'സാര്‍, ശര്‍മ്മാജിക്ക് എയ്ഡ്‌സ് ആണ്'- ഞാന്‍ ഞെട്ടി

എന്റെ ചുമതലയിലുണ്ടായിരുന്ന കോഴ്സുകളില്‍ വ്യത്യസ്ത വീക്ഷണമുള്ള ചിന്തകരെ പങ്കെടുപ്പിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിന്റേയും പൊലീസിന്റേയും വിമര്‍ശകരും അതില്‍ ഉള്‍പ്പെട്ടു
'സാര്‍, ശര്‍മ്മാജിക്ക് എയ്ഡ്‌സ് ആണ്'- ഞാന്‍ ഞെട്ടി

ത്ര വേഗമാണ് അഞ്ചു വര്‍ഷം കടന്നുപോയത്? കാലം അഥവാ ജീവിതം അവിടെ അങ്ങനെ ആയിരുന്നു. നാഷണല്‍ പൊലീസ് അക്കാദമിയില്‍ സൂര്യോദയത്തിനു മുന്നേ ഞങ്ങളുടെ ദിവസം തുടങ്ങും. ചിലപ്പോള്‍ ഔദ്യോഗിക പരിപാടി ഉണ്ടാകും. ഐ.പി.എസ് ട്രെയിനികളുടെ ക്രോസ് കണ്‍ട്രി ഓട്ടം, അല്ലെങ്കില്‍ കുതിരസവാരി മത്സരം തുടങ്ങി എന്തും ആകാം. എന്നെ രണ്ടുപ്രാവശ്യം നിഷ്‌ക്കരുണം കുടഞ്ഞെറിഞ്ഞ കുതിരകളില്‍നിന്നു മാത്രം ഞാനന്ന് സുരക്ഷിത അകലം പാലിച്ചു. ക്രോസ്‌കണ്‍ട്രിയിലൊക്കെ, ട്രെയിനികളോടൊപ്പം ഓടാന്‍ പോകുമായിരുന്നു. ഒരിക്കല്‍, ഓട്ടത്തിന്റെ അവസാന ഘട്ടത്തില്‍ ട്രെയിനി ആയിരുന്ന മലയാളി ശ്യാംസുന്ദര്‍ (ഇപ്പോഴത്തെ ഐ.ജി) കയ്യടിച്ച് 'Pride of Kerala police' എന്നൊക്കെ വിളിച്ച് എന്നെ പ്രോത്സാഹിപ്പിച്ചതോര്‍ക്കുന്നു. '... കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍'' എന്ന പ്രസിദ്ധ കവിവചനം ശ്യാംസുന്ദറില്‍ ആ നിമിഷം ആവേശിച്ചു. അതിരാവിലെ ആരംഭിക്കുന്ന ദിവസം അവസാനിക്കുന്നത് രാത്രി വളരെ വൈകി ആയിരിക്കും. ഏറ്റവും നീളുന്നത് സീനിയര്‍ കോഴ്സിനോടനുബന്ധിച്ചുള്ള ഔദ്യോഗിക ഡിന്നര്‍ ദിവസമാണ്. ചിലപ്പോളത് അര്‍ദ്ധരാത്രി ആകും. 

അതിനിടയില്‍ ദേശീയതലത്തില്‍ ശ്രദ്ധേയരായ പല വ്യക്തികളും പ്രഭാഷണത്തിനും മറ്റും അക്കാദമിയില്‍ വരും. രാഷ്ട്രീയം, സാമൂഹ്യം, ജുഡിഷ്യറി, ബ്യൂറോക്രസി, മാധ്യമം, കല, ആത്മീയം  തുടങ്ങി സമസ്ത മേഖലകളിലേയും താരങ്ങളെ അടുത്തു കണ്ടു. അടുത്ത് കാണുമ്പോള്‍ പലരുടേയും നക്ഷത്രത്തിളക്കം കുറയും. ഒരു 'ആത്മീയതാരകം' സംസ്‌കൃതശ്ലോകമൊക്കെ ഉദ്ധരിച്ച് മുന്നേറുന്നതിനിടയില്‍ ബദല്‍ ശ്ലോകങ്ങളുമായി ഒരു പ്രൊബേഷണര്‍ രംഗത്തു വന്നു. അതോടെ താരകം അസ്വസ്ഥനായി. കവചം ഏത് അണിഞ്ഞാലും മനുഷ്യന്‍ മനുഷ്യന്‍ തന്നെ എന്നതായിരുന്നു അന്നത്തെ ആത്മീയപാഠം.  

എന്റെ ചുമതലയിലുണ്ടായിരുന്ന കോഴ്സുകളില്‍ വ്യത്യസ്ത വീക്ഷണമുള്ള ചിന്തകരെ പങ്കെടുപ്പിക്കാനാണ് ശ്രമിച്ചത്. സര്‍ക്കാരിന്റേയും പൊലീസിന്റേയും വിമര്‍ശകരും അതില്‍ ഉള്‍പ്പെട്ടു. മാവോയിസ്റ്റ് വിഷയത്തില്‍ പൊലീസിനെ  വിമര്‍ശിച്ചിരുന്ന പ്രൊഫസര്‍ ഹര്‍ഗോപാല്‍ ഒരുദാഹരണം മാത്രം. അതിനുള്ള സ്വാതന്ത്ര്യം അക്കാദമിക്കുണ്ടായിരുന്നു. എന്നാല്‍ ചില പൊലീസ് ഉദ്യോഗസ്ഥര്‍ അതിനോട് എതിര്‍പ്പ്  പ്രകടിപ്പിച്ചിട്ടുമുണ്ട്. അക്കാദമിയുടെ അന്തരീക്ഷത്തില്‍ വ്യത്യസ്ത ആശയങ്ങളും വീക്ഷണങ്ങളും ചര്‍ച്ച ചെയ്യാന്‍ കഴിയണം. ഇത്തരം സംവാദം വിമര്‍ശകര്‍ക്കും, പൊലീസിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുവാനും സ്വന്തം കാഴ്ചപ്പാടുകള്‍ വിലയിരുത്തുന്നതിനും കൂടി സഹായിച്ചേക്കാം. നിയമപണ്ഡിതനായ പ്രൊഫസര്‍ എന്‍.ആര്‍. മാധവമേനോനെ, ഞാനാദ്യം കാണുന്നത് 1998 ഡിസംബറില്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന മനുഷ്യാവകാശ സമ്മേളനത്തിലാണ്. വേദിയില്‍ എന്റെ എതിര്‍പക്ഷത്തായിരുന്ന അദ്ദേഹത്തിന്റെ ചില ആക്ഷേപങ്ങള്‍ അതിരുകടന്നതാണെന്നു  തോന്നി. പില്‍ക്കാലത്ത് പൊലീസ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അക്കാദമിയില്‍ വന്നിട്ടുണ്ട്. കാഴ്ചപ്പാടില്‍ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നുവെങ്കിലും പൊലീസ് പ്രശ്‌നങ്ങളെക്കുറിച്ച് മെച്ചപ്പെട്ട അവബോധം അദ്ദേഹം ആര്‍ജ്ജിച്ചിരുന്നു. ഐ.പി.എസ് പരിശീലനത്തില്‍ പൊലീസ് എത്തിക്സിന്റെ സിലബസ് പരിഷ്‌കരണം മാധവമേനോനുമായി ഞാന്‍ ചര്‍ച്ചചെയ്തു. ഭരണഘടനാ മൂല്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന വിലപ്പെട്ട അഭിപ്രായം അദ്ദേഹം നല്‍കി. അതിന് അര്‍ഹമായ പ്രാധാന്യം നല്‍കി സിലബസ് പരിഷ്‌കരിക്കാന്‍ കഴിഞ്ഞു. 

കൗതുകകരമായ സംഭവങ്ങള്‍ അക്കാദമി ജീവിതത്തില്‍ ഒരുപാടുണ്ടായിട്ടുണ്ട്. ഓരോ ഐ.പി.എസ് ബാച്ചിന്റേയും പരിശീലനം പൂര്‍ത്തിയാകുന്ന അവസരത്തില്‍ പ്രൊബേഷണര്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ട്. അതിലൊരിനം ഫാക്കല്‍റ്റിയെ സ്‌കിറ്റിലൂടെ കളിയാക്കുക എന്നതായിരുന്നു. എന്നെ കളിയാക്കിയിരുന്നത് മിക്കപ്പോഴും 'When I was SP Alappuzha...' (ഞാന്‍ ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍...) എന്നു തുടങ്ങിയാണ്. എന്റെ ക്ലാസ്സുകളില്‍ ആലപ്പുഴ അനുഭവങ്ങളുടെ അതിപ്രസരം ഉണ്ടായിരുന്നിരിക്കാം. പ്രൊബേഷണര്‍മാരുടെ കലാപരിപാടിക്ക് ബദലായി ഫാക്കല്‍റ്റി അവതരിപ്പിക്കുന്ന പരിപാടിയുണ്ട്. അതില്‍ ഹാസ്യ കഥാപാത്രമാകുക ട്രെയിനികളായിരിക്കും. ഒരു സ്‌കിറ്റില്‍ പങ്കെടുക്കാന്‍ ഒരിക്കല്‍ സഹപ്രവര്‍ത്തകര്‍ എന്നോടാവശ്യപ്പെട്ടു. മലയാളിയായ അക്ബര്‍ (ഇപ്പോഴത്തെ ഐ.ജി.) ആയിരുന്നു സ്‌കിറ്റിന്റെ ഇര. മുപ്പത് വര്‍ഷം കഴിഞ്ഞ് അക്ബര്‍ നാഷണല്‍ പൊലീസ് അക്കാദമി ഡയറക്ടറായി വന്നാല്‍ എന്നതായിരുന്നു പ്രമേയം. നിയമബിരുദധാരിയും അഡ്വക്കേറ്റായി പരിചയവുമുണ്ടായിരുന്ന അക്ബര്‍ ക്ലാസ്സ്മുറിയില്‍ നിയമ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുമായിരുന്നു. എനിക്കതില്‍ മതിപ്പ് തോന്നിയിട്ടുമുണ്ട്. അക്ബറിന്റെ നിയമപാണ്ഡിത്യം ഹാസ്യരൂപേണ ഭാവന ചെയ്തപ്പോള്‍ ആ വേഷം രംഗത്ത് അവതരിപ്പിക്കേണ്ട ചുമതല എനിക്കായി. അങ്ങനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും ഞാന്‍ അഭിനയം പോലെ എന്തോ ഒന്ന് സ്റ്റേജില്‍ കാഴ്ചവച്ചു. ഞാനത് ആസ്വദിച്ചു. പരിപാടി കഴിഞ്ഞ് ഡിന്നറിന് കണ്ടപ്പോള്‍ അക്ബര്‍ ലേശം പരിഭവം പറഞ്ഞു. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ ഞങ്ങള്‍ രണ്ടാളും കേരളത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ ഐ.ജി ആയിരിക്കെ എ.എസ്.പിയായി അക്ബര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. തെറ്റായ കാര്യങ്ങളോട് തീക്ഷ്ണമായി പ്രതികരിക്കുന്ന രീതി അദ്ദേഹത്തിന് എതിര്‍പ്പ് സൃഷ്ടിക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ നേതാവിനെ ആക്ഷേപിച്ചു എന്ന പരാതി എന്റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ നേരിട്ട് അക്ബറിനോട് കാര്യം ചോദിച്ചു. ഒരു പ്രാദേശിക നേതാവ് എ.എസ്.പിയെ കേസിന്റെ കാര്യവുമായി സമീപിച്ചു. എഫ്.ഐ. ആറില്‍ ചില 'അഡ്ജസ്റ്റ്‌മെന്റുകള്‍' ചെയ്യണം; അതിന് എ.എസ്.പി ശുപാര്‍ശ ചെയ്യണം എന്നാണാവശ്യം. എഫ്.ഐ.ആര്‍ ഇടുന്നത് വൈകിക്കാവുന്നതല്ലല്ലോ എന്ന നിയമബോധത്തില്‍ അതിട്ടിട്ടുണ്ടാകും എന്ന് എ.എസ്.പി പറഞ്ഞൊഴിവാക്കിയതാണ് ആദ്യം. അധികം കഴിയും മുന്‍പേ നേതാവ് മടങ്ങിയെത്തി. എഫ്.ഐ.ആര്‍ കോടതിയില്‍ പോയിട്ടില്ലെന്നും എ.എസ്.പി പറഞ്ഞാല്‍ അഡ്ജസ്റ്റ് ചെയ്യാം എന്നുമായി. കേട്ട ഉടന്‍ ''നീ, നിന്റെ പാട്ടിന് പോടാ'' എന്നായി എ.എസ്.പി. അതായിരുന്നു അന്നത്തെ അക്ബറിയന്‍ ശൈലി. വിദേശകാര്യ വക്താവിനെപ്പോലെ സംസാരിക്കാന്‍ അക്ബറിനറിയില്ലായിരുന്നു. രാമനെ കണക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ ആദ്യം രാമനെ മനസ്സിലാക്കണം എന്ന് സുകുമാര്‍ അഴീക്കോട് മാഷ് പ്രസംഗിച്ചിട്ടുള്ളതുപോലെ ഉദ്യോഗസ്ഥനോട് ശുപാര്‍ശ ചെയ്യുന്ന നേതാവ് ആദ്യം ഉദ്യോഗസ്ഥനെ അറിയണം. 

അക്കാദമി നല്‍കേണ്ട പ്രധാന പാഠം ജനാധിപത്യസമൂഹത്തില്‍ പൊലീസ് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ്. പരിശീലനത്തിനപ്പുറം, ആ മാതൃക ഉദ്യോഗസ്ഥരുടെ പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രതിഫലിക്കണം. പൊലീസ് സംവിധാനവുമായുള്ള നവാഗത ഐ.പി.എസുകാരുടെ അടുത്ത ബന്ധം ആരംഭിക്കുന്നത് അക്കാദമിയിലാണല്ലോ. അവിടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ക്ലാസ്സ്മുറിയില്‍ എന്തു പറയുന്നു എന്നതിനേക്കാള്‍ പ്രധാനം ക്ലാസ്സിനു പുറത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്. അങ്ങനെ നോക്കിയാല്‍ അധികാരത്തിന്റെ ദുഷിപ്പുകള്‍ അവിടെയും കണ്ടു. കഠിനാദ്ധ്വാനിയായ ഹരിഹരന്‍ പരിശീലന വിഭാഗത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്നു. അദ്ദേഹത്തിന് ഞാന്‍ ഒരു നിര്‍ദ്ദേശം നല്‍കി. പരിശീലന പരിപാടി ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥനെ സഹായിക്കുന്ന ക്ലാര്‍ക്കിനെ അവരുടെ ലിസ്റ്റ് ഉണ്ടാക്കി ക്രമമനുസരിച്ച് അനുവദിക്കണം എന്നാണ് ഞാന്‍ പറഞ്ഞത്. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ സ്ഥിരമായി നിര്‍ദ്ദേശം ലംഘിക്കുന്നത് കണ്ടു. എന്തുകൊണ്ട്  പാലിക്കുന്നില്ല എന്ന് ഞാന്‍ ഹരിഹരനോട് ചോദിച്ചു. അല്പസമയം മിണ്ടാതെ നിന്നശേഷം ഹരിഹരന്‍ പറഞ്ഞു: ''അദ്ദേഹം ചീത്തവിളിക്കും, സാര്‍.'' ''അപ്പോള്‍ പിന്നെ എന്റെ നിര്‍ദ്ദേശം നിങ്ങള്‍ നടപ്പാക്കില്ലേ'' എന്നായി ഞാന്‍. ഹരിഹരന്‍ നിശ്ശബ്ദനായി നിന്നു. ''ആ ഉദ്യോഗസ്ഥന്‍ വിളിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചീത്ത ഞാന്‍ വിളിച്ചാല്‍ നിങ്ങള്‍ ഇത് പാലിക്കുമോ?'' എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ഹരിഹരന്‍ ചിരിച്ചു. കഠിനാദ്ധ്വാനിയായ, റിട്ടയര്‍മെന്റിനോടടുത്ത ആ മനുഷ്യനെ കൂടുതല്‍ ബുദ്ധിമുട്ടിച്ചില്ല. ഇത്തരം 'മാനേജ്‌മെന്റ്' രീതികളും അവിടെ കണ്ടു. 

എൻആർ മാധവ മേനോൻ
എൻആർ മാധവ മേനോൻ

ചിരിക്കാനും കരയാനും തോന്നിയ അനുഭവം

എനിക്കല്പം ബുദ്ധിമുട്ടുണ്ടാക്കിയത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസുകാരുടെ കാര്യത്തിലാണ്. അക്കാദമി സ്റ്റാഫില്‍ ബഹുഭൂരിപക്ഷവും വിവിധ കേന്ദ്ര സേനകളില്‍നിന്നും ഡെപ്യൂട്ടേഷനില്‍ വരുന്നവരായിരുന്നു. കേന്ദ്ര സേനകളിലും പൊലീസുകാര്‍ കുറവായിരുന്നതുകൊണ്ട്, ഡെപ്യൂട്ടേഷനില്‍ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം അക്കാദമി ബോര്‍ഡില്‍ ചര്‍ച്ചചെയ്തപ്പോള്‍ ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഒരാശയം മുന്നോട്ടുവച്ചു. കേന്ദ്രസേനകളില്‍ ഭീകരാക്രമണം പോലെ പ്രശ്നങ്ങളുള്ള കഠിന മേഖലകളില്‍ വിന്യസിക്കാനുള്ള ശാരീരിക ക്ഷമത താല്‍ക്കാലികമായി ഇല്ലാത്തവരുണ്ട്. അവര്‍ക്ക് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. പൊലീസ് അക്കാദമിയിലെ സാധാരണ ജോലികള്‍ക്ക് അവരെ വിനിയോഗിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ ഏറെ ബുദ്ധിമുട്ടി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍നിന്നും ഇരുപതില്‍പ്പരം പൊലീസുകാരെ കിട്ടി. അതില്‍ കുറേ മലയാളികളും ഉണ്ടായിരുന്നു. അവരെത്തിക്കഴിഞ്ഞപ്പോള്‍  ശാരീരിക ക്ഷമതയുടെ കാര്യം പറഞ്ഞ് അവരെ മടക്കണമെന്ന് ചില ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഭാഷണമുണ്ടായി. വന്നവരില്‍ കുറെ മലയാളികളുള്ളതുകൊണ്ട് ഞാനവരെ പിന്തുണയ്ക്കുന്നുവെന്ന ശബ്ദം എന്റെ ചെവിയിലെത്തി. എന്തിന് പഴികേള്‍ക്കണം എന്ന ചിന്ത എന്റെ മനസ്സിലും ചെറുതായി രൂപംകൊണ്ടിരിക്കണം. ഐ.ടി.ബി.പിക്കാരെ വേണ്ടെങ്കില്‍ വേണ്ട, തിരിച്ചയക്കാം. എന്നെനിക്കും തോന്നി. അന്തിമമായി അഭിപ്രായം രൂപീകരിക്കും മുന്‍പ് അവരെ നേരിട്ട് കേള്‍ക്കാന്‍ മുഴുവന്‍ പേരെയും ഓഫീസില്‍ വിളിപ്പിച്ചു. ഓരോ പൊലീസുകാരന്റേയും  കഥ കേട്ടു. അസാധാരണ കായികക്ഷമത ഉള്ളവരായിരുന്നു അവരെല്ലാം. കാഴ്ചയില്‍ ഇപ്പോഴും അരോഗദൃഢഗാത്രരാണ്. ശരാശരി മനുഷ്യന് ഏതാനും മണിക്കൂര്‍ ചെലവഴിക്കാന്‍ തന്നെ വലിയ ബുദ്ധിമുട്ടുള്ള ഹിമാലയത്തിലെ മഞ്ഞുമൂടിയ ഉന്നതങ്ങളില്‍ ഏറ്റവും കഠിനമായ സാഹചര്യങ്ങളില്‍ അവര്‍ ജോലി ചെയ്തിട്ടുണ്ട്. കൊടും തണുപ്പിലെ ഡ്യൂട്ടിക്കിടയില്‍ പരിക്കേറ്റതിന്റെ ചെറിയ ക്ഷതം മാത്രമേ അവര്‍ക്കുള്ളു. അതിര്‍ത്തി പ്രദേശത്ത്, അതും മഞ്ഞുമലകളില്‍, ശത്രുസൈന്യത്തെ അഭിമുഖീകരിക്കുന്ന ഡ്യൂട്ടിയില്‍ മാത്രമേ അവര്‍ക്ക് താല്‍ക്കാലിക അയോഗ്യത ഉണ്ടായിരുന്നുള്ളു. അക്കാദമിയില്‍ സാധാരണ ഡ്യൂട്ടി ചെയ്യുന്നതിന് അവര്‍ക്കാര്‍ക്കും ഒരു പ്രയാസവുമില്ല.  കഠിനമായ രാജ്യസുരക്ഷാ ഡ്യൂട്ടിക്കിടയിലാണ് അവര്‍ക്ക് പരിക്കേറ്റത്. അവരെ തിരിച്ചയയ്ക്കുന്നത് ക്രൂരതയാണെന്ന് എനിക്ക് ബോധ്യപ്പെട്ടു. മലയാളി സാന്നിദ്ധ്യത്തിന്റെ പേരില്‍ വ്യക്തിപരമായി ആക്ഷേപമുണ്ടാകുന്നെങ്കില്‍ ഉണ്ടായിക്കൊള്ളട്ടെ എന്നുതന്നെ കരുതി. ഞാന്‍ ഡയറക്ടര്‍ ഗണേഷ്വര്‍ജായെ കണ്ട് എന്റെ അഭിപ്രായം ഉറപ്പോടെ പറഞ്ഞു. ''അവരെ തിരിച്ചയക്കണ്ട'' - ഡയറക്ടര്‍ പറഞ്ഞു. പ്രതിച്ഛായാ ഉല്‍ക്കണ്ഠ എന്റെ പ്രവൃത്തിയെ സ്വാധീനിച്ചിരുന്നെങ്കില്‍ അതൊരനീതിയാകുമായിരുന്നു. 

ചിരിക്കാനും കരയാനും തോന്നിയ ഒരനുഭവം സംഭാവന ചെയ്തത് ശര്‍മ്മാജിയാണ്. യു.ഡി. ക്ലാര്‍ക്കായിരുന്ന ശര്‍മ്മാജി റിട്ടയര്‍മെന്റിന്റെ വക്കത്തായിരുന്നു. ഒരു ദിവസമെങ്കിലും സൂപ്രണ്ടാകുക എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. പ്രമോഷന് ഞാന്‍ ശ്രമിച്ചെങ്കിലും അത് തടസ്സങ്ങളില്‍ തട്ടി ഫലവത്തായിരുന്നില്ല. റിട്ടയര്‍ ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ശര്‍മ്മാജിയെ അത് നിരാശനാക്കി. ആ സമയത്ത് അക്കാദമിയില്‍ ഒരു രക്തദാനക്യാമ്പ് നടന്നു. രക്തദാനത്തിന് അക്കാദമി ആശുപത്രിയില്‍ ഞാനെത്തുമ്പോള്‍, ശര്‍മ്മാജിയും രക്തം നല്‍കാന്‍ വന്നിട്ടുണ്ട്. ഡോക്ടര്‍ ചന്ദ്രശേഖര്‍ 60 വയസ്സായ ശര്‍മ്മാജിയുടെ രക്തമെടുക്കാന്‍ മടിച്ചു. രക്തം കൊടുത്തേ അടങ്ങു എന്ന വാശിയില്‍ ആയിരുന്നു ശര്‍മ്മാജി. വിരമിക്കാന്‍ പോകുന്ന ആളുടെ ആഗ്രഹമല്ലേ, അല്പം എടുത്തുകൊള്ളാന്‍ ഞാനും പറഞ്ഞപ്പോള്‍ ഡോക്ടര്‍ വഴങ്ങി. റിട്ടയര്‍മെന്റിന് തൊട്ട് മുന്‍പ് ശര്‍മ്മാജിയുടെ പ്രമോഷന്‍ തരമായി. ഡയറക്ടര്‍ ഫയലില്‍ ഒപ്പിട്ടു. ശര്‍മ്മാജി തുള്ളിച്ചാടി. വിരമിച്ച ശേഷം അദ്ദേഹത്തെ ദിവസവേതനത്തില്‍ ഓഫീസില്‍ നിയമിക്കുകയും ചെയ്തു. പക്ഷേ, അപ്രതീക്ഷിതമായി ഡോക്ടര്‍ ചന്ദ്രശേഖര്‍ ആ വാര്‍ത്ത എന്നെ അറിയിച്ചു: ''സാര്‍, ശര്‍മ്മാജിക്ക് എയ്ഡ്‌സ് ആണ്'' ഞാന്‍ ഞെട്ടി. നിര്‍ബ്ബന്ധമായി ദാനം ചെയ്ത രക്തം പരശോധിച്ചപ്പോള്‍ കണ്ടതാണത്രെ. എയ്ഡ്‌സ് രോഗിയെ എങ്ങനെ ഓഫീസില്‍ നിലനിര്‍ത്തും? ഈ വിവരം എങ്ങനെ ഡയറക്ടറോട് പറയും? ഡയറക്ടര്‍ പൊട്ടിത്തെറിക്കും. അയാളെ പ്രൊമോട്ട് ചെയ്യാന്‍ നിരന്തരം തള്ളിയത് (ഇന്നത്തെ സാമൂഹ്യമാധ്യമ 'തള്ളല്‍' അല്ല) ഞാനല്ലേ? ഗത്യന്തരമില്ലാതെ ഡയറക്ടറോട് ഞാന്‍ വിവരം പറഞ്ഞു. ആള്‍ ശരിയല്ലെന്ന് തോന്നിയിരുന്നുവെന്ന് പറഞ്ഞെങ്കിലും എന്നെ അധികം കുറ്റപ്പെടുത്തിയില്ല. ദൈനംദിന ജോലിയില്‍നിന്നും മാറാനും അക്കാദമി ഡോക്ടറെ കാണാനും ഞാന്‍ ശര്‍മ്മാജിയെ അറിയിച്ചു. പതുക്കെ പതുക്കെ ആ ചെറിയ ലോകം മുഴുവന്‍ 'എയ്ഡ്‌സ്' വാര്‍ത്ത പ്രചരിച്ചു. വളരെ അച്ചടക്കത്തോടെയും അര്‍പ്പണബോധത്തോടെയും ജീവിച്ച ആ മനുഷ്യനെക്കുറിച്ച് ഗവേഷണകുതുകികള്‍ പുതിയ കഥകള്‍ മെനയാന്‍ തുടങ്ങി. ഇടയ്ക്ക് ശര്‍മ്മാജി സൈക്കിള്‍ ചവിട്ടി എങ്ങോട്ടോ പോകാറുണ്ടത്രെ. ശേഷം ഭാഗം ശ്രോതാവിന്റെ ഭാവനയിലാണ്. ആദ്യം ഞെട്ടിത്തരിച്ചുപോയ ശര്‍മ്മാജി വളരെ യുക്തിബോധത്തോടെ പ്രവര്‍ത്തിച്ചു. അദ്ദേഹം സ്വയം മറ്റൊരു ടെസ്റ്റിന് വിധേയമായി. എല്ലാ ടെസ്റ്റുകളും ഒരുപോലെ പറഞ്ഞു. ശര്‍മ്മാജിയുടേത് ശുദ്ധരക്തം തന്നെ. അതില്‍ ഒരു വൈറസും ഇല്ല. എങ്ങനെയോ സംഭവിച്ച ഒരബദ്ധമായിരുന്നു ആദ്യ കണ്ടെത്തല്‍.  ഒരു ദിവസം ശര്‍മ്മാജി, ഭാര്യ സഹിതം എന്റെ ഓഫീസില്‍ വന്നു. ഞാന്‍ എഴുന്നേറ്റ് കൈകൊടുത്ത് ശര്‍മ്മാജിയെ സ്വീകരിച്ചു. എനിക്ക് അദ്ദേഹത്തെ വിശ്വാസമാണ് എന്ന് രണ്ടുപേരേയും ബോദ്ധ്യപ്പെടുത്താനാണ് കൈകൊടുത്തത്. അദ്ദേഹവും കുടുംബവും അഭിമുഖീകരിച്ച പ്രശ്‌നം വലുതായിരുന്നു. എയ്ഡ്‌സ് രോഗിയാണെന്ന് ചുറ്റുവട്ടം മുഴുവന്‍ പ്രചരിച്ചശേഷം അത് തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പോക്കറ്റില്‍ കിടന്നിട്ടെന്ത് കാര്യം? അക്കാലത്ത് എവിടെ വച്ചുകണ്ടാലും ഞാനദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കുമായിരുന്നു. വാശി പിടിച്ച് നടത്തിയ രക്തദാനം ഇങ്ങനെ ഒരു അവസ്ഥയില്‍ ഒരാളേയും കൊണ്ടെത്തിച്ചിട്ടുണ്ടാകില്ല. 

എ അക്ബർ
എ അക്ബർ

അക്കാദമിയുടെ അധികാരശ്രേണിയില്‍ ഏറ്റവും താഴെയുള്ള വിഭാഗത്തിന്റെ പ്രശ്നം കൂടുതല്‍ ശ്രദ്ധയില്‍ വന്നത് അവിചാരിതമായാണ്. ഒരു ദിവസം സന്ധ്യ കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോള്‍ ഗേറ്റിനടുത്ത് കുറേ ചെറുപ്പക്കാര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇതെന്താ വല്ല ഘെരാവോയുമാണോ എന്ന് കരുതും മുന്‍പേ  അതില്‍ ചിലര്‍ കുനിഞ്ഞ് കാലുപിടിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി. 'നഹി, നഹി' എന്നു പറഞ്ഞ് ഞാനവരെ പിന്തിരിപ്പിച്ചു. വളരെ ദൈന്യഭാവമായിരുന്നു അവരുടേത്. അവരെല്ലാം അക്കാദമിക്കുള്ളില്‍ ഓരോ വിഭാഗങ്ങളില്‍ ജോലിചെയ്യുന്ന ദിവസ ശമ്പളക്കാരാണ്. അക്കാദമിയിലെ വര്‍ണ്ണശബളമായ എല്ലാ പരിപാടികളുടേയും പിന്നിലെ കായിക അദ്ധ്വാനം മുഴുവന്‍ അവരുടേതാണ്. ഭരണവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ എന്ന നിലയില്‍ എന്നോട് പരാതി പറയാന്‍ വന്നവരാണ്. അന്ന് ഇരുന്നൂറിലധികം  ദിവസക്കൂലിക്കാരുണ്ടായിരുന്നു. വര്‍ഷങ്ങളായി ജോലിചെയ്യുന്നവരാണ് അവരില്‍ പലരും. അവര്‍ക്ക് യാതൊരുവിധ ജോലി സുരക്ഷിതത്വവുമില്ല. അവരുടെ വിന്യാസവും നിയന്ത്രണവുമെല്ലാം ഒരു ഹവല്‍ദാറാണ്. ഹവല്‍ദാര്‍ കഷ്ടപ്പെടുത്തുന്നു എന്നാണവരുടെ പരാതി. വിശ്രമം നല്‍കാതെ 12 മണിക്കൂര്‍ വരെ ജോലി ചെയ്യിക്കുകയാണത്രെ. ഞാനവരുടെ പരാതി മുഴുവന്‍ കേട്ടു. അത് പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി. തൊട്ടടുത്ത ദിവസം തന്നെ ഞാനാ ഹവല്‍ദാറിനെ വിളിച്ചു. ദിവസക്കൂലിക്കാരുടെ പ്രശ്‌നങ്ങള്‍ ദീര്‍ഘമായി സംസാരിച്ചു. ജോലി സമയം ക്രമീകരിക്കണമെന്നും മാനുഷികമായ സമീപനം ഉണ്ടാകണമെന്നും നിഷ്‌ക്കര്‍ഷിച്ചു. ഒരവസരത്തില്‍ ഒരു പൊലീസുകാരന്‍, ഒരു ജോലിക്കാരനെ കയ്യേറ്റം ചെയ്ത സംഭവം ശ്രദ്ധയില്‍ വന്നു. ഉടനെ അതന്വേഷിച്ച് പൊലീസുകാരനെ സസ്പെന്റ് ചെയ്തു. പണ്ടൊക്കെ തല്ലു കൊണ്ടാല്‍ പുറംതടവി പോകുന്നതല്ലാതെ അതാരും അറിയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഈ ജോലിക്കാരില്‍ നല്ലൊരു പങ്കും അക്കാദമി മൗണ്ട് അബുവില്‍നിന്നും ഹൈദ്രാബാദിലേയ്ക്ക് പറിച്ചുനട്ട സന്ദര്‍ഭത്തില്‍ അവിടെനിന്നു വന്ന ജോലിക്കാരുടെ പിന്‍മുറക്കാരും ഓരോ കാലത്ത് പല സാഹചര്യങ്ങളില്‍ അവിടെ എത്തിയവരുമൊക്കെയായിരുന്നു. സഫായി കര്‍മ്മചാരി എന്നറിയപ്പെടുന്ന ഏറ്റവും താഴ്ന്ന വിഭാഗത്തില്‍പ്പെട്ട ജീവനക്കാരുടെ മക്കളും ഇതില്‍ പെടും. ദേശീയ തലത്തില്‍ ഭരണനവീകരണം എന്നൊക്കെ പറഞ്ഞ് സര്‍ക്കാര്‍ തസ്തികകളുടെ എണ്ണം കുറച്ചപ്പോള്‍ അക്കാദമിയില്‍ നഷ്ടമായത് സഫായികര്‍മ്മചാരിപോലുള്ള പോസ്റ്റുകളാണ്. ഫലമോ, പാവപ്പെട്ടവന് ആ സര്‍ക്കാര്‍ ജോലിയും നഷ്ടമായി. ഞങ്ങളുടെ വീട്ടില്‍ അടുക്കളപ്പണിയിലുണ്ടായിരുന്ന ലക്ഷ്മി എന്നൊരു രാജസ്ഥാന്‍കാരിയുണ്ടായിരുന്നു. അവരുടെ ഭര്‍ത്താവിന് മെസ്സില്‍ ആയിരുന്നു ജോലി. ഒരു ദിവസം, ഞങ്ങള്‍ക്ക് ലഭിച്ച ദീപാവലി മിഠായി, ലക്ഷ്മിക്ക് കൊടുത്തു. അവരത് വീട്ടില്‍ കൊണ്ടുപോയി. അടുത്തദിവസം വന്നപ്പോള്‍ കുട്ടികള്‍ എന്തു പറഞ്ഞുവെന്ന് എന്റെ ഭാര്യ ലക്ഷ്മിയോട് ചോദിച്ചു. ''വലുതാകുമ്പോള്‍ ഞാനും മാഡത്തിന്റെ വീട്ടില്‍ ജോലിക്ക് പോകു''മെന്നും ''അപ്പോളെനിക്കും മിഠായി കിട്ടു''മെന്നും മൂത്ത  കുട്ടി പറഞ്ഞത്രെ. അതിനപ്പുറം സ്വപ്നം കാണാനാകാത്ത ഒരുപാട് 'തുച്ഛജീവിത'ങ്ങള്‍ ആ കാമ്പസിലുണ്ടായിരുന്നു.

അക്കാദമിയില്‍ നിന്നുള്ള മടക്കം വലിയൊരു അപകടത്തോടെ ആയിരുന്നു. മാറ്റത്തിന്റെ മുന്നോടിയായി ഞാനും ഭാര്യയും മകനും സ്വന്തം കാറില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. ഞങ്ങള്‍ മാറിമാറി ഓടിക്കും. മുന്‍പും ഞങ്ങളങ്ങനെ ഹൈദരാബാദ്-തിരുവനന്തപുരം യാത്ര ചെയ്തിട്ടുണ്ട്. അന്നത്തെ യാത്രയില്‍നിന്ന് പിന്തിരിയാന്‍ ഡയറക്ടര്‍ രാജഗോപാല്‍ സാര്‍ എന്നോട് ആവര്‍ത്തിച്ച് പറഞ്ഞതാണ്. എങ്കിലും കേട്ടില്ല. അപകടം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ.  യാത്രയില്‍ രാജഗോപാല്‍ സാര്‍ ഉല്‍ക്കണ്ഠപ്പെട്ടതു തന്നെ സംഭവിച്ചു; ബാംഗ്ലൂര്‍ കഴിഞ്ഞ് തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ വച്ച്. ആ സമയം ഭാര്യ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇടതുവശത്ത് മുന്‍സീറ്റില്‍ ആയിരുന്നു ഞാന്‍. പാട്ടൊക്കെ കേട്ട് വലിയ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. 'കുബേരന്‍' സിനിമയിലെ പാട്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. പെട്ടെന്ന് ഒരു വലിയ ബസ് തൊട്ടുമുന്നില്‍ ഞങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുന്നു. അതവിടെ പാടുള്ളതല്ല. വിശാലമായ ഹൈവേയില്‍ നന്നായി പണിത മീഡിയനപ്പുറത്തുകൂടിയാണ് എതിര്‍ദിശയിലേക്കുള്ള വാഹനങ്ങള്‍ പോകേണ്ടത്. ബസ് അത് ലംഘിച്ചതുകൊണ്ടാണ് ഞങ്ങളുടെ നേരേ വന്നത്. ഒരു നിമിഷം ഞാന്‍ ഭാര്യയോട് വലത്തോട്ട് എന്നോ മറ്റോ പറഞ്ഞിരിക്കണം. അടുത്ത നിമിഷം വലിയ ശബ്ദത്തോടെ മുഖാമുഖം ബസും കാറും തമ്മിലിടിച്ച് നിന്നു. ഞാന്‍ ഞെട്ടിത്തിരിഞ്ഞ് പിറകില്‍ മകന്‍ വാസുദേവിനെ നോക്കി. അവന്‍ പൂര്‍ണ്ണ സുരക്ഷിതനാണെന്നു തോന്നി. അതെനിക്ക് ധൈര്യം തന്നിരിക്കണം. സ്റ്റിയറിംഗില്‍ ഞെങ്ങി ഞെരുങ്ങി വേദനകൊണ്ട് പിടഞ്ഞ ഭാര്യ മാലിനിയുടെ മുഖത്തും കയ്യിലുമെല്ലാം മുറിവുകള്‍. എന്റെ തലയിലും മുഖത്തുമെല്ലാം രക്തത്തിന്റെ നനവ്. അപ്പോള്‍ സമയം ഉച്ചയ്ക്ക് 12.30 ആകണം. പെട്ടെന്ന് ആളുകള്‍ ഓടിക്കൂടി. ''ഞാന്‍ കേരളത്തിലെ ഐ.ജിയാണ്, പേര് ഹേമചന്ദ്രന്‍; പെട്ടെന്ന് ഇവിടെ എന്റെ ബാച്ചിലുള്ള ജാഫര്‍സേട്ടിനെ വിവരം അറിയിക്കണം'' എന്നാണ് അവരോട് ഞാനാദ്യം പറഞ്ഞത്. പെട്ടെന്ന് ഒരാള്‍ മലയാളത്തില്‍, വീട്ടിലെ ഫോണ്‍ നമ്പര്‍ ചോദിച്ചു. ഞാനത് പറഞ്ഞുകൊടുത്ത ശേഷം ആ ഫോണില്‍നിന്ന് എന്റെ മൊബൈല്‍ വിളിച്ചു. അത്ഭുതം, അത് ശബ്ദിച്ചു. സീറ്റിനു മുന്നില്‍ കൂടിക്കിടന്ന വസ്തുക്കള്‍ക്കിടയില്‍ ചതഞ്ഞ് രക്തംപുരണ്ട അവസ്ഥയിലും ആ നോക്കിയാ ഫോണ്‍ പ്രവര്‍ത്തിച്ചു. ഫോണ്‍ നമ്പര്‍ ചോദിച്ചതിന്റെ 'ഗുട്ടന്‍സ്', ജോസഫ്, അതാണയാളുടെ പേര്, പിന്നീട് എന്നോട് വെളിപ്പെടുത്തി. എന്റെ തലയിലെ ബ്ലീഡിംഗ് കണ്ടപ്പോള്‍ വൈകാതെ ബോധം പോയേക്കും എന്ന് അയാള്‍ സംശയിച്ചു. ഏതാണ്ട് ബസിനടിയില്‍ പെട്ടത് പോലിരുന്ന കാര്‍ തള്ളിനീക്കി ഭാര്യയെ പുറത്തുകൊണ്ടുവരാന്‍ ചുറ്റും കൂടിയ ആളുകള്‍ ഒരുപാട് നേരം കഠിനമായി അദ്ധ്വാനിച്ചു. സീറ്റ്‌ബെല്‍റ്റ് അന്നവിടെ നിര്‍ബ്ബന്ധമല്ലായിരുന്നുവെങ്കിലും ഞങ്ങളത് ധരിച്ചിരുന്നത് നിര്‍ണ്ണായകമായി. 

ശ്യാം സുന്ദർ
ശ്യാം സുന്ദർ

മലയാളിയായ അവിടുത്തെ ജില്ലാ കളക്ടര്‍ ഡോക്ടര്‍ സന്തോഷ് ബാബു, സേലം പൊലീസ് കമ്മിഷണര്‍ ശക്തിവേലു തുടങ്ങി അനവധി വ്യക്തികള്‍ സജീവമായി ഇടപെട്ടപ്പോള്‍ ഞങ്ങള്‍ക്ക് അതിവേഗം ആശ്വാസം കിട്ടി. ആംബുലന്‍സില്‍ കൃഷ്ണഗിരി ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലെത്തിയപ്പോള്‍  പ്രാഥമികമായി അവിടെ ലഭിച്ച ചികിത്സ അങ്ങേയറ്റം കാര്യക്ഷമമായിരുന്നു. പക്ഷേ, ഭാര്യയുടെ കാലിലെ ഗുരുതരമായ പൊട്ടല്‍ സേലത്തൊരു സ്വകാര്യാശുപത്രിയാണ് കണ്ടുപിടിച്ചത്. തിരുവനന്തപുരത്തെത്തിയ ശേഷം തൊട്ടടുത്ത ദിവസം ഹൈദ്രാബാദില്‍ തിരിച്ചുപോയി, അവിടുത്തെ അപ്പോളോ ആശുപത്രിയിലാണ് അതിന്റെ ഓപ്പറേഷന്‍ നടത്തിയത്. പിന്നെയും സ്വന്തം കാലില്‍ നടക്കാന്‍ ആറുമാസം വേണ്ടിവന്നു.

കാര്യമായി പരിക്കേറ്റ ഈ അപകടത്തിനു മുന്‍പ് രണ്ട് സംഭവങ്ങളില്‍ തലനാരിഴയ്ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിട്ടുമുണ്ട്. അവയും ജീവനു ഭീഷണി ഉയര്‍ത്താന്‍ പര്യാപ്തമായിരുന്നു. ജീവിതത്തിന്റെ അനിശ്ചിതത്വം അനുഭവത്തിലൂടെ ബോധ്യപ്പെടുത്തിയ ഈ സംഭവങ്ങള്‍ സര്‍വ്വീസ് ജീവിതത്തിലെ പില്‍ക്കാല 'കൊടുങ്കാറ്റുകള്‍' നിസ്സംഗമായി നേരിടാന്‍ എന്റെ മനസ്സിനെ കൂടുതല്‍ പാകപ്പെടുത്തിയിരിക്കണം.

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com