'ഇന്ത്യക്കാരും അല്ലാത്തവരും'- ഇവിടെ ഇക്കാലത്തുമുണ്ടോ ഈ വിവേചനം? 

ഇമ്മിഗ്രേഷന്‍ ഭാഗത്ത് ക്ലിയറന്‍സിന് രണ്ടു പേര്‍ മാത്രം. ഒത്തിരി കടമ്പകള്‍ കടന്ന് പ്രതീക്ഷകളോടെ ഒന്‍പതു മണിക്കൂര്‍ പറന്നു മടുത്തു വന്നിരിക്കുന്നവര്‍ ഊഴം കാത്ത് നിശബ്ദം വരിയില്‍ ഇഴയുകയാണ്
'ഇന്ത്യക്കാരും അല്ലാത്തവരും'- ഇവിടെ ഇക്കാലത്തുമുണ്ടോ ഈ വിവേചനം? 

ല്‍ഹിയില്‍നിന്നുള്ള വിമാനത്തില്‍ ഞങ്ങള്‍ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വന്നിറങ്ങി. ഒക്ടോബര്‍ 17 രാവിലെ എട്ടര. പാസ്പോര്‍ട്ട് പരിശോധിച്ചു മുദ്രകുത്തി വിടാന്‍ ഇമ്മിഗ്രേഷന്‍ ഭാഗത്തേയ്ക്കു തിരിയുന്നിടത്തുനിന്ന് ഒരാള്‍ വിളിച്ചു പറയുന്നു: ''ഇന്ത്യന്‍ പാസ്പോര്‍ട്ട് എല്ലാം ഈ വഴി.'' കനത്ത ശബ്ദമാണ് ആ ആപ്പീസറുടേത്.

ഇവിടെ ഇക്കാലത്തുമുണ്ടോ ഈ വിവേചനം? ഇന്ത്യക്കാരും അല്ലാത്തവരും? ഡല്‍ഹിയിലേയും കൊച്ചിയിലേയും അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ കസ്റ്റംസ് സൂപ്രണ്ടായ ഇന്ത്യക്കാര്‍ മനുഷ്യവര്‍ഗ്ഗത്തില്‍ പെടുന്നവരല്ലെന്നാണോ ഇവരുടെ വിചാരം? ഞാന്‍ ഒരു വ്യാഴവട്ടക്കാലം ജോലി ചെയ്തപ്പോഴൊന്നും യാത്രക്കാര്‍ക്ക് രാജ്യത്തിന്റേയോ ഭാഷയുടേയോ നിറത്തിന്റേയോ വേര്‍തിരിവ് ഉണ്ടായിട്ടില്ല. 

ഇമ്മിഗ്രേഷന്‍ ഭാഗത്ത് ക്ലിയറന്‍സിന് രണ്ടു പേര്‍ മാത്രം. ഒത്തിരി കടമ്പകള്‍ കടന്ന് പ്രതീക്ഷകളോടെ ഒന്‍പതു മണിക്കൂര്‍ പറന്നു മടുത്തു വന്നിരിക്കുന്നവര്‍ ഊഴം കാത്ത് നിശബ്ദം വരിയില്‍ ഇഴയുകയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റു ചില്ലുകൂടുകളിലും ആപ്പീസര്‍മാര്‍ വന്നു. പണിക്കു വേഗമേറി. ഞങ്ങളെ വിളിച്ച ആപ്പീസര്‍ പുഞ്ചിരിയോടെ പറഞ്ഞു: ''ഹായ്, വെല്‍ക്കം. സുഖമല്ലേ?'' വളരെ വേഗം ചടങ്ങ് തീര്‍ത്തു പാസ്പോര്‍ട്ടില്‍ മുദ്രയടിച്ചു പുഞ്ചിരി മധുരം ചേര്‍ത്ത് അങ്ങേര്‍ ഞങ്ങളോട് പറഞ്ഞു: ''എന്‍ജോയ്.'' ഇനി ഒന്‍പതാം നമ്പര്‍ ബെല്‍റ്റില്‍നിന്ന് ഞങ്ങളുടെ പെട്ടികള്‍ എടുക്കണം. അവിടെയെത്താന്‍ കുറേ നടക്കണം. നടന്നു.

അറൈവല്‍ ഹാളില്‍ തിരക്കില്ല. ഈ നേരത്ത് മറ്റു ഫ്‌ലൈറ്റുകള്‍ വന്നിട്ടില്ല. ഓരോ മൂന്ന് മിനിറ്റിലും ഒരു വിമാനം ഇറങ്ങുന്ന, ലോകത്തിലെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ ലണ്ടനില്‍ ഇപ്പോള്‍ മുപ്പതു മിനിറ്റില്‍ ഒരെണ്ണം വന്നാലായി. ലോകമാകെ വല്ലാത്തൊരു കോലമായിരിക്കുന്ന കാലം. വന്നിറങ്ങിയിട്ട് നേരം കുറേ ആയിരിക്കുന്നു. ബെല്‍റ്റില്‍നിന്ന് ആരോ ഇറക്കിവെച്ചിരിക്കുന്ന പെട്ടികള്‍ ഉടമസ്ഥരെ കാത്ത് അക്ഷമരായി നില്‍പ്പുണ്ട്. മൂന്നു ട്രോളികളില്‍ പെട്ടികള്‍ വലിച്ചു വെച്ച് ഞാന്‍ ഫോണെടുത്തു മകനെ വിളിച്ചു. അവന്‍ ബര്‍മിങ്ഹാമില്‍നിന്ന് വന്നുകൊണ്ടിരിക്കുന്നു എന്ന് അറിയിച്ചു. 

ഞങ്ങള്‍ ഓരോരുത്തരായി ബാത്ത്റൂമില്‍ പോയി വന്നു. അപ്പോഴേക്കും എല്ലാവരും പോയിക്കഴിഞ്ഞു. ഇനി ഞങ്ങളും ഫുള്‍ ലോഡുമായി മൂന്നു ഉന്തുവണ്ടികളും മാത്രം. കപ്പക്കിഴങ്ങും കറിവേപ്പിലയും കത്തികളും കൂര്‍ക്കയും മുതല്‍ അവലോസുണ്ടയും അവല്‍ വിളയിച്ചതും ഹല്‍വയും ഏത്തപ്പഴവും അടുക്കളപ്പാത്രങ്ങളും വരെയുള്ള നൂറ്റി അറുപത്തിമൂന്നു കിലോ വസ്തുക്കള്‍ ഒന്‍പതു പെട്ടികളിലായി ഉടനടി മോചനം പ്രതീക്ഷിച്ചു ശ്വാസം മുട്ടി ഇരിപ്പുണ്ട്. ഞങ്ങള്‍ ഇംഗ്ലണ്ടില്‍ പോകുന്നു എന്നറിഞ്ഞ് ചില സ്നേഹിതര്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്കായി ഏല്പിച്ച സാധനങ്ങളും അക്കൂട്ടത്തിലുണ്ട്. 

തെംസ് നദീതീരം
തെംസ് നദീതീരം

പുറത്തേക്ക് നടക്കുമ്പോള്‍ കുറേ മഞ്ഞ വരകളും തൊങ്ങലുകളുമുള്ള കറുത്ത കുപ്പായമിട്ട ഒരു ഗോലിയാത് മുന്നില്‍ വന്നു ചോദിച്ചു: ''എവിടുന്നാ വരവ്?''

''കേരള... ഇന്ത്യ.''

''ഓ ഗുഡ് ഗുഡ്.'' ഗോലിയാത്ത് പറഞ്ഞു: ''പെട്ടികള്‍ പരിശോധിക്കണം.'' ആള്‍ സൗമ്യനാണ്. ശാന്തനാണ്. ദേഹത്താകെ പലവിധ സാധനങ്ങള്‍ തൂക്കിയിട്ടിട്ടുണ്ട്. കൈത്തോക്ക്, കൈവിലങ്ങുകള്‍, വയര്‍ലസ് ഉപകരണങ്ങള്‍, ഡിറ്റെക്ടര്‍, ബാറ്റന്‍... പെരുന്നാള്‍ പറമ്പിലെ ഒരു കച്ചവടക്കാരന്റെ മട്ട്. പെട്ടികള്‍ പരിശോധിച്ചോട്ടെ. പിടി വീഴുമെന്ന പേടിയില്ല. വല്ലതുമെടുത്തു വലിച്ചെറിഞ്ഞാല്‍ ഈ പാടുപെട്ടതൊക്കെ പാഴാകുമല്ലോ എന്നൊരു വല്ലായ്മയേയുള്ളു. പെട്ടികള്‍ ഓരോന്നായി തട്ടിലെടുത്തുവെച്ച് പൂട്ട് തുറന്നു മലര്‍ത്തിയിട്ടു. ഡോക്ടറുടെ പരിശോധനയ്ക്ക് കിടക്കുന്ന രോഗിയെപ്പോലെ കിടക്കുന്ന പെട്ടികളുടെ വയറ്റില്‍ അങ്ങേര്‍ പതിയെ കൈകടത്തി ഒന്നിനേയും നോവിക്കാതെ തിരയുന്നുണ്ട്. ഓരോ സാധനം തൊട്ടു നോക്കി ചുമ്മാ 'ഉം ഉം' എന്ന് മൂളുന്നുണ്ട്. ഇടയ്ക്കിടെ എന്നെ നോക്കി ചിരിക്കുന്നുണ്ട്. കുറേക്കാലം യാത്രക്കാരുടെ പെട്ടികള്‍ പരിശോധിച്ച ഇന്ത്യന്‍ കസ്റ്റംസിലെ ഒരു സൂപ്രണ്ടിന്റെ പെട്ടികള്‍ ലണ്ടന്‍ കസ്റ്റംസിലെ സൂപ്രണ്ട് സായിപ്പ് പരിശോധിക്കുകയാണ്; വളരെ മാന്യമായിത്തന്നെ. പെട്ടിയിലുള്ളതിനോടൊക്കെ തികഞ്ഞ ബഹുമാനത്തോടെ തന്നെ.

ജോണി വാക്കര്‍ ബ്ലാക്ക് ലേബലിന്റെ രണ്ടു കൂടുകള്‍ തൊട്ടു നോക്കി അയാള്‍ എന്നോട് ചോദിച്ചു: 

''ഇതൊക്കെ ഇവിടെ കിട്ടുമല്ലോ. എന്തിനാ ഈ ചുമട്?'' ''ഏയ് അതിവിടെ കിട്ടുന്നതല്ല കേരള സ്പെഷ്യലാണ്. അതില്‍ കുപ്പിയല്ല ഏത്തപ്പഴമാ. ചതവ് പറ്റാതിരിക്കാന്‍ വെച്ചതാ.''

അതു തുറന്നിട്ട് അയാള്‍ ചിരിച്ചു, പിന്നെ കയ്യില്‍ കിട്ടിയ, പത്രത്തില്‍ പൊതിഞ്ഞ, ഒന്നരയടി നീളമുള്ള, വളഞ്ഞ സാധനം കയ്യിലെടുത്ത് തടവി നോക്കി അങ്ങേര്‍ ചോദിച്ചു: ''ആനക്കൊമ്പല്ലേ'' ''അയ്യോ കപ്പക്കിഴങ്ങാ. തനി നാടന്‍. തൊലി പൊളിച്ചാല്‍ ആനക്കൊമ്പ് പോലിരിക്കും'' - ഞാന്‍ മലയാളത്തില്‍ പറഞ്ഞു.

ഞാന്‍ സഹായിക്കാം എന്നു പറഞ്ഞ് മറ്റൊരു കസ്റ്റംസ് സായിപ്പ് രംഗത്തെത്തി. രണ്ടാമന് ഇത്തിരി പ്രായം കൂടും. 

ലണ്ടൻ ഐ
ലണ്ടൻ ഐ

അതില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ പലതും കക്ഷി കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കി തിരികെ വെച്ചു. ഒരു മീറ്റര്‍ നീളമുള്ള, ചുവന്നതും പച്ചയുമായ രണ്ടു കയറുകള്‍ പുള്ളി പുറത്തെടുത്തു. അവയില്‍ സ്വര്‍ണ്ണ നിറത്തില്‍ കുറച്ച് അലങ്കാരപ്പണികളുമുണ്ട്. ''ഇതെന്താ സംഗതി?'' ഭീമന്‍ പുരികമുയര്‍ത്തി.

''അതൊരു മാജിക് സാധനമാ'' - ഞാന്‍ പറഞ്ഞു. 

''വൗ! യു മജിഷ്യന്‍?''

''യാ യാ'' രണ്ടു പോക്കറ്റിലും കൈ തിരുകി ഞാന്‍ ഞെളിഞ്ഞു നിന്നു. 

''ഇതിലെന്ത് മാജിക്?'' അയാള്‍ ചോദിച്ചു. 

''ഈ കയര്‍ കമ്പിയാകും. സ്നേഹപൂര്‍വ്വം ഒന്നു തടവിയാല്‍ മതി. കൂടാതെ ശരീരഭാഗങ്ങളുടെ ശേഷി പരിശോധിക്കാനും ഇതിനു കഴിവുണ്ട്.''

''ഓ! ഗ്രേറ്റ്. കാണട്ടെ''

ചുരുട്ടിവെച്ചിരുന്ന പച്ച കയറെടുത്തു ഞാന്‍ ഭീമനെക്കൊണ്ട് രണ്ടു വട്ടം തടവിച്ചു. എന്നിട്ട് ഒരറ്റത്തു പിടിച്ചു അയാള്‍ക്ക് മുന്നിലേക്ക് നീട്ടി. കയര്‍ മാന്ത്രികവടി പോലെ അന്തരീക്ഷത്തില്‍ നില്‍ക്കുന്നത് കണ്ട് ഭീമനും ഗോലിയാത്തും ചിരിച്ചു.

''താങ്കളുടെ ശരീരം ഇതുപോലെ കരുത്തുള്ളതാണ്'' എന്നു പറഞ്ഞു ഞാന്‍ കയര്‍കമ്പി അഥവാ കമ്പിക്കയര്‍ അങ്ങേരുടെ നെഞ്ചിനും കൈക്കും കുറുകെ വെച്ചു. അതു കമ്പിയായിത്തന്നെ നിന്നു. ''പക്ഷേ, ഇങ്ങോട്ട് അല്പം ബലക്കുറവുണ്ട് അല്ലേ'' എന്നു പറഞ്ഞ് അങ്ങേരുടെ കുടവയറിനു താഴെ അരക്കെട്ട് ചേര്‍ത്ത് കയര്‍ കാണിച്ചു. പെട്ടെന്ന് കമ്പിക്കയര്‍ ഉണങ്ങിയ വാഴക്കൈ പോലെ വളഞ്ഞുതൂങ്ങി.

ഡാവിഞ്ചി
ഡാവിഞ്ചി

നസീറും ഗോലിയാത്തും പൊട്ടിച്ചിരിച്ചു വെട്ടിത്തിരിഞ്ഞു പറഞ്ഞു: ''ഓ നോ. യു ഫണ്ണി മാന്‍, യു ക്യാന്‍ ഗോ.'' കൂടുതല്‍ പരിശോധിച്ചാല്‍ ബലക്ഷയം നീണ്ടുനിന്നേക്കാം എന്ന് പുള്ളി വിചാരിച്ചിട്ടുണ്ടാവും.
കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞു. വണ്ടിയുന്തി നീങ്ങുമ്പോള്‍ ലാലി പറഞ്ഞു: ''മാജിക് കൊണ്ട് ബാക്കി പെട്ടികള്‍ രക്ഷപ്പെട്ടു.''

ഇങ്ങനെയൊരു രംഗത്തിന്റെ സാധ്യത മുന്‍കൂര്‍ തോന്നാഞ്ഞതുകൊണ്ട് ഒന്നും ക്യാമറയില്‍ പകര്‍ത്താന്‍ പറ്റിയില്ല.

പിക്കാസോ
പിക്കാസോ

പതിനഞ്ച് വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഞങ്ങളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയത്. അന്ന് അവരുടെ ഗൗരവത്തില്‍ അല്പം മയം വരാന്‍ ഈ മാജിക് ഉപകരണങ്ങള്‍ കാരണമായിരുന്നു.
ചില്ലറ വിദ്യകള്‍കൊണ്ട് ചിലപ്പോഴൊക്കെ ഉപകാരമുണ്ട്.

മൈക്കിൾ ആഞ്ചലോ
മൈക്കിൾ ആഞ്ചലോ

2018-ലെ പ്രളയസമയത്ത് ഏതാനും ദിവസത്തെ അവധിക്കു വന്നുപോയ മകന്‍ ജീവനും കുടുംബത്തിനും 2019, '20, '21 വര്‍ഷങ്ങളില്‍ വരാന്‍ പറ്റിയില്ല. പ്രളയവും കൊറോണയും കൂടി എല്ലാം മുടക്കിയ കാലത്തിനു ശേഷം വിസയും വിമാനങ്ങളും അനങ്ങിത്തുടങ്ങിയപ്പോള്‍  തണുപ്പുകാലമാണെങ്കിലും അങ്ങോട്ട് പോകാം എന്നു ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

അങ്ങനെയാണ് ഞങ്ങള്‍ ബര്‍മിങ്ഹാ മിലെത്തിയത്.

കെവിന്‍ഗ്രോവ് ആര്‍ട്ട് ഗാലറിയില്‍

ഡാവിഞ്ചി, മൈക്കിള്‍ ആഞ്ചലോ, പിക്കാസോ തുടങ്ങിയ മഹാ പ്രതിഭകള്‍ക്കൊപ്പം നില്‍ക്കുന്ന ലോകപ്രശസ്ത സര്‍ റിയലിസ്റ്റ് ചിത്രകാരന്‍ സാല്‍വദോര്‍ ദാലി... ചിത്രങ്ങളിലെ  വ്യത്യസ്തമായ ശൈലി,  സാങ്കേതികതയിലെ പൂര്‍ണ്ണത, ഞെട്ടിപ്പിക്കുന്ന ഭാവന... ഇവയൊക്കെയാണ് ബഹുമുഖ പ്രതിഭയായ ദാലിയുടെ പ്രത്യേകതകള്‍. 

ദാലിയുടെ ഒരു ചിത്രം ഞാന്‍ നേരില്‍ കാണുകയാണ്. കണ്ടുകണ്ട് മനവും തനുവും കുളിരു കോരി നില്‍ക്കുകയാണ്.

ക്രൂശിതനായ യേശുവിനെ പിതാവായ ദൈവം സ്വര്‍ഗ്ഗത്തില്‍ ഇരുന്നു കാണുന്ന രംഗം ദാലി സൃഷ്ടിച്ചിരിക്കുകയാണ്. നിലം തൊടാതെ നില്‍ക്കുന്ന കുരിശ്. സ്വര്‍ഗ്ഗീയമായ വെളിച്ചം. പീഡയുടെ പരമമായ അവസ്ഥ. 1950-ലാണ് ദാലി ഇതു വരച്ചത്.

സ്‌കോട്ട്ലന്റില്‍ ഗ്ലാസ്ഗോയിലെ കെവിന്‍ഗ്രോവ് ആര്‍ട്ട് ഗാലറി 1952-ല്‍ വന്‍തുകയ്ക്ക് വാങ്ങിയ ഈ ചിത്രം കത്തോലിക്കാ സഭയിലും കലാരംഗത്തും ഏറെ വിവാദങ്ങള്‍ ഉണ്ടാക്കി. പീഡാനുഭവത്തിന്റെ തികവാര്‍ന്ന പ്രതീകം എന്നു ചിലര്‍, അസംബന്ധം എന്നു ചിലര്‍, ദൈവ ദൂഷണത്തിനു കാരണമാകും എന്ന് ചിലര്‍, വിഗ്രഹാരാധനയ്ക്ക് ഇടയാക്കും എന്ന് ഒരു കൂട്ടര്‍. രണ്ടു മാസം കൊണ്ട്  ഈ ചിത്രം കാണാന്‍ ഇവിടെയെത്തിയത് 50000 പേര്‍.

25 വര്‍ഷം മുന്‍പ് ഞാന്‍ ഇതിന്റെ ഒരു അനുകരണം നടത്തി. അതിന്റെ ഫ്രെയിമില്‍ ആണി അടിച്ചപ്പോള്‍, യേശുവിന്റെ ദേഹം മുറിഞ്ഞപോലെ, ചില്ല് വിണ്ടുപോയി. അതു മാറ്റണ്ട എന്നു വെച്ച് അങ്ങനെ തന്നെ സൂക്ഷിക്കുന്നു. അതും ഇതിനോടൊപ്പം എളിമയോടെ വെയ്ക്കട്ടെ.

ദാലിയുടെ ചിത്രം ​ഗ്യാലറിയിൽ
ദാലിയുടെ ചിത്രം ​ഗ്യാലറിയിൽ

മൂന്നു നാള്‍ കഴിഞ്ഞ് ഗ്ലാസ്ഗോയില്‍നിന്നു മടക്കം. ബസ് നമ്പര്‍ 590-ല്‍ അന്നത്തെ ഡ്രൈവര്‍ തന്നെ. വിന്‍സ്റ്റന്‍ ചര്‍ച്ചിലിനെ പോലിരിക്കും. മാസ്‌കിന്റെ മറയിലും ചര്‍ച്ചില്‍ ഞങ്ങളെ തിരിച്ചറിഞ്ഞ് പുഞ്ചിരിയോടെ അകത്തേക്ക് സ്വാഗതം ചെയ്തു. പെട്ടികള്‍ അദ്ദേഹം തന്നെ അറയില്‍ കയറ്റിവെച്ചു.

അറുപതു സീറ്റുള്ള ആഡംബര ബസില്‍ ആകെ പന്ത്രണ്ടു പേര്‍. ഞങ്ങളുടെ അടുത്തുള്ള ഇരിപ്പിടങ്ങളില്‍ മൂന്ന് ആണ്‍കുട്ടികളുമായി ഒരു യുവതി സ്ഥാനം പിടിച്ചു. മൂന്നു കുട്ടികള്‍ക്കും ഒരേ വേഷം.  ഒരേ മുഖം. ഏതാണ്ട് ഒരേ പ്രായം.

വണ്ടി ഓടിത്തുടങ്ങി. കുഞ്ഞു വീരന്മാര്‍ ടാബും മൊബൈലും കുഞ്ഞന്‍ ലാപ്ടോപ്പും പുറത്തെടുത്തു കളി തുടങ്ങി. തിരക്കിലാണെങ്കിലും അവന്മാര്‍ ഇടയ്ക്കിടെ എന്നെ ഒളികണ്ണിട്ടു നോക്കും. ഞാന്‍ ഒരു ഗോഷ്ടി കാട്ടും. അവര്‍ ചിരിക്കും.

''നിങ്ങള്‍ എവിടുന്നു വരുന്നു? ഇന്ത്യയില്‍ നിന്നല്ലേ?'' യുവതി എന്നോട് ചോദിച്ചു:''

അവര്‍ക്കുമറിയാം ഈ ശാസ്ത്രം. ഇന്ത്യക്കാരാണെന്നും വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളുവെന്നും ഗ്ലാസ്ഗോയില്‍ പോയി വരികയാണെന്നുമൊക്കെ ഞാന്‍ പറഞ്ഞു.

''കണ്ടപ്പോള്‍ തോന്നി. ഞാനും ഇന്ത്യക്കാരിയാണ്. ശരിക്കു പറഞ്ഞാല്‍ ആയിരുന്നു. ഇപ്പോള്‍ പാകിസ്താന്‍ ആണെന്നു പറയാം. എനിക്കങ്ങനെ ഒരു വ്യത്യാസം തോന്നാറില്ല. എന്റെ വീട്ടുകാരെല്ലാം പണ്ടേ ഇവിടെ വന്നതാണ്. ഞാന്‍ ഡോക്ടര്‍ റെഹാന. ബര്‍മിങ്ഹാമില്‍ ആങ്ങളമാരുണ്ട്. അങ്ങോട്ട് പോകുന്നു.''

ഹൃദ്യമായ ഇടപെടല്‍. ശത്രു രാജ്യങ്ങള്‍ എന്ന് ആരോ മുദ്രയടിച്ച രണ്ടു നാട്ടില്‍ നിന്നുള്ളവര്‍ എന്നൊരു വിചാരത്തിനുപോലും ഈ സൗഹൃദത്തിനിടയില്‍ സ്ഥാനമില്ല.

വെയിലും മഴയും നൊടിയിടെ വേഷം കെട്ടിയാടുന്ന പ്രകൃതി. പിള്ളേര്‍ മൂന്നു സ്ഥലത്തായി മാറിയിരുന്നു തിരക്കിട്ട പണിയിലായി. പച്ചയും മഞ്ഞയും തവിട്ടും നിറങ്ങള്‍ ചേര്‍ത്തു പ്രകൃതി നിര്‍മ്മിച്ച അനേകം കൂറ്റന്‍ ഇഡ്ഡലികള്‍ അട്ടിയിട്ടതുപോലെയാണ് ഇരുവശത്തേയും കാഴ്ചകള്‍. മുല്ലമൊട്ടുകള്‍ വാരിയെറിഞ്ഞതുപോലെയോ കൂണുകള്‍ പൊട്ടിമുളച്ചതുപോലെയോ തോന്നിക്കുന്ന ആട്ടിന്‍കൂട്ടങ്ങള്‍ ആ ഇഡ്ഡലിക്കുന്നുകളില്‍ വിഹരിക്കുന്നു. അതിവിശാലമായ, അതിമനോഹരമായ എട്ടുവരി ദേശീയപാതയില്‍ ബസ് 130 കിലോമീറ്ററില്‍ ഒഴുകുന്നു.

റെഹാന ബാഗില്‍നിന്ന് ഓരോ ഓറഞ്ചെടുത്തു ഞങ്ങള്‍ക്ക് തന്നു. ''ഇത് മോള്‍ക്ക് കൊടുക്കൂ. ഛര്‍ദ്ദി മാറും.'' പിന്നെ ചോക്കലേറ്റ് തന്നു. ഫ്‌ലാസ്‌കില്‍നിന്ന് കാപ്പി പകര്‍ന്നു തന്നു. പിന്നെ മനം നിറഞ്ഞ, മനം നിറയ്ക്കുന്ന പുഞ്ചിരി തന്നു. ഞാന്‍ എടുത്തുകൊടുത്ത സാന്‍ഡ്വിച്ച് അവര്‍ നന്ദിയോടെ നിരസിച്ചു... വേണ്ട സാര്‍. കൂട നിറയെ ഉണ്ട്.''

വണ്ടി ഒതുക്കാവുന്ന ഏറ്റവും അടുത്ത സ്ഥലത്ത് ചര്‍ച്ചില്‍ വണ്ടി നിര്‍ത്തി. ഞങ്ങളുടെ അടുത്തു വന്നു. ''അഞ്ചു മിനിറ്റ് പുറത്തിറക്കി മോളേ കാറ്റു കൊള്ളിക്കൂ. ഷി വില്‍ ബി ആള്‍റൈറ്റ്'' സ്നേഹം നിറച്ച കരുതല്‍ സ്പര്‍ശമുള്ള കനത്ത ശബ്ദത്തില്‍ ചര്‍ച്ചില്‍ പറഞ്ഞു.

പുറത്തുനിന്ന് പുള്ളി ഒരു സിഗരറ്റ് വേഗം പുകച്ചുതീര്‍ത്തു. അകത്തു കയറുമ്പോള്‍ അദ്ദേഹം ജ്യോ തികയ്ക്ക് ഒരു ചോക്കലെറ്റ് കൊടുത്തു. ഡോണ്ട് വറി എന്നൊരു പുഞ്ചിരിയും. ബര്‍മിങ്ഹാമില്‍ ഇറങ്ങി നല്ല ഓര്‍മ്മകളുമായി ഞങ്ങള്‍ പിരിഞ്ഞു.

പത്താന്‍കോട്ട് എയര്‍ഫോഴ്സ് സ്റ്റേഷന്റെ അതിര്‍ത്തിയില്‍ വെടിയേറ്റു വീണ പാക് വിമാനത്തിന്റെ പൈലറ്റ് സയ്യിദ് ഖാലിദിനെ നാട്ടുകാര്‍ പഞ്ഞിക്കിടാതെ രക്ഷപ്പെടുത്തിയ അനുഭവം മുന്‍ വിങ് കമാന്റര്‍ മാത്യൂസ് ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു. യുദ്ധത്തിനിടെ ഗ്രനേഡ് തറച്ചു കാല്‍ തകര്‍ന്ന ഇന്ത്യന്‍ മേജര്‍ ജനറല്‍ ജോര്‍ജിന്റെ കാലില്‍ ഓപ്പറേഷന്‍ നടത്തിയ പാക് പട്ടാള ഡോക്ടര്‍ മേജര്‍ അഹമ്മദിനേയും ഞാന്‍ ഓര്‍ത്തുപോയി.

ഇന്ത്യയെവിടെ?
പാകിസ്താനെവിടെ?
ഇതിനിടെ അതിര്‍ത്തിയെവിടെ?
ഇവര്‍ക്കിടെ ശത്രുതയെവിടെ?
മേമ്പൊടി..

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി പ്രസംഗിക്കുന്നു. പണ്ട് കശ്യപ മുനി (ആ പേരില്‍ നിന്നാണ് കശ്മീര്‍ എന്ന പേര് ഉണ്ടായത്) യാത്രയ്ക്കിടെ ഒരു കൊച്ചുതടാകം കണ്ടു. ഹാ കൊള്ളാല്ലോ. ഒന്നു കുളിച്ചിട്ടു പോകാം. പുള്ളി തുണിയഴിച്ച് ഒരു പാറയില്‍വെച്ച് കുളിക്കാനിറങ്ങി. നീരാട്ട് കഴിഞ്ഞു കേറുമ്പം തുണിയില്ല. അതൊരു പാകിസ്താനി അടിച്ചോണ്ടു പോയിരുന്നു.

പാക് പ്രതിനിധി കലി തുള്ളി ചാടി എണീറ്റു. വൃത്തികേട് പറയരുത് അന്ന് പാകിസ്താന്‍ എന്നൊരു പേര് പോലുമില്ല. ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു, എല്ലാരും കേട്ടല്ലോ അല്ലേ. ഞാന്‍ പറയാനുദ്ദേശിച്ചത് പുള്ളി പറഞ്ഞുകഴിഞ്ഞു. എന്നിട്ടും കശ്മീര്‍ അവരുടെയാണെന്നു വാദിക്കുന്നു. കഷ്ടമല്ലേ യുവര്‍ ഓണര്‍?

ആകാശക്കാഴ്ചയുടെ വിസ്മയം

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റ പിറവി ആഘോഷിക്കാന്‍ ലണ്ടനില്‍ ഒരുക്കിയ ഒരു വിസ്മയം. London Eye.  ആകാശത്തൊരു കൂറ്റന്‍ ചക്രം. 33 കാബിനുകള്‍ അഥവാ കാറുകള്‍ കോര്‍ത്തൊരുക്കിയ ഒരു ചക്രം സാവകാശം അരമണിക്കൂര്‍ കൊണ്ട് ഒരുവട്ടം കറങ്ങിവരും. അകത്തിരിക്കുന്നവര്‍ക്ക് അനക്കം അറിയാത്തവിധമുള്ള കറക്കം.

ലണ്ടന്‍ നഗരത്തിന്റെ പുളകമായി ഒഴുകുന്ന തെംസ് നദിയുടെ കരയിലാണ് ഇവനെ നിര്‍ത്തിയിരിക്കുന്നത്. 443 അടി ഉയരം. ചക്രത്തിന് 383 അടി വ്യാസം. 33 കാറുകളില്‍ 32 എണ്ണം സന്ദര്‍ശകര്‍ക്കു വേണ്ടിയാണ്. ഓരോന്നിലും 25 പേര്‍ക്ക് കയറാം. ഒരെണ്ണം നിറയെ ചെടികളും പഴങ്ങളും. പിന്നല്ല, ലണ്ടനിലുമുണ്ട് അന്ധവിശ്വാസം. ഒരു വര്‍ഷം ശരാശരി മുപ്പത് ലക്ഷം ആളുകള്‍ ഇതില്‍ കയറുന്നു എന്നാണ് കണക്ക്.  ചെലവ് വെറും 70 മില്യണ്‍ പൗണ്ട്. (7000 കോടി രൂപ?)

പണിതപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ചക്രം എന്ന ഖ്യാതിയുണ്ടായിരുന്നു. പക്ഷേ, ചൈനയിലും സിങ്കപ്പൂരിലും ലാസ്വേഗസിലും കേമന്മാര്‍ വന്നു. ദുബായില്‍ അതിലും വലിയ വേറൊരുത്തന്‍ ഒരുങ്ങുന്നു. എങ്കിലും ഇവനാണ് യൂറോപ്പിലെ ഒന്നാമന്‍.

കറങ്ങി മുകളിലെത്തുമ്പോള്‍ ലണ്ടന്‍ മുഴുവന്‍ കാണാം. അതുകൊണ്ടാണ് ലണ്ടന്റെ കണ്ണ് എന്ന പേര്. ഒരാള്‍ക്ക് കയറാന്‍ 33 പൗണ്ട്. അവര്‍ക്കത് നിസ്സാരം. നമുക്ക് 3300 രൂപ ഇച്ചിരി കട്ടിയാണ്.

ഇംപീരിയൽ വാർ മ്യൂസിയം
ഇംപീരിയൽ വാർ മ്യൂസിയം

രാജകീയ കാഴ്ചബംഗ്ലാവ്

കൂരയും കുടിലും കൊച്ചു വീടുകളുമൊക്കെ ധാരാളമുണ്ടായിരുന്നു  ഞങ്ങളുടെ നാട്ടുമ്പുറത്ത്. സ്‌കൂളിലേക്കുള്ള വഴിയോരത്തെ ഒരു വീട് വെറും വീടായിരുന്നില്ല. ബംഗ്ലാവ് ആയിരുന്നു. അത് നാട്ടിലെ ഏറ്റവും വലിയ സമ്പന്നന്റേതായിരുന്നു. ''അമ്പോ ഇത്ര വലിയ വീടോ'' എന്ന അമ്പരപ്പുണ്ടാക്കുന്ന വീടാണ്  ബംഗ്ലാവ് എന്ന് ഊഹിച്ചെടുത്തു. വീടുകള്‍ പലതരമുണ്ടെന്നും വമ്പന്‍ പണക്കാരുടെ വീടുകള്‍ക്ക് ബംഗ്ലാവ്  എന്നാണ് പറയുന്നതെന്നും രാജാവിന്റെ വീട് ബംഗ്ലാവിനെക്കാള്‍ വലുതാണെന്നും അതിനു  കൊട്ടാരം എന്നാണ് പറയുന്നതെന്നും ക്രമേണ മനസ്സിലായി.

ഞാന്‍ പിറന്ന ഗ്രാമത്തിന്റെ പേര് കൊച്ചുകൊട്ടാരം എന്നാണ്. തൊട്ടടുത്തൊരു ഗ്രാമമുണ്ട് - വലിയകൊട്ടാരം. ആ പ്രദേശത്തെങ്ങും ഒരു കൊട്ടാരമോ കൊട്ടാരത്തിന്റെ അവശിഷ്ടം പോലുമോ ഇല്ലാതെ ആ പേരുകള്‍ എങ്ങനെയുണ്ടായെന്ന് ഇന്നും അവിടെയാര്‍ക്കും അറിയില്ല. കൊട്ടാര മോഹികള്‍ അവിടെ ഉണ്ടായിരുന്നോ എന്നും അറിയില്ല. 

കുറച്ചു കഴിഞ്ഞാണ് കാഴ്ചബംഗ്ലാവ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നത്; ആദ്യത്തെ വിനോദയാത്ര പോകുമ്പോള്‍ കൗതുകവും അത്ഭുതവും നിറയ്ക്കുന്ന കാഴ്ചകളുടെ ലോകം.

അങ്ങനെയൊരു ലോകത്തിലേക്ക് നമ്മളിപ്പോള്‍ കയറുകയാണ് - ലണ്ടനിലെ ഇമ്പീരിയല്‍ വാര്‍ മ്യൂസിയം. രാജകീയ കാഴ്ചബംഗ്ലാവ്.

ഒന്നും രണ്ടും  ലോക മഹായുദ്ധങ്ങളുടെ  ഓര്‍മ്മകളുടെ ഒരു പ്രദര്‍ശനശാല. യുദ്ധത്തിന്റെ ഓര്‍മ്മകള്‍ സുഖകരമല്ല എന്നിരിക്കെ എന്തിനാണ് ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നത്? എന്താണി തൊക്കെ ഓര്‍മ്മിപ്പിക്കുന്നത്? കാര്യമുണ്ട്. യുദ്ധം വരുത്തിയ കെടുതികള്‍ ലോകം അറിയേണ്ടതുണ്ട്. യുദ്ധത്തിനെതിരെ തലമുറകളില്‍ അവബോധം ഉണരേണ്ടതുണ്ട്. ഇരുളും വെളിച്ചവും ഇഴചേര്‍ന്നു കിടക്കുന്നതാണല്ലോ ഏതൊരു ചരിത്രവും. പ്രഭാപൂരിതമായ കാലം പോലെ ഇരുള്‍ മൂടിയ കാലവും നമുക്കുണ്ടല്ലോ. മാലാഖമാര്‍ക്കൊപ്പം ചെകുത്താന്മാരുമുണ്ട്. മഹാ പ്രതിഭകള്‍ക്കൊപ്പം മഹാ ഭ്രാന്തന്മാരും ചരിത്രത്തിലുണ്ട്. വെള്ളരിപ്രാവുകള്‍ക്കൊപ്പം  കഴുകന്മാരുണ്ട്. മാന്‍പേടകള്‍ക്കു മേലേ രാക്ഷസന്മാരുണ്ട്. അതുകൊണ്ട് ഇവയൊക്കെയും നമ്മള്‍ കാണേണ്ടതുണ്ട്. കാണിക്കേണ്ടതുണ്ട്.

ഹെന്റി എട്ടാമന്‍ രാജാവിന്റെ പേരിലുള്ള ഈ മ്യൂസിയത്തിന്റെ പ്രവേശനകവാടത്തില്‍ രണ്ടു കൂറ്റന്‍ പീരങ്കികളാണ് നമ്മെ സ്വാഗതം ചെയ്യുന്നത്. രണ്ടാം മഹായുദ്ധകാലത്ത് ബ്രിട്ടീഷ് പടക്കപ്പലുകളില്‍ ഉപയോഗിച്ചിരുന്ന തരം പീരങ്കികള്‍. മുപ്പതടി നീളം കണ്ടേക്കും ഇതിന്റെ കുഴലിന് (വീഡിയോ കാണുക).
യുദ്ധത്തില്‍ ഉപയോഗിച്ച വാഹനങ്ങള്‍, വിമാനങ്ങള്‍, വെടിക്കോപ്പുകള്‍, ബോംബുകള്‍, മിസൈലുകള്‍, യുദ്ധഭീകരത എടുത്തു കാട്ടുന്ന ചിത്രങ്ങള്‍, യുദ്ധവീരന്മാരുടെ ചിത്രസഹിതമുള്ള ഓര്‍മ്മക്കുറിപ്പുകള്‍... അനന്തമാണ് ഇവിടത്തെ കാഴ്ചകള്‍. 

തലയ്ക്കു മേലേ ഏതാനും യുദ്ധവിമാനങ്ങള്‍ തൂങ്ങിനില്‍ക്കുന്നതാണ് അകത്തുകയറുമ്പോള്‍ ആദ്യം കണ്ണില്‍പ്പെടുന്നത്. സ്പിറ്റ് ഫയര്‍, മിഷര്‍ഷ്മിട്ട്, വാമ്പയര്‍ തുടങ്ങിയ യുദ്ധവിമാനങ്ങള്‍. അരികില്‍ത്തന്നെ കാണാം മുപ്പതടി ഉയരമുള്ള ഒരു പച്ച ഗോപുരം. അല്ല,  അതൊരു മിസൈല്‍ ആണ്. ജര്‍മനി നിര്‍മ്മിച്ച ഢ2 മിസൈല്‍. അമേരിക്കയുടെ ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ പിന്നീട് മാതൃക ആയത് ജര്‍മനിയുടെ ഢ2 മിസൈല്‍ തന്നെ. അമേരിക്ക നിര്‍മ്മിച്ച വില്ലിസ് ജീപ്പ് ഇവിടെ കാണാം. 1940-നും 1943-നുമിടയില്‍ 3,60,000 ജീപ്പുകള്‍ അവരുണ്ടാക്കി.

1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയില്‍ ഒരു ലക്ഷം പേരുടെ ജീവനെടുത്ത അമേരിക്കയുടെ 'ലിറ്റില്‍ ബോയ്' എന്ന അണുബോംബ് ഒന്നാം നിലയിലുണ്ട്.  കാഴ്ചയില്‍ ഇവനൊരു ഭീകരനല്ല. കൊച്ചു പയ്യന്‍ തന്നെ. ഭീകരന്മാര്‍ പുറമേ പാവം പയ്യന്മാരാണല്ലോ. കസബിനെപ്പോലെ. 

അടുത്ത നിലയില്‍ HOLOCAUST ഓര്‍മ്മകളാണ്. ചരിത്രത്തിലെ ഏറ്റവും ഇരുണ്ടകാലത്തിന്റെ മരവിപ്പിക്കുന്ന ചിത്രങ്ങളും ലിഖിതങ്ങളും അവശേഷിപ്പുകളും. ജൂതവംശത്തെ ഒന്നാകെ ഉന്മൂലനം ചെയ്യാന്‍ ഹിറ്റ്ലര്‍ ആവിഷ്‌കരിച്ച കൂട്ടക്കൊല പദ്ധതിയാണ് Holocaust.

ആറു വര്‍ഷം കൊണ്ട് അറുപതു ലക്ഷം പേരെ ചുമ്മാ കൊന്നൊടുക്കിയ പദ്ധതി. പ്രതിദിനം ഏതാണ്ട് മൂവായിരം പേരെ വെറുതെ കൊല്ലുക എന്ന നാസി വിനോദം. ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരം. ഏറ്റവും കിരാതമായ ഒരുകാലം. മനുഷ്യനെ എങ്ങനെയൊക്കെ കൊന്നൊടുക്കാമെന്നു പരീക്ഷണം നടത്തിയത് അങ്ങ് പ്രാചീന കാലത്തല്ല, ഇക്കഴിഞ്ഞ നൂറ്റാണ്ടിലാണ് എന്നത് നമ്മെ നാണം കെടുത്തുന്നു. ഗാന്ധിജിയും നെഹ്‌റുവും ഐന്‍സ്റ്റീനും പന്ത്രണ്ടാം പിയൂസ് മാര്‍പ്പാപ്പയും ഗുന്തര്‍ ഗ്രാസും ചര്‍ച്ചിലും ഒക്കെ ജീവിച്ചിരുന്നപ്പോഴാണ് ആസൂത്രിത വന്‍കിട നരനായാട്ട് നടന്നതെന്ന് ഓര്‍ക്കാന്‍ വയ്യ.

കയ്യില്‍ തോക്ക് പിടിച്ച്, ആകാശത്തേക്ക് കയ്യും തലയും ഉയര്‍ത്തി ശവങ്ങളുടെ കൂമ്പാരത്തിനു മേല്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന പട്ടാള കമാണ്ടറുടെ ചിത്രത്തിലേക്ക് ഞാന്‍ അറപ്പോടെ നോക്കി.
''അമ്മേ എനിക്കു വിശക്കുന്നു. ഒരു കഷണം റൊട്ടി താ അമ്മേ, അമ്മ എവിടെയാണ്?'' എന്ന് ഒരു ഏഴ് വയസ്സുകാരന്‍ കണ്ണീര്‍ നനവുള്ള തുണ്ടു കടലാസ്സില്‍ എഴുതിയ കുറിപ്പു കണ്ട് എന്റെ കണ്ണു നിറഞ്ഞു.
''എന്റെ ബന്ധുക്കളെല്ലാം എവിടെയൊക്കെയോ ആണ്. അവര്‍ ജീവിച്ചിരിപ്പുണ്ടോ, ഇനി എന്നെങ്കിലും അവരെ കണ്ടുമുട്ടുമോ, ഞാന്‍ ജീവിച്ചിരിക്കുമോ'' എന്നൊരു ഡയറിക്കുറിപ്പുണ്ട്.

കൊടും തണുപ്പില്‍ ദേഹത്തൊരു നൂല്‍ പോലുമില്ലാതെ നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ ചിത്രമുണ്ട്. മാതാപിതാക്കളെ കാണാതെ ആര്‍ത്തലച്ചു കരയുന്ന കുഞ്ഞുങ്ങളുടെ ചിത്രം നമ്മുടെ നെഞ്ചു പിളര്‍ക്കും.
നിസ്സഹായരായ കുഞ്ഞുങ്ങളെ വരി നിര്‍ത്തി തൊട്ടടുത്ത് നിന്നു വെടിയുതിര്‍ക്കുന്ന പട്ടാളക്കാരുടെ ചിത്രം നമ്മെ ഞെട്ടിക്കും.

ഈ കാഴ്ചകള്‍ തന്നെ നമ്മുടെ രക്തത്തെ കട്ടപിടിപ്പിക്കുമെങ്കില്‍ ആ ജനതയുടെ അനുഭവം എന്തായിരുന്നിരിക്കും!

ആ കാലഘട്ടത്തെ അതിജീവിക്കാന്‍ വിധിയനുവദിച്ച ചിലര്‍ തങ്ങളുടെ ദുരിതകാലം വിവരിക്കുന്ന വീഡിയോകള്‍ ഇടയ്ക്കിടെ കാണാം. 

ഇവിടെ കയറാന്‍ ഫീസില്ല. അകത്തു ചിത്രങ്ങളെടുക്കാം. പക്ഷേ, ഒീഹീരമൗേെ ഭാഗത്ത് അതിന് അനുവാദമില്ല. സംസാരിക്കുന്നതിനു വിലക്കില്ലെങ്കിലും ആരും മിണ്ടുന്നില്ല. ഇതിനുള്ളില്‍ ആര്‍ക്കും വാക്കു മുട്ടിപ്പോകും നെഞ്ചു വിങ്ങിപ്പോകും.

ഡേവിഡ് ലോയ്ഡ് ജോര്‍ജ് പ്രധാനമന്ത്രി ആയിരിക്കെ 1917-ല്‍ ലണ്ടനില്‍ കെന്‍സിങ്ട്ടനില്‍ സര്‍ അല്‍ഫ്രഡ് മോണ്ട് സ്ഥാപിച്ച ഈ മ്യൂസിയം 1920-ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. പ്രതിവര്‍ഷം പത്തുലക്ഷം പേര്‍ ഇതു കാണാനെത്തുന്നു.

കാലവും കറുത്ത ചരിത്രവും ഇത്തരം പ്രദര്‍ശനശാലകളുമൊക്കെ നമ്മെ വല്ലതും പഠിപ്പിക്കുന്നുണ്ടോ? നാം പഠിച്ചോ?

വിശപ്പേ നീയൊരു വിശ്വസത്യം

''രോഗിണിയായ എന്റെ ഭാര്യക്കുവേണ്ടിയാണ് എല്ലാ ദിവസവും ഞാന്‍ ഈ പണി ചെയ്യുന്നത്. എനിക്ക് സഹായം ആവശ്യമുണ്ട്''  ('IAM DOING THIS WORK EVERY DAY FOR MY WIFE WHICH IS VERY SICK. I NEED HELP.') എന്നൊരു നോട്ടീസ് അരികില്‍വെച്ച് തിരക്കേറിയ ബുള്‍ റിങ് തെരുവോരത്തിരുന്ന് ഒരു വൃദ്ധന്‍ സാക്സോഫോണ്‍ വായിക്കുന്നു. അതൊരു ദുഃഖഗാനമാണെന്നു തോന്നുന്നു. ഈണം പരിചിതമാണ്. ഗാനം ഓര്‍മ്മയില്‍ വരുന്നില്ല. ദുഃഖത്തിന്റെ സര്‍വ്വത്രിക ശ്രുതി ആണെന്നും വരാം. അത് എളുപ്പം ഉള്ളില്‍ കൊണ്ടുകേറും. കീറും. റോഡില്‍ ബാരിക്കേഡ്  നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഒരു കൂട്ടം കമ്പിയഴികളില്‍ ചാരിയിരിക്കുകയാണ് വൃദ്ധന്‍. ഗാനത്തില്‍ മുഴുകിയാണ് ഇരിപ്പെങ്കിലും മുന്നിലെ പാത്രത്തിലും വഴിയാത്രികരുടെ നീക്കങ്ങളിലും നീണ്ടുവരുന്ന കൈകളിലും വീഴുന്ന തുട്ടുകളിലും ആ കണ്ണുകള്‍ ശ്രദ്ധിക്കുന്നുണ്ട്. ഒരു വിരലനക്കം കൊണ്ടും തലയാട്ടല്‍ കൊണ്ടും എല്ലാം വരവ് വെച്ച് നന്ദി അറിയിക്കുന്നുണ്ട്. വയലിന്‍ സൂക്ഷിച്ചിരുന്ന പഴയൊരു പെട്ടിയാണ് സംഭാവനകള്‍ക്കായി മുന്നില്‍ തുറന്നുവെച്ചിരിക്കുന്നത്. അതില്‍ കാര്യമായിട്ടൊന്നും വീണിട്ടില്ല. ബര്‍മിങ്ഹാം റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള ബുള്‍ റിങ് സ്ട്രീറ്റ് ആണ് രംഗം. ജനം ഒഴുകുന്നു. രണ്ടു മാസം മുന്നേ തന്നെ തെരുവുകള്‍ ക്രിസ്മസ് അലങ്കാരങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.

വൃദ്ധന്റെ പാട്ട് ഞാന്‍ ചിത്രീകരിക്കുമ്പോള്‍ അടുത്തുകൂടി കടന്നുപോയ ഒരു കൂട്ടം ഫ്രീക്കന്മാര്‍ ഇതൊക്ക പടമെടുക്കാന്‍ ഇവന് വട്ടുണ്ടോ എന്ന മട്ടില്‍ എന്നെ നോക്കി എന്തോ ഉറക്കെ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. കുറച്ചപ്പുറത്ത് ഒരു ചെറുപ്പക്കാരന്‍ ഇരിപ്പുണ്ട്. please help me. I am unable to work. എന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. ഇത്തിരി മാറി ഒരു കക്ഷി പടം വരച്ചുകൊണ്ടിരിക്കുന്നു. ഇടതു കയ്യിലെ മൊബൈലിലെ ഒരു മുഖം നോക്കിയാണ് വര. വലതു കയ്യില്‍ ചാര്‍ക്കോള്‍ പെന്‍സില്‍. ചുണ്ടില്‍ സിഗരറ്റ്. ചുണ്ടുകൊണ്ട് മാത്രമുള്ള വലിയില്‍ സിഗരറ്റു ചളുങ്ങി വളഞ്ഞു കോലം കെട്ടിരിക്കുന്നു. വരച്ച ഏതാനും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

''ഇരിക്കൂ നിങ്ങളെ വരയ്ക്കാം. അഞ്ചു പൗണ്ട് മാത്രം'' എന്നാണ് ഓഫര്‍.

ഒരു ചക്രകസേര സ്വയം ഉരുട്ടി ഒരു അമ്മച്ചി എല്ലാവരുടേയും നേര്‍ക്ക് കണ്ണും കയ്യും നീട്ടി കെഞ്ചുന്നു. വല്ലോം തരണേ. ആരോടോ അല്പം കലി മുഖത്തുണ്ട്. കടന്നുപോയ ഏതാനും ചെറുപ്പക്കാരെ നോക്കി വൃദ്ധ പറഞ്ഞു: ''യു ബ്ലഡി ചൈനീസ്.'' തെരുവില്‍ തിരക്കില്ലാത്ത ഒരു കോണില്‍ നിര്‍ത്തിയിട്ട ഒരു വാനിനു മുന്നില്‍നിന്ന് ഒരു മുസ്ലിം മൗലവി പ്രസംഗിക്കുന്നു. ''ആദമാണ് നമ്മുടെ പിതാവ്... സാത്താന്‍ നമ്മുടെ ശത്രുവാണ്. അള്ളാഹു മാത്രമാണ് നമ്മുടെ രക്ഷ. അല്ലാഹുവിനെ അറിയാന്‍ ഖുര്‍ആന്‍ വായിക്കൂ. ഖുര്‍ആന്‍ സൗജന്യം.'' ഞാന്‍ ഒന്നു നോക്കിയതേയുള്ളു, മൗലവി ഖുര്‍ആന്‍ വെച്ചു നീട്ടി. സന്തോഷത്തോടെ ഞാന്‍ അതു വാങ്ങി. 

ചാലക്കുടിയിലും ചേര്‍ത്തലയിലും അണക്കരയിലും അട്ടപ്പാടിയിലും വൈറ്റില വഴിവക്കിലും മാത്രമല്ല, ലണ്ടനിലും ബര്‍മിങ്ഹാമിലും ലോകത്തെവിടെയും ദൈവരാജ്യ പ്രഘോഷകര്‍ ഉണ്ടല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിച്ചു. നമുക്ക് ഇനിയും രക്ഷയുടെ വഴികള്‍ തുറന്നു കിടക്കുന്നു! പേടിക്കാനില്ല.

ഞങ്ങള്‍ സ്റ്റേഷനിലെ ഒരു കാപ്പിക്കടയില്‍  കയറി. 'PRET' കാപ്പിക്കട. മുന്നിലൊരു അറിയിപ്പുണ്ട്: ''ഇവിടെ ഞങ്ങളുടെ സംഘം വളരെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എന്തെങ്കിലും പോരായ്ക കണ്ടാല്‍ ദയവായി ഞങ്ങളുടെ ഡ്യൂട്ടി മാനേജറോട് പറയുക. ആക്ഷേപ വാക്കുകളും പെരുമാറ്റവും ഞങ്ങള്‍ വെച്ചുപൊറുക്കില്ല.'' ഒരു കാപ്പിക്ക് വെറും മൂന്നു രൂപ. എന്നുവെച്ചാല്‍ മൂന്നു പൗണ്ട് സമം മുന്നൂറ് 'ലൂപ'. അടിപൊളി ചോക്കലേറ്റ് കാപ്പി. തണുപ്പ് പമ്പ കടന്നു. അല്ല,  തെംസ് കടന്നു.

വിന്‍സര്‍ കാസില്‍ 13000 ഏക്കറില്‍ ഒരു രാജകീയ വസതി. ബ്രിട്ടീഷ് രാജവംശത്തിന്റെ ആസ്ഥാനം. ആയിരത്തോളം വര്‍ഷത്തെ ചരിത്രം പറയുന്ന ഈ അത്ഭുതലോകത്തായിരുന്നു ഇന്നലെ ഞങ്ങള്‍. 95 വയസ്സുള്ള എലിസബത്ത് റാണി ഇപ്പോള്‍ ഇവിടെയാണ്. പതിനഞ്ചു ദിവസം വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. സന്ദര്‍ശകര്‍ക്ക് കാസിലില്‍ പ്രവേശനമുണ്ട്.  അകത്തു ഫോട്ടോ വീഡിയോ പാടില്ല. കണ്ടതൊക്കെ വാക്കുകളിലാക്കാന്‍ എളുപ്പമല്ല. കോട്ടയുടെ നിര്‍മ്മിതി, അകത്തെ ആഡംബരങ്ങള്‍, ചിത്രപ്പണികള്‍, കൊത്തുപണികള്‍, ചിത്രങ്ങള്‍, ആയുധശേഖരം, രാജകീയ സിംഹാസനങ്ങള്‍, പരവതാനികള്‍, പാത്രങ്ങള്‍,  പടച്ചട്ടകള്‍, പ്രതിമകള്‍. ഹെന്റി, എഡ്വെര്‍ഡ്, വില്യം, ജോര്‍ജ് തുടങ്ങി അനേകം രാജാക്കന്മാരും എലിസബത്ത്, മേരി, മാര്‍ഗരറ്റ്, വിക്ടോറിയ തുടങ്ങി അനേകം റാണിമാരും സര്‍വ്വ പ്രതാപങ്ങളോടും കൂടി വാണിരുന്ന, ഇന്നും വാഴുന്ന ഈ കൊട്ടാരമാണ് ഇപ്പോള്‍ ഉപയോഗത്തിലുള്ള ലോകത്തിലെ ഏറ്റവും പഴക്കമേറിയ കൊട്ടാര വസതി.

1992-ല്‍ ഒരു വന്‍ അഗ്‌നിബാധയില്‍ ഇവിടത്തെ കുറേ അമൂല്യവസ്തുക്കള്‍ നശിച്ചു. എങ്കിലും അവ പുനര്‍നിര്‍മ്മിച്ചു. ഇംഗ്ലണ്ടിലെ ഒട്ടുമിക്ക ഗാലറികളിലും മ്യൂസിയങ്ങളിലും പ്രവേശനം സൗജന്യമാണ് എന്നത് എന്നെ അത്ഭുതപ്പെടുത്തി. ഓരോ സ്ഥലത്തേയും ജോലിക്കാരുടെ ഇടപെടലും അതീവ ഹൃദ്യം. എപ്പോഴും ചിരിക്കും. തുടരെ താങ്ക് യൂ എന്നു പറയും. ഒരു അണ്ണാനേയോ കുറുക്കനേയോ കുരങ്ങനേയോ കുയിലിനേയോ പോലും കാണാന്‍ കിട്ടാത്ത നമ്മുടെ വന്യജീവി സങ്കേതങ്ങളേയും അവിടെ കേറണമെങ്കിലുള്ള ചടങ്ങുകളേയും അതിനു കൊടുക്കേണ്ട ഫീസും ഒക്കെ ഞാന്‍ സങ്കടത്തോടെ ഓര്‍ത്തുപോയി എന്നു പറയട്ടെ. ഇമ്പീരിയല്‍ വാര്‍ മ്യൂസിയത്തിലും  നാഷണല്‍  ആര്‍ട്ട് ഗാലറിയിലുമൊക്കെ സന്ദര്‍ശകര്‍ക്ക് പ്രവേശനഫീസ് ഏര്‍പ്പെടുത്തിയാല്‍ എന്തായിരിക്കും ഇവരുടെ വരുമാനം! കണക്കില്‍ നില്‍ക്കില്ല. 

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com