കാള്‍സ്റൂഹ് എഫ്.സിയിലെ വിഖ്യാത മൂവര്‍ സംഘം; ദൈവവും പിന്നെ ഹിറ്റ്ലറും അവര്‍ക്കു കല്പിച്ചത് വ്യത്യസ്ത വേഷങ്ങളായിരുന്നു...

കാള്‍സ്റൂഹ് എഫ്.സിയിലെ വിഖ്യാത മൂവര്‍ സംഘം; ദൈവവും പിന്നെ ഹിറ്റ്ലറും അവര്‍ക്കു കല്പിച്ചത് വ്യത്യസ്ത വേഷങ്ങളായിരുന്നു...

1912 ജൂലായ് ഒന്നിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നടന്ന മത്സരത്തില്‍ ജര്‍മനി റഷ്യയെ 16-0 എന്ന സ്‌കോറിനു തോല്‍പ്പിച്ചിട്ടുണ്ട്

ഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഫുട്ബോളില്‍ ഏറ്റവും ഞെട്ടിച്ച മത്സരഫലം ഏതാണെന്നു ചോദിച്ചാല്‍ അത് 2014-ലെ ലോകകപ്പില്‍ ജര്‍മനിയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴുള്ളതാണെന്നു പറയാം. ബ്രസീലിനേറ്റ തോല്‍വിയല്ല, മറിച്ച് സ്‌കോര്‍ ബോര്‍ഡിലെ 7-1 എന്ന് അക്കങ്ങളാണ് ഞെട്ടിച്ചത്. 

ബ്രസീലിനെതിരെ വിജയിച്ചപ്പോള്‍ ജര്‍മനിയുടെ ഏറ്റവും വലിയ വിജയമാണോ ഇതെന്നാണ് ആദ്യം പരതിയത്. വിക്കിപീഡിയ നല്‍കിയത് മറ്റൊരു മത്സരത്തിന്റെ വിവരമാണ്. 1912 ജൂലായ് ഒന്നിന് സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ നടന്ന മത്സരത്തില്‍ ജര്‍മനി റഷ്യയെ 16-0 എന്ന സ്‌കോറിനു തോല്‍പ്പിച്ചിട്ടുണ്ട്. 

അത് ഒരു ഒളിമ്പിക്‌സ് മത്സരമായിരുന്നു. എന്നാല്‍, മെഡല്‍ കിട്ടുന്ന മത്സരവിഭാഗത്തില്‍പ്പെട്ടതല്ല. പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്റില്‍നിന്ന് ആദ്യ രണ്ട് റൗണ്ടില്‍ പുറത്തായ ഏഴ് ടീമുകള്‍ക്കുവേണ്ടി നടത്തിയ പ്രത്യേക കളികളില്‍പ്പെട്ടവയായിരുന്നു അത്. എങ്കിലും ഗോളുകളുടെ എണ്ണക്കൂടുതല്‍കൊണ്ട് ഈ കളി ശ്രദ്ധിക്കപ്പെട്ടു. ജര്‍മനിയുടെ 16-ല്‍ 10 ഗോളുകളും നേടിയത് ഒരു കളിക്കാരനായിരുന്നു: ഗോട്ട്‌ഫ്രേ ഫുക്‌സ്.

ഫുക്‌സ് എന്നാല്‍ കുറുക്കന്‍ എന്നാണര്‍ഥം. ഫോക്‌സ് എന്നതിന്റെ ജര്‍മന്‍ ഭാഷാന്തരം. ഗോട്ട്ഫ്രേയുടെ കുടുംബം വലിയ മരവ്യാപാരികളായിരുന്നു. വുഡ് ഫോക്‌സസ് എന്നാണ് അവരറിയപ്പെട്ടിരുന്നത്. പിന്നീടിത് കുടുംബപ്പേരായി മാറിയതാകാം. അന്ന് ജര്‍മനിയിലെ തന്നെ വലിയ ധനിക കുടുംബങ്ങളിലൊന്നാണ് ഫുക്‌സ്. 46000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഫാക്ടറി അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നു. ഗോട്ട്‌ഫ്രേ പിന്നീട് ഒന്നാം ലോകമഹായുദ്ധത്തില്‍ ജര്‍മനിക്കുവേണ്ടി യുദ്ധക്കളത്തിലിറങ്ങി മികച്ച യോദ്ധാവിനുള്ള മെഡലും നേടി. വലിയ ഫുട്ബോള്‍ താരം, ധനികന്‍, യുദ്ധനായകന്‍... പ്രശസ്തനായി ജീവിക്കാന്‍ വേണ്ട എല്ലാമുണ്ടായിരുന്നെങ്കിലും അയാള്‍ക്ക് 48-ാം വയസ്സില്‍ രാജ്യം വിടേണ്ടിവന്നു. കാരണം ഗോട്ട്‌ഫ്രേ ഫുക്‌സ് ഒരു ജൂതനായിരുന്നു.

ഫുക്‌സിനു നാടുവിടേണ്ടിമാത്രമേ വന്നുള്ളൂ. എന്നാല്‍, ജൂലിയസ് ഹെര്‍ഷിനു തന്റെ ജീവന്‍ തന്നെ നഷ്ടമായി. ഹെര്‍ഷ് ആയിരുന്നു ജര്‍മനിക്കുവേണ്ടി കളിച്ച ആദ്യ ജൂതന്‍. രണ്ടാമനായാണ് ഫുക്‌സ് എത്തുന്നത്. ഒരു കളിയില്‍നിന്നു നാലുഗോള്‍ നേടുന്ന ആദ്യ ജര്‍മന്‍ താരമെന്ന നേട്ടം ഹെര്‍ഷിനുള്ളതാണ്. ഫുക്‌സിനെപ്പോലെ തന്നെ മെഡല്‍ നേടിയ പട്ടാളക്കാരനായ ഹെര്‍ഷ് എവിടെയോ വെച്ച് മരണപ്പെടുകയായിരുന്നു. കൃത്യമായ തീയതിപോലും അറിയില്ല. കുപ്രസിദ്ധമായ ഓഷ്വിറ്റ്സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോയ ഹെര്‍ഷ് അവിടെയെത്തിയതായും രേഖയില്ല.

ജൂലിയസ് ഹെർഷ്
ജൂലിയസ് ഹെർഷ്

ഫുക്‌സിനെപ്പോലെ ധനികനായിരുന്നില്ല ഹെര്‍ഷ്. ഒരു മധ്യവര്‍ഗ്ഗ കുടുംബം. ചെറിയൊരു കച്ചവടക്കാരനായിരുന്നു ഹെര്‍ഷിന്റെ പിതാവ് ബ്രെതോള്‍ഡ്. 14 പ്രസവങ്ങളില്‍ നിന്നായി ഏഴ് കുട്ടികള്‍ക്കാണ് മാതാവ് എമ്മ ജന്മം നല്‍കിയത്. മറ്റെല്ലാവരും പ്രസവത്തിലേ മരിച്ചു. മാനസികമായി തകര്‍ന്ന എമ്മയ്ക്ക് ആശുപത്രിവാസം പതിവായിരുന്നു. ഏഴ് പേരില്‍ ഏറ്റവും ഇളയവനാണ് ഹെര്‍ഷ്.

ഈ സമയത്ത് 1891-ല്‍ വാള്‍ട്ടര്‍ ബെന്‍സെമാന്റെ നേതൃത്വത്തില്‍ കാള്‍സ്റൂഹര്‍ എഫ്.സി. എന്ന ഫുട്ബോള്‍ ക്ലബ്ബ് ആരംഭിച്ചിരുന്നു. ബെന്‍സെമാനും ഒരു ജൂതനായിരുന്നു. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്റെ രൂപവല്‍ക്കരണത്തിലും ഇന്നും തിളങ്ങിനില്‍ക്കുന്ന കിക്കര്‍ എന്ന സ്പോര്‍ട്സ് പ്രസിദ്ധീകരണത്തിന്റെ സ്ഥാപകനെന്ന നിലയിലും ബെന്‍സെമാന്‍ ഇപ്പോഴും ജര്‍മനിയില്‍ സ്മരിക്കപ്പെടുന്നു.

ഹെര്‍ഷും ഫുക്‌സും കണ്ടുമുട്ടുന്നത് കാള്‍സ്റൂഹര്‍ ക്ലബ്ബില്‍ വെച്ചാണ്. ഹെര്‍ഷ് ക്ലബ്ബില്‍ ചേരുമ്പോള്‍ പത്ത് വയസ്സായിരുന്നു പ്രായം. ഫുക്‌സ് അതിലും ചെറുപ്പത്തില്‍ ക്ലബ്ബിലെത്തി. ബ്ലാക്ക്ബേണ്‍ റോവേഴ്സിനുവേണ്ടി എഫ്.എ. കപ്പ് ഫൈനലില്‍ ഹാട്രിക് അടിച്ച ഇംഗ്ലീഷുകാരന്‍ വില്യം ടൗണ്‍ലീ ആയിരുന്നു കാള്‍സ്റൂഹറിന്റെ പരിശീലകന്‍. 17-ാം വയസ്സില്‍ ഹെര്‍ഷിന് ടൗണ്‍ലീ തന്റെ സീനിയര്‍ ടീമില്‍ ഇടം നല്‍കി. അഞ്ച് മുന്നേറ്റനിരക്കാരെ അണിനിരത്തുന്ന തിരശ്ചീന പിരമിഡ് ശൈലിയിലുള്ള ഫോര്‍മേഷനായിരുന്നു ടൗണ്‍ലീ ഒരുക്കിയിരുന്നത്. ഇടംകാലനടികള്‍ക്ക് വിരുതനായിരുന്നു ഹെര്‍ഷ്. അതിനാല്‍ ഇടത് വിങില്‍ ഹെര്‍ഷിനു സ്ഥാനം ലഭിച്ചു. ജുള്ളര്‍ എന്നായിരുന്നു ഹെര്‍ഷിന്റെ വിളിപ്പേര്. ഹെര്‍ഷും ഫുക്‌സും ഫ്രിറ്റ്സ് ഫോര്‍ഡെററും ചേര്‍ന്ന മൂവര്‍ സംഘത്തിന്റെ ആക്രമണത്തിന്റെ കരുത്തില്‍ കാള്‍സ്റൂഹര്‍ ഏറെ മുന്നേറി. 1910-ലെ ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടിയതോടെ എല്ലാവരും വലിയ താരങ്ങളായി മാറി. 

​ഗോട്ട്ഫ്രേ ഫുക്സ്
​ഗോട്ട്ഫ്രേ ഫുക്സ്

സാമ്പത്തികമായി വലിയ ലാഭമൊന്നും ഫുട്ബോളിലൂടെ ആര്‍ക്കും ലഭിച്ചിരുന്നില്ല. ഓരോ കളികള്‍ക്കും വേണ്ടി നൂറുകണക്കിനു കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ടീമില്‍ കളിക്കുമ്പോഴോ ടീം മാറുമ്പോഴോ പ്രതിഫലം വാങ്ങിക്കുന്നതുപോലും മോശം കാര്യമായിട്ടാണ് കണ്ടിരുന്നത്. 1870-കളിലെ ഇംഗ്ലണ്ടിലെ ഫുട്ബോളിന്റെ കഥ പറയുന്ന ഇംഗ്ലീഷ് ഗെയിം എന്ന നെറ്റ്ഫ്‌ലിക്‌സ് പരമ്പര കണ്ടവര്‍ക്ക് ഇക്കാര്യത്തെക്കുറിച്ച് ഏകദേശ ധാരണയുണ്ടാകും.

ഹെര്‍ഷും ഫുക്‌സും ഇതിനിടയില്‍ പട്ടാളത്തില്‍ ചേര്‍ന്നിരുന്നു. ഒപ്പം ഇരുവര്‍ക്കും ദേശീയ ടീമിലും ഇടം ലഭിച്ചു. ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കു പോകുന്നതുതന്നെ ഏറെ ശ്രമകരമായിരുന്നു. അവസാന നിമിഷത്തിലാണ് അവധി ലഭിക്കുക. ഫുട്ബോള്‍ ഒരു സമയംകൊല്ലി കളിയാണെന്ന ബോധമായിരുന്നു പട്ടാളമേധാവികള്‍ക്കുണ്ടായിരുന്നത്. ഹോളണ്ടുമായുള്ള ജര്‍മന്‍ ടീമിന്റെ മത്സരത്തിനു കാലുപിടിച്ചാണ് ഹെര്‍ഷ് അവധി നേടിയെടുത്തത്. ഒന്‍പതു മണിക്കൂറോളം തീവണ്ടിയില്‍ യാത്രചെയ്തു കളി നടക്കുന്നതിന്റെ തലേദിവസം ഹെര്‍ഷ് ഹോളണ്ടിലെത്തി. പതിനായിരക്കണക്കിനു വരുന്ന ഹോളണ്ടിലെ കാണികള്‍ക്കു മുന്നില്‍ ആതിഥേയര്‍ ആദ്യ ഗോള്‍ നേടി. ഫുക്‌സ് ജര്‍മനിക്കുവേണ്ടി ഗോള്‍ തിരിച്ചടിച്ചു. പിന്നാലെ ഹെര്‍ഷിന്റെ എണ്ണം പറഞ്ഞ രണ്ടു ഗോളെത്തി. എന്നാല്‍, ഡച്ചുകാര്‍ രണ്ട് ഗോള്‍ കൂടിയടിച്ച് 4-3 എന്ന സ്‌കോറിലെത്തിച്ചു. ഒരു സെല്‍ഫ് ഗോള്‍ കൂടി ജര്‍മനിയുടെ വലയില്‍ കയറിയതോടെ ഡച്ച് ആരാധകര്‍ ഗാലറിയില്‍ ആഘോഷം തുടങ്ങി. കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. ഫുട്ബോള്‍ മത്സരം കഴിയാന്‍ എപ്പോഴും അവസാന വിസില്‍ വരെ കാക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഹെര്‍ഷ് ഡച്ച് ആരാധകരെ ഞെട്ടിച്ചു. ഒന്നിനു പിറകെ ഒന്നായി രണ്ടെണ്ണമതാ വലയില്‍. സ്‌കോര്‍ 5-5. കരുത്തരായ ഹോളണ്ടിനെതിരെ ജര്‍മനിക്ക് സമനില. അതോടെ ഹെര്‍ഷ് ജര്‍മനിയുടെ അഭിമാനതാരമായി.

ഒന്നാം ലോകമഹായുദ്ധകാലത്ത് ചെറുപ്പക്കാരെല്ലാം സൈന്യത്തില്‍ ചേര്‍ന്നു. ഹെര്‍ഷും ഫുക്‌സും യുദ്ധക്കളത്തിലും മികച്ച പോരാട്ടമാണ് രാജ്യത്തിനുവേണ്ടി കാഴ്ചവെച്ചത്. അയേണ്‍ ക്രോസെന്ന യുദ്ധമെഡലും ഇരുവരും നേടി. ഗോഡ്ഫ്രേയുടെ സഹോദരന്‍ റിച്ചാര്‍ഡ് ഫുക്‌സും പട്ടാളത്തിലുണ്ടായിരുന്നു. സംഗീത സംവിധായകനായും ആര്‍ക്കിടെക്ടായും പേരെടുത്ത റിച്ചാര്‍ഡിനും കിട്ടിയിരുന്നു യുദ്ധമെഡല്‍. ഹെര്‍ഷിന്റെ സഹോദരന്‍ ലിയോപോള്‍ യുദ്ധത്തിനിടെ കൊല്ലപ്പെട്ടു.

ലോകം മുഴുവന്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ തീച്ചൂളയില്‍ നില്‍ക്കുമ്പോള്‍ ഫുട്ബോള്‍ മത്സരങ്ങളെന്നത് വല്ലപ്പോഴും നടക്കുന്ന ഒന്നായിരുന്നു. ഹെര്‍ഷ് അക്കാലത്തെ ജര്‍മനിയുടെ വലിയ താരമായിരുന്നെങ്കിലും ആകെ കളിച്ചത് ഏഴ് കളികള്‍ മാത്രമാണ്. ഫുക്‌സാകട്ടെ, ആറും. ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പുകളാണ് അവരെ താരങ്ങളാക്കിയത്. 

1912 ഒളിംപിക്സിൽ പങ്കെടുത്ത ജർമ്മൻ ഫുട്ബോൾ ടീം 
1912 ഒളിംപിക്സിൽ പങ്കെടുത്ത ജർമ്മൻ ഫുട്ബോൾ ടീം 

സാമ്പത്തികമായ ചില നേട്ടങ്ങള്‍ കൂടി പരിഗണിച്ച് ഹെര്‍ഷ് 1913-ല്‍ കാള്‍സ്റൂഹറില്‍നിന്ന് എസ്പിഫ് ഗ്രോയ്ഥര്‍ ഫര്‍ത് എന്ന ക്ലബ്ബിലേക്ക് മാറിയിരുന്നു. തൊട്ടടുത്ത വര്‍ഷം ആ ക്ലബ്ബിനെ ദേശീയ ചാമ്പ്യന്മാരാക്കുന്നതില്‍ ഹെര്‍ഷ് പ്രധാന പങ്കുവഹിച്ചു. 1919-ല്‍ കാള്‍സ്റൂഹറില്‍ തിരിച്ചെത്തി. 1925 വരെ കളിക്കാരനായും പിന്നീട് പരിശീലകനായും അവിടെത്തന്നെ തുടര്‍ന്നു. പട്ടാളത്തില്‍നിന്നു വിരമിച്ചതിനുശേഷം ഫുട്ബോളില്‍ ഹെര്‍ഷ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. കഷണ്ടിയും അല്പം കുടവയറുമായി അയാള്‍ പരിശീലകനായി പേരെടുത്തു തുടങ്ങി. 

രണ്ടാമതൊരു ലോകമഹായുദ്ധത്തിന്റെ അലയൊലികള്‍ അപ്പോഴേക്കും അന്തരീക്ഷത്തില്‍ അലയടിച്ചു തുടങ്ങിയിരുന്നു. 1933-ല്‍ ഹിറ്റ്ലര്‍ ജര്‍മനിയുടെ ചാന്‍സലറായി അധികാരമേറ്റതോടെ ഹെര്‍ഷിന്റേയും ഫുക്‌സിന്റേയും ഒപ്പം ലക്ഷക്കണക്കിനു ജനങ്ങളുടേയും ജീവിതം മാറിമറിഞ്ഞു. 1933 ഏപ്രില്‍ 10-നു പ്രഭാത ദിനപത്രത്തില്‍ കണ്ട വാര്‍ത്ത ഹെര്‍ഷിനെ ഞെട്ടിച്ചു. കായിക ക്ലബ്ബുകളില്‍നിന്ന് ജൂതരെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുമെന്ന ക്ലബ്ബുകളുടെ പ്രസ്താവനയായിരുന്നു അച്ചടിച്ചുവന്നത്. അതോടെ 31 വര്‍ഷത്തോളം താന്‍ അംഗമായ കാള്‍സ്റൂഹെ ക്ലബ്ബില്‍നിന്ന് ഹെര്‍ഷ് രാജിവെച്ചു. ജര്‍മനിയെന്ന രാജ്യത്തിനുവേണ്ടിയും കാള്‍സ്റൂഹര്‍ എന്ന ക്ലബ്ബിനുവേണ്ടിയും ജൂതരൊഴുക്കിയ വിയര്‍പ്പിന്റേയും ത്യാഗത്തിന്റേയും നീണ്ട ചരിത്രം പറഞ്ഞുകൊണ്ടായിരുന്നു ഹെര്‍ഷ് തന്റെ ദീര്‍ഘമായ രാജിക്കത്ത് തയ്യാറാക്കിയത്.

ഹിറ്റ്ലര്‍ അധികാരമേറ്റതു മുതലേ കാര്യങ്ങള്‍ മാറിമറിയുന്നത് ഹെര്‍ഷ് കാണുന്നുണ്ടായിരുന്നു. കാള്‍സ്റൂഹര്‍ നഗരത്തില്‍ ജൂതരുടെ വില്പനശാലകളെ നാസികള്‍ ബഹിഷ്‌കരിച്ചു. ആരും ജൂതരുടെ കടകളില്‍ കയറാതിരിക്കാന്‍ ഭീഷണിയോടെയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

ഹെര്‍ഷിന്റെ ജീവിതം ഗതിമുട്ടിയ അവസ്ഥയിലായി. സഹോദരനൊപ്പം നടത്തിയിരുന്ന കായിക സാമഗ്രികളുടെ കച്ചവടം പൊളിഞ്ഞു. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുമ്പോഴാണ് അപ്രതീക്ഷിതമായി ക്ലബ്ബില്‍നിന്നും രാജിവെയ്‌ക്കേണ്ടിവന്നത്. എങ്കിലും രാജ്യത്തിനുവേണ്ടി പോരാടിയ പട്ടാളക്കാരന്‍ എന്ന നിലയില്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് ഹെര്‍ഷ് കരുതി. ജോലിക്കുവേണ്ടിയുള്ള അലച്ചിലിലായിരുന്നു അയാള്‍. പലവിധ ജോലികള്‍ അയാള്‍ ചെയ്തുനോക്കി. ജൂതനാണെന്ന കാരണത്താല്‍ പലതില്‍നിന്നും പുറത്താക്കപ്പെട്ടു. പല കച്ചവടശ്രമങ്ങളും പരാജയപ്പെട്ടു. 

1912 ഒളിംപിക്സിൽ പങ്കെടുത്ത റഷ്യൻ ഫുട്ബോൾ ടീം 
1912 ഒളിംപിക്സിൽ പങ്കെടുത്ത റഷ്യൻ ഫുട്ബോൾ ടീം 

ഫ്രാന്‍സിലെ പാരീസ് അക്കാലത്ത് ജര്‍മനിയിലെ ജൂതരുടെ വലിയൊരു അഭയസ്ഥാനമായിരുന്നു. ഫുക്‌സ് കുടുംബത്തോടൊപ്പം അവിടേക്കാണ് കുടിയേറിപ്പാര്‍ത്തത്. ഹെര്‍ഷിന്റെ സഹോദരി റോസയും കുടുംബവും അവരുടെ അയല്‍ക്കാരായുണ്ടായിരുന്നു. വല്ല ജോലിയും കിട്ടുമോയെന്നറിയാന്‍ ഹെര്‍ഷ് പാരീസില്‍ കുറേ ചുറ്റിത്തിരിഞ്ഞു. കച്ചവടത്തിലേയും ഫുട്ബോളിലേയും തന്റെ സാമര്‍ത്ഥ്യം പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. അതോടെ ഹെര്‍ഷ് കാള്‍സ്റൂഹിലേക്ക് തിരിച്ച് വണ്ടികയറി. സഹോദരന്‍ വീട്ടിലെത്തിയോ എന്നറിയാന്‍ റോസ ഹെര്‍ഷിന്റെ ഭാര്യ എല്ലനെ വിളിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു കിട്ടിയ മറുപടി. ഹെര്‍ഷിനെ വണ്ടിയില്‍നിന്നു കാണാതായി.

കാള്‍സ്റൂഹറില്‍ ഹെര്‍ഷ് ഇറങ്ങിയിട്ടില്ല. അതോടെ അന്വേഷണമായി. ദിവസങ്ങള്‍ കഴിഞ്ഞു. ഹെര്‍ഷിനെ കണ്ടവരാരുമില്ല. അപ്പോഴേക്കും ജര്‍മനിയില്‍ ജൂതര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചു തുടങ്ങിയിരുന്നു. നൂറുകണക്കിന് ജൂതര്‍ തടങ്കലിലായി. ഹെര്‍ഷിന്റെ കുടുംബം മുഴുവന്‍ അയാള്‍ക്കെന്തു പറ്റിയെന്നറിയാതെ ആകെ പരിഭ്രാന്തരായി. 

ഒരു മാസത്തിനുശേഷം എല്ലന് ഭര്‍ത്താവിനെക്കുറിച്ച് വിവരം ലഭിച്ചു. ഹെര്‍ഷ് ഫ്രാന്‍സില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പാരീസില്‍നിന്നു വണ്ടികയറി പാതിവഴിയിലെത്തിയപ്പോഴേക്കും ഹെര്‍ഷിന്റെ മാനസികനില തെറ്റി. അയാള്‍ ഏറെക്കുറേ ഭ്രാന്തനായി മാറി. തോന്നിയ സ്റ്റേഷനില്‍ അയാള്‍ ഇറങ്ങി. തന്റെ ഭാര്യയും കുട്ടികളും മരിച്ചുപോയെന്ന ചിന്ത എങ്ങനെയോ അയാള്‍ക്കുണ്ടായി. ഒരു കത്തി സംഘടിപ്പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ചോരയൊലിക്കുന്ന കയ്യുമായി അയാളെ ആരോ ആശുപത്രിയിലാക്കിയതായിരുന്നു.
എല്ലന്‍ ഭര്‍ത്താവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മാനസികനിലയില്‍ മാറ്റമില്ലെന്നു വന്നതോടെ മൂന്നുമാസത്തിനുശേഷം ഹെര്‍ഷിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ അതേ വഴിയിലായിരുന്നു ഹെര്‍ഷ് സഞ്ചരിച്ചുകൊണ്ടിരുന്നത്.

ആശുപത്രിയിലെ കടുത്ത ഡോസുള്ള മരുന്നുകളും ഇലക്ട്രിക് ഷോക്കുകളും ഹെര്‍ഷിനെ തളര്‍ത്തി. മണിക്കൂറുകളോളം ബോധം കെട്ടുറങ്ങി. അയാള്‍ക്കെങ്ങനെയെങ്കിലും വീട്ടില്‍ പോകണമെന്നായി. മഴ കോരിച്ചൊരിയുന്ന ഒരു ദിവസം അയാള്‍ അവിടെനിന്നു രക്ഷപ്പെട്ടെങ്കിലും അല്പസമയത്തിനുള്ളില്‍ അയാള്‍ പിടിക്കപ്പെട്ടു. അവസാനം ആറുമാസത്തിനുശേഷം അപകടകാരിയല്ലെന്ന കാരണത്താല്‍ അയാളെ ഡോക്ടര്‍മാര്‍ വീട്ടിലേക്ക് തിരിച്ചയച്ചു. ഹെര്‍ഷ് മടങ്ങിപ്പോയി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് പട്ടാള വണ്ടികള്‍ ആ ആശുപത്രിയിലെത്തി രോഗികളെയെല്ലാം കുപ്രസിദ്ധമായ ഗ്രാഫെനെക് യൂത്തനേഷ്യാ സെന്ററിലെ ഗ്യാസ് ചേമ്പറിലെത്തിച്ച് കൊന്നുകളഞ്ഞത്.

ഹിറ്റ്ലർ
ഹിറ്റ്ലർ

കാള്‍സ്റൂഹിലെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല. തങ്ങളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന ഭീതിയില്‍ അവര്‍ ജീവിച്ചു. അവസാനം അതു സംഭവിച്ചു. കാള്‍സ്റൂഹിലേക്ക് ജൂതരെത്തേടി പട്ടാളവണ്ടി ഇരച്ചെത്തി. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് കൊണ്ടുപോകേണ്ടവരുടെ പട്ടികയുമായാണ് അവര്‍ വന്നത്. ഭാഗ്യവശാല്‍ ഹെര്‍ഷ് കുടുംബം മിഷ്ലിങുകളായിരുന്നു. ഹെര്‍ഷിന്റെ ഭാര്യ എല്ലന്‍ ക്രിസ്ത്യാനിയായതാണ് കാരണം. പകുതി ജൂതരും പകുതി ക്രിസ്ത്യനുമായ മിഷ്ലിങ് കുടുംബങ്ങള്‍ക്ക് നാസിപ്പട ആദ്യഘട്ടത്തില്‍ ചെറിയ 'ഔദാര്യം' നല്‍കി. വലിയ പട്ടണമായിരുന്ന കാള്‍സ്റൂഹിലെ ജനസംഖ്യ വളരെപ്പെട്ടെന്ന് ആയിരമായി കുറഞ്ഞു.

എന്നാല്‍, പട്ടാളം തങ്ങളെത്തേടി വീണ്ടുമെത്തുമെന്ന് ഹെര്‍ഷിന് അറിയാമായിരുന്നു. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗങ്ങള്‍ ഓരോന്നായി അയാള്‍ തേടി. കാള്‍സ്റൂഹിലെ പോസ്റ്റ്മാസ്റ്റര്‍ മെയില്‍ വണ്ടിയില്‍ അയാള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കി. എന്നാല്‍, കുടുംബത്തെ വിട്ട് മറ്റൊരിടത്തേക്ക് ഒറ്റയ്ക്കു പോകാന്‍ അയാള്‍ക്കു മനസ്സ് വന്നില്ല. മറ്റൊരു വിദ്യയാണ് ഹെര്‍ഷ് തിരഞ്ഞെടുത്തത്. തന്റെ കുടുംബമെങ്കിലും രക്ഷപ്പെടണമെന്ന് അയാള്‍ ആഗ്രഹിച്ചു. അങ്ങനെ ജൂതനായ ഹെര്‍ഷും അയാള്‍ ജീവനുതുല്യം സ്‌നേഹിക്കുന്ന ക്രിസ്ത്യാനിയായ ഭാര്യ എല്ലനും വിവാഹമോചനം നേടാനും വേര്‍പിരിഞ്ഞു ജീവിക്കാനും തീരുമാനിച്ചു. മക്കളെ മാമോദീസ മുക്കി ക്രിസ്ത്യാനികളാക്കി. 

കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഇളയമകള്‍ എസ്തറുടെ മുന്നില്‍വെച്ച് ഹെര്‍ഷിനെ കുപ്രസിദ്ധമായ ഷുട്സ് സ്റ്റഫേല്‍ (എസ്.എസ്.) സൈന്യം തീവണ്ടിയില്‍ പിടിച്ചുകൊണ്ടുപോയി. പിന്നീടാരും ഹെര്‍ഷിനെ കണ്ടിട്ടില്ല. ഓഷ്വിറ്റ്സിലെ ക്യാമ്പില്‍ ഹെര്‍ഷ് എത്തിയിട്ടുമില്ല. 1950-ല്‍ കോടതി ഹെര്‍ഷ് മരിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1943 മേയ് എട്ടാണ് അദ്ദേഹത്തിന്റ മരണദിവസമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഹെര്‍ഷിന്റെ സുഹൃത്ത് ഗോട്ട്‌ഫ്രേ ഫുക്‌സ് ഭാഗ്യവശാല്‍ രക്ഷപ്പെട്ടു. ഫ്രാന്‍സില്‍നിന്ന് ഇംഗ്ലണ്ടിലേക്കും പിന്നീട് കാനഡയിലേക്കും അയാള്‍ ഓടി. ഹോളോകോസ്റ്റിനെ ഫുക്‌സ് അതിജീവിച്ചു.

ഹെര്‍ഷിനും ഫുക്‌സിനുമൊപ്പം കാള്‍സ്റൂഹ് എഫ്.സിയുടെ കുന്തമുനയായിരുന്ന ഫ്രിറ്റ്സ് ഫോര്‍ഡററുടെ പേര് നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ. ഫോര്‍ഡറര്‍ ജൂതനായിരുന്നില്ല. അതുകൊണ്ട് അയാള്‍ ഫുട്ബോള്‍ കളിക്കാരനായും പിന്നീട് പരിശീലകനായും തന്റെ ജീവിതം തുടര്‍ന്നു. നൂറുകണക്കിനു ശിഷ്യര്‍ അയാള്‍ക്കുണ്ടായിരുന്നു. ബുഷന്‍വാള്‍ഡിലെ അയാളുടെ ശിഷ്യരായിരുന്നു മൂന്നാം ഷുട്സ് സ്റ്റഫേല്‍ ഡെത്ത് - ഹെഡ് യൂണിറ്റിലുണ്ടായിരുന്നത്. അവര്‍ ഏകദേശം 56000 ജൂതരുടെ കൊലയ്ക്ക് നേതൃത്വം വഹിച്ചു. ഫോര്‍ഡറര്‍ 1942-ല്‍ നാസി പാര്‍ട്ടിയില്‍ അംഗമായി ചേരുകയും ചെയ്തു. കാള്‍സ്റൂഹ് എഫ്.സിയിലെ വിഖ്യാതമായ മൂവര്‍ സംഘത്തിനു കളിക്കളത്തിലേതുപോലെ ജീവിതത്തില്‍ ഒരുമിച്ചു മുന്നേറാനായില്ല. ദൈവവും പിന്നെ ഹിറ്റ്ലറും അവര്‍ക്കു കല്പിച്ചത് വ്യത്യസ്ത വേഷങ്ങളായിരുന്നു.

ജൂലിയസ് ഹെർഷ് ഒന്നാം ലോകയുദ്ധക്കാലത്ത് ജർമ്മൻ പട്ടാളക്കാരോടൊപ്പം
ജൂലിയസ് ഹെർഷ് ഒന്നാം ലോകയുദ്ധക്കാലത്ത് ജർമ്മൻ പട്ടാളക്കാരോടൊപ്പം

വര്‍ഷങ്ങള്‍ക്കുശേഷം 2005-ല്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഹെര്‍ഷിന്റെ പേരില്‍ ഒരു പുരസ്‌കാരം നല്‍കിത്തുടങ്ങി. ഫുട്ബോളില്‍ മനുഷ്യസ്‌നേഹത്തിനും സഹിഷ്ണുതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ പുരസ്‌കാരം. യഹൂദ വിരോധത്തിനെതിരായ ക്യാമ്പയിനിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി 2020-ല്‍ അവരുടെ ചുവരില്‍ ഹെര്‍ഷിന്റെ ചിത്രം വരച്ചുചേര്‍ത്തു.

ഹെര്‍ഷും ഫുക്‌സും ജര്‍മനിയുടെ പ്രശസ്തി ഉയര്‍ത്തിയ വലിയ ഫുട്ബോള്‍ താരങ്ങളായിരുന്നു. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്ത് അവര്‍ ധീരതയ്ക്കുള്ള മെഡലുകള്‍ നേടിയവരായിരുന്നു. തികഞ്ഞ രാജ്യസ്‌നേഹികളായിട്ടും ഹെര്‍ഷിനും ഫുക്‌സിനും തങ്ങളുടെ രാജ്യത്ത് സമാധാനമായി ജീവിക്കാന്‍ സാധിച്ചില്ല. രാജ്യസ്‌നേഹത്തെ വംശത്തോട് ചേര്‍ത്തുവെയ്ക്കുമ്പോള്‍ സംഭവിക്കുന്ന ക്രൂരത എന്താണെന്ന് ഹെര്‍ഷിന്റേയും ഫുക്‌സിന്റേയുമടക്കം ലക്ഷക്കണക്കിനാളുകളുടെ ജീവിതം നമുക്കു കാട്ടിത്തരുന്നു. ജര്‍മനിയുടെ ഈ ചരിത്രത്തെ സൗകര്യപൂര്‍വ്വം മറന്നുകളയാന്‍ പലരും തിടുക്കപ്പെടുന്നുവെന്നാണ് സമകാലിക സാഹചര്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com