'പട'- മലയാളത്തില്‍ അടയാളപ്പെടുത്തേണ്ട സിനിമ

തമിഴില്‍ പാ.രഞ്ജിത്തും മാരി സെല്‍വരാജും മറാത്തിയില്‍ നാഗരാജ് മഞ്ജുളെയും ചൈതന്യ തമാനെയും ഒക്കെ തുടങ്ങിവെച്ച, പുതുതലമുറ ദളിത് സിനിമയോട് മലയാളത്തില്‍ ചേര്‍ത്തുവെയ്ക്കാവുന്ന ചിത്രമാണ് കെ.എം. കമലിന്റെ പട
'പട'- മലയാളത്തില്‍ അടയാളപ്പെടുത്തേണ്ട സിനിമ

മിഴില്‍ പാ.രഞ്ജിത്തും മാരി സെല്‍വരാജും മറാത്തിയില്‍ നാഗരാജ് മഞ്ജുളെയും ചൈതന്യ തമാനെയും ഒക്കെ തുടങ്ങിവെച്ച, പുതുതലമുറ ദളിത് സിനിമയോട് മലയാളത്തില്‍ ചേര്‍ത്തുവെയ്ക്കാവുന്ന ചിത്രമാണ് കെ.എം. കമലിന്റെ പട. മുന്‍ മാതൃകകളില്‍നിന്നു വ്യത്യസ്തമായി അരികുവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളുടെ ജീവിതം ചിത്രീകരിക്കാന്‍ പുതിയ ആഖ്യാനമാതൃകകളും മുഖ്യധാരാ സിനിമയുടെ സങ്കേതങ്ങളും ഉപയോഗിക്കാന്‍ തുടങ്ങി എന്നതാണ് പുതുതലമുറ ദളിത് സിനിമകളുടെ പ്രത്യേകത. പാ. രഞ്ജിത്തിന്റെ 'കാല', 'കബാലി' പോലുള്ള സിനിമകള്‍, മാരി സെല്‍വരാജിന്റെ 'പരിയേറും പെരുമാള്‍', 'കര്‍ണന്‍', നാഗരാജ് മഞ്ജുളയുടെ 'സൈറാത്ത്', അനുഭവ് സിന്‍ഹയുടെ 'ആര്‍ട്ടിക്കിള്‍ 15', ജ്ഞാനവേലിന്റെ 'ജയ്ഭീം' തുടങ്ങി അങ്ങനെയൊരു ഗണം തന്നെയുണ്ട്. ദളിത് ജീവിതം പ്രമേയമാക്കിയവയാണ് ഇവയെല്ലാം. സാമൂഹ്യപ്രാധാന്യമുള്ള വിഷയങ്ങള്‍ പറയുമ്പോള്‍ പ്രേക്ഷകരെക്കൂടി മുഴുകാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍, റിയലിസ്റ്റിക് ആഖ്യാനത്തില്‍നിന്നു മാറി വ്യത്യസ്ത ആഖ്യാന മാതൃകകള്‍ സ്വീകരിക്കുന്നുണ്ട് ഈ ചിത്രങ്ങളെല്ലാം.

മലയാളത്തില്‍ത്തന്നെ ഇതിനുമുന്‍പ് ഇറങ്ങിയ 'നായാട്ടി'ല്‍ ഈ മാറ്റത്തിന്റെ തുടക്കം പ്രകടമായിരുന്നു. ദളിത് ജീവിതം പ്രമേയമാക്കുമ്പോള്‍ തന്നെ ഒരു ചേസിങ് ത്രില്ലറിന്റെ ആഖ്യാനഘടനയായിരുന്നു നായാട്ടിന് ഉണ്ടായിരുന്നത്. പടയാണെങ്കില്‍ ഒരു സംഘര്‍ഷം നിറഞ്ഞ ഹോസ്റ്റേജ് ഡ്രാമയുടെ ഘടനയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കഥപറച്ചിലിനായി എടുത്തിരിക്കുന്നത് യഥാര്‍ത്ഥ സംഭവം തന്നെയാണ്. യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ മുന്‍പിറങ്ങിയ സിനിമകളെ അപേക്ഷിച്ച് തിരഞ്ഞെടുത്ത സംഭവത്തോട് പരമാവധി സത്യസന്ധത പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നതാണ് പടയുടെ മേന്മ.

ഫോട്ടോ: നിർമ്മൽ കെഎഫ്
ഫോട്ടോ: നിർമ്മൽ കെഎഫ്

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ 'മാലിക്' സിനിമയ്ക്കെതിരെ അതിലെ പ്രതിനിധാനങ്ങളെച്ചൊല്ലി ആ സംഭവത്തിന്റെ ഭാഗമായവരും സാക്ഷികളായവരും തന്നെ വിയോജിപ്പും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, പട ഒട്ടും ഫിക്ഷണലൈസ് ചെയ്യാതെ തന്നെ യഥാര്‍ത്ഥ സംഭവം നമുക്ക് മുന്നിലേക്കെത്തിക്കുന്നുണ്ട്.

മൂന്നാംമുറ പോലെ ഹോസ്റ്റേജ് ഡ്രാമകള്‍ മലയാളത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, അതിനെ സമകാലികപ്രസക്തിയുള്ള രാഷ്ട്രീയ വിഷയങ്ങളുമായി ചേര്‍ത്തുവെയ്ക്കാന്‍ ഈ ചിത്രത്തിനു കഴിയുന്നുണ്ട്. 'മൂന്നാംമുറ', 'ടേക്ക് ഓഫ്' പോലെയുള്ള സിനിമകളില്‍ ബന്ദിയാക്കപ്പെടുന്ന ആളുകളെ രക്ഷപ്പെടുത്താന്‍ സേനകളും ഭരണകൂടവും നടത്തുന്ന ശ്രമത്തിലാണ് ആഖ്യാനം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്നാല്‍, പടയിലേക്കെത്തുമ്പോള്‍ അത് രക്ഷാപ്രവര്‍ത്തനം എന്നതിനേക്കാള്‍, അത് നടത്തുന്ന ആളുകളുടെ രാഷ്ട്രീയത്തിലേക്കും അവരുന്നയിക്കുന്ന വിഷയത്തിലേക്കും കേന്ദ്രീകരിക്കപ്പെടുന്നുണ്ട്. 

1996 ഒക്ടോബര്‍ നാലിന് പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളിപ്പട എന്ന പേരില്‍ നാലു ചെറുപ്പക്കാര്‍ ചേര്‍ന്ന് ജില്ലാകളക്ടറെ ബന്ദിയാക്കിയ സംഭവമാണ് 'പട' എന്ന സിനിമ. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍, 1975-ലെ ആദിവാസി ഭൂനിയമ ഭേദഗതി ബില്‍ പാസ്സാക്കിയതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ബന്ദിസമരം. കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശന്‍, വിളയോടി ശിവന്‍കുട്ടി, അജയന്‍ മണ്ണൂര്‍ എന്നിവരായിരുന്നു ആ ചെറുപ്പക്കാര്‍. സിനിമയില്‍ വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ഇവരെ അവതരിപ്പിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ രണ്ടുദിവസം നടക്കുന്ന സംഭവങ്ങളാണ് സിനിമ. ഉണ്ണിമായ പ്രസാദ്, കനി കുസൃതി എന്നിവരിലൂടെ ഇവരുടെ ജീവിതവും കുടുംബ പശ്ചാത്തലവും പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. അന്നത്തെ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രീകരണം തന്നെയാണ് സിനിമ. നാലു ചെറുപ്പക്കാരുടെ നക്സല്‍ രീതിയിലുള്ള പ്രതിഷേധം മണിക്കൂറുകളോളം കേരളത്തിന്റെ ഭരണകൂടത്തെ ഉദ്വേഗത്തില്‍ നിര്‍ത്തിയിരുന്നു ആ ദിവസം. ഒരു തിരിച്ചുവരവിനെക്കുറിച്ചുപോലും ചിന്തിക്കാതെയുള്ള പ്രതിഷേധ മാര്‍ഗ്ഗമായിരുന്നു അവര്‍ ആസൂത്രണം ചെയ്തതും. ആദിവാസി ഭൂനിയമം ഭേദഗതി ചെയ്തതിനേയും ആദിവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളേയും മുഖ്യധാരയിലേക്ക് ചര്‍ച്ചയാക്കുക എന്നതായിരുന്നു സമരത്തിലൂടെ അവര്‍ ലക്ഷ്യംവെച്ചത്. അന്നത്തെ ചീഫ് സെക്രട്ടറി സി.പി. നായരും നിയമവിദഗ്ദ്ധരും ഉള്‍പ്പെടെ മണിക്കൂറുകളോളം നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് സമരം അവസാനിപ്പിച്ചത്. ഇവരെല്ലാം കഥാപാത്രങ്ങളായി സിനിമയില്‍ വരുന്നുണ്ട്. മികച്ച കാസ്റ്റിങ്ങും സമീര്‍ താഹിറിന്റെ ക്യാമറയും എടുത്തുപറയേണ്ടതാണ്.  കളക്ടറായി അഭിനയിച്ച അര്‍ജുന്‍ രാധാകൃഷ്ണന്‍ മികച്ച പ്രകടനമായിരുന്നു. നാഗരാജ് മഞ്ജുളെ സംവിധാനം ചെയ്ത ഹിന്ദി ചിത്രം 'ഝൂണ്ട്', 'റോക്കറ്റ് ബോയ്സ് സീരീസ്' എന്നിവയിലും അര്‍ജുന്‍ രാധാകൃഷ്ണന്‍ അഭിനയിച്ചിട്ടുണ്ട്. വിനു കിടച്ചുലന്റേതാണ് ചിത്രത്തിലെ ഗാനങ്ങള്‍.

ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'ഐഡി' എന്ന ഹിന്ദിചിത്രം ഒരുക്കിയ കെ.എം. കമല്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് പടയുമായി എത്തുന്നത്. മുറുക്കമുള്ള തിരക്കഥയും സംഭാഷണവും ദൃശ്യങ്ങളും കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം തന്നെയാണ് പട.

കുഞ്ചാക്കോ ബോബനേയും ജോജുവിനേയും പോലുള്ള താരങ്ങളെ ഉപയോഗപ്പെടുത്തുമ്പോഴും താരകേന്ദ്രിതമായ ആഖ്യാനഘടനയല്ല പടയ്ക്കുള്ളത്. ചരിത്രത്തിന്റെ ഒരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സിനിമ. 140 അംഗ നിയമസഭയില്‍ ഈ ഭേദഗതിയെ എതിര്‍ത്തത് കെ.ആര്‍. ഗൗരിയമ്മ മാത്രമായിരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ചിത്രം ബാക്കിയാക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങളോടുള്ള നീതിനിഷേധം മുഖ്യധാരാ സങ്കേതങ്ങളേയും താരങ്ങളേയും ഉള്‍പ്പെടുത്തി ചര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതുതന്നെയാണ് പടയുടെ പ്രധാന്യവും.

ഈ പ്രാധാന്യം അടയാളപ്പെടുത്തുമ്പോഴും ചില വാര്‍പ്പുമാതൃകകളെ സംവിധായകന്‍ പിന്തുടരുന്നുണ്ട്. മലയാളത്തില്‍ പൊതുവെ ഉണ്ടായിട്ടുള്ള ആദിവാസി-ദളിത് സിനിമകളില്‍ ആ സമുദായങ്ങളുടെ ജീവിതത്തിന്റെ പ്രതിനിധാനം കൃത്യമായി ഉണ്ടാകാറില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ആദിവാസിയുടെ ഭൂമിയും ജീവിതവും പ്രധാന പ്രമേയമാകുന്ന സിനിമയില്‍ അത്തരം കഥാപാത്രങ്ങളോ പ്രതിനിധാനങ്ങളോ ഇല്ല. ഒരു സംഭവത്തിന്റെ ചിത്രീകരണമാണ് എന്ന് പറഞ്ഞും ആദിവാസി സമുദായങ്ങളുടെ പാട്ടുകള്‍ പോലെയുള്ളവ ഉള്‍പ്പെടുത്തിയും ഈ പരിമിതിയെ മറികടക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം വിജയിക്കുന്നു എന്നത് സംശയമാണ്. റിയല്‍ ലൈഫ് ഇമേജുകളും വീഡിയോകളും ടെയില്‍ എന്‍ഡില്‍ കൂട്ടിച്ചേര്‍ത്ത് ഈ പരിമിതിയെ മറികടക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. 

ചിത്രത്തിൽ നിന്നുള്ള രം​ഗം
ചിത്രത്തിൽ നിന്നുള്ള രം​ഗം

ചിത്രം മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും വിമര്‍ശനാത്മകമാണ്. പാലക്കാട്ട് കലക്ടറെ തടഞ്ഞുവെച്ച സംഭവം ആദിവാസി പ്രശ്‌നങ്ങളെ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സഹായിച്ചെങ്കിലും ആദിവാസി ജനതയെ ഭരണകൂടനിരീക്ഷണത്തിനു കീഴിലേക്ക് കൊണ്ടുവരുന്നതിനും ഇത്തരം സംഭവങ്ങള്‍ ഇടയാക്കിയിട്ടുണ്ട്. വിശാല ഇടതുപക്ഷത്തിനു കീഴില്‍ വരുന്ന തീവ്ര ഇടതുപക്ഷ സംഘടനകളും വ്യവസ്ഥാപിത ഇടതുപക്ഷ സംഘടനകളും ആദിവാസി സമുദായങ്ങളോടു പുലര്‍ത്തുന്ന രക്ഷാകര്‍ത്തൃത്വ ബോധത്തെ 'പട' മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയവും കയ്യൊഴിയുന്നില്ല. സമരങ്ങളും സമരരീതികളും മാറുമ്പോഴും ഇന്നും സജീവമായി നില്‍ക്കുന്ന ഒരു പ്രശ്നത്തെ അഡ്രസ്സ് ചെയ്യാന്‍ നക്സല്‍ നൊസ്റ്റാള്‍ജിയയെ കൂട്ടുപിടിക്കേണ്ടതുണ്ടോ എന്നതും ചോദ്യമാണ്. എങ്കിലും ഗവേഷണത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും പിന്‍ബലത്തില്‍, മുഖ്യധാര ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന ഏറ്റവും തീവ്രമായ ഒരു സാമൂഹ്യപ്രശ്നത്തെ മികച്ച സിനിമയായി അവതരിപ്പിക്കാന്‍ കെ.എം. കമലിനു കഴിഞ്ഞിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ മലയാളത്തില്‍ അടയാളപ്പെടുത്തേണ്ട സിനിമ തന്നെയാണ് 'പട.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com