'അഗ്‌നിപഥ്'- റാങ്കും ഇല്ല, പെന്‍ഷനും ഇല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് 

അഗ്‌നിപഥ് പദ്ധതിക്കെതിരെ യുവാക്കളുടെ ഇടയില്‍ പടരുന്ന പ്രതിഷേധം വിരല്‍ ചൂണ്ടുന്നത് രൂക്ഷമായ തൊഴിലില്ലായ്മ എന്ന യഥാര്‍ത്ഥ പ്രശ്‌നത്തിലേക്കു മാത്രമല്ല
'അഗ്‌നിപഥ്'- റാങ്കും ഇല്ല, പെന്‍ഷനും ഇല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് 

യ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയത് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ്. കര്‍ഷകനിലും സൈനികനിലും സമര്‍പ്പിതമായ നമ്മുടെ ജനതയുടേയും ആ വിഭാഗങ്ങളുടേയും പരസ്പരവിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു മുഖ്യമായും ആ മുദ്രാവാക്യം. ആ വിശ്വാസത്തിനു ഊനം തട്ടുന്ന യാതൊന്നും ഉണ്ടാകാതെ സൂക്ഷിക്കാന്‍ ഭരണകൂടവും ജനതയും ആ വിഭാഗങ്ങളും ആ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും എല്ലാക്കാലത്തും കരുതല്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ അടുത്തിടെ കര്‍ഷകസമരത്തിന്റെ സന്ദര്‍ഭത്തില്‍ ചെറിയൊരു ഖേദത്തോടെ ഈ മുദ്രാവാക്യത്തെക്കുറിച്ചും അതിന്റെ പ്രസക്തിയെക്കുറിച്ചും നമ്മുടെ കര്‍ഷകനേതാക്കള്‍ക്ക് ഭരണകൂടത്തെ ഓര്‍മ്മിപ്പിക്കേണ്ടിവന്നു. ഇനിയിപ്പോള്‍ സൈനികന്റെ ഊഴമാകുമോ എന്ന ആശങ്കപ്പെടേണ്ട അവസരമാണ് യൂണിയന്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ സൃഷ്ടിക്കുന്നത്.
 
അഗ്‌നിപഥ് എന്ന പേരില്‍ മുഖ്യ സായുധസേനാവിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിവാദപദ്ധതി മോദിഗവണ്‍മെന്റ് ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ തുനിഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധസമരങ്ങള്‍ തെരുവീഥികളേയും റയില്‍ലൈനുകളേയും അക്ഷരാര്‍ത്ഥത്തില്‍ അഗ്‌നിപഥങ്ങളാക്കിയെന്നും അതിനെ നേരിടാന്‍ യൂണിയന്‍ ഗവണ്‍മെന്റ് വിവിധ തലങ്ങളില്‍ നടപടികളെടുത്തെന്നുമുള്ള വാര്‍ത്തകള്‍ കുറച്ചു ദിവസങ്ങളായി മാദ്ധ്യമ തലക്കെട്ടുകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. പലയിടങ്ങളിലും സമരം അക്രമാസക്തമാകുകയും സുരക്ഷാസൈനികരുമായി സമരക്കാര്‍ ഏറ്റുമുട്ടുകയും ട്രെയിനുകള്‍ തീവച്ചുനശിപ്പിക്കുകയും റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കമിട്ട ബിഹാറില്‍ ഉപമുഖ്യമന്ത്രി രേണുദേവിയുടെയടക്കം ബി.ജെ.പി നേതാക്കളുടെ വസതികള്‍ ആക്രമിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടു. തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരു മരണവും പ്രതിഷേധത്തെ തുടര്‍ന്നുണ്ടായി. തെലങ്കാനയില്‍ത്തന്നെ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിവെയ്‌ക്കേണ്ടിവന്നു. ഉത്തര്‍പ്രദേശിലും സമാനമായ സാഹചര്യങ്ങളുണ്ടായി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കേണ്ടിവന്ന ഹരിയാനയിലും രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ട്രെയിനുകള്‍ക്ക് തീയിട്ടു. ബംഗാളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പ്രതിഷേധത്തെത്തുടര്‍ന്ന് നൂറുകണക്കിന് ട്രെയിനുകള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ലക്ഷ്യസ്ഥാനത്തെത്തും മുന്‍പ് അവയുടെ സര്‍വ്വീസ് അവസാനിപ്പിക്കേണ്ടിവരികയോ ചെയ്തു. 

ചുരുക്കത്തില്‍, വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിനാളുകള്‍ അറസ്റ്റിലാകുകയും ബിഹാര്‍ ഈ വിഷയത്തെ മുന്‍നിര്‍ത്തി ബന്ദിന് ആഹ്വാനം ചെയ്യപ്പെടുകയും ഉണ്ടായി. പ്രതിപക്ഷനേതാക്കള്‍ 'അഗ്‌നിപഥിനെ'തിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എന്നാല്‍, നാലുവര്‍ഷത്തിനു ശേഷം വിരമിക്കുന്ന 'അഗ്‌നിവീരന്മാര്‍'ക്ക് പെന്‍ഷനോ ആനുകൂല്യങ്ങളോ ഒന്നുമില്ലെങ്കിലും അവര്‍ക്ക് പദ്ധതി സാമ്പത്തികമായി പ്രയോജനകരമായിരിക്കുമെന്ന് വിശദീകരിച്ചുകൊണ്ട് മോദി ഗവണ്‍മെന്റ് നയത്തെ ന്യായീകരിക്കുകയായിരുന്നു. കൂടാതെ, പ്രതിഷേധക്കാരുടെ ആശങ്കകള്‍ കണക്കിലെടുത്ത് ഉയര്‍ന്ന പ്രായപരിധി 21ല്‍ നിന്ന് 23 ആയി ഉയര്‍ത്തുകയും ചെയ്തു. 

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും ആഹ്വാനം കൂടാതെ, തെരുവുകളില്‍ സമരം ശക്തിപ്പെട്ടതോടെ പ്രതിപക്ഷ രാഷ്ട്രീയകക്ഷികള്‍ക്ക് വിവാദപദ്ധതിയെ നിശിതമായി എതിര്‍ത്തു സമരമുഖത്തെത്തേണ്ടിവന്നു. ഡി.വൈ.എഫ്.ഐയുടേയും എസ്.എഫ്.ഐയുടേയും നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് ചലോ മാര്‍ച്ച് നടന്നു. രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷനുമായ എ.എ. റഹിം, ജനറല്‍ സെക്രട്ടറി ഹിമാംഗ്!രാജ് ഭട്ടാചാര്യ, എസ്.എഫ്.ഐ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ്, ഡി.വൈ.എഫ്.ഐ ഡല്‍ഹി സെക്രട്ടറി അമന്‍ സൈനി, എസ്.എഫ്.ഐ സെക്രട്ടറി പ്രിതീഷ് മേനോന്‍, ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷേ ഘോഷ് എന്നിവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായി. വനിതാപ്രവര്‍ത്തകര്‍ക്കു നേരെപോലും ഡല്‍ഹി പൊലീസ് മര്‍ദ്ദനത്തിനു മുതിര്‍ന്നെന്ന് അവര്‍ ആരോപിക്കുന്നു. അറസ്റ്റിലായ രാജ്യസഭാംഗത്തെ മാത്രം കുറേയേറെ മണിക്കൂറുകള്‍ പിന്നിട്ട് പൊലീസ് വിട്ടയച്ചു. സംഭവത്തെ സി.പി.ഐ. എം അപലപിച്ചു. രാജ്യസഭാംഗത്തിനു നേരെയുണ്ടായ നടപടികള്‍ അന്വേഷിക്കാന്‍ ഇടതുപക്ഷ എം.പിമാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവകാശലംഘന നോട്ടീസും നല്‍കിയിട്ടുണ്ട്. അഗ്‌നിപഥ് പദ്ധതിക്കെതിരെ നിശിതമായ വിമര്‍ശനമുയര്‍ത്തിയ സി.പി.ഐ.എമ്മും ഇതര ഇടതുപക്ഷ പാര്‍ട്ടികളും പദ്ധതി പിന്‍വലിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയിട്ടുണ്ട്. അഗ്‌നിപഥിനെതിരെ നടക്കുന്ന സമരത്തിന് ഇതിനു മുന്‍പ് ഡല്‍ഹിയെ പിടിച്ചുകുലുക്കിയ കര്‍ഷക പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയ ആള്‍ ഇന്ത്യാ കിസാന്‍ സഭ ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു. 

കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യലിനായി ഇ.ഡി വിളിപ്പിച്ച സന്ദര്‍ഭത്തില്‍ തന്നെയാണ് രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ സംഘര്‍ഷം പടരുന്നത്. രാഹുലിനെതിരെയുള്ള നടപടിയിലായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റേയും അപ്പോഴുള്ള ശ്രദ്ധ. എന്നാല്‍, വൈകാതെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാക്കളും രംഗത്തിറങ്ങി. അഗ്‌നിപഥിനെതിരെയുള്ള യുവാക്കളുടെ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജന്തര്‍മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ സത്യഗ്രഹത്തില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. 'അഗ്‌നിപഥ് ഇന്നാട്ടിലെ യുവാക്കളെ കൊലയ്ക്കു കൊടുക്കുകയും സൈന്യത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്നും' 'രാജ്യത്തിനോടു കൂറുപുലര്‍ത്തുന്ന ഒരു ഗവണ്‍മെന്റിനെ അധികാരത്തിലേറ്റാനും' പ്രതിഷേധസമരത്തെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് പ്രിയങ്ക വാദ്ര തദവസരത്തില്‍ ആഹ്വാനം ചെയ്തു. അഗ്‌നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന് കോണ്‍ഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലെ നിയമസഭയും ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടിട്ടുണ്ട്. 

കോണ്‍ഗ്രസ്സിനും ഇടതുപക്ഷത്തിനും പുറമേ എന്‍.സി.പി, ആര്‍.ജെ.ഡി, എ.എ.പി, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്സ് തുടങ്ങിയ രാഷ്ട്രീയപ്പാര്‍ട്ടികളും അഗ്‌നിപഥിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അഗ്‌നിപഥിനെതിരെയുള്ള സമരത്തില്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൂടി പങ്കാളികളായതോടെ പ്രക്ഷോഭത്തിനു പുതിയ മാനം കൈവന്നിരിക്കുകയാണ്. 

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലിറങ്ങി പ്രതിഷേധിക്കുന്നവർ/ ഫോട്ടോ: പിടിഐ
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിലിറങ്ങി പ്രതിഷേധിക്കുന്നവർ/ ഫോട്ടോ: പിടിഐ

എന്തുകൊണ്ട് ഈ സമരം? 

നമ്മുടെ സംസ്ഥാനത്ത് തൊഴില്‍ തേടിയെത്തുന്നവര്‍ ആരെന്നു നോക്കിയാല്‍ മാത്രം മതി ഉത്തരേന്ത്യയിലും കിഴക്കന്‍ സംസ്ഥാനങ്ങളിലുമൊക്കെയുള്ള തൊഴിലില്ലായ്മയുടെ ആഴവും പരപ്പുമറിയാന്‍. നോട്ടുനിരോധനമുള്‍പ്പെടെയുള്ള സാമ്പത്തികരംഗത്തെ നടപടികളെത്തുടര്‍ന്ന് നട്ടെല്ല് ഒടിഞ്ഞുപോയ ഗ്രാമീണ ജീവിതത്തിന്റെ നീക്കിബാക്കിയാണ് നഗരങ്ങളിലേക്കും കേരളം പോലുള്ള അന്യദേശങ്ങളിലേക്കും കുടിയേറുന്ന ഈ ജനത. കൊവിഡിനെത്തുടര്‍ന്നുള്ള അടച്ചിടല്‍ കൂടിയായപ്പോള്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജീവിതം ദുസ്സഹമായിട്ടുണ്ട്. 

അഗ്‌നിപഥ് പദ്ധതിക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ട ആദ്യനാളുകളില്‍ അത് ഉണ്ടായ കേന്ദ്രങ്ങളിലേറിയകൂറും ബിഹാര്‍, കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബുന്ദേല്‍ഖണ്ഡ്, തെക്കന്‍ ഹരിയാന, രാജസ്ഥാനിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴിലന്വേഷകരുടെ പ്രവാഹം ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നായ ബിഹാറിലാണ് അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം ആദ്യമായി ഉണ്ടാകുന്നത് എന്നത് യാദൃച്ഛികമല്ല. സംസ്ഥാനത്ത് 1660നും പ്രായമുള്ളവരുടെ ഇടയില്‍ തൊഴില്‍ ചെയ്യുന്നവര്‍ 31 ശതമാനം മാത്രമാണ്. ബിഹാറില്‍ ജനുവരിയിലാണ് റെയില്‍വേ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സമാനമായ രീതിയില്‍ ഒരു പ്രക്ഷോഭം ഉണ്ടായത്. അന്ന് 35000ത്തോളം റെയില്‍വേ ഒഴിവുകള്‍ക്കായി 1.25 കോടി പേര്‍ അപേക്ഷകരുണ്ടായപ്പോള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ത്തി എന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ വിമര്‍ശനം. മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ബിരുദമില്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്ന അവസ്ഥയായി. ആദ്യ പരീക്ഷ കഴിഞ്ഞ് രണ്ടാമതൊരു പരീക്ഷകൂടി നടത്താന്‍ റെയില്‍വേ തീരുമാനിച്ചതും പ്രശ്‌നം വഷളാക്കി. അങ്ങനെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതും ട്രെയിനുകള്‍ക്കു തീവെയ്ക്കുന്നതും കലാപം പടരുന്നതും.

തൊഴിലില്ലായ്മ അതിരൂക്ഷമായ ഈ പശ്ചാത്തലത്തിലാണ് അഗ്‌നിപഥിനെതിരെയുള്ള സമരങ്ങളുടെ പ്രഭവകേന്ദ്രമായി ബിഹാര്‍ മാറുന്നത്. ബിഹാറില്‍ മാത്രമല്ല, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ദേശീയതലത്തില്‍ നടത്തുന്ന തൊഴിലും തൊഴിലില്ലായ്മയും സംബന്ധിച്ച സര്‍വ്വേ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മാനിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണ്. 

പ്രശ്‌നം ബിഹാറിലും ഉത്തര്‍പ്രദേശിലും മാത്രം ഒതുങ്ങുന്നതല്ല. അടുത്തിടെയുള്ള സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കോണമിയുടെ കണക്കുകള്‍ പ്രകാരം തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ന്നത് 34.5 ശതമാനം രേഖപ്പെടുത്തിയത് ഹരിയാനയിലാണ്. രാജസ്ഥാനില്‍ അത് 28.8 ശതമാനവും ബിഹാറില്‍ 21.1 ശതമാനവും ജമ്മു കശ്മീരില്‍ 15.6 ശതമാനവുമാണ്. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ തീവ്രത വെളിപ്പെടുത്തുന്നത് പൊതുവേ നമ്മുടെ നാട്ടിലെ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നുവെന്ന വസ്തുതയാണ്. എന്തായാലും ഇപ്പോള്‍ സമരം ശക്തിപ്പെട്ട പ്രദേശങ്ങളെല്ലാം തന്നെ ബി.ജെ.പിയുടെ ഉറച്ച വോട്ടര്‍ പിന്തുണയും സംഘടനാവ്യവസ്ഥയും ഉള്ള പ്രദേശങ്ങളാണ് എന്ന് ഓര്‍ക്കുക. ഇക്കാര്യത്തില്‍ കര്‍ഷകസമരത്തിനോടു ഈ സമരത്തിനു സമാനതയുണ്ട് എന്നു പറയാം. 

അഭൂതപൂര്‍വ്വമായ തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇത്രയും കാലം മൂന്നു ശതമാനത്തില്‍ താഴെയായിരുന്നു അതെങ്കില്‍ ഇപ്പോഴത് പുതിയ കണക്കുകള്‍ പ്രകാരം 2017'18ല്‍ 6.55 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നമ്മുടെ കലാലയങ്ങളില്‍ പഠിച്ചിറങ്ങുന്ന ബിരുദധാരികളില്‍ കോളേജ് ബിരുദധാരികളില്‍ അഞ്ചില്‍ ഒരാള്‍ തൊഴില്‍രഹിതനാണ്. 2021 ഡിസംബര്‍ വരെയുള്ള കണക്കാണിത്. ഏപ്രിലില്‍, ഇന്ത്യയുടെ മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് മാര്‍ച്ചിലെ 7.6 ശതമാനത്തില്‍നിന്ന് 7.83 ശതമാനമായിട്ട് ഉയര്‍ന്നു. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്കാകട്ടെ, മാര്‍ച്ചിലെ 8.28 ശതമാനത്തില്‍നിന്ന് 9.22 ശതമാനമായും ഉയര്‍ന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇക്കോണമിയുടെ പ്രതിമാസ കണക്കുകളനുസരിച്ചാണിത്. 

2009'10 മുതലുള്ള ഒരു ദശകത്തിനുള്ളില്‍ നാമുണ്ടാക്കിയ സാമ്പത്തിക വളര്‍ച്ച പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉദാസീനമായിരുന്നുവെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. പിന്നിട്ട ദശകത്തില്‍ വര്‍ഷംതോറും തൊഴിലവസരങ്ങളുടെ വര്‍ധന 0.03 ശതമാനം മാത്രമാണെന്ന് കണക്കുകള്‍ പറയുന്നു.
 
അതേസമയം ഗവണ്‍മെന്റ് മേഖലയിലെ തസ്തികകള്‍ ഒഴിച്ചിടാനോ വെട്ടിക്കുറയ്ക്കാനോ ഒക്കെയാണ് യൂണിയന്‍ ഗവണ്മെന്റ് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും ആരോപണമുണ്ട്. ഈ ആരോപണമാകട്ടേ കണക്കുകളുടെ പിന്‍ബലത്തില്‍ സാധുവാണുതാനും. 2014ല്‍ മോദി അധികാരത്തില്‍ വരുമ്പോള്‍ നികത്താതെ കിടന്നിരുന്ന സര്‍ക്കാര്‍ ഒഴിവുകള്‍ 4.2 ലക്ഷമായിരുന്നു. 2020 മാര്‍ച്ചില്‍ ഇത് ഒന്‍പതു ലക്ഷം ആയി ഉയര്‍ന്നു. ഇപ്പോള്‍ ചുരുങ്ങിയത് 11 ലക്ഷം തസ്തികകളെങ്കിലും നികത്താതെ കിടക്കുന്നുണ്ടാകുമെന്ന് അനുമാനിക്കാവുന്നതാണ്. 40 ലക്ഷം അനുവദിക്കപ്പെട്ടെ, തസ്തികകള്‍ ഉള്ളതില്‍ നാലിലൊന്ന് ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. രൂക്ഷമായ തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലും ഗവണ്മെന്റ് മേഖലയിലെ തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ എന്തുകൊണ്ടാണ് മോദി ഗവണ്‍മെന്റ് ശ്രമിക്കുന്നത് എന്ന് പരിശോധിച്ചാല്‍ ഇത് യാദൃച്ഛികമല്ലെന്നു കാണാനാകും. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് തുടങ്ങിവെച്ച നവലിബറല്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥ നിയമനവും വിന്യാസവും പരമാവധി കുറയ്ക്കുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമാണിത്. കഴിഞ്ഞ മൂന്നു ദശകങ്ങളായി മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണനന്‍സ് എന്ന തിളക്കമുള്ള മുദ്രാവാക്യം കൊണ്ട് പൊതിഞ്ഞുവെച്ചിരിക്കുകയാണ് പുത്തന്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായുള്ള ഈ നയവ്യതിയാനം. ശമ്പളമായും ആനുകൂല്യമായും മറ്റും സാധാരണ മനുഷ്യരുടെ കയ്യിലെത്തേണ്ട തുകയില്‍ കഴിയുന്നത്ര വെട്ടിക്കുറവു വരുത്തുകയാണ് ആത്യന്തിക ലക്ഷ്യം. അതേസമയം, കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും നല്‍കുന്ന ഇളവുകള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനുള്ള സാമ്പത്തിക പശ്ചാത്തലം ഇതൊരുക്കുകയും ചെയ്യുന്നു. 

ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

തൊഴിലില്ലായ്മയെ മോദി സര്‍ക്കാര്‍ നേരിടുന്നതിങ്ങനെ

2016ലെ നോട്ടുനിരോധനത്തോടെ നട്ടെല്ലു തകര്‍ന്നുപോയ സമ്പദ്‌വ്യവസ്ഥയെ മരണശയ്യയിലാക്കുന്നതായി കൊവിഡ് പടര്‍ന്നുപിടിച്ച സന്ദര്‍ഭത്തില്‍ അടിക്കടിയുണ്ടായ ലോക്ക് ഡൗണുകള്‍. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടായി. ഇതുണ്ടാക്കാവുന്ന സാമൂഹികാവസ്ഥയെ ഗൗരവത്തോടെ കാണാന്‍ മോദി ഗവണ്‍മെന്റ് തയ്യാറായി. എന്നാല്‍ തൊഴിലില്ലായ്മ എന്ന രോഗത്തെ കൂടുതല്‍ വഷളാക്കുന്ന കുറിപ്പടിയാണ് ഗവണ്മെന്റ് ഈ അവസ്ഥയെ നേരിടാന്‍ തയ്യാറാക്കിയത് എന്നുവേണം മനസ്സിലാക്കാന്‍. ഒന്നര വര്‍ഷം കൊണ്ട് പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന ഗവണ്‍മെന്റിന്റെ പ്രഖ്യാപനത്തോടൊപ്പമാണ് അഗ്‌നിപഥ് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ഉണ്ടായത്. അതായത് ഇനിയൊരു തവണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മോദി ഗവണ്‍മെന്റിന് തൊഴിലില്ലായ്മ കുറയ്ക്കുമെന്ന വാഗ്ദാനം പാലിച്ചെന്ന് അവകാശപ്പെടാനാകണം. ഇതു സാധ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മുഖ്യസേനാ വിഭാഗങ്ങളിലേക്കുള്ള ഈ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. തൊഴിലില്ലായ്മ നേരിടാനുള്ള നിശ്ചയദാര്‍ഢ്യം തീര്‍ച്ചയായും നല്ലതുതന്നെ. എന്നാല്‍, നേരത്തെ തന്നെ സ്വകാര്യമേഖലയില്‍ നടപ്പായിവരുന്ന കരാര്‍ നിയമനങ്ങളുടെ ചുവടുപിടിച്ചാണ് ഈ അവസ്ഥയെ കൈകാര്യം ചെയ്യാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നത് എന്നതിലാണ് അപകടമിരിക്കുന്നത്. 

സൂക്ഷ്മ പരിശോധനയില്‍ ഗവണ്‍മെന്റ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമാണ് അഗ്‌നിപഥ് പദ്ധതിയും എന്നു മനസ്സിലാക്കാനാകും. സര്‍ക്കാര്‍ ചെലവ് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇതെന്നും. നാലിലൊന്നു തസ്തികകള്‍ ഇപ്പോള്‍ത്തന്നെ ഒഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ ഒരു ഭാഗം താല്‍ക്കാലിക കരാര്‍ ജീവനക്കാരെ നിയമിച്ചു നികത്താനാണ് ശ്രമം. 

മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ചൂണ്ടിക്കാട്ടിയതുപോലെ ഇപ്പോള്‍ അഗ്‌നിവീര്‍ ആണെങ്കില്‍ നാളെ 'റയില്‍വീര്‍' ആകാം. അങ്ങനെ പതുക്കെപ്പതുക്കെ ഗവണ്‍മെന്റ് മേഖലയില്‍ മുഴുവന്‍ കരാര്‍ നിയമനങ്ങള്‍ നടപ്പാക്കുന്നതിനുള്ള ഒരു ചുവടുവെയ്പ് കൂടിയാണിത്. സൈനികര്‍ക്ക് 'വണ്‍ റാങ്ക്  വണ്‍ പെന്‍ഷന്‍' എന്ന സുന്ദരമുദ്രാവാക്യം മുന്നോട്ടുവെച്ചവരാണ് ഇപ്പോള്‍ നാടു ഭരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ റാങ്കും ഇല്ല, പെന്‍ഷനും ഇല്ല എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. 

റവന്യൂ കമ്മി നികത്തല്‍ ശ്രമവും അഗ്‌നിപഥ് പദ്ധതിയും 

യൂണിയന്‍ ഗവണ്‍മെന്റിന്റെ റവന്യൂ കമ്മി- 4.37%
കേന്ദ്ര റവന്യൂ ചെലവിന്റെ 60.43%- ശമ്പളവും പെന്‍ഷനും
കമ്മി കുറയ്ക്കാന്‍ ചെയ്യേണ്ടത- റവന്യൂ വരുമാനം ഉയര്‍ത്തല്‍
ഇതിനുള്ള തടസ്സം- സമ്പന്നര്‍ക്കുള്ള നികുതിയിളവുകള്‍
കുറയ്ക്കാന്‍ കഴിയുന്ന മേഖല- ശമ്പളവും പെന്‍ഷനും
ശമ്പളവും പെന്‍ഷനും കുറയ്ക്കാന്‍ ചെയ്യേണ്ടത്- തസ്തികകള്‍ നികത്താതെയിടല്‍
 
ഇക്കാര്യത്തില്‍ അഗ്‌നിപഥ് സഹായമാകുന്നതിങ്ങനെ:

സൈന്യത്തില്‍ നികത്താനുള്ള ഒഴിവുകള്‍- 1.3 ലക്ഷം
ഓരോ വര്‍ഷവും റിക്രൂട്ട് ചെയ്യേണ്ടത്- 60,000 പേരെ.
അഗ്‌നിവീര്‍ നിയമനം മുഖേന- 45,000 പേരെ നാലുവര്‍ഷത്തേക്ക്

(ഈ കണക്കുപ്രകാരം കൊവിഡിനു മുന്‍പുള്ളതിനേക്കാള്‍ സൈനികരുടെ എണ്ണം 25 ശതമാനം കുറയും.  പോരാത്തതിനു പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയായി നല്‍കേണ്ട തുകയിലും വന്‍കുറവു വരും.) 

വര്‍ഷം തോറും 46,000 യുവാക്കളെ നാലുവര്‍ഷത്തേക്ക് കര, നാവിക, വ്യോമസേനകളിലേക്ക് സേവനത്തിനെടുക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. ഈ പദ്ധതി അനുസരിച്ച് പെണ്‍കുട്ടികള്‍ക്കും സേനാംഗങ്ങളാകാം. 

യോഗ്യത 

17.5 വയസ്സുമുതല്‍ 21 വയസ്സുവരെ പ്രായമുള്ളവരെയാണ് ഇങ്ങനെ സേവനത്തിനെടുക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, പിന്നീടുണ്ടായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പ്രായപരിധി 23 വയസ്സുവരെയാക്കി. പത്താംക്ലാസ്സോ പന്ത്രണ്ടാം ക്ലാസ്സോ പാസ്സായവര്‍ക്കാണ് അവസരം. വൈദ്യപരിശോധന, ശാരീരിക ക്ഷമത തുടങ്ങി നിര്‍ദ്ദിഷ്ട യോഗ്യതകളെല്ലാം നിലവില്‍ സേനകളില്‍ സേവനത്തിനെടുക്കുന്നതിനുള്ളതുതന്നെ. 

പരിശീലനം 

സൈനികാഭ്യാസങ്ങളടക്കം ഇന്ത്യന്‍ സായുധസേനയ്ക്കു നല്‍കുന്ന അതേ പരിശീലനമായിരിക്കും അഗ്‌നിവീരന്‍മാര്‍ക്കും നല്‍കുക. ആറുമാസമാണ് പരിശീലനം. 

ഭാവി 

യൂണിഫോം തൊഴിലുകളില്‍ താല്പര്യമുള്ളവരും എന്നാല്‍ അധികകാലം ആ മേഖലയില്‍ തുടരാന്‍ താല്പര്യമില്ലാത്തവരുമായവര്‍ക്കുവേണ്ടി സൃഷ്ടിക്കപ്പെട്ടതെന്ന് ഗവണ്‍മെന്റ് അവകാശപ്പെടുന്ന ഈ തൊഴിലില്‍നിന്ന് വിരമിച്ചവര്‍ക്കായി വിവിധ തൊഴിലവസരങ്ങളും ഗവണ്‍മെന്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അഗ്‌നിവീര്‍ എന്നറിയപ്പെടുന്ന ഈ വിഭാഗത്തില്‍ മികവ് പുലര്‍ത്തുന്നവരില്‍ 25 ശതമാനത്തിനു തുടര്‍നിയമനം നല്‍കും. ബാക്കി 75 ശതമാനം പേര്‍ക്ക് 11.71 എക്‌സിറ്റ് പാക്കേജും ഉണ്ട്. 
 
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 

വാര്‍ഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും തുടക്കത്തില്‍. സേവനം അവസാനിക്കുന്ന സന്ദര്‍ഭത്തില്‍ ഇത് 6.92 ലക്ഷം രൂപയായി ഉയര്‍ത്താനും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. മാസം തോറും മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനും ഇടയ്ക്ക് ശമ്പളം എന്നര്‍ത്ഥം. മറ്റ് അലവന്‍സുകളും നോണ്‍ കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷ്വറന്‍സ് പരിരക്ഷയും കിട്ടും. എന്നാല്‍ ഗ്രാറ്റ്വിറ്റി, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട് എന്നിവയൊന്നും ഉണ്ടായിരിക്കില്ല. പകരം സേവാനിധി പാക്കേജ് പ്രകാരം സാമൂഹിക സുരക്ഷാപദ്ധതിയായിട്ട് 11.71 ലക്ഷം രൂപ നല്‍കുമെന്നാണ് ഗവണ്മ!െന്റ് പറയുന്നത്. 

ഇന്‍ഷ്വറന്‍സും നഷ്ടപരിഹാരവും 

സൈനികസേവനത്തിന്റെ ഭാഗമായി മരണമടഞ്ഞാല്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് കുടുംബാംഗങ്ങള്‍ക്ക് കിട്ടും. പ്രീമിയം ഈടാക്കാതെയാണ് ഈ ആനുകൂല്യം. സര്‍വ്വീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപയും. സേവാനിധിയിലെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആകെ ഒരു കോടിയിലേറെ രൂപ മരണമ!!ടഞ്ഞ സൈനികന്റെ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുമെന്നാണ്. ഇതോടൊപ്പം ബാക്കിയുള്ള സേവനകാലയളവിലെ മുഴുവന്‍ ശമ്പളവും. 

ധൻബാദിൽ യുവാക്കൾ റെയിൽവേ ട്രാക്ക് ഉപരോധിച്ചപ്പോൾ/ ഫോട്ടോ: പിടിഐ
ധൻബാദിൽ യുവാക്കൾ റെയിൽവേ ട്രാക്ക് ഉപരോധിച്ചപ്പോൾ/ ഫോട്ടോ: പിടിഐ

ഹിന്ദുത്വ അജന്‍ഡയുടെ ഭാഗമോ? 

ഇന്ത്യയിലെന്തെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ പിടിയില്‍ അമരാതെ ഉണ്ടെങ്കില്‍ അത് സൈന്യമാണ് എന്നു പറയാറുണ്ട്. സൈന്യത്തിനു വരുന്ന ചെലവ് നമ്മുടെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും വേണ്ടിവരുന്ന ചെലവായിട്ടാണ് നമ്മള്‍ പൊതുവേ കണക്കാക്കാറ്. എന്നാല്‍, നവലിബറല്‍ യുഗം ആരംഭിച്ചതോടെ ഏതു കാര്യത്തിലും ലാഭനഷ്ടക്കണക്ക് നമ്മുടെ ഭരണാധികാരികളുടെ പതിവു പരിദേവനങ്ങളുടെ ഭാഗമായി മാറി. 

സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനും തങ്ങളുടെ അര്‍ദ്ധസൈനികശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ആര്‍.എസ്.എസ്സിന്റെ ഗൂഢപദ്ധതിയാണ് ഇപ്പോള്‍ വിജ്ഞാപനമായിട്ടുള്ള അഗ്‌നിപഥ് പദ്ധതി. നമ്മുടെ അയല്‍ദേശങ്ങളില്‍നിന്നും വ്യത്യസ്തമായി ഇന്ത്യന്‍ സൈന്യം രാഷ്ട്രീയത്തില്‍ ഇടപെടുന്ന പതിവില്ല. 

എന്നാല്‍, അഗ്‌നിപഥ് പദ്ധതിയോടെ സാധാരണ റിക്രൂട്ടിംഗ് നടപടികള്‍ക്കു പകരം സംഘ്പരിവാര്‍ അണികളെ സൈന്യത്തിലേക്ക് കൂടുതലായി റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമമാണ് ഇത്തരം താല്‍ക്കാലിക നിയമനങ്ങള്‍ വഴി നടക്കുകയെന്ന വിമര്‍ശനവും വ്യാപകമായുണ്ട്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ മുക്കാല്‍ ഓഹരിയും നാലു വര്‍ഷം കഴിഞ്ഞ് ജോലിയില്‍നിന്നു പിരിയുമ്പോള്‍ അവരില്‍ നല്ലൊരു ഭാഗം സ്വകാര്യ സേനകളിലേക്കു ചേക്കേറുമെന്ന ഭയം സാമൂഹ്യനിരീക്ഷകര്‍ പ്രകടിപ്പിക്കുന്നു. ഇത്തരം സ്വകാര്യസേനകള്‍ പില്‍ക്കാലത്ത് എങ്ങനെയാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ നിര്‍മ്മിതിയില്‍ പങ്കാളികളായത് എന്ന് നാത്‌സി ജര്‍മനിയുടേയും മുസ്സോളീനിയുടെ ഇറ്റലിയുടേയും ചരിത്രം വ്യക്തമാക്കുന്നുണ്ട്. 

ഇത്തരത്തില്‍ അര്‍ദ്ധസൈനിക സ്വഭാവമുള്ള സംഘടനയാണ് ആര്‍.എസ്.എസ്. കുറച്ചുകാലം മുന്‍പ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് ബിഹാറിലെ മുസഫര്‍പൂരില്‍ വെച്ച് സൈന്യത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് പറഞ്ഞത് വിവാദമായിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ പരിശീലനത്തിന് ആറോ ഏഴോ മാസം എടുക്കുമ്പോള്‍ ആര്‍.എസ്.എസ്സിന് അവരുടെ കേഡര്‍മാരെ യുദ്ധമുഖത്തേക്ക് അയക്കാന്‍ വെറും മൂന്നുദിവസത്തെ തയ്യാറെടുപ്പ് മതിയെന്നായിരുന്നു ആ പ്രസ്താവന. അതായത് ഇന്ത്യന്‍ സൈന്യത്തേക്കാള്‍ മെച്ചപ്പെട്ടതും വേഗത്തില്‍ പ്രവര്‍ത്ത നിരതമാകുന്നതും ആര്‍.എസ്.എസ് എന്ന സ്വകാര്യ സൈന്യമാണെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞുവെച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ആവശ്യമില്ല. ആര്‍.എസ്.എസ് സേന ഇതാ തയ്യാറായി നില്‍ക്കുന്നുണ്ട് എന്ന വ്യക്തമായ പ്രഖ്യാപനമാണ് മോഹന്‍ ഭഗവത് അന്നു നടത്തിയത്. ഏതായാലും ഇന്ത്യയ്ക്ക് രാഷ്ട്രീയ നിരപേക്ഷമായ ഒരു സൈന്യം വേറെ വേണ്ട എന്ന കാഴ്ചപ്പാട് നടപ്പാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ യൂണിയന്‍ ഗവണ്‍മെന്റ് നടത്തുന്നതെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. 

ഹിന്ദുത്വ ആചാര്യന്‍ വി.ഡി. സവര്‍ക്കറിന്റെ പ്രധാന മുദ്രാവാക്യം തന്നെ ഹിന്ദുക്കളെ സൈനികവല്‍ക്കരിക്കുക, രാഷ്ട്രത്തെ ഹിന്ദുവല്‍ക്കരിക്കുക എന്നതായിരുന്നു. ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറും രണ്ടാമത്തെ സര്‍സംഘ് ചാലക്കായ ഗോള്‍വാള്‍ക്കറും ഈ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ചവരാണ്. 

ഹെഡ്‌ഗേവാറുടെ മാര്‍ഗ്ഗദര്‍ശിയായ ബി.എസ്. മൂഞ്ചെ ഇറ്റലി സന്ദര്‍ശിക്കുകയും ഫാസിസ്റ്റ് ആശയഗതികള്‍ക്കൊപ്പം അവരുടെ സൈനികവല്‍ക്കരണ പരിപാടികളും നേരിട്ട് മനസ്സിലാക്കുകയും ചെയ്തയാളായിരുന്നു. ഫാസിസ്റ്റ് വാഴ്ചക്കാലത്ത് ഇറ്റലിയുടെ സൈനികവല്‍ക്കരണത്തെ മുന്നോട്ടുകൊണ്ടുപോയ ബല്ലില സ്‌കൂളുകള്‍ മൂഞ്ചെയ്ക്ക് പ്രചോദനമായി. പിന്നീട് മൂഞ്ചെ 1943ല്‍ നാഷിക്കില്‍ ഭോണ്‍സലെ മിലിട്ടറി സ്‌കൂള്‍ ആരംഭിച്ചു. ഗാന്ധിവധത്തെ തുടര്‍ന്നു കുറച്ചുകാലം പൂട്ടിയിടേണ്ടിവന്നെങ്കിലും ഈ സ്‌കൂളും കോളേജും ഇന്നും നാഷിക്കിലുണ്ട്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനവും മറ്റും നല്‍കുന്ന സ്ഥാപനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആര്‍.എസ്.എസ് അംഗങ്ങളുടെ നേതൃത്വത്തിലുള്ള സെന്‍ട്രല്‍ മിലിട്ടറി എജുക്കേഷന്‍ സൊസൈറ്റിക്കാണ് സ്‌കൂള്‍ നടത്തിപ്പ്. മലേഗാവ് ബോംബ് സ്‌ഫോടനക്കേസില്‍ പ്രതിയായ ലഫ്. കേണല്‍ എസ്. പുരോഹിത് ഭോണ്‍സലെ മിലിട്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിരുന്നു. ആര്‍.എസ്.എസ്സുമായി ഇത്തരക്കാര്‍ക്ക് സ്‌കൂള്‍ വഴി ബന്ധമുണ്ടെന്ന് മോഹന്‍ ഭഗവത് പിന്നീട് പരോക്ഷമായി സ്ഥിരീകരിച്ച വാര്‍ത്തകളുമുണ്ടായിരുന്നു. 

സൈനികമേഖലയിലുള്ള ആര്‍.എസ്.എസ് താല്പര്യങ്ങള്‍ പണ്ടേ സുവ്യക്തമായിരുന്നു. കാര്‍ഗില്‍ കാലത്തുണ്ടായ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന തസ്തിക സൃഷ്ടിക്കുന്നതില്‍ വരെ അത്തരമൊരു താല്പര്യം ആരോപിക്കപ്പെട്ടതാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമാധാന പ്രക്ഷോഭങ്ങള്‍ നടന്ന സന്ദര്‍ഭത്തില്‍ അന്നു കരസേനാമേധാവിയായിരുന്ന ബിപിന്‍ റാവത്ത് സമരത്തിനെതിരെ നടത്തിയ അഭിപ്രായപ്രകടനവും വളരെ വൈകാതെ അദ്ദേഹത്തെ ചീഫ് ഒഫ് സ്റ്റാഫ് ആയി നിയമിച്ചതും വിവാദമായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പേ രാജ്യത്തെ സൈനിക സ്‌കൂളുകള്‍ സ്വകാര്യമേഖലയിലുമാകാമെന്ന തീരുമാനം വന്നപ്പോഴും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്കോ സൊസൈറ്റികള്‍ക്കോ കൂടുതല്‍ ഈ മേഖലയില്‍ കടന്നുചെല്ലാനുള്ള സൗകര്യമൊരുക്കുകയാണ് ഗവണ്‍മെന്റ് എന്ന ആശങ്കയും ഉയര്‍ന്നിരുന്നു.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com