ഇനി വേണ്ട, 'ഇങ്ക്വിലാബ് സിന്ദാബാദ്'

വിപ്ലവം നീണാള്‍ വാഴട്ടെ എന്ന ആശയം പ്രസരിപ്പിക്കുന്ന 'ഇങ്ക്വിലാബ് സിന്ദാബാദ്' ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാഷ്ട്രീയകക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി എന്നത് ചരിത്രസത്യം
ഇനി വേണ്ട, 'ഇങ്ക്വിലാബ് സിന്ദാബാദ്'

ങ്ക്വിലാബ് സിന്ദാബാദ് എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന് നൂറ്റിയൊന്ന് വയസ്സായി. വിപ്ലവം വിജയിക്കട്ടെ എന്നര്‍ത്ഥം വരുന്ന ആ മുദ്രാവാക്യം 1921-ല്‍ രൂപപ്പെടുത്തിയതും ആദ്യമായി ഉപയോഗിച്ചതും ഹസ്രത്ത് മൊഹാനി എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട സയ്യിദ് ഹസലുല്‍ ഹസനാണ്. സ്വാതന്ത്ര്യസമര പോരാളിയും കവിയുമായിരുന്ന മൊഹാനി ഉറുദു ഭാഷയില്‍ കോയിന്‍ ചെയ്ത ആ മുദ്രാവാക്യമത്രേ 1929-ല്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ അസംബ്ലിയില്‍ ബോംബെറിഞ്ഞ ഭഗത്സിംഗും വിളിച്ചത്. പില്‍ക്കാലത്ത് അത് സ്വാതന്ത്ര്യസമര ഭടന്മാരുടെ പ്രിയങ്കരമായ മുദ്രാവാക്യമായി മാറി.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇങ്ക്വിലാബ് സിന്ദാബാദിന് ഒരു കമ്യൂണിസ്റ്റ് നിറം കൈവരുകയുണ്ടായി. 1925-ല്‍ കാണ്‍പൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ ഭാഗഭാക്കായ മൊഹാനിയുടെ പാരമ്പര്യം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുകയായിരുന്നോ എന്നറിയില്ല. ഏതായാലും, വിപ്ലവം നീണാള്‍ വാഴട്ടെ എന്ന ആശയം പ്രസരിപ്പിക്കുന്ന 'ഇങ്ക്വിലാബ് സിന്ദാബാദ്' ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാഷ്ട്രീയകക്ഷി കമ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി എന്നത് ചരിത്രസത്യം. ഏതെങ്കിലും ജാഥയിലോ പ്രകടനത്തിലോ ഇങ്ക്വിലാബ് മുഴങ്ങിയാല്‍ അത് കമ്യൂണിസ്റ്റുകാരുടെ ജാഥയോ പ്രകടനമോ ആയി ആളുകള്‍ മനസ്സിലാക്കുന്നിടത്തോളം ആ മുദ്രാവാക്യം കമ്യൂണിസ്റ്റ് സ്വത്വവുമായി ഇഴുകിച്ചേര്‍ന്നു കഴിഞ്ഞിരുന്നു.

അതൊക്കെ ഇപ്പോള്‍ പഴങ്കഥയാവുകയാണ്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി എറണാകുളത്ത് നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്)യുടെ കേരള സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട നവകേരള നയരേഖയിലും തദനുബന്ധ ചര്‍ച്ചകളിലും തെളിഞ്ഞുനില്‍ക്കുന്നത് മൊഹാനിയും ഭഗത്സിംഗും മാത്രമല്ല, സമീപകാലം വരെ സി.പി.എമ്മും പോഷക സംഘടനകളും നെഞ്ചേറ്റിയിരുന്ന ഇങ്ക്വിലാബിനോടുള്ള കടുത്ത അനാഭിമുഖ്യമാണ്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം നയിക്കുന്ന ഇടതു ജനാധിപത്യമുന്നണി കേരളത്തില്‍ തുടര്‍ഭരണം നേടിയിരുന്നില്ലെങ്കില്‍, ഇപ്പോള്‍ 2022 മാര്‍ച്ച് ആദ്യം നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടതുപോലുള്ള നവ (മുതലാളിത്ത) കേരള നയരേഖയുമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി രംഗത്ത് വരുമായിരുന്നില്ലെന്നു കാണാന്‍ സാമാന്യബുദ്ധി ധാരാളം മതി. യു.ഡി.എഫ് എന്ന വലതുമുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് പോലും ഇതുപോലുള്ള ഒരു കാപ്പിറ്റലിസ്റ്റ് നയരേഖ അവതരിപ്പിക്കാനുള്ള 'ചങ്കൂറ്റം' പ്രദര്‍ശിപ്പിക്കുമോ എന്നത് സംശയകരമാണ്.

അടുത്തകാലം വരെ എന്തിനെയൊക്കെയാണോ സി.പി.എം പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തുപോന്നത്, അതെല്ലാം ഇപ്പോള്‍ പാര്‍ട്ടിക്ക് ഏറെ ഹൃദയംഗമമായി മാറിയിരിക്കുന്നു. ഉന്നതവിദ്യാഭ്യാസം ഉള്‍പ്പെടെ സര്‍വ്വ മേഖലകളിലും സ്വദേശ-വിദേശ വ്യത്യാസമില്ലാതെ സ്വകാര്യ നിക്ഷേപം സ്വീകരിക്കുമെന്നാണ് ഇടത് മൂല്യങ്ങളെക്കുറിച്ച് ഗിരിപ്രഭാഷണം നടത്തിപ്പോന്ന സംസ്ഥാന മാര്‍ക്‌സിസ്റ്റ് നേതൃത്വം ഇപ്പോള്‍ സന്ദേഹരഹിത സ്വരത്തില്‍ വെളിവാക്കുന്നത്. 1990-കളുടെ ആദ്യത്തില്‍ യു.ഡി.എഫ് ഭരണകാലത്ത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ പാരാമെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ക്ക് പച്ചക്കൊടി വീശിയപ്പോള്‍ അതിനെതിരെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ സംഘടനകളെ തെരുവിലിറക്കിയ പാര്‍ട്ടിയാണ് സി.പി.എം. ആ പാര്‍ട്ടി ഉന്നതവിദ്യാഭ്യാസ ഉന്നമനത്തിന് ആഭ്യന്തരവും വൈദേശികവുമായ സ്വകാര്യ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നു പറയുമ്പോള്‍, ആര്‍ക്ക് കഴിയും മൂക്കത്ത് വിരല്‍ വെക്കാതിരിക്കാന്‍!

സി.പി.എമ്മിന്റെ 'വിപരിണാമം'

സ്വാശ്രയ പാരാമെഡിക്കല്‍ വിദ്യാഭ്യാസത്തിനെതിരെ നടത്തിയ പ്രക്ഷോഭ കോലാഹലങ്ങള്‍ക്കു ശേഷം, പത്ത് വര്‍ഷം മുന്‍പ് ഐക്യമുന്നണി ഭരണനാളുകളില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കേണ്ട മാറ്റങ്ങളേയും പരിഷ്‌കരണങ്ങളേയും കുറിച്ച് ആലോചന നടത്താന്‍ അക്കാദമിക സംഗമം സംഘടിപ്പിച്ചിരുന്നു. ആ ഉദ്യമം തകര്‍ക്കുന്നതിന് കച്ചകെട്ടിയിറങ്ങിയതും സി.പി.എം തന്നെ. കോവളത്ത് അക്കാദമിക സംഗമത്തിനു നേതൃത്വം നല്‍കിയ അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐക്കാര്‍ തറയില്‍ ഉന്തിവീഴ്ത്തിയത് മലയാളികള്‍ മറന്നുകാണില്ല. അക്കാദമിക സിറ്റികള്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ തുടങ്ങിയ കാര്യങ്ങളും ഉന്നത വിദ്യാഭ്യാസ തുറയില്‍ സ്വകാര്യനിക്ഷേപ സാധ്യതകളുമൊക്കെയായിരുന്നു ആ സംഗമത്തിന്റെ പര്യാലോചനാ വിഷയങ്ങള്‍. ആ സംരംഭത്തെ അന്നു പുറംകാല്‍ കൊണ്ട് തട്ടിയെറിഞ്ഞവര്‍ ഇപ്പോള്‍ ഹയര്‍ എജുക്കേഷന്‍ സെക്റ്ററില്‍ വിദേശ നിക്ഷേപം വേണമെന്നു പ്രഖ്യാപിക്കുന്നു! കാഫ്കയുടെ 'മെറ്റമോര്‍ഫോസിസ്' (രൂപാന്തരം) എന്ന നോവലെറ്റിലെ കേന്ദ്ര കഥാപാത്രമായ ഗ്രിഗര്‍ സാംസയെ അനുസ്മരിപ്പിക്കും വിധമുള്ള ദ്രുതരൂപപരിണാമത്തിനത്രേ ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകം വിധേയമായിരിക്കുന്നത്.

ഇന്നലെ വരെ മുതലാളിമാര്‍ക്കെതിരെ മാത്രമല്ല, സാധാരണക്കാര്‍ക്കെതിരെപ്പോലും കയറ്റിറക്ക് തൊഴിലാളികളടക്കമുള്ളവരെ കയറൂരിവിട്ട കറുത്ത ചരിത്രത്തിന് അവകാശിയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. സി.ഐ.ടി.യുവിനെ ജനസൗഹൃദമാക്കാന്‍ ഒരുകാലത്തും പാര്‍ട്ടി ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നില്ല എന്നതാണ് നേര്. അവകാശങ്ങളെക്കുറിച്ച് മാത്രമാണ് സി.പി.എം നേതൃത്വം തൊഴിലാളികളെ ബോധവല്‍ക്കരിച്ചുപോന്നത്. അവകാശങ്ങളുടെ അത്രതന്നെ പ്രധാനമാണ് കടമകളുമെന്ന് അവരെ പഠിപ്പിക്കുന്നത് പാര്‍ട്ടിയുടെ അജന്‍ഡയിലുണ്ടായിരുന്നേയില്ല. നീലക്കോളര്‍ തൊഴിലാളികള്‍ മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ള വെള്ളക്കോളര്‍ തൊഴിലാളികളും അവകാശപ്പോരാട്ടങ്ങളില്‍ മാത്രം അഭിരമിച്ചുപോന്നു.

ആ പോരാട്ടമധ്യേ നീലക്കോളര്‍ വിഭാഗത്തില്‍പ്പെടുന്ന കയറ്റിറക്കു തൊഴിലാളികള്‍ മനസ്സാക്ഷിക്കുത്തില്ലാതെ നടത്തിപ്പോന്ന പിടിച്ചുപറിയുടെ പേരാണ് നോക്കുകൂലി. ഒരര്‍ത്ഥത്തിലും ശരിയല്ലാത്ത കാര്യമാണ് നോക്കുകൂലി എന്നറിഞ്ഞിട്ടും പാര്‍ട്ടി നേതൃത്വം അത് ഫലപ്രദമായി വിലക്കിയില്ല. ഇപ്പോള്‍ സംസ്ഥാന സമ്മേളനം മേല്‍ച്ചൊന്ന പിടിച്ചുപറിക്കെതിരെ നിലപാടെടുത്ത സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നോക്കൂകൂലി നിര്‍മ്മാര്‍ജ്ജനത്തിന് കര്‍ശനവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമഭേദഗതി കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുണ്ട്. മുളയിലേ നുള്ളേണ്ടിയിരുന്നത് വന്‍വൃക്ഷമായി പടര്‍ന്നുപന്തലിച്ചതിനുശേഷമാണ് കണ്ണുതുറക്കുന്നതെങ്കിലും, ആ ദിശയിലുള്ള നടപടികള്‍ സ്വാഗതാര്‍ഹം തന്നെ.

ഈ നോക്കുകൂലിവിരുദ്ധ തീരുമാനം നീലക്കോളര്‍/വെള്ളക്കോളര്‍ മേഖലകളിലെ തൊഴിലാളികള്‍ ചിരകാലമായി നടത്തിപ്പോരുന്ന ഇങ്ക്വിലാബ് വിളികളെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. സി.പി.എം നിയന്ത്രണത്തിലുള്ള തൊഴിലാളി സംഘടനകള്‍ ഒന്നനങ്ങിയാല്‍ പൊട്ടുന്ന വെള്ളിടിയായാണ് ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യമുഴക്കം കേരളത്തിലെങ്കിലും അനുഭവപ്പെട്ടുപോന്നിട്ടുള്ളത്. വിളിക്കുന്ന മുദ്രാവാക്യത്തിന്റെ ഉല്പത്തിയോ സാരമോ അറിയാത്തവര്‍ പോലും ആ ഉറുദു പദങ്ങള്‍ ദിഗന്തം ഭേദിക്കുമാറുച്ചത്തില്‍ അട്ടഹസിച്ചുപോന്നിട്ടുണ്ട്. ആ ശീലം ഇനിയവര്‍ മറക്കേണ്ടിയും മാറ്റേണ്ടിയും വരും. കാരണം, മുതലാളി സൗഹൃദ നവകേരളത്തില്‍ എന്തിനും ഏതിനും ഇങ്ക്വിലാബ് സിന്ദാബാദ് മുഴക്കി പ്രക്ഷോഭരംഗത്തിറങ്ങുന്ന തൊഴിലാളികളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കടിഞ്ഞാണേന്തുന്നവര്‍ പിന്തുണയ്ക്കാന്‍ പോകുന്നില്ല.

ആഭ്യന്തരവും വൈദേശികവുമായ സ്വകാര്യ നിക്ഷേപങ്ങള്‍ അനുവദിക്കുമ്പോള്‍ പാര്‍ട്ടിയുടെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ബലികഴിക്കില്ലെന്നു നേതൃത്വം വ്യക്തമാക്കിയതിലേക്ക് കൂടി കടന്നുചെന്നുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം. സ്വകാര്യ മൂലധന നിക്ഷേപവും സ്ഥാപനങ്ങളും സാമൂഹിക നിയന്ത്രണത്തിനു വിധേയമാക്കും എന്നത്രേ പാര്‍ട്ടി സാരഥികള്‍ വിശദീകരിച്ചു കാണുന്നത്. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത യാതൊരു നിയന്ത്രണവും വന്‍കിട ആഭ്യന്തര/വൈദേശിക നിക്ഷേപകര്‍ അംഗീകരിക്കില്ല എന്ന യാഥാര്‍ത്ഥ്യം ആര്‍ക്കാണറിയാത്തത്! ജനാനുകൂലമാവുക എന്നതല്ല, അതിലാഭാനുകൂലമാവുക എന്നതാണ് എല്ലാ വന്‍കിട നിക്ഷേപകരുടേയും 'പത്തുകല്പനകളി'ല്‍ പരമപ്രധാനം. ആ കല്പന പ്രയോഗവല്‍ക്കരിക്കണമെങ്കില്‍, 1848-ല്‍ കാള്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്നെഴുതിയ 'കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'യില്‍ കുറിച്ചുവെച്ച 'സര്‍വ്വരാജ്യ തൊഴിലാളികളേ സംഘടിക്കുവീന്‍' എന്ന ആഹ്വാനം സി.പി.എം നേതൃത്വം സ്വമനസ്സില്‍നിന്നു ചുരണ്ടിക്കളയുകയും പകരം സംസ്ഥാന ഭരണകൂടത്തിന്റെ നെറ്റിത്തടത്തില്‍ 'സര്‍വ്വരാജ്യ മുതലാളികളേ വരുവിന്‍/വരുവിന്‍ എന്ന സ്വാഗതവാക്യം എഴുതിപ്പിടിപ്പിക്കുകയും ചെയ്യേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com