എല്ലാ കൊല്ലവും നമ്മുടെ കുഴിമാടങ്ങള്‍ക്കു മുകളില്‍ അവര്‍ ഘോഷയാത്രകള്‍ സംഘടിപ്പിക്കും. നമ്മള്‍ രാജ്യത്തിനുവേണ്ടി മരിക്കുമ്പോള്‍ ഇതൊക്കെയാണ് അവശേഷിക്കുക.
ജഗദാംബ പ്രസാദ് മിശ്രയെഴുതിയ ഹിതൈഷിയില്‍ നിന്നുള്ള ഈ വരികള്‍ ആമിര്‍ഖാന്‍ നായകനായ 'രംഗ് ദേ ബസന്തി' എന്ന ചിത്രത്തില്‍ സാന്ദര്‍ഭികമായി ഉപയോഗിച്ചിട്ടുണ്ട്. ദേശീയതയും വിപ്ലവവും ഇഴചേര്‍ത്തിണക്കിയ ചിത്രത്തിന്റെ കഥയൊഴുക്ക് മാറുന്നത് ഒരു അപകടത്തോടെയാണ്. വായുസേനയില്‍ ഫ്‌ലൈറ്റ് ലെഫ്റ്റനന്റായ അജയ് സിങ് റത്തോര്‍ പറത്തുന്ന മിഗ് വിമാനം തകര്‍ന്നു കൊല്ലപ്പെടുന്നു. വിപ്ലവകാരികളായ ഒരു കൂട്ടം സുഹൃത്തുക്കളുടെ അന്വേഷണത്തിനൊടുവില്‍ അഴിമതിക്കാരനായ പ്രതിരോധമന്ത്രിയിലേക്ക് കഥയെത്തുന്നു. ഈ ചിത്രം പുറത്തിറങ്ങിയത് 2006-ലാണ്. അന്നുവരെയുണ്ടായ മിഗ് വിമാനാപകടങ്ങളുടെ എണ്ണത്തെക്കുറിച്ച് അതില്‍ പറയുന്നുണ്ട്. ഭാവനാസൃഷ്ടിയാണെങ്കിലും വസ്തുതാപരമായ ഒരു വിഷയമായിരുന്നു ആ ചിത്രത്തിന്റെ ത്രെഡ്.
2001 സെപ്റ്റംബറില്‍ ടേക്ക് ഓഫ് ചെയ്ത ഉടന്‍ തകര്‍ന്നുവീണ മിഗ് 21-ന്റെ പൈലറ്റ് അഭിജിത്ത് ഗാഡ്ഗിലിന്റെ ജീവിതകഥയായിരുന്നു സിനിമയുടെ കഥാതന്തു. അപകടം നടന്നയുടന്‍ പൈലറ്റിന്റെ വീഴ്ചയാണെന്ന് വ്യോമസേന വ്യക്തമാക്കി. എന്നാല്‍, വിമാനത്തിന്റെ സാങ്കേതികപ്പിഴവാണ് ഇരുപത്തിയേഴുകാരനായ മകന്റെ മരണകാരണം എന്ന് ആരോപിച്ച് അഭിജിത്തിന്റെ അമ്മ കവിത ഗാഡ്ഗില്‍ രംഗത്തുവന്നു. 33 സെക്കന്‍ഡ് മാത്രമാണ് ഫ്‌ലൈറ്റ് ടൈം, എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു. ആ നിമിഷം മുതല്‍ ഞങ്ങള്‍ക്കു ലോകം കീഴ്മേല്‍ മറിഞ്ഞു - പിതാവ് ക്യാപ്റ്റന്‍ അനില്‍ ഗാഡ്ഗില്‍ അപകടത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. അതുവരെയുള്ള മിഗ് 21 അപകടങ്ങളെല്ലാം മാനുഷിക പിഴവ് എന്ന പേരില്‍ തള്ളിക്കളയുകയായിരുന്നു. യഥാര്‍ത്ഥ കാരണം അത് സാങ്കേതിക തകരാറാണോ മാനുഷികപ്പിഴവാണോ എന്നു കണ്ടെത്താന്‍ പോലും ശ്രമം ഉണ്ടായില്ല. ഇതോടെ അത്യാഹിതത്തിന്റെ യഥാര്‍ത്ഥകാരണം തേടി പോരാടാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു.
1971-ലെ യുദ്ധത്തില്‍ പങ്കെടുത്ത വ്യോമസേന വിങ് കമാന്‍ഡറായിരുന്നു അഭിജിത്തിന്റെ പിതാവ് ക്യാപ്റ്റന്‍ അനില്‍. 1985-ല്‍ സേനയില്‍നിന്നു വിരമിച്ച അദ്ദേഹം ഭാര്യയുമായി ചേര്‍ന്ന് ക്യാംപയിന്‍ തുടങ്ങി. ആദ്യം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിനു പരാതി നല്‍കി. പിന്നീട് പ്രസിഡന്റ് എ.പി.ജെ. അബ്ദുല്‍ കലാമിനേയും കണ്ടു. ഇതിനിടയില്‍ വ്യോമസേനയെ മോശമാക്കി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ജനറല്‍ ഓഫ് ഫ്‌ലൈറ്റ് സേഫ്റ്റി, എയര്‍ മാര്‍ഷല്‍ അശോക് ഗോയലസ് എന്നിവര്‍ ഇവരെ സമീപിച്ചു. എന്നാല്‍, വിട്ടുവീഴ്ചയ്ക്ക് ഇവര്‍ തയ്യാറായില്ല. ഇവരുടെ നിരന്തര പോരാട്ടത്തിനൊടുവില്‍ എയര്‍ ചീഫ് മാര്‍ഷല്‍ എസ്.പി. ത്യാഗി മാപ്പ് പറയുകയും പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു തരത്തിലും മകനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ആ കത്തില്‍ പറഞ്ഞിരുന്നു.
*********
16 കൊല്ലം കഴിഞ്ഞിട്ടും ഇന്നും മിഗ് 21 വിമാനങ്ങള്‍ പറന്നുവീഴുന്നു. കൊല്ലപ്പെടുന്ന സൈനികരുടെ മുഖചിത്രങ്ങള്‍ മാറിമാറി വരുന്നു. ഇക്കഴിഞ്ഞ ജൂലായ് 28-നും ഒരു മിഗ് 21 തകര്‍ന്നുവീണു. രാജസ്ഥാനിലെ ബാര്‍മറില്‍ നടന്ന അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. മിഗ് പൈലറ്റായിരുന്ന മുന്‍ എയര്‍ഫോഴ്സ് മേധാവി ബി.എസ്. ദനോയുടെ ചോദ്യം ഇതാണ്:
1963-ലെ കാറുകള്‍ നിങ്ങള്‍ക്ക് തെരുവുകളില്‍ കാണാനാകുമോ. ഭൂതക്കാലകുളിരിന്റെ പേരില്‍, പഴയ പോരാട്ടവീര്യത്തിന്റെ പേരില്‍ അന്‍പതു വര്‍ഷം പഴക്കമുള്ള ഈ വിമാനങ്ങളെ ഇനിയും ആശ്രയിക്കരുതെന്ന് നേരത്തേ തന്നെ മുറവിളി ഉയര്‍ന്നതാണ്.
1963-ല്‍ സൈന്യത്തിലെത്തിയ സോവിയറ്റ് നിര്‍മ്മിത മിഗ് 21-ന് പല വിളിപ്പേരുകളുണ്ട്. അതിലൊന്ന് പറക്കുന്ന ശവപേടകമെന്നാണ്. വിധവകളെ സൃഷ്ടിക്കുന്ന യന്ത്രം എന്നും ഈ വിമാനത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. പറത്തുന്ന പൈലറ്റുമാരിലധികവും കൊല്ലപ്പെടുമെന്ന വിശ്വാസം സേനയിലുണ്ട്. അതിനു കാരണം ചില കണക്കുകളാണ്.
കഴിഞ്ഞ അറുപത് വര്‍ഷത്തെ കണക്കെടുത്താല്‍ നാനൂറിലധികം യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. ഇരുന്നൂറിലധികം പൈലറ്റുമാരും അറുപതിലധികം സാധാരണക്കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ ഇരുപത് മാസത്തിനിടെ ആറ് വിമാനങ്ങള്‍ തകര്‍ന്നുവീണു. അതില്‍ മിഗ് 21 പറത്തിയ അഞ്ച് പൈലറ്റുമാര്‍ക്കും ജീവന്‍ നഷ്ടമായി. സാങ്കേതിക തകരാറായിരുന്നു എല്ലാ അപകടങ്ങള്‍ക്കും കാരണം. വ്യാപകമായി അത്യാഹിതങ്ങളുണ്ടായിട്ടും ഈ വിമാനങ്ങള്‍ ഇന്നും ആകാശത്ത് പറക്കുന്നു. ലോകത്തെ ഏറ്റവും ശക്തിയേറിയ നാലാമത്തെ വായുസേന ഇന്ത്യയുടേതാണ്. ഇന്നും ഈ സേനയുടെ നട്ടെല്ല് അന്‍പതു വര്‍ഷത്തിലേറെ പഴക്കമുള്ള മിഗ് 21 വിമാനങ്ങളാണ്. ഇതെങ്ങനെ സാധ്യമായി. അപകടങ്ങളെക്കുറിച്ച് അന്വേഷണങ്ങളും നടപടികളുമൊന്നും ഇത്രയും കാലത്തിനിടയില്‍ ഉണ്ടായില്ലേ.
അതിന് മിഗ് 21 എന്ന ഒറ്റ എന്‍ജിന്‍ വിമാനത്തിന്റെ ചരിത്രം അറിയണം. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ഏറ്റവും കാലം സേവനം അനുഷ്ഠിച്ച യുദ്ധവിമാനമാണ് മിഗ് 21. 1963-ലാണ് ആദ്യ വിമാനം സേനയില്‍ ചേര്‍ന്നത്. എണ്ണത്തില്‍ കുറവായ ടൈപ്പ് 74 വിമാനങ്ങളാണ് അന്ന് സേനയ്ക്ക് ഉണ്ടായിരുന്നത്. പിന്നീടുള്ള ആറു ദശാബ്ദങ്ങളില്‍ വിവിധതരം വകഭേദങ്ങളായ 874 സൂപ്പര്‍സോണിക് വിമാനങ്ങളെത്തി. ടൈപ്പ് 76, ടൈപ്പ് 77, ടൈപ്പ് 96, ടൈപ്പ് 75 എന്നിങ്ങനെ പലതും. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് നിര്‍മ്മിച്ച വിമാനങ്ങളാണ് അവയില്‍ 60 ശതമാനവും. തകര്‍ന്നുവീണ പകുതിയിലധികം മിഗ് 21 ഉം സോവിയറ്റ് സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. 2000-ത്തില്‍ പുതിയ സെന്‍സറുകളും ആയുധങ്ങളും ഘടിപ്പിച്ച് ഇന്ത്യന്‍ മിഗ് 21കള്‍ നവീകരിച്ചു. അങ്ങനെ നവീകരിക്കപ്പെട്ടതാണ് ബൈസണ്‍ വകഭേദം.
2019 ഫെബ്രുവരി 27-ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 ബൈസണ്‍ യുദ്ധവിമാനം പാകിസ്താന്റെ എഫ് 16-നെ വീഴ്ത്തിയെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. അതേസമയം പാകിസ്താനു കൈമാറിയ എല്ലാ എഫ് 16 യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്ന് റിപ്പോര്‍ട്ട് പിന്നീട് പുറത്തുവന്നു. ഏറെ അഭിമാനകരമായ നേട്ടമായി ഈ പോരാട്ടത്തെ ഇന്ത്യ ആഘോഷിച്ചിരുന്നു. എന്നാല്‍, വീണ്ടും അപകടങ്ങള്‍ തുടര്‍ച്ചയായതോടെ മിഗ് 21-നെ വേഗത്തില്‍ സേനയില്‍ നിന്നൊഴിവാക്കാന്‍ വ്യോമസേന തീരുമാനിച്ചു. ഏറ്റവുമൊടുവില്‍ 2025 ഓടെ പൂര്‍ണ്ണമായി ഒഴിവാക്കാനാണ് വ്യോമസേനയുടെ തീരുമാനം. സെപ്റ്റംബര്‍ അവസാനത്തോടെ ഒരു സ്‌ക്വാഡ്രണ്‍ ഒഴിവാക്കും. ഒരു സ്‌ക്വാഡ്രണില്‍ 16 മുതല്‍ 18 വരെ പോര്‍വിമാനങ്ങളുണ്ടാകും. സുഖോയ് 30, എം.കെ.ഐ എന്നിവയാണ് പകരക്കാര്‍.
എന്തുകൊണ്ട് ഇത്രയും അപകടങ്ങള്‍ എന്ന ചോദ്യത്തിനുത്തരമായി സൈന്യം പറയുന്നത് ചില കാര്യങ്ങളാണ്. ഇന്ത്യന്‍ സേനയില്‍ ഏറ്റവുമധികം ഉള്ളതും ഏറ്റവുമധികം ഉപയോഗിക്കുന്നതും ഏറ്റവുമധികം കാലം ഉപയോഗിച്ചതും മിഗ് 21 ആണ്. സ്വാഭാവികമായും അപകടങ്ങളില്‍ മിഗ് 21-ന്റെ എണ്ണം കൂടുതലായിരിക്കും- ഇതാണ് സേനയുടെ വിശദീകരണം. എങ്കിലും 1970-കളുടെ ഒടുക്കം തന്നെ മിഗ് 21-ന് പകരം യുദ്ധവിമാനം വേണ്ടിവരുമെന്ന് വായുസേന തിരിച്ചറിഞ്ഞു. 40 വര്‍ഷം മുന്‍പ്, അതായത് 1982-ല്‍ തന്നെ പുതിയ വിമാനങ്ങള്‍ വേണമെന്ന് സേന ആവശ്യപ്പെട്ടു. എന്നാല്‍, വിചാരിച്ചത്ര വേഗത്തില്‍ പുതിയ വിമാനങ്ങളെത്തിയില്ല. തേജസ് പദ്ധതി വൈകിയതും റഫേല്‍ ഇടപാട് സംബന്ധിച്ച് രാഷ്ട്രീയ വിവാദമുണ്ടായതും പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ വൈകുന്നതിനു കാരണമായി. റിപ്പോര്‍ട്ടുകള്‍ പ്രകാരം തൊണ്ണൂറുകളില്‍ത്തന്നെ മിഗ് 21-ന്റെ വിരമിക്കല്‍ കാലാവധി കഴിഞ്ഞു. പുതിയ വിമാനങ്ങള്‍ വരുന്നതുവരെ പഴയത് പറത്താനേ സേനാ അധികൃതര്‍ക്കും കഴിയൂ. അതാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകാന്‍ കാരണം.
അഞ്ജിത് ഗുപ്ത പങ്കുവയ്ക്കുന്ന കണക്ക് അനുസരിച്ച് തൊണ്ണൂറുകളില്‍ പ്രതിവര്‍ഷം 20-നും 30-നുമിടയില്‍ അപകടങ്ങളുണ്ടാക്കിയിരുന്നു. രണ്ടായിരത്തില്‍ 10-നും 20-നുമിടയില്‍ അപകടങ്ങളായി കുറഞ്ഞു. ഇരട്ടയക്കത്തിലേക്ക് കുതിക്കുകയാണ് ഈ വര്‍ഷം. അപകടങ്ങളുടെ കുറവ് മിഗ് 21 വിമാനങ്ങളുടെ സുരക്ഷയെക്കുറിച്ച് ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഗണിക്കുന്നുണ്ടെന്നതിനു തെളിവായി വേണമെങ്കില്‍ കരുതാം. വായുസേനയുടെ കണക്ക് അനുസരിച്ച് 10,000 മണിക്കൂറുകള്‍ വിമാനം പറത്തുമ്പോള്‍ 2.89 ശതമാനമാണ് അപകടനിരക്ക്. എന്നാല്‍, കൂടുതല്‍ പരിശീലനം ലഭിച്ചവരെ നിയോഗിച്ചപ്പോള്‍ 2000-ത്തില്‍ നിരക്ക് കുറഞ്ഞു. 2000-ത്തില്‍ 10,000 മണിക്കൂറുകള്‍ വിമാനം പറത്തിയപ്പോള്‍ 0.27 ശതമാനമായിരുന്നു അപകടനിരക്ക്. കിരണ്‍ ട്രെയിനര്‍ ജെറ്റുകളില്‍ പരിശീലനം നല്‍കിയ ശേഷമാണ് മിഗ് 21 പറത്താന്‍ പൈലറ്റുമാര്‍ക്ക് അവസരം നല്‍കിയത്. ഇതാണ് അപകടകാരണങ്ങളിലൊന്നെന്ന് കരുതുന്നവരുണ്ട്.
വ്യോമസേനയില്‍ നാല് സ്‌ക്വാഡ്രണ്‍ മിഗ് 21 ബൈസണ്‍ വിമാനങ്ങളുണ്ട്. ഓരോ സ്‌ക്വാഡ്രണിലും 16 മുതല്‍ 18 വരെ വിമാനങ്ങള്‍ കാണും. ഇതില്‍ പരിശീലനം നല്‍കുന്ന വിമാനങ്ങളുമുണ്ടാകും. ഘട്ടം ഘട്ടമായി ഇത് പിന്‍വലിക്കാനാണ് തീരുമാനം. ഇതില്‍ ശ്രീനഗര്‍ ആസ്ഥാനമായ 51 സ്‌ക്വാഡ്രണ്‍ ഈ വര്‍ഷം 30-ന് പറക്കല്‍ അവസാനിപ്പിക്കും. അഭിനന്ദന്‍ വര്‍ധമാന്‍ ഈ സ്‌ക്വാഡ്രനിലെ വിങ് കമാന്‍ഡറായിരുന്നു. മൂന്ന് സ്‌ക്വാഡ്രണ്‍ തുടരും. 2025- ഓടെ ബാക്കി സ്‌ക്വാഡ്രണുകളും പറക്കല്‍ അവസാനിപ്പിക്കും.
എന്നിട്ടും ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ മിഗ് 21-ന് പകരം വയ്ക്കാനായില്ലേ? 36 റഫേല്‍ വിമാനങ്ങള്‍ വാങ്ങിയിട്ട് അതെവിടെ? എന്തുകൊണ്ട് ആഭ്യന്തരമായി തേജസ് വിമാനങ്ങള്‍ നിര്‍മ്മിക്കാനാവുന്നില്ല? ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ 114 യുദ്ധവിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതില്‍ 96 എണ്ണവും ഇന്ത്യയില്‍ നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഈ പദ്ധതി എവിടെവരെയെത്തി.
മിഗ് 21
മിഖോയന്‍ ഗുര്‍വിച്ച് ഡിസൈന്‍ ബ്യൂറോ രൂപീകരിച്ച സൂപ്പര്‍സോണിക് യുദ്ധവിമാനം. 1955 ജൂണ്‍ 16-ന് ആദ്യ പറക്കല്‍. ആദ്യ പറക്കലില്‍ തന്നെ വേഗതയുടെ ചരിത്രം തിരുത്തിക്കുറിച്ചു. 1959 മുതല്‍ 1985 വരെ ഉല്പാദനം തുടര്‍ന്നു. പിന്നീട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പഴയ വിമാനങ്ങള്‍ രൂപാന്തരം മാറ്റി ഉപയോഗിക്കുന്നു. നാലു ഭൂഖണ്ഡങ്ങളിലായി അറുപതിലധികം രാജ്യങ്ങള്‍ ഈ വിമാനങ്ങള്‍ വാങ്ങിക്കൂട്ടി. ആറു ദശാബ്ദം കഴിഞ്ഞിട്ടും പലതും ഇപ്പോഴും പറക്കുന്നു.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates