'മണിയുടെ പ്രസംഗത്തിന് ഓശാന പാടുന്നതിന് സി.പി.എം- സി.പി.ഐ കപ്പിത്താന്മാര്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടില്ല'

അന്നാണ് ഉടുമ്പന്‍ചോല എം.എല്‍.എ സഹസാമാജികയായ കെ.കെ. രമയെ വിശേഷിച്ചും ഇന്ത്യന്‍ സ്ത്രീത്വത്തെ പൊതുവേയും അവഹേളിക്കുംവിധമുള്ള പ്രസംഗം അസംബ്ലിയില്‍ നടത്തിയത്
'മണിയുടെ പ്രസംഗത്തിന് ഓശാന പാടുന്നതിന് സി.പി.എം- സി.പി.ഐ കപ്പിത്താന്മാര്‍ക്ക് മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ടില്ല'

ദേശീയ-സാര്‍വ്വദേശീയ തലങ്ങളില്‍ ഇന്ത്യ ഇന്നേവരെ കണ്ട ഏറ്റവും സമുജ്ജ്വലനായ സംവാദകന്‍ ആരാണ് എന്നതിന് ഉത്തരം ഒന്നേയുള്ളൂ: വി.കെ. കൃഷ്ണമേനോന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ 1949-'62 കാലത്ത് ഇന്ത്യന്‍ പ്രതിനിധിസംഘത്തെ നയിച്ചത് അദ്ദേഹമായിരുന്നു. അതേ കാലയളവില്‍ നെഹ്‌റുവിയന്‍ മന്ത്രിസഭയില്‍ അംഗവുമായിരുന്നു അദ്ദേഹം. യു.എന്‍ വേദികളിലായാലും ഇന്ത്യന്‍ പാര്‍ലമെന്റിലായാലും അദ്ദേഹത്തോളം പ്രശോഭിച്ച മറ്റൊരു ജനപ്രതിനിധിയെ ഇന്ത്യ ഇനിയും കണ്ടിട്ടുവേണം.

എന്തായിരുന്നു കൃഷ്ണമേനോനെ വ്യതിരിക്തനാക്കിയ ഘടകങ്ങള്‍? അദ്ദേഹത്തിന്റെ അനിതര സാധാരണമായ പ്രതിഭയും മേധാശക്തിയും വാഗ്മികതയും പ്രത്യുല്പന്നമതിത്വവും തന്നെ. വിഭജനാനന്തരം ശീതയുദ്ധ നാളുകളില്‍ അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെയുള്ള പാശ്ചാത്യശക്തികള്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താനോട് ചേര്‍ന്നാണ് നിലയുറപ്പിച്ചത്. അമേരിക്ക ആ രാജ്യത്തിനു പടക്കോപ്പുകള്‍ നിര്‍ലോഭം നല്‍കിക്കൊണ്ടിരുന്നു. തങ്ങള്‍ പാകിസ്താനു നല്‍കുന്ന ആയുധശേഖരം സോവിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനാണ് എന്നായിരുന്നു അന്നത്തെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ഫോസ്റ്റര്‍ ഡള്ളസിന്റെ വിശദീകരണം. ഡള്ളസിനു മേനോനില്‍നിന്നും പുറപ്പെട്ട ചുട്ടുപൊള്ളുന്ന മറുപടി വിഖ്യാതമാണ്. അദ്ദേഹം പറഞ്ഞു: ''ഒരു ദിശയില്‍ മാത്രം വെടിയുതിര്‍ക്കാന്‍ കഴിയുന്ന ഒരമേരിക്കന്‍ തോക്ക് ലോകം ഇനിയും കാണാനിരിക്കുന്നേയുള്ളൂ.'' ഇത്രകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ''സസ്യഭുക്കായ ഒരു പുലിയെ ലോകത്താരും ഇന്നേവരെ കണ്ടിട്ടില്ല.''

1957 ജനുവരി 27-ന് യു.എന്‍ രക്ഷാസമിതിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കൃഷ്ണമേനോന്‍ നടത്തിയ സുദീര്‍ഘമായ പ്രസംഗം ഐതിഹാസികമാണ്. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന ആ രാഷ്ട്രീയ-നയതന്ത്ര പ്രസംഗത്തില്‍ കശ്മീരിനോടുള്ള ഇന്ത്യന്‍ സമീപനം വിശദീകരിക്കുകയും അതേ വിഷയത്തില്‍ പാകിസ്താനും ആ രാജ്യത്തിന്റെ രക്ഷക റോളിലുള്ള പടിഞ്ഞാറന്‍ ശക്തികളും സ്വീകരിക്കുന്ന നിലപാടിലെ കാമ്പില്ലായ്മ തുറന്നുകാട്ടുകയുമാണ് മേനോന്‍ ചെയ്തത്. അതിനു മുന്‍പോ പിന്നീടോ ലോകത്തൊരു വേദിയിലും അത്ര ദീര്‍ഘിച്ചതും ജാജ്ജ്വല്യമാനവുമായ ഒരു നയതന്ത്ര-രാഷ്ട്രീയ പ്രസംഗം മറ്റാരും നടത്തിയിട്ടില്ല.

പ്രഖ്യാതമായ ആ പ്രസംഗത്തിലെ ഏതാനും വരികളിതാ: ''വെടി നിര്‍ത്തല്‍ രേഖയുടെ അപ്പുറത്ത് പാക് ഭരണാധികാരികളുടെ അടിച്ചമര്‍ത്തലിനും സ്വേച്ഛാവാഴ്ചയ്ക്കും വിധേയരാകുന്ന ജനങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യാതൊരു മുറവിളിയും. നാമെന്തുകൊണ്ടാണ് കേള്‍ക്കാത്തത്? കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി ആ ജനത ഒരു ബാലറ്റ് പേപ്പര്‍പോലും കണ്ടിട്ടില്ലെന്ന കാര്യം ഇവിടെ (ഈ യു.എന്‍ വേദിയില്‍) എന്തുകൊണ്ടാണ് ആരും ഓര്‍ക്കാത്തത്? വോട്ടവകാശവും അഭിപ്രായ സ്വാതന്ത്ര്യവുമുള്ളവരുടെ നൂറോളം സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ജീവിക്കുന്നവരുമായ ഞങ്ങളുടെ ഭാഗത്തുള്ള ജനങ്ങള്‍ക്കുവേണ്ടി ഹിതപരിശോധന ആവശ്യപ്പെടാന്‍ രക്ഷാസമിതിക്കോ അതിനു മുന്‍പാകെ വരുന്ന മറ്റുള്ളവര്‍ക്കോ എന്തവകാശം?''

ഇംഗ്ലീഷ് മാതൃഭാഷയായ ബ്രിട്ടീഷുകാരേക്കാളും അമേരിക്കക്കാരേക്കാളും മനോഹരവും ചടുലവുമായ ഇംഗ്ലീഷില്‍ വിസ്മയകരമാംവിധം പ്രസംഗിക്കാനുള്ള നൈപുണിയാര്‍ജ്ജിച്ച മേനോനോട് അമേരിക്കന്‍-ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് അസൂയയായിരുന്നു എന്നത് സത്യമാണ്. അദ്ദേഹത്തിന്റെ വാഗ്‌ധോരണിക്കു മുന്‍പില്‍ പകച്ചുനില്‍ക്കാനേ അവര്‍ക്ക് സാധിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാന്‍ ചില കുബുദ്ധികളെങ്കിലും ശ്രമിച്ചുപോന്നു. പക്ഷേ, കൃഷ്ണമേനോന്‍ തന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെയുള്ള പ്രസംഗങ്ങളില്‍ അമാന്യമോ സഭ്യേതരമോ ആയ ഒരു പദപ്രയോഗമെങ്കിലും നടത്തിയതായി അവരാരും ആരോപിച്ചിട്ടില്ല. മറുപക്ഷത്തുള്ളവരുടെ വാദങ്ങളേയും നിരീക്ഷണങ്ങളേയും ബദല്‍വാദങ്ങളും നിരീക്ഷണങ്ങളുമുയര്‍ത്തി അപ്രതിരോധ്യ ഭാഷയില്‍ നേരിടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. അതുകേട്ട് സ്തബ്ധിച്ചിരുന്നിട്ടേയുള്ളൂ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികള്‍.

കേരളത്തിലെ ഒരു നിയമസഭാംഗവും മുന്‍മന്ത്രിയുമായ ഒരു മാന്യദേഹത്തിന്റെ 'വിധവയും വിധിയും' പ്രസംഗം ടെലിവിഷന്‍ ചാനലുകളില്‍ കാണുകയും കേള്‍ക്കുകയും ചെയ്തപ്പോഴാണ് വി.കെ. കൃഷ്ണമേനോന്‍ എന്ന അതുല്യനായ സാമാജിക സംവാദകന്റെ ദേശീയ-അന്തര്‍ദേശീയ വേദികളിലുള്ള വിശ്രുത പ്രസംഗങ്ങളെക്കുറിച്ച് ഓര്‍ത്തുപോയത്. കേരളം ലജ്ജിച്ചു തലതാഴ്ത്തിയ ദിവസമത്രേ 2022 ജൂലൈ 14. അന്നാണ് ഉടുമ്പന്‍ചോല എം.എല്‍.എ സഹസാമാജികയായ കെ.കെ. രമയെ വിശേഷിച്ചും ഇന്ത്യന്‍ സ്ത്രീത്വത്തെ പൊതുവേയും അവഹേളിക്കുംവിധമുള്ള പ്രസംഗം അസംബ്ലിയില്‍ നടത്തിയത്. അതിനെതിരെ സ്പീക്കറുടെ റൂളിംഗ് അന്നുതന്നെ വന്നിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകില്ലായിരുന്നു. പക്ഷേ, അഞ്ചുദിവസം കഴിഞ്ഞു മാത്രമാണ് സ്പീക്കറുടെ റൂളിംഗ് വന്നത്. ആ ദിവസങ്ങളിലൊക്കെ എം.എം. മണി തന്റെ രമാവിരുദ്ധ പ്രസംഗത്തെ വലിയ നാവില്‍ ന്യായീകരിച്ചു നടക്കുകയായിരുന്നു. പാര്‍ട്ടി മേധാവികളില്‍ പലരും, ചാനലുകാര്‍ ഔദാര്യപൂര്‍വ്വം 'ഇടത് നിരീക്ഷകര്‍' എന്നു വിശേഷിപ്പിക്കുന്ന ഇടത് ദാസന്മാരും ആ കൃത്യം കൂടുതല്‍ ഊര്‍ജ്ജസ്വലമായി നിര്‍വ്വഹിച്ചുപോരുകയും ചെയ്തു. സി.പി.ഐയില്‍നിന്നു ആനി രാജയെപ്പോലുള്ളവര്‍ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചപ്പോള്‍ അവരെ നിശ്ശബ്ദരാക്കാനാണ് അവരുടെ പാര്‍ട്ടിത്തലവന്‍ ശ്രമിച്ചത്.

ഫ്യൂഡല്‍ബോധത്തിന്റെ തടവുകാര്‍

സഭയ്ക്കകത്ത് മാത്രമല്ല, സഭയ്ക്ക് വെളിയിലും മുന്‍കാലങ്ങളില്‍ സ്ത്രീനിന്ദാപരമായ പരാമര്‍ശങ്ങള്‍ നടത്തി ദുഷ്‌കീര്‍ത്തി സമ്പാദിച്ച നിയമസഭാംഗത്തിന്റെ ജുഗുപ്‌സ നിറഞ്ഞ 'മഹതി-വിധവ-വിധി' പ്രസംഗത്തോട്, സ്പീക്കറുടെ റൂളിംഗ് വരുന്നത് വരെയുള്ള ഘട്ടത്തില്‍ സി.പി.എമ്മും സി.പി.ഐയും സ്വീകരിച്ച അനുകൂല സമീപനം രണ്ടു കാര്യങ്ങള്‍ സുതരാം വെളിപ്പെടുത്തി. ഈ പാര്‍ട്ടികളുടെ കടിഞ്ഞാണ്‍ പിടിക്കുന്നവര്‍ കാലമേറെച്ചെന്നിട്ടും ഫ്യൂഡല്‍-ആണ്‍ക്കോയ്മ-മാടമ്പി മൂല്യങ്ങളുടെ തടവറയില്‍ സുഷുപ്തി കൊള്ളുന്നു എന്നതാണ് ഒരു കാര്യം. ഭര്‍ത്താവ് മരിച്ച സ്ത്രീകളെ വിധവകള്‍ എന്നു ചാപ്പകുത്തി ഇരുട്ടറകളില്‍ തള്ളുന്നത് പഴയ ജന്മിത്വകാലത്തിന്റേയും അന്നത്തെ മൂല്യബോധത്തിന്റേയും രീതിയാണ്. മനുഷ്യത്വഹീനമായ ആ വികൃതമനോഭാവത്തില്‍നിന്ന് അരയടി മുന്നോട്ട് നടക്കാന്‍ നമ്മുടെ കമ്യൂണിസ്റ്റ് നേതൃത്വത്തിനു കഴിഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണ് മണിയുടെ പ്രസംഗവും ആ പ്രസംഗത്തിന് അഞ്ചുനാള്‍ ഓശാന പാടുന്നതിന് നമ്മുടെ സി.പി.എം-സി.പി.ഐ കപ്പിത്താന്മാര്‍ക്ക് മനസ്സാക്ഷിക്കുത്തനുഭവപ്പെട്ടില്ല എന്ന വസ്തുതയും. ഭര്‍ത്താവ് മരിച്ച (കൊല്ലപ്പെട്ട) സ്ത്രീകളെ നിന്ദാപൂര്‍വ്വം വിധവകളെന്നു വിളിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ ഭാര്യ മരിച്ച പുരുഷന്മാരെ വിഭാഗ്യര്‍ എന്നു പരിഹസിക്കാറില്ലെന്നതും ശ്രദ്ധിക്കണം.

മാര്‍ക്‌സ് തൊട്ട് താഴോട്ടുള്ള എല്ലാ കമ്യൂണിസ്റ്റാചാര്യരും തള്ളിക്കളഞ്ഞ വിധി വിശ്വാസം മണി മാത്രമല്ല, അതിനു മുകളിലുള്ള നമ്മുടെ കമ്യൂണിസ്റ്റ് മേലാളരും ഇപ്പോഴും മാറോട് ചേര്‍ത്തു പിടിക്കുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. 'സിന്ദാബാദ് വിളി'യില്‍ കമ്യൂണിസ്റ്റായി എന്നല്ലാതെ, നമ്മുടെ തലനരച്ച കമ്യൂണിസ്റ്റ് പടനായകര്‍ പോലും ആശയ-ദാര്‍ശനിക തലങ്ങളില്‍ ഒട്ടും കമ്യൂണിസ്റ്റായിട്ടില്ല എന്നു വ്യക്തം. സാംസ്‌കാരിക തലത്തിലെന്നപോലെ പ്രത്യയശാസ്ത്ര തലത്തിലും അവര്‍ പഴയ മതാത്മക-ഫ്യൂഡല്‍-മാടമ്പി ലോക വീക്ഷണത്തിന്റെ ഇരുമ്പഴികള്‍ക്കുള്ളിലാണ് പാര്‍ത്തുവരുന്നത്.

പ്രത്യയശാസ്ത്രതലത്തില്‍ അത്തരക്കാരെ നവീകരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു സാധിക്കുമോ എന്നത് ആ പാര്‍ട്ടികള്‍ക്കു വിടാം. പക്ഷേ, സാംസ്‌കാരികമായി അവരെ നവീകരിക്കാന്‍ കഴിയുമോ എന്നത് ആധുനിക സമൂഹത്തെ നേരിട്ടു ബാധിക്കുന്ന വിഷയമാണ്. ഒരാള്‍ ജനപ്രതിനിധിയാകുന്നതിനു ചില യോഗ്യതകള്‍ (മാനദണ്ഡങ്ങള്‍) നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൗരനായിരിക്കുക എന്നതിനു പുറമെ കുറഞ്ഞ പ്രായപരിധി, മാനസിക സമനില, ക്രിമിനല്‍ കേസില്‍ നിര്‍ദ്ദിഷ്ട കാലപരിധിക്കപ്പുറം ജയില്‍ശിക്ഷ അനുഭവിക്കാതിരിക്കല്‍ എന്നിവയൊക്കെ അതില്‍പ്പെടും. എന്നാല്‍, ജനപ്രതിനിധിയാകുന്നതിന് അവശ്യം വേണ്ട സാംസ്‌കാരിക യോഗ്യത എവിടെയും നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടില്ല. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍, അപരജനവെറുപ്പ്, അപരലിംഗദ്വേഷം, ശാരീരിക-മാനസിക പരിമിതികളുള്ളവരോടുള്ള പുച്ഛമനോഭാവം, ഭാഷയിലേയും പെരുമാറ്റത്തിലേയും അമാന്യത തുടങ്ങി ആധുനിക സാംസ്‌കാരിക മൂല്യങ്ങള്‍ക്കു നിരക്കാത്ത ചെയ്തികളുടെ പൂര്‍വ്വചരിത്രമുള്ളവര്‍ ജനപ്രതിനിധി മത്സരത്തിനിറങ്ങുന്നത് വിലക്കപ്പെടണം. സഭകളിലെ 'കള്‍ച്ചറല്‍ ഹൂളിഗാനിസം' തടയുന്നതിനുള്ള പ്രാഥമിക ചുവടുവെയ്പാകും അത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com