പ്രതിനിധാനമോ പ്രക്രിയയോ?- സംസ്‌കാര വിമര്‍ശനവും ഇടതുപക്ഷവും

സാമൂഹ്യരൂപീകരണങ്ങളേയും സാംസ്‌കാരികാവിഷ്‌കാരങ്ങളേയും വിശകലനവിധേയമാക്കുമ്പോള്‍ വൈരുധ്യാത്മക വിചിന്തനത്തിന് ഉണ്ടാവേണ്ട പ്രാഥമികമായ കരുതല്‍, അവയെ സത്താപരമായല്ലാതെ പ്രക്രിയാപരമായി കാണുക എന്നതാണ്
പ്രതിനിധാനമോ പ്രക്രിയയോ?- സംസ്‌കാര വിമര്‍ശനവും ഇടതുപക്ഷവും

''What these gentlemen all lack is dialectics. They always see have cause, there effect. That this is a hollow abstraction, that such metaphysical polar opposites exist in the real world only during crisis, while the whole vast process goes on in the form of interaction... this they never begin to see.'
    
- Frederic Engels

ഒന്ന് 

മലയാളത്തിലെ സംസ്‌കാര വിമര്‍ശനത്തിലെ വലിയൊരു പങ്ക് പ്രതിനിധാന വായനകളായി പരിണമിച്ചു കഴിഞ്ഞിട്ടുണ്ട്. സ്വത്വവാദികള്‍ മുതല്‍ ഇടതുപക്ഷക്കാര്‍ വരെയുള്ള ഒരു വലിയ നിരതന്നെ അതിലേര്‍പ്പെട്ടിരിക്കുന്നു. രാഷ്ട്രീയ കൃത്യതയെ (political correctness) കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതിനിധാന വായനയും കൈകോര്‍ത്തുനിന്ന് ജന്മംനല്‍കിയ അന്തിമവിധികളാല്‍ മുഖരിതമാണ് നമ്മുടെ സാംസ്‌കാരിക വിമര്‍ശനം. സാഹിത്യപാഠങ്ങളില്‍നിന്നും ചരിത്ര-സാമൂഹ്യ പ്രക്രിയകളില്‍നിന്നുമെല്ലാം വാക്കും വരിയും സന്ദര്‍ഭങ്ങളും അടര്‍ത്തിയെടുത്ത്, അവയുടെ സ്വഭാവനിര്‍ണ്ണയം നടത്തി, അന്തിമ വിധിപറയലാണ് പ്രതിനിധാന വായനയുടെ അടിസ്ഥാന സ്വഭാവം. ചരിത്ര പ്രക്രിയകളുടെ സങ്കീര്‍ണ്ണതകളേയോ സാഹിത്യപാഠങ്ങളുടെ ആന്തരിക ജീവിതത്തേയോ കാല്‍ക്കാശിനു വിലവയ്ക്കാതെ 'സംസ്‌കാരവിമര്‍ശന'ത്തിന്റെ മറപറ്റിയുള്ള ഈ ക്വിക്സോട്ടിക് യുദ്ധങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. സംസ്‌കാര വിമര്‍ശനത്തെ എളുപ്പവഴിയില്‍ ക്രിയചെയ്യലാക്കിത്തീര്‍ക്കുന്ന ഈ കലാപരിപാടിയില്‍ മാര്‍ക്‌സിസ്റ്റുകള്‍ എന്നു സ്വയം കരുതുന്നവര്‍ വരെ പങ്കാളികളായിട്ടുമുണ്ട്!

സംസ്‌കാരത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ആലോചനകള്‍ കേരളത്തില്‍ ഒട്ടും പുതിയ കാര്യമല്ല. അതിനു പല പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പാരമ്പര്യ മൂല്യങ്ങളും ആചാരാനുഷ്ഠാന ക്രമങ്ങളും ജീവിതരീതികളും കലാ-സാഹിത്യാവിഷ്‌കാരങ്ങളും മറ്റുമായി മനസ്സിലാക്കപ്പെട്ടിരുന്ന 'സംസ്‌കാരം' എന്ന ആശയം ഇക്കാലത്തിനിടയില്‍ വലിയ രീതിയില്‍ പൊളിച്ചു പണിയപ്പെട്ടു. രണ്ടുതലങ്ങളിലാണ് ഇത് അരങ്ങേറിയത്. ഒരു ഭാഗത്ത് 'സംസ്‌കാരം' എന്ന പഴയ 'വിശിഷ്ടമേഖല'യെ ദൈനംദിനത്തിന്റെ ജീവിതലോകമായി അതു പുതുക്കിപ്പണിതു. മറുഭാഗത്ത് കേവലമൂല്യങ്ങളുടെ ലോകം എന്ന പഴയ സങ്കല്പത്തെ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും അധികാരബദ്ധവുമായ ഒന്നായി പുനര്‍വിഭാവനം ചെയ്തു. അതോടെ അനന്യമായ വിശിഷ്ടമേഖല എന്ന പഴയ സംസ്‌കാരസങ്കല്പം മിക്കവാറും അസ്തമിച്ചു. പകരം, അധികാര-രാഷ്ട്രീയ-പ്രത്യയശാസ്ത്ര ബന്ധങ്ങളുടെ ആവിഷ്‌കാരപ്രകാരങ്ങള്‍ എന്നതിലേക്ക് അതു വഴിതിരിഞ്ഞെത്തി. സംസ്‌കാരത്തെക്കുറിച്ചുള്ള മുഖ്യധാരാസങ്കല്പം തന്നെ ഇത്തരം ഒന്നായിത്തീരുന്ന വിധത്തില്‍ ഈ പൊളിച്ചെഴുത്തിന് ഇപ്പോള്‍ മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷപരമായ സംസ്‌കാര വിചിന്തനങ്ങളിലൂടെ രൂപംകൊണ്ട ഈ കാഴ്ചപ്പാട് പൊതുബോധത്തിന്റെ കേന്ദ്രത്തിലും വലിയൊരളവോളം പ്രാബല്യം നേടിയിരിക്കുന്നു.

എന്നാല്‍, സംസ്‌കാര രാഷ്ട്രീയത്തെക്കുറിച്ചുള്ള ഈ പുതിയ ബോധ്യം രണ്ടുതരം വഴിതെറ്റലുകള്‍ക്കു വിധേയമായി. ആദ്യത്തേത് സാംസ്‌കാരികാവിഷ്‌കാരങ്ങളെ കേവലവും സ്തബ്ധവുമായി പരിഗണിച്ച് അവയുടെ സ്വഭാവ നിര്‍വ്വചനത്തിനോ വിധിയെഴുത്തിനോ തുനിയുന്ന രീതിയാണ്. സംസ്‌കാരത്തെ കേവലമൂല്യങ്ങളായി പരിഗണിക്കുന്ന പഴയ അതിഭൗതിക സമീപനത്തിന്റെ മറ്റൊരു നിലയിലുള്ള തുടര്‍ച്ചതന്നെയാണ് ഇതിലുള്ളത്. സാംസ്‌കാരികാവിഷ്‌കാരങ്ങളുടെ പ്രക്രിയാപരതയ്ക്കുമേല്‍ അടിച്ചേല്പിക്കപ്പെടുന്ന സത്താസങ്കല്പമാണത്. രണ്ടാമത്തേത് തുടക്കത്തില്‍ സൂചിപ്പിച്ച പ്രതിനിധാന വായനയുടേതാണ്. സംസ്‌കാരത്തിന്റെ പ്രക്രിയാപരതയെ നിഷേധിച്ചു കഴിഞ്ഞാല്‍, സാംസ്‌കാരികാവിഷ്‌കാരങ്ങളിലെ ഒരു ഘടകത്തെ മുന്‍നിര്‍ത്തി അവയുടെ 'അന്തിമാര്‍ത്ഥം' പ്രഖ്യാപിക്കുക എളുപ്പമാണ്. പ്രതിനിധാന വായന ഇത്തരത്തിലുള്ള എളുപ്പവഴിയാണ്. ഏതെങ്കിലുമൊരു സാഹിത്യപാഠത്തില്‍നിന്നോ സാംസ്‌കാരികാവിഷ്‌കാരത്തില്‍നിന്നോ വാക്കും വരിയും സന്ദര്‍ഭവും മറ്റും ഊരിയെടുത്ത് അതിനെക്കുറിച്ച് അന്തിമവിധി പറയാന്‍ പുറപ്പെടുന്ന 'സാംസ്‌കാരിക വിമര്‍ശനം' ഈ വഷളന്‍ രീതിയുടെ മാതൃകയാണ്. രാഷ്ട്രീയ കൃത്യത (political correctness) എന്ന, പ്രകരണപരമായി തീര്‍ത്തും വ്യത്യസ്തമായ, ആശയത്തെ പ്രതിനിധാന വായനകള്‍ക്കുള്ള ന്യായീകരണമായി ഇക്കൂട്ടര്‍ അവതരിപ്പിക്കുകയും ചെയ്യും. 

സംസ്‌കാര വിമര്‍ശനത്തെ പരിഹാസ്യവും അന്തഃസ്സാരശൂന്യവുമായ വിതണ്ഡവാദങ്ങളാക്കി മാറ്റുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് ഇതുവഴി രൂപപ്പെട്ടത്. അതിനുപകരം സാംസ്‌കാരിക വിമര്‍ശനത്തെ ചരിത്രപരവും ഭൗതികവും പ്രക്രിയാപരവുമായ അടിസ്ഥാനങ്ങളില്‍ ഉറപ്പിച്ചുനിര്‍ത്തേണ്ടതുണ്ട്. സാംസ്‌കാരിക വിമര്‍ശനത്തിന്റെ അന്തസ്സത്തയെ നിലനിര്‍ത്താന്‍ അതനിവാര്യമാണ്. സംസ്‌കാര പഠനമേഖലയിലെ പ്രഥമ പഥികനായ റെയ്മണ്ട് വില്ല്യംസ് തന്നെ അതിനുതകുന്ന സൈദ്ധാന്തിക സമീക്ഷയും സങ്കല്പന വ്യൂഹവും വളരെ മുന്‍പേ അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വിവാദമൂല്യമുള്ള വിധപ്രഖ്യാനങ്ങളില്‍ അഭിരമിച്ച നമ്മുടെ 'സാംസ്‌കാരിക വിമര്‍ശകര്‍' കാര്യമായി പരിഗണിച്ചിട്ടില്ലാത്ത സമീപനമാണത്. ആപത്തിന്റെ നിമിഷങ്ങളില്‍ മനസ്സിലൂടെ മിന്നിമായുന്ന ഓര്‍മ്മകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രം എന്നു പറയുന്നതുപോലെ, സംസ്‌കാര വിമര്‍ശനം നേരിടുന്ന ഈ പ്രതിസന്ധിയുടെ സന്ദര്‍ഭത്തില്‍ പഴയ ആ ഓര്‍മ്മയെ നാം കയ്യെത്തിപ്പിടിക്കേണ്ടതുണ്ട്. അതിനായുള്ള ചെറിയ ശ്രമമാണ് ഇനിയങ്ങോട്ടുള്ളത്.

കാൾ മാക്സിന്റെ 130ാം ചരമ ദിനത്തിൽ ജന്മ സ്ഥലമായ ജർമനിയിലെ ട്രിയെറിൽ അദ്ദേ​ഹത്തിന്റെ 500 രൂപങ്ങൾക്കൊണ്ട് തീർത്ത ഇൻസ്റ്റലേഷൻ
കാൾ മാക്സിന്റെ 130ാം ചരമ ദിനത്തിൽ ജന്മ സ്ഥലമായ ജർമനിയിലെ ട്രിയെറിൽ അദ്ദേ​ഹത്തിന്റെ 500 രൂപങ്ങൾക്കൊണ്ട് തീർത്ത ഇൻസ്റ്റലേഷൻ

രണ്ട് 

മാര്‍ക്‌സിസവും സാഹിത്യവും (Marxisam and Literature 1977) എന്ന തന്റെ സുപ്രധാന രചനയിലാണ് സംസ്‌കാരത്തിന്റെ പ്രക്രിയാപരതയെ വിശദീകരിക്കാന്‍ ഉപയുക്തമായ സങ്കല്പനവ്യൂഹം റെയ്മണ്ട് വില്യംസ് അവതരിപ്പിച്ചത്. സംസ്‌കാരവിമര്‍ശനം നേരിടാനിരിക്കുന്ന പില്‍ക്കാല പ്രതിസന്ധികളിലൊന്നിനെ പൂര്‍വ്വദര്‍ശനം ചെയ്യുകയും അതിനെ പ്രതിരോധിക്കുകയും ചെയ്യുന്ന ഒന്നാണത്. ചലനാത്മകവും സംവാദ/സംഘര്‍ഷ നിര്‍ഭരവുമായ ഒരു പ്രക്രിയയായി സാംസ്‌കാരികാവിഷ്‌കാരങ്ങളെ പരിഗണിക്കുന്നതാണ് റെയ്മണ്ട് വില്ല്യംസിന്റെ സങ്കല്പനവ്യൂഹം. അധീശം (Dominant), അവക്ഷിപ്തപരം (Residual), ഉത്ഭിന്നം (Emergent) എന്നിങ്ങനെ, പരസ്പരഭിന്നവും അപ്പോള്‍ത്തന്നെ പരസ്പരാശ്രിതവുമായ സങ്കല്പനങ്ങളാണ് അദ്ദേഹമതിനായി മുന്നോട്ടു വയ്ക്കുന്നത്. സങ്കല്പനങ്ങളുടെ അമൂര്‍ത്ത പ്രകൃതത്തേയും അതുവഴി പലപ്പോഴും അവയ്ക്ക് കൈവരാറുള്ള സ്തബ്ധപ്രകൃതത്തേയും മറികടക്കുന്നതാണ് റെയ്മണ്ട് വില്ല്യംസ് മുന്നോട്ടുവയ്ക്കുന്ന ഈ സങ്കല്പനവ്യൂഹം.

സങ്കല്പനങ്ങളുടെ അമൂര്‍ത്ത പ്രകൃതവും യാഥാര്‍ത്ഥ്യത്തിന്റെ പ്രക്രിയാപരതയും തമ്മില്‍ അപരിഹാര്യമായ ഒരകലമുണ്ട്. സങ്കല്പനങ്ങള്‍ അമൂര്‍ത്തമാണ്. മൂര്‍ത്ത യാഥാര്‍ത്ഥ്യങ്ങളില്‍/അനുഭവങ്ങളില്‍നിന്ന് നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്ന അമൂര്‍ത്തമായ ആശയങ്ങളാണവ. ആ നിലയില്‍ മൂര്‍ത്തതയുടെ പ്രകടമായ നിരാസം അതിലുണ്ട്. സങ്കല്പനത്തിനു സമാനമായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദത്തിന് (concept) 'സാമാന്യ ധാരണ' (general notion), 'വിഭാവനം ചെയ്യപ്പെട്ടത്' (a thing conceived) എന്നൊക്കെയാണ് നിഘണ്ടുക്കള്‍ അര്‍ത്ഥം നല്‍കിവരുന്നത്. ''ചിന്തയുടേയും വിശ്വാസങ്ങളുടേയും അടിക്കല്ലുകളായി നിലകൊള്ളുന്നതും മനസ്സിലോ ഭാഷണത്തിലോ വിചാരത്തിലോ ഉയിരെടുക്കുന്നതുമായ അമൂര്‍ത്തമായ ആശയങ്ങള്‍'' എന്ന വിശദീകരണത്തിലും (''Concepts are defined as abstract ideas that occur in the mind, in the speech, or in the thought. They are the fundamental building blocks behind principles, thoughts and beliefs') സങ്കല്പനങ്ങളില്‍ സന്നിഹിതമായിരിക്കുന്ന അമൂര്‍ത്തത എന്ന അംശത്തിനു വലിയ പ്രാധാന്യമുണ്ട്.

ഇങ്ങനെ നോക്കിയാല്‍ സംസ്‌കാരത്തിന്റെ പ്രക്രിയാപരതയും സങ്കല്പനങ്ങളുടെ അമൂര്‍ത്തതയും തമ്മിലുള്ള അപരിഹാര്യമായ അകലം വ്യക്തമാകും. അതുകൊണ്ടുതന്നെ, സംസ്‌കാരത്തിന്റെ പ്രക്രിയാപരതയെ പ്രകാശിപ്പിക്കുന്ന സങ്കല്പനവ്യൂഹം എന്ന ആശയത്തിന് അതില്‍ത്തന്നെ ഒരു വൈരുധ്യാത്മക മാനമുണ്ട്. ഈ വൈരുധ്യാത്മക മാനത്തെ ചലനാത്മകവും പരസ്പരബന്ധിതവുമായ സങ്കല്പനങ്ങളാല്‍ത്തന്നെ അഭിസംബോധന ചെയ്യുന്നു എന്നതാണ് റെയ്മണ്ട് വില്ല്യംസിന്റെ വിശകലന സമീക്ഷയെ സവിശേഷമാക്കുന്നത്. സാംസ്‌കാരികാവിഷ്‌കാരങ്ങളുടേയും ചരിത്രപ്രക്രിയകളുടേയും മൂര്‍ത്തതയില്‍നിന്ന് അമൂര്‍ത്തമായ സൈദ്ധാന്തിക സങ്കല്പനങ്ങളിലേക്കു നീങ്ങുക മാത്രമല്ല, അവിടെനിന്ന് യാഥാര്‍ത്ഥ്യത്തിന്റെ മൂര്‍ത്ത പ്രകൃതത്തിലേക്ക് തിരിച്ചു സഞ്ചരിക്കാനും അതു വഴിയൊരുക്കിത്തരുന്നു. 

സാമൂഹ്യരൂപീകരണങ്ങളേയും സാംസ്‌കാരികാവിഷ്‌കാരങ്ങളേയും വിശകലനവിധേയമാക്കുമ്പോള്‍ വൈരുധ്യാത്മക വിചിന്തനത്തിന് ഉണ്ടാവേണ്ട പ്രാഥമികമായ കരുതല്‍, അവയെ സത്താപരമായല്ലാതെ പ്രക്രിയാപരമായി കാണുക എന്നതാണ്. സത്താവാദപരമായ സമീപനം യാഥാര്‍ത്ഥ്യത്തെ ശാശ്വതാര്‍ത്ഥങ്ങളായി സംഗ്രഹിക്കുന്നു. യാഥാര്‍ത്ഥ്യത്തിലുള്‍ച്ചേര്‍ന്ന വ്യത്യസ്ത ഘടകങ്ങളേയും അവ തമ്മിലുള്ള സംഘര്‍ഷാത്മക വിനിമയങ്ങളേയും പരിഗണിക്കാതെ, അവയെ കേവലമായി സങ്കല്പിക്കുകയാണ് സത്താവാദ സമീപനത്തിന്റെ രീതി. മറിച്ച്, പ്രക്രിയാപരമായ സമീപനമാകട്ടെ, ഏതു യാഥാര്‍ത്ഥ്യത്തേയും ചലനാത്മകവും ചരിത്രപരവും അകമേ സംഘര്‍ഷാത്മകവുമായി വിലയിരുത്തുന്നു. സത്താവാദ സമീപനം ചരിത്രത്തെ പുറത്തുനിര്‍ത്തുന്നു; പ്രക്രിയാപരമായ സമീപനം ചരിത്രപരവും ചലനാത്മകവുമായി യാഥാര്‍ത്ഥ്യത്തെ പരിഗണിക്കുന്നു. ഈ ചലനാത്മകത ഒരേസമയം ആന്തരികവും ബാഹ്യവുമാണ്. നിലനില്‍ക്കുന്ന സാമൂഹ്യ-ചരിത്ര സന്ദര്‍ഭത്തിലെ ഇതര ഘടകങ്ങളുമായുള്ള വിനിമയം പോലെ, ഒരു സാംസ്‌കാരികാവിഷ്‌കാരത്തെ രൂപപ്പെടുത്തുന്ന ആന്തരിക ഘടകങ്ങള്‍ തമ്മിലുള്ള വിനിമയവും ഏതു യാഥാര്‍ത്ഥ്യത്തിലും ഉള്ളടങ്ങിയിട്ടുണ്ട്. ഇവ രണ്ടിനേയും-അഥവാ ഒരു സാംസ്‌കാരിക പ്രക്രിയയ്ക്കുള്ളിലെ വ്യത്യസ്ത ബലങ്ങള്‍ തമ്മില്‍ത്തമ്മിലും ആ സാംസ്‌കാരിക പാഠം പുറംലോകവുമായും നടത്തുന്ന വിനിമയങ്ങളെ-വേര്‍തിരിച്ചറിയേണ്ടത് അനിവാര്യമാണെന്ന് റെയ്മണ്ട് വില്ല്യംസ് ചൂണ്ടിക്കാട്ടുന്നു. 

ഈ ഇരുതലങ്ങളിലൂടെയും സഞ്ചരിച്ച്, പാഠങ്ങളേയും സാമൂഹ്യ-സാംസ്‌കാരിക പ്രതിഭാസങ്ങളേയും പ്രക്രിയാപരമായി മനസ്സിലാക്കുന്നതിനു സഹായകമായ വിശകലന സമീക്ഷയാണ് റെയ്മണ്ട് വില്ല്യംസിന്റേത്. കലാ-സാഹിത്യപാഠങ്ങളിലും സാമൂഹ്യ-സാംസ്‌കാരിക പ്രക്രിയകളിലും സന്നിഹിതമായ അവക്ഷിപ്തപരവും (residual) അധീശപരവും (dominant) ആവിര്‍ഭാവപരവും (emergent) ആയ ഘടകങ്ങളെ വെവ്വേറെ പരിഗണിച്ച്, ആ ഘടകങ്ങള്‍ തമ്മിലുള്ള സംവാദാത്മക/സംഘര്‍ഷാത്മക വിനിമയങ്ങളിലൂടെ അവയെ മനസ്സിലാക്കുക എന്നതാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. ഇതിന്റെ പ്രാരംഭമെന്ന നിലയില്‍ സാംസ്‌കാരിക വ്യവസ്ഥകളേയും (Cultural System) സാംസ്‌കാരിക പ്രക്രിയകളേയും (Cultural Process) അദ്ദേഹം വേര്‍തിരിക്കുന്നു. താരതമ്യേന സുദീര്‍ഘമായ ഒരു ചരിത്രഘട്ടത്തിന്റെ സാംസ്‌കാരിക പ്രകൃതത്തെ അമൂര്‍ത്തമായി സംഗ്രഹിച്ചുകൊണ്ടാണ് നാം സാംസ്‌കാരിക വ്യവസ്ഥകളെ വിഭാവനം ചെയ്യുന്നത്. അത്തരം സമീപനങ്ങളെ അദ്ദേഹം യുഗാത്മകവിശകലനം (Epochal Analysis) എന്നാണ് വിശേഷിപ്പിക്കുന്നത്. വിപുലമായ ഒരു കാലയളവിനെ പൊതുവായി പരിഗണിച്ച്, അതില്‍ മേല്‍ക്കൈ നേടിയ സുനിശ്ചിത ലക്ഷണങ്ങളെ മുന്‍നിര്‍ത്തി ആ കാലയളവിനെ നിര്‍വ്വചിക്കുന്ന രീതിയാണത്. ബൂര്‍ഷ്വാ സംസ്‌കാരം, ഫ്യൂഡല്‍ സംസ്‌കാരം തുടങ്ങിയ യുഗാത്മക നിര്‍വ്വചനങ്ങള്‍ (Epochal Definitions) ഇങ്ങനെ രൂപപ്പെടുന്നവയാണ്. വ്യത്യസ്ത ചരിത്രഘട്ടങ്ങളേയും അതിലെ സാമൂഹ്യ-സാംസ്‌കാരിക ജീവിതത്തേയും താരതമ്യാത്മകമായി വേര്‍തിരിച്ചറിയാന്‍ ഏറ്റവും ഉപയുക്തമായ സമീപനമാണത്. ആ നിലയില്‍ യുഗാത്മക വിശകലനങ്ങളും യുഗാത്മക നിര്‍വ്വചനങ്ങളും ഒഴിവാക്കാനാവാത്തതുമാണ്. 

സാംസ്‌കാരിക പ്രക്രിയകള്‍ പക്ഷേ, ഇതില്‍നിന്നു വ്യത്യസ്തമാണ്. സവിശേഷവും മൂര്‍ത്തവുമാണ് ഏതു സാംസ്‌കാരികാവിഷ്‌കാരവും. സാംസ്‌കാരിക വ്യവസ്ഥകള്‍ക്കുള്ളില്‍ നിലകൊള്ളുമ്പോഴും അവ ആ വിപുലവ്യവസ്ഥയുടെ സംഗ്രഹരൂപമോ മിനിയേച്ചറോ അല്ല. അനന്യവും അമൂര്‍ത്തവുമായ ആന്തരികപ്രകൃതം ഓരോ സാംസ്‌കാരിക പ്രക്രിയയും നിലനിര്‍ത്തുന്നു എന്നര്‍ത്ഥം. ചലനാത്മകമായ സാംസ്‌കാരിക പ്രക്രിയകളെ (Cultural Process) സ്തബ്ധവും അമൂര്‍ത്തവുമായ സാംസ്‌കാരിക വ്യവസ്ഥയായി (Cultural System) പരിഗണിച്ച്, അവയെക്കുറിച്ച് അന്തിമവിധി പ്രഖ്യാപിക്കുന്നത് തീര്‍ത്തും തെറ്റാണെന്ന് റെയ്മണ്ട് വില്ല്യംസ് വ്യക്തമാക്കുന്നു. യുഗാത്മക വിശകലനവും യുഗാത്മക നിര്‍വ്വചനവും ചരിത്രപ്രക്രിയകളില്‍ അതേപടി ആരോപിക്കാനാവില്ല. യുഗാത്മക നിര്‍വ്വചനത്തിന്റെ അടിസ്ഥാന സ്വഭാവം ചരിത്ര-സാമൂഹ്യ-സാംസ്‌കാരിക പ്രക്രിയകളെ അമൂര്‍ത്തരൂപത്തില്‍ പരിഗണിച്ച് അവയുടെ സ്വഭാവനിര്‍വ്വചനം നടത്തുക എന്നതാണ്. എന്നാല്‍, ഏതൊരു ചരിത്ര-സാമൂഹ്യ-സാംസ്‌കാരിക പ്രക്രിയയുടേയും സൂക്ഷ്മയാഥാര്‍ത്ഥ്യം ഇത്തരത്തിലുള്ള സ്തബ്ധതയോ അമൂര്‍ത്തതയോ അല്ല. മൂര്‍ത്തവും അത്യന്തം ചലനാത്മകവുമായ നിരവധി ഘടകങ്ങളുടെ സംവാദാത്മകവും സംഘര്‍ഷാത്മകവുമായ വിനിമയങ്ങളിലൂടെയാണ് അതു നിലവില്‍ വരുന്നത്. ആ ഘടകങ്ങള്‍ തമ്മിലുള്ള വിനിമയം, സാംസ്‌കാരിക പാഠത്തിനുള്ളില്‍ തമ്മില്‍ത്തമ്മിലും പാഠശരീരത്തിനു പുറത്ത് ഇതര സാംസ്‌കാരിക ഘടകങ്ങളുമായും അരങ്ങേറുന്നുണ്ട്. ഈ വൈരുദ്ധ്യാത്മക പ്രക്രിയയെ വിശദീകരിക്കാന്‍ യുഗാത്മക നിര്‍വ്വചനങ്ങള്‍ അപര്യാപ്തമാണ്. സാംസ്‌കാരിക പ്രക്രിയകളുടെ ആന്തരികമായ ചലനാത്മകതയെ യുഗാത്മക വിശകലനം അഭിസംബോധന ചെയ്യുന്നില്ല. അതിദീര്‍ഘവും ചില സവിശേഷ ഘടകങ്ങള്‍ക്ക് മേല്‍ക്കൈയുള്ളതുമായ ഒരു സാംസ്‌കാരിക വ്യവസ്ഥയ്ക്കുള്ളില്‍, ആ വ്യവസ്ഥയോട് നാനാതരത്തില്‍ ഇടഞ്ഞും ഇണങ്ങിയും നിലകൊള്ളുന്ന അനവധി പ്രഭാവങ്ങളുടെ ചലനാത്മകവും വൈരുധ്യാത്മകവുമായ സംയോജിതസ്ഥാനമാണ് (convergence point) ഏതു ചരിത്ര-സാമൂഹിക പ്രക്രിയയും/സാംസ്‌കാരിക പാഠവും. അതിനെ യുഗാത്മക നിര്‍വ്വചനത്തിന്റെ സാമാന്യവല്‍ക്കൃതവും അമൂര്‍ത്തവുമായ നിര്‍വ്വചനങ്ങളിലേക്ക് സംഗ്രഹിക്കുന്നത് ഫലത്തില്‍, അതിന്റെ മൂര്‍ത്തതയേയും അനന്യതയേയും നിരസിക്കുന്നതിലാണ് ചെന്നവസാനിക്കുക. രണ്ടും ആവശ്യപ്പെടുന്നത് രണ്ടുതരം രീതിശാസ്ത്രങ്ങളാണ്. ഒന്നുകൊണ്ട് (അമൂര്‍ത്തമായ യുഗാത്മകവിശകലനം കൊണ്ട്) മറ്റൊന്നിനെ (മൂര്‍ത്തമായ സാംസ്‌കാരിക പ്രക്രിയകളേയും പാഠരൂപങ്ങളേയും) വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പരിഗണിക്കപ്പെടാതെ പോകുന്നത് യാഥാര്‍ത്ഥ്യങ്ങളുടെ സമൂര്‍ത്ത ജീവിതമാണ്. വൈരുധ്യാത്മക വിചിന്തനം മറ്റെന്തിലും ഉപരിയായി സമൂര്‍ത്ത സാഹചര്യങ്ങളുടെ സമൂര്‍ത്ത വിശകലനമാണ്!

യുഗാത്മക വിശകലനങ്ങള്‍ പ്രക്രിയാപരമായ വിശകലനങ്ങള്‍ക്കുമേല്‍ എപ്പോഴും സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കും എന്ന കാര്യവും ഇവിടെ പരിഗണിക്കണം. രണ്ടു രീതിയിലാണ് ഇതരങ്ങേറുക. ഒരു ഭാഗത്ത്, യുഗാത്മക നിര്‍വ്വചനത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളായി സാംസ്‌കാരിക പ്രക്രിയകളേയും പാഠങ്ങളേയും പരിഗണിക്കാന്‍ അതു നിര്‍ബ്ബന്ധം ചെലുത്തും. മറുഭാഗത്ത് ഒരു സാംസ്‌കാരിക പ്രക്രിയയില്‍ യുഗാത്മക നിര്‍വ്വചനങ്ങള്‍ക്ക് പുറത്തുള്ളതോ അതിനു വഴങ്ങാത്തതോ ആയ ഘടകങ്ങളെ അപ്രസക്തമോ താല്‍ക്കാലികമോ ദ്വിതീയമോ ആയി വിലയിരുത്തി പുറന്തള്ളും. സാംസ്‌കാരിക വിമര്‍ശനത്തിലെ വഷളന്‍രീതിയാണിതെന്ന് റെയ്മണ്ട് വില്ല്യംസ് സൂചിപ്പിക്കുന്നുണ്ട്. യുഗാത്മക നിഗമനങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ, സാംസ്‌കാരിക പ്രക്രിയകളുടെ/പാഠങ്ങളുടെ ആന്തരിക ബലതന്ത്രം തിരിച്ചറിയലാണ് ഈ പിഴവില്‍നിന്നു പുറത്തുകടക്കാനുള്ള വഴിയായി അദ്ദേഹം പറയുന്നത്. പാഠത്തിലെ/പ്രക്രിയയിലെ അധീശബലങ്ങളെ എല്ലാ ഘട്ടത്തിലും നാം പ്രത്യേകം തിരിച്ചറിയേണ്ടിവരും. എന്നാല്‍, അതിനപ്പുറം അവയിലെ അവക്ഷിപ്തപരവും ആവിര്‍ഭാവപരവുമായ ബലങ്ങളേയും അവ തമ്മിലുള്ള അന്യോന്യ വിനിമയങ്ങളേയും തിരിച്ചറിയുന്നതിലൂടെയേ സാംസ്‌കാരിക പാഠങ്ങളുടെ/പ്രക്രിയകളുടെ യാഥാര്‍ത്ഥ്യം വ്യക്തമാകൂ.

സാംസ്‌കാരിക വിശകലനങ്ങളില്‍ അരങ്ങേറാവുന്ന രീതിശാസ്ത്രപരമായ ഈ വലിയ പിഴവില്‍നിന്നും പുറത്തുകടക്കാന്‍ പ്രക്രിയകളുടെ/പാഠരൂപങ്ങളുടെ ആന്തരികമായ ചലനാത്മകതയെ അഭിസംബോധന ചെയ്യാന്‍ കെല്പുള്ള ഒരു വിശകലന സമീക്ഷ കൈക്കൊള്ളേണ്ടതുണ്ടെന്നാണ് റെയ്മണ്ട് വില്ല്യംസ് കരുതുന്നത്. അത് കാര്‍ഷിക മുതലാളിത്തം, വാണിജ്യ മുതലാളിത്തം, വ്യാവസായിക മുതലാളിത്തം, പില്‍ക്കാല മുതലാളിത്തം എന്നിങ്ങനെ ആധിപത്യ വ്യവസ്ഥയ്ക്കുള്ളിലെ വ്യത്യസ്ത ഘട്ടങ്ങളും അതിന്റെ വിഭിന്നവിതാനങ്ങളും (stages and variations) കണ്ടെടുക്കുന്ന രീതിയല്ല. അതിനപ്പുറം, വ്യവസ്ഥയുടെ സ്തബ്ധസ്വഭാവത്തില്‍നിന്നു പ്രക്രിയയുടെ ചലനാത്മകതയിലേക്ക് പഠനരീതിയെ മാറ്റുകയാണ് ആവശ്യം. അങ്ങനെ മാത്രമേ സംസ്‌കാര വിമര്‍ശനത്തെ ചരിത്രപരമായ അടിത്തറയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയൂ.

മൂന്ന് 

സംസ്‌കാര വിമര്‍ശനത്തെ ചരിത്രപരമായ വിവേകത്തിലേക്ക് ആനയിക്കാന്‍ പോന്ന ഇത്തരമൊരു സ്ഥാനാന്തരണത്തിനു വഴിയൊരുക്കുന്ന സങ്കല്പനോപാധികള്‍ എന്ന നിലയിലാണ് അധീശം (dominant), അവക്ഷിപ്തപരം (residual), ഉത്ഭിന്നം (emergent) എന്നീ സങ്കല്പനങ്ങള്‍ റെയ്മണ്ട് വില്ല്യംസ് മുന്നോട്ടുവയ്ക്കുന്നത്. അവക്ഷിപ്തപരം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭൂതകാലത്തില്‍ പിറവിയെടുത്തതെങ്കിലും സമകാലിക സാംസ്‌കാരിക പ്രക്രിയകളില്‍ അത്യന്തം സജീവമായി ഉള്‍പ്പെട്ടിരിക്കുന്ന ഘടകങ്ങളെയാണ്. അത് കേവലമായ പഴമയോ പുരാതനത്വമോ അല്ല. പുരാതനം (archaic) എന്ന ഘടകത്തെ അവക്ഷിപ്തത്തില്‍ (residual) നിന്നു വ്യത്യസ്തമായാണ് റെയ്മണ്ട് വില്ല്യംസ് പരിഗണിക്കുന്നത്. ഭൂതകാലത്തില്‍ പിറവിയെടുത്ത് അവിടെത്തന്നെ പ്രവര്‍ത്തനം അവസാനിച്ചവയാണ് പുരാതനം. വിശകലനത്തിനോ അലങ്കരണത്തിനോ ആചരണത്തിനോ ഒക്കെയായി സമകാലികതയിലേക്ക് അവയെ നാം ക്ഷണിച്ചുവരുത്തേണ്ടിയിരിക്കുന്നു. സമകാലിക സാംസ്‌കാരിക പ്രയോഗങ്ങളിലും പാഠങ്ങളിലും സാന്ദര്‍ഭികമായി അത്തരം പുരാതന ഘടകങ്ങള്‍ ആനയിക്കപ്പെടാറുണ്ട്. എന്നാല്‍, അവയ്ക്ക് സമകാലികതയില്‍ സ്വജീവിതമല്ല. അവക്ഷിപ്തപരം (residual) ഇതില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സമകാലികതയിലെ സജീവ ഘടകമാണത്. അധീശബലങ്ങള്‍ക്ക് (Dominant) സ്വയമേവ ആവിഷ്‌കരിക്കാന്‍ കഴിയാത്തതോ ഫലപ്രദമായി വിനിമയം ചെയ്യാന്‍ കഴിയാത്തതോ ആയ മൂല്യങ്ങളും അര്‍ത്ഥാനുഭൂതികളും സാംസ്‌കാരിക പ്രക്രിയയില്‍ പ്രവര്‍ത്തിക്കുന്നത് അവക്ഷിപ്ത ഘടകങ്ങളിലൂടെയായിരിക്കും. പലപ്പോഴും അധീശബലങ്ങളിലേക്ക് അവക്ഷിപ്തങ്ങള്‍ സ്വാംശീകരിക്കപ്പെട്ടുകാണും. അവക്ഷിപ്തഘടകങ്ങളുടെ സുദീര്‍ഘമായ ചരിത്രജീവിതം അവയ്ക്കു നല്‍കിയ ആധികാരികതയെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കും അധീശബലങ്ങള്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കുന്നത് എന്നര്‍ത്ഥം. പ്രത്യക്ഷത്തില്‍ അവക്ഷിപ്ത ഘടകങ്ങള്‍ അധീശബലങ്ങളില്‍നിന്നും വേറിട്ട് ഭൂതകാലത്തില്‍ നിലകൊള്ളുന്നവയായി അനുഭവപ്പെടാം. എന്നാല്‍, അവക്ഷിപ്ത സംസ്‌കൃതിയുടെ ചില ഘടകങ്ങളുടെയെങ്കിലും സ്വാംശീകരണം വഴി മാത്രമേ അധീശബലങ്ങള്‍ക്ക് ആ പദവി കൈവരിക്കാനാവൂ എന്ന് റെയ്മണ്ട് വില്ല്യംസ് ചൂണ്ടിക്കാട്ടുന്നു. സാഹിത്യ പാരമ്പര്യങ്ങളുടെ നിര്‍മ്മിതിയില്‍ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളിലൊന്ന് ഈ സ്വാംശീകരണമാണെന്ന് അദ്ദേഹം പ്രത്യേകം സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഭൂതകാലത്തില്‍ വേരുപിടിച്ചവയാണ് എന്നതുകൊണ്ട് അവക്ഷിപ്ത ഘടകങ്ങള്‍ സാധാരണഗതിയില്‍ അധീശബലങ്ങളില്‍നിന്നും ഒട്ടൊക്കെ അകന്നാവും നിലനില്‍ക്കുക. പക്ഷേ, ഈ അവക്ഷിപ്ത ഘടകങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടല്ലാതെ അധീശബലങ്ങള്‍ക്ക് സ്വയമേവ അതിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താനാവില്ല. അവക്ഷിപ്ത ഘടകങ്ങള്‍ ഭൂതകാലത്തിലെ സുപ്രധാന മേഖലകളെ ഉള്‍ക്കൊള്ളുന്നവയാണെങ്കില്‍ ഇതു കൂടുതല്‍ പ്രധാനമായിത്തീരും. അവക്ഷിപ്ത ഘടകങ്ങളെ അപ്പാടെ പുറത്തുനിര്‍ത്തുന്നത് അധീശബലങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുമെന്ന കാര്യവും റെയ്മണ്ട് വില്ല്യംസ് പറയുന്നുണ്ട്. അതുകൊണ്ട് പുനര്‍വ്യാഖ്യാനങ്ങള്‍, തെരഞ്ഞെടുത്ത ഉള്‍ക്കൊള്ളലും പുറന്തള്ളലും, ലഘൂകരണം തുടങ്ങിയ പല വഴികളിലൂടെ അവക്ഷിപ്തത്തെ അധീശബലങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമം ഏതു സാംസ്‌കാരിക പ്രക്രിയയിലും/പാഠജീവിതത്തിലും നിരന്തരമായി അരങ്ങേറും. 

അവക്ഷിപ്ത ലോകത്തിന്റെ മറുപുറമാണ് ഉത്ഭിന്ന (emergent) ഘടകങ്ങളുടേത്. ഒരു സാംസ്‌കാരിക പ്രക്രിയയിലോ പാഠരൂപത്തിലോ അധീശബലങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന പുതിയ ബലങ്ങളാണത്. പുതിയ അര്‍ത്ഥങ്ങളുടേയും മൂല്യങ്ങളുടേയും പ്രയോഗരൂപങ്ങളുടേയും ബന്ധവ്യവസ്ഥകളുടേയും തലം. പുതുതായി ആവിര്‍ഭവിക്കുന്ന ഈ ഘടകങ്ങളെ അധീശബലത്തില്‍നിന്നും വേര്‍തിരിച്ചു മനസ്സിലാക്കാനും അവയില്‍ ഏതെല്ലാമാണ് അധീശവ്യവസ്ഥയുടെ വിപരീതസ്ഥാനമായി മാറുക എന്നു തിരിച്ചറിയാനും പ്രയാസമാണ്. അധീശഘടകങ്ങളുടെ തോതും തരവുമായി ബന്ധപ്പെടുത്തി മാത്രമേ അവക്ഷിപ്തപരവും ആവിര്‍ഭാവപരവുമായ ഘടകങ്ങളെ തിരിച്ചറിയാനാവൂ. കാരണം ഇവയെല്ലാം നിലനില്‍ക്കുന്നത് പ്രക്രിയാപരമായാണ്. 

താരതമ്യേന ദീര്‍ഘമായ ചരിത്രജീവിതവും അതു നല്‍കിയ അര്‍ത്ഥാനുഭൂതികളുടെ പ്രബലലോകവും ഉള്ളതുകൊണ്ട് അവക്ഷിപ്തപരമായ ഘടകങ്ങളെ നമുക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവും. എന്നാല്‍, ഉത്ഭിന്ന ഘടകങ്ങളുടെ പ്രകൃതം ഇതില്‍നിന്നും അടിസ്ഥാനപരമായി വ്യത്യസ്തമാണ്. ഏതു സാമൂഹ്യഘടനയുടേയും അടിസ്ഥാനതലത്തില്‍, അധീശബലങ്ങള്‍ക്കെതിരെ, അവയ്ക്ക് സമാന്തരമോ വിപരീതമോ ആയ സാമൂഹികബലങ്ങളും അവയുടെ സാംസ്‌കാരികാവിഷ്‌കാരങ്ങളും ഉയര്‍ന്നുവരാം. ഇത്തരം സാംസ്‌കാരികാവിഷ്‌കാരങ്ങള്‍, മിക്കപ്പോഴും അധീശബലങ്ങള്‍ക്കു കീഴ്പെട്ടതും അവയാല്‍ സ്വാംശീകരിക്കപ്പെട്ടതുമായ നിലയിലായിരിക്കും. നിരന്തരമായ ഈ സ്വാംശീകരണം പുതിയതായി ആവിര്‍ഭവിക്കുന്ന ഘടകങ്ങളുടെ നിലനില്‍പ്പിനെ സന്ദിഗ്ദ്ധവും മിക്കവാറും അദൃശ്യവുമാക്കിത്തീര്‍ക്കുന്നുണ്ട്. എന്നുതന്നെയല്ല, അധീശവ്യവസ്ഥയിലേക്കുള്ള ഈ സ്വാംശീകരണം പലപ്പോഴും ആവിര്‍ഭാവപരമായ ഘടകങ്ങള്‍ക്കുള്ള അംഗീകാരമായി അനുഭവപ്പെടുകയും ചെയ്യും. അധീശബലങ്ങള്‍ക്കെതിരെ, ഒരു സാംസ്‌കാരിക പ്രക്രിയയ്ക്കുള്ളിലോ പാഠരൂപത്തിലോ ഉയര്‍ന്നുവരുന്ന എതിര്‍ബലങ്ങളെ തിരിച്ചറിയുക പ്രയാസകരമായിത്തീരുന്നതും അതുകൊണ്ടാണ്. എന്നാല്‍, ഇതിനര്‍ത്ഥം ആവിര്‍ഭാവപരമായ ഘടകങ്ങള്‍ ഇല്ലെന്നോ അധീശബലങ്ങളുടെ മാത്രം ലോകമായി ഒരു സാംസ്‌കാരിക പ്രക്രിയയോ പാഠജീവിതമോ നിലനില്‍ക്കുന്നുവെന്നോ അല്ല. പുതിയതായി ആവിര്‍ഭവിക്കുന്ന ബലങ്ങളില്‍നിന്നു സവിശേഷമായ തെരഞ്ഞെടുപ്പുകളിലൂടെ ചിലതിനെയെല്ലാം ഉള്‍ക്കൊള്ളുകയും മറ്റു ചിലതിനെ ഒഴിവാക്കുകയും ചെയ്തുകൊണ്ടാണ് അധീശവ്യവസ്ഥ സ്വന്തം നിലനില്‍പ്പ് ഉറപ്പുവരുത്തുന്നത്. അധീശവ്യവസ്ഥയ്ക്ക് സ്വാംശീകരിക്കാനാവാത്ത ഉത്ഭിന്ന ബലങ്ങളെ വ്യക്തിപരമെന്നോ സ്വകാര്യമെന്നോ അതിഭൗതികമെന്നോ പ്രാകൃതികമെന്നോ വിലയിരുത്തി അതു പുറംതള്ളുന്നു. ഇങ്ങനെ പുറംതള്ളപ്പെടുന്ന ഘടകങ്ങള്‍ കൂടി പരിഗണിക്കപ്പെടുമ്പോഴേ യാഥാര്‍ത്ഥ്യത്തിന്റെ പ്രക്രിയാപരമായ പൂര്‍ണ്ണചിത്രം തെളിഞ്ഞുകിട്ടുകയുള്ളൂ. എന്നാല്‍, അധീശവ്യവഹാരം അതിനു മുതിരില്ല. അധീശവ്യവഹാരം ഏതു സാംസ്‌കാരിക പ്രക്രിയയേയും പാഠരൂപത്തേയും വിശദീകരിക്കുന്നത് അതിന്റെ തന്നെ പ്രത്യയ ശാസ്ത്രഘടനയ്ക്കുള്ളില്‍ വച്ചാണ്. യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള സുനിശ്ചിതവും അന്തിമവുമായ ധാരണകള്‍ ഉറപ്പിച്ചെടുക്കാനാണ് അധീശബലങ്ങളും അതുള്‍പ്പെട്ടുനില്‍ക്കുന്ന വ്യവഹാരവും ശ്രമിക്കുക. പാഠങ്ങളേയും പ്രക്രിയകളേയും സംബന്ധിച്ച് അന്തിമവിധികള്‍ നാം പ്രഖ്യാപിക്കുന്നത് അതേക്കുറിച്ചുള്ള അധീശവ്യവഹാരത്തേയും അതിന്റെ പ്രത്യയശാസ്ത്ര വിവക്ഷകളേയും ആന്തരികമായി സ്വാംശീകരിക്കുമ്പോഴാണെന്നര്‍ത്ഥം.

അവക്ഷിപ്തപരവും ആവിര്‍ഭാവപരവുമായ ഘടകങ്ങള്‍ അധീശവ്യവസ്ഥയുമായി പുലര്‍ത്തുന്ന ബന്ധത്തെക്കുറിച്ചുള്ള റെയ്മണ്ട് വില്ല്യംസിന്റെ നിരീക്ഷണങ്ങള്‍ക്കും ഇവിടെ വലിയ പ്രാധാന്യമുണ്ട്. അധീശവ്യവസ്ഥയുമായുള്ള അവയുടെ ബന്ധം രണ്ടുതരത്തിലാണ്. വിപരീതപരവും (oppositional) പക്ഷാന്തരവുമായ (alternative) രണ്ടു വഴികള്‍ ഇതിലുണ്ടാവും. വിപരീതപരമായ ബന്ധം അധീശവ്യവസ്ഥയെ അട്ടിമറിക്കാന്‍ കെല്പുള്ളവയായിരിക്കും. അധീശവ്യവസ്ഥ അതിനെ അമര്‍ച്ചചെയ്യുകയോ അല്ലെങ്കില്‍ അതിനു കീഴ്പെട്ട് സ്വയം വഴിമാറുകയോ ചെയ്യും. മറിച്ച്, പക്ഷാന്തരങ്ങളെ അഥവാ ബദല്‍ പ്രകൃതമുള്ളവയെ അധീശവ്യവസ്ഥ സഹിഷ്ണുതാപൂര്‍വ്വം ഉള്‍ക്കൊള്ളും. അധീശവ്യവസ്ഥയ്‌ക്കെതിരെ നിര്‍ണ്ണായകമായ വെല്ലുവിളിയാകാന്‍ അവയ്ക്കു കഴിയില്ല. അതുകൊണ്ടുതന്നെ അധീശവ്യവസ്ഥ അതിന്റെ തന്നെ താല്‍ക്കാലികമോ ആന്തരികമോ ആയ വിമര്‍ശനംപോലെ ഈ പക്ഷാന്തരലോകത്തെ ഉള്‍ക്കൊള്ളുകയാണ് ചെയ്യുക. വ്യാവസായിക ഇംഗ്ലണ്ട് ഗ്രാമീണ സമുദായങ്ങളോട് (rural communtiy) പുലര്‍ത്തുന്ന ബന്ധം ഇതിന് ഉദാഹരണമായി റെയ്മണ്ട് വില്ല്യംസ് ചൂണ്ടിക്കാണിക്കുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍, വ്യവസായിക നാഗരികതയുടെ വിമര്‍ശനസ്ഥാനമാണ് ഈ ഗ്രാമീണസമുദായവും അതുയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശാത്മക പ്രകൃതിയും. പക്ഷേ, ഈ ആദര്‍ശാത്മക പ്രകൃതി വ്യാവസായിക നാഗരികതയുടെ അടിസ്ഥാന വിമര്‍ശനമായി മാറുന്നില്ല. അഥവാ, അധീശവ്യവസ്ഥയെ അട്ടിമറിക്കാന്‍ പോന്ന വിധത്തില്‍ വിപരീതപരമായി അത് നിലകൊള്ളുന്നില്ല. അതുകൊണ്ടുതന്നെ, നാഗരിക ജീവിതത്തില്‍നിന്നുള്ള താല്‍ക്കാലിക ഇടവേള എന്ന നിലയില്‍, ഗ്രാമീണ സമുദായങ്ങളേയും അതിന്റെ ആദര്‍ശാത്മക പ്രകൃതിയേയും വ്യവസായിക നാഗരികത അതിനോടൊപ്പം തന്നെയുള്ള സമാന്തരലോകമായി ഉള്‍ക്കൊള്ളുകയാണ് ചെയ്യുന്നത്. ആധുനിക നഗരജീവിതത്തിലെ മധ്യ-ഉപരിവര്‍ഗ്ഗ വിഭാഗങ്ങളുടെ പ്രകൃതിസ്‌നേഹം ഏറിയ പങ്കും ഇങ്ങനെയാണെന്നു കാണാം. ജിപ്സികളുടേയും മറ്റും ജീവിതം ആധുനിക/മുതലാളിത്ത ജീവിതക്രമത്തിനു വെല്ലുവിളിയാകാതെ, ഒരു സമാന്തരലോകമായി നിലനില്‍ക്കുന്നതുപോലെയാണത്. വ്യവസായിക നാഗരികക്രമത്തില്‍ ഒരു കൗതുകക്കാഴ്ചയുടേയോ ഒഴിവുവേളവിനോദത്തിന്റേയോ മൂല്യമാണ് അവയ്ക്കുള്ളത്. അവക്ഷിപ്ത പ്രകൃതം കൈവന്ന മതങ്ങളേയും അവ മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനാത്മക ജീവിതക്രമങ്ങളേയും വ്യാവസായിക നാഗരികത അതിന്റെ വ്യവസ്ഥാപരമായ സംവിധാനങ്ങളിലേക്ക് ഇതുപോലെ സ്വാംശീകരിച്ചതായി റെയ്മണ്ട് വില്ല്യംസ് ചൂണ്ടിക്കാണിക്കുന്നു.

അവക്ഷിപ്തപരം എന്നതുപോലെ ആവിര്‍ഭാവപരമായ (emergent) ചില ഘടകങ്ങളും അധീശവ്യവസ്ഥയിലേക്ക് സ്വാംശീകരിക്കപ്പെടുന്നുണ്ട്. 19-ാം ശതകത്തില്‍ ഉയര്‍ന്നുവന്ന തൊഴിലാളിവര്‍ഗ്ഗ പത്രങ്ങളെ മുഖ്യധാരാ മാധ്യമലോകം വിഴുങ്ങിയതാണ് റെയ്മണ്ട് വില്ല്യംസ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. പുതിയ ഒരു സാമൂഹ്യാടിസ്ഥാനത്തില്‍നിന്ന് രൂപം കൊണ്ടവയാണ് ഈ പത്രങ്ങള്‍. എന്നാല്‍, അവയുടെ സാമൂഹ്യാടിസ്ഥാനത്തിന്റെ വിധ്വംസകതയെ ദുര്‍ബ്ബലപ്പെടുത്തി, ആധിപത്യക്രമത്തിനു പോറലേല്പിക്കാതെ, അതിനെ ഉള്‍ക്കൊള്ളാന്‍ ബൂര്‍ഷ്വാ മാധ്യമമണ്ഡലത്തിനു കഴിഞ്ഞു. ബൂര്‍ഷ്വാ ജീവിതക്രമത്തെ വെല്ലുവിളിക്കാവുന്ന ജനകീയ സംസ്‌കാരത്തിനും (popular culture) ഏറെക്കുറെ ഇതുതന്നെയാണ് സംഭവിച്ചത്. വിപരീതപരം എന്നതിലേക്ക് അവയെ വളരാനനുവദിക്കാതെ, ബൂര്‍ഷ്വാ ജീവിതക്രമത്തിന്റെ പക്ഷാന്തര (alternative) ലോകമായി അവയെ ആധിപത്യക്രമം ഉള്‍ക്കൊള്ളുകയാണ് ചെയ്തത്. അതോടെ ഉത്ഭിന്ന ഘടകങ്ങളിലെ വിധ്വംസകമൂല്യം അധീശവ്യവസ്ഥയ്ക്കുള്ളിലെ കൗതുകമൂല്യമായി പരിണമിക്കുന്നു.

വിപരീതപരമായ (oppositional) ഘടകങ്ങള്‍ അധീശവ്യവസ്ഥയുമായി പുലര്‍ത്തുന്ന ബന്ധം ഇതല്ല. അവ അടിസ്ഥാനപരമായി ആ വ്യവസ്ഥയെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഗറില്ലാ സംഘങ്ങള്‍ മുതല്‍ വിപ്ലവപരമായ നിലപാടുകളുള്ള ട്രേഡ് യൂണിയനുകളും ഇതര പ്രസ്ഥാനങ്ങളും വരെ വിപരീതപരമായ ഉള്ളടക്കത്തിന് പ്രാബല്യമുള്ളവയാണ്. അവക്ഷിപ്തപരവും ഉത്ഭിന്നവുമായ ഇരുതലങ്ങളിലും ഇത്തരം വിപരീതഘടകങ്ങളെ കാണാനാവും. ഇവയെ അധീശവ്യവസ്ഥയുടെ പക്ഷാന്തര (alternative) ലോകമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അത്തരം ഘടകങ്ങളെ അധീശവ്യവസ്ഥ അടിച്ചമര്‍ത്തുകയാണ് ചെയ്യുക, ഈ അടിച്ചമര്‍ത്തലില്‍ വിജയിച്ചില്ലെങ്കില്‍ അധീശവ്യവസ്ഥ ഘടനാപരമായ അട്ടിമറികള്‍ക്കു വിധേയമാവുകയും ചെയ്യും.

അധീശബലങ്ങളുടെ ഭാഗമായി മാറുന്ന അവക്ഷിപ്ത ഘടകങ്ങളെ, അധീശബലങ്ങളോട് വിപരീതപരമോ പക്ഷാന്തരമോ ആയ ബന്ധം വച്ചുപുലര്‍ത്തുന്ന അവക്ഷിപ്ത ഘടകങ്ങളില്‍നിന്ന് വേര്‍തിരിച്ചു കാണേണ്ടതിന്റെ പ്രാധാന്യം റെയ്മണ്ട് വില്ല്യംസ് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിനെ സംബന്ധിച്ച് ക്രിസ്തുമതം ഈ രണ്ടു തലങ്ങളേയും ഉള്‍ക്കൊള്ളുന്ന അവക്ഷിപ്ത ലോകമാണ്. കേവല സാഹോദര്യത്തേയും പ്രതിഫലേച്ഛയില്ലാത്ത സമര്‍പ്പണത്തേയും കുറിച്ചുള്ള ക്രൈസ്തവ ധാരണകള്‍ വ്യവസായിക നാഗരികതയുടെ അധീശലോകത്തോട് വിപരീതപരമോ പക്ഷാന്തരമോ ആയ ബന്ധമാണ് പുലര്‍ത്തുന്നത്. എന്നാല്‍, മതത്തെ ഔദ്യോഗികമായ സദാചാരയുക്തിയാക്കിക്കൊണ്ടും ഭൗതികലോകത്തിനപ്പുറത്ത് മാത്രം നിലകൊള്ളുന്ന ഒന്നായി മതമൂല്യങ്ങളെ അവതരിപ്പിച്ചുകൊണ്ടും അതിനെ അധീശ വ്യവഹാരത്തില്‍ ഉള്‍ച്ചേര്‍ക്കാനും അധീശബലങ്ങള്‍ക്കു കഴിയുന്നുണ്ട്. അവക്ഷിപ്ത ബലങ്ങളുടെ ലോകം അതില്‍ത്തന്നെ ഏകമുഖമോ സ്തബ്ധമോ അല്ലെന്നുകൂടിയാണ് ഇത് അര്‍ത്ഥമാക്കുന്നത്. അതിന് ഒരു വൈരുധ്യാത്മക പ്രകൃതം കൈവരാവുന്നതാണ്. അധീശബലങ്ങളുമായുള്ള വിനിമയങ്ങള്‍ അവക്ഷിപ്ത ലോകത്തിന് ഭിന്നമാനങ്ങളും ഭിന്നദൗത്യങ്ങളും നല്‍കുന്നു എന്നര്‍ത്ഥം.

അവക്ഷിപ്ത ലോകത്തിന്റെ ഈ ചലനാത്മകത ഉത്ഭിന്ന ഘടകങ്ങളുടെ ലോകത്തും തുടരുന്നുണ്ട്. നിരന്തരമായി നിര്‍മ്മിക്കപ്പെടുന്ന പുതിയ മൂല്യങ്ങളും അര്‍ത്ഥവും പ്രയോഗങ്ങളും ബന്ധവ്യവസ്ഥയുമാണ് ഉത്ഭിന്ന ലോകത്തിലുള്ളത്. അതുകൊണ്ടുതന്നെ, അധീശബലങ്ങളുടെ പുതുരൂപങ്ങളില്‍നിന്നും അവയെ വേര്‍തിരിച്ചറിയുക പലപ്പോഴും പ്രയാസകരമാണ്. ഇക്കാര്യത്തില്‍ അവക്ഷിപ്തത്തില്‍നിന്നും അവ തീര്‍ത്തും വ്യത്യസ്തമാണ്. ഉത്ഭിന്ന ബലങ്ങള്‍ക്ക് അവയുടേതായ സാമൂഹിക-ഭൗതിക അടിസ്ഥാനങ്ങള്‍ ഉണ്ടാവും. പക്ഷേ, അധീശബലങ്ങളുമായുള്ള അവയുടെ ബന്ധം ഏകമാനമോ സുസ്ഥിരമോ ആവില്ല. ഉത്ഭിന്ന ബലങ്ങള്‍ പക്ഷാന്തര സ്വഭാവത്തെക്കാള്‍ (alternative) വിപരീതപരമായ (oppositional) സ്വഭാവമാണ് പ്രകടിപ്പിക്കുന്നതെങ്കില്‍ അധീശബലങ്ങള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നതിന്റെ തോത് ഏറിയിരിക്കും. തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയത്തേയും ജീവിതമൂല്യങ്ങളേയും ജനപ്രിയ സംസ്‌കാരത്തിന്റെ ഭാഗമായി സ്വാംശീകരിക്കാന്‍ വ്യവസായിക മുതലാളിത്തം നടത്തുന്ന ശ്രമങ്ങള്‍ ഇതിന് ഉദാഹരണമായി റെയ്മണ്ട് വില്ല്യംസ് എടുത്തുകാണിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം സ്വാംശീകരണം അരങ്ങേറുന്നത് അംഗീകരണത്തിന്റെ രൂപത്തിലാവാം. ഉത്ഭിന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞും വകവച്ചുകൊടുത്തും അവയെ അധീശവ്യവഹാരത്തിന്റെ ഭാഗമാക്കി മാറ്റാന്‍ അധീശബലങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കും. എങ്കിലും ഇത്തരം സ്വാംശീകരണങ്ങള്‍കൊണ്ട് ഒരു സാമൂഹിക-സാംസ്‌കാരിക പ്രക്രിയയിലെ ഉത്ഭിന്ന ബലങ്ങളെ അപ്പാടെ ഇല്ലാതാക്കാനാവില്ല. ഈ സ്വാംശീകരണങ്ങള്‍ക്കും അപ്പുറം നിരന്തരം പുനരുല്പാദിപ്പിക്കപ്പെടുന്ന ഒന്നായി അത് സ്വജീവിതം തുടരും.

ഉത്ഭിന്നം എന്നതിനോടൊപ്പം കേവലനവീനം (merely novel), ആവിര്‍ഭാവപൂര്‍വ്വം (pre emergent) എന്നീ ഘടകങ്ങള്‍ കൂടി സാംസ്‌കാരിക പ്രക്രിയകളില്‍ സന്നിഹിതമായിരിക്കുമെന്ന് റെയ്മണ്ട് വില്ല്യംസ് പറയുന്നു. ഈ ഘടകങ്ങള്‍ ഉത്ഭിന്ന ഘടകങ്ങളില്‍നിന്ന് അടിസ്ഥാനതലത്തില്‍ വ്യത്യസ്തമാണ്. സാമൂഹികവും ഭൗതികവുമായ അടിസ്ഥാനങ്ങളില്ലാത്ത കൗതുകരൂപങ്ങളായാണ് കേവലനവീനം (merely novel) നിലകൊള്ളുക. പുരാതനത്തിന്റെ (archaich) മറുപുറംപോലെ എന്നു പറയാം. അവയ്ക്കു വിപരീതപരമോ പക്ഷാന്തരമോ ആയ പ്രകൃതമൊന്നുമില്ല. ആ നിലയില്‍, അധീശവ്യവസ്ഥയുമായി പ്രകടമായ സംഘര്‍ഷമോ സംവാദമോ അവ പുലര്‍ത്തുന്നില്ല. ആവിര്‍ഭാവപൂര്‍വ്വമാകട്ടെ, ഇനിയും വികസിതമായിട്ടില്ലാത്ത സാമൂഹ്യാടിസ്ഥാനങ്ങളുടെ മുന്‍കൂര്‍ സൂചനകളായാണ് നിലനില്‍ക്കുന്നത്. അവയുടെ സാമൂഹ്യാടിസ്ഥാനങ്ങള്‍ നിലവില്‍ വരാനിരിക്കുന്നതേയുള്ളൂ. എങ്കിലും ഒരു സാമൂഹ്യ-സാംസ്‌കാരിക പ്രക്രിയയിലോ പാഠരൂപത്തിലോ കാലത്തിന്റെ വഴിവിളക്കുപോലെ, അവയുടെ മുദ്രകളും തെളിഞ്ഞുവരും.

ഇങ്ങനെ മനസ്സിലാക്കിയാല്‍, യുഗാത്മകവിശകലനം ജന്മം നല്‍കുന്ന സത്താവല്‍ക്കരണത്തില്‍നിന്നു തീര്‍ത്തും വ്യത്യസ്തമായ നിലയില്‍, അങ്ങേയറ്റം ചലനാത്മകവും വൈരുധ്യനിര്‍ഭരവുമാണ് ഏതു സാംസ്‌കാരിക പ്രക്രിയയും/പാഠജീവിതവും എന്നു വ്യക്തമാകും. അതിനെ യുഗാത്മക നിര്‍വ്വചനത്തിന്റെ ഏകശിലാത്മക സ്വഭാവത്തിലേക്ക് സംഗ്രഹിക്കാനാവില്ല. അങ്ങനെ ചെയ്യുന്നത് ചരിത്രവിരുദ്ധവും അതിഭൗതികവുമാണ്. പ്രക്രിയകളെ കേവലസത്തയായും ശാശ്വതമൂല്യമായും പരിഗണിക്കുന്ന നിലപാടാണത്. പാഠപാരായണത്തില്‍ പ്രതിനിധാന വായനയായും സാമൂഹ്യവിശകലനത്തില്‍ സ്വത്വവാദമായും രംഗത്തെത്തുന്നത് ഇതാണ്. സാംസ്‌കാരിക വിമര്‍ശനത്തിന്റെ മറപറ്റിയെത്തുന്ന ആശയവാദമായി മാത്രമേ അവയെ കാണാനാവൂ. വൈരുധ്യാത്മക വിചിന്തനത്തിന്റെ മറുപുറമാണത്. അത്തരം വഴിതെറ്റലുകളെ മറികടക്കാന്‍ പോന്ന വിശകലനസമീക്ഷയുടെ അവതരണമാണ് റെയ്മണ്ട് വില്ല്യംസ് കാലേകൂട്ടി നിര്‍വ്വഹിച്ചത്. മാനായി വന്ന മാരീചനെപ്പോലെ, സംസ്‌കാര വിമര്‍ശനത്തിന്റെ വേഷമണിഞ്ഞെത്തുന്ന ആശയവാദത്തേയും സ്വത്വവാദത്തേയും മതവര്‍ഗ്ഗീയവാദത്തേയും തിരിച്ചറിയാനും പ്രതിരോധിക്കാനും കെല്പുള്ള സങ്കല്പനവ്യൂഹമാണത്. നിശ്ചയമായും ഇടതുപക്ഷ സംസ്‌കാരവിമര്‍ശനം പിന്‍പറ്റേണ്ട വഴിയും അതുതന്നെയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com