'മക്കള്‍ക്ക് മീന്‍ കഷണം ഉള്ള കറി ഉണ്ടാക്കിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, കോഴിക്കാലുകള്‍ ചവച്ച് തുപ്പുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ല' 

എങ്ങനെയാണ് തീരപ്രദേശത്തെ കോലാഹലത്തിനിടയില്‍ വെടിവെയ്പിന്റെ അനന്തരഫലം ഉറപ്പിക്കാനാകുക. അതുതന്നെ സംഭവിച്ചു. അല്പം വൈകി ഉച്ചയോടെ ഒരാള്‍ മരിച്ചു എന്ന വിവരം വന്നു
'മക്കള്‍ക്ക് മീന്‍ കഷണം ഉള്ള കറി ഉണ്ടാക്കിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, കോഴിക്കാലുകള്‍ ചവച്ച് തുപ്പുന്നവര്‍ക്ക് ഇതൊന്നും മനസിലാകില്ല' 

തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഓഫീസിലെ ആ സന്ദര്‍ശനം ഒരിക്കലും മറക്കില്ല. തുമ്പ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന പൊലീസ് വെടിവെയ്പില്‍ മരണമടഞ്ഞ മത്സ്യത്തൊഴിലാളിയുടെ ഭാര്യയെ ഞാന്‍ കാണണമെന്ന് എന്നോടു പറഞ്ഞത് കഴക്കൂട്ടം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനല്‍കുമാറാണ്. എന്തിന് കാണണം എന്ന് എനിക്ക് വ്യക്തമല്ലായിരുന്നു. ഞാനവരോട് എന്തു പറയാനാണ്? പൊലീസ് വെടിവെയ്പും മരണവുമൊക്കെ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. എങ്കിലും ''സാറൊന്ന് അവരെ കാണുന്നത് നല്ലതാണ്'' എന്ന് സനല്‍കുമാര്‍ പറഞ്ഞപ്പോള്‍, ഞാനങ്ങ് സമ്മതിച്ചു. വലിയ ആലോചനയൊന്നുമില്ലായിരുന്നു. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാം എന്നുമാത്രം കരുതി. അങ്ങനെയാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സനല്‍കുമാറും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും ആ സ്ത്രീയും കൂടി ഒരു ദിവസം കാലത്ത് എന്റെ ഓഫീസില്‍ വന്നത്. അവരുടെ സാന്നിദ്ധ്യം അസ്വസ്ഥത ഉളവാക്കി. അവരുടെ ഭര്‍ത്താവ് മരിച്ചത് പൊലീസ് വെടിവെയ്പിലാണ്. വെടിവെയ്പിന് ന്യായീകരണമുണ്ടാകാം, ഇല്ലാതിരിക്കാം. അതൊക്കെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തില്‍ കണ്ടെത്തേണ്ട കാര്യമാണ്. ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം അതുകൊണ്ടെന്ത് ആശ്വാസം? അവരുടെ മൂന്ന് മക്കള്‍ അനാഥരായി. അതിന്റെ ഉത്തരവാദി പൊലീസാണ്, അവരുടെ കണ്ണില്‍. വെടിവെയ്പിനെക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞില്ല; ന്യായീകരണത്തിനും മുതിര്‍ന്നില്ല. ഇപ്പോഴത്തെ അവരുടെ ജീവിതാവസ്ഥയെപ്പറ്റി എന്തോ ചോദിച്ചു. മത്സ്യത്തൊഴിലാളിയായിരുന്ന ഭര്‍ത്താവിന്റെ മരണം ആ കുടുംബത്തിന്റെ നിത്യജീവിതത്തിനുള്ള വരുമാനം നഷ്ടമാക്കി. അവരും കുട്ടികളും പട്ടിണിയിലായി. അവരത് പറഞ്ഞു: ''വിശന്ന് വലയുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ മക്കള്‍ക്ക് ഓരോ മുളക് ചവയ്ക്കാന്‍ കൊടുക്കും.'' മുളകിന്റെ എരി വിശപ്പിനെ തല്‍ക്കാലം അകറ്റുമായിരിക്കണം. ''ഭര്‍ത്താവ് പോയ ശേഷം എന്റെ കുട്ടികള്‍ക്ക് ഒരുദിവസം പോലും ഒരു കൊച്ച് മീന്‍കഷണം ഉള്ള കറി ഉണ്ടാക്കിക്കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.'' അവര്‍ തുടര്‍ന്നു. എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. നിശ്ശബ്ദമായിരുന്നപ്പോള്‍ അവര്‍ പറഞ്ഞു: ''കോഴിക്കാലുകള്‍ ചവച്ച് തുപ്പുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകില്ല.'' ബുദ്ധിമുട്ടി എന്തോ പറഞ്ഞു; അതോ പറയാതേയോ, എങ്ങനെയോ ആ സന്ദര്‍ശനം അവസാനിച്ചു. പൊലീസ് ജീവിതത്തില്‍ ഒരു പ്രതിസന്ധിയിലും വാക്കുകള്‍ക്ക് ഇതുപോലെ ഞാന്‍ നിസ്സഹായനായിട്ടില്ല. മേലുദ്യോഗസ്ഥനോടോ മന്ത്രിയോടോ രാഷ്ട്രീയ നേതാവിനോടോ കോടതിയോടോ ആയാലും ഇതുപോലൊരു അവസ്ഥ സര്‍വ്വീസ് ജീവിതത്തില്‍ അനുഭവപ്പെട്ടിട്ടില്ല. അവിടെ നിയമത്തിന്റേയും നടപടിക്രമത്തിന്റേയുമെല്ലാം കവചങ്ങള്‍ എടുത്തണിയാമല്ലോ. എല്ലാ കവചങ്ങളും ഇവിടെ ഉപയോഗശൂന്യം. 

ആ വീട്ടമ്മയുടെ ജീവിതം ഈ ദുരന്തത്തിലേയ്ക്ക് തള്ളിവിട്ട സംഭവങ്ങളുടെ തുടക്കം ക്രിസ്മസ് രാത്രിയിലായിരുന്നു. പുത്തന്‍തോപ്പ് കടപ്പുറത്തു നടന്ന ആഘോഷത്തിനിടയില്‍ പള്ളിത്തുറയില്‍ നിന്നെത്തിയ ചില ചെറുപ്പക്കാര്‍ ഒരു പെണ്‍കുട്ടിയെ കടന്നുപിടിച്ച് ശല്യം ചെയ്യാന്‍ ശ്രമിച്ചത്രെ. ശല്യം ചെയ്തവരില്‍ ഒരാള്‍ പഴയൊരു കൊലക്കേസില്‍ ഉള്‍പ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു. ശല്യം ചെയ്യാന്‍ ശ്രമിച്ചവരെ അവിടുത്തെ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ച് വിരട്ടിയോടിച്ചു. ഇതേത്തുടര്‍ന്ന് കഴക്കൂട്ടം, തുമ്പ എന്നീ പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍പ്പെട്ട  തീരപ്രദേശത്ത്  നേരിയ സംഘര്‍ഷം ഉടലെടുത്തു. അതായിരുന്നു തുടക്കം. 

നാടന്‍ ബോംബുകളും പടക്കങ്ങളും

അന്ന് ആ പ്രശ്‌നം പരിധിവിട്ടു പോയില്ലെങ്കിലും രണ്ടു പ്രദേശത്തെ കുറേ ചെറുപ്പക്കാര്‍ തമ്മിലുള്ള വിരോധം അവിടെ ഉടലെടുത്തു. തൊട്ടടുത്ത ദിവസങ്ങളില്‍ ഇത്  പ്രാദേശികമായി ചെറുപ്പക്കാര്‍ തമ്മില്‍ ചില്ലറ വഴക്കിലേക്കും  സംഘട്ടനത്തിലേക്കും നയിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തതായി സംശയിച്ച ഓട്ടോഡ്രൈവറെ ഒരു സംഘം ചെറുപ്പക്കാര്‍ വണ്ടിതടഞ്ഞ് ദേഹോപദ്രവമേല്പിച്ചു. സമീപത്തുള്ള പള്ളിയില്‍ ഓടിക്കയറാന്‍ ശ്രമിച്ച അയാളെ അക്രമികള്‍ ഒരു തെങ്ങില്‍ കെട്ടിയിട്ടു. അയാളുടെ ഓട്ടോറിക്ഷയില്‍ സ്ഫോടകവസ്തുവുണ്ടായിരുന്നു. പൊലീസെത്തി അയാളെ കസ്റ്റഡിയിലെടുത്തു. അയാളെ ആക്രമിച്ച സംഭവത്തിലും ചിലരെ അറസ്റ്റുചെയ്തു. അതിനുശേഷം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് പുത്തന്‍തോപ്പില്‍ കുറേപ്പേര്‍ സംഘടിതമായി വാഹനങ്ങള്‍ തടഞ്ഞു. രാവിലെ സ്ഥലത്തെത്തിയ സി.ഐ സനല്‍കുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാന്‍ ധാരണയായി. ക്രിസ്മസ് ആഘോഷത്തില്‍ പ്രശ്‌നമുണ്ടാക്കിയ പ്രതികളെ വേഗത്തില്‍ അറസ്റ്റ് ചെയ്യാം എന്ന ഉറപ്പ് പൊലീസ് നല്‍കിയിരുന്നു. അതേത്തുടര്‍ന്നാണ് കഴക്കൂട്ടം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാനായി പള്ളിത്തുറ ഭാഗത്തേയ്ക്കു പോയത്. അവിടെ തീരപ്രദേശത്ത് പൊലീസ് എത്തുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ സംഘടിതരായി നില്‍ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ അവര്‍ നേരിട്ടത് കായികമായിട്ടായിരുന്നു. പൊലീസിനെതിരെ നാടന്‍ബോംബും പടക്കങ്ങളും വലിച്ചെറിഞ്ഞ് അക്രമത്തിനു മുതിര്‍ന്നപ്പോള്‍ പൊലീസിനു പിന്‍തിരിയേണ്ടിവന്നു. എണ്ണത്തില്‍ കുറവായിരുന്ന പൊലീസ് പിന്തിരിഞ്ഞോടി. സ്ഥലത്തെത്തിയിരുന്ന ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ ചില വാര്‍ത്താമാധ്യമങ്ങള്‍ ഇതൊക്കെ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് സംഘത്തെ ആക്രമിച്ചവര്‍ പത്രപ്രവര്‍ത്തകര്‍ക്കുനേരേ തിരിഞ്ഞു. അവരുടെ കാസറ്റ് പിടിച്ചുവാങ്ങിയത് പിന്നീട് പള്ളിവികാരി ഇടപെട്ടാണ് തിരികെ നല്‍കിയത്. അക്രമസംഭവത്തില്‍ ഏതാനും പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസിനു നേരെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ചത് അവിടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. 

വയര്‍ലെസ്സില്‍ ലഭിച്ചുകൊണ്ടിരുന്ന വിവരങ്ങള്‍ അനുസരിച്ച് അവിടെ അങ്ങേയറ്റം അപകടകരമായ സ്ഥിതി നിലനില്‍ക്കുന്നു എന്ന് വ്യക്തമായിരുന്നു. ഞാനുടനെ തിരുവനന്തപുരം റൂറല്‍ എസ്.പിയോടും ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയോടും കൂടുതല്‍ പൊലീസിനെ നിയോഗിക്കാനും ഉയര്‍ന്ന ഉദ്യോഗസ്ഥരോട് അങ്ങോട്ടു പോകാനും നിര്‍ദ്ദേശിച്ചു. ഡി.വൈ.എസ്.പി നേരിട്ട് ഉടന്‍ പോകാമെന്ന് അറിയിച്ചു. കഴക്കൂട്ടം സ്റ്റേഷനതിര്‍ത്തിയിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെങ്കിലും ചേര്‍ന്നുകിടക്കുന്ന തുമ്പ പൊലീസ് സ്റ്റേഷനതിര്‍ത്തിയിലേയ്ക്കും വ്യാപിച്ചിട്ടുണ്ടെന്നും അവിടെനിന്നുള്ള ആക്രമണകാരികളെ ചെറുക്കാന്‍ സിറ്റിയിലെ പൊലീസ് തുമ്പയില്‍ കുറേക്കൂടി സജീവമായി ഇടപെടണമെന്നും വിവരം കിട്ടി. ആദ്യം ആക്രമണവിധേയമായ പൊലീസ് സംഘത്തെ നയിച്ച സി.ഐ. സനല്‍കുമാര്‍ മൊബൈല്‍ ഫോണില്‍ എന്നെ വിളിച്ച് പ്രശ്‌നത്തിന്റെ രൂക്ഷത അറിയിച്ചു. തുമ്പ അതിര്‍ത്തിയില്‍നിന്നും അക്രമമുണ്ടാകുമെന്നും സിറ്റി പൊലീസ് അവിടെ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ പ്രശ്‌നം വഷളാകും എന്നും കൃത്യമായി അറിയിച്ചു. അതിനിടെ സിറ്റി പൊലീസ് കമ്മിഷണര്‍ രാജന്‍സിംഗ് എന്നെ വിളിച്ച്, സിറ്റി അതിര്‍ത്തിയില്‍ കഴക്കൂട്ടത്തോടു ചേര്‍ന്ന് കിടക്കുന്ന തുമ്പ പൊലീസ് സ്റ്റേഷനതിര്‍ത്തിയിലും പ്രശ്‌നമുള്ള വിവരം അവര്‍ക്കു ലഭിച്ചുവെന്നും അങ്ങോട്ട് കൂടുതല്‍ പൊലീസിനെ അയയ്ക്കാമെന്നും താന്‍ തന്നെ നേരിട്ട് സ്ഥലത്തേയ്ക്ക് പോകാമെന്നും അറിയിച്ചു. സിറ്റിയില്‍ നിന്നായിരിക്കും പ്രശ്‌നബാധിത സ്ഥലത്തേയ്ക്ക് വേഗത്തില്‍ കൂടുതല്‍ പൊലീസിനെ എത്തിക്കാന്‍ കഴിയുക എന്ന് എനിക്കറിയാമായിരുന്നു. തലസ്ഥാനത്തെ പൊലീസിനു ക്രമസമാധാന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ചില മേന്മകള്‍ ഉണ്ടായിരുന്നു. പെട്ടെന്ന് ഉരുണ്ടുകൂടുന്ന വലിയ ക്രമസമാധാന പ്രശ്‌നങ്ങളോട് അതിവേഗം പ്രതികരിക്കാനുള്ള വിഭവശേഷിയും അനുഭവസമ്പത്തും സിറ്റി പൊലീസിനുണ്ട്. അക്കാര്യത്തില്‍ റൂറല്‍ ജില്ലയിലെ സംവിധാനത്തിനു വലിയ പരിമിതികളുണ്ടായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ പൊലീസ് സേനയെ മുന്നില്‍നിന്നു നയിച്ച് ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ കഴിവു തെളിയിച്ച ഉദ്യോഗസ്ഥനായിരുന്നു പൊലീസ് കമ്മിഷണര്‍ രാജന്‍ സിംഗ്. അദ്ദേഹം സ്ഥലത്തേയ്ക്ക് പോകാമെന്നു പറഞ്ഞപ്പോള്‍ അത് ആ സാഹചര്യത്തില്‍ ഏറ്റവും ഉചിതമായിരിക്കും എന്ന് എനിക്കു തോന്നി. അവിടെ പ്രശ്‌നമേഖല സിറ്റിയും റൂറലും ആയി ചേര്‍ന്നുകിടന്നിരുന്നതുകൊണ്ട് അക്രമം എവിടെ ആയാലും അതിലിടപെട്ട് നിയമനടപടി സ്വീകരിക്കുവാനും ഞാന്‍ നിര്‍ദ്ദേശിച്ചു. പല സന്ദര്‍ഭങ്ങളിലും വലിയ പ്രശ്‌നമുണ്ടാകുമ്പോള്‍ ഒരു ജില്ലയ്ക്കുള്ളില്‍ തന്നെ പൊലീസ് സ്റ്റേഷന്‍ പരിധികള്‍ തമ്മിലുള്ള അധികാരത്തര്‍ക്കം വലിയ ആശയക്കുഴപ്പത്തിനും പരസ്പരം ഉത്തരവാദിത്വത്തില്‍നിന്നും ഒഴിയുന്നതിനും ഇടയാക്കും എന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. അപ്പോള്‍ പിന്നെ സിറ്റിയിലാണോ റൂറലിലാണോ എന്ന തര്‍ക്കം ഇതുപോലെ പൊലീസിനു നേരെ നാടന്‍ബോംബും മറ്റും എറിഞ്ഞ്, പൊലീസ് തിരിച്ചോടിയ സംഭവത്തില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കും എന്ന് എനിക്കു തോന്നി. കല്ലെറിയുന്ന ആള്‍ക്കാര്‍ റൂറല്‍ ജില്ലയില്‍ നില്‍ക്കുന്നവരും അവര്‍ ലക്ഷ്യംവയ്ക്കുന്നത് സിറ്റിയില്‍ നില്‍ക്കുന്നവരേയും ആകാം. പ്രശ്‌നമേഖലയില്‍ സ്വന്തം സുരക്ഷതന്നെ അപകടത്തിലാക്കി പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ഒരു അധികാരപരിധി എവിടെ അവസാനിച്ചുവെന്ന് കൃത്യതയോടെ തിരിച്ചറിയുക കടലോരത്ത് ദുഷ്‌ക്കരമാണ്. വലിയ വെല്ലുവിളിയുയര്‍ത്തുന്ന ക്രമസമാധാന പ്രശ്‌നം നേരിടേണ്ടിവരുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന് ഇത്തരത്തിലുളള ആശയക്കുഴപ്പംകൂടി ഉണ്ടായാല്‍ അത് പൊലീസിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും അക്രമം അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെടുകയും ചെയ്യും. ഇതൊക്കെ കണക്കിലെടുത്താണ് സിറ്റി കമ്മിഷണര്‍ക്ക് പ്രശ്‌നം സിറ്റി അതിര്‍ത്തിവിട്ട് ചേര്‍ന്നുള്ള കഴക്കൂട്ടം പരിധി ആയാലും നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കിയത്. 

തീരപ്രദേശത്തെ ജനങ്ങള്‍ പൊതുവേ ശുദ്ധഗതിക്കാരും വൈകാരികമായി പ്രതികരിക്കുന്നവരുമാണ്. അതികഠിനവും സാഹസികവും ദുഷ്‌ക്കരവുമായ ജീവിതമാകാം ക്രമേണ അവരെ അത്തരമൊരു രീതി ശീലമാക്കാന്‍ പ്രേരിപ്പിച്ചത്. ആ മേഖലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമ്പോള്‍ പലപ്പോഴും അത് വലിയ ദുരന്തങ്ങളിലേയ്ക്ക് നയിച്ചിരുന്നു. തുമ്പ പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ തന്നെ 10 വര്‍ഷം മുന്‍പ് 1991 കാലത്ത് ഒരു പ്രശ്‌നത്തില്‍ പൊലീസും മത്സ്യത്തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഗംഗാധരന്‍ എന്ന് പേരുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ അവിടെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. അയാളുടെ സഹോദരന്‍ സുകുമാരന്‍ സിറ്റിയില്‍ എന്നോടൊപ്പം സ്പെഷ്യല്‍ ബ്രാഞ്ചില്‍ ഉണ്ടായിരുന്നു. അന്ന് പൊലീസിന് റൈഫിള്‍ ഉണ്ടായിരുന്നെങ്കിലും അക്രമത്തില്‍ അതും നഷ്ടപ്പെട്ടിരുന്നു. അത് പഴയ കഥ.  

ഇപ്പോള്‍ പൊലീസിനെ നാടന്‍ബോംബെറിഞ്ഞും അക്രമിച്ചും തുരത്തിയ ശേഷം മത്സ്യത്തൊഴിലാളികള്‍ റോഡില്‍ പലേടത്തും മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിച്ചു. തങ്ങളുടെ മേഖലയിലേയ്ക്ക് പൊലീസ് വരുന്നതിനെ ചെറുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. മാര്‍ഗ്ഗതടസ്സം നീക്കാനായി സമീപിക്കുന്നവരെ എതിരേല്‍ക്കുന്നത്  കല്ലുകളും സ്ഫോടകവസ്തുക്കളും ആയിരുന്നു. സിറ്റി പൊലീസ് കമ്മിഷണറും മറ്റ് ഉദ്യോഗസ്ഥരും പ്രശ്‌നമേഖലയിലെത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്ഫോടനാത്മകമായ അന്തരീക്ഷമാണ് അവരെ സ്വാഗതം ചെയ്തത്. ഒരിക്കല്‍ പൊലീസിന് അക്രമത്തിനു മുന്നില്‍ ജീവരക്ഷാര്‍ത്ഥം തിരിച്ചോടേണ്ടിവന്ന ഇടമാണത്. പൊലീസ് പാര്‍ട്ടിക്കു നേരെ അക്രമം ഉണ്ടായപ്പോള്‍ ലാത്തിച്ചാര്‍ജ്ജ്, ടിയര്‍ഗ്യാസ് ഒന്നും അവിടെ ഫലപ്രദമാകുന്ന അവസ്ഥ ആയിരുന്നില്ല. റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ചെങ്കിലും അതുകൊണ്ടൊന്നും പൊലീസിനു മുന്നോട്ടുപോകാനായില്ല. അവസാനം വെടിവെയ്പ് തന്നെ വേണ്ടിവന്നു. അത് നിര്‍വ്വഹിച്ചത് കമ്മിഷണര്‍ തന്നെയായിരുന്നു. എ.കെ.47 ആയിരുന്നു ആയുധം. അത് നല്ല നിയന്ത്രണത്തോടെ ഉപയോഗിക്കുന്നതിനുള്ള  പ്രാഗത്ഭ്യം ആ ഉദ്യോഗസ്ഥനുണ്ടായിരുന്നു. കഴിയുന്നത്ര നേരിട്ട് മുറിവേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കി ഭീതി ജനിപ്പിച്ച് അക്രമകാരികളെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. പക്ഷേ, മത്സ്യത്തൊഴിലാളികള്‍ അതിശക്തമായ ഏതോ ഒരു വികാരത്തിനടിപ്പെട്ട് തിരമാലകണക്കെ മുന്നോട്ടുവന്നപ്പോള്‍ പിന്തിരിപ്പിക്കുക എളുപ്പമല്ലാതായി. 

വെടിവെയ്പുണ്ടായെന്നു കേട്ടപ്പോള്‍ ഞാനുടനെ അങ്ങോട്ട് തിരിച്ചു. സിറ്റിയില്‍നിന്നും റൂറലില്‍നിന്നും ധാരാളം പൊലീസ് അങ്ങോട്ടേയ്‌ക്കെത്തി. വെടിവെയ്പിനെത്തുടര്‍ന്ന് അവിടെ പൊലീസിനേയും മറ്റു പ്രദേശത്തുനിന്നുള്ളവരേയും ചെറുക്കുന്ന അന്തരീക്ഷം പൂര്‍ണ്ണമായും ഇല്ലായിരുന്നു. വെടിവെയ്പില്‍ ആര്‍ക്കെങ്കിലും പരിക്കുപറ്റിയോ? ആരെങ്കിലും മരണപ്പെട്ടോ? എന്നൊക്കെ മനസ്സിലാക്കാനാണ് ശ്രമിച്ചത്. പക്ഷേ, വിവരം കണ്ടെത്തുക പ്രയാസമായിരുന്നു. വ്യക്തതയില്ലാത്ത ഒരുപാട് വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരുന്നു. പൊലീസിനെ തീരപ്രദേശത്ത് അടുപ്പിക്കാതെ അക്രമത്തിലൂടെ ചെറുത്തുനിന്നവര്‍ പൊലീസ് ബലപ്രയോഗത്തിനു മുന്നില്‍ പിന്തിരിഞ്ഞു. ആ പ്രദേശത്തുനിന്ന്  പുരുഷന്‍മാര്‍ പലരും പലായനം ചെയ്തിരുന്നു. പിന്തിരിഞ്ഞ മത്സ്യത്തൊഴിലാളികള്‍ അവരുടെ ശാശ്വത അഭയസ്ഥാനമായ കടലിലേയ്ക്ക് തിരിച്ചു. ലഭ്യമായ വള്ളങ്ങളിലും മറ്റും അവര്‍ കടലില്‍ അഭയം പ്രാപിച്ചു. കരയില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളു.

വെടിവെയ്പില്‍ ആരും മരിച്ചിരിക്കില്ല എന്നാണ് ഞങ്ങള്‍ ആദ്യം കരുതിയത്. മണിക്കൂറുകളോളം അങ്ങനെ ഒരു വിവരവും ഇല്ലായിരുന്നു. സംഘര്‍ഷത്തില്‍, മുന്നിലേയ്ക്ക് കുതിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ നിലത്തും പരിസരത്തും ആയാണ് വെടിവെയ്പില്‍ ലക്ഷ്യംവെച്ചത്. അല്ലെങ്കില്‍, നിശ്ചയമായും എ.കെ.47-നു മുന്നില്‍ എത്ര മനുഷ്യജീവനുകള്‍ നഷ്ടമാകാം? പക്ഷേ, വലിയ സംഘര്‍ഷങ്ങളുടെ നടുവില്‍നിന്ന് സ്വന്തം സുരക്ഷ തന്നെ ഒരു കല്ലേറോ നാടന്‍ബോംബോ അപകടപ്പെടുത്തും എന്ന ബോധത്തില്‍ വേഗം കാഞ്ചിവലിക്കുമ്പോള്‍, ഉദ്ദേശിക്കുന്നപോലെ കൃത്യതയോടെ ലക്ഷ്യം കാണണമെന്നില്ല. പരിശീലനത്തിന്റെ ഭാഗമായി ഫയറിംഗ് റേഞ്ചില്‍, ഒരുപാട് സമയമെടുത്ത് ഓരോ പ്രാവശ്യവും അടിസ്ഥാനതത്ത്വങ്ങള്‍ മനസ്സിലുരുവിട്ട് നിറയൊഴിക്കുമ്പോള്‍ പോലും ലക്ഷ്യം തെറ്റുന്നു. പിന്നെ എങ്ങനെയാണ് തീരപ്രദേശത്തെ കോലാഹലത്തിനിടയില്‍ വെടിവെയ്പിന്റെ അനന്തരഫലം ഉറപ്പിക്കാനാകുക. അതുതന്നെ സംഭവിച്ചു. അല്പം വൈകി ഉച്ചയോടെ ഒരാള്‍ മരിച്ചു എന്ന വിവരം വന്നു. വെടിവെയ്പില്‍ പരിക്കേറ്റ ഒരാളെ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. അവിടെ എത്തുമ്പോഴേയ്ക്കും മരിച്ചതായാണ് അറിഞ്ഞത്. വര്‍ഗ്ഗീസ് തോമസ് എന്ന നാല്‍പ്പതുകാരനായ മത്സ്യത്തൊഴിലാളിയായിരുന്നു അത്. പൊലീസ് വെടിവെയ്പിനെത്തുടര്‍ന്ന് പിന്തിരിഞ്ഞവര്‍ കടലില്‍ ചാടിയപ്പോള്‍ വെടിയേറ്റ വര്‍ഗ്ഗീസും ഉണ്ടായിരുന്നത്രെ. മുറിവേറ്റ വര്‍ഗ്ഗീസിനെ കൂടെയുള്ളവര്‍ ബോട്ടില്‍ കയറ്റി ഫാത്തിമതുമ്പ കടപ്പുറത്ത് എത്തിച്ച് അവിടെനിന്ന് ചില സ്ത്രീകളാണ് ഓട്ടോറിക്ഷയില്‍ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. മരണവാര്‍ത്ത പൊലീസ് ഉദ്യോഗസ്ഥരേയും ദുഃഖിപ്പിച്ചു. അക്രമങ്ങളില്‍ പല പൊലീസുകാര്‍ക്കും പരിക്കു പറ്റിയിരുന്നു. രൂക്ഷമായ ആക്രമണം തന്നെയാണ് അവിടെയുണ്ടായത് എന്ന കാര്യം എല്ലാപേര്‍ക്കും അറിയാമെങ്കിലും വെടിവെയ്പില്‍ ഒരാള്‍ മരിച്ചു എന്ന വിവരം അപ്രതീക്ഷിതമായിരുന്നു. പൊലീസ് നടപടിയില്‍ ഒരു ജീവന്‍ നഷ്ടപ്പെട്ടുവെന്ന സത്യം മുന്നില്‍ വന്നതോടെ സംഭവത്തിന്റെ ഗതിമാറി. അതൊരു വലിയ ജനകീയ പ്രക്ഷോഭമായി മാറും എന്നു വ്യക്തമായിരുന്നു. പൊലീസ് നടപടി ശരിയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കു ബോദ്ധ്യമുണ്ടാകാം. പക്ഷേ, അതുകൊണ്ടായില്ല. ആ നടപടി ചോദ്യം ചെയ്യപ്പെടുമ്പോള്‍ പല രീതിയിലുള്ള സൂക്ഷ്മപരിശോധനയും അവലോകനവും എല്ലാം ഉണ്ടാകും. പൊലീസ് നടപടിയുടെ ശരിതെറ്റുകള്‍ പൊതുമദ്ധ്യത്തിലും ബോദ്ധ്യപ്പെടുത്തണം. 

വൈകുന്നേരത്തോടെ ഇന്റലിജന്‍സ് മേധാവിയായിരുന്ന ഹോര്‍മിസ് തരകന്‍ സാര്‍ സ്ഥലത്തു വന്നു. ഞങ്ങള്‍ സംഭവം നടന്ന സ്ഥലത്തെല്ലാം കറങ്ങി, വിവിധ തലങ്ങളിലുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ കേട്ടു. തീരപ്രദേശത്തെ സാമൂഹ്യജീവിതത്തില്‍ സജീവമായ പങ്ക് വഹിച്ചിരുന്ന പല വികാരികളുമായും എല്ലാം ഞങ്ങള്‍ സംസാരിച്ചു. കൂടുതല്‍ അനിഷ്ടസംഭവങ്ങളിലേയ്ക്ക് പോകാതെ സാധാരണ നില കൊണ്ടുവരാന്‍ എല്ലാപേരുടേയും സഹകരണം തേടാന്‍ ശ്രമിച്ചു. പ്രധാന പൊലീസ് നടപടികള്‍ക്കു നേതൃത്വം നല്‍കിയത് സിറ്റി പൊലീസ് കമ്മിഷണര്‍ ആയിരുന്നുവല്ലോ. പൊലീസിനെതിരായ അക്രമവും വെടിവെയ്പുമുണ്ടായത് സിറ്റി അതിര്‍ത്തിക്കപ്പുറം കഴക്കൂട്ടം പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലായിരുന്നു. അക്കാര്യം അല്പം വൈകിയാണ് മനസ്സിലായത്. അവിടെ സിറ്റി പൊലീസിന് അധികാരമില്ല. ഈ സാഹചര്യത്തില്‍ പ്രശ്‌നസ്ഥലം സിറ്റി ആയാലും റൂറല്‍ ആയാലും പൊലീസ് കമ്മിഷണറെ ഇടപെടാന്‍ ഞാന്‍ വാക്കാല്‍ ചുമതലപ്പെടുത്തിയിരുന്നത് പ്രസക്തമായി. അക്കാര്യം വെടിവെയ്പ് കേസിന്റെ എഫ്.ഐ.ആറില്‍ തന്നെ രേഖപ്പെടുത്തിക്കൊള്ളാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. 

പൊലീസ് വെടിവെയ്പിലേയ്ക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സംഭവത്തിന്റെ ശരിതെറ്റുകളെക്കുറിച്ചും വിരുദ്ധ അഭിപ്രായങ്ങള്‍ ഉണ്ടായി. എങ്കിലും, തീരപ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിന്റെ അനന്തരഫലങ്ങള്‍ വേഗം കെട്ടടങ്ങി. തീരം വേഗം സമാധാനത്തിലേയ്ക്ക് നീങ്ങി. അവിടുത്തെ പൊതുസ്വഭാവം ഇതുതന്നെയാണ്. പെട്ടെന്നുള്ള വികാരം വിസ്ഫോടനങ്ങളിലേയ്ക്ക് നയിക്കാം, അത് പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്യും. മറിച്ച് സംഭവിക്കുന്നത് സങ്കുചിത ലക്ഷ്യത്തോടെ തല്പരകക്ഷികള്‍ ആ അവസ്ഥ ചൂഷണം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ്. തുമ്പയില്‍ ഏതാണ്ട് എല്ലാം കെട്ടടങ്ങി എന്നു കരുതുമ്പോഴാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ആ നടപടി പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത അമര്‍ഷം സൃഷ്ടിച്ചു. സബ്ബ് ഇന്‍സ്പെക്ടര്‍ മുതല്‍ പൊലീസ് കമ്മിഷണര്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ എതിര്‍പ്പും ഉല്‍ക്കണ്ഠയും എന്നോട് പ്രകടിപ്പിച്ചു. ഞാന്‍ ആ വിഷയം ഇന്റലിജെന്‍സ് മേധാവിയായിരുന്ന ഹോര്‍മിസ് തരകന്‍ സാറുമായി സംസാരിച്ചു. ഒരുപക്ഷത്തുനിന്നും കാര്യമായ സമ്മര്‍ദ്ദമൊന്നുമില്ലാതെ പ്രഖ്യാപിച്ച ഈ അന്വേഷണം എന്തിനെന്ന് എനിക്കും മനസ്സിലായില്ല. അത് ഞാന്‍ പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷമയോടെ എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ അദ്ദേഹം വിശാലമനസ്‌കത പ്രകടിപ്പിച്ചു. വെടിവെയ്പ് സംഭവം സംബന്ധിച്ചുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിസമാപ്തി വരുത്താന്‍ അതുപകരിക്കുമെന്ന കാഴ്ചപ്പാട് അദ്ദേഹം പങ്കുവച്ചു. മരിച്ച മത്സ്യത്തൊഴിലാളിയുടെ വിധവയ്ക്ക് ദൈനംദിന ജോലി നല്‍കാമെന്ന മാനുഷികമായ തീരുമാനം പരിസമാപ്തി ഇല്ലാത്ത ദുരിതത്തിന് അല്പം ആശ്വാസമായിരുന്നു. 

ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനില്‍ തെളിവ് നല്‍കാന്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന ഞാന്‍ ഹൈദ്രബാദ് പൊലീസ് അക്കാദമിയില്‍നിന്ന് ഹാജരായി. സംഭവം നടന്നത് തിരുവനന്തപുരം റൂറല്‍ ജില്ലയിലായിരുന്നുവല്ലോ. ഡി.ഐ.ജി എന്ന നിലയില്‍ ഞാന്‍ കമ്മിഷണറെ ചുമതലപ്പെടുത്തിയത് വാക്കാലായിരുന്നു. അക്കാര്യം കമ്മിഷനില്‍ ഞാന്‍ പറയുകയും ചെയ്തു. പൊലീസ് നടപടിയെ കമ്മിഷന്‍ പൂര്‍ണ്ണമായും ശരിവെച്ചു. തുടക്കത്തിന്‍ നമ്മള്‍ കണ്ട വീട്ടമ്മയ്ക്കും മക്കള്‍ക്കും മാത്രം നഷ്ടം ശാശ്വതമായി ശേഷിച്ചു.

നമ്മുടെ തീരദേശവാസികളുടെ സ്വഭാവം വെളിവാക്കുന്ന ഒരു സംഭവം തൊട്ട് മുന്‍പ് കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനതിര്‍ത്തിയില്‍ വാടി കടപ്പുറത്ത് ഉണ്ടായി. ഒരു ദിവസം രാത്രി പത്തുമണി കഴിഞ്ഞിരിക്കണം. അവിടെ ഇരുവിഭാഗം ആളുകള്‍ സംഘടിച്ചുവെന്നും അവര്‍ തമ്മില്‍ വലിയ സംഘര്‍ഷമുണ്ടാകാന്‍ പോകുന്നുവെന്നും വയര്‍ലെസ്സില്‍ വിവരം കിട്ടി. 1980-കളിലും '90-കളിലും ഏറ്റുമുട്ടലുകളും പൊലീസ് വെടിവെയ്പുമെല്ലാം ഏറെ ഉണ്ടായിട്ടുള്ള പ്രദേശമാണത്. ലഭിച്ച വിവരം ഉല്‍ക്കണ്ഠാകുലമായിരുന്നതുകൊണ്ട് ഞാനുടനെ തിരുവനന്തപുരത്തുനിന്ന് അങ്ങോട്ടേയ്ക്ക് തിരിച്ചു. അതിനു മുന്‍പ് ഞാനവിടെ പോയത് മത്സ്യത്തൊഴിലാളികളെ സഹകരിപ്പിച്ച് പൊലീസ് അവിടെ നടത്തിയ കലാകായിക പരിപാടികളില്‍ പങ്കെടുക്കാനാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ജയചന്ദ്രന്‍ നായരായിരുന്നു ഈ കടലോരകൂട്ടായ്മയുടെ സൂത്രധാരന്‍. അന്നത്തെ മുഖ്യ ആകര്‍ഷണം പ്രൊഫസര്‍ വി. മധുസൂദനന്‍ നായരുടെ 'നാറാണത്ത് ഭ്രാന്തന്‍' ആയിരുന്നു. കവിയുടെ ആലാപനം കടലോരത്തെ വലിയ ജനാവലിയുടെ ഹൃദയം കവര്‍ന്നു. മെച്ചപ്പെട്ട പൊലീസ് പൊതുജന ബന്ധത്തിലൂടെ സമാധാനപാലനത്തിന് ഉതകുന്ന പരിപാടി എന്ന ബോധ്യത്തില്‍ ജയചന്ദ്രനേയും നാട്ടുകാരേയും പ്രോത്സാഹിപ്പിക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. അവിടെയാണ് സമാധാനത്തിന് പൊലീസ് വീണ്ടും തോക്കെടുക്കേണ്ടിവരുമോ എന്ന ആശങ്ക. പക്ഷേ, ഞാന്‍  സ്ഥലത്ത് എത്തുമ്പോള്‍ ധാരാളം ആളുകള്‍ അവിടെ കൂടിനില്‍ക്കുന്നുണ്ടെങ്കിലും ഒരക്രമവും കണ്ടില്ല. സ്ഥിതിഗതികള്‍ പൊതുവേ ശാന്തം. ഒരു ട്രേഡ് യൂണിയന്‍ തര്‍ക്കത്തെത്തുടര്‍ന്ന് ആളുകള്‍ രണ്ടു വിഭാഗമായി സംഘടിച്ചാണ് സംഘര്‍ഷമുണ്ടായത്. പെട്ടെന്നെത്തിയ പൊലീസ് ഇരുകൂട്ടരേയും പിന്നിലേയ്ക്ക് തള്ളിമാറ്റാന്‍ ശ്രമിച്ചുകൊണ്ട് ഇടയില്‍നിന്നു. ഈ തള്ളിമാറ്റലിന്റെ മുന്നില്‍ വെസ്റ്റ് സി.ഐ ജയചന്ദ്രന്‍ നായരുമുണ്ടായിരുന്നു. സംഘര്‍ഷം തുടരുന്നതിനിടയില്‍ പെട്ടെന്ന് സര്‍ക്കിളിനു ദേഹം കുഴയുന്നതുപോലെ തോന്നി; നിയന്ത്രണം വിട്ട് വീഴാന്‍ പോയി. അതുവരെ അക്രമോത്സുകതയോടെ നിന്നവര്‍ പെട്ടെന്ന് ''നമ്മുടെ സാറിന് എന്തോ പറ്റി'' എന്ന് പറഞ്ഞ്, അവരെല്ലാം സി.ഐയുടെ ശുശ്രൂഷകരായി. അതോടെ, ആ പൊതു അന്തരീക്ഷത്തിന്റെ സ്വഭാവം മാറി. എല്ലാപേരുടേയും ശ്രദ്ധ സി.ഐയെ പരിചരിക്കുന്നതിലായി. നാട്ടുകാര്‍ നിര്‍ബ്ബന്ധിച്ച് സി.ഐയെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. അങ്ങനെ അവിടെ സംഘര്‍ഷം അയഞ്ഞു; അല്ല അവസാനിച്ചു. 

തീരദേശ ജീവിതത്തിന്റെ മറ്റൊരു മുഖം ആയിരുന്നു അത്. മനുഷ്യവികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും രണ്ടും അവിടെ അപ്രതീക്ഷിതമാണ്.

(തുടരും)

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com