ആദിവാസി ഭൂമി പ്രശ്‌നത്തെ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വലിയ പങ്കുവഹിച്ച, 1996-ല്‍ നടന്ന പാലക്കാട്ടെ ബന്ദിസമരത്തെ ഉപജീവിച്ച് 'പട' എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചയാളാണ് കമല്‍ കെ.എം. അന്താരാഷ്ട്രതലത്തില്‍ത്തന്നെ ഏറെ അനുവാചകശ്രദ്ധയും നിരൂപകശ്രദ്ധയും നേടിയ, കമലിന്റെ കന്നിചിത്രമായ 'ഐഡി' ബുസാന്‍ ഉള്‍പ്പെടെ നിരവധി അന്തര്‍ദ്ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഒന്‍പതു അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. ദേശീയതലത്തില്‍ ആ സിനിമയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള ഗോള്ളപ്പുഡി ശ്രീനിവാസ് നാഷണല്‍ അവാര്‍ഡും അരവിന്ദന്‍ പുരസ്‌കാരവും ലഭിച്ചിരുന്നു. സംവിധായകന്‍ സന്തോഷ് ശിവന്റെ അസോസിയേറ്റ് ഡയറക്ടറായും അദ്ദേഹത്തിന്റെ സിനിമകളുടെ രചയിതാവായും (ബിഫോര്‍ ദ റെയ്ന്‍സ്, തഹാന്‍) പ്രവര്‍ത്തിച്ചയാളാണ് കമല്‍.
തന്റെ 'പട' എന്ന സിനിമയെക്കുറിച്ചും അതിന്റെ പശ്ചാത്തലത്തേയും പ്രാധാന്യത്തേയും കുറിച്ച് സമകാലിക മലയാളവുമായി അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു.
സംഭാഷണത്തില്‍നിന്നു ചില പ്രസക്ത ഭാഗങ്ങള്‍:
പാലക്കാട്ട് ജില്ലാ കളക്ടറേറ്റില്‍ നടന്ന ബന്ദിനാടകമെന്ന ഒരു സമരത്തെ, ഒരു രാഷ്ട്രീയ സംഭവവികാസത്തെ സിനിമയാക്കി മാറ്റുമ്പോള്‍ തീര്‍ച്ചയായും ചില വെല്ലുവിളികള്‍ സംവിധായകന്‍ നേരിടുന്നുണ്ട്. 'പട'യില്‍ എങ്ങനെയാണ് താങ്കള്‍ ആ വെല്ലുവിളികളെ കൈകാര്യം ചെയ്തത്?
തുടക്കം മുതലേ തന്നെ വിശദമാക്കേണ്ടതുണ്ട്. ഈ സിനിമ എവിടെനിന്നു ജനിക്കുന്നു എന്നത്. ഈ സിനിമയെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഉയരുന്ന ഒരു ചോദ്യം എന്നത് ഇതിന്റെ നാടകീയതയ്ക്കു പിറകിലുള്ള ഇമോഷന്‍ എന്താണ് എന്നുള്ളതാണ്. ഞാനൊരു റൈറ്റര്‍-ഡയറക്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ആ നിലയ്ക്ക് എനിക്കു മനസ്സിലാകുന്നു അത് സെന്‍സിറ്റിവിറ്റിയെക്കുറിച്ചുളള ചോദ്യമാണ് എന്ന്. അതു നമ്മുടെ മനസ്സിന്റെ ഉള്ളിലുള്ള ഏറ്റവും ശക്തമായിട്ടുള്ള വികാരങ്ങളുടെ എക്‌സ്പ്രഷന്‍സിനെക്കുറിച്ചുള്ളതാണ്. ഈ ബന്ദിനാടകത്തെ ഞാന്‍ വിളിക്കുന്നത് 'പ്രതിഷേധപ്രകടനം' എന്നുതന്നെയാണ്. അക്ഷരാര്‍ത്ഥത്തില്‍ അതു പ്രതിഷേധം എന്ന വികാരത്തിന്റെ പ്രകടനം തന്നെയാണ്. അവിടെയുണ്ടായത് ഒരു പ്രകടനമാണ്, പെര്‍ഫോമെന്‍സ് തന്നെയാണ്. പ്രതിഷേധിക്കുന്നവര്‍ എങ്ങനെയാണ് അവരുടെ ആ വികാരത്തെ പെര്‍ഫോമേറ്റീവ് ആക്കുന്നു എന്നതിനെ കാണിക്കുന്നു ആ ആക്ഷന്‍. ആക്ട് എന്നും പറയാം. ആ പ്രൊട്ടസ്റ്റിലെ സൗന്ദര്യശാസ്ത്രഘടകം, അതിനെ ആര്‍ട്ടിസ്റ്റിക് ഫോം ആക്കുന്ന ഘടകം, അതിനെ സമരക്കാര്‍ പെര്‍ഫോമേറ്റീവ് ആക്കിയെന്നുള്ള കാര്യമാണ്. ഇതെല്ലാം ചേര്‍ത്തുവെയ്ക്കുന്നതോടെയാണ് ഇങ്ങനെയൊരു സിനിമ ജനിക്കുന്നത്. അതായത് ഈ സമരത്തിന്റെ സെന്‍സിറ്റീവ് സ്വഭാവവും ആ സമരത്തിലെ പെര്‍ഫോമെന്‍സ് എന്ന ഘടകവുമാണ് ഇങ്ങനെയൊരു സിനിമ ഉണ്ടാകുന്നതിനു കാരണമാകുന്നത്. സെന്‍സിറ്റീവ് ആയ കാര്യങ്ങളെക്കുറിച്ചു പറയുന്നത് പ്രേക്ഷകന് ഇഷ്ടമാണ് എന്ന് എനിക്കറിയാം. മറ്റൊന്ന് സമരത്തിലെ പെര്‍ഫോമെന്‍സിലെ അംശമാണ്. നാടകീയമായി ആവിഷ്‌കരിക്കപ്പെട്ട ഒരു സമരമായിരുന്നു അത്. അതുകൊണ്ട് ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് സിനിമ ഇറങ്ങിയാല്‍ ജനം സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അപ്പോഴാണ് ഇതിന്റെ രണ്ടിന്റേയും സാദ്ധ്യതകളുള്ള ഈ ഒരു സിനിമ മുഖാന്തരം സമരക്കാരുന്നയിച്ച പ്രശ്‌നത്തെ കലാപരമായി മുന്നോട്ടുവെയ്ക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നത്. അതുകൊണ്ടാണ് ആ പ്രശ്‌നത്തിന്റെ ആഴത്തെ ബോദ്ധ്യപ്പെടുത്തുന്നതിന് ബന്ദിനാടകത്തിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത്.
തീര്‍ച്ചയായും 'പട' എന്ന സിനിമ പൂര്‍ണ്ണമായും ചരിത്രമല്ല. എന്നാല്‍, ഒരു ചരിത്രസംഭവത്തോട് നീതി പുലര്‍ത്താന്‍ ശ്രമിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെട്ട സിനിമയാണ്. ഒരു ചരിത്രസംഭവത്തെ കലാപരമായി സമീപിച്ചുകൊണ്ടാണ് ആ വെല്ലുവിളികളെ നേരിടാനായത്.
ഈ സിനിമയെ സംബന്ധിച്ചിടത്തോളം ഇതില്‍ നിര്‍ണ്ണായകമായത് കാസ്റ്റിംഗാണ്. കമ്പോളമൂല്യമുള്ള താരങ്ങളാണ് പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ കാസ്റ്റിംഗ് കമ്പോളത്തിന്റെ താല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒന്നായി എന്നു വിമര്‍ശനമുയരുന്നു. എങ്ങനെയാണ് ഇതിനോടു പ്രതികരിക്കുന്നത്?
ഇതൊരു പെര്‍ഫോമന്‍സായിരിക്കെ, എന്തുകൊണ്ട് നല്ല പെര്‍ഫോമേഴ്സിനെ കൊണ്ടുവന്നുകൂടാ എന്ന ചിന്തയില്‍നിന്നാണ് താരമൂല്യമുള്ളവരെ തന്നെ പ്രധാന റോളുകള്‍ കൈകാര്യം ചെയ്യുന്നതിനു കൊണ്ടുവരുന്നത്. ഇതൊരു വലിയ സംഭവമാണ്. വലിയതെന്നു പറയുമ്പോള്‍ കേരളത്തെ മുഴുവന്‍ പത്തു മണിക്കൂര്‍ നിശ്ചലാവസ്ഥയിലാക്കുകയോ അക്ഷരാര്‍ത്ഥത്തില്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയോ ഒക്കെ ചെയ്ത ഒരു സംഭവമായിരുന്നു പാലക്കാട്ടെ ബന്ദിനാടകം. വിശേഷിച്ചും പാലക്കാട് ജില്ലയെ. ജില്ല മുഴുവന്‍ പൂര്‍ണ്ണമായും സ്തംഭിച്ചു. കളക്ടറേറ്റിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെടുന്നുണ്ട് അന്ന്. എല്ലാവരും റേഡിയോയിലേക്കും മാദ്ധ്യമങ്ങളിലേക്കും ശ്രദ്ധ തിരിക്കുന്നു. വാര്‍ത്തകള്‍ക്കുവേണ്ടി കാതോര്‍ത്തു. വലിയൊരു സംഭവമായിരുന്നു അത്. വലിയ വ്യാപ്തിയുള്ള സംഭവം. ക്യാമറയുടെ മുന്‍പില്‍ ഒരു ജനക്കൂട്ടത്തെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഇതൊരു ബിഗ് ബജറ്റ് ചിത്രമാണ്. തുടക്കത്തില്‍ തന്നെ ഒരു പത്തുകോടിയോളം ചെലവ് കണക്കാക്കപ്പെട്ടു. വലിയ സാമ്പത്തിക ബാദ്ധ്യതയുള്ള ഒന്ന്.
എന്റെ മനസ്സില്‍ വന്ന ആദ്യത്തെ കാസ്റ്റ് വിനായകനായിരുന്നു. അതിനുശേഷം ദിലീഷ് പോത്തന്‍. പിന്നീട് ജോജു ജോര്‍ജ്. കുഞ്ചാക്കോ ബോബന്‍. ആ ഓര്‍ഡറില്‍ ഓരോരുത്തരും വരുമ്പോള്‍ എനിക്ക് ഒരു ധാരണയുണ്ടായിരുന്നു. ഏതൊക്കെ കഥാപാത്രത്തെ ഇവര്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന്. ഉദാഹരണത്തിന് വിനായകന്‍. ബാലു എന്ന കഥാപാത്രമാണ് വിനായകന്‍ കൈകാര്യം ചെയ്യേണ്ടത് എന്നുറപ്പിച്ചിരുന്നു. പിന്നീട് നടത്തിയ കാസ്റ്റിംഗ് എല്ലാം അതിനനുസരിച്ചുള്ളതായിരുന്നു. എന്റെ ഫ്രണ്ട് കൂടിയാണ് വിനായകന്‍. അതുകൊണ്ടുതന്നെ എനിക്കറിയാം As a person and as an actor I knew exactly where he belonged to. വര്‍ഷങ്ങളായി അറിയുന്നയാളാണ് അദ്ദേഹം. ഈയൊരു കഥാപാത്രത്തിന്റെ ലൊക്കേഷന്‍സുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്തുകൊണ്ടും വിനായകന്‍. അതുകൊണ്ടുതന്നെ ബാലു കല്ലാര്‍ എന്ന കഥാപാത്രവുമായുള്ള സാമ്യം പെട്ടെന്നുതന്നെ എനിക്കു തിരിച്ചറിയാനായി. പിന്നെ ജോജു ജോര്‍ജ് അവതരിപ്പിച്ച കഥാപാത്രം. ആ കഥാപാത്രത്തിന്റെ സൃഷ്ടിക്ക് അടിസ്ഥാനമാക്കിയിട്ടുള്ള അജയന്‍ മണ്ണൂരെന്ന സഖാവിനെ എനിക്കറിയാം. വളരെ ടഫ് ആയ ഒരു കാരക്ടറാണ്. അത് ജോജുവിനാകും എന്ന് ഉറപ്പിച്ചു. വിളയോടി ശിവന്‍കുട്ടിയെ അടിസ്ഥാനമാക്കിയ കഥാപാത്രം ദിലീഷ് പോത്തനാണ് അവതരിപ്പിച്ചത്. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നയാളാണ് ശിവന്‍കുട്ടി ചേട്ടന്‍. അതിന്റെ ഏകാംഗ പോരാട്ടങ്ങളില്‍ പൊലീസിന്റെ പിടിയിലായിട്ടുള്ളയാളുമാണ്. ദിലീഷ് പോത്തന്‍ എന്നയാള്‍ റാഡിക്കലാണ് എന്നതുപോലെ റാഷണലുമാണ്. അദ്ദേഹത്തിനു ശിവന്‍കുട്ടിയെ അടിസ്ഥാനമാക്കിയ കഥാപാത്രത്തെ പെട്ടെന്നു ഉള്‍ക്കൊള്ളാനാകും എന്നു തോന്നി. ആ ധാരണയെ അടിസ്ഥാനമാക്കിയായിരുന്നു ദിലീഷ് പോത്തന് കഥാപാത്രത്തെ നിശ്ചയിച്ചത്. പിന്നെ കുഞ്ചാക്കോ ബോബന്‍. അതു ഏറെ ചേരുന്ന, സൗന്ദര്യമുള്ള ഒരു കാസ്റ്റിംഗ് ഓപ്ഷനായിരുന്നു. കാഞ്ഞങ്ങാട് രമേശനെ അടുത്തറിയുന്നവര്‍ക്ക് അതു മനസ്സിലാകും. അദ്ദേഹം ശരിക്കും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ നിന്നൊക്കെയാണ് രാഷ്ട്രീയത്തില്‍ വരുന്നത്. എഴുപതുകളിലെ സമാന്തര സിനിമയില്‍നിന്നും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ നിന്നുമൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ വരുന്നത്. സാഹിത്യത്തിലൊക്കെ കുറേയധികം താല്പര്യമുള്ള, നല്ല വായനയുള്ള, ലോകത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചുമൊക്കെ കാല്പനിക സങ്കല്പങ്ങള്‍ വെച്ചുപുലര്‍ത്തുന്നയാളാണ് രമേശന്‍. അങ്ങനെയൊരു കാല്പനികതയും യുവത്വവും ചങ്കൂറ്റവുമൊക്കെ സമ്മേളിക്കുന്ന വ്യക്തിത്വം. ആ കഥാപാത്രം കുഞ്ചാക്കോ ബോബനു കൈകാര്യം ചെയ്യാന്‍ എളുപ്പമായിരിക്കുമെന്ന് എനിക്കു തോന്നി. അഭിനേതാക്കള്‍ എന്നു നമ്മള്‍ നിശ്ചയിക്കുന്ന ആളുകളുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നമുക്ക് ഏതു കഥാപാത്രം ചേരുമെന്ന ഒരു ഉള്‍വിളി കിട്ടും. അവര്‍ക്കു കണ്ടുവെച്ച കഥാപാത്രത്തിനെ സംബന്ധിച്ചു വിവരിക്കുമ്പോള്‍ അവരെങ്ങനെയാണ് അതിനോടു പ്രതികരിക്കുന്നത് എന്നതില്‍നിന്നുതന്നെ നമുക്ക് ഒരു തീരുമാനം ഉണ്ടാക്കാനാകും. As a writer-director, I get an assurance from their small performance. ചിലപ്പോള്‍ വെറുമൊരു വാക്കായിരിക്കും. ആ കഥാപാത്രത്തിന്റെ സൂക്ഷ്മമായ ഒരു തന്തുവില്‍ അവര്‍ സ്പര്‍ശിച്ചതായി നമ്മളറിയും. ഞാന്‍ കഥയാണ് ജോജുവിനോട് ആദ്യം പറഞ്ഞത്. അപ്പോള്‍ താന്‍ ഏതു കഥാപാത്രമാണ് എന്നു ജോജു ചോദിച്ചു. അജയന്‍ മണ്ണൂരിനെ ആസ്പദമാക്കിയ അരവിന്ദന്‍ എന്ന കഥാപാത്രമാണ് എന്റെ മനസ്സില്‍ എന്നു പറഞ്ഞു. ഉടനെ അദ്ദേഹം എഴുന്നേറ്റിട്ട് ''മാറെടാ'' എന്നു കനത്ത ശബ്ദത്തില്‍ പറഞ്ഞു. സിനിമയില്‍ കളക്ടറെ ബന്ദിയാക്കുന്ന സമയത്ത് ആ കഥാപാത്രം പ്രകടിപ്പിക്കുന്ന ശക്തി അപ്പോള്‍ ജോജു പുറപ്പെടുവിച്ച ആ ആജ്ഞയില്‍ നിലീനമായിരുന്നു. അത്രയും നിസ്സാരമായി അതോടെ ആ ഐഡന്റിഫിക്കേഷന്‍.
സ്ത്രീകഥാപാത്രങ്ങളെ സംബന്ധിച്ചാണ് സിനിമ കണ്ടിറങ്ങുന്നവരില്‍ വ്യത്യസ്തമായ പ്രതികരണങ്ങളുള്ളത്. മുഖത്ത് മെഴുക്കുപുരണ്ട ടൈപ്പ് കഥാപാത്രങ്ങള്‍ ആണ് ഈ സിനിമയിലും ഉള്ളതെന്നും അവര്‍ അരികുകളിലേക്ക് നീക്കപ്പെട്ടിരിക്കുന്നുവെന്നുമൊക്കെ വിമര്‍ശനമുണ്ട്.
ഇങ്ങനെയൊരു വിമര്‍ശനത്തെക്കുറിച്ചു ഞാന്‍ ബോധവാനാണ്. അങ്ങനെയൊരു വിമര്‍ശനത്തിനുള്ള സാദ്ധ്യത ഞാന്‍ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുന്ന ഘട്ടത്തില്‍ത്തന്നെ അഭിമുഖീകരിച്ചുകൊണ്ടിരുന്ന പ്രശ്‌നമാണ്. ഈ സിനിമയുടെ കാസ്റ്റിംഗ് ഡയറക്ടറും ചീഫ് അസോസിയേറ്റ് ഡയറക്ടറും എന്റെ ജീവിതപങ്കാളി സുധാ പത്മജാ ഫ്രാന്‍സിസ് ആണ്. ഈ സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ തന്നെ സുധയുടെ ഏറ്റവും വലിയ ആക്ഷേപവും അതായിരുന്നു. ഇതൊരു മസ്‌കുലിന്‍ സിനിമയാകുമെന്നായിരുന്നു സുധയുടെ ഏറ്റവും വലിയ പേടിയും. എന്നാല്‍, ഇന്ന് ഫെമിനിസം ഇന്‍ ഇന്‍ഡ്യ എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ വന്ന ഒരു ലേഖനം ഈ വിമര്‍ശനത്തിനുള്ള നല്ല ഒരു പ്രതികരണമാണ്. മലയാള സിനിമയിലെ ഏറ്റവും മുതിര്‍ന്ന നാല് അഭിനേതാക്കളെ നായകരാക്കിയതിനാല്‍, 'പട'യ്ക്ക് എളുപ്പത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍ ചാര്‍ജ്ജ് മുഖാന്തരമുള്ള ഉന്മാദം സാധ്യമാകുമായിരുന്നുവെന്നും പക്ഷേ, അങ്ങനെയല്ലാ സിനിമയില്‍ സംഭവിച്ചതെന്നും ആ ലേഖനം പറയുന്നുണ്ട്. മിക്കപ്പോഴും സിനിമ പൊതുവേ പൗരുഷത്തെ ഉദ്‌ഘോഷിക്കുന്ന ഒരു എലമെന്റിലാണ് ബില്‍ഡ് ചെയ്യപ്പെടാറുള്ളതെങ്കില്‍ ഈ സിനിമയില്‍ അങ്ങനെയുള്ള സ്റ്റീരിയോടിപ്പിക്കലായിട്ടുള്ള ഒരു മസ്‌കുലിനിറ്റിയുടെ പ്രയോഗമൊന്നുമില്ലെന്ന് ലേഖനത്തില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്.
സ്ത്രീപക്ഷവാദം ഇന്നത്തോളം ശക്തമായിട്ടില്ലാത്ത ഒരു കാലത്താണ് ബന്ദിനാടകം എന്ന രാഷ്ട്രീയസമരം നടക്കുന്നത്. ഭരണ-സമര തലങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തെ സംബന്ധിച്ച് ഇന്നത്തോളം സജീവമായ ചര്‍ച്ചകളോ നടപടികളോ അന്നുണ്ടായിട്ടില്ല. ഉണ്ടായിവരുന്നതേയുള്ളൂ. ആ സമയത്ത് സ്ത്രീശാക്തീകരണത്തെക്കുറിച്ചും ജനാധിപത്യ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചയുമൊക്കെ ശക്തിപ്പെടുന്നതേയുള്ളൂ. അല്ലെങ്കില്‍ സ്ത്രീ ശാക്തീകരണത്തിന്റെ പ്രാരംഭദശകളിലായിരുന്നു കേരളീയ സമൂഹം എന്നൊക്കെ പറയാം. ഇന്നുപോലും രാഷ്ട്രീയം എന്നത് പുരുഷന്റെ മേഖലയായി തുടരുന്നു എന്നതല്ലേ യാഥാര്‍ത്ഥ്യം? ആ നിലയ്ക്ക് അന്നത്തെ ഒരു സംഭവത്തെക്കുറിച്ച് ചിത്രീകരിക്കുമ്പോള്‍ മറിച്ചൊരു സ്ത്രീപക്ഷ വിവരണം സാധ്യമല്ലെന്നതു വസ്തുതയല്ലേ?
സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ഒരു സമയത്തുണ്ടായ ചിന്ത ഈ നാലുപേരില്‍ ഒരാള്‍ എന്തുകൊണ്ട് ഒരു സ്ത്രീയായിക്കൂടാ എന്നതാണ്. എന്തായാലും This is a film inspired by real events. പക്ഷേ, ഇതു സിനിമയ്ക്കുവേണ്ടി ഒരു കഥാരൂപമാക്കി എന്നൊരു ഡിസ്‌ക്ലെയ്മറിലായിരിക്കും സിനിമ പുറത്തുവരിക. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്കെന്തു സ്വാതന്ത്ര്യവുമെടുക്കാവുന്നതാണ്. ആ സ്വാതന്ത്ര്യമെടുത്തുകൊണ്ട് ഞാനിത് പുതുക്കിക്കഴിഞ്ഞാല്‍ ഈ ആത്മപ്രതിസന്ധിയേക്കാള്‍ വലിയ ആത്മപ്രതിസന്ധിയായിരിക്കും അനുഭവിക്കേണ്ടിവരിക. ഇപ്പോള്‍ സജീവമായിട്ടുള്ള സ്ത്രീപക്ഷവാദത്തെ പ്രീണിപ്പിക്കുന്നതിനുവേണ്ടി ബലം പ്രയോഗിക്കുന്ന പരിപാടിയായിട്ടാണ് ഞാനും ഇതു കാണുന്ന ആളുകളും കാണുക. എന്തായിരിക്കും അന്നു സംഭവിച്ചിരിക്കുക, ഈ സമരവുമായി ബന്ധപ്പെട്ടിട്ടുള്ള സ്ത്രീകളുടെ മനോവ്യാപാരങ്ങള്‍ എന്തായിരിക്കും എന്നൊക്കെ ഞാന്‍ അപ്പോള്‍ ചിന്തിച്ചു. ഇതില്‍ സമരത്തിനൊരുങ്ങുന്ന കഥാപാത്രങ്ങളും അവരുമായി ബന്ധമുള്ള സ്ത്രീകളുമൊക്കെ എന്താണ് സംഭവിക്കാനിരിക്കുന്നത്, ചെയ്യാന്‍ പോകുന്ന ഇടപെടലിന്റെ ഗൗരവമെന്താണ് എന്നൊക്കെ സംബന്ധിച്ച് Aware ആണ് എന്നു കണ്ടു. കനി അവതരിപ്പിച്ച ഷീജ എന്ന കഥാപാത്രം ഉദാഹരണം. ഭര്‍ത്താവ് ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള ഉദ്യമത്തിന്റെ റിസ്‌ക് എന്താണെന്ന് അവര്‍ക്കറിയാം. അവര്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. എന്നാല്‍, അതു മറ്റുള്ളവരുടെ മുന്‍പില്‍ കാണിക്കാതെ രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയത്തെക്കുറിച്ച് ബോധവതികളായിരിക്കെത്തന്നെ ഷീജ, ഉണ്ണിമായയുടെ മിനി, കളക്ടറുടെ ഭാര്യ എന്നിവര്‍ കൈകാര്യം ചെയ്യുന്നത് കുടുംബം കൂടിയാണ്. അവരുടെ അധികബാധ്യതകളെക്കുറിച്ചുള്ള ബോധ്യത്തോടെ തന്നെയാണ് സിനിമ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഈ ആണുങ്ങളാരും തന്നെ വീട്ടുജോലികള്‍, ഗാര്‍ഹികമായ ഉത്തരവാദിത്വങ്ങള്‍ ഷെയര്‍ ചെയ്യുന്ന തരത്തിലുള്ളവരല്ല. കാരണം '90-കളില്‍ അങ്ങനെയൊരു കള്‍ച്ചര്‍ ഉണ്ടായിവന്നിട്ടില്ല. ഇപ്പോള്‍ മാത്രമാണ് നമ്മുടെ മാറിവന്ന ജെന്‍ഡര്‍ ഭാവുകത്വത്തിന് അനുസരിച്ചുള്ള റോള്‍ പ്ലേ നമ്മള്‍ ചെയ്തുതുടങ്ങിയത്. കാലഘട്ടത്തില്‍ വന്ന മാറ്റമാണ് അത്. ഇതെല്ലാം പരിശോധിച്ചതിനുശേഷം മാത്രമേ ഒരു എഴുത്തുകാരന് അതില്‍ ഇടപെടാനാകൂ. ഏത് എഴുത്തുകാരനും അതിന്റെ കഥാന്തരീക്ഷത്തില്‍ ഇടപെടുന്നതിനു പരിമിതികളുണ്ട്. വിശേഷിച്ചും ചരിത്രത്തെ ഉപജീവിച്ച് എഴുതുന്ന സന്ദര്‍ഭത്തില്‍. അതുകൊണ്ടുതന്നെ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നത് ''ഇത് ഒരു ഇരുപത്തിയഞ്ചു വര്‍ഷം മുന്‍പു നടന്ന കഥയാണ്'' എന്നതാണ്. അന്നത്തെ സമൂഹത്തിന്റെ ടെക്‌സ്ചര്‍ എന്താണെന്നുള്ളത് കൂടി കമ്യൂണിക്കേറ്റ് ചെയ്യപ്പെടുന്നുണ്ടെങ്കില്‍ വളരെ നല്ലത്.
സ്‌ക്രിപ്റ്റ് എഴുതുമ്പോള്‍ ഞാന്‍ ഇടയ്ക്ക് കുറച്ചുകൂടി വോക്കല്‍ ആകാന്‍ നോക്കി. ഷീജ അവരുടെ ഉല്‍ക്കണ്ഠയൊക്കെ തുറന്നുപറയുന്നതൊക്കെ എഴുതിനോക്കി. അപ്പോള്‍ ഡ്രമാറ്റിക് ആയ ചില പരിമിതികളൊക്കെ അവിടെ ഉണ്ടാകും. ഇതെല്ലാം ബാലന്‍സ് ചെയ്തുകൊണ്ടുപോകാന്‍ നോക്കിയതിന്റെ ഫലമായിട്ടാണ് സ്‌ക്രിപ്റ്റിന്റെ അന്തിമരൂപം. എന്തായാലും ഞാനാദ്യം ഉണ്ടാക്കിയ സിനിമ 'ഐഡി' ഒരു സ്ത്രീയെ പൂര്‍ണ്ണമായും കേന്ദ്രകഥാപാത്രമാക്കി ചെയ്തതാണ്. ഇതില്‍ നാല് പുരുഷന്മാരാണ് കേന്ദ്രകഥാപാത്രങ്ങള്‍ എന്നുവരികിലും.
'ഐഡി'യില്‍നിന്നു 'പട'യിലേക്കു വരുമ്പോള്‍ സംവിധായകന്‍ എന്ന നിലയിലുള്ള പരിണാമത്തെ സ്വയം വിലയിരുത്തുന്നതെങ്ങനെയാണ്?
'ഐഡി' കുറച്ചുകൂടി നൈസര്‍ഗ്ഗികത ഉള്ള സൃഷ്ടിയാണ് എന്നു ഞാന്‍ പറയും. നൈസര്‍ഗ്ഗികത എന്നു പറയുമ്പോള്‍ വളരെ കുറച്ചാളുകള്‍ കൂടിച്ചേര്‍ന്നുണ്ടാക്കുന്നതിന്റെ ലാളിത്യവും സ്വാഭാവികതയും അതിനുണ്ടെന്നര്‍ത്ഥം. കുറച്ചാളുകളേ ഉള്ളൂ എന്നതുകൊണ്ട് അവിടെ കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. കാര്യങ്ങളെ മാറ്റാനും മറിച്ചിടാനും. പതിനഞ്ചു പേരുള്ള ഒരു ക്രൂ ആണ് എങ്കില്‍ കുറച്ചുകൂടി വേഗത്തിലും എളുപ്പത്തിലും കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ കഴിയുന്നതിന്റെ സൗകര്യം ഞാനനുഭവിച്ചിട്ടുണ്ട്. ഇതു വലിയൊരു സിനിമയാണ്. 1500-ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വെച്ച് പത്തോളം ദിവസം ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ടാകും. എന്നുവെച്ചാല്‍ ഒരു ബിഗ് ക്രൗഡിനെയൊക്കെ വെച്ച് ദിവസങ്ങളോളം. ഓരോ തീരുമാനവും എടുക്കാനും നടപ്പാക്കാനും കുറേക്കൂടി സമയം വേണ്ടിവരും എന്നു മനസ്സിലാക്കണം. അതു മാത്രമാണ് എന്നെ സംബന്ധിച്ച് ഒരു വ്യത്യാസം എന്നു പറയാവുന്നത്. അതല്ലാതെ ഒരു സിനിമയെ കാണുന്നതിലോ സമീപിക്കുന്നതിലോ ഒക്കെ ഉള്ളത്, നമ്മളവിടെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നത് ഒരു ഇന്റീരിയോറിറ്റി ആണ്. വിഷയത്തിന്റെ, ആശയത്തിന്റെ ഒപ്പം കഥാപാത്രങ്ങള്‍ നില്‍ക്കുന്ന സ്‌പേസിന്റെ, ടൈമിന്റെ ഒക്കെ ഒരു ഇന്റീരിയോറിറ്റി ക്രിയേറ്റ് ചെയ്യുകയെന്നതാണ്. അത് 'ഐഡി'യിലായാലും 'പട'യിലായാലും ഒരേപോലെയുള്ള ശ്രമമാണ് എനിക്കു എടുക്കേണ്ടിവരുന്നത്. ആ പ്രക്രിയയില്‍ വ്യത്യാസമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. തീര്‍ച്ചയായും ഓരോ സിനിമയും ഓരോ അനുഭവമാണ് അതിന്റെ സൃഷ്ടാക്കളെ സംബന്ധിച്ചിടത്തോളവും. ഓരോ സിനിമയും ചെയ്യുമ്പോള്‍ വ്യത്യസ്ത തരം ആളുകളുമായാണ് ഇടപെടേണ്ടിവരുന്നത്. 'ഐഡി'യിലാണെങ്കില്‍ പ്രഫഷണല്‍ ആക്ടേഴ്‌സ് ആയിരുന്നില്ല. ഗീതാഞ്ജലി ഥാപ്പ ആദ്യമായിട്ടായിരുന്നു അഭിനയിക്കുന്നത്. ഇവിടെ, 'പട'യില്‍ എല്ലാവരോടും ചുരുങ്ങിയ വാക്കുകളില്‍ മാത്രം സംസാരിച്ചാല്‍ മതി. അത് എന്റെ ജോലിയെ ലഘൂകരിച്ചതോടൊപ്പം അവര്‍ കൊണ്ടുവരുന്ന ആശയങ്ങള്‍ സിനിമയെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. സിനിമ ഒരു സംഘടിത പ്രവര്‍ത്തനമാണല്ലോ. അതുകൊണ്ട് ആശയങ്ങളുടേയും നിര്‍ദ്ദേശങ്ങളുടേയും തീവ്രവും ബൃഹത്തുമായ ഒരു വോള്യം ഉണ്ടാകും. നാടകത്തിലത് ഒരു മാസമൊക്കെ നീണ്ടുനില്‍ക്കുന്ന റിഹേഴ്‌സല്‍ ക്യാംപുകളിലാണ് പ്രയോഗവല്‍ക്കരിക്കപ്പെടുന്നതെങ്കില്‍ ഇവിടെ ഓരോ ഷോട്ടിനും മുന്‍പേയുള്ള പത്തുമിനിറ്റിലാണ് പ്രയോഗസാധ്യമാകുമോ എന്നന്വേഷിക്കപ്പെടുന്നത്.
പത്തുമണിക്കൂര്‍ നീണ്ട ഒരു സംഭവത്തെയാണ് ഒന്നോ രണ്ടോ മണിക്കൂറുകളുള്ള ഒരു സിനിമാക്കഥയിലേക്ക് മാറ്റുന്നത്. ഒന്നാമതായി, പാലക്കാട് കളക്ടറേറ്റിനുള്ളില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങളെ പൂര്‍ണ്ണമായും വിവരിക്കുക പ്രയാസമാണ്. മാത്രവുമല്ല, ഈ മണിക്കൂറുകള്‍ക്കുള്ളില്‍ കഥാപാത്രങ്ങളുടെ വൈകാരികലോകം സജീവമെങ്കിലും മുറിക്കകത്ത് അധികം ആക്ടിവിറ്റിയൊന്നും സാധ്യവുമല്ല. എങ്ങനെയാണ് പിന്നെ ഈ കഥപറയല്‍ സാദ്ധ്യമായത്?
ആദ്യം ചെയ്തത് കളക്ടറുടെ ചേംബറില്‍ നടന്ന സമരവുമായി പുറത്തുനടന്ന അനുബന്ധ സംഭവങ്ങളെയെല്ലാം ചേര്‍ത്തുവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളുള്‍ക്കൊള്ളുന്ന ലീനിയര്‍ ആയ കഥാഗതിയെ ഞാന്‍ മാറ്റിമറിച്ചു. ഫിക്ഷണലായുള്ള എലിമെന്റുകളെല്ലാം ചേര്‍ത്തുവെച്ച് പുതിയൊരു സംഭവഗതി സാധ്യമാക്കി. ഉദാഹരണത്തിന് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച രാകേഷിനെ (രമേശ് കാഞ്ഞങ്ങാട്) പൊലീസ് പിടിക്കുന്നത് വേറെയെപ്പോഴോ നടന്ന ഒരു കാര്യമാണ്. പക്ഷേ, കളക്ടറുടെ ചേംബറില്‍ നടന്ന സമരത്തിനോട് ബന്ധപ്പെട്ട് എന്ന നിലയില്‍ ചേര്‍ത്തുവെയ്ക്കുകയാണ്. ഇങ്ങനെ പല സമയങ്ങളില്‍ നടന്ന കാര്യങ്ങളെ മുഖ്യസംഭവവുമായി ചേര്‍ത്തുവെച്ചു. അതോടെ, കുറച്ചുകൂടി വ്യക്തമായ, ഉദ്വേഗജനകമായ ഒരു സംഭവഗതി ഉണ്ടായി. ഒറ്റവാക്കില്‍ ഈ സിനിമയെ ഞാന്‍ വിശേഷിപ്പിക്കുന്നത് 'ത്രില്ലര്‍' എന്നാണ്. ത്രില്ലറായതുകൊണ്ടുതന്നെ ഡ്രമാറ്റിക് പ്രോഗ്രഷന്‍ ഉണ്ടാക്കുന്നതിനുവേണ്ടി ഇതുമായി ബന്ധപ്പെട്ട് പല സമയങ്ങളില്‍ നടന്ന സംഭവങ്ങളെ തിരക്കഥയില്‍ ഉള്‍ക്കൊള്ളിച്ചു. ഈ സിനിമയില്‍ എത്ര ശതമാനം ഫാക്ട്, എത്ര ശതമാനം ഫിക്ഷന്‍ എന്നു ചോദിച്ചാല്‍ 80 ശതമാനം ഫാക്ട് എന്നും 20 ശതമാനം ഫിക്ഷന്‍ എന്നും ഞാന്‍ പറയും. ഡ്രമാറ്റിക് എഫക്ടിനുവേണ്ടി എനിക്കു ഫിക്ഷന്‍ എന്ന ഘടകത്തെ അധികം ആശ്രയിക്കേണ്ടിവന്നിട്ടില്ല. എന്താണെന്നുവെച്ചാല്‍ ആ സംഭവത്തില്‍ തന്നെ നാടകീയത വേണ്ടുവോളമുണ്ട്. അല്ലെങ്കില്‍ ഇതിലെ കഥാപാത്രങ്ങളായി തീര്‍ന്ന യഥാര്‍ത്ഥ മനുഷ്യരുടെ ജീവിതത്തില്‍.
'പട' എന്ന സിനിമയില്‍ പശ്ചാത്തലസംഗീതത്തിനു നല്ല പ്രാധാന്യമുണ്ട്. ത്രസിപ്പിക്കുന്ന ഒരു ബാക്ക് ഗ്രൗണ്ട് സ്‌കോര്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. പൊളിറ്റിക്കല്‍ ആയ ഒരു ചിത്രത്തിനു പശ്ചാത്തല സംഗീതമായി ത്രില്ലറിനു ചേര്‍ന്ന ഒന്നാണ് ഉപയോഗിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെ?
ഇത് ഒരു ത്രില്ലര്‍ തന്നെയാണ്. അപ്പോള്‍ ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ അതിനു ചേരുന്നതായിരിക്കേണ്ടതു തന്നെയല്ലേ അത്. ആ കഥയുടെ ആന്തരികത വെളിപ്പെടുത്തുന്നതിനു ഉപയോഗിക്കുന്ന മണ്ഡലം കൂടിയാണ്. അതായത് സൗണ്ട് ട്രാക്കിനെ നാം സാധാരണയായി വിഭജിക്കുന്നത് സംഭാഷണങ്ങള്‍, മറ്റു ശബ്ദങ്ങള്‍ (സ്വാഭാവികം ഉള്‍പ്പെടെ), പിന്നെ എഫക്ട്‌സ്. പിന്നെയാണ് മ്യൂസിക്. അത് വേറൊരു ലെയറാണ്. സംഭാഷണത്തില്‍ എന്തെല്ലാം അര്‍ത്ഥമാക്കാന്‍ ശ്രമിക്കുന്നുവോ അതുതന്നെയാണ് എഫക്ട്‌സില്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത്.
ഒരിക്കല്‍പ്പോലും സമീര്‍ താഹ എന്നോടു ചോദിച്ചിട്ടില്ല സ്ലോ മോഷന്‍ ഷോട്ട് വേണമോ എന്ന്. മലയാള സിനിമയില്‍ പ്രേക്ഷകരെ ഹീറോയിസവുമായി കണക്ട് ചെയ്യുന്ന ക്രാഫ്റ്റ് ഡിവൈസ് എന്നു പറയുന്നത് സ്ലോമോഷന്‍ ഷോട്ടുകളാണ്. ഇതില്‍ അങ്ങനെയൊരു ഷോട്ടില്ല. എന്നാല്‍, ഹീറോയിസത്തിന്റെ ഒരു ഫീല്‍ ഉണ്ടാക്കുന്നുമുണ്ട്. നാലുപേര്‍ നടന്നുവരുന്ന ഒരു രംഗമുണ്ട്. ലോങ് ഷോട്ടില്‍ ചിത്രീകരിച്ചത്. ആ നടത്തത്തില്‍ അവരുടെ നിശ്ചയദാര്‍ഢ്യവും തമ്മിലുള്ള ബോധ്യവും പരിസരബോധവും ജാഗ്രതയും ഒക്കെ പ്രതിഫലിക്കുന്നുണ്ട്. ആ നാലുപേര്‍ ഒരു മെഡിറ്റേറ്റീവ് ആയ ഒരു നിമിഷത്തിലേക്ക് കടക്കുന്ന ഒരു മുഹൂര്‍ത്തമാണ് അത്. അപ്പോള്‍ വിഷ്ണു വിജയന്‍ ആണ് (സംഗീതം ചെയ്തയാള്‍) പറയുന്നത് അതിനുപറ്റിയ ഒരു സ്‌കോര്‍ വേണം എന്നു നിര്‍ദ്ദേശിക്കുന്നത്. സിനിമയില്‍ ഒരു ഇമേജിന്റെ അകത്തിരിക്കുന്ന ഇമോഷനെയാണ് സംഗീതം പുറത്തുകൊണ്ടുവരേണ്ടത്. '90-കളില്‍ മലയാളത്തിന്റെ സംഗീതബോധത്തില്‍ എന്തെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് അപ്പോള്‍ അന്വേഷിച്ചു. അയ്യപ്പഭക്തിഗാനങ്ങള്‍, സിനിമാഗാനങ്ങള്‍, മുദ്രാവാക്യങ്ങള്‍. അങ്ങനെയാണ് ആകസ്മികമായി ഒരു ജാസ് ഫീലിലേക്ക് എത്തിച്ചേരുന്നത്. '90-കളില്‍ ജാസ് മ്യൂസിക്കും യൂറോപ്യന്‍ ക്ലാസ്സിക്ക് മ്യൂസിക്കുമൊക്കെ കാസെറ്റ് ടേപ്പുകളിലൂടെ നമ്മള്‍ കേള്‍ക്കുകയും കൈമാറുകയുമൊക്കെ ചെയ്തിട്ടുണ്ട്. അക്കാലത്ത് ലോകസംഗീതത്തോട് ഏറ്റവുമധികം ഇന്റര്‍ ആക്ട് ചെയ്തത് നമ്മുടെ നാട്ടിലെ റാഡിക്കലായ രാഷ്ട്രീയമുള്ള മനുഷ്യരാണ്. അതുകൊണ്ടുതന്നെ ജാസ് ഉപയോഗിക്കാമെന്ന് വിഷ്ണു നിര്‍ദ്ദേശിച്ചത് ഉചിതമായി എനിക്കു തോന്നി.
ക്യാമറ നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞ സിനിമയാണ് 'പട.' രാഷ്ട്രീയ പ്രമേയമുള്ള ഒരു സിനിമയില്‍ കാഴ്ചയുടെ കോണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
ഇങ്ങനെയൊരു സംഭവത്തെക്കുറിച്ചു പറയുമ്പോള്‍ ഈ കഥ പറയുന്നവര്‍ ഏതു പക്ഷത്തുനിന്നുകൊണ്ടാണ് ആ പ്രവൃത്തി നിര്‍വ്വഹിക്കുന്നത് എന്നതിനു വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ക്യാമറക്കു പ്രാധാന്യം ലഭിക്കുന്നു. ഇതിലെ വിവിധ കഥാപാത്രങ്ങള്‍ പലതരം ആത്മവിചാരങ്ങള്‍ ഉള്ളയാളുകളാണ്. അപ്പോള്‍, എല്ലാവരുടേയും ആ സമയത്തുള്ള ആത്മവിചാരങ്ങളെ അവരോടൊപ്പമിരുന്നു കാണണം എന്നാണ് ഞാന്‍ നിശ്ചയിച്ചത്. ഇതില്‍ നാലു കേന്ദ്രകഥാപാത്രങ്ങള്‍ക്കു പുറമേ അഞ്ചാമനായി ഇതിന്റെ രചയിതാവുണ്ടെന്ന്, സംവിധായകനുണ്ടെന്ന് 'പട' കണ്ട ആരോ പറഞ്ഞുകേട്ടു. എനിക്കു വലിയ സന്തോഷം തോന്നി. 'ഐഡി' എന്ന സിനിമയിലും ഞാന്‍ ഇങ്ങനെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ സിനിമയിലും അതിഭാവുകത്വമുള്ള ഷോട്ടുകള്‍ വേണ്ടെന്നു നിശ്ചയിച്ചു. സാധാരണഗതിയില്‍ കമേഴ്‌സ്യല്‍ സിനിമയില്‍ അതു പതിവുള്ളതാണ്. ഈ സിനിമയില്‍ വേണമെങ്കില്‍ വിനായകനെയൊക്കെ വെച്ച് ഭയങ്കര ലോംഗ് ആംഗിളില്‍ ചെയ്യാം. പക്ഷേ, ഒരേ ഐ ലെവലില്‍നിന്നു കാണാനാണ് ശ്രമിച്ചത്. സിനിമോട്ടാഗ്രഫറായ സമീറിനും അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. 'ഐഡി'യിലൊക്കെ ഫ്രീ ഹാന്‍ഡായിട്ടാണ് ഷോട്ടുകള്‍ ഡിസൈന്‍ ചെയ്യാന്‍ ശ്രമിച്ചത്. ഫ്രെഞ്ച് ന്യൂ വേവ് സിനിമാലോകത്ത് അവര്‍ ഒരു ഏസ്‌തെറ്റിക്‌സ് സ്ലോഗന്‍ പോലെ ഉന്നയിക്കുന്ന കാര്യമുണ്ട്. ക്യാമറ ഒരു പേനപോലെ ഉപയോഗിക്കുക എന്നതാണ് അത്. പേനപോലെ ഉപയോഗിക്കുക എന്നു പറഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ ചലിപ്പിക്കുക എന്നതാണ്. ക്യാമറകൊണ്ടു നമ്മുടെ ചിന്തക്കൊപ്പം ചലിക്കുക എന്നൊക്കെ പറയാന്‍ എളുപ്പമാണ്. നമ്മുടെ ചിന്തയ്‌ക്കൊപ്പം പേന ചലിക്കുന്നതുപോലെ ക്യാമറ ചലിപ്പിക്കുക എന്നത് ഫ്രെഞ്ച് ന്യൂവേവ് ഫിലിം മേക്കേഴ്‌സിന്റെയൊക്കെ സ്വപ്നമായിട്ടുണ്ട്. എന്നാല്‍, ഈ സിനിമയില്‍ ഒരു തയ്യാറെടുപ്പോടു കൂടിയാണ്, മുന്നൊരുക്കത്തോടുകൂടിയാണ് ക്യാമറ ഉപയോഗിച്ചിട്ടുള്ളത്.
കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ആഭ്യന്തരവൈരുദ്ധ്യങ്ങള്‍ പരോക്ഷമായി പ്രതിഫലിപ്പിക്കുന്നുണ്ട് 'പട' എന്ന സിനിമ. ചുവപ്പുകൊടികളും മുദ്രാവാക്യങ്ങളും സമൃദ്ധമായി സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ സിനിമ ഒരു രാഷ്ട്രീയ നിലപാടിനേയും പിന്താങ്ങുന്നില്ല. എന്നിട്ടും സായുധപോരാട്ടത്തിന്റെ, അയ്യന്‍കാളിപ്പടയുടെ രാഷ്ട്രീയത്തെ സിനിമ ന്യായീകരിക്കുന്നു എന്ന് ആരോപണമുണ്ടാകുന്നു. എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്?
ഇന്നലെ പത്രസമ്മേളനത്തിലും ടിവി ഇന്റര്‍വ്യൂകളിലും പലരും ചോദിച്ചത് നിങ്ങള്‍ അയ്യന്‍കാളിപ്പടയുടെ ആരോപണത്തെ ന്യായീകരിക്കുന്നുണ്ടോ എന്നാണ്. രസകരമായി തോന്നി. സിനിമ കണ്ടവര്‍ക്കു മനസ്സിലാകും അത് അയ്യന്‍കാളിപ്പടയുടെ രാഷ്ട്രീയത്തെക്കുറിച്ചല്ല എന്ന്. മറിച്ച് ആ സംഘടന നടത്തിയ ഒരു ആക്ഷനെക്കുറിച്ചാണ് എന്ന്. ആ സമരത്തിലെ മുദ്രാവാക്യം മുന്നോട്ടുവെച്ച ധാര്‍മ്മികതയും ആ മുദ്രാവാക്യം ഭരണകൂടത്തിന്റെ മുന്‍പാകേയും പൊതുജനശ്രദ്ധയിലും കൊണ്ടുവരുന്നതിനു അവര്‍ സ്വീകരിച്ച ആക്ഷനിലെ പുതുമയും നാടകീയതയും ആണ് എന്റെ സിനിമക്ക് വിഷയീഭവിച്ചിട്ടുള്ളത്. എന്തായാലും ഈ സിനിമ മുന്‍നിര്‍ത്തി എന്റെ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് ചോദിച്ചവരോട് എനിക്കു പറയാനുള്ളത് ആ ചോദ്യം അപ്രസക്തമാണ് എന്നാണ്.
സിനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെക്കുറിച്ച് ഇന്ന് ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അങ്ങനെയൊരു പൊളിറ്റിക്കല്‍ കറക്ട്‌നെസ് എപ്പോഴും സിനിമയില്‍ സാധ്യമാണോ? ഉദാഹരണത്തിന് ഒരു ചരിത്രസംഭവം സിനിമയില്‍ ആവിഷ്‌കരിക്കുമ്പോള്‍ അതില്‍ മനുഷ്യവിരുദ്ധമോ അല്ലാത്തതോ ആയ കുറേയേറെ മുഹൂര്‍ത്തങ്ങളെ ആവിഷ്‌കരിക്കേണ്ടിവന്നേക്കാം. അതൊന്നും കൂടാതെ ഒരു സിനിമ സാദ്ധ്യമാണോ?
തീര്‍ച്ചയായും അല്ല. ഇങ്ങനെയൊരു പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനുള്ള ശാഠ്യത്തിന്റെ വേറൊരു അപകടം അത് വിഗ്രഹവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ്. ലോകത്തില്‍ അങ്ങനെ പരിപൂര്‍ണ്ണമായ എന്തൊന്നാണുള്ളത്? ഏതു വ്യക്തിത്വവും പ്രസ്ഥാനവും ആണുള്ളത്? വിമര്‍ശനത്തിനതീതരായിട്ടുള്ള ഏതൊരു സ്വാതന്ത്ര്യപോരാളിയാണുള്ളത്? അങ്ങനെ ആലോചിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു വിഗ്രഹവല്‍ക്കരണത്തിലൂടെ നിങ്ങളൊരു പുതിയ ഹൈറാര്‍ക്കിയെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. 'പട'യിലെ കഥാപാത്രങ്ങളെ നോക്കുക. അവര്‍ സാധാരണ മനുഷ്യരാണ്. ഭയവും പ്രതീക്ഷയും വൈകാരിക ചാഞ്ചാട്ടങ്ങളും വിശപ്പും ദാഹവും ക്ഷീണവുമൊക്കെയുള്ള മനുഷ്യര്‍. പോക്കറ്റില്‍ വെറും 35 പൈസ മാത്രമുള്ളവര്‍. സമരം കഴിഞ്ഞ് തിരിച്ചുപോകാന്‍ വണ്ടിക്കൂലി പോലും ഇല്ലാത്തവര്‍. ഒരുപക്ഷേ, അവര്‍ കരുതുന്നത് ഇതുകഴിഞ്ഞ് അവര്‍ ജയിലിലേക്കു പോകുകയോ കൊല്ലപ്പെടുകയോ ചെയ്‌തേക്കാമെന്നായിരിക്കാം.
പൊളിറ്റിക്കല്‍ കറക്ട്‌നെസ്സിനെച്ചൊല്ലി ഇവിടുത്തെ ഇടതുപക്ഷ ബുദ്ധിജീവികള്‍ പരസ്പരം പോരടിക്കുന്നതു കാണുമ്പോള്‍, വ്യക്തിപരമായി അധിക്ഷേപിക്കുന്നതു കാണുമ്പോള്‍ ഞാനാലോചിക്കുന്നത് ഏതൊരു ചരിത്രഘട്ടമാണ് ഇങ്ങനെ 'ഐഡിയലാ'യിട്ടുള്ളത് എന്നതാണ്. ഈ 'പട' എന്ന സിനിമ ഉണ്ടാക്കുമ്പോള്‍ ഞാന്‍ വളരെയധികം ഇനി വരാവുന്ന വിമര്‍ശനങ്ങളെച്ചൊല്ലി ജാഗരൂകനായിരുന്നു, ബോധവാനായിരുന്നു. പേട്രണൈസേഷന്‍, ആദിവാസി ഇഷ്യു ഹൈജാക്ക് ചെയ്യുന്നുവെന്നൊക്കെയായിരിക്കും ആരോപണങ്ങള്‍. ഞാന്‍ ഇതില്‍ കണ്ടത് ഒരു സംഘടനയുടെ പ്രവര്‍ത്തകരായ നാലു ചെറുപ്പക്കാര്‍ വ്യവസ്ഥയ്‌ക്കെതിരെ, അതിന്റെ ഇന്‍സെന്‍സിറ്റിവിറ്റിയെ ചോദ്യം ചെയ്യാന്‍ നടത്തിയ പോരാട്ടമായിട്ടാണ്. ആ പോരാട്ടത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള എല്ലാ ദൗര്‍ബ്ബല്യങ്ങളേയും പ്രതിഫലിപ്പിച്ചുകൊണ്ടുതന്നെയാണ് ഈ സിനിമ ഉണ്ടായിട്ടുള്ളത്. ബാക്കിയുള്ള പ്രത്യയശാസ്ത്രപരമായ ചോദ്യങ്ങളിലൊന്നും കലാകാരനെന്ന നിലയില്‍ എനിക്ക് അപ്പോള്‍ താല്പര്യമുണ്ടാകേണ്ട കാര്യമില്ല.
ജീവിതപങ്കാളിയായ സുധയ്ക്ക് കമല്‍ ഇങ്ങനെയൊരു സിനിമയുണ്ടാക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കാനായിട്ടുണ്ട്. ഈ സിനിമയുടെ സൃഷ്ടിയിലും വിജയത്തിലും അവരുടെ സംഭാവനയെ എങ്ങനെയാണ് വിലയിരുത്തുന്നത്?
സുധയ്ക്ക് ഇതില്‍ രണ്ടു പ്രധാനപ്പെട്ട രണ്ടു റോളുകളാണ് ഉണ്ടായിരുന്നത്. ഒന്ന് കാസ്റ്റിംഗ് ഡയറക്ടറായിട്ട്. തിരക്കഥയെഴുതി പൂര്‍ത്തിയാക്കുമ്പോള്‍ എന്റെ മനസ്സിലുണ്ടായിരുന്നത് വിനായകന്‍ മാത്രമാണ്. ബാക്കിയുള്ളവരുടെ ഒരു കോംബിനേഷന്‍ ഉണ്ടാക്കിയെടുക്കുന്നത് കാസ്റ്റിംഗ് ഡയറക്ടറാണ്. കാസ്റ്റിംഗ് ഡയറക്ടറില്‍നിന്നും നിര്‍ദ്ദേശങ്ങളുണ്ടാകും. ആ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സാധ്യതകളും തുടര്‍ന്ന് അന്വേഷിക്കപ്പെടും. ഭാര്യയാണ് ഈ റോള്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ കൂടുതല്‍ തുറന്ന ചര്‍ച്ചയ്ക്കും സാധ്യതകള്‍ അന്വേഷിക്കുന്നതിനും സാധ്യതയുണ്ടാകും. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം കൊടുക്കേണ്ടിവരും. അതെനിക്ക് കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കും. ഇങ്ങനെ കിട്ടിയ, വ്യക്തത നല്‍കപ്പെട്ട ഉത്തരങ്ങള്‍ പ്രായോഗികമാക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ സുധയാണ്. She is the one who's going to execute what's there in my mind. ഉദാഹരണത്തിന് കളക്ടറേറ്റിനു മുന്‍പില്‍ തടിച്ചുകൂടിയ 1500 പേര്‍ വരുന്ന ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിടുന്ന രംഗം. നമ്മുടെ സെക്കന്‍ഡ് ഹാഫിലെ ഫസ്റ്റ് ഷോട്ട്. അത്രയും പ്രധാനപ്പെട്ടത്. അതുകൊണ്ട് അതിനാവശ്യമായ ബാക്ക് ഗ്രൗണ്ട് ഡീറ്റെയ്‌ലിംഗ് ആവശ്യമാണ്. ഈ രീതിയിലുള്ള ജോലികള്‍ക്കെല്ലാമുള്ള മുന്നൊരുക്കങ്ങള്‍ സുധയാണ് നടത്തിയത്. ഈ സിനിമയുടെ ക്രിയേറ്റീവ് പാര്‍ട്ട് നന്നായി നിര്‍വ്വഹിക്കുന്നതില്‍ വലിയ പങ്കാണ് സുധ വഹിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ