'കോളേജില്‍ എനിക്കൊരു മൗനമുണ്ടായിരുന്നു, അകത്തു നിന്നു മാത്രം തുറക്കാവുന്ന മുറി പോലെ'

മഹാരാജാസിലെ പഠനം അപ്പനില്‍ അടിസ്ഥാനപരവും മൗലികവുമായ വലിയ മാറ്റങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ  സാഹിത്യാഭിരുചിയും ആസ്വാദന സംസ്‌കാരവും ചിന്തയും ഗണനീയമായ തോതില്‍ വികസിച്ചു
'കോളേജില്‍ എനിക്കൊരു മൗനമുണ്ടായിരുന്നു, അകത്തു നിന്നു മാത്രം തുറക്കാവുന്ന മുറി പോലെ'

ലപ്പുഴ എസ്.ഡി. കോളേജില്‍നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം അപ്പന്‍ ഒരു ചോദ്യത്തിന്റെ ഉത്തരം തേടി. ഇനി എന്ത്? ബിരുദം എടുത്തത് ശാസ്ത്രത്തിലാണ്. അത് തുടരാന്‍ താല്പര്യം തോന്നിയില്ല. നിയമം പഠിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപ്പന് അതിലും താല്പര്യമില്ലായിരുന്നു. സാഹിത്യത്തിന്റേയും വായനയുടേയും ലഹരിയില്‍പ്പെട്ട അദ്ദേഹത്തിന് അതില്‍നിന്നും മാറിനില്‍ക്കുവാന്‍ ആകില്ലെന്ന് പതുക്കെ ബോദ്ധ്യപ്പെട്ടു. തീരുമാനം വേഗമെടുത്തു. എറണാകുളം മഹാരാജാസില്‍ മലയാളം എം.എയ്ക്ക് ചേരുവാന്‍ തീരുമാനിച്ചു. അപ്പനെ സംബന്ധിച്ചിടത്തോളം മറ്റൊരു തീരുമാനത്തിലേക്കു പോകുവാന്‍ കഴിയുമായിരുന്നില്ല. അച്ഛനോട് വിവരം പറഞ്ഞു. അച്ഛന് വേറെ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. എന്തായാലും അച്ഛന്‍ മകന്റെ ആഗ്രഹത്തോട് യോജിച്ചു. അപ്പോഴും സാഹിത്യപഠനത്തിലൂടെ താന്‍ ഒരു സാഹിത്യനിരൂപകനാകുമെന്ന് അപ്പനും കരുതിക്കാണില്ല. അപ്പോഴും അദ്ദേഹത്തിലെ 'കഥാകൃത്ത്' മരിച്ചിരുന്നില്ല. വീണ്ടും കഥകള്‍ അദ്ദേഹം എഴുതുന്നുണ്ടായിരുന്നു. ചിലത് 'കൗമുദി വാരിക'യില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1964 വരെ കഥകള്‍ എഴുതി.

കെ.പി. അപ്പന്റെ എം.എ പഠനം 1961- 1963 അക്കാദമിക് വര്‍ഷങ്ങളിലാണ്. 1961ല്‍ അച്ഛനുമൊത്ത് എറണാകുളത്തു പോയി മഹാരാജാസില്‍ എം.എയ്ക്കു ചേര്‍ന്നു. ആലപ്പുഴയ്ക്ക് അടുത്താണെങ്കിലും എറണാകളം അപ്പന് വലിയ പരിചയമുണ്ടായിരുന്നില്ല. അച്ഛന്‍ അന്ന് പീയേഴ്‌സ് ലെസ്ലി കമ്പനിയില്‍ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് പോയ അവസരത്തിലാണ്  അപ്പന്‍ അച്ഛനോടൊപ്പം പോയതും  കോളേജില്‍ ചേര്‍ന്നതും. ആദ്യ ദിവസം രാജകീയമായിത്തന്നെ എറണാകുളത്തെ വലിയൊരു ഹോട്ടലില്‍ താമസിച്ചു. അച്ഛന്‍ തന്നെ നഗരത്തില്‍ ഒറ്റയ്ക്കു വിട്ട് തിരിച്ചുപോയപ്പോള്‍ താന്‍ ഭയപ്പെട്ടു എന്ന് അപ്പന്‍ ഓര്‍ക്കുന്നുണ്ട്. അതുവരെ വീടുവിട്ട് പുറത്തുപോയി താമസിച്ചിട്ടില്ല. വീടുമായി വേര്‍പെട്ട് താമസിച്ചു തുടങ്ങിയതു കാരണമാകണം ഭയന്നുപോയത്. പിന്നീട് രാധാ ലോഡ്ജില്‍ താമസിച്ചു പഠിച്ചു. കോളേജ് ഹോസ്റ്റലില്‍ താമസസൗകര്യമുണ്ടായിരുന്നു. അപ്പന് കോളേജ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുവാനുള്ള മാനസികാവസ്ഥയില്ലായിരുന്നു. ഹോസ്റ്റലിലെ കൂട്ടായ്മയും പന്തിഭോജനവും തന്റെ പ്രകൃതിക്കു പറ്റിയതല്ല എന്ന് അപ്പന്‍ കരുതി. ഒരുപാട് കൂട്ടുകാരോടൊപ്പം ഒന്നിച്ചു പഠിച്ച് ഒന്നിച്ചു ഭക്ഷണം കഴിച്ച് ഒന്നിച്ചു കളിച്ചു ചിരിച്ചുള്ള അടിപൊളി ജീവിതം അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അതിന് അദ്ദേഹത്തിനു കഴിയില്ല. കോളേജില്‍നിന്നും അല്പം വിട്ടുമാറി ഏകാന്തതയുടെ വീഞ്ഞ് നുണഞ്ഞ് ഒറ്റയ്ക്ക് ഒരു മുറിയില്‍ കഴിയാനാണ് അദ്ദേഹത്തിനു താല്പര്യം. ആരുടേയും ശല്യമില്ലാതെ ഏകാന്തതയിലിരുന്ന് വായിക്കണമെന്ന ഉദ്ദേശ്യവും മനസ്സിലുണ്ടായിരുന്നു. അതുകൊണ്ടാണ് കോളേജ് ഹോസ്റ്റല്‍ ഒഴിവാക്കി പുറത്ത് ലോഡ്ജില്‍ മുറിയെടുത്തു താമസമാരംഭിച്ചത്.

എറണാകുളം മഹാരാജാസ് കോളേജ്. കേരളത്തിലെ ഏറ്റവും മികച്ച കോളേജുകളില്‍ ഒന്ന്. ഒരുപാട് തലമുറകള്‍ പഠിച്ചിറങ്ങിയ മഹത്തായ സ്ഥാപനം. അന്ന് അതിന്റെ പ്രശസ്തിയുടെ കൊടുമുടിയിലാണ്. ഒരുപാട് ബഹുമതികള്‍ ശിരസ്സിലണിഞ്ഞുകൊണ്ടാണ് മഹാരാജാസ് നിന്നിരുന്നതെന്ന് അപ്പന്‍ പറഞ്ഞിട്ടുണ്ട്. ദൃഢമായ സ്‌നേഹബന്ധങ്ങള്‍ അവിടെ ഉണ്ടായിരുന്നു. പ്രണയത്തിന്റെ പുതുമയുള്ള നാളുകള്‍ സമ്മാനിക്കുന്ന കലാലയം കൂടിയായി അത്. ആവിപറക്കുന്ന മൂടല്‍മഞ്ഞുപോലുള്ള ഭാവം കോളേജിന്റെ അന്തരീക്ഷത്തിലുണ്ടായിരുന്നു എന്നും അപ്പന്‍ ഓര്‍ക്കുന്നുണ്ട്. പ്രസംഗത്തിന്റെ കൊടിക്കൂറകളും പെരുമ്പറകളുംകൊണ്ട് മഹാരാജാസിന്റെ ദിവസങ്ങള്‍ എപ്പോഴും സമ്പന്നമായിരുന്നു. പില്‍ക്കാലത്ത്  രാഷ്ട്രീയപ്പാര്‍ട്ടികളുടെ വലിയ നേതാക്കളും മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെയായവരും സാഹിത്യരംഗത്തും കലാരംഗത്തും ജ്വലിച്ചുയര്‍ന്നു വന്നവരും അറുപതുകളുടെ ആരംഭത്തില്‍ മഹാരാജാസിലെ വിദ്യാര്‍ത്ഥികളാണ്. കോളേജിലെ മലയാള വിഭാഗത്തില്‍ പ്രഗത്ഭരായ അദ്ധ്യാപകരുടെ വലിയ സംഘം തന്നെയുണ്ട്. പ്രൊഫ. പി.വി. കൃഷ്ണന്‍ നായരാണ് പ്രൊഫസറും വകുപ്പദ്ധ്യക്ഷനും. ഭാഷാശാസ്ത്ര പണ്ഡിതനായ പ്രൊഫ. സി.എല്‍. ആന്റണി രണ്ടാം ഗ്രേഡ് പ്രൊഫസര്‍. സാഹിത്യനിരൂപകരായ എം. അച്ചുതന്‍, എം.കെ. സാനു തുടങ്ങിയവര്‍ അദ്ധ്യാപകരായുമുണ്ട്. അപ്പന്റെ ക്ലാസ്സില്‍ അദ്ദേഹത്തെ കൂടാതെ നാല് പേര്‍ മാത്രം.  സാഹിത്യനിരൂപകരായി മാറിയ വി. രമേഷ് ചന്ദ്രന്‍, ജോര്‍ജ് ഇരുമ്പയം, പൊന്നമ്മ, പീതാംബരന്‍ എന്നിവരാണ് അവര്‍. ജോര്‍ജ് രണ്ടാം വര്‍ഷത്തില്‍ വന്നു ചേര്‍ന്നതാണ്. രണ്ടാം വര്‍ഷമായപ്പോള്‍ ജൂനിയര്‍  ക്ലാസ്സില്‍ സാഹിത്യനിരൂപകന്‍ എം. തോമസ് മാത്യു, വി.കെ. നാരായണന്‍, റെക്‌സ് എന്നിവരുണ്ടായിരുന്നു. മലയാളം ബി.എ ക്ലാസ്സില്‍ കവി കെ.വി. രാമകൃഷ്ണനും പഠിക്കുന്നുണ്ടായിരുന്നു. രാമകൃഷ്ണന്‍ ബി.എ കഴിഞ്ഞ് ഇംഗ്ലീഷ് എം.എയ്ക്ക് ചേര്‍ന്നു. ഇങ്ങനെ സാഹിത്യത്തില്‍ അതീവ താല്പര്യമുള്ള വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞതായിരുന്നു അന്നത്തെ മഹാരാജാസ്.

മഹാരാജാസ് കോളജ്
മഹാരാജാസ് കോളജ്

മൗനത്തില്‍ ഒളിച്ച അപ്പന്‍ 
     
'കോളേജില്‍ എനിക്കൊരു മൗനമുണ്ടായിരുന്നു. അകത്തുനിന്നു മാത്രം തുറക്കാവുന്ന മുറി പോലെയായിരുന്നു അത്. അത് ഞാന്‍ അധികമൊന്നും തുറന്നിരുന്നില്ല.' 

മഹാരാജാസ് കാലത്തെക്കുറിച്ച് ഓര്‍ത്തപ്പോള്‍ അപ്പന്‍ ഇപ്രകാരം എഴുതി: അന്ന് കോളേജില്‍ നടന്ന അതിരൂക്ഷമായ സാഹിത്യസംവാദങ്ങളിലും ചര്‍ച്ചകളിലും അപ്പന്‍ പങ്കെടുത്തിരുന്നില്ല. മലയാളം വകുപ്പില്‍ത്തന്നെ ഒരു ചര്‍ച്ചാവേദിയുണ്ടായിരുന്നു. മുന്‍ വര്‍ഷം പഠിച്ചിറങ്ങിയ കെ.വി. തമ്പി നിര്‍ദ്ദേശിച്ച പ്രകാരം അതിന് 'വികാസം' എന്നു പേരിട്ടു. ബി.എ വിദ്യാര്‍ത്ഥിയായ കെ.വി. രാമകൃഷ്ണന്റെ ശ്രമഫലമായി ജി. ശങ്കരക്കുറുപ്പിനെക്കൊണ്ട് സമിതി ഉദ്ഘാടനം നിര്‍വ്വഹിക്കുവാനും സാധിച്ചു. അപ്പന്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തെങ്കിലും പിന്നെ പതുക്കെ പിന്‍വാങ്ങിയെന്ന് ജോര്‍ജ് ഇരുമ്പയം എഴുതി. സംഘത്തില്‍നിന്നും മാറിനില്‍ക്കുന്ന സ്വഭാവം മൂപ്പര്‍ക്ക് മുന്‍പേയുണ്ടായിരുന്നുവെന്നും ഇരുമ്പയം പറയുന്നു. മാത്രമല്ല, കോളേജിനു പുറത്തുള്ള ലോഡ്ജിലെ തന്റെ  മുറിയിലേയ്ക്ക് ആരേയും ക്ഷണിക്കുന്ന സ്വഭാവവും അപ്പനില്ലായിരുന്നു. അക്കാലത്ത് സ്‌കോട്ട് ജെയിംസിന്റെ പ്രസിദ്ധമായ സാഹിത്യവിമര്‍ശന ചരിത്രഗ്രന്ഥം ('The Making of Literature') എപ്പോഴും കൊണ്ടുനടക്കുമായിരുന്നുവെന്നും ഇരുമ്പയം എഴുതിയിട്ടുണ്ട്. പ്ലേറ്റോയില്‍ തുടങ്ങുന്ന പടിഞ്ഞാറന്‍ സാഹിത്യവിമര്‍ശനത്തിന്റെ ചരിത്രം വിശദമായി അന്വേഷിക്കുന്ന ആ ഗ്രന്ഥം അപ്പനെ അക്കാലത്ത് വശീകരിച്ച വിമര്‍ശന ചരിത്രമാണ്. പില്‍ക്കാലത്ത് എം.എ ക്ലാസ്സില്‍ പാശ്ചാത്യസാഹിത്യവിമര്‍ശനം പഠിപ്പിച്ചപ്പോള്‍ സ്‌കോട്ട് ജയിംസിനെ ആദരവോടെ ഉദ്ധരിക്കുമായിരുന്നു അപ്പന്‍.

പ്രശസ്ത സാഹിത്യവിമര്‍ശകനായ എം. തോമസ് മാത്യുവും മഹാരാജാസില്‍ പഠിച്ച വിദ്യാര്‍ത്ഥിയായ അപ്പനെക്കുറിച്ച് എഴുതിയിട്ടുണ്ട്. എല്ലാവിധ ബൗദ്ധിക വിവാദങ്ങളുടേയും കേന്ദ്രമായിരുന്ന മഹാരാജാസ് കോളേജില്‍ അപ്പന്‍ പുലര്‍ത്തിയ മൗനത്തെക്കുറിച്ച് അദ്ദേഹവും പറഞ്ഞു. വിവാദങ്ങളൊന്നും തന്നെ ബാധിക്കുന്നവയല്ല എന്ന് അപ്പന്‍ കരുതിയതുപോലെ തോന്നി. എങ്കിലും ഉദാസീനമായിരുന്നില്ല ആ മനസ്സ്. എഴുത്തുകാരനാകാന്‍ തത്രപ്പാട് കാണിച്ചതുമില്ല. കെ.പി. അപ്പന്‍ ഒറ്റയ്ക്ക് നടക്കുവാന്‍ ഇഷ്ടപ്പെട്ടു. ഘോഷയാത്രകളില്‍ പേര്‍ വിളിക്കപ്പെടാത്തത് ജീവിതത്തിലെ നഷ്ടമായി അദ്ദേഹം കരുതിയിരിക്കുവാനിടയില്ല എന്നും പറയുന്നുണ്ട് തോമസ് മാത്യു.

ഡിഗ്രിക്ക് ശാസ്ത്രമാണ് പ്രധാന വിഷയമായി പഠിച്ചത്. എം.എയ്ക്ക് വന്നപ്പോള്‍ മലയാളത്തിലെ വ്യാകരണവും ലീലാതിലകവും മണിപ്രവാളവും ഭാഷാശാസ്ത്രവും പ്രാചീന ഭാഷാകൃതികളും പഠിക്കേണ്ടിവന്നു. സ്വാഭാവികമായും ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കാണണം. ആ ബുദ്ധിമുട്ടുകള്‍ ഏറ്റെടുത്തുകൊണ്ടുതന്നെ പാശ്ചാത്യസാഹിത്യവും വിമര്‍ശനവും തത്ത്വചിന്തയുമെല്ലാം വിശദമായി പഠിക്കുവാനുള്ള തീവ്രശ്രമം അന്ന് നടത്തിയിരുന്നു. ഗൗരവമേറിയ വായനയുടെ ലോകത്തേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു അപ്പോള്‍. അറുപതുകളുടെ തുടക്കത്തില്‍ ലോക സാഹിത്യത്തിലും വിമര്‍ശനത്തിലും സംഭവിച്ചുകൊണ്ടിരുന്ന ദാര്‍ശനികവും സൗന്ദര്യപരവുമായ മാറ്റങ്ങള്‍ എറണാകുളത്തെ സൗകര്യങ്ങള്‍ ഉപയോഗിച്ച് മനസ്സിലാക്കിക്കൊണ്ടിരുന്നു എന്നാണ് പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്. 

അക്കാലത്ത്, അറുപതുകളുടെ തുടക്കത്തില്‍ മലയാളവിമര്‍ശനത്തിലെ പ്രധാന വിഷയം ജി. ശങ്കരക്കുറുപ്പിന്റെ കവിതയുടെ മൗലികതയെ സംബന്ധിച്ചുള്ളതായിരുന്നു. വാസ്തവത്തില്‍ അത് അന്‍പതുകളില്‍ത്തന്നെ തുടങ്ങിയിരുന്നു. ജോസഫ് മുണ്ടശ്ശേരി, മയ്യനാട് കെ. ദാമോദരന്‍ തുടങ്ങിയവര്‍ ആരംഭിച്ച വിവാദം പിന്നീട് കത്തിപ്പടര്‍ന്നു. താമസിയാതെ സുകുമാര്‍ അഴീക്കോട് 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' (1963) പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ മലയാള വിമര്‍ശനത്തില്‍ വലിയ വാദകോലാഹലങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു. അപ്പന്‍ മഹാരാജാസില്‍ പഠിക്കുമ്പോള്‍ മലയാള വിഭാഗത്തിലെ അദ്ധ്യാപകര്‍ രണ്ട് ചേരികളായി മാറി ആ വിവാദത്തെ കൂടുതല്‍ കൊഴുപ്പിച്ചു. ജിയുടെ ആരാധകരും ശത്രുക്കളും തമ്മിലുള്ള ബുദ്ധിപരമായ കലഹം വളരെ നാള്‍ നീണ്ടുനിന്നു. ജിയുടെ മകളുടെ ഭര്‍ത്താവ് കൂടിയായ എം. അച്ചുതനും സംഘവും ജിക്ക് അനുകൂലം. എം.കെ. സാനുവും അനുയായികളും എതിര്‍സംഘത്തിലും നിരന്നു. ഒന്നാം വര്‍ഷ എം.എ വിദ്യാര്‍ത്ഥിയായ എം. തോമസ് മാത്യു പ്രിയപ്പെട്ട അദ്ധ്യാപകനായ സാനുവിനോടൊപ്പം നിലയുറപ്പിച്ചു. അപ്പന്‍ ഒരു ഭാഗത്തും ചേര്‍ന്നില്ല. വിവാദത്തെക്കുറിച്ച് ഒറ്റ വാക്കും ഉരിയാടിയില്ല. അദ്ദേഹത്തിന് ജിയുടെ കവിതയെക്കുറിച്ച് നല്ല മതിപ്പ് തോന്നിയിരുന്നു. ജിയുടെ കവിത മൗലികമല്ലെന്നും അനുകരണവും മോഷണവുമാണെന്നും സാനുമാഷ് അപ്പനെ ബോദ്ധ്യപ്പെടുത്തുവാന്‍ പല പ്രാവശ്യം ശ്രമിക്കുകയും ചെയ്തു. സാനുമാഷിന്റെ വാദങ്ങള്‍ പക്ഷേ, അപ്പന്‍ സ്വീകരിച്ചില്ല. 'വങ്കത്തരത്തിന്റെ കക്ഷി പിടുത്ത'മായി മാത്രമേ തനിക്ക് ആ സംഭവങ്ങളെ കാണുവാന്‍ കഴിഞ്ഞുള്ളൂ എന്ന് പിന്നീട് അപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം തോമസ് മാത്യു
എം തോമസ് മാത്യു

അന്നത്തെ മലയാളത്തിലെ സാഹിത്യവിമര്‍ശനകലയെക്കുറിച്ചും അപ്പന് കടുത്ത അസന്തുഷ്ടി തോന്നിയിരിക്കണം. ജിയുടെ കവിതയെക്കുറിച്ചുള്ള വിവാദങ്ങള്‍ മാത്രമല്ല അതിനു കാരണം. അന്ന് ഗദ്യസാഹിത്യത്തില്‍, ചെറുകഥയിലും നോവലിലും പതുക്കെയാണെങ്കിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്ന ഘട്ടമാണ്. ദേവിന്റേയും തകഴിയുടേയും തലമുറ സൃഷ്ടിച്ച ഭാവുകത്വത്തില്‍നിന്നും ഭിന്നമായ ഭാവുകത്വം ആ കാലയളവില്‍ മലയാള സാഹിത്യത്തില്‍ ശക്തിപ്രാപിച്ചു വരികയായിരുന്നു. എം.ടി, പത്മനാഭന്‍, മാധവിക്കുട്ടി, രാജലക്ഷ്മി, എന്‍. മോഹനന്‍ തുടങ്ങിയ എഴുത്തുകാര്‍ കാവ്യാത്മകമായ ഭാഷയും കാല്പനികഭാവനയും ഉപയോഗിച്ച് മനുഷ്യമനസ്സിന്റെ അടിത്തട്ടിലെ സൂക്ഷ്മഭാവങ്ങളും അഗാധ വികാരങ്ങളും ശക്തമായി അവതരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മലയാളസാഹിത്യത്തിന്റെ ഗതി തിരിച്ചുവിട്ട കൃതികള്‍ ധാരാളമായി ഉണ്ടാവുകയും ചെയ്തു. ഇത് കാണുവാന്‍ അന്നത്തെ പ്രമുഖ വിമര്‍ശകര്‍ക്കു കഴിഞ്ഞില്ല. മുണ്ടശ്ശേരിയും മാരാരും അന്ന് നിരൂപണത്തില്‍ സജീവമായിരുന്നു. സുകുമാര്‍ അഴീക്കോട്, എസ്. ഗുപ്തന്‍ നായര്‍, എം. കൃഷ്ണന്‍ നായര്‍ തുടങ്ങിയ അന്നത്തെ പുതുതലമുറയിലെ പ്രമുഖ വിമര്‍ശകരും അന്ന് സജീവമാണ്. മലയാളസാഹിത്യത്തില്‍ സൂക്ഷ്മമായി സംഭവിച്ചുകൊണ്ടിരുന്ന ഭാവുകത്വപരിണാമം അവരാരും തിരിച്ചറിഞ്ഞില്ല. റൊമാന്റിക് കവിതയുടെ സൗന്ദര്യ സങ്കല്പങ്ങളില്‍നിന്നും കാഴ്ചപ്പാടുകളില്‍നിന്നും പുറത്തുവരാന്‍ നമ്മുടെ വിമര്‍ശകര്‍ക്കു കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം. മിക്ക വിമര്‍ശകരുടേയും വിഹാരവേദി കവിതയാണ്. ഗദ്യസാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരുന്ന വന്‍ ചലനങ്ങളും സൂക്ഷ്മമായ മാറ്റവും തിരിച്ചറിയുവാനും വിലയിരുത്തുവാനും അന്നത്തെ വിമര്‍ശകര്‍ക്കു കഴിഞ്ഞില്ല. വര്‍ത്തമാനകാലത്തെ ലോകസാഹിത്യവുമായി പ്രത്യേകിച്ച് കഥയും നോവലുമായി നല്ല ബന്ധമുണ്ടായിരുന്ന എം. കൃഷ്ണന്‍ നായര്‍ക്കും അതു സാധിച്ചില്ല എന്നത് അത്ഭുതകരമായി തോന്നുന്നു. പുതിയ എഴുത്തുകാരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ അവര്‍ക്കായില്ല. എം.ടിയേയും പത്മനാഭനേയും മാധവിക്കുട്ടിയേയും എന്‍. മോഹനനേയുമിഷ്ടപ്പെട്ട അപ്പനെ വിമര്‍ശനത്തിന്റെ ഈ അന്ധത വേദനിപ്പിച്ചു കാണുമെന്ന കാര്യം ഉറപ്പാണ്. പിന്നീട് സാഹിത്യവിമര്‍ശനത്തില്‍ കാലുറച്ചുനിന്നതിനുശേഷം ഈ വിമര്‍ശകര്‍ക്കു നേരെ കടുത്ത വിമര്‍ശന ശരങ്ങള്‍ അയക്കുന്നുണ്ട് അദ്ദേഹം. 'തിരസ്‌കാര'ത്തില്‍ മലയാള വിമര്‍ശനത്തിന്റെ ഈ ദൗര്‍ബ്ബല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്.
                                                   
സാനുമാഷിന്റെ സ്‌നേഹം

മഹാരാജാസിലെ പഠനം അപ്പനില്‍ അടിസ്ഥാനപരവും മൗലികവുമായ വലിയ മാറ്റങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ  സാഹിത്യാഭിരുചിയും ആസ്വാദന സംസ്‌കാരവും ചിന്തയും ഗണനീയമായ തോതില്‍ വികസിച്ചു. സാഹിത്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ത്തന്നെ വലിയ മാറ്റമുണ്ടായി. ലോകസാഹിത്യചലനങ്ങള്‍ അപ്പന്‍ അറിഞ്ഞുതുടങ്ങുന്നത് ഇക്കാലത്താണ്. സമകാലിക ലോകസാഹിത്യത്തിലെ പ്രധാനപ്പെട്ട സാഹിത്യകൃതികളും സാഹിത്യ തത്ത്വചിന്തയും ഈ ഘട്ടത്തില്‍ അദ്ദേഹം പരിചയപ്പെട്ടു തുടങ്ങുന്നു. ഇതിനെല്ലാം അദ്ദേഹത്തെ സഹായിച്ച ഒരു അദ്ധ്യാപകന്‍ മഹാരാജാസിലുണ്ടായിരുന്നു. ആ അദ്ധ്യാപകന്‍ എം.കെ. സാനു മാഷാണ്. അപ്പന്‍ പഠിച്ച ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാലയത്തില്‍ ജോലിചെയ്ത അവസരത്തില്‍ അവിടെ വിദ്യാര്‍ത്ഥിയായിരുന്ന ചെറിയ കുട്ടിയായ അപ്പനെ സാനുമാഷ് കണ്ടിട്ടുണ്ട്. അന്ന് അപ്പന്റെ സഹോദരിയെ സാനുമാഷ് പഠിപ്പിച്ച കാര്യം മുന്‍പ് പറഞ്ഞിട്ടുണ്ട്. കുട്ടിയായിരുന്നപ്പോള്‍ തന്നെ പരിചയപ്പെട്ട അപ്പനോട് വലിയ സ്‌നേഹവാത്സല്യമായിരുന്നു സാനുമാഷിന്. അപ്പന്റെ ബുദ്ധിശക്തിയും സാഹിത്യവാസനയും സഹൃദയത്വവും എഴുതുവാനുള്ള പാടവവും അദ്ദേഹം വേഗം മനസ്സിലാക്കി. മഹാരാജാസില്‍ പഠിക്കുമ്പോള്‍ അപ്പന്‍ സാനുമാഷിന്റെ വീട്ടില്‍ ഇടയ്ക്കു പോകും. വളരെ നേരം സംസാരിച്ചിരിക്കും. മലയാള സാഹിത്യത്തെക്കുറിച്ചും ലോകസാഹിത്യത്തെക്കുറിച്ചും നല്ല അവഗാഹമുള്ള സാനുമാഷ് ശിഷ്യന് എല്ലാം പറഞ്ഞുകൊടുക്കുമായിരുന്നു. അന്നേ കേരളം മുഴുവന്‍ അറിയപ്പെടുന്ന വിമര്‍ശകനും പ്രസംഗകനുമാണ് സാനുമാഷ്. ലോകസാഹിത്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുതുസാഹിത്യത്തിന്റെ സ്വഭാവങ്ങളും അപ്പന്‍ ആഴത്തില്‍ മനസ്സിലാക്കിത്തുടങ്ങിയത് സാനുമാഷില്‍ നിന്നുമാണ്. ആധുനിക ചിന്തയുടെ വക്താക്കളായ എം. ഗോവിന്ദന്‍, സി.ജെ. തോമസ് തുടങ്ങിയവരുമായി സാനുമാഷിനു വലിയ ബന്ധങ്ങളും ഉണ്ടായിരുന്നു. അവരുടെ കാഴ്ചപ്പാടുകളോട് ആഭിമുഖ്യവുമുണ്ടായിരുന്നു. വ്യവസ്ഥാപിത സാഹിത്യ ചിന്തകളുമായും അംഗീകരിക്കപ്പെട്ട ലാവണ്യ നിയമങ്ങളുമായും തെറ്റിപ്പിരിഞ്ഞു ചിന്തിക്കുന്നവരായിരുന്നു എം. ഗോവിന്ദനും സി.ജെ. തോമസും. 'പവിത്ര സംഘം' എന്ന് പില്‍ക്കാലത്ത് അപ്പന്‍ വിശേഷിപ്പിച്ച ധിഷണാശാലികളുടെ വ്യത്യസ്തമായ ആശയങ്ങള്‍ അദ്ദേഹം അറിഞ്ഞുതുടങ്ങുന്നത് ഈ ഘട്ടത്തിലാണ്. ഗോവിന്ദന്റേയും സി.ജെയുടേയും ചിന്തകളും സാഹിത്യവും അപ്പനെ വളരെ കൂടുതല്‍ ആകര്‍ഷിച്ചിരിക്കണം. ഗോവിന്ദന്റെ 'അന്വേഷണത്തിന്റെ ആരംഭം', 'സ്വല്പം ചിന്തിച്ചാലെന്ത്?', 'മാനുഷിക മൂല്യങ്ങള്‍', സി.ജെയുടെ 'ധിക്കാരിയുടെ കാതല്‍' തുടങ്ങിയ ഗ്രന്ഥങ്ങളിലെ മൗലികതകൊണ്ട് വെട്ടിത്തിളങ്ങുന്ന ആശയങ്ങള്‍ യുവാവായ അപ്പനെ ആകര്‍ഷിച്ചിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ആ രചനകളില്‍ ആത്മസ്വരൂപം അദ്ദേഹം കണ്ടിരിക്കാം. അവര്‍ പ്രകാശിപ്പിക്കുന്ന ആശയങ്ങളുടെ വേരുകള്‍ തന്റെ ഉള്ളില്‍ തന്നെ ഉണ്ട് എന്നറിഞ്ഞ് അദ്ദേഹം വിസ്മയിച്ചു കാണുമെന്നുതന്നെ കരുതാം.

ജി ശങ്കരക്കുറുപ്പ്
ജി ശങ്കരക്കുറുപ്പ്

1950കളില്‍ ലോകസാഹിത്യത്തിലാകെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച യൂറോപ്യന്‍ ചിന്തകരും എഴുത്തുകാരുമായ  ജീന്‍ പോള്‍ സാര്‍ത്ര്, ആല്‍ബേര്‍ കമ്യൂ തുടങ്ങിയവരുടെ സാഹിത്യ ചിന്താലോകവുമായി അപ്പന്‍ ഈ ഘട്ടത്തില്‍ ബന്ധപ്പെട്ടു തുടങ്ങുന്നു. 1924ല്‍ അന്തരിച്ച ഫ്രാന്‍സ് കാഫ്കയുടെ കൃതികളും ദര്‍ശനവും അക്കാലത്ത് ലോകമെമ്പാടും ചര്‍ച്ചചെയ്യുന്നുണ്ടായിരുന്നു. ആ കാലത്ത് ആ ചിന്തകരുടെ ആശയങ്ങള്‍ ലോകത്ത് എവിടെയുള്ള യുവത്വത്തെ ആകര്‍ഷിക്കുകയല്ല, യുവത്വത്തെ ബുദ്ധിപരമായി വേട്ടയാടുകയാണ് ചെയ്തത്. അവരുടെ വാക്കുകളും ചിന്തകളും ലോകമാകെ പാറിപ്പറന്നു. സാര്‍ത്രും കമ്യൂവും തമ്മിലുള്ള ഇണക്കവും പിന്നീടുണ്ടായ ബൗദ്ധികമായ കലഹങ്ങളും അന്ന് ലോകമെമ്പാടും ചര്‍ച്ച ചെയ്ത കാര്യങ്ങളാണ്. ഇതിനെക്കുറിച്ചെല്ലാം അപ്പന്‍ അറിഞ്ഞുതുടങ്ങുന്നത് മഹാരാജാസില്‍ പഠിക്കുമ്പോഴാണ്. ഈ ഘട്ടത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തത്ത്വചിന്ത എന്നു പറയാവുന്ന അസ്തിത്വവാദ (ഋഃശേെലിശേമഹശാെ)വുമായി അപ്പന്‍ പരിചയപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു. ആ തത്ത്വചിന്ത പിന്നീട് അപ്പന്റെ സാഹിത്യചിന്തയുടെ നട്ടെല്ലായിത്തീരുന്നുണ്ട്. ഒരുപാട് മണിക്കൂറുകള്‍ അപ്പന്‍ സാനുമാഷുമായി ചെലവഴിച്ചിട്ടുണ്ട്. അസ്തിത്വവാദം എന്ന തത്ത്വചിന്തയും അതു പ്രതിഫലിപ്പിക്കുന്ന സര്‍ഗ്ഗാത്മക കൃതികളും ശ്രദ്ധാപൂര്‍വ്വം പഠിച്ചാണ് അപ്പന്‍ സാഹിത്യവിമര്‍ശനത്തില്‍ കരുത്ത് നേടിയത്. അതിനുവേണ്ട വെളിച്ചവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയത് സാനുമാഷാണ്. വലിയ ആത്മബന്ധമായിരുന്നു അക്കാലത്ത് സാനുമാഷുമായി ഉണ്ടായിരുന്നത്. ശിഷ്യനായ അപ്പന്‍ മരിച്ചപ്പോള്‍ ഗുരുവായ സാനുമാഷിന് ചരമക്കുറിപ്പ് എഴുതേണ്ടിവന്നു. അപ്പനെപ്പറ്റി ദീര്‍ഘമായിത്തന്നെ അദ്ദേഹം എഴുതി. തിരിച്ചാണ് സാനുമാഷ് സങ്കല്പിച്ചത്. താന്‍ മരിക്കുമ്പോള്‍ അപ്പന്‍ ചരമക്കുറിപ്പ് എഴുതുമെന്ന്. സാനുമാഷ് എഴുതിയ ആ ദീര്‍ഘമായ അനുസ്മരണക്കുറിപ്പില്‍ അപ്പനുമായുള്ള ബന്ധം വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, അപ്പന്‍ തന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കി രചിച്ച ഓര്‍മ്മക്കുറിപ്പുകളില്‍ ഈ ബന്ധത്തിന്റെ ആഴം വേണ്ടതുപോലെ വെളിപ്പെടുത്തിയിട്ടില്ല.

ആല്‍ബേര്‍ കമ്യൂവിന്റേയും സാര്‍ത്രിന്റേയും മറ്റും നോവലുകള്‍ മഹാരാജാസില്‍ പഠിക്കുമ്പോള്‍ തന്നെ അപ്പന്‍ വായിച്ചിരുന്നുവെന്ന് സാനുമാഷ് എഴുതിയിട്ടുണ്ട്.  സാഹിത്യവിമര്‍ശനത്തിന്റേയും  തത്ത്വചിന്തയുടേയും സഹായത്തോടെ അഗാധമായി ആ കൃതികളിലേക്ക് ഇറങ്ങിച്ചെന്നത് പിന്നീടാകാം. ആ എഴുത്തുകാരെപ്പറ്റി നല്ല ധാരണകള്‍ മഹാരാജാസില്‍ പഠിക്കുമ്പോള്‍ തന്നെ അപ്പന്‍ നേടിയിരുന്നു. ഒരിക്കല്‍ വീട്ടില്‍ സംസാരിക്കുന്നതിനിടയില്‍ സാനുമാഷ് ആല്‍ബേര്‍ കമ്യൂവിന്റെ ഏറ്റവും പ്രസിദ്ധമായ 'ദ റിബല്‍' ('The Rebel') എന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞു. ആ പുസ്തകം ലോകചിന്തയില്‍ വരുത്തിയ വലിയ ചലനങ്ങളെപ്പറ്റി വിശദമായി സംസാരിച്ചു. അപ്പോള്‍ തന്നെ സാനുമാഷ് അപ്പന് വായിക്കുവാന്‍ ആ പുസ്തകം കൊടുക്കുകയും ചെയ്തു. ചിന്തകനും നാടകകൃത്തും സുഹൃത്തുമായ സി.ജെ. തോമസ് ഒരിക്കല്‍ സ്‌നേഹസമ്മാനമായി സാനുവിനു കൊടുത്ത പുസ്തകമാണത്. പല തവണ വായിച്ചതിനു ശേഷമാണ് അപ്പന്‍ ആ പുസ്തകം തിരിച്ചുകൊടുത്തത്. അതിലെ ആശയങ്ങള്‍ അപ്പന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നതായി തനിക്കു തോന്നിയെന്നും സാനുമാഷ് രേഖപ്പെടുത്തുന്നുണ്ട്. അപ്പന്റെ ജീവിതത്തിന്റെ അവസാന കാലത്ത്  2008ല്‍ തന്റെ നിലപാടുകളെ രൂപപ്പെടുത്തിയ രണ്ട് മൂന്ന് പുസ്തകങ്ങളുടെ പേരുകള്‍ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പറഞ്ഞ രണ്ടു പുസ്തകങ്ങളില്‍ ഒന്ന് കമ്യൂവിന്റെ 'ദി റിബല്‍' ആയിരുന്നു.   
                                                       
മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് നിരവധി എഴുത്തുകാരെ നേരില്‍ കണ്ടു. ആരുമായും സംസാരിക്കുവാനോ പരിചയപ്പെടാനോ ബന്ധം സ്ഥാപിക്കാനോ ശ്രമിച്ചില്ല. എഴുത്തുകാരെ പരിചയപ്പെടല്‍ അപ്പന്റെ രീതിയല്ലായിരുന്നു എന്നും. എന്നാല്‍, അവരെയെല്ലാം ഇഷ്ടമായിരുന്നു. പരിചയപ്പെടാന്‍ ശ്രമിച്ചില്ല. എറണാകുളത്ത് മഹാരാജാസില്‍ പഠിക്കുമ്പോള്‍ ജി. ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി, വൈക്കം മുഹമ്മദ് ബഷീര്‍, മുണ്ടശ്ശേരി, സുകുമാര്‍ അഴീക്കോട്, തോപ്പില്‍ ഭാസി, എ.ഡി. ഹരിശര്‍മ്മ, പോഞ്ഞിക്കര റാഫി, എന്‍.വി. കൃഷ്ണവാര്യര്‍, എം.ടി. വാസുദേവന്‍ നായര്‍ എന്നിങ്ങനെ നിരവധി പേരെ കണ്ടു, ദൂരെനിന്ന്. ജി. ശങ്കരക്കുറുപ്പിന്റെ അനര്‍ഗളം പ്രവഹിക്കുന്ന വാക്കുകള്‍ അപ്പനെ പിടിച്ചിരുത്തി. അപ്പന്‍ എം.എ അവസാന വര്‍ഷം പഠിക്കുമ്പോള്‍ അക്കൊല്ലത്തെ മലയാള സമാജം ഉദ്ഘാടനം ചെയ്തത് എം.ടി. വാസുദേവന്‍ നായര്‍ ആയിരുന്നു. അപ്പന് മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് എം.ടി. അമ്പതുകളില്‍ തന്നെ എം.ടിയുടെ സാഹിത്യലോകവുമായി അപ്പന് നല്ല പരിചയമാണ്. അറുപതുകളുടെ തുടക്കത്തില്‍ത്തന്നെ എം.ടിയുടെ കഥകളും നോവലുകളും വായിച്ച അന്നത്തെ യുവതലമുറ അദ്ദേഹത്തെ ആരാധിച്ചു തുടങ്ങിയിരുന്നു. അപ്പന്‍ മഹാരാജാസില്‍ വച്ച് എം.ടിയുടെ പ്രസംഗവും ആസ്വദിച്ചു. എറണാകുളത്തു വച്ച് കണ്ട കാര്യങ്ങളെപ്പറ്റി ഇപ്രകാരം എഴുതി:

പ്രൊഫ. എം അച്യുതൻ
പ്രൊഫ. എം അച്യുതൻ

'എറണാകുളം നഗരം എനിക്ക് കൂടുതലും തന്നത് ശിഥില ചിത്രങ്ങളായിരുന്നു. ഇതാ, ഭൂതകാലത്തിന്റെ പൊടിപടലം ഞാന്‍ തുടച്ചുകളയുന്നു. സാഹിത്യപരിഷത്തിന്റെ മുന്നിലൂടെ എ.ഡി. ഹരിശര്‍മ്മ ലാളിത്യത്തിന്റെ സാഫല്യം പോലെ ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടു. വാചാലമായ നാവുകള്‍ക്കു മുന്‍പില്‍ പരിഭ്രമിക്കുന്ന പോഞ്ഞിക്കര റാഫിയെ കണ്ടു. പനമ്പള്ളി മുണ്ടശ്ശേരിയെ ശൈലീവല്ലഭന്‍ എന്നു വിളിക്കുന്നതു കേട്ടു. എസ്.കെ. പൊറ്റക്കാട് ഒരു ബാഗുമായി ബ്രോഡ്‌വേയിലൂടെ നീങ്ങുന്നത് കണ്ടു. ബ്രൂഹി മുകുതി: ചെമ്പൈ പാടുന്നത് കേട്ടു. ആനി ജോസഫിന്റെ ശകാരത്തിനു മുന്‍പില്‍ സാഹിത്യകാരന്മാര്‍ ചൂളി നില്‍ക്കുന്നതു കണ്ടു. മത്തായി മാഞ്ഞൂരാന്‍ ക്ഷോഭിച്ചു സംസാരിക്കുന്നത് കേട്ടു. ലീലാവതി ടീച്ചറെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്‌നേഹത്തോടെ സ്വീകരിക്കുന്നത് കണ്ടു. ദിലീപ് കുമാര്‍ നല്ല ഇംഗ്ലീഷില്‍ സംസാരിക്കുന്നത് കേട്ടു. എം. ഗോവിന്ദനേയും എം.വി. ദേവനേയും ഒന്നിച്ചു കണ്ടു. ഭക്തയായ അമ്മയുടെ മടിയിലിരുന്ന് കരയുന്ന കുഞ്ഞിന്റെ നേര്‍ക്ക് ചിന്മയാനന്ദന്‍ രൂക്ഷമായി നോക്കുന്നത് കണ്ടു. ബാഗ് പെപ്പറിന്റെ പിന്നാലെ പോയ എലികളെപ്പോലെ എറണാകുളത്തു വന്ന എന്‍.വിയുടെ പിന്നാലെ സാഹിത്യകാരന്മാര്‍ ഓടി ചെല്ലുന്നത് കണ്ടു.'

രാഷ്ട്രീയ നേതാക്കന്മാരുടെ വലിയൊരു തലമുറയും അന്ന് മഹാരാജാസിലുണ്ട്. എ.കെ. ആന്റണി, വയലാര്‍ രവി, വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ അന്ന് അവിടെ പഠിക്കുന്നുണ്ടായിരുന്നു. അപ്പന് എ.കെ. ആന്റണിയുമായും വയലാര്‍ രവിയുമായും സൗഹൃദമുണ്ടായിരുന്നു. മഹാരാജാസില്‍ അപ്പന്റെ സുഹൃത്തായിരുന്നുവെന്ന് രണ്ടു പേരും പില്‍ക്കാലത്ത് അവകാശപ്പെട്ടിട്ടുണ്ട്. അവര്‍ അപ്പന്റെ ലോഡ്ജില്‍ വന്ന് ആശയസംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പഠനശേഷം അവരുമായുള്ള ബന്ധം തുടര്‍ന്നില്ല. കോളേജ് രാഷ്ട്രീയ രംഗത്ത് ധാരാളം സംവാദങ്ങളും ചര്‍ച്ചകളുമുണ്ടായിരുന്നു. അതിലൊന്നും ഒരു താല്പര്യവും അപ്പന്‍ കാണിച്ചില്ല. രാഷ്ട്രീയ നേതാക്കന്മാരുമായി വ്യക്തിബന്ധങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല അപ്പന്. ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു:

'ഞാന്‍ മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് വയലാര്‍ രവിയും എ.കെ. ആന്റണിയും അവിടെ ഉണ്ടായിരുന്നു. ഇവരുടെ സംഘടനയെ എതിര്‍ക്കുന്ന മറ്റൊരു ഗ്രൂപ്പും അവിടെയുണ്ടായിരുന്നു. അവരുടെ വഴികാട്ടിയും തത്ത്വചിന്തകനും മത്തായി മാഞ്ഞൂരാന്‍ ആയിരുന്നു. ഞാന്‍ താമസിച്ചാണ് കോളേജില്‍ ചേര്‍ന്നത്. ചെന്ന ദിവസം തന്നെ ഒരു സംഘര്‍ഷത്തിനു ശേഷം ശത്രുവിന്റെ പാറയില്‍ വെടിമരുന്നിട്ട് പൊട്ടിച്ചുകൊണ്ട് വയലാര്‍ രവി പ്രസംഗിക്കുന്നത് കേട്ടു. തൊട്ടടുത്ത് കുട്ടികള്‍ക്കിടയില്‍ സഹനസമരം അനുഷ്ഠിക്കുന്നതുപോലെ ആന്റണി ശാന്തനായി നില്‍ക്കുന്നുണ്ടായിരുന്നു.'

വയലാര്‍ രവിയുടെ സാഹിത്യത്തോടുള്ള താല്പര്യം അപ്പന്‍ മനസ്സിലാക്കിയിട്ടുണ്ട്. ജീവിതത്തിന്റെ അവസാന കാലത്തെ ഒരു ഇന്റര്‍വ്യൂവില്‍ അതിനെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:

'...വയലാര്‍ രവിയുടെ സാഹിത്യ താല്പര്യം എനിക്ക് നേരിട്ടറിയാം. നല്ല വായനക്കാരനാണ്. എറണാകുളം മഹാരാജാസില്‍ ഞങ്ങള്‍ ഒന്നിച്ചു പഠിച്ചിട്ടുണ്ട്. ഞാന്‍ ചേര്‍ത്തല എസ്.എന്‍. കോളേജില്‍ പഠിപ്പിച്ചിരുന്ന കാലത്ത് ഒരു ദിവസം രവി അവിടെ വന്നിരുന്നു. അപ്പോള്‍ എന്റെ മേശപ്പുറത്ത് കമ്യൂവിനെക്കുറിച്ച് ഫിലിപ്പ് തോഡി എഴുതിയ പുസ്തകമുണ്ടായിരുന്നു. അതെടുത്ത് മറിച്ചുനോക്കിയിട്ട് കമ്യൂവിനെക്കുറിച്ച് ഒരു പഠനം കഴിഞ്ഞ മാസത്തെ 'എന്‍കൗണ്ടറി'ല്‍  ഉണ്ടായിരുന്നു എന്നു പറഞ്ഞു. അത് ശരിയായിരുന്നു. അക്കാലത്ത് 'എന്‍കൗണ്ടര്‍' എന്ന സാഹിത്യമാസിക ഞാന്‍ സ്ഥിരമായി വായിച്ചിരുന്നു. അന്ന് ലാസ്‌കിയായിരുന്നു അതിന്റെ എഡിറ്റര്‍.'

പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനു മുന്‍പ് ജി. ശങ്കരക്കുറുപ്പിനെ കാണണമെന്ന് അപ്പന്‍ ആഗ്രഹിച്ചു. കുറെ ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം വഴിയില്‍ വച്ച് എം. അച്യുതന്‍ മാഷിനെ കണ്ടു. മാഷ് അപ്പനെ ജി.യുടെ വീട്ടിലേക്ക് കൊണ്ടുപോയി. ആ അനുഭവത്തെപ്പറ്റി അപ്പന്‍ ഇപ്രകാരം എഴുതി:

എംകെ സാനു
എംകെ സാനു

'...ഭദ്രാലയത്തിന്റെ മുന്‍വശത്ത് ജി. ഉണ്ടായിരുന്നു. അച്യുതന്‍ മാസ്റ്റര്‍ പരിചയപ്പെടുത്തി. കുറുപ്പു മാസ്റ്റര്‍ വളരെ സ്‌നേഹപൂര്‍വ്വം സംസാരിച്ചു. അടുത്തിരുത്തി. കാപ്പി തന്നു. ഞാന്‍ മുഖം ശ്രദ്ധിക്കുകയായിരുന്നു. മുഖത്ത് കാവ്യശക്തിയുടെ പ്രതിഫലനം വെട്ടിത്തിളങ്ങുന്നു. അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. വാക്കുകളുടെ വൈരത്തിളക്കം! ജി. വെറുതെ വര്‍ത്തമാനം പറയുകയായിരുന്നു. എന്നിട്ടും കവിതയുടെ സൗഭാഗ്യത്തിലേക്ക് പറന്നുയരുന്ന വാക്കുകളാണ് വന്നുകൊണ്ടിരുന്നത്. പോരുന്നതിന് മുന്‍പ് എനിക്ക് അദ്ദേഹം തിരുവല്ലയിലെ മാര്‍ത്തോമാ കോളേജിലേക്ക് ഒരു ശുപാര്‍ശക്കത്ത് തന്നു. ജിബ്രാന്‍ പറഞ്ഞതുപോലെ, എന്റെ ആവശ്യം എന്റെ ഉള്ളില്‍ പിറക്കുന്നതിനു മുന്‍പ് അദ്ദേഹം അറിഞ്ഞിരുന്നോ? എന്നാല്‍, ആ കത്ത് എനിക്കു പ്രയോജനപ്പെടുത്തേണ്ടിവന്നില്ല. അതിനു മുന്‍പ് ആലുവ യു.സി. കോളേജില്‍ എനിക്കു നിയമനം കിട്ടി. എങ്കിലും ആദ്യം കണ്ടപ്പോള്‍ തന്നെ കാണിച്ച വാത്സല്യവും സൗമനസ്യവും എങ്ങനെ മറക്കാനാണ്?

എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ സംഭവിച്ച പ്രധാന കാര്യം ഇതൊന്നുമല്ല. എം.എ ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ അദ്ദേഹം അത്യന്തം പുതുമയുള്ള മൗലികതയുടെ സ്പര്‍ശമുള്ള ഒരു നിരൂപണ ലേഖനമെഴുതി. അത് അക്കൊല്ലത്തെ (1962) കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ മലയാള സാഹിത്യത്തില്‍ ഒരു സാഹിത്യ നിരൂപകന്‍ പിറവിയെടുത്തു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com