മാ ആനന്ദ് ഷീല - വിവാദങ്ങള്‍ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവള്‍

ജൈവികചോദനകളുമായി സന്ധിചെയ്യലാണ്  സംസ്‌കാരം. മനുഷ്യനെ മൃഗങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് അതാണ്. മൃഗങ്ങളെ മനുഷ്യനില്‍നിന്നും വ്യത്യസ്തമാക്കുന്നത് മരണചിന്തയില്ലായ്മയാണ്
മാ ആനന്ദ് ഷീല - വിവാദങ്ങള്‍ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവള്‍

ജൈവികചോദനകളുമായി സന്ധിചെയ്യലാണ്  സംസ്‌കാരം. മനുഷ്യനെ മൃഗങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത് അതാണ്. മൃഗങ്ങളെ മനുഷ്യനില്‍നിന്നും വ്യത്യസ്തമാക്കുന്നത് മരണചിന്തയില്ലായ്മയാണ്. അതുണ്ടെങ്കില്‍ മാനുകള്‍ മേയാതെ ചത്തുപോകുമായിരുന്നു. സുഖകരമായൊരു സുരതത്തിലെ രതിമൂര്‍ച്ഛപോലെ, മരണത്തെ നമുക്ക് ആസ്വദിക്കാനാവാത്തത് എന്തുകൊണ്ടാവും? ഓഷോയുടെ മരണം ജീവിതത്തിന്റെ അന്ത്യമല്ല, മറിച്ച് ജീവിതത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയാണ്.  ജീവശാസ്ത്രപരമായി ശ്വാസമുണ്ടെന്നതാവും ജീവിക്കുന്നതിന്റെ തെളിവ്. പലരും ഈ ലോകത്ത് കഴിഞ്ഞുകൂടുമ്പോള്‍ അപൂര്‍വ്വം ചിലരാണ് ജീവിക്കുന്നത് എന്നു നിരീക്ഷിച്ചിരുന്നു ഓസ്‌കര്‍ വൈല്‍ഡ്. ജീവിതത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍, ഭൂതത്തിനും ഭാവിക്കും വിട്ടുകൊടുക്കാതെ വര്‍ത്തമാനത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന ഒരാള്‍ക്ക് മരണഭയം ഉണ്ടാവുകയില്ല. അവര്‍ക്കത് ജീവിതത്തിന്റെ ഉച്ഛസ്ഥായി പ്രാപിക്കലാണ്, അന്തിമമായ ഒരു രതിമൂര്‍ച്ഛ. ഓഷോയുടെ അന്വേഷണങ്ങളില്‍  ആത്മീയതയുണ്ട്, ഭൗതികതയുണ്ട്, ഇസ്ലാമുണ്ട്, ഹിന്ദുവുണ്ട്, കമ്യൂണിസമുണ്ട്, പല തത്ത്വചിന്തകളുണ്ട്. ഓഷോയുടെ ആള്‍വഴികളന്വേഷിച്ചാല്‍  നാമെത്തിനില്‍ക്കുക ഗുര്‍ഡ്ജീഫിലാണ്, റാസ്‌കല്‍ സെയിന്റ് അഥവാ തെമ്മാടിയായ സന്ന്യാസി എന്നറിയപ്പെട്ട ജോര്‍ജ് ഇവാനോവിച്ച് ഗുര്‍ഡ്ജീഫില്‍. റഷ്യന്‍ വിപ്ലവത്തോടെ റഷ്യ വിട്ട് ഫ്രാന്‍സിലേക്കു മാറിയ മിസ്റ്റിക് ഗുരു. സ്വാഭാവികമായും ഓഷോവിന് ആ സ്വീകാര്യത യൂറോപ്പിലും അമേരിക്കയിലും കിട്ടിയതിന് ഒരു കാരണം അതാവാം. ഓഷോയിലേക്ക്, ഷീലയിലേക്കുമുള്ള ഒരു വായനാനുഭവമാണിത്. 

പ്രതിഭകളുടെ കണ്ണിലെ ഓഷോ, ഷീലയുടേയും

ചിന്തകളുടെ മൗലികത, ലാളിത്യമാര്‍ന്ന അതിമനോഹര വാചകങ്ങളില്‍ ആറ്റിക്കുറുക്കിയ മൗനം കടഞ്ഞെടുത്ത മൊഴികള്‍, മനോഹരമായ കഥകളിലൂടെയുള്ള ആവിഷ്‌കാരം, വിറ്റും വിസ്ഡവും നിറയുന്ന സംഭാഷണങ്ങളെന്ന പ്രഭാഷണങ്ങള്‍. ഓഷോയുടെ ചിന്തകള്‍ പല തലമുറകളെ മഥിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒത്തുതീര്‍പ്പുകളില്‍ ഉഴറാതെ, ആകര്‍ഷകമായ ജീവിതം സ്വന്തം ക്ലോക്കിനു കണക്കായി ചിട്ടപ്പെടുത്തി ജീവിക്കുക പ്രതിഭകള്‍ക്കു മാത്രം സാധ്യമാകുന്ന ഒന്നാണ്. ഓഷോയും ഷീലയും കെട്ടിപ്പടുത്ത ഒരു സാമ്രാജ്യം ഉണ്ടായിരുന്നു.   

മാ ആനന്ദ് ഷീല - വിവാദങ്ങള്‍ ഇന്നും വിട്ടൊഴിയാതെ പിന്തുടരുന്നവള്‍, വിവാദങ്ങളുടെ, അഭ്യൂഹങ്ങളുടെ, ഗോസിപ്പുകളുടേയും മറവിലായിപ്പോയ സ്വജീവിതത്തെ അവര്‍ അടയാളപ്പെടുത്തുന്നുണ്ട് ബൈ മൈ ഔണ്‍ റൂള്‍സ് എന്ന ആത്മകഥയില്‍. പുസ്തകത്തില്‍ ഒരിടത്തും അവര്‍ ഓഷോ എന്നു പറയുന്നില്ല, ഭഗവാന്‍ എന്നുമാത്രമാണ് ഉപയോഗിക്കുന്നത്. 1980-കളില്‍ അവര്‍ ശ്രീ രജനീഷ്, ഓഷോയുടെ  പേഴ്സണല്‍ സെക്രട്ടറി ആയിരുന്നു, പിന്നീട് ഒറിഗോണ്‍ വാസ്‌കോ കൗണ്ടിയിലെ രജനീഷ് കമ്മ്യൂണ്‍ മാനേജരും.  ആ യാത്ര അവസാനിച്ചത് അമേരിക്കന്‍ ജയിലിലാണ്, ശിക്ഷ ഇരുപതു വര്‍ഷത്തേക്കു തടവ്, നല്ല നടപ്പിനെ മാനിച്ച് മൂന്നുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം സ്വതന്ത്രയായി. ഓഷോയുമായി, ഓഷോയുടെ അദ്ധ്യാപനങ്ങളുമായി നിത്യപ്രണയത്തിലാണ് ഷീല. ഓഷോ പകര്‍ന്ന ഊര്‍ജ്ജത്തിന് അടിവരയിടുകയാണ് ശേഷാശ്രമ ജീവിതത്തില്‍ തന്റെ ദൗത്യങ്ങളിലൂടെ ഷീല. എന്റെ കഥ എന്റെ തന്നെ വാക്കുകളില്‍ എന്ന വിശേഷണത്തോടെയുള്ള ബൈ മൈ ഔണ്‍ റൂള്‍സ് തന്റേതായ പതിനെട്ട് നിയമങ്ങളുടെ പതിനെട്ട് അധ്യായങ്ങളാണ്.  

വീട്, കുടുംബം എന്നതില്‍നിന്നും മനുഷ്യന്‍ പതിയെ കമ്യൂണിലേക്ക് മാറുമെന്ന് സ്വപ്നം കണ്ടിരുന്നു ഓഷോ, അതിന്റെ ആദിരൂപവുമായിരുന്നു ഓഷോയുടെ പൂനയിലേയും ഒറിഗോണിലേയും കമ്മ്യൂണ്‍. വേര്‍തിരിവുകളില്ലാതെ എല്ലാവര്‍ക്കും തുല്യാവസരങ്ങളുള്ള, മറ്റൊരാള്‍ തന്റേതാവുന്നതല്ല സ്നേഹം, മറിച്ച് പരസ്പരം അംഗീകരിക്കുന്നതും ഉള്‍ക്കൊള്ളുന്നതുമാണത് എന്ന തിരിച്ചറിവുള്ള മനുഷ്യരുടെ കമ്മ്യൂണുകളായിരുന്നു ഓഷോയുടെ ദര്‍ശനം. ഒരു കമ്മ്യൂണ്‍ എന്നത് സ്വാര്‍ത്ഥതയില്ലാത്ത ജീവിതത്തിന്റെ,  തുല്യ അവസരത്തിന്റെ പ്രഖ്യാപനമാണ്. മാര്‍ക്സില്‍നിന്നു വഴിമാറി, സമത്വം അടിച്ചേല്പിക്കുന്നതിനെ ഓഷോ അനുകൂലിക്കുന്നില്ല. കാരണം, അത് മാനസികമായി അസാധ്യമായ, ഓഷോയെ സംബന്ധിച്ചിടത്തോളം പ്രകൃതിവിരുദ്ധമായ ഒന്നാണ്. രണ്ടു മനുഷ്യര്‍ കൂടി തുല്യരല്ലാത്ത ലോകത്ത്. സമത്വത്തെ അനുകൂലിക്കാത്തതുപോലെതന്നെ അസമത്വത്തേയും ഓഷോ അനുകൂലിക്കുന്നില്ല. ഓരോരുത്തര്‍ക്കും അവനവന്‍ ആകുവാനുള്ള തുല്യാവസരമാണ് വേണ്ടത് എന്ന് ഒഷോ. കുടുംബം, വിവാഹം ഇതൊക്കെയും ഇനിയെത്രകാലം എന്നു ലോകം ചര്‍ച്ചചെയ്യുമ്പോള്‍ ഓഷോ വായന തികച്ചും പ്രസക്തവുമാണ്. 

മാ ആനന്ദ് ഷീല
മാ ആനന്ദ് ഷീല

ഇന്ത്യ സൃഷ്ടിച്ച ഏറ്റവും മൗലികതയുള്ള ചിന്തകനാണ് ഓഷോ;  വ്യക്തമായ കാഴ്ചപ്പാടും നൂതനാശയങ്ങളുമുള്ള മഹാജ്ഞാനി (ഖുഷ്വന്ത് സിംഗ്). 

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ തത്ത്വചിന്തകനായി, സന്ന്യാസിയായി, യോഗിയായും ഓഷോ ദീര്‍ഘകാലം ഓര്‍മ്മിക്കപ്പെടും (മന്‍മോഹന്‍ സിങ്ങ്). 

ഓഷോയെപ്പോലുള്ളവര്‍ കാലത്തിനു മുന്നേ നടക്കുന്നവരാണ്. ഇന്നത്തെ യുവാക്കള്‍ ഓഷോയെ കൂടുതല്‍ കൂടുതല്‍ വായിക്കുന്നു എന്നത് നല്ല സൂചനയാണ് (കെ.ആര്‍. നാരായണന്‍).

ഓഷോ ബോധോദയം നേടിയ പ്രതിഭയാണ്, ബോധത്തിലേക്കുള്ള വളര്‍ച്ച സാധ്യമാക്കുന്ന സകല സാധ്യതകളും ഉപയോഗിച്ച്  മനുഷ്യരാശിയെ  മുന്നോട്ടു നയിക്കുന്നയാള്‍ (ദലൈലാമ).

ജീവിതത്തിന്റെ അവസാന ലാപ്പില്‍ ഉള്ളവര്‍ക്കും  ഇല്ലാത്തവര്‍ക്കും ഒരുപോലെ വേണ്ടിവരിക ഒത്തിരി സ്നേഹമാണ്, ഇത്തിരി കരുതലും. കൈക്കലാക്കലാണ് സ്നേഹമെന്ന ബോധത്തെ ഓഷോ പൂവിനോടുള്ള സ്നേഹത്തോടാണ് ഉപമിക്കുന്നത്. മനോഹരമായ പൂവിനെ പറിച്ചെടുക്കുന്നതോടെ നാമതിനെ കൊല്ലുന്നു.  അവിടെ സംഭവിക്കുന്നത് സ്നേഹമെന്ന പേരില്‍ കൊലയാണ്. ആ പൂവിന്റെ സൗന്ദര്യത്തെ ആസ്വദിക്കലാണ്, അതായി തന്നെ അംഗീകരിക്കലാണ്  സ്നേഹം. അല്ലാതെ അതിന്റെ നിലനില്‍പ്പില്‍നിന്നും പറിച്ചെടുത്ത് തന്റേതാക്കുന്നതോടെ പൂവ് മരിക്കുന്നു. ബന്ധങ്ങളും അങ്ങനെ തന്നെയാണ്. അങ്ങനെ സ്വാര്‍ത്ഥമായ ബന്ധങ്ങളുടെ തടവറയില്‍ നിന്നുള്ള മോചനമായിരുന്നു ഓഷോയുടെ കമ്മ്യൂണ്‍. അതിന്റെ ചെറിയ വകഭേദമാണ് ഷീലയുടെ കെയര്‍ഹോമുകള്‍. ജീവിതാനുഭവങ്ങള്‍ പകര്‍ന്ന അറിവുകളും ഓഷോയുടെ നിറവുകളും പ്രാവര്‍ത്തികമാക്കുകയാണ് ഷീല, സംഘര്‍ഷഭരിതമായ ഒരുകാലത്തെ, വിചാരണകളേയും അതിജീവിച്ച് ഒറ്റപ്പെട്ടുപോകുന്ന വാര്‍ദ്ധക്യങ്ങള്‍ക്ക് തണലൊരുക്കുകയാണവര്‍. സ്വിറ്റ്സര്‍ലാന്റില്‍നിന്നും വിയറ്റ്നാമിലേക്കും മൗറീഷ്യസിലേക്കും അതു വളരുന്നു. പ്രണയത്തിന്റെ, കാമത്തിന്റെ, ലൈംഗിക സ്വാതന്ത്ര്യത്തിന്റെ ഒക്കെയും ബ്രാന്റ് അംബാസിഡറായി കാണപ്പെട്ടവള്‍ സ്നേഹത്തിന്റേയും കരുതലിന്റേയും ആള്‍രൂപമാണിന്ന്. 

സേവനത്തിന് എന്തുകൊണ്ട് സമ്പന്നമായ സ്വിറ്റ്സര്‍ലാന്റ് എന്ന ചോദ്യത്തിനുത്തരം തരേണ്ടത് കാലമാണ്. എല്ലാം ഓഷോയില്‍ സമര്‍പ്പിക്കുന്ന ഷീലയ്ക്ക് അതിനുത്തരം വേണമെങ്കില്‍ ഓഷോയില്‍ തന്നെയുണ്ട്.  എന്തുകൊണ്ട് ആശ്രമത്തിലെ കോടാനുകോടികളുടെ ആഡംബരവസ്തുക്കള്‍ 93 റോള്‍സ്റോയ്സടക്കം പണമാക്കി ദരിദ്രരുടെ ഉന്നമനത്തിന് ശ്രമിക്കുന്നില്ല എന്ന ചോദ്യത്തിന് ഓഷോയുടെ മറുപടി പ്രസിദ്ധമായിരുന്നു, ചിന്തിപ്പിക്കുന്നതും. സംസ്‌കാരം ഉണ്ടായതു മുതല്‍ മനുഷ്യന്‍ ദരിദ്രരെ നന്നാക്കുന്നുണ്ട്, അതിന്നും തുടരുന്നുണ്ട്, ദരിദ്രന്‍ ദരിദ്രനായും. പാവപ്പെട്ട ധനികരെ നന്നാക്കാന്‍ ആരെങ്കിലും ഇതുവരെ തുനിഞ്ഞിട്ടുണ്ടോ? എന്നെ അങ്ങനെ കണക്കാക്കിക്കോളൂ എന്നായിരുന്നു ഓഷോയുടെ പ്രതികരണം. ദാരിദ്ര്യം ഒരു മാനസികാവസ്ഥ കൂടിയാണ്. സാമ്പത്തികം ഒരു ഘടകം മാത്രമാണ്, ജീവിക്കാന്‍ വേണ്ടത്. അതെല്ലാമാണെങ്കില്‍ എന്നേ ദരിദ്രര്‍ മുഴുവനും ആത്മഹത്യ ചെയ്യുമായിരുന്നു?  

2011-ല്‍ ഷീല ജര്‍മന്‍ ഭാഷയിലെഴുതി സൂസന്ന ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ 'ഡോണ്‍ട് കില്‍ ഹിം' എന്ന  പുസ്തകത്തില്‍ പറയുന്നുണ്ട്  മഹാന്മാര്‍ക്കു പിണയുക മഹാബദ്ധങ്ങളാണെന്ന്. ആത്യന്തികമായി മഹാന്മാരൊക്കെയും മനുഷ്യരാണ്, പ്രപഞ്ചത്തിലെ ജീവജാലങ്ങളില്‍ ഒന്നുമാത്രമാണ്. ആരോപിതമായ കുറ്റങ്ങളുടെ തീവ്രത വച്ച് ഓഷോവിന് 175 വര്‍ഷം തടവ് ഉറപ്പായിരുന്നു. ലോകത്തെ സകല നിയമങ്ങളോടും പുച്ഛമായിരുന്ന, തന്റേതായ നിയമങ്ങളുടെ കമ്മ്യൂണ്‍ സ്ഥാപിച്ച ഓഷോ പക്ഷേ, അപ്രതീക്ഷിതമായി കോടതിയില്‍ ഹാജരായി പ്ലീ ബാര്‍ഗെയിന്‍ അഥവാ വ്യവഹാര വിലപേശല്‍ മുതലാക്കി കേവലം 17 ദിവസത്തെ തടവുമായി രക്ഷപ്പെട്ടതാണ് ചരിത്രം. പക്ഷേ, അടച്ച പിഴ അന്ന് 400000 ഡോളറാണ്, അന്നത്തെ 48 ലക്ഷം രൂപ. ഇന്നു മൂല്യം കണക്കാക്കിയാല്‍ 2 കോടി 98 ലക്ഷത്തിലേറെ. ആലോചിക്കണം, എഴുന്നൂറിലേറെ പേര്‍ക്കു വിഷബാധയേറ്റ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ ബയോ ടെറര്‍ അറ്റാക്കായിരുന്നു ഷീലയുടെ പേരിലെ കുറ്റം. അങ്ങനെയൊരു കുറ്റത്തിന് 20 വര്‍ഷം തടവിനു വിധിക്കപ്പെട്ടവള്‍ മൂന്നുവര്‍ഷം കഴിഞ്ഞു നല്ലനടപ്പില്‍ ഇറങ്ങിയെന്നതു വിശ്വസിക്കുക തന്നെ പ്രയാസമാണ്. ഒരേ സമയം ആരാധനയ്ക്കും അധിക്ഷേപത്തിനും പാത്രമായ ഷീലയാവട്ടെ, പിന്നീട് നെയ്തെടുത്തത് മറ്റൊരു ജീവിതം. 

ഓഷോ
ഓഷോ

അമേരിക്കയില്‍നിന്നും രക്ഷപ്പെട്ട് ആഡംബരത്തിന്റെ അവസാന വാക്കായ ഓഷോ ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ കാത്തുനിന്ന മെഴ്സിഡസ് ബെന്‍സിന്റെ ഡ്രൈവിംഗ് സീറ്റില്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ വിനോദ് ഖന്നയായിരുന്നു. ഓഷോ പറഞ്ഞത് ട്രസ്റ്റിന്റെ കോടികള്‍ ഷീല അടിച്ചുമാറ്റിയെന്നാണ്.   അതല്ല സത്യമെങ്കില്‍ പെണ്ണിനെ അളക്കുമ്പോള്‍ ഓഷോയുടെ കോലും മനുവിന്റേതു തന്നെയായിപ്പോയതാവണം. ഇന്ന് ഓഷോയില്ല, റൊണാള്‍ഡ് റീഗണുമില്ല, ബാക്കിയുള്ളത് ഷീലയും കോടതി രേഖകളുമാണ്. സ്വിറ്റ്സര്‍ലാന്റ് പൗരത്വം ഷീല നേടിയത് ഉര്‍സ് ബേണ്‍സ്റ്റീല്‍ എന്ന സ്വിസ് പൗരന്റെ പങ്കാളിയെന്ന നിലയിലാണ്. ബേണ്‍സ്റ്റീല്‍ സൂറിച്ച് രജനീഷ് കമ്മ്യൂണിന്റെ തലവനായിരുന്നു, പിന്നീട് എയ്ഡ്സ് ബാധിതനായി മരിച്ചു. ഒക്കെയും കൂട്ടിവായിക്കുമ്പോള്‍ സ്വിറ്റ്സര്‍ലാന്റില്‍ പൗരത്വമെടുത്ത ഷീലയുടെ, ഇന്ത്യയിലേക്കു കയറ്റിവിടപ്പെട്ട  ഓഷോയുടേയും മൊഴികളില്‍ പഴികളുണ്ട്, പൊഴികളും. സത്യം വരികള്‍ക്കിടയിലും വരികള്‍ക്കപ്പുറത്തുമായി തിരയുക മാത്രമേ ഇനി മാര്‍ഗ്ഗമുള്ളു. 

വിലക്കപ്പെട്ട കനിയായി ലൈംഗികതയെ മാറ്റിയത് മതങ്ങളാണ്. അതിന്റെ വിപണിമൂല്യം അത്രയേറെയായിരുന്നു. പാപത്തിന്റെ ഫലം മതങ്ങളെ സംബന്ധിച്ചിടത്തോളം ഭണ്ഡാരവരുമാനമാണ്. പെര്‍മിറ്റടിസ്ഥാനത്തില്‍ മാത്രം ലഭ്യമായ ലൈംഗികതയെയാണ് ഓഷോ തുറന്നുവിട്ടുകളഞ്ഞത്. അവിടെയും അതിന്റെ വിപണിമൂല്യം അത്രമേലായിരുന്നു, ഒറിഗോണിലെ ആശ്രമത്തിലേക്കു വന്നത് നൂറോളം റോള്‍സ് റോയ്സുകളായിരുന്നു. 

ഓഷോ പ്രണയം കമ്മ്യൂണ്‍ പരിണയം ജയില്‍ വിരഹവും

ഓഷോയോടുള്ള പ്രണയത്തില്‍ ഷീല മാമോദീസ മുങ്ങിയത് 1972-ല്‍. ആദ്യസമാഗമനിമിഷം മുതല്‍  ജീവിതം ഭഗവാന്‍ എന്ന അച്ചുതണ്ടിനു ചുറ്റുമായി കറങ്ങി എന്നു പറയുന്നിടത്ത് ആ ബന്ധത്തിന്റെ ആഴവും പരപ്പും നാമറിയുന്നു. അനന്തരം നീണ്ട 13 വര്‍ഷങ്ങള്‍. സെപ്റ്റംബര്‍ 1985 ഓടെ ഷീല ഓഷോയോടും കമ്മ്യൂണിനോടും വിടപറയുന്നു. സ്വന്തം മനസ്സാക്ഷിയെ, ഹൃദയവികാരങ്ങളെ, മൂല്യങ്ങളെ, പഠിച്ച നല്ല പാഠങ്ങളെ മുന്‍നിര്‍ത്തി എടുക്കേണ്ടിവന്ന കടുത്ത തീരുമാനമെന്നാണ് അവര്‍ ആ വേര്‍പിരിയലിനെ വിശേഷിപ്പിക്കുന്നത്; പക്ഷേ, അന്നും ഇന്നും ഭഗവാന്‍ മാത്രം എന്നാവര്‍ത്തിക്കുന്നുമുണ്ട്.  

സംസ്‌കാരം, വര്‍ഗ്ഗം, മതം, ജാതി, ദേശീയത, ലൈംഗികസ്വത്വം അങ്ങനെ കാഴ്ചപ്പുറത്തില്ലാത്തതെല്ലാം കൂടി വിഭജിച്ച മനുഷ്യരെ  ചേര്‍ത്തുനിര്‍ത്തുന്ന ഒരു ബോധത്തെ കടഞ്ഞെടുക്കലായിരുന്നു ഓഷോയുടെ മെഡിറ്റേഷന്‍. മെഡിറ്റേഷന്‍ മനനമാണ്. മൗനത്തിലൂടെ മനത്തെ ഉണര്‍ത്തി ആത്മബോധത്തിലേക്ക് ഉയരലാണത്. ഒരുകുറേ ഉപേക്ഷിക്കലുകളല്ല, ദാരിദ്ര്യത്തെ വാഴ്ത്തലല്ല, ലൈംഗികതയുടെ അടിച്ചമര്‍ത്തലുമല്ല, മറിച്ച് വിഭജനങ്ങളുടെ വേലിക്കെട്ടുകള്‍ക്ക് അപ്പുറത്തേക്ക് മനുഷ്യന്‍ സ്വതന്ത്രമാവുന്ന ഒരു കമ്മ്യൂണ്‍. സ്വതന്ത്ര മനുഷ്യര്‍ എങ്ങും വിഹരിക്കുന്നൊരു വ്യവസ്ഥയായിരുന്നു ഓഷോയുടെ സ്വപ്നം.  

ആ സ്വപ്നദൗത്യത്തില്‍ ഓഷോയുമായി ചേര്‍ന്നൊഴുകിയപ്പോഴാണ് യഥാര്‍ത്ഥ സ്നേഹമെന്തെന്ന്, അതിന്റെ ആഴവും പരപ്പും ഷീല അറിഞ്ഞത്. ഷീലയുടെ തന്നെ പരിമിതികള്‍ക്കും അപ്പുറത്തേക്കായിരുന്നു ആ പ്രയാണം. ഓഷോയും ഷീലയും ഒരാത്മാവും ഹൃദയവുമായി കമ്മ്യൂണില്‍ കഴിഞ്ഞു. ഓഷോയുടെ മയക്കുമരുന്ന് ഉപയോഗവും ലക്ഷ്വറി കാറുകളോടുള്ള പ്രണയവുമാണ് വേര്‍പിരിയുന്നതിലേക്കു നയിച്ചത് എന്നു ഷീല പറയുന്നു. ഓഷോ അതൊക്കെയും നിഷേധിച്ച് ഷീലയെ കുറ്റവാളിയായി തന്നെയാണ് ഒരഭിമുഖത്തില്‍ അടയാളപ്പെടുത്തുന്നത്. ഒരു പരീക്ഷണഘട്ടത്തില്‍, പരിത്യക്തരാവുമ്പോഴുള്ള ഏകാന്തതയുടെ അപാരതീരത്താണ് മനുഷ്യന്റെ ആത്മവീര്യം വെളിവാകുക. ഓഷോ തള്ളിപ്പറഞ്ഞിട്ടും ഷീല ആണയിടുന്നു, മേല്‍ പ്രതിസന്ധികളുടെ വൈതരണികളിലൊക്കെയും തുഴയായത് ഓഷോ പകര്‍ന്ന ഊര്‍ജ്ജമാണ്, ജീവിത പാഠങ്ങളും. 

ലൈംഗികത അടിച്ചമര്‍ത്തപ്പെടുമ്പോള്‍

സെക്സിനെപ്പറ്റി പറയുവാന്‍ എല്ലാവര്‍ക്കും എന്തെങ്കിലും ഉണ്ടാവും, വായ തുറക്കാനുള്ള ധൈര്യം മാത്രം ഉണ്ടാവുകയില്ല. സകല മതങ്ങളും സെക്സിനെ പാപമായി വരവുവെച്ചു, വിപണി മൂല്യം നിശ്ചയിച്ചു.  സ്നേഹത്തേയും കാമത്തേയും നേരിടുവാനുള്ള നാനാതരം നിയമങ്ങളും അണിനിരന്നു. ഉപരിപഠനത്തിനായി ഷീല അമേരിക്കയിലെത്തിയപ്പോള്‍ അച്ഛന്‍ സെക്സിനെപ്പറ്റി മകളെ ബോധവല്‍ക്കരിക്കുന്നുണ്ട്. പ്രകടിപ്പിക്കേണ്ടതൊക്കെയും മറച്ചുപിടിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം മകളെ പഠിപ്പിച്ചു. മറ്റൊരാളോടു തോന്നുന്ന വികാരങ്ങളെ മറച്ചുപിടിക്കുന്നത് ആത്മവഞ്ചന കൂടിയാണെന്നും. മറ്റൊരാളിലത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നു, നമ്മള്‍ സ്വയം വഞ്ചിക്കുകയും ചെയ്യുന്നു. വേണ്ടത് തുറന്ന സമീപനമാണ്. അരുത്, വേണ്ട, നോ എന്നുറക്കെ പറയാനുള്ള ധൈര്യവും ബോധവുമുണ്ടാവുക അപ്പോഴാണ്. മറ്റൊരാളോടു തോന്നുന്ന വികാരം പക്ഷേ, പ്രകടിപ്പിക്കേണ്ടത് അതീവ ശ്രദ്ധയോടെയാണ്. വ്യക്തിയെപ്പറ്റി കൃത്യമായ ധാരണ ഉണ്ടാക്കിയ ശേഷം മാത്രം. ഈ പ്രായത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ടൊരാളോട് തനിക്കു തോന്നിയേക്കാവുന്ന ആകര്‍ഷണം സ്വാഭാവികം മാത്രമാണെന്ന് അച്ഛന്‍ മകളെ പഠിപ്പിച്ചു. പക്ഷേ, ആദ്യം കാണുന്നയാളെ കെട്ടുക എന്നതാവരുത്, ഇഷ്ടം പോലെ സമയമുണ്ട്, ലോകത്ത് ഇഷ്ടം പോലെ മനുഷ്യരുമുണ്ട് എന്നും. ജീവിതത്തില്‍ കണ്ടുമുട്ടുന്നവരെ അറിയുക, പഠിക്കുക, വിലയിരുത്തുക. അവരോടൊപ്പം കറങ്ങാം, ഡേറ്റു ചെയ്യാം, പറ്റുമെന്ന് ഉറപ്പായാല്‍ മാത്രം അവരുമായുള്ള ശാരീരിക ബന്ധമാവാം, അതില്‍ ലജ്ജിക്കേണ്ടതായി ഒന്നുമില്ല. എന്താണ് തന്റെ ലൈംഗിക താല്പര്യം, ആഗ്രഹം എന്നൊക്കെ മനസ്സിലാക്കുക അത്യാവശ്യമാണ്. സ്വാഭാവിക ചോദനകള്‍ മറച്ചുപിടിക്കേണ്ട ഒന്നല്ല എന്നാണ് അദ്ദേഹം മകളെ പഠിപ്പിച്ചത്.

നിന്റെ വികാരങ്ങള്‍പോലെതന്നെ പ്രസക്തമാണ് പങ്കാളിയുടേതും, എപ്പോഴും കണ്ടെത്താന്‍ ശ്രമിക്കേണ്ടത് തുല്യബഹുമാനം പുലര്‍ത്തുന്ന ഒരാളെയാണ്. ഒരിക്കലും നിന്റെ സ്വകാര്യതകളിലേക്ക് കടന്നുകയറുന്ന ഒരുവനെ സ്വീകരിക്കരുത്, വിശിഷ്യ ലൈംഗിക ബന്ധത്തിനായി എന്ന് അച്ഛന്‍ മകളെ ബോധവല്‍ക്കരിക്കുന്നുണ്ട്, അരനൂറ്റാണ്ടുമുന്നേ. പുരോഗമനവാദികളെന്നു മേനി നടിക്കുന്നവര്‍ കൂടി കെട്ടിനു പൊരുത്തം തേടി ജാതകവുമായി കണിയാനു പിന്നാലെ പായുന്ന നവോത്ഥാന കേരളത്തിലിരുന്നാണ് ഞാനിത് എഴുതുന്നതും താങ്കള്‍ വായിക്കുന്നതും. 

ഷീലയും ഓഷോയും
ഷീലയും ഓഷോയും

ലൈംഗികതയെ സഹാനുഭൂതിയായി ഉയര്‍ത്തിയ ബുദ്ധഭിക്ഷുവിന്റെ കഥ നമ്മെ ശുദ്ധീകരിക്കണം. പലരും കേട്ടതാവാം, പക്ഷേ സാരം വ്യത്യസ്തമാണ്. ബുദ്ധന്റെ രണ്ടു ശിഷ്യര്‍ ഒരു യാത്രകഴിഞ്ഞ് തിരിക്കുന്നു. വഴിമദ്ധ്യേ ചെറിയതെങ്കിലും വലിയ  ഒഴുക്കുള്ള ഒരു പുഴ മുറിച്ചുകടക്കണം. നേരം സന്ധ്യയോടടുക്കുന്നു. വൃദ്ധസന്ന്യാസി മുന്‍പിലും യുവാവായ ഭിക്ഷു പിന്നിലുമായി നടക്കുന്നു. മുന്‍പില്‍ അതിസുന്ദരിയായൊരു യുവതി പുഴ കടക്കാനാവാതെ പതറി പിന്‍വാങ്ങി നില്‍ക്കുന്നു. നീന്താനുമറിയില്ല. രാവിലെ വരുമ്പോഴുള്ള വെള്ളത്തിന്റെ ഇരട്ടിയുണ്ട്, ഒഴുക്കും. പോരെങ്കില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങുന്നയിടവും. രണ്ടുപേരെ കണ്ടപ്പോള്‍ അവള്‍ക്കു സന്തോഷമായി, ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷം. മടിച്ചില്ല, അവള്‍ അവരോടു സഹായം ചോദിച്ചു.

വൃദ്ധസന്ന്യാസി പറഞ്ഞു: ''ഞാനൊരു സന്ന്യാസിയാണ്, സ്ത്രീയെ നോക്കുകയോ സംസാരിക്കുകയോ പാടില്ല.'' 

സ്വന്തം ലൈംഗിക നിരപേക്ഷത വിജയിപ്പിച്ച സന്തോഷത്തില്‍ അദ്ദേഹം മുന്നോട്ടു നീങ്ങി. പുഴ മുറിച്ചുകടന്ന് അക്കരെയെത്തി, തന്റെ ഒപ്പമുള്ള യുവാവിനായി കാത്തുനിന്നു.  

യുവസന്ന്യാസി ആ യുവസുന്ദരിയെ തോളിലേറ്റി പുഴമുറിച്ച് നടന്നുവരുന്നതു കണ്ട് അദ്ദേഹം സ്തബ്ധനായി,  കോപം അതിരുകടന്നു.  

യുവാവ് അവളെ പതിയെ താഴെയിറക്കി, ശുഭയാത്ര നേര്‍ന്നുകൊണ്ട് യാത്രയാക്കി.
  
രണ്ടുപേരും ബുദ്ധനരികിലെത്തി. വൃദ്ധസന്ന്യാസി യുവസന്ന്യാസിയുടെ തോന്ന്യാസത്തെപ്പറ്റി വാചാലനായി.  പെണ്ണിനെ തൊട്ടതു പോവട്ടെ എന്നു വിചാരിക്കാം, പക്ഷേ, തോളത്തെടുത്തതോ?! 

എല്ലാറ്റിനും രണ്ടു ഭാഗമുണ്ട്, ബുദ്ധന്‍ യുവാവിന്റെ ഭാഗം കൂടി കേട്ടു. 

ഞാന്‍ അവളെ സഹായിച്ചില്ലായിരുന്നെങ്കില്‍ അവള്‍ വന്യമൃഗങ്ങള്‍ക്കു ഭക്ഷണമായേനെ. എനിക്ക് സഹാനുഭൂതി തോന്നിയത് അവളുടെ നിസ്സഹായതയോടാണ്. സത്യമാണ്, ഞാനവളെ തോളത്തെടുത്ത്, പുഴ കടത്തി, അവളെ യാത്രയാക്കി.

ബുദ്ധന്‍ എല്ലാവരോടുമായി പറഞ്ഞു: നോക്കൂ, ഒരു യഥാര്‍ത്ഥ സന്ന്യാസി ആരാവണം എന്നയാള്‍ക്ക് നിശ്ചയമുണ്ട്. ലൈംഗികത തനിക്കൊരു ഭാരമാവരുത് എന്ന തിരിച്ചറിവുമുണ്ട്. സ്വന്തം ലൈംഗികതയെ അനുകമ്പയിലേക്ക് ഒഴുക്കി അയാള്‍ സര്‍ഗ്ഗാത്മകമാക്കിയിരിക്കുന്നു.  

സത്യത്തില്‍ യുവസന്ന്യാസി തോളില്‍നിന്നും അവളെയിറക്കി യാത്രാമംഗളം നേര്‍ന്നു, അവളെ മറന്നു.  വൃദ്ധനാവട്ടെ, മനസ്സില്‍നിന്നും അവളെ ഇറക്കാനുമാവുന്നില്ല. 

യുവതിയുടെ ജീവനെക്കാള്‍ പ്രധാനം തന്റെ ആചാരമാണെന്നു കരുതിയ വൃദ്ധസന്ന്യാസിയുടെ ബോധമില്ലായ്മയല്ല ബുദ്ധന്‍. പഴികേട്ടാലും ശരി, അവളെ  തോളിലേറ്റി നദി കടക്കാമെന്നു കരുതിയ യുവസന്ന്യാസിയാണ് ബുദ്ധന്‍, ഒരു ട്രൂ അസെറ്റിക്.

ഓഷോ
ഓഷോ

കാലത്തിനു കടന്നുപോയേ പറ്റൂ, കാമനകള്‍ക്കും

ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത നിമിഷങ്ങള്‍ അനിവാര്യമാണ്, അതുവേണം നമ്മെ വിചാരണചെയ്യുവാന്‍.  ഒന്നുകില്‍ നമ്മെയത് കടഞ്ഞെടുക്കും, അല്ലെങ്കില്‍ കുടഞ്ഞിടും. ഓഷോ ഒരഭിമുഖത്തില്‍ ഷീലയുമായുണ്ടായിരുന്ന ബന്ധത്തിന്റെ ശവപ്പെട്ടിക്ക് ആണിയടിച്ച ഒരു വാചകമാണ് She did not prove to be a woman, she proved to be a perfect bitch. അവള്‍ ഒരു സ്ത്രീയാണെന്ന് തെളിയിച്ചില്ല, പക്ഷേ, ഒരു തികഞ്ഞ ഒരു കൊടിച്ചിപ്പട്ടിയാണെന്ന് തെളിയിച്ചു. (കൊടിച്ചിപ്പട്ടി എന്നു മൊഴിമാറ്റുന്നത് അഭിമുഖത്തിലെ ബാക്കി വരികള്‍ കൂടി വായിച്ചാണ്). കോടിക്കണക്കിന് കൊള്ളയടിച്ചതായും ഓഷോയുടെ ആരോപണമുണ്ട്. പക്ഷേ, സ്വിറ്റ്സര്‍ലാന്റിലെ കെയര്‍ഹോമുകള്‍ക്കു പിന്നിലെ സാമ്പത്തിക സാഹസങ്ങളെ പറ്റി, അത്യധ്വാനത്തെപ്പറ്റി അവര്‍ വിശദമായി എഴുതിയിട്ടുണ്ട്. ഉപരിയായി, ജ്ഞാനോദയം നേടിയ ഓഷോയില്‍നിന്നും വരേണ്ട ഒരു വാചകവുമല്ലത്. ആഘോഷിക്കപ്പെടുന്ന ജീവിതങ്ങള്‍ പലപ്പോഴും മഞ്ഞുമലകള്‍ പോലെയാണ്. സാധാരണ കണ്ണുകളില്‍  മേലെയുള്ള മഹത്വം മാത്രമാണ് കാണാനാവുക, ആണ്ടുകിടക്കുന്ന അല്പത്വം കണ്ണില്‍പ്പെടുക കപ്പിത്താന്റെ സൂക്ഷ്മതയില്‍ മാത്രമാണ്. എല്ലാം കാണുന്നവരുടെ കണ്ണുകളെ ആശ്രയിച്ചിരിക്കുന്നൂവെന്ന് ഒരു ഓഷോ കഥയിലൂടെ അവര്‍ ഭംഗിയായി പറയുന്നു.   

ഒരു വൃദ്ധന്‍ അദ്ദേഹത്തിന്റെ ചെറുമകന്റെ പതിനെട്ടാം ജന്മദിനത്തില്‍ ഒരു സമ്മാനം നല്‍കി- ലക്ഷണമൊത്ത ഒരു കുതിര. നാട്ടുകാര്‍ ഒന്നടങ്കം വൃദ്ധന്റെ മഹാമനസ്‌കതയെ വാഴ്ത്തിപ്പാടി. വൃദ്ധനത് കാര്യമായെടുത്തില്ല, അതൊക്കെ നിശ്ചയിക്കാന്‍, വിധിപറയാന്‍ നമ്മളാര് എന്നുമാത്രം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഒരുനാള്‍ കുതിര നിയന്ത്രണം വിട്ടോടി യുവാവിനു മാരകമായി പരിക്കേറ്റു, ഒരു കാല്‍ മുറിക്കേണ്ടിവന്നു.  

നാട്ടുകാര്‍ ഒന്നടങ്കം വൃദ്ധനെ  പഴി പറഞ്ഞു:  വിവരം കെട്ടവന്‍, കാശുകളഞ്ഞു കുതിരയെ വാങ്ങി,  കുട്ടിയുടെ കാലും പോയി.

വൃദ്ധന്‍ കേട്ട ഭാവം നടിച്ചില്ല.  ഇല്ല, വിധി പറയാന്‍ നമ്മള്‍ ആരുമല്ല എന്നുമാത്രം പറഞ്ഞു.  

അപ്പോഴേക്കും രാജാവ് അയല്‍രാജ്യവുമായി യുദ്ധം പ്രഖ്യാപിച്ചു. എല്ലാ യുവാക്കളേയും സൈന്യത്തിലേക്ക് ചേര്‍ത്തു,  വൃദ്ധന്റെ ചെറുമകന് സൈന്യത്തില്‍ ചേരുവാന്‍ ആയില്ല. 

നാട്ടുകാര്‍ ഒന്നടങ്കം പയ്യന്റെ അവസരം കളഞ്ഞ വൃദ്ധനെ തെറിവിളിച്ചു, വൃദ്ധന്‍ തിരിച്ചൊന്നും പറഞ്ഞില്ല. വിധിപറയാന്‍ നമ്മള്‍ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

യുദ്ധം കൊടുമ്പിരിക്കൊണ്ടു, യോദ്ധാക്കള്‍ കൊല്ലപ്പെട്ടു. നാട് തേങ്ങി, ആദരാഞ്ജലികളര്‍പ്പിച്ചു.   ദുഃഖമെങ്ങും തളംകെട്ടി. 

നാട്ടുകാര്‍ ഒന്നടങ്കം വൃദ്ധനെ വാഴ്ത്തി -  അദ്ദേഹം ആ കുതിരയെ വാങ്ങിക്കൊടുത്തതു കൊണ്ടാണ്, അവന്‍ ഗ്രാമത്തില്‍ ബാക്കിയായത്.  

വൃദ്ധന്‍ അപ്പോഴും ഒന്നും പറഞ്ഞില്ല, വിധി പറയുവാന്‍ നമ്മള്‍ ആരുമല്ല എന്നുമാത്രം പറഞ്ഞു. 

ജീവിതത്തെ വരുന്ന വഴി സ്വീകരിക്കുന്നവരാണ് പ്രതിഭകള്‍. ജീവിതം തടവറകളില്‍ ആക്കിയ വ്യവസ്ഥിതിയോടോ കാരണമായവരോടോ പരാതികളില്ലാതെ സ്വന്തം കഴിവുകളില്‍ വിശ്വസിച്ച്, ഉള്ളിലെ ഊര്‍ജ്ജപ്രവാഹത്തില്‍ തുഴയെറിഞ്ഞ് ജീവിതത്തെ മുന്നോട്ടെടുത്തത് ഓഷോയറിവുകളാണെന്ന് ഷീല സാക്ഷ്യപ്പെടുത്തുന്നുണ്ട് മറ്റൊരു ഓഷോ കഥയിലൂടെ. 

മാ ആനന്ദ് ഷീല
മാ ആനന്ദ് ഷീല

ഒരിക്കല്‍ ബുദ്ധന്‍ തന്റെ ശിഷ്യരോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അവര്‍ ഒരു ഗ്രാമത്തിലെത്തി, അവിടെ ഗ്രാമവാസികള്‍ ബുദ്ധനേയും സംഘത്തേയും പൂവുകളും മധുരപലഹാരങ്ങളും നല്‍കി സ്വീകരിച്ചു. അവര്‍ അടുത്ത ഗ്രാമത്തിലേക്ക്  യാത്ര തുടര്‍ന്നു. ആ ഗ്രാമത്തിലെ അന്തേവാസികള്‍ ബുദ്ധനെ  അധിക്ഷേപവാക്കുകളാലാണ് എതിരേറ്റത്. ഒരാള്‍ ബുദ്ധന്റെ മുഖത്തു തുപ്പുകയും ചെയ്തു. ഭാവവ്യത്യാസം ഏതുമില്ലാതെ അതു തുടച്ചുകൊണ്ട് അദ്ദേഹം മുന്നോട്ടു നീങ്ങി. വൈകുന്നേരം ഒന്നായിരിക്കവേ  ശിഷ്യരിലൊരാള്‍ അദ്ദേഹത്തോട് ചോദിച്ചു: അങ്ങേയ്ക്ക് മുഖത്തു തുപ്പിയ, തെറിപറഞ്ഞ ആ ഗ്രാമവാസികളോട് ദേഷ്യമൊന്നും തോന്നിയില്ലേ? 

ബുദ്ധന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു: ആദ്യത്തെ ഗ്രാമവാസികള്‍ അവര്‍ക്കുള്ളത് നമുക്കു തന്നു. രണ്ടാമത്തെ ഗ്രാമവാസികളും ചെയ്തത് അതുതന്നെയാണ്, അവര്‍ക്ക് ഉള്ളത് അവരും തന്നു.  

ഒറിഗോണിലെ രജനീഷ് പുരം പതിനായിരം പേര്‍ ജീവിച്ച ഒരു കമ്യൂണായിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഒറിഗോണിലെ തരിശിടത്ത് എയര്‍സ്ട്രിപ് അടക്കം ഒരു നഗരം പണിതെടുത്ത നേതൃശേഷിയുടെ  രണ്ടാമധ്യായമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഷീല സ്വിറ്റ്സര്‍ലാന്‍ഡിലും വിയറ്റ്നാമിലും മൗറീഷ്യസിലുമൊക്കെയായി എഴുതിച്ചേര്‍ക്കുന്നത്. ഓഷോയെ ഒരു കാന്തികപ്രഭാവമായി ഷീല കാണുന്നു, ആരെയും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു മാന്ത്രികത. വൈയക്തികമായ വന്‍വിജയങ്ങള്‍ക്കു ശേഷവും തങ്ങളുടെ മേഖലകളിലെ വന്‍ സംഭാവനകള്‍ക്കു ശേഷവും ലോകത്തിന്റെ കണ്ണില്‍ സമ്പന്നരായവര്‍ക്കു തോന്നുന്ന ശൂന്യതയ്ക്കുള്ള മറുപടിയായാണ് ഓഷോയെ ഷീല കാണുന്നത്. സമുദ്രഗവേഷണം ഉപരിതലത്തിലെ തോണിയാത്രയല്ല, അതു കടലാഴങ്ങളില്‍ അറിവിന്റെ മുത്തും പവിഴവും തേടുന്ന ഒന്നാണ്. അതുപോലെയാണ് അവനവന്റെ സത്തയിലേക്കുള്ള അന്വേഷണം. 

ഓഷോ രജനീഷ് തന്റെ ആശ്രമത്തിൽ
ഓഷോ രജനീഷ് തന്റെ ആശ്രമത്തിൽ

കാലത്തിനു മുന്നേ നടക്കുന്നവര്‍ വഴിപിഴച്ചവര്‍?

ഉഭയസമ്മത പ്രകാരമുള്ള വേഴ്ചകളൊന്നും പാപമല്ല എന്നു നമുക്കിന്നുമറിയില്ല എന്നതിനു തെളിവാണ് അവിഹിതബന്ധമെന്ന പത്രഭാഷ. എന്താണ് വിഹിതം, എന്താണ് അവിഹിതം എന്നതിനെപ്പറ്റി ബോധമില്ലാത്ത പ്രയോഗമാണത്. വേണ്ടാത്തവരോട് നോ പറയുവാനും, വേണ്ടപ്പെട്ടവരോടൊപ്പം ജീവിതം ആസ്വദിക്കുവാനും ഷീലയെ പ്രാപ്തയാക്കിയത് സ്വന്തം പിതാവാണ്. അതൊരു ചില്ലറ വിദ്യാഭ്യാസമല്ല. സ്വാഭാവിക, ഹോമോ, ലെസ്ബിയന്‍, ഏതുതരം സെക്ഷ്വല്‍ ഓറിയന്റേഷനും ഓഷോയെ സംബന്ധിച്ചിടത്തോളം നോര്‍മല്‍ മാത്രമായിരുന്നു. ശിഖണ്ഡികളെന്നു വിളിച്ചു പുരോമഗനകാരികളെന്നു സ്വയം കരുതിയവര്‍ പോലും അംഗീകരിക്കാത്ത കാലത്ത് ഓഷോ അവരെ ചേര്‍ത്തുപിടിച്ചിരുന്നു. 

ലൈംഗികതയെ പാപമാക്കി, 'വിഹിത' മാക്കിയ ബന്ധങ്ങളെ പാവനമാക്കിയും വരുമാനം കണ്ടെത്തുകയായിരുന്നു മതങ്ങള്‍. ലൈംഗികത പാപമാക്കിയതിന്റെ ഇരകളായി, വേട്ടക്കാരായും ആള്‍ദൈവങ്ങളും മതമേലധ്യക്ഷന്‍മാര്‍ വരെയും നമ്മുടെ മുന്നിലുണ്ട്. സ്ത്രീ ഏതു സമൂഹത്തിലും അടിമയാണ്. അടിമ എന്നും ഇരയാവുക മാത്രമാണ് പതിവ്. ലൈംഗികത ബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഒരനുഗ്രഹമാണ്, പക്ഷേ, അതൊരു ഭാരമാവുകയാണ് പലര്‍ക്കും പലപ്പോഴും. മറച്ചുപിടിക്കേണ്ട ഒന്നല്ല, ആത്മവഞ്ചന നടത്തേണ്ട ഒന്നുമല്ല, നിറഞ്ഞ മനസ്സാലെ ആസ്വദിക്കേണ്ട ഒന്നാണത്.  

ആസ്വാദനം നിഷേധിക്കപ്പെടുന്നിടത്താണ് അക്രമം വിളയാടുന്നത്. ലൈംഗികത ശരീരത്തിന്റെ ആവശ്യമാണ്.  അത്രമേല്‍ പുരോഗമനപരമായ വീക്ഷണം പുലര്‍ത്തിയത്, തുല്യനീതിയുടെ തുല്യാവസരങ്ങളുടെ  പ്രവാചകനായത്, പരമമായ സ്വാതന്ത്ര്യത്തിന്റെ ആള്‍രൂപമായത് ഒക്കെത്തന്നെയാവണം ഓഷോവിന് വിനയായതെന്നു തോന്നുന്നു. തത്ത്വശാസ്ത്രങ്ങളും പൗരാണികമായ അറിവുകളും ഒക്കെ ഓഷോയുടെ കണ്ണില്‍ പുതിയ ലോകം രചിക്കുവാനുള്ള അവലംബങ്ങള്‍ മാത്രമാണ്. അതിനെ അങ്ങനെതന്നെ കാണാതെ,  അതുതന്നെ എല്ലാമായി കാണുമ്പോഴാണ് ലോകം പലവക ഫാസിസങ്ങളുടെ ഇരയായി മാറുന്നത്.
...................................................................................
https://ggurdjieff.com/
By My Own Rules: My Story in My Own Words, authored by Ma Anand Sheela 
https://oshosearch.net/Convert/Articles_Osho/The_Last_Testament_Volume_3/Osho-The-Last-Testament-Volume-3-00000024.html

ഈ ലേഖനം വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com