ബുദ്ധന്റെ ശൂന്യവാദം, അംബേദ്കറിലൂടെ

സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ടിയുള്ള തപസ്സിലോ ഭക്തിയിലോ തനിക്ക് താല്പര്യമില്ലെന്ന് സിദ്ധാര്‍ത്ഥന്‍ വ്യക്തമാക്കി. ഭൂമിയിലെ മനുഷ്യന്റെ ദുരിതങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണ് സിദ്ധാര്‍ത്ഥന്‍ ആഗ്രഹിച്ചത് 
ബുദ്ധന്റെ ശൂന്യവാദം, അംബേദ്കറിലൂടെ

നിത്യജീവിതത്തിലെ അനുഭവങ്ങളെ വായനാനുഭവങ്ങളിലൂടെ കടത്തിവിടുമ്പോള്‍ (മറിച്ചും) നാം ചോദ്യങ്ങള്‍ ചോദിക്കുന്നു. ചോദ്യങ്ങളിലൂടെ പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാകുന്നു. നവീകരണം സംഭവിക്കുന്നു. വീണ്ടും ചോദ്യങ്ങള്‍, സ്വയം നവീകരണങ്ങള്‍. എന്നെപ്പോലെയുള്ളവരില്‍ ഈ ജൈവപ്രക്രിയയ്ക്ക് അന്തമില്ല. ഈ അന്തമില്ലായ്മയുടെ ഒരു ഇടത്തില്‍ (SPACE) വെച്ചാണ് ബുദ്ധന്റെ ശൂന്യവാദത്തിനു ജീവിതവുമായുള്ള ബന്ധം ഞാന്‍ അന്വേഷിക്കുന്നത്. തിരിച്ചറിയുന്നത്. അതിലേയ്ക്ക് ഞാനെത്തിയ വഴി അംബേദ്കറിലൂടെയാണ്. ആയതിന്റെ വിശദീകരണമാണ് ഈ ലേഖനം. ഈ ലേഖനവും ഒരു ഇട (നിമിഷം  TIME) മാത്രമാണ്.

ബുദ്ധമതം അടക്കമുള്ള എല്ലാ സംഘടിത മതങ്ങളും കത്തിയമര്‍ന്ന് ചാരമാകണമെന്ന് ഉല്‍ക്കടമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എന്നാല്‍, ബുദ്ധദര്‍ശനം അങ്ങനെയല്ല. എന്റെ പരിമിതമായ അറിവില്‍, ബുദ്ധദര്‍ശനത്തേക്കാള്‍ ഉദാത്തമായത് അനുഭവപ്പെട്ടിട്ടില്ല. ഈ നിമിഷത്തിന്റെ ജാഗ്രതയില്‍ ജീവിക്കുക എന്ന അതിന്റെ ദര്‍ശനം, മനുഷ്യനെ ഭൂതകാലങ്ങളുടെ തടവറകളില്‍നിന്നും ഭാവികാലങ്ങളുടെ ആസക്തികളില്‍നിന്നും മാറ്റിനിര്‍ത്തുന്നു. ബുദ്ധന്‍ സ്വര്‍ഗ്ഗ നരകങ്ങളെക്കുറിച്ചോ പുണ്യപാപങ്ങളെക്കുറിച്ചോ മറ്റ് മതങ്ങളെപ്പോലെ പറഞ്ഞിട്ടില്ല.

ബുദ്ധദര്‍ശനത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ 'ഭഗവാന്‍ ബുദ്ധ'നില്‍ ഭിക്ഷുവായി ജീവിച്ച ധര്‍മ്മാനന്ദ കോസംബി നിര്‍ഗ്രന്ഥന്മാരും ബുദ്ധനും തമ്മിലുള്ള ഒരു സംഭാഷണം വിവരിക്കുന്നുണ്ട് (പുറം: 174). നിര്‍ഗ്രന്ഥ മതക്കാരുടെ ആചാര്യനായിരുന്ന നിര്‍ഗ്രന്ഥനാഥപുത്രന്റെ ശിഷ്യന്മാരോടുള്ള ഉപദേശം ഇപ്രകാരമാണ്: 'നിര്‍ഗ്രന്ഥന്മാരായിരിക്കുക, നിങ്ങള്‍ പൂര്‍വ്വജന്മങ്ങളില്‍ പാപം ചെയ്തിട്ടുണ്ട്. ആ പാപങ്ങളെ... ശരീരക്ലേശങ്ങള്‍ കൊണ്ട് ജീര്‍ണ്ണമാക്കുക (നശിപ്പിക്കുക)... ഈ ജന്മത്തില്‍ മനോവാക്കായങ്ങള്‍ കൊണ്ട് യാതൊരു പാപവും ചെയ്യരുത്. ഇപ്രകാരം അനുവര്‍ത്തിക്കുന്നതായാല്‍ പൂര്‍വ്വജന്മപാപങ്ങള്‍ തപസ്സുകൊണ്ടു നശിക്കും. പുതിയ പാപങ്ങള്‍ ചെയ്യാത്തതിനാല്‍ അടുത്ത ജന്മത്തിനു കാരണമാകുന്ന കര്‍മ്മത്തിനു ക്ഷയം ഭവിക്കും. അതുകൊണ്ട് സകല ദു:ഖങ്ങളും ഇല്ലാതാകും.'

ബുദ്ധൻ- ഏഴാം നൂറ്റാണ്ടിലെ ഒരു വെങ്കല പ്രതിമ
ബുദ്ധൻ- ഏഴാം നൂറ്റാണ്ടിലെ ഒരു വെങ്കല പ്രതിമ

ബുദ്ധന്റെ മോക്ഷമാര്‍ഗ്ഗം

ഇതിനെത്തുടര്‍ന്ന് ശരീരത്തെ കഠിനമായി ക്ലേശിപ്പിച്ചുകൊണ്ട് തപം ചെയ്തിരുന്ന നിര്‍ഗ്രന്ഥന്മാരോട് ബുദ്ധന്‍ ചോദിച്ചു: 'പൂര്‍വ്വജന്മങ്ങള്‍ ഉണ്ടെന്നോ ഇല്ലെന്നോ നിങ്ങള്‍ക്കറിയാമോ? പൂര്‍വ്വജന്മങ്ങളില്‍ പാപം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നുള്ളതെങ്കിലും നിങ്ങള്‍ക്കറിയാമോ?... ആ പാപങ്ങള്‍ ഇന്ന രീതിയിലായിരുന്നുവെന്നും നിങ്ങള്‍ക്കറിയില്ലേ?... നിങ്ങളുടെ ദുഃഖങ്ങളില്‍ എത്ര നശിച്ചു എന്നും ബാക്കി എത്ര ദു:ഖങ്ങള്‍ അവശേഷിച്ചിട്ടുണ്ട് എന്നും നിങ്ങള്‍ക്കറിവുണ്ടോ?... ഈ കാര്യങ്ങളെപ്പറ്റി നിങ്ങള്‍ക്കറിവില്ലെങ്കില്‍ മുന്‍ജന്മങ്ങളില്‍ നിങ്ങള്‍ ക്രൂര കര്‍മ്മങ്ങള്‍ ചെയ്തിരുന്നുവെന്നും ഈ ജന്മത്തില്‍ ആ പാപങ്ങളെ നശിപ്പിക്കാന്‍ തപസ്സു ചെയ്യുന്നുവെന്നും ഉള്ളത് എങ്ങനെ സാധൂകരിക്കും?...' ബുദ്ധന്റെ ചോദ്യങ്ങള്‍ക്ക് 'അറിവില്ല', 'അറിവില്ല' എന്ന ഉത്തരമാണ് നിര്‍ഗ്രന്ഥന്മാര്‍ നല്‍കിയത്.

തിച്ച്‌നാത്ഹാന്റെ 'OLD  PATH WHITE CLOUDS' (പഴയ പാത വെളുത്ത മേഘങ്ങള്‍: വിവ: കെ. അരവിന്ദാക്ഷന്‍) എന്ന ഗ്രന്ഥത്തില്‍, പ്രപഞ്ചം പരിമിതമാണോ അപരിമിതമാണോ തുടങ്ങിയ നിഗൂഢ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ശിഷ്യന്‍ മാലൂക്യ പുത്രനോട് താന്‍ കയ്യില്‍ പിടിച്ചിരുന്ന ഒരു പിടി ശിംശപാ ഇലകള്‍ ഉയര്‍ത്തിക്കാട്ടി ബുദ്ധന്‍ ചോദിച്ചു: 'എന്റെ കയ്യിലോ കാട്ടിലോ കൂടുതല്‍ ഇലകള്‍?' 'കാട്ടില്‍' എന്ന് മാലൂക്യ പുത്രനടക്കമുള്ള ശിഷ്യന്മാര്‍ ഉത്തരം നല്‍കിയപ്പോള്‍ ബുദ്ധന്‍ പറഞ്ഞു: 'അതുപോലെതന്നെ ഞാന്‍ പഠിപ്പിക്കുന്നതിനേക്കാള്‍ വളരെ കൂടുതലത്രെ ഞാന്‍ കാണുന്നത്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ മോക്ഷമാര്‍ഗ്ഗം സിദ്ധിക്കാന്‍ തീര്‍ത്തും ആവശ്യമായതു മാത്രമേ ഞാന്‍ പഠിപ്പിക്കുന്നുള്ളൂ' (പുറം: 299, 300).

ബുദ്ധന്‍ വിഷയമ്പേറ്റ ഒരുവന്റെ കഥ പറയുന്നു: ആ കുടുംബം അമ്പ് ഊരിയെടുക്കാന്‍ വൈദ്യനെ വിളിക്കുന്നു. അയാള്‍ക്ക് മറുമരുന്ന് കൊടുക്കുന്നു. പക്ഷേ, വൈദ്യന്‍ എന്തെങ്കിലും ചെയ്യുന്നതിനെതിരെ അയാള്‍ പ്രതിഷേധിക്കുന്നു. അയാള്‍ക്ക് (മുറിവേറ്റ വാക്ക്) ആരാണ് അമ്പെയ്തത്, അയാളുടെ ജാതി, തൊഴില്‍, എന്തുകൊണ്ട് അയാള്‍ അമ്പെയ്തു, ഏത് തരം വില്ലാണ് ഉപയോഗിച്ചത്, എവിടെനിന്നാണ് അയാള്‍ക്ക് വിഷം കിട്ടിയത്, വിഷമുണ്ടാക്കാന്‍ ഉപയോഗിച്ച ഘടകങ്ങള്‍ ഏത്... ഇതെല്ലാം അറിയണം. പക്ഷേ, അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും മുമ്പേ അയാള്‍ മരിക്കും. 'അതുപോലെ മോക്ഷമാര്‍ഗ്ഗം സാക്ഷാല്‍ക്കരിക്കുവാന്‍ ആവശ്യമായ കാര്യങ്ങള്‍ മാത്രമേ ഞാന്‍ പഠിപ്പിക്കുന്നുള്ളൂ. സഹായകരമല്ലാത്തതോ ആവശ്യമല്ലാത്തതോ ആയവ ഞാന്‍ പഠിപ്പിക്കുന്നില്ല.'

ബുദ്ധന്‍ മാലൂക്യ പുത്രനോട് പറഞ്ഞു: 'മാലൂക്യ പുത്രാ, പ്രപഞ്ചം പരിമിതമോ അപരിമിതമോ നശ്വരമോ ആയിക്കൊള്ളട്ടെ. താങ്കള്‍ സ്വീകരിക്കേണ്ടതായ ഒരു സത്യമുണ്ട്. ദുഃഖമുണ്ട് എന്നതാണത്. ദുഃഖത്തിന് കാരണങ്ങളുണ്ട്. ദുഃഖം ഇല്ലാതാക്കുവാന്‍ അവ എന്തെന്ന് വെളിവാക്കപ്പെടണം. ഞാന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍കൊണ്ട് താങ്കള്‍ക്ക് അനാസക്തിയും സമചിത്തതയും ശാന്തിയും വിമോചനവും സിദ്ധിക്കാനാവും. മോക്ഷമാര്‍ഗ്ഗം സാക്ഷാല്‍ക്കരിക്കാന്‍ സഹായകരമല്ലാത്ത മറ്റെല്ലാ കാര്യങ്ങളെപ്പറ്റിയും സംസാരിക്കുവാന്‍ ഞാന്‍ വിസമ്മതിക്കുന്നു' (പുറം: 301).

തിച് നാത് ഹാൻ
തിച് നാത് ഹാൻ

ദളിത് വിമോചനം ബുദ്ധനിലൂടെ

ദളിത് വിമോചനത്തിന് സാധ്യമാകാത്ത ഒന്നിനോടും രാജിയാകാന്‍ ഡോ. അംബേദ്കര്‍ ആഗ്രഹിച്ചിട്ടില്ല. അംബേദ്കര്‍ 'ബുദ്ധനും ബുദ്ധധര്‍മ്മവും' എന്ന കൃതി രചിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ലക്ഷ്യം ദളിത് വിമോചനത്തിന്റെ സാമൂഹ്യദര്‍ശനം ബുദ്ധനിലൂടെ വിശദീകരിക്കുകയായിരുന്നു. ബുദ്ധദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്നതാണ് നാല് ആര്യസത്യങ്ങള്‍ എന്ന് അദ്ദേഹം ഗ്രന്ഥത്തിന്റെ അവതാരികയില്‍ തുറന്നെഴുതുന്നുണ്ട്. ആത്മാവ്, കര്‍മ്മം, പുനര്‍ജന്മം എന്നിവയുടെ ചര്‍ച്ചകളൊന്നും അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടില്ല. ബുദ്ധനിലും ഇതിന്റെ പ്രതിഫലനങ്ങള്‍ കാണാനാവും.

'ഞാന്‍ ഒരു ഹിന്ദുവായി ജനിച്ചെങ്കിലും ഒരു ഹിന്ദുവായി മരിക്കില്ലെന്ന്' 1935ല്‍ തന്നെ അംബേദ്കര്‍ പ്രതിജ്ഞ ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടുകാലത്തെ പഠനത്തിന്റേയും മനനത്തിന്റേയും അടിസ്ഥാനത്തിലാണ് അദ്ദേഹം ബുദ്ധമതം സ്വീകരിക്കുന്നതും 1956 ഒക്‌ടോബര്‍ 14ന് നാഗ്പൂരില്‍ വെച്ച് ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ആ മതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയതും. (ഡോ.  എന്‍.വി.പി. ഉണിത്തിരി: മലയാളം വിവര്‍ത്തനത്തിനുള്ള എഡിറ്ററുടെ കുറിപ്പ്: ഡോ. അംബേദ്കര്‍: ബുദ്ധനും ബുദ്ധധര്‍മ്മവും) 'അന്തരിക്കുന്നതിന് തലേന്ന് രാത്രി ഇതിന്റെ ആമുഖവും അവതാരികയും ഒന്നുകൂടി വായിച്ച് അവസാന മിനുക്കുപണികള്‍ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ അത്രയേറെ പതിഞ്ഞ ഒരു ഗ്രന്ഥമാണ് ഇതെന്നര്‍ത്ഥം.' അദ്ദേഹത്തിന്റെ സാമൂഹ്യ  സാംസ്‌കാരിക ദര്‍ശനത്തിന്റെ അടിത്തറ തന്നെയാണത്. ആത്മീയത എന്ന വാക്ക് അദ്ദേഹം ഈ ഗ്രന്ഥത്തില്‍ ഉപയോഗിച്ചതായി കാണുന്നില്ല. അതായത്, ദളിതന്റെ രാഷ്ട്രീയ സാമ്പത്തിക വിമോചനത്തിനുള്ള ആധികാരികമായ സാമൂഹ്യ  സാംസ്‌കാരിക ഗ്രന്ഥമായിട്ടാണ് അദ്ദേഹം ഈ ഗ്രന്ഥത്തെ വിലയിരുത്തിയത്. ബുദ്ധനെപ്പോലെ നിഗൂഢതകളിലേയ്ക്ക് പോകാതെ, താന്‍ കയ്യില്‍ പിടിച്ച ഒരു പിടി ശിംശിപാ ഇലകളെ നോക്കിയാണ് അംബേദ്കര്‍ ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്.

രോഗം, മരണം എന്ന് തുടങ്ങിയ അവസ്ഥകളുടേയും അവയില്‍നിന്നുണ്ടാകുന്ന അസ്തിത്വ പ്രശ്‌നങ്ങളെക്കാളും ഉപരിയായി ബുദ്ധന്‍ എന്തുകൊണ്ട് പരിവ്രാജകനായി എന്ന ചോദ്യത്തിന് അംബേദ്കര്‍ ഉത്തരം തേടിയത്, അക്കാലത്ത് സിദ്ധാര്‍ത്ഥന്‍ നേരിട്ട വലിയൊരു സാമൂഹ്യ പ്രശ്‌നത്തിലാണ്.

യുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല; ഒരു യുദ്ധം മറ്റൊരു യുദ്ധത്തിലേയ്ക്ക് നയിക്കുന്നു. ഒരു കൊലപാതകി മറ്റൊരു കൊലപാതകിക്കു ജന്മം നല്‍കുന്നു. അപഹരിക്കുന്നവന്‍ അപഹരിക്കപ്പെടും.

അയല്‍രാജ്യമായ കോളിയയ്‌ക്കെതിരായി യുദ്ധം ചെയ്യാനുള്ള ശാക്യരാജ്യത്തിന്റെ പദ്ധതിയെ അനുകൂലിക്കാത്ത സിദ്ധാര്‍ത്ഥന്റെ മുന്‍പില്‍ മൂന്ന് പോംവഴികളാണ് ഉണ്ടായിരുന്നത്. (1)  സൈന്യത്തില്‍ ചേര്‍ന്ന് യുദ്ധം ചെയ്യുക (2) യുദ്ധത്തിന് എതിര്‍ നില്‍ക്കുന്നതിന്റെ പേരില്‍ നേരിടേണ്ടതായ വധശിക്ഷയ്‌ക്കോ നാടുകടത്തലിനോ വിധേയനാവുക (3) കുടുംബത്തെ ബഹിഷ്‌കരിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇടവരുത്തുക. രണ്ടാമത്തെ മാര്‍ഗ്ഗം സ്വീകരിച്ച്, സ്വയം നാടുകടത്തലിനു വിധേയനായി, സിദ്ധാര്‍ത്ഥന്‍ പരിവ്രാജകനായി.

ശാക്യരും കോളിയരും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചിട്ടും സിദ്ധാര്‍ത്ഥന്‍ വീട്ടിലേയ്ക്ക്, നാട്ടിലേയ്ക്ക് തിരിച്ചുപോയില്ല. ആ സംഘര്‍ഷത്തേക്കാള്‍ ഒരുപാട് വലിയ സംഘര്‍ഷങ്ങള്‍ അദ്ദേഹം അഭിമുഖീകരിച്ചു. സിദ്ധാര്‍ത്ഥന്‍ പറഞ്ഞു, രാജാക്കന്മാര്‍ തമ്മിലോ രാജ്യങ്ങള്‍ തമ്മിലോ ഉള്ള സംഘര്‍ഷം മാത്രമല്ല പ്രശ്‌നം. പ്രഭുക്കന്മാര്‍ക്കിടയില്‍, ബ്രാഹ്മണര്‍ക്കിടയില്‍, വീട്ടുടമകള്‍ക്കിടയില്‍, അമ്മയ്ക്കും മകനുമിടയില്‍, അച്ഛനും മകനുമിടയില്‍, സഹോദരനും സഹോദരിക്കുമിടയില്‍, കൂട്ടുകാര്‍ക്കിടയില്‍ എല്ലായിടത്തും സംഘര്‍ഷങ്ങളുണ്ടാകുന്നു.

യുദ്ധം കാരണമാണ് താന്‍ വീട് വിട്ടുപോന്നതെന്ന വസ്തുത സിദ്ധാര്‍ത്ഥന്‍ ശരിവെച്ചെങ്കിലും തന്റെ പ്രശ്‌നം കുറേക്കൂടി വിപുലമായിരിക്കുന്നതായി അദ്ദേഹം കണ്ടു. സാമൂഹികമായ സംഘര്‍ഷങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇതുതന്നെയായിരുന്നു അംബേദ്കറും നേരിട്ട മുഖ്യപ്രശ്‌നം. സ്വര്‍ഗ്ഗപ്രാപ്തിക്കുവേണ്ടിയുള്ള തപസ്സിലോ ഭക്തിയിലോ തനിക്ക് താല്പര്യമില്ലെന്ന് സിദ്ധാര്‍ത്ഥന്‍ വ്യക്തമാക്കി. ഭൂമിയിലെ മനുഷ്യന്റെ ദുരിതങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാണ് സിദ്ധാര്‍ത്ഥന്‍ ആഗ്രഹിച്ചത്; പരിവ്രാജകനായത്. അംബേദ്കര്‍ തന്റെ ജനതയുടെ, സഹോദരങ്ങളുടെ നൂറ്റാണ്ടുകളായുള്ള അധ:സ്ഥിതിക്കും ദുരിതങ്ങള്‍ക്കും പരിഹാരം കാണാനാണ് ബുദ്ധമതം സ്വീകരിക്കുന്നത്. 

മനുഷ്യന്‍ അനുഭവിക്കുന്ന ദുഃഖങ്ങളുടേയും യാതനകളുടേയും കാരണങ്ങള്‍ എന്തൊക്കെയാണ്, അവയെ എങ്ങനെ പരിഹരിക്കാം, ഇവയ്ക്കുള്ള ശരിയായ ഉത്തരം തേടുകയായിരുന്നു ബുദ്ധന്‍. ബുദ്ധനിലൂടെ അതിനുള്ള വഴി തേടുകയായിരുന്നു അംബേദ്കറും.

ഡോ. അംബേദ്കറുടെ 'ബുദ്ധനും ബുദ്ധധര്‍മ്മവും' എന്ന വിവര്‍ത്തന ഗ്രന്ഥത്തിന്റെ എഡിറ്റോറിയല്‍ കുറിപ്പില്‍ ഡോ. എന്‍.വി.പി. ഉണിത്തിരി, ബുദ്ധന്റെ അന്വേഷണ മാര്‍ഗ്ഗങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്:

'ബുദ്ധന്‍ വൈദിക ഋഷികളെ ആദരിച്ചു. പക്ഷേ, വേദമന്ത്രങ്ങളില്‍ ധാര്‍മ്മികമായി ഔന്നത്യമുള്ള എന്തെങ്കിലുമുണ്ടെന്ന് അദ്ദേഹം കരുതിയില്ല. ഇതുകൊണ്ടുതന്നെ കടം കൊള്ളേണ്ടതായി എന്തെങ്കിലും വേദങ്ങളിലുള്ളതായി അദ്ദേഹത്തിനു തോന്നിയില്ല. ഇതുപോലെ വൈദിക ഋഷികളുടെ ദര്‍ശനത്തിലും എന്തെങ്കിലും സ്വീകാര്യമായുണ്ടെന്ന് ബുദ്ധന്‍ കണ്ടില്ല. ദര്‍ശനത്തിനുള്ള അവരുടെ സംഭാവനകള്‍ സാമൂഹ്യ മൂല്യങ്ങളൊന്നും സൃഷ്ടിച്ചില്ല. അതുകൊണ്ട് ബുദ്ധന്‍ വൈദിക ഋഷികളുടെ ദര്‍ശനത്തെ ഉപയോഗശൂന്യമെന്ന നിലയില്‍ തള്ളിക്കളഞ്ഞു.'

ബ്രാഹ്മണങ്ങളുടെ ദര്‍ശനങ്ങളേയും അദ്ദേഹം നിരാകരിച്ചു. ചതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ സമൂഹസങ്കല്പം, കര്‍മ്മ സിദ്ധാന്തം, ആത്മാവിന്റെ മുക്തി, ആചാരങ്ങള്‍ എന്നിവ ശരിയായ ജീവിതരീതിക്കെതിരായതിനാല്‍ നിരാകരിച്ചു. ബ്രാഹ്മണമതം സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും വിദ്യാഭ്യാസം നിഷേധിച്ചതിനാല്‍ ബുദ്ധന്‍ അത് തിരസ്‌കരിച്ചു. ബ്രഹ്മത്മൈക്യ സിദ്ധാന്തം മുന്നോട്ടുവെച്ച ഉപനിഷത്തുക്കളേയും ബുദ്ധന്‍ അംഗീകരിച്ചില്ല. ക്രിയാത്മകമായ ഒരു ജീവിത ദര്‍ശനം നല്‍കാത്തതിനാല്‍ സമകാലികരുടെ ദര്‍ശനങ്ങളേയും ബുദ്ധന്‍ നിരാകരിച്ചതായി എന്‍.വി.പി. ഉണിത്തിരി ചൂണ്ടിക്കാട്ടുന്നുണ്ട്. അംബേദ്കറും ബുദ്ധന്റെ മാര്‍ഗ്ഗം കൃത്യമായി പിന്തുടരുകയാണ് ചെയ്തത്. ബുദ്ധദര്‍ശനത്തില്‍ കാലാകാലങ്ങളായി കടന്നുകൂടിയിട്ടുള്ള കലര്‍പ്പുകളെ വകവെയ്ക്കാതെ യുക്തിസഹജമായ, പുതിയ കാലത്തിന് അനുയോജ്യമായ ബുദ്ധദര്‍ശനത്തെയാണ് അംബേദ്കര്‍ മുന്നോട്ടുവെയ്ക്കുന്നത്. നാല് ആര്യസത്യങ്ങള്‍ ബുദ്ധന്റെ മൗലികമായ ദര്‍ശനങ്ങളുടെ ഭാഗമല്ലെന്ന് അംബേദ്കര്‍ വായിച്ചെടുക്കുന്നു. അവ ബുദ്ധദര്‍ശനത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണെന്നും അവ മനുഷ്യന്റെ പ്രത്യാശ നശിപ്പിക്കുന്നതായും അംബേദ്കര്‍ അവതാരികയില്‍ സൂചിപ്പിക്കുന്നു. ആത്മാവ്, കര്‍മ്മം, പുനര്‍ജന്മം എന്നിവയെ സംബന്ധിച്ച സിദ്ധാന്തങ്ങള്‍ക്കും അംബേദ്കര്‍ പുതിയ ഭാഷ്യം നല്‍കി. ഒരു ഭിക്ഷു ആരായിരിക്കണമെന്ന അംബേദ്കറിന്റെ കാഴ്ചപ്പാട് മൗലികമാണ്. 'ഒരു പൂര്‍ണ്ണ മനുഷ്യന്‍ മാത്രമാണ് ഭിക്ഷുവെങ്കില്‍ ബുദ്ധമത പ്രചാരത്തിന് അയാള്‍ ഉപകരിക്കുകയില്ല. കാരണം, പൂര്‍ണ്ണ മനുഷ്യനാണെങ്കിലും അയാള്‍ സ്വാര്‍ത്ഥനാണ്. നേരെമറിച്ച് അയാളൊരു സാമൂഹ്യസേവകനാണെങ്കില്‍ ബുദ്ധമതത്തിന് അയാളില്‍ പ്രതീക്ഷയര്‍പ്പിക്കാം.'

സമകാലികരില്‍ തത്ത്വചിന്തകനായ കപിലന്റെ സാംഖ്യസിദ്ധാന്തങ്ങളുമായാണ് ബുദ്ധന് അടുപ്പം തോന്നിയത്. മറ്റേതു തത്ത്വശാസ്ത്രത്തെക്കാളും കൂടുതലായി കപിലന്റെ സിദ്ധാന്തങ്ങളാണ് ബുദ്ധനെ സ്വാധീനിച്ചത് (പുറം: 73) എന്ന് അംബേദ്കര്‍. 'കപിലന്റെ സിദ്ധാന്തങ്ങള്‍ മാത്രമാണ് യുക്തിസഹവും വസ്തുതകള്‍ക്ക് നിരക്കുന്നതും എന്ന് ബുദ്ധനു തോന്നി. യാഥാര്‍ത്ഥ്യത്തിനു തെളിവിന്റെ പിന്‍ബലം ആവശ്യമാണ്. ചിന്ത യുക്തിസഹമാകണം. ഈശ്വരനുണ്ടെന്നും അദ്ദേഹമാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്നുമുള്ള സങ്കല്പം യുക്തിസഹമോ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതോ അല്ല. ലോകത്ത് ദുഃഖം സാര്‍വ്വത്രികമാണ്. എന്നാല്‍, കപിലന്റെ മറ്റു വാദങ്ങളൊന്നും ബുദ്ധന്‍ അംഗീകരിച്ചില്ല. അംബേദ്കറും ഈ വഴിയാണ് സ്വീകരിച്ചത്.

ഡോ. ബിആർ അംബേദ്കർ
തന്റെ ആദ്യ ഭാര്യ
രമാഭായിയുടെ മരണത്തോടെ
ബുദ്ധമതം സ്വീകരിച്ച ശേഷം

അംബേദ്കറുടെ ബുദ്ധധര്‍മ്മം

എന്തുകൊണ്ടാണ് സെന്‍ബുദ്ധിസ്റ്റുകളുടെ കാല്പനികതയും ഭാവസാന്ദ്രമായ ആത്മീയതയും അംബേദ്കറുടെ ബുദ്ധധര്‍മ്മം പഠിച്ചിട്ടുള്ള അംബേദ്കറിസ്റ്റുകള്‍ നിരാകരിക്കുന്നതെന്ന് അംബേദ്കറിന്റെ ബുദ്ധനിലപാടില്‍നിന്ന് വ്യക്തമാണ്. അമേയമെന്നോ അപരിമിതമെന്നോ നിഗൂഢമെന്നോ വിശേഷിപ്പിക്കാവുന്ന ഒന്നിനേയും അംബേദ്കര്‍ സ്വീകരിക്കുന്നില്ല. വ്യക്തിപരമായി അതെത്രമാത്രം ഔന്നത്യത്തിലെത്തിയതാണെങ്കിലും. സാമൂഹികമായ നവോത്ഥാനത്തിന്, അടിസ്ഥാനപരമായ മാറ്റത്തിന്, സമ്പൂര്‍ണ്ണമായ സമത്വത്തിന് സാധ്യമാകാത്ത, യുക്തിക്ക് വഴങ്ങാത്ത സിദ്ധാന്തങ്ങളുടെ വലകളെ അംബേദ്കര്‍ നിരാകരിക്കുന്നുണ്ട്. ഒരുപക്ഷേ, ധര്‍മാനന്ദ കോസംബിയുടെ 'ഭഗവാന്‍ ബുദ്ധ'നെ സ്വീകരിക്കാന്‍ അംബേദ്കറിസ്റ്റുകള്‍ക്ക് സാധിക്കും. എന്നാല്‍ തിച്ച്‌നാത്ഹാന്റെ വാക്കുകള്‍ക്കതീതമായ കാല്പനിക ലാവണ്യവും അതീന്ദ്രിയതയുമുള്ള ബുദ്ധനെ പൂര്‍ണ്ണമായി അംഗീകരിക്കണമെന്നില്ല. തീര്‍ച്ചയായും 'പഴയപാത വെളുത്ത മേഘങ്ങള്‍' (OLD PATH WHITE CLOUDS) എന്ന ഗ്രന്ഥത്തില്‍ നിന്ന് യുക്തിസഹമായ ഒരു ബുദ്ധനെ വായിച്ചെടുക്കാന്‍ കഴിയും. പുതിയ കാലത്ത്  അംബേദ്കറിനെ അന്വേഷിക്കുന്നവര്‍, ഈ വായനയും ആവശ്യപ്പെടുന്നുണ്ട്. അംബേദ്കറിലെ ബുദ്ധനെ ദളിത് ജനതയിലേയ്ക്ക് എത്തിക്കാന്‍ ഈ വഴിയും തുറന്നുകിടപ്പുണ്ട്. സെന്‍ ബുദ്ധിസത്തിന്റെ കാല്പനിക ലാവണ്യത്തില്‍ മുങ്ങിത്തുടിച്ച് മുക്തിമാര്‍ഗ്ഗം  തേടുന്ന മദ്ധ്യവര്‍ഗ്ഗി മിക്കപ്പോഴും ദളിതന്റെ യാതനയും ക്ലേശവും സാമൂഹ്യ അസമത്വവും കാണാറില്ല. അത് ബുദ്ധനെത്തന്നെ നിഷേധിക്കലാണ്. സമൂഹത്തില്‍ വേരോടിയിട്ടുള്ള ഉച്ചനീചത്വങ്ങളും അസമത്വവും അവയില്‍നിന്നുണ്ടാകുന്ന ദുഃഖവും എങ്ങനെ ദൂരികരിക്കാമെന്നതാണ് ബുദ്ധദര്‍ശനത്തിന്റെ കാതല്‍.

അതുകൊണ്ടാണ് അംബേദ്കര്‍ അതിന് എതിര്‍ നില്‍ക്കുന്ന വേദങ്ങളേയും ബ്രാഹ്മണങ്ങളേയും കഠിനമായി എതിര്‍ത്തത്. അംബേദ്കര്‍ എഴുതുന്നു: 'ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ബ്രാഹ്മണങ്ങള്‍ വിഭാവനം ചെയ്യുന്ന സമൂഹക്രമം സ്വാഭാവികമായ ഒന്നാണെന്ന് അദ്ദേഹത്തിനു (ബുദ്ധന്) തോന്നിയില്ല. നിര്‍ബ്ബന്ധപൂര്‍വ്വമുള്ളതും സ്വേച്ഛാപരവുമായിരുന്നു അതിന്റെ ഘടന. തുറസ്സായ സ്വതന്ത്രമായൊരു സമൂഹക്രമത്തോടായിരുന്നു അദ്ദേഹത്തിനു താല്പര്യം' (പുറം: 77). 

'കേവലം അസമത്വമല്ല, വ്യത്യസ്ത തലങ്ങളിലെ അസമത്വമാണ് ബ്രാഹ്മണങ്ങളുടെ അടിസ്ഥാനം' (പുറം: 77) ബ്രാഹ്മണങ്ങളിലെ ചാതുര്‍വര്‍ണ്യം സുനിശ്ചിതവും മാറ്റമില്ലാത്തതുമാണ്. ജനനമാണ് അത് നിശ്ചയിക്കുന്നത്. ക്ഷത്രിയന്‍ എന്നും ക്ഷത്രിയനും വൈശ്യന്‍ എന്നും വൈശ്യനും ശൂദ്രന്‍ എന്നെന്നും ശൂദ്രനുമായിരിക്കുന്ന അസമത്വ അവസ്ഥ. എത്ര ഹീനമായ കര്‍മ്മം ചെയ്താലും അവന്റെ പദവി താഴുകയോ എത്ര മഹത്തായ കര്‍മ്മം ചെയ്താലും പദവി ഉയരുകയോ ചെയ്യുന്നില്ല. 'ധാര്‍മ്മിക മൂല്യത്തിനോ വളര്‍ച്ചയ്‌ക്കോ ആ സമൂഹക്രമത്തില്‍ ഇടമില്ല.' ഏത് സമൂഹത്തിലും അസമത്വമുണ്ടാകുമെങ്കിലും ഇവിടെ അത് ക്രൂരവും മാറ്റമില്ലാത്തതുമാണ്. ചിലരുടെ താല്പര്യത്തിനുവേണ്ടി അതിമാനുഷരെന്നു സ്വയം അവകാശപ്പെട്ട ചിലര്‍ക്കുവേണ്ടി രൂപം കൊടുത്തത്, ദുര്‍ബ്ബലരെ അടിച്ചമര്‍ത്താനും ചൂഷണം ചെയ്യാനും ചൊല്‍പ്പടിയില്‍ നിര്‍ത്താനും മനപ്പൂര്‍വ്വം കെട്ടിപ്പൊക്കിയത്. 

ബ്രാഹ്മണങ്ങളിലെ കര്‍മ്മസിദ്ധാന്തത്തെ ബുദ്ധന്‍ എതിര്‍ത്തു. കലാപം കൂട്ടാനുള്ള ദരിദ്രന്റെ അവകാശത്തെ ഇല്ലായ്മ ചെയ്യുന്നു ബ്രാഹ്മണങ്ങള്‍. ഒരാളുടെ കഷ്ടതകള്‍ക്ക് മറ്റാരും ഉത്തരവാദിയാകുന്നില്ല ഇവിടെ. 'കലാപം കൊണ്ട് കഷ്ടതകള്‍ മാറുകയില്ല. കാരണം, മുജ്ജന്മത്തിലെ കര്‍മ്മഫലമാണ് ഈ ജന്മത്തില്‍ അയാള്‍ അനുഭവിക്കുന്നത്' (പുറം 77). അറിയാനുള്ള അവകാശം പോലും ശൂദ്രര്‍ക്കും സ്ത്രീകള്‍ക്കും നിഷേധിക്കപ്പെടുന്നു. അടിച്ചേല്പിക്കപ്പെട്ട അജ്ഞതമൂലം അവരുടെ ജീവചൈതന്യം അവരറിഞ്ഞില്ല. സ്വാതന്ത്ര്യത്തെപ്പറ്റി, സ്വന്തം ഉണ്മയെപ്പറ്റി അവരറിഞ്ഞില്ല. നൂറ്റാണ്ടുകളായി ഒരു ഭീകരമായ വ്യവസ്ഥ അവരെ ഉണര്‍ത്താതിരിക്കാന്‍, അവരെ അജ്ഞതയില്‍ തന്നെ ആചാരനുഷ്ഠാനങ്ങളുടേയും വ്യാജസിദ്ധാന്തങ്ങളുടേയും ചങ്ങലകളാല്‍ തളച്ചിട്ടു. ഈ നിസ്സഹായരുടെ, നിരായുധരുടെ നിലവിളിയാണ്, തേങ്ങലാണ് അംബേദ്കറെ ബുദ്ധനിലേയ്ക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.

നൂറ്റാണ്ടുകളിലൂടെ, കബീര്‍, സൂര്‍ദാസ്, രവിദാസ്, തുക്കാറാം തുടങ്ങി അനേകങ്ങള്‍ ശ്രമിച്ചിട്ടും ഹിന്ദുമതത്തിന്റെ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ ആന്തരികമായ ചട്ടക്കൂടിനെ ഒന്ന് മയപ്പെടുത്താന്‍ പോലും കഴിഞ്ഞിട്ടില്ല എന്ന നഗ്‌നസത്യമാണ് അംബേദ്കറിനെ ഹിന്ദുമതത്തിന്റെ നശീകരണം മാത്രമേ പോംവഴിയായിട്ടുള്ളൂ എന്ന ബോധ്യത്തിലെത്തിച്ചത്. അതിനെ അപ്പാടെ നിരാകരിച്ച് ബുദ്ധമതത്തിലെത്താന്‍ നിര്‍ബ്ബന്ധിച്ചത്.

'ബുദ്ധനും ബുദ്ധധര്‍മ്മവും' എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്ത് ആറ് ധര്‍മ്മങ്ങളെക്കുറിച്ച് അംബേദ്കര്‍ ബുദ്ധനെ മുന്‍നിര്‍ത്തി വിശദീകരിക്കുന്നുണ്ട്. (1) ജീവിതത്തിന്റെ വിശുദ്ധി നിലനിര്‍ത്തുന്നതാണ് ധര്‍മ്മം (2) ജീവിതത്തെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നതാണ് ധര്‍മ്മം (3) നിര്‍വ്വാണത്തില്‍ ജീവിക്കുന്നതാണ് ധര്‍മ്മം (4) ആര്‍ത്തി ഉപേക്ഷിക്കുന്നതാണ് ധര്‍മ്മം (5) എല്ലാ സങ്കരവസ്തുക്കളും അസ്ഥിരമെന്നു വിശ്വസിക്കുന്നതാണു ധര്‍മ്മം (6) സാന്മാര്‍ഗ്ഗിക നിയമങ്ങളുടെ പ്രേരകശക്തിയാണു ധര്‍മ്മം എന്നു വിശ്വസിക്കുന്നതാണ് ധര്‍മ്മം.

ഇവയില്‍ എല്ലാ സങ്കരവസ്തുക്കളും അസ്ഥിരമെന്നു വിശ്വസിക്കുന്നതാണ് ധര്‍മ്മം എന്നത് അംബേദ്കറുടെ മൗലിക നിലപാടിനെ അപഗ്രഥിക്കുന്നുണ്ട്. അസ്ഥിരതയെ സംബന്ധിച്ച ഈ സിദ്ധാന്തത്തിനു മൂന്നു സവിശേഷതകളുണ്ട്. സങ്കരവസ്തുക്കളുടെ അസ്ഥിരതയെ അതു സൂചിപ്പിക്കുന്നു. വ്യക്തികളുടെ അസ്ഥിരതയേയും... വ്യവസ്ഥീകൃതമായ എല്ലാറ്റിന്റേയും സ്വത്വം അസ്ഥിരമാണെന്നും അതില്‍ പറയുന്നു (പുറം 208). ഏതൊരു ജീവിയുടേയും ശരീരം, ഭൂമി, ജലം, അഗ്‌നി, വായു എന്നീ നാലു മൂലകങ്ങളുടെ ചേരുവയാണ്. ഈ ചേരുവയിലെ നാലു മൂലകങ്ങളും വെവ്വേറെയാകുന്നതോടെ ശരീരം നശിക്കുന്നു. ഇതിനെയാണ് സങ്കരവസ്തുവിന്റെ അസ്ഥിരത എന്നു പറയുന്നത് (പുറം: 209).

ജീവനുള്ള ഏതൊരു വസ്തുവും മാറിക്കൊണ്ടിരിക്കുന്നു. ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം അമീബയില്‍നിന്ന് മനുഷ്യനിലേയ്ക്കുള്ള മാറ്റത്തിന്റെ ചരിത്രമാണ്. ഏകകോശ ജീവിയില്‍നിന്ന് ബഹുകോശ ജീവിയിലേയ്ക്കുള്ള പരിണാമം. അതേസമയം, ഓരോ ജീവിയുടെ ഉള്ളിലും അനുനിമിഷം മാറ്റങ്ങള്‍ സംഭവിക്കുന്നതായി ജൈവശാസ്ത്രം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്. മനുഷ്യനില്‍ തന്നെ നിമിഷംപ്രതി കോശങ്ങളുടെ മരണവും പുനരുജ്ജീവനവും സംഭവിക്കുന്നുണ്ട്. ജനനത്തില്‍നിന്ന് മരണത്തിലേയ്ക്കുള്ള നീണ്ടയാത്രയ്ക്കിടയില്‍. നിമിഷേന നമ്മുടെ ഉള്ളില്‍ നടന്നുകൊണ്ടിരിക്കുന്ന ജനനവും മരണവും. അതിന്റെ തുടര്‍ച്ചയായ ആവൃത്തികളും നാം അറിയുന്നില്ലെന്നു മാത്രം. ഭൂമി സ്വന്തം അച്ചുതണ്ടില്‍ സ്വയം കറങ്ങുകയും സൂര്യനു ചുറ്റും കറങ്ങുകയും ചെയ്യുന്നത് നാം അറിയാത്തതുപോലെ.

അംബേദ്കര്‍ ബുദ്ധന്റെ കണ്ണിലൂടെ ഒരു മഹാനായ കവിയുടെ ഹൃദയത്തോടെ അത് വിശദീകരിച്ചിരിക്കുന്നു: 'ഈ അര്‍ത്ഥത്തില്‍, തൊട്ടുമുന്‍പുള്ള നിമിഷം ഒന്ന് ജീവിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജീവിക്കുന്നില്ല. അടുത്ത നിമിഷത്തിലെ ഒരു ജീവി അപ്പോള്‍ മരിക്കും. പക്ഷേ, ഈ നിമിഷം അത് ജീവിക്കുന്നില്ല. മുന്‍പ് ജീവിച്ചിട്ടുമില്ല. ഈ നിമിഷം ജീവിച്ചത് മുന്‍പ് ജീവിച്ചിട്ടില്ല. ഭാവിയിലും ജീവിക്കുകയില്ല. ചുരുക്കിപ്പറഞ്ഞാല്‍, മനുഷ്യന്‍ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. സദാ വളര്‍ന്നുകൊണ്ടിരിക്കുന്നു. അയാള്‍ തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും ഓരോ വ്യക്തിയായിരുന്നു' (പുറം: 209).

ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയില്‍, മനുഷ്യന്‍ മുങ്ങിനിവരുമ്പോള്‍, അയാള്‍ ഓരോ നിമിഷവും മുങ്ങിനിവരുന്നത് പുതിയ പുഴയിലാണെന്ന് ഗ്രീക്കുചിന്തകനായ ഹെരാക്ലിറ്റസ് പറയുന്നതിന്റെ അര്‍ത്ഥവും പ്രപഞ്ചത്തിലെ ഈ അസ്ഥിരതയാണ്. 

ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടന്ന പ്രകടനം
ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ നടന്ന പ്രകടനം

ധര്‍മ്മത്തിന്റെ ഭാഗമായ കര്‍മ്മം

ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ ജീവിച്ചിരിക്കെത്തന്നെ മാറിക്കൊണ്ടിരിക്കുന്നത് എങ്ങനെയെന്നതിന് ബുദ്ധന്‍ പറഞ്ഞ മറുപടി അസ്ഥിരത കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നാണ്. പില്‍ക്കാലത്തു ശൂന്യവാദം രൂപംകൊണ്ടത് ഇതില്‍നിന്നാണ്. ബുദ്ധമതത്തിലെ ശൂന്യവാദം കേവലം അജ്ഞേയവാദമല്ലെന്ന് അംബേദ്കര്‍ ഓര്‍മ്മപ്പെടുത്തുന്നു. ലൗകിക പ്രപഞ്ചത്തിന് അനുനിമിഷം മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്നു എന്നുമാത്രമാണ് അതിന്റെ അര്‍ത്ഥം. വസ്തുക്കള്‍ നിരന്തരമായ മാറ്റത്തിനു വിധേയമല്ലായിരുന്നെങ്കില്‍, അവ അസ്ഥിരവും മാറ്റമില്ലാത്തതുമായിരുന്നെങ്കില്‍, ജീവന്റെ വികാസമോ പരിണാമമോ നടക്കാതെ എല്ലാം സ്തംഭനാവസ്ഥയിലായിപ്പോയേനേ.

മനുഷ്യന്റെ പൂര്‍വ്വജന്മവും പുനര്‍ജന്മവും അസ്ഥിരതയുടെ ഭാഗങ്ങള്‍ തന്നെ. ഓരോ നിമിഷവും മരിക്കുകയും ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരേ മനുഷ്യനില്‍, ഒരേ ജീവിതകാലത്ത് നിരവധി ജന്മങ്ങള്‍ സംഭവിക്കുന്നു.

മുതിര്‍ന്ന ഭിക്ഷുവായ യു. ചന്ദ്രമണിയില്‍നിന്ന് അംബേദ്കര്‍ ബുദ്ധനിലും ധര്‍മ്മത്തിലും സംഘത്തിലും ശരണം പ്രാപിക്കുമ്പോള്‍ തന്നോടൊപ്പമുണ്ടായിരുന്നവര്‍ക്ക് തന്റേതായ ഇരുപത്തി രണ്ട് വ്രതങ്ങള്‍ കൂടി നല്‍കിയതായി ഗെയില്‍ ഓംവെദ് 'Buddhism in India' എന്ന പുസ്തകത്തില്‍ (പുറം: 261, 62) എഴുതുന്നുണ്ട്. അതില്‍ ഇരുപത്തി ഒന്നാമത്തെ വ്രതം തന്റെ ജീവിതത്തിലെ പുനര്‍ജന്മമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്: '(21) I consider that I have taken a new birth' (പുറം: 262) ഹിന്ദുവായി ജനിച്ചുപോയ താന്‍ അതില്‍നിന്ന് മുക്തനായി ബുദ്ധപാദങ്ങളില്‍ 'അഭയം' തേടുന്നത്, ഈ ജന്മത്തിലെത്തന്നെ പുനര്‍ജന്മമാണ് എന്ന് അംബേദ്കര്‍ അടയാളപ്പെടുത്തുന്നു. അതായത്, പൂര്‍വ്വജന്മത്തിനും പുനര്‍ജന്മത്തിനും പുനര്‍വായന നല്‍കുകയാണ് അദ്ദേഹം; ബുദ്ധന്റെ കര്‍മ്മസിദ്ധാന്തത്തെ ബ്രാഹ്മണങ്ങളിലെ കര്‍മ്മസിദ്ധാന്തത്തില്‍നിന്നു വേര്‍തിരിച്ചപോലെ.

'ദൈവമല്ല, കര്‍മ്മനിയമമാണ് പ്രപഞ്ചത്തിന്റെ ധാര്‍മ്മിക നീതി പരിപാലിക്കുന്നത്' എന്ന് ബുദ്ധന്‍ ലളിതമായി വ്യാഖ്യാനിച്ചു. 'പ്രപഞ്ചത്തിന്റെ ധാര്‍മ്മിക നീതി നല്ലതോ ചീത്തയോ ആവാം. അതു മനുഷ്യനെ മാത്രം ആശ്രയിച്ചിരിക്കുന്നു. മറ്റാര്‍ക്കും അതില്‍ ഒരു പങ്കുമില്ല.' ബുദ്ധന്‍ തന്റെ കര്‍മ്മസിദ്ധാന്തം മുന്നോട്ടുവെച്ചു: 'മനുഷ്യന്റെ പ്രവൃത്തിയാണ് കര്‍മ്മം... ധാര്‍മ്മിക വ്യവസ്ഥിതി മോശമാണെങ്കില്‍ അതിനു കാരണം മോശമായ കര്‍മ്മം ചെയ്യുന്നതാണ്. വ്യവസ്ഥിതി നല്ലതാണെങ്കില്‍ അത് മനുഷ്യന്‍ സല്‍പ്രവൃത്തി ചെയ്യുന്നതുമൂലവും.' ഇതോടെ, ജന്മമാണ് കര്‍മ്മത്തെ നിശ്ചയിക്കുന്നതെന്ന ബ്രാഹ്മണമതത്തിന്റെ ക്രൂരവ്യവസ്ഥിതിയെ അംബേദ്കര്‍ ബുദ്ധനിലൂടെ വെല്ലുവിളിച്ചു. തിരുത്തിയെഴുതി.

കര്‍മ്മനിയമമെന്നത്, രാത്രിയെ പകല്‍ പിന്തുടരുന്നതുപോലെയാണ്. മനുഷ്യരാശിക്കു പ്രയോജനകരമായ നല്ല കര്‍മ്മങ്ങള്‍ ചെയ്യുക. മനുഷ്യരാശിക്കു ദുരനുഭവങ്ങളുണ്ടാക്കുന്ന ചീത്ത കര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക. ഒരാളുടെ കര്‍മ്മത്തിന്റെ ഫലം ചിലപ്പോള്‍ മറ്റൊരാളെ ബാധിക്കും. 'എങ്കിലും, ധാര്‍മ്മിക വ്യവസ്ഥയെ ഉയര്‍ത്തിപ്പിടിക്കുകയോ തകരാറിലാക്കുകയോ ചെയ്യുന്നത് കര്‍മ്മനിയമമാണ് എന്നതില്‍ മാറ്റമില്ല' (അംബേദ്കര്‍: പുറം: 212). പ്രപഞ്ചത്തിന്റെ ധാര്‍മ്മിക വ്യവസ്ഥയ്ക്കു തുടര്‍ച്ചയുണ്ട്. അതിനെ നിലനിര്‍ത്തുന്ന കര്‍മ്മനിയമങ്ങള്‍ക്കും മാറ്റമില്ല. അതോടെ ബുദ്ധന്‍ ഈശ്വരന്റെ സ്ഥാനത്ത് ധര്‍മ്മത്തെ പ്രതിഷ്ഠിക്കുകയാണ്. കര്‍മ്മം ധര്‍മ്മത്തിന്റെ ഭാഗമാണ്.

മാൻ ഹോളുകളിൽ അഴുകി ജീവിക്കുന്നവർ
മാൻ ഹോളുകളിൽ അഴുകി ജീവിക്കുന്നവർ

ഗാന്ധിയും അംബേദ്കറും

അംബേദ്കര്‍ വിശദമാക്കിയ ബുദ്ധന്റെ ശൂന്യവാദമെന്ന എല്ലാ വസ്തുക്കളും അസ്ഥിരമാണെന്ന സിദ്ധാന്തത്തെ തിച്ച്‌നാത്ഹാന്‍ മറ്റൊരു ഭാഷയില്‍ എഴുതുന്നുണ്ട്. 'കുറെക്കാലമായി മനുഷ്യന്‍ ആത്മാവ് എന്ന സങ്കല്പത്താല്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്; വേറിട്ടതും അനന്തവുമായ സ്വത്വമെന്ന സങ്കല്പത്താല്‍. നമ്മുടെ ശരീരം മരിക്കുമ്പോള്‍ സ്വത്വം പിന്നെയും നിലനില്‍ക്കുന്നതായും അതിന്റെ പ്രഭവസ്ഥാനമായ ബ്രഹ്മവുമായി ഐക്യപ്പെടുന്നതായും നമ്മള്‍ വിശ്വസിക്കുന്നു'... അനേകം തലമുറകളെ വഴിതെറ്റിക്കാന്‍ കാരണമായ അടിസ്ഥാനപരമായ ഒരു തെറ്റിദ്ധാരണയാണത്.

'പരസ്പരാശ്രിതത്വം കൊണ്ടാണ് എല്ലാ വസ്തുക്കളും നിലനില്‍ക്കുന്നത്; എല്ലാ വസ്തുക്കളും അവസാനിക്കുന്നതും പരസ്പരാശ്രിതത്വം കൊണ്ടാണ്. അതുകൊണ്ടാണ് ഇതുണ്ടാകുന്നത്. അതില്ലാത്തതുകൊണ്ടാണ് ഇതില്ലാത്തത്. അത് ജനിക്കപ്പെട്ടതുകൊണ്ട് ഇത് ജനിക്കപ്പെട്ടത്. അത് മരിക്കുന്നതുകൊണ്ടാണ് ഇതു മരിക്കുന്നത്. എന്റെ ധ്യാനത്തില്‍ ഞാന്‍ കണ്ടെത്തിയ ആശ്രിതമായ സഹോല്‍ഭവം അതാണ്' (തിച്ച്‌നാത്ഹാന്‍: പുറം: 177).

'അസ്ഥിരതയുടെ സിദ്ധാന്തത്തിന്റെ ഗുണപാഠം വളരെ ലളിതമാണ് ഒന്നിനോടും അഭിനിവേശം പാടില്ല. എല്ലാറ്റിനോടും വിരക്തി സ്വത്തുക്കളില്‍നിന്നും സ്‌നേഹിതരില്‍നിന്നും മറ്റുമുള്ള വിരക്തി വളര്‍ത്തിയെടുക്കാനുദ്ദേശിച്ചാണ് ബുദ്ധന്‍ എല്ലാം അസ്ഥിരമാണെന്നു പ്രഖ്യാപിച്ചത്' (പുറം: 210: അംബേദ്കര്‍). അംബേദ്കര്‍ ഇതിനെ ഇങ്ങനെ പൂരിപ്പിക്കുന്നുണ്ട്: 'വിരക്തി രൂപംകൊള്ളുന്നതോടെ വികാരങ്ങള്‍ വിട്ടൊഴിയുന്നു. വികാരങ്ങളൊഴിയുമ്പോള്‍ അയാള്‍ സ്വതന്ത്രനാകുന്നു. സ്വതന്ത്രനാകുമ്പോള്‍, സ്വതന്ത്രനായെന്ന ബോധം അയാള്‍ക്കുണ്ടാകുന്നു' (പുറം: 204). ഇതാണ് നിര്‍വ്വാണം: 'നന്മയുടെ മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുമാറ് വികാരങ്ങളുടെ മേലുള്ള നിയന്ത്രണമാണത്.' അംബേദ്കറില്‍ അതില്‍ കവിഞ്ഞ അര്‍ത്ഥമൊന്നുമില്ല. 'നിര്‍വ്വാണമെന്ന ആശയത്തിന്റെ അടിസ്ഥാനം നന്മയുടെ മാര്‍ഗ്ഗമാണ്' (പുറം: 207).

എന്തുകൊണ്ട് ബുദ്ധന്റെ ശൂന്യവാദത്തിലൂടെ അംബേദ്കര്‍, ബ്രാഹ്മണമതത്തേയും അതിന്റെ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയേയും ചുട്ടെരിക്കണമെന്ന് ആഹ്വാനം ചെയ്തു? ലളിതമാണ് അതിനുള്ള ഉത്തരം. ബ്രാഹ്മണമതം യാതൊരു ചലനനിയമങ്ങളും പാലിക്കാത്ത, അനുവദിക്കാത്ത വ്യവസ്ഥിതിയാണ്. ഈശ്വരനല്ല, മനുഷ്യനാണ് അത് കെട്ടിപ്പടുത്തത്. ഭൂമിയില്‍ അസമത്വം നിലനിര്‍ത്താനും ക്രൂരമായ ചൂഷണത്തിനും വേണ്ടി. പ്രകൃതിയുടെ സ്വതസിദ്ധമായ ചലനനിയമങ്ങള്‍ക്ക് ബാധകമല്ലാത്ത പ്രകൃതിവിരുദ്ധമായ, മനുഷ്യത്വവിരുദ്ധമായ, ജൈവവിരുദ്ധമായ അതിനെ ചുട്ടെരിക്കുകയല്ലാതെ അതിന്റെ തടവറയില്‍നിന്നു പുറത്തുകടക്കാന്‍ മറ്റൊരു മാര്‍ഗ്ഗമില്ല. ഗാന്ധി ഹിന്ദുയിസത്തിനുള്ളില്‍ നവോത്ഥാനത്തിനുവേണ്ടതായ അസ്ഥിരതയുടെ ചലനോര്‍ജ്ജം ഉണ്ടെന്ന് വിശ്വസിച്ചിരുന്നെങ്കില്‍, തന്റെ തിക്തമായ അനുഭവത്തിന്റെ  കനലുകളില്‍നിന്നും അങ്ങനെയൊരു വിശ്വാസം അര്‍പ്പിക്കാന്‍ അംബേദ്കറിനാകുമായിരുന്നില്ല. 2022ല്‍ ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വാസം ചോദ്യം ചെയ്യപ്പെട്ടേനെ. മനുഷ്യനുണ്ടാക്കിയ ക്രൂരമായ ജാതിവ്യവസ്ഥ, ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുന്നു എന്ന സത്യം ഭീകരതാണ്ഡവമാടുന്നത് കണ്ട്.

വര്‍ണ്ണവെറിയുടെ രക്തമോടുന്ന അമേരിക്കന്‍ പൊലീസിന്റെ മര്‍ദ്ദനത്തില്‍ ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ച ജോര്‍ജ് ഫ്‌ലോയ്ഡിന്റെ മരണം നമ്മുടെ കണ്‍മുന്നിലുണ്ട്. എന്നാല്‍, നഗരങ്ങളിലെ മാന്‍ഹോളുകളില്‍ (MAN - HOLES) മനുഷ്യമലത്തിന്റെ വിഷപൂരിതമായ ദുര്‍ഗ്ഗന്ധത്തില്‍ ശ്വാസംമുട്ടി മരിക്കുന്ന ദളിത് ജീവിതങ്ങള്‍ നാം  കണ്ടില്ലെന്നു നടിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ജാതിയുടെ പേരില്‍ ദളിതര്‍ കൊല ചെയ്യപ്പെടുന്നത് നമുക്ക് വളരെ ചെറിയ വാര്‍ത്തകള്‍ മാത്രമാണ്. ജാതിഹിന്ദുവാല്‍ നടത്തപ്പെടുന്ന ബലാത്സംഗങ്ങളും കൊലകളും മാധ്യമങ്ങളില്‍ ഒരു ദിവസത്തെ ഭക്ഷണമാണ്. 2022ലും ഇതിനൊന്നും ഒരു മാറ്റവും സംഭവിക്കുന്നില്ല. ബ്രാഹ്മണ മതബോധത്തില്‍ അധിഷ്ഠിതമായ ആര്‍.എസ്.എസ് ബി.ജെ.പി ഭരണത്തില്‍ ഇത് വര്‍ദ്ധിക്കുന്നതായി കാണാം. ഈ പശ്ചാത്തലത്തില്‍, ഒരു ഹിന്ദുവായി ജീവിക്കുന്നതില്‍ ലജ്ജ തോന്നാറുണ്ട്. നൂറ്റാണ്ടുകളിലൂടെ എത്ര നവീകരണങ്ങള്‍ കഴിഞ്ഞിട്ടും സവര്‍ണ്ണ ജാതിബോധം ഇന്ത്യയില്‍ രൂക്ഷമാവുകയാണ്. ഒരു ഹിന്ദുവായി മരിക്കുന്നതിനേക്കാള്‍ എത്രയോ ഉദാത്തം ബുദ്ധന്റെ ദര്‍ശനങ്ങളില്‍ അവസാന ശ്വാസം വലിക്കുകയാണ്. എന്നില്‍ ബുദ്ധനുണ്ടെങ്കില്‍, ആ ബുദ്ധനെയാണ് ഞാന്‍ ശരണം പ്രാപിക്കേണ്ടത്. ഞാന്‍ തന്നെയാണ് എന്റെ വിളക്ക് എന്നറിയുന്നതോടെ, മനുഷ്യനിര്‍മ്മിതമായ ഹിന്ദുമതത്തിന്റെ ചലനമില്ലാത്ത ജാതി ശ്രേണികളുടെ ഊരാക്കുടുക്കുകളില്‍നിന്ന്, സ്വബോധത്താല്‍, സ്വവെളിച്ചത്താല്‍ സ്വാതന്ത്ര്യം തേടുകയാണ് ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com