വികസനത്തിന്റെ മറുപക്ഷം

ഇത്തവണത്തെ സി.പി.എം. സംസ്ഥാന സമ്മേളനം ശ്രദ്ധേയമായത് മുഖ്യമന്ത്രിയും പി.ബി.  അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിച്ച 'പാര്‍ട്ടിയും നവകേരള വികസന കാഴ്ചപ്പാടും' എന്ന നയരേഖയുടെ പേരിലാണ്
വികസനത്തിന്റെ മറുപക്ഷം

ത്തവണത്തെ സി.പി.എം. സംസ്ഥാന സമ്മേളനം ശ്രദ്ധേയമായത് മുഖ്യമന്ത്രിയും പി.ബി.  അംഗവുമായ പിണറായി വിജയന്‍ അവതരിപ്പിച്ച 'പാര്‍ട്ടിയും നവകേരള വികസന കാഴ്ചപ്പാടും' എന്ന നയരേഖയുടെ പേരിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതിനു മുന്‍പ് ഒരു തവണ മാത്രമാണ് വികസന നയരേഖ അവതരിപ്പിക്കപ്പെട്ടത്. 1956 ജൂണില്‍ തൃശൂരില്‍ നടന്ന സമ്മേളനത്തിലായിരുന്നു അത്. 'പുതിയ കേരളം പടുത്തുയര്‍ത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍' എന്ന നയരേഖയായിരുന്നു അത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇ.എം.എസ് സര്‍ക്കാരിന്റെ വികസന നയമായി അതു മാറി. ഇപ്പോള്‍ പിണറായി വിജയന്‍ അവതരിപ്പിച്ച ഈ നയരേഖ അടുത്ത കാല്‍നൂറ്റാണ്ടിലേക്കുള്ള ഭാവി കേരളത്തെ മുന്നില്‍ക്കണ്ടാണെന്നു പറയുന്നു. മൂലധനം, സ്വകാര്യ നിക്ഷേപം, പുത്തന്‍ സാങ്കേതികവിദ്യയുടെ പ്രയോഗം, കാര്‍ഷിക-ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലെ പരിഷ്‌കരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലെ സമൂല പരിവര്‍ത്തനം പുതിയ നയരേഖയിലുണ്ട്.

കാലം മാറിയെന്നും ജനങ്ങളുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും മാറിയെന്നും അംഗീകരിക്കുന്ന സി.പി.എം അത് പൂര്‍ത്തീകരിക്കുന്ന വികസിത സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനാണ് ഈ നയരേഖയിലൂടെ പരിശ്രമിക്കുകയെന്നു പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കടമെടുത്താല്‍ -ഒന്നും നടക്കില്ലെന്ന കാഴ്ചപ്പാട് തിരുത്തി, പലതും സാധ്യമാണെന്ന ആത്മവിശ്വാസത്തിലേക്ക്. പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ മാറ്റിവച്ച് വികസനത്തിനു മുന്‍തൂക്കം നല്‍കുന്ന പ്രായോഗിക രാഷ്ട്രീയ സമീപനത്തിലേക്ക് സി.പി.എം സ്വയം മാറാന്‍ നിര്‍ബ്ബന്ധിതമായെന്നു പ്രഖ്യാപിച്ച് വലതുപക്ഷ രാഷ്ട്രീയവും അത് പിന്‍പറ്റുന്നവരും ഈ നയരേഖയ്ക്ക് സ്വാഗതമോതുന്നു. എന്നാല്‍, നയരേഖയിലെ ചില പരാമര്‍ശങ്ങള്‍ വിവാദചര്‍ച്ചയായിട്ടുണ്ട്. വിദേശനിക്ഷേപം ആകര്‍ഷിക്കണമെന്ന പ്രഖ്യാപനവും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന പരാമര്‍ശവും ചര്‍ച്ചയായി. സംസ്ഥാനത്തിന്റെ പശ്ചാത്തല സൗകര്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു മറ്റൊരു പാര്‍ട്ടിക്കും വ്യക്തമായ പരിപാടിയില്ലെന്ന് സി.പി.എം അവകാശപ്പെടുമ്പോള്‍  യു.ഡി.എഫിന്റെ പഴയ വികസന നയം ആവര്‍ത്തിക്കുകയാണെന്നു പ്രതിപക്ഷം പറയുന്നു. 

വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വിടാതെ പിന്തുടരുന്ന വര്‍ത്തമാനകാലത്ത് പാര്‍ട്ടിയുടെ നയവ്യതിയാനം ചര്‍ച്ച ചെയ്യുന്നതിനൊപ്പം നിലവിലുള്ള സാമൂഹ്യ-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളെ ഈ നയരേഖ എങ്ങനെ നേരിടുമെന്നതും പ്രസക്തമാണ്. വികസന സങ്കല്പങ്ങളാല്‍ പുറന്തള്ളപ്പെട്ടവര്‍, ലാഭം മാത്രം ലക്ഷ്യമിട്ട പദ്ധതികളാല്‍ ജീവിതവും ആവാസവ്യവസ്ഥയും നഷ്ടമായവര്‍, സമൂഹത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെട്ടവര്‍, അതിജീവനം പോലും അസാധ്യമായ പരിസ്ഥിതി എന്നിവയൊക്കെയാണ് നമുക്ക് മുന്നിലുള്ള ആ യാഥാര്‍ത്ഥ്യങ്ങള്‍. വികസനപ്രയോഗത്തിന്റെ ഈ ഏകപക്ഷീയത ആസൂത്രിതവും സ്വാര്‍ത്ഥപ്രേരിതവുമാണെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. 

സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ പിണറായി വിജയൻ
സിപിഎം സംസ്ഥാന സമ്മേളന വേദിയിൽ പിണറായി വിജയൻ

എന്ത് വികസനം? ആരുടെ വികസനം?

വികസനം എന്ന വാക്കിന്റെ വീക്ഷണവും പ്രയോഗവും വിപുലമാണ്. വികസനത്തിന്റെ 'വീക്ഷണം' വ്യത്യസ്തമായ കാഴ്ചകള്‍ നല്‍കുമ്പോള്‍ 'പ്രയോഗം' ലാഭം മാത്രം ലക്ഷ്യമിടുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്ന നിലയിലേക്ക് ചുരുങ്ങി. അമിത ഉല്പാദനം, അനിയന്ത്രിതമായ വളര്‍ച്ച, നിയന്ത്രണമില്ലാത്ത വിഭവസമാഹരണം എന്ന കാഴ്ചപ്പാടാണ് ഇന്ന് വികസന ചിന്തയുടെ അടിത്തറ. സാമ്പത്തിക വളര്‍ച്ചയുണ്ടായാല്‍ രാജ്യം പുരോഗമിക്കുമെന്നും അത് ജനജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുമെന്ന ചിന്ത ഭരണകൂടങ്ങളേയും ഭരണനിര്‍വ്വഹണത്തേയും ജനങ്ങളില്‍ ഭൂരിഭാഗത്തേയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സാമ്പത്തിക വളര്‍ച്ചയുണ്ടാകണമെങ്കില്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന സ്വകാര്യ സംരംഭകരുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും അതിനു വേണ്ട എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്ന ഫെസിലിറ്റേറ്ററായാണ് നില്‍ക്കേണ്ടതെന്നുമുള്ള കാര്യത്തില്‍ ഇന്ന് ഭരണാധികാരികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല.

ക്രോണി ക്യാപ്പിറ്റലിസത്തിന്റെ ഈ കാലത്ത് ഇടനിലക്കാരനായി നില്‍ക്കുന്ന ഭരണനിര്‍വ്വാഹകര്‍ക്കും ലാഭത്തിന്റെ ഒരു പങ്ക് കിട്ടും. വികസനത്തിനുവേണ്ടിയായതുകൊണ്ട് അഴിമതിയുടെ ഗണത്തില്‍ ഇതുള്‍പ്പെടില്ലെന്നുമായിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങളെ സംശയത്തോടെ നോക്കിക്കാണുന്നവരെ മുഴുവന്‍ രാജ്യ-പൊതുതാല്പര്യ വിരുദ്ധരെന്നു മുദ്രകുത്തുന്നതും ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. പരിസ്ഥിതിക്കുവേണ്ടി ശബ്ദമുയര്‍ത്തിയവരെ പരിസ്ഥിതി തീവ്രവാദികളെന്നാണ് മുഖ്യമന്ത്രി പോലും വിശേഷിപ്പിച്ചത്. വികസനത്തിനു തുരങ്കം വയ്ക്കുന്നവര്‍ രാജ്യവിരുദ്ധരാണെന്ന ഇത്തരം പല്ലവികള്‍ ആവര്‍ത്തിക്കപ്പെടുന്നു. വികസനവുമായി ബന്ധപ്പെട്ട് എല്ലാ പ്രയോഗങ്ങള്‍ക്കും നിസ്സഹായരായി അടിമപ്പെടേണ്ട സാഹചര്യമാണ് ഇന്ന് ജനങ്ങള്‍ക്കുള്ളത്. ഏഴു പതിറ്റാണ്ടുകാലത്തെ വികസനപ്രവര്‍ത്തനങ്ങള്‍ നാടിനെ എവിടെയെത്തിച്ചുവെന്നുള്ള ഓഡിറ്റിങ്ങിനുപോലും ഇന്ന് പ്രസക്തിയില്ല. സ്ഥായിയായുള്ള വികസന മാതൃകയില്ലെങ്കില്‍ അതൊരു ദുരന്തമായിരിക്കും എന്ന് പല തവണ സാമ്പത്തികവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

നാം ഇപ്പോഴും ആഘോഷിക്കുന്ന കേരള മോഡല്‍ വികസനം പ്രതിസന്ധിയെ നേരിടുകയാണെന്ന വസ്തുത സാമ്പത്തിക മേഖലയില്‍ മാത്രമല്ല, നിത്യജീവിതത്തില്‍ പോലും പ്രകടമാണ്. ആരോഗ്യ-വിദ്യാഭ്യാസ-സേവന മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നേട്ടം കൈവരിക്കാന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല. ഉയര്‍ന്ന സാക്ഷരത, കുറഞ്ഞ ശിശുമരണനിരക്ക്, ശക്തമായ പൊതുവിതരണ സമ്പ്രദായം, സാമ്പത്തിക അസമത്വത്തിലെ കുറവ്, സ്ത്രീ-പുരുഷ അനുപാതത്തിലെ സമാനത എന്നിവയൊക്കെ ശ്രദ്ധേയ നേട്ടങ്ങള്‍ തന്നെ. ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളില്‍ അടിസ്ഥാന സൗകര്യവികസനവും സാധ്യമായി. എന്നാല്‍, ഇതില്‍നിന്നുള്ള ഒരു തിരിഞ്ഞുപോക്ക് പ്രകടമാണ്. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രതിശീര്‍ഷചെലവിലെ വര്‍ദ്ധന തന്നെ നമ്മുടെ വികസനമാതൃകയുടെ സ്ഥിരതയുടെ പോരായ്മയായി കണക്കാക്കപ്പെടുന്നു. 

തിരുവനന്തപുരം പെരുമാതുറയിൽ കടൽക്ഷോഭത്തിൽ വീടുകൾ തകർന്നപ്പോൾ. ‍ജൂണിൽ മാത്രം നൂറിലധികം വീടുകൾ കടൽകയറ്റത്തിൽ തകർന്നിരുന്നു
തിരുവനന്തപുരം പെരുമാതുറയിൽ കടൽക്ഷോഭത്തിൽ വീടുകൾ തകർന്നപ്പോൾ. ‍ജൂണിൽ മാത്രം നൂറിലധികം വീടുകൾ കടൽകയറ്റത്തിൽ തകർന്നിരുന്നു

ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി നിരവധി വിഭാഗങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് നമ്മുടെ വികസനപ്രയോഗത്തിന്റെ പരാജയമാണ്. സാമൂഹ്യനീതിയെന്ന ലക്ഷ്യം നമ്മുടെ വികസനമാതൃകയുടെ ഭാഗമായിരുന്നെന്ന് എന്ന വാദം പോലും ഇന്ന് അപ്രസക്തമായി. ഇത്രയും കാലമുണ്ടായ നേട്ടങ്ങള്‍ പാടെ നിരാകരിച്ചുകൊണ്ടല്ല ഈ വിമര്‍ശനം. ഭൂപരിഷ്‌കരണം ഉള്‍പ്പെടെയുള്ളവ ഫലപ്രദമായില്ലെന്നത് വസ്തുതയാണ്. കര്‍ഷകത്തൊഴിലാളികള്‍ക്ക് കിടപ്പാടം ഉറപ്പാക്കിയെങ്കിലും കൃഷിഭൂമി ഉറപ്പാക്കാന്‍ കഴിഞ്ഞില്ല. തോട്ടങ്ങളാകട്ടെ, ഭൂപരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തു. ടാറ്റയും ഹാരിസണും പോലുള്ള കമ്പനികള്‍ വ്യാജരേഖ ചമച്ച് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഇന്നും കൈവശം വയ്ക്കുന്നു. നേട്ടമുണ്ടായെന്നവകാശപ്പെടുന്ന വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകള്‍ പ്രതിസന്ധി നേരിടുകയും വാണിജ്യവല്‍ക്കരിക്കുകയും ചെയ്തു. രണ്ട് മേഖലകളിലും അവസരസമത്വവും ഗുണനിലവാരവുമില്ല. വികസനത്തിന്റെ സ്വഭാവവും ദിശയും ദര്‍ശനവും മാറേണ്ടിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്. കേരളത്തിന്റെ വിഭവസാധ്യതകളെ സംബന്ധിച്ച ധാരണകളോ പാരിസ്ഥിതികമായ സങ്കീര്‍ണ്ണതകളോ പരിഗണിക്കാതെ വികസനത്തെ സാമ്പ്രദായിക ധാരണകളുമായി ഇപ്പോഴും മുന്നോട്ടുപോകുകയാണ് നമ്മുടെ മുന്നണികളും ഭരണാധികാരികളും. നിരന്തര വളര്‍ച്ചയല്ല, മാനവികതയുടെ വളര്‍ച്ചയാണ് മാനദണ്ഡമെന്ന് പലകുറി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍, ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

വികസനവും പരിസ്ഥിതിയും

വികസനമെന്നത് വിപുലമായ മേഖലയായതുകൊണ്ട് അത്തരം സംവാദങ്ങള്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാത്രം കള്ളികളില്‍ ഒതുക്കുന്നത് അപഹാസ്യമാണ്. ഇന്ന് കേരളത്തില്‍ ഏറെ നടക്കുന്ന ജനകീയസമരങ്ങളേറെയും ജീവിതസമരങ്ങളാണ്. അവരുയര്‍ത്തുന്ന മുദ്രാവാക്യം പരിസ്ഥിതിസംരക്ഷണമാകുന്നത് യാദൃച്ഛികവുമല്ല. ജീവിതവും ഉപജീവനമാര്‍ഗ്ഗവും ഇല്ലാതാക്കുന്ന വിനാശകരമായ വികസനം വേണ്ടെന്നു തന്നെയാണ് ഈ സമരങ്ങളില്‍ ഉരുത്തിരിയുന്ന വാദങ്ങളും. അതുകൊണ്ടുതന്നെ വികസനവാദത്തിന്റേയും ത്വരയുടേയും ഏറ്റവുമധികം പ്രത്യാഘാതം അനുഭവിക്കുന്ന പരിസ്ഥിതി തന്നെയാണ്  ഏറെ പ്രസക്തമായ വിഷയമേഖലയും. ആഗോളതാപനത്തിന്റെ ദുരിതങ്ങള്‍ ലോകത്തിന്റെ ഏതെങ്കിലും കോണില്‍ മാത്രമുണ്ടാകുന്നതല്ലെന്നും കേരളവും അതിന്റെ ഗുരുതരമായ പ്രശ്നം നേരിടുന്നുവെന്നുമുള്ളത് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ അത്തരം ആശങ്കകളും വേവലാതികളുമില്ല. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ കേരളം അതിവരള്‍ച്ചയും മഹാപ്രളയവും നേരിട്ടു. പശ്ചിമഘട്ടമലനിരകളില്‍ മണ്ണിടിച്ചിലിന്റെ പ്രഹരശേഷി നാം തിരിച്ചറിഞ്ഞു. പടിഞ്ഞാറന്‍ തീരങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നു. മലനാടും ഇടനാടും തീരവും സാരമായ പരിസ്ഥിതിനാശം നേരിടുന്നു. ജലക്ഷാമവും കൃഷിനാശവും ഭക്ഷ്യക്ഷാമവും തൊഴില്‍നഷ്ടവും എന്നിങ്ങനെ പല മേഖലകളില്‍ ആഗോളതാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നു. 

ഈ കെടുതികളും ദുരന്തങ്ങളും ഓരോ പ്രദേശവും വ്യത്യസ്തമായ തീവ്രതയിലും രീതിയിലുമാണ് നേരിടുന്നത്. ഈ കെടുതികള്‍ കൈകാര്യം ചെയ്യാനുള്ള പ്രദേശത്തിന്റേയും ജനതയുടേയും പ്രാപ്തി നിര്‍ണ്ണയിക്കുന്നതിനു മാനവവികസനത്തിനു കാര്യമായ പങ്കുമുണ്ട്. ഭൂവിനിയോഗത്തിലെ മാറ്റങ്ങള്‍, പാരിസ്ഥിതിക-സാമൂഹ്യ ആഘാതങ്ങള്‍ കണക്കിലെടുക്കാതെയുള്ള വ്യവസായവല്‍ക്കരണം, മലിനീകരണം, വനനാശം, ദീര്‍ഘവീക്ഷണമില്ലാത്ത നഗരാസൂത്രണം, മോശമായ പൊതുഗതാഗതം, കാര്യക്ഷമമല്ലാത്ത മാലിന്യ സംസ്‌കരണം എന്നിവയൊക്കെ കേരളത്തെ സംബന്ധിച്ച് പ്രതികൂല ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വികേന്ദ്രീകൃതമായ രീതിയില്‍ നേരിടാനുള്ള ഭരണസംവിധാനം(ത്രിതല പഞ്ചായത്ത്) ഉണ്ടായിട്ടും ജനകീയാസൂത്രണം പോലെയുള്ളവ പരീക്ഷിച്ചതുകൊണ്ടും ഇത് സാധ്യമാകാവുന്നതേയുള്ളൂ. എന്നാല്‍, കാര്യങ്ങള്‍ പോയത് മറ്റൊരു വഴിക്കാണ്.

ഇടുക്കി പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു
ഇടുക്കി പെട്ടിമുടിയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു

2016-ല്‍ ആറുമാസത്തിനകം പരിസ്ഥിതിയുടെ അവസ്ഥയെക്കുറിച്ച് ധവളപത്രം ഇറക്കുമെന്നു പ്രഖ്യാപിച്ചാണ് പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. പ്രാദേശിക ജനവിഭാഗങ്ങളുടേയും കര്‍ഷകരുടേയും പങ്കാളിത്തം ഉറപ്പാക്കി പശ്ചിമഘട്ട സംരക്ഷണ പദ്ധതിക്കു രൂപം നല്‍കും, പാറ-മണല്‍ ഖനനം പൊതു ഉടമസ്ഥതയിലാക്കുമെന്നും നിയന്ത്രിക്കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. ധവളപത്രം ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രസിദ്ധീകരിച്ചു. പൊതുവായി പരിസ്ഥിതി പ്രശ്നങ്ങള്‍ വിവരിക്കുന്ന രേഖയില്‍  വനവിസ്തൃതി വര്‍ദ്ധിച്ചു എന്നു രേഖപ്പെടുത്തിയെന്നു മാത്രം. പശ്ചിമഘട്ടത്തിലെ കയ്യേറ്റങ്ങള്‍, ഖനനങ്ങള്‍, വൃഷ്ടി പ്രദേശങ്ങള്‍, തോട്ടങ്ങളുടെ മറവിലെ തിരിമറികള്‍, കളനാശിനി/കീടനാശിനി പ്രയോഗം തുടങ്ങിയ വിഷയങ്ങളില്‍ തികഞ്ഞ നിശബ്ദത പുലര്‍ത്തി. ഇതാണ് തുടക്കം. പിന്നീടങ്ങോട്ട് വികസനത്തിന്റെ പേരില്‍ പരിസ്ഥിതിവിരുദ്ധതയാണ് ഇടതുസര്‍ക്കാര്‍ കൈക്കൊണ്ട സമീപനം. 

പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കുന്നതിനായി രൂപീകരിച്ച ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തിയത് ജലവും നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണവും മാലിന്യ നിര്‍മാര്‍ജ്ജനവുമാണ്. മറുഭാഗത്ത്, വികസനപദ്ധതികള്‍ക്കായി ഒരു ഓര്‍ഡിനന്‍സിലൂടെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം മറികടക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കീഴാറ്റൂരില്‍ സമരത്തെ നിര്‍ജ്ജീവമാക്കി നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതാണ് പിന്നെ കണ്ടത്. 

സുപ്രീംകോടതിയുടെ ഇടപെടല്‍ മൂലം സംസ്ഥാനത്തെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടിയപ്പോള്‍ ക്വാറി മാഫിയയ്ക്കൊപ്പമായിരുന്നു സര്‍ക്കാര്‍. വീടുവയ്ക്കാനും കൃഷിക്കുമൊക്കെ പതിച്ചുനല്‍കിയ ഭൂമിയില്‍ ഖനനത്തിന് അനുമതി നല്‍കാനാണ് പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ക്വാറി മാഫിയയ്ക്ക് അനുകൂലമായി ഇതേപോലെ ഉത്തരവിറക്കിയെങ്കിലും ഹൈക്കോടതി അത് റദ്ദാക്കി. ഉമ്മന്‍ചാണ്ടിയുടെ അതേ വഴിയാണ് പിണറായി വിജയനും പിന്തുടര്‍ന്നത്. ഖനനത്തിനുള്ള പാരിസ്ഥിതിക അനുമതി ഒരു വര്‍ഷമെന്നത് അഞ്ച് വര്‍ഷമാക്കിയതാണ് മറ്റൊരു നടപടി. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി സുപ്രീംകോടതി നിര്‍ബ്ബന്ധമാക്കിയത് മറികടക്കാനാണ് ഇടതുസര്‍ക്കാര്‍ ഇത്തരമൊരു കടുംകൈ ചെയ്തത്. ഒരിക്കല്‍ അനുമതി ലഭിച്ചാല്‍ പിന്നെ അഞ്ച് വര്‍ഷത്തേക്ക് ജനകീയ പ്രതിഷേധങ്ങളേയും കളക്ടര്‍മാരുടെ സ്റ്റോപ്പ് മെമ്മോയേയും പേടിക്കേണ്ടതില്ല. വന്യജീവി സങ്കേതങ്ങളുടേയും ദേശീയോദ്യാനങ്ങളുടേയും ഒരു കിലോമീറ്ററിനപ്പുറമുള്ള പ്രദേശം പരിസ്ഥിതിലോലമല്ലെന്നു മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ മുന്നൂറിലേറെ ക്വാറികള്‍ നിയമവിധേയമായി. അതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച ഇടതുസര്‍ക്കാരിന് 2018-ലെ പ്രളയം ഒരു തിരിച്ചറിവും നല്‍കിയില്ല. അധികമഴയ്ക്കൊപ്പം അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നതാണ് അന്ന് കേരളത്തെ മുഴുവന്‍ മുക്കിയത്. എന്നിട്ടും പാരമ്പര്യേതര ഊര്‍ജ്ജസ്രോതസുകളെ ആശ്രയിക്കാതെ അണക്കെട്ടുകള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മിതിയാണ് മറ്റൊന്ന്. ഇനി പുതിയ തുടക്കമായിരിക്കുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ പ്രളയത്തിനു ശേഷം പറഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തിനു ഉതകുന്ന വികസന നയമായിരിക്കും ആവിഷ്‌കരിക്കുകയെന്നൊക്ക പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാവും കേരളത്തിന്റെ പുനര്‍നിര്‍മ്മാണം എന്നും അദ്ദേഹം വിശദമാക്കിയിരുന്നു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അന്ന് നിയമസഭയുടെ പ്രത്യേക സമ്മേളനം ചേര്‍ന്നു. സി.പി.എമ്മിന്റെ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചവരില്‍ പി.വി. അന്‍വറുമുണ്ടായിരുന്നു, എസ്. രാജേന്ദ്രനുണ്ടായിരുന്നു. പരിസ്ഥിതി നിയമലംഘനത്തിന് അധികാര രാഷ്ട്രീയത്തിലെ സ്വാധീനം ഉപയോഗപ്പെടുത്തുന്നയാളേയും പലപ്പോഴും കയ്യേറ്റക്കാരുടെ ശബ്ദമായി അവതരിക്കാറുള്ള നേതാവിനേയുമാണ് സി.പി.എം അന്ന് ചര്‍ച്ചയ്ക്ക് വിട്ടത് എന്നത് അന്നുതന്നെ ചിലരെങ്കിലും ചൂണ്ടിക്കാണിച്ച അനൗചിത്യമായിരുന്നു. പ്രളയത്തെ എങ്ങനെ സര്‍ക്കാരും ഭരണകക്ഷിയും കാണുന്നുവെന്നതിനെക്കുറിച്ചുള്ള സൂചനയായിരുന്നു അത്. പക്ഷേ, പിന്നീട് പണപ്പിരിവിലും ചര്‍ച്ചകളിലും ഒന്നും കേരളത്തിന്റെ സുസ്ഥിര വികസനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളായിരുന്നില്ല നിറഞ്ഞുനിന്നത്; മറിച്ച് പരമ്പരാഗത വികസന രീതികളെക്കുറിച്ചുള്ള വായ്ത്താരികളായിരുന്നു. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തയ്യാറാക്കിയ സമഗ്ര റിപ്പോര്‍ട്ട് ഇതിന്റെ ഉദാഹരണമാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ചില പദപ്രയോഗങ്ങള്‍ക്കപ്പുറം വികസനത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ പുനരന്വേഷണങ്ങള്‍ ആ റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞില്ല. തീരജനതയുടെ വ്യാപകമായ ഒഴിപ്പിക്കലിനു കാരണമാകുന്ന, ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന തീരദേശ പരിപാലന വിജ്ഞാപന ഭേദഗതി ആദ്യം അംഗീകരിച്ചത് പിണറായി വിജയന്‍ നയിക്കുന്ന ആദ്യ മന്ത്രിസഭയായിരുന്നു.

അങ്കമാലി ചുള്ളിയിലെ ക്വാറി
അങ്കമാലി ചുള്ളിയിലെ ക്വാറി

വ്യവസായ നിക്ഷേപത്തിനുള്ള നടപടികള്‍ ലളിതമാക്കാന്‍ ഏഴു നിയമങ്ങളും 10 ചട്ടങ്ങളും ഭേദഗതി ചെയ്തുകൊണ്ടാണ് ഇടതു സര്‍ക്കാര്‍ തുടര്‍ഭരണം നേടിയത്. കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍ ആക്ട് 2018 നടപ്പാക്കി. പഞ്ചായത്ത് രാജ് ആക്ട്, ചുമട്ടുതൊഴിലാളി നിയമം, നഗരപാലിക നിയമം, ഭൂജല നിയമം, സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക്ട് എന്നു തുടങ്ങി എല്ലാം ഒറ്റ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യുകയായിരുന്നു. ഇതില്‍ നാല് നിയമങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മേഖലയെ ഗുരുതരമായി ബാധിക്കുന്നതുമാണ്. അധികാരഘടനയേയും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കായി നിര്‍മ്മിച്ച നിയമങ്ങളേയും ഭരണഘടനയെ തന്നെയും അട്ടിമറിക്കുന്ന ഭേദഗതികളായിരുന്നു അവ. നിയമസഭ ചേരുന്ന സമയമായിരുന്നിട്ടും വിവാദമായേക്കാവുന്ന നിയമഭേദഗതികള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കുക എന്ന കുറുക്കുവഴിയാണ് പ്രയോഗിച്ചത്. നോക്കുകൂലി ഇല്ലായ്മ ചെയ്യുക എന്നതിന്റെ മറവില്‍ ചുമട്ടുതൊഴിലാളി നിയമവും മാറ്റി. തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരമില്ലാതാക്കിയാണ് പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. വാണിജ്യ സ്ഥാപനത്തിന് അനുമതി നല്‍കാന്‍ ഇന്ന് അധികാരം സെക്രട്ടറിമാര്‍ക്കാണ്. അധികാര വികേന്ദ്രീകരണം നടത്തിയ ഇടതുപക്ഷം തന്നെ തദ്ദേശസ്ഥാപനങ്ങളുടെ അധികാരവും കളഞ്ഞു. പ്ലാച്ചിമടയുടെ ദുരിതചരിത്രം മറക്കാതെ നില്‍ക്കുമ്പോഴും 2002-ലെ ഭൂഗര്‍ഭജലനിയമവും ഈ സര്‍ക്കാര്‍ ഭേദഗതി വരുത്തി. നിക്ഷേപസൗഹൃദത്തിന് എന്ന പേരില്‍ കെ-സ്വിഫ്റ്റ് ഓണ്‍ലൈന്‍ ക്ലിയറന്‍സ് സംവിധാനം നടപ്പാക്കി. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനമായില്ലെങ്കില്‍ കല്പിത അനുമതിയാകുമെന്ന വ്യവസ്ഥ കൊണ്ടുവന്നു.

വിദേശമൂലധനത്തിന് അടിസ്ഥാന സൗകര്യവികസനം വേണമെന്നും ഈ വികസനത്തിന്റെ അതിവേഗതയ്ക്ക് പ്രാപ്തമായ ജനതയാണ് നമ്മളെന്നും ബോധ്യപ്പെടുത്തുന്ന ഇതേ വാദങ്ങളാണ് ഇടതുപക്ഷം ഇപ്പോള്‍ കെ-റെയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി ഉയര്‍ത്തുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യമോ? സാമ്പത്തികവും പാരിസ്ഥിതികവുമായ വലിയ നഷ്ടമുണ്ടാക്കുന്നതിനൊപ്പം ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് ആസൂത്രണം ചെയ്തതല്ല ഈ പദ്ധതി എന്നതാണു വസ്തുത. നിലവിലെ സമ്പദ്വ്യവസ്ഥയുടെ അവസ്ഥയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതുമായ ആവശ്യങ്ങളും എന്തിന്, സംസ്ഥാനത്തിനകത്ത് ഇപ്പോള്‍ അതിവേഗ യാത്ര ആവശ്യമുണ്ടോ എന്ന മൗലികമായ ചോദ്യം പോലും അഭിമുഖീകരിക്കപ്പെട്ടിട്ടില്ല. ഇനി അഥവാ ഉണ്ടെങ്കില്‍ പോലും, സെമി ഹൈസ്പീഡ് റെയിലിനേക്കാള്‍ അല്പം വേഗത കുറവാണെങ്കിലും ചെലവു കുറഞ്ഞ മറ്റു ബദലുകള്‍ പരിഗണിക്കുന്ന വ്യക്തമായ ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. രണ്ടാമത്തെ വ്യത്യാസം, ഈ റെയില്‍ പദ്ധതിയുടെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ്. സാങ്കേതികവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ ദുരന്തങ്ങള്‍ ഒരുമിക്കുന്ന ഇടമാണ് ഈ പദ്ധതി. എന്തിനധികം, അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍നിന്നും കടംവാങ്ങി സാമ്പത്തികമായി ദുര്‍ബ്ബലമായ ഒരു സംസ്ഥാനത്തിന്റെ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പദ്ധതിയാണ് കെ-റെയില്‍. ഇതിന്റെ സാമ്പത്തിക ഭാരം ആത്യന്തികമായി ഏല്‍ക്കേണ്ടിവരിക പദ്ധതിയില്‍നിന്ന് ഏറ്റവും കുറഞ്ഞ പ്രയോജനം നേടുന്ന സാധാരണക്കാരായ ജനങ്ങളാണ്.

2019ൽ കിഫ്ബി മസാലബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർ സമീപം
2019ൽ കിഫ്ബി മസാലബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ചടങ്ങിൽ. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവർ സമീപം

വികസനമെന്ന് ആഘോഷിക്കപ്പെട്ട ഈ നടപടികളെല്ലാം ഒരു കൂട്ടം മനുഷ്യരെ ബഹിഷ്‌കൃതരാക്കുകയാണ് ചെയ്തത്. നമ്മള്‍ ഈ പറയുന്ന വികസന സങ്കല്പങ്ങളാല്‍ പുറന്തള്ളപ്പെട്ടവരാണ് അവര്‍. ഇവരുടെ ശബ്ദങ്ങളാണ് വികസനത്തിന്റെ മറുപക്ഷത്ത് നിന്നുയരുന്നത്. വിഭവങ്ങളുടെ വിതരണത്തിലെ അസമത്വമാണ് ഈ വര്‍ഗ്ഗസൃഷ്ടിക്കു കാരണം. എന്താണ് വികസനം, ആര്‍ക്കുവേണ്ടിയാണ് വികസനം, വികസനത്തിന്റെ സ്രോതസ് എന്താണ്, എന്താണ് വികസനത്തിന്റെ മാനദണ്ഡം ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പുനര്‍നിര്‍വ്വചിക്കേണ്ട ഘട്ടം കഴിഞ്ഞു. ഇത്തരം യാഥാര്‍ത്ഥ്യം നേരിടാതെ അടുത്ത കാല്‍നൂറ്റാണ്ടിലെ കേരളം കെട്ടിപ്പടുക്കാനുള്ള ഒരുക്കങ്ങള്‍ അര്‍ത്ഥശൂന്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com