ചിലപ്പോള്‍, ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ ഇനി നമുക്ക് സമയം കിട്ടിയെന്നു വരില്ല

ഇപ്പോള്‍ നടക്കുന്ന റഷ്യ - യുക്രെയ്ന്‍ യുദ്ധം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വികസിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്
ചിലപ്പോള്‍, ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കാന്‍ ഇനി നമുക്ക് സമയം കിട്ടിയെന്നു വരില്ല

Institutional critiques such as we present in this book are commonly dismissed by establishment commentators as 'conspiracy theories', but this is merely an evasion. We do not use any kind of 'conspiracy' hypothesis to explain mass media performance. 
Noam Chomsky & Edward S. Herman 
(Manufacturing Consent - The Political Economy of the Mass Media)


പ്പോള്‍ നടക്കുന്ന റഷ്യ - യുക്രെയ്ന്‍ യുദ്ധം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വികസിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു മൂന്നാംലോക മഹായുദ്ധത്തെക്കുറിച്ചുള്ള ചിന്തകള്‍ റഷ്യ - യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം ഉയര്‍ന്നുവന്ന ഒന്നല്ല, രണ്ടാം ലോകമഹായുദ്ധം അവസാനിച്ചയുടനെ തന്നെ ഒരു മൂന്നാംലോക മഹായുദ്ധത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചിന്തകള്‍ ഉയര്‍ന്നുവന്നിരുന്നു. 1952-ല്‍ത്തന്നെ ''ലോകം ഒരു മൂന്നാംലോക മഹായുദ്ധത്തെ പ്രതീക്ഷിക്കുകയാണല്ലോ...'' എന്ന് ബര്‍ട്രാന്റ് റസ്സല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദശകങ്ങള്‍ക്കു മുന്‍പേ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയത് ദുഃഖിതനായ ഒരു മനുഷ്യസ്‌നേഹിയുടെ ആകുലതയില്‍നിന്നുയര്‍ന്ന ആശങ്കയായിട്ടാണോ അതോ വിശദാംശങ്ങള്‍ കൃത്യമായി അറിഞ്ഞുകൊണ്ടുതന്നെയാണോ എന്നു നാം തീരുമാനിക്കേണ്ടതില്ലെങ്കിലും അദ്ദേഹം ഇങ്ങനെ കൂടെ പറഞ്ഞുവെച്ചിട്ടുണ്ട്, അന്‍പതുകളില്‍ത്തന്നെ: 

''ഇപ്പോള്‍ ഉള്ള രണ്ട് പരമാധികാര രാഷ്ട്രങ്ങളില്‍ (റഷ്യയും അതിന്റെ ഉപഗ്രഹ രാജ്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളും അതിന്റെ ഉപഗ്രഹ രാജ്യങ്ങളും) ഏതെങ്കിലുമൊരു രാജ്യത്തിന് ഒരു യുദ്ധത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ കൃത്യമായ പട്ടാള മേല്‍ക്കോയ്മ ലഭിക്കുകയാണെങ്കില്‍ ആ രാജ്യത്തിന് ലോകത്തിനുമേല്‍ മുഴുവന്‍ ആധിപത്യം ചെലുത്താനും അതിലൂടെ ഭാവി യുദ്ധങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാനും കഴിയും. ഈ രീതിയിലൊരു ആധിപത്യം ചില മേഖലകളില്‍ ബലപ്രയോഗത്തിലൂടെ തന്നെയായിരിക്കും നടക്കുക. പക്ഷേ, പാശ്ചാത്യ രാജ്യങ്ങള്‍ക്കാണ് ഈ ആധിപത്യം ലഭിക്കുന്നതെങ്കില്‍ ഈ ബലപ്രയോഗം വളരെപ്പെട്ടെന്നു തന്നെ സമ്മതത്തിനു വഴിമാറുകയും ലോകത്തിലെ പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും ശാസ്ത്രം പൂര്‍ണ്ണമായും പ്രയോജനപ്രദമാവുകയും ചെയ്യും.''

ഈ വരികളിലെ 'മുഴച്ചുനില്‍ക്കുന്ന' സാമ്രാജ്യത്വവും വംശീയതയും ജനാധിപത്യ വിരുദ്ധതയും തല്‍ക്കാലം അവഗണിച്ചാലും ലോകം സമാധാനപൂര്‍ണ്ണമാവാന്‍ ലോകം മുഴുവന്‍ ഒരു ശക്തിയുടെ കീഴിലാവണമെന്നും അതിനു ലോകശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടണമെന്നുമുള്ള വാദം ശ്രദ്ധേയമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ - യുക്രെയ്ന്‍ യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ് നടക്കുന്നത് എന്നും ഇത് നിരവധി വര്‍ഷങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് എന്നുമുള്ള ചില രാഷ്ട്രീയ നിരീക്ഷകരുടെയെങ്കിലും അഭിപ്രായവും ബര്‍ട്രാന്റ് റസ്സലിന്റെ വാക്കുകളും പരിഗണിച്ചാല്‍, ലോകം മുഴുവന്‍ ഒരു ശക്തിക്ക് ആധിപത്യം ലഭിക്കത്തക്കവിധത്തിലുള്ള ഒരു 'പുതിയ ലോകക്രമ'ത്തിന്റെ സൃഷ്ടിക്കുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം എന്നും ഇത് ദശകങ്ങളിലൂടെ കണിശമായി രൂപകല്പന ചെയ്യപ്പെട്ടതാണെന്നും മനസ്സിലാക്കുന്നതില്‍ തെറ്റില്ല.

ആഗോള സര്‍വ്വാധിപത്യം എന്ന ആശയം പുതിയതൊന്നുമല്ല. പുരാതന ഗ്രീക്ക്, റോമന്‍ സാമ്രാജ്യങ്ങളും നെപ്പോളിയനും ഹിറ്റ്ലറും കൊളോണിയല്‍ ശക്തികളുമെല്ലാം ലോകം മുഴുവന്‍ തങ്ങളുടെ ആധിപത്യത്തിനു കീഴിലായിരിക്കണം എന്നാഗ്രഹിച്ചിരുന്നു. ബ്രിട്ടീഷ് കൊളോണിയല്‍ സാമ്രാജ്യം അതിന്റെ വിസ്തൃതിയിലും ആധിപത്യ പ്രഭാവത്തിലും വളരെ വിപുലമായിരുന്നെങ്കിലും അത് പൂര്‍ണ്ണമായ ലോകാധിപത്യത്തിലേക്ക് വികസിക്കാതിരുന്നതിന്റെ പ്രധാന കാരണം സാങ്കേതികവിദ്യയുടെ അപര്യാപ്തത തന്നെയായിരുന്നു. 

ബർട്രാന്റ് റസ്സൽ
ബർട്രാന്റ് റസ്സൽ

പ്രജകളുമായുള്ള ആശയവിനിമയവും ഇതിലൂടെ നേടിയെടുക്കുന്ന ഒരു ഭൂരിപക്ഷത്തിന്റെ അനുഭാവവും അനുവാദവും പ്രജകള്‍ പൊതുവെ അധിനിവേശ ഭരണകൂടത്തിന്റെ സാംസ്‌കാരിക ഔന്നത്യം ചോദ്യം ചെയ്യാതെ അംഗീകരിക്കുക എന്നതും ഒരു അധിനിവേശ ഭരണകൂടത്തിന്റെ നിലനില്‍പ്പിന് ഏറ്റവും അത്യന്താപേക്ഷിതമാണ്. ഭരണകൂടത്തിന്റെ നിയമ പരിരക്ഷാ ഉപകരണങ്ങള്‍ നിരന്തരം മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിച്ചുകൊണ്ട് ഒരു ഭരണകൂടത്തിനു ദീര്‍ഘകാലം നിലനില്‍ക്കുക സാധ്യമല്ല. സമൂഹത്തില്‍ ഉയര്‍ന്നുവരാനിടയുള്ള സാംസ്‌കാരിക സംഘര്‍ഷങ്ങള്‍ അധിനിവേശ ഭരണകൂടത്തിന്റെ നിലനില്‍പ്പിനു ഭീഷണിയാണ് എന്നതുകൊണ്ട് പ്രജകളെ ആഴത്തിലുള്ള ഒരു സാംസ്‌കാരിക പരിവര്‍ത്തനത്തിനു വിധേയമാക്കുക എന്നതും ഒഴിച്ചുകൂടാനാവാത്തതാണ്. ഇത് സാധ്യമായാല്‍ത്തന്നെ പ്രജ, അടിസ്ഥാനപരമായി പരിണാമ വിധേയമായ ഒരു ജൈവവ്യവസ്ഥയാണ് എന്നതുകൊണ്ടുതന്നെ കൃത്രിമമായ സാംസ്‌കാരിക പരിവര്‍ത്തനങ്ങളെ മറികടക്കാനുള്ള ശ്രമവും ഒരു ഘട്ടത്തിലെ തന്റെ വിധേയത്വം പിന്നീട് എതിര്‍പ്പായി മാറാനുള്ള സാധ്യതയും പ്രതീക്ഷിക്കേണ്ടതാണ്. ഇത്തരം കാരണങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്, അധിനിവേശ ഭരണസംവിധാനം പൂര്‍ണ്ണമാവണമെങ്കില്‍ പ്രജകളുടെ ആഴത്തിലുള്ള സാംസ്‌കാരിക പരിവര്‍ത്തനവും പ്രജകളുടെ ദൈനംദിന ജീവിതത്തിനും സാമൂഹിക വ്യവഹാരങ്ങള്‍ക്കുംമേലുള്ള കൃത്യമായ നിയന്ത്രണവും അത്യന്താപേക്ഷിതമാണ്. പക്ഷേ, ഈ രീതിയിലുള്ള നിയന്ത്രണം ജനസംഖ്യാനുപാതികം കൂടിയാണ്. അതായത്, കുറഞ്ഞ ജനസംഖ്യയുള്ള ഒരു സമൂഹത്തിനു വളരെ കൂടിയ ജനസംഖ്യയുള്ള, സാംസ്‌കാരികമായി വ്യതിരിക്തമായ ഒരു സമൂഹത്തിനുമേല്‍ പൂര്‍ണ്ണമായും ആധിപത്യം ചെലുത്തുകയും അതു ദീര്‍ഘകാലം നിലനിര്‍ത്തുകയും ചെയ്യുക അസാധ്യമാണ്. അതുകൊണ്ടുതന്നെ അധിനിവേശ ഭരണകൂടത്തിന്റെ സ്ഥിരമായ നിലനില്‍പ്പിന് ജനസംഖ്യാനിയന്ത്രണം അത്യന്താപേക്ഷിതമാണ്. 

അതുകൊണ്ട്, ആഗോള സര്‍വ്വാധിപത്യം എന്ന ആശയം പ്രാവര്‍ത്തികമാവണമെങ്കില്‍, ഇന്ന് ലോകത്തിലെ വിവിധ ഭൂമിശാസ്ത്ര മേഖലകളില്‍ നിലനില്‍ക്കുന്ന വൈവിധ്യപൂര്‍ണ്ണമായ സംസ്‌കാരങ്ങള്‍ക്ക് അധിനിവേശ ശക്തിയുടെ മാതൃകയ്ക്കനുസരിച്ച് ഒരേകീകൃത സ്വഭാവം കൈവരേണ്ടതുണ്ട് എന്നു മാത്രമല്ല, ഫലപ്രദമായ നിയന്ത്രണം സാധ്യമാകത്തക്കവിധത്തില്‍ പ്രജകളുടെ ജനസംഖ്യയെ പരിമിതപ്പെടുത്തുകയും ആഗോളതലത്തില്‍ പ്രജകളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനം രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം കാരണങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞുതന്നെയാണ് ബ്രിട്ടനടക്കമുള്ള കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ കോളനികളില്‍നിന്നു താല്‍ക്കാലികമായി പിന്‍വാങ്ങിയതെങ്കിലും അവരുടെ ലോക സമഗ്രാധിപത്യ മോഹങ്ങളും അതിനുള്ള ശ്രമങ്ങളും ഒരിക്കലും നിലച്ചുപോയിരുന്നില്ല എന്നത് ബര്‍ട്രാന്റ് റസ്സലിന്റെ വാക്കുകളില്‍നിന്നും നമുക്കു വളരെ വ്യക്തമായിത്തന്നെ മനസ്സിലാക്കാം.

ലോക സമഗ്രാധിപത്യം പൂര്‍ണ്ണമാവണമെങ്കില്‍ ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ നിലവിലുള്ള വൈവിധ്യ പൂര്‍ണ്ണമായ സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ വ്യവസ്ഥകള്‍ക്ക് സാരമായ മാറ്റം വരികയും പുതിയ വ്യവസ്ഥകള്‍ നിലവില്‍ വരികയും വേണം. ഈയൊരു അവസ്ഥയെയാണ് പുതിയ ലോകക്രമം എന്ന പ്രയോഗംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇതിന്റെ വിശദമായ രൂപരേഖ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. ഇതിനുവേണ്ട സാങ്കേതികവിദ്യകളും ഇന്നു പൂര്‍ണ്ണ വളര്‍ച്ച പ്രാപിച്ചുകഴിഞ്ഞു. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായി പരിഗണിക്കപ്പെടുന്ന ആളുകള്‍ ഇതിനെക്കുറിച്ച് വളരെ വ്യക്തമായി സൂചിപ്പിച്ചിട്ടുമുണ്ട്. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ മിച്ചിയോ കാകുവും ആസന്നമായ ഒരു ആഗോള സംസ്‌കാരത്തെക്കുറിച്ച് വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. 
 
 

മിച്ചിയോ കാകു
മിച്ചിയോ കാകു

പുതിയ ലോകക്രമം 

ശാസ്ത്രജ്ഞനും ഹാര്‍വാര്‍ഡ് പ്രൊഫസറും മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ ശാസ്ത്ര സാങ്കേതിക കാര്യ ഉപദേഷ്ടാവുമായിരുന്ന പോള്‍ ഹോള്‍ഡ്രണ്‍ ഒരു ആഗോള ഭരണവ്യവസ്ഥയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്:

''ഒരുപക്ഷേ, ഇത്തരം ഏജന്‍സികള്‍ (UNCTAD - United Nations Conference on Trade and Development, Law of the Sea, and Environmental conferences, World Population and World Food conferences XpS§nbh), UNEP, United Nations population agencies തുടങ്ങിയ മറ്റു സംവിധാനങ്ങളുമായി ചേര്‍ന്ന് ഒരു ലോക ഗവണ്‍മെന്റായി മാറാനുള്ള സാധ്യതയുണ്ട്. ഈ രീതിയിലൊരു ആഗോള ഭരണവ്യവസ്ഥയായിരിക്കും വികസനം, ഭരണം, ലോകമെമ്പാടുമുള്ള പ്രകൃതിവിഭവങ്ങളുടെ, സംരക്ഷണം അവയുടെ വിതരണം തുടങ്ങിയ കാര്യങ്ങളേയും അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ ലഭ്യമായ മുഴുവന്‍ ഭക്ഷ്യവസ്തുക്കളേയും മറ്റെല്ലാ അന്തര്‍ദ്ദേശീയ വ്യാപാരങ്ങളേയും നിയന്ത്രിക്കുന്നത്. 

ഈ ആഗോള ഭരണവ്യവസ്ഥയായിരിക്കും ലോകജനസംഖ്യയുടെ പരിധിയും ലോകത്തിന്റെ വിവിധ മേഖലകളിലുള്ള രാജ്യങ്ങളില്‍ ഓരോ രാജ്യത്തിനും അനുവദിക്കപ്പെട്ട ജനസംഖ്യയും നിര്‍ണ്ണയിക്കുന്നത്. ജനസംഖ്യാനിയന്ത്രണം അതാതു രാജ്യങ്ങളുടെ അധികാര പരിധിയിലായിരിക്കുമെങ്കിലും ജനസംഖ്യ പരിധി വിടുന്നെങ്കില്‍ അതിലിടപെടാനും ആഗോള ഭരണകൂടത്തിന്, അധികാരമുണ്ടായിരിക്കും. എല്ലാ അന്തര്‍ദ്ദേശീയ കരാറുകളുംപോലെ ജനസംഖ്യാ നിയന്ത്രണ കരാറുകളും വിഭവ വികസനവുമായും പരിസ്ഥിതി മലിനീകരണവുമായും ബന്ധപ്പെട്ട കരാറുകളും കാലാനുസാരിയായി ഭേദഗതി ചെയ്യപ്പെടേണ്ടതുമാണ്. 

ലോക ഗവണ്‍മെന്റിന്റെ പരിധിയില്‍ വരാന്‍ പോകുന്ന മേഖലകളുടെ ഭൂരിഭാഗവും ഇന്ന് രാജ്യങ്ങളുടേയോ മറ്റാരുടേതെങ്കിലുമോ നിയന്ത്രണത്തിലല്ലാത്തതിനാല്‍ രാജ്യങ്ങള്‍ക്ക് അവരുടെ പരമാധികാരം കുറച്ചു മാത്രമേ നഷ്ടപ്പെടുത്തേണ്ടിവരികയുള്ളൂ. എങ്കിലും ഈ രാജ്യങ്ങള്‍ തമ്മിലുണ്ടാവാനിടയുള്ള സംഘര്‍ഷങ്ങളെ ലോക ഗവണ്‍മെന്റ് ബലപ്രയോഗത്തിലൂടെ തന്നെ അടിച്ചമര്‍ത്തും. കാരണം പരസ്പര ബന്ധിതങ്ങളായ ആഗോള വിഭവ-പരിസ്ഥിതി ഘടന ഇത്തരം കാലഹരണപ്പെട്ട ധാരാളിത്തങ്ങളെ അനുവദിക്കുന്നില്ല.'' 

ഇത് സമഗ്രമായി രൂപകല്പന ചെയ്യപ്പെട്ട, പൂര്‍ണ്ണമായും ഏകാധിപത്യത്തിലധിഷ്ഠിതമായ ഒരു ഫാസിസ്റ്റ് ഭരണകൂടത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തരുന്നുണ്ടെങ്കിലും സാമ്പത്തിക വിനിമയത്തിന് ഏകീകൃതമായ ഒരു നാണയം - മിക്കവാറും 'ഡിജിറ്റല്‍/ക്യാഷ്ലെസ്', സര്‍വ്വ പ്രജകള്‍ക്കും ഡിജിറ്റല്‍ ഐഡന്റിറ്റി തുടങ്ങി ചില വിശദാംശങ്ങള്‍ കൂടി ഇതിന്റെ കൂടെ ചേര്‍ക്കേണ്ടതുണ്ട്. ഇപ്പോള്‍ നിലവിലുള്ള രാജ്യങ്ങളുടെ പരമാധികാരം 'കുറച്ചു മാത്രമേ നഷ്ടപ്പെടൂ' എന്ന മധുരം ഒട്ടും വിശ്വാസയോഗ്യമല്ല എന്നു വിശ്വസിക്കുന്നതാണ് ഉചിതം. ഇങ്ങനെയൊരു ലോക ഗവണ്‍മെന്റ് ആരുടെ നിയന്ത്രണത്തിലായിരിക്കും എന്നതിനും സംശയമൊന്നുമില്ല. ബര്‍ട്രാന്റ് റസ്സല്‍ അത് യൂറോ- അമേരിക്കന്‍ നിയന്ത്രണത്തിലായിരിക്കും എന്നു കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. മിച്ചിയോ കാകുവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. 

ഇത് കൊളോണിയല്‍ ഭരണ മാതൃകയുടെ തുടര്‍ച്ചയാണ് എന്നതില്‍ ഒരു സംശയത്തിനും അവകാശമില്ല. പുതിയ ലോകക്രമത്തിലേക്കുള്ള അന്തിമമായ മാറ്റം ''ചില മേഖലകളിലെങ്കിലും അനിവാര്യമായ ബലപ്രയോഗത്തിലൂടെയായിരിക്കും'' എന്ന് റസ്സല്‍ സൂചിപ്പിച്ചതിന്റെ അര്‍ത്ഥം, ഈ മാറ്റത്തിനു മുന്നോടിയായി ലോകമെമ്പാടും യുദ്ധസമാനമായ ഒരു സ്ഥിതിവിശേഷം ഉണ്ടായിരിക്കും എന്നതുതന്നെയാണ്. അമേരിക്കയെ, ഒരു അമേരിക്കന്‍ ഭരണക്രമത്തിലേക്കു മാറ്റാന്‍ അവിടത്തെ തദ്ദേശീയ ജനതയെ ഏതാണ്ട് പൂര്‍ണ്ണമായും ഉന്‍മൂലനം ചെയ്ത ചരിത്രവും യൂജനിക്‌സിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നിരവധി വംശഹത്യകളുടെ ചരിത്രവും നമ്മുടെ മുന്നിലുണ്ട്. കൊളോണിയല്‍ ഭരണമാതൃകയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്ന ഇത്തരം വംശഹത്യകള്‍, പുതിയ ലോകക്രമത്തിന്റെ ഭാഗമായ ആഗോള ഭരണകൂടത്തിന്റേയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് എന്നതാണ് ലോകം പങ്കുവെയ്ക്കുന്ന ഭയം. 

ബരാക് ഒബാമ
ബരാക് ഒബാമ

യുദ്ധം 

ഒരു സമൂഹം ഭൂമിശാസ്ത്രപരമായോ സാംസ്‌കാരികമായോ വംശീയമായോ ഭാഷാപരമായോ വേറിട്ടുനില്‍ക്കുന്ന വേറൊരു സമൂഹത്തിനുമേല്‍, ധനസമാഹരണം, പ്രകൃതി വിഭവങ്ങളുടേയും മനുഷ്യവിഭവങ്ങളുടേയും ചൂഷണം തുടങ്ങിയ ലക്ഷ്യങ്ങളോടെ ആധിപത്യം സ്ഥാപിക്കുന്നതിനുവേണ്ടി നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെയാണ് പൊതുവെ യുദ്ധം എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. സാധാരണഗതിയില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഇരു വിഭാഗവും തമ്മില്‍ നടക്കുന്ന പോരാട്ടമാണ് ഇത്. ഇതിനെ സാമ്പ്രദായിക യുദ്ധം എന്നു വിളിക്കാം. സാങ്കേതികവിദ്യയുടെ പുരോഗതിക്കനുസരിച്ച് ആയുധങ്ങളുടെ സ്വഭാവത്തിലും കൃത്യതയിലും പ്രഹരശേഷിയിലുമെല്ലാം ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും സാമ്പ്രദായിക യുദ്ധത്തിന് നിരവധി പരിമിതികളുണ്ട്. ജനസംഖ്യ കുറഞ്ഞ ഒരു സമൂഹത്തിന് ജനസംഖ്യ കൂടിയ ഒരു സമൂഹത്തെ (മറ്റെല്ലാ ഘടകങ്ങളും ഏതാണ്ട് തുല്യമാണെങ്കില്‍) സാമ്പ്രദായിക യുദ്ധമുറകളിലൂടെ കീഴ്പെടുത്തുക സാദ്ധ്യമല്ല. 1957-ല്‍, ലോക കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തില്‍ മാവോ ഇത് വളരെ കൃത്യമായിത്തന്നെ സൂചിപ്പിക്കുകയുണ്ടായി:

''ഒരു ആണവയുദ്ധം ഉണ്ടാവുകയാണെങ്കില്‍ത്തന്നെ ചൈനയിലെ എണ്ണമറ്റ ജനങ്ങളും സംസ്‌കാരവുമായിരിക്കും അന്തിമമായി വിജയിക്കുന്നത്. കോടിക്കണക്കിന് ആളുകള്‍ക്ക് മരിക്കേണ്ടിവന്നാല്‍പോലും അത്, ചൈനയുടെ വിപ്ലവാത്മകമായ പാതയെ തടസ്സപ്പെടുത്തില്ല.'' 

നാശനഷ്ടങ്ങള്‍ ഇരുഭാഗത്തുമുണ്ടാവുമെന്നതുകൊണ്ടുതന്നെ ആയുധങ്ങളുപയോഗിച്ചു കൊണ്ടുള്ള യുദ്ധം ആത്യന്തികമായി ലാഭകരമല്ല എന്നു മാത്രമല്ല, ഇങ്ങനെ നേടുന്ന ആധിപത്യം സ്ഥിരമായിരിക്കുകയുമില്ല; കാരണം, ഏതൊരു ഭരണകൂടത്തിനും അധികാരം നിലനിര്‍ത്താന്‍, പല കാരണങ്ങള്‍കൊണ്ടും 'ജനങ്ങളുടെ സമ്മതം' ആവശ്യമാണ്:

''പൊതുവെ കരുതപ്പെടുന്നതില്‍നിന്നും വിഭിന്നമായി, സ്വേച്ഛാധിപത്യ ഭരണകൂടങ്ങളും ഭരിക്കപ്പെടുന്ന സമൂഹത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കാള്‍ ഡബ്ല്യു. ഡ്യൂഷ് സൂചിപ്പിച്ചതു പോലെ, ഒരു ഏകാധിപത്യ ഭരണം ശക്തമായിരിക്കുന്നത് ജനങ്ങള്‍ക്കെതിരെ നിരന്തരം ബലപ്രയോഗം നടത്തേണ്ടിവരാത്ത ഒരവസ്ഥയില്‍ മാത്രമാണ്. മറിച്ച്, ഭരണം നിലനിര്‍ത്താന്‍ മുഴുവന്‍ ജനങ്ങളുടേയും മേല്‍ എല്ലായ്പോഴും ബലപ്രയോഗം നടത്തേണ്ട അവസ്ഥയുണ്ടായാല്‍ ആ ഭരണകൂടത്തിന് അധികകാലം നിലനില്‍ക്കാന്‍ കഴിയില്ല. മാത്രമല്ല, ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക്, ഭരണപരമായ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടതിനേക്കാള്‍ ശ്രമം പ്രജകളെ 'മെരുക്കാന്‍' ആവശ്യമായിവരും എന്നതുകൊണ്ടും എന്തെങ്കിലും ഒരാവശ്യം വരികയാണെങ്കില്‍ പിന്തുണ ലഭിക്കേണ്ടതുകൊണ്ടും തങ്ങളോട് പൂര്‍ണ്ണമായും അനുഭാവമുള്ള വലിയ ഒരു വിഭാഗം ജനങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്'' (ജീന്‍ ഷാര്‍പ്പ്, From Dictatorship to Democracy).

പരമ്പരാഗതമായ യുദ്ധമുറകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ച്, ജനസംഖ്യയും സാങ്കേതിക പുരോഗതിയും കുറഞ്ഞ രാജ്യങ്ങളെ കീഴടക്കി ബലപ്രയോഗത്തിലൂടെ സാംസ്‌കാരിക പരിവര്‍ത്തനത്തിനു വിധേയമാക്കി ഭരിക്കാമെങ്കിലും വളരെ കൂടിയ ജനസംഖ്യയും ആഴത്തിലുള്ള സാംസ്‌കാരിക വേരുകളും ഉയര്‍ന്ന സാങ്കേതികവിദ്യയും ഉള്ള ഭൂവിസ്തൃതി കൂടിയ രാജ്യങ്ങളെ കീഴടക്കുക സാധ്യമല്ല. അഥവാ കീഴടക്കിയാല്‍ത്തന്നെ അത് താല്‍ക്കാലികമായിരിക്കും.

തദ്ദേശീയമായ ഒരു ഭരണകൂടത്തിന് മതം, ദേശീയത തുടങ്ങിയ സങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ യോജിച്ചുനില്‍ക്കുന്ന സമൂഹത്തെ സമ്മതത്തിലൂടെയോ നിയന്ത്രണത്തിലൂടെയോ വരുതിയിലാക്കുക താരതമ്യേന എളുപ്പമാണെങ്കിലും ഇത്തരം സങ്കല്പങ്ങള്‍ തീര്‍ത്തും വൈകാരികവും പലപ്പോഴും യുക്തിനിഷേധവുമായതുകൊണ്ട് ഏകാധിപതികള്‍ക്ക് ഈ സങ്കല്പങ്ങളുടെ ചട്ടക്കൂട്ടില്‍നിന്നുകൊണ്ടു മാത്രമേ അധികാരം പ്രയോഗിക്കാന്‍ കഴിയുകയുള്ളൂ. മാത്രമല്ല, മതത്തിന്റെ കാര്യത്തില്‍, ജനവികാരത്തെ സ്വാധീനിക്കാന്‍ കഴിവുള്ള പുരോഹിതര്‍ എന്ന ഒരു വിഭാഗത്തെക്കൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്നതുകൊണ്ട് ഏകാധിപത്യം പങ്കുവെയ്ക്കപ്പെടാനുള്ള സാധ്യതയും കൂടും. അതുകൊണ്ട് ഒരു പരിധിവരെയെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്ന ഒരു ഭരണകൂടത്തിനു മാത്രമേ വൈകാരികമായ സാമൂഹ്യസങ്കല്പങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന സാമൂഹ്യ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ അധികാര പ്രയോഗം നടത്താന്‍ കഴിയുകയുള്ളൂ. മാത്രമല്ല, ഇത് തദ്ദേശീയമായ ഒരു ഭരണകൂടത്തിന് തദ്ദേശീയരായ ജനതയ്ക്കുമേല്‍ മാത്രമേ പ്രയോഗിക്കാനും പറ്റുകയുള്ളൂ. വൈദേശികമായ ഒരു ഭരണകൂടത്തിനു സാംസ്‌കാരികമായി വ്യതിരിക്തമായ ഒരു ജനതയുടെമേല്‍ അധികാരം നിലനിര്‍ത്തണമെങ്കില്‍ ആ ജനതയുടെ വൈകാരിക പ്രതികരണങ്ങള്‍ തങ്ങള്‍ക്കനുകൂലമായി മാറത്തക്കവിധത്തിലുള്ള സമഗ്രമായ സാംസ്‌കാരിക പരിവര്‍ത്തനം അത്യന്താപേക്ഷിതമാണ്. 

റഷ്യൻ സേനയ്ക്ക് നേരെ ആക്രമണം നടത്തുന്ന യുക്രെയ്ൻ സൈനികൻ
റഷ്യൻ സേനയ്ക്ക് നേരെ ആക്രമണം നടത്തുന്ന യുക്രെയ്ൻ സൈനികൻ

ബര്‍ട്രാന്റ് റസ്സലും മിച്ചിയോ കാക്കുവും പോള്‍ ഹോള്‍ഡ്രണും മറ്റു നിരവധിയാളുകളും ദീര്‍ഘവീക്ഷണം ചെയ്ത ആഗോള ഭരണകൂടം യാഥാര്‍ത്ഥ്യമാവാനുള്ള ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയും ഇതുതന്നെയാണ്. പക്ഷേ, ഇത് കൃത്യമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. യുദ്ധം എന്ന പ്രക്രിയയുടെ ആത്യന്തികമായ ലക്ഷ്യം സാമൂഹിക നിയന്ത്രണവും അതിലൂടെയുള്ള ചൂഷണവുമാണ് എന്നതുകൊണ്ട് സാമൂഹിക നിയന്ത്രണ ഉപാധികള്‍ തന്നെയാണ് കൂടുതല്‍ ഫലപ്രദമായ യുദ്ധോപകരണങ്ങള്‍ എന്നും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദശകങ്ങളിലുണ്ടായ സാങ്കേതികവിദ്യയുടെ അസാധാരണമായ വളര്‍ച്ച സാമൂഹിക നിയന്ത്രണം എന്ന സങ്കല്പത്തിനു വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും സ്മാര്‍ട്ട് ഫോണും വ്യക്തിയുടെ സ്വകാര്യത എന്ന സങ്കല്പത്തെ പാടേ നിരാകരിക്കുന്നു എന്നതിനര്‍ത്ഥം, സാങ്കേതികവിദ്യയുടെ നിയന്ത്രണം കയ്യടക്കിവച്ചിരിക്കുന്നവര്‍ക്ക് വ്യക്തികളെ ലക്ഷ്യം വെക്കാന്‍ കഴിയുന്നുണ്ട് എന്നതുതന്നെയാണ്. ഇത് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ വേണ്ടി മാത്രമല്ല, ഒരു വ്യക്തി എന്താണ് അറിയുന്നത് അഥവാ എന്താണ് അറിയേണ്ടത് എന്നതിനെ നിയന്ത്രിച്ച് ആ വ്യക്തിയുടെ അഭിപ്രായങ്ങളേയും പ്രതികരണങ്ങളേയും സ്വാധീനിക്കാന്‍ വേണ്ടിയും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് കൃത്യമായി വെളിവാക്കപ്പെട്ടതുതന്നെയാണ്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സികളുടെ നിരവധി രഹസ്യരേഖകള്‍ പരസ്യപ്പെടുത്തിയതിനാല്‍ റഷ്യയില്‍ രാഷ്ട്രീയ അഭയം തേടേണ്ടിവന്ന എഡ്വേഡ് സ്നോഡന്‍ ലോകമെമ്പാടുമുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ - ഫോണ്‍ കോളുകളും ഇ-മെയിലുകളും ഇന്റര്‍നെറ്റ് ബ്രൗസിംഗ് ഹിസ്റ്ററിയും മറ്റ് ആശയവിനിമയങ്ങളും - അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സികള്‍ ശേഖരിച്ച്, തരംതിരിച്ച് സൂക്ഷിച്ചുവെയ്ക്കുന്നുണ്ട് എന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ഭീകരവാദികളേയും കുറ്റവാളികളേയും ഉദ്ദേശിക്കപ്പെട്ടുള്ളതാണ് എന്നതാണ് ന്യായമെങ്കിലും ഈ രീതിയില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഒരു സമൂഹത്തെക്കുറിച്ചുള്ള അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ പര്യാപ്തമാണ് എന്നത് ഇതിനു മാരകമായ ഒരായുധത്തിന്റെ ശക്തി നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഒരു സമൂഹത്തിലെ വ്യക്തികളുടെ ബാങ്കിംഗ് വിശദാംശങ്ങളും കൊടുക്കല്‍ വാങ്ങലുകളും കൃത്യമായി അറിയാന്‍ കഴിഞ്ഞാല്‍ ആ സമൂഹത്തിന്റെ പൊതുവായ സാമ്പത്തികാവസ്ഥയെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുമല്ലോ. ഇതു കൂടാതെ, വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുക വഴി വ്യക്തികളുടെ പൂര്‍ണ്ണമായ നിയന്ത്രണവും സാധ്യമാവും. എന്തുകൊണ്ടാണ് വ്യക്തിഗത വിവരശേഖരണത്തെ ജനങ്ങള്‍ ഭയക്കേണ്ടത് എന്ന ചോദ്യത്തിന് എഡ്വേഡ് സ്നോഡന്റെ മറുപടി വളരെ ശ്രദ്ധേയമാണ്:

''നിങ്ങള്‍ തെറ്റായി ഒന്നും ചെയ്യുന്നില്ലെങ്കിലും നിങ്ങള്‍ ഇടതടവില്ലാതെ നിരീക്ഷിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, വിവരങ്ങള്‍ ശേഖരിച്ചുവെക്കാനുള്ള ഉപകരണങ്ങളുടെ ശേഷി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയുമാണല്ലോ. അബദ്ധത്തില്‍ സംഭവിക്കുന്ന ഒരു തെറ്റായ ഫോണ്‍കോള്‍ വഴിയോ മറ്റോ നിങ്ങള്‍ ആരുടെയെങ്കിലും സംശയത്തിനു പാത്രമാവാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മുന്‍പ് രേഖപ്പെടുത്തപ്പെട്ട നിങ്ങളുടെ വിനിമയങ്ങള്‍ - നിങ്ങള്‍ മുന്‍പ് എടുത്ത തീരുമാനങ്ങള്‍, നിങ്ങള്‍ മുന്‍പ് സംസാരിച്ച സുഹൃത്തുക്കള്‍ തുടങ്ങിയവ - മുഴുവന്‍ ചികഞ്ഞ് വേണമെങ്കില്‍ നിങ്ങളെ ഒരു കുറ്റവാളിയായി ചിത്രീകരിക്കാന്‍ കഴിയും.'' 

ആധുനിക വിവരസാങ്കേതികവിദ്യയും അതിന്റെ പ്രാഥമിക ഉപകരണങ്ങളും വ്യക്തികളുടെ മാനസിക വ്യാപാരങ്ങളെ നേരിട്ട് നിയന്ത്രിച്ച് സാമൂഹിക നിയന്ത്രണം സാധ്യമാക്കുന്ന ഉപാധികളാണ്. ഇതിന് രാജ്യാന്തര സ്വഭാവമാണുള്ളത്. സാമൂഹിക നിയന്ത്രണം, അധിനിവേശത്തിനുശേഷം അധികാരം നിലനിര്‍ത്താനുള്ള ഉപാധി എന്നതില്‍നിന്നും അധിനിവേശത്തിനുള്ള ഏറ്റവും പ്രഹരശേഷിയുള്ള യുദ്ധോപകരണമായി മാറിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികളുടെ ചിന്തകളേയും പ്രതികരണങ്ങളേയും വികാരങ്ങളേയും വിചാരങ്ങളേയും നിയന്ത്രിച്ച് ഒരു 'ലക്ഷ്യ സമൂഹത്തിനു' മേല്‍ ആധിപത്യം സ്ഥാപിക്കുന്ന യുദ്ധരീതിയെ ഗൂഢ യുദ്ധം എന്നു വിളിക്കാം. വിവരണ സൗകര്യത്തിനായി ഇതിനെ പലതായി തിരിക്കാമെങ്കിലും ഇതിന്റെ അടിസ്ഥാനം അറിവിനേയും അറിയുക എന്ന പ്രക്രിയയേയും ഫലപ്രദമായി നിയന്ത്രിച്ച് ലക്ഷ്യ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളേയും വൈകാരികവും ബൗദ്ധികവുമായ പ്രതികരണങ്ങളേയും വക്രീകരിച്ച് ആ സമൂഹത്തിന്റെ ശിഥിലീകരണം സാധ്യമാക്കുക എന്നതാണ്. വൈകാരിക യുദ്ധവും ബൗദ്ധിക യുദ്ധവും ഗൂഢയുദ്ധത്തിന്റെ പ്രധാന ഘടകങ്ങളാണ്. 

ഗൂഢ യുദ്ധം 

ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചൈനീസ് യുദ്ധ തന്ത്രജ്ഞനായിരുന്ന സണ്‍ സു (Sun Tzu) തന്റെ The Art of War എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: 

''ചെയ്ത എല്ലാ യുദ്ധങ്ങളിലും ജയിച്ചു എന്നത് ഒരു (ജനറലിന്റെ) മികവായി കാണാനാവില്ല. യഥാര്‍ത്ഥ മികവ് യുദ്ധം ചെയ്യാതെ തന്നെ ശത്രുവിന്റെ പ്രതിരോധത്തെ തകര്‍ക്കുക എന്നതാണ്.'' 

ഈ പുസ്തകത്തിന്റെ ഫ്രെഞ്ച് പരിഭാഷ ഏതാണ്ട് 14-ാം നൂറ്റാണ്ടില്‍ത്തന്നെ യൂറോപ്പില്‍ ലഭ്യമായിരുന്നു എന്നതുകൊണ്ട് സണ്‍ സുവിന്റെ ആശയങ്ങള്‍ യൂറോപ്പിന് പരിചിതമായിരുന്നു എന്നുതന്നെ കരുതണം. ആധുനിക യുദ്ധതന്ത്രത്തിലേയും രാഷ്ട്രതന്ത്രത്തിലേയും വളരെ പ്രധാനപ്പെട്ട ഒരു പഠനസഹായിയായി കരുതപ്പെടുന്ന ഈ പുസ്തകം സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജന്‍സിയായിരുന്ന കെ.ജി.ബിയുടെ പ്രധാന പാഠപുസ്തകങ്ങളിലൊന്നുമായിരുന്നു. 

''യുദ്ധം ചെയ്യാതെ തന്നെ ശത്രുവിന്റെ പ്രതിരോധത്തെ തകര്‍ക്കുക'' എന്ന ആധുനിക യുദ്ധ തന്ത്രത്തിന്റെ സൈദ്ധാന്തിക അടിത്തറയും പ്രായോഗിക പദ്ധതികളും സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കാലോചിതമായി പരിഷ്‌കരിക്കപ്പെടുകയും നിരന്തരം പ്രയോഗിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഈ യുദ്ധതന്ത്രത്തെ 'ശിഥിലീകരണം - Subversion' എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. ഇത് നിരവധി ഘട്ടങ്ങളിലൂടെ സാവധാനം പുരോഗമിക്കുന്ന ഒരു പ്രക്രിയയാണ്.

സൺ സു
സൺ സു

സോവിയറ്റ് യൂണിയന്‍ ചാരസംഘടനയുടെ (കെ.ജി.ബി) ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന യൂറി ബസ്മനോവ് (Yuri Besmenov) ഈ ശിഥിലീകരണ പ്രക്രിയയുടെ നാലുഘട്ടങ്ങളെ അപകീര്‍ത്തീകരണം, അപനിര്‍മ്മിതി, ദുരന്തം, പുനര്‍നിര്‍മ്മാണം എന്നിങ്ങനെ വിശദീകരിക്കുന്നുണ്ട്. പോള്‍ ഡബ്ല്യു. ബ്ലാക്സ്റ്റോക് (Paul W. Blackstock) നുഴഞ്ഞുകയറ്റം, ധൂളീകരണം, ഒറ്റപ്പെടുത്തല്‍ എന്നിങ്ങനെ ഇതിന്റെ പ്രാഥമികമായ മൂന്നു ഘട്ടങ്ങളേയും തുടര്‍ന്ന് അധിനിവേശം, പുനര്‍നിര്‍മ്മാണം എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളേയും വിശദീകരിക്കുന്നുണ്ട്. ഓരോ ഘട്ടത്തിന്റേയും വിജയത്തിന് സന്ദര്‍ഭോചിതമായി ദുഷ്പ്രചരണങ്ങള്‍ മുതല്‍ ആക്രമണങ്ങള്‍വരെ പ്രയോഗിക്കാം എന്നും ബ്ലാക് സ്റ്റോക് അഭിപ്രായപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ബസ്മനോവിന്റെ പദ്ധതിയുടെ ആദ്യം 'നുഴഞ്ഞുകയറ്റം' കൂടി ചേര്‍ത്താല്‍ ഇത് രണ്ടും ഒന്നു തന്നെയാണ് എന്നു കാണാം. 

നുഴഞ്ഞുകയറ്റം, ഒരു രാജ്യത്തിലേക്കുള്ള നുഴഞ്ഞുകയറ്റമല്ല, ഒരു രാജ്യത്തിന്റെ ആഭ്യന്തര ഘടനയിലേക്കുള്ള നുഴഞ്ഞുകയറ്റമാണ്. പ്രധാനമായും ആക്രമിക്കുന്ന രാജ്യത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഡിപ്ലോമാറ്റിക് പരിരക്ഷ ഉപയോഗിച്ച് ചെയ്യുന്നതാണ്: 

''...എംബസി ഉദ്യോഗസ്ഥരില്‍ പകുതിയോളം പേര്‍ ഇകഅ ഉദ്യോഗസ്ഥരായിരിക്കും. ഗറില്ല/അര്‍ദ്ധ സൈനിക നടപടികള്‍ ഉണ്ടെങ്കില്‍ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ സി.ഐ.എയില്‍ നിന്നായിരിക്കും.'' മാത്രമല്ല, ഈ പ്രവര്‍ത്തനങ്ങള്‍ നിശ്ശബ്ദമായും രഹസ്യമായുമാണ് നടക്കുന്നത് എന്നതുകൊണ്ട് ഇവരുടെ പ്രവര്‍ത്തനങ്ങളെ ആക്രമണമായി മനസ്സിലാക്കാനും ഒറ്റനോട്ടത്തില്‍ സാധ്യമല്ല: ''ഉദാഹരണത്തിന്, അഹഉ (U.S Agency for International Development) ന്റെ ഇന്റലിജന്‍സ് യൂണിറ്റ്, മുന്‍ സി.ഐ.എ ഏജന്റായിരുന്ന റൂഫുസ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ 1963-ല്‍ സൗത്ത് വിയറ്റ്നാമില്‍ നടത്തിയ പ്രവര്‍ത്തനം ''ഗ്രാമ കാര്യവിഭാഗം'' എന്ന പേരിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പക്ഷേ, ഇത്തരം രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെടുന്ന പേരുകള്‍ പലപ്പോഴും വ്യാപാരവുമായി ബന്ധപ്പെട്ടതായിരിക്കും. 1950-കളില്‍ സി.ഐ.എ, ചൈനീസ് ദേശീയ വാദികളെ സഹായിക്കാന്‍ ഫോര്‍മോസയില്‍ രൂപീകരിച്ച വിപുലമായ സംഘടന ''വെസ്റ്റേണ്‍ എന്റര്‍പ്രൈസസ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന പേരിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഒരു ട്രേഡിംഗ് കമ്പനി എന്ന നാട്യത്തില്‍.''

(യൂറി ബസ്മനോവ് ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്!) ഈ ഏജന്റുകളുടെ പ്രധാന ലക്ഷ്യം, ആതിഥേയ രാജ്യത്തിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക എന്നതിലുപരി ശിഥിലീകരണത്തിന്റെ വിവിധ ഘട്ടങ്ങള്‍ തടസ്സമില്ലാതെ നടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ്. 

യൂറി ബസ്മനോവിന്റെ പദ്ധതിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം അപകീര്‍ത്തീകരണമാണ്. ആക്രമിക്കപ്പെടുന്ന ജനതയെ തങ്ങളുടെ തന്നെ സാംസ്‌കാരിക പരിസരത്തുനിന്ന് അന്യവല്‍ക്കരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ആക്രമിക്കപ്പെടുന്ന ജനതയുടെ സംസ്‌കാരവും അതിന്റെ ഭാഗമായ സാമൂഹിക സ്ഥാപനങ്ങളും ആക്രമിക്കുന്ന ജനതയുടെ സംസ്‌കാരത്തേക്കാള്‍ നീചമാണ് എന്ന് ആക്രമിക്കപ്പെടുന്ന ജനതയെ 'ബോധ്യപ്പെടുത്തുക' എന്നതാണ് ഈ ഘട്ടം. വിദ്യാഭ്യാസം, സാമൂഹിക ജീവിതം, നിയമ പരിപാലനം, സാമ്പത്തികം തുടങ്ങി ഒരു ജനതയുടെ ആരോഗ്യകരമായ സാമൂഹിക ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകങ്ങളെ ആശയപ്രചരണത്തിലൂടെ മാറ്റിമറിക്കുക, സമൂഹത്തില്‍ സ്വാഭാവികമായി നിലനില്‍ക്കാനിടയുള്ള രാഷ്ട്രീയമോ വര്‍ഗ്ഗപരമോ വംശീയമോ മതപരമോ ആയ സംഘര്‍ഷങ്ങളെ ഒരിക്കലും ഒരു ആശയ സമവായത്തിലെത്താന്‍ കഴിയാത്തവിധത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന രീതിയിലുള്ള ആശയപ്രചരണങ്ങള്‍ നടത്തുക തുടങ്ങിയവ ഈ ഘട്ടത്തിലാണ് സംഭവിക്കുന്നത്. ഇതിന് ഏകദേശം 15 മുതല്‍ 20 വരെ വര്‍ഷങ്ങള്‍ ആവശ്യമാണ് - അതായത് ഒരു തലമുറയെ 'മസ്തിഷ്‌ക പ്രക്ഷാളനം' (Brain Wash) ചെയ്യാന്‍ വേണ്ട സമയം. 

യുറി ബസ്മനോവ്
യുറി ബസ്മനോവ്

രണ്ടാമത്തെ ഘട്ടം 'അപനിര്‍മ്മിതി'യാണ് (Destabilisation). പൂര്‍ണ്ണമായും അപകീര്‍ത്തീകരണത്തിനു വിധേയരായ, അക്രമി രാജ്യത്തിന്റെ പരിശീലനവും ധനസഹായവും ലഭിക്കുന്ന 'ഉറങ്ങിക്കിടക്കുന്ന' ആളുകള്‍ ഈ ഘട്ടത്തില്‍ പ്രവര്‍ത്തനനിരതരാവാന്‍ തുടങ്ങും. ഇവര്‍ പലതരം സംഘടനകളുടെ തലവന്മാരും കപട സാമുദായിക നേതാക്കന്മാരും മറ്റുമായി സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ തുടങ്ങും. ചേരിതിരിഞ്ഞു നില്‍ക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധകളെ കലാപമാക്കി വികസിപ്പിക്കുക, സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാകത്തക്ക രീതിയിലുള്ള നിയമനിര്‍മ്മാണങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റുകളെ പ്രേരിപ്പിക്കുക തുടങ്ങിയവയൊക്കെ ഇവര്‍ക്ക് ഈ ഘട്ടത്തില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയും. ഈ ഘട്ടം പൂര്‍ത്തിയാവുമ്പോഴേക്കും സമൂഹം ശിഥിലീകരണത്തിന്റെ മൂന്നാം ഘട്ടമായ ദുരന്തത്തിലേക്ക് (സംഘര്‍ഷം - Crisis) സ്വാഭാവികമായിത്തന്നെ ചെന്നെത്തും. ദുരന്തം ഒന്നുകില്‍ ഒരു ആഭ്യന്തര യുദ്ധത്തില്‍ അല്ലെങ്കില്‍ ഒരു അധിനിവേശത്തില്‍ കലാശിക്കും. തുടര്‍ന്ന്, അധിനിവേശ രാജ്യത്തിന്റെ താല്പര്യങ്ങള്‍ക്കനുസൃതമായ ഒരു പുനര്‍ക്രമീകരണത്തോടെ അധിനിവേശം പൂര്‍ണ്ണമാവും. ഇനി ആഭ്യന്തര യുദ്ധമാണ് നടക്കുന്നതെങ്കില്‍ സഹായിക്കാനെന്ന വ്യാജേന അധിനിവേശ ശക്തിക്ക് ഇടപെട്ട് അധിനിവേശം പൂര്‍ണ്ണമാക്കാന്‍ കഴിയും. 

ഇങ്ങനെ ശിഥിലീകരണ പ്രക്രിയയുടെ ഭാഗമായി ഒരു സമൂഹത്തിന്റെ ആഭ്യന്തര ജീര്‍ണ്ണതയ്ക്കു കാരണമാവുന്നവിധത്തില്‍ അറിവിനെ നിയന്ത്രിക്കുന്ന രീതിയെയാണ് വൈകാരിക യുദ്ധം (Psychological warfare), ബൗദ്ധിക യുദ്ധം (Information warfare) തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നത്. അറിവിന്റെ നിയന്ത്രിത വിനിമയത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന സാമൂഹിക പ്രതികരണങ്ങള്‍ വൈകാരികമാണോ ബൗദ്ധികമാണോ എന്ന വ്യത്യാസം മാത്രമേയുള്ളൂ. ശിഥിലീകരണ പ്രക്രിയയുടെ ഏറ്റവും ശക്തമായ ഉപകരണങ്ങളാണിവ. വ്യക്തിയും സമൂഹവും കൃത്യമായ അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കാന്‍ കഴിയാത്തവിധത്തില്‍ എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നുവോ അതുപോലെതന്നെ വൈകാരിക യുദ്ധവും (Psychological warfare), ബൗദ്ധിക യുദ്ധവും (Information warfare) കെട്ടുപിണഞ്ഞു കിടക്കുന്നു. അമേരിക്കന്‍ മിലിറ്ററി പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ (US ARMY SPECIAL WARFARE- Its Origins-Psychological and Unconventional Warfare, 1941-1952 (Alfred H. Paddock, Jr.-1982) വൈകാരിക യുദ്ധത്തെ ഇങ്ങനെ വിവരിക്കുന്നു:

''ശത്രുരാജ്യത്തിലെ ജനങ്ങളുടെ അല്ലെങ്കില്‍ വിദേശത്തുള്ള സുഹൃദ് സംഘങ്ങളുടെ അഭിപ്രായങ്ങളെ, വികാരങ്ങളെ, മനോഭാവങ്ങളെ, പ്രതികരണങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെയാണ് വൈകാരിക യുദ്ധം (Psychological Warfare) എന്നു പറയുന്നത്... ഇത് ശത്രു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള രാജ്യത്തിലെ, അല്ലെങ്കില്‍ ശത്രു രാജ്യത്തിലെ തദ്ദേശീയരായ ആളുകളുടെ സഹായത്തോടെയാണ് നടപ്പാക്കാന്‍ കഴിയുക.'' ഇതിനു വേണ്ടി, ''ഇന്റലിജന്‍സ് ഓപ്പറേഷനിലും പ്രൊപ്പഗാന്‍ഡയിലും പരിശീലനം ലഭിച്ച വിഭാഗത്തിന് അച്ചടി, ഉച്ചഭാഷിണി, ദൃശ്യ - ശ്രവണ ഉപകരണങ്ങള്‍, റേഡിയോ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ, രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദം ശത്രു രാജ്യങ്ങള്‍ക്കെതിരെയും മിത്ര രാജ്യങ്ങള്‍ക്കനുകൂലമായും ചെലുത്തുകയും പൊതുജനാഭിപ്രായത്തെ തങ്ങള്‍ക്കനുകൂലമായി സ്വാധീനിക്കാന്‍ ശ്രമിക്കുക, ശത്രുരാജ്യത്തിലെ ഛിദ്രശക്തികളെ വളരാന്‍ സഹായിക്കുക, മതം, വംശം, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിഞ്ഞു നില്‍ക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളെ വളര്‍ത്തി മിലിറ്ററിയുടേയും പൊതുജനങ്ങളുടേയും മനോവീര്യത്തേയും ഇച്ഛാശക്തിയേയും തകര്‍ക്കുക തുടങ്ങിയവയാണ് ലക്ഷ്യം.''
 
ഇതുതന്നെയാണ് യൂറി ബസ്മനോവും പോള്‍ ബ്ലാക് സ്റ്റോക്കും സൂചിപ്പിച്ചത് എന്നത് വ്യക്തമാണല്ലോ. എന്നാല്‍, ശീതസമര കാലഘട്ടത്തില്‍ സോവിയറ്റ് യൂണിയന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ പ്രയോഗിച്ചിരുന്നു എന്ന് യൂറി ബസ്മനോവ് സൂചിപ്പിക്കുന്ന ശിഥിലീകരണം (Subversion) ബ്രിട്ടണ്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ തങ്ങളുടെ കോളനി രാജ്യങ്ങളില്‍ പ്രയോഗിച്ചു തുടങ്ങിയിരുന്നു എന്നതാണ് വാസ്തവം. മാത്രമല്ല, ഇന്ന് വൈകാരിക യുദ്ധത്തിന്റെ ഏറ്റവും പ്രമുഖ പ്രയോക്താവായ അമേരിക്ക തങ്ങളുടെ വൈകാരിക യുദ്ധ വിഭാഗം (Psychological warfare division) ഔദ്യോഗികമായി ആരംഭിക്കുന്നത് തന്നെ ബ്രിട്ടീഷ് മാതൃകയുടെ ചുവടു പിടിച്ചാണ് എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

റഷ്യൻ ആക്രമണത്തിൽ തകർന്ന കീവ് ന​ഗരത്തിലെ കാഴ്ച
റഷ്യൻ ആക്രമണത്തിൽ തകർന്ന കീവ് ന​ഗരത്തിലെ കാഴ്ച

വൈകാരിക യുദ്ധം 

കേണല്‍ വില്യം ജെ. ഡോനോവന്‍ (Colonel William J. Donovan) മധ്യ പൂര്‍വ്വ ദേശങ്ങളിലേക്കും (Middle East) ബ്രിട്ടനിലേക്കും നടത്തിയ യാത്രകള്‍ക്കു ശേഷം ''വിവിധ ഏജന്‍സികള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്രീകരിച്ച് വൈകാരിക യുദ്ധവിഭാഗവും സ്പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗവും സംയോജിപ്പിച്ച് ബ്രിട്ടീഷ് മാതൃകയില്‍, ഒരൊറ്റ ഏജന്‍സിയായി മാറ്റുന്നതിനെക്കുറിച്ച് റൂസ്വെല്‍റ്റിനോട് ശുപാര്‍ശ ചെയ്തതിന്റെ ഫലമായിട്ടാണ് COI (Co-ordinator of Information) എന്ന സംഘടനയും അതിന്റെ പിന്‍ഗാമിയായ ഛടട (office of Strategic Services) എന്ന സംഘടനയും തുടര്‍ന്ന് 1952-ല്‍ വൈകാരികയുദ്ധ വിഭാഗവും (Psychological Warfare Centre) അമേരിക്ക രൂപീകരിക്കുന്നത്. താരതമ്യേന ചെറുതും ജനസംഖ്യ കുറഞ്ഞതുമായ ബ്രിട്ടന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സ്വാധീനം ഉറപ്പിച്ചതും ഏതാണ്ട് രണ്ടു നൂറ്റാണ്ടോളം ആധിപത്യം നിലനിര്‍ത്തിയതും വൈകാരിക/ബൗദ്ധിക യുദ്ധമുറകളുടെ സഹായത്തോടെയാണ്. ബ്രിട്ടന്റെ, വിഭജിച്ചു ഭരിക്കുക എന്ന യുദ്ധതന്ത്രം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. വൈകാരിക യുദ്ധവും ബൗദ്ധിക യുദ്ധവും ഒരു 'സാമ്പ്രദായിക യുദ്ധം' നടക്കുന്ന സമയത്ത് യുദ്ധത്തിന്റെ ഫലത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്താനും പൊതുജനാഭിപ്രായം തങ്ങള്‍ക്കനുകൂലമാക്കാനും ഇരുപക്ഷവും ഉപയോഗിക്കുന്ന 'കപട വാര്‍ത്തകള്‍' അല്ല, ഒരു രാജ്യത്തെ ആഭ്യന്തരമായി തകര്‍ത്ത് ഒരു യുദ്ധത്തിന്റെപോലും സഹായമില്ലാതെ ആ രാജ്യത്തെ കീഴടക്കാനുള്ള, നുണകളും അര്‍ദ്ധസത്യങ്ങളും സത്യങ്ങളും ഉപയോഗിച്ച് നടത്തപ്പെടുന്ന, ഏറ്റവും മാരകമായ യുദ്ധമുറയാണ് എന്നും ഇത് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ് എന്നുമാണ് നമ്മള്‍ തിരിച്ചറിയേണ്ടത്. 

ലോക ഗവണ്‍മെന്റ് എന്ന ആശയം യൂജനിക്‌സിലധിഷ്ഠിതമായ കൊളോണിയല്‍ അധിനിവേശത്തിന്റെ തുടര്‍ച്ച തന്നെയാണ്. ഏകദേശം 80 വര്‍ഷങ്ങള്‍ക്കു മുന്‍പ് സാങ്കേതിക കാരണങ്ങളാല്‍ താല്‍ക്കാലികമായി പിന്‍വാങ്ങിയെങ്കിലും തങ്ങളുടെ കോളനികള്‍ക്കുമേല്‍ ഇന്നും പൂര്‍ണ്ണ നിയന്ത്രണമുള്ള കൊളോണിയല്‍ അധിനിവേശ ശക്തികള്‍ തന്നെയാണ് അതിന്റെ സൂത്രധാരന്മാരും യുദ്ധതന്ത്രജ്ഞന്മാരും. കഴിഞ്ഞ കുറച്ചു ദശകങ്ങളില്‍ ഒരു സാധാരണ മനുഷ്യന് ഊഹിക്കാന്‍പോലും കഴിയാത്തവിധം വളര്‍ന്ന സാങ്കേതികവിദ്യ പുതിയ കൊളോണിയല്‍ ലോക ഗവണ്‍മെന്റിനെ ഒരു യാഥാര്‍ത്ഥ്യമാക്കും എന്ന കാര്യത്തില്‍ സംശയമുണ്ടാവേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ ക്ലൗസ് ഷ്വാബ് (Klaus Schwab) കൊളോണിയല്‍ അധിനിവേശ ശക്തികള്‍ക്ക് ലഭ്യമായ സാങ്കേതിക വിദ്യയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം തരുന്നുണ്ട്.

നാലാം വ്യാവസായിക വിപ്ലവം 

നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്, സ്വന്തമായി പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ത്രിമാന പ്രിന്റിംഗ്, നാനോ ടെക്നോളജി തുടങ്ങിയ സങ്കേതങ്ങള്‍ ഒരു നാലാം വ്യാവസായിക വിപ്ലവത്തിനു തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു എന്ന് വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ സ്ഥാപകനും അതിന്റെ എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ ക്ലൗസ് ഷ്വാബ് സൂചിപ്പിക്കുന്നു. 'അതിന്റെ വിശാലതയും പ്രഭാവവും സങ്കീര്‍ണ്ണതയും കണക്കിലെടുത്താല്‍' നാലാം വ്യാവസായിക വിപ്ലവം മനുഷ്യരാശിയുടെ സര്‍വ്വ വ്യവഹാരങ്ങളേയും മനുഷ്യനെത്തന്നെയും അടിസ്ഥാനപരമായി മാറ്റിമറിക്കാന്‍ ശേഷിയുള്ളതാണ് എന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്:

''ഡിജിറ്റല്‍ വിപ്ലവം മറ്റു സാങ്കേതികവിദ്യകളുമായി ചേര്‍ന്നു സാമൂഹ്യവ്യവഹാരങ്ങളുടെ സര്‍വ്വ മേഖലകളിലും ഏറ്റവും ആഴത്തിലുള്ള ഒരു പരിവര്‍ത്തനം സാധ്യമാക്കുന്നുണ്ട്. വ്യവഹാരങ്ങള്‍ എന്ത്, എങ്ങനെ എന്നതു മാത്രമല്ല, ''ആരാണ് നാം?'' എന്ന ചോദ്യംപോലും പരിവര്‍ത്തന വിധേയമാവുന്നുണ്ട്. 

വിരലിലെണ്ണാവുന്ന ഒരു ന്യൂനപക്ഷത്തിനു ലഭ്യമായ സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുതിയ ലോകക്രമം, രാഷ്ട്രീയ അധികാരത്തിന്റെ കേന്ദ്രീകരണം മാത്രമല്ല, അത് മനുഷ്യരാശിയുടെ ഏറ്റവും അടിസ്ഥാന ഘടകങ്ങളെ എന്നെന്നേക്കുമായി മാറ്റിമറിക്കുന്ന സമഗ്രമായ ഒരു പദ്ധതിയാണ് എന്നത് മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര മനുഷ്യരെ തീര്‍ത്തും ഭയപ്പെടുത്തേണ്ടതാണ്. ഉദാഹരണത്തിന്: ''ഒരു സെന്‍സറോ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഉപകരണമോ (RFID chip) ഉപയോഗിച്ച് ദൂരദേശങ്ങളിലേക്ക് അയക്കപ്പെടുന്ന ഒരു വസ്തു (ഒരു പാക്കേജ്) ഇപ്പോഴെവിടെയെത്തി എന്നൊക്കെ നിരീക്ഷിക്കാന്‍ (Tracking) കഴിയും. സമീപഭാവിയില്‍ത്തന്നെ ഇത്തരം നിരീക്ഷണോപാധികള്‍ ഉപയോഗിച്ച് മനുഷ്യരുടേയും ചലനങ്ങള്‍ കൃത്യമായി നിരീക്ഷിക്കപ്പെടുന്ന സംവിധാനം നിലവില്‍ വരും'' (ഉദാഹരണത്തിന് ശരീരത്തില്‍ ഘടിപ്പിക്കുന്ന RFID ചിപ്പ്. ഇത് മൂന്നു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പേ പ്രയോഗത്തില്‍ വന്നുകഴിഞ്ഞു).

''പട്ടാളക്കാരുടെ തലച്ചോറില്‍ സെന്‍സറുകള്‍ സ്ഥാപിച്ച് അവരുടെ ഓര്‍മ്മകളെ മായ്ചുകളയാനും പുതിയ ഓര്‍മ്മകളെ സ്ഥാപിക്കാനും കഴിയും.'' ''ഭാവി തലമുറയുടെ ജനറ്റിക് കോഡ് തന്നെ നമ്മള്‍ മാറ്റിയെഴുതുമ്പോള്‍ എന്തൊക്കെ അവകാശങ്ങളും ചുമതലകളുമാണ് നമുക്കുള്ളത് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നിലവിലുണ്ട്.''

''ഡിസൈനര്‍ ബേബി (രൂപകല്പന ചെയ്യപ്പെടുന്ന ശിശുക്കള്‍!)'കളെ സൃഷ്ടിക്കാനുള്ള പദ്ധതി കൂടി ഇതില്‍ അന്തര്‍ലീനമാണ് എന്നുതന്നെയാണ് ക്ലൗസ് ഷ്വാബ് വിശദീകരിക്കുന്നത്. എഡ്വേഡ് സ്നോഡന്‍ സൂചിപ്പിച്ച ആഗോള തലത്തിലുള്ള വ്യക്തികളുടെ നിരീക്ഷണം (Global Surveillance) ഇന്നു നടക്കുന്നത് ശരീരത്തിനു പുറത്തുള്ള ഉപകരണങ്ങളുടെ (ഉദാ: സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്) അടിസ്ഥാനത്തിലാണ്. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിലൂടെ നിരീക്ഷണങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള നേരിയ സാധ്യത ഇപ്പോള്‍ പ്രജകള്‍ക്കുണ്ട്. ശരീരത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഞഎകഉ ചിപ്പിലൂടെ അതിനുള്ള സാധ്യതയും ഇല്ലാതാവും എന്നത് ഉറപ്പാണല്ലോ. ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുമാറി നില്‍ക്കാം എന്നു കരുതുന്നതും വെറും വ്യാമോഹം മാത്രമാവാനാണ് സാധ്യത. തീര്‍ത്തും കപടമായ കാരണങ്ങളും കൃത്രിമമായ കണക്കുകളും സൃഷ്ടിച്ച് ഒരു രാസപദാര്‍ത്ഥം തങ്ങളുടെ ശരീരത്തില്‍, പരിപൂര്‍ണ്ണമായ അനുസരണയോടെ കുത്തിവെയ്ക്കാന്‍ ബഹുഭൂരിപക്ഷം വരുന്ന ലോകജനതയെ പ്രേരിപ്പിച്ച, ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി അനുസരിപ്പിച്ച കൊളോണിയല്‍ അധിനിവേശ ശക്തികള്‍ക്ക്, അടിമത്തത്തിന്റെ ഉപകരണങ്ങള്‍ സ്വന്തം ശരീരത്തില്‍ ഘടിപ്പിക്കാന്‍ നുകംവെച്ച കാളകളെപ്പോലെ ആളുകളെ വരിവരിയായി കാത്തുനിര്‍ത്താന്‍ കപടമായ കാരണങ്ങളും കൃത്രിമമായ കണക്കുകളും ഇനിയെത്രവേണമെങ്കിലും സൃഷ്ടിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ എന്താണ് സംശയം? 

ക്ലൗസ് ഷ്വാബ്
ക്ലൗസ് ഷ്വാബ്

തീര്‍ത്തും ഏകാധിപത്യപരവും മനുഷ്യത്വരഹിതവുമായ ഈ പദ്ധതിയെ സ്റ്റേറ്റിന്റെ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് ചെറുക്കേണ്ടത് പ്രാഥമികമായും ഇപ്പോള്‍ നിലവിലുള്ള പരമാധികാര ഭരണകൂടങ്ങളാണ്. പക്ഷേ, അതിനുള്ള ഒരു സാധ്യതയും കാണുന്നില്ല. ഇതിനു കാരണവും ക്ലൗസ് ഷ്വാബ് തുറന്നുതന്നെ പറഞ്ഞിട്ടുണ്ട്: 

''ഞങ്ങള്‍ ഗവണ്‍മെന്റുകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇന്നലെ പ്രധാനമന്ത്രി ട്രൂഡോവിന്റെ (Trudeau  കാനഡയുടെ പ്രധാനമന്ത്രി) ഒരു വിരുന്നില്‍ പങ്കെടുത്തു. എനിക്കറിയാമായിരുന്നു (കാനഡയുടെ) കാബിനറ്റില്‍ പകുതി പേരും വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ യുവ നേതാക്കളാണ് എന്നത്.''

ഇത് ഒരു സാധാരണ മനുഷ്യനില്‍ ഉയര്‍ത്തേണ്ട ചോദ്യങ്ങള്‍ ''എന്റെ ശരീരത്തിന്റേയും മനസ്സിന്റേയും ഉടമസ്ഥത യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ്'' എന്നതാണ്. ''ഈ ഭൂമിയുടെ ഉടമസ്ഥത ആര്‍ക്കാണ്'' എന്നതാണ്. ''എന്റേയും എന്റെ ഭാവിതലമുറയുടേയും ജനിതകഘടന വരെ മാറ്റി, 'ഞാന്‍' എന്ന, എന്റെ സ്വത്വത്തെ, നിങ്ങളുടെ രോഗാതുരമായ മനസ്സിനനുസരിച്ച് മാറ്റിയെഴുതാന്‍ നിങ്ങളാരാണ്'' എന്നതാണ്. ചിലപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ഉറക്കെച്ചോദിക്കാന്‍ പോലും ഇനി നമുക്ക് സമയം കിട്ടിയെന്നു വരില്ല.

ഈ ലേഖനം കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com