മോദിയുടെ ഇന്ത്യ; മതനിരപേക്ഷ ജനാധിപത്യത്തില്‍ മരണമണി മുഴങ്ങിത്തുടങ്ങിയോ?

ക്രിസ്റ്റഫ് ജാഫ്രെലോ എഴുതിയ Modi's India എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ഒരു വിചാരം
മോദിയുടെ ഇന്ത്യ; മതനിരപേക്ഷ ജനാധിപത്യത്തില്‍ മരണമണി മുഴങ്ങിത്തുടങ്ങിയോ?

തനിരപേക്ഷ റിപ്പബ്ലിക്കായ ഇന്ത്യ വംശീയ ജനാധിപത്യ (Ethnic Democracy) രാഷ്ട്രമാവുകയാണോ? വര്‍ത്തമാനകാലത്തെ കീറിമുറിക്കുക മാത്രമല്ല ഇവിടെ നടക്കുന്നത്. ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കാനുള്ള നാടകീയ നീക്കങ്ങള്‍ അന്തിമമായി ഫലപ്രാപ്തിയിലെത്തുമെന്ന സംശയമാണ് യാഥാര്‍ത്ഥ്യമാവുന്നത്. 'നേഷന്‍സ് ആന്റ് നാഷണലിസം' എന്ന ഗ്രന്ഥത്തില്‍ സാമി സമൂഹ (Samy Samooha), ഇസ്രയേലിലെ ഹെയ് ഫാ യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍, വംശീയ ജനാധിപത്യ സിദ്ധാന്തം വിശകലനം ചെയ്യുന്നത്, ജൂതരാഷ്ട്രമായ ഇസ്രയേലിനെ ദൃഷ്ടാന്തമാക്കിയാണ്. 

വംശീയമെന്നതിനു പുറമെ ഭാഷാപരവും മതപരവും സാംസ്‌കാരികവുമായ സവിശേഷതകളില്‍നിന്ന് രൂപംകൊള്ളുന്നതാണ് വംശീയ ജനാധിപത്യം. മറ്റൊരു വിധത്തില്‍, 'ഐഡന്റിറ്റി പൊളിറ്റിക്‌സാണ് ഇതിനാധാരം. സാങ്കല്പികമോ യാഥാര്‍ത്ഥ്യമോ ആയ ഭീഷണി, വംശീയതയ്‌ക്കെതിരെ നിലനില്‍ക്കുന്നുണ്ടെന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ അത് നേരിടാനായി ഭൂരിപക്ഷത്തിന്റെ സംഘടനാബലം ശക്തിപ്പെടുത്തണമെന്ന് അത് വിശ്വാസപ്രമാണമാക്കിയവര്‍ കരുതുന്നു. ഈ വസ്തുതയിലേക്കാണ്, നരേന്ദ്ര മോദിയുടെ നേതൃത്വ നടപടികള്‍ വിരല്‍ചൂണ്ടുന്നത്. ഇസ്രയേലിന്റെ പ്രധാന ശത്രുക്കള്‍ അറബികളാണ്. ഇസ്‌ലാം മത വിശ്വാസികളായ അവരെ ആ ജൂത പരമാധികാര സംവിധാനം സ്വീകരിക്കുന്നില്ല. മോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ വിശ്വാസവും മുസ്‌ലിങ്ങളെ അംഗീകരിക്കുന്നില്ല. അവരുടെ സാന്നിദ്ധ്യം ഹിന്ദുക്കള്‍ക്ക് അപകടകരമാണെന്ന വിശ്വാസത്തില്‍ അവര്‍ ഉറച്ചുതന്നെ നില്‍ക്കുന്നു.
 
ഈ വിശ്വാസപ്രമാണത്തിന്റെ ആരൂഢത്തില്‍ നിര്‍മ്മിച്ചുയര്‍ത്തിയതാണ് മോദിയുടെ അധികാര സോപാനം. അതിലെത്താനും അതു നിലനിര്‍ത്താന്‍ ഹിന്ദുത്വമെന്ന തുറുപ്പുചീട്ടിറക്കി അധികാര സ്വേച്ഛാധിപത്യം ഉറപ്പിക്കാന്‍ നടക്കുന്ന ആപല്‍ക്കരമായ നടപടികളെ, ഒരു സാമൂഹ്യശാസ്ത്രകാരന്റെ നിര്‍മമതയോടെ അപഗ്രഥിക്കുന്നതാണ് ക്രിസ്റ്റഫ് ജാഫ്രെലോ (Christophe Jefforelot) എഴുതിയ മോദിയുടെ ഇന്ത്യ (Modi's India) എന്ന ഗ്രന്ഥം. ലണ്ടനിലെ കിങ്‌സ് കോളേജിലെ ഇന്ത്യന്‍ പൊളിറ്റിക്‌സ് സോഷ്യോളജി പ്രൊഫസറായ ഗ്രന്ഥകര്‍ത്താവ് രചിച്ച ഈ ഗ്രന്ഥം ഹിന്ദു ദേശീയതയും വംശീയ ജനാധിപത്യത്തിന്റെ ഉയര്‍ച്ച വളര്‍ച്ചയും വസ്തുനിഷ്ഠമായി പരിശോധിക്കുന്നു. അതിന്റെ ഭാഗമായാണ് പ്രൊഫസര്‍ സാമി സമൂഹയെ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നത്. എല്ലാവര്‍ക്കും അവരുടെ മതവിശ്വാസം പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും ഭൂരിപക്ഷം  ന്യൂനപക്ഷം എന്ന അതിര്‍വരമ്പില്ലാതെ പൊതുജീവിതത്തില്‍ എല്ലാ മതവിശ്വാസികള്‍ക്കും തുല്യാവകാശവും എല്ലാത്തരത്തിലുള്ള ആത്മീയ ചിന്തകള്‍ക്കും തുല്യമായ ഇടവും ഉറപ്പാക്കുന്നതാണ് മതനിരപേക്ഷതയുടെ മുഖ്യസ്വഭാവമെന്ന് 'ദ മീനിങ്ങ് ഓഫ് സെക്യുലറിസം' എന്ന കൃതിയില്‍ ചാള്‍സ് ടെയ്‌ലര്‍ നല്‍കുന്ന നിര്‍വ്വചനം സാക്ഷാത്കരിക്കുന്നതാണ് ഇന്ത്യയുടെ നിരപേക്ഷത. ഇന്ത്യയെ മതനിരപേക്ഷ രാജ്യമായി നാം എടുത്തുപറയാറുണ്ടെങ്കിലും ഹിന്ദിയില്‍ ഇതിനു അനുയോജ്യമായ വാക്ക് കണ്ടുപിടിക്കുക ദുഷ്‌കരമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സൂചിപ്പിച്ചിട്ടുണ്ട്. മതത്തിനെതിരായിട്ടുള്ള ആ സങ്കല്പമാണ് ഇതെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍, അതു ശരിയല്ല. എല്ലാ വിശ്വാസങ്ങളേയും തുല്യമായി ആദരിക്കുന്നതിനു പുറമെ, അതിന് അവസരസമത്വവും ഉറപ്പാക്കുന്നതാണ് മതനിരപേക്ഷതകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്ന വ്യത്യസ്തങ്ങളായ മതങ്ങള്‍ അടിസ്ഥാനമാക്കി നൂറ്റാണ്ടുകളിലൂടെ വളര്‍ന്നുവന്ന സംസ്‌കാരത്തില്‍ വേരൂന്നി നില്‍ക്കുന്നതാണ് ഇന്ത്യയുടെ മതനിരപേക്ഷത. ബുദ്ധമതവിശ്വാസിയായ അശോകനും മുഗള ചക്രവര്‍ത്തിയായ അക്ബറും ഉള്‍പ്പെടെയുള്ളവര്‍ നനച്ചു വളര്‍ത്തിയ ഈ സാംസ്‌കാരിക മഹത്വത്തിന്റെ പ്രമുഖ സ്‌തോതാവായ മഹാത്മാഗാന്ധി തന്റെ 'ഹിന്ദുസ്വരാജ്' എന്ന ഗ്രന്ഥത്തില്‍, ഏതെങ്കിലും ഒരു മതത്തെ ആധാരമാക്കിയതല്ല എല്ലാ മതത്തിനും തുല്യത നല്‍കുന്നതാണ് മതനിരപേക്ഷതയെന്ന് നിസ്സംശയം രേഖപ്പെടുത്തവെ ഇങ്ങനെ എഴുതി: 'ഹിന്ദുക്കള്‍ മാത്രമുള്ളതാണ് ഇന്ത്യയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ ജീവിക്കുന്നത് ഒരു സ്വപ്നലോകത്തിലാണ്. ഇന്ത്യയെ സ്വന്തം രാജ്യമാക്കിയ ഹിന്ദുക്കളും മുഹമ്മദീയരും പാഴ്‌സികളും ക്രൈസ്തവരും സഹനാട്ടുകാരാണ്. സ്വന്തം താല്പര്യം മുന്‍നിര്‍ത്തി ഐക്യത്തോടെ അവര്‍ ജീവിക്കണം.' സമഭാവനയില്‍ അടിയുറച്ച ആ വിശ്വാസത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. പാശ്ചാത്യ ആധിപത്യത്തിന്റെ ഭാഗമായി വ്യാപകമായ ക്രൈസ്തവ മതത്തിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ക്കെതിരായ പ്രതികരണമെന്ന നിലയ്ക്കായിരുന്നു ഹൈന്ദവ ദേശീയത ശക്തിപ്പെട്ടത്. എന്നാല്‍, അത് പതുക്കെ ഇസ്‌ലാം മതത്തിനെതിരെയുള്ള പ്രതികരണമായി വളര്‍ന്നതിനു പുറമെ, ഭൂരിപക്ഷ വികാരം ഒരുതരം അധമബോധമായും ഹൈന്ദവര്‍ക്കിടയില്‍ പ്രബലമായി. കൊളോണിയല്‍ വാഴ്ചയുടെ ഫലമായി ശക്തിപ്രാപിച്ച ആത്മവിശ്വാസത്തിന്റെ അഭാവം ജനസംഖ്യയില്‍ എഴുപതു ശതമാനം ഹിന്ദുക്കളെ ദുര്‍ബ്ബല ജനവിഭാഗമാക്കുന്നതില്‍ വലുതായ പങ്കുവഹിച്ചതോടൊപ്പം ഹൈന്ദവ മതവിശ്വാസികള്‍ക്കിടയില്‍ ജാതീയമായ ഉച്ചനീചത്വവും അതിനെ പ്രബലമാക്കിയിരുന്നു. 'ഹിന്ദുത്വം: ആരാണ് ഹിന്ദു' എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമമെന്ന നിലയ്ക്ക് വി.ഡി. സവര്‍ക്കര്‍ എഴുതിയ ഗ്രന്ഥത്തില്‍ 'ഇന്ത്യ, ഉപഭൂഖണ്ഡത്തിലെത്തിയ ആര്യന്മാരില്‍നിന്നാണ്' ഹൈന്ദവ വിശ്വാസം വളര്‍ന്നു പുഷ്ടി പ്രാപിച്ചതെന്ന് സമര്‍ത്ഥിക്കുന്നു. വേദകാലവും സംസ്‌കൃതഭാഷയുടെ സ്വാധീനവും തന്റെ ചരിത്രരചനയ്ക്ക് അദ്ദേഹം ഉപയോഗിക്കുന്നു. വംശം, ഭൂപ്രദേശം, ഭാഷ എന്നിവയ്ക്ക് പുറമേയെത്തുന്നതാണ് ഹൈന്ദവ സംസ്‌കാരമെന്ന് ആധികാരികമായി വിശദീകരിക്കുന്നു അദ്ദേഹം. 'ജൂതന്മാരൊഴികെ ഹിന്ദുക്കള്‍ക്ക് മാത്രമേ ഒരു വംശം എന്ന നിലയിലുള്ള നിലനില്‍പ്പുള്ളൂവെന്നും' പ്രഖ്യാപിക്കുന്നുണ്ട്. സവര്‍ക്കറുടെ പ്രത്യയശാസ്ത്രപരമായ സംഭാവനകള്‍ ചര്‍ച്ച ചെയ്യവെ, 'നാം, നമ്മുടെ രാഷ്ട്രം' എന്ന ശീര്‍ഷകത്തില്‍ എം.എസ്. ഗോള്‍വാക്കര്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു: മുസ്‌ലിങ്ങളേയും ക്രൈസ്തവരേയും പ്രതിസ്ഥാനത്തു നിറുത്തി വിചാരണ ചെയ്യുന്ന അദ്ദേഹം ഗാന്ധിജിയേയും കോണ്‍ഗ്രസ്സിനേയും അതിനോടൊപ്പം ചേര്‍ക്കുന്നു. ഹൈന്ദവ ദേശീയതയ്ക്ക് അദ്ദേഹം മാതൃകയാക്കുന്നത് ജര്‍മനിയേയാണ്. സ്വയം വിധേയരാകാന്‍ വിസമ്മതിക്കുകയാണെങ്കില്‍ മുസ്‌ലിങ്ങള്‍ സ്വയം ഒഴിഞ്ഞുപോകണമെന്ന് ദൃഢമായി പറയുന്ന ഗോള്‍വാക്കര്‍ ഇങ്ങനെ എഴുതി: 'ഹൈന്ദവ സംസ്‌കാരവും ഭാഷയും സ്വായത്തമാക്കുകയും ആദരവോടെ മാത്രം ഹൈന്ദവ മതത്തെ സമീപിക്കുകയും ചെയ്യണം. അതിന് അനുയോജ്യമല്ലാത്ത ചിന്താഗതി അവര്‍ പുലര്‍ത്തരുത്. അങ്ങനെ ഈ രാജ്യത്ത് തുടരുമ്പോള്‍പ്പോലും സവിശേഷമായ അധികാരമോ പൗരത്വംപോലും പ്രതീക്ഷിക്കാന്‍ പാടില്ല.' ആ പ്രത്യയശാസ്ത്രത്തെ പിന്‍പറ്റിയാണ് നാഗ്പൂര്‍ ആസ്ഥാനമാക്കി രാഷ്ട്രീയ സ്വയം സേവക് (ആര്‍.എസ്.എസ്) എന്ന പേരില്‍ സവര്‍ക്കറുടെ അനുയായികളില്‍ ഒരാളായ കെ.ബി. ഹെഡ്‌ഗേവര്‍ ഒരു പ്രസ്ഥാനത്തിന് ആരംഭമിട്ടത്. 'കാവിനിറസാഹോദര്യ' (യൃീവേലൃവീീറ ശി ടമളളൃീി)ത്തില്‍ ആധാരമാക്കിയ ഒരു ഹിന്ദുരാഷ്ട്രം. അതിന്റെ സ്ഥാപനത്തിനായി ജീവന്‍ ഉഴിഞ്ഞുവച്ചവര്‍ ശാഖകളിലൂടെ രാജ്യമെങ്ങും വളര്‍ന്നുപെരുകി. ആര്‍.എസ്.എസ്സിനു പുറമെ അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, ഭാരതീയ മസ്ദൂര്‍ സംഘം, വനവാസി കല്യാണ്‍ ആശ്രമം, വിശ്വഹിന്ദു പരിഷത്ത്, സേവാഭാരതി, സരസ്വതി ശിശുമന്ദിര്‍, വിദ്യാഭാരതി, ബജ്‌റംഗ് ദള്‍  കോണ്‍ഗ്രസ്സിനെ പ്രതിസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യയുടെ ജീവിതത്തിന്റെ സര്‍വ്വ സ്പര്‍ശിയായ പ്രസ്ഥാനമായി വളര്‍ന്ന ആര്‍.എസ്.എസ് അന്‍പതുകളിലാണ് രാഷ്ട്രീയ ജീവിതം സ്വീകരിക്കുന്നത്. ആദ്യം ജനസംഘം എന്ന പേരിലും, ഇപ്പോള്‍ നരേന്ദ്ര മോദിയിലൂടെ ഇന്ത്യയുടെ  ഭാഗധേയ നിര്‍മ്മാതാക്കളായ ബി.ജെ.പിയായി വളരുക മാത്രമല്ല, ഹിന്ദുരാഷ്ട്രത്തിന്റെ സ്ഥാപനമെന്ന ഹൈന്ദവ ദേശീയതയുടെ വക്താക്കളായി മാറി. അതിനു മുന്‍പ് ജനസംഘം എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അവര്‍ അധികാരത്തില്‍ പങ്കാളികളായി. ബി.ജെ.പിയായി പുനര്‍നാമകരണം ചെയ്ത ജനസംഘികള്‍, സ്വന്തം നിലയില്‍ അധികാരം കയ്യാളുന്നതിനുള്ള ശക്തി ആര്‍ജ്ജിക്കാനായി ബ്രാഹ്മണാധിപത്യത്തില്‍ വെള്ളം ചേര്‍ക്കാതെ, ജനസംഖ്യയില്‍ അന്‍പത്തിരണ്ടു ശതമാനം വരുന്ന പിന്നാക്കക്കാരുടെ വോട്ടുകള്‍ക്കായി, യാഥാസ്ഥിതിക സമീപനത്തെ മുഖംമൂടിയിട്ട് മറച്ചാണ്, കോണ്‍ഗ്രസ് വിരുദ്ധകക്ഷികളുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ട്ടിയിലും പിന്നീട് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സിലും (എന്‍.ഡി.എ) ബി.ജെ.പി പങ്കാളിയാവുന്നത്. ഇതിനു സമാന്തരമായി ഹൈന്ദവരെ ഒറ്റച്ചരടില്‍ കോര്‍ത്തെടുക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്ത വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) അയോദ്ധ്യാ കാര്‍ഡിറക്കി നടത്തിയ രാഷ്ട്രീയക്കളി തീക്കളിയായിരുന്നുവെങ്കിലും ബി.ജെ.പിക്ക് ദേശീയ രാഷ്ട്രീയ ജീവിതത്തില്‍ മുഖ്യസ്ഥാനം ഉറപ്പാക്കുകയുണ്ടായി. 

പതിനാറാം നൂറ്റാണ്ടില്‍ മുഗള ഭരണാധികാരികള്‍ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രം തകര്‍ത്ത്, അതിന്റെ അവശിഷ്ടങ്ങളുടെ മുകളില്‍ ബാബറിപ്പള്ളി നിര്‍മ്മിച്ചുവെന്നും അത് തകര്‍ത്ത് ആ സ്ഥാനത്ത് രാമക്ഷേത്രം പുനര്‍നിര്‍മ്മിക്കേണ്ടത് ഹൈന്ദവതയുടെ വിശ്വാസത്തിന്റെ പുനര്‍ പ്രതിഷ്ഠയ്ക്ക് അനിവാര്യമാണെന്നു വി.എച്ച്.പിയുടെ നിലപാടിനെ സ്വീകരിച്ചുകൊണ്ടായിരുന്നു ബി.ജെ.പി പ്രസിഡന്റ് എല്‍.കെ. അദ്വാനി രഥയാത്ര ആരംഭിക്കുന്നത്. കോടതിയുടേയും പൊലീസിന്റേയും വിലക്കുകള്‍ അവഗണിച്ചുകൊണ്ട് ബാബറിപ്പള്ളി തകര്‍ത്തതിലൂടെ ഹൈന്ദവ ദേശീയതയുടെ മൂര്‍ച്ചയേറിയ ആയുധമാണ് ബി.ജെ.പിയെന്ന് മറ്റു കക്ഷികളെ ബോദ്ധ്യപ്പെടുത്താന്‍ മാത്രമല്ല, അധികാരത്തിനുവേണ്ടിയുള്ള വിട്ടുവീഴ്ചകളും സഖ്യങ്ങളും താല്‍ക്കാലികങ്ങളാണെന്നും ആത്യന്തിക ഉന്നം ആരുടേയും പിന്തുണയോ സഹായമോ കൂടാതെ ശക്തി തെളിയിക്കാന്‍ സാധിക്കുമെന്നും അവര്‍ വിശ്വസിച്ചു. ദീനദയാല്‍ ഉപാദ്ധ്യായ തന്റെ ഗ്രന്ഥത്തില്‍ (ഇന്റഗ്രല്‍ ഹ്യൂമനിസം) വര്‍ണ്ണവ്യവസ്ഥയ്ക്ക് യാതൊരു കോട്ടവും തട്ടാതെ കാത്തുസൂക്ഷിക്കേണ്ടത് ഹൈന്ദവ ദേശീയതയുടെ അന്തസ്സിന്റെ പ്രശ്‌നമാണെന്ന് എഴുതിയിട്ടുണ്ട്. വ്യത്യസ്തങ്ങളായ രാഷ്ട്രീയ വിശ്വാസം പുലര്‍ത്തുന്ന കക്ഷികളുമായുള്ള കൂട്ടുകെട്ടുകള്‍ക്കിടയിലും ഈ സമീപനം കൈവിടാതെ പരിപാലിക്കുന്നതില്‍ ബി.ജെ.പി ശ്രദ്ധിച്ചു. 

നരേന്ദ്ര മോദി
നരേന്ദ്ര മോദി

മോദിയുടെ രംഗപ്രവേശം

ഭൂരിപക്ഷത്തിന് അര്‍ഹമായ പങ്ക് ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള പ്രധാനമന്ത്രി വി.പി. സിംഗിന്റെ പ്രഖ്യാപനത്തെ നിശിതമായി എതിര്‍ക്കാന്‍ ബി.ജെ.പി നിര്‍ബ്ബന്ധിതരായത് ഈ സാഹചര്യത്തിലാണ്. ഒപ്പം പിന്നാക്കവിഭാഗം അകന്നുപോകാതിരിക്കാനുള്ള തന്ത്രങ്ങളും അവര്‍ നടപ്പാക്കുകയുണ്ടായി.

അദ്വാനിയുടെ പ്രിയ ശിഷ്യനെന്ന് പൊതുവെ വിശേഷിപ്പിക്കപ്പെട്ടിരുന്ന നരേന്ദ്ര മോദി ഗുജറാത്തില്‍നിന്ന് ദേശീയ വേദിയിലെത്തുന്നതിനു മുന്‍പ്, എട്ടാമത്തെ വയസ്സില്‍ ആര്‍.എസ്.എസ്സുകാരനാവുക മാത്രമല്ല, തന്റെ ജീവിതം ആ സ്ഥാപനത്തിനായി സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വടക്കേ ഗുജറാത്തില്‍ മെഹ്‌സാന ജില്ലയിലെ വാഡ്‌നഗറില്‍ പാചക എണ്ണ കച്ചവടക്കാരായ ഗാഞ്ചി ജാതിക്കാരനായ മോദി യുവാവായിരിക്കുമ്പോഴേ യൗവ്വനത്തിന്റെ ചാപല്യങ്ങളില്‍നിന്ന് മാറി നടന്നു. ലൗകിക ജീവിതത്തോടുള്ള വിരക്തിയായിരുന്നു അതിനു കാരണം. സംസാര സാഗരത്തില്‍ മുങ്ങിപ്പോകാതെ, ആര്‍.എസ്.എസ്സിന്റെ അദ്ധ്യക്ഷനായ എം.എസ്. ഗോള്‍വാക്കറെപ്പോലെ മോദി സന്ന്യാസ ജീവിതത്തിന്റെ ആരാധകനായിരുന്നു. കല്‍ക്കത്തയിലെ ബേലൂര്‍ മഠം സന്ദര്‍ശിച്ച ശേഷം ഹിമാലയത്തില്‍ പോയ അനുഭവം മറ്റൊരവസരത്തില്‍ അദ്ദേഹം അനുസ്മരിച്ചത് ഇങ്ങനെയാണ്: 'അല്‍മോറയിലെ വിവേകാനന്ദാശ്രമത്തില്‍ പോയിരുന്നു. അവിടെനിന്ന് ഹിമാലയത്തില്‍ ചുറ്റിനടന്നു. ദേശസ്‌നേഹത്തോടൊപ്പം ആദ്ധ്യാത്മിക ചിന്തയും അപ്പോള്‍ എന്നെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.' എല്ലാ ആര്‍.എസ്.എസ്സുകാര്‍ക്കും 'ഭാരതം പുണ്യഭൂമിയും മാതൃഭൂമിയുമാണ്.' അറുപതോടുകൂടി ആര്‍.എസ്.എസ്സിന്റെ പൂര്‍ണ്ണസമയ പ്രവര്‍ത്തകനായ മോദി അഹമ്മദബാദില്‍ മണിനഗറിലുള്ള ഹെഡ്‌ഗേവാര്‍ ഭവനിലായിരുന്നു താമസിച്ചത്. ഗുജറാത്തിലേയും മഹാരാഷ്ട്രയിലേയും ആര്‍.എസ്.എസ് ശാഖകളുടെ ചുമതലക്കാരനായ ലക്ഷ്മണറാവു ഇനാംദാറുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 

ഹിന്ദുരാഷ്ട്രം എന്ന സ്വപ്നം

1972ല്‍ പ്രചാരകനായി മാറിയ അദ്ദേഹം, അഴിമതിക്കെതിരെ നടന്ന നവനിര്‍മ്മാണ്‍ പ്രതിഷേധ പ്രസ്ഥാനത്തില്‍ സജീവമായി പങ്കെടുത്തു. ഇതിനിടയില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍നിന്ന് കറസ്‌പോണ്ടന്റ്‌സ് കോഴ്‌സിലൂടെ ബി.എ ബിരുദം നേടിയ അദ്ദേഹം ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് ബിരുദ കോഴ്‌സിനു ചേര്‍ന്നു. ആയിടയ്ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. പൊലീസിന്റെ പിടിയില്‍ പെടാതിരിക്കാന്‍ ഭൂഗര്‍ഭപ്രവര്‍ത്തനത്തിലേക്ക് മുങ്ങിയ അദ്ദേഹം, അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള രഹസ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകി. അധികകാലം അദ്ദേഹം ഗുജറാത്തില്‍ ഒതുങ്ങിനിന്നില്ല. ബി.ജെ.പി പ്രസിഡന്റായിരുന്ന അദ്വാനി ഡല്‍ഹിയിലേക്ക് മോദിയെ കൊണ്ടുപോയി. പുതിയൊരു ചരിത്രത്തിന്റെ തുടക്കമാവുകയായിരുന്നു അത്. ബാബറിപ്പള്ളിക്കെതിരെ അദ്വാനി നടത്തിയ രഥയാത്രയായിരുന്നു ബി.ജെ.പിയുടേയും അതുവഴി ദേശീയ ജീവിതത്തേയും ആഴത്തില്‍ സ്വാധീനിച്ചത്. ഹൈന്ദവ ദേശീയതയുടെ സ്ഥാപനത്തിലൂടെ ഹിന്ദുരാഷ്ട്രം എന്ന ആര്‍.എസ്.എസ്സിന്റെ സ്വപ്നം സഫലീകരിക്കുന്നതിലേക്കായിരുന്നു അത് വഴിതുറന്നത്. അച്ഛന്റെ ചായക്കടയില്‍ സഹായിയായി ജോലി ചെയ്യവെ തന്റെ ഭാവി നിക്ഷിപ്തമായിരിക്കുന്നത് ആര്‍.എസ്.എസ്സിലാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബ്രാഹ്മണമേധാവിത്വത്തെ താലോലിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്ന ആര്‍.എസ്.എസ്സിനേയും അതിന്റെ രാഷ്ട്രീയ മുഖമായ ബി.ജെ.പിയേയും പിന്നാക്കക്കാരനായ മോദി തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ള വാഹനമാക്കുന്നത്, ഗുജറാത്തില്‍ മുഖ്യമന്ത്രിയാവുന്നതോടെയാണ്. പതിമൂന്ന് കൊല്ലം 2001 മുതല്‍ 2014 വരെ, അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ഹൈന്ദവ ദേശീയതയായിരുന്നു അദ്വാനിയുടെ കൊടി അടയാളം. അത് സ്വായത്തമാക്കിയ മോദി ഹൈന്ദവ ദേശീയതയെന്ന തന്റെ വിശ്വാസപ്രമാണത്തില്‍ 'പോപ്പുലിസം' കലര്‍ത്തുന്നതില്‍ അസാധാരണമായി വിജയിച്ചു. രണ്ടായിരം പേരുടെ മരണത്തിനും ഗുല്‍ബര്‍ഗ് സൊസൈറ്റി കൊലപാതകവും ജനനേതാവെന്ന നിലയ്ക്കുള്ള മോദിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചില്ലെന്നു മാത്രമല്ല, ഹൈന്ദവ വിശ്വാസം പരിരക്ഷിക്കാന്‍ കൊല്ലും കൊലയും വര്‍ജ്ജ്യമല്ലെന്ന് തെളിയിച്ച മോദി രണ്ടായിരം മുതല്‍ തന്റെ പ്രതിച്ഛായ എല്ലാത്തിനും ഉപരിയായി ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിച്ചു. ഗുജറാത്ത് നരേന്ദ്ര മോദി എന്ന നിലയിലേക്കായിരുന്നു സ്ഥിതിഗതികള്‍ വളര്‍ന്നത്. മോദിയുടെ ചിത്രങ്ങള്‍കൊണ്ട് നിറച്ച ഗുജറാത്തില്‍ മറ്റൊരു നേതാവിനും ഇടമില്ലാതായി. അതിവിദഗ്ദ്ധമായി ആസൂത്രണം ചെയ്ത തന്ത്രത്തിലൂടെയായിരുന്നു അദ്ദേഹം ഗുജറാത്തികളുടെ ഊണിലും ഉറക്കത്തിലും സാന്നിദ്ധ്യമാവുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങുകളില്‍ ഒന്നായിരുന്നു, സിദ്ധപ്പൂരില്‍ നടന്ന ഒരു സംഭവം. പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്ന സരസ്വതി നദി ഒരു യാഥാര്‍ത്ഥ്യമാണെന്ന് സ്ഥാപിക്കാനായി, ചാലുകള്‍ നിര്‍മ്മിച്ച് നര്‍മ്മദാ നദിയില്‍നിന്നു വെള്ളം കൊണ്ടുവന്നു. അതിനായി അഞ്ചുകോടി രൂപയായിരുന്നു ചെലവാക്കിയത്. എണ്‍പതു കിലോമീറ്റര്‍ ദൂരെ നിന്നും നര്‍മ്മദയിലെ ജലം ചാലുകളിലൂടെ കൊണ്ടുവന്ന് സരസ്വതി നദി നിര്‍മ്മിച്ചതിന്, പ്രതിദിനം ചെലവായത് മൂന്ന് ലക്ഷം രൂപയായിരുന്നു. സ്വര്‍ണ്ണ ഗുജറാത്ത് എന്ന പേരില്‍ നടത്തിയ ആഘോഷങ്ങള്‍ക്കു മുന്‍പായിരുന്നു അതിസമ്പന്നമായ ഭൂതകാലമായിരുന്നു ഗുജറാത്തിന്റേതെന്ന് ജനങ്ങളെ അറിയിച്ച് കോരിത്തരിപ്പിച്ചത്, ജനങ്ങളുമായുള്ള തന്റെ ബന്ധത്തിന് ഇടനിലക്കാര്‍ ആവശ്യമില്ലെന്നു തെളിയിക്കാന്‍ കൂടിയായിരുന്നു. എല്ലാ അതിരുകളും ഭേദിച്ച് ജനങ്ങളിലെത്തിച്ചേരാനുള്ള സുഗമമായ വാഹനം ടെലിവിഷനാണെന്ന് തുടക്കത്തിലെ മോദി തിരിച്ചറിഞ്ഞു. തനിക്കു പറയാനുള്ളതെന്തും കേള്‍ക്കാന്‍ ജനങ്ങളുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ആ വിശ്വാസം ബലവത്താക്കാനുള്ള പരിശ്രമം 'വന്ദേ ഗുജറാത്ത്' എന്ന അഭിവാദന കീര്‍ത്തനത്തില്‍നിന്ന് തുടങ്ങുന്നു. ദേശഭക്തിഗാനമായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തിന്റെ മാതൃകയിലുള്ളതായിരുന്നു ഗുജറാത്തികളുടെ ദേശസ്‌നേഹത്തെ ജ്വലിപ്പിക്കാനായി ആ ഗാനം പ്രചാരത്തിലാക്കിയത്. അതോടൊപ്പം പോപ്പുലിസത്തിന്റെ ഭാഗമായി വ്യക്തിപരമായ ബന്ധം ജനങ്ങളുമായി ഉണ്ടാക്കാന്‍ ഉതകുംവിധത്തിലുള്ളതായിരുന്നു, 'മോദി കുര്‍ത്തയും' 'മോദി തലപ്പാവും' വഴി 'ഞങ്ങളാണ് നരേന്ദ്ര മോദി' എന്ന മുദ്രാവാക്യം സാക്ഷാത്കരിക്കാനുള്ള ശ്രമം ഫലവത്തായി. 2007ലെ തെരഞ്ഞെടുപ്പ് പ്രചരണകാലത്ത്, മോദിയുടെ അനുയായികളായ സ്ത്രീകളും പുരുഷന്മാരും മോദിമാരായി വേഷം മാറി. സാരി ഉടുത്ത സ്ത്രീകള്‍ മോദിയെപ്പോലെ വേഷം മാറുന്നതും പതിവായി. അതിനുപുറമെയാണ് വ്യക്തിതലത്തില്‍ ആരാധകരും അനുയായികളുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചത്. 2007ല്‍ പ്രതിദിനം 200250 ഇമെയിലുകള്‍ കിട്ടിയിരുന്നതില്‍ പത്തു ശതമാനത്തിന് നേരിട്ട് മോദി മറുപടി നല്‍കി. സോഷ്യല്‍ മീഡിയയെ ഈ വിധത്തില്‍, തന്റെ പ്രതിച്ഛായ പൊലിപ്പിക്കാന്‍ ഉപയോഗപ്പെടുത്തിയ മറ്റൊരു നേതാവ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. 2012 ആകുമ്പോഴേയ്ക്ക് ട്വിറ്ററില്‍ മാത്രം അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം പത്തുലക്ഷം കവിഞ്ഞിരുന്നു. ഈ വിധം തന്റെ ഇമേജ് വളര്‍ത്തുന്നതിനായി എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോജനപ്പെടുത്തുമ്പോള്‍ ഹൈന്ദവ ദേശീയതയുടെ ആക്രമണോത്സുകത പരസ്യമാകാതിരിക്കാന്‍ മോദി ശ്രദ്ധിച്ചു. 'സദ്ഭാവന ദൗത്യം' അതിന്റെ ഭാഗമായിരുന്നു. ഗാന്ധിജിയേയും നെഹ്‌റുവിനേയും ചരിത്രസ്മാരകങ്ങളാക്കി സജീവ ചിന്തയില്‍നിന്ന് മാറ്റിനിറുത്താനുള്ള ദൗത്യം പ്രകാശിതമാകുന്നത്, 182 മീറ്റര്‍ പൊക്കമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കൂറ്റന്‍ പ്രതിമയുടെ സ്ഥാപനത്തോടെയായിരുന്നു. 2989 കോടി രൂപയാണത്രേ, ആ പ്രതിമയുടെ നിര്‍മ്മാണത്തിനായി ചെലവാക്കിയത്. 'മണ്ണിന്റെ മകനാണ് ഞാന്‍. അവിടെയാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. എന്റെ ദേശസ്‌നേഹത്തിന് (ദേശീയത) നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.' കോണ്‍ഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യപ്രാപ്തിയിലെത്താന്‍ നെഹ്‌റു വംശത്തെ ചരിത്രത്തില്‍നിന്ന് തുടച്ചുമാറ്റിയേ തീരൂവെന്ന ദൃഢവിശ്വാസക്കാരനായ മോദി അതിനാവശ്യം, തന്റെ പിന്നാക്കജാതി സര്‍ട്ടിഫിക്കറ്റാണെന്നു കരുതുന്നു. അതു സൂചിപ്പിക്കവെ, വിദേശിയായ സോണിയാ ഗാന്ധിയെ നേതാവായി വാഴ്ത്തുന്ന കോണ്‍ഗ്രസ്സുകാര്‍ ഏതു തരക്കാരാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു ചോദിക്കുന്നു. ഒരു കൂടിക്കാഴ്ചയില്‍ സംസാരിക്കവെ ഇക്കാര്യം ആവര്‍ത്തിച്ചതിനോടൊപ്പം രാഹുല്‍ ഗാന്ധിയേയും ഉള്‍പ്പെടുത്തി. 'പാസ്താ ബെഹന്‍' എന്ന് സോണിയാ ഗാന്ധിയെ വിശേഷിപ്പിക്കവെ, 'ജെഴ്‌സി കൗ' എന്ന് രാഹുലിനെ വിളിച്ചു. മുസ്‌ലിങ്ങളോടുള്ള പക്ഷപാതിത്വത്തെ ആക്ഷേപിക്കാനായി കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണമെന്നാല്‍ 'ഡല്‍ഹി സുല്‍ത്താനേറ്റാ'ണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

'ഹിന്ദു ഹൃദയ സാമ്രാട്ട്' എന്ന് സ്വയം അവരോധിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ നിഘണ്ടുവില്‍ 'ദരിദ്രജനങ്ങള്‍' എന്ന പ്രയോഗം അപ്രത്യക്ഷമായിരുന്നു. പകരം വന്‍ സ്രാവുകള്‍ എന്ന് വിശേഷിപ്പിക്കുന്ന വ്യവസായ കുത്തകകളുടെ ശീതളച്ഛായയില്‍ ഒതുങ്ങിനിന്ന അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ത്തന്നെ അറിഞ്ഞിരുന്നു ആ സ്രാവുകളാണ് തന്റെ മോക്ഷമാര്‍ഗ്ഗമെന്ന്.

ജനങ്ങളില്‍ അകാരണമായി ഭീതി വളര്‍ത്തുന്നത് 'പോപ്പുലിസ്റ്റു'കളുടെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ഘടകമാണ്. ഗോധ്‌റയില്‍നിന്ന് തുടങ്ങുന്നതാണ്, മുസ്‌ലിം ന്യൂനപക്ഷത്തെ പ്രതിസ്ഥാനത്തു നിറുത്തി ഇന്ത്യയുടെ ദേശീയതയ്ക്കും അതുവഴി ഹിന്ദുരാഷ്ട്രത്തിനുമുള്ള പ്രധാന തടസ്സം അവരാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍. അതില്‍ അദ്ദേഹം വിജയിച്ചു. 'ഹൈന്ദവ ഭൂരിപക്ഷത്തില്‍ അധ:സ്ഥിത മനോഭാവം വളര്‍ത്തിയെടുത്ത് മുസ്‌ലിങ്ങളെ ഭീകരവാദികളെന്ന് മുദ്രകുത്തി പൊലീസിന്റെ മുന്‍പിലെത്തിക്കുന്നതിനായി കള്ളക്കഥകള്‍ മെനഞ്ഞെടുക്കുന്നതിന്, ഇസ്‌ലാമിസ്റ്റുകളുടെ ഇന്ത്യാവിരുദ്ധ തന്ത്രങ്ങളെ മോദി പ്രയോജനപ്പെടുത്തി. 'മാസ്റ്റര്‍ ഡിവൈഡര്‍' എന്നായിരുന്നു അതിന്റെ പേരില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. 1993ല്‍ ബോംബെയില്‍ മുസ്‌ലിം ഭീകരവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ ഒരു തുടക്കമായിരുന്നു. ലഷ്‌ക്കറെ തോയിബയെപ്പോലുള്ള പത്തോളം ഭീകരസംഘങ്ങള്‍ അതിര്‍ത്തി കടന്ന് പല സ്റ്റേറ്റുകളിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി. ജമ്മുകശ്മീരില്‍ ഭീകരസംഘങ്ങളുമായുള്ള ഏറ്റുമുട്ടല്‍ പതിവായി മാറി. അങ്ങനെ ഹിന്ദു ഭൂരിപക്ഷത്തെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തുകയെന്ന ഹൈന്ദവ ദേശീയവാദികളുടെ ഉന്നം സഫലമായി. അത് സ്വന്തം അധികാരലബ്ധിക്കായി, അതിനെ രാഷ്ട്രീയമായി പരുവപ്പെടുത്താന്‍ മോദി ആധുനിക സാങ്കേതികതയുടെ എല്ലാ അനുഗ്രഹങ്ങളും ഉപയോഗിച്ചു. ഇന്ത്യ ഭയത്തില്‍നിന്ന് കോപത്തിലേക്ക് മാറുകയും അത് പ്രതികാരമായി മാറുകയും ചെയ്തു. 'സുനാ മോദി' എന്നായിരുന്നു ഈ മാറ്റം വിശേഷിപ്പിക്കപ്പെട്ടത്. 

'സുഹൃത്തുക്കളെ' എന്നു മാത്രം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ അവരുമായി നേരിട്ടുള്ള സംവേദനത്തിനുള്ള വഴി അദ്ദേഹം തുറന്നു. 2014 ഏപ്രില്‍, മേയ് മാസങ്ങളില്‍ 1350 വേദികളില്‍ അദ്ദേഹം നടത്തിയ പന്ത്രണ്ട് പ്രസംഗങ്ങള്‍ ത്രീ ഡി ഹോളോഗ്രാഫിക് സമ്പ്രദായത്തിലൂടെ ജനങ്ങളിലെത്തിച്ചു.  '1245 ത്രീ ഡി പ്രോജക്ടര്‍ യൂണിറ്റുകള്‍ കൈകാര്യം ചെയ്യാനായി 2500 പേര്‍ നിയോഗിക്കപ്പെട്ടു. എഴുപത് ലക്ഷം പേരില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എത്തിക്കാന്‍ അതിലൂടെ സാധിച്ചുവെന്ന് കണക്കാക്കുന്നു.' നഗരാധിഷ്ഠിതമായിരുന്നു ഹോളോഗ്രാം വഴിയുള്ള പ്രചരണം. ഗ്രാമങ്ങളില്‍ അത് എത്തിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മഹീന്ദ്രമോട്ടോഴ്‌സ് നിര്‍മ്മിച്ച മാക്‌സിമോസ് എന്ന ട്രക്കുകളെ 'നമോ രഥം' എന്നു പേരിട്ട് കൂറ്റന്‍ സ്‌ക്രീനുകള്‍ അതില്‍ ഘടിപ്പിച്ചായിരുന്നു പ്രചരണം നടത്തിയത്. നാനൂറ്റി മൂന്ന് നിയോജകമണ്ഡലങ്ങളില്‍ പത്തൊന്‍പതിനായിരം ഗ്രാമങ്ങളില്‍, അങ്ങനെ മോദിയുടെ സാന്നിദ്ധ്യം എത്തിക്കുകയുണ്ടായി. നരേന്ദ്ര മോദിയുടെ സഹപ്രവര്‍ത്തകനായിരുന്ന ഗോവിന്ദാചാര്യ അതേപ്പറ്റി ഇങ്ങനെ പറഞ്ഞു: 'നരേന്ദ്രന്റെ മേഖല രാഷ്ട്രീയ കച്ചവടമാണ്. അദ്ദേഹത്തിന്റെ മാനസികാവസ്ഥ വളരെ ലളിതമായിട്ടുള്ളതാണ്. രാഷ്ട്രീയമെന്നാല്‍ അധികാരം. തെരഞ്ഞെടുപ്പില്‍നിന്നാണ് അധികാരം ഉയര്‍ന്നുവരുന്നത്. ഇമേജുകളുടെ യുദ്ധമാണ് തെരഞ്ഞെടുപ്പുകള്‍. അതുകൊണ്ടാണ് ഇമേജുകളേയും സന്ദേശങ്ങളേയും ആശ്രയിച്ച് രാഷ്ട്രീയം വളരുന്നത്.' ഈ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്, 'തെരഞ്ഞെടുപ്പുകള്‍ യുദ്ധങ്ങളാണ്. ഞാന്‍ അവിടെ കമാന്‍ഡര്‍' എന്ന മോദി വാക്യം. '2014ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവായ നാല് ബില്യണ്‍ ഡോളറില്‍ ഒരു ബില്യണ്‍ ഡോളറായിരുന്നു ബി.ജെ.പി ചെലവാക്കിയത്' എന്നാണ് ഇക്കണോമിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. അധികാരത്തിലെത്താന്‍ പ്രചരണത്തിന്റെ ഏതു മാര്‍ഗ്ഗവും തനിക്ക് സ്വീകാര്യമാണെന്ന മോദിയുടെ നിലപാടിനെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. 

നരേന്ദ്ര മോദിയുടെ ചെറുപ്പം
നരേന്ദ്ര മോദിയുടെ ചെറുപ്പം

വ്യാജപ്രതിച്ഛായാ നിര്‍മാണം

1984നു ശേഷം ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും ലോക്‌സഭയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല. അതിനെയാണ് മോദി തിരുത്തിയത്. 543ല്‍ 282 സീറ്റുകള്‍ ബി.ജെ.പി നേടിയപ്പോള്‍ അതൊരു ചരിത്രം സൃഷ്ടിക്കുന്ന സംഭവമെന്നതുപോലെ ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്ര മോദിയെ പിന്നിലാക്കാന്‍ ഏതെങ്കിലും നേതാവിനോ രാഷ്ട്രീയ കക്ഷിക്കോ സാധിക്കുകയില്ലെന്നും വ്യക്തമായി. സംഘപരിവാറിന്റെ നിലനില്‍പ്പുപോലും മോദിയെ ആശ്രയിക്കുന്നതാണെന്നാണ് ഇതില്‍നിന്നും ഏവര്‍ക്കും ബോധ്യപ്പെട്ടത്. ബ്രാഹ്മണ മേധാവിത്വത്തിന്റെ ശിരസ്സിനു മുകളില്‍ പിന്നാക്കക്കാരന്‍ അധികാരക്കസേര ഉറപ്പിക്കുന്ന അസാധാരണമായ സംഭവം. 

മുന്നൂറ് മില്യണ്‍ വരുന്ന പാവപ്പെട്ട ഇന്ത്യാക്കാരുടെ പ്രതിപുരുഷനാണ് താനെന്നും ഭദ്രമായ ഒരു ജീവിതം അവര്‍ക്ക് ഉണ്ടാക്കി നല്‍കലാണ് തന്റെ ജീവിത ദൗത്യമെന്നും ആവര്‍ത്തിച്ചിരുന്ന മോദി അതിനുവേണ്ടി നടപ്പാക്കിയ മൂന്ന് പദ്ധതികള്‍ സ്വച്ഛ് ഭാരത് അഭിയാന്‍ (ക്ലീന്‍ ഇന്ത്യാമിഷന്‍), പ്രധാനമന്ത്രി ജന്‍ധന്‍ യോജന (പീപ്പിള്‍സ് വെല്‍ത്ത് സ്‌കീം), ഉജ്ജ്വല യോജന (ബ്രൈറ്റ്‌നസ്സ് സ്‌കീം) വിശദമായി ചര്‍ച്ച ചെയ്യുന്ന ഗ്രന്ഥകര്‍ത്താവ്, തൊഴില്‍രഹിതരായ ഗ്രാമീണന് മിനിമം കൂലി ഉറപ്പാക്കിക്കൊണ്ട് നൂറുദിവസത്തെ ജോലി നല്‍കുന്നതിനായി, മുന്‍ ഭരണകൂടം നടപ്പാക്കിയ മഹാത്മാഗാന്ധി നാഷണല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് ഇല്ലാതാക്കാന്‍ മോദി ഭരണകൂടം അവലംബിച്ച നടപടികളും പരിശോധിക്കുന്നു. നഗരപ്രദേശങ്ങളില്‍ 66.42 ലക്ഷവും ഗ്രാമങ്ങളില്‍ 924 ലക്ഷവും കക്കൂസുകള്‍ നിര്‍മ്മിച്ച് ദൗത്യം സാക്ഷാത്കരിക്കപ്പെട്ടതായി മോദി ഭരണകൂടം അവകാശപ്പെട്ടെങ്കിലും, 'വെള്ളമില്ലാത്തതിനാല്‍ അറുപത്തിനാല് ശതമാനം കക്കൂസുകളും ഉപയോഗശൂന്യമാണെന്ന്' സര്‍വ്വേ ഫലവും ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുന്നു. അങ്ങനെ 'സഹോദരി സഹോദരന്മാരെ' എന്ന അഭിസംബോധന ചെയ്യുന്ന നരേന്ദ്ര മോദിയുടെ സമീപനത്തിലെ അടിസ്ഥാനപരമായ വീഴ്ചകള്‍, വസ്തുനിഷ്ഠമായി ഗ്രന്ഥകര്‍ത്താവ് വിലയിരുത്തുന്നുണ്ട്. (വിശദമായ ചര്‍ച്ച ആവശ്യമായതിനാല്‍, മോദി ഭരണകൂടത്തിന്റെ സാമ്പത്തിക നടപടികള്‍ ഇവിടെ പരിശോധിക്കുന്നില്ല.)

ലോകത്തിലെ ഏറ്റവും വലിയ ഡിഫാക്ടോ എത്‌നിക് ഡെമോക്രസി, ദ ഇന്ത്യന്‍ വെര്‍ഷന്‍ ഓഫ് കോംപ്റ്ററ്റീവ് അഥോട്ടേറിയനിസം എന്നീ അദ്ധ്യയങ്ങള്‍ പരിശോധിക്കുന്നത്, ഹൈന്ദവ ഭൂരിപക്ഷത്തെ ഭീതിയില്‍ കുടുക്കി ന്യൂനപക്ഷവിരുദ്ധ നിലപാട് ശക്തിപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന നയപരിപാടികളാണ്. 'ശക്തനായ നേതാവി'നെ സ്വീകരിക്കുകയെന്നത് ജനങ്ങളുടെ പൊതുസ്വഭാവമാണ്. വ്യാപകമായവിധം മോദി നേടിയിട്ടുള്ള ജനങ്ങളുടെ അംഗീകാരവും ഈ വസ്തുതയിലേക്കാണ് കൈചൂണ്ടുന്നത്. 'പെഴ്‌സനാലിറ്റി കള്‍ട്ടി'ന്റെ ദുരന്തം ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് (ഇന്ത്യയാണ് ഇന്ദിര, ഇന്ദിരയാണ് ഇന്ത്യ) ജനങ്ങള്‍ അനുഭവിച്ചു. മറ്റൊരു ഭാവത്തിലും രൂപത്തിലും അത്, മോദിയിലൂടെ മടങ്ങിവന്നിരിക്കുന്നു. ന്യൂനപക്ഷത്തെ ഗെറ്റോകളിലാക്കുന്ന തന്ത്രം ഇന്ത്യയില്‍ അപ്രായോഗികമായിരിക്കും. എന്നാല്‍, അവര്‍ ഇന്ത്യാക്കാരല്ലെന്നും ഹൈന്ദവ ഭൂരിപക്ഷത്തിന്റെ ദയാദാക്ഷിണ്യമാണ് അവരുടെ ജീവിതം നിര്‍ണ്ണയിക്കുന്നതെന്നുമുള്ള സന്ദേശം, മതനിരപേക്ഷ ജനാധിപത്യത്തെ നിരാകരിക്കുന്ന വംശീയ ജനാധിപത്യ സമ്പ്രദായം യാഥാര്‍ത്ഥ്യമാകുമോയെന്ന ഉല്‍ക്കണ്ഠയാണ് ഈ ഗ്രന്ഥം ഉയര്‍ത്തുന്നത്. സ്വേച്ഛാധികാരത്തിന്റെ കാലടി ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു എന്നാണ് അതിന്റെ അര്‍ത്ഥം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com