'മോദിയല്ല, അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയത്'

ബി.ജെ.പി സര്‍ക്കാരിലെ ഒരു മന്ത്രി ഈ വിധം ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിനോട് അനുകൂലമായി പ്രതികരിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് അദ്ദേഹം എഴുതിയത്
'മോദിയല്ല, അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയത്'

പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷത്തിനു സാധിച്ചത് 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ വലിയ രാഷ്ട്രീയ നീക്കമായി കണക്കാക്കാമോ? 

ഞാന്‍ അങ്ങനെയാണ് കരുതുന്നത്. മമതാ ബാനര്‍ജി, ശരത് പവാര്‍ എന്നിവരുടെ ക്ഷണത്തോട് നിരവധി പാര്‍ട്ടികള്‍ അനുകൂലമായി പ്രതികരിച്ചത് അതിനൊരു കാരണമാണ്. അവര്‍ ഒന്നിച്ചു നില്‍ക്കുകയും സംയുക്ത സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുകയും ചെയ്തു. ഇതു നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന സംഭവവികാസമാണ്. നിരവധി മുതിര്‍ന്ന നേതാക്കളാണ് എന്റെ നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് ഒപ്പം വന്നത്. അതു കാണിക്കുന്നത് ഇതൊരു ഒറ്റത്തവണ യത്‌നമല്ല എന്നും അവര്‍ ഇതില്‍ ഉറച്ചുനില്‍ക്കും എന്നുമാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം നിലനില്‍ക്കുമെന്ന കാര്യത്തില്‍ എനിക്കു യാതൊരു സംശയവുമില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പുകൊണ്ട് ഈ ഐക്യം അവര്‍ അവസാനിപ്പിക്കില്ല.

എതിര്‍ സ്ഥാനാര്‍ത്ഥി ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് എന്നത് ഏറ്റവും ഗൗരവമുള്ള ഒരു വിഷയമല്ലേ. ആദിവാസിയും സ്ത്രീയുമായ ഒരു സ്ഥാനാര്‍ത്ഥിയെ എതിര്‍ക്കേണ്ടിവരുന്നു? 

അതൊരു ഗൗരവമുള്ള വിഷയമാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഇതിനു മുന്‍പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ മറ്റു പാര്‍ട്ടികള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കിയിരുന്നു, മീരാ കുമാര്‍. ബി.ജെ.പി അവര്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും ആ തെരഞ്ഞെടുപ്പില്‍ അവരെ തോല്‍പ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള ഒരു വനിതാ നേതാവിനെ തോല്‍പ്പിക്കാന്‍ എന്‍.ഡി.എ തയ്യാറായത്? അതൊരു പ്രധാന ചോദ്യമാണ്; മീരാ കുമാറിനെ പൊതു സ്ഥാനാര്‍ത്ഥിയാക്കി മത്സരം ഒഴിവാക്കാന്‍ അവര്‍ അന്നു തയ്യാറായില്ലല്ലോ. ഇതിപ്പോള്‍ ബി.ജെ.പിയുടെ പ്രോപ്പഗാണ്ടയാണ്, ഒരു ആദിവാസി സ്ത്രീയെ ഞങ്ങളിതാ മത്സരിപ്പിക്കുന്നു എന്നത്. ഇതു സ്ഥാനാര്‍ത്ഥിയുടെ സ്വത്വവുമായി ബന്ധപ്പെട്ട പോരാട്ടമല്ല. അവര്‍ ആരാണ് അല്ലെങ്കില്‍ ഞാന്‍ ആരാണ് എന്നത് പ്രധാമല്ല. ആശയപരമാണ് ഈ പോരാട്ടം. അവര്‍ പ്രതിനിധീകരിക്കുന്ന ആശയമെന്താണ്? ഞാന്‍ പ്രതിനിധീകരിക്കുന്നത് എന്താണ്? അവരുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് അവരല്ല, അവരെ അടുത്തുനിര്‍ത്തി പ്രധാനമന്ത്രിയാണ് അതു ചെയ്തത്. അതില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം, രാഷ്ട്രപതി ഭവനില്‍ ഒരു സ്വതന്ത്ര രാഷ്ട്രപതിയല്ല ഉണ്ടാവുക എന്നും അവര്‍ ഭരണാധികാരികളുടെ തടവുകാരിയായിരിക്കും എന്നുമാണ്. നമുക്കു രാഷ്ട്രപതിയായി വേണ്ടത് രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിയെയാണ്. സര്‍ക്കാര്‍ ഭരണഘടനാ ലംഘനം നടത്തുമ്പോള്‍ അതു ബോധ്യപ്പെടുത്താന്‍ കഴിയുന്ന, അങ്ങനെ ചെയ്യുന്നതില്‍ ഭയപ്പെടാത്തയാള്‍ ആകണം രാഷ്ട്രപതി. ഭരണഘടനയുടെ നിഷ്പക്ഷ സംരക്ഷകനായി വര്‍ത്തിക്കുന്ന ഒരു രാഷ്ട്രപതിയെ ആവശ്യമാണ്. സര്‍ക്കാരോ മറ്റ് അധികാര സ്ഥാപനങ്ങളോ ഭരണഘടനാ തത്ത്വങ്ങളില്‍നിന്നു വ്യതിചലിക്കുമ്പോഴെല്ലാം രാഷ്ട്രപതിക്കു സ്വന്തമായി ഒരു തീരുമാനം ഉണ്ടായിരിക്കുകയും അതു മനസ്സാക്ഷിയോടെ, ഭയമോ പ്രീതിയോ കൂടാതെ ഉപയോഗിക്കുകയും വേണം. നമ്മുടെ ഭരണഘടനാ ശില്പികളുടെ മഹത്തായ വീക്ഷണത്തിനനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രപതിയായിരിക്കുമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ക്കു ഞാന്‍ ഉറപ്പു നല്‍കുന്നു. 

ദ്രൗപതി മുർമു
ദ്രൗപതി മുർമു

നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും താല്പര്യമില്ല എന്നതുകൊണ്ടുകൂടിയാണോ അവര്‍ സ്ഥാനാര്‍ത്ഥിയുടെ സ്വത്വത്തില്‍ ഊന്നുന്നത്? 

എട്ടു വര്‍ഷമായി അവര്‍ ഓരോന്നു വരുത്തിവയ്ക്കുകയല്ലേ രാജ്യത്ത്. പിന്നെങ്ങനെ അവര്‍ക്കു നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ താല്പര്യമുണ്ടാകും? അതുകൊണ്ട് അവര്‍ക്കു മറയ്ക്കാനുള്ളതൊക്കെ ഈ പാവപ്പെട്ട സ്ത്രീയുടെ ഐഡന്റിറ്റിക്കു പിന്നില്‍ മറച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. നോട്ടുനിരോധനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക അഴിമതിയായിരുന്നു. അതിലൂടെ കള്ളപ്പണം മുഴുവന്‍ വെളുപ്പിക്കാന്‍ അവസരം കൊടുത്തു. ഇന്ന്, മതേതരത്വം മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ മറ്റെല്ലാ തത്ത്വങ്ങളും ഗുരുതര ഭീഷണിയിലാണ്. സാമൂഹിക-സാമ്പത്തിക അസമത്വം സങ്കല്പിക്കാനാവാത്ത തലത്തിലേക്ക് വികസിച്ചു. സമാനതകളില്ലാത്ത വിലക്കയറ്റം മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണ്. തൊഴിലവസരങ്ങളുടെ അഭാവം നമ്മുടെ ദശലക്ഷക്കണക്കിനു യുവാക്കളുടെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങള്‍ കാരണം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ദീര്‍ഘകാല മാന്ദ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം, ലോക ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും അഹിംസാത്മകവുമായ പ്രക്ഷോഭം നടത്താന്‍ നമ്മുടെ കഠിനാദ്ധ്വാനികളായ കര്‍ഷകര്‍ നിര്‍ബ്ബന്ധിതരായി. കേന്ദ്രം ഇന്ത്യയുടെ ഫെഡറല്‍ ഘടനയ്‌ക്കെതിരെ ക്രൂരമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറി. ഏറ്റവും മോശം, കേന്ദ്രസര്‍ക്കാര്‍ പണാധികാരവും ഇഡി, സി.ബി.ഐ, തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഗവര്‍ണറുടെ ഓഫീസ്, മറ്റു സ്ഥാപനങ്ങള്‍ എന്നിവ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവര്‍ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരായ ആയുധങ്ങളായി ദുരുപയോഗം ചെയ്യുന്നു. ശിവസേന-എന്‍.സി.പി കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തിയ മഹാരാഷ്ട്രയിലെ ഇപ്പോഴത്തെ ദുരൂഹ സംഭവങ്ങളില്‍നിന്ന് ഇതു വ്യക്തമാണ്. 

ജയപ്രകാശ് നാരായണൻ
ജയപ്രകാശ് നാരായണൻ

തുടക്കത്തില്‍ താങ്കളെ പിന്തുണയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്ന ചില പാര്‍ട്ടികളെ മാറ്റാന്‍ ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഇടയാക്കിയതിനെ എങ്ങനെ കാണുന്നു? 

അക്കങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ എനിക്ക് അനുകൂലമല്ല എന്നു പലരും പറയുന്നു. എല്ലാ തെരഞ്ഞെടുപ്പും അക്കങ്ങളുടെ കളിയല്ല. ഇനി അങ്ങനെയാണെങ്കില്‍ത്തന്നെ പ്രചാരണം അവസാനിക്കുമ്പോള്‍ അക്കങ്ങള്‍ അനുകൂലമാകും. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെ.എം.എം) എന്നെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ആം ആദ്മി പാര്‍ട്ടിയുമായി ആശയവിനിമയം നടത്തുകയാണ്.

നരേന്ദ്ര മോദി
നരേന്ദ്ര മോദി

അടിയന്തരാവസ്ഥയുടെ ഒരു വാര്‍ഷികദിനം കൂടി കഴിഞ്ഞ ദിവസം കടന്നുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി നേതാക്കളും ജനാധിപത്യത്തെക്കുറിച്ചും അടിയന്തരാവസ്ഥയ്‌ക്കെതിരേയും നിരന്തരം സംസാരിക്കാറുണ്ട്. അതില്‍ അവര്‍ക്ക് എത്രത്തോളം ആത്മാര്‍ത്ഥതയുണ്ട് എന്നാണ് കരുതുന്നത്? 

മോദിയല്ല അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയത്. ബി.ജെ.പിയുടെ മറ്റു നേതാക്കളും മറ്റു രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമാണ്. പ്രത്യേകിച്ചും ജയപ്രകാശ് നാരായണന്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഇപ്പോള്‍ വെറും വര്‍ത്തമാനം പറയുന്നതില്‍ കാര്യമൊന്നുമില്ല. മാത്രമല്ല, ഇന്നിപ്പോള്‍ അടിയന്തരാവസ്ഥാ സാഹചര്യം തുടരുകയുമാണ്. അവര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ വിശ്വസിക്കുന്നു എന്ന സൂചനകള്‍ നല്‍കുന്ന വിധമാണ് നിലവിലെ യാഥാര്‍ത്ഥ്യം. രാജ്യത്ത് വീണ്ടുമൊരു അടിയന്തരാവസ്ഥ സാധ്യമല്ലാത്തതുകൊണ്ടാണ് അത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ നമ്മള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭരണകക്ഷിയുടെ പ്രചാരണം ലോകമെമ്പാടുമുള്ള മുസ്ലിം രാജ്യങ്ങളുമായും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യയുടെ ബന്ധത്തെ സാരമായി ബാധിച്ചുവെന്നത് എല്ലാ ഇന്ത്യക്കാരേയും പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളേയും ആഴത്തില്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യയുടെ സുപ്രധാന ദേശീയ താല്പര്യങ്ങളോടും നിര്‍ണ്ണായകമായ വിദേശ ബന്ധങ്ങളോടുമുള്ള കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സമീപനം എത്ര നിരുത്തരവാദപരവും അനുതാപമില്ലാത്തതും ആണെന്ന് ഇതു കാണിക്കുന്നു.
 

ടീസ്ത സെറ്റൽവാദ്
ടീസ്ത സെറ്റൽവാദ്

സാമൂഹിക പ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദിനേയും മുന്‍ ഗുജറാത്ത് എ.ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനേയും അറസ്റ്റു ചെയ്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ പ്രതിപക്ഷത്തിനു സാധിച്ചില്ല എന്നു കരുതുന്നുണ്ടോ?  

പ്രതിപക്ഷം അക്കാര്യത്തില്‍ ശക്തമായ നിലപാടില്‍ത്തന്നെയാണ്. വളരെ നിര്‍ഭാഗ്യകരമാണ് ഈ അറസ്റ്റുകള്‍. സാകിയാ ജെഫ്രിയുടെ ഹര്‍ജിയിലെ സുപ്രീംകോടതി വിധി വന്ന തൊട്ടുപിന്നാലെ, ആ വിധിയിലെ പരാമര്‍ശം ഉപയോഗപ്പെടുത്തി അവരെ രണ്ടുപേരെയും ഉടനടി അറസ്റ്റു ചെയ്യുകയായിരുന്നു. സുപ്രീം കോടതി വിധി ഒട്ടും തന്നെ സന്തോഷം തരുന്നതല്ല. ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരില്‍ ഒരാളായ മുഹമ്മദ് സുബൈറിനെ ഒരു സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്. പൊതുരംഗത്തു നില്‍ക്കുന്ന ആളുകളെ ഈ വിധം കേസില്‍പ്പെടുത്തുന്നത് നിര്‍ഭാഗ്യകരവും ജനാധിപത്യത്തില്‍ ചെയ്യാന്‍ പാടില്ലാത്തതുമാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ രണ്ട് മതഭ്രാന്തന്മാര്‍ ഒരാളെ തലയറുത്ത് കൊന്നതിനെ ശക്തമായും അസന്ദിഗ്ദ്ധമായും അപലപിക്കാനും ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. 
 

ആർബി ശ്രീകുമാർ
ആർബി ശ്രീകുമാർ

എ.ബി. വാജ്പേയി, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ നയിച്ചിരുന്ന കാലത്തെ ബി.ജെ.പിയുടേയും നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന ബി.ജെ.പിയുടേയും സമീപനത്തിലെ വ്യത്യാസമെന്താണ്? 

വാജ്പേയിയുമായും അദ്വാനിയുമായും വ്യക്തിപരമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഞാന്‍. ആ ബി.ജെ.പി വ്യത്യസ്തമായ ഒരു പാര്‍ട്ടിയായിരുന്നു, പരിപൂര്‍ണ്ണമായും വ്യത്യസ്തമായ പാര്‍ട്ടി. ഈ ബി.ജെ.പി പുതിയ ഒരു പാര്‍ട്ടിയാണ്. ഇത് അന്നത്തെ അതേ പാര്‍ട്ടിയല്ല. ആ ബി.ജെ.പിയും അതിന്റെ നേതൃത്വവും ഇന്നത്തെ ബി.ജെ.പിയും ഇതിന്റെ നേതൃത്വവും തമ്മില്‍ യാതൊരു താരതമ്യവുമില്ല. 

എബി വാജ്പേയ്
എബി വാജ്പേയ്

പക്ഷേ, ബി.ജെ.പി അന്നുമിന്നും പ്രതിനിധീകരിക്കുന്നത് ഹിന്ദുത്വ വര്‍ഗ്ഗീയ രാഷ്ട്രീയമല്ലേ. അത് എങ്ങനെ മറച്ചുവയ്ക്കാനാകും? 

എനിക്കു പറയാന്‍ കഴിയുന്ന ഒരേയൊരു കാര്യം, വാജ്പേയി നേതാവായിരുന്നപ്പോള്‍ പ്രത്യേകിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഭരിച്ചിരുന്നപ്പോള്‍ ബി.ജെ.പി സെക്കുലര്‍ പാര്‍ട്ടിയായിരിക്കണം എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നതാണ്. അധികാരത്തിലിരിക്കുമ്പോഴാണ് കൃത്യമായും അത്തരം പ്രതിബദ്ധത അളക്കപ്പെടുന്നത്. പുറത്തു നില്‍ക്കുമ്പോള്‍ പലരും പല നിലപാടും സ്വീകരിച്ചേക്കാം. ആ ഗവണ്‍മെന്റ് സമവായത്തില്‍ വിശ്വസിച്ചിരുന്നു. എല്ലാ സുപ്രധാന വിഷയങ്ങളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണം ഉണ്ടായപ്പോള്‍ വാജ്പേയി ആദ്യം വിളിച്ചത് സോണിയാ ഗാന്ധിയെയാണ്. അതായിരുന്നു അദ്ദേഹത്തിന്റെ സമീപനം.

ഞാന്‍ വാജ്പേയി സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ ഇ.കെ. നായനാര്‍ ആയിരുന്നു കേരള മുഖ്യമന്ത്രി. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ടു പ്രത്യേകമായ ചില കാര്യങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ എന്നെ സമീപിച്ചു. ആ കാര്യത്തില്‍ വേഗത്തില്‍ത്തന്നെ കേരളത്തിന് അനുകൂലമായ നടപടി ഞങ്ങള്‍ സ്വീകരിച്ചു. അതിനു തൊട്ടുപിന്നാലെ മുഖ്യമന്ത്രി നായനാര്‍ എനിക്കു മനോഹരമായ ഒരു കത്ത് എഴുതി. ബി.ജെ.പി സര്‍ക്കാരിലെ ഒരു മന്ത്രി ഈ വിധം ഇടതുപക്ഷ സര്‍ക്കാരിന്റെ ഇടപെടലിനോട് അനുകൂലമായി പ്രതികരിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല എന്നാണ് അദ്ദേഹം എഴുതിയത്. അതായത്, വാജ്പേയി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത് ഒരുതരത്തിലുള്ള വിവേചനവുമില്ലാതെയായിരുന്നു. സത്യത്തില്‍ ബി.ജെ.പി ഇതര സര്‍ക്കാരുകളോട് ഞങ്ങള്‍ കുറച്ചധികം അനുകൂല സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പി ഇതര സര്‍ക്കാരുകളെ വീഴ്ത്തുക എന്നതല്ലായിരുന്നു ഞങ്ങളുടെ ജോലി. 

കേരളത്തിന്റെ സമ്പൂര്‍ണ്ണ പിന്തുണ ഏതുവിധം രാഷ്ട്രീയമായി ഗുണം ചെയ്യും എന്നാണ് കരുതുന്നത്? 

കേരളം ഒരു വേറിട്ട സംസ്ഥാനമാണ്. മതനിരപേക്ഷതയുടെ തിളങ്ങുന്ന ഉദാഹരണം. മുന്നണി രാഷ്ട്രീയം, സാമുദായിക സൗഹാര്‍ദ്ദം തുടങ്ങി നിരവധി കാര്യങ്ങളില്‍ രാജ്യത്തിനു മാതൃക. എന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും എല്ലാ കക്ഷികളും മതനിരപേക്ഷതയോടും ജനാധിപത്യം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയോടുമുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിച്ചത്. എല്‍.ഡി.എഫിലേയും യു.ഡി.എഫിലേയും 100 ശതമാനം എം.പിമാരും എം.എല്‍.എമാരും ഭിന്നതകള്‍ മാറ്റിവച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്നത് ചെറിയ കാര്യമല്ല. കേരളം അങ്ങനെ ബി.ജെ.പിയുടെ കടന്നുകയറ്റം പ്രതിരോധിക്കുന്നതിനുള്ള ദേശീയ മുന്നേറ്റത്തിനു തുടക്കം കുറിക്കുകയാണ്. മതസൗഹാര്‍ദ്ദ കാര്യത്തില്‍ എനിക്ക് കേരളത്തോട് വലിയ ബഹുമാനവും ആദരവുമുണ്ട്. ഇത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും അനുകരിക്കേണ്ടതാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി വര്‍ഗ്ഗീയ വിദ്വേഷത്തിന്റേയും ധ്രുവീകരണത്തിന്റേയും നയങ്ങള്‍ നഗ്‌നമായി പ്രയോഗിക്കുമ്പോള്‍, മതേതരത്വവും സാമൂഹിക ഐക്യവും വിട്ടുവീഴ്ചയില്ലാതെ എങ്ങനെ സംരക്ഷിക്കാമെന്ന് കേരളത്തിലെ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തെളിയിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ കേരളം നിര്‍ണ്ണായക പങ്ക് വഹിക്കുകയാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com