ത്തമാനമാണ് ഇനി. മലയാളത്തില്‍ കഥകളുടെ ഏകാന്ത വിസ്മയങ്ങള്‍ തീര്‍ത്ത ടി. പത്മനാഭന്, കഥയെഴുത്തുപോലെ പ്രിയപ്പെട്ടതാണ് വായനയും.

(ടി. പത്മനാഭന്റെ എഴുത്തുകാര്‍, പാട്ടുകാര്‍, പത്രാധിപര്‍ - എന്ന വിഷയം അടിസ്ഥാനമാക്കി നടത്തുന്ന ദീര്‍ഘമായ അഭിമുഖ  സംഭാഷണത്തിലെ ആദ്യ ഭാഗം)

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com