'കേരളത്തിലെ പൗരാവകാശ സംഘടനകളെ ഐക്യപ്പെടുത്തുന്ന മുഖ്യഘടകം പിണറായി വിജയനോടുള്ള ശത്രുത'

ഏതൊരു മേഖലയില്‍ ഇടപെടുമ്പോഴും തനതായൊരു കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് കെ.കെ. കൊച്ച്. ഈ കാഴ്ചപ്പാടാകട്ടെ മിക്കപ്പോഴും നമ്മുടെ പൊതുവായ ധാരണകളോട് കലഹത്തിലുമായിരിക്കും
'കേരളത്തിലെ പൗരാവകാശ സംഘടനകളെ ഐക്യപ്പെടുത്തുന്ന മുഖ്യഘടകം പിണറായി വിജയനോടുള്ള ശത്രുത'

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ഇണങ്ങിയും പിണങ്ങിയും മുഷിഞ്ഞും മുറിവേറ്റ ഒരു ദളിത ജീവിതം എന്നു വിശേഷിപ്പിക്കാവുന്ന ഒരു ജീവിതമാണ് കെ.കെ. കൊച്ചിന്റേത്. ദളിതരുടെ ഉന്നമനത്തിനും സ്വത്വബോധ ശാക്തീകരണത്തിനും വലിയ സംഭാവന നല്‍കിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. 

ഏതൊരു മേഖലയില്‍ ഇടപെടുമ്പോഴും തനതായൊരു കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് കെ.കെ. കൊച്ച്. ഈ കാഴ്ചപ്പാടാകട്ടെ മിക്കപ്പോഴും നമ്മുടെ പൊതുവായ ധാരണകളോട് കലഹത്തിലുമായിരിക്കും. ദളിത് ജീവിതാവസ്ഥകളുടെ സാമാന്യവല്‍ക്കരണത്തെ തന്റെ വേറിട്ടതും ധീരവും ധിഷണാപരവുമായ ഇടപെടലുകളിലൂടെ നിഷേധിക്കുകയും അവയെ അപനിര്‍മ്മിക്കുകയും ചെയ്തുപോരുന്നയാളാണ് അദ്ദേഹം. ചരിത്രം, സാമൂഹികശാസ്ത്രം, സാഹിത്യ നിരൂപണം, ഭാഷാശാസ്ത്രം, മാര്‍ക്‌സിസം അംബേദ്കറിസം, ഗാന്ധിസം, ഭരണഘടന, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍, ഫെമിനിസം, സിനിമ എന്നിങ്ങനെ ഏതു മേഖലയുമാകട്ടെ, അവിടെയെല്ലാം ചൈതന്യവത്തായ ഒരു ദാര്‍ശനികചിന്തയുടെ വെളിച്ചം പ്രസരിപ്പിച്ചുകൊണ്ട് അതിജീവനത്തിന്റെ വ്യതിരിക്തമായ ഒരു മാതൃകയ്ക്കു അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. 

കടുത്തുരുത്തിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ഒരു അഭിമുഖത്തില്‍ അതിദേശീയതയുടെ കാലത്തെ ദളിത് രാഷ്ട്രീയത്തെക്കുറിച്ചും വികസനത്തെക്കുറിച്ചും ഉള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.

പ്രസക്ത ഭാഗങ്ങള്‍:

ഹിന്ദുത്വ ദേശീയത ശക്തിപ്പെടുന്ന ഇക്കാലത്ത് എന്താണ് ദളിത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികള്‍?
 
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സര്‍വ്വശക്തമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു ബദലായി 1930-കളില്‍ ദളിതര്‍, മുസ്ലിങ്ങള്‍, കാര്‍ഷിക-വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ എന്നിങ്ങനെയുള്ള ഒരു കീഴാള ജനവിഭാഗങ്ങള്‍ക്കു പ്രാതിനിധ്യമുള്ള ഒരു ദേശീയ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ ശ്രമിച്ചതായി 'അംബേദ്കര്‍ ഒരു പ്രബുദ്ധ ഇന്ത്യയ്ക്കായി' എന്ന ജീവചരിത്രഗ്രന്ഥത്തില്‍ ഗെയില്‍ ഓംവെത്ത് വ്യക്തമാക്കുന്നുണ്ട്. ഈ ലക്ഷ്യത്തിനായി അദ്ദേഹം സോഷ്യലിസ്റ്റുകളുമായും കമ്യൂണിസ്റ്റുകാരുമായും മാത്രമല്ല, സുഭാഷ് ചന്ദ്രബോസുമായും ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം തിരുത്തുമായിരുന്ന ശ്രമം പരാജയപ്പെടാന്‍ കാരണം, സോഷ്യലിസ്റ്റുകാരുടെ ചാഞ്ചാട്ടവും അംബേദ്കര്‍ പെറ്റി ബൂര്‍ഷ്വാ ലീഡറാണെന്ന കമ്യൂണിസ്റ്റുകാരുടെ പരിഹാസവുമായിരുന്നുവെന്ന് ഓംവെത്ത് തുടര്‍ന്നെഴുതിയിട്ടുണ്ട്. അതേസമയം, ദേശീയതാ പ്രസ്ഥാനമെന്ന വിലയിരുത്തപ്പെട്ട കോണ്‍ഗ്രസ്സ്, ഗാന്ധിയിലൂടെ ഹിന്ദു-മുസ്ലിം ഐക്യം മുന്നോട്ടുവെച്ചെങ്കിലും മൃദുഹിന്ദുത്വമാണ് ഉള്‍ക്കൊണ്ടിരുന്നത്. ഇന്നത്തെ ബി.ജെ.പിയുടെ ആദിമരൂപമായ ഹിന്ദുമഹാസഭയുള്‍ക്കൊണ്ടിരുന്നത് മുസ്ലിം വിരോധവും തീവ്രഹിന്ദുത്വവുമായിരുന്നു. ചുരുക്കത്തില്‍, ഇന്ത്യയുടെ ദേശീയതയെ നിര്‍ണ്ണയിക്കുന്നതില്‍ ഹിന്ദുത്വം വലുതായ പങ്കാണ് വഹിച്ചത്. ഈ ഹിന്ദുത്വ പരിപ്രേക്ഷ്യത്തില്‍, കോണ്‍ഗ്രസ്സ് നാനാത്വത്തില്‍ ഏകത്വത്തെ ദേശീയതയായി അംഗീകരിച്ച് ജാതിയെ അഭിസംബോധന ചെയ്യാന്‍ വിസ്സമ്മതിച്ചപ്പോള്‍; സംഘപരിവാറില്‍നിന്നും മുളച്ചുപൊന്തിയ ബി.ജെ.പി ജാതിക്കതീതമായ ഹിന്ദു മതമാണ് ഏകീകരണത്തിനു മുന്നോട്ടു വെച്ചത്. മുസ്ലിം വിരോധവും വേദേതിഹാസ പുരാണങ്ങളിലെ ജ്ഞാനവ്യവസ്ഥയുമാണ് അവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. 1921-ലെ മലബാര്‍ കലാപത്തില്‍ മുസ്ലിങ്ങള്‍ ഹിന്ദുക്കളെ വ്യാപകമായി ആക്രമിച്ചെന്നും നിരവധി ക്ഷേത്രങ്ങള്‍ തകര്‍ത്തെന്നുമുള്ള പ്രചരണം ആര്‍.എസ്.എസ് നടത്തിയിരുന്നു. ഈ പ്രചരണത്തെ ദേശീയവല്‍ക്കരിക്കാന്‍ കഴിഞ്ഞത് ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്വം മുസ്ലിങ്ങള്‍ക്കാണെന്ന് സ്ഥാപിച്ചുകൊണ്ടാണ്. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ ബി.ജെ.പിയുടെ ദേശീയതാ സങ്കല്‍പ്പം അഖണ്ഡ ഭാരതമായിരുന്നു. പില്‍ക്കാലത്ത്, അഖണ്ഡ ഭാരതത്തെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സ് ഉയര്‍ത്തിപ്പിടിച്ചത്, നാനാത്വത്തില്‍ ഏകത്വത്തിന്റെ സ്ഥാനത്ത് 'ഒരൊറ്റ ഇന്ത്യാ, ഒരൊറ്റ ജനത' എന്ന ഹിന്ദുത്വാഹ്വാനമായിരുന്നു.

അംബേദ്കര്‍ അഭിമുഖീകരിച്ച പരാജയത്തെ മറികടക്കുന്നത് കാന്‍ഷിറാമാണ്. അദ്ദേഹം, സോഷ്യലിസ്റ്റുകളേയും കമ്യൂണിസ്റ്റുകളേയും പടിക്കു പുറത്ത് നിര്‍ത്തി ബുദ്ധന്റെ സങ്കല്‍പ്പനമായ 'ബഹുജന്‍ സമാജില്‍' ബ്രാഹ്മണേതര ഹിന്ദു സമുദായങ്ങളേയും മുസ്ലിങ്ങളേയും ഐക്യപ്പെടുത്തി. ഈ നിലപാട് വിജയകരമായിരുന്നെങ്കിലും ദേശീയതയെ പുനര്‍നിര്‍വ്വചിക്കാനും രാജ്യത്തിനു സ്വീകാര്യമായൊരു സംഘടനാരൂപം സൃഷ്ടിക്കാനും കഴിയാതെ വന്നതിനാല്‍ ദേശീയ രാഷ്ട്രീയത്തിലെ നാലാമത്തെ ശക്തിയായിരുന്ന ബി.എസ്.പി ദുര്‍ബ്ബലപ്പെടുകയായിരുന്നു. തുടര്‍ന്ന്, മായാവതിയുടെ നേതൃത്വം ബഹുജന്‍ സമാജിന്റെ സ്ഥാനത്ത് സര്‍വ്വ സമാജ് സ്ഥാപിച്ചും, തെരഞ്ഞെടുപ്പ് ചിഹ്നമായ ആനയെ ഗണപതിയുടെ വാഹനമാക്കിയും ബ്രാഹ്മണ സവര്‍ണ്ണ മേധാവികള്‍ക്ക് അനര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കിയും ബി.എസ്.പിയെ അപ്രസക്തമാക്കുകയായിരുന്നു.

എന്നാല്‍, ദളിത് രാഷ്ടീയം അംബേദ്കറിന്റെ ചിന്തകളിലൂടേയും രാഷ്ട്രീയാനുഭവങ്ങളിലൂടേയും നിലനില്‍ക്കുന്നതിനാല്‍, അത് ഹിന്ദുത്വദേശീയതയ്‌ക്കെതിരായ വെല്ലുവിളിയായി മാറിയിട്ടുണ്ട്. അതേസമയം, അംബേദ്കറിനെ വര്‍ത്തമാനകാലത്ത് പ്രസ്ഥാനവല്‍ക്കരിക്കാന്‍ കഴിയാതിരിക്കുന്നതിനാല്‍, ദളിത് നേതൃത്വങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍നിന്നും വിഭിന്നമായി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട നിലയിലുള്ള പ്രാതിനിധ്യം ലഭിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദ്രൗപദി മുര്‍മുവിന്റെ പ്രസിഡന്റ് സ്ഥാനത്തേയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ പദവിയേയും ഡി. രാജയുടെ സി.പി.ഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയും സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയില്‍ ഇദംപ്രഥമമായൊരു ദളിതന് അംഗത്വം നേടാന്‍ കഴിഞ്ഞതിനേയും വിലയിരുത്തേണ്ടത്. ഇക്കാര്യങ്ങള്‍ ദളിത് രാഷ്ട്രീയത്തിന്റെ നേട്ടങ്ങളായി കണക്കാക്കുമ്പോള്‍ത്തന്നെ ദേശീയ രാഷ്ട്രീയത്തില്‍ ഇനിയും കര്‍ത്തൃത്വനിഷേധം പരിഹരിക്കപ്പെട്ടിട്ടില്ല എന്നതാണ് വെല്ലുവിളി. 

അംബേദ്കര്‍
അംബേദ്കര്‍

ഒരു ദളിത് ചിന്തകന്‍/ആക്ടിവിസ്റ്റ് എന്ന നിലയില്‍ ഇന്ത്യയിലേയും കേരളത്തിലേയും ദളിത് പ്രസ്ഥാനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്? 

ദേശീയ ജീവിതത്തിലോ ദളിതരുടെ സാമ്പത്തിക-സാമൂഹ്യ മണ്ഡലങ്ങളിലോ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ദളിത് പ്രസ്ഥാനങ്ങള്‍ ഇല്ലെന്നുള്ളതാണ് വസ്തുത. അതുകൊണ്ടാണ് ഭരണഘടനയുടെ 103-ാം ഭേദഗതിയിലൂടെ സാമുദായിക സംവരണത്തില്‍ സാമ്പത്തിക (മുന്നാക്ക) സംവരണം ഉള്‍പ്പെടുത്തിയപ്പോള്‍ ദേശീയതലത്തിലൊരു പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കഴിയാതെ വന്നത്. ഇത്തരമൊരവസ്ഥയിലാണ് ബി.ജെ.പിയുടെ ഹിന്ദുത്വ ഭരണത്തിനു കീഴില്‍ മുസ്ലിങ്ങളേക്കാള്‍ ദളിതരും അവരോടാഭിമുഖ്യമുള്ളവരും അടിച്ചമര്‍ത്തല്‍ നേരിടുന്നത്. എങ്കിലും, ഗുജറാത്തിലെ ഉനയിലും ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലും ദളിതരുടെ പ്രക്ഷോഭങ്ങള്‍ രൂപംകൊള്ളുകയും ജിഗ്‌നേഷ് മേവാനി, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങനെയുള്ള നേതൃത്വങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തത്. എന്നാല്‍, ഏറെ പ്രതീക്ഷ നല്‍കിയ മുന്‍ചൊന്ന നേതൃത്വങ്ങള്‍ക്ക് അംബേദ്കര്‍ ചിന്തകളെ സമകാലികമായി വ്യാഖ്യാനിക്കാനും സാമുദായികാടിത്തറയില്‍ ദളിതരെ ഏകോപിപ്പിക്കാനും കഴിയാതെ വന്നു. ജിഗ്‌നേഷ് മേവാനി കോണ്‍ഗ്രസ്സിനെ അഭയസ്ഥാനമായി കാണുന്നു എന്നതിനാലും ചന്ദ്രശേഖര്‍ മുസ്ലിം പ്രശ്‌നങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും ചെയ്തതിനാല്‍ അപ്രസക്തരാകുകയായിരുന്നു.

അതേസമയം, രോഹിത് വെമുലയുടെ ആത്മാഹുതിയെ തുടര്‍ന്ന്, നിരവധി സര്‍വ്വകലാശാലകളില്‍ അമുസ്ലിങ്ങളേയും ദളിതരേയും പിന്നാക്ക വിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന അംബേദ്കറൈറ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. ദളിതരുടെ രാഷ്ട്രീയവല്‍ക്കരണത്തിനു ശ്രമിച്ച ഐ.എല്‍.പി മുതല്‍ ബി.എസ്.പി വരെയുള്ള പ്രസ്ഥാനങ്ങള്‍ പരാജയത്തെയാണ് അഭിമുഖീകരിച്ചത്. ഈയവസ്ഥയില്‍ സാമുദായിക സ്വഭാവം പോലുമില്ലാത്ത ജാതി-ഉപജാതി അടിത്തറയുള്ള നിരവധി പ്രസ്ഥാനങ്ങളാണുള്ളത്. എങ്കിലും ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് സാമ്പത്തികവും സാമൂഹികവുമായ അവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യാന്‍ കഴിയുന്നുണ്ട്. ഇന്ന് നിരവധി സംഘടനകളിലൂടെ സമരരംഗത്തുള്ളത് ദളിത്-ആദിവാസി ജനവിഭാഗങ്ങളാണ്. ഇതോടൊപ്പം മുന്‍കാലങ്ങളില്‍നിന്നും വിഭിന്നമായി ഒരു ബുദ്ധിജീവി വിഭാഗവും ഉയര്‍ന്നുവന്നിട്ടുണ്ട്. 

ദളിത് ജനതയുടെ മുന്നേറ്റത്തിനു വര്‍ഗ്ഗരാഷ്ട്രീയം (Class politics) വിഘാതമാണെന്ന കാഴ്ചപ്പാടിനു പ്രസക്തിയുണ്ടോ? വര്‍ഗ്ഗരാഷ്ട്രീയവും ദളിത് രാഷ്ട്രീയവും പരസ്പരം പൊരുത്തപ്പെടാത്ത രണ്ടു ദ്വന്ദ്വങ്ങളാണെന്നു പറയാമോ? 

ദളിതരുടെ സാമൂഹ്യവും രാഷ്ടീയവുമായ പ്രതിനിധാനത്തെ പൊതുവെ വിവക്ഷിക്കുന്നത് സ്വത്വ രാഷ്ട്രീയം എന്ന സംജ്ഞയാലാണ്. സ്വത്വം (identity) എന്നത് മനശ്ശാസ്ത്രത്തിലുള്‍പ്പെടുന്ന പദമായി വിലയിരുത്തിയത് പ്രസിദ്ധ മാര്‍ക്‌സിസ്റ്റ് ചിന്തകനായ എറിക് ഹോബ്‌സ്ബാമാണ്. 19-ാം നൂറ്റാണ്ടിലെ അടിമാഖ്യാനങ്ങളില്‍ (Slave narrations) നിന്നുമാണ് ഈ സംജ്ഞ രൂപപ്പെടുന്നത്. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജരായ കറുത്തവരുടെ ജനാധിപത്യാവകാശ പ്രക്ഷോഭങ്ങള്‍ക്ക് അത് അടിത്തറയായി മാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, നടന്ന സമരങ്ങളുടെ ഫലമായി 1950-ല്‍ Bill of Rightsലൂടെ കറുത്തവര്‍, സ്ത്രീകള്‍, കുടിയേറ്റക്കാര്‍, വംശീയ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെല്ലാം പ്രാതിനിധ്യാവകാശം ലഭിച്ചു. തുടര്‍ന്ന് 1956-'68 കാലഘട്ടത്തില്‍ അമേരിക്കയിലുടനീളം നടന്ന പൗരാവകാശ പ്രക്ഷോഭങ്ങളിലൂടെ (Civil Rights is Movement) കറുത്തവര്‍ക്ക് വംശീയാന്തസ്സ്, സാമ്പത്തികവും രാഷ്ട്രീയവുമായ ശാക്തീകരണം, അടിച്ചമര്‍ത്തലുകളില്‍നിന്നുള്ള മോചനം എന്നിവ കൈവരിക്കാന്‍ കഴിഞ്ഞെങ്കിലും 1964-ല്‍ പാസ്സാക്കിയ പൗരാവകാശ നിയമമാണ് (Civil Rights Act) വംശീയവും സവര്‍ണ്ണപരവുമായ വിവേചനം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍നിന്നും പൊതുസ്ഥലങ്ങളില്‍നിന്നുമുള്ള ഒഴിവാക്കല്‍ എന്നിവ അവസാനിപ്പിച്ചത്. ദളിത് സമരങ്ങളുടെ ലക്ഷ്യവും മുന്‍ചൊന്ന അവകാശങ്ങള്‍ നേടിക്കൊടുക്കുകയാണ്.

എന്നാല്‍, ഈ വസ്തുതകളെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് വര്‍ഗ്ഗസമരത്തിന്റെ വക്താക്കള്‍ ആരോപിക്കുന്നത് ഫ്യൂഡല്‍ കാലഘട്ടത്തില്‍ നിലനിന്ന കാര്യങ്ങളാണ് സ്വത്വരാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നത് എന്നാണ്. ഇതിനു കാരണം വര്‍ഗ്ഗരാഷ്ട്രീയത്തിനു സാമൂഹ്യാവകാശങ്ങളേക്കാള്‍ മുഖ്യം (Social rights) സാമ്പത്തികാവകാശങ്ങളായതാണ്. ഈ വൈരുദ്ധ്യം നിലനില്‍ക്കേ 'നീല്‍ സലാം-ലാല്‍സലാം' എന്ന മുദ്രാവാക്യത്തിനു കീഴില്‍ ദളിതരും വര്‍ഗ്ഗരാഷ്ട്രീയവുമായുള്ള ഐക്യത്തിനുള്ള ശ്രദ്ധ നടന്നിരുന്നു. ദളിതരെ സംബന്ധിച്ചിടത്തോളം കാതലായ പ്രശ്‌നം സാമൂഹ്യാവകാശങ്ങളായതിനാല്‍ ഐക്യം തകരുകയായിരുന്നു. അതേസമയം, വിവിധ അവികസിത-പിന്നാക്ക രാജ്യങ്ങളില്‍ മാര്‍ക്‌സിസത്തിന്റെ വിടാപിടിയായ സൈനികവല്‍ക്കരണം (Militarism) ഉപേക്ഷിച്ച് വിശാലമായൊരു ജനാധിപത്യ വേദിക്കു രൂപം നല്‍കാന്‍ കഴിഞ്ഞതിന്റെ ഫലമായാണ് തെരഞ്ഞെടുപ്പുകളില്‍ മര്‍ദ്ദിതപക്ഷത്തെ പ്രതിനിധീകരിക്കുന്നവര്‍ക്ക് വിജയം കൈവരിക്കാനും നിയമ നിര്‍മ്മാണങ്ങളിലൂടെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞത്. ഈ ദിശയിലുള്ള മാറ്റത്തിന് ഇന്ത്യയിലെ വര്‍ഗ്ഗ രാഷ്ട്രീയം വിധേയമായാല്‍ ദളിതര്‍, ആദിവാസികള്‍, പിന്നാക്കക്കാര്‍, സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, പാര്‍ശ്വവല്‍ക്കൃതര്‍ എന്നിങ്ങനെയുള്ള വിപുലമായ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും.

കേരളത്തില്‍ നടക്കുന്ന പൗരാവകാശ സമരങ്ങളെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്? മുത്തങ്ങ സമരത്തോടും ഏറ്റവുമൊടുവില്‍ കാസര്‍കോട്ട് ദയാബായി നടത്തിയ ഉപവാസ സമരത്തോടും താങ്കള്‍ എടുത്ത സമീപനം വിവാദപരമായിരുന്നു.? 

കേരളത്തിലെ പൗരാവകാശ സംഘടനകള്‍ക്ക് വ്യക്തമായ ദിശാബോദ്ധ്യമില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. തന്മൂലം ഇത്തരം സംഘടനകള്‍, പരിസ്ഥിതിവാദികള്‍, ലിബറല്‍ ജനാധിപത്യവാദികള്‍ എന്നിവരെല്ലാം ഏകോദര സാഹോദരങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഇവരെ ഐക്യപ്പെടുത്തുന്ന മുഖ്യഘടകം സി.പി.എം വിരോധത്തിനുപരി പിണറായി വിജയനോടുള്ള ശത്രുതയാണ്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും സംഘപരിവാര്‍ അടക്കമുള്ള പ്രസ്ഥാനങ്ങള്‍ക്ക് കടന്നുവരുവാനുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നത്. കീഴാറ്റൂരില്‍ സംഭവിച്ചത് മറിച്ചല്ല.

ദേശീയപാതയ്ക്കുവേണ്ടി വയല്‍ നികത്തുന്നതിനെതിരെ വയല്‍ക്കിളികള്‍ ആരംഭിച്ച സമരം, മാര്‍ക്‌സിസ്റ്റ് വിരുദ്ധ രാഷ്ട്രീയ-സാമൂഹ്യ-പരിസ്ഥിതി സംഘടനകളുടെ മുന്നണിയായി മാറി. സമര മുന്നണിയിലുണ്ടായിരുന്ന ബി.ജെ.പിയുടെ കേന്ദ്രമന്ത്രി, നന്ദിഗ്രാമില്‍നിന്നുള്ള മണ്ണുമായിയെത്തി സി.പി.എമ്മിന്റെ ഖബറടക്കം നടത്തുന്നമെന്നു പ്രഖ്യാപിച്ചു. മറ്റൊരു സന്ദര്‍ഭം നോക്കുക. തൃക്കാക്കര തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് ദിലീപ് കേസിലെ അതിജീവിതയ്ക്കുവേണ്ടി, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിനെ വൈയക്തികമായ സി.പി.എം വിരോധം മാത്രം ഉള്ളിലുള്ള സി.ആര്‍. നീലകണ്ഠന്റെ സംഘം അടുക്കളയില്‍നിന്നും അരങ്ങത്തേക്ക് ആനയിച്ചത്. ഇതേ രീതിയില്‍ത്തന്നെയാണ് വാളയാറിലെ കുട്ടികളുടെ അമ്മയെ എറണാകുളത്തൊരു യോഗത്തില്‍ പങ്കെടുപ്പിച്ചത്. ഇപ്രകാരം ഹീനമായ രാഷ്ട്രീയം കളിക്കുന്ന സി.ആര്‍. നീലകണ്ഠന്‍ ദയാബായിയുടെ സമരത്തിന്റെ സംഘാടനത്തിലുണ്ടെന്നുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സമരത്തിനനുകൂലമായ സംയുക്ത പ്രസ്താവനയില്‍ ഒപ്പു വെക്കണമെന്നാവശ്യപ്പെട്ട ശ്രീജ നെയ്യാറ്റിന്‍കരയോട് സമരസമിതിയുടെ ആവശ്യങ്ങള്‍ കാണണമെന്ന് നിര്‍ദ്ദേശം ഞാന്‍ മുന്നോട്ടുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അയച്ചു തന്ന ഡിമാന്റുകളില്‍ മുഖ്യം കാസര്‍കോടിന്റെ ആരോഗ്യമേഖലയുടെ ആവശ്യങ്ങളായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളായിരുന്നില്ല. അവര്‍ക്കുവേണ്ടിയുള്ള ഏക ആവശ്യം ക്യാമ്പുകള്‍ നടത്തണമെന്നായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് ദയാബായിയുടെ സമരത്തിന്റെ പ്രധാനലക്ഷ്യം എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങളല്ലെന്നും കാസര്‍കോട് ജില്ലയുടെ ആരോഗ്യാവശ്യങ്ങളാണ് എന്ന എന്റെ അഭിപ്രായത്തിനെതിരെ വ്യാപകമായ എതിര്‍പ്പുകളാണുയര്‍ന്നത്. പിന്നീട്, സമരസമിതിയുടെ പേരില്‍ അമ്പലത്തറ കുഞ്ഞുക്കൃഷ്ണന്റേയും വിനോദ് കുമാര്‍ രാമന്തളിയുടേയും പ്രസ്താവന, എന്റെ അഭിപ്രായത്തെയാണ് സാധൂകരിച്ചത്. ഇക്കാര്യത്തില്‍ ആരാണ് പ്രതിക്കൂട്ടില്‍? ഞാനാണോ അതോ ദയാബായിയുടെ സമരത്തിന് അനര്‍ഹമായ പരിവേഷം നല്‍കിയവരോ?
 

ഗെയില്‍ ഓംവെത്ത്‌
ഗെയില്‍ ഓംവെത്ത്‌

സംവരണത്തെ സംബന്ധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനത്തെ അതിനിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് കേട്ടിട്ടുണ്ട്. വെള്ളം ഒഴുകി പോയതിനു ശേഷമുള്ള ചിറ കെട്ടലാണ് സി.പി.ഐയുടെ സംവരണനയമെന്നു താങ്കള്‍ സാമൂഹ്യ മാദ്ധ്യമക്കുറിപ്പുമിട്ടു. സി.പി.ഐ.എമ്മിന്റെ സംവരണ നിലപാടിനേക്കാള്‍ സി.പി.ഐയുടെ നിലപാടിലേക്കാണ് താങ്കളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നു വിമര്‍ശിക്കപ്പെട്ടാല്‍ അതില്‍ സാംഗത്യമുണ്ടോ? 

1957-ല്‍ ഇ.എം.എസ്. മുഖ്യമന്ത്രിയായ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നിയോഗിച്ച ഭരണപരിഷ്‌കാര കമ്മിറ്റിയാണ് പിന്നാക്കക്കാരില്‍ ഒരു സമ്പന്ന വിഭാഗമുണ്ടെന്നും അവര്‍ക്ക് സാമുദായിക സംവരണത്തിന്റെ പിന്‍ബലമില്ലാതെ മത്സരത്തിലൂടെ സിവില്‍ സര്‍വ്വീസിലെത്താമെന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടത്. അക്കാലത്ത് കേന്ദ്ര സര്‍വ്വീസില്‍ പിന്നാക്കാക്കാര്‍ക്ക് സംവരണമില്ലായിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ സംവരണം നിലവിലുണ്ടായിരുന്നു. ഭരണ പരിഷ്‌കാര കമ്മിറ്റി സംസ്ഥാന പ്രശ്‌നമായി ഉന്നയിച്ച സാമ്പത്തിക സംവരണ ദേശീയ പ്രശ്‌നമായി മാറ്റിയത് പ്രധാനമന്ത്രി നെഹ്‌റു 1961 മുതല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് അയച്ചു കത്തുകളിലൂടെയാണ്.

ഭരണ പരിഷ്‌കരണ കമ്മിറ്റി നിര്‍ദ്ദേശിച്ച സാമ്പത്തിക സംവരണം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗീകരിച്ചപ്പോള്‍ എതിര്‍ത്തു തോല്‍പ്പിച്ചത് കേരള കൗമുദിയും പത്രാധിപര്‍ കെ. സുകുമാരനുമായിരുന്നു. ഭരണ പരിഷ്‌കരണ കമ്മിറ്റിയുടെ സാമ്പത്തിക സംവരണ വാദത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തിരുന്നില്ല. പില്‍ക്കാലത്ത്, ഭരണഘടനാ വ്യവസ്ഥയനുസരിച്ച് രൂപീകരിച്ച മണ്ഡല്‍ കമ്മിഷന്‍ സംവരണം 50 ശതമാനത്തില്‍ അധികമാകാന്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവു പ്രകാരം, 52 ശതമാനം ജനസംഖ്യയുള്ള പിന്നാക്കക്കാരുടെ സംവരണം, കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വീസില്‍ 27 ശതമാനമാക്കിയപ്പോള്‍, പാര്‍ലമെന്റില്‍ ആദ്യമായി എതിരഭിപ്രായം രേഖപ്പെടുത്തിയത്, സി.പി.ഐയുടെ പാര്‍ലമെന്റംഗമായിരുന്ന ഭൂപേശ് ഗുപ്തയാണ്. മാത്രമല്ല, ഭരണഘടനയുടെ 103-ാം ഭേദഗതിയിലൂടെ ദേശീയാടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ മുസ്ലിം ലീഗിലെ രണ്ടംഗങ്ങളും ഉവൈസിയും മാത്രമാണെതിര്‍ത്തത്; സി.പി.ഐ അനുകൂലിച്ചവരോടൊപ്പമായിരുന്നു. സാമ്പത്തിക സംവരണത്തിന്റെ മുന്നോടിയായി ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളില്‍ 10 ശതമാനം സാമ്പത്തിക (മുന്നാക്ക) സംവരണം നടപ്പാക്കിയത്, നിയമസഭയിലെ സി.പി.ഐയുടെ 19 അംഗങ്ങളുടെ പിന്തുണയോടെയാണ്. ഇപ്രകാരം സാമ്പത്തിക സംവരണം സ്ഥാപനവല്‍ക്കരിക്കുന്നതില്‍ മറ്റ് ദേശീയ, സംസ്ഥാന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടൊപ്പം മുന്‍പന്തിയില്‍ നിന്ന സി.പി.ഐ, ദളിത്-പിന്നാക്ക സമുദായങ്ങളുടെ നല്ല സമരിയാക്കാരനാകാനാണ് സി.പി.എമ്മില്‍നിന്നും ഭിന്നമായ സംവരണ നയം ഉണ്ടെന്ന് അവകാശപ്പെടുന്നത്.

ജാതിഘടനയോടും ആചാരബദ്ധമായ ഹിന്ദു/ഹിന്ദുത്വ ആശയഗതികളോടും പോരാടുമ്പോള്‍ തന്നെ ഇതിനോടെല്ലാം ചേര്‍ന്നുപോകാന്‍ ഒരു മടിയും കാണിക്കാതിരിക്കുകയും ആചാരസംരക്ഷണത്തിനു നിയമമുണ്ടാക്കും എന്നൊക്കെ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ എഴുതിച്ചേര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിനെ നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ പിന്തുണക്കുകയാണ് മിക്കപ്പോഴും ദളിത് സംഘടനകളും ചെയ്തുപോരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? 

കേരളത്തില്‍ ദളിതരുടേതായ രണ്ടുതരം സംഘടനകളാണുള്ളത്. അംബേദ്കറിസത്തിലോ ബുദ്ധനിലോ വിശ്വസിക്കുന്നവരാണ് ഒന്നാമത്തെ കൂട്ടര്‍. ഇത്തരം സംഘടനകള്‍ മതേതരത്വം അല്ലെങ്കില്‍ മതവിരുദ്ധതയെ അംഗീകരിക്കുന്നവരും മുസ്ലിങ്ങളടക്കമുള്ള ഇതര സമുദായങ്ങളുമായി സഖ്യം ചെയ്യുന്നവരുമാണ്. ഇവരൊരു ചെറുന്യൂനപക്ഷമാണ്. രണ്ടാമത്തെ വിഭാഗം ദളിതരിലെ ബഹുഭൂരിപക്ഷത്തേയും ഉള്‍ക്കൊള്ളുന്നവരാണ്. അംബേദ്കറും അയ്യന്‍കാളിയുമടക്കമുള്ള നവോത്ഥാന നായകരെ അംഗീകരിക്കുന്ന ജാതി-ഉപജാതി സംഘടനകളാണ് ഇവ. ഈ സംഘടനകളിലുള്‍പ്പെടുന്ന ലക്ഷക്കണക്കിന് ദളിതര്‍ ഹൈന്ദവമോ ക്രൈസ്തവമോ ആയ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നുണ്ട്. മാത്രമല്ല, അവരിലൊരു വിഭാഗം- മുഖ്യമായും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാര്‍-പള്ളി, ക്ഷേത്ര കമ്മിറ്റികളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇതിനു കാരണം, സാമുദായിക സ്ഥാപനങ്ങളുടെ അഭാവമാണ്. അതായത്, ദളിതേതര സമുദായങ്ങളിലെ ഇത്തരം ആളുകള്‍ക്ക് റിട്ടയര്‍മെന്റിനു ശേഷം അതതു സമുദായങ്ങളുടെ സ്ഥാപനങ്ങളില്‍ സൗജന്യമായോ തുച്ഛമായോ വേതനം പറ്റിയോ സേവനം അനുഷ്ഠിക്കാന്‍ അവസരമുണ്ട്. ദളിതര്‍ക്ക് ഇപ്രകാരമുള്ള അവസരം ലഭിക്കാത്തതുകൊണ്ട് അവര്‍ ക്ഷേത്ര കമ്മിറ്റികളുടെ ഭാരവാഹികളാകുന്നത്. തന്മൂലം, ജാതിഘടനയോടു പോരാടുകയല്ല, അതിലൊരിടം കണ്ടെത്തുന്നതിലാണ് അവരെത്തിച്ചേരുന്നത്. ഈയവസ്ഥ ഉള്ളതുകൊണ്ട് സംഘടനകള്‍ക്ക് സാമ്പത്തികേതര-സാമൂഹ്യാവകാശങ്ങള്‍ക്കുവേണ്ടി വാദിക്കാനും സമരം ചെയ്യാനും തടസ്സമുണ്ടാകുന്നില്ല.

ദളിതര്‍ കോണ്‍ഗ്രസ്സില്‍ മാത്രമല്ല, ബി.ജെ.പിയടക്കമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുമാണ് അണിനിരന്നിരിക്കുന്നത്. എങ്കിലും കൂടുതല്‍പേരും അംഗീകരിക്കുന്നത് സി.പി.എമ്മിനെയാണ്. ഇതിനുകാരണം, ആ പാര്‍ട്ടി സാമ്പത്തികാവകാശ സമരങ്ങള്‍ക്കു നേതൃത്വം നല്‍കിയതാണ്.

എന്നാല്‍, പ്രധാനപ്പെട്ട കാര്യം സംവരണമുണ്ടെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ മാത്രമാണ് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയും, സര്‍ക്കാരിന്റെ ഔദ്യോഗിക-അനൗദ്യോഗിക സമിതികളിലും ദളിതര്‍ക്ക് പ്രാതിനിധ്യം നേടാന്‍ കഴിയുന്നത്. അതിനാലാണ് ഇത്തരം കാര്യങ്ങളില്‍ പരാജയപ്പെടുന്നതുകൊണ്ടാണ് ദളിത് നേതൃത്വവും ദളിത് താല്‍പ്പര്യങ്ങളും ഉണ്ടായിട്ടുപോലും ബി.എസ്.പിയെ ദളിതര്‍ കയ്യൊഴിഞ്ഞിരിക്കുന്നത്.

കെകെ കൊച്ച്/ ഫോട്ടോ: സജി ജെയിംസ്
കെകെ കൊച്ച്/ ഫോട്ടോ: സജി ജെയിംസ്

കെ.റയിലുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദത്തില്‍ താങ്കള്‍ സ്വീകരിച്ച നിലപാട് താങ്കളുമായി ആശയപരമായ ഐക്യം പങ്കുവെയ്ക്കുന്ന വൃത്തങ്ങളില്‍ അങ്കലാപ്പുണ്ടാക്കുകയും സൈബര്‍ ഇടങ്ങളിലൊക്കെ വലിയ വിമര്‍ശനത്തിനു വഴിവെയ്ക്കുകയും ചെയ്തിരുന്നു. ഈ വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്? 

മെച്ചപ്പെട്ട യാത്രാസൗകര്യം എന്നതുപോലെ ഒരു സാമ്പത്തിക വികസന പദ്ധതി കൂടിയായിട്ടുവേണം കെ. റയിലിനെ കണക്കാക്കേണ്ടത്. സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ മൂലധനം, നികുതി-നികുതിയേതര വരുമാനത്തില്‍നിന്നും കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. കേന്ദ്ര ഗവണ്‍മെന്റ് കടമെടുപ്പിനു പരിധി നിര്‍ണ്ണയിച്ചിരിക്കുന്നതിനാല്‍ ലഭ്യമാകുന്ന മൂലധനം ഇതര വരുമാനത്തോടൊപ്പം ശമ്പളം, പെന്‍ഷന്‍, മറ്റ് ഭരണ നിര്‍വ്വഹണ ചെലവുകള്‍ എന്നിവയ്ക്കാണ് നിയോഗിക്കുന്നത്. ഇത്തരമൊരവസ്ഥയിലാണ് ബോഡി കോര്‍പ്പറേറ്റായ കിഫ്ബി വഴിയും, നേരിട്ടുമായി സംസ്ഥാനം വിദേശരാജ്യങ്ങളില്‍നിന്നും കടമെടുക്കുന്നത്. ഇപ്രകാരം ലഭിക്കുന്ന മൂലധനം വിനിയോഗിച്ച് നാളിതുവരെയുള്ള സാമ്പത്തിക നയമായ തൊഴിലധിഷ്ഠിത സമ്പദ്ഘടന കെട്ടിപ്പടുക്കുക എന്നതിനു പകരം സ്വത്തധിഷ്ഠിത- എല്ലാവര്‍ക്കും സ്വത്തുടമസ്ഥതയുള്ള- സമ്പദ്ഘടന കെട്ടിപ്പടുക്കണമെന്നാണ് ഞാന്‍ വാദിക്കുന്നത്. ഇപ്രകാരമൊരു സമ്പദ്ഘടനയുടെ രൂപീകരണത്തിനുവേണ്ടിയുള്ള രാഷ്ട്രീയ ചര്‍ച്ചകളാണ് നടക്കേണ്ടത്.

കെ. റയില്‍ മാത്രമല്ല, മറ്റേതൊരു വികസന പ്രവര്‍ത്തനവും കുടിയിറക്കപ്പെടുന്നവരുടെ നൊമ്പരവും പരിസ്ഥിതിക്കു മുറിവും സൃഷ്ടിക്കുന്നതാണ്. ഇപ്രകാരമുള്ള പ്രശ്‌നവല്‍ക്കരണങ്ങളെ മറികടക്കാന്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് നീതിപൂര്‍വ്വകമായ പ്രതിഫലവും മനുഷ്യോചിതമായ പുനരധിവാസവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. പരിസ്ഥിതി പ്രശ്‌നങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാനും ഭരണാധികാരികള്‍ക്കാകില്ല. ഇക്കാര്യത്തില്‍ ശരിയായ നിലപാട് മുന്നോട്ടുവയ്‌ക്കേണ്ട കടമ ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിന്റേതാണ്. ഇതിനായി സര്‍ക്കാര്‍ ആശ്രയിക്കേണ്ടത് ശാസ്ത്രമൗലികവാദത്തിന്റെ കാര്‍ബണ്‍ പതിപ്പായ ശാസ്ത്ര സാഹിത്യ പരിഷത്തിനേയോ, ആസ്ഥാന പണ്ഡിതന്മാരെയോ അല്ല; മറിച്ച് സംസ്ഥാന ആസൂത്രണ ബോര്‍ഡ്, NAPTCA, NCESS, AWRDM, KFRTI എന്നീ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങളോടൊപ്പം അന്തര്‍വൈജ്ഞാനിക ചര്‍ച്ചകളേയുമാണ്.

കേരളത്തിലെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തുന്ന ഒരു നിരീക്ഷണമുണ്ട്. ഭൂപരിഷ്‌കരണവും തുടര്‍ന്നുണ്ടായ ചലനങ്ങളും ഉള്‍പ്പെടുന്ന ഒന്നാംഘട്ടവും ഗള്‍ഫ് കുടിയേറ്റവും അതേ തുടര്‍ന്നുണ്ടായ സാമ്പത്തിക വികസനത്തിന്റേതായ രണ്ടാംഘട്ടവും ജ്ഞാനസമ്പദ്‌വ്യവസ്ഥയിലേക്കു പ്രവേശിച്ചുതുടങ്ങുന്ന മൂന്നാംഘട്ടവും ആയിട്ട് നമ്മുടെ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തെ നിര്‍വ്വചിച്ചിട്ടുണ്ട്. ഈ മൂന്നുഘട്ടങ്ങളില്‍ ദളിത് -പിന്നാക്ക ജനത എങ്ങനെയാണ് അടയാളപ്പെടുത്തപ്പെടുന്നത്? 

തൃശൂരില്‍ ഭീംയാന കളക്ടീവും നീലം കള്‍ച്ചറല്‍ സെന്ററും 2021 മാര്‍ച്ച് 20, 21 തീയതികളില്‍ Redefening Kerala Model എന്നൊരു സംവാദസദസ്സ് സംഘടിപ്പിക്കുകയുണ്ടായി. വേദിയില്‍ ചര്‍ച്ച ചെയ്തത് ദളിതരുടെ ഭൂവുടമസ്ഥത, വിദ്യാഭ്യാസം, സംവരണം, തൊഴില്‍, സ്ത്രീ വിമോചനം എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളായിരുന്നു. സമ്മേളനത്തില്‍ പങ്കടുത്ത ഞാന്‍, കേരളത്തിന്റെ സാമ്പത്തിക വികസനത്തിന്റെ മൂന്ന് ഘട്ടങ്ങള്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. അവ ഭൂപരിഷ്‌കരണം, ഗള്‍ഫ് പണത്തിന്റെ സ്വാധീനം, വൈജ്ഞാനിക സമ്പദ്ഘടനയുടെ ആവിര്‍ഭാവം എന്നിവയായിരുന്നു.

1957-ലെ പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിക്കുന്നത് കൃഷിഭൂമി കര്‍ഷകനെന്ന ദേശീയ പ്രസ്ഥാനത്തിന്റെ മൗലിക മുദ്രാവാക്യം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ഇപ്രകാരമൊരു നയം രൂപീകരിക്കുമ്പോള്‍, കര്‍ഷകരായി കണക്കാക്കിയത് കുടിയാന്മാരായ പാട്ടം, വാരം, കാണം, ഒറ്റി, വെറും പാട്ടം എന്നിങ്ങനെയുള്ള വ്യവസ്ഥകളിലൂടെ ജന്മിക്കും ഭൂമിയില്‍ നേരിട്ട് അദ്ധ്വാനം വിനിയോഗിച്ചിരുന്ന കുടികിടപ്പുകാര്‍ക്കുമിടയിലുള്ള മദ്ധ്യവര്‍ത്തികളെയാണ്. ഈഴവര്‍ക്ക് താഴെയുള്ള ദളിത് ജാതികള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പട്ടിരുന്നില്ല. അവരുടെ ആവശ്യങ്ങളെ കണക്കിലെടുക്കാന്‍, ഭൂപരിഷ്‌കരണം നടപ്പിലാക്കാന്‍ മുന്‍കയ്യെടുത്തവര്‍ക്കോ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ദളിത് നേതാക്കളായിരുന്ന ചാത്തന്‍ മാസ്റ്റര്‍, എം.കെ. കൃഷ്ണന്‍, പി.കെ. കുഞ്ഞച്ചന്‍ എന്നിവര്‍ക്കോ കഴിഞ്ഞില്ല. ഫലമോ, ദളിതര്‍ക്ക് കുടികിടപ്പുകാരെന്ന നിലയില്‍ സിറ്റിയില്‍ മൂന്ന് സെന്റ്, മുനിസിപ്പാലിറ്റിയില്‍ അഞ്ചു സെന്റ്, പഞ്ചായത്തില്‍ 10 സെന്റ് എന്നിങ്ങനെയുള്ള ഭൂവുടമസ്ഥതയാണ് ലഭിച്ചത്.

നിയമ ബില്ലിലെ 74-ാം വകുപ്പുപ്രകാരം പുതിയ കുടികിടപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയാതെ വന്നതോടെയാണ്, അധികം വരുന്നവരുടെ കുടിപാര്‍പ്പിനായി സര്‍ക്കാരിന്റെ ചുമതലയില്‍ ആദ്യം ഹരിജന്‍ കോളനികളും പിന്നീട് ലക്ഷം വീടം കോളനികളും സൃഷ്ടിച്ചത്. പിന്നേയും മിച്ചം വന്നവരാണ് റോഡ്-തോട് പുറമ്പോക്കുകളെ വാസസ്ഥാനങ്ങളാക്കിയത്. 1959-ല്‍ കണക്കാക്കിയത് 7,20,00 ഏക്കര്‍ മിച്ചഭൂമി ലഭിക്കുമെന്നാണ്. എന്നാല്‍, 1991 വരെ സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിഞ്ഞത് 93,178 ഏക്കറാണ്. അതില്‍ത്തന്നെ 64,237 ഏക്കര്‍ മാത്രമാണ് വിതരണം ചെയ്തത്. മൊത്തം മിച്ചഭൂമിയുടേയും 50 ശതമാനം ദളിതര്‍ക്കായിരിക്കുമെന്ന് വ്യവസ്ഥയുണ്ടായിരുന്നെങ്കിലും 20 ശതമാനം മാത്രമാണ് വിതരണം ചെയ്തത്. ഇതിനര്‍ത്ഥം ഭൂപരിഷ്‌കരണം നടപ്പാക്കുമ്പോള്‍ ഭൂരഹിതരായിരുന്നവര്‍ ഇന്നും ഭൂരഹിതരായി തുടരുന്നുവെന്നാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ ഉല്‍പ്പാദനത്തിലൂടെയും രണ്ടാംലോക മഹായുദ്ധാനന്തരം യൂറോപ്യന്‍ രാജ്യങ്ങളില്‍ പുനര്‍നിര്‍മ്മാണത്തിലൂടേയും വലിയൊരു തൊഴില്‍ കമ്പോളം രൂപപ്പെട്ടിരുന്നു. ഈ തൊഴില്‍ മേഖലകളില്‍ ഇടംകിട്ടാന്‍ സര്‍ക്കാര്‍, കുടിയേറ്റ നിയമങ്ങള്‍ ഉദാരമാക്കുകയും യാത്രാസൗകര്യങ്ങള്‍ വിപുലമാക്കുകയും ചെയ്തു. ഫലമോ, പ്രവാസികളായ തൊഴിലെടുക്കുന്നവരില്‍നിന്നും സംരംഭകരില്‍നിന്നും വന്‍തോതില്‍ വിദേശമൂലധനം സമ്പദ്ഘടനയിലേയ്ക്ക് ഒഴുകിയെത്തുകയുണ്ടായി. ഈ മൂലധനത്തിനുമേല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്താനോ ആസൂത്രതിതമായി വിനിയോഗിക്കാനോ കഴിയാതെ വന്നതിനാല്‍ ഒരുവശത്ത് ഉപഭോഗ വിപണിയും മറുവശത്ത് വിപുലമായൊരു വ്യാപാര മേഖല സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായത്. സമ്പദ്ഘടന ഇത്തരത്തില്‍ ശാക്തീകരിക്കപ്പെടുമ്പോള്‍ ദളിതര്‍ക്ക് ലഭിച്ചത് നിര്‍മ്മാണമേഖലകളിലെ കഠിനാദ്ധ്വാനം ചെലവഴിക്കാനുള്ള അവസരം മാത്രമായിരുന്നു.
ഇനി കെ. റയിലിലേക്ക് വരാം. നാം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വികസന പരിപ്രേക്ഷ്യം എന്ന നിലയിലാണ് സില്‍വര്‍ലൈനിന്റെ പ്രസക്തി. ഈ നയം ഉള്‍ക്കൊള്ളുന്ന വസ്തുതകള്‍ ഇപ്രകാരമാണ്. റോഡ്, റെയില്‍, വ്യോമഗതാഗതം, ജലപാത എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ (Infrastructure) വികസനം ആണ് ഒന്നാമത്തേത്. വിദേശിയും സ്വദേശിയുമായ മൂലധനം സ്വീകരിക്കല്‍ രണ്ടാമത് വരുന്നു. മൂന്നാമത്തേത് ഉല്‍പ്പാദനത്തില്‍ ശാസ്ത്ര-സാങ്കേതിക ജ്ഞാനത്തിന്റെ വിനിയോഗമാണ്.

മുകളില്‍ കൊടുത്തിരിക്കുന്ന ഘടകങ്ങളെ സ്വാംശീകരിച്ചിരിക്കുന്ന സമ്പദ്ഘടനയെ ജ്ഞാന സമ്പദ്ഘടന (Knowledge Economy) എന്നാണ് വിളിക്കുന്നത്. ഈ പുതിയ സമ്പദ്ശാസ്ത്രം പിണറായി വിജയന്റേയോ സി.പി.എമ്മിന്റേയോ കണ്ടുപിടുത്തമല്ല. മറിച്ച് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തില്‍നിന്നും പകര്‍ത്തിയെടുത്തതാണ്. ഇതിനര്‍ത്ഥം കെ-റയില്‍ പദ്ധതി വ്യവസായികോല്‍പ്പന്നമെന്ന നിലയില്‍ ആസൂത്രണം, ശാസ്ത്ര-സാങ്കേതിക ജ്ഞാനം, വിദേശിയും സ്വദേശിയുമായ മൂലധനം, വിദദ്ധ-അവിദഗ്ദ്ധ തൊഴിലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. ഈ ഘടകങ്ങളില്‍ ദളിതരുള്‍പ്പെടുന്ന മുഴുവന്‍ ജനങ്ങള്‍ക്കും ജനാധിപത്യപരമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നാണ് എന്റെ അഭിപ്രായം.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com