നികുതിവര്‍ധന അനിവാര്യം

കേരളത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ടുകളും വായ്പകണക്കുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു
നികുതിവര്‍ധന അനിവാര്യം

കേരളത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ടുകളും വായ്പകണക്കുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു. വരും വര്‍ഷങ്ങളില്‍ സാമ്പത്തികസ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന് ധനമന്ത്രി ബാലഗോപാല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. വരുമാനവര്‍ധനയ്ക്ക് എന്തൊക്കെ മാര്‍ഗങ്ങളാവും പുതിയ ബജറ്റിലുണ്ടാകുക.? വിവേകത്തോടെയുള്ള നികുതിവര്‍ധനയുണ്ടാകുമോ.? ബജറ്റിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രിക്ക് പറയാന്‍ പരിമിതികളുണ്ടെങ്കിലും അദ്ദേഹം തന്റെ നയങ്ങളും നിലപാടുകളും വിശദീകരിക്കുന്നു.  ബാലഗോപാല്‍ ധനമന്ത്രിയായ ശേഷം 2021 ജൂണ്‍ നാലിന് അവതരിപ്പിച്ച ആദ്യത്തെ ബജറ്റ് തൊട്ടുമുന്‍പ് ഡോ. ടി.എം. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പുതുക്കിയ രൂപം മാത്രമായിരുന്നു. 2022 മാര്‍ച്ച് 11-ന് അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റേയും  സര്‍ക്കാരിന്റെയും  സമ്പൂര്‍ണ്ണ ബജറ്റ്.

കേരളത്തിന്റെ ധനസ്ഥിതി എങ്ങനെയാണ്? 

കേന്ദ്രത്തിന്റെ സാമ്പത്തികനയങ്ങളും കൊവിഡുമൊക്കെ കാരണം ബുദ്ധിമുട്ടേറിയ കാലത്തുകൂടിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ കടന്നു പോകുന്നത്. ധനസ്ഥിതി ഇങ്ങനെ ആയതിന്റെ ഒരു പ്രധാന കാരണം കൊവിഡാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രശ്‌നമായിത്തന്നെ അത് നില്‍ക്കുന്നു. ഒരു വശത്ത്, ലോകത്ത് കഴിഞ്ഞ നൂറോ ഇരുന്നൂറോ വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ റീ സ്ട്രക്ചറിംഗ് നടന്നിട്ടുണ്ട്. ജോലിയുടെ സ്വഭാവത്തില്‍ത്തന്നെ വലിയ മാറ്റം വന്നു. ജീവിതത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകളില്‍ വന്ന മാറ്റം, തൊഴിലിലുണ്ടായ മാറ്റം - ഇതൊക്കെ മാറാന്‍ കുറേക്കാലമെടുക്കും. 

ഇതൊരു വലിയ പ്രശ്‌നമാണ്. ഈയൊരു പ്രശ്‌നം ഒരു വശത്തു നില്‍ക്കുന്നതിനൊപ്പം, അഖിലേന്ത്യാ തലത്തില്‍ ഒരു ഇന്ത്യന്‍ യൂണിയനായി, ഭരണഘടനയുണ്ടായി, സംസ്ഥാനങ്ങള്‍ രൂപീകരിച്ചപ്പോള്‍ എടുത്തിരുന്ന നിലപാടുകളില്‍ നിന്നൊക്കെ കേന്ദ്ര ഗവണ്‍മെന്റ് മാറുകയാണ്. സംസ്ഥാനങ്ങള്‍ക്കു കൃത്യമായി തരേണ്ട ഫണ്ട് ഓരോ മേഖലയിലും തരുന്നില്ല. കേരളത്തെ സംബന്ധിച്ചാണെങ്കില്‍ നമുക്കു ധാരാളം നഷ്ടം വന്നിട്ടുണ്ട്, ഇവരുടെ നയം കാരണം. നേരത്തേ 3.8 ശതമാനം ആയിരുന്ന കേന്ദ്ര വിഹിതം, അതായത്, ആകെ അവര്‍ താഴേയ്ക്കു കൊടുക്കാന്‍ മാറ്റിവയ്ക്കുന്ന (ഡിവിസിബിള്‍ പൂള്‍) പണത്തിന്റെ 3.8 ശതമാനം തന്നുകൊണ്ടിരുന്നത് കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ കാലത്ത് 2.5 ശതമാനമായി. നൂറു രൂപ കൊടുത്താല്‍ നമുക്കു തരുന്നത് രണ്ടര രൂപ മാത്രം. അത് ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 1.92 രൂപയായി. ഇങ്ങനെ, കേന്ദ്രത്തില്‍നിന്നു ശരിയായി കിട്ടുകയായിരുന്നെങ്കില്‍ കിട്ടേണ്ടതില്‍ പത്തു 15,000 കോടിയിലധികം കുറവുണ്ട്. ഇതിനു പുറമേ കേന്ദ്രം നമുക്കു തരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഇപ്പോള്‍ ഒരു ശതമാനത്തില്‍ താഴെയേ കിട്ടുന്നുള്ളു. വാസ്തവത്തില്‍ നമുക്കൊരു മൂന്നു ശതമാനത്തില്‍ കൂടുതല്‍ കിട്ടണം.

നമുക്കു നല്ല വികസനമുണ്ട്, നല്ല സ്‌കൂളുകളുണ്ട്, നമ്മുടെ ആഭ്യന്തര വരുമാനവും ആളോഹരി വരുമാനവും കൂടുതലാണ് എന്നതൊക്കെ പറഞ്ഞ്, ന്യായമായി നല്‍കേണ്ട വിവിധ പ്ലാന്‍ ഫണ്ടുകളില്‍ നിന്നുള്ള കേന്ദ്ര സഹായവും നിഷേധിക്കുകയാണ്. അതിനിടയിലാണ് ജി.എസ്.ടി വന്നത്. അതോടെ നികുതി വരുമാനങ്ങളുടെയെല്ലാം കുത്തക കേന്ദ്രത്തിന്റെ കയ്യിലായി; ജി.എസ്.ടി കൗണ്‍സിലിന്റെ കയ്യിലായി. ജി.എസ്.ടി കൗണ്‍സില്‍ എന്നു പറഞ്ഞാല്‍ കേന്ദ്രത്തിനു തന്നെയാണ് മേധാവിത്വം. അല്ലാതെ സംസ്ഥാനങ്ങള്‍ക്കൊന്നും വലിയ അഭിപ്രായമില്ല. ജി.എസ്.ടി വന്നതോടുകൂടി നികുതിയുടെ കാര്യത്തില്‍ നമുക്കു വലിയ നഷ്ടം വന്നിട്ടുണ്ട്. കുറവു വന്നിട്ടുണ്ട്. നമുക്കു സ്വന്തം നിലയ്ക്ക് നികുതി ഈടാക്കാന്‍ പറ്റില്ല. ആകെ പെട്രോളിയവും മദ്യവും മാത്രമാണ് നമുക്കുള്ളത്. എന്നിട്ടും, ഇന്ത്യയിലെ മറ്റേതു സംസ്ഥാനങ്ങളേക്കാള്‍ ജനങ്ങളുടെ കാര്യങ്ങളില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നത് കേരളമാണെന്ന് അഭിമാനത്തോടെ പറയാം. നമുക്കു വരുമാനം പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞു, ചെലവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടി. ആരോഗ്യ പദ്ധതിക്കു നല്‍കണം, ചികിത്സയ്ക്കു നല്‍കണം. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍, കലാകാരന്മാര്‍ക്കുള്‍പ്പെടെ എത്രയോ മേഖലകളില്‍ നമ്മള്‍ തൊഴില്‍ പാക്കേജ് ഉണ്ടാക്കി. ആരോഗ്യമേഖലയില്‍ എത്രയോ ചെലവ് കൂടി. പക്ഷേ, നമ്മള്‍ പുറകോട്ടു പോയിട്ടില്ല; ഞങ്ങളിപ്പോള്‍ ഇതൊന്നും ചെയ്യില്ല എന്നു പറഞ്ഞില്ല. ജനങ്ങളെ ഒരുമിച്ചു നിര്‍ത്തിക്കൊണ്ടാണ് ഇതൊക്കെ ചെയ്തത്. ജനങ്ങളുടെ വലിയ സഹായവും കിട്ടിയിട്ടുണ്ട്. അതുകൊണ്ട്, സാമ്പത്തിക പ്രതിസന്ധിയുണ്ട്. പക്ഷേ, നമ്മളതിനെ നല്ലതുപോലെ മറികടക്കും. നമ്മള്‍ നടത്തിക്കൊണ്ടിരിക്കുന്നത് സമൂഹത്തിനുവേണ്ടിയുള്ള വലിയൊരു മൂലധന നിക്ഷേപമാണ്. ഈ കൊവിഡ് കഴിയുമ്പോഴേയ്ക്കും നമ്മള്‍ കുതിച്ചുകയറി മുന്നോട്ടു വരും. കാര്യങ്ങളെല്ലാം നന്നായി നടക്കും. കൂടുതല്‍ തൊഴിലവസരങ്ങളും സാമൂഹികമായ വളര്‍ച്ചയും ഉണ്ടാകും എന്നുതന്നെയാണ് എന്റെ വിശ്വാസം. 

കെഎൻ ബാല​ഗോപാൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
കെഎൻ ബാല​ഗോപാൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

സാമ്പത്തിക നയത്തില്‍ തുടര്‍ഭരണത്തിന്റെ രാഷ്ട്രീയ സ്വാധീനം എത്രത്തോളം ഉണ്ട്?

സര്‍ക്കാരിന്റെ ആ നയങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ് പ്രധാനപ്പെട്ട കാര്യം. ഈ നയങ്ങള്‍ എപ്പോഴും എല്‍.ഡി.എഫിന്റെ നയമാണ്. സി.പി.എമ്മും സി.പി.എം ഉള്‍പ്പെടുന്ന മുന്നണിയും ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടു സ്വീകരിച്ചിട്ടുള്ള കാഴ്ചപ്പാട്, പരമാവധി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട കാര്യങ്ങള്‍ ലഭിക്കണം എന്നതാണ്. ആരോഗ്യ, വിദ്യാഭ്യാസ, മറ്റു സാമൂഹിക സേവന രംഗങ്ങളില്‍ കിട്ടേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായ മാനദണ്ഡത്തോടെയും ചെയ്യുന്നുണ്ട്. നേരത്തേ നടപ്പാക്കിയ കാര്യങ്ങള്‍ കുറച്ചുകൂടി നന്നായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് നടത്തുക. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജനങ്ങളുടെ തൊഴിലും വരുമാനവും അവരുടെ വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇപ്പോള്‍ത്തന്നെ രാജ്യത്ത് ഏറ്റവും പ്രമുഖമായ വരുമാനം കിട്ടുന്ന മൂന്നോ നാലോ സംസ്ഥാനങ്ങളിലൊന്നായി നമ്മള്‍ വന്നിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല. എഴുപതുകളിലൊക്കെ എവിടെക്കിടന്നതാണ്. അവിടെനിന്നാണ് ഇത്രയും എത്തിയത്. ഗള്‍ഫ് പണവും പ്രവാസികളുടെ വരുമാനവുമൊക്കെ പ്രധാനപ്പെട്ട കാര്യമാണെങ്കിലും ആഭ്യന്തരമായിട്ടുള്ള നമ്മുടെ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു; നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ വലിയ വികസനത്തിന്റെ ഫലം. എങ്കിലും ഏറ്റവും നല്ല മെച്ചമാണെന്നു പറയാന്‍ പറ്റില്ല. കാര്‍ഷികരംഗത്തെ ഉല്പാദനം, വ്യാവസായിക രംഗത്ത് മറ്റും ഇനിയും മുന്നോട്ടു വരേണ്ട അവസ്ഥ, കാര്‍ഷിക രംഗത്ത് ഉല്പന്നങ്ങള്‍ക്ക് അര്‍ഹമായ തരത്തില്‍ നമുക്കതിനു വില കിട്ടേണ്ട പ്രശ്‌നം, അതില്‍നിന്നുണ്ടാകേണ്ട പുതിയ ഉല്പന്നങ്ങള്‍, സേവന മേഖലയില്‍ ഉണ്ടാകേണ്ട കാര്യങ്ങള്‍ ഇതിലൊക്കെ നമ്മള്‍ മുന്നോട്ടു വരണം. കേരളത്തിലെ ജനങ്ങള്‍ക്ക് ഏറ്റവും മാന്യമായി ജീവിക്കാന്‍ കഴിയുന്നവിധം ഉല്പാദനക്ഷമത വര്‍ദ്ധിക്കണം. സാമ്പത്തികരംഗം മുന്നോട്ടു വരണം. അതിനുവേണ്ടിയുള്ള കൂടുതല്‍ക്കൂടുതല്‍ ശ്രമങ്ങള്‍ നടത്തണം. അതിനാണ് കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ടിരിക്കുന്നത്.

പാര്‍ശ്വവല്‍കൃത വിഭാഗങ്ങളോടും തൊഴില്‍രഹിതരോടും പുതിയ സംരംഭകരോടും സ്ത്രീകളോടും പ്രത്യേക ചായ്വ് പ്രകടിപ്പിക്കുന്ന, അങ്ങനെയൊരു ഫോക്കസുള്ളതായിരിക്കുമോ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ്? 

കേരളത്തിന്റെ ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കുക, കേരളത്തിലെ ജനങ്ങളുടെ വരുമാനം വര്‍ധിക്കുക, കൃഷിക്കാര്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ക്കു വില കിട്ടുക, അതിന് ഡിമാന്‍ഡുണ്ടാവുക, വ്യാവസായിക മേഖലയ്ക്ക് ഉണര്‍വ്വ്... ഇതൊക്കെ ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള പ്രത്യേകതയുണ്ടാകും. തീര്‍ച്ചയായിട്ടും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്ക് വലിയ ശ്രദ്ധ കൊടുക്കേണ്ടതാണ്. അവരെ കുറച്ചുകൂടി മുന്നോട്ടു കൊണ്ടുവരണം. അതുപോലെ സ്ത്രീകളുടെ കാര്യം. ഇന്ത്യയില്‍ അക്കാര്യത്തില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥിതിയുള്ള സംസ്ഥാനമായി കേരളം വന്നുകഴിഞ്ഞിട്ടുണ്ട്. ഇനിയും കൂടുതല്‍ വരാനുണ്ട്. അതില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും. ഈ പറഞ്ഞ എല്ലാ മേഖലയിലും ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട തരത്തിലേക്ക് എത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. 

അടിസ്ഥാന സൗകര്യ വികസനത്തിലെ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും കിഫ്ബിയില്‍ അര്‍പ്പിച്ചു നീങ്ങുന്ന സമീപനം തുടരുമോ. പ്രതിപക്ഷം പ്രകടിപ്പിക്കുന്ന സംശയങ്ങളില്‍ എത്രത്തോളം കഴമ്പുണ്ട്? 

കിഫ്ബി നമ്മുടെ ബജറ്റിനു പുറത്തുള്ള ഫണ്ടിംഗിന്റെ സ്രോതസ്സാണ്. പ്രധാനപ്പെട്ട കാര്യം അതാണ്. കാരണം, അതൊരു സാമ്പത്തിക മാതൃകയാണ്. അതുവഴി വായ്പയെടുക്കുകയും നിക്ഷേപം വരികയും അത് നടപ്പാക്കിത്തീര്‍ക്കുകയും ദീര്‍ഘകാലംകൊണ്ട് അടച്ചുതീര്‍ക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍, കിഫ്ബി സ്വകാര്യ സ്ഥാപനമല്ല, സര്‍ക്കാരിന്റെ തന്നെയാണ്. ഇപ്പോള്‍ അതുവഴി അമ്പതിനായിരം കോടിയുടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സാധാരണഗതിയില്‍ അഞ്ചോ പത്തോ വര്‍ഷംകൊണ്ട് ചെയ്യേണ്ട കാര്യങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് ചെയ്യുകയാണെങ്കില്‍ പത്തു വര്‍ഷംകൊണ്ട് ചെയ്യുന്ന ചെലവിനെക്കാള്‍ കുറഞ്ഞിരിക്കും. ഈ പണം ഒരുമിച്ചു കടമെടുക്കുന്നു. നമ്മള്‍ വീടു വയ്ക്കാന്‍ എന്തുകൊണ്ടാണ് വായ്പയെടുക്കുന്നത്? ചെറിയ പലിശയ്ക്ക് തിരിച്ചടയ്ക്കാം. അങ്ങനെ ലാഭകരമായ ഒരു മോഡലാണ് ഇത്. വസ്തവത്തില്‍ നമുക്കു തിരിച്ചടവിനും ബാക്കി സംഗതികള്‍ക്കും സഹായകരമായ ഒരു സംവിധാനമാണ്. അതിനു വായ്പയെടുത്തിട്ടുള്ളത് കൂടുതലും വാണിജ്യ ബാങ്കുകളില്‍നിന്നാണ്. ഒരെണ്ണമാണ്, മസാല ബോണ്ട് എന്ന നിലയില്‍ എടുത്തിട്ടുള്ളത്. അതിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ കൃത്യമായി പറഞ്ഞിരുന്നു. ബാക്കിയെല്ലാം ബാങ്കുകളാണ്. സ്റ്റേറ്റ് ബാങ്കും നബാര്‍ഡും മുതലുള്ള ബാങ്കുകളില്‍നിന്നാണ്. അതെല്ലാം വ്യവസ്ഥാപിതമായ നിയമമനുസരിച്ചിട്ടുള്ളതാണ്. അത്തരം വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ യാതൊരു മടിയുമില്ല; വെളിപ്പെടുത്തുന്നുണ്ട്. അതില്‍ യാതൊരു രഹസ്യസ്വഭാവവുമില്ല. കാരണം ഇത് പബ്ലിക്കാണ്, ഗവണ്‍മെന്റാണ്. ഗവണ്‍മെന്റിന് ഉത്തരവാദിത്വമുള്ളതാണ്. 

പ്രതിപക്ഷം ആദ്യം ഉന്നയിച്ച രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. പലിശയുടെ കാര്യമൊക്കെയാണ് നേരത്തെ അവര്‍ പറയാന്‍ ശ്രമിച്ചത്. ഇതിലും കുറഞ്ഞ പലിശയ്ക്കു വേറെ വായ്പ കിട്ടുമായിരുന്നു എന്ന്. കഴിഞ്ഞ ബജറ്റ് ചര്‍ച്ചയ്ക്കിടയില്‍ നിയമസഭയില്‍ കിഫ്ബിയെക്കുറിച്ച് ഒരു ദിവസം പ്രത്യേക ചര്‍ച്ച നടത്തി; വളരെ വിശദമായി ഒന്നോ രണ്ടോ സഭാ സമ്മേളനങ്ങളില്‍ ഇക്കാര്യം പറഞ്ഞു. അവര്‍ ഉന്നയിക്കുന്ന ആരോപണം തന്നെ തുടരാന്‍ കഴിയാത്ത രീതിയില്‍ എല്ലാ വിശദാംശങ്ങളും കൊടുത്തതാണ്. ഇപ്പോള്‍ അവര്‍ക്കൊന്നും പറയാനില്ല. റിസര്‍വ്വ് ബാങ്കിന്റെ അംഗീകാരത്തിനു വിധേയമായി ചെയ്യുന്ന കാര്യമാണല്ലോ. കിഫ്ബി വഴിയുണ്ടാകുന്ന ഗുണം പ്രതിപക്ഷത്തിനും നമ്മുടെ സമൂഹത്തിനും മനസ്സിലാവുകയാണ്. ഇപ്പോള്‍ത്തന്നെ ഏകദേശം ഇരുപതിനായിരത്തോളം കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. ഏറ്റവും കൂടുതല്‍ പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങളില്‍ത്തന്നെയാണ്. 11000 കോടി നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ബില്ലുകൊടുത്തു. ഇതുകൂടാതെ വലിയ തോതിലുള്ള വികസനം വരികയാണ്. കേരളത്തിലെ ദേശീയപാതകളുടെയെല്ലാം വികസനം, അതിന്റെ ഭൂമി ഏറ്റെടുക്കലുള്‍പ്പെടെ. വലിയ വ്യവസായ പാര്‍ക്കുകളും ഐ.ടി പാര്‍ക്കുകളുമൊക്കെ വരാന്‍ പോകുന്നു. കേരളത്തിലെ പ്രതിപക്ഷ എം.എല്‍.എമാരെല്ലാം ആവശ്യപ്പെടുന്നത് അവരുടെ മണ്ഡലത്തിലേക്കു വേണമെന്നാണ്. അടുത്ത രണ്ടുമൂന്നു വര്‍ഷം നല്ലതുപോലെ ശ്രമിച്ചാലേ ഇപ്പോഴുള്ള പണികള്‍തന്നെ തീരുകയുള്ളു എന്നതാണ് സ്ഥിതി. രാഷ്ട്രീയമായി പ്രതിപക്ഷം ഉന്നയിച്ച എല്ലാ വിമര്‍ശനങ്ങള്‍ക്കും കൃത്യമായി സാങ്കേതികമായും ഭരണപരമായും എല്ലാ രേഖകളും ഉദ്ധരിച്ച് മറുപടി പറഞ്ഞു. സത്യസന്ധമായി മറുപടി നല്‍കുമ്പോള്‍ അതില്‍ അവരുടെ രാഷ്ട്രീയത്തെ തുറന്നു കാണിക്കുക എന്നതുകൂടിയുണ്ട്. അത് രാഷ്ട്രീയമായി ഞങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷേ, ഞങ്ങള്‍ പറയുമ്പോള്‍ വെറും പുകമറയല്ല മറുപടി; കൃത്യമായി ഡേറ്റ വച്ചിട്ടാണ്.
 
മോട്ടോര്‍ വാഹന നികുതിയുടെ പകുതി, പെട്രോളിയം സെസ്സ് എന്നീ കിഫ്ബി വായ്പാ തിരിച്ചടവിനായി നാം കണ്ടിട്ടുള്ള സ്രോതസ്സുകള്‍ മതിയായതാണോ? 

അവ മതിയായ സ്രോതസ്സുകളാണ്. ഓരോ വര്‍ഷവും മോട്ടോര്‍ വാഹന നികുതിയുടെ പകുതി, പെട്രോളിയം ഉല്പന്നങ്ങളുടെ നിശ്ചിത സെസ്സ്. ഓരോ വര്‍ഷവും 10 ശതമാനം വര്‍ദ്ധനവോടു കൂടിയാണ്. കൊവിഡ് കാരണം ഈ വര്‍ഷം കുറച്ചൊരു കുറവു വന്നു. പറഞ്ഞതുപോലെ തിരിച്ചടയ്ക്കുക എന്നതു നമ്മുടെ ഉത്തരവാദിത്വമാണ്, വാക്കാണ്. ബാങ്കുകളില്‍നിന്നൊക്കെ എടുത്തിരിക്കുന്ന വായ്പ ആയതുകൊണ്ട് അവര്‍ക്കു കൃത്യമായി തിരിച്ചടയ്ക്കണം. ഇപ്പോള്‍ സാമ്പത്തിക പ്രശ്‌നമൊന്നുമില്ല, പണമുണ്ട്. എങ്കിലും ബാങ്കുകളുടെ വിശ്വാസ്യത തകരാതെ നോക്കുക എന്നതു പ്രധാനമാണ്. അതുകൊണ്ട് 330 കോടിയോളം രൂപ, ആ 10 ശതമാനം വര്‍ദ്ധന നമ്മള്‍ കൊടുത്തിട്ടുണ്ട്. ഈ വര്‍ഷം ഏകദേശം 2300 കോടിയോളമാണ് കൊടുക്കേണ്ടിവന്നത്. അടുത്ത വര്‍ഷം ഇതിന്റെ പത്തു ശതമാനം വര്‍ദ്ധന കൂടിവരും. അതു വച്ചിട്ടാണ് നമ്മള്‍ ഇപ്പോള്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എടുത്തിട്ടുള്ള കടവും കൃത്യമായി തിരിച്ചടയ്ക്കാന്‍ അസെറ്റ് മാനേജ്മെന്റ് ലയബിലിറ്റി (എ.എല്‍.എം) ചാര്‍ട്ടുണ്ടാക്കുന്നത്. ഏറ്റവും ശാസ്ത്രീയമായ ഈ ചാര്‍ട്ടുവച്ച് കൃത്യമായി തിരിച്ചടയ്ക്കും. അതുകൊണ്ട് ഈ രണ്ട് സ്രോതസ്സുകള്‍ വച്ച് അടയ്ക്കാന്‍ പറ്റും. ഇതു കൃത്യമായി നടപ്പാക്കിക്കഴിഞ്ഞാല്‍ ഏറ്റവും നന്നായി വിജയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റും. 

ഇടക്കാല ബജറ്റ് അവതരണ വേളയിൽ കെഎൻ ബാല​ഗോപാൽ
ഇടക്കാല ബജറ്റ് അവതരണ വേളയിൽ കെഎൻ ബാല​ഗോപാൽ

20 ലക്ഷം തൊഴില്‍ എന്നത് കെ ഡിസ്‌ക് വഴി നടപ്പാക്കാനുള്ള പദ്ധതി ഒന്നാംവര്‍ഷ അവലോകനത്തിലേക്ക് കടക്കുമ്പോള്‍ ഫലപ്രാപ്തി എത്രത്തോളമാണ്. 'നോളജ് ഇക്കോണമി ഫണ്ട്' എന്ന നിലയില്‍ പുതുക്കിയ ഒന്നാം ബജറ്റില്‍ അനുവദിച്ചത് 300 കോടി രൂപ. തോമസ് ഐസക് വകയിരുത്തിയ 200 കോടി താങ്കള്‍ 300 കോടിയായി ഉയര്‍ത്തിയിരുന്നല്ലോ? 

ലോകത്തുതന്നെ പുതിയ തരം അറിവുകളും അവയെ അടിസ്ഥാനമാക്കിയുള്ള ശേഷികളും വര്‍ദ്ധിക്കുകയാണ്. നോളജ് ഇക്കോണമി എന്നു പറഞ്ഞാല്‍ ഐ.ടി അധിഷ്ഠിത അറിവ് മാത്രമല്ല; അല്ലാത്ത വിജ്ഞാനങ്ങളും അതിന്റെ പരിധിയില്‍ വരും. 20 ലക്ഷം തൊഴില്‍ എന്നു പറയുന്നതില്‍, വിദ്യാഭ്യാസമുണ്ടായിട്ടും വീട്ടിലിരിക്കുന്ന സ്ത്രീകള്‍ക്ക് വര്‍ക് ഫ്രം ഹോം എന്ന നിലയിലും വര്‍ക് നിയര്‍ ഹോം എന്ന നിലയിലും ഉള്‍പ്പെടെ ജോലി കിട്ടാനുള്ള സാധ്യത കൂടിയുണ്ട്. അതില്‍ ഐടി മാത്രമല്ല ഉള്ളത്. കേരളത്തിനു പുറത്തുള്ള മലയാളികള്‍ക്കും ലഭിക്കും ഇങ്ങനെ ജോലി. കേരളത്തിലെ ആളുകള്‍ ലോകത്തെവിടെ പോയാലും നല്ല തൊഴില്‍ സേനയാണ്. കേരളത്തിലും പുറത്തും അവര്‍ക്കു നന്നായി ചെയ്യാന്‍ കഴിയും. അതിന് അവരെ പ്രാപ്തരാക്കുക. തീര്‍ച്ചയായിട്ടും അതിനു ചില സാധ്യതകളുണ്ട്. പുതിയ പദ്ധതികളും നമ്മള്‍ ആലോചിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ കുറെ കാര്യങ്ങള്‍ ചെയ്തു. അതില്‍ തൊഴിലും തൊഴില്‍ പരിശീലനവുമുണ്ട്. ദേശീയവും അന്തര്‍ദ്ദേശീയവുമായ കമ്പനികളെ കേരളവുമായി ബന്ധിപ്പിക്കാനും അവരില്‍നിന്നു പരിശീലനം ലഭ്യമാക്കാനുമൊക്കെയുള്ള പദ്ധതികളാണ്. നമ്മുടെ നാട്ടിലെ കാര്‍ഷികോല്പാദനവും ചെറുതായി ചെയ്യാന്‍ പറ്റുന്ന വ്യാവസായിക ഉല്പാദനവുമൊക്കെ നാട്ടുകാരെ പങ്കാളികളാക്കി വികസിപ്പിക്കുകയും ചെയ്യും. അങ്ങനെ വളരെ സമഗ്രവും ജനകീയവുമായിരിക്കും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍. കേവലം കടലാസില്‍ പറയുന്ന പദ്ധതിയല്ല; കൃത്യമായും കേരളത്തിലെ ജനങ്ങളെയാകെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വലിയ പ്രസ്ഥാനമായാണ് നമ്മള്‍ അത് ആസൂത്രണം ചെയ്തിരിക്കുന്നത്. 

നൈപുണ്യ വികസനത്തിനും വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയ്ക്കും ഉയര്‍ന്ന പരിഗണന നല്‍കുന്നതാണല്ലോ സര്‍ക്കാരിന്റെ സമീപനം. പക്ഷേ, ആ ലക്ഷ്യത്തിനുവേണ്ടി നിലവിലുള്ള ഒന്നിലധികം സ്ഥാപനങ്ങള്‍ (അസാപ്, കെയ്‌സ്, ഐ.സി.ടി അക്കാദമി) ലക്ഷ്യം കാണാതെ കോടികള്‍ പാഴാക്കുന്നത് എങ്ങനെ കാണുന്നു? 

കെ ഡിസ്‌ക് - ഈ സ്ഥാപനങ്ങള്‍ പോലെ തൊഴില്‍ പരിശീലനം മാത്രമല്ല. കെ ഡിസ്‌ക് യഥാര്‍ത്ഥത്തില്‍ നവീനാശയങ്ങളുടെ കണ്ടുപിടുത്തവുമായിക്കൂടി ബന്ധപ്പെട്ടതാണ്. പുതിയ പുതിയ ധാരാളം കാര്യങ്ങള്‍ ഉല്പാദനത്തിലേക്ക് എത്തുന്നതിനു വേണ്ടിക്കൂടി സഹായിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആ ഉല്പാദനത്തില്‍, ഇന്നവേഷന്‍ എന്നത് വലിയ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും റോക്കറ്റ് അയയ്ക്കുന്നതും മാത്രമല്ല. ഞാന്‍ എപ്പോഴും പറയാറുള്ള ഒരു ഉദാഹരണമുണ്ട്: നമ്മുടെ എല്ലാവരുടേയും വീടുകളിലുള്ള, തേങ്ങ പൊതിക്കാനായി ഉപയോഗിക്കുന്ന ചെറിയ പാര. തറയില്‍ അത് കുത്തി നിര്‍ത്തിയിട്ട് വളരെ ഈസിയായി ആര്‍ക്കും തേങ്ങ പൊതിക്കാം. ഇതൊരു സാധാരണ വീട്ടമ്മ കണ്ടുപിടിച്ചതാണ് എന്നാണു കേട്ടിട്ടുള്ളത്. എങ്ങനെ മനുഷ്യന്റെ അദ്ധ്വാനത്തെ കുറയ്ക്കാന്‍ പറ്റും എന്നതിനു പ്രായോഗിക പരിഹാരം നിര്‍ദ്ദേശിക്കുന്ന വലിയൊരു കണ്ടുപിടുത്തമാണിത്. നേരത്തേയാണെങ്കില്‍ വെട്ടുകത്തിയൊക്കെ വേണം തേങ്ങ പൊതിക്കാന്‍. ഈ കണ്ടുപിടുത്തത്തിന്റെ മൂല്യം വളരെ വലുതാണ്. പഞ്ചാബിലെ ഗ്രാമങ്ങളിലൊക്കെ പോകുമ്പോള്‍ കാണാറുള്ള ഒരു കാര്യമുണ്ട്. ജലസേചനത്തിന് ഉപയോഗിക്കുന്ന ചെറിയ മോട്ടോറുണ്ടല്ലോ, ഇത് ഉപയോഗിച്ചിട്ട് അവര്‍ ചെറിയ ട്രാക്ടര്‍ പോലുള്ള വണ്ടി ഓടിക്കും. ലോഡ് കയറ്റിക്കൊണ്ടുപോകുന്ന വണ്ടി. ഈ മോട്ടോര്‍ ആണ് എന്‍ജിന്‍. പഴയ ടയറൊക്കെ എവിടുന്നെങ്കിലും സംഘടിപ്പിച്ച്, സ്റ്റിയറിംഗൊക്കെ പിടിപ്പിച്ച്, കെട്ടുകണക്കിന് വൈക്കോലുമൊക്കെയായി പോകുന്നതു കാണാം. സ്വദേശിവല്‍ക്കരണം എന്നാണോ അതോ പ്രാദേശികവല്‍ക്കരണം എന്നാണോ പറയേണ്ടത് എന്നറിഞ്ഞുകൂടാ. ഇതിനേക്കാള്‍ പ്രായോഗിക തരത്തിലൊക്കെ യന്ത്രങ്ങളുണ്ടാക്കാറുണ്ട് കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍. തായ്ലന്‍ഡ്, തായ്വാന്‍, വിയറ്റ്നാം, മലേഷ്യ ഒക്കെ, അവരുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കും കൃഷിക്കുമൊക്കെ. ഇത്തരം പല കാര്യങ്ങളും കണ്ടുപിടിക്കാന്‍ പറ്റും. നമുക്ക് ബാംബൂ ഉണ്ട്; നല്ലൊന്നാന്തരം ഈറ്റയും മുളയും. ചകിരിച്ചോറ് വേണ്ടത്രയുണ്ട്. ഇതിനെയൊക്കെ പ്രായോഗികമായ മെറ്റീരിയലുകള്‍ ഉപയോഗിച്ച് നല്ല ഘനമുള്ള ഫര്‍ണിച്ചറുകളാക്കി മാറ്റാം. ഇത്രയും തടിയും സൗകര്യങ്ങളുമുള്ള നമ്മുടെ നാട്ടില്‍പ്പോലും ഫര്‍ണിച്ചറുകള്‍ വരുന്നത് പുറത്തു നിന്നാണ്. പ്രത്യേകിച്ചും ഈ പറഞ്ഞ രാജ്യങ്ങളില്‍നിന്ന്. അതൊന്നും വലിയ സാങ്കേതികവിദ്യയല്ല. പ്രായോഗികമായ കാര്യങ്ങളാണ്. ഇവിടെയാണ് നമുക്ക് എങ്ങനെ നമ്മുടെ സമ്പദ്ഘടനയെ സജീവമാക്കാനാകും എന്ന് ആലോചിക്കേണ്ടത്.  ഉദാഹരണത്തിന്, സിമന്റ്. നമുക്ക് അത്രയും ശേഷിയില്ല; സാധനവുമില്ല. അസംസ്‌കൃത വസ്തുക്കള്‍ ഇല്ലല്ലോ. പക്ഷേ, നമുക്ക് ഉണ്ടാക്കാന്‍ പറ്റുന്ന സാധനങ്ങളുമുണ്ട്. ലോകത്തെവിടെയുമുണ്ടല്ലോ മലയാളി. അതുകൊണ്ട് വിപണി പ്രശ്‌നമാകില്ല. നമുക്കുതന്നെയുണ്ടല്ലോ വിപണി. ഏറ്റവും പ്രധാനം മാര്‍ക്കറ്റിംഗ് ആണ്. സാധനങ്ങള്‍ ഉല്പാദിച്ചതുകൊണ്ടു മാത്രം കാര്യമില്ല; വാങ്ങാന്‍ ആളു വേണം, അവരിലേക്ക് എത്തണം, അവര്‍ക്ക് വിശ്വസനീയമാകണം. അങ്ങനെ ഒരു മാസം ഒരു 3000 കോടി രൂപയുടെയെങ്കിലും സാധനങ്ങള്‍ ഇവിടെ ഉല്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഒരു വര്‍ഷം 30000 കോടിയുടേതാകില്ലേ. ആ തരത്തില്‍ കുറേ കാര്യങ്ങളില്‍ മാറ്റം വന്നാല്‍ അതുതന്നെ സ്വന്തം ചുവടുവയ്പാണ്. നമുക്കു കുറേ കാര്യങ്ങള്‍ ലോകത്തിനുവേണ്ടി ഉണ്ടാക്കരുതോ.

ഞാന്‍ ഈ ബജറ്റിനു മുന്നോടിയായുള്ള ചര്‍ച്ചകളുടെ ഭാഗമായിട്ട് കേരളത്തിലെ മലയാളി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. പിഎച്ച്.ഡി ചെയ്യുന്നവരും അതു കഴിഞ്ഞ് പോസ്റ്റ് ഡോക്ടറല്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങളിലുള്ളവരും മറ്റും. ലോകത്തെ പല യൂണിവേഴ്സിറ്റികളിലുള്ളവരും ഉണ്ടായിരുന്നു അവരില്‍. ആപ്പിളിന്റെ ലാപ്ടോപ്പില്‍ ഉപയോഗിക്കുന്ന എംവണ്‍ ചിപ്പ് അപ്ഗ്രേഡ് ചെയ്യുന്ന യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അത്ഭുതം തോന്നി. വളരെ പ്രധാനപ്പെട്ട ഒരു വിവരമാണ് ആ കുട്ടി തന്നത്. ഏതെങ്കിലും കമ്പനിയിലോ മറ്റോ ആയിരിക്കും ആ പ്രവര്‍ത്തനം നടക്കുന്നത് എന്നല്ലേ നമ്മള്‍ കരുതുക. ഏറ്റവും വേഗത്തില്‍, ഏറ്റവും ഉയര്‍ന്ന തരത്തില്‍ ഉടനെ ചെയ്യാന്‍ നമുക്കും കഴിയുമെന്നു പറയുന്നില്ല. പക്ഷേ, നമുക്കും അത്തരം ചില കാര്യങ്ങള്‍ ചെയ്യണം. അവിടെയാണ് നോളജ് ഇക്കോണമിയുടെ ജോലി. നമ്മള്‍ കുറേ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് കൂടുതല്‍ വിജയിപ്പിക്കണം. ഝാര്‍ഖണ്ഡിലെ ഒരു ചെറുപ്പക്കാരന്‍ പായലില്‍നിന്ന് ബയോ ഡീസല്‍ ഉണ്ടാക്കുന്ന ഒരു പ്രോജക്റ്റുണ്ട്. ഞാനും കെ ഡിസ്‌ക് ഉദ്യോഗസ്ഥരും ബന്ധപ്പെട്ടിരുന്നു. ഇവിടെ വന്നിരുന്നു. അങ്ങനെ പലതും നടക്കുന്നുണ്ട്, ലോകത്ത്. ഇതെല്ലാം ഒരുപക്ഷേ, 100 ശതമാനം സാമ്പത്തികമായി ലാഭമാകണമെന്നില്ല, വിജയകരമാകണം എന്നുമില്ല. പക്ഷേ, പരീക്ഷണങ്ങളാണല്ലോ വിജയകരമായ കാര്യങ്ങളിലേക്ക് എത്തിക്കുന്നത്. ആ പരീക്ഷണം ചെയ്യാനും അതിനു പ്രേരിപ്പിക്കാനും അതിനുള്ള സഹായം കൊടുക്കാനുമുള്ള അന്തരീക്ഷം നമ്മുടെ ശാസ്ത്രജ്ഞര്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഇടയില്‍ ഒരുങ്ങണം. സ്റ്റാര്‍ട്ടപ്പ് മിഷനൊക്കെപ്പോലെ കുറേ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നേരത്തേ പറഞ്ഞ പലതരത്തിലുള്ള നൈപുണ്യ പരിശീലന കേന്ദ്രങ്ങളുടെ കാര്യത്തില്‍, ചിലതു വിജയിക്കും, ചിലത് പൂര്‍ണ്ണമായി വിജയിക്കില്ല. നമ്മള്‍ കൊടുക്കുന്ന പരിശീലനവും നൈപുണ്യവുമല്ല ആവശ്യക്കാര്‍ക്കു വേണ്ടതെങ്കിലോ. നൈപുണ്യം എന്നത് ഒരിക്കലും പരിശീലനത്തിലൂടെ പൂര്‍ണ്ണമാകില്ല. എന്നാല്‍, അടിസ്ഥാന പരിശീലനം കൊടുക്കാനും പറ്റും. പക്ഷേ, അതിന്റെ ആവര്‍ത്തനമല്ല കെ ഡിസ്‌ക്.

നേരത്തെ പറഞ്ഞ സ്ഥാപനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന നൈപുണ്യ പരിശീലനം അതേവിധം തുടരും എന്നാണോ? 

അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന പരിശീലനത്തിന്റെ തോതിനു വ്യത്യാസം വരും. ഓരോന്നും നോക്കിയിട്ട് പ്രായോഗികത അനുസരിച്ചായിരിക്കും തീരുമാനിക്കുക. അവ നിലനില്‍ക്കും. പക്ഷേ, തെരഞ്ഞെടുക്കുന്ന മേഖലകളില്‍ വ്യത്യാസം വരും. ഉദാഹരണത്തിന്, ഐ.സി.ടി അക്കാദമിയുണ്ട്. പക്ഷേ, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വന്ന് വേറെ കുറേ കാര്യങ്ങള്‍ കൂടി ചെയ്യുന്നുണ്ട് ഇപ്പോള്‍. അതായത്, ഇവയെല്ലാം ഒരേ കാര്യങ്ങള്‍ ഒരേപോലെ ചെയ്യാനല്ല, വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനാണ്.

വികസന വിരുദ്ധര്‍ എന്ന് ഇടതുപക്ഷത്തെ, പ്രത്യേകിച്ചും സി.പി.എമ്മിനെ ആക്ഷേപിച്ചിരുന്നവര്‍ ഇപ്പോള്‍ വികസന പദ്ധതികളുടെ പേരില്‍ ആക്രമിക്കുന്ന സ്ഥിതിയാണല്ലോ. സില്‍വര്‍ ലൈന്‍ പദ്ധതി ഉദാഹരണം. എങ്ങനെ മറികടക്കും? 

കെ റെയിലിന്റെ തുടക്കത്തില്‍ പ്രതിപക്ഷം അതിനെതിരെ നടത്തിയ പ്രചാരണം അതേപോലെ ഇപ്പോഴും തുടരുന്നുണ്ടെന്നു തോന്നുന്നില്ല. കേരളത്തിനു വലിയ സാധ്യതകളുള്ള പദ്ധതിയാണിത് എന്ന സമീപനമാണ് ഞങ്ങള്‍ തുടക്കത്തിലേ എടുത്തത്. എന്നാല്‍, അതുസംബന്ധിച്ചു ചില ആശങ്കകള്‍ ഉയര്‍ന്നുവന്നു. യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും നേതാക്കന്മാര്‍ ഒരുമിച്ചുനിന്നു പറഞ്ഞ ആശങ്ക പൊളിറ്റിക്കലാണ്. അവര്‍ രാഷ്ട്രീയമായി എതിര്‍ക്കും; ഞങ്ങള്‍ എന്തു പറഞ്ഞാലും എതിര്‍ക്കും. അവര്‍ ഇത് ഇടതുമുന്നണി സര്‍ക്കാരിനെതിരായ വലിയ അവസരമായി കാണുന്നവരാണ്. അവരെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റില്ല. പക്ഷേ, അല്ലാത്ത കുറേ ആളുകളുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമോ, ഇത്രയും പണം മുടക്കിയാല്‍ അതു തിരിച്ചുകിട്ടുമോ, നീരൊഴുക്കും മറ്റുമൊക്കെ തടയപ്പെടുമോ തുടങ്ങി നിരവധി ആശങ്കകള്‍ സൃഷ്ടിച്ചതിന്റെ ഭാഗമായി എതിര്‍ക്കുന്നവര്‍. അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചാല്‍ മനസ്സിലാകും. അവരൊന്നും പറയുന്നതു കാര്യമല്ല എന്നു നമ്മള്‍ പറയില്ല. അവരെ മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള നല്ലതുപോലെയുള്ള ക്യാംപെയ്ന്‍ നടത്തി. മുഖ്യമന്ത്രി പങ്കെടുത്ത് തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ ഈ പ്രചാരണം നടത്തി. ജനപ്രതിനിധികളെ ഉള്‍പ്പെടെ കണ്ട് വിശദീകരിച്ചു. ഇനിയും ആ പ്രചാരണം തുടരും. ഒരു കാര്യം ഞാന്‍ പറയാം, നിലവില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ ഗതാഗത സംവിധാനം റെയില്‍വേ തന്നെയാണ്. അതുകൊണ്ട് നിയമപ്രകാരം ശരിക്കും പരിസ്ഥിതി ആഘാത പഠനം റെയില്‍വേ പദ്ധതികള്‍ക്ക് വേണ്ട. എങ്കില്‍പ്പോലും നമ്മള്‍ അതു നടത്തുന്നുണ്ട്. കെ റെയിലിന്റെ കാര്യത്തിലും നടത്തുന്നുണ്ട്. ഹരിത രാഷ്ട്രീയം വളരെ പ്രധാനമായ യൂറോപ്യന്‍ രാജ്യങ്ങളില്‍ 2030 ആകുമ്പോഴേയ്ക്കും ഇത്തരം അതിവേഗ, അര്‍ധ അതിവേഗ റെയില്‍ കണക്റ്റിവിറ്റി ഇരട്ടിയാക്കണം എന്നാണ് യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നത്. 2050 ആകുമ്പോഴേയ്ക്കും മൂന്നിരട്ടിയാക്കാനും ആലോചിക്കുന്നു. കാരണം, അതാണ് ഏറ്റവും പ്രകൃതി സൗഹൃദപരമായ ഗതാഗത സംവിധാനം. മറ്റേതിലും ഇതിനേക്കാള്‍ കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകും. വൈദ്യുതിയില്‍ ഓടുമ്പോഴും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് വെള്ളത്തില്‍ നിന്നല്ലെങ്കില്‍ പ്രശ്‌നമുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങളെക്കാള്‍ 70 ശതമാനം കൂടുതല്‍ മലിനീകരണം ഉണ്ടാകും. ഉണ്ടാക്കുമ്പോഴാണ്, ഉപയോഗിക്കുമ്പോഴല്ല എന്നോര്‍ക്കണം. കാരണം, ബാറ്ററി വേണമല്ലോ. ഇലക്ട്രിക് വാഹനങ്ങളില്‍ ഉല്പാദനത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു. ഇപ്പോഴായിരിക്കില്ല കുറച്ചു കഴിഞ്ഞാകും അതിന്റെ പ്രശ്‌നങ്ങള്‍ പറയുക. പഴയ സി.എഫ്.എല്‍ ബള്‍ബുകള്‍ നമ്മള്‍ ഉപയോഗിക്കുന്നില്ലല്ലോ, വീട്ടില്‍ വയ്ക്കുന്നു പോലുമില്ല. വലിയ പദ്ധതിയായിട്ടാണ് അത് കൊണ്ടുവന്നത്. അതുകൊണ്ട്, പരമാവധി ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കുന്നതിന് ഏറ്റവും നല്ലത് റെയില്‍വേ തന്നെയാണ് എന്നാണ് ലോകത്താകെ പറയുന്നത്. ഇതു മനസ്സിലാക്കുന്നവരല്ലേ കേരളീയര്‍. ഇതൊന്നും മനസ്സിലാകില്ല, തങ്ങള്‍ പറയുന്നതേ ജനത്തിനു മനസ്സിലാവുകയുള്ളു എന്നു പ്രതിപക്ഷം വാശിപിടിക്കരുത്, അത്രേയുള്ളു. ഇന്ത്യയില്‍ത്തന്നെ പല സംസ്ഥാനങ്ങളിലും ഇത് കൊണ്ടുവരാനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ തന്നെ പരിപാടി. കേരളത്തില്‍ ഇതു പാടില്ല എന്നു പറയുന്നതില്‍ വെറും കക്ഷി രാഷ്ട്രീയമാണുള്ളത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പാക്കും. 

കേരളത്തിന് എന്തുകൊണ്ടും നല്ല പദ്ധതിയാണിത്. പൊതു ചെലവ് പരമാവധി ഉണ്ടാക്കുക എന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കു വളരെ പ്രധാനമാണ്. 64000 കോടി രൂപ കെ റെയില്‍ വഴി നമ്മുടെ സംസ്ഥാനത്തു ചെലവാക്കുമ്പോള്‍ അതിന്റെ ഗുണഫലം കേരളത്തിനു വലിയ തോതില്‍ ലഭിക്കും. ഈ തുകയില്‍ 45000 കോടിയെങ്കിലും കേരളത്തില്‍ത്തന്നെ ചെലവഴിക്കപ്പെടും. സ്റ്റീല്‍, സിമന്റ്, കോച്ചുകള്‍ ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ തുടങ്ങിയതൊക്കെ പുറത്തുനിന്നു വരേണ്ടിവരും. നമുക്ക് ഇവിടെ ഇല്ല. പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ 13000 കോടി; അത് ഇവിടുത്തെ ആളുകളുടെ കയ്യില്‍ കിട്ടും. ഈ പണം വാങ്ങുന്ന ആള്‍ വേറെ ഭൂമി വാങ്ങും, ആ പണം മറ്റൊരാള്‍ക്കു കിട്ടും, പുതിയ കെട്ടിടങ്ങള്‍ പണിയും. അങ്ങനെയൊരു വിനിമയം നടക്കും. പിന്നെ, ജോലി. ചെറുകിട കരാറുകാരും ടെക്നീഷ്യന്മാരും ഇവരുടെയൊക്കെക്കൂടെ ജോലി കിട്ടുന്ന ചെറുപ്പക്കാരും. അങ്ങനെ അതിന്റയൊരു വലിയ ആക്റ്റിവിറ്റി നടക്കും. ഇതില്‍ ചെലവഴിക്കുന്ന പണത്തിന്റെ ഒരു പങ്ക് ജി.എസ്.ടി എന്ന നിലയിലോ നികുതി എന്ന നിലയിലോ കേരള സര്‍ക്കാരിനു കിട്ടും. 

കാസര്‍ഗോട്ടു നിന്ന് തിരുവനന്തപുരത്ത് നാലു മണിക്കൂര്‍കൊണ്ട് എത്തേണ്ടത് ആര്‍ക്കാണ് എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ടല്ലോ, കെ റെയിലിനെ എതിര്‍ക്കുന്നവര്‍? 

രാവിലെ ആറിന് തിരുവനന്തപുരത്തു നിന്നു കോഴിക്കോട് പോയി അവിടെ പല കാര്യങ്ങള്‍ നടത്തി വൈകുന്നേരം തിരിച്ചുവരാന്‍ കഴിയുക എന്നു പറയുന്നത് വലിയ കാര്യം തന്നെയാണ്. ഏകദേശം താങ്ങാവുന്ന ടിക്കറ്റ് നിരക്കു കൂടിയാണെങ്കില്‍. കേരളത്തില്‍നിന്ന് ആളുകള്‍ മറ്റു സ്ഥലങ്ങളിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്, ഇവിടെ നല്ല സൗകര്യങ്ങള്‍ വര്‍ദ്ധിക്കാത്തതുകൊണ്ട്. യാത്രാസൗകര്യത്തിന്റെ മാത്രമല്ല, ജോലിയും കൂടിയാണ് ഈ പറയുന്നത്. ഉണ്ടെങ്കില്‍ നമ്മുടെ എത്രയോ ആളുകള്‍ ഇവിടെ നില്‍ക്കും. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ പ്രായാധിക്യമുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ചെറുപ്പക്കാര്‍ ഇവിടെ നില്‍ക്കണം. അവരുടെ അമ്മയേയും അച്ഛനേയും അപ്പൂപ്പനേയും അമ്മൂമ്മയേയുമൊക്കെ നോക്കാനും കഴിയണം. അതുകൊണ്ട് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ച പ്രധാന കാര്യമാണ് ഇത്തരം സൗകര്യങ്ങള്‍. കൂടുതല്‍ കമ്പനികള്‍ വരും, ജോലി സാധ്യതകളുണ്ടാകും. ടൂറിസം വികസിക്കും. കാസര്‍കോട്ടു നിന്ന് ആര്‍.സി.സിയിലൊന്നു വന്നു പോകാന്‍ രണ്ടു ദിവസമെടുക്കുന്നവര്‍ക്ക്, മറ്റു ചികിത്സകള്‍ക്കു വരുന്നവര്‍ക്ക്, സെക്രട്ടേറിയറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കു വരുന്നവര്‍ക്കൊക്കെ ഇത് സൗകര്യം തന്നെയാണ്. പിന്നെ, സാമ്പത്തികമായി ലാഭകരമാകുമോ എന്ന ചോദ്യം. സാമ്പത്തികമായി ലാഭകരമാകില്ലെങ്കില്‍ ഒരു ബാങ്കും പണം തരില്ല. കുറഞ്ഞ പലിശയ്ക്കു ജിക പോലുള്ള ഏജന്‍സികളില്‍നിന്നാണ് വായ്പ എടുക്കുന്നത്. 

സാമ്പത്തികമായി ഇത് നഷ്ടമാകുമെങ്കില്‍ ഇവരൊന്നും പണം തരില്ല. ഇത്രയും പണം മുടക്കി എന്തിനാണ് അടിസ്ഥാന സൗകര്യ വികസനം നടത്തുന്നത്, അതിന്റെ കാര്യമുണ്ടോ എന്നാണ് ചില കോണ്‍ഗ്രസ് നേതാക്കന്മാരും ബി.ജെ.പി നേതാക്കന്മാരും ഒന്നിച്ചു നിന്ന് ചോദിക്കുന്നത്. അങ്ങനെയാണെങ്കില്‍ കൊല്ലത്തു നിന്നു ചെങ്കോട്ടയ്ക്കും തിരുവനന്തപുരത്തു നിന്നു ചെന്നൈയ്ക്കുമുള്ള മീറ്റര്‍ ഗേജ് ലൈന്‍ 100 വര്‍ഷം മുന്‍പ് ഉണ്ടാകുമായിരുന്നോ, മലബാറില്‍ നിന്ന് മദ്രാസിലേക്കുള്ള റെയില്‍വേ ലൈന്‍ ഉണ്ടാകുമായിരുന്നോ? അന്ന് ആഴ്ചയിലൊരിക്കല്‍ ട്രെയിന്‍ ഓടിക്കാനാണ് ഇത്രയും പണം മുടക്കി തിരുവിതാംകൂറിലും മലബാറിലും റെയില്‍വേ കൊണ്ടുവന്നത്. അന്നതു സാധിച്ചതു വഴിയുണ്ടായ വികസനം ചെറുതല്ല. കൊച്ചി തുറമുഖമാണ് മറ്റൊന്ന്. അതുകൊണ്ട് ഭാവിയിലേക്കു കൂടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായി ഇത്തരം ചില കാര്യങ്ങള്‍ ചെയ്യുക വളരെ പ്രധാനമാണ്. 

കൊവിഡ് മാന്ദ്യത്തില്‍നിന്ന് കേരള സമ്പദ്ഘടനയെ അതിവേഗം കരകയറ്റുന്നതിന് ഏറ്റവും അനുയോജ്യ പദ്ധതിയാണ് കെ റെയില്‍ എന്നാണ് ഡോ. ഐസക്കിന്റെ വാദം. അതിരുകടന്നതല്ലേ ഈ അവകാശവാദം? 

പല പരിഹാര പദ്ധതികളില്‍ ഒന്നാണ് എന്നാണ്, അല്ലാതെ ഇത് ഒരേയൊരു പരിഹാരമാര്‍ഗ്ഗമാണ് എന്നല്ലല്ലോ അദ്ദേഹം പറഞ്ഞത്. ഇതാണ് ഒരു മരുന്ന് എന്ന നിലയില്‍ അല്ലല്ലോ. പക്ഷേ, ഞാന്‍ ഈ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് സഖാവ് ഐസക്കും അതില്‍ പറഞ്ഞിരിക്കുന്നത്. എല്ലാവരും ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുന്നതാണല്ലോ. ഇതും നന്നായി നമ്മളെ സഹായിക്കും എന്നേ ആ പറഞ്ഞതിന് അര്‍ത്ഥമുള്ളൂ.

പരിസ്ഥിതി തീവ്രവാദം എന്നൊന്ന് കേരളത്തില്‍ എത്രത്തോളമുണ്ട്. അതിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ എന്തൊക്കെയാണ്? 

പരിസ്ഥിതി വിഷയത്തെ സ്വന്തം അജന്‍ഡയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഒരു കാര്യമാണ് പരിസ്ഥിതി തീവ്രവാദം. അത് അറിഞ്ഞുകൊണ്ടുതന്നെ ഉപയോഗിക്കുന്നതാണ്. ചില ആളുകള്‍ ഒരുമിച്ചു ചേരും. ഉദാഹരണത്തിന്, ഗ്യാസ് പൈപ്പ് ലൈനിനെതിരായ സമരത്തില്‍ ഏറ്റവും തീവ്ര നിലപാടുകളുള്ള ഇസ്ലാമിക മതമൗലികവാദികളും ബിജെപിയും യു.ഡി.എഫുമൊക്കെ ചേര്‍ന്നു. നന്ദിഗ്രാമാണ് ഇവരുടെ മാതൃക. അവിടെ മാവോയിസ്റ്റുകളും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസ്സും തൃണമൂല്‍ കോണ്‍ഗ്രസ്സും എല്ലാവരും കൂടി ചേര്‍ന്ന് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയില്ലേ. യഥാര്‍ത്ഥത്തില്‍ അത്രയും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ടിയിരുന്നോ? അത് ആസൂത്രിതമായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിനെതിരായിട്ടാണ് അവരെല്ലാം ഒന്നിച്ചത്. ഇടതുപക്ഷത്തെ ഇവര്‍ക്ക് ഇഷ്ടമല്ല; അതുകൊണ്ട് ഇല്ലാത്തതു പലതുമാണ് പ്രചരിപ്പിക്കുന്നത്. അങ്ങനെ, ഇല്ലാത്ത കാര്യങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിപ്പിക്കുന്ന രാഷ്ട്രീയ സമീപനമാണ്, അതിതീവ്ര നിലപാടാണ് പരിസ്ഥിതി തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടേത്. അതുകൊണ്ടാണ് ഞാന്‍ യൂറോപ്പിന്റെ കാര്യവും ഗ്രീന്‍ പാര്‍ട്ടികളെക്കുറിച്ചും പറഞ്ഞത്. ഏറ്റവും ശക്തമായ പരിസ്ഥിതി പ്രവര്‍ത്തനം നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് യൂറോപ്പ്. അങ്ങനെയുള്ള സ്ഥലത്തുപോലും ഇത്തരം പദ്ധതികള്‍ ഉണ്ട്. മനുഷ്യനു ജീവിക്കണം. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യനും; പ്രകൃതിയിലെ മറ്റ് ആവാസ വ്യവസ്ഥകളെ ബാധിക്കാത്ത വിധത്തില്‍ പദ്ധതികള്‍ നടപ്പാകണം. എല്ലാം നശിപ്പിക്കാനല്ല, നിലനിര്‍ത്തിത്തന്നെ മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നത്. അങ്ങനെയല്ല എന്നു തെറ്റിദ്ധരിച്ചു പോകുന്ന ആളുകളുണ്ട്. പൊതുവിലെ എതിര്‍പ്പല്ല; ചില ആളുകള്‍ക്ക് അങ്ങനെയുണ്ട് എന്നു കണ്ടാല്‍ മതി. അവര്‍ക്കും സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമ്പോള്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകും എന്നാണ് കരുതുന്നത്. ഒന്നു ചോദിക്കട്ടെ, റോഡുകള്‍ ഉണ്ടാകുന്നു, ദേശീയപാതകള്‍ ഉണ്ടാകുന്നു. അതൊക്കെ നിര്‍മ്മാണ പ്രവര്‍ത്തനമാണല്ലോ. അതൊക്കെ നമുക്കു നിര്‍ത്താന്‍ പറ്റുമോ നാട്ടിലെ സാഹചര്യത്തില്‍. വലിയ കെട്ടിടങ്ങളും പുതിയ കെട്ടിടങ്ങളും ഉണ്ടാകുന്നു; അതെല്ലാം നിര്‍ത്താന്‍ പറ്റുമോ? അനാവശ്യമായ കാര്യങ്ങളും പ്രകൃതിയെ ആകെ നശിപ്പിക്കുന്ന കാര്യങ്ങളും വരരുത് എന്നതാണ് ഇതില്‍ കാണേണ്ടത്. കേരളത്തിലെ റോഡ് വികസനവും രാജ്യത്തെയാകെ റോഡ് വികസനവുമൊക്കെയുണ്ടല്ലോ. അതിനേക്കാള്‍ അപ്പുറം അപകടകരമായ ഒന്നും ഇക്കാര്യത്തിലും ഇല്ല. 

എല്ലാവരും പലപ്പോഴും പറയാറുള്ള ഒരു വാചകമാണ്, എന്റേയും കൂടി നികുതിപ്പണമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത് എന്ന്. പക്ഷേ, നമ്മുടെ നികുതി നിരക്ക് കേരളത്തില സാമൂഹിക പുരോഗതിക്കൊത്ത വിധമുള്ളതാണോ? അതില്‍ എന്തെങ്കിലും പരിഷ്‌കരണം ആലോചനയിലുണ്ടോ? 

എല്ലാവരില്‍നിന്നും എല്ലാ സാധനങ്ങള്‍ക്കും പരോക്ഷ നികുതി ഈടാക്കുന്നുണ്ടല്ലോ. ജനങ്ങള്‍ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ വാങ്ങുമ്പോള്‍ കൊടുക്കുന്ന നികുതി. ആ അര്‍ത്ഥത്തില്‍ ആളുകള്‍ പറയുന്നതു ശരിയാണ്. ആഭ്യന്തര മൊത്ത വരുമാനത്തിന്റെ (ജി.ഡി.പി) വളരെ കുറച്ചു ശതമാനം മാത്രം നികുതി കിട്ടുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. ജി.ഡി.പിയുടെ ആറോ ഏഴോ ശതമാനത്തിനടുത്തേ ഉള്ളു ഇപ്പോള്‍ നികുതി. ലോകത്ത് ഏറ്റവും വികസിത സൗകര്യങ്ങള്‍ കിട്ടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ വലിയ തോതിലാണ് നികുതി. ജോലി ഇല്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം കിട്ടും. പക്ഷേ, അസംഘടിത മേഖലയില്‍പ്പോലും അന്നന്നു നികുതി പിടിച്ചിട്ടാണ് കൂലി കൊടുക്കുക. ആ രാജ്യങ്ങളിലെ ജീവിത സൗകര്യങ്ങള്‍ക്കു തുല്യമായ സാമൂഹിക സുരക്ഷ കേരളം കൊടുക്കുന്നുണ്ട്. പക്ഷേ, നികുതിയോ. ആഫ്രിക്കയിലെയാണെന്നു പോലും പറയാറുണ്ട്. കേരളത്തെക്കുറിച്ചുള്ള ഒരു വലിയ വിമര്‍ശനം അതാണ്. ഇതില്‍ മാറ്റം വരണം. കൊടുക്കാന്‍ പറ്റുന്നവര്‍ കുറച്ചുകൂടി നികുതി കൊടുക്കണം. സമൂഹത്തിനുവേണ്ടിയാണത്. നികുതി നല്ലതുപോലെ വരേണ്ടതുണ്ട്; അത് തീര്‍ച്ചയായും ഇംപ്രൂവ് ചെയ്യേണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com