അറിവില്‍ ജീവിതോത്സാഹത്തിന്റെ 'ബഹളസന്തോഷങ്ങള്‍' കോരിനിറച്ച സ്‌കറിയാ മാഷ്

തന്റെ ആഹ്ലാദത്തെ മാഷ് നിരന്തരം മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നു. എല്ലാത്തിലേക്കും തുറന്നുവച്ച മനസ്സോടെ മാഷ് ജീവിച്ചു
അറിവില്‍ ജീവിതോത്സാഹത്തിന്റെ 'ബഹളസന്തോഷങ്ങള്‍' കോരിനിറച്ച സ്‌കറിയാ മാഷ്

റിവിന്റെ ജനാധിപത്യമായിരുന്നു പ്രൊഫ. സ്‌കറിയാ സക്കറിയയുടെ വൈജ്ഞാനിക ജീവിതം. ജനാധിപത്യത്തെ അതേക്കുറിച്ചുള്ള ഔപചാരിക ധാരണകളായല്ല അദ്ദേഹം കൊണ്ടുനടന്നത്. ഭൂരിപക്ഷഹിതം നടപ്പിലാക്കലോ മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലെ സമഭാവനയോ മാത്രമായി അതവസാനിച്ചില്ല. നിശ്ചയമായും ഇതു രണ്ടും അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഉണ്ടായിരുന്നു. ഏതു തീരുമാനവും പൊതുവായ ധാരണകളെ മുന്‍നിര്‍ത്തിയേ സ്‌കറിയാ മാഷ് കൈക്കൊണ്ടിരുന്നുള്ളൂ. അതുപോലെ ആരോട് ഇടപെടുമ്പോഴും സമഭാവനയെ തന്റെ പെരുമാറ്റത്തിന്റെ അടിപ്പടവായി അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു. ഉദ്ധതമായ വാക്കോ പ്രവൃത്തിയോ മാഷിന്റെ വൈജ്ഞാനികതയെ ഒരിക്കലും കളങ്കപ്പെടുത്തിയില്ല.

എന്നാല്‍, സ്‌കറിയാ മാഷിന്റെ വൈജ്ഞാനിക ജീവിതത്തേയും വ്യക്തിജീവിതത്തേയും ജനാധിപത്യപരമാക്കിയത് ഈ പെരുമാറ്റരീതിയും പ്രവര്‍ത്തനക്രമവും മാത്രമല്ല. മറിച്ച് ജനാധിപത്യത്തിന്റെ ആധാരതത്ത്വമെന്ന് അംബേദ്കര്‍ വിശേഷിപ്പിച്ച സാഹോദര്യഭാവനയാണ്. പലരും കരുതുന്നതുപോലെ സാഹോദര്യം എന്ന ആശയം താന്‍ കൈക്കൊള്ളുന്നത് ഫ്രെഞ്ച് വിപ്ലവത്തില്‍നിന്നല്ല ബുദ്ധനില്‍നിന്നാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. സാഹോദര്യം എന്ന വാക്കിനേക്കാള്‍ ഉചിതമായ പദം മൈത്രി എന്നാണെന്നും പില്‍ക്കാലത്ത് അംബേദ്കര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിന്റെ അടിപ്പടവായി നിലകൊള്ളുന്ന ആ അനുഭവമൂല്യത്തെ മുന്‍നിര്‍ത്തി അംബേദ്കര്‍ ഇങ്ങനെ എഴുതി:

'സ്‌നേഹം വേണ്ടത്ര പര്യാപ്തമായ ഒന്നല്ല. യഥാര്‍ത്ഥത്തില്‍ ആവശ്യമായത് മൈത്രിയാണ്. അത് സ്‌നേഹത്തെക്കാള്‍ വിശാലമാണ്. അത് സമസ്ത ജീവജാലങ്ങളോടുമുള്ള സഹഭാവമാണ്. അത് മനുഷ്യരില്‍ ഒതുങ്ങുന്നതല്ല. അത്തരം മൈത്രി നമുക്കാവശ്യമില്ലേ? സ്വന്തമായി അഭിലഷിക്കുന്ന അതേ ആഹ്ലാദം സമസ്ത ജീവജാലങ്ങള്‍ക്കും പകരാന്‍, മനസ്സിനെ വിഭാഗീയതകളില്ലാതെ സൂക്ഷിക്കാന്‍, എല്ലാവരോടുമുള്ള സ്‌നേഹത്തോടേയും ആരോടും വെറുപ്പില്ലാതേയും സര്‍വ്വതിലേക്കും തുറന്നിരിക്കാന്‍ മൈത്രിയല്ലാതെ മറ്റെന്തിനാണ് കഴിയുക?'

സ്‌കറിയാ മാഷിന്റെ വൈജ്ഞാനികതയുടെ ആധാരശില ഈ മൈത്രീഭാവമായിരുന്നു. 'അമ്മതന്‍ നെഞ്ഞുഞരമ്പില്‍ തങ്ങി/ച്ചെമ്മേ ചെഞ്ചോരയെ തന്നെ/അമ്മിഞ്ഞത്തൂവമൃതാക്കും മൈത്രി' എന്ന് ആശാന്‍ എഴുതിയതിന്റെ അനുഭവമൂല്യം തന്റെ അറിവിലുടനീളം മാഷ് സന്നിവേശിപ്പിച്ചിരുന്നു. അറിവിനെ അധികാരമോ അന്തിമമായ സത്യപ്രസ്താവനയോ ആയി മാഷ് കണ്ടതേയില്ല. മറിച്ച് ആഹ്ലാദനിര്‍ഭരമായ സംവാദങ്ങളും സംഭാഷണങ്ങളുമായി അതെപ്പോഴും നിലനിന്നു. അറിവില്‍ ജീവിതോത്സാഹത്തിന്റെ 'ബഹളസന്തോഷങ്ങള്‍' കോരിനിറയ്ക്കുകയാണ് മാഷ് ചെയ്തത്. വരണ്ട വസ്തുതകളില്‍നിന്നു ജീവിതത്തില്‍ വേരുള്ള അനുഭവമൂല്യങ്ങളിലേക്കും അതിന്റെ ആഹ്ലാദത്തിലേക്കും അറിവിനെ അദ്ദേഹം തുറന്നുവിട്ടു. തന്റെ ആഹ്ലാദത്തെ മാഷ് നിരന്തരം മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്നു. എല്ലാത്തിലേക്കും തുറന്നുവച്ച മനസ്സോടെ മാഷ് ജീവിച്ചു. മുഴുവന്‍ പേരോടുമുള്ള സ്‌നേഹവും ആരോടുമുള്ള വെറുപ്പില്ലായ്മയും തന്റെ പ്രവൃത്തികളുടെ ആധാരതത്ത്വമായി ഉറപ്പിച്ചുനിര്‍ത്തി. മൈത്രിയുടെ ലോകജീവിതമായിരുന്നു മാഷ്. 

രണ്ട്

പലയിടങ്ങളിലേക്ക് തുറന്നുകിടക്കുന്ന നാല്‍ക്കൂട്ടപ്പെരുവഴിയെ പ്രൊഫ. സ്‌കറിയാ സക്കറിയ ചിലപ്പോള്‍ ഓര്‍മ്മയില്‍ കൊണ്ടുവരും. അദ്ധ്യാപകന്‍, ഭാഷാപണ്ഡിതന്‍, പ്രഭാഷകന്‍, അക്കാദമീഷ്യന്‍, സംഘാടകന്‍, മതചിന്തകന്‍, സാഹിത്യസാംസ്‌കാരിക വിമര്‍ശകന്‍, ജനസംസ്‌കാര പഠിതാവ്... മാഷ് പല ലോകങ്ങളില്‍ ഒരുമിച്ചു ജീവിച്ചു. കുട്ടനാടന്‍ നാട്ടുവരമ്പുകളില്‍നിന്നു കൂടെപ്പോന്ന മൊഴിവഴക്കം മാഷിന്റെ ഭാഷയില്‍ എപ്പോഴും ഉണ്ടായിരുന്നു. 'നിത്യവും ജീവിതം വിതയേറ്റുന്ന' പാടപ്പരപ്പുകളെ മാഷ് പ്രസന്നമായി നോക്കി. ജീവിതത്തോടും ചുറ്റുമുള്ളവരോടും കാലുഷ്യം പുലര്‍ത്താതിരിക്കലാണ് അന്തിമമായ ജീവിതപാഠമെന്ന് ആദ്യമേ അറിഞ്ഞു. അക്കാര്യം എല്ലാവരോടും പറഞ്ഞു.

പ്രാഥമികമായി സ്‌കറിയാ മാഷ് ഒരു അദ്ധ്യാപകനായിരുന്നു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ മറ്റെല്ലാ ജീവിതാവിഷ്‌കാരങ്ങള്‍ക്കും മുകളില്‍ ആ അദ്ധ്യാപന വൈഭവം ശിരസ്സുയര്‍ത്തി നില്‍ക്കുന്നുണ്ട്. മാഷുടെ ക്ലാസ്സുകളില്‍ ഏതു വിഷയവും പ്രസന്നവും ജീവിതോത്സാഹം നിറഞ്ഞതുമായി മാറി. അദ്ധ്യാപനത്തിന്റെ സമസ്തതലങ്ങളേയും മാഷ് സര്‍ഗ്ഗാത്മകവും ഭാവനാപൂര്‍ണ്ണവുമായി പുനരാവിഷ്‌കരിച്ചു. പരീക്ഷകള്‍ക്കു ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോഴും അതുണ്ടായിരുന്നു. ചോദ്യങ്ങള്‍ യാന്ത്രികമായ ഉത്തരം തിരയലുകള്‍ ആകരുതെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാവനയെ സ്പര്‍ശിക്കുന്നതോ അയാളുടെ ആശയലോകത്തെ പ്രചോദിപ്പിക്കുന്നതോ ആയിരിക്കണമെന്ന് മാഷിനു കരുതലുണ്ടായിരുന്നു. ഒരു പുതിയ പ്രശ്‌നത്തിലേക്ക് അതയാളെ കൊണ്ടുപോകണം. പഠിച്ചുവച്ച ഉത്തരം ഓര്‍ത്തെടുക്കുവാനല്ല, പഠിച്ചതില്‍നിന്നു പുതിയ ചിന്തയിലേക്കു നീങ്ങാനാണ് ചോദ്യങ്ങള്‍ സഹായിക്കേണ്ടത് എന്നായിരുന്നു മാഷിന്റെ കാഴ്ചപ്പാട്. പരീക്ഷകളെ യാന്ത്രികമായ ഓര്‍മ്മ പരീക്ഷിക്കലിനപ്പുറം വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകതയെ അഭിസംബോധന ചെയ്യാനുള്ള വഴിയായി മാഷ് മാറ്റിത്തീര്‍ത്തത് അങ്ങനെയാണ്. 'ഉദയംപേരൂര്‍ സുന്നഹദോസിന്റെ ചരിത്രം വിശദീകരിക്കുക' എന്ന പരമ്പരാഗത ചോദ്യത്തില്‍നിന്ന് 'കേരളത്തിന്റെ മതകോളനീകരണത്തിന്റെ പ്രാരംഭസ്ഥാനമാണോ ഉദയംപേരൂര്‍ സുന്നഹദോസ്?' എന്ന രൂപത്തിലേക്ക് ചോദ്യം മാറിയത് അങ്ങനെയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരമെഴുത്തില്‍ ഒരു സംവാദസാധ്യത അത് തുറന്നുകൊടുത്തു. സമാഹരിച്ചുവച്ച വിവരങ്ങളുടെ വിതരണത്തെയല്ല; വിവരങ്ങളെ മുന്‍നിര്‍ത്തിയുള്ള പുതിയ വ്യാഖ്യാനങ്ങളെയാണ് മാഷ് ഉത്തരമായി പരിഗണിച്ചത്. ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥികളുടെ ഭാവനയ്ക്കും സര്‍ഗ്ഗാത്മകതയ്ക്കും അതോടെ ഇടമുണ്ടായി. ചോദ്യപേപ്പറില്‍ അതു തയ്യാറാക്കിയ അദ്ധ്യാപകരുടെ ഭാവനയ്ക്കും.

മാഷിന്റെ ക്ലാസ്സുകള്‍ പ്രസാദം നിറഞ്ഞവയായിരുന്നു. അതൊരിക്കലും പാണ്ഡിത്യത്തിന്റെ പ്രദര്‍ശനശാലയായില്ല. കുട്ടികള്‍ക്കു മാഷ് ഭയപ്പെടുത്തുന്ന ഒരാളായിരുന്നില്ല. കഥയുടെ അതിസങ്കീര്‍ണ്ണമായ ഉള്‍പ്പിരിവുകളിലേക്ക് അത്രമേല്‍ അനായാസം വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന ചെക്കോവിന്റെ കഥനശൈലിയെ ഓര്‍മ്മിപ്പിക്കുന്ന ക്ലാസ്സുകളായിരുന്നു അത്. ഒരറിവിനേയും കേവല വിവരമായോ വസ്തുതാവിവരണമായോ അവസാനിക്കാന്‍ മാഷ് അനുവദിച്ചില്ല. കഠിനമായ സിദ്ധാന്തങ്ങള്‍ ദുര്‍ഗ്രഹതയുടെ പാഠശാലകളോ പാചകപ്പുരകളോ ആയതുമില്ല. ജീവിതബന്ധങ്ങളുടെ മൂര്‍ത്തതയില്‍നിന്ന് മാഷ് അറിവിലേക്കും ആശയങ്ങളിലേക്കും സഞ്ചരിച്ചു; തിരിച്ചും. അതുകൊണ്ട് അമൂര്‍ത്തതയുടെ കേവലഭാരമായി, ആ അറിവുകള്‍ വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയില്ല. ജനാധിപത്യത്തിന്റെ സംവാദസദസ്സുകളായി തന്റെ ക്ലാസ്സുകളെ മാറ്റിത്തീര്‍ക്കാന്‍ മാഷ് ശ്രദ്ധാലുവായിരുന്നു. കുട്ടികളോട് നിരന്തരം സംസാരിച്ചാണ് മാഷിന്റെ ക്ലാസ്സുകള്‍ മുന്നേറിയത്. ശാഠ്യങ്ങളും അന്തിമമായ വിധിതീര്‍പ്പുകളും ഇല്ലാത്ത, വാദങ്ങളുടെയും എതിര്‍വാദങ്ങളുടേയും സൗമ്യവും സ്‌നേഹഭരിതവുമായ ലോകമായിരുന്നു ആ ക്ലാസ്സുകള്‍. ആശയങ്ങള്‍ അവിടെ ചിറകുവിരിച്ചു പറന്നു. 

ആധുനികതയുടെ കര്‍ക്കശയുക്തികളോട് (hightend rationaltiy) മാഷ് പൊതുവെ വിമുഖനാണ്. അന്തിമസത്യത്തിന്റെ ഉടമാവകാശവുമായി വരുന്നവരോടെല്ലാം അദ്ദേഹം സ്‌നേഹപൂര്‍വ്വം വിയോജിച്ചു. ഇടവരകളുള്ള യാഥാര്‍ത്ഥ്യം (hyphonated realtiy) എന്നതാണ് മാഷ് എപ്പോഴും കൈക്കൊണ്ട നിലപാട്. അചാല്യവും അന്തിമവുമായ സത്യപ്രസ്താവനകളേയും അതിനു പിന്നിലുണ്ടെന്നു കരുതപ്പെട്ട യാന്ത്രികമായ വസ്തുനിഷ്ഠതയേയും മാഷ് മാനിച്ചതേയില്ല. സത്യത്തിന്റേയും യാഥാര്‍ത്ഥ്യത്തിന്റേയും സംവാദാത്മകതയിലാണ് മാഷ് ശ്രദ്ധ പതിപ്പിച്ചത്. വസ്തുനിഷ്ഠതയെന്നത് യാഥാര്‍ത്ഥ്യത്തിന്റെ സംവാദാത്മകതയെ തിരിച്ചറിയലാണെന്ന വലിയ വിവേകം അതിലുണ്ടായിരുന്നു.

പരീക്ഷയിലും ഉത്തരക്കടലാസുകളിലും അഭിമുഖങ്ങളിലും നാം തേടേണ്ടത് ഒരാള്‍ക്ക് എന്തറിയാം എന്നാണെന്ന് മാഷ് എപ്പോഴും പറയുമായിരുന്നു. അപ്പോള്‍ ഏതു വിദ്യാര്‍ത്ഥിയിലും വിലപിടിച്ചതായി എന്തെങ്കിലും കാണും. ഒരാള്‍ക്ക് എന്തറിയില്ല എന്നു തിരക്കുന്ന പരീക്ഷകളും പരീക്ഷകരും മനുഷ്യരെ നിരര്‍ത്ഥക വസ്തുക്കളാക്കി പുറത്താക്കുന്നു. പരീക്ഷയും മൂല്യനിര്‍ണ്ണയവും അര്‍ത്ഥവത്താകുന്നത് ഒരാള്‍ക്ക് എന്തറിയാം എന്നാരായുമ്പോഴാണ്. അതാണ് ഉള്‍ക്കൊള്ളലിന്റെ മൂല്യനിര്‍ണ്ണയം. അതാണ് മൂല്യനിര്‍ണ്ണയത്തിലെ ജനാധിപത്യം. എന്തറിയില്ല എന്നു തിരയുന്ന പരീക്ഷ ഒരാളെ പുറന്തള്ളുന്ന പരീക്ഷയാണ്. ജനാധിപത്യം ഒരു ജീവിതരീതിയാണെന്നു ചോദ്യപേപ്പറുകള്‍ തയ്യാറാക്കുമ്പോഴും മൂല്യനിര്‍ണ്ണയം നടത്തുമ്പോഴും മാഷ് ഞങ്ങളെ പഠിപ്പിച്ചുകൊണ്ടിരുന്നു.

പി ​ഗോവിന്ദപ്പിള്ള
പി ​ഗോവിന്ദപ്പിള്ള

മൂന്ന്

കാലടി സര്‍വ്വകലാശാലയില്‍ 1997 മുതല്‍ സംസ്‌കാരപഠനത്തിനായുള്ള ഒരു സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പി. ഗോവിന്ദപ്പിള്ളയായിരുന്നു അതിനു തുടക്കം കുറിച്ചത്. സ്‌കറിയാ മാഷും പി.ജിയും തമ്മില്‍ ആഴമേറിയ വൈജ്ഞാനിക സൗഹൃദം ഉണ്ടായിരുന്നു. ഇതേ സൗഹൃദവും ആദരവും മാഷിനും എം.ജി.എസ്സിനും തമ്മിലുണ്ടായിരുന്നു. വിരുദ്ധലോകങ്ങളിലും വിരുദ്ധവീക്ഷണങ്ങിലും പാര്‍പ്പുറപ്പിച്ച വലിയ മനുഷ്യരുമായി മാഷ് പുലര്‍ത്തിയിരുന്ന ഊഷ്മളമായ സൗഹൃദം അസാധാരണമായ ഒന്നാണ്. സ്വന്തം ബോധ്യങ്ങളുടെ ദൃഢത ഇതരവീക്ഷണങ്ങളെ നിരസിക്കാനുള്ള അധികാരമായി മാഷ് ഒരിക്കലും ഉപയോഗിച്ചില്ല. 

ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകളെക്കുറിച്ചുള്ള സ്‌കറിയാ മാഷിന്റെ പഠനമാണ് പി.ജിയേയും എം.ജി.എസ്സിനേയും ഒരേപോലെ മാഷിലേക്ക് ആകര്‍ഷിച്ചത്. കേരളത്തിലെ െ്രെകസ്തവ സഭാചരിത്രത്തിലെ ഒരു സംഭവം എന്നതില്‍നിന്നും നമ്മുടെ സംസ്‌കാര ചരിത്രത്തിലെ നിര്‍ണ്ണായക സ്ഥാനങ്ങളിലൊന്നായി മാഷ് തന്റെ പഠനത്തിലൂടെ അതിനെ പുനര്‍നിര്‍മ്മിച്ചു. അതൊരു പുതിയ വഴിയായിരുന്നു. മലയാള പഠനത്തിലേക്കും സാംസ്‌കാരിക പഠനങ്ങളുടെ ഈ വെളിച്ചം മാഷ് കൊണ്ടുവന്നു. കാല്‍ നൂറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ മലയാളപഠനത്തിന്റെ മേഖലയില്‍ മാഷിന്റെ ഈ ഇടപെടല്‍ ഒരു വിചാരമാതൃകാ വ്യതിയാനത്തിന് (paradigm shift) വഴിതുറന്നതു കാണാം. മലയാളപഠനത്തെ സാഹിത്യമാത്രവും ഭാഷാനിഷ്ഠവുമായ വഴികളില്‍നിന്നു പുറത്തുകൊണ്ടുവരുന്നതില്‍ അതിനു വലിയ പങ്കുണ്ടായിരുന്നു. വിവിധ ജീവിതപ്രയോഗങ്ങളും പ്രഭാവങ്ങളും ഒത്തിണങ്ങിനില്‍ക്കുന്ന ഒരു മൂര്‍ത്തസന്ദര്‍ഭമായി സാഹിത്യത്തെ കാണുകയാണ് മാഷ് ചെയ്തത്. 

സാംസ്‌കാരിക പഠനങ്ങളെ അതേക്കുറിച്ചുള്ള പടിഞ്ഞാറന്‍ ആശയങ്ങളുടെ കേവലാവര്‍ത്തനമാക്കുന്നതിനോട് സ്‌കറിയാ മാഷ് യോജിച്ചിരുന്നില്ല. പാശ്ചാത്യ ആശയങ്ങളുടെ തെളിച്ചം സ്വീകരിക്കാന്‍ മടികാണിക്കാതിരുന്നപ്പോഴും സ്വന്തം ജീവിതാനുഭവങ്ങളുടെ അടിപ്പടവിലേ അവയെ പ്രതിഷ്ഠിക്കാവൂ എന്നതായിരുന്നു മാഷിന്റെ വീക്ഷണം. മലയാള സാഹിത്യപാഠങ്ങളെ സംസ്‌കാരപഠനവുമായി ചേര്‍ത്തുവയ്ക്കുമ്പോഴും മാഷിന് ഈ കരുതലുണ്ടായിരുന്നു. സാമൂഹ്യചരിത്രത്തിന്റെ അനുബന്ധ മേഖലയായി സാഹിത്യത്തെ പരിഗണിക്കാന്‍ മാഷ് ഒരിക്കലും തുനിഞ്ഞില്ല. സാഹിത്യപാഠങ്ങള്‍ സാമൂഹ്യചരിത്രത്തിന്റെ തെളിവുസാമഗ്രികളല്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സാഹിത്യത്തിന്റെ സ്വകീയജീവിതത്തെ മാനിച്ചുകൊണ്ടേ സാംസ്‌കാരിക വിമര്‍ശത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാവൂ എന്നതായിരുന്നു മാഷിന്റെ കാഴ്ചപ്പാട്. സാഹിത്യപാഠമാകട്ടെ, ചലച്ചിത്രഗാനമാകട്ടെ, നാടന്‍പാട്ടോ പഴഞ്ചൊല്ലുകളോ കഥകളിസംഗീതമോ ആകട്ടെ, ഓരോ ആവിഷ്‌കാര പ്രകാരത്തിനും അതിന്റേതായ സ്വന്തം ജീവിതമുണ്ട്. ആ അനന്യതയെ വകവച്ചുകൊടുത്തു കൊണ്ടേ അവയെ പഠനവിഷയമാക്കാവൂ. സിദ്ധാന്തശാലകളിലെ അസംസ്‌കൃത വസ്തുക്കളായി കലാസാഹിത്യ പാഠങ്ങളെ ചുരുക്കിയെഴുതുന്നതിനെ സംസ്‌കാരവിമര്‍ശനമായി മാഷ് കണ്ടതേയില്ല. 

സ്‌കറിയാ മാഷ് സര്‍വ്വീസില്‍നിന്നു വിരമിക്കുന്ന സന്ദര്‍ഭത്തില്‍ ഞങ്ങളെല്ലാവരും ഉള്‍പ്പെടുന്ന അദ്ധ്യാപക സംഘടനയായ അടടഡഠ അദ്ദേഹത്തിനു യാത്രയയപ്പും ഉപഹാരവും നല്‍കുകയുണ്ടായി. 1998ല്‍ അടടഡഠ രൂപീകരിച്ച കാലം മുതല്‍ 2006ല്‍ വിരമിക്കുന്നതുവരെ മാഷ് സംഘടനയില്‍ ഉണ്ടായിരുന്നു. മാഷൊരിക്കലും ഒരു സജീവ സംഘടനാപ്രവര്‍ത്തകനായിരുന്നില്ല. എന്നാല്‍ എന്നും അടിയുറപ്പുള്ള സംഘടനാ അംഗമായിരുന്നു. സംഘടനകളുടെ ആവശ്യകതയോ അവയുടെ പ്രസക്തിയേയോ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. കുറവുകളേയും പോരായ്മകളേയും പരസ്യമായി അധിക്ഷേപിച്ചുമില്ല. സ്വന്തം ബൗദ്ധികതയെ പ്രപഞ്ചകേന്ദ്രമായി കാണുന്ന മഹാജ്ഞാനികളില്‍ ഒരാളായിരുന്നില്ല അദ്ദേഹം. തന്റെ അഭിപ്രായങ്ങള്‍ ആക്ഷേപമില്ലാതെ അവതരിപ്പിച്ചുകൊണ്ടും തിരുത്തലുകളെക്കുറിച്ച് എപ്പോഴും സൂചിപ്പിച്ചുകൊണ്ടും മാഷ് സംഘടനയോടൊപ്പം നിന്നു. 

യാത്രയയപ്പ് സമ്മേളനത്തില്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങിയതിനുശേഷം മാഷ് മറുപടിപ്രസംഗത്തിന് എഴുന്നേറ്റു. ഞങ്ങള്‍ ധാരാളം പേര്‍ സദസ്സിലുണ്ട്. പലരും മാഷിന്റെ നേരിട്ടുള്ള ശിഷ്യന്മാര്‍. ഞങ്ങളെപ്പോലെ പലരും സഹപ്രവര്‍ത്തകരെങ്കിലും ശിഷ്യരെപ്പോലെ മാഷില്‍നിന്നു പലതും പഠിച്ചവര്‍. അത്തരമൊരു സദസ്സിനോട് മാഷ് എന്താവും പറയുക എന്നൊരു കൗതുകം എനിക്കുണ്ടായിരുന്നു. മാഷിന്റെ എല്ലാ സംഭാഷണങ്ങളിലും മൗലികതയുടെ പ്രകാശം പരന്നിരിക്കും എന്നറിയാവുന്ന സദസ്സ് ശ്രദ്ധാപൂര്‍വ്വം മാഷിനെ നോക്കി.

അസാധാരണമായ ഒരു ചോദ്യത്തില്‍നിന്നാണ് മാഷ് തുടങ്ങിയത്. 'നിങ്ങള്‍ നല്‍കിയ ഈ ഉപഹാരം സ്വീകരിക്കാന്‍ എനിക്കുള്ള അര്‍ഹതയെന്താണ്?' അതിനു മുന്‍പും പിന്‍പുമുള്ള എത്രയോ യാത്രയയപ്പ് സമ്മേളനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും അത്തരമൊരു ചോദ്യം ആരും സ്വയം ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടില്ല. അത്തരമൊരു മുഹൂര്‍ത്തത്തില്‍ തന്നിലേക്കു തന്നെ തിരിഞ്ഞുനോക്കുക എളുപ്പമല്ല. തന്റെ ചോദ്യത്തിനു സ്വയം കണ്ടെത്തിയ ഉത്തരം മാഷ് പിന്നാലെ പറഞ്ഞു: 'നിങ്ങളെല്ലാവരും പുറത്തു സമരം ചെയ്യുമ്പോള്‍ ഞാന്‍ അകത്തിരുന്നിട്ടില്ല എന്നതാണ് എന്നെ ഇതു സ്വീകരിക്കാന്‍ യോഗ്യനാക്കുന്നത് എന്നു തോന്നുന്നു.' സാഹോദര്യഭാവനയ്ക്ക് (camraderie) കൈവന്ന അത്രമേല്‍ ലളിതവും സരളവുമായ ഒരു വിശദീകരണമായിരുന്നു അത്. തന്റെ സൂക്ഷ്മമായ അഭിപ്രായഭേദങ്ങളെക്കാള്‍ ഒരു കൂട്ടായ്മയുടെ സാഹോദര്യബോധം എത്രയോ വലുതാണെന്ന തിരിച്ചറിവ് മാഷിന് എപ്പോഴുമുണ്ടായിരുന്നു. സംഘടനകളെ അവജ്ഞയോടെ കാണുന്ന ധൈഷണിക ഹുംകൃതികള്‍ക്കും പാണ്ഡിത്യഗര്‍വ്വിനും ഞങ്ങളുടെ സര്‍വ്വകലാശാലയിലും കുറവൊന്നുമുണ്ടായിരുന്നില്ല. അവരെക്കാളൊക്കെ വലിയ പണ്ഡിതനായിരുന്നപ്പോഴും മാഷ് സംഘടനയുടെ സാഹോദര്യഭാവനയെ വിലമതിച്ചു. 

എംജിഎസ് നാരായണൻ
എംജിഎസ് നാരായണൻ

നാല്

മാഷിന്റെ ഇടപെടലുകളില്‍ വലിയ ഫലമുളവാക്കിയ ഒന്ന് താപസത്തിന്റെ പ്രവര്‍ത്തനങ്ങളാണ്. താരതമ്യ പഠനസംഘം എന്നതിന്റെ ചുരുക്കപ്പേരായാണ് താപസം എന്ന് മാഷ് ഉപയോഗിച്ചു വന്നത്. താപസത്തിന്റെ വാര്‍ഷികസമ്മേളനങ്ങളെല്ലാം യുവത്വത്തിന്റെ വലിയ ഊര്‍ജ്ജപ്രവാഹമായി മാറി. കാലടിയിലെ ജസ്യൂട്ട് ആശ്രമമായ സമീക്ഷയിലും ചങ്ങനാശ്ശേരിയിലുമായി നടന്നിരുന്ന ത്രിദിന വാര്‍ഷിക സെമിനാറുകള്‍. കേരളത്തിനകത്തും പുറത്തും നിന്നു മുതിര്‍ന്നവരും ചെറുപ്പക്കാരുമായ ഗവേഷകര്‍ അവിടെ ഒത്തുചേര്‍ന്നു. ആള്‍ക്കൂട്ടമോ ആരവമോ ഇല്ല. മുപ്പതോ നാല്‍പ്പതോ പേര്‍ മാത്രം. എല്ലാവരും ഒത്തുചേരുന്ന പൊതു അവതരണങ്ങള്‍. പ്രത്യേക വിഷയങ്ങള്‍ക്കായുള്ള സമാന്തര സെഷനുകള്‍. പകലും രാത്രിയും തുടരുന്ന ആലോചനകള്‍. മാഷുടെ വൈജ്ഞാനികതയ്ക്കുള്ള വലിയ അംഗീകാരമെന്നതുപോലെ കേരളത്തിലെ തലമുതിര്‍ന്ന ഗവേഷകരും എഴുത്തുകാരുമെല്ലാം അതില്‍ സംബന്ധിച്ചിരുന്നു. ശാഠ്യങ്ങളും കാര്‍ക്കശ്യങ്ങളുമില്ലാത്ത തുറന്ന സംവാദത്തിന്റെ വേദിയായിരുന്നു അത്. 'അറിയാനും അറിയിക്കാനും' എന്ന പഴയ പ്രമാണത്തിന് അര്‍ത്ഥം കൈവന്ന സന്ദര്‍ഭങ്ങള്‍.

അതിവിപുലമായ വൈജ്ഞാനിക താല്പര്യങ്ങളോടെയാണ് സ്‌കറിയാ മാഷ് ജീവിച്ചത്. തന്റെ ധൈഷണിക ജീവിതത്തെ അദ്ദേഹം ഒരു ഒറ്റയടിപ്പാതയാക്കിയില്ല. നാലു പതിറ്റാണ്ടുകാലത്തെ അദ്ധ്യാപനവും പഠനഗവേഷണങ്ങളും പൈതൃകപഠനം, പാഠനിരൂപണം, സംസ്‌കാരപഠനം, ഭാഷാശാസ്ത്രം, വ്യാകരണം, സാഹിത്യനിരൂപണം, ഫോക്‌ലോര്‍, വിവര്‍ത്തനപഠനം, സാഹിത്യചരിത്ര വിജ്ഞാനം, പ്രാദേശിക ചരിത്രം എന്നിങ്ങനെ എത്രയോ പഠനമേഖലകള്‍. എട്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഗ്രന്ഥപരമ്പര, അഞ്ചു വാല്യമായി പ്രസിദ്ധീകരിച്ച ട്യൂബിങ്ങന്‍ സര്‍വ്വകലാശാല മലയാളം ഹസ്തലിഖിത പരമ്പര, മലയാള സര്‍വ്വകലാശാല രണ്ടു വാല്യമായി പ്രസിദ്ധീകരിച്ച മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും ഇസ്രയേലിലെ ഹീബ്രു സര്‍വ്വകലാശാല പ്രസിദ്ധീകരിച്ച കാര്‍കുഴലി, ഉദയംപേരൂര്‍ സുന്നഹദോസിന്റെ കാനോനകള്‍ എന്നുതുടങ്ങി ഇരുപതിലധികം ഗ്രന്ഥങ്ങള്‍. ഓശാനാ ബൈബിളിന്റെ ഭാഷാപരിശോധകന്‍, ട്യൂബിങ്ങന്‍ സര്‍വ്വകലാശാലയിലെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ചെയര്‍ പ്രൊഫസര്‍, അലക്‌സാണ്ടര്‍ ഫോണ്‍ ഹുംബോള്‍ട്ട് ഫെലോ എന്ന നിലയില്‍ ജര്‍മനിയിലേയും സ്വിറ്റ്‌സര്‍ലന്റിലേയും രേഖാശേഖരങ്ങളില്‍ നടത്തിയ പഠനങ്ങള്‍, ഹീബ്രു സര്‍വ്വകലാശാലയിലെ ജൂതമലയാള ഗവേഷണം... മാഷിന്റെ വൈജ്ഞാനിക സഞ്ചാരത്തിന്റെ വഴികള്‍ക്ക് അസാധാരണമായ വ്യാപ്തിയുണ്ടായിരുന്നു. അതിലൂടെ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം തനിക്കൊപ്പമുള്ളവരേയും കൂടെക്കൂട്ടി. താന്‍ പ്രസാധനം ചെയ്ത ഗ്രന്ഥങ്ങളുടെയെല്ലാം എഡിറ്റര്‍മാരായി യുവഗവേഷകരേയും അദ്ധ്യാപകരേയും നിയോഗിച്ചു. തന്റെ അറിവുകളും തന്റെ മികവുകളും തന്റേതു മാത്രമല്ലെന്ന വിവേകം മാഷൊരിക്കലും കൈവിട്ടിട്ടില്ല. മതനിരപേക്ഷതയും സാഹോദര്യബോധവും മാഷിന്റെ വിജ്ഞാനജീവതത്തിന്റെ അടിപ്പടവുകളായിരുന്നു. 

സ്‌കറിയാ മാഷിന്റെ ഗവേഷണ പ്രബന്ധങ്ങളുടേയും ലേഖനങ്ങളുടേയും ബൃഹദ്‌സമാഹാരമാണ് മലയാളവഴികള്‍. 2016ലോ മറ്റോ ആണ് അത്തരമൊരു സമാഹാരത്തെക്കുറിച്ച് ഞാനും അജയനും (പ്രൊഫ. എന്‍. അജയകുമാര്‍) ആലോചിച്ചത്. വൈകാതെ ആ ആശയവുമായി ഞങ്ങള്‍ ചങ്ങനാശ്ശേരിയില്‍ മാഷുടെ വീട്ടിലെത്തി. അത്തരമൊരു സമാഹാരത്തിന്റെ കാര്യത്തില്‍ മാഷ് ആദ്യം വിമുഖനായിരുന്നു. പഴയ പഠനങ്ങള്‍ പലതും പുതുക്കിയെഴുതണം എന്നായിരുന്നു മാഷിന്റെ അഭിപ്രായം. കുറെയേറെ ശ്രമങ്ങള്‍ക്കു ശേഷമാണ് ഞങ്ങളുടെ ആശയത്തിന് മാഷ് സമ്മതം തന്നത്. സാഹിത്യപഠനം, ഭാഷാവിചാരം, മതവിചിന്തനം, സംസ്‌കാരപഠനം, ജനസംസ്‌കാരവും പൈതൃകപഠനവും എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ 84 പ്രബന്ധങ്ങള്‍ ഉള്‍പ്പെടുത്തിയ സമാഹാരം. അജയനും ഞാനും ചേര്‍ന്നു പൊതുവായ ഒരാമുഖ പഠനവും എഴുതി. 

'മലയാളവഴി'കളിലെ പഠനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മാഷ് സഞ്ചരിച്ച വിജ്ഞാനലോകത്തിന്റെ വൈവിധ്യം നമ്മെ അത്ഭുതപ്പെടുത്താതിരിക്കില്ല. അവയുടെ അത്യസാധാരണമായ നവീനതയും. മാധവിക്കുട്ടിയുടെ രചനകളിലെ അലിയുന്ന കര്‍തൃത്വത്തെക്കുറിച്ചുള്ള പഠനം എണ്‍പതുകളിലേതാണ്.
ഘടനാവാദാനന്തര ചിന്തയുടെ ഉള്‍ക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തിയാണ് മാഷ് അതെഴുതിയത്. അങ്ങനെയൊന്ന് താന്‍ എഴുതിയിരുന്നു എന്ന കാര്യം മാഷ് തന്നെ മറന്നിരുന്നു. അതെവിടെയും പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. മറ്റു നിരവധി ലേഖനങ്ങള്‍ ഒട്ടും പ്രസിദ്ധമല്ലാത്ത ചെറുമാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടവയായിരുന്നു. മലയാളം കംപ്യൂട്ടിങ്ങ് മുതല്‍ മതവിജ്ഞാനം വരെയും മാവേലിപ്പാട്ട് മുതല്‍ മിഖായേല്‍ ബഖ്തിന്‍ വരെയുമായി, മനുഷ്യജീവിതത്തിന്റെ ബഹുസ്വരതയിലേക്ക് അത്രമേല്‍ തുറന്നുകിടക്കുന്നതായിരുന്നു മാഷിന്റെ രചനാജീവിതം. അവയെ ചേര്‍ത്തുവച്ചപ്പോള്‍ നമ്മുടെ കാലത്തെ തികവുറ്റ ബൗദ്ധികജീവിതങ്ങളിലൊന്നിലേക്കുള്ള പ്രകാശപൂര്‍ണ്ണമായ വഴികൂടിയാണ് തെളിഞ്ഞുകിട്ടിയത്. ആ വഴിയിലൂടെ ഇപ്പോള്‍ ധാരാളം പേര്‍ നടന്നുതുടങ്ങിയിരിക്കുന്നു. 

വിദ്യാഭ്യാസം മനുഷ്യന് ബൗദ്ധികശ്രേഷ്ഠതയാണോ ധാര്‍മ്മികശ്രേഷ്ഠതയാണോ പകരേണ്ടത് എന്നതു വളരെ പഴയൊരു ചോദ്യമാണ്. പ്ലേറ്റോയുടെ കാലം മുതല്‍ക്കേ അതുന്നയിക്കപ്പെടുന്നുണ്ട്. പില്‍ക്കാലത്ത് പലതരം ചോദ്യങ്ങളും ഉത്തരങ്ങളും അതിനെച്ചൊല്ലി ഉയര്‍ന്നുവരികയും ചെയ്തു. അറിവിലെ ധാര്‍മ്മികമൂല്യം എന്ന ആശയം നമ്മുടെ കാലത്ത് കാര്യമായൊന്നും മാനിക്കപ്പെടുന്ന ഒന്നല്ല. സാങ്കേതികതയും വിവരവിതരണവും വിഴുങ്ങുന്ന ഒന്നായി നമ്മുടെ വിജ്ഞാനപരിസരം കൂടുതല്‍ കൂടുതല്‍ പരിണമിച്ചുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ ധാര്‍മ്മികമാനത്തെക്കുറിച്ചു പറയുന്നവര്‍ മിക്കവാറും പഴയ ലോകത്തിന്റെ അവശേഷിപ്പുകളായിത്തീര്‍ന്നിരിക്കുന്നു. 

സ്‌കറിയാ മാഷ് അതില്‍നിന്നു വ്യത്യസ്തനായിരുന്നു. ഏറ്റവും പുതിയ അറിവിനോട് സംവാദ സന്നദ്ധനായിരിക്കെത്തന്നെ, അതിന്റെ നൈതികാധാരങ്ങളെക്കുറിച്ച് മാഷ് എപ്പോഴും ഉല്‍ക്കണ്ഠ പുലര്‍ത്തുകയും ചെയ്തു. ക്ലാസ്സ്മുറിയിലെ ചെറിയ വിഷയാവതരണമായാലും ഓക്‌സ്ഫഡും ഹാവാര്‍ഡും പോലുള്ള പടിഞ്ഞാറന്‍ സര്‍വ്വകലാശാലകളിലെ പ്രബന്ധാവതരണമായാലും മാഷ് ഇക്കാര്യത്തില്‍ ഒരേ നിഷ്‌കര്‍ഷ പുലര്‍ത്തി. അദ്ധ്യാപകന്‍ എന്ന തന്റെ ജോലിയില്‍ അദ്ദേഹം ഒരിക്കലും വീഴ്ച വരുത്തില്ല. എല്ലാ ക്ലാസ്സുകളിലും അദ്ദേഹം കൃത്യമായി ചെന്നു; അത്രമേല്‍ സുഭഗമായി ക്ലാസ്സുകള്‍ എടുത്തു. സര്‍വ്വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന പ്രൊഫസര്‍മാരില്‍ ഒരാളായതിനുശേഷവും ഒന്നാം വര്‍ഷ ബിരുദക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോയിരുന്ന മാഷിനെ എനിക്കോര്‍മ്മയുണ്ട്. 'കോപ്പിടും നൃപതിപോലെയും/കളിക്കോപ്പെടുത്ത ചെറുപൈതല്‍ പോലെയും' എന്ന കവിവാക്യം മാഷിനും ഇണങ്ങുമായിരുന്നു. അറിവിനെ മനുഷ്യരോടുള്ള അഗാധമായ മൈത്രീഭാവമായി മാറ്റാന്‍ സ്‌കറിയാമാഷിനു കഴിഞ്ഞു. അനുകമ്പയായിത്തീരാത്ത ദൈവബോധമെന്നപോലെ അനുതാപമില്ലാത്ത അറിവും പാഴാണെന്ന് മാഷിനറിയാമായിരുന്നു. മറ്റെല്ലാത്തിനുമുപരിയായി സ്‌കറിയാ സക്കറിയ അവശേഷിപ്പിക്കുന്ന മഹിതമൂല്യവും മറ്റൊന്നല്ല.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com