സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല... അബു സലീമിന്റെ 'മസിലും ജീവിതവും'
By അബു സലീം/രേഖാചന്ദ്ര | Published: 25th November 2022 05:37 PM |
Last Updated: 25th November 2022 05:37 PM | A+A A- |

സ്‌ക്രീനില്‍ മസിലു പെരുപ്പിച്ച് വില്ലനും പൊലീസുകാരനുമായി അബു സലീം 'നിറഞ്ഞ്' നില്‍ക്കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷമായി. 1977-ല്‍ 'രാജന്‍ പറഞ്ഞ കഥ' എന്ന സിനിമയില്‍ വില്ലനായ പൊലീസുകാരനായി അഭിനയിച്ചു തുടങ്ങിയതാണ് അബു സലീം. ഈ വര്‍ഷമിറങ്ങിയ ഭീഷ്മപര്‍വ്വത്തിലെ ശിവന്‍കുട്ടി വരെ ഇടവേളകളില്ലാതെ ആ നടന്‍ നമുക്കു മുന്നിലെത്തി. വില്ലനായും പൊലീസായും സഹായിയായും ഒരു നിഴല്‍പോലെ സിനിമയ്‌ക്കൊപ്പമുണ്ട് അബു സലീം. അബു സലീമിന്റെ മസിലും ജീവിതവും സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ ആദ്യത്തെ മിസ്റ്റര്‍ ഇന്ത്യ എന്ന പട്ടത്തിനൊപ്പം രണ്ടു തവണ മിസ്റ്റര്‍ ഇന്ത്യ കേരളത്തിലെത്തിച്ച ബോഡി ബില്‍ഡര്‍, നീണ്ട പൊലീസ് സര്‍വ്വീസ് ജീവിതത്തിനുശേഷം എസ്.ഐയായി വിരമിച്ചയാള്‍, സ്പോര്‍ട്‌സ് മേഖലയില്‍ പലതരത്തില്‍ കഴിവ് തെളിയിച്ച വ്യക്തി... 66 വര്‍ഷത്തെ തന്റെ ജീവിതത്തെ ഒരിടത്തും സംതൃപ്തിയോടെയല്ലാതെ അടയാളപ്പെടുത്തുന്നില്ല അബു സലീം. സിനിമയേയും ശരീരത്തേയും ഭക്ഷണത്തേയും വയനാടന്‍ ജീവിതത്തേയും കുറിച്ച് അബു സലീം സംസാരിക്കുന്നു...
1970-കളില്‍ വയനാട്ടില്‍നിന്നും സിനിമാനടനാകാനും ബോഡി ബില്‍ഡറാകാനും ഇറങ്ങിത്തിരിക്കുമ്പോള്‍ എന്തായിരുന്നു പ്രചോദനം?
ജീവിതത്തില്‍ എനിക്ക് മൂന്ന് ആഗ്രഹങ്ങളായിരുന്നു. പൊലീസാവുക, സിനിമാനടനാകുക, ബോഡി ബില്‍ഡറാവുക. ഇത് മൂന്നും എനിക്കു സാധിച്ചു. ശരീരം നോക്കുക എന്ന ചിന്താഗതി ചെറുപ്പം മുതലേ ഉണ്ട്. വാപ്പ ഒരു അത്ലറ്റ് കൂടിയായിരുന്നു. അദ്ദേഹം പൊലീസിലായിരുന്നു, എം.എസ്.പിയില്‍. അത് ഞങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് കായികരംഗത്ത് സ്‌കൂള്‍കാലത്ത് തന്നെ വളരെ ആക്ടീവായിരുന്നു. ഹൈസ്‌കൂളൊക്കെ എത്തിയപ്പോള്‍ സാഹിത്യ സമാജത്തിലൊക്കെ സജീവമായി. നാടകം, മോണോ ആക്ട്, പ്രച്ഛന്നവേഷം ഒക്കെയായിരുന്നു പ്രധാന ഐറ്റം. വാപ്പ സിനിമ കാണുന്ന ആളല്ലായിരുന്നു. എന്നാലും വിരോധമൊന്നുമില്ല. സ്പോര്‍ട്സിന്റെ അതേ താല്പര്യത്തില്‍ത്തന്നെ പുള്ളി ഇതിനേയും കണ്ടിട്ടുണ്ട്.
പിന്നെ നമ്മള്‍ ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും അതില്‍ മൂന്നു ഘട്ടമുണ്ട്. അത് സിനിമാഭിനയത്തില്‍ മാത്രമല്ല, ഏത് ജോലിയായാലും ബിസിനസ് ആയാലും. തുടക്കത്തില്‍ ഭയങ്കര പരിഹാസമായിരിക്കും മറ്റുള്ളവര്‍ക്ക്. നമ്മള്‍ ഏതെങ്കിലും പൊസിഷനില്‍ ഉയര്‍ന്നു വരുമ്പോള്‍ പിന്നെ അസൂയയാണ്. പരിഹാസം കഴിഞ്ഞ് അസൂയ. നമ്മള്‍ അതിന്റെ ഫൈനല്‍ സ്റ്റേജില്‍ എത്തുമ്പോള്‍ ആരാധനയാകും. അവിടേക്ക് എത്താന്‍ കുറച്ചു പണിയുണ്ട്. അവിടെ എത്തിക്കഴിഞ്ഞാല്‍ നമ്മള്‍ എന്തു ചെയ്താലും തെറ്റല്ല, എല്ലാം ശരിയായി മാറും. ഒരാള്‍ എതിര്‍ത്താല്‍ പത്തുപേര്‍ നമ്മളെ അനുകൂലിക്കാനുണ്ടാവും. ആദ്യത്തെ സാഹചര്യത്തില്‍ ഒരാള്‍ പരിഹസിക്കുമ്പോള്‍ എല്ലാവരും അതിന്റെ കൂടെയായിരിക്കും. അതിനെ തരണം ചെയ്യണം അതാണ് ജീവിതം. ഇത്തരം അനുഭവങ്ങളൊക്കെ ജീവിതത്തില്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. ചെറുപ്പം മുതലേ ഒഴുക്കിനെതിരെ നീന്തിയ വ്യക്തിയാണ് ഞാന്‍. സ്പോര്‍ട്സിലായാലും ജീവിതത്തിലായാലും. അങ്ങനെയൊരു വില്‍പവര്‍ ചെറുപ്പം മുതലേ ഉണ്ടായിരുന്നു.
45 വര്‍ഷമായി സിനിമയില്‍ എത്തിയിട്ട്. ഇന്നും സജീവമാണ്. എങ്ങനെയായിരുന്നു സിനിമ ജീവിതത്തിന്റെ തുടക്കം?
എന്റെയൊക്കെ ചെറുപ്പക്കാലത്ത് വയനാടിന് സിനിമ എന്നത് വളരെ വിദൂരമാണ്. വയനാട്ടില്‍ ആദ്യമായി ഷൂട്ടിംഗ് നടന്നത് 'പകല്‍ക്കിനാവുകള്‍' എന്ന സിനിമയാണ്. അതൊക്കെ എന്റെ ചെറുപ്പത്തിലാണ്. പിന്നീട് 'രാജന്‍ പറഞ്ഞ കഥ' എന്ന സിനിമയുടെ ഷൂട്ടിങ്ങ് വയനാട്ടില്‍ വന്നു.
'രാജന്‍ പറഞ്ഞ കഥ' ഒരു ബ്ലാക് ആന്റ് വൈറ്റ് സിനിമയായിരുന്നു. രാജന്‍ കേസാണ് വിഷയം. വയനാട്ടില്‍ വീരേന്ദ്രകുമാറിന്റെ വീട്ടില്‍ വെച്ചായിരുന്നു അതിന്റെ ഷൂട്ടിംഗ്. കവിയൂര്‍ പൊന്നമ്മയുടെ ഭര്‍ത്താവ് മണിസ്വാമിയാണ് സംവിധായകന്‍. ഷൂട്ടിംഗ് കാണാന്‍ ഞാനും ചേട്ടനും സുഹൃത്തുക്കളുമെല്ലാം പോയി. ഷൂട്ടിംഗ് നടക്കുന്ന വീടിന്റെ മുന്നിലുള്ള ഗാര്‍ഡനില്‍ വെറുതെ ഒരു രസത്തിന് കുറച്ചു കായികാഭ്യാസ പ്രകടനങ്ങളൊക്കെ ഞങ്ങള്‍ നടത്തി. ഷൂട്ടിന്റെ ബ്രേക്ക് ടൈമില്‍ മണിസ്വാമി ഇതു ശ്രദ്ധിച്ചിരുന്നു. അദ്ദേഹം വിളിച്ച് അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്നു ചോദിച്ചു. അങ്ങനെ അതില്‍ പൊലീസിന്റെ വേഷം തന്നു. വില്ലന്‍ വേഷമാണ് ആദ്യം തന്നെ ചെയ്തത്. രാജനെ ഉരുട്ടുന്ന പൊലീസായിരുന്നു ഞാന്‍. രാജന്‍ പറഞ്ഞ കഥയ്ക്കുശേഷം കോഴിക്കോട്ട് ഷൂട്ട് നടന്ന മൂന്നു നാല് പടങ്ങളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. ദൈവസഹായം, ലക്കി, കളരി, കേളി തുടങ്ങിയ സിനിമകള്‍. അതൊക്കെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി കിട്ടിയതാണ്.
അതിനുശേഷം 1986-ലാണ് 'പുരാവൃത്തം' സിനിമ വയനാട്ടില്‍ ഷൂട്ടിങിനു വരുന്നത്. ലെനിന്‍ രാജേന്ദ്രനാണ് സംവിധാനം. ഓംപുരി, മുരളി, രേവതി എന്നിവരൊക്കെയായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. അതില്‍ എം.എസ്. തൃപ്പൂണിത്തുറ വലിയൊരു ജന്മിയാണ്. അദ്ദേഹത്തിന്റെ അടിയാളായിട്ടുള്ള ഒരു വേഷം കിട്ടി. പിന്നീട് അവസരങ്ങള്‍ തേടിയെത്തുകയായിരുന്നു. നമ്മള്‍ അങ്ങോട്ട് അന്വേഷിച്ച് പോകാതെ തന്നെ പടങ്ങള്‍ കിട്ടി.
1992-ലാണ് 'ജോണിവാക്കര്‍' സിനിമയ്ക്കുവേണ്ടി ജയരാജിന്റെ ഒരു കത്ത് എനിക്കു വന്നത്. ബോഡി ബില്‍ഡിങിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടിട്ടാണ് കത്തയച്ചത്. പുതിയ സിനിമയ്ക്കുവേണ്ടി കോട്ടയത്ത് നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാനായിരുന്നു. പുള്ളിയുടെ വീട്ടില്‍ വെച്ചായിരുന്നു. ഒരു കാര്‍ഡാണ് അയച്ചത്. കാര്‍ഡിലെ അഡ്രസ്സ് നോക്കി ഞാന്‍ പോയി. ഞാന്‍ മുന്‍പ് സിനിമയിലഭിനയിച്ച കാര്യമൊന്നും അദ്ദേഹത്തിന് അറിയില്ലായിരുന്നു. അതില്‍ സെലക്ഷന്‍ കിട്ടി അഭിനയിച്ചു.
ആ സിനിമ കല്പറ്റ വിജയ ടാക്കീസില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ദിവസം അവിടെ ഒരു ഫോണ്‍ വന്നു. ജോണിവാക്കറില്‍ അഭിനയിച്ച ഒരു പൊലീസുകാരനുണ്ടായിരുന്നല്ലോ, പുള്ളിയെ കോണ്‍ടാക്ട് ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ച്. ഞാന്‍ അന്നു പൊലീസ് സര്‍വ്വീസിലാണ്. തിയേറ്ററുകാര്‍ സ്റ്റേഷനില്‍ വന്ന് എന്നോട് ഇക്കാര്യം പറഞ്ഞു. നമ്പറും തന്നു. അത് എവര്‍ഷൈനിന്റെ പടമായിരുന്നു, 'ആയുഷ്‌കാലം.' ജയറാം നായകനായ പടം. കമലാണ് സംവിധാനം. അതിലും അഭിനയിച്ചു. പിന്നെ അങ്ങനെ ഒരോരോ പടങ്ങള്‍ ചെയ്തു. ബോക്‌സര്‍, സാദരം... തുടങ്ങി ചെറുതും വലുതുമായ വേഷങ്ങളിലൂടെ കയറിക്കയറി വന്നു. അങ്ങനെ ആര്‍ട്ടിസ്റ്റ് എന്ന കാറ്റഗറിയിലേക്ക് എത്തി. പിന്നെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി അങ്ങനെ മൊത്തം 225-ലധികം സിനിമ ചെയ്തു.

ചെറുപ്പത്തിലെ സിനിമ കാണലൊക്കെ എങ്ങനെയായിരുന്നു?
അന്നു കൂടുതല്‍ തിയേറ്ററുകളൊന്നും വയനാട്ടില്‍ ഇല്ല. കല്പറ്റയില്‍ ആദ്യം ഉണ്ടായത് ഗോപാല്‍ ടാക്കീസ് ആണ്. അവിടുത്തെ ജന്മിയായ ഗോപാല്‍ സ്വാമിയുടെ. ടാക്കീസില്‍ അന്ന് ബെഞ്ചൊന്നും ഇല്ല. തറയില്‍ ഇരുന്ന് സിനിമ കാണണം. അവിടുന്നാണ് ഞാന്‍ ആദ്യമായി സിനിമ കാണുന്നത്. വാപ്പയുടെ ഒരു ബന്ധുവിന്റെ കൂടെ പോയിട്ടാണ് ആദ്യം സിനിമ കണ്ടത്. 'പാലാട്ട് കോമന്‍' എന്ന സിനിമയാണ് കണ്ടത് എന്നാണ് എന്റെ ഓര്‍മ്മ. സ്‌കൂള്‍ കാലത്ത് ക്ലാസ്സ് കട്ട് ചെയ്ത് പോയിരുന്ന തിയേറ്ററുകളായിരുന്നു അനന്തപത്മയും വിജയ ടാക്കീസും. വിജയ ടാക്കീസ് ആദ്യം ഓലയായിരുന്നു. വിജയ ടാക്കീസില്‍ അധികവും തമിഴ് സിനിമകളാണ് കളിക്കുക. എസ്റ്റേറ്റ് മേഖലയായതിനാല്‍ തമിഴ് പ്രേക്ഷകര്‍ കൂടുതലുണ്ടായിരുന്നു. അനന്തപത്മയില്‍ എല്ലാത്തരം പടങ്ങളും വരും. അന്നൊക്കെ പകല്‍ സ്‌കൂള്‍ കട്ട് ചെയ്താണ് സിനിമയ്ക്കു പോക്ക്. വൈകുന്നേരം വീട്ടിലെത്തണമല്ലോ. രാത്രി വീട്ടില്‍നിന്നു മാറിനില്‍ക്കാന്‍ പറ്റില്ല. എന്നാലും എങ്ങനെയെങ്കിലും വീട്ടിലറിയും. അറിഞ്ഞുകഴിഞ്ഞാല്‍ അടിയും കിട്ടും. സിനിമയ്ക്കു പോകുന്നതൊക്കെ വലിയ കുറ്റമായി കാണുന്ന കാലഘട്ടമായിരുന്നു. അതൊക്കെ ആണെങ്കിലും അതു വിട്ടില്ല, നമ്മള്‍ അതില്‍ത്തന്നെ പിടിച്ചുനിന്നു.
അന്ന് ഇന്ത്യന്‍ ന്യൂസ് റിവ്യൂ ഒരു രണ്ട് റീല്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് കാണിക്കും. ഇന്ത്യയിലെ പ്രധാന ന്യൂസൊക്കെ അതില്‍ കാണിക്കും. അതില്‍ ഒരിക്കല്‍ സര്‍വ്വീസസിന്റെ ബോഡി ബില്‍ഡിങ് വാര്‍ത്ത കണ്ടപ്പോഴാണ് എനിക്കു കൂടുതല്‍ ബോഡി ബില്‍ഡിങ് താല്പര്യം വന്നത്. മിസ്റ്റര്‍ സര്‍വ്വീസസ് മത്സരത്തിന്റെ ന്യൂസായിരുന്നു. അതിലാണ് ഒരു ബോഡി ബില്‍ഡറെ ശരിക്കും കാണുന്നത്. അങ്ങനെ നോക്കിയാല്‍ സിനിമയാണ് എല്ലാ കാര്യത്തിനും വഴിതെളിച്ചത്. ആ സമയത്ത് മനോരമ പത്രത്തിലൊക്കെ ജീവന്‍ ടോണ്‍, പവര്‍മാള്‍ട്ട് എന്നതിന്റെയൊക്കെ പരസ്യം വരും. ബോഡി ബില്‍ഡേഴ്സിന്റെ പടം വെച്ചാണ് ആ പരസ്യം. നമുക്ക് എന്തുകൊണ്ട് അങ്ങനെ ആയിക്കൂട എന്നൊക്കെ അന്നു ചിന്തിച്ചു.
കേരളത്തിലെ ആദ്യത്തെ മിസ്റ്റര്‍ ഇന്ത്യയാണ് താങ്കള്‍. ജിമ്മോ ബോഡി ബില്‍ഡിങിനുള്ള ഉപകരണങ്ങളോ ഒന്നും അധികം എത്താത്ത കാലത്ത് മിസ്റ്റര്‍ ഇന്ത്യയിലേക്കുള്ള ആ യാത്ര എങ്ങനെയായിരുന്നു?
കല്പറ്റയില്‍ ഞങ്ങളുടെ വീടിനടുത്തുള്ള എസ്റ്റേറ്റില്‍ ഒരു സൂപ്പര്‍വൈസര്‍ ഉണ്ടായിരുന്നു. അദ്ദേഹം തൂലികാസൗഹൃദം വഴിയാണ് കല്യാണം കഴിച്ചത്, കൊല്ലത്തുനിന്ന്. അവരുടെ സഹോദരന്‍ പത്മകുമാര്‍ കൊല്ലം എസ്.എന്‍. കോളേജ് സ്റ്റുഡന്റായിരുന്നു. പെങ്ങളെ കാണാന്‍ പത്മകുമാര്‍ ഇടയ്ക്ക് വയനാട്ടില്‍ വരും. അങ്ങനെ പരിചയപ്പെട്ടു, ഞങ്ങള്‍ തമ്മില്‍ നല്ലൊരു ബന്ധമുണ്ടായി. അദ്ദേഹം വെയ്റ്റ്ലിഫ്റ്ററായിരുന്നു. അദ്ദേഹമാണ് പറഞ്ഞത് ബോഡി ബില്‍ഡിങ്ങിനൊക്കെ പറ്റിയ ശരീരമാണ്, നന്നായി ചെയ്താല്‍ പുഷ്ടിപ്പെടുത്താം എന്ന്. അന്ന് കല്പറ്റയില്‍ അങ്ങനെ ജിംനേഷ്യം ഒന്നും ഇല്ല. ഇഷ്ടികയൊക്കെ വെച്ചാണ് പുഷ് അപ്പ്. എസ്റ്റേറ്റില്‍ വെള്ളം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പഴയ പൈപ്പ് കട്ട് ചെയ്‌തെടുത്ത് രണ്ട് ഭാഗത്തും അരകല്ലൊക്കെ വെച്ച് വീട്ടില്‍നിന്ന് എക്‌സര്‍സൈസ് തുടങ്ങി.
പൊലീസില്‍ ചേര്‍ന്ന ശേഷമാണ് സീരിയസായി പരിശീലനം തുടങ്ങുന്നത്. തലശ്ശേരിയില്‍ സര്‍ക്കസ് കളരി എന്നൊരു ജിംനേഷ്യം ഉണ്ടായിരുന്നു. അവിടെയാണ് ഞാന്‍ ആദ്യമായി ഒരു ജിമ്മില്‍ പോകുന്നത്. തലശ്ശേരിയിലായിരുന്നു അന്ന് പോസ്റ്റിംഗ് കിട്ടിയത്. തലശ്ശേരിയില്‍ അക്കാലത്ത് ഒരുപാട് സര്‍ക്കസുകാരുണ്ടായിരുന്നു. അവര്‍ക്ക് പ്രാക്ടീസ് ചെയ്യാനായി ഉണ്ടാക്കിയ ഹെല്‍ത്ത് ക്ലബ്ബ് ആയിരുന്നു സര്‍ക്കസ് കളരി. അവിടെ സുജാത വര്‍ക്ക്‌ഷോപ്പില്‍ പൊലീസ് വണ്ടികളൊക്കെ റിപ്പയര്‍ ചെയ്യുന്ന പവിത്രന്‍ ഉണ്ടായിരുന്നു. പവിത്രനുമായി പരിചയമായി. അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ് ഞാന്‍ സീരിയസ്സായി ബോഡി ബില്‍ഡിങിലേക്ക് മാറുന്നത്. പവിത്രന്‍ അക്കാലത്ത് മിസ്റ്റര്‍ കേരള രണ്ടാംസ്ഥാനത്തെത്തിയ ആളായിരുന്നു. പവിത്രന്റെ അനിയന്‍ ജയരാജനും വര്‍ക്കൗട്ട് ചെയ്യുന്ന ആളായിരുന്നു. അവര്‍ക്ക് ചെറിയൊരു ജിം ഉണ്ട്. അവിടെയും അവരുടെ വീട്ടിലുമായി ഞാന്‍ പരിശീലിച്ചു. അങ്ങനെയാണ് 1981-ല്‍ ഞാന്‍ മത്സരിക്കുന്നത്. അന്ന് വയനാട് ജില്ല രൂപീകരിക്കുന്നതേയുള്ളൂ. കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. അതുകൊണ്ട് കോഴിക്കോട് ജില്ലയ്ക്കുവേണ്ടിയാണ് മത്സരിച്ചത്. അങ്ങനെ മിസ്റ്റര്‍ കോഴിക്കോട് ആയി. 1982-ല്‍ മിസ്റ്റര്‍ കേരളയായി. 1983-ല്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ. പിന്നെ 1984-ല്‍ മിസ്റ്റര്‍ ഇന്ത്യ. വീണ്ടും 1986, '87-ല്‍ മിസ്റ്റര്‍ സൗത്ത് ഇന്ത്യ കിട്ടി. ആ സമയത്ത് നിരന്തരം മത്സരങ്ങളായിരുന്നു. ദേശീയ മത്സരങ്ങളിലൊക്കെ പങ്കെടുത്തു. 1992-ല്‍ വീണ്ടും മിസ്റ്റര്‍ ഇന്ത്യ. ആ വര്‍ഷം എനിക്ക് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടി. അങ്ങനെ മിസ്റ്റര്‍ ഏഷ്യാ മത്സരത്തിനും പങ്കെടുത്തു. പിന്നീട് മത്സരങ്ങള്‍ നിര്‍ത്തി. ബോഡി ബില്‍ഡിങ്ങുമായി ബന്ധപ്പെട്ട മറ്റു പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും ചെയ്യുന്നുണ്ട്. ബോഡി ബില്‍ഡിങ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി എട്ടു വര്‍ഷത്തോളം. നാഷണല്‍ ജഡ്ജായി വര്‍ക്ക് ചെയ്യുന്നുണ്ട്. ബോഡി ബില്‍ഡിങിലേക്ക് മോട്ടിവേഷനും പരിശീലനങ്ങളും ഒരുപാട് പേര്‍ക്ക് കൊടുത്തു. കുറേപേരെ മുന്നോട്ടു കൊണ്ടുവരാനും പറ്റി.

അന്നത്തെ ആ യാത്രയും മിസ്റ്റര്‍ ഇന്ത്യ നേടിയ ആ ദിവസവും എങ്ങനെയായിരുന്നു?
കല്‍ക്കത്തയിലായിരുന്നു മത്സരം. ട്രെയിനിലാണ് പോയത്. ഹൗറയില്‍ പോയിറങ്ങി. യോഗേഷ് ചന്ദ്ര ഗേള്‍സ് ഹൈസ്‌കൂളിലാണ് മത്സരം. ഹൗറ ബ്രിഡ്ജിന്റെ അടുത്താണ് സ്‌കൂള്‍. എന്റെ ട്രങ്ക് നമ്പര്‍ 104 ആയിരുന്നു. മത്സരം കഴിഞ്ഞ് റിവേഴ്സ് ഓര്‍ഡറിലാണ് വിജയികളെ പ്രഖ്യാപിച്ചത്. തേര്‍ഡ്, സെക്കന്‍ഡ്, ഫസ്റ്റ്. തേര്‍ഡ് വിളിച്ചപ്പോള്‍ പേരില്ല. നമ്മള്‍ തേര്‍ഡെങ്കിലും കിട്ടും എന്ന പ്രതീക്ഷയിലാണല്ലോ. സെക്കന്‍ഡും വിളിച്ചു. അതും ഇല്ല. പിന്നെ പ്രതീക്ഷയൊന്നും ഇല്ല. ഫസ്റ്റ് വിളിച്ചപ്പോഴാണ് ട്രങ്ക് നമ്പര്‍ 104 എന്ന് അനൗണ്‍സ് ചെയ്തത്. വിശ്വസിക്കാന്‍ പറ്റിയില്ല എനിക്ക്. കല്‍ക്കത്തയിലാണല്ലോ മത്സരം. ജഡ്ജസിന്റെ മാര്‍ക്കിനനുസരിച്ചാണല്ലോ വിധി വരുന്നത്. 100 മീറ്റര്‍ ഓട്ടമാണെങ്കില്‍ നമ്മള്‍ ഓടിയെത്തിയാല്‍ നമുക്കറിയാം. വെയിറ്റ് എടുക്കുന്നതാണെങ്കില്‍ ഇത്ര പൊക്കി എന്നു പറഞ്ഞാല്‍ നമുക്കറിയാം. ഇതു പക്ഷേ, അവരുടെ കാഴ്ചയില്‍ അവരിടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. നമുക്ക് ഒരു സ്വാധീനവും ഇല്ലാത്ത സ്ഥലവുമാണ്. ആദ്യമായി സന്തോഷം കൊണ്ട് കരഞ്ഞ ദിവസമായിരുന്നു അത്.
ഒന്നാം സമ്മാനം കിട്ടിയത് ഒരു ടി.വിയായിരുന്നു. തിരിച്ചുവരുമ്പോള്‍ ട്രെയിനിന്റെ ബര്‍ത്തില്‍ ടി.വി വെച്ച് അതിന്റെ സൈഡിലാണ് ഞാന്‍ ചുരുണ്ട് കിടന്നത്. അതു കിട്ടിയതിലുള്ള സന്തോഷവും ഒക്കെ കൂടിയുള്ള യാത്ര. അതിന് അത്രയും വില കല്പിക്കുന്നുണ്ട്. വയനാട്ടില്‍ കൊണ്ടുപോയി തെങ്ങിന്റെ മുകളില്‍ ആന്റിന വെച്ചാണ് കണ്ടത്. ആദ്യം സ്‌ക്രീനില്‍ ഒന്നും കിട്ടിയില്ല. പിന്നീടാണ് സ്റ്റേഷനൊക്കെ വന്നു കാണാന്‍ തുടങ്ങിയത്. അതു മറക്കാനാവാത്ത ഒരു യാത്രയായിരുന്നു. കോഴിക്കോട് തിരിച്ചെത്തിയപ്പോള്‍ മനോരമ പത്രത്തിലെ അബുസാര്‍ ആണ് ആദ്യമായി ഇന്റര്‍വ്യു ചെയ്ത് വാര്‍ത്ത കൊടുത്തത്. ആദ്യമായി കേരളത്തിലേക്ക് മിസ്റ്റര്‍ ഇന്ത്യ കൊണ്ടുവരാന്‍ കഴിഞ്ഞു. അതിനി ആര്‍ക്കും മാറ്റാനും പറ്റില്ലല്ലോ. അതില്‍ അഭിമാനമുണ്ട്.
സിനിമയില്‍ എത്തുന്ന കാലഘട്ടത്തില്‍ത്തന്നെ പൊലീസിലേക്കും എത്തി, വളരെ ചെറുപ്പത്തില്‍ തന്നെ ആ ആഗ്രഹവും ലക്ഷ്യത്തിലെത്തിച്ചു, അല്ലേ?
1979-ലാണ് ഞാന്‍ പൊലീസില്‍ ചേരുന്നത്. എംപ്ലോയ്മെന്റിന്റെ ലാസ്റ്റ് ബാച്ചാണത്. 135 ആളുകളുടെ ഒരു ട്രെയിനിങ് ബാച്ചായിരുന്നു. ഒന്‍പത് മാസം ട്രെയിനിങ്. ആദ്യ പോസ്റ്റിങ് എം.എസ്.പിയിലായിരുന്നു. തലശ്ശേരിയില്‍. 22 വയസ്സിലാണ് ജോയിന്‍ ചെയ്തത്. അതിനു മുന്‍പ് തന്നെ പൊലീസില്‍ ചേരേണ്ടതായിരുന്നു. ആംഡ് റിസര്‍വ്വിലേക്കുള്ള ഒരു സെലക്ഷന്‍ ഉണ്ടായിരുന്നു. 1977-ല്‍. പക്ഷേ, എംപ്ലോയ്മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തത് അവര്‍ ആവശ്യപ്പെട്ട തീയതിക്കുശേഷമായിരുന്നു. അതുകൊണ്ട് അന്നു സെലക്ഷന്‍ കിട്ടിയില്ല. അങ്ങനെയാണ് 1979 ബാച്ചിലായത്.
പൊലീസാവുക എന്നത് എന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു. പണ്ട് കാലത്തൊക്കെ പറയും, പൊലീസും വിമാനവും ആനയും എത്ര കണ്ടാലും ആളുകള്‍ പിന്നെയും നോക്കും. പൊലീസിനെ ആളുകള്‍ക്ക് ഇഷ്ടവുമാണ് പേടിയുമാണ് വെറുപ്പുമാണ്. ഓരോരുത്തരുടെ അനുഭവം പോലെയാണ്. സത്യത്തിന്റെ പ്രതിനിധിയാണ് പൊലീസ് എന്ന വിശ്വാസത്തിലാണ് ഞാനൊക്കെ ജോലി ചെയ്തത്. ഒരു പൊലീസുകാരന്‍ എഴുതുന്നതുപോലെയാണ് ഒരാളെ പ്രതിയാക്കുന്നതും രക്ഷിക്കുന്നതും ഒക്കെ. തെറ്റുകാരനാണ് എന്നു ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനനുസരിച്ചു മാത്രമേ ചെയ്യാന്‍ പാടുള്ളൂ. വേറെ സ്വാധീനങ്ങള്‍ ഉപയോഗിച്ച് അതു മാറ്റി ചെയ്യാന്‍ പാടില്ല. അതുപോലെ രക്ഷിക്കേണ്ട ആളാണെങ്കില്‍ അയാള്‍ക്കു രക്ഷകൊടുക്കുക തന്നെ വേണം. മറ്റു പ്രതിബദ്ധതകളൊന്നും നോക്കാന്‍ പാടില്ല. അതാണ് ഒരു പൊലീസുകാരന്റെ കടമ. സത്യസന്ധമായും അഴിമതിയില്ലാതേയും മുപ്പത്തിമൂന്നര വര്‍ഷം എനിക്കു സേവനം ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ആ ജോലി അങ്ങനെ പൂര്‍ത്തിയാക്കാന്‍ പറ്റിയതില്‍ വലിയ കൃതജ്ഞതയുണ്ട്. വയനാട് ഇന്റലിജന്‍സില്‍ നിന്നാണ് റിട്ടയര്‍ ചെയ്യുന്നത്. 2012-ല്‍. വയനാട്, തലശ്ശരി, കോഴിക്കോട് റൂറല്‍, വടകര, താമരശ്ശേരി, ഭാഗങ്ങളിലൊക്കെ വര്‍ക്കു ചെയ്തിരുന്നു.

സിനിമയില്‍ ഒരേതരം വേഷങ്ങള്‍ പലപ്പോഴും താങ്കളെ തേടിയെത്തിയിരുന്നു. വ്യത്യസ്തമായ റോളുകളോ നായക കഥാപാത്രങ്ങളോ ആഗ്രഹിച്ചിരുന്നോ?
സിനിമയില്‍ 45 വര്‍ഷമായി. 1977-ലാണ് ആദ്യ സിനിമ ചെയ്യുന്നത്. 45 വര്‍ഷത്തിന്റെ ആഘോഷം ആ മാസം വയനാട് വെച്ച് നടക്കുന്നുണ്ട്. 45 വര്‍ഷമായിട്ടും ഈ ഫീല്‍ഡില്‍ നില്‍ക്കാന്‍ പറ്റുന്നുണ്ട്. അക്കാലത്ത് വന്ന പലരും ഇന്ന് ഈ രംഗത്തില്ല. വര്‍ഷത്തില്‍ ശരാശരി എട്ട്, ഒന്‍പത് പടങ്ങള്‍ ചെയ്യാനും പറ്റിയിട്ടുണ്ട്. സര്‍വ്വീസിലുള്ളതിനാല്‍ വാരിവലിച്ച് ചെയ്യാനും പറ്റിയിട്ടില്ല. ജോലിയും ഇതും ഒത്തുപോകണമല്ലോ. അക്കാലത്ത് സിനിമയില്‍ ചാന്‍സ് തേടി പലരും മദ്രാസിലൊക്കെ പോകുന്ന സമയമാണ്. അതൊന്നും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ചെറിയ റോളിനു ചെന്നാലും പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന പരിഗണന സിനിമയില്‍ കിട്ടിയിരുന്നു.
ഒരേ ടൈപ്പ് ആണെങ്കിലും ആ കഥാപാത്രത്തിനനുസരിച്ച് നമുക്കു പലതും ചെയ്യാന്‍ പറ്റും. എനിക്കു കിട്ടിയ പ്ലസ് പോയിന്റ് ചെറിയ വേഷങ്ങളാണെങ്കിലും സിനിമയുടെ മര്‍മ്മപ്രധാനമായ സീക്വന്‍സിലായിരിക്കും പലപ്പോഴും വരവ്. ഉദാഹരണത്തിന് 'രാജമാണിക്യം.' വളരെ കുറച്ച് ഷോട്ടേ ഉള്ളൂ. വരുന്നു മമ്മൂക്കയെ കുത്തുന്നു. അതു പിന്നെ സിനിമയിലുടനീളം പറയുന്നുണ്ട്. ഇടത് കണ്ണിനു കാഴ്ചയില്ല എന്നു മനസ്സിലാക്കിയ ഒരാള്‍ ചെയ്തതാണ് എന്നത്. അതുപോലെ വിസ്മയ തുമ്പത്തില്‍ മോഹന്‍ലാലിന് ഓര്‍മ്മയില്ലാതാകുന്നത് ഞാന്‍ അടിച്ചിട്ടാണ്. പിന്നെയുള്ള ഒരു ഫൈറ്റിലാണ് ഓര്‍മ്മ തിരിച്ചുവരുന്നത്. അങ്ങനെയൊക്കെയുള്ളത് ആളുകള്‍ ശ്രദ്ധിക്കും. പോപ്പുലര്‍ ആവാന്‍ എനിക്കു പെട്ടെന്നു കഴിഞ്ഞിരുന്നു.
ആളുകള്‍ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ബോഡി ബില്‍ഡിങ് രംഗത്തുണ്ടായതും സഹായിച്ചിട്ടുണ്ടാവാം. നായകനു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കയ്യടി എനിക്കു കിട്ടിയ അവസരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നുണ്ട്. അത്രമതി. ഏതു റോള്‍ കിട്ടിയാലും അത് എത്ര നന്നായി പൊലിപ്പിക്കാം എന്നാണ് ശ്രദ്ധിക്കേണ്ടത്. പിന്നെ ഒരു പരിധി വരെ വില്ലനിസം കളിക്കുന്നവരോടാണ് ആള്‍ക്കാര്‍ക്കു കൂടുതല്‍ താല്പര്യം. വേഷങ്ങള്‍ ചെറുതും വലുതും പലതും കിട്ടിയിട്ടുണ്ട്. വലിയ വേഷങ്ങള്‍ കിട്ടി, പിന്നീട് ചെറിയ വേഷങ്ങളിലേക്ക് പോയിട്ടുമുണ്ട്. അതൊന്നും നോക്കാതെ ചെയ്തതുകൊണ്ടാണ് എനിക്കിവിടെ നില്‍ക്കാന്‍ പറ്റിയത്. സെലക്ടീവായി മാറിനിന്നാല്‍ സിനിമ ഉണ്ടാവില്ല. നമുക്കെന്താണോ കിട്ടുന്നത് അതു വൃത്തിയായി ചെയ്യുക.
ശരത്ചന്ദ്രന്‍ വയനാടിന്റെ പുത്തുമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലുള്ള ഷോക്ക് എന്ന ഷോര്‍ട്ട് ഫിലിമില്‍ നല്ല വേഷം ചെയ്തിരുന്നു. അതിന് യു.എ.ഇയില്‍നിന്ന് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് കിട്ടി. 'ഭീഷ്മപര്‍വ്വ'ത്തിലും നല്ല റോള്‍ കിട്ടി. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന 'പൂക്കാലം' എന്ന സിനിമയിലും ഒരു ഫാമിലി മാന്‍ റോളാണ്. ഭീഷ്മപര്‍വ്വത്തിനുശേഷം വന്ന പോസിറ്റീവ് കാര്യമാണ് അത്. അത്തരം സിനിമകള്‍ വരുന്നുണ്ട്. 'ജോണി ജോണി യെസ് പപ്പ'യിലൊക്കെ കോമഡി നന്നായി ചെയ്യാന്‍ പറ്റി. ഏതെങ്കിലും ഒരു വേഷം മാത്രമേ ചെയ്യൂ എന്ന നിര്‍ബ്ബന്ധമൊന്നുമില്ല. വ്യത്യസ്തമായ റോളുകള്‍ കിട്ടിയാലെ ചെയ്യാന്‍ പറ്റൂ. അതു തരാനുള്ള ഒരു താല്പര്യം ഇക്കാലത്ത് വന്നുതുടങ്ങിയിട്ടുണ്ട്. ഇപ്പോഴാണ് അങ്ങനെയുള്ള അവസരങ്ങള്‍ വരുന്നത്.
മറ്റു ഭാഷകളിലും ഇഷ്ടപ്പെട്ട വില്ലനായി മാറാന്‍ കഴിഞ്ഞു...
തെലുങ്കില്‍ പോയത് കോടി രാമകൃഷ്ണന്റെ പടത്തിലാണ്. 'ദേവി' എന്ന സിനിമ. ഷിജു ആയിരുന്നു നായകന്‍. ഷിജുവാണ് എന്നെ വിളിച്ച് ആ വേഷത്തെക്കുറിച്ചു പറയുന്നത്. ആ സിനിമയില്‍ ഒരു നീഗ്രോ ബോഡി ബില്‍ഡറെയാണ് മെയിന്‍ വില്ലനായി ആദ്യം വെച്ചിരുന്നത്. ഗ്രാഫിക്‌സിനു വലിയ പ്രാധാന്യം കൊടുത്ത സിനിമ കൂടിയായിരുന്നു. ചെന്നൈയിലായിരുന്നു ഓഡിഷന്‍. രണ്ടുമൂന്നു ദിവസം മേക്കപ്പും കോസ്റ്റ്യൂം ഒക്കെ ഇട്ട് ചെയ്യേണ്ടിവന്നു. അങ്ങനെയാണ് അതില്‍ സെലക്ട് ആയത്. പിന്നെ പത്തോളം സിനിമ ചെയ്തു. തമിഴില്‍ കെ.ടി. കുഞ്ഞുമോന്റെ രക്ഷകനാണ് ആദ്യപടം. സുസ്മിതാ സെന്‍ അഭിനയിച്ച പടം. പിന്നീട് കുറെ പടങ്ങള്‍ ചെയ്തു. കന്നടയില്‍ പുനീത് രാജ്കുമാറിന്റെ അജയ്. ഹിന്ദിയില്‍ പ്രിയദര്‍ശന്റെ രണ്ട് സിനിമയില്‍ അഭിനയിച്ചു. പിന്നെ മുരളി നാഗവള്ളിയുടെ ഫൗജ് മേ മൗജ്. ഹോളിവുഡില്‍ ഒരു പടം ചെയ്യണം എന്നത് വലിയൊരു ആഗ്രഹമാണ്.

ബോഡി ബില്‍ഡിങിനു പുറമെ മറ്റു കായിക മത്സരങ്ങളിലും സജീവമായിരുന്നു അല്ലേ?
അതേ. കബഡി സ്റ്റേറ്റ് പ്ലെയറായിരുന്നു. റസ്ലിങ് കേരള പൊലീസിന്റെ ചാമ്പ്യനായിട്ടുണ്ട്. പവര്‍ലിഫ്റ്റിങ് ചെയ്തിട്ടുണ്ട്. പൊലീസില്‍ റിവോള്‍വര്‍ ഷൂട്ടിങില്‍ നാഷണലില്‍ രണ്ട് പ്രാവശ്യം മത്സരിച്ചിട്ടുണ്ട്. അത്ലറ്റിക്‌സിലും ഉണ്ടായിരുന്നു. കരാട്ടെ ബ്ലാക്ബെല്‍റ്റാണ്. സ്‌കൂള്‍ കാലത്ത് തന്നെ കലാമത്സരങ്ങളും കായിക മത്സരങ്ങളും ഒരുമിച്ചു കൊണ്ടുപോയിരുന്നു.
എന്റെ വാപ്പയുടെ വീട് മാനന്തവാടിയാണ്. ഉമ്മയുടെ വീട് നിലമ്പൂരും. കല്പറ്റയിലാണ് ഞങ്ങള്‍ സെറ്റില്‍ ആയത്. വളര്‍ന്നതും പഠിച്ചതും എല്ലാം കല്പറ്റയായിരുന്നു. കല്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ കാലത്താണ് കലാപരവും കായികവുമായ കഴിവുകള്‍ വളര്‍ത്താന്‍ പറ്റിയത്. കല്പറ്റയില്‍ ആകെയുള്ള ഗ്രൗണ്ട് എസ്.കെ.എം.ജെ ഗ്രൗണ്ടാണ്. അവിടെയാണ് ഞങ്ങള്‍ എല്ലാ ദിവസവും രാവിലെ പ്രാക്ടീസിനു പോകുന്നതും ജോഗിങിനു പോകുന്നതും ഫുട്ബോള്‍ കളിക്കാനും ഷട്ടില്‍ കളിക്കാനും വോളിബോള്‍ കളിക്കാനും എല്ലാം പോയിരുന്നത്. ജീവിതത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ച ഒരു സ്ഥലമാണ് ആ സ്‌കൂള്‍ ഗ്രൗണ്ടും പരിസരവും. വേറൊരു സന്തോഷം അതേ ഗ്രൗണ്ടില്‍വെച്ചാണ് അഭിനയത്തിന്റെ 45 വര്‍ഷം ആഘോഷം നടക്കുന്നത്.
സിനിമാ പാട്ടിനനുസരിച്ച് സ്റ്റേജില്‍ അഭിനയിക്കുന്ന പരിപാടിയൊക്കെ അന്നുണ്ടായിരുന്നു. പെണ്‍വേഷത്തിലൊക്കെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എട്ടാംക്ലാസില്‍ പഠിക്കുന്ന സമയത്താണ്. എന്റെ സുഹൃത്ത് ശശിധരനായിരുന്നു ആണ്‍വേഷം. ''കണ്‍മണി നീയെന്‍ കരം പിടിച്ചാല്‍'' എന്ന പാട്ടിന്റെ സീനായിരുന്നു ഞങ്ങള്‍ അവതരിപ്പിച്ചത്. പുള്ളി കണ്ണുകാണാത്തയാളും ഞാന്‍ ഖദീജയായിട്ടും.
സ്‌കൂളിലേക്ക് എന്റെ വീട്ടില്‍നിന്നു നാല് കിലോമീറ്ററുണ്ട്. നടന്നാണ് വരവും പോക്കും. ചില ദിവസങ്ങളില്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാനും സൈക്കിള്‍ എടുത്തോ ഓടിയോ പോയിട്ട് വരും. അത്രയും ദൂരം നടന്നുപോകുന്നത് ഇന്നത്തെ കാലത്ത് കുട്ടികള്‍ക്കു ചിന്തിക്കാന്‍ പറ്റില്ല. അതൊരു കാലഘട്ടം.
ഇന്റര്‍നാഷണല്‍ കരാട്ടെ ടൂര്‍ണമെന്റിനു പങ്കെടുക്കാന്‍ ഒരിക്കല്‍ ഞങ്ങള്‍ മദ്രാസില്‍ പോയിരുന്നു. മാര്‍ഷല്‍ ആര്‍ട്സ് തിയററ്റിക്കലായി പഠിച്ചിട്ടൊന്നുമില്ലല്ലോ. സ്വന്തമായി ചെയ്യുന്നതാണ്. 'എന്റര്‍ ദ ഡ്രാഗണ്‍' സിനിമയൊക്കെ കണ്ട് അതിന്റെ ഇന്‍സ്പിരേഷനിലൊക്കെയാണ് ചെയ്യുന്നത്. ബ്രൂസ് ലീ, ജിം കെല്ലി ഇവരെയൊക്കെ മനസ്സില്‍ വിചാരിച്ചാണ് പലപ്പോഴും മത്സരിക്കുന്നത്. മദ്രാസിലെത്തിയപ്പോഴാണ് മത്സരിക്കണമെങ്കില്‍ ഇന്ത്യയുടെ ടീമിലെ ചെയ്യാന്‍ പറ്റൂ എന്നറിയുന്നത്. അതിന് ഒരു അസോസിയേഷന്‍ വേണം. ഇതൊക്കെ അപ്പോഴാണ് അറിയുന്നത്. അതുവരെ നമ്മള്‍ അടിച്ച് ജയിച്ച് വരിക എന്നതായിരുന്നു.
'രാജന്‍ പറഞ്ഞ കഥ' അഭിനയിച്ച ശേഷമാണ് പോയത്. മണിസ്വാമി മാത്രമാണ് മദ്രാസില്‍ പരിചയമുള്ളയാള്‍. ഉസ്മാന്‍ റോഡിലാണ് അവര്‍ താമസിക്കുന്നത്. പോകുന്ന വഴിക്ക് ഒരു ഫിലിം ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ഒരു ടെലിഫോണ്‍ ബൂത്ത് സീനായിരുന്നു. വിജയന്‍ എന്ന നടനായിരുന്നു അത്. ആ ഷോട്ട് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തോടുതന്നെയാണ് മണിസ്വാമിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചത്. അങ്ങനെ അവിടെ എത്തി. മണിസ്വാമി ടി.പി. മാധവനോട് കാര്യം പറഞ്ഞു. അദ്ദേഹമാണ് മലപ്പുറത്തുള്ള ഒരു കരാട്ടെ മാസ്റ്ററെ കാണിച്ചുതന്നത്. മത്സരിക്കണമെങ്കില്‍ ഒരു അസോസിയേഷന്റെ ക്ലാസ്സില്‍ നിങ്ങള്‍ ഉണ്ടായിരിക്കണം അല്ലാതെ പറ്റില്ല എന്നു മാസ്റ്റര്‍ പറഞ്ഞു. അവസാനം മത്സരം കാണാനുള്ള ചാന്‍സ് കിട്ടി. ഇന്റര്‍നാഷണല്‍ ടൂര്‍ണ്ണമെന്റായിരുന്നു. ജപ്പാനില്‍നിന്നുള്ള പ്രശസ്തനായ യമഗുച്ചി ഒക്കെ വന്നിരുന്നു. എം.ജി.ആര്‍. ആണ് അന്ന് മുഖ്യമന്ത്രി. ഞങ്ങള്‍ക്ക് വി.ഐ.പി ഗ്യാലറിയില്‍ സീറ്റ് കിട്ടി. ഒരു മാസത്തോളം ചെന്നൈയില്‍നിന്നു. ചെന്നൈയില്‍ പോയിട്ട് ആദ്യമായി കാണാന്‍ പോയത് എല്‍.ഐ.സി ബില്‍ഡിങ് ആണ്. അന്നത്തെ വലിയ ബില്‍ഡിങ്ങായിരുന്നു അത്. അതിന്റെ മുന്നില്‍ പോയി അതിശയിച്ചു നിന്നിട്ടുണ്ട്. അന്ന് 24 രൂപയാണ് മദ്രാസിലേക്ക് ടിക്കറ്റ് ചാര്‍ജ്.
വയനാട്ടിലെ '70-കളിലെ യുവത്വമാണ്. രാഷ്ട്രീയം, വിപ്ലവം തുടങ്ങിയ മേഖലകള്‍ ശ്രദ്ധിച്ചിരുന്നോ?
നമുക്ക് അന്ന് ആകെയുള്ള ചിന്ത ശരീരം നന്നാക്കണം, സിനിമയില്‍ അഭിനയിക്കണം, പൊലീസില്‍ ചേരണം എന്നൊക്കെയായിരുന്നു. അതിനുവേണ്ടിയുള്ള പ്രയത്‌നങ്ങളായിരുന്നു. അതായിരുന്നു മെയിന്‍ ശ്രദ്ധ. ആരോഗ്യമുള്ളവനാകുക എന്നതായിരുന്നു പ്രധാനം. അക്കാലത്ത് ആരോഗ്യമുള്ളവനാണ്, ധൈര്യമുള്ളവനാണ് എന്നൊക്കെ പറയുന്നത് വലിയ ക്രെഡിറ്റായിരുന്നു. ആ ഒരു കാഴ്ചപ്പാടായിരുന്നു ഞങ്ങള്‍ക്കൊക്കെ. രാജന്‍ പറഞ്ഞ കഥയുടെ സബ്ജക്ട് വളരെ പ്രധാനപ്പെട്ടതായിരുന്നു. അക്കാലത്ത് തെരഞ്ഞെടുപ്പുകളിലൊക്കെ അതു പ്രചരിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിന്റെ ഫൂട്ടേജ് ഒന്നും ഇല്ല. അതു സ്റ്റോര്‍ ചെയ്തിട്ടൊന്നുമില്ല. സുകുമാരന്‍ ആദ്യമായി ഹീറോ ആയി അഭിനയിച്ച പടമാണ്.
പൊലീസ് സേവനവും അന്വേഷണവും ഒക്കെയുള്ള സര്‍വ്വീസ് കാലം എങ്ങനെയായിരുന്നു?
ഇന്റലിജന്‍സ് എസ്.ഐ ആയിട്ടാണ് റിട്ടയര്‍ ചെയ്തത്. പൊലീസ് കാലത്തെ സങ്കടകരമായ ഒരു അനുഭവം ഇബ്രാഹിം എന്നയാളെ പാകിസ്താനിലേക്ക് ഡീപോര്‍ട്ട് ചെയ്യാന്‍ പോയതാണ്. പാകിസ്താന്‍ പൗരത്വമുള്ള ഇബ്രാഹിമിന്റെ കേസ് വളരെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു. അദ്ദേഹം ചെറിയ പ്രായത്തില്‍ ഇവിടുന്ന് ദുബായിലേക്ക് പോയതാണ്. പിന്നീട് പാകിസ്താനില്‍ എത്തിപ്പെട്ടു. അവിടുന്നു തിരിച്ചുവരാന്‍ പറ്റാതായതോടെ പാകിസ്താന്‍ പാസ്പോര്‍ട്ട് എടുത്ത് ഇന്ത്യയിലേക്ക് വിസ എടുത്തു വന്നു. പാസ്പോര്‍ട്ട് ആക്ട് പ്രകാരം അദ്ദേഹം ഇന്ത്യന്‍ പൗരനല്ല, പാകിസ്താന്‍ പൗരനാണ്. അദ്ദേഹത്തെ ഡീപോര്‍ട്ട് ചെയ്യാന്‍ എന്നെയാണ് നിയോഗിച്ചത്. ഞങ്ങള്‍ അദ്ദേഹത്തെ പാകിസ്താന്‍ അതിര്‍ത്തിവരെ എത്തിച്ചു. പക്ഷേ, പാകിസ്താന്‍ പൗരനാണ് എന്നു തെളിയിക്കുന്ന യാതൊരു രേഖയും അദ്ദേഹത്തിനില്ല. അങ്ങനെ തിരിച്ച് ഇങ്ങോട്ടുതന്നെ വിട്ടു. അദ്ദേഹം മരിച്ചുപോയി. ആ കൊണ്ടുപോക്ക് വലിയൊരു അനുഭവമായിരുന്നു. അയാളുടെ സങ്കടവും സഹതാപകരമായ അവസ്ഥയും. യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും അറിയാം, ഇന്ത്യക്കാരനാണ് എന്ന്. പക്ഷേ, നിയമം അനുവദിക്കുന്നില്ല. ഈ അനുഭവം ഞാന്‍ മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. അങ്ങനെയാണ് അത് 'പരദേശി' സിനിമയിലേക്കെത്തുന്നത്. അന്നു ഞാന്‍ കോഴിക്കോട് റൂറലിലായിരുന്നു വര്‍ക്ക് ചെയ്തത്. ഞാനും ഒരു ഹെഡ് കോണ്‍സറ്റബിളും രണ്ട് പൊലീസുകാരും ഉണ്ടായിരുന്നു കൂട്ടത്തില്‍. അത് വല്ലാത്തൊരു യാത്രയായിരുന്നു.

ശരീരം പ്രധാനമായതുകൊണ്ട് ഭക്ഷണവും ചെറുപ്പം മുതലേ ശ്രദ്ധിച്ചിട്ടുണ്ടാകും അല്ലേ? 1980' എന്ന റസ്റ്റോറന്റും ഭക്ഷണത്തോടുള്ള ഇഷ്ടംകൊണ്ട് തുടങ്ങിയതാണോ?
ചെറുപ്പത്തില്‍ നമുക്കു മറ്റു ഭക്ഷണങ്ങളൊന്നും അറിയില്ലല്ലോ. നല്ലോണം ചോറ് കഴിക്കും, ഇറച്ചിയും മീനും ഒക്കെ കഴിക്കും. എം.എസ്.പിയില്‍നിന്നു പോന്ന ശേഷം വാപ്പയ്ക്ക് സ്വന്തം ലോറിയുണ്ടായിരുന്നു. രണ്ടെണ്ണം ഉണ്ട്. ഒന്ന് ഡ്രൈവര്‍ ഓടിക്കും. ഒന്നില്‍ വാപ്പ തന്നെ പോകും. പോയി വരുമ്പോള്‍ അന്നത്തെ കാലത്തെ പരിഷ്‌കാരമുള്ള ഡ്രസ്സുകള്‍ ഒക്കെ കൊണ്ടുവരും. വാപ്പ വീട്ടില്‍ വന്നാല്‍ ഭക്ഷണം ലാവിഷായിരിക്കും. ചെറുപ്പം മുതലേ ഭക്ഷണം നല്ലോണം കഴിക്കും. തടിയും ആരോഗ്യവും ഉണ്ടാവണം എന്നതാണ് ലക്ഷ്യം. കര്‍ക്കടമാസത്തില്‍ ഉഴിഞ്ഞു കുളിക്കും. ആ രീതിയിലൊക്കെ ശരീരം നോക്കും. കടത്തനാടന്‍ കളരിയിലൊക്കെ പറയുന്നപോലെയുള്ള ശരീര സംരക്ഷണം ചെറുപ്പം മുതലെ ഉണ്ടായിരുന്നു.
വീട്ടില്‍ എല്ലാവരും ഫിറ്റ്നസ് ഉള്ളവരായിരുന്നു. എന്റെ മൂത്ത സഹോദരന്‍ മജീദും ബോഡി ബില്‍ഡറാണ്. മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
'രാജന്‍ പറഞ്ഞ കഥ'യില്‍ത്തന്നെ പൊലീസുകാരനായി അഭിനയിച്ചു. പിന്നീട് പുരാവൃത്തം, അങ്ങാടി തുടങ്ങി രണ്ട് മൂന്ന് പടങ്ങളിലും അഭിനയിച്ചു. പുരാവൃത്തത്തില്‍ അനിയന്‍ ലത്തീഫും അഭിനയിച്ചിട്ടുണ്ട്. എന്റെ പെങ്ങള്‍ അത്ലറ്റായിരുന്നു. മത്സരങ്ങളിലൊക്കെ പങ്കെടുത്തിട്ടുണ്ട്. അങ്ങനെ എല്ലാവര്‍ക്കും കായികപരമായി മികവുണ്ടായിരുന്നു.
എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ എന്നും വിരുന്നുകാരുണ്ടാവും. നല്ല ഭക്ഷണം എല്ലാര്‍ക്കും കൊടുക്കുക എന്നത് ഭയങ്കര ഇഷ്ടമായിരുന്നു. ഇറച്ചിയും മീനും ഒക്കെയുണ്ടാവും. അയക്കൂറയൊക്കെ ഫുള്‍ മീന്‍ വാങ്ങും. ആട്ടിറച്ചിയാണെങ്കില്‍ ആടിന്റെ ഒരു ഭാഗം ഒന്നായി വാങ്ങും. അങ്ങനെയൊക്കെയായിരുന്നു. കുറെ സുഹൃത്തുക്കളും ഉണ്ടാവും ഭക്ഷണം കഴിക്കാന്‍. അങ്ങനെ ഭക്ഷണം കൊടുക്കുന്ന ഒരു സ്വഭാവം എന്നിലും വന്നു. എന്റെ വീട്ടിലും ഞാനുള്ള സമയത്ത് അങ്ങനെ തന്നെയായിരുന്നു. എന്റെ മകനും കാണുന്നത് ഇതാണ്. നല്ല ഭക്ഷണം കൊടുക്കുക, ഭക്ഷണത്തിന്റെ രുചിയെപ്പറ്റി പറയുക, ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചു പറയുക ഇതൊക്കെ തന്നെയാണ് വീട്ടില്‍ മെയിന്‍ ചര്‍ച്ച.
മകന്റെ മനസ്സിലാണ് റസ്റ്റോറന്റ് ബിസിനസ് തുടങ്ങാം എന്നൊരു ഐഡിയ വന്നത്. എനിക്കും ഇഷ്ടമുള്ള മേഖലയാണ്. അങ്ങനെ കല്പറ്റയില്‍ ഒരു വീട് കിട്ടി, അത് നൊസ്റ്റാള്‍ജിക് ഫീലില്‍ത്തന്നെ പുതുക്കി 1980' കല്പറ്റയില്‍ തുടങ്ങി. ബിസിനസ് ആണെങ്കിലും അതിലുപരി ഒരാള്‍ ഭക്ഷണം കഴിച്ചു, നല്ല ഭക്ഷണം ആയിരുന്നു എന്നു പറഞ്ഞാലുണ്ടാകുന്ന സംതൃപ്തി വളരെ വലുതാണ്. സിനിമയില്‍ അഭിനയിക്കുന്നതും അങ്ങനെയാണ്. അഭിനയിക്കുന്നത് കാശിനു വേണ്ടിയാണ്. അങ്ങനെ ആണെങ്കിലും ഒരു സിനിമ ഇറങ്ങി അതിലെ വേഷം നന്നായിട്ടുണ്ട് എന്നു പ്രേക്ഷകര്‍ പറയുമ്പോള്‍ കാശ് കിട്ടിയതിനേക്കാള്‍ വലിയൊരു സന്തോഷം ഉണ്ടാവും. അതുപോലെയാണ് ഭക്ഷണം കൊടുക്കുമ്പോഴും. ഒക്ടോബര്‍ രണ്ടിന് കോഴിക്കോടും റസ്റ്റോറന്റ് തുടങ്ങി.
1980-കളിലാണ് ലോകത്ത് ജനങ്ങളുടെ ജീവിതരീതിക്കു തന്നെ ഒരു പരിവര്‍ത്തനം സംഭവിക്കുന്നത്. ടെക്നോളജികളായിട്ടും ബിസിനസ്പരമായും പല കണ്ടുപിടുത്തങ്ങളും ഒക്കെയായി. എന്റെ ജീവിതത്തിലും എണ്‍പതുകള്‍ പ്രധാനപ്പെട്ടതാണ്. പല അച്ചീവ്മെന്റ്സുകളും എണ്‍പതുകളിലായിരുന്നു. എനിക്ക് മിസ്റ്റര്‍ ഇന്ത്യ കിട്ടുന്നത്, കല്യാണം കഴിക്കുന്നത്, മക്കള്‍ ഉണ്ടാവുന്നത്. അതുകൊണ്ടാണ് 1980' െഎന്ന പേര് വന്നത്.
ഇപ്പോഴും ഫിറ്റ്നസിനുവേണ്ടി ദിവസം ഒന്നര മണിക്കൂറോളം ഞാന്‍ വര്‍ക്കൗട്ട് ചെയ്യും. എവിടെയാണെങ്കിലും ചെയ്യും. ഉറക്കം ഒഴിക്കുന്നുണ്ടെങ്കില്‍ അധികം പ്രാക്ടീസ് ചെയ്യില്ല. ഇപ്പോള്‍ ഫുഡ് കണ്‍ട്രോള്‍ഡ് ആണ്. രാവിലെ ബ്രേക്ക്ഫാസ്റ്റ് നന്നായി കഴിക്കും. ഉച്ചയ്ക്കു മീഡിയം ലഞ്ച്, ഡിന്നര്‍ വളരെ ലൈറ്റ്.

ഓര്‍ക്കാനും പറയാനും നല്ല അനുഭവങ്ങള്‍ മാത്രമായിരുന്നു ജീവിതത്തില്‍...?
ഞാന്‍ ആഗ്രഹിച്ച മൂന്നു കാര്യത്തിലും എനിക്കു വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ സംതൃപ്തനുമാണ്. സിനിമയില്‍ അഭിനയിക്കുന്നത് തുടര്‍ന്നും അഭിനയിക്കണം എന്ന ആഗ്രഹത്തില്‍ത്തന്നെയാണ്. മത്സരത്തിനൊന്നും പോകുന്നില്ലെങ്കിലും ഇപ്പോഴും കൃത്യമായി ഫിറ്റ്നസും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. പൊലീസിന്റെ സേവനം റിട്ടയര്‍ ആയതിനാല്‍ മാറി നില്‍ക്കുന്നു എന്നുമാത്രം. എന്നിരുന്നാലും സാമൂഹ്യപ്രതിബദ്ധതയുള്ള എല്ലാ വേദികളിലും ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കല്പറ്റ നഗരസഭ ശുചിത്വമിഷന്‍ ബ്രാന്‍ഡ് അംബാഡിഡറാണ് ഞാന്‍. വനംവകുപ്പിന്റെ വയനാട് ജില്ലാ ഗ്രീന്‍ അംബാസിഡര്‍, ജില്ലാ ഇലക്ഷന്‍ ഐക്കണ്‍, സ്പോര്‍ട്സ് ആന്റ് കള്‍ച്ചറല്‍ പ്രൊമോഷന്‍ കൗണ്‍സില്‍ അംഗം അങ്ങനെ പല മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
സാധാരണക്കാരനായി ജീവിക്കുക എന്നതാണ് എന്റെ രീതി. ജനങ്ങളുടെ കൂടെ ജീവിക്കണം. നാട്ടിലായാല്‍ ഞാന്‍ ഇപ്പോഴും അങ്ങനെയാണ്. വീട്ടില്‍ എന്തെങ്കിലും ചടങ്ങുണ്ടെങ്കിലും എല്ലാവരേയും ക്ഷണിക്കാനും നോക്കും. ഫ്രണ്ട്ഷിപ്പില്‍ എല്ലാവരും ഒരുപോലെയാണ് എന്ന ചിന്താഗതിക്കാരനാണ്. സിനിമയിലും എനിക്ക് ഒരുപാട് ഫ്രണ്ട്സ് സര്‍ക്കിള്‍ ഉണ്ട്. ബോഡി ബില്‍ഡിങ്, സിനിമ, പൊലീസ് ഇത് മൂന്നിനും ഒരേപോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഞാന്‍ മുന്നോട്ടുപോയത്. പൊലീസില്‍ ഉണ്ടായതുകൊണ്ട് സിനിമാഫീല്‍ഡില്‍ അതിന്റെ പരിഗണന കിട്ടിയിട്ടുണ്ട്.

സിനിമയിലായതിന്റെ പരിഗണന പൊലീസിലും കിട്ടിയിട്ടുണ്ട്. എല്ലാ കാര്യത്തിലും പൊലീസ് ഡിപ്പാര്‍ട്ട്മെന്റാണ് എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചത്. ഭാര്യ ഉമ്മുക്കുത്സു കോഴിക്കോട് സ്വദേശിയാണ്. എനിക്ക് രണ്ട് മക്കളാണ്. മൂത്തമകള്‍ സബിത. ഇപ്പോള്‍ ഓസ്ട്രേലിയയിലാണ്. മകന്‍ സാനു സലിം സിനിമകളിലും അഭിനയിക്കുന്നുണ്ട്. ചെമ്പട, ട്രെയിന്‍, കുരുക്ഷേത്ര, തല്ലുമാല തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഓരോരുത്തരും ജീവിക്കേണ്ടത് അവരവരുടെ ഇഷ്ടത്തിനാണ്. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നല്ലതും ചീത്തയും തെരഞ്ഞെടുക്കേണ്ടത് നമ്മള്‍ തന്നെയായിരിക്കണം. ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളൊക്കെ ഒരുവിധം നടന്നിട്ടുണ്ട്. നമ്മുടെ മനസ്സില്‍ അടങ്ങാത്ത ആഗ്രഹമുണ്ടെങ്കില്‍ അതു നടക്കും എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അതിനുള്ള ഡെഡിക്കേഷന്‍ നമുക്കുണ്ടെങ്കില്‍ എവിടെയും എത്താന്‍ പറ്റും. ആര്‍ക്കും.
ഈ ലേഖനം കൂടി വായിക്കൂ
'ത്യാഗമല്ല, ഇത്തരത്തില്‍ ജീവിക്കണമെന്നത് എന്റെ അഭിവാഞ്ഛയാണ്'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ