നിര്‍വീര്യമായ അഴിമതിവിരുദ്ധ നിയമങ്ങള്‍
By അഡ്വ. ടി. ആസഫ് അലി | Published: 20th March 2022 03:43 PM |
Last Updated: 20th March 2022 03:43 PM | A+A A- |

രാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും എന്നും വിഘാതമായി നില്‍ക്കുന്ന അപകടമായൊരു പ്രവണതയാണ് അഴിമതി. 2005 ഡിസംബര്‍ 14ന് പ്രാബല്യത്തില്‍ വന്ന അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്രസഭയുടെ ഉടമ്പടിയില്‍ 2011 മെയ് 12നാണ് ഇന്ത്യ ഒപ്പുവയ്ക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന അഴിമതിവിരുദ്ധനിയമങ്ങള്‍ ശക്തമാക്കേണ്ടതുണ്ടായിരുന്നു. ഈ ഉദ്ദേശ്യം വെച്ച് അന്നത്തെ യു.പി.എ സര്‍ക്കാര്‍ 2013 ഏപ്രില്‍ 19-ന് രാജ്യസഭയില്‍ അവതരിപ്പിച്ച അഴിമതി തടയല്‍ ഭേദഗതി നിയമം അവതരിപ്പിച്ചു. തുടര്‍ന്ന് മോദി സര്‍ക്കാര്‍ ഈ നിയമത്തില്‍ വെള്ളം ചേര്‍ത്ത് അഴിമതിക്കാരെ സംരക്ഷിക്കും വിധമാണ് 2018 ജൂലൈ 18ന് നടപ്പിലാക്കിയത്. അതോടെ രാജ്യത്തെ അഴിമതിവിരുദ്ധ നിയമം അഴിമതിക്കാരെ പരിരക്ഷിക്കുന്ന നിയമമായി രൂപാന്തരപ്പെടുകയുണ്ടായി. മാത്രമല്ല, പുതിയ നിയമംകൊണ്ട് അഴിമതിക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയെന്നതുതന്നെ വളരെ ശ്രമകരമാക്കി.
അഴിമതിയുടെ ചരിത്രപശ്ചാത്തലം
എ.ഡി. 648-ല്‍ ഹിന്ദു രാജാവ് ഹര്‍ഷവര്‍ദ്ധനന്റെ മരണത്തിനു ശേഷം മുഗളന്മാരുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റത്തോടുകൂടിയാണ് ഇന്ത്യയില്‍ അഴിമതിക്കും തുടക്കം കുറിച്ചത്. മുഗള ഭരണകാലത്തെ സുബേദാര്‍മാരും മനസബ്ദാര്‍മാരും കോഴസമ്പ്രദായം ഭരണതലത്തില്‍ മയപ്പെടുത്തിയ നിലയില്‍ നടപ്പിലാക്കി തുടങ്ങിയതോടുകൂടിയാണ് അഴിമതിക്ക് തുടക്കം കുറിച്ചതെന്ന് ചരിത്രരേഖകളില്‍ കാണുന്നു. മുഗളഭരണകാലത്ത് കോഴ സമ്പ്രദായത്തിന് ഉപയോഗിച്ചിരുന്നത് 'നജ്‌റാണ (വാഗ്ദാനം), 'ശുക്‌റാണ' (ഉപകാരസ്മരണ), 'സബ്ബ്‌റാണ' (പിടിച്ചുപറി) എന്നീ വ്യത്യസ്ത പദങ്ങളിലായിരുന്നു. മുഗളഭരണത്തിലെ സുബേദാര്‍മാര്‍ തങ്ങളുടെ കീശവീര്‍പ്പിക്കുവാനായി ഉപയോഗിച്ചിട്ടുണ്ടായിരുന്നത്. എന്നാല്‍, മുഗളരാജാക്കന്മാരും ജന്മിമാരും ഭരണതലത്തിലെ മറ്റ് ഉന്നതന്മാരും 'ഇനാം' (പ്രതിഫലം), 'ഇക്രം' (ആദരവ്), ബക്ഷീഷ് (സമ്മാനം) എന്നീ പേരുകളിലായിരുന്നു കീഴുദ്യോഗസ്ഥന്മാര്‍ തങ്ങളോടു കാണിക്കുന്ന കൂറിനും സേവനങ്ങള്‍ക്കും പ്രതിഫലമായി നല്‍കിപ്പോന്നിരുന്നത്. താഴെക്കിടയിലെ ഉദ്യോഗസ്ഥന്മാര്‍ തങ്ങള്‍ ജനങ്ങളില്‍നിന്നും വാങ്ങിക്കൊണ്ടിരുന്ന അനുചിതമായ ഉപഹാരങ്ങളെ 'ഡസ്തൂര്‍' (ആചാരം), 'മാമൂല്‍' (സാധാരണ നടപടി) 'ഹഫ്ത്ത' (ആഴ്ചയിലെ എരിവ്) എന്നീ പേരുകള്‍ നല്‍കി വിശേഷിപ്പിച്ചിട്ടുണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. പണ്ടുകാലങ്ങളിലെ ഇത്തരം ദുഷിച്ച ആചാരങ്ങളാണ് പിന്നീട് അഴിമതിയുടെ ഭീകരരൂപങ്ങളായി രൂപാന്തരം പ്രാപിച്ച് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതെന്നു വേണം കരുതാന്‍.
സ്വാതന്ത്ര്യം നേടുന്ന കാലത്ത് അഴിമതി തടയാനുണ്ടായിരുന്ന നിയമങ്ങള്‍ 1860-ലെ ഇന്ത്യന്‍ പീനല്‍കോഡിലെ 161 മുതല്‍ 165 എ വരെയുള്ള വകുപ്പുകളും 1944-ലെ ക്രിമിനല്‍ നിയമ ഓര്‍ഡിനന്‍സും മാത്രമായിരുന്നു. ഐ.പി.സി 161-ാം വകുപ്പ് (പൊതുസേവകന്‍ ഔദ്യോഗികമായ കൃത്യനിര്‍വ്വഹണത്തിനു നിയമാനുസൃതമായ വേതനമല്ലാത്ത പ്രതിഫലം കൈപ്പറ്റുക) 162-ാം വകുപ്പ് (പൊതുസേവകരെ അഴിമതിയില്‍ക്കൂടിയും നിയമവിരുദ്ധമായും സ്വാധീനിക്കാന്‍ വേണ്ടി പണം കൈപ്പറ്റുക, 163-ാം വകുപ്പ് (പൊതുസേവകനിലുള്ള വ്യക്തിസ്വാധീനം ഉപയോഗിക്കാനായി പണം കൈപ്പറ്റുക), 164-ാം വകുപ്പ് (മേല്‍ വിവരിച്ച വകുപ്പുകളനുസരിച്ച കുറ്റങ്ങള്‍ക്ക് പ്രേരണ നല്‍കുക); 165-ാം വകുപ്പ് (പൊതുസേവകന്‍ പ്രതിഫലമില്ലാതെ സൗജന്യമായി തങ്ങളുടെ ഔദ്യോഗിക കൃത്യം നിര്‍വ്വഹിക്കുന്നതിന് വിലപ്പെട്ട മുതലോ പ്രതിഫലമോ കൈപ്പറ്റുക), 165 എ വകുപ്പ് (മേല്‍ വകുപ്പുകളനുസരിച്ച കുറ്റങ്ങള്‍ക്കുള്ള ശിക്ഷ) എന്നീ വകുപ്പുകളനുസരിച്ചുള്ള കുറ്റങ്ങളും 1935-ലെ ഇന്ത്യാഗവണ്‍മെന്റ് ആക്ട് അനുസരിച്ച് പുറപ്പെടുവിച്ച 1944-ലെ സ്ഥിരം സ്വഭാവമുള്ള ക്രിമിനല്‍ നിയമ ഓര്‍ഡിനന്‍സ് അനുസരിച്ച് അഴിമതിയില്‍ക്കൂടി സമാഹരിച്ച മുതലുകള്‍ സര്‍ക്കാരിന് കണ്ടുകെട്ടുവാനുള്ള നിയമവ്യവസ്ഥകളുമായിരുന്നു അഴിമതിക്കെതിരെ ഉണ്ടായിരുന്ന നിയമങ്ങള്‍.

ഈ നിയമങ്ങള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അഴിമതി, സ്വജനപക്ഷപാതം എന്നിവ തടയാന്‍ ഫലപ്രദമായ നിയമമില്ലായെന്ന തിരിച്ചറിവാണ് ആദ്യത്തെ തെരഞ്ഞെടുപ്പുപോലും നടന്നിട്ടില്ലാത്ത കാലത്ത്, പാര്‍ലമെന്റിന്റെ ശൈശവദശയില്‍ സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ നിയമമായി 1947-ലെ അഴിമതി തടയല്‍ നിയമം പാസ്സാക്കി നടപ്പിലാക്കിയിട്ടുണ്ടായിരുന്നത്. ഈ നിയമം 5-ാം വകുപ്പ് അനുസരിച്ച് വിവിധതരം അഴിമതി അല്ലെങ്കില്‍ കുറ്റകരമായ ദുര്‍നടപ്പ് എന്ന നിലയില്‍ ശിക്ഷാര്‍ഹമായ കുറ്റങ്ങളായി നിര്‍വ്വചിച്ചിട്ടുണ്ടായിരുന്നു.
1. ഏതെങ്കിലും പൊതുസേവകന്‍ പതിവായി തനിക്കുവേണ്ടിയോ മറ്റാര്‍ക്കുവേണ്ടിയോ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്നതിന് നിയമാനുസൃതമായ വേതനമല്ലാതെ വല്ല പ്രതിഫലമോ വിലപിടിപ്പുള്ള മുതലുകളോ കൈപ്പറ്റുകയോ കൈപ്പറ്റാന്‍ ശ്രമിക്കുകയോ ചെയ്യുക
2. ഏതെങ്കിലും പൊതുസേവകന്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായുള്ള വല്ല ഇടപാടുകളുടെ പ്രതിഫലമായി ആരില്‍നിന്നെങ്കിലും വല്ല വിലപിടിപ്പുള്ള മുതലുകള്‍ പതിവായി കൈപ്പറ്റുകയോ കൈപ്പറ്റാന്‍ ശ്രമിക്കുകയോ ചെയ്യുക
3. പൊതുസേവകനെന്ന നിലയില്‍ തന്നില്‍ ഏല്പിക്കപ്പെട്ട സര്‍ക്കാരിന്റെ വല്ല മുതലുകള്‍ നേരുകേടായോ ചതിയില്‍ക്കൂടിയോ ധനാപഹരണം നടത്തുകയോ സ്വന്തമാക്കുകയോ ചെയ്യുക
4. പൊതുസേവകന്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമായി ഇടപെടുന്ന കാര്യത്തിന് തനിക്കോ മറ്റാര്‍ക്കെങ്കിലുമോ നിയമാനുസൃത വേതനമല്ലാത്ത വല്ല പ്രതിഫലം കൈപ്പറ്റുകയോ സ്വീകരിക്കുകയോ ചെയ്യുക;
5. അഴിമതിയില്‍ കൂടിയോ നിയമവിരുദ്ധമായ മാര്‍ഗ്ഗേനയോ മറ്റു വിധത്തിലോ ഏതെങ്കിലും പൊതുസേവകന്‍ തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിക്കൊണ്ട് തനിക്കോ മറ്റാര്‍ക്കെങ്കിലുമോ വല്ല വിലപിടിപ്പുള്ള മുതലുകളോ സാമ്പത്തിക ആനുകൂല്യങ്ങളോ കൈപ്പറ്റുകയോ സ്വീകരിക്കുകയോ ചെയ്യുക
6. ഏതെങ്കിലും പൊതുസേവകന്‍ ഔദ്യോഗിക പദവിയിലിരിക്കുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുക
ഈ കുറ്റങ്ങള്‍ക്ക് ഏറ്റവും ചുരുങ്ങിയത് ഒരു വര്‍ഷത്തില്‍ കുറയാത്തതും പരമാവധി ഏഴു വര്‍ഷം വരെ തടവുശിക്ഷ 1974-ലെ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നു.

ഇന്ദിരാഗാന്ധിയുടെ വധത്തിനു ശേഷം അധികാരമേറ്റ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ അഴിമതിക്കാരുടെ സ്വത്തു കണ്ടുകെട്ടലിന് സര്‍ക്കാരിന് അധികാരം നല്‍കുന്ന 1944-ലെ ക്രിമിനല്‍ നിയമ ഓര്‍ഡിനന്‍സിലെ വകുപ്പുകളും കൂടി കൂട്ടിച്ചേര്‍ത്തു കൂടുതല്‍ ഫലപ്രദമായ രീതിയില്‍ 1988-ലെ അഴിമതി തടയല്‍ നിയമം പാസ്സാക്കി നടപ്പിലാക്കി. 1947-ലെ നിയമം പാടെ പരിഷ്‌കരിച്ചുകൊണ്ട് കൂടുതല്‍ ശക്തവും ഫലപ്രദവുമായ വകുപ്പുകള്‍ 1988-ലെ അഴിമതി തടയല്‍ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടായിരുന്നു.
1947-ലെ അഴിമതി തടയല്‍ നിയമത്തില്‍ 'പൊതുസേവകന്‍' എന്നതിന് പ്രത്യേക നിര്‍വ്വചനം നല്‍കിയിട്ടുണ്ടായിരുന്നില്ല. മറിച്ച് 1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമം 21-ാം വകുപ്പനുസരിച്ചുള്ള 'പൊതുസേവകന്‍' എന്നതിനുള്ള നിര്‍വ്വചനം അതേപോലെ സ്വീകരിക്കുകയായിരുന്നു. എന്നാല്‍, 1988-ലെ അഴിമതി തടയല്‍ നിയമത്തില്‍ 'പൊതുസേവകന്‍' എന്ന നിര്‍വ്വചനം പാടെ വിപുലീകരിക്കുകയും സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവരും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്നവരും കൂടാതെ കേന്ദ്ര-സംസ്ഥാന നിയമങ്ങളനുസരിച്ച് 1956-ലെ കമ്പനി നിയമമനുസരിച്ച് സ്ഥാപിക്കപ്പെട്ട കമ്പനികളിലെ ജീവനക്കാരും കോടതി നിയമിക്കുന്ന കമ്മിഷണര്‍മാര്‍, ലിക്വിഡേറ്റര്‍മാര്‍, ആര്‍ബിട്രേറ്റര്‍മാര്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍, യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാര്‍തൊട്ട് പ്യൂണ്‍വരെയുള്ള ജീവനക്കാര്‍, സര്‍ക്കാരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്ന എയിഡഡ് സ്‌കൂള്‍ കമ്മിറ്റി ഭാരവാഹികള്‍, മാനേജര്‍ എന്നിവരും സര്‍ക്കാരിനോ, പൊതുജനങ്ങള്‍ക്കോ സമൂഹത്തിനാകെ താല്പര്യമുള്ള പൊതുചുമതലകള്‍ നിര്‍വ്വഹിക്കുന്ന സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമടക്കം പൊതുസേവകരുടെ നിര്‍വ്വചനം വിപുലീകരിച്ചതോടെ സര്‍ക്കാരിന്റെ പണം നേരിട്ടോ അല്ലാതേയോ ഉള്‍പ്പെടുന്ന എല്ലാ മേഖലകളേയും പൊതുജനസേവനവുമായി ബന്ധപ്പെട്ട സമസ്ത രംഗങ്ങളിലേയും അഴിമതിക്കെതിരെയുള്ള ശക്തവും ഫലപ്രദവുമായ നിയമമായിരുന്നു 1988-ലെ അഴിമതി തടയല്‍ നിയമം.
1988-ലെ അഴിമതി തടയല്‍ നിയമത്തില്‍ 1947-ലെ നിയമം 5-ാം വകുപ്പില്‍ വിവരിച്ച വിവിധതരം അഴിമതികള്‍ ശിക്ഷാര്‍ഹമായ കുറ്റമായി 13-ാം വകുപ്പായി പുനര്‍നാമകരണം ചെയ്ത് എഴുതിച്ചേര്‍ത്തു. പ്രസ്തുത വകുപ്പനുസരിച്ച് അധികാര ദുര്‍വിനിയോഗം കൊണ്ടുള്ള അഴിമതിയെ പ്രത്യേകം വിവരിച്ച് ശിക്ഷാര്‍ഹമായ കുറ്റമായി വിവരിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, പൊതുസേവകനും പൊതുസേവകനാകാന്‍ സാദ്ധ്യതയുള്ളവരും 1988-ലെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമായിരുന്നു. ഉദാഹരണമായി പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ച് നിയമനം കാത്തുകഴിയുന്നവര്‍ നടത്തുന്ന അഴിമതിയും പ്രസ്തുത നിയമമനുസരിച്ചുള്ള കുറ്റമായിരുന്നു 1988-ലെ നിയമത്തില്‍ അധികാരസ്ഥാനത്തിരുന്നുകൊണ്ട് അഴിമതിയില്‍ക്കൂടി നിയമവിരുദ്ധമായ മാര്‍ഗ്ഗത്തില്‍ തനിക്കോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ പൊതുസേവകന്‍ വല്ല വിലപിടിപ്പുള്ള മുതലുകളോ സാമ്പത്തികമായ ആനുകൂല്യങ്ങളോ കൈപ്പറ്റുന്നതും സ്വീകരിക്കുന്നതും 13 (1) ഡി (i) വകുപ്പനുസരിച്ച് നാലുവര്‍ഷത്തില്‍ കുറയാത്തതും പത്തു വര്‍ഷത്തില്‍ കവിയാത്തതുമായ തടവുശിക്ഷ നല്‍കാവുന്ന കുറ്റമാണ്. അതേപോലെ 13-ാം വകുപ്പിന്റെ രണ്ടാം ഭാഗത്തില്‍ പൊതുസേവകന്‍ താന്‍ വഹിക്കുന്ന അധികാരസ്ഥാനം ദുരുപയോഗപ്പെടുത്തി നിയമവിരുദ്ധമായി പൊതുസേവകന്‍ വിലപിടിപ്പുള്ള മുതലുകളോ സാമ്പത്തികമായ ആനുകൂല്യങ്ങളോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുന്നതും കൈപ്പറ്റുന്നതും 13 (1) ഡി (i) വകുപ്പനുസരിച്ച് ശിക്ഷാര്‍ഹമായ കുറ്റമാണ്.

മേല്‍വകുപ്പുകളുടെ കുന്തമുന ശരിക്കും അഴിമതിക്കാരായ രാഷ്ട്രീയ ഭരണ നേതൃത്വത്തിലിരിക്കുന്ന ഉന്നതന്മാര്‍ക്കു നേരെയാണ് ലക്ഷ്യമിട്ടിരുന്നത്. മേല്‍വകുപ്പുകള്‍ എത്ര ഫലപ്രദമായിരുന്നുവെന്നതിന്റെ തെളിവാണ് മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡ, മുന്‍ ഹരിയാന മുഖ്യമന്ത്രി ഓംപ്രകാശ് ചൗതാല, മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ് എന്നിവര്‍ അഴിമതിക്കുറ്റത്തിന് ജയില്‍വാസം വരിക്കേണ്ടിവന്നത്. ഓംപ്രകാശ് ചൗതാല 10 വര്‍ഷം ശിക്ഷിക്കപ്പെട്ട് ഒന്‍പതര വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു. ലാലുപ്രസാദ് യാദവിനെ കഴിഞ്ഞ ദിവസം അഞ്ചാമത്തെ കേസിലാണ് 5 വര്‍ഷം തടവും 60 ലക്ഷം പിഴയും വിധിച്ചത്. ലാലുപ്രസാദ് യാദവ് മൊത്തം 19 വര്‍ഷം ജയിലില്‍ കഴിയേണ്ടിവരും. ഇതിനകം 14 മാസത്തോളം ജയില്‍വാസം വരിച്ചുകഴിഞ്ഞു. ലാലുവിനോടൊപ്പം 32 ഉദ്യോഗസ്ഥന്മാരേയും കോടതി അഴിമതിക്കുറ്റം ചുമത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡയെ 3 വര്‍ഷമാണ് ശിക്ഷപ്പെട്ടിട്ടുണ്ടായിരുന്നത്. കന്നുകാലി കുംഭകോണ കേസില്‍ 139 കോടി രൂപ അനധികൃതമായി ട്രഷറിയില്‍നിന്നും പിന്‍വലിച്ചുവെന്ന കേസിലാണ് ലാലുവിനെതിരെ ശിക്ഷ വിധിച്ച ഏറ്റവും ഒടുവിലത്തെ കേസ്.
അഴിമതി വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ മുന്‍പന്തിയിലാണ്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ ഗ്ലോബല്‍ കറപ്ഷന്‍ ബാരോമീറ്റര്‍ എന്ന പഠനത്തില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലെ കൈക്കൂലി നിരക്ക് 39 ശതമാനവും തൊട്ടുപിന്നിലായി ഇന്ത്യോനേഷ്യ 36 ശതമാനവും ചൈന 32 ശതമാനവുമാണ്. 2010-ല്‍ ട്രാന്‍സ്പാരന്‍സി ഇന്റര്‍നാഷണല്‍ നടത്തിയ മറ്റൊരു പഠനത്തില്‍ ലോകരാഷ്ട്രങ്ങളില്‍ അഴിമതി നാമമാത്രമായി പോലുമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഡെന്‍മാര്‍ക്കും തൊട്ടുപിന്നില്‍ ന്യൂസിലാന്റ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളുമാണ്. അതായത് 10-ല്‍ 9.3 മാര്‍ക്ക് നേടിക്കൊണ്ടാണ് ഈ രാജ്യങ്ങള്‍ അഴിമതിമുക്ത രാജ്യങ്ങളായി നിലകൊള്ളുന്നത്. എന്നാല്‍, അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 87-ാമതാണ്. അതായത് 10-ല്‍ 3.3 മാര്‍ക്ക് മാത്രം. 2011-ലും 2012-ലും ഇന്ത്യയുടെ സ്ഥാനം വീണ്ടും മോശമായി. അതായത് 87-ല്‍ നിന്നും 95 ആയി മാറിയെന്നത് നമ്മെ ഏറ്റവും ആശങ്കപ്പെടുത്തുന്നതാണ്. ദരിദ്ര രാജ്യങ്ങളായ ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും ഏറ്റവും അഴിമതി കൂടിയ രാജ്യമായിട്ടാണ് ഇന്ത്യ ഇന്ന് അറിയപ്പെടുന്നത്. ജനാധിപത്യത്തേയും നിയമവാഴ്ചയേയും അട്ടിമറിക്കുന്നതും മനുഷ്യാവകാശ ലംഘനത്തിലേക്കും ആക്രമണത്തിലേക്കും വലിച്ചിഴയ്ക്കുന്ന ഭീഷണിയാണ് അഴിമതിയെന്ന് മുന്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ ഒരിക്കല്‍ പറഞ്ഞിരുന്നത് യാഥാര്‍ത്ഥ്യമാക്കുംവിധമാണ് അഴിമതി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ ഇന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

2018-ലെ ഭേദഗതി നിയമം
2018 ജൂണിലെ 26ന് തൊട്ട് പ്രാബല്യത്തില്‍ വന്ന മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ 2018-ലെ അഴിമതി തടയല്‍ ഭേദഗതി നിയമം എല്ലാ അര്‍ത്ഥത്തിലും അഴിമതിക്കാര്‍ക്ക് രക്ഷാകവചം സൃഷ്ടിച്ചുകൊണ്ടുള്ള വകുപ്പുകള്‍ ചേര്‍ത്തുള്ളതാണ്. 1988-ലെ അഴിമതി തടയല്‍ നിയമത്തില്‍ മേല്‍വിവരിച്ച പ്രകാരം അഴിമതി നടത്തിയവരെ ജയിലിലടക്കുവാന്‍ ഏറ്റവും ഫലപ്രദമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. പക്ഷേ, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, 2018-ലെ ഭേദഗതി നിയമത്തില്‍നിന്നും പൊതുസേവകന്‍ അഴിമതിയില്‍ക്കൂടിയോ നിയമവിരുദ്ധമായോ തനിക്കോ മറ്റാര്‍ക്കെങ്കിലുമോ വിലപിടിപ്പുള്ള മുതലുകളോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ ആര്‍ജ്ജിക്കുന്നതും സ്വീകരിക്കുന്നതും അതേപോലെ പൊതുസേവകന്‍ താന്‍ വഹിക്കുന്ന പൊതുസ്ഥാനീയം ദുരുപയോഗിച്ച് തനിക്കോ മറ്റാര്‍ക്കെങ്കിലുമോ വിലപിടിപ്പുള്ള മുതലുകളോ മറ്റ് സാമ്പത്തികമായ ആനുകൂല്യങ്ങളോ ആര്‍ജ്ജിക്കുന്നതും ശിക്ഷാര്‍ഹമായ കുറ്റങ്ങളായി പുതിയ നിയമത്തിലെ 13 (1) ഡി (i), 13 (1) ഡി (ii) വകുപ്പുകളില്‍നിന്നും എടുത്തുമാറ്റിയെന്നത് പുതിയ നിയമം അഴിമതിക്കുള്ള പച്ചക്കൊടിയായി മാത്രമേ കാണാനൊക്കൂ.
വെട്ടിമുറിക്കപ്പെട്ട 13-ാം വകുപ്പില്‍ ഇനി അവശേഷിക്കുന്നത് സര്‍ക്കാര്‍ മുതലുകളുടെ നിയന്ത്രണാധികാരം ഏല്പിക്കപ്പെട്ട പൊതുസേവകന്‍ അവ വിശ്വാസവഞ്ചനയിലൂടെ തന്റെ സ്വന്തമാക്കി അപഹരിക്കുന്നതും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നതുമാണ്. ഇത്തരമൊരു ഭേദഗതിക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം സത്യസന്ധരായ ഉദ്യോഗസ്ഥന്മാര്‍ ഉത്തമ വിശ്വാസത്തോടുകൂടി ചെയ്യുന്ന ഔദ്യോഗിക ജോലികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താനെന്നാണ്. മാത്രമല്ല, 13-ാം വകുപ്പിലെ മറ്റു വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെട്ട 7-ാം വകുപ്പില്‍ ലയിപ്പിച്ചെന്ന സര്‍ക്കാര്‍ ഭാഷ്യവും വാസ്തവവിരുദ്ധമാണ്. പുതിയ നിയമമനുസരിച്ച് പൊതുസേവകനാകാന്‍ സാദ്ധ്യതയുള്ളവര്‍ കോഴ വാങ്ങുന്നത് അഴിമതിയല്ലാതാക്കി മാറ്റിയിരിക്കുന്നു.

പ്രോസിക്യൂഷന്‍ അനുമതി
1947-ലേയും 1988-ലേയും അഴിമതി തടയല്‍ നിയമമനുസരിച്ച് അഴിമതിക്കുറ്റം ചുമത്തപ്പെട്ട പൊതുസേവകനെ പ്രോസിക്യൂട്ട് ചെയ്യുവാന്‍ നിയമനാധികാരിയുടെ അനുമതി ആവശ്യമാണ്. സത്യസന്ധരായ പൊതുസേവകര്‍ ഉത്തമ വിശ്വാസത്താല്‍ ചെയ്യുന്ന ഔദ്യോഗിക നടപടികള്‍ സംബന്ധിച്ച് ശല്യക്കാരായ വ്യവഹാരികളില്‍നിന്നുള്ള പരിരക്ഷയാണ് കുറ്റവിചാരണയ്ക്ക് നിയമനാധികാരിയുടെ മുന്‍കൂട്ടിയുള്ള അനുമതികൊണ്ട് ലക്ഷ്യംവെച്ചിരുന്നത്. പക്ഷേ, സര്‍വ്വീസില്‍നിന്നും റിട്ടയര്‍ ചെയ്താലോ കുറ്റാരോപിതനായ വ്യക്തി കുറ്റപത്രം ബോധിപ്പിക്കുന്ന സമയം മറ്റേതെങ്കിലും പദവിയാണ് വഹിക്കുന്നതെങ്കിലോ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നതാണ് നിയമമെന്ന് ആര്‍. ബാലകൃഷ്ണന്റെ കേസിലും (AIRSC 901) പ്രകാശ് സിങ്ങ് ബാദലിന്റെ കേസിലും (AIRSC 1274) സുപ്രീംകോടതിയുടെ വിധികളുണ്ടായിട്ടുണ്ട്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, 2018-ലെ ഭേദഗതി നിയമത്തില്‍ തന്നെ അഴിമതിക്കേസുകളില്‍ പൊതുസേവകന്‍ റിട്ടയര്‍ ചെയ്താലും കോടതിയില്‍ കുറ്റപത്രം ബോധിപ്പിക്കുമ്പോള്‍ പദവിയിലില്ലെങ്കില്‍പ്പോലും പ്രോസിക്യൂഷന്‍ അനുമതി നിര്‍ബ്ബന്ധമാക്കിക്കൊണ്ടുള്ള നിയമവ്യവസ്ഥ എഴുതിച്ചേര്‍ത്തത് അഴിമതിക്കാര്‍ക്കു പരിപൂര്‍ണ്ണ പരിരക്ഷ നല്‍കുവാന്‍ വേണ്ടി മാത്രമാണ്.
പുതിയ ഭേദഗതി നിയമമനുസരിച്ച് സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ വാദിക്കു പ്രതിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രതിയുടെ നിയമനാധികാരിയില്‍നിന്നും പ്രോസിക്യൂഷന്‍ അനുമതിക്കായി അപേക്ഷിക്കണമെങ്കില്‍ തന്നെ വിജിലന്‍സ് കോടതിയുടെ ഉത്തരവുണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. മാത്രമല്ല, നിയമനാധികാരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കോടതി ഉത്തരവോടുകൂടി സമീപിച്ചാല്‍ത്തന്നെ പ്രതിയുടേയും ഭാഗം കേട്ടതിനുശേഷമേ പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച് തീര്‍പ്പ് കല്പിക്കുവാന്‍ പാടുള്ളൂവെന്ന പുതിയേ ഭേദഗതി നിയമത്തിലെ വ്യവസ്ഥയും അഴിമതിക്കാരായ പ്രതികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതാണ്. ഒരേ നിയമത്തില്‍ രണ്ടുവിധം വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധവുമാണ്.

അന്വേഷണത്തിനുള്ള പുതിയ കടമ്പകള്‍
പൊലീസിനു വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ അധികാരം നല്‍കുന്ന കൊഗ്നൈസബിള്‍ ഗണത്തില്‍പ്പെട്ട കുറ്റം സംബന്ധിച്ച് പൊലീസിനു വാക്കാലോ ഫോണ്‍ മുഖാന്തിരമോ രേഖാമൂലമോ മറ്റ് വിധത്തിലോ വല്ല വിവരവും ലഭിച്ചാല്‍ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നാണ് ക്രിമിനല്‍ നടപടി സംഹിത 154-ാം വകുപ്പനുസരിച്ചുള്ള വ്യവസ്ഥ. കുറ്റം സംബന്ധിച്ചുള്ള പരാതിയെന്നല്ല, മറിച്ച് വിവരം ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമവ്യവസ്ഥ. പക്ഷേ, പിന്നീട് സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ സുപ്രസിദ്ധമായ ലളിതകുമാരിക്കേസിലെ വിധിയിലെ നിര്‍ദ്ദേശാനുസരണം വൈവാഹിക തര്‍ക്കങ്ങള്‍, വാണിജ്യതര്‍ക്കങ്ങള്‍, അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് വിവരം ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പ് വിവരത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തുവാന്‍ ഒരു പ്രാഥമിക അന്വേഷണം വേണമെന്ന വ്യവസ്ഥയുണ്ട്. അഴിമതിക്കുറ്റം കൊഗ്നൈസബിള്‍ ഗണത്തില്‍പ്പെട്ട കുറ്റങ്ങളാണ്.
പുതിയ ഭേദഗതി നിയമത്തിലെ 17 എ വകുപ്പനുസരിച്ച് എത്ര വലിയ അഴിമതി ആരോപിച്ച് വിജിലന്‍സിനു പരാതി ബോധിപ്പിച്ചാലും പ്രാഥമികമായ അന്വേഷണം പോലും നടത്തണമെങ്കില്‍ കുറ്റാരോപിതന്റെ നിയമനാധികാരിയുടെ മുന്‍കൂട്ടിയുള്ള അനുമതി നിര്‍ബ്ബന്ധമാണ്. അല്ലാത്തപക്ഷം അഴിമതി ആരോപണം സംബന്ധിച്ച് പ്രാഥമികമായ അന്വേഷണം പോലും നടത്തില്ലെന്ന സ്ഥിതി. അഴിമതി ആരോപണങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ കുഴിച്ചുമൂടപ്പെടുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഭേദഗതി നിയമത്തോടുകൂടി രാജ്യത്ത് സംജാതമായിട്ടുള്ളത്.
പമ്പാതീരത്ത് 2018-ലെ പ്രളയാനന്തരം കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനെന്ന പേരില്‍ വനത്തിലെ മണല്‍ കേന്ദ്രാനുമതി കൂടാതെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോകാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോകനാഥ് ബെഹ്‌റ, പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹ്, കണ്ണൂരിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ ഒരു പരാതി ഭേദഗതി നിയമം 17 എ അനുശാസിക്കുന്ന പ്രാഥമികാന്വേഷണാനുമതി നിഷേധിച്ച് തള്ളുകയാണുണ്ടായത്. പക്ഷേ, കേസിന്റെ ഗൗരവം കണക്കിലെടുത്ത് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്ത് 17 എ വകുപ്പനുസരിച്ച് പ്രാഥമിക അന്വേഷണത്തിന് അനുമതി നല്‍കാത്തതിനാല്‍ സംഭവം സംബന്ധിച്ച് പ്രാഥമിക അന്വേഷണം പാടില്ലെന്ന കാരണം കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയതില്‍ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റിയിരിക്കയാണ്. അഴിമതിക്കാര്‍ക്ക് അനുകൂലമായി പാസ്സാക്കി നടപ്പിലാക്കുന്ന നിയമങ്ങളുടെ ആനുകൂല്യം കൈപ്പറ്റാന്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാര്‍ ഒരുക്കുന്ന കെണിയില്‍ സര്‍ക്കാര്‍ അറിഞ്ഞോ അറിയാതേയോ വീഴുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പമ്പാതീരത്തെ മണല്‍ക്കടത്തുമായി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ച റിവിഷന്‍ ഹര്‍ജി.

കോഴദാതാവിനെതിരെ വ്യവസ്ഥകള്‍
പുതിയ നിയമം ഊന്നല്‍ കൊടുത്തിരിക്കുന്നത് പൊതുസേവകരില്‍നിന്നും അന്യായമായ ആനുകൂല്യം കൈപ്പറ്റാനായി കോഴ നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്ന ദാതാവിന് 7 വര്‍ഷം വരെ തടവ് നല്‍കാവുന്ന കുറ്റമായി 8-ാം വകുപ്പ് വ്യവസ്ഥ ചെയ്‌തെങ്കിലും ഏതെങ്കിലും നിര്‍ബ്ബന്ധാവസ്ഥയില്‍ കോഴ നല്‍കുന്നത് കുറ്റകരമല്ലായെന്നും നിയമം 8-ാം വകുപ്പില്‍ ഉപവകുപ്പ് പ്രത്യേകം എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഇതില്‍നിന്നും വ്യക്തമാക്കുന്നത് കോഴദാതാവ് കാര്യം സാധിക്കാനായി പൊതുസേവകന് അന്യായമായി സാമ്പത്തിക സൗജന്യം നല്‍കേണ്ട നിര്‍ബ്ബന്ധാവസ്ഥ തെളിയിക്കുവാന്‍ കഴിഞ്ഞാല്‍ കോടികളുടെ കോഴ നല്‍കുന്നതും ഭേദഗതി നിയമം വഴി നിയമവല്‍ക്കരിക്കപ്പെട്ടുവെന്നതാണ് നിയമവ്യവസ്ഥ.
വന്‍കിട വാണിജ്യസ്ഥാപനങ്ങളാണ് കോഴ നല്‍കിയതെങ്കില്‍ പിഴശിക്ഷ മാത്രമാണ്. അല്ലാതെ വാണിജ്യ സ്ഥാപനങ്ങളുടെ ഉത്തരവാദപ്പെട്ട അധികാരികള്‍ക്ക് തടവ് ശിക്ഷയില്ല. കൂടാതെ വാണിജ്യ സ്ഥാപനങ്ങള്‍ തങ്ങളുടെ വാണിജ്യ താല്പര്യങ്ങള്‍ നിയമവിരുദ്ധമായി നേടിയെടുക്കുവാന്‍ പൊതുസേവകന്മാര്‍ക്ക് കോഴ നല്‍കിയ കേസുകളില്‍ ബന്ധപ്പെട്ട വാണിജ്യസ്ഥാപനങ്ങളുടെ തലവന്മാര്‍ തങ്ങളുടെ മാര്‍ഗ്ഗരേഖയനുസരിച്ച് കോഴ നല്‍കാതിരിക്കുവാനുള്ള നടപടികള്‍ കൈക്കൊണ്ടിരുന്നുവെന്ന വാദം പ്രതികള്‍ക്ക് കോടതികളില്‍ ഉന്നയിക്കാവുന്നതാണെന്ന് എഴുതിവെച്ച അത്യപൂര്‍വ്വമായൊരു നിയമമാണ് 2018-ലെ അഴിമതി തടയല്‍ ഭേദഗതി നിയമം. 2018-ലെ നിയമഭേദഗതിയോടെ പുറത്തുവന്ന റാഫേല്‍ അഴിമതി, പി.എം. കെയര്‍, ഇലക്ടറല്‍ ബോണ്ട്, പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം എന്നീ സംഭവങ്ങളുമായി കൂട്ടിവായിക്കുമ്പോള്‍ അഴിമതിവിരുദ്ധനിയമം ദുര്‍ബ്ബലമാക്കപ്പെട്ടത് ഒരു മുന്‍ വിധിയോടെയാണെന്ന് ബോദ്ധ്യപ്പെടുന്നതാണ്.

ലോകായുക്ത ഭേദഗതി നിയമം
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ലോകായുക്ത നിലവിലുള്ള ഒരു സംസ്ഥാനമാണ് കേരളം. 1987-ലെ കേരള പൊതുപ്രവര്‍ത്തകരുടെ അഴിമതി (അന്വേഷണ) നിയമമെന്ന അതിനൂതനമായൊരു നിയമം പൊതുപ്രവര്‍ത്തകരുടെ അഴിമതിക്കെതിരെ നടപ്പിലാക്കിയത് കേരളത്തിലായിരുന്നു. ആ നിയമത്തിന് ശക്തി പോര എന്ന പരാതിയിന്മേലാണ് 1999-ലെ നായനാര്‍ സര്‍ക്കാര്‍ കേരള ലോകായുക്ത നിയമം പാസ്സാക്കി നടപ്പിലാക്കിയത്. കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ചില കേസുകളില്‍ ലോകായുക്തയുടെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റുമാരുടെ നിയമനത്തില്‍ വ്യാപകമായ സ്വജനപക്ഷപാതം ആരോപിച്ചുകൊണ്ടുള്ള കേസില്‍ കേരള ലോകായുക്തയുടെ ഇടപെടല്‍ വളരെ നിര്‍ണ്ണായകമായിരുന്നു. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിത്വത്തിനായി കോഴ നല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെന്ന നിലയില്‍ സി.പി.ഐക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളും ലോകായുക്തയുടെ അന്വേഷണ പരിധിയില്‍ പെടുമെന്ന ഒരു സന്ദേശം ആ കേസില്‍ക്കൂടി നല്‍കിയിട്ടുണ്ടായിരുന്നു.

ഏറ്റവും ഒടുവിലായി മന്ത്രിയെന്ന നിലയില്‍ തന്റെ പദവി ദുരുപയോഗപ്പെടുത്തി തന്റെ ബന്ധുവിനെ സ്വന്തം വകുപ്പിന്‍ കീഴിലെ ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ അഴിമതിയില്‍ക്കൂടി സ്വജനപക്ഷപാതപരമായി നിയമനം നല്‍കിയെന്ന കേസില്‍ കെ.ടി. ജലീലിനെതിരെയുള്ള കുറ്റം തെളിഞ്ഞതിനാല്‍ കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന കേരള ലോകായുക്തയുടെ പ്രഖ്യാപനം ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയാണുണ്ടായത്. ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിലെ വ്യവസ്ഥയനുസരിച്ച് സ്ഥാനമൊഴിയണമെന്ന് ലോകായുക്ത നിയമം 12 (3) വകുപ്പനുസരിച്ച് പ്രഖ്യാപനം ഉണ്ടായാലും കുറ്റാരോപിതന്‍ സ്ഥാനമൊഴിയേണ്ടതില്ല, മറിച്ച് യുക്താധികാരിക്ക് കുറ്റാരോപിതന്റെ വാദം കൂടി കേട്ട് ലോകായുക്ത വിധി തള്ളാന്‍ അധികാരം നല്‍കുന്നുവെന്ന വ്യവസ്ഥ ഫലത്തില്‍ ലോകായുക്ത നിയമം നിര്‍വ്വീര്യമാക്കിയതിന് തുല്യമാണ്. നിലവിലുള്ള നിയമം ഭരണഘടനാവിരുദ്ധമായതിനാലാണ് ഭേദഗതി ആവശ്യമായതെന്നാണ് നിയമമന്ത്രിയുടെ ഭാഷ്യം. പാര്‍ലമെന്റോ നിയമസഭയോ പാസ്സാക്കിയ നിയമം ഭരണഘടനാസൃതമാണെന്നാണ് നിയമപരമായ നിഗമനം, മറിച്ച് ഭരണഘടനാ കോടതികള്‍ ഭരണഘടനാ സാധുതയില്ലാത്ത നിയമമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ. അല്ലാതെ സംസ്ഥാനത്തെ നിയമമന്ത്രിക്ക് നിയമസഭ പാസ്സാക്കിയ നിയമത്തിന്റെ ഭരണഘടനാ സാധുത തീരുമാനിക്കുവാന്‍ അവകാശമില്ലെന്ന സത്യം മന്ത്രി സൗകര്യപൂര്‍വ്വം വിസ്മരിച്ചു. ഭരണഘടന അനുച്ഛേദം 14 അനുസരിച്ച് ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് യാതൊരാള്‍ക്കും നിയമത്തിന്റെ തുല്യമായ സംരക്ഷണമോ പരിഗണനയോ നിഷേധിക്കുവാന്‍ പാടില്ല. അനുച്ഛേദം 16 അനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രത്തിന്റെ കീഴിലുള്ള ജീവനത്തേയോ അഥവാ ഏതെങ്കിലും ഉദ്യോഗത്തിലുള്ള നിയമനത്തേയോ സംബന്ധിച്ച വിഷയങ്ങളില്‍ അവസരസമത്വം ഉണ്ടായിരിക്കണമെന്നതാണ് ഭരണഘടനാപരമായ വ്യവസ്ഥ.

കേരള ലോകായുക്തയുടെ 2021 ഏപ്രില്‍ 9-ലെ വിധിയില്‍ കെ.ടി. ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും സ്വജനപക്ഷപാതം കാട്ടി തന്റെ വകുപ്പിന്‍ കീഴിലുള്ള പൊതുമേഖലാസ്ഥാപനത്തില്‍ സ്വന്തം ബന്ധുവിന് നിയമവിരുദ്ധമായി നിയമനം നല്‍കിയെന്നും അതുവഴി മന്ത്രി കെ.ടി. ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും കണ്ടെത്തുകയും അതുകൊണ്ട് മന്ത്രി കെ.ടി. ജലീല്‍ മന്ത്രിസ്ഥാനം ഒഴിയണമെന്നും യുക്താധികാരിയായ മുഖ്യമന്ത്രി മന്ത്രി കെ.ടി. ജലീലിനെ മന്ത്രിസ്ഥാനത്തുനിന്നും നീക്കിക്കൊണ്ട് തീരുമാനം കല്പിക്കണമെന്നുമാണ് പ്രഖ്യാപനം. പുതിയ ഭേദഗതിയോടുകൂടി ലോകായുക്തയുടെ പ്രഖ്യാപനം വിധിയില്‍ മാത്രം ഒതുങ്ങും. യുക്താധികാരിയായ മുഖ്യമന്ത്രിക്ക് ലോകായുക്ത വിധി തള്ളാന്‍ അധികാരമുണ്ട്. ലോകായുക്തയുടെ വിധി യുക്താധികാരിക്ക് തള്ളാന്‍ അവകാശം നല്‍കുക വഴി ഭരണഘടനാലംഘനം നടത്തിയ മന്ത്രിയെ സംരക്ഷിച്ചുകൊണ്ട് തീര്‍പ്പു കല്പിക്കുവാന്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന വ്യവസ്ഥ ഫലത്തില്‍ കേരള ലോകായുക്ത നിയമത്തെ നിര്‍വ്വീര്യമാക്കിയിരിക്കുകയാണ്.
(മുന്‍ കേരള ഡയറക്ടര്‍ ജനറല്‍ ഓഫ്
പ്രോസിക്യൂഷന്‍ ആന്റ് കേരള ലോകായുക്ത മുന്‍ സ്പെഷല്‍ അറ്റോര്‍ണി)