ഇസ്ലാമിനെ സൈനികവല്‍ക്കരിക്കാനുള്ള പ്രത്യയശാസ്ത്ര മൂലധനം പി.എഫ്.ഐക്ക് എവിടെ നിന്നു കിട്ടി?

എന്നാല്‍, മറ്റൊരു വിഭാഗം പണ്ഡിതരും സംഘനകളും മറിച്ചാണ് ചിന്തിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന വീക്ഷണം അത്ര ശരിയല്ല
ഇസ്ലാമിനെ സൈനികവല്‍ക്കരിക്കാനുള്ള പ്രത്യയശാസ്ത്ര മൂലധനം പി.എഫ്.ഐക്ക് എവിടെ നിന്നു കിട്ടി?

സ്ലാം സമാധാനത്തിന്റെ മതമാണോ എന്ന ചോദ്യത്തിന് 'അതേ' എന്നും 'അല്ല' എന്നും മറുപടി നല്‍കുന്ന സംഘടനകള്‍ മുസ്ലിം സമുദായത്തില്‍ പ്രവര്‍ത്തിച്ചു പോന്നിട്ടുണ്ട്. സംഘടനകളില്‍ മിക്കതും ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഉദ്‌ഘോഷിക്കുന്നവയാണ്. ഒട്ടു വളരെ ഇസ്ലാമിക പണ്ഡിതരും ശാന്തിയുടെ മതമാണ് ഇസ്ലാം എന്നാണ് വിലയിരുത്തുന്നത്. 'ഇസ്ലാം' എന്ന അറബി പദത്തിന്റെ അര്‍ത്ഥം തന്നെ സമാധാനം എന്നാണെന്ന് അത്തരക്കാര്‍ ചൂണ്ടിക്കാണിച്ചു പോന്നിട്ടുമുണ്ട്. 'മതത്തില്‍ നിര്‍ബ്ബന്ധമില്ല' എന്ന ഖുര്‍ആന്‍ വാക്യം ഇസ്ലാമിന്റെ സമാധാനപ്രിയതയ്ക്കും സഹിഷ്ണുതാഭിമുഖ്യത്തിനുമുള്ള തെളിവായി അവര്‍ ഉദ്ധരിക്കുന്നതും പതിവാണ്.

എന്നാല്‍, മറ്റൊരു വിഭാഗം പണ്ഡിതരും സംഘനകളും മറിച്ചാണ് ചിന്തിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന വീക്ഷണം അത്ര ശരിയല്ല. സമാധാനത്തിന്റെ മതം എന്നതിനേക്കാള്‍ യുദ്ധത്തിന്റെ മതമാണ് ഇസ്ലാമെന്ന് അവര്‍ വിചാരിക്കുന്നു. പലരും മുഹമ്മദ് നബിയെ 'മാനവരാശിക്ക് (ദൈവം അയച്ച) കാരുണ്യം' (റഹ്മത്തുല്‍ ലില്‍ ആലമീന്‍) എന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും മുഹമ്മദ് 'യുദ്ധത്തിന്റെ പ്രവാചകന്‍' (നബിഉല്‍ മലാഹീന്‍) കൂടിയാണെന്ന് അവര്‍ എടുത്തുകാട്ടിയത് കാണാം.

അല്‍ ഖ്വയ്ദയുടെ സ്ഥാപകരായ ഉസാമ ബിന്‍ ലാദനും അയ്മനല്‍ സവാഹിരിയും അബ്ദുല്ല യൂസുഫ് അസമും ഐ.എസ്സിന്റെ സ്ഥാപകരായ അബു മുസബുല്‍ സര്‍ഖാവിയും ഹസനുല്‍ ഹാശ്മിയും അബൂബക്കര്‍ ബാഗ്ദാദിയുമൊക്കെ ഇസ്ലാമിനേയും അതിന്റെ പ്രവാചകനേയും വിലയിരുത്തിയത് യഥാക്രമം യുദ്ധത്തിന്റെ മതവും യുദ്ധത്തിന്റെ പ്രവാചകനുമായിട്ടാണ്. ഇന്ത്യയില്‍ ഏറെക്കുറെ ഇതേ അഭിവീക്ഷണം പങ്കിട്ട സംഘടനകളില്‍ ഒന്നിന്റെ പേരാണ് 'സ്റ്റുഡന്റ്' ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ' (സിമി). 2001-ല്‍ ആ സംഘടന നിരോധിക്കപ്പെടുന്ന സമയത്ത് അതിന്റെ അഖിലേന്ത്യ അധ്യക്ഷനായിരുന്ന ഖാസിം ഒമറിന്റെ വാക്കുകള്‍ അതിന്റെ തെളിവാണ്. ഗ്രന്ഥകാരനായ ഇര്‍ഫാന്‍ അഫ്മദുമായി 2004-ല്‍ ഒമര്‍ നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം മുഹമ്മദ് നബിയെ വിശേഷിപ്പിച്ചത് 'യുദ്ധത്തിന്റെ പ്രവാചകന്‍' എന്നത്രേ. (See Irfan Ahmad, Islamism and Democracy in India, 2009, p.164)

സിമിയുടെ ദേശീയ പ്രസിഡന്റായിരുന്ന കാസിം ഒമര്‍ തന്റെ നിരീക്ഷണം സാധൂകരിക്കുന്നതിന് മുഹമ്മദ് നബിയുടെ പല ചെയ്തികളും ഇര്‍ഫാന്‍ അഹ്മദിനു മുന്‍പില്‍ നിരത്തുകയുണ്ടായി. അതിലൊന്നാണ് മലമൂത്ര വിസര്‍ജനത്തിനു പുറത്തു പോകുമ്പോള്‍പോലും നബി ഒരു കുന്തം കൈവശം വെച്ചിരുന്നു എന്നത്. പ്രവാചകന്‍ അന്തരിച്ച നാളില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഒന്‍പത് വാളുകളുണ്ടായിരുന്നുവെന്നും ഇസ്ലാമിനുവേണ്ടി പൊരുതാനും ഇസ്ലാമിന്റെ ദേശാതിര്‍ത്തി വികസിപ്പിക്കുന്നതിനുമാണ് അവ ഉപയോഗിച്ചിരുന്നതെന്നും ഒമര്‍ വിശദീകരിച്ചിട്ടുമുണ്ട്.

ഇസ്ലാമിന്റേയും പ്രവാചകന്റേയും യുദ്ധോത്സുകത പ്രകടിപ്പിക്കുന്നതിന് സിമി ഒരു മുദ്രാവാക്യം തയ്യാറാക്കുകയുണ്ടായി. അഞ്ചു വരികളുള്ള ആ മുദ്രാവാക്യം 1996 തൊട്ട് സംഘടനയുടെ മിക്ക പ്രസിദ്ധീകരണങ്ങളിലും കലണ്ടറിലുമൊക്കെ ചേര്‍ത്തു പോന്നിട്ടുമുണ്ട്. പില്‍ക്കാലത്ത് സിമിയുടെ കേന്ദ്രമുദ്രാവാക്യമായി മാറിയ ആ വരികള്‍ ഇങ്ങനെയാണ്:

''അല്ലാഹുവാണ് ഞങ്ങളുടെ നാഥന്‍
മുഹമ്മദാണ് ഞങ്ങളുടെ സൈന്യാധിപന്‍
ഖുര്‍ആനാണ് ഞങ്ങളുടെ ഭരണഘടന
ജിഹാദാണ് ഞങ്ങളുടെ മാര്‍ഗ്ഗം
രക്തസാക്ഷിത്വമാണ് ഞങ്ങളുടെ അഭിലാഷം''

ഈ മുദ്രാവാക്യത്തിലൂടെ ഒരു സൈനികവല്‍ക്കൃത ഇസ്ലാമിനെ സൃഷ്ടിക്കുകയത്രേ സിമി ചെയ്തത്. മുഹമ്മദിനെ സേനാനായകനാക്കുക വഴി അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു മേലും ആധ്യാത്മികതയ്ക്കു പകരം ആ സംഘടന സൈനികമുദ്ര ചാര്‍ത്തി. ഇസ്ലാമിന്റെ പ്രവാചകനെ യുദ്ധത്തിന്റെ പ്രവാചകന്‍ എന്നു വിശേഷിപ്പിക്കാന്‍ ഇമാം ബുഖാരിയുടെ ഹദീസ് ഉദ്ധരിച്ച സിമി നേതൃത്വം ഖുര്‍ആനിലെ ചില വാക്യങ്ങളെ കൂട്ടുപിടിച്ച് ഖിലാഫത്ത് പുനഃസ്ഥാപിക്കുകയെന്നത് മുസ്ലിങ്ങളുടെ അടിയന്തര കടമയാണെന്നു പ്രചരിപ്പിക്കാനും ശ്രമിച്ചുപോന്നിട്ടുണ്ട്. ഖുര്‍ആനിലെ രണ്ടാം അധ്യായമായ 'അല്‍ ബഖറ'യിലെ 85-ാം സൂക്തവും 61-ാം അധ്യായമായ 'അല്‍ സ്വഫി'ലെ ഒന്‍പതാം സൂക്തവും എടുത്തുകാട്ടിയാണ് മറ്റു മതങ്ങള്‍ക്കും മറ്റു ചിന്താപദ്ധതികള്‍ക്കും മുകളില്‍ ഇസ്ലാമിന്റെ അധീശത്വം ഉറപ്പിക്കുന്നതിന് ഖിലാഫത്ത് സ്ഥാപിക്കേണ്ടതുമുണ്ടെന്നും അത് ഇസ്ലാം വിശ്വാസികളുടെ ഒഴിച്ചു കൂട്ടാനാകാത്ത മതപരമായ കടമയാണെന്നും സിമി പ്രഖ്യാപിച്ചത്.

1977 ഏപ്രിലില്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായി നിലവില്‍ വന്ന സിമി 2001-ല്‍ നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് അതിന്റെ പ്രവര്‍ത്തകര്‍ കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ ആക്രാമക ശൈലിയില്‍ പ്രവര്‍ത്തിച്ചു പോന്നു. കേരളത്തില്‍ അത് നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രന്റ് (എന്‍.ഡി.എഫ്) എന്ന പേരില്‍ അറിയപ്പെട്ടു. എന്‍.ഡി.എഫും ഇതര സംസ്ഥാനങ്ങളിലെ സമാന സംഘടനകളും ചേര്‍ന്നു 2006-ല്‍ പോപ്പുലര്‍ ഫ്രന്റ് ഓഫ് ഇന്ത്യ (പി.എഫ്.ഐ) രൂപവല്‍ക്കൃതമായി. നിരോധിത സംഘടനയുടെ പുതിയ അവതാരമായിരുന്നു പോപ്പുലര്‍ ഫ്രന്റ്. അതിന്റേ നേതാക്കളില്‍ മിക്കവരും സിമിയുടെ മുന്‍ നേതാക്കളായിരുന്നു. ആ സംഘടന 2009-ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു.

സൈനികവല്‍ക്കൃത മതം എന്ന ആപത്ത് 

ഇസ്ലാമിനെ സൈനികവല്‍ക്കരിക്കാനുള്ള പ്രത്യയശാസ്ത്രപരമായ മൂലധനം സിമിക്കും അതിന്റെ നവരൂപമായ പി.എഫ്.ഐക്കും എവിടെ നിന്നു കിട്ടി? അവിഭക്ത ഇന്ത്യയുടെ ഭാഗമായ ഔറംഗാബാദില്‍ ജനിച്ച് 1947-ല്‍ പാകിസ്താനിലേക്ക് കുടിയേറിയ മൗദൂദിയില്‍നിന്നും ഈജിപ്തുകാരനായ ഖുതുബില്‍നിന്നുമാണ് സിമി അതിന്റെ ആശയലോകം രൂപപ്പെടുത്തിയത്. 'മതത്തില്‍ നിര്‍ബ്ബന്ധമില്ല' എന്ന ഖുര്‍ആന്‍ വാക്യത്തിനു പ്രസക്തി കൈവരുന്നത് ലോകം മുഴുവന്‍ ഇസ്ലാമിന്റെ അധീശത്വത്തിനു കീഴില്‍ വന്നതിനുശേഷം മാത്രമാണെന്നു വിശദീകരിച്ച ഇസ്ലാമിസ്റ്റാചാര്യനാണ് ഖുതുബ്. മൗദൂദിയാകട്ടെ ഇസ്ലാം മതാനുഷ്ഠാനങ്ങളായ നമസ്‌കാരം, വ്രതം, ഹജ്ജ് എന്നിവയെല്ലാം ഒരു സൈനിക ക്യാമ്പിലെ വ്യായാമമുറകള്‍ക്ക് തുല്യമാണെന്നും അവ ഭൂമിയിലുടനീളം ഇസ്ലാമിക ഭരണം സ്ഥാപിക്കാനാവശ്യമായ ജിഹാദിനുവേണ്ടിയുള്ള പരിശീലനത്തിന്റെ ഭാഗമാണെന്നും വാദിച്ചുറപ്പിച്ച മതപണ്ഡിതനാണ് മൗദൂദിക്കും ഖുതുബിനും വേണ്ടിയിരുന്നത് ഇസ്ലാമിന്റെ വിശ്വാധിപത്യം; അതിനുള്ള വഴിയോ, ജിഹാദും.

അങ്ങനെ നോക്കുമ്പോള്‍ അല്‍ ഖ്വയ്ദയും ഐ.എസ്സുമുള്‍പ്പെടെയുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളെന്നപോലെ സിമിയുടെ തുടര്‍ച്ചയായ പോപ്പുലര്‍ ഫ്രന്റും സൈനികവല്‍ക്കൃത ഇസ്ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടതും അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ വ്യാപൃതരായിത്തുടങ്ങിയതും മൗദൂദിയന്‍-ഖുതുബിയന്‍ ഇസ്ലാമിന്റെ സ്വാധീന ഫലമായാണെന്നു പറയാം. തികച്ചും അന്യായമായി മതനിന്ദ ആരോപിച്ച് 2010 ജൂലൈയില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടുക എന്ന കൊടുംക്രൂരതയിലേക്ക് പോപ്പുലര്‍ ഫ്രന്റ് പ്രവര്‍ത്തകരെ നയിച്ചത് ഈ സ്വാധീനമല്ലാതെ മറ്റൊന്നുമല്ല.

2022 മേയ് 21-ന് ആലപ്പുഴയില്‍ 'റിപ്പബ്ലിക്കിനെ സംരക്ഷിക്കാന്‍' പോപ്പുലര്‍ ഫ്രന്റ് നടത്തിയ റാലിയില്‍ ഒരു ബാലന്റെ വായില്‍ തിരുകിക്കയറ്റിയതും വിവാദങ്ങള്‍ക്ക് വഴിവെച്ചതുമായ വിദ്വേഷ മുദ്രാവാക്യത്തിന്റെ അടിവേരുകള്‍ കിടക്കുന്നതും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉരുവംകൊണ്ടതും 1990-കള്‍ തൊട്ട് സിമിയും പിന്നീട് പി.എഫ്.ഐയും പ്രചരിപ്പിച്ചു പോന്നതുമായ സൈനികവല്‍ക്കൃത ഇസ്ലാമിലാണ് അസഹിഷ്ണുതയുടെ ദൈവശാസ്ത്രത്തിലും അപരമത വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലും അധിഷ്ഠിതമാണ് ഇച്ചൊന്ന സൈനികവല്‍ക്കൃത ഇസ്ലാം. ലോകത്താകമാനം ഇസ്ലാംമതത്തിന്റെ സമ്പൂര്‍ണ്ണ മേധാവിത്വം സ്ഥാപിക്കുകയും മറ്റെല്ലാ മതങ്ങളേയും സാമൂഹിക വ്യവസ്ഥകളേയും നിര്‍വീര്യമാക്കുകയും ചെയ്യുക എന്ന ഫണ്ടമെന്റലിസ്റ്റ് ആശയത്താല്‍ പ്രചോദിതരാണ് മിലിട്ടറൈസ്ഡ് ഇസ്ലാമിന്റെ പോരാളികള്‍.

മതത്തിലെ മിലിട്ടറിസം ഇസ്ലാമിലായാലും മറ്റേത് മതത്തിലായാലും ആപല്‍ക്കരമാണ്. അപരമതങ്ങളില്‍പ്പെട്ടവരുടെ ജീവനെടുക്കാന്‍ കാലനെ പറഞ്ഞയക്കുന്ന മതാവലംബ പാര്‍ട്ടികളുടെ സാന്നിധ്യം ആത്യന്തികമായി വിരല്‍ചൂണ്ടുന്നത് നമ്മുടെ മതേതര പാര്‍ട്ടികളുടെ ബലഹീനതയിലേക്കാണെന്ന യാഥാര്‍ത്ഥ്യം കാണാതിരിക്കരുത്. അധികാരത്തിനപ്പുറം മറ്റൊന്നിലും താല്പര്യമില്ലാത്ത സെക്യുലര്‍ പാര്‍ട്ടികള്‍ വാഴുന്നിടത്ത് വര്‍ഗ്ഗീയകോമരങ്ങള്‍ തഴച്ചുവളരും. ഒരു ഘട്ടം കഴിഞ്ഞാല്‍ അവരെ പിടിച്ചുകെട്ടുക ദുസ്സാധ്യമായിത്തീരുകയും ചെയ്യും.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com