നാടിന്റെ ആരോഗ്യം കാത്ത ജനകീയ ഡോക്ടര്‍

കൊവിഡ് കാലത്ത് കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ നയിച്ച ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.എം.ഇ) പടിയിറങ്ങുകയാണ്
നാടിന്റെ ആരോഗ്യം കാത്ത ജനകീയ ഡോക്ടര്‍

കൊവിഡ് കാലത്ത് കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ നയിച്ച ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡി.എം.ഇ) പടിയിറങ്ങുകയാണ്. പക്ഷേ, കൊവിഡ് കാലത്തെ മാത്രമല്ല, രണ്ടു പ്രളയങ്ങളുടേയും നിപയുടേയും ആരോഗ്യമേഖലയിലെ വലിയ കുതിപ്പുകളുടേയും കാലത്തുകൂടി ആരോഗ്യ വിദ്യാഭ്യാസ മേധാവിയാണ് ഡോ. എ. റംലാബീവി. 38 വര്‍ഷത്തെ ഔദ്യോഗിക ജീവിതം. ആറു വര്‍ഷമായി ഡി.എം.ഇ; അതിനു മുന്‍പ് ഏഴു വര്‍ഷം വിവിധ മെഡിക്കല്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍, കോട്ടയം മെഡിക്കല്‍ കോളേജില്‍ റേഡിയോ ഡയഗ്നോസിസ് വിഭാഗം മേധാവി. 26 വര്‍ഷം ചികിത്സകയായും 13 വര്‍ഷം ഭരണപരമായ ചുമതലകളിലും പ്രവര്‍ത്തിച്ച് അഭിമാനത്തോടെ വിരമിക്കുമ്പോള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ അനുഭവ സമ്പത്തിന്റെ കനമുണ്ട്; പ്രതിസന്ധികാലത്തെ അതീജിവിക്കുകയും അത്യാഹിതങ്ങള്‍ ലഘൂകരിക്കുകയും ചെയ്യുന്നതില്‍ വഹിച്ചത് നേതൃപരമായ പങ്ക്. എങ്കിലും നേതൃത്വം വഹിച്ചു എന്നോ മുന്നില്‍നിന്നു എന്നോ അല്ല; കേരളത്തിന്റെ സവിശേഷ കൂട്ടായ്മയുടെ കരുത്തില്‍ താനും ഭാഗമായി എന്നാണ് അവരുടെ വാക്കുകള്‍. നാലു മുഖ്യമന്ത്രിമാരുടേയും അഞ്ച് ആരോഗ്യ മന്ത്രിമാരുടേയും ടീമില്‍ പ്രവര്‍ത്തിച്ചു; സാമൂഹിക പ്രതിബദ്ധതയുടെ സമാനതകളില്ലാത്ത പ്രതീകങ്ങളായി തിളങ്ങിയ എല്ലാ തലങ്ങളിലേയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം അവരിലൊരാളായി നിന്നു. ''സ്ത്രീയാണ് എന്ന പേരില്‍ വിവേചനമൊന്നും തീരെ നേരിടേണ്ടി വരാത്ത മേഖലയാണ് ആരോഗ്യം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പുറത്തുപോകുമ്പോഴും പുറത്തു നിന്നുള്ളവര്‍ ഇവിടെ വരുമ്പോഴും കേരളം എന്ന നിലയിലുള്ള പ്രത്യേക പരിഗണനയാണ് എപ്പോഴും ലഭിച്ചിട്ടുള്ളത്. മെഡിക്കല്‍ കൗണ്‍സിലിലൊക്കെ പോകുമ്പോള്‍, അല്ലെങ്കില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ പോകുമ്പോള്‍ അതു നമുക്ക് അനുഭവമാണ്. കേരളം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ അവര്‍ക്ക് ബഹുമാനമാണ്'' -ഡോ. റംലാ ബീവി പറയുന്നു.
----
ഡോക്ടര്‍ എന്ന നിലയിലും പിന്നീട് ഭരണപരമായ തസ്തികകളിലും പ്രവര്‍ത്തിക്കുമ്പോള്‍ അനുഭവപ്പെട്ട പ്രധാന വ്യത്യാസങ്ങള്‍ എന്തൊക്കെയാണ്? 

ഡോക്ടര്‍ എന്ന നിലയില്‍ പ്രാക്ടീസ് ചെയ്തു തുടങ്ങുന്ന ഹൗസ് സര്‍ജന്‍സിക്കാലത്തെ ആഗ്രഹം കഴിയുന്നിടത്തോളം അനുഭവപരിചയം ആര്‍ജ്ജിക്കുക എന്നതായിരുന്നു. പരമാവധി ജോലി ചെയ്യുക. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് എം.ബി.ബി.എസ്സും എം.ഡിയുമെല്ലാം പഠിച്ചത്. 1977-ല്‍ എം.ബി.ബി.എസ് വിജയിച്ച ആ ബാച്ചില്‍ പെണ്‍കുട്ടികളുടെ എണ്ണം വളരെയായിരുന്നു. അതില്‍ത്തന്നെ ബാച്ചുകളെ ക്ലിനിക്കല്‍ പരിശീലനത്തിനും മറ്റും വിഭജിക്കുമ്പോള്‍ മിക്കപ്പോഴും പെണ്‍കുട്ടികള്‍ മാത്രമാണുണ്ടാവുക. ഒന്നോ രണ്ടോ ആണ്‍കുട്ടികള്‍ ഉണ്ടായാലായി. 1984-ല്‍ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ച് വഴി കോട്ടയം മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലാണ് ജോലി ചെയ്തു തുടങ്ങിയത്. അവിടെ പ്രവര്‍ത്തിച്ചുകൊണ്ട് പി.എസ്.സി പരീക്ഷ എഴുതി. സ്ഥിരനിയമനം ലഭിച്ചത് 1988-ല്‍, കോട്ടയത്തു തന്നെ. പിറ്റേ വര്‍ഷം റേഡിയോ ഡയഗ്നോസിസില്‍ പോസ്റ്റ് ഗ്രാജ്വേഷന് തിരുവനന്തപുരത്ത് പ്രവേശനം കിട്ടി. പി.ജി കഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജിലും അവിടെനിന്ന് അസിസ്റ്റന്റ് പ്രൊഫസറായി കോട്ടയത്തും ജോലി ചെയ്തു. അസോസിയേറ്റ് പ്രൊഫസറായപ്പോള്‍ ആലപ്പുഴയിലേക്കും പ്രൊഫസറായപ്പോള്‍ വീണ്ടും കോട്ടയത്തേക്കും മാറ്റമായി. 

പ്രൊഫസറാകുന്നതുവരെയുള്ള 18 വര്‍ഷത്തോളമാണ് ഡോക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചത്. പ്രൊഫസറും വകുപ്പുമേധാവിയുമാകുന്നതോടെ ഭരണപരമായ ചുമതലകളും വന്നു. പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറായിരിക്കുന്നതും ഭരണപരമായ ചുമതലകളിലേക്ക് മാറുന്നതും പരസ്പര പൂരകങ്ങളാണ്. തമ്മില്‍ വ്യത്യാസമൊന്നുമില്ല എന്നതാണ് സത്യം. ഡോക്ടറായിരിക്കുമ്പോള്‍ രോഗനിര്‍ണ്ണയം നടത്തിക്കൊണ്ട് ചികിത്സയുടെ ഭാഗമാകുന്നു. കുട്ടികളെ പഠിപ്പിക്കുകയും ചെയ്യുന്നു. അതില്‍നിന്നു കിട്ടുന്ന സംതൃപ്തി വലുതാണ്. ഞങ്ങള്‍ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന കാലം ഈ വിഭാഗത്തില്‍ വികസനത്തിന്റേയും പുരോഗതിയുടേയും വലിയ കുതിപ്പിന്റെ കാലമായിരുന്നു. 

ഭരണപരമായ ചുമതലകളുടെ നിര്‍വ്വഹണത്തിലുമുണ്ട് അതിന്റേതായ സംതൃപ്തി. എല്ലാ വിഭാഗങ്ങളും റേഡിയോ ഡയഗ്നോസിസ് വിഭാഗത്തെ ആശ്രയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയൊരു പ്രാമുഖ്യമാണ് ഞങ്ങള്‍ക്കു വേണ്ടത്. എല്ലാത്തിനെക്കുറിച്ചും അറിഞ്ഞിരിക്കണം. ചികിത്സയ്ക്കുവേണ്ടിയുള്ള രോഗനിര്‍ണ്ണയം നടത്തിക്കൊടുക്കുന്ന റേഡിയോ ഡയഗ്നോസിസ് വിഭാഗം ചികിത്സയുടെ ഭാഗം തന്നെയാണ്. മനുഷ്യരുടെ ആന്തരികാവയവങ്ങളുടെ പ്രതിച്ഛായ കണ്ട് രോഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടര്‍മാരുടെ ഒരു സംഘം എന്നാണ് ആരോഗ്യമന്ത്രി ആയിരുന്ന എ.സി. ഷണ്‍മുഖദാസ് ഈ വിഭാഗത്തെ നിര്‍വ്വചിച്ചത്. 

ഡ‍ോ. എ റംല ബീവി/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ / എ‌ക്സ്പ്രസ്
ഡ‍ോ. എ റംല ബീവി/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ / എ‌ക്സ്പ്രസ്

പ്രിന്‍സിപ്പലായത് മുതലുള്ള അനുഭവങ്ങളിലെ മാറ്റം എങ്ങനെയാണ് സ്വാധീനിച്ചത്? 

ഏഴു വര്‍ഷം പ്രൊഫസറായിരുന്ന ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായത്. അത് പുതിയ മറ്റൊരു കൂട്ടം അനുഭവങ്ങളിലേക്കുള്ള വാതിലായിരുന്നു. വകുപ്പു മേധാവി ആയിരിക്കുമ്പോള്‍ ആ വകുപ്പിന്റെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. അവിടെ എന്തൊക്കെ വേണം, എന്തൊക്കെ മാറ്റങ്ങള്‍ വേണം, ആ വിഭാഗത്തിന്റെ പുരോഗതിക്ക് എന്തൊക്കെ വേണം എന്നൊക്കെ. കുറേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. ആ സമയത്ത് തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും മാത്രമാണ് റേഡിയോ ഡയഗ്നോസിസ് പി.ജി കോഴ്സ് ഉണ്ടായിരുന്നത്. കോട്ടയത്തു കിട്ടാന്‍ ശ്രമിച്ചെങ്കിലും എം.ആര്‍.ഐ സ്വന്തമായി ഇല്ലാത്തതുകൊണ്ട് അപ്പോള്‍ കിട്ടിയില്ല. പ്രിന്‍സിപ്പല്‍ ആയിരിക്കുമ്പോള്‍ ആ മെഡിക്കല്‍ കോളേജിന്റെ മുഴുവന്‍ കാര്യങ്ങളും അറിഞ്ഞിരിക്കണം. സ്ഥാപനത്തിന്റെ മുഴുവന്‍ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഉദാഹരണത്തിന്, ബജറ്റ് ശുപാര്‍ശ കൊടുക്കുമ്പോള്‍ അനാറ്റമി മുതല്‍ കാര്‍ഡിയോ തൊറാസിക് വരെയുള്ള മുഴുവന്‍ വിഭാഗങ്ങളുടേയും മേധാവികളുമായി സംസാരിക്കണം; അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ബജറ്റില്‍ ഒതുങ്ങിനിന്ന് പ്രപ്പോസല്‍ തയ്യാറാക്കാന്‍ കഴിയണം. ഒരേസമയം അവര്‍ പറയുന്നത് മനസ്സിലാക്കുകയും അത് കോസ്റ്റ് ഇഫക്റ്റീവായി വിശകലനം ചെയ്യുകയും വേണം. ചെലവും നോക്കണം, അതിന്റെ ഗുണഫലവും നോക്കണം. ഉദാഹരണത്തിന്, വളരെ വിലയുള്ള ഒരു സാധനം.
 
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാകുമ്പോള്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളുടേയും ആവശ്യങ്ങള്‍ അറിഞ്ഞിരിക്കണം. നമ്മുടെ ആലോചനയുടെ തലം കൂടുതല്‍ വിശാലമായി മാറണം. ഞാന്‍ പഠിച്ച റേഡിയോ ഡയഗ്നോസിസിനെക്കുറിച്ചു മാത്രം ചിന്തിച്ചാല്‍ പോര. അക്കാര്യത്തില്‍ എന്നെക്കൊണ്ട് കഴിയുന്നതിന്റെ പരമാവധി ഞാന്‍ ഭാഗഭാക്കായിട്ടുണ്ട്. കാലാകാലങ്ങളില്‍ വന്ന മുഖ്യമന്ത്രിമാരുടേയും മന്ത്രിമാരുടേയും ആരോഗ്യ സെക്രട്ടറിമാരുടേയും പിന്തുണ കിട്ടിയിട്ടുണ്ട്. 

ആലപ്പുഴയില്‍ നാലര വര്‍ഷം പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ച കാലം വലിയ ഒരു ഉദാഹരണമാണ്. ആ കാലത്താണ് ആലപ്പുഴ നഗരത്തിലെ പരിമിത സൗകര്യങ്ങളില്‍നിന്ന് മെഡിക്കല്‍ കോളേജിനെ വണ്ടാനത്തെ വിശാല സൗകര്യങ്ങളിലേക്കു മാറ്റിയത്. ഭരണപരമായ പരിചയം വളരെ കുറവായിരുന്നതുകൊണ്ട് അതൊരു വലിയ വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലം. ആരോഗ്യ മന്ത്രി ആയിരുന്ന പി.കെ. ശ്രീമതിയും ധനകാര്യമന്ത്രി ആയിരുന്ന തോമസ് ഐസക്കും തന്ന പിന്തുണ വളരെ വലുതായിരുന്നു. അമ്പലപ്പുഴ എം.എല്‍.എ ആയിരുന്ന ജി. സുധാകരന്‍ സാറാണ് വലിയ പിന്തുണ നല്‍കിയ മറ്റൊരാള്‍. ഓരോ കാര്യങ്ങളിലും ഇവരെല്ലാം കൂടെ നിന്നു. ധനകാര്യ വകുപ്പിനോട് എന്ത് ആവശ്യം പറഞ്ഞാലും താമസമില്ലാതെ നടപ്പാക്കിത്തരുമായിരുന്നു. മെഡിക്കല്‍ കോളേജ് സൗകര്യങ്ങളില്ലാത്ത സ്ഥലത്തുനിന്ന് സൗകര്യങ്ങളുള്ള ഇടത്തേക്കു മാറ്റുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു അവരുടെയെല്ലാം ശ്രദ്ധ. ഓരോ വിഭാഗത്തില്‍നിന്നും സാധനങ്ങള്‍ മാറ്റാനൊക്കെ വിദ്യാര്‍ത്ഥികള്‍ ഇറങ്ങി പ്രവര്‍ത്തിച്ചത് മറക്കാനാകില്ല. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് വലിയ അനുഭവമാണ്. ഒരു റേഡിയോ ഡയഗ്നോസിസ് പ്രൊഫസര്‍ പ്രിന്‍സിപ്പലായിട്ട് എന്തു ചെയ്യാനാണ് എന്നു ചോദിച്ചവരുണ്ട്. ഒരു സ്ഥാനക്കയറ്റം നമ്മുടെ വഴിക്കു വന്നു, അതു സ്വീകരിച്ചു. തുടക്കത്തില്‍ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകളായതുകൊണ്ടാകാം. ഒരു പ്രമോഷന് അവരുടെ ജീവിതത്തില്‍ വലിയ പ്രസക്തിയുണ്ടല്ലോ. ഇത്രമാത്രം ചലഞ്ചിംഗ് ആയിരിക്കും പുതിയ ചുമതല എന്ന് ആലോചിച്ചേ ഇല്ല. വേണ്ട എന്നു പറയാന്‍ പറ്റും; പക്ഷേ, ഏറ്റെടുക്കലാണ് ചലഞ്ച്. അത്ര എളുപ്പമല്ല. പക്ഷേ, തുടക്കത്തിലെ ബുദ്ധിമുട്ടുകളൊക്കെ മാറിയിട്ട് ഒരു മെഡിക്കല്‍ കോളേജിന്റേയും ആശുപത്രിയുടേയും മുഖം മാറുന്നതിനു സാക്ഷിയാകാന്‍ കഴിഞ്ഞു. 
 
അഞ്ച് ആരോഗ്യമന്ത്രിമാര്‍ക്കൊപ്പം ഭരണപരമായ ചുമതലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞല്ലോ. (വി.എസ്. ശിവകുമാര്‍, പി.കെ. ശ്രീമതി, അടൂര്‍ പ്രകാശ്, കെ.കെ. ശൈലജ, വീണാ ജോര്‍ജ്). ഇതില്‍ ഏറ്റവും കഠിനമായിരുന്ന കാലം നിപയും പിന്നീട് ഇപ്പോഴും പൂര്‍ണ്ണമായും വിട്ടുപോയിട്ടില്ലാത്ത കൊവിഡ് കാലവുമാണോ? 

വ്യക്തിപരമായി ഏറ്റവും വെല്ലുവിളി അഭിമുഖീകരിച്ചത് ആലപ്പുഴ മെഡിക്കല്‍ കോളേജിന്റെ മാറ്റമാണ്. സ്ഥാപനം മാറ്റല്‍, അതിനൊപ്പം തന്നെ എം.ബി.ബി.എസ് സീറ്റുകള്‍ നൂറില്‍നിന്ന് 150 ആക്കുന്നതിനുള്ള വാര്‍ഷിക പരിശോധനകള്‍, പിന്നെ പി.ജി കോഴ്സുകള്‍ തുടങ്ങാനുള്ള ശ്രമങ്ങള്‍. ഇത് മൂന്നും ഒരേപോലെ നടന്നുകൊണ്ടിരുന്ന സമയമാണ്. വലിയ ജോലിയും കഠിനാധ്വാനവുമായിരുന്നു. നിപ നമുക്ക് ഒരു ജില്ലയിലേക്ക് ഒതുക്കാന്‍ പറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ടീം അതില്‍ വളരെ വലിയ പങ്കാണ് വഹിച്ചത്. മന്ത്രിയും വകുപ്പു സെക്രട്ടറിയും മുതല്‍ താഴെ വരെയുള്ളവരും ഒറ്റക്കെട്ടായി നിന്നു. നമുക്ക് മുന്‍ അനുഭവമുള്ള കാര്യമല്ലല്ലോ, പുതിയതല്ലേ. എങ്ങനെ നിയന്ത്രിക്കണമെന്ന് അറിയാതെയാണ് തുടങ്ങിയത്. പക്ഷേ, കൃത്യമായി എല്ലാം പഠിച്ചു മനസ്സിലാക്കിക്കൊണ്ട് ചെയ്യാന്‍ കഴിഞ്ഞു. ഒരു ടീമായിട്ടാണ് ചെയ്തത്. ഒരു വ്യക്തിയെ മാത്രം എടുത്തു പറയാന്‍ കഴിയില്ല. വളരെ വലിയ ടീം വര്‍ക്കായിരുന്നു. രോഗിയെ എവിടെ കിടത്തണം, എങ്ങനെ കിടത്തണം ഒന്നും നമുക്ക് അറിയില്ലായിരുന്നു. എന്തിനേറെ, പി.പി.ഇ കിറ്റ് ധരിക്കാന്‍പോലും കൃത്യമായി അറിയില്ലായിരുന്നു. അത് എല്ലാവര്‍ക്കും വലിയ അനുഭവമായിരുന്നു. ആദ്യത്തെ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തിലാണ് കിടത്തിയത്. അവിടെ കിടത്തിയാല്‍ പറ്റില്ലായിരുന്നു. പിന്നെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്സിന്റെ പേ വാര്‍ഡിന്റെ ഒരു കെട്ടിടം പൂര്‍ണ്ണമായി ഇതിനുവേണ്ടി ഏറ്റെടുത്തു. ഓരോ മുറിയിലും ഓരോ രോഗിയും കെയര്‍ ടേക്കറും മാത്രമേ പറ്റുകയുള്ളൂ. ബൈസ്റ്റാന്റര്‍ ഇല്ല. എല്ലാ കാര്യവും ആ സ്റ്റാഫ് നോക്കണം. സ്റ്റാഫിന് പകരാനും പാടില്ല. ആ വിധത്തില്‍ അത് ചെയ്‌തെടുത്തു. വലിയൊരു വെല്ലുവിളി ആയിരുന്നു. ഊണും ഉറക്കവുമില്ലാതെയാണ് അവിടുത്തെ ടീം പൂര്‍ണ്ണമായും പ്രവര്‍ത്തിച്ചത്. ഡി.എച്ച്.എസ്സും ടീമും കൂടെത്തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ ഇവിടുത്തെ ജോലിയും കൂടി ചെയ്തുകൊണ്ട് പോയും വന്നും നിന്നു. വലിയ ഒരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു അത്. പറഞ്ഞറിയിക്കാനാകില്ല; അനുഭവിച്ചുതന്നെ അറിയണം. അതുകഴിഞ്ഞ് രണ്ടാം നിപ എറണാകുളത്ത് വന്നപ്പോള്‍ അവിടെ സൗകര്യങ്ങളൊരുക്കാന്‍ കോഴിക്കോടു നിന്നുള്ള ടീം വന്നു പഠിപ്പിച്ചു കൊടുത്തു. ഒരൊറ്റ രോഗിയില്‍ അത് ഒതുങ്ങി. അതുകഴിഞ്ഞ് മൂന്നാമത്തെ കേസ് കോഴിക്കോട്ട് വന്നു. അപ്പോള്‍ കാര്യങ്ങളൊക്കെ നമുക്ക് അറിയാമായിരുന്നു. 

പൊള്ളലേറ്റവരെ മറ്റു രോഗികള്‍ക്കൊപ്പം കിടത്താന്‍ പാടില്ല, പ്രത്യേകം വാര്‍ഡ് വേണം, പ്രത്യേക പരിരക്ഷ വേണം. അതിനു പറ്റിയവിധമുള്ള വലിയ സൗകര്യം ഇവിടെ ഇല്ലായിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി നേരിട്ടു വന്നു കാര്യങ്ങള്‍ മനസ്സിലാക്കി. നമുക്ക് പ്രത്യേക ബേണ്‍സ് യൂണിറ്റ് വേണമെന്ന ആലോചന വന്നത് അപ്പോഴാണ്. ഇപ്പോഴത് കോട്ടയത്തും തൃശൂരിലും പ്രവര്‍ത്തിച്ചു തുടങ്ങി, തിരുവനന്തപുരത്ത് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കോഴിക്കോട് പണി തുടങ്ങിയിട്ടുണ്ട്. ബാക്കി സ്ഥലങ്ങളില്‍ക്കൂടി സ്ഥലമനുസരിച്ചു ചെയ്താല്‍ മതി. ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സസിലെ വിദഗ്ദ്ധസംഘം നമുക്കൊപ്പം ഉണ്ടായിരുന്നു. അവര്‍ നമ്മുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിട്ടാണ് പോയത്. ശരിക്കും, നമ്മുടെ സര്‍ജ്ജന്മാരും അനസ്‌തേഷ്യസ്റ്റുകളും നഴ്സുമാരും മൂന്നു ദിവസം തിയേറ്ററില്‍നിന്നു പുറത്തിറങ്ങിയിട്ടു പോലുമില്ല. അത്ര പ്രതിബദ്ധതയോടെയാണ് തുടര്‍ച്ചയായി അവര്‍ പ്രവര്‍ത്തിച്ചത്. അതൊക്കെ നേരിട്ടു കണ്ട്, അവരുടെ കൂടെനിന്ന് പിന്തുണ നല്‍കാന്‍ കഴിഞ്ഞു. 

വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ

കൊവിഡിന്റെ അനുഭവങ്ങള്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമാണല്ലോ. ഇപ്പോഴും കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന കൊവിഡ് കാലം തന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങള്‍ എങ്ങനെ കാണുന്നു? 

കൊവിഡ് വന്നതോടെ മെഡിക്കല്‍ കോളേജുകളുടെ അന്തരീക്ഷവും സാഹചര്യവും തന്നെ പാടേ മാറേണ്ടി വന്നു. ഒന്നാമതായി, ഇത്ര വലിയ ഒരു മഹാമാരിയെ നമ്മള്‍ അഭിമുഖീകരിച്ചിട്ടില്ല. വലിയ തിരക്കുള്ള മെഡിക്കല്‍ കോളേജ് ആശുപത്രികളാണല്ലോ നമ്മുടേത്. രോഗികളെ ചികിത്സിക്കുന്നു, കുട്ടികളെ പഠിപ്പിക്കുന്നു, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു, ഇതിനിടയിലാണ് മഹാമാരിയും അതിന്റെ മാനേജ്മെന്റും വേണ്ടിവന്നത്. എല്ലാ മെഡിക്കല്‍ കോളേജുകളും മാറേണ്ടിവന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളും പകര്‍ച്ച നിയന്ത്രണവും ഉള്‍പ്പെടെ അനുബന്ധ ആശുപത്രികളില്‍ നടക്കേണ്ട കാര്യങ്ങള്‍ വലിയൊരളവോളം ഹെല്‍ത്ത് സര്‍വ്വീസുകാര്‍ ഏറ്റെടുത്തു. പക്ഷേ, മെഡിക്കല്‍ കോളേജുകള്‍ പൂര്‍ണ്ണമായും ചികിത്സാ പരിരക്ഷ ഏറ്റെടുത്തു. വളരെക്കുറച്ചു മാത്രമേ മറ്റ് ആശുപത്രികള്‍ക്കു സാധിക്കുമായിരുന്നുള്ളൂ. ഒരു ഘട്ടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ.സി.യുവിലൊന്നും ഒഴിവുണ്ടായിരുന്നില്ല. രണ്ടാം തരംഗത്തിന്റെ സമയത്തായിരുന്നു അത്. ആ സമയത്തൊക്കെ അതിന്റെ സ്ട്രെസ്സ് നമുക്കും കിട്ടും. അവര്‍ വിളിച്ചുപറയുമ്പോള്‍ കൃത്യമായി ആള്‍ക്കാരെ എത്തിച്ചുകൊടുക്കണം. ശരിക്കും മഞ്ചേരിയൊക്കെ ഫുള്ളായിരുന്നു. ആളെ തികയാഞ്ഞിട്ട് എറണാകുളത്തുനിന്നും കോഴിക്കോട്ട് നിന്നും തൃശൂരുനിന്നുമൊക്കെ പുനര്‍വിന്യസിച്ചു കൊടുക്കേണ്ടിവന്നു. ഒറ്റക്കെട്ടായി നിന്നു വലിയ പ്രവര്‍ത്തനമാണ് നടത്തിയത്; ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. 

പികെ ശ്രീമതി
പികെ ശ്രീമതി

കൊവിഡ് മാറിത്തുടങ്ങുകയും സാധാരണ ജീവിതത്തിലേക്കു സമൂഹം വന്നു തുടങ്ങുകയും ചെയ്യുന്നതിനെ എത്രത്തോളം പ്രതീക്ഷയോടെ കാണാന്‍ കഴിയും? 

കൊവിഡ് ചികിത്സയുടെ ഒരു ഘട്ടത്തില്‍ പല വാര്‍ഡുകളും ഐ.സി.യു ആക്കി മാറ്റേണ്ടിവന്നു. തുടക്കത്തില്‍, കൊവിഡ് ആണെന്നു സംശയമുള്ള രോഗികളെ ഒ.പിയിലെ മറ്റുള്ളവര്‍ക്കൊപ്പം കയറ്റാന്‍ പറ്റാത്തതുകൊണ്ട് പ്രത്യേക പ്രവേശനവഴി തന്നെ വേണമായിരുന്നു. പ്രത്യേക വാര്‍ഡുകളും തയ്യാറാക്കി. സര്‍ജറി വേണ്ട കൊവിഡ് രോഗികളുണ്ടായിരുന്നു. അവര്‍ക്കുവേണ്ടി തിയേറ്റര്‍ പ്രത്യേകം മാറ്റിവയ്ക്കണം. മറ്റു കേസുകള്‍ കുറേയൊക്കെ മാറ്റിവയ്ക്കാമെങ്കിലും എമര്‍ജന്‍സി മാറ്റിവയ്ക്കാന്‍ പറ്റില്ല. ഗൈനക്കിലാണെങ്കില്‍ പ്രത്യേക ലേബര്‍ റൂമും തിയേറ്ററുകളും കൊവിഡ് രോഗികള്‍ക്കുവേണ്ടി സജ്ജമാക്കേണ്ടിവന്നു. അങ്ങനെ ഇരട്ടി ജോലി ആയിരുന്നു. ജീവനക്കാരെ വിന്യസിപ്പിക്കലായിരുന്നു മറ്റൊരു പ്രശ്‌നം. ഉള്ളതുതന്നെ നമുക്കു കുറവാണ്. ഒരു കിടക്കയ്ക്ക് ഒരു നഴ്സ് ഐ.സി.യുവില്‍ വേണമെന്നു പറയുമ്പോഴും അഞ്ചും പത്തും കിടക്കയ്ക്ക് ഒരു നഴ്സ് മാത്രമുള്ള സ്ഥിതിയൊക്കെ വന്നിട്ടുണ്ട്. അവര്‍ ഓട്ടമാണ്; ഓടിയിട്ടാണ് കാര്യങ്ങള്‍ നടത്തുന്നത്. അവരെ മൂന്നായി തിരിച്ചു. കൊവിഡ് ഇതരരോഗികളെ നോക്കാന്‍ ഒരു വിഭാഗം, കൊവിഡിന് ഒന്ന്. പിന്നെ, കൊവിഡ് ഡ്യൂട്ടി ഉള്ളവര്‍ക്ക് പിന്നീട് വിശ്രമം വേണമല്ലോ. മൂന്നാമതായി കരുതല്‍ ജീവനക്കാര്‍. അങ്ങനെയാണ് മുന്നോട്ടു പോയത്. 

കെകെ ശൈലജ
കെകെ ശൈലജ

ആരോഗ്യമന്ത്രി എന്ന നിലയില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട കെ.കെ. ശൈലജയുടെ നേതൃത്വം ആ കാലത്തെ അതിജീവിക്കുന്നതില്‍ എത്രത്തോളം സഹായിച്ചു? 

ഇത്ര എന്നു പറയാന്‍ കഴിയില്ല, അത്രയ്ക്കു വളരെ വലുതായിരുന്നു. അതിനുശേഷം വന്ന ഇപ്പോഴത്തെ മന്ത്രിയും അങ്ങനെ തന്നെയാണ്. ശൈലജയുടെ വലിയൊരു ഗുണം അവര്‍ ഒരുപാടു വായിച്ച് കാര്യങ്ങള്‍ വേഗം മനസ്സിലാക്കും എന്നതാണ്. അത് വലിയൊരു അനുഭവം കൂടിയാണ് കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക്. നിപയെക്കുറിച്ച് അറിഞ്ഞ് ട്രെയിനില്‍ കയറി കോഴിക്കോട്ട് എത്തുമ്പോഴേയ്ക്കും മാഡം നിപയെക്കുറിച്ചു ലഭിക്കാവുന്ന വിവരങ്ങള്‍ മുഴുവന്‍ ഗൂഗിളില്‍നിന്നു വായിച്ചു മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. നമ്മള്‍ അതിന്റെ കൂടെ എത്തിയിട്ടില്ല, അപ്പോള്‍. അതുപോലെതന്നെ എന്തുണ്ടായാലും മാഡം ആദ്യമേ വായിച്ച് മനസ്സിലാക്കുകയും കൂടുതല്‍ എന്തു സംവിധാനങ്ങള്‍ നമുക്കു കിട്ടാനുണ്ട് എന്നു മനസ്സിലാക്കിയിരിക്കുകയും ചെയ്യും. പിന്നെ, കുറച്ചു കാര്‍ക്കശ്യം വേണ്ടതുതന്നെയാണ്. അതില്‍ തെറ്റൊന്നുമില്ല. മറ്റൊന്ന്, സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലെ മികവാണ്. കേന്ദ്ര ഫണ്ടായിട്ടുമൊക്കെ എവിടെ നിന്നൊക്കെയാണ് ഫണ്ടുകള്‍ കണ്ടെത്തി പ്രയോജനപ്പെടുത്തിയിരുന്നത്. പി.പി.ഇ കിറ്റും മാസ്‌കും അടക്കമുള്ള സാധനങ്ങള്‍ ലഭ്യമാക്കുന്നതിലെ കൃത്യത വേറെ. ആ സമയത്തൊക്കെ ഒരുപാടു കാര്യങ്ങള്‍ ചെയ്തു. വരുന്ന രോഗികള്‍ക്കു നല്ല ചികിത്സ കൊടുക്കുക, അവരുടെ ജീവന്‍ രക്ഷിക്കുക. അത്രയുമേ ഞങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ. അതിലപ്പുറം വലിയ ഫോര്‍മാലിറ്റികളെക്കുറിച്ചൊന്നും ചിന്തിക്കാന്‍ പോയിട്ടില്ല. 

ഓരോ മന്ത്രിമാരുടേയും ഇടപെടല്‍ ഒന്നിനൊന്ന് മെച്ചമാണ്. അവരും നമ്മളെപ്പോലെയോ നമ്മളെക്കാള്‍ മുന്‍പെയോ ഓരോ കാര്യങ്ങള്‍ക്കുവേണ്ടിയും ഇടപെടും. കെ.കെ. ശൈലജ മന്ത്രിയായിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് ഒരു സംഘം നമ്മുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കാന്‍ വന്നു. നമ്മളെക്കുറിച്ച് അഭിമാനം ഉയര്‍ത്തുന്ന വിലയിരുത്തലാണ് അവര്‍ നടത്തിയത്. കേന്ദ്രസംഘങ്ങള്‍ എല്ലാ വര്‍ഷവും വരുമ്പോഴും നമ്മളെക്കുറിച്ചു നല്ലതേ പറയാനുണ്ടായിട്ടുള്ളൂ. ഒരു ഘട്ടത്തില്‍ നമ്മുടെ ആരോഗ്യ വകുപ്പിനെ നയിച്ചിരുന്നത് മുഴുവനായും സ്ത്രീകളായിരുന്നു. മന്ത്രി കെ.കെ. ശൈലജ, വകുപ്പു സെക്രട്ടറി ഉഷാ ടൈറ്റസ്, ഡി.എം.ഇ, ഡി.എച്ച്.എസ് (ഡോ. പി.കെ. ജമീല, പിന്നീട് ഡോ. സരിത), നിരവധി പ്രിന്‍സിപ്പല്‍മാര്‍. 

ഇത്ര കൂടുതല്‍ കാലം വിവിധ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍ പ്രവര്‍ത്തിച്ചത് പ്രാക്ടീസിംഗ് ഡോക്ടര്‍ എന്ന നിലയിലുള്ള ജോലിയെ ബാധിക്കാതിരിക്കാന്‍ എന്തുതരം ജാഗ്രതയാണ് സ്വീകരിച്ചത്? 

രണ്ടും പ്രൊഫഷണലിസം തന്നെയാണ്. റേഡിയോ ഡയഗ്നോസിസില്‍നിന്നു കൂടുതല്‍ വലിയ ചുമതലകളിലേക്കു പോയപ്പോള്‍ എന്റെ കാഴ്ചപ്പാടും എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ളതായി മാറി. അങ്ങനെ വന്നപ്പോള്‍ എല്ലാ വിഭാഗങ്ങളെക്കുറിച്ചും പഠിക്കേണ്ടിവന്നു. ഉദാഹരണത്തിന്, കരള്‍മാറ്റ ശസ്ത്രക്രിയ ചെയ്യണമെങ്കില്‍ എന്താണ് കരള്‍മാറ്റല്‍, ആര്‍ക്കു ചെയ്യണം, എങ്ങനെയാണത് ചെയ്യേണ്ടത്, എന്തൊക്കെ അടിസ്ഥാന സൗകര്യങ്ങളാണ് വേണ്ടത് എന്നൊക്കെ ഞാന്‍ പഠിക്കണം. എന്നാലേ അതൊക്കെ ചെയ്തുകൊടുക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട്, ഒരു കൂട്ടായ പ്രയത്‌നമാണ് ചെയ്യുന്നത്. അതുപോലെ, ഓരോ പുതിയ സംഗതികള്‍ വരുമ്പോഴും അതിനെക്കുറിച്ചു പഠിക്കണം. അതുകൊണ്ട് പ്രൊഫഷനില്‍നിന്ന് ഒരിക്കലും മാറി നില്‍ക്കാന്‍ കഴിയില്ല; അതില്‍നിന്നുകൊണ്ടു മാത്രമേ ഇതൊക്കെ ചെയ്യാന്‍ പറ്റൂ. 

പി.കെ. ശ്രീമതി ആരോഗ്യമന്ത്രി ആയിരുന്ന 2006-ലെ വി.എസ്. സര്‍ക്കാരിന്റെ കാലം കേരളത്തിലെ ആരോഗ്യമേഖലയില്‍ പുതിയ മാറ്റങ്ങളുടെ കാലമായല്ലോ, എങ്ങനെയാണ് ആ അനുഭവങ്ങള്‍? 

ആ കാലത്താണ് പെട്ടെന്നൊരു 'ഷിഫ്റ്റ്' വന്നത്. ശരിക്കും പ്രകടമായ വ്യത്യാസമായിരുന്നു. മെഡിക്കല്‍ കോളേജുകളായാലും മറ്റ് ആശുപത്രികളായാലും ആവശ്യകത കൃത്യമായി മനസ്സിലാക്കിയിട്ടായിരുന്നു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. റേഡിയോളജി വിഭാഗത്തിലൊക്കെ ഉണ്ടായ മാറ്റങ്ങള്‍ വിശ്വസിക്കാന്‍ പറ്റാത്തവിധമായിരുന്നു. ഇപ്പോള്‍ നമുക്ക് റേഡിയോളജിയെ വച്ച് ഇന്റര്‍വെന്‍ഷണല്‍ സര്‍ജറികള്‍ ചെയ്യാം. തല തുറന്നുള്ള സര്‍ജറി, വയര്‍ തുറന്നുള്ള സര്‍ജറി തുടങ്ങിയ കുറേ സര്‍ജറികള്‍. നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ ഇതൊക്കെ ചെയ്യാന്‍ പറ്റുമെന്ന് വിചാരിച്ചിട്ടേയില്ല. പക്ഷേ, ഇപ്പോള്‍ തിരുവനന്തപുരത്തും കോട്ടയത്തും കോഴിക്കോട്ടും തുടങ്ങി. അതിനുവേണ്ട പ്രത്യേക കാത്ത്ലാബ് സൗകര്യങ്ങള്‍ സജ്ജമാക്കി. ആ മാറ്റത്തിനു മുന്‍കയ്യെടുത്തത് പി.കെ. ശ്രീമതി തന്നെയാണ്.  
 
എസ്.സി, എസ്.ടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത് പരിഗണനയിലുണ്ടോ? 

അങ്ങനെയൊരു തീരുമാനം ഇതുവരെ ഇല്ല. പക്ഷേ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്നതാണ് ആ സ്ഥാപനത്തിനു നല്ലത്. ഇത് എന്റെ അഭിപ്രായം മാത്രമാണ്. തീരുമാനമെടുക്കേണ്ടത് ഡി.എം.ഇ തലത്തില്‍ അല്ല. ഗവണ്‍മെന്റിന്റെ തീരുമാനം വേണ്ട കാര്യമാണ്. മറ്റൊരു വകുപ്പ്, അത് എസ്.സി, എസ്.ടി വകുപ്പായാലും ഏതു വകുപ്പായാലും ഒരു മെഡിക്കല്‍ കോളേജ് നേരിട്ടു നടത്തുമ്പോള്‍ അവര്‍ക്കു കുറേ പരിമിതികളുണ്ടാകും. അതു പറയാതിരിക്കാന്‍ പറ്റില്ല. അങ്ങനെ ഏറ്റെടുത്താല്‍ പ്രവര്‍ത്തനങ്ങളില്‍ കുറച്ചുകൂടി ഏകോപനം വരും. പക്ഷേ, ഏറ്റെടുക്കല്‍ അത്ര എളുപ്പമല്ല. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്തതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ജീവനക്കാരെക്കൂടിയാണല്ലോ ഏറ്റെടുക്കേണ്ടത്. സര്‍വ്വീസ് ചട്ടങ്ങളെല്ലാം നോക്കിയിട്ടേ ചെയ്യാന്‍ പറ്റൂ. എറണാകുളം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലും വലിയ ചലഞ്ചായിരുന്നു. ഞാന്‍ വരുമ്പോള്‍ അത് ഏറ്റെടുത്തിരുന്നു എന്നല്ലാതെ അതിന്റെ ഒരു നടപടികളും തുടങ്ങിയിട്ടില്ലായിരുന്നു. ജീവനക്കാരെ പി.എസ്.സിയുടെ അനുമതിയോടെ ആരോഗ്യ വിദ്യാഭ്യാസ വകപ്പിലേക്കു മാറ്റി സ്ഥിരപ്പെടുത്തുന്ന പ്രക്രിയ രണ്ടു വര്‍ഷത്തോളമെടുത്തു. നിസ്സാരമല്ല അതിന്റെ ഓരോ ഘട്ടവും. വളരെ സൂക്ഷ്മത വേണം. കണ്ണൂരില്‍ ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. എത്ര വലിയ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത് എന്നു മനസ്സിലാക്കാന്‍ ബജറ്റു വിഹിതം നോക്കിയാല്‍ മതി. 347 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിലെ വിഹിതം. ഇപ്രാവശ്യം അതില്‍ക്കൂടുതലുണ്ടാകും. അത്ര വലിയ നിക്ഷേപമാണ് ഈ മേഖലയില്‍ ഗവണ്‍മെന്റ് നടത്തുന്നത്. എന്നിട്ടും മതിയാകുന്നില്ല. 

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

വിഷമഘട്ടങ്ങളില്‍ സഹപ്രവര്‍ത്തകരുടേയും ഭരണനേതൃത്വത്തിന്റേയും പിന്തുണ കുറച്ചുകൂടി ലഭിച്ചിരുന്നെങ്കില്‍ എന്നു തോന്നിയ സന്ദര്‍ഭങ്ങളുണ്ടോ? 

പൂര്‍ണ്ണ പിന്തുണയാണ് കിട്ടിയിട്ടുള്ളത്. പ്രത്യേകിച്ചും കൊവിഡിന്റെ സമയത്തൊക്കെ എന്തു പറഞ്ഞാലും ചെയ്തു തരുമായിരുന്നു. പിറ്റേ ദിവസത്തെ അവലോകനത്തില്‍ ആ കാര്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ 'ചെയ്തു' എന്ന കൃത്യമായ വിവരമല്ലാതെ ഒന്നും ഉണ്ടായിട്ടില്ല. എല്ലാ തലങ്ങളിലുള്ള സഹപ്രവര്‍ത്തകരും അങ്ങനെ തന്നെ. ചിലപ്പോള്‍ ചെറിയ ഒരു കാലതാമസം വരുമായിരിക്കാം. പക്ഷേ. 'നോ' എന്നൊരു കാര്യം ഉണ്ടായിട്ടില്ല. ആ ഒരു പ്രതിബദ്ധത വളരെ വലിയ തോതില്‍ അനുഭവപ്പെട്ട കാര്യമാണ്. പിന്നെ, പറ്റാത്ത കാര്യങ്ങള്‍ വന്നാല്‍ അവരെന്തു ചെയ്യും. മഞ്ചേരി മെഡിക്കല്‍ കോളേജില്‍നിന്നൊക്കെ രാത്രിയിലും മറ്റും വിളിക്കുമായിരുന്നു. ഐ.സി.യു പരിചരണം വേണ്ടിവരുന്ന പത്തും പതിനഞ്ചും രോഗികള്‍ അത്യാഹിത വിഭാഗത്തില്‍ കിടക്കുകയാണ്, എന്തുചെയ്യും? കിടക്കകളില്ല. രോഗികളുടെ കൂടുതല്‍കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഡോക്ടര്‍മാരെ കുറ്റം പറയാന്‍ പറ്റില്ലല്ലോ. മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളേജുകള്‍ക്കു മാത്രമായി പ്രത്യേക ആശുപത്രി ആയിട്ടില്ല. ജനറല്‍, ജില്ലാ ആശുപത്രികളാണ് മെഡിക്കല്‍ കോളേജുകളാക്കിയത്. എങ്കിലും പൂര്‍ണ്ണ സജ്ജമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

കേരളത്തിന്റെ ആരോഗ്യമേഖല മറികടക്കേണ്ട അടിയന്തര പരിമിതികള്‍ എന്തൊക്കെയാണ്? 

പരിമിതികള്‍ ഏറെ ഉണ്ടായിരുന്നു. കുറേ നമ്മള്‍ മുന്നോട്ടു പോയി. ഒന്ന്, അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലായിരുന്നു. 2006-2011 കാലം മുതല്‍ അതിലൊരു വലിയ കുതിപ്പുണ്ടായി. കണ്ടറിഞ്ഞ കാര്യങ്ങളാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ-ജനറല്‍ ആശുപത്രികള്‍ വരെയുള്ള ആ പെരിഫെറല്‍ ആശുപത്രികളില്‍ ഇപ്പോള്‍ ആര്‍ദ്രം മിഷനിലൂടെ ഉണ്ടായിട്ടുള്ളത് വലിയ വ്യത്യാസമാണ്. ഗവണ്‍മെന്റിന്റെ വളരെ വലിയ മുന്‍കൈ പ്രവര്‍ത്തനമാണ് അതില്‍ ഉണ്ടായത്. ഇ ഹെല്‍ത്ത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഉദാഹരണം. നവീകരണമാണ് അടിസ്ഥാന സൗകര്യത്തില്‍ വരുന്ന ഒരു പരിമിതി. അതിന്റെ മികവ് സ്ഥിരമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ വര്‍ഷംതോറും നവീകരണം നടക്കണം. അതില്‍ വീഴ്ച വരാന്‍ പാടില്ല. അത് ഉപകരണങ്ങളുടെ കാര്യത്തിലും ബാധകമാണ്. ആള്‍ശേഷിയുടെ കാര്യമാണ് മറ്റൊന്ന്. നമുക്ക് ആളുകളുണ്ട്. പക്ഷേ, ചില സ്ഥലങ്ങളില്‍ ആവശ്യത്തിന് ഇല്ല. നേരത്തെ പറഞ്ഞതുപോലെ ഐ.സി.യുവില്‍ കിടക്കകളുടെ എണ്ണത്തിന് അനുസരിച്ച് നഴ്സുമാര്‍ ഉണ്ടെങ്കില്‍ മാത്രമേ രോഗി അര്‍ഹിക്കുന്നവിധം ശ്രദ്ധ കൊടുക്കാന്‍ പറ്റുകയുള്ളൂ. പിന്നെയുള്ളത്, ഉള്ള ആളുകളെ ഫലപ്രദമായി വിനിയോഗിക്കലാണ്. ഉള്ള ആളുകളേയും അടിസ്ഥാന സൗകര്യത്തേയും കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക. ഉദാഹരണത്തിന്, തിയേറ്ററുകളുടെ കാര്യം. ഉച്ചയ്ക്ക് രണ്ടുമണി വരെയുള്ള ഷിഫ്റ്റ് കഴിഞ്ഞാല്‍ എമര്‍ജന്‍സി തിയേറ്ററുകള്‍ ഒഴികെയുള്ളവ ദിവസത്തിന്റെ ബാക്കിസമയം മുഴുവന്‍ അടച്ചിട്ടിരിക്കുകയാണ്. അതിനൊരു പ്രത്യേക ടീം ഉണ്ടെങ്കില്‍ ഉപയോഗപ്പെടുത്താന്‍ പറ്റും. ഇതു ഞാന്‍ മന്ത്രിയോട് പറഞ്ഞ സജഷന്‍ തന്നെയാണ്. അതിന്റെ വിനിയോഗരീതി നമ്മള്‍ രൂപപ്പെടുത്തണം. എങ്ങനെ വേണമെന്നുള്ളത് ആലോചിച്ചു തീരുമാനിക്കേണ്ട കാര്യമാണ്. എന്തായാലും ഈ സൗകര്യം ലഭ്യമാണ്; പക്ഷേ, വിനിയോഗിക്കപ്പെടുന്നില്ല. അങ്ങനെ വന്നാല്‍ നമുക്കു കുറച്ചുകൂടി കേസുകള്‍ ചെയ്യാന്‍ പറ്റും. ഉള്ള ടീം പോരാതെ വരും, ചിലപ്പോള്‍. 

ആള്‍ശേഷിയുടെ കാര്യം പറയുമ്പോള്‍, നമ്മുടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിനു പുറത്തുപോകുന്ന സാഹചര്യമുണ്ടല്ലോ. നമുക്ക് അവരെ ഇവിടെ പ്രയോജനപ്പെടുത്താന്‍ കഴിയാത്തതെന്താണ്? 

അങ്ങനെ പോകുന്നുണ്ട് കുറേപ്പേര്‍. അതൊരു യാഥാര്‍ത്ഥ്യമാണ്. വലിയ കഴിവുകളുള്ളവരാണ് എം.ബി.ബി.എസ്സിനു വരുന്നവര്‍. പല തലങ്ങളിലുള്ള കഴിവുകള്‍. അവരുടെ ആഗ്രഹങ്ങളും വലുതാണ്. പി.എസ്.സി വഴി ഇവിടെ കിട്ടിയിട്ടും ഇവിടെ ചേരാതെ വിദേശങ്ങളില്‍ പോകുന്നവരുണ്ട്. മികച്ച അവസരങ്ങളെക്കുറിച്ചുള്ള താല്പര്യം; പിന്നെ, തീര്‍ച്ചയായും പണവും ഘടകങ്ങളാണ്. അവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള നൈപുണ്യം വികസിപ്പിക്കാന്‍ പുറത്ത് അവസരങ്ങളുണ്ട് എന്നതാണ് പ്രധാനം. ഈ പറഞ്ഞതുപോലുള്ള കേന്ദ്രങ്ങള്‍ നമ്മള്‍ തുടങ്ങിയാല്‍ അങ്ങനെ പോകാതെ കുറേപ്പേരൊക്കെ ഇവിടെ നില്‍ക്കും. അത്തരം കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കുറഞ്ഞ ശമ്പളം മതിയാകില്ലായിരിക്കും. അതും വേണ്ടിവരും. 

ഡ‍ോ. എ റംല ബീവി/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ / എ‌ക്സ്പ്രസ്
ഡ‍ോ. എ റംല ബീവി/ ഫോട്ടോ: വിൻസെന്റ് പുളിക്കൽ / എ‌ക്സ്പ്രസ്

കേരളത്തിന് ആരോഗ്യ വിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തില്‍ കൊവിഡ് കാലത്ത് പിന്നോട്ടു പോകേണ്ടിവന്നതായി കരുതുന്നുണ്ടോ. ഏതുവിധമാണ് നമ്മള്‍ അതു മറികടന്നത്? 

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലെ കുട്ടികള്‍ക്ക് ക്ലിനിക്കല്‍ സൗകര്യങ്ങളുടെ കുറവില്ല. അവര്‍ പോയി കണ്ട് മനസ്സിലാക്കാത്തതിന്റെ കുറവേ ഉള്ളൂ. പക്ഷേ, കൊവിഡ് വന്നപ്പോള്‍ നമ്മള്‍ അതില്‍ കുറച്ചു പിന്നിലേക്കു പോകേണ്ടിവന്നു എന്നത് വസ്തുതയാണ്. എങ്കിലും കഴിയുന്നിടത്തോളം ഓണ്‍ലൈന്‍ ക്ലാസ്സുകളുമൊക്കെയായി അതു മറികടക്കാന്‍ ശ്രമിച്ചു. ക്ലിനിക്കല്‍ ക്ലാസ്സുകള്‍പോലും ഓണ്‍ലൈനില്‍ എടുക്കാന്‍ സംവിധാനം ഉണ്ടാക്കിയിരുന്നു. എന്തായാലും രോഗികളെ നേരില്‍ക്കണ്ട്, നേരിട്ടുള്ള ചികിത്സ മനസ്സിലാക്കി പഠിക്കുന്നതുപോലെ വരില്ല. ഒന്നൊന്നര വര്‍ഷത്തോളം അതു കിട്ടിയില്ല. മെഡിക്കല്‍ കോളേജ് ക്യാമ്പസ് എന്നത് വലിയൊരു സംഘം ആളുകള്‍ പ്രവര്‍ത്തിക്കുകയും പഠിക്കുകയുമൊക്കെ ചെയ്യുന്ന സ്ഥലമാണല്ലോ. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍. എം.ബി.ബി.എസ്, പി.ജി, സൂപ്പര്‍ സ്പെഷ്യാലിറ്റി, നഴ്സിംഗില്‍ത്തന്നെ എം.എസ്.സി, ബി.എസ്.സി, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അങ്ങനെ വലിയൊരു വിഭാഗം ഓരോ മെഡിക്കല്‍ കോളേജിലുമുണ്ട്. ഇവിടെ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് വലിയ ഗുരുതര സ്ഥിതിയിലേക്കു പോകും. അതുകൊണ്ട് കുട്ടികളെക്കൂടി ക്യാമ്പസില്‍ നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ പറ്റില്ലായിരുന്നു. തിയറി ക്ലാസ്സുകളൊക്കെ ഓണ്‍ലൈനില്‍ എടുത്തു. പരീക്ഷ കുറേയൊക്കെ ഓണ്‍ലൈന്‍ മോഡിലേക്കു മാറ്റേണ്ടിവന്നു. സര്‍വ്വകലാശാലയുമൊക്കെ ഇടപെട്ട് സഹായിച്ചു. തീരെ നിലവാരം തകരാന്‍ നമ്മള്‍ അനുവദിച്ചിട്ടില്ല. പൊതുവേ കുട്ടികള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വരികയും കാണുകയും പഠിക്കുകയും ചെയ്യാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ സാധാരണ നിലയിലേക്കു വരികയാണ്. 

കൊവിഡ് കുറയുകയും കേരളത്തിലെ സാമൂഹിക ജീവിതം സാധാരണനിലയിലേക്കു വന്നുകൊണ്ടിരിക്കുകയും ചെയ്യുമ്പോഴത്തെ ആശ്വാസം ഏതുവിധമൊക്കെയാണ്? 

കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് വലിയ പിരിമുറുക്കമായിരുന്നു ജീവനക്കാരും മറ്റെല്ലാവരും. പി.പി.ഇ കിറ്റ് ധരിച്ചുകൊണ്ട് മണിക്കൂറുകളോളം ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ട് സങ്കല്പിക്കാവുന്നതിലും അധികമാണ്. മാസ്‌ക് വച്ചുകൊണ്ടുതന്നെ കുറേ മണിക്കൂറുകള്‍ കഴിയാന്‍ എന്തു ബുദ്ധിമുട്ടാണ്. പി.പി.ഇ കിറ്റിനുള്ളില്‍ ആയിരിക്കുമ്പോള്‍ ചിലപ്പോള്‍ വിയര്‍പ്പും ആവിയും കാരണം കണ്ണുപോലും കാണാന്‍ കഴിയില്ല. പിന്നെ, രോഗം പകരുമോ എന്ന പേടി. ദിവസങ്ങളോളം ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ അനുഭവിച്ചിരുന്ന സമ്മര്‍ദ്ദം. ഇപ്പോഴല്ലേ അതൊന്നുമില്ലാത്തത്. തുടക്കത്തില്‍ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞു വരുന്നവരെ വീട്ടില്‍ കയറ്റാത്ത സ്ഥിതിപോലും ഉണ്ടായിട്ടുണ്ട്. കുറേ വിവേചനങ്ങള്‍ അവര്‍ അനുഭവിച്ചു. കുടുംബത്തില്‍നിന്നു വിട്ടു നില്‍ക്കേണ്ടിവന്നു. അതെല്ലാം മാറി. എങ്കിലും ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ കുറേക്കാലത്തേക്കു കൂടി മാസ്‌ക് മാറ്റരുത് എന്നാണ് കൊടുക്കുന്ന നിര്‍ദ്ദേശം.

കേരളത്തില്‍ കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയത് ആരോഗ്യ വിദ്യാഭ്യാസത്തേയും ചികിത്സാ സൗകര്യങ്ങളേയും എത്രത്തോളം ഗുണപരമായി സ്വാധീനിച്ചിട്ടുണ്ട്/ഇനിയും മെഡിക്കല്‍ കോളേജുകള്‍ വേണോ? 

മഹാമാരിയുടേയും കാലത്തെ അനുഭവം കാണിച്ചുതന്നത് ഓരോ ജില്ലയിലും മികച്ച ഉന്നത ആരോഗ്യകേന്ദ്രങ്ങള്‍ വേണമെന്നാണ്. അത് മെഡിക്കല്‍ കോളേജ് തന്നെയാകണം എന്നു ഞാന്‍ പറയില്ല. പക്ഷേ, ഏറ്റവും മികച്ച ചികിത്സ കിട്ടുന്ന ഒരു കേന്ദ്രം എല്ലാ ജില്ലയിലും ഉണ്ടാവുക തന്നെ വേണം. മെഡിക്കല്‍ കോളേജാകുമ്പോള്‍ കുറേ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസവും കിട്ടും. 14 ജില്ലകളിലും നമുക്ക് മെഡിക്കല്‍ കോളേജുകളായിക്കഴിഞ്ഞു. ഇവയെ നല്ല ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റിയിട്ടേ ഇനി പുതിയ മെഡിക്കല്‍ കോളേജുകളെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. ഇടുക്കി, കോന്നി, കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളാണ് ഇനി മെച്ചപ്പെടുത്തി സമ്പൂര്‍ണ്ണ സജ്ജമാക്കേണ്ടത്. പാലക്കാട് പ്രവര്‍ത്തനക്ഷമമായി. ഈ നാലെണ്ണത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കിഫ്ബിയില്‍നിന്നു കൂടുതല്‍ പണം തരുന്നുണ്ട്. കോന്നി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമാക്കാനുള്ള പണം കിഫ്ബിയില്‍നിന്നു കിട്ടി; ഇടുക്കിക്ക് കേന്ദ്ര ഫണ്ട് പ്രതീക്ഷിച്ചു. അതു കിട്ടാതെ വരുന്ന സാഹചര്യത്തില്‍ കിഫ്ബിയിലേക്ക് കൊണ്ടുപോവുകയാണ്. കാസര്‍കോട്, വികസന പാക്കേജില്‍നിന്നും കിഫ്ബിയില്‍നിന്നും പണം തന്നിട്ടുണ്ട്. മിക്കവാറും കാസര്‍കോട് ആയിരിക്കും ആദ്യം പൂര്‍ത്തിയാവുക. അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ല. കോന്നിയിലും ഇടുക്കിയിലും സ്ഥലത്തിന്റെ പ്രത്യേകതകള്‍ മൂലമുള്ള കാലതാസമുണ്ട്. ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ വളരെ വലിയ പ്രതിബദ്ധതയാണുള്ളത്. ആരോഗ്യവകുപ്പിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനു മാത്രമായി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ വച്ചിരിക്കുകയാണ്. സമയബന്ധിതമായി തീര്‍ക്കാനുള്ള നിര്‍ദ്ദേശം തരിക മാത്രമല്ല, കൃത്യമായ അവലോകനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമൊക്കെ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ട്. പ്രത്യേകിച്ചും മുഖ്യമന്ത്രിയില്‍നിന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍നിന്നും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com