'സാര്‍, അവര്‍ നമ്മുടെ ശത്രുക്കളാണ്'

നാഷണല്‍ പൊലീസ് അക്കാദമിയിലെത്തിയതോടെ അധികാരത്തിന്റെ പത്രാസ് നഷ്ടമായി എന്നത് പൂര്‍ണ്ണമായും ശരിയല്ലെന്ന് വേഗം തിരിച്ചറിഞ്ഞു
'സാര്‍, അവര്‍ നമ്മുടെ ശത്രുക്കളാണ്'

തിരുവനന്തപുരത്ത ഡി.ഐ.ജി എന്നാല്‍ കേരളത്തിന്റെ തെക്കേ അറ്റത്ത് നാല് ജില്ലകളില്‍ പൊലീസ് അധികാരം കയ്യാളുന്ന ഉദ്യോഗസ്ഥനാണ്. അധികാരവും അതിന്റെ പത്രാസും ആ പദവിയില്‍ പ്രകടമാണ്. ഉണ്ണായിവാര്യരുടെ ഭാഷയില്‍ 'നാടും നഗരവും അമിത്രവീരന്മാരെ അമര്‍ക്കും വന്‍പടയും' എല്ലാമുണ്ട് എന്നു തോന്നാം. അവിടെനിന്ന് ഹൈദ്രാബാദില്‍ നാഷണല്‍ പൊലീസ് അക്കാദമിയിലെത്തിയപ്പോള്‍ ഈ പത്രാസ് ഇല്ലാതായി. ഇടയ്ക്ക് കേരളത്തില്‍ വരുമ്പോള്‍ സ്വയം കാറോടിച്ച് കുടുംബസമേതം പോകുമ്പോള്‍ ചിലേടത്ത് ട്രാഫിക്കില്‍ കുരുങ്ങി റോഡില്‍ കിടക്കും. തൊട്ടരുകിലൂടെ ഇല്ലാത്ത സ്ഥലമുണ്ടാക്കി ചില പൊലീസ് വാഹനങ്ങള്‍ ചീറിപ്പായുമ്പോള്‍ കാറിന്റെ പിന്നിലിരുന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എന്റെ മകന്‍ കളിയാക്കും: ''എങ്ങനെ നടന്ന അച്ഛനാണ്.'' ഒരര്‍ത്ഥത്തില്‍ അത് ശരിയുമാണ്. മുന്നിലും പിന്നിലും മിന്നുന്ന നക്ഷത്രങ്ങളും മുകളില്‍ സദാ തിളങ്ങുന്ന ലൈറ്റും ഘടിപ്പിച്ച കാറില്‍, ഒരു ഗതാഗത നിയമവും ബാധകമല്ലെന്ന മട്ടില്‍ ചുറ്റിനടന്നവനാണ് ഇപ്പോള്‍ ഈ ട്രാഫിക്ക് ബ്ലോക്കില്‍ ആള്‍ക്കൂട്ടത്തില്‍ ഒരുവനായി വഴിയില്‍ കിടക്കുന്നത്. 'ഹാ പുഷ്പമേ...' എന്നു തുടങ്ങുന്ന 'വീണപൂവി'ലെ വരികള്‍ ഓര്‍ക്കാന്‍ കാരണം മറ്റൊന്നു കൂടിയുണ്ട്. അത്തരമൊരു യാത്രയില്‍ ആശാന്‍സ്മാരകം സ്ഥിതിചെയ്യുന്ന തോന്നക്കലിനടുത്തുവെച്ച് ഞങ്ങളൊരപകടത്തില്‍നിന്ന് കഷ്ടിച്ചാണ് ജീവനുംകൊണ്ട് രക്ഷപ്പെട്ടത്. ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ മുന്നില്‍ സാമാന്യം വേഗത്തില്‍ പോകുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്യാന്‍ എനിക്കു തോന്നി. അതുതന്നെ ചെയ്തു. പക്ഷേ, ആവേശത്തില്‍ റോഡിന്റെ വളവ് ശ്രദ്ധിച്ചില്ല. തൊട്ടുമുന്നില്‍ യമന്‍ ലോറിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. നിമിഷാര്‍ദ്ധത്തില്‍ ബ്രേക്ക് ചവിട്ടി. പെട്ടെന്ന് ഇടതുവശത്തെ കാര്‍ കടന്നു-കടന്നില്ല എന്ന അവസ്ഥയില്‍ സര്‍വ്വശക്തിയുമെടുത്ത് സ്റ്റിയറിംഗ് ഇടത്തോട്ട് തിരിച്ചു. കാര്‍ നേരെ ടാറിട്ട റോഡ് വിട്ട് മണ്‍റോഡില്‍ നിന്നു. നില്‍ക്കുമ്പോള്‍, അപ്പുറം പൊലീസ് ഹൈവേ പട്രോള്‍ വാഹനം. ഞങ്ങളുടെ രക്ഷപ്പെടല്‍ ദൃശ്യം കണ്ട പൊലീസുകാരന്‍ ഞെട്ടലോടെ ഡ്രൈവിംഗ് സീറ്റിന്റെ വശത്തു വന്നു. എന്നെ തിരിച്ചറിഞ്ഞ്, ഉദ്വേഗത്തോടെ 'റേഞ്ചര്‍' എന്നു പറഞ്ഞ് സല്യൂട്ട് ചെയ്തു. റേഞ്ചര്‍ എന്നത് തിരുവനന്തപുരം ഡി.ഐ.ജിയുടെ വയര്‍ലെസ് പേര് ആയിരുന്നു. അങ്ങനെ പഴയ റേഞ്ചര്‍ രക്ഷപ്പെട്ടു.
 
നാഷണല്‍ പൊലീസ് അക്കാദമിയിലെത്തിയതോടെ അധികാരത്തിന്റെ പത്രാസ് നഷ്ടമായി എന്നത് പൂര്‍ണ്ണമായും ശരിയല്ലെന്ന് വേഗം തിരിച്ചറിഞ്ഞു. അക്കാദമിയുടെ ഭൗതികലോകം ഒരു വലിയ മതില്‍ക്കെട്ടിനുള്ളിലൊതുങ്ങും. എസ്.പി മുതല്‍ ഡി.ജി.പി വരെ കുറെ ഐ.പി.എസ്സുകാരും നൂറുകണക്കിന് മറ്റ് പൊലീസുകാരും അതിലേറെ പൊലീസ് അല്ലാത്തവരും ഒരുമിക്കുന്ന ആവാസവ്യവസ്ഥയാണത്. ലോകം ചെറുതായിരുന്നെങ്കിലും പകിട്ടും പത്രാസും കുറവല്ലായിരുന്നു. ഭരണത്തിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടറായിരുന്നു അതിനുള്ളിലെ താരം; ചെറിയ ലോകത്തെ വലിയ അധികാരി. 

സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളുടെ ചുമതലയായിരുന്നു ആദ്യം എനിക്ക്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥരുടെ പരിശീലനം എടുത്തുപറയേണ്ടതാണ്.  മറ്റൊരു പരിശീലനം എന്നതിനപ്പുറമുള്ള പ്രാധാന്യം അതിനുണ്ടായിരുന്നു. 2001-ല്‍ ലോകത്തെ ഞെട്ടിച്ച അമേരിക്കയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്, അന്ന് താലിബാന്‍ അധീനതയിലായിരുന്ന അഫ്ഗാനിസ്ഥാനെ അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയിരുന്നുവല്ലോ. താലിബാന്‍ നിയന്ത്രണത്തില്‍നിന്ന് അഫ്ഗാനിസ്ഥാന്‍ മോചിതമായ ശേഷം, അവിടെ പുതിയ ഭരണവ്യവസ്ഥ സൃഷ്ടിക്കുന്ന പ്രക്രിയയില്‍  ഇന്ത്യയും പങ്കാളിയായി. അതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസ്ത്രീയ കുറ്റാന്വേഷണത്തില്‍  വൈദഗ്ദ്ധ്യം നല്‍കുവാനുള്ള പരിശീലനത്തിന്റെ ചുമതല നാഷണല്‍ പൊലീസ് അക്കാദമിക്ക് വന്നുചേര്‍ന്നു. സാങ്കേതികമായി ഞങ്ങള്‍ക്ക് അത് അനായാസം സാദ്ധ്യമായിരുന്നു. പക്ഷേ, അതിനപ്പുറമുള്ള നയതന്ത്ര, സുരക്ഷാവിഷയങ്ങള്‍ ഉള്ളതുകൊണ്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് ഒരു യോഗം നടത്തി. അക്കാദമിയില്‍നിന്ന് ഞാനതില്‍ പങ്കെടുത്തു. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്കുമാര്‍ ദോവല്‍ യോഗത്തില്‍ സുരക്ഷാ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ചു. അന്ന് അദ്ദേഹം കേന്ദ്ര ഇന്റലിജന്‍സില്‍ ആയിരുന്നു. ലളിതവും പ്രായോഗികവുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍. പരിശീലനത്തിന് മുഖ്യതടസ്സം ഭാഷയായിരുന്നു. ഇംഗ്ലീഷിന്റെ കാര്യത്തില്‍ അഫ്ഗാനിസ്ഥാനില്‍നിന്നും വന്ന പലര്‍ക്കും പരിമിതിയുണ്ടായിരുന്നു. ചിലര്‍ക്ക് ഉര്‍ദുവും ഹിന്ദിയും അറിയാം. ഒസ്മാനിയ സര്‍വ്വകലാശാലയില്‍നിന്ന് ബഹുഭാഷാ വൈദഗ്ദ്ധ്യമുള്ള ചില പരിഭാഷകരെ ഞങ്ങള്‍ കണ്ടെത്തി. പരിശീലനത്തില്‍ പ്രായോഗികമായ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും പ്രഭാഷണങ്ങള്‍ കുറയ്ക്കുകയും ചെയ്തു. പരിശീലനം ഉദ്ഘാടനം ചെയ്ത ഞങ്ങളുടെ ഡയറക്ടര്‍ ഗണേശ്വര്‍ഝാ പൊതുവേ  ഉദ്യോഗസ്ഥരുടെ ക്ഷേമകാര്യങ്ങളിലും അതീവ ശ്രദ്ധാലുവായിരുന്നു. 'അതിഥി ദേവോ ഭവ' എന്നൊക്കെ ഇടകലര്‍ത്തി  'ബഹുഭാഷാ അജ്ഞത' വിളംബരം ചെയ്യുന്ന ലഘു പ്രസംഗം ഞാനും അഫ്ഗാന്‍കാരോട് നടത്തി. ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ലെങ്കില്‍ ഏതു ഭാഷയിലും സംസാരിക്കാമല്ലോ. പക്ഷേ, ഞങ്ങളുടെ അഫ്ഗാന്‍ സുഹൃത്തുക്കള്‍ വലിയ സന്തോഷത്തിലായിരുന്നു. അക്കാദമിയുടെ ആതിഥ്യം അവര്‍ക്ക് ഇഷ്ടപ്പെട്ടു. സ്വാതന്ത്ര്യത്തിന്റേയും സുരക്ഷിതത്വത്തിന്റേയും ശുദ്ധവായു അവര്‍ അവിടെ ശ്വസിച്ചു. സ്വകാര്യ സംഭാഷണങ്ങളില്‍ പോലും ഇന്ത്യയോടുള്ള ആദരവും കടപ്പാടും അവര്‍ മറച്ചുവെച്ചില്ല. ഹിന്ദി സിനിമകളും ഹിന്ദി, പഞ്ചാബി തുടങ്ങി പല ഇന്ത്യന്‍ ഭാഷകളിലേയും അടിപൊളി പാട്ടുകളും എല്ലാം അവര്‍ നന്നായി ആസ്വദിച്ചു. അമിതാബ് ബച്ചനും ഷാരൂഖ് ഖാനും എല്ലാം അവരുടെ ഹീറോകളായിരുന്നു. ഹിന്ദിപ്പാട്ടുകള്‍ പാടാനും കൂടെ നൃത്തം ചെയ്യാനുമൊക്കെ അവരിഷ്ടപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ അസാദ്ധ്യമായിരുന്ന പലതും പുതിയ അന്തരീക്ഷത്തില്‍ അവര്‍ ആസ്വദിച്ചു.  പൊലീസ് അക്കാദമിയിലെ പരിശീലനവും അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. കുറ്റകൃത്യങ്ങളുടെ രംഗങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് അവിടെനിന്നും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുവാനുള്ള പരിശീലനം അവര്‍ക്ക് പുതിയ അനുഭവമായിരുന്നു. ആധുനിക ഫോറന്‍സിക്ക് സയന്റിഫിക്ക് രീതികളെക്കുറിച്ചുള്ള പ്രായോഗികവും താത്ത്വികവുമായ അറിവ്, ശാസ്ത്രീയമായി ചോദ്യം ചെയ്യുവാനുള്ള രീതികള്‍ തുടങ്ങി പലതും അവര്‍ പഠിച്ചു. 

അജിത് കുമാർ ഡോവൽ
അജിത് കുമാർ ഡോവൽ

ഔദ്യോഗിക ജീവിതത്തിലെ വൈയക്തിക തിണര്‍പ്പുകള്‍

പരിശീലനത്തിന്റെ പരിസമാപ്തിയില്‍ അക്കാദമിയിലെ മനോഹരമായ രാജസ്ഥാന്‍ ഭവനില്‍  ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. അക്കാദമിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും മറ്റ് അതിഥികളും അതില്‍ പങ്കെടുത്തു. ഇത്തരം ഡിന്നര്‍ പാര്‍ട്ടികളില്‍ മദ്യവും വിളമ്പിയിരുന്നു. ഡിന്നറില്‍ പങ്കെടുത്ത പലരും യഥേഷ്ടം മദ്യം കഴിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അഫ്ഗാന്‍ അതിഥികള്‍ മദ്യം ഒഴിവാക്കണമെന്ന് അവരുടെ ഗ്രൂപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നിഷ്‌കര്‍ഷിച്ചതായിട്ടാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. അതുകൊണ്ട് അവരില്‍ പലരും മറ്റു പാനീയങ്ങളാണ് കഴിച്ചത്. അതിനിടയില്‍ ചിലര്‍ കൊക്കകോളയില്‍ മദ്യം കലര്‍ത്തി കുടിക്കാന്‍ തുടങ്ങി. കുറെ കഴിഞ്ഞപ്പോള്‍ കൊക്കകോള അഫ്ഗാനികളുടെ ഇഷ്ടപാനീയമായി മാറി. മദ്യം നിരോധിച്ച അവരുടെ നേതാവും കൊക്കകോള നന്നായി ഉള്ളിലാക്കുന്നുണ്ടായിരുന്നു. അതിനിടെ ഉത്തര്‍പ്രദേശ് കാഡറില്‍ നിന്നുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ ആഷിഷ് ഗുപ്ത എന്നോട്, ''സാര്‍, ഒരു പ്രശ്‌നമുണ്ട്'' എന്നു പറഞ്ഞു. ആഷിഷ് ഗുപ്ത കഴിവും ചുമതലാബോധവുമുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു. അത്താഴവിരുന്നില്‍ മറ്റൊരു പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. അക്കൂട്ടത്തില്‍ ജമ്മുകശ്മീര്‍ പൊലീസില്‍നിന്നും മുനീര്‍ഖാന്‍ എന്നൊരു എസ്.പി ഉണ്ടായിരുന്നു. അദ്ദേഹം അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രോഷാകുലനായി നില്‍ക്കുകയാണെന്നും അത് വലിയ പ്രശ്‌നമാണെന്നും  ആഷിഷ് എന്നോട് പറഞ്ഞു. കശ്മീര്‍കാരനായ ആ ഉദ്യോഗസ്ഥനുമായി എനിക്ക് നല്ല അടുപ്പമുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും രാവിലെ ടെന്നീസ് കളിക്കുമായിരുന്നു. അങ്ങേയറ്റം മാന്യതയോടും അച്ചടക്കത്തോടും മാത്രമേ മുനീര്‍ഖാനെ മുന്‍പ് കണ്ടിട്ടുള്ളു. ഞാനുടനെ ആഷിഷ് പറഞ്ഞ സ്ഥലത്തേയ്ക്ക് പോയി. അവിടെ വീറോടെ സംസാരിക്കുകയായിരുന്ന എന്റെ കശ്മീരി സുഹൃത്തിനു ചുറ്റും അക്കാദമി ഫാക്കല്‍റ്റി നില്‍പ്പുണ്ട്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം ശാന്തനായി. പ്രധാനപ്പെട്ട ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഞാന്‍ അദ്ദേഹത്തേയും കൂട്ടി തൊട്ടടുത്തുള്ള മധ്യപ്രദേശ് ഭവനിലേയ്ക്ക് പോയി. അപ്പോഴും മുനീര്‍ഖാന്‍ അഫ്ഗാന്‍കാരെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അവര്‍ നമ്മുടെ അതിഥികളല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, ''സാര്‍, അവര്‍ നമ്മുടെ ശത്രുക്കളാണ്'' എന്നു പറഞ്ഞ് അദ്ദേഹം വാചാലനായി. തന്റെ ഷര്‍ട്ടിന്റെ മുകളിലെ ബട്ടന്‍സ് അഴിച്ച് നെഞ്ചില്‍ ഒരു അടയാളം കാണിച്ചു. ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വെടിയുണ്ട ഏറ്റതിന്റെ പാടാണ് മുനീര്‍ഖാന്‍ എന്നെ കാണിച്ചത്. അദ്ദേഹം പറഞ്ഞത് ആ ഭീകരരെല്ലാം അഫ്ഗാന്‍കാരായിരുന്നു എന്നാണ്. പരിശീലനത്തിനു വന്ന അഫ്ഗാന്‍ പൊലീസുകാരും ഭീകരരുടെ പക്ഷമാണെന്നായി മുനീര്‍ഖാന്‍. താലിബാന്‍ കാലത്ത് ഭീകരതയെ ഇന്ത്യക്കെതിരെ തിരിച്ചുവിട്ടതിന്റെ പ്രത്യാഘാതം അനുഭവിച്ച കശ്മീരി പൊലീസിലെ ആ ഉദ്യോഗസ്ഥന്‍  പൊട്ടിത്തെറിക്കുകയായിരുന്നു. അങ്ങനെ കുറേ സമയം പഴയ കാര്യങ്ങളൊക്കെ പറഞ്ഞുകഴിഞ്ഞപ്പോള്‍ മുനീര്‍ഖാന്‍ ശാന്തനായി. ടെന്നീസ് കോര്‍ട്ടില്‍, ക്ലാസ്സ് മുറിയില്‍, സീനിയര്‍ ഓഫീസേഴ്സ് മെസ്സില്‍ ഒന്നും മുനീര്‍ഖാന്റെ ഈ മുഖം ഞാന്‍ കണ്ടിട്ടില്ല; അതിനു മുന്‍പും പിന്‍പും. തീവ്ര അനുഭവങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യന്റെ ഉള്ളില്‍ ഒരു ഹിംസ്രമൃഗം ഉറങ്ങിക്കിടക്കുന്നുണ്ടാകണം. ചില സാഹചര്യങ്ങളില്‍ മനസ്സിലെ  ഹിംസ്രമൃഗം ഉണരാം. രണ്ടാഴ്ച കാലമേ അഫ്ഗാനി പൊലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളോടൊത്തുണ്ടായിരുന്നുള്ളു. പിന്നെ അവര്‍ മടങ്ങി. പിന്നീട് ജീവിതം അവരെ എങ്ങോട്ട് നയിച്ചു എന്നറിയില്ല. ജീവിതത്തിലെ കുറേ നല്ല ദിനങ്ങളാകണം അവര്‍ ഇന്ത്യയില്‍ ചെലവഴിച്ചത്. ഭീകരതയെ തുരത്തി, താലിബാനെ തുരത്തി, 'ജനാധിപത്യം' സ്ഥാപിക്കുന്ന മഹായജ്ഞം അമേരിക്ക അവസാനിപ്പിച്ച് മടങ്ങിയ അഫ്ഗാനില്‍ വീണ്ടും താലിബാന്‍ അധികാരത്തില്‍ മടങ്ങിയെത്തിയല്ലോ.    

അധികനാള്‍ കഴിയും മുന്‍പ് രാജസ്ഥാന്‍ ഭവന്റെ മുറ്റത്തു വെച്ച് നടന്ന മറ്റൊരു ഡിന്നര്‍ എന്റെ അക്കാദമി ജീവിതത്തിലും നിര്‍ണ്ണായകമായി. ഡയറക്ടര്‍ ഗണേശ്വര്‍ഝാ ആയിരുന്നു ആതിഥേയന്‍. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ മേധാവിയുടെ  സന്ദര്‍ശനമായിരുന്നു അവസരം. അക്കാദമിയില്‍നിന്ന് അഡീഷണല്‍ ഡയറക്ടര്‍ പി.എസ്.വി പ്രസാദും ഭരണവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടറും ഞാനും ഡിന്നറില്‍ പങ്കെടുത്തു. ഖര ദ്രാവക വിഭവങ്ങള്‍ സുഭിക്ഷമായി വന്നുകൊണ്ടിരുന്നു. ഞങ്ങളത് കാര്യക്ഷമതയോടെ ഉള്ളിലാക്കുന്നുണ്ടായിരുന്നു; കൊളസ്ട്രോള്‍, ഷുഗര്‍ ഇത്യാദി ചിന്തകളൊന്നുമില്ലാതെ. വ്യക്തതയ്ക്ക് വേണ്ടി പറയട്ടെ, ദ്രാവകമെന്നാല്‍ ഈതൈല്‍ ആല്‍ക്കഹോള്‍ എന്നര്‍ത്ഥം; പല പേരുകളില്‍ അത് പ്രത്യക്ഷപ്പെട്ടു, മഹാഋഷി (old monk) മുതല്‍ ഗുരുനാഥന്‍ (Teacher) വരെ. സ്വയം സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലായിരുന്നതിനാല്‍ ഗുരുവിനേയും ഋഷിയേയും ഒന്നും ഞാന്‍ സ്വീകരിച്ചില്ല. കേരളത്തെപ്പോലെ അക്കാദമിക്കും ഇടയ്ക്കിടെ മാറിക്കൊണ്ടിരുന്ന മദ്യനയം ഉണ്ടായിരുന്നു. അതില്‍ അല്പം ഉദാരവല്‍ക്കരണം അന്ന് സംഭവിച്ചിരുന്നു. എങ്കിലും പുതുതായി സര്‍വ്വീസില്‍ പ്രവേശിക്കുന്ന ഐ.പി.എസ് പ്രൊബേഷണര്‍മാര്‍ക്ക് മദ്യം അക്കാദമിയില്‍ അസ്പര്‍ശ്യമായിരുന്നു. സീനിയര്‍ കോഴ്സിന് ചേരുന്നവര്‍ക്ക് അത് ലഭ്യമായിരുന്നു. ഔദ്യോഗിക ഡിന്നര്‍ പോലുള്ള അവസരത്തില്‍ അവര്‍ക്ക് മദ്യം വിളമ്പുകയും ചെയ്തു. സ്വന്തം മദ്യനയ രൂപീകരണം കൂടി സൂചിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതാണ് ഉചിതം എന്ന ബോദ്ധ്യത്തില്‍ പറയട്ടെ, ഘട്ടം ഘട്ടമായി മദ്യപാനശീലം ആര്‍ജ്ജിക്കുകയും പൊലീസ് ഉദ്യോഗസ്ഥനായ ശേഷം സമ്പൂര്‍ണ്ണ മദ്യനിരോധനത്തിലേയ്ക്ക് നീങ്ങുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. 'പൂര്‍വ്വാശ്രമ'ത്തില്‍ ഞാന്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനില്‍ എന്‍ജിനീയര്‍ ആയിരുന്നു. അതാണ് സ്വന്തം മദ്യനയത്തിന്റെ ഒന്നാംഘട്ടം. ചില സുഹൃദ് സംഘങ്ങളില്‍ പരീക്ഷിച്ചു നോക്കിയപ്പോള്‍ അല്പം രസംപിടിച്ചു എന്നതാണ് സത്യം. തുടക്കം നന്നായെങ്കിലും ജോലിക്കും സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനും ഇടയില്‍ ആ രസം ചില പരിധികള്‍ക്കുള്ളില്‍ ഒതുങ്ങി. പിന്നീട് ഐ.പി.എസ് സെലക്ഷന്‍ കിട്ടി പൊലീസ് ഉദ്യോഗസ്ഥനായപ്പോള്‍ ചില പ്രായോഗിക പ്രശ്‌നങ്ങളും അല്പം ധാര്‍മ്മിക ചിന്തകളും മനസ്സില്‍ നുരഞ്ഞുപൊങ്ങി. പൊലീസിന് മുന്നിലെത്തുന്ന പല കുറ്റകൃത്യങ്ങളിലും ഒരു പ്രധാന വില്ലന്‍ മദ്യം ആണെന്നത് കൂടുതല്‍ ശ്രദ്ധിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ പലരും കുഴപ്പങ്ങളില്‍ ചെന്നു പെടുന്നതിന്റെ ഒരു കാരണം മദ്യപാനശീലം തന്നെയായിരുന്നു. ഇത്തരം ചില ചിന്തകളാണ് എന്‍ജിനീയര്‍ ആയിരുന്ന കാലത്ത് തുടങ്ങിയ ശീലം പൊലീസ് ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഉപേക്ഷിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ തീരുമാനം ശരിയായിരുന്നു എന്നുതന്നെയാണ് എന്റെ ബോദ്ധ്യം. 

അങ്ങനെ സമ്പൂര്‍ണ്ണ മദ്യനിരോധനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനില്‍വെച്ചുണ്ടായ ഒരു നിരോധന ലംഘനം കൂടി പറഞ്ഞേക്കാം. പരിശീലനത്തിന്റെ ഭാഗമായി ഹിമാലയത്തില്‍ ചെറുസംഘങ്ങളായി ട്രെക്കിങ്ങിനു പോകുന്ന പരിപാടിയുണ്ട്. ആദ്യ ദിവസം ഞങ്ങള്‍ തങ്ങിയത് ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ ഒരു ചെറിയ ക്യാമ്പിലായിരുന്നു. അവിടെയെത്തിയപ്പോള്‍ സംഘനേതാവ് ആയിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഞങ്ങള്‍ക്കുള്ള പൊതുനിര്‍ദ്ദേശങ്ങള്‍ നല്‍കി. അതിലൊന്ന് സംഘാംഗങ്ങള്‍ നിര്‍ബ്ബന്ധമായും മദ്യം വര്‍ജ്ജിക്കണം എന്നായിരുന്നു. അക്കാദമിയില്‍നിന്നും അങ്ങനെ നിര്‍ദ്ദേശം ഇല്ലായിരുന്നു. ആ പ്രദേശത്ത് നിയമപരമായ നിരോധനവും ഇല്ല. ആ നിലയ്ക്ക് നേതാവിന്റെ സ്വന്തം തീരുമാനമായിരുന്നു മദ്യനിരോധനം. എന്നാല്‍, ചില സംഘാംഗങ്ങള്‍ നേതാവുമായി തര്‍ക്കിച്ചു. മദ്യം ഉളളില്‍ ചെന്നാല്‍ നിങ്ങള്‍ കുരങ്ങുകളെപ്പോലെയാകും എന്നൊക്കെ നേതാവ് അവരെ പരിഹസിച്ചു; കുരങ്ങുകളേയും. എന്റേത് ചേരിചേരാനയം ആയിരുന്നു. അങ്ങനെ സമവായം ഉണ്ടായില്ല. ഐ.എഫ്.എസ്സുകാരനായ മന്‍പ്രീത് വോറയും ഐ.എ.എസ്സിലെ ലാല്‍ബിയാക്കും ആയിരുന്നു മദ്യപാന സ്വാതന്ത്ര്യത്തിനായി വാദിച്ചു തോറ്റത്. രാത്രി ആയപ്പോള്‍ അവര്‍ ഒരു കുപ്പി പൊട്ടിച്ചു. മദ്യനയ ചര്‍ച്ചയില്‍ നയം വ്യക്തമാക്കാതെ നിശ്ശബ്ദത പാലിച്ച എന്നെയും കൂട്ടുവിളിച്ചു. ഞാനും കൂടി. അങ്ങനെ ക്യാമ്പിന്റെ ഒരു മൂലയില്‍ തികച്ചും ശാന്തമായി പരിപാടി മുന്നേറി. അപ്രതീക്ഷിതമായി അവിടെ അതാ കയറിവരുന്നു, രാത്രികാല പട്രോളിംഗിനിറങ്ങിയ ഞങ്ങളുടെ സംഘനേതാവ്. നേതാവ് ചക്രവാളസീമയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ മന്‍പ്രീതും ലാല്‍ബിയാക്കും കയ്യിലിരുന്ന ഗ്ലാസ്സുകള്‍ കസേരയുടെ അടിയില്‍ വച്ചു. ഞാനങ്ങനെ ചെയ്തില്ല. നേതാവ് ഞങ്ങളുടെ സമീപം വന്ന് പൊതുവേ ചുറ്റും നോക്കി, ക്ഷേമാന്വേഷണം പോലെ 'Everything is fine' എന്ന് ചോദിച്ചു. 'Absolutely fine' എന്ന് ഞാന്‍ പറഞ്ഞു. Good Night പറഞ്ഞ് അവര്‍ സ്ഥലം കാലിയാക്കി. അവര്‍ പുറത്ത് പോയതോടെ പൊട്ടിച്ചിരിയുടെ അകമ്പടിയോടെ കസേരയുടെ അടിയില്‍നിന്ന് ഗ്ലാസ്സുകള്‍ പുറത്തുവന്നു. തുടര്‍ന്നുള്ള സംഭാഷണത്തിലെ നിര്‍ദ്ദോഷ തമാശകളില്‍ ഞങ്ങളുടെ നേതാവ് നിറഞ്ഞുനിന്നു. 

നമുക്ക് വീണ്ടും നാഷണല്‍ പൊലീസ് അക്കാദമിയില്‍ രാജസ്ഥാന്‍ ഭവനിലെ അത്താഴവിരുന്നിലേയ്ക്ക് മടങ്ങാം. ശരാശരി മനുഷ്യനെ സന്തോഷിപ്പിക്കുന്ന എല്ലാം അവിടെ ഒത്തുചേര്‍ന്നുവെങ്കിലും രാത്രി പുരോഗമിച്ചപ്പോള്‍ എവിടെയോ സംഭാഷണം വഴിതെറ്റി. ഡയറക്ടര്‍ ഭരണവിഭാഗം ഡെപ്യൂട്ടി ഡയറക്ടറെ കാര്യമായി പ്രശംസിച്ചു തുടങ്ങി. പ്രശംസിച്ചത് അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ വൈദഗ്ദ്ധ്യത്തെയാണ്. അസ്ഥാനത്തെ പ്രശംസ സൂക്ഷിക്കേണ്ടതാണ്. പ്രശംസയില്‍ തുടങ്ങിയ സംഭാഷണം ക്രമേണ വിമര്‍ശനങ്ങളിലേയ്ക്ക് നീങ്ങി. സാങ്കേതികമായ കാര്യങ്ങളില്‍ ഒരുപാട് മികവുണ്ടെങ്കിലും മാനുഷികബന്ധങ്ങള്‍ കുറേക്കൂടി ശ്രദ്ധിക്കണം എന്നതായിരുന്നു അദ്ദേഹം പറഞ്ഞതിന്റെ കാതല്‍. പക്ഷേ, അതത്ര സുഗമമായി മുന്നോട്ടുപോയില്ല. ഡയറക്ടറും ഡെപ്യൂട്ടി ഡയറക്ടറും തമ്മില്‍ അല്പം അകല്‍ച്ച പ്രകടമായിരുന്നു. ക്രമമായി ഉള്ളില്‍ പ്രവേശിച്ചുകൊണ്ടിരുന്ന മദ്യമായിരുന്നോ കുറ്റക്കാരന്‍ എന്ന് എനിക്കറിയില്ല. അന്തരീക്ഷം വഷളാക്കുന്നതില്‍ ഞങ്ങളുടെ അതിഥി ആയിരുന്ന റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് മേധാവിയുടെ സംഭാവന ചെറുതായിരുന്നില്ല. ഡയറക്ടര്‍ പറയുന്നതിന് അതിഥി ഒരു വ്യാഖ്യാനം നല്‍കും. നിങ്ങളുടെ മാനുഷികബന്ധങ്ങള്‍ മെച്ചപ്പെടുത്തണം എന്ന് ഡയറക്ടര്‍ പറഞ്ഞതിനെ, ''അതായത്, നിങ്ങളൊരു നല്ല മനുഷ്യനല്ല'' എന്നാക്കും വ്യാഖ്യാതാവ്. ക്രമേണ വിമര്‍ശനവിധേയനായ ഡെപ്യൂട്ടി ഡയറക്ടറും മറുപടി പറഞ്ഞുതുടങ്ങി. ഡയറക്ടറുടെ കമന്റും അതിഥിയുടെ വ്യാഖ്യാനവും ഡെപ്യൂട്ടിയുടെ പ്രതികരണവും കുറേ മുന്നോട്ടുപോയപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി. ഒരു ഘട്ടത്തില്‍, ''ഞാനിനി അക്കാദമിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല'' എന്ന് ഡെപ്യൂട്ടി പ്രഖ്യാപിച്ചു. എല്ലാ പേര്‍ക്കും അസഹ്യമായി തുടങ്ങിയിരുന്ന ആ വിരുന്ന് എങ്ങനെയോ അവസാനിച്ചു. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഒരു പ്രശ്‌നവും മദ്യക്കുപ്പിയിലൂടെ പരിഹരിക്കാനാവില്ലെന്നു മാത്രമല്ല, അത് പ്രശ്‌നം വഷളാക്കുകയും ചെയ്യും. വ്യക്തികള്‍ തമ്മിലുള്ള നേരിയ ഭിന്നതകളെ തീവ്രമാക്കി മാറ്റുന്നതിലുള്ള ചിലരുടെ സിദ്ധിയും അന്ന് ഞാന്‍ കണ്ടു. നേരം പുലര്‍ന്ന ഉടന്‍ ഞാന്‍ ഭരണവിഭാഗം ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ചു. ഒരു കാരണവശാലും, അക്കാദമിയില്‍നിന്നും മടങ്ങാന്‍ കത്ത് നല്‍കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതിനും മുന്‍പേ അദ്ദേഹം അടുത്ത വെടി പൊട്ടിച്ചിരുന്നു. അക്കാദമിയില്‍നിന്നും തിരികെ പോകണമെന്ന് അദ്ദേഹം കത്ത് നല്‍കി. 

​ഗണേശ്വർഝാ
​ഗണേശ്വർഝാ

അന്നു രാവിലെ ഡയറക്ടര്‍ എന്നെ വിളിപ്പിച്ചു. തലേന്നത്തെ സംഭവങ്ങള്‍ ആയിരുന്നു വിഷയം. അതേപ്പറ്റി എന്താണ് എന്റെ അഭിപ്രായം എന്നാണ് അദ്ദേഹം ചോദിച്ചത്. അതൊരപകടം പിടിച്ച ചോദ്യമായിരുന്നു. അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നു എന്നുമാത്രം ഞാന്‍ പറഞ്ഞു. അടുത്ത ചോദ്യം, ഇനി ഭരണവിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി അദ്ദേഹത്തിനു തുടരാനാകുമോ എന്നതായിരുന്നു. അതും കുഴയ്ക്കുന്ന ചോദ്യമായിരുന്നു. ഭരണവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍, അക്കാദമിയില്‍ ഡയറക്ടറുടെ വലംകൈ ആയി പ്രവര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥനാണ്. ആ ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരിക്കുന്നു. തലേന്നത്തെ സംഭവത്തില്‍ ഡെപ്യൂട്ടി, ഖേദം പ്രകടിപ്പിക്കുകയും വിശാലമനസ്‌കതയോടെ ഡയറക്ടര്‍ അത് സ്വീകരിക്കുകയും ചെയ്യുകയാണെങ്കില്‍ മാത്രം അദ്ദേഹത്തിന് തുടരാം എന്നു ഞാന്‍ പറഞ്ഞു. വളരെ സാവകാശം, അങ്ങേയറ്റം അനുനയത്തിന്റെ രൂപത്തിലാണ് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എന്റെ ഭാഗം ക്ഷമയോടെ കേട്ടശേഷം അദ്ദേഹം തീരുമാനം എടുത്തു. ഭരണവിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറായി എന്നെ നിയമിച്ചു. നീക്കം ചെയ്ത ഡെപ്യൂട്ടി ഡയറക്ടറെ കംപ്യൂട്ടര്‍ വിഭാഗത്തിന്റെ ചുമതലയിലേയ്ക്ക് മാറ്റി. പൊലീസ് അക്കാദമിയിലെ 'ട്ട' വട്ട സ്ഥലത്ത് എനിക്കതൊരു വലിയ കയറ്റമായിരുന്നു, മറ്റുള്ളവരുടെ കണ്ണില്‍. 

ഡയറക്ടറുടെ അനഭിമതനായ ഡെപ്യൂട്ടി ഡയറക്ടര്‍ കുറേക്കാലം കൂടി അക്കാദമിയില്‍ ഉണ്ടായിരുന്നു. പല മേഖലകളിലും മിടുക്കനായിരുന്ന അദ്ദേഹത്തോട് എനിക്കുള്ള നല്ല ബന്ധം തുടര്‍ന്നു. അദ്ദേഹത്തിന്റെ യാത്ര അയപ്പ് യോഗത്തില്‍ പ്രസംഗിക്കുവാന്‍ പലര്‍ക്കും മടിയായിരുന്നു. അവിടുത്തെ 'നടപ്പുരീതി' മടങ്ങുന്ന ഉദ്യോഗസ്ഥനെ വാനോളം പുകഴ്ത്തുക എന്നതാണ്. പുകഴ്ത്തല്‍ പരിധിവിട്ടാല്‍ ഡയറക്ടറുടെ അപ്രീതിക്കിടയാകുമോ എന്ന് പലരും ചിന്തിച്ചിരിക്കണം. അദ്ദേഹത്തെ അനുമോദിക്കാനുള്ള ചുമതല എനിക്കായിരുന്നു. ഞാന്‍ അദ്ദേഹത്തെ ഹൃദ്യമായി അനുമോദിച്ചു. എന്നിട്ട്, പറന്നു നടക്കുന്ന കിളികള്‍ ചില കാലങ്ങളില്‍ ചിലേടത്ത് ഒത്തുകൂടിയ ശേഷം പിന്നെയും പറന്നകലുന്ന പോലെയാണ് നമ്മള്‍, എന്ന് എവിടെയോ കേട്ട തത്ത്വവിചാരം പങ്കിട്ടു. തത്ത്വചിന്ത അരക്കിട്ടുറപ്പിക്കാന്‍ മഹാകവി ജി. ശങ്കരക്കുറുപ്പിനെ കൂട്ടുപിടിച്ച് ''ഇന്നു ഞാന്‍ നാളെ നീ'' എന്നും പറഞ്ഞു. അല്പം തത്ത്വശാസ്ത്രവും ലേശം കവിതയും ഉള്ളിലുണ്ടെങ്കില്‍ ഏത് പ്രതിസന്ധിയും കടന്നുകൂടാമെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു.

ചെറിയൊരു പ്രദേശത്ത് ധാരാളം ഉദ്യോഗസ്ഥര്‍ ഒരുമിച്ച് താമസിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ചില സ്വാര്‍ത്ഥ സങ്കുചിത വിചാരങ്ങള്‍ നമ്മെ സ്വാധീനിക്കാം. മിക്ക ദിവസവും ജോലി കഴിഞ്ഞ് മടങ്ങുന്നത് ഐ.പി.എസ് രക്തസാക്ഷി മണ്ഡപത്തിനു മുന്നിലൂടെയാണ്. രക്തസാക്ഷികളില്‍ പലരേയും എനിക്ക് നേരിട്ട് അറിയാം.  പരിശീലനകാലത്ത് തന്നെ മണിപ്പൂരില്‍ വെടിയേറ്റ് മരിച്ച വന്ദനാമല്ലിക്ക്, ഞാന്‍ പ്രൊബേഷണറായിരിക്കെ ക്ലാസ്സെടുക്കാന്‍ വന്നിട്ടുള്ള, പിന്നീട് മാവോയിസ്റ്റുകളുടെ വെടിയേറ്റ് മരിച്ച വ്യാസ് തുടങ്ങി പലരും. ഒരു നിമിഷം രക്തസാക്ഷി മണ്ഡപത്തില്‍ ശ്രദ്ധപതിയും. അതോടെ സങ്കുചിത ചിന്തകള്‍ പറന്നകലും.?

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com