പലായനം, പടക്കളത്തില്‍ നിന്ന്

By മുസാഫിര്‍  |   Published: 20th March 2022 02:53 PM  |  

Last Updated: 20th March 2022 02:53 PM  |   A+A-   |  

musafir

 

''Refugees are mothers, fathers, sisters, brothers, children, with the same hopes and ambitions as us-except that a twist of fate has bound their lives to a global refugee crisis on an unprecedented scale.'

Khaled Hosseini

(Afghan-American writer and physician. Author of the New York Times bestsellers The Kite Runner, A Thousand Splendid Suns, and And the Mountains Echoed).

ല്ലാം നഷ്ടപ്പെട്ട് സ്വന്തം നാടും വീടും വിട്ടോടി ഒരു നേരത്തെ വിശപ്പകറ്റാനും തലയൊന്ന് ചായ്ക്കാനും അന്യദേശക്കാരന്റെ കനിവ് കാത്ത് തെരുവുയാചകരെപ്പോലെ കൈനീട്ടേണ്ടിവരിക. ഏത് നിമിഷവും അതിഭീകരമായ അതിര്‍വേലികള്‍ക്ക് അപ്പുറത്തേക്കോ തടങ്കല്‍ പാളയങ്ങളിലേക്കോ എടുത്തെറിയപ്പെടുക. തലേന്നുവരെ തങ്ങളുടെ ജീവരക്തംകൊണ്ട് നനയിച്ച മണ്ണില്‍, സ്‌നേഹംകൊണ്ട് പുഷ്പിച്ച ചെടികളും സ്വാതന്ത്ര്യത്തിന്റെ സ്വച്ഛവായുവും പിന്നിലുപേക്ഷിച്ച്, തലമുറയായി പിതാമഹന്മാരുടെ ആത്മാക്കളുറങ്ങുന്ന അസ്ഥിത്തറകള്‍ മറവിയിലേക്ക് തള്ളി, ഭൂപടത്തിലെ കാണാക്കരകളിലേക്ക് കടന്നുപോകേണ്ടിവരിക.

അമേരിക്കയിലെ ഇല്ലിനോയ്സില്‍ ശിശുരോഗവിദഗ്ദ്ധയായ ഡോ. ഹിനാ ഇബ്രാഹിം, ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി സമിതി (യു.എന്‍.എച്ച്.സി.ആര്‍) അംഗമാണ്. അഭയാര്‍ത്ഥികളുടെ മഹാദുരന്തം ആദ്യമായി നേരില്‍ കണ്ട അനുഭവം ഒരിക്കല്‍ പങ്കു വെച്ചതോര്‍ക്കുന്നു. പഗോഡകളുടെ മ്യാന്‍മറില്‍. റോഹിംഗ്യന്‍ മുസ്ലിങ്ങളെ ആട്ടിപ്പായിക്കുന്ന ദുരന്തദൃശ്യങ്ങള്‍ക്കു നടുവില്‍നിന്നാണ് ഹിനാ ഇബ്രാഹിം, ഐക്യരാഷ്ട്രസഭയുടെ സന്നദ്ധ സേനാംഗങ്ങളോടൊപ്പം ചേര്‍ന്നുനിന്ന് അവിടത്തെ കൊടിയ മര്‍ദ്ദനങ്ങളുടെ ഇരകള്‍ക്ക് മരുന്നും മറ്റു സഹായങ്ങളും നല്‍കിയത്. സമാധാന നൊബേല്‍ നേടിയ വനിതാ ഭരണാധികാരിയുടെ ആശ്രിതരും മിലിട്ടറി ജുണ്ടയും ചേര്‍ന്ന് ആളുകളെ സ്വന്തം മണ്ണില്‍നിന്ന് ആട്ടിയോടിക്കുന്ന കരള്‍പിളരും കാഴ്ചയ്ക്ക് ഡോ. ഹിന സാക്ഷിയായി. 

അഹിംസ പഠിപ്പിച്ച ശ്രീബുദ്ധന്റെ അനുയായികള്‍ തന്നെയോ ഈ ബര്‍മക്കാര്‍ എന്നു ഞാന്‍ സ്വയം ചോദിച്ചുപോയിയെന്ന് ഹിനാ ഇബ്രാഹിം പറയുന്നു.

രണ്ടു വര്‍ഷം മുന്‍പത്തെ ഡിസംബര്‍ ആദ്യം അബുദാബിയില്‍ ചേര്‍ന്ന 145 രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മുസ്ലിം കമ്യൂണിറ്റീസ് കൗണ്‍സിലിന്റെ പ്രതിനിധികളിലൊരാളായ ഡോ. ഹിനയുടെ കരളുരുകിയ ഈ സംസാരം ആര്‍ദ്രമിഴികളോടെയാണ് ഞാനന്ന് കേട്ടിരുന്നത്.

സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍, പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ഡോ. ഹിനയും സംഘവും ജീവകാരുണ്യത്തിനു പുതിയ പാഠങ്ങള്‍ പകര്‍ന്നു. മാസങ്ങളോളം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസം... ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്. എല്ലാ റെഫ്യൂജീ ക്യാമ്പുകളും അവിരാമമായ സങ്കടപ്പെയ്ത്തില്‍ നനഞ്ഞു കുതിരുന്നു. അന്നു പിരിയുമ്പോള്‍ ഹിന പറഞ്ഞു:

ഇവിടെനിന്നു ഞാന്‍ പോകുന്നത് ഡമാസ്‌കസിലേക്ക്. അവിടത്തെ കൂടാരങ്ങളില്‍ വിശന്നുകരഞ്ഞ് ഉറങ്ങാത്ത കുഞ്ഞുങ്ങളും മുലപ്പാല്‍ വറ്റിയ അമ്മമാരുമുണ്ട്. പോഷകാഹാര കിറ്റുകളുമായുള്ള ഞങ്ങളുടെ മൂന്നാമത്തെ യാത്രയാണിത്. നമുക്ക് വീണ്ടും കാണാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് പെഷവാറില്‍നിന്ന് ചിക്കാഗോയിലേക്ക് കുടിയേറിയതാണ് ഡോ. ഹിനയുടെ കുടുംബം. അബുദാബി ഫെയര്‍മോണ്ട് ഹോട്ടല്‍ ലോബിയില്‍നിന്നുകൊണ്ട്  സ്‌നേഹപൂര്‍വ്വം അവര്‍ കൈവീശി: ഖുദാ ഹാഫിസ്...

***

ഷെല്ലാക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവർ/ ഫോട്ടോ: എപി

ഡോ. ഹിനയിപ്പോള്‍ എവിടെയാകും? ഞാന്‍ വാട്സ്ആപ്പില്‍ ഓഡിയോ സന്ദേശമയച്ചു നോക്കി. എന്റെ പ്രതീക്ഷ തെറ്റിയില്ല. റൊമേനിയന്‍ തലസ്ഥാനമായ ബുഖാറസ്റ്റിന്റെ അതിര്‍ത്തിയിലേക്ക് സുഹൃത്തുക്കളോടൊപ്പം പോവുകയാണെന്നു മറുപടി ലഭിച്ചു. യുക്രെയ്ന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ടീമിലെ അംഗമായി പ്രവര്‍ത്തിക്കുകയാണിപ്പോള്‍. റഷ്യ, യുക്രെയ്നില്‍ അധിനിവേശം നടത്തിയ ശേഷം ഇതെഴുതുന്നതു വരെ ഏകദേശം 15 ലക്ഷത്തിലധികം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍ അയല്‍നാടുകളായ റൊമേനിയ, സ്ലോവാക്യ, ഹംഗറി, മൊള്‍ഡോവ എന്നിവിടങ്ങളിലേക്ക് പ്രാണനുംകൊണ്ട് പലായനം ചെയ്തതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് അഭയാര്‍ത്ഥികളാണ് ഓരോ ദിവസവും ഈ ദിക്കുകളിലേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഹിനാ ഇബ്രാഹിം പറയുന്നത്. ബുഖാറസ്റ്റില്‍നിന്ന് ഒരുപക്ഷേ, പോളണ്ടിലേക്ക് പോകുമെന്നും അവിടെയെത്തിയാല്‍ വാട്സ്ആപ്പ് സന്ദേശമയക്കാമെന്നും അവര്‍ പറഞ്ഞു. യുദ്ധമേഖലയില്‍നിന്നു രക്ഷപ്പെടാന്‍ തിടുക്കം കാട്ടുന്നവരെക്കൊണ്ട് പോളിഷ് - യുക്രെയ്ന്‍ അതിര്‍ത്തി നിറഞ്ഞിരിക്കുകയാണത്രെ. അതിര്‍ത്തിയില്‍നിന്ന് അതിര്‍ത്തിയിലേക്ക് നീളുന്ന മനുഷ്യരുടെ നീണ്ടനിര. രോഗികളുടേയും വൃദ്ധരുടേയും മറ്റും ദീനവിലാപങ്ങളും പിടച്ചിലുകളും. വൈദ്യസഹായം തേടാനുള്ള വഴി പോലുമില്ല. കുടിവെള്ളവും ഭക്ഷണവും പരിമിതം. 14 കിലോമീറ്റര്‍ നീളത്തില്‍ പലായനത്തിന്റെ പാത നീണ്ടുകിടക്കുന്നു. റഷ്യ - യുക്രെയ്ന്‍ സംഘര്‍ഷത്തിനു മുന്‍പുതന്നെ പോളണ്ടില്‍ 15 ലക്ഷത്തിലധികം യുക്രെയ്നുകാരുണ്ട്. യുദ്ധമേഖലയില്‍നിന്നു വരുന്നവര്‍ കൂടിയാകുമ്പോള്‍ പോളണ്ടില്‍ മാത്രമല്ല, ഹംഗറിയിലും മൊള്‍ഡോവയിലും സ്ലോവാക്യയിലുമെല്ലാം ആഭ്യന്തര പ്രതിസന്ധി മൂര്‍ച്ഛിക്കുമെന്നുറപ്പാണ്. അഭയാര്‍ത്ഥികളെ താങ്ങാനാവാതെ പല അയല്‍നാടുകളും അതിസങ്കീര്‍ണ്ണമായ അവസ്ഥ അഭിമുഖീകരിക്കാന്‍ പോവുകയാണ്.

യുദ്ധം തുടങ്ങിയ ആദ്യ ആഴ്ചയില്‍ മാത്രം അരലക്ഷം യുക്രെയ്നുകാര്‍ക്ക് പോളണ്ട് അഭയം നല്‍കി. സ്ത്രീകളും കുട്ടികളും ഉള്ളതെല്ലാം കെട്ടിപ്പെറുക്കി അതിരുകള്‍ താണ്ടുമ്പോള്‍ 18-നും അറുപതിനുമിടയ്ക്ക് പ്രായമുള്ള യുക്രെയ്ന്‍ പൗരന്മാര്‍ യുദ്ധസന്നദ്ധരായി രാജ്യത്തിന്റെ മാനം കാക്കാന്‍ ധീരമായ ചുവടുവയ്പുകളോടെ തലസ്ഥാനമായ കീവിലും 400 കിലോമീറ്ററകലെ കാര്‍ക്കിവിലും സുമിപോലുള്ള മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും ധീരമായി നിലയുറപ്പിക്കുന്നു. വിദേശികളുള്‍പ്പെടെ പലരും മനുഷ്യകവചമായി ഉപയോഗിക്കപ്പെടുന്നതായി പരാതികളുയരുന്നു. 

മൂത്ത മകളെ മാതൃരാജ്യത്തെ പ്രതിരോധിക്കാന്‍ കാവല്‍ നിര്‍ത്തി രണ്ടു കൈക്കുഞ്ഞുങ്ങളുമായി പോളണ്ടിലേക്ക് നീങ്ങുന്ന നാദിയാ സ്ലുസാറെയോവിനെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഹൃദയസ്പര്‍ശിയായ വാര്‍ത്തയുണ്ട്. കീവ് നഗരത്തിന്റെ ആകാശത്ത് മിസൈലുകളുടെ മിന്നല്‍പ്പിണര്‍ കണ്ട് പേടിച്ചരണ്ട് ബങ്കറുകളിലേക്കോടുന്ന കുഞ്ഞുങ്ങളുടെ ചിത്രവും നടുക്കുന്ന കാഴ്ചയാണ്. മൊള്‍ഡോവ വഴി റൊമേനിയന്‍ തലസ്ഥാനമായ ബുഖാറസ്റ്റിലേക്ക് കടക്കുന്ന അഭയാര്‍ത്ഥികളുമുണ്ട്, അതിര്‍ത്തികളില്‍ കാത്ത് കെട്ടിക്കിടക്കുന്നവരില്‍.

ഇടവേളകളോ താല്‍ക്കാലിക വെടിനിര്‍ത്തലുകളോ സംഭവിച്ചാല്‍പോലും ആരംഭിച്ച അതേ വേഗതയില്‍ അവസാനിക്കുകയെന്നത് യുദ്ധങ്ങളുടെ നിഘണ്ടുവിലില്ലല്ലോ. അതുകൊണ്ടുതന്നെ അപകടകരമായി നീണ്ടുപോകുന്ന സംഘര്‍ഷവും അക്രമങ്ങളും തുടരുന്ന കാലം വരെ അഭയാര്‍ത്ഥികളുടെ ദുരിതം അനന്തമായി നീണ്ടുപോകും. അന്യര്‍ക്കുമേല്‍, അധീശത്വം സ്ഥാപിക്കുകയെന്ന സര്‍വ്വാധികാരത്തിന്റെ അഹന്ത യുദ്ധമുറികളിലെ അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും ബലം നല്‍കും. മരിച്ചുവീഴുന്നവരോ കരചരണങ്ങളറ്റു വീഴുന്നവരോ എക്കാലത്തും യുദ്ധചരിത്രങ്ങളെ ശോണപൂര്‍ണ്ണമാക്കുന്നു. അനാഥരും വിധവകളും പെരുകുന്നു. മിസൈലുകളുടേയും മിറാഷുകളുടേയും ഇരമ്പങ്ങള്‍ക്കുമേല്‍ ധാര്‍മ്മികതയ്ക്ക് സ്പേയ്സില്ലെന്നത് ലോകസത്യം.

സോഷ്യല്‍ ഇംപീരിയലിസത്തിന്റെ വേതാളങ്ങള്‍ സോവിയറ്റ് യൂണിയനില്‍, കമ്യൂണിസത്തിന് ക്രിമറ്റോറിയം തീര്‍ത്തപ്പോള്‍ യുക്രെയ്നിയയുള്‍പ്പെടെയുള്ള ഉപഗ്രഹരാജ്യങ്ങളത്രയും ശൈഥില്യത്തിന്റെ കാണാക്കുരുക്കുകളിലായി. സ്വാതന്ത്ര്യമെന്ന വര്‍ണ്ണച്ചരടില്‍ കോര്‍ത്ത പട്ടം കണക്കെ റഷ്യന്‍ ഫെഡറേഷന്‍ രാജ്യങ്ങള്‍ നിലംപതിക്കുകയായിരുന്നു. മതത്തിന്റേയും ഗോത്രത്തിന്റേയും പേരില്‍ കലഹിച്ച രാജ്യങ്ങള്‍ക്കകത്തും പുറത്തും പരസ്പരം കൊത്തിക്കീറുന്ന നേതാക്കളെയാണ് കണ്ടത്. സോവിയറ്റ് യൂണിയനകത്തെ രാജ്യങ്ങളെന്നപോലെ, സോവിയറ്റ് ഉപഗ്രഹരാജ്യങ്ങളായിരുന്ന പൂര്‍വ്വ യൂറോപ്പിലെ യുഗോസ്ലോവിയയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളത്രയും ആഭ്യന്തരയുദ്ധത്തിന്റെ ജഠരാഗ്‌നിയില്‍ വെന്തുരുകി. യുക്രെയ്നിലൂടെ ആ യുദ്ധകഥ തുടരുന്നുവെന്നേയുള്ളൂ. പര്യവസാനമെന്തായാലും പലായനത്തിന്റെ പരിക്കുകളില്‍നിന്നു രക്ഷപ്പെടാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും. മാനം വിറപ്പിച്ചെത്തുന്ന പോര്‍വിമാനങ്ങളുടെ പൂത്തിരിവെട്ടവും തൊട്ടടുത്ത നിമിഷത്തില്‍ ഭൂമിയില്‍ പൊട്ടിച്ചിതറുന്ന തീഗോളങ്ങളും. തുണ്ടുതുണ്ടായി പൊളിഞ്ഞുവീഴുന്ന കെട്ടിടങ്ങള്‍ക്കടിയില്‍ മുറിഞ്ഞുപോയ ശരീരഭാഗങ്ങളും ചതഞ്ഞരഞ്ഞുപോയ കുഞ്ഞുങ്ങളും. അതിശൈത്യം പെയ്യുന്ന മഞ്ഞുപടലങ്ങള്‍ക്കു താഴെ യുദ്ധക്കൊതിയന്മാര്‍, ഉണങ്ങാനിട്ട ശവക്കച്ചകള്‍പോലെ, യുക്രെയ്ന്റെ വിഹായസ്സിലാകെ കൂടുകെട്ടുന്ന കരിമേഘങ്ങള്‍. ബോംബറും ബങ്കറുമെല്ലാം ആധുനിക ചരിത്രത്തിന്റെ അസംബന്ധങ്ങളായി പരിഷ്‌കൃത മനുഷ്യര്‍ ആര്‍ജ്ജിച്ചെടുത്ത സംസ്‌കൃതിക്കുമേല്‍ കടുത്ത പരിഹാസസ്വരത്തില്‍ മൂളിപ്പറക്കുന്ന ഡ്രോണുകളായി വട്ടം കറങ്ങുന്നു. 

കരിങ്കടലിന്റെ ആഴങ്ങളില്‍ വീണു മുഴങ്ങുന്നു, കീവില്‍നിന്നും കാര്‍കീവില്‍നിന്നും മറ്റുമുയരുന്ന ദീനവിലാപങ്ങള്‍. ജീവിതത്തിന്റെ ഏറിയ പങ്കും അഭയാര്‍ത്ഥികള്‍ക്കിടയില്‍ കഴിയുന്ന ഡോ. ഹിനയുടെ വാക്കുകള്‍: ഇരുള്‍ വീഴ്ത്തുന്ന മരണദൂതുകള്‍ക്കിടയില്‍നിന്നു ജീവന്റെ വെളിച്ചത്തുണ്ട് തേടിയുള്ള മനുഷ്യരുടെ പലായനം തുടരുമ്പോള്‍, അവരെ നാം പരാജിതരെന്നു മാത്രം വിളിക്കാതിരിക്കുക.