എന്താണ് വികസനം, ആര്‍ക്കുവേണ്ടിയാണ് വികസനം?

രാജ്യം ആഘോഷപൂര്‍വ്വം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനവും പിന്നിട്ടു. ആസാദി കാ അമൃതോത്സവവും ഹര്‍ ഘര്‍ തിരംഗ ക്യാംപയിനും കൊണ്ടാടിയതിനുശേഷം ഇനിയൊരു കണക്കെടുപ്പാകാം
എന്താണ് വികസനം, ആര്‍ക്കുവേണ്ടിയാണ് വികസനം?

രാജ്യം ആഘോഷപൂര്‍വ്വം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനവും പിന്നിട്ടു. ആസാദി കാ അമൃതോത്സവവും ഹര്‍ ഘര്‍ തിരംഗ ക്യാംപയിനും കൊണ്ടാടിയതിനുശേഷം ഇനിയൊരു കണക്കെടുപ്പാകാം. സ്വാതന്ത്ര്യം നേടുമ്പോള്‍ രാജ്യം എങ്ങനെയാകണമെന്നാണ് നാം സ്വപ്നം കണ്ടത്? ആ സ്വപ്നത്തിനുവേണ്ടി രാജ്യം എത്രത്തോളം പരിശ്രമിച്ചു? എന്തൊക്കെയായിരുന്നു നമുക്ക് മുന്നിലുള്ള വെല്ലുവിളികള്‍? ആ പ്രതിബന്ധങ്ങളെ നേരിടുന്നതില്‍ ഇന്ത്യ എത്രത്തോളം വിജയിച്ചു? ഏഴു പതിറ്റാണ്ടിനു ശേഷമുള്ള ഈ വിലയിരുത്തല്‍ യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ ഉപകരിച്ചേക്കും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ പുരോഗതിയും നഷ്ടപ്പെടുത്തിയ അവസരങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്നു. കഴിഞ്ഞ കാലത്തിനിടയില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ചെങ്കിലും വികസിത സമൂഹമാകാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞിട്ടില്ല. 

കൊവിഡ് മഹാമാരിയാണ് ഇന്ത്യയുടെ അപര്യാപ്തതകള്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭം. 120 കോടി ജനതയില്‍ ഭൂരിഭാഗവും തീര്‍ത്തും അപരിഷ്‌കൃതമായ ജീവിതസാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന് ബോധ്യപ്പെടുത്തിയത് അന്നാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ ഏറ്റവും വലിയ ന്യൂനത ഇതാണ്. 'ദ് വയറി'ലെഴുതിയ ലേഖനത്തില്‍ അരുണ്‍ കുമാര്‍ അസിം പ്രേംജി സര്‍വകലാശാലയുടെ ഒരു റിപ്പോര്‍ട്ട് ഉദ്ധരിക്കുന്നുണ്ട്. അതില്‍ പറയുന്നത് അനുസരിച്ച് ലോക്ക്ഡൗണ്‍ കാലത്ത് ഒരാഴ്ചത്തെ നിത്യോപയോഗ സാധനങ്ങള്‍പോലും വാങ്ങാന്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും പണമുണ്ടായിരുന്നില്ല. വലിയൊരു പലായനത്തിലേക്കാണ് അതു വഴിതെളിച്ചത്. അടച്ചിട്ട രാജ്യത്ത് തൊഴിലോ കൂലിയോ ഭക്ഷണമോ ഇല്ലാതെ അതിജീവിക്കാനാവാതെ പതിനായിരക്കണക്കിന് മനുഷ്യര്‍ വികസനത്തിന്റെ വിജനമായ വഴികളില്‍ തളര്‍ന്നുവീണു. അനിശ്ചിതത്വം നിറഞ്ഞ ജീവിതങ്ങളില്‍നിന്നാണ് അവര്‍ നിരത്തുകളിലേക്ക് വലിച്ചെറിയപ്പെട്ടത്. നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്കൊരു പ്രവാഹം കണക്കെ അവരൊഴുകി.

സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മേഖലകള്‍, മരുന്നു കമ്പനികള്‍, സംഘടിതമേഖലയിലെ ഉല്പാദകര്‍ എന്നിവര്‍ക്കു മാത്രമാണ് കൊവിഡ് കാലത്തെ വിചിത്രമായ സ്ഥിതിവിശേഷത്തില്‍ തട്ടുകേടില്ലാതെ മുന്നോട്ടു നീങ്ങാനായത്. എന്നാല്‍, സാമ്പത്തിക ശ്രേണിയുടെ അടിത്തട്ടിലുള്ള ജനങ്ങളില്‍ അറുപതു ശതമാനത്തിന്റേയും വരുമാനത്തില്‍ ഇടിവുണ്ടായെന്ന് 2022-ലെ പ്രൈസ് സര്‍വ്വേയില്‍ പറയുന്നു. അസംഘടിത മേഖലയിലുള്ളവരും അല്ലാത്തവരും തമ്മിലുള്ള അന്തരം ഭീമമായ തോതില്‍ ഇക്കാലയളവില്‍ വര്‍ദ്ധിച്ചു.

നെൽകൃഷിക്കായി നിലം ഒരുക്കുന്നുവർ. 1921ലെ ചിത്രം
നെൽകൃഷിക്കായി നിലം ഒരുക്കുന്നുവർ. 1921ലെ ചിത്രം

കൃഷി പിന്‍മാറി സേവനം വരുന്നു

1947-ല്‍ സ്വാതന്ത്ര്യം നേടുന്ന സമയത്ത് ഇന്ത്യയുടെ സമൂഹ്യ-സാമ്പത്തിക അളവുകോല്‍ തെക്കനേഷ്യന്‍ രാജ്യങ്ങളുടേതിനു സമാനമായിരുന്നു. ദാരിദ്ര്യനിരക്ക്, സാക്ഷരത, ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്തത എന്നിവയിലെല്ലാം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു ഈ രാജ്യങ്ങള്‍. എന്തിനേറെ രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക സമാനാവസ്ഥയായിരുന്നു ചൈനയിലും. എന്നാല്‍, ഏഴു പതിറ്റാണ്ടുകൊണ്ട് ഈ രാജ്യങ്ങള്‍ പാടേ മാറി. ചൈന ലോകശക്തിയായി. എല്ലാ അളവുകോലുകളിലും ഇന്ത്യ പിറകിലായി. ഇവിടെ വിഭവ സാമൂഹിക അസന്തുലിതത്വം നിലനില്‍ക്കുന്നു. ചൂഷണവും പാര്‍ശ്വവല്‍ക്കരണവും മുന്‍പത്തേക്കാളും ശക്തിപ്രാപിച്ചു. നീതി വ്യവസ്ഥയിലും ബ്യൂറോക്രസിയിലും രാഷ്ട്രീയ-മത മേഖലകളിലും അക്കാദമിക രംഗത്തും വരെ ഇത് വ്യാപിച്ചുകിടക്കുന്നു.

1950-ല്‍ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 55 ശതമാനം സംഭാവന കാര്‍ഷികമേഖലയുടേതായിരുന്നു. ഇന്നത് വെറും 14 ശതമാനമായി ചുരുങ്ങി. എന്നാല്‍, സേവനമേഖലയുടെ വിഹിതം കുതിച്ചുകയറി. 1980ഓടെ കാര്‍ഷികമേഖലയുടെ സംഭാവനയെ സേവനമേഖലയുടെ വിഹിതം മറികടന്നു. ഇന്ന് ജി.ഡി.പിയുടെ 55 ശതമാനം സേവനമേഖലയുടെ സംഭാവനയാണ്. ഇതിനിടെ, സേഫ്റ്റിപിന്‍ മുതല്‍ ഉപഗ്രഹം വരെ നിര്‍മ്മിക്കുന്ന ഉല്പാദനവൈവിധ്യമുള്ള വ്യവസ്ഥയായി ഇന്ത്യന്‍ സാമ്പത്തികരംഗം മാറുകയും ചെയ്തു. അതേസമയം കാര്‍ഷികമേഖല പ്രതിവര്‍ഷം കേവലം നാലു ശതമാനം മാത്രം വളര്‍ച്ച രേഖപ്പെടുത്തുമ്പോള്‍ സേവനമേഖല 12 ശതമാനം വളര്‍ച്ച നേടുന്നു. കാര്‍ഷികമേഖലയില്‍നിന്ന് സേവനമേഖലയിലേക്കുള്ള ഈ അടിസ്ഥാനമാറ്റം സമ്പദ്വ്യവസ്ഥയ്ക്ക് വളര്‍ച്ചയേകി. 1950 മുതല്‍ 1970 വരെ മൂന്നരശതമാനമായിരുന്നു വളര്‍ച്ചാനിരക്കെങ്കില്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും അത് 5.4 ശതമാനമായി. എന്നാല്‍, 1980-കളെ അപേക്ഷിച്ച് 1990-കളില്‍ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ മാറ്റമുണ്ടായില്ല. 

പിന്നീട്, അത്തരമൊരു മാറ്റമുണ്ടാകുന്നത്, അതായത് വളര്‍ച്ചാനിരക്ക് കൂടുന്നത് 2003-നു ശേഷമാണ്. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുള്ള കാരണങ്ങളായിരുന്നു. ആഗോളസംഭവങ്ങള്‍ക്കും ഇന്ത്യയിലെ നയംമാറ്റങ്ങള്‍ക്കും അനുസരിച്ച് വളര്‍ച്ചയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായി. ആഗോള സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് 2012-'13 കാലയളവില്‍ നമ്മുടെ സാമ്പത്തിക വളര്‍ച്ചയേയും ബാധിച്ചു. 2016-ലെ നോട്ടുനിരോധനം വീണ്ടും ഇരുട്ടടിയായി. ഘടനാപരമായി പിഴവുകളുള്ള ജി.എസ്.ടിയും കൂടി വന്നതോടെ സാമ്പത്തികരംഗം തകര്‍ന്നു. 2020-ല്‍ കൊവിഡുമെത്തി. ഇതോടെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞു. 2017-'18 കാലയളവില്‍ എട്ടു ശതമാനമുണ്ടായിരുന്ന വളര്‍ച്ച 2019-'20 കാലയളവില്‍ 3.1 ശതമാനത്തിലെത്തി. അതായത് കൊവിഡിനു മുന്‍പുതന്നെ സാമ്പത്തികവളര്‍ച്ച ഇടിഞ്ഞിരുന്നു. 1980-'81 കാലയളവിനെ അടിസ്ഥാനമാക്കി ഇനിയൊന്ന് നോക്കാം. അന്ന് കാര്‍ഷികമേഖലയായിരുന്നു സാമ്പത്തിക വളര്‍ച്ച നിശ്ചയിക്കുന്ന മേഖല. 1979-'80 വര്‍ഷം രാജ്യത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ അത് സാമ്പത്തിക വളര്‍ച്ചയിലും പ്രതിഫലിച്ചു. ആറു ശതമാനമാണ് അന്ന് വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവ്. അതായിരുന്നു ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയില്‍ കാര്‍ഷികമേഖലയ്ക്ക് സ്വാധീനമുള്ള അവസാന വര്‍ഷവും. അതിനുശേഷം കാര്‍ഷികമേഖലയിലെ മാറ്റങ്ങളൊന്നും സാമ്പത്തികവളര്‍ച്ചാനിരക്കിനെ സാരമായി ബാധിച്ചില്ല.

1987-'88 കാലയളവിലെ കൊടുംവരള്‍ച്ചയില്‍പ്പോലും സാമ്പത്തിക വളര്‍ച്ച 3.4 ശതമാനം രേഖപ്പെടുത്തി. എണ്‍പതുകള്‍ക്കു ശേഷം അത്തരമൊരു നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയത് കൊവിഡിന്റെ സമയത്താണ്. അതിനു കാരണം കൊവിഡ് നിയന്ത്രണങ്ങള്‍ സേവനമേഖലയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു എന്നതുകൊണ്ടാണ്. മുന്‍പ് മൊത്തം തൊഴിലിന്റെ 45 ശതമാനം കാര്‍ഷികമേഖലയുടെ സംഭാവനയായിരുന്നു. സമ്പദ്വ്യവസ്ഥയുടെ 14 ശതമാനവും. യന്ത്രവല്‍ക്കരണവും കൃഷിരീതികള്‍ മാറിയതും തൊഴില്‍ തേടി നഗരങ്ങളിലേക്ക് ചേക്കേറാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചു. കാര്‍ഷിക ഇതരമേഖലകളിലും ഇതുതന്നെയാണ് നടന്നത്. കുറച്ചുപേര്‍ കാര്‍ഷികമേഖലയില്‍ നിലനിന്നെങ്കിലും അത് തൊഴിലില്ലായ്മയിലേക്കാണ് വഴിതെളിച്ചത്. ഇന്ത്യയില്‍ ഇന്നും തൊഴിലില്ലായ്മയുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമല്ല. തൊഴിലില്ലായ്മ വേതനമില്ലാത്തതിനാല്‍ അങ്ങനെയൊരു കണക്കെടുപ്പ് സാധ്യമല്ല. ഒരിക്കല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ മറ്റു തൊഴിലുകള്‍ തേടി പോകും. പലരും തെരുവുകച്ചവടത്തിനിറങ്ങും. ചിലര്‍ കരാര്‍ ജോലികള്‍ക്കു പോകും. അതൊരു തൊഴിലായി ഇന്ത്യന്‍ സമൂഹവും സര്‍ക്കാരും കണക്കാക്കുന്നു. സത്യത്തില്‍ മണിക്കൂറുകള്‍ മാത്രം വിശപ്പടക്കാന്‍ വേണ്ടി ജോലി ചെയ്യുന്നവരെ തൊഴിലാളികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകില്ല.

വിദ്യാസമ്പന്നരായ യുവതലമുറയും തൊഴിലില്ലായ്മയിലേക്കു പോകുകയാണെന്നതാണ് ഇന്നത്തെ മറ്റൊരു യാഥാര്‍ത്ഥ്യം. അനുയോജ്യമായ ജോലിക്കായി അവര്‍ കാത്തിരിക്കുന്നു. തൊഴില്‍ പങ്കാളിത്തനിരക്ക് ഈ വസ്തുത ഉറപ്പിക്കുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലാണ് ഏറ്റവും എല്‍.എഫ്.പി.ആര്‍ (ലേബര്‍ ഫോഴ്സ് പാര്‍ട്ടിസിപ്പേഷന്‍ റേറ്റ്). തൊഴില്‍രഹിതരായ 20% പേര്‍ പുതിയ തൊഴില്‍ പോലും നോക്കുന്നില്ല. ജോലിക്കു വേണ്ടിയുള്ള അന്വേഷണങ്ങള്‍ പോലും കുറഞ്ഞു. സര്‍ക്കാര്‍ ജോലിക്കായുള്ള കാത്തിരിപ്പാണ് ഇതിനൊരുദാഹരണം. ലക്ഷക്കണക്കിനാളുകളാണ് ഇങ്ങനെ മറ്റു ജോലികള്‍ ഒഴിവാക്കി സര്‍ക്കാര്‍ ജോലിക്കുവേണ്ടി മാത്രം കാത്തിരിക്കുന്നത്. ഇതിലേറ്റവുമധികം സ്ത്രീകളാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അഗ്‌നിപഥ് പോലുള്ള പ്രഖ്യാപനങ്ങള്‍ക്കെതിരെ രാജ്യത്ത് യുവരോഷം ഇരമ്പുക സ്വാഭാവികം. യന്ത്രവല്‍ക്കരണവും സമ്പദ്വ്യവസ്ഥയിലെ നിക്ഷേപരീതിയുമായി തൊഴില്‍മേഖലയിലെ ഈ വൈരുദ്ധ്യങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പുതിയ സാങ്കേതികവിദ്യ തൊഴില്‍ നഷ്ടത്തിനും ജീവനക്കാരുടെ പിരിച്ചുവിടലിനും കാരണമായി. വന്‍പദ്ധതികള്‍ മുന്‍പ് നൂറുകണക്കിനാളുകള്‍ക്കു തൊഴില്‍ നല്‍കിയിരുന്നെങ്കില്‍ ഇന്നങ്ങനെയല്ല സ്ഥിതി. വലിയ നിര്‍മ്മാണപ്രവൃത്തികളെല്ലാം യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്. അവയെ നിയന്ത്രിക്കാനാകട്ടെ, നാമമാത്രമായ മനുഷ്യരും മതി. 

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ തൊഴിലും ഭക്ഷണവുമില്ലാതെ ​ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന അച്ഛനും മകളും 
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ തൊഴിലും ഭക്ഷണവുമില്ലാതെ ​ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന അച്ഛനും മകളും 

ദരിദ്രരുടെ ജീവിതകാലം

ഇന്ന് സംഘടിത മേഖലകള്‍ക്കാണ് നിക്ഷേപത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. അസംഘടിത മേഖലയ്ക്ക് കിട്ടുന്നത് തുച്ഛമായ നിക്ഷേപവിഹിതമാണ്. കാര്‍ഷികമേഖലയില്‍ ലഭിക്കുന്ന തുച്ഛമായ നിക്ഷേപം അതിനുദാഹരണം. ചുരുക്കിപ്പറഞ്ഞാല്‍ അസംഘടിതമേഖലയിലോ സംഘടിത മേഖലയിലോ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ അസംഘടിതമേഖലയില്‍ ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിതരാകുന്നു. സത്യത്തില്‍ ഇതൊരു അവശിഷ്ടമേഖലയാണ്. സംഘടിതമേഖലകള്‍ക്കു നല്‍കാന്‍ ഒരു തൊഴില്‍സൈന്യത്തെ അസംഘടിതമേഖല നിലനിര്‍ത്തി പോകുന്നതാണ് ഇന്നത്തെ സ്ഥിതിവിശേഷം. ലാഭം വര്‍ദ്ധിപ്പിക്കാന്‍ സ്ഥിരം ജീവനക്കാരെ ഒഴിവാക്കി കരാര്‍ തൊഴിലാളികളെ നിയമിക്കുന്നത് സംഘടിതമേഖലയില്‍ പതിവായി. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഇതാണ് നടക്കുന്നത്. അതിനാല്‍, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കു മാത്രമല്ല, സംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കുപോലും ജീവിക്കാനുള്ള വേതനം ലഭിക്കുന്നില്ല. ജീവിതപ്രതിസന്ധികള്‍ നേരിടാന്‍ അവര്‍ അവരുടെ ചെറിയ ജീവിതസമ്പാദ്യം ചെലവഴിക്കുന്നു. കുട്ടികള്‍ക്കു മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനോ ചികിത്സ നല്‍കുന്നതിനോ അവര്‍ക്കു കഴിയില്ല. പഠനം ഉപേക്ഷിക്കേണ്ടിവരുന്ന വിദ്യാര്‍ത്ഥികളാകെ ജീവിക്കാന്‍ വേണ്ടി ചെറിയ ജോലികള്‍ ചെയ്യുന്നു. ശാരീരിക അദ്ധ്വാനം ആവശ്യമുള്ള ചെറിയ ജോലികള്‍ മാത്രമാണ് അവര്‍ക്ക് ചെയ്യാനാകുക. മെച്ചപ്പെട്ട ശമ്പളമുള്ള ഒരു ജോലി അവര്‍ക്കു കിട്ടില്ല. മാത്രമല്ല, അവരുടെ ജീവിതകാലം മുഴുവന്‍ അവര്‍ ദരിദ്രരായി തുടരും. ഇതാണ് അസംഘടിതമേഖലയിലെ ഇന്നത്തെ തൊഴില്‍ സാഹചര്യം.  

2018-ല്‍ ഡല്‍ഹിയില്‍ നടത്തിയ സാമൂഹിക-സാമ്പത്തിക സര്‍വ്വേ വിരല്‍ചൂണ്ടുന്നത് ഭൂരിപക്ഷം ഇന്ത്യക്കാരുടേയും താഴ്ന്ന വാങ്ങല്‍ ശേഷിയിലേക്കാണ്. ഡല്‍ഹിയില്‍ 90 ശതമാനം കുടുംബങ്ങളും പ്രതിമാസം 25,000 രൂപയില്‍ താഴെയും 98 ശതമാനം പേര്‍ പ്രതിമാസം 50,000 രൂപയില്‍ താഴെയുമാണ് ചെലവഴിച്ചത്. ഡല്‍ഹിയിലെ ആളോഹരി വരുമാനം ദേശീയ ശരാശരിയേക്കാള്‍ രണ്ടര മടങ്ങ് കൂടുതലാണ്. അപ്പോള്‍ മറ്റിടങ്ങളിലെ സ്ഥിതി ഊഹിക്കാവുന്നതാണ്. 98 ശതമാനം കുടുംബങ്ങളും പ്രതിമാസം 20,000 രൂപയില്‍ താഴെയും 90 ശതമാനം കുടുംബങ്ങള്‍ 10,000 രൂപയില്‍ താഴെയുമാണ് ചെലവഴിച്ചത്. 

2018-ല്‍ 90 ശതമാനം കുടുംബങ്ങളും ദരിദ്രരായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് പലര്‍ക്കും വരുമാനം നഷ്ടപ്പെടുകയും കൂടുതല്‍ ദരിദ്രരാകുകയും ചെയ്തു. അതോടെ ചെലവു കുറയ്ക്കാന്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ നിര്‍ബ്ബന്ധിതരായി. 

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ ഒട്ടും സംഘടിതരല്ലെന്നതാണ് യാഥാര്‍ത്ഥ്യം. തൊഴിലാളി യൂണിയനുകളോ മറ്റോ ഇല്ലാത്തതിനാല്‍ കൂലിവര്‍ദ്ധനവിനുള്ള വിലപേശല്‍ പോലും അവിടെ നടക്കില്ല. ജീവിതച്ചെലവ് ഉയരുമ്പോള്‍ കിട്ടുന്ന വേതനം കൊണ്ടവര്‍ തൃപ്തിപ്പെടുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന 94 ശതമാനം പേര്‍ക്കും യാതൊരു സാമൂഹ്യസുരക്ഷിതത്വവുമില്ല. ഇത്രയും അസംഘടിത തൊഴില്‍മേഖലയുള്ള മറ്റൊരു ലോകസമ്പദ്വ്യവസ്ഥ വേറെയില്ല. ജനസംഖ്യയില്‍ ഇത്രയും വലിയൊരു വിഭാഗം അവരുടെ ജീവിതത്തില്‍ പ്രതിസന്ധി നേരിട്ട കൊവിഡ് കാലത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറഞ്ഞതില്‍ അതിശയിക്കാനില്ല. ഔദ്യോഗിക കണക്ക് പ്രകാരം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മറ്റേതൊരു ജി20 രാജ്യത്തേക്കാളും കുത്തനെ ഇടിഞ്ഞിരുന്നു. 

സാമ്പത്തിക നയങ്ങള്‍ രൂപീകരിക്കുന്നവര്‍ അസംഘടിതമേഖലയെ പരിഗണിക്കുന്നതേയില്ല. ലോക്ക്ഡൗണ്‍ അസംഘടിതമേഖലയെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലാണെത്തിച്ചത്. ഈ മേഖലയുടെ കൃത്യവും വ്യക്തവുമായ ചിത്രം നല്‍കുന്ന ഒരു ഡേറ്റ നമുക്കില്ല. നോട്ടുനിരോധനവും ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചയും സമ്പദ്വ്യവസ്ഥയേയും അസംഘടിതമേഖലയേയും തകര്‍ത്തു. അസംഘടിതമേഖലയുമായി ബന്ധപ്പെട്ട സംഘടിതമേഖലയിലും ഈ തളര്‍ച്ച പ്രകടമായി.

1951ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് പരേഡ്
1951ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് പരേഡ്

സ്വാതന്ത്ര്യത്തിനു ശേഷം

തൊഴിലില്ലായ്മയിലെ വര്‍ദ്ധനയും സാമൂഹിക-സാമ്പത്തികാവസ്ഥകളുടെ തകര്‍ച്ചയും പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. ഇതിന്റെ വേരുകള്‍ സ്വാതന്ത്ര്യത്തിനുശേഷം സ്വീകരിച്ച നയങ്ങളുടെ തുടര്‍ച്ചയിലാണ്. ദാരിദ്ര്യം, നിരക്ഷരത, അനാരോഗ്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്കു ജനങ്ങള്‍ ഉത്തരവാദികളല്ലെന്നും അവ സ്വയം പരിഹരിക്കാന്‍ കഴിയില്ലെന്നും ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനത്തിലുള്ള നേതൃത്വം മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ സ്വതന്ത്ര ഇന്ത്യയില്‍ ഇത്തരം വിഷയങ്ങള്‍ യോജിച്ച് കൈകാര്യം ചെയ്യണമെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമായിരുന്നു. ഈ വിഷയങ്ങള്‍ നേരിടാനുള്ള ഉത്തരവാദിത്വം സര്‍ക്കാരില്‍ നിക്ഷിപ്തമായി. സമ്പദ്വ്യവസ്ഥയുടെ പ്രധാന റോളും സര്‍ക്കാരിനു തന്നെയായിരുന്നു. അതോടൊപ്പം, പ്രധാനമായും രാജ്യത്തെ വരേണ്യവര്‍ഗ്ഗത്തില്‍പ്പെട്ട നേതൃത്വം, പാശ്ചാത്യ ആധുനികതയില്‍ ആകൃഷ്ടരായി. അതേ മാതൃകയില്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാന്‍ അവര്‍ ആഗ്രഹിച്ചു. അന്ന് രണ്ട് പാശ്ചാത്യവികസനവഴികളാണ് നമുക്കു മുന്നില്‍ ഉണ്ടായിരുന്നത്. സ്വതന്ത്ര വിപണിയും സോവിയറ്റ് മാതൃകയിലുള്ള കേന്ദ്രീകൃത ആസൂത്രണവും. ഇന്ത്യ ഇതിന്റെ രണ്ടിന്റേയും സംയോജിത രൂപമാണ് നടപ്പിലാക്കിയത്. പൊതുമേഖലയ്ക്ക് മുന്‍തൂക്കവും നല്‍കി. തന്ത്രപ്രധാനമായ കാരണങ്ങള്‍ കൊണ്ടായിരുന്നു ഈ തെരഞ്ഞെടുപ്പ്. സോവിയറ്റ് യൂണിയനുമായുള്ള സഹകരണം നമ്മുടെ പ്രതിരോധത്തിനും പുതിയ സാങ്കേതികവിദ്യയ്ക്കും വേണ്ടിയായിരുന്നു. പക്ഷേ, ഈ തെരഞ്ഞെടുപ്പ് വരേണ്യവര്‍ഗ്ഗത്തെ പ്രതിസന്ധിയിലാക്കി.

ഈ രണ്ട് പദ്ധതികളും സമൂഹത്തിന്റെ മുകള്‍ത്തട്ട് മുതല്‍ അടിത്തട്ട് വരെ വ്യാപിക്കുന്നതായിരുന്നു. എല്ലാവരുടേയും നന്മയ്ക്കുവേണ്ടി ജനങ്ങള്‍ ഇത് അംഗീകരിച്ചു. വിഭവങ്ങള്‍ സമാഹരിക്കപ്പെട്ടു. വലിയ ഫാക്ടറികള്‍ക്കും അണക്കെട്ടുകള്‍ക്കും വേണ്ടി നിക്ഷേപം നടത്തി. ആധുനിക ഇന്ത്യയുടെ ക്ഷേത്രങ്ങളെന്ന് അവ വിളിക്കപ്പെട്ടു. സ്വാഭാവികമായും കുറച്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. എന്നാല്‍, അവ പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു. പദ്ധതികള്‍ക്കുവേണ്ടി കുടിയിറക്കപ്പെട്ടവരെ അപേക്ഷിച്ച് താഴെത്തട്ടിലുള്ളവര്‍ക്കു ലഭിച്ച പ്രയോജനം നിസ്സാരമായിരുന്നു. അതേസമയം വൈവിധ്യവല്‍ക്കരണത്തിലൂടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അതിവേഗം വളര്‍ന്നു. 50 വര്‍ഷമായി 0.75 ശതമാനം വളര്‍ച്ച കൈവരിച്ച സമ്പദ്വ്യവസ്ഥ 1950-കളില്‍ നാലു ശതമാനമായി കുതിച്ചു. പക്ഷേ, മരണനിരക്കിലെ കുറവ് ജനസംഖ്യാ വളര്‍ച്ചയുടെ തോത് കുതിച്ചുയരാന്‍ കാരണമായി. അതിനാല്‍, പ്രതിശീര്‍ഷ വരുമാനം ആനുപാതികമായ വളര്‍ച്ച കാണിച്ചില്ല. ഒപ്പം ദാരിദ്ര്യവും നിലനിന്നു. 1965-'67ലെ വരള്‍ച്ചയും 1962-ലേയും 1965-ലേയും യുദ്ധവും കാരണം ഭക്ഷ്യക്ഷാമം രൂക്ഷമായി. 1967-ല്‍ നക്സലൈറ്റ് പ്രസ്ഥാനം തുടങ്ങി. ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയും 1972-'74 കാലത്ത് വിലക്കയറ്റവും കൂടിയായതോടെ സാഹചര്യം ഗുരുതരമായി. ഇതിനു പുറമേ രാഷ്ട്രീയമായ അസ്ഥിരതയും അടിയന്തരാവസ്ഥാ പ്രഖ്യാപനവും. സത്യത്തില്‍ പ്രതിസന്ധിയില്‍നിന്ന് പ്രതിസന്ധിയിലേക്ക് രാജ്യം സഞ്ചരിക്കുകയായിരുന്നു.

വികേന്ദ്രീകരണത്തിന്റെ പരാജയവും വികസനത്തിന്റെ നേട്ടങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതും അസന്തുലിതാവസ്ഥ വര്‍ദ്ധിക്കുന്നതിനാണ് ഇടയാക്കിയത്. ഇതോടെ വികസനപ്രക്രിയയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങി. നേട്ടങ്ങള്‍ ലഭിക്കണമെങ്കില്‍ അധികാരപങ്കാളിത്തം ആവശ്യമാണെന്ന യാഥാര്‍ത്ഥ്യം ജനതയുടെ വിവിധ വിഭാഗങ്ങള്‍ മനസ്സിലാക്കി തുടങ്ങി. ഇതിനായി സമൂഹത്തിലെ വേര്‍തിരിവുകളായ ജാതി, മതം, സ്വത്വം എന്നിവ ചൂഷണം ചെയ്യപ്പെട്ടു. രാഷ്ട്രീയ നേതൃത്വങ്ങളാകട്ടെ, ഹ്രസ്വകാലത്തേക്ക് പെട്ടെന്നുള്ള നേട്ടം വാഗ്ദാനം ചെയ്ത് മത്സരാധിഷ്ഠിത ജനകീയതയില്‍ മുഴുകി. സ്വാതന്ത്ര്യം നേടുന്ന കാലത്ത് നിലനിന്നിരുന്ന നയങ്ങളുടെ സമവായം പിന്നീടുണ്ടായില്ല. വോട്ടുകിട്ടാന്‍ വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരിക്കലും പാലിക്കപ്പെട്ടില്ല. ഉദാഹരണത്തിന്, 1977-ലെ ജനതാദള്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാര്‍ട്ടിയുടെ പരിപാടിയാണെന്നും സര്‍ക്കാരിന്റേതല്ലെന്നും പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പറഞ്ഞു. രാഷ്ട്രീയ പ്രക്രിയയുടെ ഉത്തരവാദിത്വത്തെ മറക്കുന്ന പ്രഖ്യാപനമായിരുന്നു അത്. ജനാധിപത്യവിശ്വാസത്തെ അത് ദുര്‍ബ്ബലപ്പെടുത്തുകയും അന്യവല്‍ക്കരിക്കുകയും ചെയ്തു.

1950 മുതല്‍ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളോടെ ബ്ലാക്ക് ഇക്കോണമി അതിവേഗം വളര്‍ന്നെന്ന് അദ്ദേഹം ആ റിപ്പോര്‍ട്ടില്‍. രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം അതാണെങ്കിലും മിക്ക വിശകലന വിദഗ്ദ്ധരും അത് അവഗണിക്കുന്നു. തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാന്‍ ഇത് കാരണമായി. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിക്ഷിപ്ത താല്പര്യങ്ങളും കൂടിയായപ്പോള്‍ അത്തരം സമ്പദ്വ്യവസ്ഥ വളര്‍ന്നു. ബ്ലാക്ക് ഇക്കോണമി രാഷ്ട്രീയത്തെ നിയന്ത്രിക്കുകയും അധികാരം നിലനിര്‍ത്താന്‍ അത് ആവശ്യമായി വരുകയും ചെയ്തു. നേതൃത്വത്തിന്റെ ഉത്തരവാദിത്വത്തെ ദുര്‍ബ്ബലപ്പെടുത്തുകയും ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുകയും ചെയ്തു. എഴുപതുകളുടെ മധ്യത്തില്‍ ജെ.പിയുടെ നീക്കമാണ് അഴിമതിക്കെതിരേയും അധികാര ദുര്‍വിനിയോഗത്തിനെതിരേയും പ്രതിരോധം തീര്‍ത്തത്. രാഷ്ട്രീയ ശുദ്ധീകരണം ലക്ഷ്യമിട്ട സമ്പൂര്‍ണ്ണ വിപ്ലവം ഫലപ്രാപ്തി നേടിയില്ല. '90-കളില്‍ അധികാരം നേടിയവരില്‍ പലരും അഴിമതിയാരോപണം നേരിട്ടവരായിരുന്നു. പലരും വിചാരണ ചെയ്യപ്പെട്ടവരായിരുന്നു. അതേസമയം തന്നെ വികസനസ്രോതസുകളുടെ അഭാവവും നയരൂപീകരണത്തിലെ പരാജയവും നിക്ഷേപത്തിനനുസരിച്ചുള്ള ഉല്പാദനക്ഷമതയില്ലാത്തതും സമ്പദ്വ്യവസ്ഥയെ സാരമായി തന്നെ ബാധിച്ചു.

ഇങ്ങനെ നയപരാജയങ്ങള്‍ തുടര്‍ച്ചയായ പ്രതിസന്ധികളിലേക്ക് നയിക്കുമ്പോഴാണ് തൊണ്ണൂറുകളുടെ ഉദയം. പ്രതിസന്ധികള്‍ക്കു കാരണമായ ചങ്ങാത്ത മുതലാളിത്തത്തേയും അഴിമതിയേയും ആരും പ്രതിസ്ഥാനാത്ത് നിര്‍ത്തിയില്ല. 1990-കള്‍ക്കു മുന്‍പുള്ള നയങ്ങളെല്ലാം സോഷ്യലിസ്റ്റ് ആശയങ്ങളില്‍നിന്ന് രൂപം കൊണ്ടതാണെന്നു കരുതപ്പെട്ടു. സത്യത്തില്‍ സങ്കര സാമ്പത്തിക വ്യവസ്ഥാ മാതൃക മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. 1990-കള്‍ക്കു മുന്‍പുതന്നെ സ്വകാര്യമൂലധനം കുമിഞ്ഞുകൂടിയിരുന്നു. 1989-'90ലെ ഇറാഖ് പ്രതിസന്ധി രാജ്യത്തെ ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയിലേക്കും അതൊരു നയംമാറ്റത്തിലേക്കും വഴിതെളിച്ചു. മൂലധനത്തിന് അനുകൂലമായിരുന്നു ഈ മാറ്റങ്ങള്‍. മനുഷ്യത്വവും തുല്യതയും വികസനവഴിയില്‍ അവഗണിക്കപ്പെട്ടു. 

1991-ല്‍ പുതിയ നയം വന്നതോടെ പ്രശ്നങ്ങളുടെ ഉത്തരവാദിത്വം വ്യക്തികള്‍ക്കായി. കൂട്ടായ ഉത്തരവാദിത്വം ഇല്ലാതായി. ഇതോടെ സമ്പദ്വ്യവസ്ഥയില്‍ സര്‍ക്കാരിന്റെ റോള്‍ ഇല്ലാതായി. പ്രശ്നപരിഹാരത്തിനു വ്യക്തികള്‍ വിപണിയിലേക്ക് പോകണമെന്നും നേരിട്ട് പരിഹരിക്കണമെന്നുമായി. കമ്പോളവല്‍ക്കരണമെന്ന് ഇതിനെ വിളിക്കപ്പെട്ടു. വ്യക്തികളേയും സമൂഹത്തെയും കുറിച്ച് ചിന്തിക്കുന്നതില്‍ തത്ത്വചിന്താപരമായിപ്പോലും ഒരു മാറ്റം സദൃശ്യമായി. ഏതുവിധേനയും സാമ്പത്തിക വളര്‍ച്ച എന്നതായി ഈ നയങ്ങളുടെ ലക്ഷ്യം. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന സമൂഹങ്ങളും പരിസ്ഥിതിയുമെല്ലാം ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചു. ദരിദ്രരായവരും പുതുതായി ദരിദ്രമാക്കപ്പെടുന്നവരുടേയും എണ്ണം കൂടി. ജീവിച്ചുപോകാന്‍ കഴിയുന്ന അത്യാവശ്യ ഘടകങ്ങളെ ആധാരമാക്കി ദാരിദ്ര്യത്തിന്റെ നിര്‍വ്വചനം പുനര്‍നിര്‍വ്വചിക്കപ്പെട്ടു. കമ്പോളവല്‍ക്കരണം ഉപഭോക്തൃവല്‍ക്കരണവും പാരിസ്ഥിതികനാശവും വര്‍ദ്ധിപ്പിച്ചതോടെ പാവപ്പെട്ടവരുടെ ആരോഗ്യ-ചികിത്സാ ചെലവും കൂടി. അത്യന്തം അനീതി നിറഞ്ഞ ഈ സാമ്പത്തികനയങ്ങള്‍ അസ്ഥിരമായ വികസനത്തിന്റെ അന്തരീക്ഷമാണ് പിന്നീടുള്ള ദശാബ്ദങ്ങളിലുണ്ടായത്. 

വികസനമെന്ന് ആഘോഷിക്കപ്പെട്ട ഈ നടപടികളെല്ലാം ഒരു കൂട്ടം മനുഷ്യരെ ബഹിഷ്‌കൃതരാക്കുകയാണ് ചെയ്തത്. നമ്മള്‍ ഈ പറയുന്ന വികസന സങ്കല്പങ്ങളാല്‍ പുറന്തള്ളപ്പെട്ടവരാണ് അവര്‍. ഇവരുടെ ശബ്ദങ്ങളാണ് വികസനത്തിന്റെ മറുപക്ഷത്ത് നിന്നുയരുന്നത്. വിഭവങ്ങളുടെ വിതരണത്തിലെ അസമത്വമാണ് ഈ വര്‍ഗ്ഗസൃഷ്ടിക്കു കാരണം. എന്താണ് വികസനം, ആര്‍ക്കുവേണ്ടിയാണ് വികസനം, വികസനത്തിന്റെ സ്രോതസ് എന്താണ്, എന്താണ് വികസനത്തിന്റെ മാനദണ്ഡം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുനര്‍നിര്‍വ്വചിക്കേണ്ട ഘട്ടം കഴിഞ്ഞു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com