'അധികാരത്തോടുള്ള ആസക്തി ആയിരുന്നില്ല ആ മോഹത്തിനു പിന്നില്‍'...

മനസ്സിന്റെ വികൃതിയാകാം, ഡെപ്യൂട്ടേഷന്‍ മോഹം ഉള്ളില്‍ കയറി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള  കണക്കുകൂട്ടലുകളൊന്നും അതിനു പിന്നിലില്ലായിരുന്നു
'അധികാരത്തോടുള്ള ആസക്തി ആയിരുന്നില്ല ആ മോഹത്തിനു പിന്നില്‍'...

തിരുവനന്തപുരത്ത് സുഖമായി റേഞ്ച് ഡി.ഐ.ജി ആയിരുന്ന, ഞാനെങ്ങനെയാണ് ഹൈദ്രാബാദ് നാഷണല്‍ പൊലീസ് അക്കാദമിയിലെത്തിയത്? ജീവിതം മനുഷ്യനെ എങ്ങോട്ടൊക്കെയാണ് നയിക്കുന്നത് എന്നത് പ്രവചനാതീതമാണ്. അതാണ് അനുഭവം. എന്‍ജിനീയറിംഗ് പഠനം പൂര്‍ത്തിയാക്കുംവരെ കേരളത്തില്‍ മാത്രം ജീവിച്ച എന്നെ, ജോലിക്കായി ആദ്യം എഴുതിയ അഖിലേന്ത്യ പരീക്ഷ, തുടര്‍ന്ന് ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നീ കലാപരിപടികള്‍ കഴിഞ്ഞപ്പോള്‍ ആദ്യം ബോംബെയിലും പിന്നീട് വിശാഖപട്ടണത്തും കൊണ്ടെത്തിച്ചു. കേരളത്തില്‍ ചില ഇന്റര്‍വ്യൂവിന് പോയിരുന്നുവെങ്കിലും കിട്ടിയില്ല. അത് ഗുണം ചെയ്തു. കാരണം, എങ്ങനെയെങ്കിലും കേരളത്തില്‍ തിരികെ എത്തണമെന്ന ഉള്‍പ്രേരണയാണ് എന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലേയ്ക്കും ഐ.പി.എസിലേയ്ക്കും കേരളത്തിലേയ്ക്കും എത്തിച്ചത്; അല്ലാതെ പലരും പറയുന്നതുപോലെ സാമൂഹ്യസേവനത്തിനുള്ള വാഞ്ഛ ഒന്നും ആയിരുന്നില്ല എന്റെ പ്രചോദനം. ഭാഗ്യം എന്നെ തുണച്ചിട്ടുമുണ്ട്. അങ്ങനെ കേരളത്തില്‍ ഭാഗ്യവാനായി കഴിയുമ്പോള്‍ വീണ്ടും ഒരുള്‍പ്രേരണ. എനിക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകണം. സത്യത്തില്‍ എന്റെ ഭൗതിക സാഹചര്യം അങ്ങനെ ആഗ്രഹിക്കുന്നതിന് എതിരായിരുന്നു. ഒന്നാമതായി എന്റെ പോസ്റ്റിംഗ് തന്നെ. ആ ഘട്ടത്തില്‍ ഏതൊരു ഡി.ഐ.ജിക്കും ലഭിക്കാവുന്നതില്‍ ഏറ്റവും മുന്തിയ പദവി തന്നെയായിരുന്നു തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. മുഖ്യമന്ത്രി എ.കെ. ആന്റണി, ഡി.ജി.പി കെ.ജെ. ജോസഫ് എന്നിവരുമായും ആരോഗ്യകരമായ ഊഷ്മള ബന്ധം. പിന്നെ ഞാനെന്തിന് വീടും നാടും വിട്ട് പുറത്തുപോകണം? ഹോം കേഡര്‍, അതായത് കേരളം വിട്ടുപോകുന്നതിനെ പല ഉയര്‍ന്ന ഉദ്യോഗസ്ഥരും നിരുത്സാഹപ്പെടുത്തി. പക്ഷേ, മനസ്സിന്റെ വികൃതിയാകാം, ഡെപ്യൂട്ടേഷന്‍ മോഹം ഉള്ളില്‍ കയറി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കണക്കുകൂട്ടലുകളൊന്നും അതിനു പിന്നിലില്ലായിരുന്നു. അധികാരത്തോടുള്ള ആസക്തിയും ആയിരുന്നില്ല ആ മോഹത്തിനു പിന്നില്‍. എങ്കില്‍ ഞാന്‍ സി.ബി.ഐയോ ഇന്റലിജെന്‍സ് ബ്യൂറോയോ ഒക്കെ ആവശ്യപ്പെടുമായിരുന്നു. ഇന്റലിജെന്‍സ് ബ്യൂറോയിലേയ്ക്ക് വരുന്നോ എന്ന് ആര്‍.ബി. ശ്രീകുമാര്‍ സാര്‍ എന്നോട് ചോദിച്ചിട്ടുമുണ്ട്. ഒരു താല്പര്യവും പ്രകടിപ്പിക്കാതിരുന്നപ്പോള്‍, 'അവിടെ പ്രസിഡന്റിന്റെ മെഡല്‍ വേഗം കിട്ടും' എന്ന് അദ്ദേഹം പ്രലോഭിപ്പിച്ചു. സവാരി കഴിഞ്ഞ് താഴെയിറങ്ങിയ ശേഷം കുതിരയുടെ ദേഹത്ത് കൈകൊണ്ട് തട്ടി 'സബാഷ് ഗോഡ, എന്നു പറയുന്നപോലല്ലേ സാര്‍ ഈ മെഡല്‍' എന്നൊരു 'ധിക്കാരം' തമാശരൂപേണ പറഞ്ഞ് അതവസാനിപ്പിച്ചു. ഐ.ബി, സി.ബി.ഐ, സി.ആര്‍.പി.എഫ്, ബി.എസ്.എഫ് തുടങ്ങിയവയൊക്കെയായിരുന്നു പൊതുവേ കേന്ദ്ര ഡെപ്യൂട്ടേഷന്‍കാരുടെ ഇഷ്ട ലാവണങ്ങള്‍. പക്ഷേ, എന്നെ മോഹിപ്പിച്ചത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമി മാത്രം. പുതുതായി സെലക്ഷന്‍ കിട്ടുന്ന ഐ.പി.എസ് ട്രെയിനി മുതല്‍ വിരമിക്കാറായ ഡി.ജി.പിമാര്‍ വരെ പരിശീലനത്തിനു വരുന്ന അക്കാദമി എന്നെ വല്ലാതെ ആകര്‍ഷിച്ചു.
 
മോഹം കലശലായപ്പോള്‍ അതിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള ആദ്യ ചുവടുവെയ്പു നടത്തി. അന്ന് അക്കാദമിയില്‍ ഡെപ്യൂട്ടേഷനില്‍ ഉണ്ടായിരുന്ന ആന്ധ്രാപ്രദേശുകാരനായ എന്റെ ബാച്ചുകാരന്‍ മഹേന്ദര്‍റെഡ്ഡിയെ ഞാന്‍ ഫോണ്‍ ചെയ്ത്  ആഗ്രഹം പങ്കിട്ടു.  അപ്പോള്‍ അവിടെ എനിക്കു കിട്ടാന്‍ ഒഴിവൊന്നുമുണ്ടായിരുന്നില്ല. ഒഴിവു വന്നാല്‍ അറിയിക്കാമെന്നും മഹേന്ദര്‍ പറഞ്ഞു. ആദ്യത്തെ കാല്‍വെയ്പ് അങ്ങനെ അവസാനിച്ചു. ഞാന്‍ വീണ്ടും തിരുവനന്തപുരം റേഞ്ചിലെ അടിപിടി, ഗുണ്ടാ, വര്‍ഗ്ഗീയ പ്രശ്‌നങ്ങളില്‍ മുഴുകി. അക്കാദമി മനസ്സില്‍നിന്നു മാഞ്ഞു തുടങ്ങി. അപ്പോള്‍ അതാ വരുന്നു ഹൈദ്രാബാദില്‍നിന്നും റെഡ്ഡിയുടെ ഫോണ്‍. ഫോണ്‍ വരുമ്പോള്‍ ഞാന്‍ കുടുംബസമേതം സെക്കന്റ്‌ഷോ സിനിമ കാണുകയായിരുന്നു. അക്കാദമിയില്‍ ഉടന്‍ ഒരു ഒഴിവ് വരുന്നുണ്ടത്രെ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഡയറക്ടറുമായി ബന്ധപ്പെടണം, ഇതായിരുന്നു സന്ദേശം. പൊലീസ് അക്കാദമിയിലെ നിയമനം കേന്ദ്ര ആഭ്യന്തര വകുപ്പാണ് നടത്തുന്നത്. സാധാരണയായി അക്കാദമി ഡയറക്ടറുടെ ശുപാര്‍ശ പരിഗണിച്ചാണ് ചെയ്യുക. അക്കാലത്ത് മധ്യപ്രദേശ് കേഡറില്‍നിന്നുള്ള എം.കെ. ശുക്ല ആയിരുന്നു ഡയറക്ടര്‍. കേരളത്തില്‍ ഡി.ജി.പി ആയിരുന്ന ആര്‍. പത്മനാഭന്റെ അതേ ബാച്ചുകാരന്‍. ഇക്കാര്യം ഞാന്‍ പത്മനാഭന്‍ സാറിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ഡയറക്ടറോട് സംസാരിക്കാമെന്ന് പറഞ്ഞു. അതിനുശേഷം ഞാന്‍ അക്കാദമി ഡയറക്ടറെ നേരിട്ട് ഫോണ്‍ വിളിച്ച് സ്വയം പരിചയപ്പെടുത്തിയ ശേഷം എന്റെ താല്പര്യം അറിയിച്ചു. അദ്ദേഹം സുസ്വാഗതം ഓതുമെന്ന് കരുതിയ എനിക്കു തെറ്റി. അങ്ങേയറ്റം തണുപ്പന്‍ പ്രതികരണമായിരുന്നു മറ്റേ തലയ്ക്കല്‍. എനിക്കായി അവിടെ ഒഴിവൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ചുരുങ്ങിയ വാക്കുകള്‍. അപ്രതീക്ഷിത മറുപടി എന്നെ നിരാശനാക്കിയെങ്കിലും 'anyway, I am sending a biodata' എന്നങ്ങു പറഞ്ഞു. അവിടെ തൊട്ടുതാഴെയുള്ള അഡീഷണല്‍ ഡയറക്ടര്‍ പി.എസ്.വി. പ്രസാദിനെ ഞാന്‍ ഓര്‍ത്തു. നേരത്തെ അക്കാദമിയില്‍ പോയ അവസരത്തില്‍ ടെന്നീസ് കളിച്ചും തമാശ പറയുമ്പോള്‍ കൃത്യമായി ചിരിച്ചുമൊക്കെ എനിക്ക് അദ്ദേഹവുമായി ഊഷ്മള ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് ടെന്നിസ് കളിക്കാന്‍ ആവേശമായിരുന്നെങ്കിലും കളിയിലെ പ്രാവീണ്യം അതിനോട് കിടപിടിച്ചിരുന്നില്ല. അദ്ദേഹത്തെ ഫോണില്‍ വിളിച്ച് പഴയ ഊഷ്മള ബന്ധം ഓര്‍മ്മിപ്പിച്ചശേഷം എന്റെ ഡെപ്യൂട്ടേഷന്‍ മോഹം അവതരിപ്പിച്ചു. പെട്ടെന്ന് ഊഷ്മാവ് കുറഞ്ഞപോലെ തോന്നി. ഇപ്പോള്‍ സാധ്യതയില്ല എന്ന് അദ്ദേഹവും പറഞ്ഞു. ഡയറക്ടറോട് പറഞ്ഞപോലെ 'anyway, I am sending a biodata' എന്ന് ഞാനും. 

പിന്നെ ഞാന്‍ ചരിത്രരചന തുടങ്ങി. സ്വന്തം 'വീരചരിത്രം' സ്വയം എഴുതി വായിച്ചപ്പോള്‍ കൊള്ളാമല്ലോ എന്നെനിക്കു തോന്നി. അങ്ങനെ തോന്നാന്‍ ഏത് പൊലീസുകാരനും അല്ല മനുഷ്യനും അവകാശമുണ്ടല്ലോ. ചരിത്രം ഹൈദ്രബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയിലേയ്ക്ക് അയച്ചു. അവിടെ അത് വായിച്ച് ആരും പുളകംകൊണ്ടില്ലെന്ന് പിന്നീട് മനസ്സിലായി. അക്കാദമിയിലെ ഏതോ ഫയല്‍കൂനയില്‍ എന്റെ സൃഷ്ടിയും വിശ്രമിച്ചു. അതിന്റെ കാരണം, അക്കാദമിയിലെ എന്റെ സുഹൃത്ത് അറിയിച്ചു. അവിടെ ഒരൊഴിവ് ഉണ്ടായെങ്കിലും അതിലേയ്ക്ക് മറ്റൊരു വ്യക്തിയെ അക്കാദമി കണ്ടെത്തിക്കഴിഞ്ഞിരുന്നു. എന്നെക്കാള്‍ സീനിയറായിരുന്ന മമതാ റെഡ്ഡി. അതോടെ ആ മോഹം വീണ്ടും മനസ്സില്‍നിന്നും നീങ്ങി. ഞാന്‍ തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ച സംസ്ഥാന ജീവനക്കാരുടെ സമരം പോലുള്ള പ്രശ്‌നങ്ങളില്‍ മുഴുകി. 

അങ്ങനെ ഇരിക്കെ ഒന്നുരണ്ട് മാസം കഴിഞ്ഞ്, ഹൈദ്രാബാദ് നാഷണല്‍ പൊലീസ് അക്കാദമിയില്‍ നിന്നൊരു ഫോണ്‍. സാക്ഷാല്‍ ഡയറക്ടറായിരുന്നു മറ്റേ തലയ്ക്കല്‍. വലിയ ആമുഖമൊന്നുമില്ലാതെ ഒരു ചോദ്യം. 'നിങ്ങള്‍ കുറെ നാളുകള്‍ക്ക് മുന്‍പ് അക്കാദമിയിലേയ്ക്ക് ഡെപ്യൂട്ടേഷനില്‍ വരാന്‍ സന്നദ്ധനാണെന്ന് എന്നോട് പറഞ്ഞിട്ടില്ലേ?' നിഷേധിക്കാനാകാത്ത തെളിവുനിരത്തി പ്രതിയെ കുരുക്കാന്‍ ശ്രമിക്കുന്നപോലായിരുന്നു ചോദ്യം. 'അതെ സാര്‍' എന്ന് എന്റെ മറുപടി. 'ഇപ്പോള്‍ പിന്നെ നിങ്ങള്‍ക്കെന്താ മനംമാറ്റം?' അടുത്ത ചോദ്യം. 'മാറ്റമില്ല സാര്‍' എന്ന് എന്റെ മറുപടി. പിന്നെ എന്തുകൊണ്ട് കേന്ദ്രത്തില്‍ പോകാന്‍ സമ്മതം ചോദിച്ചു കൊണ്ടുള്ള കേന്ദ്രത്തിന്റെ കത്തുണ്ടായിട്ടും മറുപടി നല്‍കുന്നില്ല എന്നായി ഡയറക്ടര്‍. ഡെപ്യൂട്ടേഷന്‍ കാംക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ തന്നെ എല്ലാ ഓഫീസുകളിലും പിറകെ പോയാണ് പലപ്പോഴും ഉത്തരവ് സമ്പാദിക്കുന്നത്. അതൊന്നും വേണമെന്ന് എനിക്കു തോന്നിയിരുന്നില്ല. ഡയറക്ടര്‍ തെറ്റിദ്ധരിക്കാന്‍ ഒരുകാരണം കൂടി ഉണ്ടായി. ഞാന്‍ അക്കാദമി മോഹം അറിയിച്ചശേഷം ഒരിക്കല്‍ അദ്ദേഹം എറണാകുളത്ത് വന്നിരുന്നു. അദ്ദേഹത്തെ സന്ദര്‍ശിച്ച ചില ഉദ്യോഗസ്ഥരോട് ഞാനും കാണാന്‍ വന്നേക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഡയറക്ടര്‍ കൊച്ചിയില്‍ വന്നതും മടങ്ങിയതും ഞാന്‍ അറിഞ്ഞിരുന്നില്ല. 

നമ്മുടെ കേന്ദ്രസംസ്ഥാന ഫെഡറല്‍ ബന്ധങ്ങള്‍ ഫലത്തില്‍ ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്ക് അറിവില്ലായിരുന്നു. പിന്നീട് അറിഞ്ഞു. കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ നമ്മുടെ നാട്ടിലെ ആരാധനാലയങ്ങളും ഫലപ്രദമായ പങ്ക് വഹിക്കുന്നുണ്ട്. ശബരിമല, ഗുരുവായൂര്‍ തുടങ്ങി പല പ്രസിദ്ധ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഭക്തശിരോമണികളായ ഉദ്യോഗസ്ഥര്‍ കേന്ദ്രത്തിലുമുണ്ട്. ദൈവദര്‍ശനത്തിനു വരുന്ന കേന്ദ്രത്തിലെ ഭക്തരെ സഹായിക്കുന്നതിന് സ്ഥലത്തെ സബ്ബ് ഇന്‍സ്‌പെക്ടറേയോ മറ്റോ ചുമതലപ്പെടുത്തിയാല്‍ മതി. എന്നാല്‍, ഈ സുവര്‍ണ്ണാവസരം മുതലാക്കാന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ക്ക് ചെയ്യാവുന്ന കാര്യത്തിന് കേന്ദ്രമോഹിയായ ചില ഐ.പി.എസ് ഉദ്യോഗസ്ഥര്‍ നുഴഞ്ഞു കയറും. സുഗമ ദര്‍ശനത്തില്‍ ഡല്‍ഹിയില്‍ നിന്നുവന്ന ഭക്തന്‍ സായൂജ്യമടയുമ്പോള്‍, സഹായി സ്വന്തം ആവശ്യം, അതായത് സി.ബി.ഐ, ഐ.ബി തുടങ്ങി പറ്റിയ ഒരു ലാവണം ഉറപ്പിക്കാന്‍ ശ്രമിക്കും. സ്വാതന്ത്ര്യം ലഭിച്ച ശേഷം കേന്ദ്രസംസ്ഥാന ബന്ധങ്ങളുടെ ചട്ടക്കൂട് കെട്ടിപ്പടുത്ത ക്രാന്തദര്‍ശികളുടെ ഭാവനയില്‍ ഇതൊന്നും വന്നിരിക്കാനിടയില്ല. 

കേരളത്തോട് വിടപറഞ്ഞ്

അക്കാദമി ഡയറക്ടറുടെ ചോദ്യം ചെയ്യലിനു ശേഷം ഞാനല്പം കര്‍മ്മോന്മുഖനായി. എന്നെ കേന്ദ്ര ഡെപ്യൂട്ടേഷനു നല്‍കാമോ എന്ന് കേന്ദ്രം കേരളത്തിലേയ്‌ക്കെഴുതിയ കത്ത് സെക്രട്ടേറിയേറ്റ് വഴി സഞ്ചരിച്ച് പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. ക്രിസ്തീയ വിവാഹത്തില്‍ മനസമ്മതം ചോദിക്കുന്നതുപോലെ ഇനി എന്റെ സമ്മതം ഡി.ജി.പി എന്നോട് ചോദിക്കണം. വൈകാതെ ഡി.ജി.പി ജോസഫ് സാര്‍ അത് ചോദിച്ചു. കേന്ദ്രത്തെ വരിക്കാന്‍ എനിക്ക് പൂര്‍ണ്ണസമ്മതം എന്നു പറഞ്ഞപ്പോള്‍ ആ ബാന്ധവം നല്ലതല്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാന്‍ ഡി.ജി.പി ശ്രമിച്ചു. അദ്ദേഹം പറഞ്ഞത്, ഡല്‍ഹിയില്‍ തോന്നിയപോലെയാണ് ഇതൊക്കെ ചെയ്യുന്നത്. പൊലീസ് അക്കാദമി ചോദിക്കുന്ന ആള്‍ക്ക് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌ഴ്‌സും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലേയ്ക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊലീസ് റിസര്‍ച്ചും നല്‍കും. അതുകൊണ്ട് കേന്ദ്രത്തിനു സമ്മതം നല്‍കിയാല്‍ അവരെനിക്ക് പൊലീസ് അക്കാദമി നല്‍കുകയുമില്ല, മറ്റെവിടെയെങ്കിലും അയയ്ക്കുകയും ചെയ്യും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അക്കാദമി ഡയറക്ടറുടെ വാക്കുകളില്‍ നിന്നുള്ള ഉറപ്പേ എനിക്കുള്ളു. അനിശ്ചിതത്വമുണ്ടെങ്കിലും ഞാനെന്റെ മനസമ്മതത്തില്‍ ഉറച്ചുനിന്നപ്പോള്‍ ജോസഫ് സാര്‍ മനസ്സില്ലാമനസ്സോടെ അതിനു വഴങ്ങി. അദ്ദേഹത്തിന് എന്നോട് എന്നും പ്രത്യേക പരിഗണന ഉണ്ടായിരുന്നു. ഇക്കാര്യത്തിന് ഞാന്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍, കേരളത്തിലെ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ സര്‍വ്വീസിനിടയില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകേണ്ടത് സംസ്ഥാനത്തിന്റെ താല്പര്യത്തിനും നല്ലതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. അതും എനിക്ക് ഗുണകരമായി. അങ്ങനെ ഞാന്‍ താല്‍ക്കാലികമായി വീണ്ടും കേരളത്തോട് വിടവാങ്ങി. 

ആ ഘട്ടത്തില്‍ ഉണ്ടായ ഒരു സന്ദര്‍ശനം മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അതുണ്ടായത് തിരുവനന്തപുരം റേഞ്ച് ഓഫീസില്‍ വെച്ചാണ്. സന്ദര്‍ശകന്‍ സിറ്റിയിലെ ഗുണ്ടാലിസ്റ്റില്‍പെട്ട ഒരു ചെറുപ്പക്കാരനായിരുന്നു. നേരത്തെ പല കേസുകളിലും പ്രതിയായിരുന്ന അയാള്‍ കുറ്റകൃത്യങ്ങളില്‍നിന്നൊക്കെ വിട്ടുമാറി വിവാഹം കഴിച്ച് കൂലിപ്പണി ചെയ്തു ജീവിക്കാന്‍ തുടങ്ങിയിരുന്നു. അതിന് അയാളെ പൊലീസും പ്രോത്സാഹിപ്പിച്ചു. ചില എതിരാളികളുടെ ഭീഷണിയുണ്ട് എന്ന് അയാള്‍ക്കും ഭയമുണ്ടായിരുന്നു. ഇടയ്ക്ക് അയാള്‍ എന്നെ ഓഫീസില്‍ കാണാന്‍ വരും. അയാളുടെ ജീവിതാവസ്ഥകളെക്കുറിച്ച് പറയും. ഞാനത് കേള്‍ക്കും. അത്യാവശ്യഘട്ടമുണ്ടായാല്‍ വിളിച്ചുകൊള്ളൂ എന്നു പറഞ്ഞ് എന്റെ മൊബൈല്‍ നമ്പരും നല്‍കിയിരുന്നു. അതിനപ്പുറം ഞാനൊന്നും ചെയ്തിട്ടില്ല. റേഞ്ച് ഓഫീസില്‍  കാണാന്‍ വന്നപ്പോള്‍, ഞാന്‍ ഹൈദ്രാബാദിലേയ്ക്ക് പോകുന്ന കാര്യം പറഞ്ഞു. പെട്ടെന്ന് അയാളുടെ മുഖത്ത് കടുത്ത നിരാശ പ്രകടമായി. മറ്റു ചില സഹപ്രവര്‍ത്തകരോട് അയാളുടെ കാര്യം പ്രത്യേകം പറയാം എന്നൊക്കെ ഞാന്‍ വാക്കു നല്‍കി. തെറ്റിന്റെ പാതയില്‍നിന്നു മാറി സഞ്ചരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ പിച്ചവെച്ച് നടക്കാന്‍ ശ്രമിക്കുന്ന ശിശുവിനെപ്പോലെയാണ്. ചില കൈത്താങ്ങുകളില്ലെങ്കില്‍ വീഴും; അത് അഗാധഗര്‍ത്തത്തിലേയ്ക്കാകാം. 

ഡെപ്യൂട്ടി ഡയറക്ടറായി ഹൈദ്രാബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയിലെത്തുമ്പോഴും എന്റെ നിയമനത്തിന്റെ വഴികള്‍ ദുരൂഹമായി തുടര്‍ന്നു. ആദ്യം അക്കാദമി പരിഗണിച്ച എന്നെക്കാളും സീനിയര്‍ ആയ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ എന്തുകൊണ്ട് നിയമിക്കപ്പെട്ടില്ല എന്നതിന്റെ രഹസ്യം അധികം വൈകുംമുന്‍പേ വെളിവായി. ഡെപ്യൂട്ടി ഡയറക്ടറുടെ വേക്കന്‍സിക്ക് മമതാ റെഡ്ഡിയെ മാത്രമായിരുന്നു അക്കാദമി ആദ്യം പരിഗണിച്ചത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കത് ലഭിക്കുന്നതിനു പൂര്‍ണ്ണ അര്‍ഹതയും ഉണ്ടായിരുന്നു. എന്നുമാത്രമല്ല, അവരുടെ ഐ.പി.എസുകാരനായ ഭര്‍ത്താവും അന്ന് ഹൈദ്രാബാദില്‍, ആന്ധ്രാ പൊലീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇരുവരും സല്‍പ്പേരുള്ള ഉദ്യോ ഗസ്ഥരായിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനത്തിന് ആ ഉദ്യോഗസ്ഥയുടെ യോഗ്യത വിവരിക്കുന്ന ഡയറക്ടറുടെ അര്‍ദ്ധ ഔദ്യോഗിക കത്തുമായി അഡീഷണല്‍ ഡയറക്ടര്‍ നേരിട്ട് ഡല്‍ഹിക്കു പോയതാണ്. അവിടെ ആഭ്യന്തരവകുപ്പാണല്ലോ തീരുമാനമെടുക്കേണ്ടത്. വകുപ്പെന്നൊക്കെ പറഞ്ഞാലും ഫലത്തില്‍ മിക്കപ്പോഴും അവിടെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണ് തീരുമാനിക്കുക. അക്കാദമിപോലുള്ള പോസ്റ്റിങ്ങുകളില്‍ രാഷ്ട്രീയമായ ഇടപെടലുകള്‍ അന്ന് കുറവായിരുന്നു. ആദ്യം പോയ ശുപാര്‍ശയ്ക്ക് തൊട്ടുപിന്നാലെ എന്നെ നിര്‍ദ്ദേശിച്ചുകൊണ്ട് ഞാനാണ് യോഗ്യന്‍ എന്നുപറഞ്ഞ് വീണ്ടും ഒരു അര്‍ദ്ധ ഔദ്യോഗിക കത്ത് ഡല്‍ഹിയിലെത്തി. ഈ രണ്ടു കത്തിനുമിടയില്‍ എന്തു സംഭവിച്ചു എന്ന് പിന്നീടറിഞ്ഞു. വനിതാ ഉദ്യോഗസ്ഥയോട് ആഭ്യന്തരവകുപ്പിന് കടുത്ത എതിര്‍പ്പാണത്രെ. ഇവിടെ ആഭ്യന്തരവകുപ്പെന്നാല്‍ ഏതോ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. എതിര്‍പ്പിന്റെ കാരണം വിചിത്രമായിരുന്നു. ഐ.പി.എസുകാരായ ഭാര്യയും ഭര്‍ത്താവും രണ്ട് സംസ്ഥാനത്ത് ആയപ്പോള്‍ അതിലേയ്ക്ക് നയിച്ച ആഭ്യന്തരവകുപ്പിന്റെ  നടപടിയെ ആ ഉദ്യോഗസ്ഥ കോടതിയില്‍ ചോദ്യം ചെയ്തുവത്രെ. നമ്മുടെ നാട്ടില്‍ പഴക്കം ചെന്ന കുടിപ്പകകള്‍ പലേടത്തും കണ്ടുവരുന്നതുപോലുള്ള പ്രതിഭാസം ഭരണയന്ത്രത്തിനുള്ളിലുമുണ്ടെന്നു തോന്നും. കോടതിയെ സമീപിച്ചു നീതി തേടുന്നതിനോടുള്ള അസഹിഷ്ണുത ഭരണഘടനാ മൂല്യങ്ങള്‍ക്കു വിരുദ്ധമല്ലേ? മൂല്യങ്ങളെ കുറിച്ചൊക്കെ ഉപന്യസിച്ചാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സാകുന്നതെങ്കിലും അധികാരസ്ഥാനങ്ങളുടെ ഏണിപ്പടികള്‍ കയറിപ്പോകുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് ഈ ഭരണഘടനയും മൂല്യങ്ങളും എല്ലാം മഹാശല്യമാണ്. അതുകൊണ്ടാണ് ആ ഉദ്യോഗസ്ഥയ്ക്ക് അക്കാദമിയില്‍ അവസരം നഷ്ടപ്പെട്ടതും അത് എനിക്കു ലഭിച്ചതും. വ്യക്തിപരമായി എനിക്കവിടെ നേട്ടമുണ്ടായെങ്കിലും ഭരണസംവിധാനം അതിലെ ഉദ്യോഗസ്ഥരോട് തന്നെ ചിലപ്പോഴെങ്കിലും നീതിരഹിതവും വിവേചനപരവും ആണെന്ന യാഥാര്‍ത്ഥ്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ അനുഭവം. അക്കാദമിയില്‍വെച്ചുതന്നെ മറ്റൊരു സമാന അനുഭവമുണ്ടായി. അവിടെ ജോയിന്റ് ഡയറക്ടറുടെ ഒഴിവുണ്ടായപ്പോള്‍ കേരളത്തില്‍നിന്നുള്ള ജേക്കബ്ബ് പുന്നൂസ് സാറിനെ ഞാനതിലേയ്ക്ക് ഡയറക്ടറോട് ശുപാര്‍ശ ചെയ്തു. ഡയറക്ടര്‍ ഗണേശ്വര്‍ഛാ അതിനോട് യോജിച്ചു. അദ്ദേഹം അത് നിര്‍ദ്ദേശിച്ച് ആഭ്യന്തര വകുപ്പിലേയ്ക്ക് കത്തയച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. കുറച്ചുനാളത്തെ നിശ്ചലാവസ്ഥയ്ക്കു ശേഷം ആഭ്യന്തര വകുപ്പില്‍നിന്നൊരു കത്ത് അക്കാദമിയില്‍ വന്നു. മൂന്നു ഉദ്യോഗസ്ഥരുടെ പാനല്‍ നല്‍കിയിട്ട് അതില്‍നിന്ന് നിങ്ങള്‍ക്ക് ഒരാളെ തെരഞ്ഞെടുക്കാം. ഒറ്റനോട്ടത്തില്‍ തോന്നും എത്ര നല്ല സുതാര്യസുന്ദര വഴി. പക്ഷേ, ആദ്യം അക്കാദമി ശുപാര്‍ശ ചെയ്ത ജേക്കബ്ബ് പുന്നൂസ് പുറത്തായെന്നു മാത്രമല്ല, പാനലിലെ രണ്ടു ഉദ്യോഗസ്ഥര്‍ ഏറെ അറിയപ്പെട്ടിരുന്നവരായിരുന്നു. അറിയപ്പെട്ടത് അനഭിലഷണീയമായ കാര്യങ്ങളുടെ പേരിലായിരുന്നുവെന്നു മാത്രം. അപ്പോള്‍ പിന്നെ അക്കാദമിക്കു മുന്നില്‍ അത്ര അറിയപ്പെടാത്ത, ആ ഉദ്യോഗസ്ഥനപ്പുറം പോകാനാവില്ലല്ലോ. എന്റെ നിരീക്ഷണത്തില്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ മനോഭാവം കേരളത്തേക്കാള്‍ കൂടുതല്‍ കേന്ദ്രത്തിലാണ്. 

വിളങ്ങിയ വിഗ്രഹങ്ങള്‍

തിരുവനന്തപുരം റേഞ്ചില്‍നിന്ന് ഹൈദ്രാബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയിലേയ്ക്കുള്ള യാത്ര, ഈ വഴികളിലൂടെ ആയിരുന്നു. തുടക്കത്തില്‍ കല്ലുകടിയനുഭവപ്പെട്ട ഒരു സംഭവം ഓര്‍ക്കുന്നു. 2001 ബാച്ചില്‍പ്പെട്ട ഐ.പി.എസ് പ്രൊബേഷണര്‍മാരുടെ പരിശീലനം അക്കാദമിയില്‍ നടന്നുവരുന്ന സമയമായിരുന്നു അത്. പരിശീലനത്തിന്റെ ഭാഗമായി പൊലീസിലേയും ഇതര മേഖലകളിലേയും പ്രഗല്‍ഭരായ വ്യക്തികളുമായുള്ള ആശയവിനിമയം പണ്ടേയ്ക്കുപണ്ടെ ഉള്ള സമ്പ്രദായമാണ്. മിക്കവാറും പ്രധാന കേന്ദ്ര പൊലീസ് ഏജന്‍സികളുടെ മേധാവിമാര്‍ അതില്‍ പങ്കെടുക്കാറുമുണ്ട്. അതിന്റെ ഭാഗമായി, അന്നത്തെ കേന്ദ്ര ഇന്റലിജെന്‍സ് ബ്യൂറോ മേധാവി കെ.പി. സിംഗ് അക്കാദമിയില്‍ വന്നിരുന്നു. യുവ ഐ.പി.എസുകാരെ അദ്ദേഹം അഭിസംബോധന ചെയ്യും മുന്‍പ് അത് സംബന്ധിച്ച് പ്രൊബേഷണര്‍മാര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എന്നെ ചുമതലപ്പെടുത്തി. മുഖ്യമായും പറഞ്ഞത് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനെക്കുറിച്ചായിരുന്നു. സ്വതന്ത്രമായും ധൈര്യമായും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ യുവ ട്രെയിനികളെ പ്രേരിപ്പിക്കുക എന്നതിലായിരുന്നു ഊന്നല്‍. ആ കര്‍മ്മം ഞാന്‍ ആത്മാര്‍ത്ഥമായി തന്നെ നിര്‍വ്വഹിച്ചു. സ്വാതന്ത്ര്യം, ധൈര്യം  രണ്ടും പ്രധാനമാണല്ലോ. പ്രഭാഷണം നടക്കുമ്പോള്‍ ഞാനും ഹാജരുണ്ടായിരുന്നു. വലിയൊരു പ്രഭാഷകന്റെ ശൈലിയൊന്നും കണ്ടില്ലെങ്കിലും, നന്നായി ഗൃഹപാഠം ചെയ്തു യുവ ഉദ്യോഗസ്ഥരോട് കാര്യമാത്രപ്രസക്തമായാണ് അദ്ദേഹം സംസാരിച്ചത്. അതിന്റെ രണ്ടാം ഭാഗം ചോദ്യോത്തരമായപ്പോള്‍ ഒരു പ്രൊബേഷണര്‍, തമിഴ്‌നാട് കേഡറുകാരനായ നജ്മല്‍ഹൂഡ ഒരു ചോദ്യം: 'സാര്‍, രാജ്യത്ത് ഇത്രയും വലിയ ഇന്റലിജെന്‍സ് സംവിധാനമൊക്കെ ഉണ്ടായിട്ടും എങ്ങനെയാണ് ഇന്ത്യന്‍ പാര്‍ലമെന്റിനെ ഭീകരര്‍ ആക്രമിച്ചത്? ഇത് ഇന്റലിജെന്‍സിന്റെ പരാജയമല്ലേ?' ഏതാനും മാസം മുന്‍പ് നടന്ന പാര്‍ലമെന്റ് ആക്രമണമായിരുന്നു വിഷയം. സ്വാതന്ത്ര്യവും ധൈര്യവും ഊന്നിയുള്ള ഉദ്‌ബോധനം സഫലമായി എന്നതില്‍ ഞാന്‍ സന്തോഷിച്ചു. ഇന്റലിജന്‍സ് മേധാവി മറുപടി തുടങ്ങിയപ്പോള്‍ സന്തോഷം ആവിയായി. ആ ചോദ്യം അദ്ദേഹത്തെ അങ്ങേയറ്റം പ്രകോപിപ്പിച്ചു. ചോദ്യകര്‍ത്താവിനെ അദ്ദേഹം രൂക്ഷമായി കടന്നാക്രമിച്ചു. പാര്‍ലമെന്റ് ആക്രമണം ഇന്ത്യന്‍ സുരക്ഷാസേന ചെറുത്ത് തോല്‍പ്പിച്ചെന്നും അത് നമ്മുടെ വലിയ വിജയമാണ് എന്ന നിലയിലാണ് പ്രധാനമന്ത്രി വാജ്‌പേയിയോട് അദ്ദേഹം സംസാരിച്ചത് എന്നൊക്കെ പലതും പറഞ്ഞു. ധീരവും സ്വതന്ത്രവുമായ ചോദ്യങ്ങള്‍ പിന്നീട് ഉണ്ടായില്ല. എനിക്കാ പ്രൊബേഷണറോട് വലിയ വിഷമം തോന്നി. യഥാര്‍ത്ഥത്തില്‍ അയാളുടെ ചോദ്യം പ്രസക്തമായിരുന്നു. എല്ലാം കഴിഞ്ഞ ശേഷം എന്റെ ഉദ്‌ബോധനം ചോദ്യകര്‍ത്താവിനു സൃഷ്ടിച്ച ബുദ്ധിമുട്ടില്‍ ഞാന്‍ ക്ലാസ്സില്‍ വച്ചുതന്നെ ഖേദം രേഖപ്പെടുത്തി. 
    
ചുമതലയേറ്റ് അധികദിവസം കഴിയുംമുന്‍പേ ഞാനാദ്യം പങ്കെടുത്ത പ്രോഗ്രാം ഐ.എ.എസ്, ഐ.പി.എസ്, സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന നാഷണല്‍ സെക്യൂരിറ്റി സെമിനാര്‍ ഉദ്ഘാടനം ആയിരുന്നു. അക്കാദമിയുടെ അഭിമാനകരമായ ആ പരിശീലന പരിപാടി നടന്നത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരിക്കേ, കേരളാ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തില്‍ നിര്‍മ്മിച്ച മനോഹരമായ കേരളാ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു. സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എ.പി.ജെ അബ്ദുള്‍ കലാം ശത്രുരാജ്യങ്ങളില്‍നിന്നുള്ള ഭീഷണി മുതല്‍ ആഭ്യന്തര വിഷയങ്ങള്‍ വരെ പരാമര്‍ശിച്ചു. ഏറ്റവും ശ്രദ്ധേയമായി തോന്നിയത് ദാരിദ്ര്യം എങ്ങനെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറാം എന്ന് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചതാണ്. ചടങ്ങില്‍ നന്ദി പറഞ്ഞത് ഞാനായിരുന്നു; അവിടുത്തെ എന്റെ ആദ്യ പൊതുവേദി. കുറേ മണിക്കൂര്‍ അവിടെ എ.പി.ജെ അബ്ദുള്‍ കലാം ചെലവിടുമ്പോള്‍, തൊട്ടടുത്തമാസം ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത് ഈ മനുഷ്യന്‍ ആയിരിക്കും എന്ന് ആര്‍ക്കും അറിയില്ല. രാഷ്ട്രപതി എന്ന നിലയില്‍ മൂന്ന് വര്‍ഷം കഴിഞ്ഞ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മെമ്മോറിയല്‍ ലെക്ചര്‍ നടത്താന്‍ അക്കാദമിയിലെത്തിയപ്പോഴും ആ വേദിയില്‍ കൃതജ്ഞതാ പ്രകാശനം എനിക്കായിരുന്നു. സമുന്നത സ്ഥാനത്തിന്റെ ആടയാഭരണങ്ങള്‍ ഒരുപാട് വലയം ചെയ്തിരുന്നുവെങ്കിലും അതൊന്നും ആ മനുഷ്യനെ അശേഷം സ്പര്‍ശിച്ചിരുന്നില്ല. പെരുമാറ്റത്തിലും സമീപനത്തിലും ആദ്യം കണ്ട അതേ മനുഷ്യന്‍. അക്കാദമിയിലെ അഞ്ച് വര്‍ഷക്കാലത്ത് സ്ഥാനംകൊണ്ട് മാത്രം വിളങ്ങിയ ഒരുപാട് വിഗ്രഹങ്ങളെ അടുത്തു കണ്ടു. പൊങ്ങച്ചങ്ങളുടെ ഘോഷയാത്രയില്‍ വേറിട്ടുനിന്നു ഈ മനുഷ്യന്‍.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com