പിന്നില്‍ ആരായിരുന്നാലും മുന്നില്‍, സി.കെ. ജാനു തന്നെയായിരുന്നു; ഒപ്പം ഗീതാനന്ദനും

അന്നത്തെ ആദിവാസി സമരം ക്രമേണ കേരളത്തിന്റെയാകെ വിഷയമായി വളര്‍ന്നു. ദേശീയ തലത്തിലും അത് ശ്രദ്ധയാകര്‍ഷിച്ചു
പിന്നില്‍ ആരായിരുന്നാലും മുന്നില്‍, സി.കെ. ജാനു തന്നെയായിരുന്നു; ഒപ്പം ഗീതാനന്ദനും

2001ലെ ഓണക്കാലം അവിസ്മരണീയമായിരുന്നു. അതിനു കാരണം തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ ആദിവാസി സമരമാണ്. അന്നത്തെ ആദിവാസി സമരം ക്രമേണ കേരളത്തിന്റെയാകെ വിഷയമായി വളര്‍ന്നു. ദേശീയ തലത്തിലും അത് ശ്രദ്ധയാകര്‍ഷിച്ചു. ആദിവാസി സമൂഹത്തിന്റെ ജീവല്‍പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ വലിയ ഉല്‍ക്കണ്ഠയൊന്നും ഉളവാക്കിയിരുന്നില്ല. അവര്‍ മുഖ്യധാരയ്ക്ക് പുറത്തായിരുന്നു. അങ്ങനെ ധാരകള്‍ പലതുണ്ടോ എന്നു ചോദിച്ചാല്‍ ഭരണഘടനയിലില്ല; പക്ഷേ, നാട്ടില്‍ കാണുന്നുണ്ട്. നഗരവാസികളില്‍ പലരുടേയും കണ്ണില്‍ ഒരു കൗതുകവസ്തുവിന്റെ സ്ഥാനമേ ആദിവാസിക്ക് ഉണ്ടായിരുന്നുള്ളു. 1986 ഐ.പി.എസ് ബാച്ചില്‍ കേരളത്തിലെത്തിയ ഞങ്ങള്‍ക്ക് ആദിവാസിക്കുട്ടികള്‍ അല്പം കൗതുകം പകര്‍ന്നതോര്‍ക്കുന്നു. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഞങ്ങള്‍ ആറുപേരും വിവിധ ജില്ലകളില്‍ ചുറ്റിക്കറങ്ങുകയായിരുന്നു. എന്റെ സഹ ഐ.പി.എസുകാര്‍ കേരളത്തിനു പുറത്തുനിന്നുള്ളവരായിരുന്നു. വയനാട് ജില്ലയില്‍ ഞങ്ങള്‍ യാത്രചെയ്യുമ്പോള്‍ ഒരിടത്ത് കുറേ കുട്ടികള്‍ നില്‍ക്കുന്നു; അവരുടെ കൈകളില്‍ അമ്പും വില്ലും. ഉടന്‍ വണ്ടി നിര്‍ത്തി, ഞങ്ങള്‍ അവിടെ ഇറങ്ങി. പത്തോ പന്ത്രണ്ടോ വയസ്സേ ആ കുട്ടികള്‍ക്കുള്ളു. അതിന്റെ പ്രയോഗം എങ്ങനെയാണ് എന്ന് അവരോട് ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചു. വളരെ സന്തോഷത്തോടെ അവര്‍ അത് ഞങ്ങള്‍ക്കു പറഞ്ഞുതന്നു. അമ്പും വില്ലും പ്രയോഗിക്കുന്ന വിദ്യ കാട്ടിത്തരുകയും ഞങ്ങളത് പ്രയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആ ആദിവാസി ബാലന്മാര്‍ ഐ.പി.എസ് പരിശീലനം കഴിഞ്ഞുവന്ന ഞങ്ങളെ ധനുര്‍വിദ്യ അഭ്യസിപ്പിച്ചു. അതത്ര എളുപ്പമല്ലെന്ന തിരിച്ചറിവോടെ വേഗം പഠനം പൂര്‍ത്തിയാക്കി, സന്തോഷപൂര്‍വ്വം കുട്ടികളോട് യാത്ര പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ആന്ധ്രാക്കാരനായ വിജയാനന്ദ് ഒരു പത്തുരൂപ അവര്‍ക്ക് നല്‍കാന്‍ മുതിര്‍ന്നു. ''എന്തിന്? എന്തിന്?'' എന്ന് ആശ്ചര്യം പ്രകടിപ്പിച്ച് അവരത് വാങ്ങിയില്ല. ''എല്ലാപേരും കൂടി മിഠായി വാങ്ങണം'' എന്ന് സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധിച്ചപ്പോള്‍ മാത്രം വാങ്ങി. ആ നിഷ്‌കളങ്കത എന്നെ സ്പര്‍ശിച്ചു. വിജയാനന്ദിനു തോന്നിയത് എനിക്കു തോന്നിയില്ലല്ലോ എന്നും ചിന്തിച്ചു. 

ആദിവാസികള്‍ സമരവുമായി തലസ്ഥാനത്ത് എത്തിയപ്പോള്‍ ആദ്യം ആളുകള്‍ക്കതൊരു കൗതുകം മാത്രമായിരുന്നു. ക്ലിഫ്ഹൗസ് പരിസരത്ത് അഭയാര്‍ത്ഥി ക്യാമ്പ് തുടങ്ങും എന്ന് പ്രഖ്യാപിച്ചെങ്കിലും തുടക്കം സെക്രട്ടേറിയേറ്റ് പരിസരത്ത് തമ്പടിച്ചുകൊണ്ടായിരുന്നു. ആദിവാസി ദളിത് സമരസമിതി എന്നൊരു സംഘടനയുടെ പേരിലായിരുന്നു സമരം. സി.കെ. ജാനു, ഗീതാനന്ദന്‍ എന്നീ വ്യക്തികളായിരുന്നു സമരത്തിന്റെ ചുക്കാന്‍ പിടിച്ചത്. വളരെ സമാധാനമായിട്ടായിരുന്നു സമരത്തിന്റെ തുടക്കം. തിരുവോണദിവസം പട്ടിണി കിടക്കുക, ചില പ്രകടനങ്ങള്‍, മുദ്രാവാക്യം മുഴക്കല്‍, ആദിവാസികളുടെ തനത് കലാപരിപാടികള്‍ ഒക്കെ സെക്രട്ടേറിയേറ്റ് പരിസരത്ത് അരങ്ങേറി. ആദിവാസികള്‍ ഉയര്‍ത്തിയ വിഷയം  പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭൂമി പ്രശ്‌നമാണ്. അന്യാധീനപ്പെട്ടുപോയ ഭൂമി തങ്ങള്‍ക്കു തിരികെ കിട്ടണം എന്ന ആവശ്യം വളരെ വേഗത്തില്‍ പരിഹരിക്കാവുന്ന ഒന്നായിരുന്നില്ല. ചെറിയ സമ്മര്‍ദ്ദതന്ത്രങ്ങളുമായി ആരംഭിച്ച ആദിവാസി സമരം ക്രമേണ ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി. വെറും നാലുമാസം മുന്‍പ് അധികാരത്തില്‍ വന്ന. ആന്റണിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന് അത് തലവേദനയാകാന്‍ തുടങ്ങി. എങ്കിലും സമൂഹത്തില്‍ ഏറെ ദുരിതങ്ങള്‍ അനുഭവിക്കുന്ന വിഭാഗം എന്ന നിലയില്‍ സമരത്തോടുള്ള പൊലീസിന്റെ സമീപനം തികഞ്ഞ മനുഷ്യത്വത്തോടെ വേണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ കാഴ്ചപ്പാട്. അങ്ങനെ ഒരു സന്ദേശം പൊലീസിനുള്ളില്‍ നല്‍കാന്‍ ഡി.ഐ.ജി എന്ന നിലയില്‍ ബോധപൂര്‍വ്വം ഞാനും ശ്രമിച്ചു. സമരം മുന്നോട്ടു പോകുന്തോറും മുന്‍കാല സമരങ്ങളില്‍നിന്നും വ്യത്യസ്തമായി ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. സാധാരണ തലസ്ഥാനത്തെ വലിയ സമരങ്ങളെല്ലാം നടത്തുന്നത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ നേതൃത്വത്തിലാണ്. അല്ലെങ്കില്‍ നേതൃത്വത്തിന്റെ പിന്തുണയോടുകൂടിയുള്ള വിദ്യാര്‍ത്ഥിസംഘടനകളോ തൊഴിലാളി യൂണിയനുകളോ ഒക്കെ ആയിരിക്കും. സമരപരിപാടികള്‍ പരിധിവിട്ടാല്‍ അത് സമരക്കാര്‍ക്കും തലവേദനയാണ്. കാരണം, തലസ്ഥാനത്തെ ജനങ്ങളോട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിശദീകരിക്കേണ്ടിവരും. നാളെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അത് അവര്‍ക്കൊരു ബാദ്ധ്യതയായി മാറരുതല്ലോ. 

മുത്തങ്ങ സമരത്തിന് ശേഷം ആദിവാസി ​ഗോത്രമഹാസഭാ നേതാവ് സികെ ജാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ
മുത്തങ്ങ സമരത്തിന് ശേഷം ആദിവാസി ​ഗോത്രമഹാസഭാ നേതാവ് സികെ ജാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ

പക്ഷേ, ആദിവാസി പ്രക്ഷോഭകരെ ഇത്തരം ഉല്‍ക്കണ്ഠകള്‍ കാര്യമായി സ്വാധീനിച്ചില്ലെന്നു തോന്നുന്നു. ആദിവാസി-ദളിത് സമരസമിതി, തിരുവനന്തപുരത്ത് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ഉണ്ടാകാനിടയില്ലാത്ത ഒരു സമരതന്ത്രം സ്വീകരിച്ചു. തലസ്ഥാനത്തെ ഓണാഘോഷം പ്രസിദ്ധമാണല്ലോ. സര്‍ക്കാര്‍ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ആഘോഷപൂര്‍വ്വം വലിയ ജനപങ്കാളിത്തത്തോടെ നടത്തുന്ന പരിപാടിയാണത്. ആഘോഷത്തിന്റെ പരിസമാപ്തി വന്‍പിച്ചൊരു ഘോഷയാത്രയോടെയാണ്. കവടിയാര്‍ മുതല്‍ കിഴക്കേ കോട്ടവരെ പ്രധാന വീഥിയിലൂടെ വര്‍ണ്ണശബളമായ ഘോഷയാത്രയില്‍ കലാസാംസ്‌കാരിക ബിംബങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അണിനിരക്കും. ആ ദൃശ്യവിരുന്ന് ആസ്വദിക്കാന്‍  വലിയൊരു ജനാവലി, ജാതിമതവര്‍ഗ്ഗഭേദമന്യേ റോഡിന്റെ ഇരുവശത്തും തിങ്ങിനിറയും. അതിനിടയില്‍ ധാരാളം വിശിഷ്ട വ്യക്തികളും പ്രത്യേക പവിലിയനില്‍ ഒത്തുകൂടും. ഇത് സുഗമമായി പൂര്‍ത്തിയാക്കുക പൊലീസിനൊരു തലവേദനയാണ്. സര്‍ക്കാര്‍ സംവിധാനത്തിന്റെ പല വിഭാഗങ്ങളും ഏറെ പാടുപെട്ടാണ് എല്ലാം ഒരുക്കുന്നത്.
 
പ്രസിദ്ധമായ ഓണം ഘോഷയാത്ര ഞങ്ങള്‍ തടയും എന്ന് ആദിവാസി സമരനേതാക്കള്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരമ്പരാഗത രീതിയൊക്കെ വിട്ട് അല്പം സാഹസികം എന്ന് തോന്നാവുന്ന തീരുമാനം. സമരക്കാരുടെ പിന്നില്‍ നക്സലൈറ്റുകളാണ്, തീവ്രവാദികളാണ്, വിദേശ കരങ്ങളാണ് എന്നൊക്കെ ചില കിംവദന്തികള്‍ ഉണ്ടായിരുന്നു. പിന്നില്‍ ആരായിരുന്നാലും മുന്നില്‍, സി.കെ. ജാനു തന്നെയായിരുന്നു; ഒപ്പം ഗീതാനന്ദനും. സാഹസികമായ ഈ തീരുമാനം നടപ്പായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും എന്നു വ്യക്തമായിരുന്നു. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ജനകീയമായ ഓണാഘോഷം അലങ്കോലപ്പെട്ടാല്‍ ഗവണ്‍മെന്റ് ജനങ്ങളുടെ മുന്നില്‍ കടുത്ത പ്രതിരോധത്തിലാകും. സംസ്ഥാന പൊലീസിന്റെ ഗുരുതരമായ പരാജയമായിട്ടും അത് വ്യാഖ്യാനിക്കപ്പെടും. പക്ഷേ, സമരക്കാരുടെ ഭാഗത്തുനിന്ന് ഒരു മാറ്റവും കണ്ടില്ല. പ്രധാനപ്പെട്ട ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും സമരത്തില്‍ പങ്കാളി ആയിരുന്നില്ല. അതിനാല്‍ ആ നിലയില്‍ അനുനയശ്രമങ്ങള്‍ക്കുള്ള സാധ്യത ഉണ്ടായിരുന്നില്ല. പാര്‍ട്ടികള്‍ക്ക് അതീതമായ കുറെ പൊതുപ്രവര്‍ത്തകരുടേയും ബുദ്ധിജീവികളുടേയും ധാര്‍മ്മികമായ പിന്തുണ സമരത്തിനുണ്ടായിരുന്നു. സമസ്ത ജനങ്ങളും ഓണാഘോഷത്തിന്റെ ആലസ്യത്തില്‍ ആയിരുന്നതിനാലാകാം ആദിവാസി സമരനേതാക്കളുടെ ഭീഷണിയും പ്രത്യാഘാതങ്ങളും പൊതുമണ്ഡലത്തില്‍ വലിയ ചര്‍ച്ചയായില്ല. തലസ്ഥാനത്ത് സാധാരണക്കാരുടെ കഠിനരോഷം ക്ഷണിച്ചുവരുത്താനിടയുള്ള സാഹസിക തീരുമാനം സമരക്കാര്‍ അവസാന നിമിഷം ഒഴിവാക്കും എന്നും പ്രതീക്ഷിച്ചു. ഓണാഘോഷ സമയത്തെ ക്രമസമാധാനപാലനത്തിന്റെ ദൈനംദിന തിരക്കില്‍, ഘോഷയാത്ര തടയാനുള്ള സമരക്കാരുടെ നീക്കത്തെ ചെറുക്കുന്നതില്‍ സൂക്ഷ്മമായ തയ്യാറെടുപ്പ് നടത്തി എന്ന് ഞങ്ങള്‍ക്കും പറയാനാകില്ല.

ആദിവാസി സമരക്കാരെല്ലാം കേന്ദ്രീകരിച്ചിരുന്നത് സെക്രട്ടേറിയേറ്റിനു മുന്നിലായിരുന്നു. ഓണാഘോഷത്തിന്റെ പരിസമാപ്തി കുറിക്കുന്ന ഘോഷയാത്ര കവടിയാര്‍ മുതല്‍ മ്യൂസിയം കഴിഞ്ഞ് സെക്രട്ടേറിയേറ്റിനു മുന്നിലൂടെ, കിഴക്കേക്കോട്ട ഭാഗത്തേയ്ക്ക് പോകേണ്ടതാണല്ലോ. സമരക്കാര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് ഘോഷയാത്രയുടെ വഴിയില്‍ തടസ്സമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കില്ല എന്നു തോന്നി. കാരണം, റോഡിനിരുവശവും തിങ്ങിനില്‍ക്കുന്ന ജനങ്ങള്‍ അവര്‍ക്കെതിരായി തിരിയും. ആ നിലയ്ക്ക് അങ്ങനെ തടസ്സം സൃഷ്ടിക്കുന്ന സമരക്കാരെ, കൃത്യമായ പൊലീസ് വിന്യാസത്തിലൂടെ വേഗത്തില്‍ നേരിടാനാകും. ഒരുപക്ഷേ, മ്യൂസിയത്തിനടുത്തുള്ള വി.ഐ.പി. പവിലിയന്‍ പരിസരത്ത് ചെറുസംഘങ്ങള്‍ മുദ്രാവാക്യം വിളിയുമായി റോഡിലിറങ്ങിയാല്‍, അല്പം മാധ്യമശ്രദ്ധ അതിനു കിട്ടും. അതിനപ്പുറം അത് നേരിടാന്‍ പൊലീസുകാര്‍ക്ക് ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരില്ല. പക്ഷേ, പ്രശ്‌നം സെക്രട്ടേറിയേറ്റാണ്. അതിനു മുന്നിലൂടെയാണ് ഓണം ഘോഷയാത്ര കടന്നുപോകേണ്ടത്. അവിടെയാണ് നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്നത്. അവരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും എല്ലാം ഉണ്ടായിരുന്നു. എല്ലാപേരുംകൂടി സംഘടിതമായി ഘോഷയാത്ര തടയാന്‍ മുന്നിട്ടിറങ്ങിയാല്‍ അവരെ നീക്കം ചെയ്യുക എളുപ്പമല്ല. അതോടെ ഘോഷയാത്ര, പിന്നോട്ട് വി.ഐ.പി. പവിലിയന്‍ ഉള്‍പ്പെടെ തുടക്കം വരെ എല്ലാം നിശ്ചലമാകും. ഘോഷയാത്ര കാണാന്‍ നിറഞ്ഞുനില്‍ക്കുന്ന ജനങ്ങള്‍ അക്ഷമരാകും. സംഘര്‍ഷം പൊലീസ് ബലപ്രയോഗത്തിലേയ്ക്ക് നീങ്ങിയാല്‍ സമരക്കാരും കാഴ്ചക്കാരും എവിടെ എങ്ങനെയൊക്കെ പ്രതികരിക്കും എന്നു ചിന്തിക്കാനാകില്ല. അങ്ങനെ കണക്കുകൂട്ടി സെക്രട്ടേറിയേറ്റ് പരിസരത്തുനിന്നും മുഴുവന്‍ സമരക്കാരേയും ഘോഷയാത്ര തുടങ്ങും മുന്‍പേ നീക്കം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതിന്റെ പേരില്‍ ചെറിയ ഉന്തും തള്ളും ഒക്കെയുണ്ടാവുകയാണെങ്കില്‍ അതു നേരിടാം. മറിച്ചായാല്‍ ജനനിബിഡമായ തലസ്ഥാന നഗരം മുഴുവന്‍ അരാജകത്വത്തിലേയ്ക്കും അക്രമത്തിലേയ്ക്കും കൂപ്പുകുത്തും. 

എകെ ആന്റണി
എകെ ആന്റണി

ശ്രദ്ധയോടെ ഒഴിവാക്കിയ സംഘര്‍ഷം

പക്ഷേ, ഘോഷയാത്രാദിവസം ഉച്ച ആയതോടെ ഞങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ തുടങ്ങി. ഞാന്‍  സെക്രട്ടേറിയേറ്റിനു സമീപമുള്ള സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വന്നു. കമ്മിഷണര്‍ രാജന്‍സിംഗും അസിസ്റ്റന്റ് കമ്മിഷണര്‍ വില്‍സണ്‍ കെ. ജോസഫും  അവിടെയുണ്ടായിരുന്നു. ഘോഷയാത്ര തുടങ്ങാന്‍ ഏതാണ്ട് മൂന്നു മണിക്കൂര്‍ ബാക്കിയുണ്ട്. സെക്രട്ടേറിയേറ്റ് പരിസരത്തെ സമരക്കാരെ ഉടന്‍  നീക്കം ചെയ്യാം എന്ന ധാരണയുമായി മുന്നോട്ടുപോയി. ആദ്യം അസിസ്റ്റന്റ് കമ്മിഷണര്‍ വില്‍സണ്‍ കെ. ജോസഫ് സമരപ്പന്തലിന്റെ അടുത്തേയ്ക്കു പോയി. അദ്ദേഹം പരിചയസമ്പന്നനും പ്രാപ്തനുമായിരുന്നു. അനാവശ്യ ബലപ്രയോഗം ഒഴിവാക്കി സമാധാനത്തിലൂടെ സമരക്കാരെ നീക്കം ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. തികച്ചും അനിവാര്യമായി വരികയാണെങ്കില്‍ മാത്രം ഏറ്റവും മിതമായ ബലപ്രയോഗം എന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍. അസിസ്റ്റന്റ് കമ്മിഷണര്‍ സ്ഥലത്തെത്തിയെങ്കിലും നീക്കം ചെയ്യല്‍ നടന്നില്ല. അല്പസമയം കഴിഞ്ഞപ്പോള്‍ കമ്മിഷണര്‍ രാജന്‍സിംഗും പ്രശ്‌നസ്ഥലത്തേയ്ക്ക് പോയി. ഇതിനിടെ വില്‍സണ്‍ എന്നെ ബന്ധപ്പെട്ടു. ''സാര്‍, ബലപ്രയോഗത്തിലേയ്ക്ക് പോയാല്‍, നമ്മള്‍ വിചാരിക്കുന്നിടത്ത് അത് നില്‍ക്കില്ല, വലിയ പ്രശ്‌നമാകും.'' കൃത്യതയോടെ അദ്ദേഹം പറഞ്ഞു. സംഘര്‍ഷ മേഖലകളില്‍ ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പൊലീസ്, പട്ടാളത്തിലേതുപോലെ അധികാരശ്രേണിയുടെ ആജ്ഞയനുസരിച്ച് യാന്ത്രികമായി കൃത്യനിര്‍വ്വഹണം നടത്തുന്നത് ചിലപ്പോള്‍ വലിയ ദുരന്തം സൃഷ്ടിക്കും. പട്ടാളം നേരിടുന്നത് ശത്രു സൈന്യത്തെയാണ്; പൊലീസിനു മുന്നില്‍ ജനങ്ങളാണ്. അസിസ്റ്റന്റ് കമ്മിഷണറോട് ഞാനും ഉടന്‍ അങ്ങോട്ട് വരാം എന്നു പറഞ്ഞു. അവിടെ ചെല്ലുമ്പോള്‍ സംഘര്‍ഷം മുറ്റിനില്‍ക്കുന്ന അന്തരീക്ഷം. ഒരേറ്റുമുട്ടല്‍ ഏതു നിമിഷവും പ്രതീക്ഷിച്ചു നില്‍ക്കുകയാണ് സമരക്കാര്‍. ആദിവാസി സമരത്തിന്റെ ഭാഗമാണോ അല്ലയോ എന്നു വ്യക്തമല്ലാത്ത ഒരുകൂട്ടം ബുദ്ധിജീവികളേയും അവിടെ കണ്ടു. അനുനയശ്രമത്തിലൂടെ കഴിയുന്നത്ര സമാധാനപരമായി സമരക്കാരെ നീക്കം ചെയ്യുന്നതിനെ എതിര്‍ത്ത് മുന്നോട്ടു വന്ന് സംസാരിച്ചത് ഈ ബുദ്ധിജീവി സംഘമായിരുന്നു. സമാധാനപരമായി മുദ്രാവാക്യം വിളിക്കുന്ന സമരക്കാരെ എന്തിന് ഇപ്പോള്‍ പൊലീസ് നീക്കം ചെയ്യണം? ചോദ്യം ബുദ്ധിപൂര്‍വ്വമാണ്. ഓണത്തിന്റെ പരിസമാപ്തി കുറിക്കുന്ന ഘോഷയാത്ര അവര്‍ തടയില്ലേ എന്നു ചോദിച്ചാല്‍ അതപ്പോഴല്ലേ എന്നാണ് മറുപടി. 

ചുറ്റും നോക്കിയപ്പോള്‍ രണ്ടുകാര്യങ്ങള്‍ മനസ്സില്‍ പതിഞ്ഞു. ഒന്ന്, തലസ്ഥാന നഗരം അന്നുവരെ കണ്ടിട്ടില്ലാത്തത്ര മാധ്യമ സാന്നിദ്ധ്യം. കേരളത്തിലന്ന് ചാനലുകള്‍ കുറവായിരുന്നു. പക്ഷേ, ഒരുപാട് ടി.വി ക്യാമറകളും ഫോട്ടോഗ്രാഫര്‍മാരും അവിടെയുണ്ടായിരുന്നു. കേരളത്തിനു പുറത്തുനിന്നുള്ളവരും ദേശീയ മാധ്യമം എന്നു വിളിക്കുന്നവരും എല്ലാം സജീവം. അവര്‍ ഓണം കാണാന്‍ വന്നവരല്ലെന്നു വ്യക്തം. സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാന്‍ നടത്തുന്ന പൊലീസ് ശ്രമത്തിന്റെ ഓരോ അംശവും ദൃശ്യമാധ്യമങ്ങള്‍ പിടിച്ചെടുക്കും. അതിനെ നിയമപരമായി പ്രതിരോധിക്കാം; പ്രശ്‌നമതല്ല. അത്രയേറെ ആദിവാസി പ്രക്ഷോഭകരെ അവരുടെ സഹകരണമില്ലാതെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കുക അത്യന്തം ശ്രമകരമാണ്. അത് രൂക്ഷമായ ഏറ്റുമുട്ടലിനും രക്തച്ചൊരിച്ചിലിനും ഇടയാക്കും. ആദിവാസി സമരക്കാര്‍ ചട്ടപ്പടി സമരക്കാരല്ല. സ്വന്തം ജീവിതപ്രശ്നമാകുമ്പോള്‍ അതിന്റെ വൈകാരികതലം മറ്റൊന്നാണ്.  ഏതാണ്ട് ഭൂതാവിഷ്ടരെപ്പോലെ എന്തിനും അവര്‍ തയ്യാറാകും. അങ്ങനെ ചില ചെറിയ ഗ്രൂപ്പുകളെ ഡി.സി.പി. ആയിരുന്നപ്പോള്‍ അതേ സ്ഥലത്ത്  അഭിമുഖീകരിച്ചു ബുദ്ധിമുട്ടിയ അനുഭവം എനിക്കുണ്ട്. പിന്നീട് അതുവഴി പോകേണ്ടുന്ന ഘോഷയാത്രയുടെ പേരില്‍ വലിയൊരു പൊലീസ് ബലപ്രയോഗം എങ്ങനെ ന്യായീകരിക്കും? പൊലീസ് നടപടി ഓണാഘോഷം അലങ്കോലമാക്കി എന്ന ആക്ഷേപം ഉയരും. അതെല്ലാം കേരളത്തിനകത്തും പുറത്തും പൊലീസിനും സര്‍ക്കാരിനും ബുദ്ധിമുട്ടുള്ള സാഹചര്യം സൃഷ്ടിക്കും; അങ്ങനെ പോയി എന്റെ ചിന്തകള്‍. ആ ഘട്ടത്തില്‍ സൗത്ത് സോണ്‍ ഐ.ജി രാജീവന്‍ സാര്‍ എന്നെ മൊബൈലില്‍ വിളിച്ചു.  സമരക്കാരെ നേരത്തെ നീക്കം ചെയ്യുന്നതായിരിക്കും ഉത്തമം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ക്രമസമാധാന പാലനത്തില്‍ ധാരാളം അനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. മേലുദ്യോഗസ്ഥനെന്ന നിലയില്‍ ഐ.ജി തന്റെ ചിന്താഗതി എന്റെ മേല്‍ അടിച്ചേല്‍പ്പിച്ചില്ല. സമരക്കാരെ മുന്‍കൂട്ടി നീക്കം ചെയ്യാതിരിക്കുന്നതിലൂടെ ഒരപകടമല്ലേ പൊലീസ് എടുക്കുന്നത് എന്ന ചിന്തയും അതിന്റെ പാപഭാരം എന്റെ തലയില്‍ വരും എന്ന ഉല്‍ക്കണ്ഠയും അദ്ദേഹത്തിനുണ്ടായിരുന്നു. അന്നത്തെ ഡി.ജി.പി ഡോസണ്‍ സാറാകട്ടെ, ഇതിലൊന്നും ഇടപെട്ടില്ല. 

സികെ ജാനുവും ​ഗീതാനന്ദനും
സികെ ജാനുവും ​ഗീതാനന്ദനും

സമരക്കാരെ മുന്‍കൂട്ടി നീക്കം ചെയ്യാനുള്ള തീരുമാനം മാറ്റിയതോടെ സംഘര്‍ഷം അയഞ്ഞു. ഓണം ഘോഷയാത്ര സെക്രട്ടേറിയേറ്റിനു മുന്നില്‍ വരുമ്പോള്‍ സമരക്കാര്‍ റോഡിലിറങ്ങി തടസ്സപ്പെടുത്തുന്നത് എങ്ങനെ പരാജയപ്പെടുത്താം എന്നായി അടുത്ത ആലോചന. അവരെ സമരപ്പന്തലിലും തൊട്ടുമുന്നിലുള്ള റോഡിലുമായി ബ്ലോക്ക് ചെയ്തു നിര്‍ത്തിയേ പറ്റൂ. അതിനായി കൂടുതല്‍ പൊലീസ് വേണം. സിറ്റിയുടെ പല ഭാഗത്തുനിന്നും കൂടുതല്‍ പൊലീസിനെ പെട്ടെന്ന് വരുത്തി. വിഴിഞ്ഞത്ത് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായിട്ടുള്ള 'നോമാന്‍സ് ലാന്റി'ല്‍ നിന്ന് ഉള്‍പ്പെടെ പൊലീസെത്തി. സമരക്കാരുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടായാലും സംയമനമാണ് നമ്മുടെ ആയുധം എന്ന സന്ദേശം മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. സമരക്കാരെ പൊലീസ് വലയത്തിനുള്ളില്‍ നിര്‍ത്താന്‍ ഉതകുന്ന രീതിയില്‍ വലിയ പൊലീസ് വാഹനങ്ങളും റോഡില്‍ നിരത്തിയിട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ നിരനിരയായി സമരക്കാര്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചു. ഞാനും പൊലീസ് കമ്മിഷണറും അസിസ്റ്റന്റ് കമ്മിഷണറും എല്ലാം മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഓണാഘോഷയാത്ര സെക്രട്ടേറിയേറ്റിനടുത്ത് എത്തിയപ്പോള്‍ സമരക്കാര്‍ മുന്നോട്ടുവന്ന് പൊലീസ് വലയം ഭേദിക്കാന്‍ ശ്രമിച്ചു. നിരനിരയായി നിന്ന പൊലീസ് സംഘത്തെ ബലം പ്രയോഗിച്ച് തള്ളിമാറ്റുക അത്ര എളുപ്പമായിരുന്നില്ല. തികഞ്ഞ സംയമനം പാലിച്ചുകൊണ്ട് പൊലീസുകാരും ശക്തിയായി അതിനെ ചെറുത്തു. സമരക്കാരുടേയും പൊലീസിന്റേയും കായികശക്തിയുടെ ബലാബല പരീക്ഷണമായി അതു മാറി. അതിനിടയില്‍ ഘോഷയാത്രയുടെ ഏറ്റവും മുന്നിലുള്ള ഫ്‌ലോട്ടുകള്‍ തടസ്സപ്പെടാതെ സമരപ്പന്തല്‍ കടന്നു. തങ്ങളുടെ ലക്ഷ്യം സഫലമാകാതായപ്പോള്‍ സമരക്കാര്‍ ഈറ്റപ്പുലികളെപ്പോലെ മുന്നോട്ടുവന്ന് ഞങ്ങളെ തള്ളിമാറ്റാന്‍ ശ്രമിച്ചു. അവരെ തടഞ്ഞുനിര്‍ത്താന്‍ പൊലീസ് ഏറെ പണിപ്പെട്ടു. പല ഘട്ടങ്ങളിലും വലിയ പ്രകോപനമുണ്ടായി. ഈ നില എത്രനേരം പിടിച്ചുനിര്‍ത്താനാകും എന്നതില്‍ ആര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല. സംഘര്‍ഷം അസഹ്യമായ പല ഘട്ടങ്ങളിലും അസിസ്റ്റന്റ് കമ്മിഷണര്‍ വിത്സണ്‍ എന്നെ നോക്കി. അതിന്റെ അര്‍ത്ഥം ഞങ്ങള്‍ രണ്ടുപേര്‍ക്കും മനസ്സിലായി. ഈ നില തുടര്‍ന്നുപോകണമോ അതോ ബലം പ്രയോഗിച്ച് പിരിച്ചു വിടുന്നതല്ലേ ആശാസ്യം എന്നാണ് ചോദ്യം.  വരട്ടെ, വരട്ടെ; അല്പം കൂടി നമുക്ക് പിടിച്ചുനില്‍ക്കാം എന്നായിരുന്നു കഥകളിമുദ്രയില്‍ എന്റെ മറുപടി. എടുത്തുപറയേണ്ടുന്ന കാര്യം പൊലീസുകാര്‍ പ്രകടിപ്പിച്ച അച്ചടക്കവും സംയമനവുമാണ്. സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ പലപ്പോഴും ഏതെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് അക്രമോത്സുകതയോടെ പെരുമാറുന്നത് ലാത്തിച്ചാര്‍ജ്ജിലേയ്ക്കും മറ്റും മാറിയ അവസ്ഥ എനിക്കറിയാം. ഇവിടെ അതുണ്ടായില്ല. വലിയ പ്രകോപനത്തിനു മുന്‍പില്‍ മണിക്കൂറുകളോളം സംഘര്‍ഷം നേരിടേണ്ടിവന്നിട്ടും പൊലീസുകാര്‍ സംയമനം പാലിച്ചു. ലാത്തിച്ചാര്‍ജ്ജും വെടിവെയ്പും നടത്തി സംഘര്‍ഷസാഹചര്യങ്ങള്‍ നേരിടുന്നതിനേക്കാള്‍ വലിയ വെല്ലുവിളിയാണത്. സമയം കഴിയുന്തോറും ഘോഷയാത്ര തടസ്സപ്പെടാതെ മുന്നോട്ടു നീങ്ങി. തങ്ങളുടെ ലക്ഷ്യം പരാജയപ്പെടുകയാണെന്ന അറിവ് സമരക്കാരെ ക്രമേണ നിരാശരാക്കി. അതേസമയം ഏതു നിമിഷവും 'അടിപൊട്ടും' എന്നു തോന്നിയെങ്കിലും സംയമനം പാലിച്ച് പിടിച്ചുനിന്ന പൊലീസിന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ലാത്തിച്ചാര്‍ജ്ജിലേയ്ക്ക് നീങ്ങാതെ ഓണം ഘോഷയാത്ര പൂര്‍ത്തിയാക്കാനാകും എന്ന് ഞങ്ങള്‍ക്കു കൂടുതല്‍ ബോദ്ധ്യപ്പെട്ടു. അതുതന്നെ സംഭവിച്ചു. ഏതാണ്ട് മൂന്നു മണിക്കൂര്‍ നീണ്ട ബലാബലത്തിനൊടുവില്‍ ഘോഷയാത്രയുടെ വാലറ്റവും സെക്രട്ടേറിയേറ്റിലെ സമരപ്പന്തല്‍ കടന്ന് സുഗമമായി മുന്നോട്ടുപോയി. അപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്ക് ശ്വാസം വീണത്. ഇനി സ്ഥലം വിടാം എന്നു കരുതി, വാഹനത്തിലേയ്ക്ക് നീങ്ങുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. മുഖ്യമന്ത്രി എ.കെ. ആന്റണി ആയിരുന്നു മറ്റേ തലയ്ക്കല്‍. അവിടെ നടന്നതെല്ലാം അദ്ദേഹം കൃത്യമായി മനസ്സിലാക്കിയിരുന്നു. മിതഭാഷിയായ മുഖ്യമന്ത്രി അഭിനന്ദിച്ചപ്പോള്‍, യുവാവായ പൊലീസ് കമ്മിഷണറും മുഴുവന്‍  ഉദ്യോഗസ്ഥരും നന്നായി പ്രവര്‍ത്തിച്ച കാര്യം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ആദിവാസികളുടെ നേരെ ബലപ്രയോഗം ഒഴിവായതില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാല്‍, സമരക്കാരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ അരങ്ങേറിയ ഒരു സംഭവം പിന്നീട് അറിഞ്ഞപ്പോള്‍ എനിക്ക് വലിയ ദുഃഖവും അമര്‍ഷവും തോന്നി. ഞങ്ങളില്‍നിന്നും അല്പം അകലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ സാരി ചില സമരക്കാര്‍ വലിച്ചഴിച്ച സംഭവം ഉണ്ടായി. സമരക്കാരുടെ ഇടയില്‍ ഉന്തിലും തള്ളിലും തന്നെ ആയിരുന്ന ഞാനത് കണ്ടില്ല. തുടക്കത്തില്‍ അനുനയത്തിലൂടെ സമരക്കാരെ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഘോരഘോരം ഞങ്ങളോട് തര്‍ക്കിച്ച മിക്ക ബുദ്ധിജീവികളേയും സംഘര്‍ഷം തീവ്രമായപ്പോള്‍ കണ്ടില്ലല്ലോ എന്ന് വില്‍സണ്‍ എന്നോട് പറഞ്ഞു. ബുദ്ധിജീവികള്‍ അങ്ങനെയാണ്; എവിടെ എപ്പോള്‍ പ്രത്യക്ഷപ്പെടണം, എപ്പോള്‍ ശബ്ദിക്കണം, എപ്പോള്‍ സ്ഥലം കാലിയാക്കി നിശ്ശബ്ദത പാലിക്കണം എന്നൊക്കെ കൃത്യമായി അവര്‍ക്കറിയാം. നല്ല ബുദ്ധിയാണ്. 

ഘോഷയാത്ര തടഞ്ഞുള്ള സമരം അവസാനിച്ച ശേഷം കുടില്‍കെട്ടി സമരം എന്നൊരു പുതിയ രീതി അവരവലംബിച്ചു. സെക്രട്ടേറിയേറ്റ് പരിസരത്തെ ഈ ഏര്‍പ്പാടിനെതിരെ ധാരാളം ശബ്ദമുയര്‍ന്നു. അത് നീക്കം ചെയ്യണമെന്നുള്ള സമ്മര്‍ദ്ദം പൊലീസിനുമേലുണ്ടായി. സമരക്കാരുടെ ഇടയില്‍ പല തീവ്ര ചിന്താഗതിക്കാരും കടന്നുകൂടിയിട്ടുണ്ടെന്നും സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചുവരെ പൊലീസ് നടപടിയെ ചെറുക്കുവാനിടയുണ്ടെന്നും ഉള്ള കിംവദന്തികള്‍ അന്നുണ്ടായിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയായിരുന്നു. അനുരഞ്ജനചര്‍ച്ചകള്‍ പരിഹാരമില്ലാതെ നീണ്ടുപോയപ്പോള്‍ കുടിലുകള്‍ നീക്കം ചെയ്യാന്‍ പൊലീസ് നടപടി വേണ്ടിവന്നേക്കും എന്ന പ്രതീതി ഉണ്ടായി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി എ.കെ. ആന്റണി നേരിട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ നിരവധി അവലോകന യോഗങ്ങള്‍ നടത്തിയിരുന്നു. സമരക്കാരുടെ രീതികള്‍ അല്പം അതിരുകടന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നുവെങ്കിലും  സമാധാന വഴിയില്‍ അത് അവസാനിക്കണം എന്ന അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യം വിജയിച്ചത് പൊലീസിനും വലിയ ആശ്വാസമായി. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, സുഗതകുമാരി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി പല വ്യക്തിത്വങ്ങളും പ്രശ്‌നപരിഹാരത്തിനുള്ള പരിശ്രമങ്ങളില്‍ പങ്കാളികളായി. ഏറെ അസാധാരണത്വവും അല്പം അതിസാഹസികത്വവും നിറഞ്ഞുനിന്ന തലസ്ഥാനത്തെ ആദിവാസി സമരം വലിയ വിജയമായിരുന്നു. ജനാധിപത്യപരമായി, വലിയ സമാധാന ലംഘനമില്ലാതെ അതവസാനിപ്പിക്കുന്നതില്‍ പൊലീസും ഒരു പങ്കു വഹിച്ചു എന്നാണെന്റെ വിശ്വാസം.

രണ്ടു വര്‍ഷം കഴിയും മുന്‍പ്, ഞാന്‍ ഹൈദ്രാബാദില്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുമ്പോള്‍ ഒരു പൊലീസുകാരന്റേയും ഒരു ആദിവാസിയുടേയും ജീവന്‍ നഷ്ടപ്പെട്ട മുത്തങ്ങ വാര്‍ത്ത അവിടെ എത്തി. വലിയ ദുഃഖം തോന്നി. അസാധാരണത്വം നിറഞ്ഞ തലസ്ഥാനത്തെ സമരം ദുരന്തമായി പര്യവസാനിക്കാതിരുന്നത് ഭാഗ്യം കൊണ്ടുകൂടിയാണെന്ന് അപ്പോള്‍ മനസ്സില്‍ തോന്നി.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com