വികാരങ്ങളുടെ തീക്ഷ്ണതയും വിപ്ലവാവേശവും അത്രമേല്‍ തീവ്രമായിരുന്നു ഷെല്ലിയില്‍

കാല്പനികതയിലെ വിപ്ലവംകൊണ്ടും വിപ്ലവത്തിലെ കാല്പനികതകൊണ്ടും സാഹിത്യപ്രേമികളെ ത്രസിപ്പിച്ച ഷെല്ലിയുടെ ഓര്‍മ്മകള്‍ക്ക്  ഇക്കഴിഞ്ഞ ജൂലൈ എട്ടിന് 200 ആണ്ടുകള്‍ തികഞ്ഞു
വികാരങ്ങളുടെ തീക്ഷ്ണതയും വിപ്ലവാവേശവും അത്രമേല്‍ തീവ്രമായിരുന്നു ഷെല്ലിയില്‍

'If every event which occurred could be given a name, there would be no need for stori-es' 
-John Berger

ബെര്‍ജറുകളുടെ ഈ വാക്കുകള്‍ സാഹിത്യത്തിന്റെ ഭിന്നപ്രകാരങ്ങള്‍ക്കൊക്കെ ബാധകമാണ്; കവിതയ്ക്ക് വിശേഷിച്ചും. സാമാന്യമായ അര്‍ത്ഥത്തിന്റെ വിനിമയംകൊണ്ട് അടയാളപ്പെടുത്താനാകാത്ത അനുഭവങ്ങളെ കവിത കോറിയിടുമ്പോള്‍, അതിനു സവിശേഷമായ ഭാവഭംഗിയും ഇന്ദ്രിയാനുഭൂതിയും സംഗതമാകുന്നു. ഇതിനെ കെട്ടഴിച്ചുവിട്ട് അനുഭൂതി മണ്ഡലങ്ങളുടെ പ്രപഞ്ചങ്ങള്‍ സൃഷ്ടിച്ചവരാണ് കാല്പനിക കവിതകള്‍, ഇംഗ്ലീഷിലെപ്പോലെ മലയാളത്തിലും. അത്തരത്തില്‍ കാല്പനികതയുടെ തിരയിളക്കംകൊണ്ട് മലയാള കാവ്യാസ്വാദകരേയും വിസ്മയിപ്പിച്ച ഇംഗ്ലീഷ് കവി പി.ബി. ഷെല്ലിയുടെ ഓര്‍മ്മകള്‍ വീണ്ടും നമ്മെ ഉണര്‍ത്തുകയാണ്. കാല്പനികതയിലെ വിപ്ലവംകൊണ്ടും വിപ്ലവത്തിലെ കാല്പനികതകൊണ്ടും സാഹിത്യപ്രേമികളെ ത്രസിപ്പിച്ച, ഷെല്ലിയുടെ ഓര്‍മ്മകള്‍ വീണ്ടും നമ്മെ തഴുകിയെത്തുകയാണ്. ഷെല്ലിയുടെ ഓര്‍മ്മകള്‍ക്ക് ഈ ജൂലൈ എട്ടിന് 200 ആണ്ടുകള്‍ തികയുകയാണ്. കാല്പനിക പ്രപഞ്ചത്തിന്റെ മാസ്മരികത അതിരുകള്‍ ഭേദിച്ച് ആടിത്തിമിര്‍ക്കുന്നതിനു മുന്‍പേ കാലം കവര്‍ന്നെടുത്ത ദുരന്തസ്മരണയാണ് ഷെല്ലിയുടേത്. നമ്മുടെ മഹാകവി കുമാരനാശാനെപ്പോലെ, ബോട്ടപകടത്തില്‍ കടലിന്റെ ആഴങ്ങളില്‍ പൊലിഞ്ഞുപോയ കാവ്യതാരകം. കുമാരനാശാന്‍ 51ാം വയസ്സിലായിരുന്നു ദുരന്തം ഏറ്റുവാങ്ങിയതെങ്കില്‍, ഷെല്ലി മുങ്ങിമരിക്കുമ്പോള്‍ 30 വയസ്സുപോലും തികഞ്ഞിരുന്നില്ല. ബഷീര്‍ പറയുന്നതുപോലെ 'ഹൃദയം പ്രേമസുരഭിലവും ജീവിതം യൗവ്വന തീക്ഷ്ണവുമായ കാലം', അതിന്റെ അഴകുകള്‍ നിറഞ്ഞു വിലസിക്കുന്നതിനു മുന്‍പേ തന്നെ അസ്തമിക്കുകയായിരുന്നു.

കാല്പനികതയുടെ ഉദയം 

18ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ നിലനിന്നിരുന്ന കാവ്യരചനയിലെ സവിശേഷമായ നിബന്ധനകളുടേയും ചട്ടങ്ങളുടേയും സാമ്പ്രദായിക രീതികളെ കുടഞ്ഞെറിഞ്ഞുകൊണ്ടായിരുന്നു കാല്പനിക കവിതകള്‍ ചുവടുവെച്ചു തുടങ്ങിയത്. ക്ലബ്ബുകളുടേയും കോഫി ഹൗസുകളുടേയും ചുമരുകള്‍ക്കുള്ളില്‍ വട്ടമിട്ടു പറക്കുകയായിരുന്ന ലണ്ടന്‍ നഗരത്തിന്റെ സാമൂഹ്യരാഷ്ട്രീയ ജീവിതമായിരുന്നു അന്ന് കവിതയുടെ വിഷയം. നഗരജീവിതത്തിന്റെ ചുറ്റുവട്ടങ്ങളില്‍ അഭിരമിക്കുകയായിരുന്നു അന്നത്തെ കവിത. 'നാട്യപ്രധാനം നഗരം ദരിദ്രം' എന്നു പാടിയ കുറ്റിപ്പുറത്ത് കേശവന്‍നായരെ ഓര്‍മ്മപ്പെടുത്തുന്ന മട്ടിലുള്ള നാഗരിക ജീവിതത്തിന്റെ ഇത്തിരി വട്ടത്തിലാണ് കവിത പാറിപ്പറന്നത്. 

വില്ല്യം വേഡ്സ്വർത്ത്
വില്ല്യം വേഡ്സ്വർത്ത്

എന്നാല്‍, 18ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാല്പനിക കവിതയുടെ മിന്നലാട്ടം വില്യം വേഡ്‌സ്‌വര്‍ത്തി(1770-1850)ലൂടെയും സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജി(1772-1834)ലൂടെയും കണ്ടുതുടങ്ങിയതോടെ പുതിയൊരു ഭാവുകത്വം അനുഭവവേദ്യമായി. കവികള്‍ പ്രകൃതിയിലേക്കും പിച്ചവച്ചു തുടങ്ങി. കെട്ടിയാടപ്പെട്ട സൗന്ദര്യം പ്രകൃതിസൗന്ദര്യത്തിനു വഴി മാറി. കവിത ഉന്നതകുലജാതരുടെ ധീരോദാത്ത ജീവിതത്തിന്റെ സ്ഥലരാശികളില്‍നിന്ന് സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്ക് കണ്‍തുറക്കാന്‍ തുടങ്ങി. യുക്തിവിചാരത്തിന്റേയും ധൈഷണികതയുടേയും ലോകത്തുനിന്ന് കവിത ഭാവനയുടേയും വൈകാരികതയുടേയും അനുഭൂതി മണ്ഡലങ്ങളിലേക്ക് വന്നുതുടങ്ങി. പൂര്‍വ്വാപരബന്ധത്തിന്റെ കണ്ണികള്‍കൊണ്ടു ചിട്ടപ്പെടുത്തിയ ഭാഷ വികാരവിചാരങ്ങളുടെ സ്വാഭാവികമായ ഒഴുക്കില്‍ വിലയിക്കുന്ന സ്ഥിതിയായി. പോയകാലത്തോടുള്ള ഗൃഹാതുരമായ ആഭിമുഖ്യം, സ്വാതന്ത്ര്യവാഞ്ഛ, സൗന്ദര്യാരാധന, പ്രകൃതി സ്‌നേഹം, സാമ്പ്രദായികരീതികളോടുള്ള നിഷേധം, ഭാവഗാനാഭിമുഖ്യം (lyricism) എന്നിവ കവിതയുടെ രീതികള്‍ക്ക് മിഴിവേകി. 18ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ത്തന്നെ കാല്പനിക പ്രസ്ഥാനത്തിന്റെ ഇത്തരം വെളിപാടുകള്‍ കണ്ടുതുടങ്ങിയിരുന്നു. റോബര്‍ട്ട് ബേണ്‍സ് (1759-1796), ജോര്‍ജ് ക്രാബ് (1754-1832), വില്യം കൂപ്പര്‍ (1731-1800), തോമസ് ചാറ്റര്‍ട്ടണ്‍ (1752-1770) എന്നിവരുടെ രചനകളില്‍ കാല്പനിക കവിതയുടെ വെളിച്ചം കണ്ടുതുടങ്ങിയിരുന്നു. വികാരതീവ്രത (Passion), ഗൂഢാര്‍ത്ഥം (mystery), ഭാവന (Imagination), സര്‍ഗ്ഗാത്മകത (creativtiy), പ്രകൃതിയുടേയും മനുഷ്യന്റേയും സൂക്ഷ്മഭാവങ്ങള്‍ക്കായുള്ള അന്വേഷണം എന്നിവയൊക്കെ ഈ കവിതാ പ്രസ്ഥാനത്തിന്റെ സവിശേഷതകളായിരുന്നു. ഇതു പൂത്തുല്ലസിക്കുന്ന കാവ്യാനുഭവമാണ് വേഡ്‌സ്‌വര്‍ത്തിലൂടെയും കോളറിഡ്ജിലൂടെയും കാവ്യാസ്വാദകര്‍ അറിഞ്ഞുതുടങ്ങിയത്. നിലനിന്നിരുന്ന കാവ്യാനുശീലനത്തിലെ ആര്‍ഭാടപൂര്‍ണ്ണവും കൃത്രിമത്വം കലര്‍ന്നതുമായ പദവിന്യാസരീതിയെ വേഡ്‌സ്‌വര്‍ത്ത് ശക്തമായി എതിര്‍ത്തു. സാധാരണ മനുഷ്യരുടെ ഭാഷയെ കവിതയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിച്ചു. അത്തരമൊരു സാഹചര്യത്തിലേ കവിത 'ശക്തമായ വികാരങ്ങളുടെ അനര്‍ഗള പ്രവാഹ (Spontaneous overflow of powerful feelings)മാകൂ എന്നും വേഡ്‌സ്‌വര്‍ത്ത് വാദിച്ചു. എല്ലാ അറിവുകളുടേയും പ്രാണനും ആത്മാവുമാണ് കവിത (Potery is the breath and spirit of all knowledge) എന്ന് അദ്ദേഹം പറഞ്ഞതും ഈ നിലപാടില്‍നിന്നുകൊണ്ടാണ്. കാല്പനിക പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്ന 'The Preface to Lyrical Ballads'-ല്‍ അദ്ദേഹം ഇത് എഴുതിയിട്ടുണ്ട്.

വേഡ്‌സ്‌വര്‍ത്തിന്റെ സമകാലീനനായിരുന്ന സാമുവല്‍ ടെയ്‌ലര്‍ കോളറിഡ്ജിന്റെ കവിതകളിലും ഇതു പ്രകടമാണ്. കോളറിഡ്ജ് വേഡ്‌സ്‌വര്‍ത്തിനെ അപേക്ഷിച്ച് കൂടുതല്‍ പുരോഗമനവാദിയും വിപ്ലവകാരിയുമായിരുന്നു. വ്യക്തിപരവും ശാരീരികവുമായ ക്ലേശങ്ങളും കോളറിഡ്ജിന്റെ ജീവിതത്തില്‍ സന്ദിഗ്ദ്ധതകള്‍ സൃഷ്ടിച്ചിരുന്നു. വിഷാദരോഗത്തിനടിപ്പെട്ട കോളറിഡ്ജ് ജീവിതാന്ത്യം വരെ കറുപ്പ് ഉപയോഗത്തിനും കീഴ്‌പെട്ടിരുന്നു. സമത്വത്തിലധിഷ്ഠിതമായ സാമൂഹ്യജീവിതം സാധ്യമാക്കുന്ന 'പാന്റിസോക്രസി' (Pantisocracy) എന്ന യുട്ടോപ്യന്‍ ഭരണസംവിധാനം റോബര്‍ട്ട് സതിയുമൊത്ത് ഉണ്ടാക്കാന്‍ ആലോചന നടത്തിയയാളാണ് കോളറിഡ്ജ്. അടിമത്തത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും സംസ്‌കാരത്തില്‍ നിന്നുള്ള മോചനത്തിന് ഇത്തരമൊരു സാമൂഹ്യ സംവിധാനമാണ് ബദല്‍മാര്‍ഗ്ഗമെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. കോളറിഡ്ജും വേഡ്‌സ്‌വര്‍ത്തുമായുള്ള ഗാഢമായ ബന്ധവും സഹവര്‍ത്തിത്വവും കാല്പനിക കവിതാ പ്രസ്ഥാനത്തിന്റെ ദിശ നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ഈ ഗാഢബന്ധത്തില്‍നിന്നു രൂപംകൊണ്ടതാണ്, 1798ല്‍ പ്രസിദ്ധീകരിച്ച ഇരുവരുടേയും കവിതകള്‍ അടങ്ങുന്ന ലിറിക്കല്‍ ബാലാഡ്‌സ്. ഇംഗ്ലീഷ് കവിതയിലെ കാല്പനിക പ്രസ്ഥാനത്തിന്റെ കേളികൊട്ടായി ഈ കാവ്യസമാഹാരം വിലയിരുത്തപ്പെടുന്നുണ്ട്.

സാമുവൽ ടെയ്ലർ കോളറിഡ്ജ്
സാമുവൽ ടെയ്ലർ കോളറിഡ്ജ്

കാല്പനിക പ്രസ്ഥാനത്തിലെ ഇളമുറക്കാരന്‍ 

കാല്പനിക പ്രസ്ഥാനത്തിന്റെ ആദ്യപഥികരായ വേഡ്‌സ്‌വര്‍ത്തിന്റേയും കോളറിഡ്ജിന്റേയും കളരിയിലേക്കാണ് ഷെല്ലിയും കീറ്റ്‌സും ബൈറണും ഉള്‍പ്പെടുന്ന ഇളമുറക്കാര്‍ കടന്നുവരുന്നത്. വേഡ്‌സ്‌വര്‍ത്തിനേയും കോളറിഡ്ജിനേയും അപേക്ഷിച്ച്, കൂടുതല്‍ പുരോഗമന വാദികളായിരുന്നു ഇവര്‍. 18ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ കാവ്യരീതികളോട് അടിമുടി എതിര്‍പ്പുള്ളവരുമായിരുന്നു ഇവര്‍. ഇവരില്‍ ഏറ്റവും സമരോത്സുകനും (fiery) വികാരതീവ്രത (Passion) രക്തത്തില്‍ അലിഞ്ഞുചേര്‍ന്നയാളുമായിരുന്നു ഷെല്ലി. സമൂഹം മാറേണ്ടതു തന്നെയാണെന്നും അതിനായി തനിക്ക് ചിലതെല്ലാം ചെയ്യാനുണ്ടെന്നും ഷെല്ലി ആത്മാര്‍ത്ഥമായും കരുതിയിരുന്നു.

പ്രഭുകുടുംബത്തില്‍പ്പെട്ടയാളും പാര്‍ലമെന്റ് അംഗവുമായിരുന്ന തിമോത്തി ഷെല്ലിയുടേയും എലിസബത്ത് പിന്‍ഫോള്‍സിന്റേയും ആറുമക്കളില്‍ മൂത്തവനായി 1792 ആഗസ്റ്റ് നാലിനായിരുന്നു ഷെല്ലിയുടെ ജനനം. ഈട്ടണ്‍ പബ്ലിക് സ്‌കൂളിലെ വിദ്യാഭ്യാസത്തിനുശേഷം ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ ചേര്‍ന്ന ഷെല്ലിയുടെ ജീവിത ദര്‍ശനം രൂപപ്പെടുത്തുന്നതില്‍ അവിടെ കണ്ടുമുട്ടിയ പുരോഗമന ചിന്താഗതിക്കാരനും നിരീശ്വരവാദിയും ആയ തോമസ് ജെഫോഴ്‌സണ്‍ ഹോഗ് നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ ചങ്ങാത്തത്തില്‍നിന്നാണ് ഷെല്ലി നിരീശ്വരവാദത്തിന്റെ ആവശ്യകത (The Necesstiy of Atheism) എന്ന ലഘുലേഖ അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. യാഥാസ്ഥിതികത്വത്തിനു നേരെ തൊടുത്തുവിട്ട അസ്ത്രം തന്നെയായിരുന്നു ഈ ലഘുലേഖ. ദൈവത്തെ വിശ്വസിക്കാന്‍ ഷെല്ലിക്കായില്ല. സഭയും സര്‍വ്വകലാശാലയും തമ്മിലുള്ളത് അവിശുദ്ധ ബന്ധമാണെന്ന് അദ്ദേഹത്തിനു തോന്നിയിരുന്നു. ചില പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് നമ്മള്‍ ഈശ്വരനെ സൃഷ്ടിച്ചത് ('We cannot answer certain question's. So we created god') എന്നാണ് ഷെല്ലി പറഞ്ഞിരുന്നത്. ഫലമോ? ഇരുവരും ഓക്‌സ്ഫഡില്‍നിന്ന് നിഷ്‌കാസിതരായി. പിന്നെ ഡിഗ്രി സമ്പാദിക്കാനും ഷെല്ലിക്കു കഴിഞ്ഞില്ല. എന്നാല്‍, ഇവരുടെ സൗഹൃദം പിന്നെയും തുടര്‍ന്നു. ഒടുവില്‍ ഹോഗ് ഷെല്ലിയുടെ മുഴുമിപ്പിക്കാത്ത ജീവചരിത്രവും ദ ലൈഫ് ഓഫ് പേഴ്‌സി ബൈഷി ഷെല്ലി എഴുതുകയുണ്ടായി.

ജോൺ കീറ്റ്സ്
ജോൺ കീറ്റ്സ്

കേവലം 19 വയസ്സുള്ളപ്പോഴാണ് ഷെല്ലി 16കാരിയായ ഹാരിയറ്റ് വെസ്റ്റ്ബ്രൂക്കിനെ കണ്ടുമുട്ടുന്നതും വിവാഹത്തില്‍ കലാശിക്കുന്നതും. ഇരുവരും ഒളിച്ചോടിപ്പോയാണ് വിവാഹം കഴിച്ചത്. ഷെല്ലിയുടെ ആദ്യകാല കവിതകള്‍ക്ക് പ്രചോദനമായിരുന്നു ഹാരിയറ്റ്. മൂന്നുവര്‍ഷത്തിനുശേഷം ഹാരിയറ്റിനെ ഉപേക്ഷിച്ചു. ഇതിനിടയില്‍ത്തന്നെ പ്രണയാതുര മനസ്സിന്റെ ഉടമയായ ഷെല്ലി, വില്ല്യം ഗോഡ്‌വിന്റെ മകള്‍ മേരി ഗോഡ്‌വിനുമായി പ്രണയത്തിലാവുകയും അതൊടുവില്‍ ഒളിച്ചോട്ടത്തില്‍ കലാശിക്കുകയും പിന്നീട് ഇരുവരും ഇറ്റലിയില്‍ ഒരുമിച്ചു താമസമാക്കുകയും ചെയ്തു.

ഷെല്ലിയുടെ ഭ്രാന്തന്‍ പ്രണയസഞ്ചാരം പക്ഷേ, ഹാരിയറ്റിനെ വിഷാദരോഗിയാക്കി. രണ്ടു മക്കളുടെ അമ്മ കൂടിയായി മാറിയിരുന്ന ഹാരിയറ്റ് നഷ്ടസ്വപ്നങ്ങളുടെ മാത്രമല്ല, കൈവിട്ടുപോയ ജീവിതത്തിന്റേയും നെരിപ്പോടില്‍ നീറിത്തുടങ്ങി. വിരഹത്തിന്റേയും വേദനയുടേയും കരള്‍ പിളരുന്ന അവസ്ഥയോട്, സ്വയം തെരഞ്ഞെടുത്ത മരണംകൊണ്ട് അവര്‍ പകവീട്ടി. ലണ്ടനിലെ ഹൈഡ് പാര്‍ക്കിനടുത്തുള്ള സെര്‍പന്റൈന്‍ തടാകത്തിലെ നീലജലാശയത്തിലേക്ക് ഹാരിയറ്റ് നടന്നിറങ്ങി. ഗ്രീക്കു പുരാണത്തിലെ പ്രതികാര ദേവത നെമസിസീ (Nemesis) നെപ്പോലെ ഹാരിയറ്റിനെ ഏറ്റുവാങ്ങിയ സെര്‍പൈന്റന്‍ തടാകത്തില്‍നിന്നുയര്‍ന്നു പൊങ്ങിയ പടിഞ്ഞാറന്‍ കാറ്റാണ് ഇറ്റലിയിലെ സ്‌പേത്‌സിയന്‍ ഉള്‍ക്കടലില്‍ ഷെല്ലിയുടെ ജീവന്‍ കവര്‍ന്നതെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പുത്തന്‍ കാമിനി മേരിയുമായി ഇറ്റലിയിലേക്കു വന്നെങ്കിലും ഷെല്ലിയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. അതൊടുവില്‍ ദുരന്തനാടകംപോലെ അവസാനിക്കുകയും ചെയ്തു. ഇറ്റലിയിലെ ലെയ്ര്‍സിയില്‍നിന്ന് ലിവോമയിലേക്കു പോകാനായാണ് ഷെല്ലി ഡോണ്‍ യുവാന്‍ (Don Juan) എന്ന സ്വന്തം ബോട്ടില്‍ യാത്ര തിരിച്ചത്. 1822 ജൂലൈ എട്ടിന് കവിയും നിരൂപകനും സുഹൃത്തുമായ ലീഹണ്ടി(1784-1859)നെ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. ഇരുവരും ചേര്‍ന്നു നടത്താനിരുന്ന പുതിയ സാഹിത്യസംരംഭത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കായിരുന്നു ഷെല്ലി എത്തിയത്. സന്ദര്‍ശനത്തിനുശേഷം ലെയ്ര്‍സിയിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തിലും കാറ്റിലും ഷെല്ലി സഞ്ചരിച്ച ബോട്ട് അപകടത്തില്‍പ്പെട്ടത്. പത്തു ദിവസം കഴിഞ്ഞായിരുന്നു ജഡം കരയ്ക്കടിഞ്ഞത്.

ബൈറൺ
ബൈറൺ

ഇറ്റലിയിലെ നിയമമനുസരിച്ച്, ജഡം ദഹിപ്പിക്കുകയാണ് ചെയ്തത്. ഷെല്ലിയുടെ സംസ്‌കാര ദൃശ്യം ലൂയി എഡ്വേര്‍ഡ് ഫോര്‍ണിയര്‍ മനോഹരമായ പെയ്ന്റിങ്ങില്‍ തീര്‍ക്കുകയുണ്ടായി. 1889ല്‍ വരച്ച ഈ ചിത്രം ലിവര്‍പൂള്‍ വാക്കര്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

കാല്പനികരിലെ വ്യത്യസ്തന്‍ 

മറ്റു കാല്പനിക കവികളില്‍നിന്നു തികച്ചും വ്യത്യസ്തനായിരുന്നു ഷെല്ലി. ഭാഷയുടെ സ്വാഭാവികമായ ഒഴുക്ക് അത്രതന്നെ ഗംഭീരവുമായിരുന്നു. സ്വന്തം ജീവിതവും മാനസിക ഭാവങ്ങളുമായി ഇത്രയേറെ ഇഴുകിച്ചേര്‍ന്ന മറ്റൊരു കാല്പനിക കവിയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്നവരുണ്ട്. ഷെല്ലിയുടെ പ്രതിബിംബം തന്നെയായിരുന്നു അദ്ദേഹത്തിന്റെ കവിത. വികാരങ്ങളുടെ തീക്ഷ്ണതയും വിപ്ലവാവേശവും അത്രമേല്‍ തീവ്രമായിരുന്നു ഷെല്ലിയില്‍. വികാരതീവ്രത, ഭാവസാന്ദ്രത, ഭാവനാത്മകത എന്നിവയൊക്കെ ഷെല്ലിയുടെ കവിതകളെ അനുവാചകരുടെ ഹൃദയങ്ങളോടടുപ്പിച്ചു. പണ്ട്, മഹാരാജാസ് കോളേജില്‍ ചങ്ങമ്പുഴയുടെ അനുസ്മരണയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍, ജി. ശങ്കരക്കുറുപ്പ് പറഞ്ഞത്: 'ഞങ്ങളാകുന്ന കവികള്‍ സാധാരണക്കാരന്റെ ഹൃദയത്തില്‍ മുട്ടിവിളിക്കുമ്പോള്‍, ചങ്ങമ്പുഴ അതിനുള്ളിലിരുന്ന് മന്ത്രിക്കുകയായിരുന്നു' എന്നാണ്. ജി. ശങ്കരക്കുറുപ്പിന്റെ ഈ വാക്കുകള്‍ വേണമെങ്കില്‍, ഷെല്ലിയെക്കുറിച്ചും പറയാവുന്നതാണെന്നു തോന്നുന്നു. വിപ്ലവകാരിയായ ആദര്‍ശവാദി (Revolutionary idealist) ആയിരുന്നു ഷെല്ലി.

കാല്പനിക കവികളൊക്കെ പൊതുവെ, പ്രകൃത്യുപാസകരാണ്. പ്രകൃതിയുടെ കേവല സൗന്ദര്യത്തിനപ്പുറം, ആത്മീയമായ സൗന്ദര്യം കാണാന്‍ വേഡ്‌സ്‌വര്‍ത്തിനെപ്പോലെ ഷെല്ലിക്കും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഷെല്ലി പ്രകൃതിക്ക് ധൈഷണിക ചാരുത കൂടി നല്‍കി. വേഡ്‌സ്‌വര്‍ത്ത് പ്രകൃതിയുടെ ശാന്തവും സൗമ്യവുമായ ഭാവങ്ങളാണ് പകര്‍ത്തിയതെങ്കില്‍, ഷെല്ലി അതിന്റെ രൗദ്രഭാവത്തിനു സവിശേഷമായ ചാരുത നല്‍കി. വേഡ്‌സ്‌വര്‍ത്ത് പ്രകൃതിയില്‍ എല്ലാത്തിനേയും ശമിപ്പിക്കാനുള്ള ശക്തി കണ്ടെങ്കില്‍, ഷെല്ലിക്ക് പ്രകൃതി ഊര്‍ജ്ജം പകരുന്ന ശക്തി സ്രോതസ്സായിരുന്നു. അലകടലിന്റെ തിരയിളക്കവും ചെറുകാറ്റിന്റെ തലോടലും മേഘങ്ങളുടെ സഞ്ചാരവുമൊക്കെ ഷെല്ലിയെ വല്ലാതെ പ്രചോദിപ്പിച്ചിരുന്നു. തടസ്സങ്ങളേതുമില്ലാതെ, ഒഴുകുന്ന അരുവിയായിരുന്നു ഷെല്ലിക്ക് പ്രകൃതി. 'ദ ക്ലൗഡ്' എന്ന ചെറുകവിത ഇതിനു നല്ല ഉദാഹരണമാണ്. ഏതോ അഭൗമശക്തി പ്രകൃതിയെ വലയം ചെയ്യുന്നതായി അദ്ദേഹത്തിനു തോന്നിയിരുന്നു. ചിലപ്പോള്‍, അദ്ദേഹം അതുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്തു. പ്രകൃതിയുടെ പ്രതിഭാസങ്ങളില്‍നിന്നു രൂപകങ്ങള്‍ (metaphor) സൃഷ്ടിക്കുന്നതിലും ഷെല്ലി ശ്രദ്ധിച്ചിരുന്നു. 'ദ ക്ലൗഡും', 'ഓഡ് ടു ദ വെസ്റ്റ് വിന്‍ഡും' ഇതിനുദാഹരണമാണ്.

ചങ്ങമ്പുഴ 
ചങ്ങമ്പുഴ 

പ്രധാന കൃതികള്‍ 

ഷെല്ലിയുടെ ആധ്യാത്മിക ജീവചരിത്രം എന്നു വിളിക്കപ്പെടുന്ന കൃതിയാണ് അലാസ്റ്റര്‍ (Alastor1816) ഷെല്ലിയുടെ തന്നെ പ്രതിരൂപമായ കഥാപാത്രം ഒരു വിജനപാതയിലൂടെ സൗന്ദര്യം തേടി അലയുന്നതാണ് ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍, അതൊരിക്കലും കണ്ടെത്തുന്നില്ല. ഇത് ഷെല്ലിയുടെ ആദര്‍ശനിഷ്ഠയുടേയും അസാധ്യമായതിനായുള്ള അന്വേഷണത്വരയുടേയും ഉദാഹരണമായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. ജീവിതത്തില്‍ അദ്ദേഹം അനുഭവിച്ച ഏകാന്തതയുടേയും മരണത്തെക്കുറിച്ചുള്ള ഗൂഢാത്മക ചിന്തയുടേയും ഉദാഹരണമായും വ്യാഖ്യാനിക്കപ്പെടുന്നു. മരണസങ്കല്പമാണ് കവിതയെ പൊതിഞ്ഞുനില്‍ക്കുന്നത്.
ഷെല്ലിയുടെ പ്രകൃഷ്ട കൃതികളിലൊന്നാണ് 'പ്രൊമത്യൂസ് അണ്‍സൗണ്ട്' (Prometheus Unsound) 1820. ഭാവാത്മകമായ നാടകമാണിത്. മനുഷ്യന്റെ പ്രതീക്ഷകള്‍, അനുരാഗത്തിന്റെ മഹത്വം, പ്രകൃതിസൗന്ദര്യം എന്നിവയെ പാടിപ്പുകഴ്ത്തുന്നുണ്ട്. കവിയുടെ സ്വാതന്ത്ര്യവാഞ്ഛയും ഇതില്‍ പ്രകടമാകുന്നുണ്ട്. ഗ്രീക്ക് ദുരന്ത നാടകകാരന്‍ ഈസ്‌കിലസിനെയാണ് ഇതില്‍ അവലംബിക്കുന്നതെങ്കിലും സ്വന്തം മൂല്യവിചാരങ്ങള്‍കൊണ്ട് കവിതയെ ഷെല്ലി ഗംഭീരമാക്കുന്നുണ്ട്. ബിംബകല്പനയിലെ അഭൗമമായ സൗന്ദര്യവും പാട്ടുകളിലെ അലൗകികമായ സംഗീതവും ഷെല്ലിയുടെ പ്രകൃഷ്ട കൃതി(masterpiece)യാക്കി ഇതിനെ മാറ്റുന്നുണ്ട്. കവിയുടെ ധാര്‍മ്മിക തത്ത്വവിചാരത്തിന്റെ ഏറ്റവും ശക്തമായ ആവിഷ്‌കാരമായും ഇതു കണക്കാക്കപ്പെടുന്നു.

അജപാല സാഹിത്യ(Pastoral Literature)ത്തിനു ഷെല്ലി നല്‍കിയ സംഭാവനയാണ് 'അഡണിസ്' (Adonasi 1822). ഭാവഗീതങ്ങളുടെ വളര്‍ച്ചയ്ക്ക് അജപാല സാഹിത്യം വലിയ സംഭാവന നല്‍കിയിട്ടുണ്ട്. ബി.സി മൂന്നാം നൂറ്റാണ്ടില്‍, ജീവിച്ചിരുന്ന തിയോക്രിറ്റസ് എന്ന ഗ്രീക്ക് കവിയാണ് അജപാല കവിതകള്‍ ആദ്യം എഴുതിയത് എന്നാണ് കരുതപ്പെടുന്നത്. പിന്നീട് ഗ്രീക്കില്‍ത്തനെയുള്ള മോസ്‌കസും ബിയോണും ഇത്തരം കവിതകളെഴുതി. ലാറ്റിനില്‍ വെര്‍ജിലും. നവോത്ഥാന കാലത്ത് എല്ലാ യൂറോപ്യന്‍ സാഹിത്യങ്ങളിലും ഈ ശാഖ വ്യാപകമായിരുന്നു.

അജപാല ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളായിരുന്നു ഇത്തരം കവിതകള്‍ക്ക് ആദ്യകാലത്ത് വിഷയമായത്. പിന്നീടത് നാഗരികതയോടുള്ള വിമര്‍ശനാത്മക ഭാവം കൈവരിച്ചു. ആദര്‍ശാത്മകമാവുകയും ചെയ്തു. നിഷ്‌കളങ്കത, ലാളിത്യം, പ്രകൃതിയുമായി ഒന്നിണങ്ങുന്ന ജീവിതം എന്നിവ ഇത്തരം കവിതകളില്‍ വാഴ്ത്തപ്പെട്ടു. മിക്കവാറും ഈ കവിതകള്‍ ആട്ടിടയന്മാര്‍ പാടുന്നതും ആ ജീവിത ചുറ്റുപാടുകളുടെ ബിംബങ്ങള്‍ നിറഞ്ഞവയുമായിരുന്നു.

ഈ ശ്രേണിയില്‍പ്പെടുത്താവുന്ന ഷെല്ലിയുടെ കവിതയാണ് അഡോണിസ്. സഹകവി ജോണ്‍ കീറ്റ്‌സിന്റെ അകാലവിയോഗത്തില്‍ (കീറ്റ്‌സ് 26ാം വയസ്സിലാണ് അന്തരിച്ചത്) വിലപിച്ചുകൊണ്ടെഴുതിയ കവിതയാണിത്; ആശാന്‍ എ.ആര്‍. രാജരാജവര്‍മ്മയുടെ മരണത്തില്‍ വിലപിച്ചുകൊണ്ടെഴുതിയ 'പ്രരോദനം'പോലെ ദു:ഖം നിറഞ്ഞ ഭൂമിയില്‍ ജീവിതത്തേക്കാള്‍ അഭികാമ്യം മരണമാണെന്ന പ്രമേയം മുന്നോട്ടു വെയ്ക്കുന്നു. 'പ്രരോദ'നത്തില്‍ ആശാന്‍ എ.ആറിന്റെ വിയോഗത്തില്‍ വിലപിക്കുമ്പോള്‍ത്തന്നെ, ജീവിതമരണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട്. അതിനോട് സാദൃശ്യപ്പെടുത്താവുന്ന വിധത്തിലാണ് ഷെല്ലി ഈ കവിതയില്‍ ആത്മാവിന്റെ അനശ്വരതയിലേക്ക് സഞ്ചരിച്ചുകൊണ്ട് തന്റെ തത്ത്വവിചാരങ്ങള്‍ പ്രകടമാക്കുന്നത്. ഗ്രീക്ക് ദേവനായ അഡോണിസിനെ മുന്‍നിര്‍ത്തി കാവ്യവിചാരത്തിന് ഷെല്ലി തയ്യാറാവുകയാണിവിടെ. സമാനമായ രീതിയിലാണ് ആശാന്‍ രാജരാജവര്‍മ്മയെ മുന്‍നിര്‍ത്തി സ്വന്തം കാവ്യദര്‍ശനം 'പ്രരോദന'ത്തില്‍ അവതരിപ്പിക്കുന്നത്.

ജി ശങ്കരക്കുറുപ്പ്
ജി ശങ്കരക്കുറുപ്പ്

തീവ്രവികാരങ്ങള്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘഗീതമാണ് 'പടിഞ്ഞാറന്‍ കാറ്റിനോട്' (Ode to the West Wind). സമൂഹത്തെ വിപ്ലവാത്മകമായി മാറ്റിത്തീര്‍ക്കാനുള്ള കവിയുടെ ചോദനയാണ് ഈ കവിതയില്‍ പ്രതിഫലിക്കുന്നത് എന്നാണ് നിരൂപകമതം. പടിഞ്ഞാറന്‍ കാറ്റിനെ മാറ്റത്തിന്റെ സന്ദേശവാഹകനായാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഭാഗത്തെ മൂന്നു കാണ്ഡങ്ങളില്‍ കാറ്റിന്റെ പ്രാഭവം സൂചിപ്പിക്കുന്നു. അവസാനത്തെ രണ്ടു കാണ്ഡങ്ങള്‍ കാറ്റും കവിയും തമ്മിലുള്ള ബന്ധം വെളിവാക്കുന്നു. പ്രകൃതിയിലെ എല്ലാ ഘടകങ്ങളും ഇതില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇലകള്‍, മേഘങ്ങള്‍, ജലം എല്ലാം കവിതയില്‍ കടന്നുവരുന്നു. കാറ്റിനോട് മനുഷ്യനെ ഉണര്‍ത്താന്‍ കവി ആഹ്വാനം ചെയ്യുകയാണ്. പ്രതീക്ഷയുടെ നാമ്പുകള്‍ വിരിയിക്കാനും കവി ശ്രമിക്കുന്നു. 'ഹേമന്തം വന്നാല്‍ വസന്തത്തിനു വരാതിരിക്കാനാവില്ലല്ലോ' (Oh wind, if winter cames, can spring be far behind?) എന്നാണ് കവി ഒടുവില്‍ പറഞ്ഞുവെയ്ക്കുന്നത്. ജീവിത സംത്രാസങ്ങളില്‍ ഉഴലുന്ന മനുഷ്യര്‍ക്കാകെ പുതിയ പ്രതീക്ഷയും പുത്തന്‍ സ്വപ്നങ്ങളും നല്‍കുന്നതാണ് 'പടിഞ്ഞാറന്‍ കാറ്റ്.'

വാനമ്പാടിയോട് (ode to a skylark) എന്ന കവിതയും മനുഷ്യന്റെ വിശുദ്ധമായ അസ്തിത്വത്തെ പാടിപ്പുകഴ്ത്തുന്നതാണ്. വാനമ്പാടി കേവലം നശ്വരമായ ജീവിയല്ല; മറിച്ച് അതൊരു ജീവിത ചൈതന്യമായാണ് കവിതയില്‍ വര്‍ത്തിക്കുന്നത്. ദിവ്യമായ ഒരുതരം ആനന്ദമാണ് കവിത ഉദ്‌ഘോഷിക്കുന്നത്. 

കുമാരനാശാൻ
കുമാരനാശാൻ

ഷെല്ലിയുടെ ഏറെ വാഴ്ത്തപ്പെടാതെ പോയ കവിതയാണ് 'ഇംഗ്ലണ്ടിലെ തൊഴിലാളികളോടുള്ള പാട്ട് (Song to the Men of England 1819). ചൂഷണത്തില്‍ നരകതുല്യമായ ജീവിതം അനുഭവിക്കുന്ന ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗ്ഗത്തെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് കവിത എഴുതപ്പെട്ടിട്ടുള്ളത്. 1819ല്‍ എഴുതിയെങ്കിലും ഷെല്ലിയുടെ മരണത്തിനുശേഷം പത്തുവര്‍ഷം കൂടി കഴിയുമ്പോഴാണ് 1832ല്‍ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്.

സമ്പന്നവര്‍ഗ്ഗത്തിനുവേണ്ടി പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് തൊഴിലാളികള്‍. 'അവര്‍ക്കായി ഭക്ഷണം ഉണ്ടാക്കുന്നു; പക്ഷേ, നിങ്ങളെ അവര്‍ അടിച്ചമര്‍ത്തുന്നു. നിങ്ങള്‍ യാതനകള്‍ അനുഭവിച്ച് വസ്ത്രങ്ങള്‍ നെയ്യുന്നു; പക്ഷേ, അതു ധരിക്കുന്നത് ഈ ദുഷ്ടന്മാരാണ്. പിള്ളത്തൊട്ടില്‍ മുതല്‍ കുഴിമാടം വരെ നിങ്ങള്‍ അധ്വാനിക്കുന്നു. എന്നാല്‍, അതിന്റെ സല്‍ഫലങ്ങള്‍ അനുഭവിക്കുന്നത് നിങ്ങളുടെ വിയര്‍പ്പും രക്തവും ഊറ്റിക്കുടിക്കുന്ന നന്ദിയില്ലാത്ത ഈ വര്‍ഗ്ഗമാണ് ഭക്ഷണമോ വസ്ത്രമോ കിടപ്പാടമോ വിശ്രമംപോലുമോ ഇല്ലാത്ത നിങ്ങള്‍ ദുരിതജീവിതം നയിക്കുന്നു. നിങ്ങള്‍ ഉണ്ടാക്കുന്ന ചങ്ങലകള്‍ കൊണ്ടുതന്നെ അവര്‍ നിങ്ങളെ തളച്ചിടുന്നു. അതുകൊണ്ട്, ചങ്ങലകള്‍ പൊട്ടിച്ചെറിയുക' എന്ന ആഹ്വാനത്തോടെയാണ് കവിത അവസാനിക്കുന്നത്.

ചൂഷകരായ സമ്പന്നവര്‍ഗ്ഗം തീര്‍ത്തിരിക്കുന്ന അടിമച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഷെല്ലി ഈ കവിതയിലൂടെ തൊഴിലാളികളോട് ആഹ്വാനം നടത്തുമ്പോള്‍, കാള്‍ മാര്‍ക്‌സിന് ഒരു വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം. രാജാധികാരത്തെ ഷെല്ലി വെല്ലുവിളിച്ചിരുന്നു. മനുഷ്യരാശിയെ അടിച്ചമര്‍ത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കുമെതിരെ ഷെല്ലി കലഹിച്ചു. നിലവിലുള്ള വ്യവസ്ഥയെ ഉടച്ചുവാര്‍ക്കണമെന്ന് ഷെല്ലി അദമ്യമായി ആഗ്രഹിച്ചിരുന്നു. സമൂഹത്തെ തന്റേതായ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഉതകുന്ന രീതിയില്‍ പുനര്‍നിര്‍മ്മിക്കണമെന്ന് അദ്ദേഹം മോഹിച്ചു. നിലവിലുള്ള ലോകാവസ്ഥയും ലോകം എങ്ങനെയായിരിക്കണമെന്ന ചിന്തയും തമ്മിലുള്ള വൈരുദ്ധ്യം പല കവിതകളിലും ഷെല്ലി പ്രകടിപ്പിച്ചിരുന്നു. ഒരു പുതുയുഗപ്പിറവിയെ എന്നും അദ്ദേഹം താലോലിച്ചിരുന്നു. കൂടുതല്‍ പ്രകാശപൂര്‍ണ്ണമായ ഒരു പ്രഭാതം കാത്തിരിപ്പുണ്ടെന്ന് (A brighter morn awaits the human day' Queen Mab) അദ്ദേഹം പ്രതീക്ഷ പുലര്‍ത്തി.

ഷെല്ലിയുടെ ദ്വന്ദ്വഭാവം 

പലപ്പോഴും വൈരുദ്ധ്യം നിറഞ്ഞ ചിന്തകള്‍ അദ്ദേഹം കൂടെ കൊണ്ടുനടന്നിരുന്നു. വ്യക്തിജീവിതത്തിലെ സംഘര്‍ഷങ്ങളും സംത്രാസങ്ങളും അദ്ദേഹത്തില്‍ അശുഭചിന്തകള്‍ ഒത്തിരി കൂടുകൂട്ടിയിരുന്നു. എന്നാല്‍, മനുഷ്യവംശത്തെപ്പറ്റി പറയുമ്പോള്‍ അങ്ങേയറ്റം ശുഭാപ്തി വിശ്വാസിയുമാണ്. എല്ലാ ദുരനുഭവങ്ങളുടേയും ഒടുവില്‍ ഒരു നല്ലകാലം ഉണ്ടാകുമെന്നുതന്നെ ഷെല്ലി വിശ്വസിച്ചിരുന്നു. ചില ആധുനിക വിമര്‍ശകര്‍ ഷെല്ലിയെ ഉഭയലിംഗ ജീവിയായിപ്പോലും കരുതുന്നുണ്ട്. പൗരുഷത്തിന്റേയും സ്‌ത്രൈണതയുടേയും വിശുദ്ധഭാവങ്ങള്‍ അവര്‍ ഷെല്ലിയില്‍ കണ്ടു. പൗരുഷത്തിന്റെ ഉറച്ച ശബ്ദം താരതമ്യേന ദീര്‍ഘകവിതകളായ 'ക്വീന്‍ മാബ്, റിവോള്‍ട്ട് ഓഫ് ഇസ്‌ലാം, പ്രൊമത്യൂസ് അണ്‍ബൗണ്ട്' എന്നിവയില്‍ കാണാം. എന്നാല്‍, സ്‌ത്രൈണത കൂടുതലും പ്രകാശിക്കുന്ന കവിതയാണ് 'പടിഞ്ഞാറന്‍ കാറ്റിനോട്' ജീവിതത്തിന്റെ മുള്ളുകളില്‍ വീണ് താന്‍ ചോരവാര്‍ന്നൊലിക്കുകയാണെന്നും ഒരലയെപ്പോലെ, ഒരിലയെപ്പോലെ, ഒരു മേഘത്തെപ്പോലെ തന്നെ ഉയര്‍ത്തണമെന്നും (Oh, lift me as a wave, a leaf, a cloud/I fall upon the thorns of life, I bleed) എന്ന് ഈ കവിതയില്‍ പറയുന്നുണ്ട്.

19ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ഷെല്ലി പ്രകടിപ്പിച്ച വിപ്ലവാഭിമുഖ്യം ഫലവത്താകുന്നത് നാം 20ാം നൂറ്റാണ്ടില്‍ കണ്ടു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, എന്നിവയില്‍ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് സമൂഹം ഒരു നൂറ്റാണ്ടാകുമ്പോള്‍ യാഥാര്‍ത്ഥ്യമായി. മുതലാളിത്ത ചൂഷണത്തിന് അറുതിവരുത്തിക്കൊണ്ടാണ് പ്രതീക്ഷാനിര്‍ഭരമായ ഈ സാമൂഹ്യവ്യവസ്ഥ സംജാതമായത്. ഇടക്കാലത്ത് സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് ഇടര്‍ച്ചകളുണ്ടായി എന്നതും ചരിത്രമാണ്. എന്നാല്‍, ചൂഷണാധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം അതിനെതിരായ പോരാട്ടങ്ങളും നടന്നുകൊണ്ടിരിക്കും. തൊഴിലാളിവര്‍ഗ്ഗത്തെ അഭിസംബോധന ചെയ്യുന്ന കവിത, അതുകൊണ്ടുതന്നെ എന്നും പ്രസക്തമാണ്. 'മാനവരാശിയുടെ അംഗീകാരം കിട്ടാത്ത നിയമനിര്‍മ്മാതാക്കളാണ് കവികള്‍' (Unacknowledged legislators of mankind) എന്ന ഷെല്ലിയുടെ വാക്കുകളും അര്‍ത്ഥവത്താണ്.

കാൾ മാർക്സ് 
കാൾ മാർക്സ് 

മരണത്തിനുശേഷം ആഘോഷിക്കപ്പെട്ട കവി 

കാലത്തിനു മുന്‍പേ നടന്ന കവിയായിരുന്നു ഷെല്ലി. വ്യവസായ വിപ്ലം കൊണ്ടുവന്ന ഉല്പാദനരീതികളും അവ ഉപയോഗിച്ച് സമ്പന്നവര്‍ഗ്ഗം തടിച്ചുകൊഴുത്തതും 18ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലും 19ാം നുറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും പ്രകടമായിരുന്നു. ഇതിന്റെ ഫലമായി ചൂഷണം ചെയ്യപ്പെട്ടതും യാതനകള്‍ അനുഭവിക്കേണ്ടിവന്നതും സാധാരണക്കാരും തൊഴിലാളികളും ആയിരുന്നു. ചിന്തകള്‍കൊണ്ടും കവിതകൊണ്ടും ഇതിനെതിരെ പോരാടുകയായിരുന്നു ഷെല്ലി ചെയ്തത്. അതുകൊണ്ടുതന്നെ, ചൂഷണാധിഷ്ഠിത വ്യവസ്ഥ ഊനം തട്ടാതെ തുടരണമെന്നാഗ്രഹിച്ചവര്‍ ഷെല്ലിയുടെ ശത്രുപക്ഷത്തായിരുന്നു. ഇതിനെ ശക്തിപ്പെടുത്തുന്ന രീതിയിലായിരുന്നു ഷെല്ലി സഭയ്ക്കും വിശ്വാസത്തിനും എതിരെ നിലകൊണ്ടതും നിരീശ്വരവാദത്തിന്റെ പ്രചാരകനായി മാറിയതും ഇതെല്ലാം കൊണ്ട്, ജീവിച്ചിരുന്ന കാലത്ത് ഷെല്ലിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. മരണത്തിലും അന്നത്തെ സമൂഹം ഷെല്ലിയെ വേണ്ടവിധം ആദരിച്ചില്ല. ഷെല്ലിയുടെ മരണത്തെപ്പറ്റി ഇംഗ്ലണ്ടിലെ യാഥാസ്ഥിതിക പത്രമായ 'കൊറിയര്‍' (courier) പരിഹാസത്തോടെയാണ് എഴുതിയത്. ചില നാസ്തിക കവിതകളെഴുതിയ ഷെല്ലി മുങ്ങിമരിച്ചിരിക്കുന്നു; ഇപ്പോള്‍ അയാള്‍ക്കു മനസ്സിലായി ദൈവം ഉണ്ടോ? ഇല്ലയോ? ('... Shelley, the writer of osme infidel potery has been drowned, now he knows whether there is a god or not...') എന്നായിരുന്നു വാര്‍ത്ത. 

എന്നാല്‍, കാവ്യനീതിപോലെ കാലം പ്രായശ്ചിത്തം ചെയ്തു. ഷെല്ലിയുടെ കവിതകളെല്ലാം, കാല്പനിക കവിതയുടെ അടയാളമുദ്രകളായി ലോകം അംഗീകരിച്ചു. ഇംഗ്ലണ്ടിലും യൂറോപ്പിലും മാത്രമല്ല, ഇന്ത്യന്‍ സര്‍വ്വകലാശാലകളിലും ഷെല്ലിയുടെ കവിതകള്‍ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്തു. ആശാനേയും ചങ്ങമ്പുഴയേയും ഒക്കെപ്പോലെ, ഷെല്ലി മലയാളികളുടേയും കാവ്യജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഭാഗമായി.

ഷെല്ലിയെ, നിരീശ്വരവാദത്തെപ്പറ്റി ലഘുലേഖ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പുറത്താക്കിയ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ പിന്നീടവര്‍ ഷെല്ലിയുടെ വെണ്ണക്കല്‍ പ്രതിമ സ്ഥാപിച്ചു. യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും പ്രമുഖനായ പൂര്‍വ്വ വിദ്യാര്‍ത്ഥിയായി ഷെല്ലി അംഗീകരിക്കപ്പെടുകയും ചെയ്തു. 1893 ജൂണ്‍ 14നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. നിരവധി ഗവേഷണ പഠനങ്ങളും ഷെല്ലിയെപ്പറ്റി ഉണ്ടായി.

തെക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ പടിഞ്ഞാറന്‍ സസെക്‌സില്‍ സ്ഥിതിചെയ്യുന്ന 'ഹോര്‍ഷാം മ്യൂസിയം ആന്റ് ആര്‍ട്ട് ഗ്യാലറി' 1992-ല്‍ ഷെല്ലിയുടെ 200ാം ജന്മദിനം ആഘോഷിച്ചപ്പോള്‍, ഷെല്ലിയുടെ കൃതികളിലൂടെ പ്രദര്‍ശനമടക്കം സംഘടിപ്പിച്ചു. വീട്ടില്‍നിന്നും സ്വന്തം രാജ്യത്തുനിന്നും നിഷ്‌കാസിതനാവുകയും സമൂഹത്തില്‍നിന്ന് അപമാനഭാരം ഏറ്റവാങ്ങുകയും ചെയ്ത ഷെല്ലി പ്രവാസിയായി ജീവിതകാലം മുഴുവന്‍ വ്രണിത ചിത്തനായാണ് കഴിഞ്ഞത്. എന്നാല്‍, അതെല്ലാം അദ്ദേഹത്തിന്റെ കവിതകള്‍ക്ക് ഊര്‍ജ്ജവും ഇന്ധനവും പകരുകയായിരുന്നു. കാലത്തിന്റെ അതിഭാവുകത്വം ഷെല്ലി സ്വന്തം കവിതയില്‍ ചാലിച്ചു ചേര്‍ത്തു. 

അത് കാലാതിവര്‍ത്തിയായി. ഓരോ തലമുറയും ആ കവിതയെ ഹൃദയത്തില്‍ ഏറ്റുവാങ്ങി, ഷേക്‌സ്പിയറെപ്പോലെ, 200ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഷെല്ലിയുടെ ഇതിഹാസതുല്യമായ ജീവതകഥ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ഹോര്‍ഷാം മ്യൂസിയം, ഓരോ തലമുറയും എങ്ങനെ ഷെല്ലിയുടെ കവിതകളും കൃതികളും മനസ്സിലാക്കി എന്നതിന്റെ ദൃശ്യചരിത്രമടക്കം പ്രദര്‍ശിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് മ്യൂസിയം. ഓരോ തലമുറയ്ക്കും ഷെല്ലി, എന്തുകൊണ്ട്, എങ്ങനെ പ്രിയങ്കരനായി എന്നതിലേക്കും പ്രദര്‍ശനം വെളിച്ചം വീശും എന്നാണ് ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ പറയുന്നത്. ഷെല്ലിയുടെ കവിതകള്‍ എങ്ങനെയാണ് തലമുറകളെ സ്വാധീനിച്ചത് എന്ന അന്വേഷണത്തിനും പ്രദര്‍ശനം വേദിയൊരുക്കും. ഷെല്ലിയെ പഠിക്കുന്ന മലയാളിക്കും അതുകൊണ്ടുതന്നെ, കവിയുടെ ഇരുനൂറം വാര്‍ഷികം ഒത്തിരി ഓര്‍മ്മകളുണര്‍ത്തുന്ന ഗൃഹാതുരത്വമാണ്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com