ചരിത്ര പാഠപുസ്തകങ്ങളെയാണ് മോദി ഗവണ്‍മെന്റ് പരിഷ്‌കാരങ്ങള്‍ക്ക് ഏറ്റവുമാദ്യം ഇരയാക്കുന്നത്

കുറച്ചുകാലമായി യൂണിയന്‍ ഗവണ്‍മെന്റിനെ നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശ്രദ്ധ വിദ്യാഭ്യാസരംഗത്തെ പൊളിച്ചുപണിയുന്നതിലാണ്
ചരിത്ര പാഠപുസ്തകങ്ങളെയാണ് മോദി ഗവണ്‍മെന്റ് പരിഷ്‌കാരങ്ങള്‍ക്ക് ഏറ്റവുമാദ്യം ഇരയാക്കുന്നത്

കുറച്ചുകാലമായി യൂണിയന്‍ ഗവണ്‍മെന്റിനെ നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ ശ്രദ്ധ വിദ്യാഭ്യാസരംഗത്തെ പൊളിച്ചുപണിയുന്നതിലാണ്. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം 'ഇന്ത്യന്‍വല്‍ക്കരി'ക്കണമെന്നും അവിടെ 'ഡീ-മക്കോളൈസേഷന്‍' അനിവാര്യമെന്നും ഉള്ള ആ പാര്‍ട്ടിയുടെ കാഴ്ചപ്പാടിന് ഏറെ പഴക്കമുണ്ട്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ആദ്യ ടേമില്‍ തന്നെ വിദ്യാഭ്യാസരംഗം 'സഫ്രണൈസ്' ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കോണ്‍ഗ്രസ്സ് ചായ്‌വ് പുലര്‍ത്തുന്നതെന്നും ഇടതുപക്ഷ പരിപ്രേക്ഷ്യത്തിലുള്ളതെന്നുമൊക്കെ ബി.ജെ.പിയും ആ പാര്‍ട്ടിയെ നയിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘും ആരോപിക്കുന്ന ഉള്ളടക്കമുള്ള എന്‍.സി.ഇ.ആര്‍.ടി (നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ്) പാഠപുസ്തകങ്ങള്‍ ശുദ്ധീകരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം അക്കാലത്ത് നടന്നിരുന്നു. 

വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക് സംഘിനു സമഗ്രവും ആശയനിബദ്ധവുമായ ഒരു കാഴ്ചപ്പാടുണ്ട്. വിദ്യാഭ്യാസത്തെ ഇന്ത്യന്‍വല്‍ക്കരിക്കുകയും ദേശീയവല്‍ക്കരിക്കുകയും ആത്മീയവല്‍ക്കരിക്കുകയും (Indianise, nationalise, spiritualise) ചെയ്യുക എന്നതാണ് ആ കാഴ്ചപ്പാട്. ഇന്ത്യന്‍വല്‍ക്കരിക്കുകയെന്നാല്‍ 'ബ്രിട്ടീഷ്, മുസ്ലിം അധിനിവേശങ്ങള്‍ക്ക്' അപ്പുറമുള്ള കാലത്തെ വിജ്ഞാന പാരമ്പര്യത്തെ വീണ്ടെടുക്കുകയെന്നര്‍ത്ഥം. ദേശീയവല്‍ക്കരിക്കുകയെന്നാല്‍ തീര്‍ച്ചയായും ദേശസാല്‍ക്കരിക്കുക എന്നല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് പുതുതലമുറയുടെ മനസ്സില്‍ ആര്‍.എസ്.എസ് ഉയര്‍ത്തിപ്പിടിക്കുന്നതരം അതിദേശീയതാസങ്കല്പം ഉറപ്പിക്കുകയാണ്. ഈ രണ്ടു മുദ്രാവാക്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് വിദ്യാഭ്യാസരംഗത്തിന്റെ ആത്മീയവല്‍ക്കരണം എന്ന പദ്ധതി. 

ഡോ. വിനയ് പി സഹസ്രബുദ്ധ
ഡോ. വിനയ് പി സഹസ്രബുദ്ധ

1952 മുതല്‍ രാജ്യത്തുടനീളം നിരവധി സ്‌കൂളുകളും ഗുരുകുലങ്ങളും ആര്‍.എസ്.എസ് നടത്തിവരുന്നുണ്ട്. കിന്റര്‍ ഗാര്‍ട്ടനുകള്‍ മുതല്‍ സൈനിക് സ്‌കൂളുകള്‍വരെ. എന്നാല്‍, ഇപ്പോള്‍ രണ്ടു ദശകങ്ങളായി തുടര്‍ച്ചയായി യൂണിയന്‍ ഗവണ്‍മെന്റിന്റെ സാരഥ്യം കയ്യാളുന്നത് ബി.ജെ.പി ആയതിനാല്‍ സംഘിന്റെ വിദ്യാഭ്യാസരംഗത്തെ കര്‍മ്മപരിപാടിക്ക് കൂടുതല്‍ ചടുലതയും ഊര്‍ജ്ജസ്വലതയും ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയോ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മുന്നണിയോ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലും നേരത്തെ സൂചിപ്പിച്ച ഹിന്ദുത്വ അജന്‍ഡയനുസരിച്ച് പാഠ്യപദ്ധതികളുടെ പൊളിച്ചെഴുത്ത് തകൃതിയായി നടക്കുകയാണ്. എന്നാല്‍, ഹിന്ദു ദേശീയതയുടേയും തീവ്രമായ ഭൂരിപക്ഷവാദത്തിന്റേയും കോര്‍പ്പറേറ്റ് പ്രീണനത്തിന്റേയും കൂട്ടിയോജിപ്പിക്കലാണ് ഇപ്പോള്‍ വിദ്യാഭ്യാസരംഗത്തു നടക്കുന്നതെന്നും ഒരു ഫാഷിസ്റ്റ് സമൂഹത്തിന്റെ സൃഷ്ടിയെ ലാക്കാക്കിയാണ് ഇത്തരമൊരു നീക്കത്തെ യൂണിയന്‍ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുന്നതെന്നുമുള്ള വിമര്‍ശനം അക്കാദമിക് വിഭാഗങ്ങളില്‍നിന്നും മാധ്യമങ്ങളില്‍നിന്നും നിരന്തരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. 

മോദി ഗവണ്‍മെന്റ് ഇപ്പോള്‍ കരിക്കുലം മാറ്റങ്ങള്‍ക്കാണ് സജീവമായി മുന്‍കയ്യെടുത്തിരിക്കുന്നത്. ഡോ. വിനയ് പി. സഹസ്രബുദ്ധേ അധ്യക്ഷനായുള്ള, വിദ്യാഭ്യാസത്തിനും വനിതാ ശിശുക്ഷേമത്തിനും യുവജനകാര്യങ്ങള്‍ക്കും കായിക വികസനത്തിനുമുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്‌കൂള്‍ ടെക്സ്റ്റ് പുസ്തകങ്ങളുടെ പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ട് (Report on the Reforms in Content and Design of School Textbooks) കഴിഞ്ഞവര്‍ഷം നവംബര്‍ 30-നു സമര്‍പ്പിച്ചിരുന്നു. കരിക്കുലം സംബന്ധിച്ച ദേശീയ ചട്ടക്കൂട് രൂപീകരിക്കുന്ന പ്രക്രിയയുടെ തിരക്കിലാണ് എന്‍.സി.ഇ.ആര്‍.ടി. 

റൊമിലാ ഥാപ്പർ
റൊമിലാ ഥാപ്പർ

എല്ലാ പരിഷ്‌കരണ ശിപാര്‍ശകളുടേയും ശ്രമങ്ങളുടേയും കാതല്‍ ഒന്നുതന്നെ. സ്‌കൂള്‍ ടെക്സ്റ്റ് പുസ്തകങ്ങള്‍ അതിദേശീയതാ കാഴ്ചപ്പാടിനു അനുസൃതമായി പൊളിച്ചെഴുതുക എന്നത്. ഇന്ത്യന്‍ ജീവിതത്തിന്റെ വൈവിധ്യത്തേയും സാമൂഹികമായ ബഹുലതയേയും അംഗീകരിക്കുന്നതുമായ നമ്മുടെ മുന്‍കാല ദേശീയതാ കാഴ്ചപ്പാടിനെ നിരാകരിക്കാനാണ് ഈ പൊളിച്ചെഴുത്ത് എന്ന് റൊമിലാ ഥാപ്പറിനെപ്പോലുള്ള ചരിത്രകാരന്മാരും വിദ്യാഭ്യാസ വിചക്ഷണരും പലപ്പോഴായി വിമര്‍ശന മുന്നയിച്ചിട്ടുള്ളതാണ്. എന്നാല്‍, ഇതേ ബഹുലതയെത്തന്നെ പിടിച്ച് ആണയിട്ടാണ് ഏകമുഖവും വംശീയ സമഗ്രാധിപത്യത്തെ ഊട്ടിയുറപ്പിക്കുന്നതിനെന്നു വിമര്‍ശിക്കപ്പെട്ടിട്ടുള്ള ഇടപെടലുകള്‍ കടന്നുവരുന്നതെന്നതാണ് കൗതുകകരം. പാര്‍ലമെന്ററി കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രാരംഭത്തില്‍ത്തന്നെ അത് ഇങ്ങനെ അഭിപ്രായപ്പെടുന്നു. 

''School textbooks, in our educationals ystem, remain the easiest way of sharing a single narrative across millions of students through the multitude of diverstiy that defines our coutnry.' 

കുറച്ചുകാലങ്ങളായി ഫെഡറലിസത്തിന്റെ തത്ത്വങ്ങളെ പാടേ അവഗണിച്ചുകൊണ്ടുള്ള നിലപാടാണ് എല്ലാ മേഖലയിലുമെന്നപോലെ വിദ്യാഭ്യാസരംഗത്തും മോദി ഗവണ്‍മെന്റ് കൈക്കൊണ്ടുപോരുന്നത് എന്ന ആക്ഷേപം വ്യാപകമാണ്. സമവര്‍ത്തിപ്പട്ടികയിലുള്ള (Concurrent list) ഒരു ഇനമാണ് വിദ്യാഭ്യാസം. ഈ വസ്തുത കണക്കിലെടുക്കാതെ, 2020-ല്‍ ദേശീയ വിദ്യാഭ്യാസനയം രൂപീകരിക്കുമ്പോഴും അതിനു മുന്‍പ് കരടുനയം പ്രഖ്യാപിച്ചപ്പോഴും യൂണിയന്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു എന്ന് ആരോപണമുണ്ടായി. വികേന്ദ്രീകൃത സമീപനത്തിനു പ്രാമുഖ്യം നല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ അവഗണിക്കുകയും സര്‍വ്വവും കേന്ദ്രീകൃതമാക്കുകയും ചെയ്യുകയാണ് മോദി ഗവണ്‍മെന്റ് ചെയ്യുന്നതെന്ന് പ്രഭാത് പട്‌നായിക്ക് അടക്കമുള്ളവര്‍ നിരന്തരം ചൂണ്ടിക്കാണിക്കുകയും ചെയ്തു പോരുന്നുണ്ട്. 

വിദ്യാഭ്യാസത്തിനായുള്ള പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്കു മുന്‍പാകെ കേരളത്തിന്റെ സ്‌കൂള്‍ പാഠ്യപദ്ധതി മാറ്റണമെന്നു നിര്‍ദ്ദേശിച്ചുള്ള സംഘ്പരിവാര്‍ തിങ്ക്ടാങ്കായ പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍ നിര്‍ദ്ദേശിച്ചത് അന്നു വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഫെഡറിലിസത്തിന്റെ തത്ത്വങ്ങളെ അവഗണിക്കുന്നുവെന്നതിനു പുറമേ, വിദ്യാഭ്യാസത്തിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിനും മോദി ഗവണ്‍മെന്റിന്റെ നയങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും വ്യാപകമായ ആക്ഷേപമുണ്ട്. 

2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്‍പായി പാഠ്യപദ്ധതി ഇപ്പോള്‍ രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ വീക്ഷണത്തിന് അനുസൃതമായി പൊളിച്ചെഴുതുകയാണ് ഇപ്പോഴത്തെ വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണങ്ങളുടെ ഉള്‍പ്പൊരുള്‍ എന്നും. 

കർണാടകത്തിലെ പാഠപുസ്തക പരിഷ്കരണത്തിനെതിരെ ബം​ഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്ന്
കർണാടകത്തിലെ പാഠപുസ്തക പരിഷ്കരണത്തിനെതിരെ ബം​ഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്ന്

കൊവിഡ് അനന്തരകാലത്തെ വിദ്യാഭ്യാസ കാഴ്ചപ്പാട് 

ദ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് അടക്കമുള്ള ചില പത്രങ്ങള്‍ വിദ്യാഭ്യാസരംഗത്ത് മോദി ഗവണ്‍മെന്റ് ഇനി നടത്താനിരിക്കുന്ന ഇടപെടലുകളെ സംബന്ധിച്ച് ഈയിടെ ചില റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂള്‍ പാഠ്യപുസ്തകങ്ങളില്‍ വരുത്താനുദ്ദേശിക്കുന്ന തിരുത്തലുകളും മാറ്റങ്ങളും സംബന്ധിച്ച് ചില വസ്തുതകള്‍ അവ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. കൊവിഡ് കാലത്തെ ആവര്‍ത്തിച്ചുണ്ടായ അടച്ചിടലുകളുടെ ഫലമായി പഠനനഷ്ടം അനുഭവിക്കേണ്ടിവന്ന വിദ്യാര്‍ത്ഥികളില്‍ ഇനിയുണ്ടാകാനിടയുള്ള അമിത പഠനഭാരം ഒഴിവാക്കുകയാണത്രേ ഈ പരിഷ്‌കാരങ്ങളുടെ ലക്ഷ്യം. പാരിസ്ഥിതിക നിയന്ത്രണങ്ങളിലും തൊഴില്‍ നിയമങ്ങളിലും മറ്റും വ്യവസായികള്‍ക്ക് അനുകൂലമായി, ജനപ്രതിനിധി സഭകളെ മാനിക്കാതെ തന്നെ ഇളവുകള്‍ അനുവദിച്ചതിനു കൊവിഡ് ഒരു ന്യായീകരണമായതുപോലെത്തന്നെ വിദ്യാഭ്യാസരംഗത്തെ യഥേഷ്ടമുള്ള താല്പര്യസംരക്ഷണത്തിനു രോഗപ്പകര്‍ച്ച ഒരു മറയാകുകയാണെന്നും പറയാം. 

ചരിത്ര പാഠപുസ്തകങ്ങളെയാണ് മോദി ഗവണ്‍മെന്റ് പരിഷ്‌കാരങ്ങള്‍ക്ക് ഏറ്റവുമാദ്യം ഇരയാക്കുന്നത്. വര്‍ത്തമാനകാലത്തെ ഇടപെടലുകളിലും രാഷ്ട്രത്തിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിലും ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ നിര്‍ണ്ണായകമാണ് എന്നതിനാലാണ് ചരിത്ര പാഠപുസ്തകങ്ങളെ ഭരണാധികാരികള്‍ ലക്ഷ്യമിടുന്നത്. ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ അസ്തിത്വത്തെക്കുറിച്ചുള്ള ധാരണ രൂപീകരിക്കുന്നതിന്റെ ആദ്യഘട്ടത്തില്‍ സ്വാതന്ത്ര്യലബ്ധിയുണ്ടായ അതേ വര്‍ഷം നടന്ന ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് പ്രശസ്ത ദേശീയ ചരിത്രകാരന്‍ മുഹമ്മദ് ഹബീബ് പറഞ്ഞത്: ''പുതിയ സ്വതന്ത്ര ഇന്ത്യക്കായുള്ള ചരിത്ര രചന ലക്ഷ്യമിടേണ്ടത് ജാതി, മത, പ്രാദേശിക വൈജാത്യങ്ങള്‍ക്ക് അതീതമായി നില്‍ക്കുന്ന ഒരു ദേശീയ സമൂഹത്തിന്റെ (National Communtiy) സൃഷ്ടിയാകണം'' എന്നാണ്. ചരിത്രത്തെ ബ്രിട്ടീഷ് കാലഘട്ടമെന്നും മുസ്ലിം കാലഘട്ടമെന്നും ഇന്ത്യന്‍ ഹിന്ദുക്കളുടെ സുവര്‍ണ്ണഭൂതകാലമെന്നും വേര്‍തിരിക്കുന്ന കൊളോണിയല്‍ ചരിത്ര രചനാരീതിയെ മറികടക്കണമെന്നതാണ്. മതനിരപേക്ഷവും പുരോഗമനപരവുമായ രാഷ്ട്രനിര്‍മ്മിതിയുടെ ഭാഗമായ ചരിത്ര രചനയായിരുന്നു ഹബീബിന്റെ മനസ്സിലുണ്ടായിരുന്നത്. 

ഈയടുത്ത് ഡല്‍ഹിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ ഒരു പ്രസ്താവന ഹബീബിന്റെ അന്നത്തെ പ്രസംഗത്തെ പലരുടേയും ഓര്‍മ്മയില്‍ കൊണ്ടുവന്നു. 2014 മുതല്‍ ഒരു പുതിയ ഇന്ത്യയുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആ പുതിയ ഇന്ത്യയ്ക്ക് പുതിയ ചരിത്രം അനിവാര്യമാണെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. എന്നാല്‍, ഹബീബിന്റെ മനസ്സിലുള്ള ഒരു ഇന്ത്യയല്ല അമിത് ഷായും അദ്ദേഹത്തിന്റെ കക്ഷിയും നിര്‍മ്മിച്ചെടുക്കാനുദ്ദേശിക്കുന്നത് എന്നതു സുവ്യക്തം. 

പാര്‍ലമെന്ററി കമ്മിറ്റിയുടെ സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിലും എന്‍.സി.ഇ.ആര്‍.ടി ചര്‍ച്ചകളിലും പബ്ലിക് പോളിസി റിസര്‍ച്ച് സെന്റര്‍ നിര്‍ദ്ദേശങ്ങളിലുമൊക്കെ മുന്നിട്ടു നില്‍ക്കുന്ന ചരിത്ര പുസ്തകങ്ങള്‍ മാറ്റിയെഴുതുക എന്ന കാഴ്ചപ്പാടില്‍ സ്പഷ്ടമാകുന്നത് അതിദേശീയതയുടെ രാഷ്ട്രീയ അഭിലാഷങ്ങളാണ്. നമ്മുടെ ഭൂരിപക്ഷ വംശീയതാ രാഷ്ട്രീയത്തിന്റെ വാചാടോപങ്ങളില്‍ എല്ലായ്പോഴും മുസ്‌ലിങ്ങള്‍ പുറമേനിന്നു വന്നവരും അതിക്രമിച്ചു കയറിയവരുമാണ്. ഹിന്ദുത്വവാദികളുടെ ചരിത്രപാഠങ്ങളില്‍ യഥാര്‍ത്ഥ ഇന്ത്യ കുടികൊള്ളുന്നത് അതിന്റെ പൗരാണികമായ മഹിമയിലാണ്. ഹിന്ദു സുവര്‍ണ്ണഭൂതകാലത്തിലാണ്. നമ്മുടെ ദേശീയ നായകരെക്കുറിച്ചുള്ള വളച്ചൊടിക്കലുകളും ചരിത്രത്തിനു നിരക്കാത്ത വിവരണങ്ങളും നീക്കം ചെയ്യാനാണ് ഗവണ്‍മെന്റ് നിയോഗിച്ചിട്ടുള്ള പാനലുകളും വിദഗ്ദ്ധസമിതികളുമൊക്കെ നിര്‍ദ്ദേശിക്കുന്നത്. വിവിധതരം വര്‍ഗ്ഗസമൂഹങ്ങള്‍ (Class societies) ഉയര്‍ന്നുവരുന്നതിലും ഉപജീവനാര്‍ത്ഥമുള്ള മനുഷ്യാധ്വാനത്തിലുമാണ് (Human labour) ചരിത്രത്തിലെ മാറ്റങ്ങളുടെ വേരുകളിരിക്കുന്നത് എന്നതാണ് ശാസ്ത്രീയവീക്ഷണമെങ്കില്‍ ഹിന്ദുത്വവാദികളടക്കമുള്ള സാംസ്‌കാരിക രാഷ്ട്രീയക്കാരുടെ കണ്ണില്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്കു പിറകിലെ നിര്‍ണ്ണായക ശക്തി അക്രമമാണ്. അധിനിവേശങ്ങളും യുദ്ധങ്ങളും രക്തച്ചൊരിച്ചിലുമാണ്. ഒരു അമര്‍ചിത്രകഥ വായിക്കുംപോലെയോ പുരാണ സീരിയലുകള്‍ കാണുംപോലെയോ ലളിതം. അവിടെ എപ്പോഴും വെന്നിക്കൊടി നാട്ടുന്ന പൗരുഷം ആഘോഷിക്കപ്പെടുകയും പരാജയം നാണക്കേടായി വിലയിരുത്തപ്പെടുകയും ചെയ്യുന്നവെന്ന് ചരിത്രാദ്ധ്യാപികയും എഴുത്തുകാരിയുമായ അനുഭൂതി മൗര്യ അഭിപ്രായപ്പെടുന്നു. (റീ റൈറ്റിംഗ് ഓള്‍ഡ് ഹിസ്റ്ററി ഫോര്‍ എ ന്യൂ ഇന്‍ഡ്യ, ദ ഹിന്ദു, ജൂണ്‍ 27). ഹിന്ദുത്വവാദികളുടെ ചരിത്രപാഠങ്ങള്‍ എല്ലായ്പോഴും വീരന്മാരിലും രാജാക്കന്മാരിലും സൈന്യശക്തിയിലും ഊറ്റംകൊള്ളുന്നു. ഈ കാഴ്ചപ്പാടിനു മുന്‍തൂക്കം നല്‍കുന്നതാണ് പുതിയ ചരിത്ര പാഠപുസ്തകങ്ങള്‍. 

ബൊമ്മൈ സർക്കാർ നിയോ​ഗിച്ച പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയുടെ തലവൻ രോഹിത് ചക്രതീർത്ഥ
ബൊമ്മൈ സർക്കാർ നിയോ​ഗിച്ച പാഠപുസ്തക പരിഷ്കരണ കമ്മിറ്റിയുടെ തലവൻ രോഹിത് ചക്രതീർത്ഥ

കര്‍ണാടകയുടെ ഉദാഹരണം 

ഹിന്ദുത്വ അജന്‍ഡയ്ക്കനുസരിച്ച് പാഠ്യപദ്ധതി പൊളിച്ചെഴുതാനും പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതാനുമൊക്കെയുള്ള ശ്രമങ്ങള്‍ പലപ്പോഴായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍കാലങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും മോദി ഗവണ്‍മെന്റിന്റെ ദേശീയ വിദ്യാഭ്യാസനയം ഇദംപ്രഥമമായി നടപ്പാക്കുന്നത് കര്‍ണാടകയിലാണ്. കര്‍ണാടകയില്‍ ഈയിടെ അരങ്ങേറിയ പാഠപുസ്തകവിവാദം വിദ്യാഭ്യാസരംഗത്തെ ഹിന്ദുത്വ അജന്‍ഡയ്ക്കനുസരിച്ച് പരിഷ്‌കരിക്കാനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. പാഠപുസ്തക പരിഷ്‌കരണസമിതിയുടെ ചില നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമായതിനെത്തുടര്‍ന്നായിരുന്നു കര്‍ണാടകയിലെ ഈ പൊളിച്ചെഴുത്ത്. 2020-ല്‍ മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയ്ക്ക് കര്‍ണാടക സംസ്ഥാന ബ്രാഹ്മണ വികസന ബോര്‍ഡ് സമര്‍പ്പിച്ച നിവേദനമായിരുന്നു പാഠപുസ്തക പരിഷ്‌കരണത്തിനു തുടക്കം. ആറാം ക്ലാസ്സിലെ സാമൂഹ്യപാഠത്തിലെ ചില പരാമര്‍ശങ്ങള്‍ ബ്രാഹ്മണവിരുദ്ധമാണെന്നും അതു നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം നിവേദനത്തിലുണ്ടായിരുന്നു. വേദകാലഘട്ടത്തിലെ മൃഗബലിയും യാഗങ്ങള്‍ക്കായി ഭക്ഷ്യധാന്യങ്ങളും പാലും നെയ്യും ഉപയോഗിച്ചതും ഭക്ഷ്യക്ഷാമത്തിനു കാരണമായെന്നും സംസ്‌കൃതഭാഷയെ സാധാരണ ജനം പുരോഹിതന്മാരുടെ ഭാഷ മാത്രമായിട്ടു വീക്ഷിച്ചുവെന്നുമുള്ള പരാമര്‍ശങ്ങളായിരുന്നു പ്രകോപനം. തുടര്‍ന്ന് ഗവണ്‍മെന്റ് രോഹിത് ചക്രതീര്‍ത്ഥ എന്ന സംഘ്പരിവാര്‍ സഹയാത്രികനെ അദ്ധ്യക്ഷനാക്കി ഒരു സമിതിയെ പാഠപുസ്തക പരിഷ്‌കരണത്തിനായി നിയോഗിച്ചു. 2022 മാര്‍ച്ചില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ബ്രാഹ്മണ വിരുദ്ധമെന്ന് ആക്ഷേപിക്കപ്പെട്ട പഠാഭാഗത്തിനു പുറമേ പുതിയ മതങ്ങളുടെ ഉദ്ഭവം, ക്രൈസ്തവമതവും ഇസ്‌ലാമും എന്നിവയും ഒഴിവാക്കി. കന്നഡ ഭാഷയിലുള്ള പാഠപുസ്തകങ്ങളിലാണ് പരിഷ്‌കാരം ഉണ്ടായത്. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ ഭാഗങ്ങള്‍ മെയ് 23-ന് ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും ചെയ്തു. 

ഭഗത്സിംഗ്, ടിപ്പു സുല്‍ത്താന്‍, നാരായണഗുരു, ഇ.വി. രാമസ്വാമി നായ്ക്കര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരെക്കുറിച്ചുള്ള പാഠങ്ങള്‍ വക്രീകരിച്ചെന്നും ആരോപണമുണ്ട്. ഇവരില്‍ ചിലരെ പരിപൂര്‍ണ്ണമായി ഒഴിവാക്കുകയും ചെയ്തു. അംബേദ്കറിനെക്കുറിച്ചുള്ള ഭരണഘടനാശില്പി എന്ന വിശേഷണം ഒഴിവാക്കി. അയിത്തോച്ചാടനത്തിനു അദ്ദേഹം നല്‍കിയ സംഭാവനകളും.

ബസവേശ്വരയുടെ ജീവിതത്തിലെ പ്രധാന ഭാഗം തന്നെ പാഠപുസ്തകത്തില്‍ നിന്നൊഴിവാക്കിയതാണ് മറ്റൊരു പരിഷ്‌കാരം. ഉപനയനത്തിനുശേഷം അദ്ദേഹം തന്റെ പൂണൂല്‍ വലിച്ചെറിഞ്ഞ് കുടലസംഗമയിലേക്ക് പോയി എന്ന ഒന്‍പതാം ക്ലാസ്സിലെ പാഠഭാഗം കുടലസംഗമയിലേക്ക് പോയി എന്നായി. ഇങ്ങനെ ബസവേശ്വരയെ സംബന്ധിച്ച നിരവധി പാഠഭാഗങ്ങളിലും മാറ്റമുണ്ടായി. കന്നഡ കവി മഹാകവി കുവെമ്പുവിനെക്കുറിച്ചുള്ള പാഠങ്ങളിലും മാറ്റമുണ്ടായി. ആര്‍.എസ്.എസ്സിന്റെ സ്ഥാപകനായ കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ആരായിരിക്കണം യഥാര്‍ത്ഥ ആദര്‍ശമാതൃക എന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിനും മറ്റു ചില വലതുപക്ഷ എഴുത്തുകാരുടേയും രചനകള്‍ക്കും ഇടം കണ്ടെത്തുന്നതിന് സാറ അബൂബക്കര്‍, പി. ലങ്കേഷ്, എ.എന്‍. മൂര്‍ത്തി റാവു എന്നിവരുടെ കൃതികള്‍ ഒഴിവാക്കുകയും പാഠപുസ്തക പരിഷ്‌കരണത്തിന്റെ ഭാഗമായി ചരിത്രത്തിന്റെ നിരവധി ആര്‍.എസ്.എസ് ഭാഷ്യങ്ങള്‍ തിരുകിക്കയറ്റപ്പെട്ടു. 

കര്‍ണാടകയില്‍ ഉണ്ടായ പാഠപുസ്തക പരിഷ്‌കരണം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. വൊക്കലിഗ, ലിംഗായത്ത്, ദലിത് സമുദായങ്ങളും പുരോഗമനവാദികളും ശക്തമായ പ്രതിഷേധമുയര്‍ത്തിയതിനെത്തുടര്‍ന്നു മിക്ക മാറ്റങ്ങളും ഗവണ്‍മെന്റിന് പിന്‍വലിക്കേണ്ടിവന്നു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേച്ചൊല്ലി വിവിധ വിഭാഗങ്ങളില്‍ ഉണ്ടായ വികാരം തങ്ങള്‍ക്കെതിരെയായി പ്രതിഫലിക്കും എന്ന ഭയാശങ്കയായിരുന്നു ബി.ജെ.പിയെ ഈ ഉദ്യമത്തില്‍നിന്നും പിന്‍വലിയാന്‍ പ്രേരിപ്പിച്ചത്. നിലവിലുള്ള ജനാധിപത്യ സംവിധാനമാണ് ഹിന്ദുത്വ അജന്‍ഡയ്ക്ക് ഏറ്റവും വലിയ തടസ്സമാകുന്നത് എന്നതിന് ഉത്തമനിദര്‍ശനമാണ് കര്‍ണാടകയിലെ പാഠപുസ്തക വിവാദം.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com