'അപരിഷ്‌കൃത നിയമങ്ങള്‍ക്ക് മുസ്ലിം സമൂഹം നല്‍കുന്ന പിന്തുണയും പരിരക്ഷയും ഇസ്ലാമോഫോബിയ ശക്തിപ്പെടാന്‍ സഹായമായി'

ഇസ്ലാമോഫോബീ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1910-ല്‍ അലെന്‍ ക്വുവലിന്‍ എന്ന ഫ്രെഞ്ച് ഗവേഷകനത്രേ
'അപരിഷ്‌കൃത നിയമങ്ങള്‍ക്ക് മുസ്ലിം സമൂഹം നല്‍കുന്ന പിന്തുണയും പരിരക്ഷയും ഇസ്ലാമോഫോബിയ ശക്തിപ്പെടാന്‍ സഹായമായി'

മീപകാലത്ത് സാര്‍വ്വദേശീയതലത്തില്‍ ഏറ്റവും കൂടുതല്‍ കറന്‍സി നേടിയ പദങ്ങളിലൊന്നാണ് ഇസ്ലാമോഫോബിയ. ഇസ്ലാമോഫോബീ (Islamophobie) എന്ന ഫ്രെഞ്ച് പദത്തില്‍നിന്നാണ് ആ വാക്ക് ഇംഗ്ലീഷിലെത്തിയത്. ഇസ്ലാമോഫോബീ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1910-ല്‍ അലെന്‍ ക്വുവലിന്‍ എന്ന ഫ്രെഞ്ച് ഗവേഷകനത്രേ. 1923-ല്‍ ഇംഗ്ലീഷ് നിഘണ്ടുവില്‍ അത് എത്തിയെങ്കിലും 1976-നു ശേഷമാണ് ആംഗലേയ വ്യവഹാരങ്ങളില്‍ അതു പരക്കാന്‍ തുടങ്ങിയത്. അറബിഭാഷയില്‍ ആ പദപ്രയോഗം 'റുബാഹുല്‍ ഇസ്ലാം' (ഇസ്ലാം ഭീതി) എന്ന പേരില്‍ കടന്നുവന്നതാകട്ടെ, 1990-കളില്‍ മാത്രമാണ്.

2001 സെപ്റ്റംബര്‍ 11-നുശേഷം ഇസ്ലാം മതത്തോടും മുസ്ലിങ്ങളോടുമുള്ള വെറുപ്പും വിദ്വേഷവും വിവേചനവും പൊതുസമൂഹത്തില്‍, വിശിഷ്യാ പാശ്ചാത്യ സമൂഹത്തില്‍ കനക്കാന്‍ തുടങ്ങി. പാശ്ചാത്യ ഭാഷകളില്‍നിന്നു പൗരസ്ത്യഭാഷകളിലേക്കും ആ പദവും അത് ഉല്പാദിപ്പിക്കുന്ന ആശയവും കടന്നുവന്നു. ഏറ്റവും ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഐക്യരാഷ്ട്രസഭ മാര്‍ച്ച് 15 അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി എല്ലാ വര്‍ഷവും ആചരിക്കാനുള്ള പ്രമേയം അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. 57 അംഗരാഷ്ട്രങ്ങളുള്ള ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷ(ഒ.ഐ.സി)നുവേണ്ടി പാകിസ്താനാണ് യു.എന്നില്‍ പ്രമേയം അവതരിപ്പിച്ചത്.

പലതരം ഫോബിയകള്‍

ഇസ്ലാമോഫോബിയയെക്കുറിച്ച് സംസാരിക്കുമ്പോള്‍, ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഫോബിയ നിലനില്‍ക്കുന്നത് എന്നു കരുതുന്നത് യാഥാര്‍ത്ഥ്യനിഷ്ഠമാവില്ല. പല മത സമൂഹങ്ങള്‍ക്ക് നേരെയും വെറുപ്പും വിവേചനവും മുന്‍വിധികളും നിലവിലുണ്ടെന്നതാണ് സത്യം. യൂറോപ്പിലും അമേരിക്കയിലും ചൈനയിലുമൊക്കെ ഇസ്ലാമോഫോബിയയാണ് ശക്തമെങ്കില്‍ പാകിസ്താനിലും ബംഗ്ലാദേശിലും മറ്റും ഹിന്ദുഫോബിയയും സിഖ്‌ഫോബിയയും ക്രൈസ്തവഫോബിയയും ബൗദ്ധഫോബിയയുമൊക്കെ കാണപ്പെടുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ അദര്‍ റിലീജിയോഫോബിയ (other religiophobia) അഥവാ അപരമതവെറുപ്പ് എന്ന പ്രയോഗമാകും കൂടുതല്‍ ശരി.

ഒരേ മതത്തിനകത്തുതന്നെ ആ മതത്തിലെ അവാന്തര വിഭാഗങ്ങള്‍ക്ക് നേരെയും വിദ്വേഷവും ഭീതിയുമുണ്ടെന്നതും തള്ളിക്കളയാനാകാത്ത യാഥാര്‍ത്ഥ്യമാണ്. ഉദാഹരണത്തിന്, ഇസ്ലാമിക സമൂഹത്തിനകത്ത് തീവ്രസ്വഭാവമുള്ള ശിയാഫോബിയ കാണപ്പെടുന്നു. സൗദി അറേബ്യ തൊട്ട് അഫ്ഗാനിസ്താന്‍ വരെയുള്ള മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ശിയ മുസ്ലിങ്ങളോട് അറപ്പും വെറുപ്പും പുലര്‍ത്തുകയും അവരെ വേട്ടയാടുകയും ചെയ്യുന്നത് ആ രാഷ്ട്രങ്ങളിലെ സുന്നി മുസ്ലിങ്ങളാണ്. സുന്നിഫോബിയ പ്രവര്‍ത്തിക്കുന്ന ഇറാന്‍ പോലുള്ള രാഷ്ട്രങ്ങളും ലോകത്തുണ്ട്. അവിടങ്ങളില്‍ ശിയാ മുസ്ലിങ്ങളത്രേ സുന്നി മുസ്ലിങ്ങളെ ശത്രുതാഭാവത്തോടെ വീക്ഷിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നത്. അഹമദിയ്യ മുസ്ലിം ഫോബിയ അതിശക്തമായി നിലനില്‍ക്കുന്ന രാജ്യമത്രേ പാകിസ്താന്‍. 1950-ളുടെ ആദ്യംതൊട്ട് സുന്നി തീവ്രവാദികള്‍ തുടങ്ങിയ അഹമദിയ മുസ്ലിം വിരോധം ഏറ്റവും കരാളമായ രൂപത്തില്‍ ആ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ഈ ഫോബിയയെ അന്തര്‍ ഇസ്ലാം വിദ്വേഷം (Intra Inslamophobia) എന്നു വിളിക്കാവുന്നതാണ്.

ഇന്‍ട്രാ ഇസ്ലാമോഫോബിയയ്ക്ക് പുറമേ മതതലത്തില്‍ മറ്റൊരു ഫോബിയ കൂടി പ്രവര്‍ത്തിക്കുന്നത് കാണാം. ഇസ്ലാമും ക്രിസ്തുമതവും ഹിന്ദുമതവുമുള്‍പ്പെടെ മിക്ക മതങ്ങളിലും ബന്ധപ്പെട്ട മതസമൂഹത്തിലെ പുരോഗമന, ലിബറല്‍ ചിന്താഗതിക്കാര്‍ക്ക് നേരെ ആ മതങ്ങളിലെ യാഥാസ്ഥിതിക-മതതീവ്രവാദ വൃന്ദം കടുത്ത വിരോധവും വെറുപ്പും വിവേചനാ മനോഭാവവും അനുവര്‍ത്തിക്കുന്നു. മതഗ്രന്ഥങ്ങളുടേയോ മതപ്രവാചകന്മാരുടേയോ മതാചാരങ്ങളുടേയോ നേരെ വിമര്‍ശനാത്മക സമീപനം സ്വീകരിക്കുന്നവരെ വേട്ടയാടുന്ന പ്രവണത വ്യാപകമായി കണ്ടുവരുന്നുണ്ട്. 

മതവിഷയങ്ങളില്‍ സ്വതന്ത്ര ചിന്ത പുലര്‍ത്തുകയും യാഥാസ്ഥിതികതയെ വിചാരണയ്ക്കു വിധേയമാക്കുകയും ചെയ്യുന്നവരെ കൊന്നിട്ടോ അല്ലാതേയോ നിശബ്ദരാക്കുന്ന സ്ഥിതിവിശേഷത്തിനു വര്‍ത്തമാനലോകം പലപ്പോഴും സാക്ഷിയായിട്ടുണ്ട്. സാമ്പ്രദായിക മതധാരണകളെ ചോദ്യം ചെയ്യുന്നവര്‍ വേട്ടയാടപ്പെടുന്നതിന്റെ തെളിവുകളില്‍ ചിലതാണ് സല്‍മാന്‍ റുഷ്ദിക്കും തസ്ലീമ നസ്‌റീനും നരേന്ദ്ര ദഭോല്‍ക്കര്‍ക്കും എം.എം. കലബുര്‍ഗിക്കും ഗോവിന്ദ് പന്‍സരെയ്ക്കും ഗൗരി ലങ്കേഷിനും എ.കെ. രാമാനുജത്തിനും സൗദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ റയിഫ് ബദാവിക്കും ബംഗ്ലാദേശിലെ സ്വതന്ത്ര ബ്ലോഗര്‍മാര്‍ക്കും പാകിസ്താനിലെ മലാല യൂസുഫ്സായിക്കും അഫ്ഗാനിസ്താനില്‍ വിദ്യാഭ്യാസാവകാശത്തിനു പൊരുതുന്ന പെണ്‍കുട്ടികള്‍ക്കും നമ്മുടെ ചുറ്റുവട്ടത്തിലെ ചേകന്നൂര്‍ മൗലവിക്കും എച്ച്. ഫാറൂഖിനും മന്‍സിയക്കും കുത്മ ഷെയ്ഖിനും കൂടിയാട്ടം നര്‍ത്തകി കപില വേണുവിനും മറ്റുമുണ്ടായ തിക്താനുഭവങ്ങള്‍. മതവിശ്വാസപരവും ആചാരപരവുമായ വിഷയങ്ങളില്‍ ലിബറല്‍ നിലപാട് പുലര്‍ത്തുന്നവര്‍ക്കെതിരെ മതയാഥാസ്ഥിതികരും മൗലികവാദികളും അനുവര്‍ത്തിക്കുന്ന തികച്ചും വിദ്വേഷപരമായ ഇത്തരം നിലപാടിനെ ലിബറോഫോബിയ (liberophobia) എന്നു വിശേഷിപ്പിക്കാവുന്നതാണ്.

അദര്‍ റിലീജിയോഫോബിയയോ ഇന്‍ട്രാ ഇസ്ലാമോഫോബിയയോ ലിബറോഫോബിയയോ ഒ.ഐ.സിയും ഐക്യരാഷ്ട്രസഭയും കണക്കിലെടുത്തിട്ടില്ല. പ്രമേയ ഉള്ളടക്കത്തിന്റെ അപൂര്‍ണ്ണതയെക്കുറിച്ച് (ബലഹീനതയെക്കുറിച്ച്) യൂറോപ്യന്‍ യൂണിയനും ഇന്ത്യയ്ക്കും മറ്റും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അതിലേക്ക് കടക്കാതെ സമവായപ്രമേയം രൂപപ്പെടുത്തുകയാണ് യു.എന്‍ ചെയ്തത്. ഫോബിയയ്ക്ക് വിധേയമാകുന്നത് ഒരു മതം മാത്രമാണെന്ന തെറ്റായ സന്ദേശം നല്‍കുംവിധം ഓര്‍ഗണൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ തയ്യാറാക്കിയ കരട് പ്രമേയം വിവിധ മതവിഭാഗങ്ങളേയും ഓരോ മതത്തിലേയും ഉപവിഭാഗങ്ങളുടേയും എല്ലാ മതസമൂഹങ്ങളിലുമുള്ള ലിബറല്‍ പക്ഷക്കാരുടേയും വിചിന്തനത്തിനു വിധേയമാക്കിയ ശേഷം വേണമായിരുന്നു ഐക്യരാഷ്ട്രസഭ മാര്‍ച്ച് 15 സാര്‍വ്വദേശീയ ഇസ്ലാമോഫോബിയാ വിരുദ്ധ ദിനമായി പ്രഖ്യാപിക്കാന്‍.

രാഷ്ട്രീയ വിശാരദരില്‍ ചിലര്‍ നിരീക്ഷിച്ചതുപോലെ, ഒ.ഐ.സി തയ്യാറാക്കുകയും യു.എന്‍ അംഗീകരിക്കുകയും ചെയ്ത പ്രമേയത്തില്‍ ബഹുസ്വരത എന്ന വാക്കേ കടന്നുവരുന്നില്ല. ജനാധിപത്യത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലാണ്. രാഷ്ട്രത്തിനകത്ത് മാത്രമല്ല, ഓരോ മതത്തിനകത്തും ബഹുസ്വരത നിലനില്‍ക്കണം. ഭൂരിപക്ഷ സ്വരത്തിന് ന്യൂനപക്ഷ സ്വരം കീഴ്പ്പെട്ടുകൊള്ളണമെന്നു വന്നാല്‍ അതു ബഹുസ്വരതയുടെ സമ്പൂര്‍ണ്ണ നിഷേധമായിത്തീരും. മതസ്വാതന്ത്ര്യം എന്നത് മതത്തിലെ പ്രബലവിഭാഗത്തിന്റെ മാത്രം സ്വാതന്ത്ര്യമല്ല. പ്രബലമല്ലാത്ത വിഭാഗങ്ങളുടെ ആശയപ്രകാശന സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പരിരക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ മതസ്വാതന്ത്ര്യം അര്‍ത്ഥവത്താകൂ. മതത്തെ സംബന്ധിച്ച് ഓരോ വ്യക്തിക്കും തന്റെ വീക്ഷണം നിര്‍ഭയം ഉയര്‍ത്തിപ്പിടിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകണം. മറ്റുവിധത്തില്‍ പറഞ്ഞാല്‍, മതത്തില്‍ വിശ്വസിക്കാനും മതം ആചരിക്കാനുമുള്ള സ്വാതന്ത്ര്യം പോലെ മതത്തില്‍ വിശ്വസിക്കാതിരിക്കാനും മതം ആചരിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം കൂടി പൗരന്മാര്‍ക്ക് ഉറപ്പാക്കുന്ന അവസ്ഥാവിശേഷത്തിന്റെ പേരത്രേ മതസ്വാതന്ത്ര്യം.

മേല്‍പ്പറഞ്ഞ മട്ടിലുള്ള മതസ്വാതന്ത്ര്യം നിലനില്‍ക്കണമെങ്കില്‍ ലിബറോഫോബിയയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവന്നേ മതിയാവൂ. ആയത്തുള്ള ഖൊമെയ്നിയുടെ ലിബറോഫോബിയയാണ് സല്‍മാന്‍ റുഷ്ദിക്കെതിരെ വധഫത്വയിറക്കാന്‍ മാത്രമുള്ള ഉന്മാദത്തിലേക്ക് ആ പുരോഹിതനെ നയിച്ചത്. ബംഗ്ലാദേശിലെ മുസ്ലിം മൗലികവാദികളെ ഗ്രസിച്ച ലിബറോഫോബിയയുടെ ഇരയാവുകയായിരുന്നു തസ്ലീമ നസ്റീന്‍. ആപാദമസ്തകം ലിബറോഫോബിയ ബാധിച്ച ഹിന്ദു തീവ്രവാദികളാണ് നരേന്ദ്ര ദഭോല്‍ക്കര്‍ തൊട്ട് ഗൗരി ലങ്കേഷ് വരെയുള്ള സ്വതന്ത്ര ചിന്തകരെ കണ്ണില്‍ ചോരയില്ലാതെ കൊന്നുതള്ളിയത്.

ഇസ്ലാമോഫോബിയയ്‌ക്കെതിരെ പ്രമേയം എഴുതിയ ഒ.ഐ.സി മതപരിത്യജനത്തിനുള്ള വധശിക്ഷയെക്കുറിച്ചും മതനിന്ദയ്‌ക്കെതിരെയുള്ള അതിക്രൂര നിയമങ്ങളെക്കുറിച്ചും യാതൊന്നും മിണ്ടിയില്ല. ഇസ്ലാംമതം വെടിയുന്നവരേയും ആ മതത്തേയോ അതിന്റെ പ്രവാചകനേയോ അതിന്റെ ഗ്രന്ഥത്തേയോ 'നിന്ദിക്കുന്ന'വരേയും വകവരുത്തണമെന്നുള്ള നിയമം ബഹുസ്വരതാ വിരുദ്ധവും മനുഷ്യാവകാശ ലംഘനപരവുമാണ്. ഇത്തരം അപരിഷ്‌കൃത നിയമങ്ങള്‍ക്ക് മുസ്ലിം സമൂഹം നല്‍കുന്ന പിന്തുണയും പരിരക്ഷയും ഇസ്ലാമോഫോബിയ ശക്തിപ്പെടുത്താന്‍ തല്പരകക്ഷികള്‍ക്ക് സഹായകമായി ഭവിക്കുന്നുമുണ്ട്. എന്നിട്ടും ഒ.ഐ.സിയുടെ ചിന്ത ആ വഴിക്കു പോയില്ല.

മാര്‍ച്ച് 15 ഇസ്ലാമോഫോബിയാ വിരുദ്ധ ദിനമായി ആചരിച്ചതുകൊണ്ടുമാത്രം ഇസ്ലാമോഫോബിയ ഇല്ലാതാവില്ല. അല്‍ഖ്വയ്ദയും ഐ.എസ്സും മറ്റു മുസ്ലിം തീവ്രവാദ സംഘടനകളും നടത്തുന്ന ചാവേര്‍ സ്‌ഫോടനങ്ങളും കൂട്ടക്കുരുതികളും ഇസ്ലാംമതം അംഗീകരിക്കാത്ത കാര്യങ്ങളാണെന്ന് ഒ.ഐ.സി കൈകഴുകിയതുകൊണ്ടും ഇസ്ലാമോഫോബിയ ദുര്‍ബ്ബലപ്പെടാന്‍ പോകുന്നില്ല. അത് ഇല്ലാതാകണമെങ്കില്‍ ഇസ്ലാംമതത്തേയും അതിന്റെ പ്രാമാണിക ഗ്രന്ഥങ്ങളേയും ആധുനിക കാലത്തിന്റേയും നവവിജ്ഞാന ശാഖകളുടേയും വെളിച്ചത്തില്‍ മനുഷ്യാവകാശ മൂല്യങ്ങള്‍ക്കനുരോധമായി പുനര്‍വ്യാഖ്യാനിക്കാന്‍ ഒ.ഐ.സി ഉള്‍പ്പെടെയുള്ള മുസ്ലിം വേദികള്‍ മുന്നോട്ടു വരണം. അതിനവര്‍ സമര്‍പ്പണ ബുദ്ധിയോടെ തയ്യാറാകുമോ എന്നതാണ് ചോദ്യം.

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com