പിസി ജോര്‍ജ് എന്നോട് പറഞ്ഞു- 'ഡി.ഐ.ജി  ഞാനൊരു നിയമലംഘനം നടത്താന്‍ പോകുകയാണ്, ഒന്നു കണ്ണടയ്ക്കണം'

2002 ജനുവരിയില്‍ ഈ അവസ്ഥ മാറി.  സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പൊലീസിനു വലിയ തലവേദന സൃഷ്ടിച്ചു
പിസി ജോര്‍ജ് എന്നോട് പറഞ്ഞു- 'ഡി.ഐ.ജി  ഞാനൊരു നിയമലംഘനം നടത്താന്‍ പോകുകയാണ്, ഒന്നു കണ്ണടയ്ക്കണം'

ര്‍ക്കാര്‍ ജീവനക്കാരുടെ സമരം  പൊലീസിനു തലവേദന സൃഷ്ടിക്കാറില്ല.   സമരങ്ങളെ, പൊലീസിന്റെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ തീവ്രതയുടെ കാര്യത്തില്‍ ഏറ്റവും കുറഞ്ഞ ഇനം,  സര്‍ക്കാര്‍ ജീവനക്കാരുടേതാണ്. അവരുടെ സമരം തന്നെ കുറവാണ്. സമരഭീഷണിയാണ് കൂടുതലും. വല്ലപ്പോഴും സൂചനാ സമരം, അല്ലെങ്കില്‍ ഏതെങ്കിലും വകുപ്പില്‍ മാത്രം ഒതുങ്ങുന്ന  സമരം, അത്രയൊക്കെയെ ഉണ്ടാകാറുള്ളു. സര്‍വ്വീസ് സംഘടനകള്‍ എന്തൊക്കെ പരാധീനതകള്‍ പറഞ്ഞാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍  മറ്റുള്ളവരുടെ കണ്ണില്‍ ഭാഗ്യവാനാണ്. കൊവിഡ് കാലം അത് ജനങ്ങളെ കൂടുതല്‍ ബോധ്യപ്പെടുത്തി. ഞങ്ങളും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്, പരാധീനതകള്‍ ഒരുപാടു് ഞങ്ങള്‍ക്കുമുണ്ട് എന്ന് നാട്ടുകാരേയും സര്‍ക്കാരിനേയും അറിയിച്ച് ശമ്പളപരിഷ്‌കരണം, ഫെസ്റ്റിവല്‍ അലവന്‍സ്, ഡി.എ വര്‍ദ്ധനവ് എന്നൊക്കെ പറഞ്ഞ് ചില്ലറ പ്രതിഷേധങ്ങളില്‍ തീരും സാധാരണ സര്‍ക്കാര്‍ ജീവനക്കാരുടെ സമരം.  

2002 ജനുവരിയില്‍ ഈ അവസ്ഥ മാറി.  സര്‍ക്കാര്‍ ജീവനക്കാരുടെ സമരം പൊലീസിനു വലിയ തലവേദന സൃഷ്ടിച്ചു. സംസ്ഥാന വ്യാപക സമരമായിരുന്നുവെങ്കിലും അതിന്റെ തീക്ഷ്ണത  അനുഭവപ്പെട്ടത് സെക്രട്ടേറിയേറ്റും  വകുപ്പുകളുടെ ആസ്ഥാനങ്ങളും എല്ലാം ഉള്‍പ്പെടുന്ന തലസ്ഥാനത്തായിരുന്നു. ഭരണാനുകൂലം എന്നുപറയുന്ന സംഘടനകളും ഭരണവിരുദ്ധരും ഈ സമരത്തിന്റെ കാര്യത്തില്‍ ഐക്യപ്പെട്ടു. അതും അപൂര്‍വ്വമായിരുന്നു. സമരത്തിനിറങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടേതായ ശക്തമായ ന്യായമുണ്ടായിരുന്നു.  ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളില്‍ സാധാരണയായി കുറവ് വരുത്താറില്ല. പക്ഷേ, ഇക്കുറി ജീവനക്കാരുടെ ഏണ്‍ഡ് ലീവ് സറണ്ടര്‍ നിര്‍ത്തലാക്കുക, പെന്‍ഷന്‍ കമ്മ്യുട്ടേഷന്‍ തുക കുറയ്ക്കുക, ഭവന-വാഹന വായ്പകള്‍ മരവിപ്പിക്കുക തുടങ്ങി ജീവനക്കാരെ കാര്യമായി ബാധിക്കുന്ന ചില തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുത്തു. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലം  കടുത്ത തീരുമാനം വേണ്ടിവന്നു എന്നായിരുന്നു സര്‍ക്കാര്‍ പക്ഷം. 

ഈ തീരുമാനമെടുത്ത മന്ത്രിസഭായോഗം ചേര്‍ന്ന ദിവസം സെക്രട്ടേറിയേറ്റിലും പരിസരത്തും  വലിയ പ്രതിഷേധം അരങ്ങേറി. രാവിലെ പതിനൊന്ന് മണി ആയപ്പോള്‍ ജീവനക്കാര്‍ കൂട്ടമായി പുറത്തുവന്ന് മന്ത്രിസഭായോഗം നടക്കുകയായിരുന്ന നോര്‍ത്ത് ബ്ലോക്ക് ഭാഗത്തേയ്ക്ക് നീങ്ങി. സെക്രട്ടേറിയേറ്റ് വളപ്പിനുള്ളില്‍ മന്ത്രിമാരെ തടയുന്നതടക്കമുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ഉല്‍ക്കണ്ഠ ഞങ്ങള്‍ക്കുണ്ടായിരുന്നു. സര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധവും അമര്‍ഷവും ഞാന്‍   അവിടെ കണ്ടു. എങ്കിലും,  സമാധാന ലംഘനമുണ്ടായില്ല.  മന്ത്രിമാരെ  ജീവനക്കാരുടെ മുന്‍പില്‍നിന്നും ഒഴിവാക്കി നോര്‍ത്ത് ബ്ലോക്കിന്റെ പിന്‍ഭാഗത്തുകൂടി പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ വേണ്ട ക്രമീകരണം പൊലീസ് ചെയ്തു. കടുത്ത പ്രതിഷേധം പ്രതീക്ഷിച്ചു കൊണ്ടുതന്നെ സര്‍ക്കാര്‍ എടുത്ത രാഷ്ട്രീയ തീരുമാനം ആയിരുന്നു ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച നടപടി. ജീവനക്കാരുടെ പ്രതിഷേധം ഒരു വശത്തു കത്തിക്കയറിയപ്പോള്‍ 'സര്‍ക്കാര്‍ ഓഫീസുകള്‍ ഒരുമാസം അടച്ചിട്ടാലും കുഴപ്പമില്ല' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജീവനക്കാരുടെ രോഷവും സര്‍ക്കാരിന്റെ ഉറച്ച നിലപാടും ആയപ്പോള്‍ പൊലീസിനു മുന്നില്‍ വെല്ലുവിളികളുടെ നാളുകള്‍ ആയിരിക്കും എന്ന് ഞങ്ങള്‍ക്കു വ്യക്തമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍  ജീവനക്കാരും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. 'കേരളമെന്നാല്‍ കുറെ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമല്ല' എന്നൊരു പ്രസ്താവന മുഖ്യമന്ത്രി എ.കെ. ആന്റണിയുടേതായി വന്നു. ജീവനക്കാര്‍ക്ക് മറ്റ് ബഹുജനങ്ങളുടെ പിന്തുണ കുറവാണ് എന്ന രാഷ്ട്രീയ വിലയിരുത്തല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കു പിന്നില്‍ ഉണ്ടായിരുന്നുവെന്നു തോന്നി. ചില കര്‍ഷക സംഘടനകളും  സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ രംഗത്തു വന്നു.  സാധാരണ ജനങ്ങള്‍ സമരക്കാരെ കൈകാര്യം ചെയ്യുന്ന അവസ്ഥയുണ്ടാകും എന്ന രീതിയിലുള്ള  പ്രസ്താവനകള്‍ ചില കോണുകളില്‍ നിന്നുണ്ടായി. അങ്ങനെ വ്യാഖ്യാനിക്കാവുന്ന ഒരു സ്റ്റേറ്റ്‌മെന്റ് മാതൃഭൂമി പത്രലേഖകന്‍ ശേഖരന്‍നായരുടെ ചോദ്യത്തിന് മറുപടിയായി പുതിയ ഡി.ജി.പി കെ.ജെ. ജോസഫ് നല്‍കിയത് വിവാദമായി. കുരുത്തംകെട്ട ചോദ്യത്തിന് കുരുത്തംകെട്ട മറുപടി എന്നാണ് ഇതേപ്പറ്റി ഡി.ജി.പി എന്നോടു പറഞ്ഞത്. 

കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച ധർണ ജനറൽ സെക്രട്ടറി സിഎച്ച് അശോകൻ ഉദ്ഘാടനം ചെയ്യുന്നു
കേരള എൻജിഒ യൂണിയൻ സംഘടിപ്പിച്ച ധർണ ജനറൽ സെക്രട്ടറി സിഎച്ച് അശോകൻ ഉദ്ഘാടനം ചെയ്യുന്നു

സമരം സംസ്ഥാനത്തൊട്ടാകെയായിരുന്നുവെങ്കിലും സമരത്തിന്റെ കേന്ദ്രബിന്ദു തലസ്ഥാന നഗരം തന്നെയായിരുന്നു. എല്ലാ സമരത്തിലും പൊലീസ് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം  ജോലിക്കു കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുക എന്നതാണ്. അതില്‍ ഒരുപാട് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായി. സമരത്തിന്റെ ഭാഗമല്ലാത്ത സെക്രട്ടേറിയേറ്റിലേയും മറ്റ് ഓഫീസുകളിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, ജോലിക്കു കയറാന്‍ ആഗ്രഹിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍, പ്രൊബേഷന്‍ കാലയളവിലുള്ളവര്‍ തുടങ്ങി എല്ലാപേര്‍ക്കും സുഗമമായി പ്രവേശനം ഉറപ്പാക്കുക വലിയ തലവേദന ആയിരുന്നു. സമരത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതിരാവിലെ മുതല്‍ തലസ്ഥാനത്ത്  പൊലീസിന്  നെട്ടോട്ടം തന്നെയായിരുന്നു. സമരനേതാക്കള്‍ പലേടത്തും ഓടിനടന്ന് ജോലിക്കു കയറാന്‍ വരുന്നവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അന്ന് സമരരംഗത്ത് ഞാന്‍ സജീവമായി കണ്ട ഒരു മുഖം ആയിരുന്നു എന്‍.ജി.ഒ യൂണിയന്‍ നേതാവ് സി.എച്ച്. അശോകന്‍. വര്‍ഷങ്ങള്‍ക്കു ശേഷം അശോകന്‍ ടി.പി. ചന്ദ്രശേഖരന്‍ വധഗൂഢാലോചനയില്‍ പ്രതിയായി, അറസ്റ്റിനു ശേഷം ജാമ്യത്തില്‍ നില്‍ക്കെ മരണമടഞ്ഞു.   

നാടകീയമായ സമരരംഗങ്ങള്‍

അക്രമം, ഭീഷണി, അസഭ്യവര്‍ഷം എന്നിവ  ഒഴിവാക്കിയുള്ള സമരാഭ്യര്‍ത്ഥനയില്‍  പൊലീസ് ഇടപെട്ടില്ല. പല ഉയര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരും പൊലീസുമായി ബന്ധപ്പെട്ട് സമരക്കാരുടെ  തടസ്സത്തിലൊന്നും പെടാതെ ജോലിക്ക് ഹാജരാകുന്നുണ്ടായിരുന്നു. എന്നാല്‍, ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ വാഹനത്തില്‍ വന്നപ്പോള്‍ വികാസ്ഭവന്‍ ഭാഗത്ത് ചെറിയൊരു പിക്കറ്റിംഗ് നടക്കുകയായിരുന്നു. അഞ്ച് മിനിറ്റ് കാത്തിരുന്നാല്‍ പൊലീസ് സമരക്കാരെ നീക്കം ചെയ്യും. എന്നാല്‍, ആ ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ ഇരിക്കുന്നതിനു പകരം പുറത്തിറങ്ങി റോഡില്‍ കുത്തിയിരുന്നു.  വിവരം വയര്‍ലെസ്സില്‍ കേട്ടെങ്കിലും ഞാന്‍ അനങ്ങിയില്ല.  കമ്മിഷണര്‍ രാജന്‍സിംഗ് ഉടന്‍ അങ്ങോട്ടു പോകാമെന്ന് എന്നോടു പറഞ്ഞു. ''വല്ലപ്പോഴും ഇത്തിരി വെയില്‍ കൊള്ളുന്നത് നല്ലതാണ്'' എന്നും  സ്ഥലത്തുള്ള ''ഹെഡ് കോണ്‍സ്റ്റബിള്‍ അത് ഭംഗിയായി കൈകാര്യം ചെയ്യു''മെന്നും ഞാന്‍ പറഞ്ഞു. ആ ഉദ്യോഗസ്ഥന്‍ വെറുതെ നാടകീയത സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ ശ്രമിക്കുന്നതുപോലെ  തോന്നി.  കമ്മിഷണര്‍ കൂടി രംഗപ്രവേശം ചെയ്താല്‍ രംഗം കൊഴുക്കുമല്ലോ. അങ്ങനെ നാടകങ്ങള്‍ ഒരുപാട് അരങ്ങേറുന്നുണ്ടായിരുന്നു. സമരം രൂക്ഷമായിരുന്നതുകൊണ്ട് അതിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പൊലീസ്  ഒരുപാട് പ്രയാസപ്പെട്ടു. എങ്കിലും ബോധപൂര്‍വ്വമായ പ്രകോപനം ഒഴിവാക്കി, പൊലീസ് മിതത്വം പാലിച്ചു. 

മുൻ ഡിജിപി കെജെ ജോസഫ്
മുൻ ഡിജിപി കെജെ ജോസഫ്

സമരം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് എസ്മ (ESMA) എന്നറിയപ്പെടുന്ന അവശ്യസര്‍വ്വീസ് സംരക്ഷണ നിയമമനുസരിച്ച് കുറെ വകുപ്പുകളില്‍ പണിമുടക്ക് നിരോധിച്ചിരുന്നു. ഭക്ഷ്യം, കുടിവെള്ളം, ആരോഗ്യം തുടങ്ങി പൊലീസിലെ മിനിസ്റ്റീരിയല്‍ വിഭാഗം വരെ ഇതില്‍ ഉള്‍പ്പെട്ടു. അതോടെ അവിടെ  പണിമുടക്ക്  നിയമവിരുദ്ധമായി. ജോലി ചെയ്യാതിരിക്കുകയും മറ്റുള്ളവരെ തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്ത് തടവിലാക്കാനുള്ള അധികാരം നല്‍കുന്ന നിയമമാണത്. അസാധാരണ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനം തടസ്സപ്പെടാതെ ജീവിതം സംരക്ഷിക്കുവാനുള്ളതാണ് അസാധാരണമായ ഈ  അധികാരം.  അതീവ ശ്രദ്ധയോടും കരുതലോടും വിനിയോഗിക്കേണ്ടതാണത്. അതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. സമരം നിരോധിച്ച  മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരെ അറസ്റ്റുചെയ്ത് ജയിലിലടയ്ക്കുന്നത് അപ്രായോഗികമാണല്ലോ.  അതിനപ്പുറമുള്ള  പ്രശ്‌നങ്ങളുമുണ്ട് എന്ന്  ഞാനാദ്യം അറിഞ്ഞത് ആലപ്പുഴയില്‍ വെച്ചാണ്. അക്കാലത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ എസ്മ പ്രയോഗിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ ജനകീയനായ ശിശുരോഗ വിദഗ്ദ്ധന്‍ ഡോക്ടര്‍ സുരേഷ് സമരകാലത്ത് അവലംബിച്ച രീതി അസാധാരണമായിരുന്നു. ഡോക്ടര്‍ പതിവുപോലെ ആശുപത്രിയില്‍ പോകും, മുഴുവന്‍ രോഗികളേയും സാധാരണപോലെ പരിശോധിക്കും, ചികിത്സിക്കും. പക്ഷേ, ഹാജര്‍ ബുക്കില്‍ ഒപ്പിടില്ല. ഹാജര്‍ബുക്കില്‍ ഒപ്പിട്ടിട്ട് പണിയെടുക്കാത്തവരുള്ള നാട്ടിലാണ് ഡോക്ടറുടെ ഈ 'സമരം.' 'സമരം ചെയ്യുന്ന'  ഡോക്ടറെ  എസ്മ പ്രകാരം പൊലീസിനു വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കാം. ഈ 'കുറ്റവാളി' ഇടയ്ക്ക് എന്നെയും കാണുന്നുണ്ട്. എങ്കിലും അറസ്റ്റ് ചെയ്തില്ലെന്ന് മാത്രമല്ല, അതേപ്പറ്റി ചിന്തിച്ചതു  പോലുമില്ല.  ഡോക്ടറുടെ അറസ്റ്റ് ഒരു 'ധാര്‍മ്മിക സമസ്യ'യായി അന്ന്  തോന്നിയില്ല. പക്ഷേ, എസ്മ വീണ്ടും വന്നപ്പോള്‍ അല്പം ധാര്‍മ്മികപ്രശ്നം  ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ എസ്മ പ്രഖ്യാപിച്ചെങ്കിലും തുടക്കത്തില്‍ അത് പ്രയോഗിച്ചില്ല. സമരം രൂക്ഷമായി മുന്നോട്ടുപോയപ്പോള്‍ എസ്മ പ്രകാരമുള്ള അറസ്റ്റിലേയ്ക്ക് നീങ്ങി.
 
പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്  ഓരോ ദിവസവും എത്ര പേരെ ഏതെല്ലാം വകുപ്പില്‍  അറസ്റ്റ് ചെയ്യണം എന്ന് തീരുമാനിച്ചത്.  അറസ്റ്റ് ചെയ്യേണ്ട വിഭാഗത്തില്‍ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരും ഉണ്ടായിരുന്നു. പക്ഷേ, അവരുടെ അറസ്റ്റ് വൈകി. ഞാന്‍ തന്നെ നഗരത്തില്‍ ചുറ്റുന്നതിനിടയില്‍ അവരില്‍ പലരേയും കണ്ടിട്ടുണ്ട്. തൊട്ട് മുന്‍പ് ഭരണവിഭാഗം ഡി.ഐ.ജി എന്ന നിലയില്‍ എന്നോട് അടുത്ത് ഇടപഴകിയ പല നല്ല ജീവനക്കാരേയും കണ്ടപ്പോള്‍ കാണാത്തപോലെ പോയതേയുള്ളൂ. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യും എന്നറിയാം. പക്ഷേ, എനിക്കതിന് മനസ്സ് വന്നില്ല. അത് ശരിയായിരുന്നു എന്ന്  അഭിപ്രായമില്ല, അന്നും ഇന്നും. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, വിക്ടര്‍ യൂഗോയുടെ വിഖ്യാത കൃതി 'പാവങ്ങ'ളില്‍  മനുഷ്യരെയെല്ലാം യാന്ത്രികമായ നിയമവീക്ഷണത്തില്‍ കറുപ്പും വെളുപ്പും ആയി മാത്രം കാണാന്‍ കഴിയുന്ന ഴവേര്‍ എന്നൊരു കര്‍ക്കശക്കാരനായ പൊലീസ് ഉദ്യോഗസ്ഥനുണ്ട്. ഴവേര്‍ എന്ന മനുഷ്യനോട് സഹതപിക്കുമ്പോഴും ആ പൊലീസ് മാതൃക എസ്മ പ്രയോഗത്തില്‍ ഞാന്‍ സ്വീകരിച്ചില്ല.  ഴവേറിന്റെ ചില പതിപ്പുകളെ പലേടത്തും കണ്ടിട്ടുണ്ട്; കേരളത്തിലും.

പിണറായി വിജയൻ 
പിണറായി വിജയൻ 

സമരം രണ്ടാഴ്ച പിന്നിട്ടപ്പോള്‍ എസ്മ പ്രകാരമുള്ള അറസ്റ്റ് സെക്രട്ടേറിയേറ്റിലുമുണ്ടായി. എസ്മ പ്രയോഗത്തിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുകൂല സംയുക്ത സമിതി സെക്രട്ടേറിയേറ്റ് പിക്കറ്റ് ചെയ്തു. അതില്‍ പങ്കെടുത്ത 12 സംസ്ഥാന നേതാക്കളെ പൊലീസ് കന്റോണ്‍മെന്റ് സ്റ്റേഷനിലേയ്ക്ക് നീക്കം ചെയ്തു. അവരെല്ലാം അറസ്റ്റുവരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, അറസ്റ്റു ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. കേരളത്തിലെ പൊലീസ് ആക്ടില്‍ മാത്രം അന്നും ഇന്നും ഉള്ള വകുപ്പാണ് ഈ 'നീക്കംചെയ്യല്‍.'  സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യാതെ സ്ഥലത്തുനിന്ന്  നീക്കം ചെയ്യാം. അറസ്റ്റിന് വിധേയമാകുന്നവര്‍ക്കു നേരിടേണ്ടിവരുന്ന കേസും മറ്റ്  പ്രശ്‌നങ്ങളും നീക്കം ചെയ്യപ്പെടുന്നവര്‍ക്കില്ല. പക്ഷേ, ഇവിടെ നേതാക്കളുടെ പ്രശ്‌നം വ്യത്യസ്തമായിരുന്നു. തങ്ങളുടെ അനുയായികള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കിടക്കുകയാണ്. നേതാക്കള്‍ കൂടി സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയാല്‍ അണികള്‍ക്ക് ആവേശം കിട്ടും. സമരക്കാര്‍ക്ക് ആവേശം പകരുന്നതില്‍ പൊലീസിനെന്തു താല്പര്യം? അറസ്റ്റ് ചെയ്യില്ല എന്ന പൊലീസിന്റെ നിലപാട് നേതാക്കളെ പ്രകോപിപ്പിച്ചു. അവര്‍ പൊലീസ് സ്റ്റേഷനുള്ളില്‍ ഉപവാസം ആരംഭിച്ചു. പ്രതിപക്ഷ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ ഉള്‍പ്പെടെ ഇരുപക്ഷത്തുമുള്ള പല രാഷ്ട്രീയ നേതാക്കളും സ്റ്റേഷനില്‍ അവരെ സന്ദര്‍ശിച്ചു. നേതാക്കളുടെ ഉപവാസം സ്റ്റേഷനു പുറത്തും വലിയ  പ്രതിഷേധത്തിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും നയിച്ചു. എങ്കിലും അറസ്റ്റു നടന്നില്ല. ഇതിന്റെയെല്ലാം സമ്മര്‍ദ്ദം താങ്ങിയതിന്റെ  മുഖ്യകണ്ണി അസിസ്റ്റന്റ് കമ്മിഷണര്‍ വില്‍സണ്‍ കെ. ജോസഫ് ആയിരുന്നു. പക്ഷേ, വലിയ പ്രശ്‌നങ്ങള്‍ വരാനിരിക്കുകയായിരുന്നു. 

അതിന്റെ തുടക്കം പൊലീസ് ആസ്ഥാനത്തുനിന്ന് തന്നെയായിരുന്നു. ഒരുരാത്രി, പതിവ് അവലോകന യോഗത്തിനു ശേഷം ജില്ലാ എസ്.പിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയായിരുന്നു. ഡി.ജി.പി തന്നെയാണ് തീരുമാനങ്ങളെടുത്തിരുന്നത്.  ഒരു നിര്‍ദ്ദേശം സമരത്തില്‍  അറസ്റ്റു ചെയ്യുന്നവരെ സംബന്ധിച്ചായിരുന്നു. അറസ്റ്റിനു ശേഷം  താമസമില്ലാതെ തുടര്‍നടപടികള്‍ സ്വീകരിക്കുക എന്നതായിരുന്നു അതുവരെയുള്ള രീതി. അതായത് ജാമ്യം നല്‍കാവുന്ന കുറ്റമാണെങ്കില്‍ ജാമ്യം നല്‍കും; മറിച്ചാണെങ്കില്‍  കോടതിയില്‍ ഹാജരാക്കും.  മതിയായ കാരണമുണ്ടെങ്കില്‍ മാത്രം,  പരമാവധി 24 മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ നിര്‍ത്താം. അനാവശ്യ കാലതാമസം കൂടാതെ  പൊലീസ് കസ്റ്റഡിയില്‍നിന്നും വ്യക്തിയെ മോചിപ്പിക്കുക എന്നതാണ് നിയമത്തിന്റെ അന്തസ്സത്ത. ഇത്  മാറ്റി അറസ്റ്റിലാകുന്നവരെ പരമാവധി സമയം കസ്റ്റഡിയില്‍ സൂക്ഷിക്കുക എന്ന പൊതു നിര്‍ദ്ദേശം നല്‍കുവാന്‍ തീരുമാനിച്ചു.  അങ്ങനെ ഒരു നിര്‍ദ്ദേശം  നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം  ഞാന്‍ സംശയരൂപേണ  ഉന്നയിച്ചു, സംശയമില്ലായിരുന്നുവെങ്കിലും. തനിക്ക്  അതിനുള്ള അധികാരമുണ്ട് എന്നായിരുന്നു ഡി.ജി.പിയുടെ പക്ഷം. അങ്ങനെ ആ ഉത്തരവ് പൊലീസ് ആസ്ഥാനത്തുനിന്ന് ജില്ലകളിലേയ്ക്ക് പോയി.  ഡി.ജി.പിയുടെ ഉത്തരവിന് വിലയുള്ള കാലമായിരുന്നു അത്. 

രണ്ടു ദിവസം കഴിഞ്ഞിരിക്കണം, പതിവുപോലെ രാത്രിയോടെ പൊലീസ് ആസ്ഥാനത്ത് അവലോകനത്തിനെത്തുമ്പോള്‍ സിറ്റിയില്‍നിന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ രാജീവന്‍ എന്നെ  വിളിച്ചു.  രാവിലെ അറസ്റ്റ് ചെയ്ത കുറെ സമരക്കാര്‍ കന്റോണ്‍മെന്റിലുണ്ടെന്നും അവരെ കോടതിയില്‍ ഹാജരാക്കാന്‍ വലിയ സമ്മര്‍ദ്ദം ഉണ്ടെന്നും പറഞ്ഞു. പൊലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശമായിരുന്നു തടസ്സം. അവര്‍ സ്ത്രീകളാണെന്നും അതൊരു പ്രശ്‌നമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊലീസ് ആസ്ഥാനത്തുനിന്ന് മീറ്റിംഗ് കഴിഞ്ഞിറങ്ങുമ്പോള്‍ രാത്രി ഏറെയായിരുന്നു. ആ സമയം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ വില്‍സന്‍ കെ. ജോസഫ് എന്നെ വിളിച്ചു.  അറസ്റ്റ്  ചെയ്ത വനിതകളുടെ പ്രശ്‌നം വല്ലാതെ രൂക്ഷമാകുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളും എം.എല്‍.എമാരും ധാരാളമായി അവിടെ വന്നുകൊണ്ടിരിക്കുയാണെന്നും പറഞ്ഞു.  അന്നുരാവിലെ അറസ്റ്റുചെയ്ത പതിനഞ്ചോളം വനിതാ  സമരക്കാര്‍ ആയിരുന്നു വിഷയം. സെക്രട്ടേറിയേറ്റിലും പൊലീസ് ആസ്ഥാനത്തും   രാവിലെ പിക്കറ്റിംഗില്‍  പങ്കെടുത്തവരാണ്.  ഉച്ചയോടെ ആള്‍സെയിന്റ്‌സ് കോളേജിനു മുന്നില്‍നിന്നും അറസ്റ്റുചെയ്ത പ്രൊഫസര്‍മാരുള്‍പ്പെടെയുള്ളവരേയും കൊണ്ടുവന്നു. അറസ്റ്റുചെയ്തവരില്‍ എസ്മക്കാരും അല്ലാത്തവരുമുണ്ടായിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്നും വന്ന 24 മണിക്കൂര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അവരെ കോടതിയില്‍ ഹാജരാക്കാന്‍ വൈകിയത്. 

സമരത്തിലെ പുതിയ പോര്‍മുഖം

ഞാന്‍ നേരെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തുമ്പോള്‍ കുറേയേറെ ഇടതുപക്ഷ എം.എല്‍.എമാരും  നേതാക്കളും അവിടെ എത്തിയിട്ടുണ്ട്. കോമ്പൗണ്ടിനു പുറത്തായി സമരക്കാരായ അനുഭാവികളും കൂട്ടംകൂടിനില്‍ക്കുന്നുണ്ട്. നിയമസഭ സമ്മേളിക്കുന്ന സമയമായതിനാല്‍ ധാരാളം എം.എല്‍.എമാര്‍ ഉണ്ടായിരുന്നു. അറസ്റ്റുചെയ്ത വനിതകളെ സൂക്ഷിക്കുന്ന വനിതാ പൊലീസ് സ്റ്റേഷനില്‍ വെള്ളവും മറ്റു സൗകര്യങ്ങളും ഇല്ലെന്നുള്ള പരാതികള്‍ നേരത്തെ ഉന്നയിച്ചിരുന്നു. അഗ്‌നിശമനസേനയുടെ വാഹനത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുവന്നു. പക്ഷേ, വെള്ളവും വെളിച്ചവുമൊന്നുമായിരുന്നില്ല പ്രശ്‌നം. എന്തുകൊണ്ട് അവരെ കോടതിയില്‍ ഹാജരാക്കുന്നില്ല എന്നതായിരുന്നു ചോദ്യം. ഉത്തരവും ചില എം.എല്‍.എമാര്‍ തന്നെ നല്‍കി. ''ഇത് നിങ്ങളുടെ തീരുമാനമല്ലെന്ന് അറിയാം; കാരണം ഞങ്ങള്‍ ആലപ്പുഴയിലും മറ്റും വിളിച്ചു ചോദിച്ചു. അവിടെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിട്ടില്ല.'' തലസ്ഥാനത്തെ പ്രത്യേകത കസ്റ്റഡിയില്‍ ഉണ്ടായിരുന്നത് സ്ത്രീകളാണ് എന്നതായിരുന്നു. അതിനിടെ കൂടുതല്‍ പ്രമുഖ നേതാക്കള്‍ എത്തിക്കൊണ്ടിരുന്നു. വെളിയം ഭാര്‍ഗവന്‍, സി. ദിവാകരന്‍,  കോടിയേരി ബാലകൃഷ്ണന്‍, ശ്രീമതി ടീച്ചര്‍ തുടങ്ങിയവര്‍ എത്തി. കോടിയേരി ബാലകൃഷ്ണന്‍ എന്നോട് പ്രശ്‌നത്തെപ്പറ്റി ചോദിച്ചു. ഞാന്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. അറസ്റ്റുചെയ്ത വനിതകളെ നേതാക്കള്‍ക്ക്  കാണാമെന്നും  ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്യാമെന്നും  ഞാന്‍ പറഞ്ഞു. അദ്ദേഹം ശാന്തമായി ശ്രദ്ധയോടെ എല്ലാം കേട്ടു. ഒപ്പമുണ്ടായിരുന്ന ശ്രീമതി ടീച്ചര്‍ കുറേക്കൂടി വൈകാരികമായിട്ടാണ് സംസാരിച്ചത്. ''ഞാന്‍ പിണറായിയെ വിളിച്ചിട്ടുണ്ട്, പിണറായി ഇപ്പോള്‍ വരും'' എന്നും അവര്‍ പറഞ്ഞു. അവര്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എത്താന്‍ കാത്തുനിന്നു. അവിടെ ഒത്തുകൂടിയ നേതാക്കള്‍ ചെറിയ കൂട്ടമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു. കോമ്പൗണ്ടിനകത്തും പുറത്തും ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവന്നു. അതിനിടെ പി.സി. ജോര്‍ജ് എം.എല്‍.എ എന്നോട് പറഞ്ഞു: ''ഡി.ഐ.ജി  ഞാനൊരു നിയമലംഘനം നടത്താന്‍ പോകുകയാണ്, ഒന്നു കണ്ണടയ്ക്കണം'' എന്നിട്ട് പതുക്കെ, ''എനിക്കൊരു പുക വലിച്ചേ മതിയാകൂ'' എന്നു പറഞ്ഞു. ''പൊതുസ്ഥലം വേണ്ട'' എന്നു പറഞ്ഞ് ഞാനദ്ദേഹത്തിന് സ്റ്റേഷന്‍ കെട്ടിടത്തിനകത്ത് സ്ഥലം കൊടുത്തു. ഇത്തരം ചില തമാശകള്‍ക്കിടയിലും രാത്രി മുന്നോട്ട് പോകുന്തോറും സംഘര്‍ഷം വളരുകയായിരുന്നു. 

പികെ ശ്രീമതി
പികെ ശ്രീമതി

അതിനിടെ പിണറായി വിജയന്‍ എത്തി. പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രധാന നേതാക്കള്‍ വട്ടംകൂടി നിന്ന്, അല്പം സംസാരിച്ചു. പെട്ടെന്ന് തീരുമാനം ആയി. അറസ്റ്റ് ചെയ്തവരെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതുവരെ വനിതാ പൊലീസ് സ്റ്റേഷനു മുന്നില്‍ നേതാക്കള്‍ സത്യാഗ്രഹം തുടങ്ങി. മുഴുവന്‍ സമരക്കാരും അനുഭാവികളും അവിടെ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സമരഭാഷയില്‍, ഒരു പുതിയ പോര്‍മുഖം അവിടെ തുറന്നു. സെക്രട്ടേറിയേറ്റിന്റെ തൊട്ടടുത്ത് വനിതാ ജീവനക്കാരുടെ പ്രശ്നം  ഉയര്‍ത്തി മുഴുവന്‍ ഇടതുപക്ഷ നേതാക്കളും സമരരംഗത്താകുമ്പോള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നു തോന്നി. അതിനിടെ നഗരത്തിന്റെ നാനാഭാഗത്തുനിന്നും കന്റോണ്‍മെന്റിനു മുന്നിലേയ്ക്ക് ഇടതുപക്ഷ അനുഭാവികള്‍ ഒഴുകാന്‍ തുടങ്ങി. കൈരളി ചാനല്‍ ഇക്കാര്യത്തില്‍ സജീവ പങ്ക് വഹിക്കുകയാണെന്നും വിവരം ലഭിച്ചു. ഞാനുടനെ ഐ.ജി. രാജീവന്‍ സാറിനെ വിളിച്ച്  കാര്യങ്ങള്‍ വഷളാകുകയാണെന്ന് ധരിപ്പിച്ചു. അദ്ദേഹത്തിനു കാര്യം മനസ്സിലായി. പക്ഷേ, തീരുമാനമെടുക്കേണ്ടത് ഡി.ജി.പി ആണ്. അദ്ദേഹം ഉടന്‍ ഡി.ജി.പിയെ ബന്ധപ്പെടാമെന്നു പറഞ്ഞു. സമയം രാത്രി വളരെ വൈകിയിരുന്നു. അധികം വൈകാതെ ഐ.ജി തിരിച്ചുവിളിച്ചു. ആ ശബ്ദത്തില്‍ നിരാശ പ്രകടമായിരുന്നു. അറസ്റ്റ്  ചെയ്തവരെ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ അനുമതി കിട്ടിയില്ല. കടുത്ത നിരാശയോടും അല്പം  ദേഷ്യത്തോടെയും അദ്ദേഹം സംഭാഷണം നിര്‍ത്തി. കന്റോണ്‍മെന്റ് പരിസരം ജനനിബിഡമായിക്കൊണ്ടിരുന്നു. ജീവനക്കാരുടെ സമരം പ്രതിരോധത്തിലായിരുന്നപ്പോള്‍  വീണുകിട്ടിയ ഈ അവസരം പ്രതിപക്ഷം നന്നായി പ്രയോജനപ്പെടുത്തി. ഗുരുതരമായ  ക്രമസമാധാന പ്രശ്നം അതിവേഗം ഉരുണ്ടുകൂടുകയായിരുന്നു. നിയമപരമായും പൊലീസിന്റെ നിലപാടില്‍ ദൗര്‍ബ്ബല്യങ്ങളുണ്ട് എന്നുതന്നെയായിരുന്നു എന്റെ ബോദ്ധ്യം. എല്ലാം കണക്കിലെടുത്ത് അര്‍ദ്ധരാത്രി നേരത്ത് ഞാന്‍ ഡി.ജി.പിയെ വിളിച്ചു. സാഹചര്യം സ്ഫോടനാത്മകമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ചു. പ്രശ്നത്തിന്റെ എല്ലാ വശങ്ങളും വേഗം പറഞ്ഞു. അര്‍ദ്ധരാത്രി ഗുരുതരമായ ക്രമസമാധാനപ്രശ്നം പൊട്ടിപ്പുറപ്പെട്ടാല്‍ അത് നേരിടേണ്ടത് വെളുപ്പിന് 5 മണിക്ക് ഡ്യൂട്ടിക്ക് കയറിയ പൊലീസുകാരായിരുന്നു എന്നും ധരിപ്പിച്ചു. ഒരു നിമിഷം പോലും പാഴാക്കാതെ പ്രശ്‌നം പരിഹരിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം അദ്ദേഹം ഉള്‍ക്കൊണ്ടു. പ്രതീക്ഷിച്ച അനുമതി എനിക്കു ലഭിച്ചു. ഞാനുടന്‍ കുത്തിയിരുപ്പ് സമരത്തില്‍ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ സമീപമെത്തി. ഒരു കാര്യം ധരിപ്പിക്കാനുണ്ടെന്നു സൂചിപ്പിച്ചപ്പോള്‍, അദ്ദേഹം എണീറ്റു.  അറസ്റ്റ് ചെയ്തവരെ ഉടന്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാം എന്നു പറഞ്ഞ ശേഷം അതിനുള്ള സാഹചര്യം ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം നേരെ പിണറായിയുടെ സമീപത്തെത്തി, പൊലീസ് നിലപാട് അറിയിച്ചു. പിന്നെ വൈകിയില്ല, അവരുടെ ആവശ്യം പൊലീസ് അംഗീകരിച്ചതിനെത്തുടര്‍ന്ന് സത്യാഗ്രഹം അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്ത വനിതകളെ വലിയ പൊലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുവാന്‍ തുടങ്ങിയപ്പോള്‍ നേതാക്കള്‍ മടങ്ങി. മടങ്ങുമ്പോള്‍  തൃശൂര്‍വെച്ച് എനിക്ക് നല്ല പരിചയമുണ്ടായിരുന്ന  സി.പി.ഐ നേതാവ് കെ.പി. രജേന്ദ്രന്‍ എം.എല്‍.എ, എന്റെ സമീപം വന്ന് സൗഹൃദരൂപേണ പറഞ്ഞു: ''ഒരു വലിയ പ്രശ്നമാണ് ഒഴിവായത്, ഇവിടെ എന്തും സംഭവിക്കാമായിരുന്നു.'' ആ വാക്കുകളില്‍ അല്പം പോലും അതിശയോക്തി ഇല്ലായിരുന്നു. 

അധികം വൈകാതെ, പ്രധാനപ്പെട്ട ഒരാവശ്യവും അംഗീകരിക്കാതെ സമരം അവസാനിച്ചു. അപ്പോഴും, ആ രാത്രി എങ്ങനെ സമാധാനപരമായി കടന്നുകൂടി എന്ന വിസ്മയം മനസ്സില്‍ ശേഷിച്ചു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com