ലാത്തിച്ചാര്‍ജ്ജെങ്കില്‍ ലാത്തിച്ചാര്‍ജ്ജ്, വെടിവെയ്പെങ്കില്‍ വെടിവെയ്പ്

ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നതിന്റെ വിപരീതം ആയിരുന്നു എന്റെ പത്തനംതിട്ട അനുഭവങ്ങള്‍
ലാത്തിച്ചാര്‍ജ്ജെങ്കില്‍ ലാത്തിച്ചാര്‍ജ്ജ്, വെടിവെയ്പെങ്കില്‍ വെടിവെയ്പ്

ദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നതിന്റെ വിപരീതം ആയിരുന്നു എന്റെ പത്തനംതിട്ട അനുഭവങ്ങള്‍. ഒരു ജില്ലയിലെ പൊലീസ് ഭരണത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ എസ്.പിയുടെ തലത്തില്‍ നില്‍ക്കേണ്ടതാണ്. പ്രധാന പ്രശ്‌നങ്ങളില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനപ്പുറം നേരിട്ട് പ്രശ്‌നസ്ഥലം സന്ദര്‍ശിച്ച് നിയന്ത്രണം ഏറ്റെടുക്കേണ്ട അവസരങ്ങള്‍ ഡി.ഐ.ജിക്ക് സാധാരണ ഉണ്ടാകാറില്ല. തിരുവനന്തപുരം റേഞ്ചില്‍ അത്തരം സംഭവങ്ങള്‍ കൂടുതലും ഉണ്ടായിട്ടുള്ളത് തിരുവനന്തപുരം സിറ്റിയിലാണ്. കൊല്ലം, തിരുവനന്തപുരം റൂറല്‍ എന്നീ ജില്ലകളിലും അപൂര്‍വ്വം ചില അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരു ജില്ലയാണ് പത്തനംതിട്ട. ശബരിമല ക്ഷേത്രം പത്തനംതിട്ട ജില്ലയിലാണെങ്കിലും തീര്‍ത്ഥാടനകാലത്തെ വിപുലമായ പൊലീസ് സംവിധാനം എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേകമായി ഉള്ളതുകൊണ്ട് പത്തനംതിട്ട എസ്.പിക്ക് അത് വലിയ തലവേദന ആകാറില്ല. എസ്.പിക്ക് തലവേദന ഇല്ലെങ്കില്‍ പിന്നെ ഡി.ഐ.ജി മുതല്‍ മുകളിലോട്ടുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ. 

അപൂര്‍വ്വമായി പത്തനംതിട്ട സന്ദര്‍ശിച്ചത് എന്റെ ഔദ്യോഗിക ചുമതലകളും സ്വകാര്യതയും ഇടകലര്‍ത്തി കുടുംബസമേതമായിരുന്നു. ഒരവസരത്തില്‍ അവിടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ രാത്രിയിലെത്തി, അടുത്ത ദിവസം രാവിലെ നടക്കാന്‍ പോകുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മകനേയും കൂട്ടിനു കിട്ടി. നടത്തത്തിനിടയില്‍ എങ്ങനെയോ സംഭാഷണം പൊതു മനുഷ്യാവസ്ഥയെക്കുറിച്ചായി. മനുഷ്യപുരോഗതിയില്‍ ഓരോരോ കാലഘട്ടങ്ങളില്‍ പല ആശയങ്ങളും തത്ത്വശാസ്ത്രങ്ങളും വളര്‍ന്നുവന്നതിനെക്കുറിച്ചുള്ള എന്റെ ധാരണ ഞാന്‍ പങ്കിട്ടു. ജനാധിപത്യം, മുതലാളിത്തം, കമ്യൂണിസം, ഫാസിസം, സോഷ്യലിസം തുടങ്ങി പല വാക്കുകളും അതില്‍ കടന്നുവന്നു. നടന്നു തീരാറായപ്പോള്‍ അവനൊരു ചോദ്യം: ''അച്ഛന്‍ കമ്യൂണിസ്റ്റാണോ?'' അപ്രതീക്ഷിത ചോദ്യം കൗതുകം പകര്‍ന്നു, മറുപടിക്ക് അല്പം കുഴങ്ങിയെങ്കിലും. 

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യ പ്രസിദ്ധമാണല്ലോ. പമ്പയാറില്‍ ചുണ്ടന്‍വള്ളങ്ങളുടെ ആകര്‍ഷക പ്രകടനം കണ്ട്, വഞ്ചിപ്പാട്ടും കേട്ട്, വഴിപാടായി നടത്തുന്ന വള്ളസദ്യയിലും കുടുംബസമേതം പങ്കെടുത്ത ശേഷമാണ് ഞാന്‍ പത്തനംതിട്ടയില്‍നിന്നു മടങ്ങിയത്. ആ സംഭവം കൂടുതല്‍ സ്മരണീയമാക്കിയത് മലയാള മനോരമ പത്രത്തില്‍ ഏതാനും ദിവസം കഴിഞ്ഞ് പ്രത്യക്ഷപ്പെട്ട ഒരു കൗതുക വാര്‍ത്തയായിരുന്നു. 'പിന്നാമ്പുറം' എന്ന പംക്തിയിലായിരുന്നു അത്. ആറന്മുള കണ്ണാടി വേണ്ടാത്ത ചന്ദ്രമുഖനായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എന്നായിരുന്നു പിന്നാമ്പുറം. പത്തനംതിട്ടയിലെ എന്റെ ഔദ്യോഗികവും അല്ലാത്തതുമായ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ അവിടുത്തെ ഉദ്യോഗസ്ഥര്‍ എനിക്കൊരു ആറന്മുള കണ്ണാടി നല്‍കാന്‍ കൊണ്ടുവന്നു. ഞാനത് വാങ്ങി നോക്കിയ ശേഷം വിലപിടിപ്പുള്ള ഇത്തരം സാധനങ്ങള്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നു പറഞ്ഞു. നല്‍കുന്നതും ശരിയല്ല എന്ന് സൗമ്യമായി വിശദീകരിച്ച ശേഷം ഞാനത് തിരികെ കൊടുത്തു. ഇക്കാര്യമാണ് 'പിന്നാമ്പുറത്ത്' പ്രത്യക്ഷപ്പെട്ടത്. വാര്‍ത്തയില്‍ ഞാന്‍ ഉദ്യോഗസ്ഥരെ ശാസിച്ചുവെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. വാക്കുകള്‍കൊണ്ട് മുറവേല്‍പ്പിക്കാതെയാണ്, കണ്ണാടി നിരസിച്ചത്. 

ചെന്നിത്തലയിൽല നിന്ന് ആറന്മുളയിലേക്ക് പോകുന്ന പള്ളിയോടം
ചെന്നിത്തലയിൽല നിന്ന് ആറന്മുളയിലേക്ക് പോകുന്ന പള്ളിയോടം

ഇങ്ങനെയൊക്കെയുള്ള കൊച്ച് കൗതുകങ്ങളും സന്തോഷങ്ങളും സമ്മാനിച്ച പത്തനംതിട്ട  ശബരിമല തീര്‍ത്ഥാടന കാലത്ത് മറ്റൊരു മുഖം പ്രദര്‍ശിപ്പിച്ചു. ഒരു ദിവസം അര്‍ദ്ധരാത്രി എസ്.പി രാധകൃഷ്ണന്‍ നായരുടെ ഫോണ്‍. ആ സമയത്ത് വിളിക്കണമെങ്കില്‍ ഗുരുതരമായ എന്തോ ഉണ്ടാകണം. പത്തനംതിട്ട ടൗണില്‍ ശബരിമല തീര്‍ത്ഥാടകരുടെ നേരെ കല്ലേറുണ്ടായെന്നും ടൗണിലെ മുസ്ലിം പള്ളികളില്‍ വാങ്ക് വിളിച്ച് ആളെക്കൂട്ടി എന്നും പൊലീസിന് ഏതാനും റൗണ്ട് വെടിവെയ്‌ക്കേണ്ടിവന്നുവെന്നും ഒക്കെ വേഗം പറഞ്ഞു. ഫോണില്‍ എസ്.പിയുടെ ശബ്ദം അല്പം പതറിയിരുന്നു. അപ്പോള്‍ തന്നെ അങ്ങോട്ട് പുറപ്പെടണമെന്നു തോന്നി. ''സാര്‍ രാത്രി തന്നെ ഇങ്ങോട്ട് വരണം'' എന്ന് എസ്.പി പറഞ്ഞപ്പോള്‍, അവിടെ കാര്യങ്ങള്‍ കൈവിട്ടുപോയോ എന്ന സംശയം ബലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ മേലുദ്യോഗസ്ഥന്റെ സാന്നിദ്ധ്യം ആവശ്യപ്പെടുന്നത് സാധാരണമല്ല. കൂടുതല്‍ പൊലീസുകാരെ പെട്ടെന്ന് അയച്ചുതരണം എന്നൊക്കെ ആവശ്യപ്പെടുകയേ ഉള്ളു. മാത്രവുമല്ല, എസ്.പി കൊല്ലത്ത് തീരദേശ സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്ത് അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനുമായിരുന്നു. വെടിവയ്പിന്റെ കാര്യം പറഞ്ഞത് അല്പം പ്രതിരോധത്തിലാണെന്നു തോന്നി. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും അക്രമങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് ഒരു നിമിഷം പോലും അറച്ചുനില്‍ക്കാതെ തികഞ്ഞ ആത്മധൈര്യത്തോടെ, വേണ്ടിടത്ത് ലാത്തിച്ചാര്‍ജ്ജെങ്കില്‍ ലാത്തിച്ചാര്‍ജ്ജ്, വെടിവെയ്പെങ്കില്‍ വെടിവെയ്പ് എന്നതു തന്നെയായിരുന്നു അന്നും ഇന്നും എന്റെ കാഴ്ചപ്പാട്. വെടിവെയ്പിലൊന്നും പ്രശ്‌നമില്ല, ആവശ്യമായി വന്നാല്‍ ഇനിയും വെടിവെയ്പ് നടത്താം എന്ന് ഞാന്‍ എസ്.പിയോട് പറഞ്ഞു. ജില്ലയിലെ പൊലീസ് സംവിധാനം ഒന്നടങ്കം തികഞ്ഞ ജാഗ്രതയോടെ സത്വര ഇടപെടലുകള്‍ നടത്തേണ്ട സന്ദര്‍ഭത്തില്‍ അതിനുള്ള ഉത്തേജനം നല്‍കാനേ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കഴിയൂ. എസ്.പിയുമായുള്ള സംഭാഷണം വേഗം അവസാനിപ്പിച്ച ശേഷം ഞാനുടനെ തന്നെ പത്തനംതിട്ടയ്ക്ക് തിരിച്ചു.

പല കാരണങ്ങള്‍കൊണ്ടും പത്തനംതിട്ടയിലെ വര്‍ഗ്ഗീയ സംഘര്‍ഷം ഉടലെടുത്ത സമയം ഏറെ പ്രാധാന്യമുള്ളതായിരുന്നു. തൊട്ടു തലേ ദിവസം, ഡിസംബര്‍ 6 ബാബ്‌റി മസ്ജിദ് തകര്‍ന്നതിന്റെ വാര്‍ഷികമായിരുന്നു. അന്ന് സംസ്ഥാന വ്യാപകമായി പി.ഡി.പി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ശബരിമല തീര്‍ത്ഥാടനകാലം കൂടിയായിരുന്നു അത്. സംസ്ഥാനത്ത് ചിലേടങ്ങളില്‍ ഹര്‍ത്താല്‍ ദിവസം അക്രമമുണ്ടായി. കാസര്‍കോടും കോഴിക്കോടും അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേയ്ക്ക് വെടിവെയ്‌ക്കേണ്ടിവന്നു. തിരുവനന്തപുരം റേഞ്ചില്‍ പെട്ട കൊല്ലത്തും തിരുവനന്തപുരത്തും അക്രമസംഭവങ്ങള്‍ ഉണ്ടായി. കൊല്ലത്ത് കരുനാഗപ്പള്ളിയിലും കുന്നത്തൂരിലും മറ്റും നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവന്നു. വാഹനങ്ങള്‍ക്കു നേരെ വ്യാപകമായ കല്ലേറുണ്ടായി. ശബരിമല തീര്‍ത്ഥാടകര്‍ ശരിക്കും ബുദ്ധിമുട്ടി. 

പ്രകോപനപരമായ കിംവദന്തികള്‍

ചിലേടങ്ങളില്‍ അയ്യപ്പന്മാരുടെ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി. ഇതൊക്കെ അരങ്ങേറിയതിന്റെ തൊട്ടടുത്ത ദിവസം പത്തനംതിട്ട നഗരത്തില്‍ വര്‍ഗ്ഗീയാന്തരീക്ഷം സംഘര്‍ഷത്തിലേയ്ക്കും പൊലീസ് വെടിവെയ്പിലേയ്ക്കും നീങ്ങിയപ്പോള്‍ നാടാകെ വലിയൊരു വിപത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണോ എന്നു തോന്നി. അടിയന്തരമായി ചെയ്യേണ്ടത് പത്തനംതിട്ടയില്‍ പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച് അക്രമികളെ സര്‍വ്വശക്തിയും ഉപയോഗിച്ച് അമര്‍ച്ച ചെയ്യുകയാണ്. വര്‍ഗ്ഗീയ അക്രമത്തെ നേരിടുമ്പോള്‍ പൊലീസ് അതിക്രമം എന്ന പരാതി ഉണ്ടായാലും പൊലീസ് നിഷ്‌ക്രിയത്വം എന്ന ആക്ഷേപം ഉണ്ടാകാന്‍ പാടില്ല. അക്രമം അനുവദിക്കരുതെന്നും അക്രമികള്‍ക്കെതിരെ ബലപ്രയോഗത്തിന് ഒരു ഉദ്യോഗസ്ഥനും അറച്ചുനില്‍ക്കരുതെന്നും ഞാന്‍ നേരിട്ട് വയര്‍ലെസ്സില്‍ നിര്‍ദ്ദേശം നല്‍കി. പൊതുവേ ശാന്തമായിരുന്ന പത്തനംതിട്ട ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ശക്തമായി പ്രതികരിക്കാന്‍ കഴിയുമോ എന്ന സന്ദേഹം എനിക്കുണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ധൈര്യം പകര്‍ന്ന്, അക്രമികളെ തുരത്തി എല്ലാം പൊലീസിന്റെ നിയന്ത്രണത്തിലാണ് എന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ കഴിയണം എന്ന സന്ദേശം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. കൂടുതല്‍ പൊലീസ് സേന അടുത്ത ജില്ലകളില്‍നിന്നും സായുധ ബറ്റാലിയനില്‍നിന്നും ഉടനെത്തുമെന്ന് വയര്‍ലെസ്സിലൂടെ വിവരം നല്‍കി. അതിനുള്ള ഏര്‍പ്പാടുകളും യാത്രയ്ക്കിടയില്‍ തന്നെ ചെയ്തു. ഒപ്പം കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി. 

2018ലെ ശബരിമല പ്രക്ഷോഭ കാലത്ത് നിലയ്ക്കലിൽ റിപ്പോർട്ടർ ചാനലിന്റെ വാഹനം തകർത്ത നിലയിൽ
2018ലെ ശബരിമല പ്രക്ഷോഭ കാലത്ത് നിലയ്ക്കലിൽ റിപ്പോർട്ടർ ചാനലിന്റെ വാഹനം തകർത്ത നിലയിൽ

പത്തനംതിട്ട ടൗണില്‍ കുമ്പഴയിലായിരുന്നു ആ രാത്രിയിലെ പ്രശ്‌നങ്ങളുടെ തുടക്കം. അവിടെ ട്രാഫിക്ക് ഐലന്റില്‍ പോസ്റ്റര്‍ പതിക്കുന്നത് സംബന്ധിച്ച് എന്‍.ഡി.എഫുകാരും ആര്‍.എസ്.എസ്സുകാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഒരു കൂട്ടര്‍ ഒട്ടിച്ച പോസ്റ്ററിന്മേല്‍ മറുകൂട്ടര്‍ അവരുടെ പോസ്റ്റര്‍ ഒട്ടിച്ചത്രെ. പോസ്റ്റര്‍ നീക്കലും ഒട്ടിക്കലും അരങ്ങേറിയപ്പോള്‍ തര്‍ക്കം രൂക്ഷമായി. അന്നു രാത്രി സംഘര്‍ഷം രൂക്ഷമായപ്പോള്‍, സ്ഥലത്തെത്തിയ പത്തനംതിട്ട ഡി.വൈ.എസ്.പി ആര്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവിഭാഗത്തേയും ഓടിച്ചുവിട്ടു. പക്ഷേ, അതവിടെ അവസാനിച്ചില്ല. പതിനൊന്ന് മണിയോടെ ഗൗരവസ്വഭാവമുള്ള തികച്ചും വര്‍ഗ്ഗീയമായ രണ്ടു സംഭവങ്ങളുണ്ടായി. ടൗണിലൂടെ പോയ ശബരിമല തീര്‍ത്ഥാടക സംഘത്തിനു നേരെ ഉണ്ടായ കല്ലേറില്‍ ഏതാനും അയ്യപ്പന്മാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ ഭാഗത്തുനിന്നു വന്ന അയ്യപ്പന്മാര്‍ക്കാണ് പരിക്കേറ്റത്. അത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം കുറെ പേരെ കസ്റ്റഡിയിലെടുത്തു. അതില്‍ കുറെ എന്‍.ഡി.എഫുകാരും ചില പള്ളി ഭാരവാഹികളുമുണ്ടായിരുന്നു. അതിനിടെ അടുത്തുതന്നെ ഒരു മുസ്ലിം പള്ളിക്കു നേരെ കല്ലേറുണ്ടായി. പള്ളിയുടെ ഗ്ലാസ്സ് ചില്ലുകള്‍ തകര്‍ന്നു. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളില്‍ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ, പ്രകോപനപരമായ ചില കിംവദന്തികളും ആ രാത്രിയില്‍ പ്രചരിക്കാന്‍ തുടങ്ങി. അതിലൊന്ന് പള്ളിയില്‍ എതിരാളികള്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു. അതിനിടെ ചില പള്ളികളില്‍ വാങ്ക് വിളിച്ച് ആളെ കൂട്ടുന്ന അവസ്ഥയുണ്ടായി. അത് നേരിടാനുള്ള മതിയായ പൊലീസ് അവിടെ ഉണ്ടായിരുന്നില്ല. എന്താണ് വസ്തുതകള്‍ എന്ന ധാരണപോലുമില്ലാതെ അര്‍ദ്ധരാത്രിയോടടുത്ത് വാങ്കുവിളി കേട്ട് പുറത്തിറങ്ങിയവരില്‍ ഒരു സംഘം ആളുകള്‍ അക്രമാസക്തരായി. കുറെ പേര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ ഭാഗത്തേയ്ക്കു നീങ്ങി. വിവരം കിട്ടിയ ഡി.വൈ.എസ്.പി പൊലീസ് ജീപ്പില്‍ മുഴുവന്‍ പൊലീസുകാരുമായി കുമ്പഴനിന്നും ആള്‍ക്കൂട്ടം നിന്ന സ്ഥലത്തേയ്ക്ക് അതിവേഗം പാഞ്ഞെത്തി. നഗരത്തില്‍ പ്രശ്‌നം വഷളാകുന്നതായി തോന്നിയപ്പോള്‍ ഡി.വൈ.എസ്.പി പൊലീസ് സ്റ്റേഷനില്‍നിന്നും റൈഫിള്‍ വരുത്തുകയാണുണ്ടായത്. അത് ഗുണം ചെയ്തു. രാത്രി വൈകിയ നേരത്ത് അക്രമാസക്തരായ ആള്‍ക്കൂട്ടത്തെ അഭിമുഖീകരിച്ച ഘട്ടത്തില്‍ പൊലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. ഡി.വൈ.എസ്.പിയുടെ ആ നടപടി കുറെ പ്രയോജനം ചെയ്തു. വെടിവെയ്പോടെ ആള്‍ക്കൂട്ടം കുറെ പിന്‍വലിയാന്‍ തുടങ്ങി. എന്നാല്‍, ചില സാമൂഹ്യവിരുദ്ധര്‍ ഡി.വൈ.എസ്.പിയെ ലക്ഷ്യം വെച്ച് പൊലീസ് ജീപ്പിനു നേരെ വാക്കത്തിയും വാളും മറ്റും വലിച്ചെറിഞ്ഞെങ്കിലും അത് ലക്ഷ്യം കണ്ടില്ല. എന്നുമാത്രമല്ല, പൊലീസ് ജീപ്പില്‍ തട്ടിത്തെറിച്ച ഒരു ആയുധം,  അക്രമിയുടെ തന്നെ കാലില്‍ തറച്ചതായും പിന്നീട് കേട്ടു. നഗരത്തില്‍ പലേടത്തും പൊലീസിനു വലിയ ആള്‍ക്കൂട്ടത്തെ നേരിടേണ്ടിവന്നു. ആ സാഹചര്യം കുറേയൊക്കെ ശമിപ്പിക്കാന്‍ കഴിഞ്ഞത് പരിമിതമായ പൊലീസ് സംഘത്തെ നയിക്കുന്നതില്‍ ഡി.വൈ.എസ്.പി രാമചന്ദ്രന്‍ നായര്‍ പ്രകടിപ്പിച്ച മനസ്സാന്നിദ്ധ്യവും തൊഴില്‍പരമായ മികവും തന്നെയാണ്. 9 വര്‍ഷം മുന്‍പ് ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം നടക്കുമ്പോള്‍ പത്തനംതിട്ട സബ്ബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ആ ഉദ്യോഗസ്ഥന്‍ പൊതുവേ എല്ലാ വിഭാഗം ആളുകള്‍ക്കും സമ്മതനായിരുന്നു. അതുകൊണ്ടുതന്നെ സംഘര്‍ഷങ്ങള്‍ പരിധി കടക്കാതെ നിയന്ത്രിക്കാന്‍ കഴിയും എന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷേ, 1992-ല്‍ ഇല്ലാതിരുന്ന മതതീവ്രവാദ ശക്തികള്‍ 2001-ല്‍ രംഗപ്രവേശം ചെയ്തിരുന്നു.
 
രാത്രിയില്‍ അതിവേഗം യാത്രചെയ്ത് രണ്ടു മണിക്കൂറിനുള്ളില്‍ ഞാന്‍ പത്തനംതിട്ടയിലെത്തി. അധികം കഴിയും മുന്‍പേ കൊല്ലത്തുനിന്നു കൂടുതല്‍ പൊലീസെത്തി. എന്നെ അത്ഭുതപ്പെടുത്തിയ കാര്യം തിരുവനന്തപുരത്തുനിന്നും ഞാനെത്തിയിട്ടും പത്തനംതിട്ട ജില്ലയിലെ സമീപ സ്റ്റേഷനുകളില്‍നിന്നും പല ഉദ്യോഗസ്ഥരും അവിടെ എത്തിയിരുന്നില്ല എന്നതാണ്. ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍, അക്രമസംഭവങ്ങളെല്ലാം നടന്നത് നഗരത്തില്‍ കഷ്ടിച്ച് മൂന്ന് കിലോമീറ്ററിനുള്ളിലാണെന്നു മനസ്സിലായി. അപ്പോഴത്തെ സ്ഥിതി മനസ്സിലാക്കാന്‍ ഞാന്‍ ഉദ്യോഗസ്ഥരുമായി ടൗണില്‍ പ്രശ്‌നമുണ്ടായ സ്ഥലങ്ങളില്‍ കറങ്ങി.  ഒരിടത്തും സംഘടിതമായ അക്രമമൊന്നും കണ്ടില്ല. എങ്കിലും അക്രമികള്‍ കുറെ വിഹരിച്ചതിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. റോഡില്‍ ചിലേടത്ത് തടസ്സം സൃഷ്ടിച്ചത് നീക്കിയിരുന്നു. ടയറുകളും മറ്റും കത്തിയതിന്റെ തീയണഞ്ഞിരുന്നവെങ്കിലും അപ്പോഴും പുകയുന്നുണ്ടായിരുന്നു. പലേടത്തും കല്ലേറും തീവെയ്പും നടന്നതിന്റെ ലക്ഷണങ്ങള്‍ കാണാം. പൊലീസ് സജീവമായതോടെ ചുറ്റുവട്ടത്തു തന്നെയുള്ള അക്രമികള്‍ പിന്‍വലിഞ്ഞതാകാം. രാത്രിയുടെ മറവില്‍ ഉള്ളിലോട്ട് തിരിഞ്ഞ് അക്രമം നടക്കുന്നുണ്ടോ എന്ന് വ്യക്തമായിരുന്നില്ല. നഗരത്തിലെ ഓട്ടപ്രദക്ഷിണം കഴിഞ്ഞ് വേഗം പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമായിരുന്നു. 

വര്‍ഗ്ഗീയതയുടെ തീ ആളിക്കത്തിക്കാനുള്ള ഇന്ധനം ഇതിനകം അവിടെ വീണിട്ടുണ്ട്. മതഭ്രാന്തന്മാരെ ഇളക്കിവിടാനുള്ള വിഭവങ്ങള്‍ നഗരത്തില്‍ കണ്ടു. അക്രമികള്‍ക്കു സൈ്വരവിഹാരം നടത്താന്‍ ആ രാത്രിയില്‍ കുറേസമയം കിട്ടിയിരുന്നുവെന്ന് വ്യക്തം. വലിയ തോതില്‍ വസ്തുവകകള്‍ വര്‍ഗ്ഗീയ ലക്ഷ്യം വച്ച് നശിപ്പിച്ചിരുന്നു. സിനിമാ തിയേറ്റര്‍, പെട്രോള്‍ പമ്പ്, വര്‍ക്ക് ഷോപ്പ്, സ്വകാര്യബസുകള്‍, ടെക്സ്‌റ്റൈല്‍സ് തുടങ്ങി പലതും അക്രമത്തിനു വിധേയമായി. പലേടത്തും തീയിടാന്‍ ശ്രമമുണ്ടായി. പ്രധാന സംഭവം ബി.ജെ.പിയുടെ ജില്ലാ ഓഫീസ് തീവച്ചത് ആയിരുന്നു. 

നേരം പുലരുമ്പോള്‍, രാത്രിയില്‍ ഉണ്ടായ അക്രമം വര്‍ഗ്ഗീയ ശക്തികള്‍ ചൂഷണം ചെയ്യുന്നത് ശക്തമായി ചെറുക്കണം എന്നതിലായിരുന്നു എന്റെ ഊന്നല്‍. വര്‍ഗ്ഗീയ ശക്തികള്‍ നിയമം കയ്യിലെടുക്കുകയും പൊലീസ് പിറകെ പോകുകയും ചെയ്യുന്ന രീതി പാടില്ല. നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുവാനും അത് ശക്തിയായി മുഖം നോക്കാതെ നടപ്പാക്കാനും തീരുമാനിച്ചു. നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ ശക്തമായ പൊലീസ് പിക്കറ്റ് പോസ്റ്റുചെയ്യുകയും സായുധരായ പൊലീസ് ടീമുകളുടെ പട്രോളിംഗ് ഏര്‍പ്പെടുത്തുകയും ചെയ്തു. നിരോധനാജ്ഞ ആര് ലംഘിക്കുവാന്‍ ശ്രമിച്ചാലും ബലം പ്രയോഗിച്ച് അത് മുളയിലെ നുള്ളണം എന്നുതന്നെയായിരുന്നു നിര്‍ദ്ദേശം. പത്തു വര്‍ഷം മുന്‍പ് ആലപ്പുഴയിലും പിന്നീട് തിരുവനന്തപുരത്ത് പൂന്തുറ, വിഴിഞ്ഞം തുടങ്ങിയ മേഖലകളിലും സ്വീകരിച്ച അതേ സമീപനം, തീരെ പ്രതീക്ഷിക്കാത്ത പത്തനംതിട്ട നഗരത്തിലും വേണ്ടിവന്നു. പൊലീസ്, പൊലീസായാല്‍ ഏത് വര്‍ഗ്ഗീയ ശക്തിയും പത്തി താഴ്ത്തും. 

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലേതിനു സമാനമായ സംഭവങ്ങള്‍ ആ നഗരത്തില്‍ തൊട്ടടുത്ത ദിവസങ്ങളിലുണ്ടായില്ല. ഒറ്റപ്പെട്ട ചില തീവെയ്പ് ശ്രമങ്ങള്‍ പാത്തും പതുങ്ങിയും ഉണ്ടായതല്ലാതെ സംഘടിതമായി പൊലീസിനു വെല്ലുവിളിയുയര്‍ത്തിയ ഒരക്രമവും അവിടെ ഉണ്ടായില്ല. ശനിയാഴ്ച വെളുപ്പിന് മുന്‍പ് അരങ്ങേറിയ അക്രമസംഭവങ്ങളില്‍ സജീവമായിരുന്ന എന്‍.ഡി.എഫ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരെ അധികം വൈകാതെ അറസ്റ്റു ചെയ്യുവാന്‍ കഴിഞ്ഞു. നിരോധനാജ്ഞ ലംഘനമൊന്നും ടൗണില്‍ ഉണ്ടായില്ലെങ്കിലും അവിടെ പൊലീസ് ജാഗ്രതയോടെ നിലകൊള്ളേണ്ടിവന്നു. അക്രമം ജില്ലയില്‍ മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിക്കാതിരിക്കാന്‍ പൊലീസിന് അത്യദ്ധ്വാനം ചെയ്യേണ്ടിവന്നു. പലേടത്തും ടൗണിലെ സംഭവങ്ങളുടെ പേരില്‍ പ്രതിഷേധമുണ്ടായി. ഇത്തരം പ്രകടനങ്ങള്‍ സംഘര്‍ഷത്തിലേയ്ക്ക് നയിക്കാതിരിക്കുവാന്‍ പൊലീസിന്റെ സജീവമായ ഇടപെടല്‍ ആവശ്യമായിരുന്നു. ശബരിമല തീര്‍ത്ഥാടന കാലമായിരുന്നതിനാല്‍ നിരോധനാജ്ഞ അത്യാവശ്യമുള്ളിടങ്ങളില്‍ മാത്രം പ്രഖ്യാപിക്കുകയും അവിടെ വിട്ടുവീഴ്ചയില്ലാതെ അത് നടപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ സമീപനം. നഗരത്തിലെ കാര്യങ്ങള്‍ നിയന്ത്രണവിധേയമായ ശേഷം, ഞാന്‍ ജില്ലയിലെ സംഘര്‍ഷ സാധ്യതയുളള സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ചു. പലേടത്തും സംഘര്‍ഷത്തിലേയ്ക്ക് നീങ്ങിയെങ്കിലും സജീവമായ പൊലീസ് ഇടപെടല്‍കൊണ്ട് കാര്യമായ അക്രമസംഭവങ്ങള്‍ ഇല്ലാതെ ആ ദിവസം കഴിഞ്ഞുപോകും എന്നു കരുതി. 

അടൂരിലെ സംഘര്‍ഷങ്ങള്‍

അപ്പോഴാണ് അടൂരില്‍ വൈകുന്നേരം ആറുമണിയോടെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. അവിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനു നേരെ കല്ലേറുണ്ടായി. പറക്കോട് ജംഗ്ഷന്‍ കേന്ദ്രീകരിച്ചു നടത്തിയ പ്രകടനം നീങ്ങുമ്പോള്‍ മുന്‍കരുതലെന്ന നിലയില്‍ പൊലീസ് ഉണ്ടായിരുന്നുവെങ്കിലും സമീപത്തെ പള്ളിയില്‍നിന്നും കല്ലേറുണ്ടായി. പ്രകടനക്കാര്‍ തിരിച്ചും കല്ലെറിഞ്ഞു. കല്ലേറില്‍ ഏതാനും പൊലീസുകാര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റു. ഞാനാ സമയം അധികം അകലെയല്ലാതെ ഉണ്ടായിരുന്നു. അടൂരിലെ വിവരം കേട്ട ഉടന്‍ ഞാന്‍ അങ്ങോട്ടേയ്ക്ക് പോകുകയും കൂടുതല്‍ പൊലീസിനെ അങ്ങോട്ടയയ്ക്കുകയും ചെയ്തു. അവിടെയും ചില പള്ളികളില്‍നിന്ന് ബാങ്ക് വിളിച്ച് വിശ്വാസികളെ കൂട്ടാന്‍ ശ്രമമുണ്ടായി. പക്ഷേ, പൊലീസ് ശക്തമായി ഇടപെട്ടതുകൊണ്ട് അവിടെ എല്ലാം വേഗത്തില്‍ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു. തലേദിവസം പത്തനംതിട്ട ടൗണിലുണ്ടായപോലുള്ള സംഭവങ്ങള്‍ പൂര്‍ണ്ണമായും അടൂരില്‍ ഒഴിവാക്കാന്‍ കഴിഞ്ഞു. ജനങ്ങളുടെ സഹകരണവും തക്കസമയത്തെ പൊലീസ് ഇടപെടലും മൂലം സംഘര്‍ഷം പരിധിവിട്ടില്ല. അന്നു രാത്രി ഞാനും അടൂരില്‍ ക്യാമ്പ് ചെയ്തു. അവിടെ വച്ച് മുഖ്യമന്ത്രി എ.കെ. ആന്റണി ഫോണില്‍ വിളിച്ച് സാഹചര്യങ്ങള്‍ വിശദമായി സംസാരിച്ചു. സമാധാനം നിലനിര്‍ത്താന്‍ ശക്തമായ പൊലീസ് നടപടികള്‍ക്ക് ഉത്തേജനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തലേന്ന് രാത്രിയില്‍ പ്രശ്‌നമുണ്ടെന്ന് അറിഞ്ഞ ഉടന്‍ അങ്ങോട്ടുപോയ കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. പത്തനംതിട്ട നഗരത്തിലെ പ്രശ്‌നത്തിനു ശേഷമുള്ള ശനി, ഞായര്‍ ദിവസങ്ങള്‍ ജില്ലയില്‍ ഒറ്റപ്പെട്ട ചില വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നശീകരണ പ്രവര്‍ത്തനം ഉണ്ടായതല്ലാതെ ഗുരുതര സംഭവങ്ങളൊന്നും ഉണ്ടായില്ല. ആ സംഭവങ്ങളില്‍ ഇരുപക്ഷവും തങ്ങളാല്‍ കഴിയുന്നത്ര നാശനഷ്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും, പൊതുവേ കാര്യങ്ങള്‍ പൊലീസിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നു. ഏറ്റവും ശ്രദ്ധേയമായത് ശബരിമല തീര്‍ത്ഥാടകരുടെ നേരെ പിന്നീട് അക്രമണസംഭവമൊന്നും ഉണ്ടായില്ല എന്നതാണ്. തീര്‍ത്ഥാടകരുടെ സുരക്ഷ പൊലീസിന്റെ സജീവ ശ്രദ്ധയിലുണ്ടായിരുന്നു. അതോടൊപ്പം ധാരാളം മുസ്ലിം സംഘടനകള്‍ തന്നെ ശബരിമല ഭക്തര്‍ക്ക് നേരെ ആദ്യ ഘട്ടത്തിലുണ്ടായ സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് പരസ്യമായി രംഗത്തു വന്നു എന്നതും പ്രയോജനകരമായി. 

ലോക്ക്ഡൗൺ കാലത്ത് പത്തനംതിട്ട ജില്ലയിലെ റാന്നി ന​ഗരം ആളൊഴിഞ്ഞ നിലയിൽ
ലോക്ക്ഡൗൺ കാലത്ത് പത്തനംതിട്ട ജില്ലയിലെ റാന്നി ന​ഗരം ആളൊഴിഞ്ഞ നിലയിൽ

ഞായറാഴ്ച ആയപ്പോഴേയ്ക്കും പത്തനംതിട്ട പൂര്‍ണ്ണമായും സമാധാനത്തിലേയ്ക്ക് നീങ്ങുകയായിരുന്നു. അപ്പോഴാണ് അടുത്ത വൈതരണിയായി ഹിന്ദു ഐക്യവേദിയും ബി.ജെ.പിയും ചേര്‍ന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താല്‍ തൊട്ടടുത്ത ദിവസം വന്നത്. പത്തനംതിട്ട സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ഹര്‍ത്താല്‍. സമാധാനത്തിലേയ്ക്ക് നീങ്ങുകയായിരുന്ന പത്തനംതിട്ടയില്‍ തന്നെ ഞാന്‍ ക്യാമ്പ് ചെയ്തു. നഗരത്തിനു പുറമേ അടൂര്‍, പന്തളം തുടങ്ങിയ ചില സ്ഥലങ്ങളില്‍ക്കൂടി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഹര്‍ത്താലിനോടനുബന്ധിച്ച് ചില അക്രമസംഭവങ്ങളുണ്ടായത് കൊല്ലം ജില്ലയിലാണ്. അവിടെ തെന്മല എസ്.ഐ. റഷീദ്, കോണ്‍സ്റ്റബിള്‍ ഉദയഭാനു തുടങ്ങിയവര്‍ക്ക് ഹര്‍ത്താലനുകൂലികളുടെ അക്രമത്തില്‍ സാരമായി പരിക്കുപറ്റി. പത്തനംതിട്ടയില്‍ അത്തരം ഗുരുതര സംഭവങ്ങള്‍ ഉണ്ടായില്ലെങ്കിലും പല സ്ഥലങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍ വര്‍ഗ്ഗീയമായി തെരഞ്ഞുപിടിച്ച് തീവെയ്ക്കാനുള്ള രഹസ്യ ശ്രമങ്ങള്‍ ഉണ്ടായി. അന്ന് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടായ റാന്നിയില്‍ ഞാന്‍ പോയിരുന്നു. അവിടെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം കഴിഞ്ഞ് മടങ്ങി പോകവെ ചില കടകളും നെയിം ബോര്‍ഡുകളും നശിപ്പിക്കുകയും ഒരു ഇരുനില കെട്ടിടത്തിന് തീവെയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അക്രമം തടയാന്‍ ശ്രമിച്ച പൊലീസിനു നേരെയും കല്ലേറുണ്ടായി. കല്ലേറില്‍ ചില പൊലീസുകാര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ പൊലീസിനെ എത്തിച്ച് കുറ്റവാളികളെ പിടിക്കാന്‍ ഏര്‍പ്പാട് ചെയ്തതോടെ അവിടെയും വേഗം സമാധാന നില കൈവരിച്ചു. 

വെള്ളിയാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ്, ശനിയാഴ്ച വെളുപ്പിന് രണ്ടു മണിയോടെ  പത്തനംതിട്ട എത്തുമ്പോള്‍, പത്തനംതിട്ടയെ മാത്രമല്ല, സംസ്ഥാനത്തെയൊട്ടാകെ ഗ്രസിക്കാവുന്ന വര്‍ഗ്ഗീയ അഗ്‌നിപര്‍വ്വതം അവിടെ പുകയുകയാണെന്ന് എനിക്കു തോന്നി. സംസ്ഥാനത്തിന്റേയും സര്‍ക്കാരിന്റേയും മുഴുവന്‍  ശ്രദ്ധാകേന്ദ്രം പത്തനംതിട്ട ആയിരുന്നു. ശബരിമല തീര്‍ത്ഥാടനകാലം കൂടി ആയതുകൊണ്ട് പത്തനംതിട്ടയില്‍ പട്ടാളത്തെ ഇറക്കണോ എന്ന പരിഗണനയും സജീവമായിരുന്നു. ആ ദിവസങ്ങളില്‍ ഏതാണ്ടൊരു എസ്.പിയെപ്പോലെ എനിക്ക് പ്രവര്‍ത്തിക്കേണ്ടിവന്നു. തുടക്കത്തില്‍ പൊലീസിന്റെ പ്രതീക്ഷയ്ക്കപ്പുറം കാര്യങ്ങള്‍ പോയെങ്കിലും, അതിവേഗം പൊലീസ് സംവിധാനം പ്രതികരിച്ചു. അതുകൊണ്ടാണ് അക്രമകാരികളെ വേഗം അറസ്റ്റു ചെയ്യാനും കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കാനും കഴിഞ്ഞത്. 

1990-കളില്‍നിന്ന് 2001-ല്‍ എത്തുമ്പോള്‍ വര്‍ഗ്ഗീയതയുടേയും മതതീവ്രതയുടേയും വളര്‍ച്ച ഭയാനകമായിരുന്നു. ഏത് മതവിശ്വാസി ആയാലും എന്ത് ന്യായം പറഞ്ഞിട്ടായാലും ഒരു മനുഷ്യനെക്കൂടി വര്‍ഗ്ഗീയ വിഷം തീണ്ടുമ്പോള്‍ മനുഷ്യസമൂഹത്തിന്റെ സുരക്ഷ അത്രകണ്ട് ദുര്‍ബ്ബലപ്പെടുകയാണ്. ചെറുതും വലുതുമായ ഒരുപാട് വിഷപ്പാമ്പുകള്‍ പത്തിവിടര്‍ത്തിയാടുന്ന ഇന്നത്തെ സാമൂഹ്യ-രാഷ്ട്രീയ അവസ്ഥയില്‍ ആ സര്‍പ്പദംശനം ഏല്‍ക്കാതെ ജീവിക്കുക എളുപ്പമല്ല. അതും പൗരന്റെ മുന്നിലെ വെല്ലുവിളിയാണ്.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com