അക്കാരണത്താല്‍ തകഴി മലയാളത്തിന്റെ വിശ്വ സാഹിത്യകാരനായി തുടരും...

തകഴി ശിവശങ്കരപ്പിള്ളയെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ 
അക്കാരണത്താല്‍ തകഴി മലയാളത്തിന്റെ വിശ്വ സാഹിത്യകാരനായി തുടരും...

ഞാന്‍ ജനിച്ചപ്പോള്‍ അപ്പൂപ്പന് ഇന്നത്തെ എന്റെ പ്രായം. 2022ല്‍ അപ്പൂപ്പന്‍ ജനിച്ചിട്ട് നൂറ്റിപ്പത്ത് വര്‍ഷങ്ങള്‍ തികയുന്നു! ഈ വാചകങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന പരമാര്‍ത്ഥങ്ങള്‍ എന്നെ കുറച്ചൊന്നുമല്ല പിടിച്ചുലയ്ക്കുന്നത്. 

ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കൊച്ചുമകന്റേതാണ്. എന്നെപ്പറ്റി കൂടുതല്‍ പറയാതെ തകഴി ശിവശങ്കരപ്പിള്ള എന്ന എന്റെ അമ്മയുടെ അച്ഛനെപ്പറ്റി അല്ലെങ്കില്‍ അപ്പൂപ്പനെപ്പറ്റി എഴുതണം എന്നാണ് ആഗ്രഹം. അതേസമയം എന്നെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് എനിക്ക് ഒന്നും പറയാനാവുകയില്ലതാനും. മായ്ചുകളയാന്‍ കഴിയാത്ത ജനിതക സത്യത്തിന്റെ അപാരതയില്‍ എനിക്ക് പ്രായം എത്ര ഏറിയാലും ഞാന്‍ തകഴിയുടെ കൊച്ചുമകനായി തുടരും ഈവക സത്യങ്ങളുമായുള്ള മല്ലിടല്‍ എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കെത്തന്നെ. എന്നെയോ എന്റെ എളിയ സാഹിത്യസംരംഭങ്ങളേയോ സംബന്ധിച്ച് പറയുമ്പോള്‍ 'തകഴിയുടെ കൊച്ചുമകന്‍' എന്ന പ്രയോഗം പലരില്‍നിന്നും സ്വമേധയാ ഉണ്ടാവുന്നതാണ്. അതിനുത്തരവാദി ഒരിക്കലും ഞാനല്ല. എന്നാല്‍ 'തകഴി' എന്ന മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ ആണെന്നു പറയേണ്ടതില്ലല്ലോ. എനിക്ക് 'കൊച്ചുമകന്‍' എന്ന പട്ടം ഈ ജന്മത്തില്‍ തിരുത്താനോ മാറ്റാനോ ആവില്ല.

'തകഴി'യെന്ന എന്റെ അപ്പൂപ്പനെപ്പറ്റി എഴുതണം എന്ന് കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളില്‍ അപ്പൂപ്പന്റെ ജീവിതം നേരിട്ടറിഞ്ഞ പഴയ തലമുറയും അതിന് അവസരം കിട്ടാത്ത പുതിയ തലമുറയും എന്നെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. സ്വാര്‍ത്ഥത ചാലിച്ച സമയക്കുറവിനെ പഴിചാരുകയോ നാളേയ്ക്ക് മാറ്റിവയ്ക്കപ്പെടുന്ന പട്ടികയിലകപ്പെട്ടുപോയല്ലോ എന്നും മറ്റുമുള്ള ഒഴിവുകഴിവുകള്‍ നിരത്താം. ഒരു സങ്കടമേ ഉള്ളു, പഴയ തലമുറ എന്നു ഞാന്‍ പറഞ്ഞതിലെ മിക്കവരും ഇന്ന് നമ്മോടൊപ്പമില്ല. പല സംശയങ്ങളും ചോദിച്ചു തീര്‍ക്കാന്‍ അവരുണ്ടായിരുന്നെങ്കില്‍ എന്നിപ്പോള്‍ ആശിച്ചുപോകുന്നു.

ഇത് തകഴിയുടെ ആത്മകഥ (biography) അല്ല എന്റെയും എന്റെ കുടുംബത്തിന്റേയും ഞങ്ങളുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോരുന്ന ചിലരുടേയും തകഴി എന്ന ഗ്രാമവാസികളുടേയും ഓര്‍മ്മകളില്‍നിന്ന് ഉരുത്തിരിഞ്ഞ കുറെ സംഭവങ്ങളുടെ ഒരുതരം ഏറ്റുപറച്ചില്‍. കാലവും തീയതിയും മറ്റും കൃത്യമായി രേഖപ്പെടുത്തി കാലക്രമം അനുസരിച്ചുള്ള ഒരു ലേഖനപരമ്പരയുമല്ല. ഇത് വായിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും അപ്പൂപ്പനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണ്ടാവും എന്നെനിക്കറിയാം. വസ്തുതകളില്‍ അവര്‍ തെറ്റുകള്‍ കണ്ടെത്തിയേക്കാം. ഏതെങ്കിലും തരത്തില്‍ അത്തരം തെറ്റുകള്‍ ഈ കുറിപ്പുകളില്‍ വന്നുകൂടിയിട്ടുണ്ടെങ്കില്‍, തകഴിയുടെ ഭാഷയില്‍ പറഞ്ഞാല്‍, എന്നോട് ക്ഷമിക്കണം. അതുപോലെതന്നെ ഈ കുറിപ്പുകളിലൂടെ അറിഞ്ഞുകൊണ്ട് ആരേയും ഒഴിവാക്കുവാനോ വിഷമിപ്പിക്കാനോ എനിക്ക് ഉദ്ദേശ്യമില്ല.

എല്ലാമെല്ലാം ആഗോളവല്‍ക്കരിക്കപ്പെട്ട- സാഹിത്യവും അതില്‍ ഉള്‍പ്പെടുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു  ഇക്കാലത്ത് വിശ്വസാഹിത്യകാരന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മാറ്റിമറിക്കപ്പെട്ടിട്ടുണ്ടാവാം. തകഴി എങ്ങനെ മലയാളക്കരയിലെ വിശ്വസാഹിത്യകാരനായി എന്നും മറ്റും ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. ന്യൂയോര്‍ക്ക് ലണ്ടന്‍ പാരീസ് ഹോങ്കോങ്ങ് ബെയ്ജിങ് ബെര്‍ലിന്‍ ടോക്കിയോ ഉള്‍പ്പെടെ മറ്റ് വിദേശ പട്ടണങ്ങളിലെ പുസ്തകക്കടകളില്‍ തകഴിയുടെ പുസ്തകങ്ങള്‍ ഇന്നു കാണാന്‍ കഴിഞ്ഞെന്നുവരില്ല. തകഴി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം നമ്മുടെ നാട്ടില്‍ വിശ്വസാഹിത്യകാരനായി അറിയപ്പെട്ടിരുന്നു. ആ ഓര്‍മ്മ നമ്മളില്‍ പലരും സൂക്ഷിക്കുന്നു, ചരിത്രപഠന പുസ്തകങ്ങളിലും മറ്റും അങ്ങനെ പ്രതിപാദിക്കുന്നു. അതിനു കാരണം 'മലയാളം' എന്ന ഭാഷയെ ആദ്യമായി സാഹിത്യത്തിലൂടെ ലോകത്തിന്റെ ഉന്നത സ്ഥാനങ്ങളിലും ഓണംകേറാമൂലകളിലും എത്തിക്കുന്നതില്‍ അപ്പൂപ്പന്റെ കൃതികള്‍ പ്രധാനമായ പങ്കുവഹിച്ചിരുന്നു എന്നതാണ്. അക്കാരണത്താല്‍ തകഴി മലയാളത്തിന്റെ വിശ്വസാഹിത്യകാരനായി തുടരും എന്നു വിശ്വസിക്കുന്നു. ആ പദവി ഇന്ന് കാലോചിതമല്ലായിരിക്കാം, ഈ ചെറുലോകത്തിലെ മലയാള സാഹിത്യത്തില്‍ അനര്‍ത്ഥമാവാം.

പേരും പെരുമയും എന്ന വിഷയത്തെപ്പറ്റി അപ്പൂപ്പന്‍ കൂടെക്കൂടെ ഞങ്ങള്‍ കുടുംബത്തില്‍ ഉള്ളവരെ ഓര്‍മ്മിപ്പിച്ചിരുന്നത് 'ഇക്കാണുന്നതിലൊന്നും വിശ്വസിക്കരുത്' എന്നായിരുന്നു. പ്രത്യേകിച്ച് തറവാടായ ശങ്കരമംഗലം വീട്ടില്‍ അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും കിട്ടിക്കഴിഞ്ഞുള്ള ഉത്സവതുല്യമായ അന്തരീക്ഷത്തില്‍. എത്ര പണം അവാര്‍ഡിനോടൊപ്പം കിട്ടും എന്നതും പ്രാധാന്യമര്‍ഹിച്ചിരുന്നു; കാരണം അപ്പോഴേക്കും എഴുതി ജീവിച്ചുപോന്ന ഒരു കുടുംബം ആയിരുന്നു ഞങ്ങളുടേത്. അവാര്‍ഡ് തുകയ്ക്കനുസരിച്ച് മനക്കോട്ട കെട്ടുന്ന ഒരു തനി കുട്ടനാടന്‍ കര്‍ഷക കുടുംബം.
രാവിലെ മുതല്‍ രാത്രിവരെ പത്രക്കാരും ദൂരെ നിന്നുള്ള സുഹൃത്തുക്കളും വന്നുപോകുന്ന തകഴിയിലെ  ശങ്കരമംഗലമുറ്റത്തിരുന്ന് മുറുക്കിത്തുപ്പി കൊച്ചുബീഡി വലിച്ച് വായുവില്‍ ഒരു ആമ്പല്‍പൂവിന്റെ ഇതളുകള്‍പോലെ ചുണ്ണാമ്പുപടര്‍ന്ന കൈവിരല്‍ത്തുമ്പുകള്‍ ചുരുക്കിയും വിടര്‍ത്തിയും അപ്പൂപ്പന്‍ പറയും: 'ഓ, ഈ ആള്‍ക്കൂട്ടവും മറ്റും വെറുതെയാ മക്കളേ, കാലം തെളിയിക്കണം. എന്റെ മരണശേഷം ഒരമ്പതു വര്‍ഷം കഴിഞ്ഞ് ആരേലും എന്നേ ഓര്‍ത്താ കൊള്ളാം. എന്റെ കാലം കഴിഞ്ഞ് ഈ വീട്ടില്‍ ആരൊക്കെ വരും? ആരും വരത്തില്ല, വരാന്‍ കാരണം വേണം... ആരെങ്കിലും അന്ന് എന്റെ പുസ്തകങ്ങള്‍ വായിക്കുമോ, ആ ആര്‍ക്കറിയാം?'

മരണത്തെക്കുറിച്ച് സംസാരിക്കുന്ന അപ്പൂപ്പന്‍

ഒരുപാട് പൊട്ടിച്ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ തീരുന്നതിനു മുന്‍പ് സ്വന്തം മരണത്തെപ്പറ്റി അപ്പൂപ്പന്‍ പെണ്‍മക്കളോട് സംസാരിക്കും, ഓരോന്ന് പറഞ്ഞ് പറഞ്ഞ് അവരെ കരയിക്കും. ഒരുപാട് ചിരിച്ചാല്‍ അന്ന് കരയും എന്ന അന്ധവിശ്വസം തകഴിക്കാര്‍ക്കുണ്ടായിരുന്നു. തകഴിക്കും ഭാര്യ കമലാക്ഷിയമ്മ എന്ന 'കാത്ത'യ്ക്കും (അപ്പൂപ്പന്‍ അമ്മൂമ്മയെ 'കാത്ത' എന്നായിരുന്നു വിളിച്ചിരുന്നത്) നാല് പെണ്‍മക്കളും ഒരു മകനും. മൂത്ത മകള്‍ രാധമ്മ, രണ്ടാമത് ബാലകൃഷ്ണന്‍ നായര്‍, മൂന്നാമത്തെ മകള്‍ ജാനമ്മ (എന്റെ അമ്മ), നാലാമത്തെ മകള്‍ ഓമന എന്നു വിളിക്കുന്ന പാര്‍വ്വതി, ഏറ്റവും ഇളയ മകള്‍ കനകം എന്ന് വിളിക്കുന്ന ജലജ. എല്ലാവര്‍ക്കും കമലാക്ഷിയമ്മയിലെ 'കെ' എന്ന ഇനിഷ്യല്‍. മരുമക്കത്തായം ക്ഷയിക്കുന്ന കാലഘട്ടത്തിലാണ് അപ്പൂപ്പന്‍ വളര്‍ന്നുവന്നത്. അപ്പൂപ്പന്റെയച്ഛന്‍ ഒരു തികഞ്ഞ മരുമക്കത്തായി ആയിരുന്നു എന്ന് അപ്പൂപ്പന്‍ പറഞ്ഞിട്ടുണ്ട്. ആ സാമൂഹിക സമ്പ്രദായത്തിന്റെ തകര്‍ച്ചയുടെ വിപത്തുകള്‍ കുട്ടിക്കാലത്ത് ഒരുപാട് നേരിട്ട് അനുഭവിച്ച് വളര്‍ന്നയാളാണ് അപ്പൂപ്പന്റെ അമ്മയും അച്ഛനും ചേച്ചിയും അപ്പൂപ്പനും. മക്കള്‍ക്കാര്‍ക്കും സ്വന്തം പേരിലെ 'എസ്' എന്ന ഇനിഷ്യലോ 'പിള്ള' എന്ന ജാതിവാലോ നല്‍കിയില്ല.

'മോളേ... മക്കളെ... അച്ഛനിപ്പം നാളെയങ്ങ് ചത്തുപോയാല്‍ നിങ്ങളെന്തു ചെയ്യും? നിങ്ങളെല്ലാം അലമുറയിട്ട് നെഞ്ചത്തടിച്ച് കരയും എനിക്കറിയാം. അയ്യോ എനിക്കതോര്‍ക്കാന്‍ വയ്യ. വേണ്ട വിഷമിക്കണ്ട ഞാന്‍ വെറുതെ പറഞ്ഞതാ...' 

ഇത് കൂടിയിരിക്കുന്ന മക്കളും ചെറുമക്കളും കേട്ടില്ല എന്നു തോന്നിയാല്‍ ഒന്നുകൂടി പറയും. എന്നിട്ട് ഗദ്ഗദം ഒളിപ്പിച്ച് കരയുന്നപോലെ ചിരിക്കും, കണ്ണുകള്‍ അല്പം നനയും.

അപ്പോഴേക്കും പെണ്‍മക്കളിലാരെങ്കിലും കണ്ണുകള്‍ നിറഞ്ഞ് ആരോടെന്നില്ലാതെ ചോദിക്കും, 'ഈ അച്ഛന് വേറൊന്നും പറയാനില്ലെ ഇന്ന്... ഈ നല്ല ദിവസം.' എന്നിട്ട് അവര്‍ ഓര്‍മ്മകളില്‍നിന്ന് ഓരോന്ന് ഏറ്റുപറഞ്ഞ് കരയും. ഒരു കൂട്ടക്കരച്ചില്‍. 

അപ്പോള്‍ നടുക്ക് ചിരിതൂകി കോടിയണഞ്ഞ ചെറിയ കണ്ണുകള്‍ നിറഞ്ഞ് തകഴി ചാരുകസേരയില്‍ ഇരിക്കും. കയ്യെത്തുന്ന ദൂരത്തിരിക്കുന്ന മകളെ തന്നോടടുപ്പിക്കും, കെട്ടിപ്പിടിക്കും. പെട്ടെന്ന് കണ്ണു നിറയുന്ന കുടുംബക്കാരാണ് ഞങ്ങള്‍. എന്റെ വല്യമ്മരാധമ്മ ചിലപ്പോള്‍ സംസാരിക്കുന്നത് തന്നെ ഇത്തിരി കരഞ്ഞുകൊണ്ടാണ്, കണ്ണുനിറഞ്ഞിട്ടുണ്ടാവും ചുണ്ടില്‍ ചിരിയും ഇടയ്ക്കിടയ്ക്ക് വിരിയും. സാരിത്തുമ്പാല്‍ കണ്ണുകള്‍ തുടച്ചോണ്ട് മൂക്ക് പിഴിഞ്ഞ് വാ തോരാതെ സങ്കടങ്ങളും ശാസനകളും വല്യമ്മയില്‍നിന്നുതിരും. മൂത്ത മകളല്ലെ എപ്പോഴും എന്തെങ്കിലും വല്യമ്മയെ ദുഃഖിപ്പിക്കും. അപ്പൂപ്പന്‍ മക്കള്‍ക്കു നേരെ തൊടുത്തുവിട്ട നര്‍മ്മം കലര്‍ന്ന നൊമ്പരം ഞങ്ങള്‍ കൊച്ചുമക്കള്‍ കേട്ടും കണ്ടുമിരിക്കും. ചേച്ചി കരഞ്ഞു കൊച്ചേച്ചി കരഞ്ഞു എന്റെ കണ്ണും നിറയുന്നു ഒരു മാലപ്പടക്കം ഇഫക്റ്റ് പെണ്‍മക്കള്‍ക്കിടയില്‍. വായ്‌ക്കോട്ടയിട്ടവനെ നോക്കുന്നവന്‍ വായ്‌ക്കോട്ടയിടുന്നപോലെ എന്ന് കാഴ്ചക്കാരനു തോന്നാം. പെണ്‍മക്കള്‍ കൂടിയിരുന്ന് കണ്ണുകള്‍ തുടയ്ക്കുന്നതു നോക്കി അച്ഛന്‍ തകഴി ഇരിക്കും.

അമ്മൂമ്മ അടുക്കളയില്‍നിന്ന് നടന്നെത്തും. 'എന്തോന്നാ ഈ അച്ഛന് ഇന്ന് എല്ലാരും സന്തോഷിച്ചിരിക്കുമ്പോഴാ ചാകുന്ന കാര്യം, വേറൊന്നുമില്ലെ പറയാന്‍?... ഓ ഒന്ന് നിറുത്ത്' എന്നു പറയുന്ന അമ്മൂമ്മയുടെ കണ്ണുകളും ഇത്തിരി നനയും തൊണ്ട ഇടറും ചുമയ്ക്കും. സ്‌കൂള്‍ വിദ്യാഭ്യാസം അധികം ലഭിച്ചിട്ടില്ലെങ്കിലും അപ്പൂപ്പന്റെ ജീവിതത്തിലുടനീളം അമ്മൂമ്മയുടെ സമയോചിതമായ ഇത്തരം ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ നമുക്ക് തകഴി എന്ന എഴുത്തുകാരന്‍ തന്നെ ഉണ്ടാവുമോ എന്നു സംശയമാണ്.

'അയ്യോ ദേ അമ്മയും കരയുന്നു. ഞാനൊന്നും പറഞ്ഞില്ല, കാത്തേ... നീയും എന്നോട് ദേഷ്യപ്പെടുവാണോ, എന്നാവേണ്ട ഞാനൊന്നും പറയുന്നില്ല, അച്ഛനൊന്നും ഇനി പറയുന്നില്ല...', അപ്പൂപ്പന്‍ തൊണ്ടയിടറി ഇത്രയും പറഞ്ഞേച്ച്  മുറുക്കാന്‍ തുപ്പാന്‍ എന്ന വകയില്‍ കിഴക്കുവശത്തെ മാവിന്‍ചുവട്ടിലേയ്ക്ക് രക്ഷപ്പെടും.

അങ്ങനെ ആ ചെറുനാടകം പതുക്കെ അവസാനിക്കും. 'ഹാള്‍' എന്ന് ഞങ്ങള്‍ വിളിക്കുന്ന ആസ്ബസ്റ്റോസിട്ട ചുട്ടുപൊള്ളുന്ന മുറിയുടെ ചുവന്ന, തിളങ്ങുന്ന തറയിലേയ്ക്ക് തണുപ്പ് തേടി ഞങ്ങള്‍ പടര്‍ന്നു കിടക്കും. കുടുംബം വലുതായപ്പോള്‍ വലിയ ഊണ്‍മേശ വാങ്ങിയപ്പോള്‍ ഈ ഹാളിലാണിട്ടത് അങ്ങനെ ഹാള്‍ ഊണുമുറിയായി. അതിനു മുന്‍പ് അടുക്കളയിലും അറയുടെ മുന്‍പിലും നിലത്ത് ഇലയിട്ട് ഞങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നു; മറ്റ് ഏത് കുട്ടനാട്ടുകാരേയും പോലെ.

അപ്പൂപ്പന്റെ സാഹിത്യത്തിലെ വഴികാട്ടി കേസരി ബാലകൃഷ്ണപിള്ള തന്റെ മരണം ഈ വരുന്ന ദിവസമാണെന്നു പ്രവചിക്കുകയും മരിക്കാനായി വിളക്കു തലയ്ക്കല്‍ കത്തിച്ചുവച്ച് നീണ്ട് നിവര്‍ന്നു കണ്ണടച്ച് കിടക്കുമായിരുന്നു എന്ന് എവിടെയോ വായിച്ച ഓര്‍മ്മ. സാഹിത്യത്തിലെ മാര്‍ഗ്ഗദര്‍ശിയില്‍നിന്ന് അപ്പൂപ്പനു കിട്ടിയ ശീലമാവാം, പരീക്ഷണമാവാം. ഒരു മനഃശാസ്ത്രജ്ഞന്റെ കടഞ്ഞെടുത്ത പ്രൊഫഷണല്‍ ചോദ്യങ്ങള്‍ പോലെയല്ലെങ്കിലും ചെറിയ ചോദ്യങ്ങള്‍ എയ്ത് അപ്പൂപ്പന്‍ കുടുംബക്കാരുടെ മനസ്സിലുള്ളത് ഊറ്റിയെടുക്കും. ചെറിയ പൊട്ടന്‍കളി കളിക്കും അറിയാന്‍മേല എന്ന ഭാവേന, അത് ഫലിക്കുകയും ചെയ്യും.

ശങ്കരമംഗലത്തെ ഹാള്‍ എന്ന് വിളിക്കപ്പെട്ട ആസ്ബസ്റ്റോസിനടിയിലെ ചുട്ടുപൊള്ളുന്ന ഊണ് മുറിയുടെ ചുവന്ന തറയ്ക്ക് തകഴിയുടെ കഥ പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍  എന്നാഗ്രഹിച്ചുപോവുന്നു. പണ്ട് അപ്പൂപ്പനും അമ്മൂമ്മയ്ക്കും കൃഷിയുണ്ടായിരുന്ന കാലത്ത് പറക്കണക്കിന് നെല്ല് കൂട്ടിയിട്ടിരുന്നു ആ ഹാളിന്റെ ചുവപ്പില്‍. പഴമാങ്ങയും തേങ്ങകളും കാലത്തിനൊത്ത് അവിടെ കൂനകൂടിക്കിടന്നു. ഉത്സവം കണ്ടേച്ച് പാതിരാത്രി കഴിഞ്ഞ് തളര്‍ന്നെത്തി പായ വിരിച്ച് ഞങ്ങളെല്ലാം ആ ചുവപ്പില്‍ കിടന്നുറങ്ങിയിരുന്നു. വീട്ടിലെ പൊടിക്കുഞ്ഞുങ്ങള്‍ നാലുകാലേല്‍ നിന്ന് ആ ചുവന്ന തറയില്‍ പെടുത്തിരുന്നു. അവസാനം ഒരു ഒറ്റമുണ്ട് മാത്രം ധരിച്ച് കോടാനുകോടി അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കുട്ടനാടിന്റെ കഥകളെല്ലാം എഴുതിവെച്ച കൈവിരലുകള്‍ കൂട്ടിയിണക്കി കണ്ണ് പാതിയടച്ച് അപ്പൂപ്പന്‍ അവസാനമായി തെക്കേ കോണിലെ ചിതകാത്ത് ഇറങ്ങിക്കിടന്നതും ആ ചുവന്ന തറയിലായിരുന്നു.

നെല്‍ക്കൃഷി ഉണ്ടായിരുന്ന കാലത്ത് കിഴക്കുവശത്ത് പറമ്പില്‍ മെയ്ത്തിനുള്ള മുളങ്കമ്പുകള്‍ കെട്ടിനിറുത്തിയിരിക്കും (ഇപ്പോള്‍ അവിടെയാണ് തകഴിയുടെ സ്മൃതിമണ്ഡപവും പ്രതിമയും). വടക്കെ കോണില്‍ പുക പുരണ്ട് കറുത്ത മുട്ടന്‍ ചെമ്പില്‍ തുളുമ്പെ നെല്ല് വേവുന്നു. അടിയില്‍ ഉമിയിട്ട് വിറകുകള്‍ കത്തിപ്പടരുന്നു. തീയൂതാന്‍ കയ്യാല്‍ കറക്കുന്ന യന്ത്രം. നീണ്ട മുട്ടന്‍ പായകളില്‍ പുഴുങ്ങിയ ചൂടാറാത്ത നെല്ല് വിരിക്കപ്പെടുന്നു. ഒരുത്സവം. അതെ, എന്റെ ഓര്‍മ്മയില്‍ കൊയ്ത്തും അത് കഴിഞ്ഞുള്ള ആഴ്ചകള്‍ ഒരു വിവാഹമോ മറ്റോ പോലെ. ചിരിയും വെടിപറച്ചിലും കരിക്കിന്‍ വെള്ളവും ചുട്ടവെയിലും നിരന്നിരുന്നുള്ള ഊണും ഉറക്കമിളപ്പും പെട്രോമാക്‌സിന്റെ വെളിച്ചത്തിലെ രാത്രിയും. ആ കാലത്തിന് ഒരു പ്രത്യേക മണമാണ്, പുഴുങ്ങിയ നെല്ലിന്റേയും ഉണങ്ങിയ നെല്ലിന്റേയും നിലവറയുടേയും എല്ലുമുറിയെ പണി ചെയ്യുന്നവരുടെ വിയര്‍പ്പിന്റേയും ചേറിന്റേയും സമ്മിശ്ര ഗന്ധം. 

പിന്നീട് അപ്പൂപ്പന്‍ ആദ്യമായി അംബാസിഡര്‍ കാര്‍ വാങ്ങിയപ്പോള്‍ റോഡിനരുകില്‍ നെല്ല് പുഴുങ്ങിയിരുന്ന വടക്കുകിഴക്ക് കോണിലാണ് കാര്‍ ഷെഡ് പണിതത്. കാര്‍ഷെഡിന്റെ പുറകില്‍ തെക്ക് വടക്ക് ഒരു നീണ്ട ഓലമേഞ്ഞ പുരയുണ്ടായിരുന്നു. രണ്ട് ചെറിയ മുറികള്‍, അതിനോട് ചേര്‍ന്ന് പശുത്തൊഴുത്ത്. രണ്ട് മുറികള്‍ എന്നു പറഞ്ഞുവെങ്കിലും അവ കച്ചിയും കൊതുമ്പും മറ്റ് കൃഷിയായുധങ്ങളും സൂക്ഷിക്കുന്ന ജനലുകള്‍ ഇല്ലാത്ത മുറികള്‍ മാത്രം. മുട്ടോളം പൊക്കത്തില്‍ വാതില്‍പ്പടി. ചാണകം മെഴുകിയ തറ. കിഴക്ക് എവിടെനിന്നോ ഒരു മൂശാരി ആണ്ടിലൊരിക്കല്‍ എത്തുന്നതും ആ മുറി ഉപയോഗിക്കുന്നതും മറ്റും ഓര്‍ക്കുന്നു. പഴകിയ തുള വീണ പിച്ചളയും ചെമ്പും ഓട്ടുപാത്രങ്ങളും അമ്മൂമ്മ പെറുക്കിക്കൊണ്ടുവരും. അതില്‍ ചില ഓട്ടുപാത്രങ്ങള്‍ വീണ്ടും ഉരുക്കി പുതിയ പാത്രങ്ങളും സാമഗ്രികളുമായി മാറ്റപ്പെടും. പഴയതും പണവും നല്‍കി പുതിയ സാമഗ്രികള്‍ വാങ്ങുന്ന അമ്മൂമ്മ. മണ്ണില്‍ കുഴിച്ച കുഴിയില്‍ തിളയ്ക്കുന്ന ഓട് പുതിയ രൂപങ്ങള്‍ പ്രാപിക്കുന്നതും നോക്കി മണിക്കൂറുകളോളം ഞാന്‍ മൂശാരിയുടെ അടുത്ത് കുത്തിയിരുന്നിട്ടുണ്ട്. 

വടക്കെ അറ്റത്തെ മുറി എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഭീകരദിനത്തിന് സാക്ഷിയായിട്ടുമുണ്ട്. അമ്മൂമ്മ തന്റെ കഴിവും തന്റേടവും കൊണ്ട് ചെറിയ സമ്പാദ്യം സ്വരൂപിച്ചിരുന്നു. അടുക്കളവഴിയുള്ള പണം എന്നു പറയാം. അമ്മൂമ്മയില്‍നിന്ന് ആ പണം അപ്പൂപ്പന്‍ കടം വാങ്ങുന്നതും ഞാന്‍ ഓര്‍ക്കുന്നു. 

പശുക്കള്‍, അവയുടെ പാല്‍, കുറെ കോഴികള്‍, അവയുടെ മുട്ടകള്‍, കാറ്റത്ത് വീഴുന്ന മടലുകള്‍, കൊതുമ്പുകള്‍ അവയൊക്കെ വെട്ടിനുറുക്കി കെട്ടി അയല്‍പക്കക്കാര്‍ക്ക് ഇടയില്‍ ഒരു ചെറിയ കച്ചവടം. അന്നൊക്കെ അന്യോന്യം സഹായിക്കുക എന്ന ഉദ്ദേശ്യമേ അതിനുണ്ടായിരുന്നുള്ളു. എനിക്കിത്തിരി കൂടുതല്‍ ഉള്ളത് നിനക്കില്ലാത്തതുകൊണ്ട് തരുന്നു. 'അതിന് ദേ ഇതിരിക്കട്ടെ' എന്ന് സ്‌നേഹത്തോടെ മടിക്കുത്തില്‍ നിന്നെടുത്ത് കയ്യില്‍ ചുരുട്ടിവച്ച് കൊടുക്കുന്ന പണം. അങ്ങനെയുള്ള അമ്മൂമ്മയുടെ സമ്പാദ്യം. 

ഓര്‍മ്മയിലെ ആ ക്രൂരകൃത്യം

അമ്മൂമ്മയുടെ തകഴി സ്‌പെഷ്യല്‍ ഓംലെറ്റിന് ഒരു പ്രത്യേക സ്വാദാണ്. വട്ടത്തിലുള്ള കുഴിഞ്ഞ സ്റ്റീല്‍പാത്രത്തില്‍ തടിച്ചുപൊങ്ങി നിറഞ്ഞു തേങ്ങാതിരുമ്മിയതും കൊച്ചുള്ളിയും കാന്താരിമുളകും മറ്റെന്തൊക്കെയോ സ്വാദുകൂട്ടുന്ന ചേരുവകളും ചേര്‍ത്തുള്ള ഓംലെറ്റ്. മെലിഞ്ഞുകൂര്‍ത്ത എന്റെ ശരീരം ഒന്ന് നന്നായിക്കാണാന്‍ അമ്മൂമ്മയും ആഗ്രഹിച്ചിരുന്നു. 

ഞാന്‍ ആറിലോ ഏഴിലോ മറ്റോ പഠിക്കുന്ന കാലത്താണ് എന്ന് ഓര്‍മ്മ (ഞാന്‍ ആദ്യകവിത എഴുതിക്കഴിഞ്ഞ കാലം) അമ്മൂമ്മ എന്നോട് പറഞ്ഞു, 'മോനേ വിളിക്കാന്‍ ആരേം കാണുന്നില്ല, മോന് ഒക്കുമോ ആ കോഴിയെ പിടിച്ച് കൊല്ലാന്‍? എന്നാ അമ്മൂമ്മ കറിയൊണ്ടാക്കിത്തരാം.' അമ്മൂമ്മയുടെ മീന്‍ കറികളാണ് സ്വാദിഷ്ടം പ്രശസ്തം. ഇറച്ചിക്കറികള്‍ വളരെ അപൂര്‍വ്വം അടുക്കളയ്ക്ക് വെളിയില്‍ വെച്ചാണ് പാചകം. പരിചയമില്ലാത്ത കറി തേങ്ങാപ്പാല്‍ പിഴിഞ്ഞൊഴിച്ച് ഒരുപാട് മുളകൊക്കെയിട്ട് ഒരു തട്ടിക്കൂട്ടാണ്.

അന്നൊക്കെ ഓരോ കാര്യത്തിന് ആവശ്യമുള്ളവരുടെ പേര് പറമ്പിന്റെ അതിര്‍ത്തിയില്‍ എത്തിനിന്ന് അപ്പൂപ്പനോ അമ്മൂമ്മയോ നീട്ടി ഒരു വിളി വിളിക്കും. 'പൂയ് എടാ അവനുണ്ടോ അവിടെ?' അങ്ങ് ദൂരേന്ന് ഉത്തരവും ഒരു നീണ്ട വിളിയായി തിരികെ വരും 'ആ ആണ്ടേ ദേ വരുന്നു.' 

പക്ഷേ, അന്ന് കോഴിയെ കൊല്ലാന്‍ പറ്റിയ ആരുടേയും ഉത്തരമൊന്നും കിട്ടിയില്ല.

കോഴിയെ കൊല്ലാന്‍ ആളില്ല ഞാന്‍ ഒരു പീക്രി ആണ്‍തരി മാത്രം. അതൊരു പ്രലോഭനമെന്നോ വെല്ലുവിളിയെന്നോ ഒക്കെ വ്യാഖ്യാനിക്കാം. ആണ്‍ചെറുക്കനാണ് പക്ഷേ, അത്ര ധൈര്യശാലിയല്ല, വീട്ടുകാര്‍ ധൈര്യത്തിനു പകരം പേടിയാണ് നല്‍കിക്കൊണ്ടേയിരുന്നത് എന്നിപ്പോള്‍ എനിക്ക് തിട്ടം! നാണംകുണുങ്ങിയാണ് പക്ഷേ, ഒരിടത്ത് അടങ്ങിയിരിക്കാന്‍ കഴിയാത്തവനും. ഞാന്‍ കോഴികളെ ഇടകണ്ണിട്ട് നോക്കി അമ്മൂമ്മയോട് തലകുലുക്കി. കോഴിയെ ഇടുന്ന കൊട്ട എന്റെ നേര്‍ക്ക് നീട്ടിയിട്ട് അമ്മൂമ്മ പറഞ്ഞു: 'അപ്പൂപ്പന്‍ കാണേണ്ട, ഈ കത്തീം പിടിച്ചോണ്ട് മോനിത് ചെയ്യുന്ന കണ്ടാ പിന്നെ അതുമതി ആകെ ബഹളം വയ്ക്കും, പിടിച്ച് കഴിഞ്ഞ് ആ മുറീക്കേറി കതകടച്ചോ.' അമ്മൂമ്മ മാത്രമാണ് എനിക്ക് എന്നും ധൈര്യം തന്നിരുന്നത്.

കൊട്ട വല്ലക്കൊട്ട പോലിരിക്കും പക്ഷേ, അഴികള്‍ അകന്നിട്ടാണ്. കമഴ്ത്തിവച്ച അത്തരം കുട്ടകളിലാണ് കോഴികള്‍ രാത്രിയുറങ്ങുന്നത്. തകഴിയില്‍ കോഴിയെ പിടിക്കുന്ന കുറുക്കന്‍മാര്‍ ഉള്ളതായി എനിക്കറിവില്ല, അന്നും ഇന്നും. എന്നാലും രാത്രിയില്‍ അവയെ കുട്ടികള്‍ക്കടിയിലാണ് ഉറക്കിയിരുന്നത്. 

അമ്മൂമ്മ ചൂണ്ടിക്കാണിച്ചു ഭാഗ്യദോഷിയെ, അത് ഒരു വഷളന്‍ പൂവന്‍കോഴിയായിരുന്നു. ഇത്തിരിയേറെ പണിപ്പെട്ടു പക്ഷേ, അവസാനം ഞാനും അമ്മൂമ്മയും കൂടെ കോഴിയെ കൊട്ടയ്ക്കകത്താക്കി. അപ്പൂപ്പന്‍ ഈ സമയം കിഴക്കെ മുറിയില്‍ മലര്‍ന്നുകിടന്ന് പതാകപോലെ ഏതോ പുസ്തകം മലര്‍ക്കെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച് വായനയിലാണ്. ഒട്ടും മൂര്‍ച്ചയില്ലാത്ത അമ്മൂമ്മയുടെ പച്ചക്കറി അരിയുന്ന റൂളര്‍ പോലിരിക്കുന്ന തേഞ്ഞരഞ്ഞ കത്തിയുമായി ഞാന്‍ തൊഴുത്തിനോട് ചേര്‍ന്ന വടക്കെ അറ്റത്തെ മുറിയില്‍ കയറി കതകടച്ചു. ജനാലകള്‍ ഇല്ലാത്തതിനാല്‍ സ്വതവേ പകലും ഇരുട്ടാണ് ആ മുറിയില്‍. അല്പസമയം കോഴിയുടെ കഴുത്തില്‍ അള്ളിപ്പിടിച്ചിരുന്നപ്പം വെളിച്ചും വാതിലിനിടയിലൂടെ വന്നുകേറി. പിടയ്ക്കുന്ന പൂവാലന്‍. ഒരു കമ്പ് മുറിക്കുന്നതുപോലെ ഞാന്‍ പിടലി അറക്കാന്‍ തുടങ്ങി. അന്നേവരെ പിച്ചാത്തികൊണ്ട് ആകെ മുറിച്ചിരിക്കുന്നത് പെന്‍സിലുകളാണ്. എന്റെ മെലിഞ്ഞ വിരലുകള്‍ക്ക് ഒരു പച്ച നേന്ത്രക്കായ് മുറിക്കാനുള്ള ശക്തിപോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഞാന്‍ വിട്ടുകൊടുത്തില്ല, ഒരു കാര്യം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ തീര്‍ത്തില്ലെങ്കില്‍ വേവലാതിയാണ്. കോഴിയുടെ ചുവന്ന കണ്ണുകളില്‍ മാത്രം നോക്കി ഞാന്‍ പിടലി അറുക്കാന്‍ ശ്രമിച്ചു. കുറെ നേരത്തെ പിടച്ചിലിനും ചികയിലിനും മാന്തലിനും ഒടുവില്‍ ചോര പ്രത്യക്ഷപ്പെട്ടു. ആദ്യമായി ചുടുചോര മറ്റൊരു മൃഗത്തില്‍ നിന്ന് എന്റെ വിരലുകളെ നനച്ചു. ആ ഒട്ടുന്ന ചുവന്ന ദ്രാവകം എന്നെ ഒരു നിമിഷത്തേയ്ക്ക് വീണ്ടും കവിയാക്കി. ഇടത്തെ വിരലുകള്‍ അറിയാതെ അയഞ്ഞുപോയി. ചോര ചീറ്റുന്ന പിടലിയുമായി കോഴി എന്റെ തലയ്ക്കുമുകളില്‍ പറന്നുനടന്നു. പിന്നെ മല്‍പ്പിടുത്തമായിരുന്നു. ഒരുപാട് കഥകളികള്‍ കണ്ടു ശീലിച്ച ഞാന്‍ ഒരു ആട്ടക്കാരനായി. വായുവില്‍ മുദ്രകള്‍ കാട്ടി ഞാനും കൂടെ പറന്നു. കഥകളി എന്റെ ചോരയിലുമുണ്ട്, ഞാന്‍ അഹങ്കരിച്ചു. ഗുരു കുഞ്ചുക്കുറുപ്പ് അപ്പൂപ്പന്റെ കൊച്ചച്ഛനാണ്. ഞാന്‍ തോട്ടം ശങ്കരന്‍പോറ്റി ജൂനിയറിന് ദക്ഷിണകൊടുത്ത് കഥകളി പഠിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. സാക്ഷാല്‍ തോട്ടം ശങ്കരന്‍ പോറ്റിയുടെ വെള്ളികൊണ്ട് നിര്‍മ്മിച്ച കിരീടം എന്റെ തലയില്‍ വച്ച് അനുഗ്രഹം വാങ്ങിയവനാണ്! അങ്ങനെ ഒരു കീചകവധത്തിലെ ഭീമനാണെന്നോ പ്രഹ്ലാദചരിതത്തിലെ നരസിംഹമാണെന്നോ മറ്റോ ഞാന്‍ ചിന്തിച്ചു. അന്ന് മറ്റ് സൂപ്പര്‍ ഹീറോകളെ ഒന്നും എനിക്ക് അറിയില്ലായിരുന്നു. നിലത്ത് അമര്‍ത്തിപ്പിടിച്ച് അനക്കം നില്‍ക്കുന്നതുവരെ ഞാന്‍ ആ നില്‍പ്പ് നിന്നു. ദേഹത്തും നിക്കറിലുമെല്ലാം ചോരയും വെളുത്ത കോഴിപ്പൂടയും ഒട്ടിനിന്നു. 

കതക് തുറന്ന് ഇറങ്ങിവരുമ്പോള്‍ ദേ നില്‍ക്കുന്നു അപ്പൂപ്പന്‍. ആകെ ഒച്ചയും ബഹളവുമായി; എന്നെക്കൊണ്ട് കത്തി എടുപ്പിച്ചതിന്, കോഴിയെക്കൊല്ലിച്ചതിന്. ചുണ്ടുകള്‍ വിരലുകള്‍ക്കൊപ്പം വിറയ്ക്കുന്നു, വാക്കുകള്‍ പകുതിക്ക് മുറിയുന്നു. ഇത് കോപമല്ല, ഒരു തരം വെപ്രാളമാണ്; പക്ഷേ, മിനിട്ടുകള്‍ക്കൊടുവില്‍ തീരുന്ന ഒച്ചവെയ്ക്കല്‍. അത് ഞങ്ങള്‍ക്കറിയാം. അപ്പൂപ്പന്‍ എന്റെ കയ്യില്‍ നിന്ന് പിച്ചാത്തി പിടിച്ചുവാങ്ങി മാറ്റിയിട്ടു. പച്ചകുത്തിയ കഥകളിക്കാരനെപ്പോലെ വാ തുറക്കാതെ എന്തൊക്കെയോ ഉച്ചത്തില്‍ പറഞ്ഞു പൊറുപൊറുത്തു. എന്റെ കണ്ണുകളില്‍ ഇരുട്ടായിരുന്നു. കാതുകള്‍ അടഞ്ഞും പോയി. അപ്പൂപ്പന്റെ വെപ്രാളവും വിറയലും കണ്ട് അല്പം ഭയന്നു.

നിക്കറ് മാത്രം ധരിച്ച് കോഴിപ്പൂടയും ചോരയും പുരണ്ട് ഇടതു കയ്യില്‍ ഞാന്നു കിടക്കുന്ന കോഴിയുടെ ജഡവുമായി ഞാന്‍ കരഞ്ഞുപോയി. അമ്മൂമ്മ വന്ന് രക്ഷിക്കാന്‍ പ്രാര്‍ത്ഥിച്ചു. വിറങ്ങലിച്ചു നിന്നിടത്ത് നിന്നു. പൊറുപൊറുത്തുകൊണ്ട് ഇളവെയിലില്‍ കാഞ്ഞ് പുരയിടത്തില്‍ ഒന്ന് ചുറ്റിക്കറങ്ങി അപ്പൂപ്പന്‍ അപ്രത്യക്ഷനായി. അതങ്ങനെയാണ്: മുടിഞ്ഞ  പ്രതിസന്ധികള്‍, മുട്ടന്‍ വഴക്ക്, മറ്റുള്ളവരുടെ മരണം ഈവക സന്ദര്‍ഭങ്ങളില്‍നിന്ന് അപ്പൂപ്പന്‍ കഴിവതും മുങ്ങാംകുഴിയിടും.

അപ്പൂപ്പന്റെ മനസ്സില്‍ എന്തായിരുന്നു എന്ന് ഊഹിക്കാം. കൊച്ചുകുട്ടിയായ ഞാന്‍ കത്തി ഉപയോഗിച്ച് ഒരു ജീവന്‍ ക്രൂരമായ് അവസാനിപ്പിച്ചു. അത് എങ്ങനെ എന്റെ ജീവിതത്തില്‍ പ്രതിഫലിക്കും, എന്റെ സ്വഭാവത്തെ വാര്‍ത്തെടുക്കും എന്ന വൃഥ. ഒരു പുതിയ കഥ, കഥയുടെ തുടര്‍ച്ച അവസാനം അല്ലെങ്കില്‍ മനസ്സിനെ അലട്ടുന്ന കുടുംബക്കാര്യം അല്ലെങ്കില്‍ ഇന്ന് കോഴിയിറച്ചി അത്താഴത്തിന്. ഇതില്‍ ഏതും ആകാം. കുടുംബത്തില്‍ ആര്‍ക്കും ഇന്നത്തെ (ക്രൂര)കൃത്യത്തിന്റെ ഫലമായി നാളെ അനുഭവിക്കേണ്ടിവരരുത് എന്ന ശാഠ്യം അപ്പൂപ്പന് ഉണ്ടായിരുന്നു. അപ്പൂപ്പന്റെ ഉള്ളില്‍ ഉരുത്തിരിയുന്നതൊന്നും വീട്ടില്‍ ആര്‍ക്കും അറിവില്ലായിരുന്നു; എല്ലാം ഊഹാപോഹങ്ങള്‍, അമ്മൂമ്മയ്ക്ക് ഒഴികെ. 

എന്നെ തലയിലും തോളത്തും തടവി സമാധാനിപ്പിച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ കോഴിയെ മുക്കി കോഴിപ്പൂടകള്‍ വൃത്തിയാക്കിയെടുത്ത് അമ്മൂമ്മ അടുക്കളയിലേയ്ക്ക് പോയി. ഉച്ചിയില്‍ ഒരു കുമ്പിള്‍ വെളിച്ചെണ്ണയും നിറച്ച് ലൈഫ് ബോയി സോപ്പിന്റെ മുറിച്ചെടുത്ത ഒരു കഷണവും അമ്മൂമ്മ തേങ്ങാത്തൊണ്ടില്‍ നിന്ന് വലിച്ചൂരിയെടുത്ത് മിനുസപ്പെടുത്തിയ ഒരുപിടി ചകരിയുമായി ഞാന്‍ ശരീരം തേച്ചുകുളിച്ചു. അന്ന് ശങ്കരമംഗലത്ത് ശുദ്ധജലത്തിനുള്ള പൈപ്പ് കണക്ഷന്‍ ഒന്നും ആയിട്ടില്ല. ഒന്നുകില്‍ കുളം, കിണറിലെ വെളളം അല്ലെങ്കില്‍ വീടിനു തൊട്ട് മുന്‍പില്‍ റോഡിന് എതിര്‍വശത്ത് പബ്ലിക്ക് ടാപ്പ്. ഒരു ലിംഗം പോലെ തൂങ്ങിക്കിടക്കുന്ന ആ ടാപ്പ് മുകളിലേയ്ക്ക് തള്ളിപ്പിടിച്ചാല്‍ വെള്ളച്ചാട്ടം. ചളുങ്ങി പാണ്ടുപിടിച്ച അലൂമിനിയം കുടങ്ങളില്‍ വെള്ളം ശേഖരിച്ച് റോഡിനരുകില്‍നിന്ന് തന്നെ കുളി. കുളിയും അന്നൊക്കെ ഒരാഘോഷമായിരുന്നു; സിനിമാ പാട്ടുകള്‍ ഉറക്കെ പാടിയും കിഴക്ക് പടിഞ്ഞാറ് നടന്നുപോകുന്നവരോട് ശബ്ദമുയര്‍ത്തി കുശലം പറഞ്ഞും കുളി. എനിക്കിപ്പോള്‍ തോന്നുന്നു അന്നൊക്കെ തകഴിയില്‍ എല്ലാവരും ഒരുപാട് ഉച്ചത്തിലായിരുന്നു സംസാരിച്ചിരുന്നത്. കുളി പൈപ്പിന്‍കരയില്‍, ആറ്റുകടവില്‍, തോട്ടില്‍, കുളങ്ങളില്‍, പക്ഷേ, വീടിനുള്ളില്‍ കുളിമുറികള്‍ അന്നില്ല. കുളിക്കാനും വെളിക്കിറങ്ങാനും മറപ്പുരകള്‍ ഉണ്ടായിരുന്നു. പിന്നീട് പരിഷ്‌കാരം വന്നപ്പോള്‍ കുളിമുറികള്‍ ചില മുറികളെ പകുത്ത് പണിതു.

തേച്ചുകുളിച്ചിട്ടും കൈകളില്‍നിന്ന് കോഴിയുടെ ചോരമണം പോയില്ല! അത്താഴത്തിന് ഞാന്‍ രണ്ട് തൂശനിലകള്‍ വെട്ടിക്കൊണ്ടുവന്നു, അപ്പൂപ്പനും എനിക്കും. അമ്മൂമ്മ അത്താഴത്തിന് ഒരു ചെറിയ സ്റ്റീല്‍ പാത്രത്തില്‍ ഇത്തിരി ചോറുമാത്രം കഴിച്ചാലായി. പലപ്പോഴും കറികളുടെ മിച്ചത്തില്‍നിന്ന് അല്പം മാത്രം ഒരു തവി ചോറിലിട്ട് കഞ്ഞിപോലെയാക്കി ഒരു വഴിപാട് പോലെയാണ് അമ്മൂമ്മയുടെ കഴിപ്പ്. ഏവര്‍ക്കും വെച്ചുവിളമ്പുന്നതിലാണ് അമ്മൂമ്മയ്ക്ക് സംതൃപ്തി. വിളമ്പിവിളമ്പി ഒരു കാല്‍ മടക്കി മറുകാലില്‍ താങ്ങി അങ്ങനെ നില്‍ക്കും. ഇത്തിരി പൊങ്ങിയ പല്ലുകള്‍ കാട്ടി ഓരോ ഇലയിലും അതിനു മുന്‍പിലെ മുഖത്തും നോക്കി വേണ്ടപ്പോള്‍ വേണ്ടത് ഇലയിലേയ്ക്ക് പകര്‍ന്ന് കറുത്ത് വെയിലുകൊണ്ട് കരിവാളിച്ച ഞങ്ങളുടെ അമ്മൂമ്മ.

അപ്പൂപ്പന്‍ ഇറച്ചികൂട്ടിയുള്ള അത്താഴത്തെപ്പറ്റി ചിന്തിച്ചിട്ടാവണം വൈകിട്ട് പടിഞ്ഞാട്ടേയ്ക്ക് അപ്രത്യക്ഷനായി. നടപ്പ് എന്നത് അപ്പൂപ്പന്റെ ശരീരത്തിന്റെ ഭാഗമാണ് എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഒന്‍പതാം വയസ്സില്‍ തുടങ്ങിയതാവണം ദീര്‍ഘദൂരങ്ങള്‍ നടന്നുള്ള ശീലം. അമ്പലപ്പുഴ ഇംഗ്ലീഷ് സ്‌കൂളില്‍ ചേരുമ്പോള്‍ അപ്പൂപ്പന് വയസ്സ് ഒന്‍പത്. തകഴിയില്‍ അപ്പൂപ്പന്‍ അന്ന് താമസിച്ചിരുന്ന വീട്ടില്‍നിന്ന് ഇപ്പോഴത്തെ തകഴി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഇരിക്കുന്ന സ്ഥലത്ത്, അതായത് ഇപ്പോഴത്തെ പ്രധാന തെരുവില്‍ എത്തണമെങ്കില്‍ പതിനഞ്ച് മിനിട്ടിലധികം നടക്കണം. ഇപ്പോഴത്തെ ടാര്‍ ചെയ്ത തകഴി അമ്പലപ്പുഴ റോഡില്‍ക്കൂടി നടന്നാല്‍ ഏകദേശം ഒരു മണിക്കൂര്‍ പതിനേഴ് മിനിറ്റ് വേണ്ടിവരും എന്നാണ് ഗൂഗിള്‍ മാപ്പ് പറയുന്നത്. ഞാന്‍ കൊച്ചുന്നാളില്‍ അമ്പലപ്പുഴ ഉത്സവം കാണാന്‍ നടന്നുപോയിട്ടുണ്ട്; പക്ഷേ, എത്ര സമയമെടുത്തു എന്നെനിക്കോര്‍മ്മയില്ല. അന്നൊക്കെ വഴി അവസാനിക്കരുതേ എന്നായിരുന്നു ആഗ്രഹം.
 
1921ല്‍ അപ്പൂപ്പന്റെ ഒന്‍പതാം വയസ്സില്‍ ഈ ടാറിട്ട വഴിയില്ല; വഴി കിടന്നിടത്ത് തോടായിരുന്നു. ആ തോടിനോരംപറ്റി തടിപ്പാലങ്ങളും ചെറിയ തോടുകളും കടന്നാണ് അപ്പൂപ്പന്‍ അമ്പലപ്പുഴ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ എന്നും പൊയ്‌ക്കൊണ്ടിരുന്നത്. വെളുപ്പിനെ ആറു മണിക്ക് തിരിക്കണം സമയത്ത് സ്‌കൂളില്‍ എത്താന്‍. ആ തോട് നികത്തിയാണ് ഇന്നത്തെ റോഡ് നിര്‍മ്മിച്ചത്. ശങ്കരമംഗലം എന്ന തകഴി സ്മാരകം ഗെയ്റ്റ് തുറന്നിറങ്ങുന്നത് തോട്ടുകടവിലേയ്ക്കായിരുന്നു. വീട് വെയ്ക്കാനുള്ള സാമഗ്രികളെല്ലാം ആ തോട്ടിലൂടെ വള്ളത്തിലാണ് എത്തിച്ചത്. പടിഞ്ഞട്ട് കരുമാടി വഴി അമ്പലപ്പുഴ വരെയും കിഴക്കോട്ട് തകഴിയിലെ പൂക്കൈതയാര്‍ എന്ന പമ്പയാറിലേയ്ക്കും വള്ളത്തില്‍ പോകാമായിരുന്നു. പിന്നീട് റോഡ് വന്നപ്പോള്‍ പമ്പയാറ്റിലെ തകഴി കടവ് വരെ എത്തി റോഡ് മുറിഞ്ഞു. അവിടെനിന്ന് ചങ്ങാടത്തിലോ വള്ളത്തിലോ അക്കരെ കടക്കാം. വഴി നീണ്ട് എടത്വായിലേയ്ക്ക് പോകും. 2008ല്‍ തകഴിക്കടവില്‍നിന്ന് അക്കരെയ്ക്ക് പാലം നിലവില്‍ വന്നു.

ചെരുപ്പ് ഇടുന്ന സ്വഭാവം എന്നില്ല അപ്പൂപ്പന്; സ്വന്തമായി ചെരുപ്പ് ഇല്ലായിരുന്നു ഒരിക്കലും. എന്നെങ്കിലും പണം മുടക്കി ചെരുപ്പ് വാങ്ങിയോ എന്ന് സംശയമാണ്. ചെറുപ്പകാലത്ത് തിരുവനന്തപുരത്തുനിന്ന് പ്ലീഡര്‍ഷിപ്പ് പരീക്ഷ പാസ്സായി കഴിഞ്ഞ് കേസരി ബാലകൃഷ്ണപിള്ളയുടെ കീഴില്‍ സാഹിത്യത്തില്‍ അനൗപചാരികമായുള്ള ശിക്ഷണവും ചെറിയ പത്രപ്രവര്‍ത്തനവും അവസാനിപ്പിച്ച് തകഴി തിരികെ വന്നു. ഇ.വി. കൃഷ്ണപിള്ളയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ സുഹൃത്തായ ആലപ്പുഴ ബാറിലെ നിയമജ്ഞനായ പി. പരമേശ്വരന്‍ പിള്ള എം.എ.ബി.എല്ലിന്റെ കീഴില്‍ സന്നതെടുത്ത് പ്രാക്ടീസ് തുടങ്ങാന്‍ നേരമാണ് ആദ്യമായി ഷൂവും ടൈയും പാന്റും മറ്റും ഇട്ടതെന്ന് നമുക്കറിയാം. പക്ഷേ, പിന്നീട് വക്കീല്‍പ്പണി ഉപേക്ഷിച്ച് സാഹിത്യകാരനായി ജീവിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെ സ്വന്തമായി ചെരുപ്പ് വാങ്ങിയതായി അറിവില്ല. ആരെങ്കിലും ഒരു റബ്ബര്‍ ചെരുപ്പ് വാങ്ങിക്കൊടുത്താല്‍ അത് വെറുതെ ഒരു മൂലയ്ക്ക് കിടന്ന് പൊടിപിടിക്കും. താമസിയാതെ കുടുംബത്തില്‍ നിന്നുള്ള ആരെങ്കിലും ചെരുപ്പ് തട്ടിക്കൊണ്ടു പോകും. പടിഞ്ഞാറെ മുറിയില്‍ മച്ചിലേയ്ക്ക് കയറിപ്പറ്റാന്‍ തടികൊണ്ടുള്ള ഒരു ഗോവണിയുണ്ടായിരുന്നു. ആ ഗോവണിയില്‍ ചില കാലങ്ങളില്‍ പൊടിപിടിച്ച് ചില ചെരുപ്പുകളും ഒരു പെയര്‍ കറുത്തു തടിച്ച ഷൂവും ഞാനോര്‍ക്കുന്നു.

ഭൂമിയുടെ ഭാഗമായി മാറിയ  കാലുകള്‍

ചെളിയും പോയ വഴിക്ക് മണ്ണില്‍ കിടക്കുന്നതെന്തും ഒട്ടിപ്പിടിച്ചിരിക്കുന്ന അപ്പൂപ്പന്റെ കാലുകള്‍ ഭൂമിയുടെ ഭാഗംപോലെ എന്ന് തോന്നിപ്പിക്കും. പാദങ്ങള്‍ക്കടിയില്‍ തൊലി തടിച്ച് കട്ടിപിടിച്ച ഒരു കുളമ്പ്‌പോലെ. കാലിലെ വിരലുകള്‍ താഴേയ്ക്ക് മടക്കാന്‍പോലും കഴിഞ്ഞിരുന്നോ എന്നെനിക്ക് സംശയമാണ്. ചെളിയുണങ്ങിയ കാല്‍നഖങ്ങള്‍ കൂര്‍ത്ത് തടിച്ച്. വല്ലപ്പോഴും പേനാക്കത്തികൊണ്ട് ചുരണ്ടി നീക്കപ്പെടുന്ന നഖങ്ങള്‍. ചാരുകസേരയില്‍ കാലുകള്‍ പൊക്കി വിടര്‍ത്തിവെച്ച് മലര്‍ന്നുകിടക്കുമ്പോള്‍ ആ പാദങ്ങള്‍ നോക്കി ഇരുന്നിട്ടുണ്ട്.

തോര്‍ത്ത് ചുരുട്ടി തലയില്‍ കെട്ടി വൈകിട്ട് കിഴക്കോട്ട് അല്ലെങ്കില്‍ പടിഞ്ഞാട്ട് ഒരു നടപ്പുണ്ട്. കൊച്ചുന്നാളില്‍ എനിക്ക് അതിന്റെ പ്രസക്തി അറിയില്ലായിരുന്നു. കിഴക്ക് ജംഗ്ഷനിലേയ്ക്ക് ദൂരം കൂടുതല്‍. അവിടെയാണ് തകഴിഗ്രാമത്തിലെ പ്രധാന കാര്യാലയങ്ങളും കടകളും സ്‌കൂളും അമ്പലവും. നേരത്തെ പറഞ്ഞപോലെ, കിഴക്കോട്ട് വെച്ചുപിടിച്ചാല്‍ തകഴി കടവില്‍ എത്തി വഴി മുറിയും. ചങ്ങാടം കയറി അക്കരെ നേരെ പോയാല്‍ അടുത്ത മേജര്‍ ഗ്രാമം എടത്വ.

പടിഞ്ഞാട്ട് പോയാല്‍ ഒരു മുക്കവല, അവിടെ ഗവണ്‍മെന്റ് ആശുപത്രി. വീണ്ടും വെച്ചു പിടിച്ചാല്‍ പാടത്തിനരുകില്‍ കള്ള്ഷാപ്പ്. പിന്നെ പരന്ന പാടശേഖരങ്ങളാണ് കരുമാടി എത്തുന്നതുവരെ.

കള്ള്ഷാപ്പുകളിലേയ്ക്കും മറ്റും പോവുക എന്നത് അതിപരമരഹസ്യമാണ് ഞങ്ങള്‍ കുടുംബത്തിനു മുന്നില്‍. മദ്യം വൃത്തികെട്ട ഒരു ദ്രാവകവും മദ്യപിക്കല്‍ ഒരു അനാശാസ്യ പ്രവൃത്തിയുമാണ് എന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. 

അപ്പൂപ്പന്‍ കുടുംബത്തില്‍ വളരെയേറെ ഗോപ്യമായി മാത്രം അനുഭവിച്ചിരുന്ന ഒരു ശീലം. പക്ഷേ, നാട്ടില്‍ പാട്ടാണുതാനും. കുടുംബത്തെ അത്രമാത്രം അന്ധമായി ആ അച്ഛന്‍അപ്പൂപ്പന്‍ എന്ന മനുഷ്യന്‍ സ്‌നേഹിച്ചിരുന്നു, മുടിഞ്ഞ സ്വാര്‍ത്ഥന്‍ എന്നും അതിനെ വ്യാഖ്യാനിക്കാം.

സന്ധ്യാവെട്ടം ഒരുപാട് ശബ്ദകോലാഹലം നിറഞ്ഞതാണ് തകഴിയില്‍. ഓ ഇതിനും മാത്രം പക്ഷികള്‍ ഈ പകലൊക്കെ എവിടായിരുന്നു എന്ന് തോന്നിപ്പിക്കുംവിധം അവ ചേക്കേറാന്‍ വെപ്രാളപ്പെടുന്ന ആ ശബ്ദവിന്യാസം  ഒച്ച  കേള്‍ക്കേണ്ടതുതന്നെയാണ്. മനസ്സിന്റെ അവസ്ഥയനുസരിച്ച് ചിലപ്പോള്‍ സങ്കടവും ആ ശബ്ദവീചികള്‍ ഉണര്‍ത്തും. അതേ പക്ഷികളുടെ വെളുപ്പാന്‍കാലത്തുള്ള ഉണര്‍ത്തുപാട്ട് അവിശ്വസനീയമാംവിധം ആനന്ദവും നല്‍കിയിരുന്നു എന്നത് തമാശ. സന്ധ്യ കഴിഞ്ഞ് കൂരാക്കൂരിരുട്ടില്‍ മുങ്ങിയ ഗ്രാമത്തിലെ ഭയവിഹ്വലതകള്‍ അയവിറക്കുന്ന രാത്രി കഴിഞ്ഞുകിട്ടിയാല്‍ മാത്രം അനുഭവിക്കാന്‍ കഴിയുന്ന വെളുപ്പാന്‍കാലത്തെ സംഗീതം. രാത്രി തുടങ്ങുമ്പോള്‍ തവളകളുടേയും ചീവീടുകളുടേയും ഗാനമേള തന്നെയാണ്. അപ്പൂപ്പന്റെ കുട്ടിക്കാലത്തേക്കാള്‍ പക്ഷികള്‍ കുറവാണ് എന്ന് അപ്പൂപ്പന്‍ എപ്പോഴും ഞങ്ങളോട് പറയാറുണ്ടായിരുന്നു; പക്ഷേ, എനിക്കത് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ അമ്മൂമ്മയെക്കുറിച്ച് 'കാഴ്ചവസ്തുക്കള്‍' (The Exhibits) എന്ന ഡോക്യുഡ്രാമയെടുത്തപ്പോള്‍ അതിലേയ്ക്ക് വേണ്ടുന്ന പശ്ചാത്തലസംഗീതം ഞങ്ങളുടെ വീട്ടിന്റെ പരിസരത്തുനിന്ന് റെക്കോര്‍ഡ് ചെയ്ത പക്ഷികളുടേയും മറ്റ് ജീവജാലങ്ങളുടേയും ശബ്ദമായിരുന്നു. 

നല്ല മൂഡില്‍ ആണെങ്കില്‍ കൊഞ്ചുന്ന സ്വരത്തില്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ അപ്പൂപ്പനില്‍ നിന്നുണ്ടാവും. അന്നൊക്കെ വെറ്റിലമുറുക്കും ബീഡിവലിയും ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്നപോലെ ശീലം. വളരെ വേഗത്തിലാണ് നടപ്പ്. ഷര്‍ട്ട് അമ്മൂമ്മ എടുത്തുകൊടുത്താല്‍ അല്ലാതെ ഒരിക്കലും ഇട്ടിരുന്നതായി എനിക്ക് ഓര്‍മ്മയില്ല. അതും ആലപ്പുഴയ്‌ക്കോ അതിനപ്പുറത്തേയ്‌ക്കോ യാത്ര പോകുമ്പോള്‍ മാത്രം. ഒറ്റമുണ്ടോ കൈലിയോ അരയില്‍ മടക്കിക്കുത്തും തോളത്ത് ചിലപ്പോള്‍ ഒരു തോര്‍ത്ത് അല്ലെങ്കില്‍ തലയില്‍ കെട്ടിയ തോര്‍ത്ത്. 

വിയര്‍ത്തുകുളിച്ച് ആഞ്ഞുപിടിച്ച് സന്ധ്യയോടൊപ്പം അപ്പൂപ്പന്‍ നടന്നുവരും. കിഴക്കുവശത്തെ പടിയില്‍ കാലുകള്‍ താഴേയ്ക്കിറക്കി ഇരിക്കും. ഇരുട്ടായാല്‍ പിന്നെ പേടിയാണ്. ഇഴജന്തുക്കളുടെ വരവ് സമയമാണെന്നു പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കും. അമ്മൂമ്മ ഒരു നീണ്ട പിടിയുള്ള കത്തിക്കരിഞ്ഞ ഇരുമ്പുതവിയില്‍ രണ്ട് ചെറിയുള്ളി അരിഞ്ഞിട്ട് കാച്ചിയ ചൂടാറാത്ത കൊപ്രാ ആട്ടിയ വെളിച്ചെണ്ണയുമായെത്തും. അപ്പൂപ്പന്‍ ഇരിക്കുന്നതിനടുത്ത് എണ്ണ വെച്ചിട്ട് കയ്യും മുഖവും കാലുകളും കിണറ്റിലെ വെള്ളത്തില്‍ കഴുകി അറയ്ക്ക് മുന്നിലുള്ള ഓട്ട് വിളക്ക് തേച്ച് വൃത്തിയാക്കി വെളിച്ചെണ്ണയൊഴിച്ച് രണ്ട് തിരികളിട്ട് കത്തിക്കും. രണ്ട് ചെമ്പരത്തിപ്പൂക്കള്‍ പറിച്ച് വിളക്കിരിക്കുന്ന ചെമ്പ് താലത്തില്‍ വെയ്ക്കും. കൈകള്‍ കൂട്ടി അറയുടെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ദൈവങ്ങളോട് അമ്മൂമ്മ പ്രാര്‍ത്ഥിക്കും. എന്നിട്ട് അമ്മൂമ്മ ഓടി അടുക്കളയിലേയ്ക്ക് വീണ്ടും അപ്രത്യക്ഷയാകും.

സന്ധ്യകളില്‍ അപ്പൂപ്പന്‍ മുണ്ടുരിഞ്ഞ് ഒരു തോര്‍ത്തിലേയ്ക്ക് വേഷം മാറും. അപ്പോഴേയ്ക്കും വെയിലും ചെളിയും പൊടിയും പുരണ്ട് അപ്പൂപ്പന്റെ തൊലിപ്പുറം ഏതൊരു കുട്ടനാട്ടുകാരനെപ്പോലെതന്നെ ഉണങ്ങിയിരിക്കും. എണ്ണ വലത്തെ കൈവിരലുകളാല്‍ തൊട്ടെടുത്ത് വീടിനോരം പറ്റി തെക്കുവടക്ക് നടക്കും. അതിനിടയില്‍ ഉച്ചി മുതല്‍ കാല്‍പ്പാദങ്ങള്‍ വരെ ഉശിരോടെ എണ്ണ തടവിത്തേയ്ക്കും. വഴിയെ പോകുന്നവരോട് ചിലപ്പോള്‍ കുശലം പറഞ്ഞെന്നു വരാം. അല്പം മിനുങ്ങി വീടുകളിലേയ്ക്ക് പോകുന്ന തകഴിയിലെ ആണാളുകള്‍. പാടത്തെ കട്ടിപ്പണി കഴിഞ്ഞ് എത്തിയ പെണ്ണാളുകളെല്ലാം അപ്പോഴേയ്ക്കും വീടുകളില്‍ അത്താഴത്തിരക്കിലായിരിക്കും. അപ്പൂപ്പന്റെ എണ്ണപുരണ്ട തൊലി സന്ധ്യയില്‍ തിളങ്ങും. വീടിന്റെ തെക്കു കിഴക്ക് മൂലയിലാണ് കിണര്‍. അതില്‍ എപ്പോഴും വെള്ളമുണ്ടാവും; അല്പം കലങ്ങിയ വെള്ളം. വെള്ളപ്പൊക്ക കാലത്ത് കുനിഞ്ഞ് തൊട്ടിയില്‍ വെള്ളം കോരിയെടുക്കാം. കിണറ്റിലെ തണുത്ത വെള്ളം കോരി ധാരധാരയായി തലവഴി ഒഴിക്കും. സോപ്പൊന്നുമില്ല, ചകരി അല്ലെങ്കില്‍ ഇഞ്ചതേച്ച് കുളി.

പിന്നീട് പ്രായം കൂടി വന്നപ്പോള്‍ അമ്മൂമ്മ കാച്ചിക്കൊടുത്ത എണ്ണ കൈക്കുമ്പിളിലേയ്ക്ക് കുറേശ്ശേ ഒഴിച്ച് ഉച്ചി മുതല്‍ കാലുകളിലെ വിരലുകള്‍ വരെ പുരട്ടും, കൈവെള്ളകൊണ്ട് നന്നായി തേച്ച് പിടിപ്പിക്കും. ഇരുട്ടിലേയ്ക്ക് തെന്നിമറയുന്ന സന്ധ്യയുടെ നിറപ്പകിട്ടുകള്‍ ചെറുകണ്ണുകളാലെ നോക്കിയിരിക്കും. അപ്പോഴേയ്ക്കും അടുക്കളയില്‍ കലത്തില്‍ വെള്ളം ചൂടായിട്ടുണ്ടാകും. അമ്മൂമ്മ അത് ചുമന്നുകൊണ്ട് അകത്ത് കുളിമുറിയില്‍ എത്തിക്കും. കുളി കഴിഞ്ഞാല്‍ സന്ധ്യ കഴിഞ്ഞുള്ള ഏതൊരു കുട്ടനാട്ടുകാരന്റെപോലെ നല്ല ആട്ടിയ വെളിച്ചെണ്ണയുടെ സുഗന്ധമാണ്. പിന്നീട് വെളിച്ചെണ്ണ കടയില്‍നിന്ന് വാങ്ങിക്കേണ്ട ഗതി കുട്ടനാട്ടുകാര്‍ക്കുണ്ടായപ്പോഴും കൂട്ടാന്‍ വെയ്ക്കാന്‍ മറ്റ് എണ്ണകള്‍ തേടിപ്പോയപ്പോഴും അവര്‍ കൊച്ചു കുപ്പിയില്‍ ശരീരത്ത് തേച്ചു പിടിപ്പിക്കാന്‍ നല്ല കൊപ്രയാട്ടിയ വെളിച്ചെണ്ണ കാത്തുസൂക്ഷിച്ചിരുന്നു.                        

തകഴിയിലെ നെല്‍കൃഷി

കഴുകിയതെങ്കിലും തൂശനിലകളില്‍ ഒരു പിടി വെള്ളം വീണ്ടും തളിച്ച് വടിച്ച് വൃത്തിയാക്കി ഞങ്ങള്‍, അപ്പൂപ്പനും ഞാനും തയ്യാറായി. അമ്മൂമ്മ വിളമ്പു തുടങ്ങി. മഞ്ഞച്ച ഇടിച്ചക്കത്തോരന്‍, ചുവന്ന ചീര അവിയല്‍, പിന്നെ കോഴിക്കറി വലത്തെ അറ്റത്ത്. തിളച്ച കറി വീണ് വീണിടത്ത് ഇലയൊന്ന് വാടി. മറ്റ് കറികള്‍ക്കൊന്നും അത്ര ചൂടില്ല.

'ഓ ഇതെന്താ കാത്തേ, ഇതെവിടുന്നാ?' അപ്പൂപ്പന്‍ നിഷ്‌കളങ്കനായി, ഒന്നുമറിയാത്തവനായി ചോദിച്ചു. 

'നന്നായോന്ന് നോക്ക്, എനിക്കിത് ശീലമില്ലാത്തതാ, മോനൊള്ളതുകൊണ്ട് വച്ചതാ', അമ്മൂമ്മ കോഴിക്കറിയെക്കുറിച്ച് പറയും.

തകഴി ശിവശങ്കരപ്പിള്ളയുടെ കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഒരു സംഭവമാണ്. എത്ര മോശം ഭക്ഷണം ആയിരുന്നാലും രുചിയോടെ ഞെരടിക്കൊഴച്ചുള്ള ആ ഊണ് അനുഭവിച്ചറിയേണ്ടത് തന്നെയാണ്. 

പക്ഷേ, എന്റെ ജീവിതത്തില്‍ അന്നാദ്യമായി ഭക്ഷണം കഴിക്കാന്‍ കഴിയാതെ ഞാന്‍ വിമ്മിഷ്ടപ്പെട്ടു. നിണം പകര്‍ന്നാടുന്ന വെളുത്ത പൂവന്‍കോഴി എന്റെ തൂശനിലയില്‍നിന്ന് ചികയുന്നു. വായിലേയ്ക്കടുപ്പിക്കുമ്പോള്‍ കൈവിരലുകള്‍ക്ക് ചോരയുടേയും മാംസത്തിന്റേയും മണം. അപ്പൂപ്പന്‍ തൊട്ടടുത്ത് ഇരുന്ന് സുഭിഷ്ടമായി വെട്ടിവിഴുങ്ങുകയാണ്, മുഖം വിയര്‍ക്കുന്നുമുണ്ട്. പടിഞ്ഞാട്ട് നടക്കാന്‍ പോയപ്പോള്‍ സേവിച്ച നല്ല തെങ്ങിന്‍ കള്ള് വിശപ്പ് കൂട്ടത്തേയുള്ളുവല്ലൊ. എനിക്ക് അക്കാര്യം അന്നറിയില്ലായിരുന്നു; പക്ഷേ, മദ്യപിച്ചവരെ അടുത്ത് കണ്ടാല്‍ എനിക്കെന്നും അറിയാം. എന്റെ വീട്ടിലും നാട്ടിലും സന്ധ്യ കഴിഞ്ഞാല്‍ ആ മണം സുപരിചിതമായിരുന്നു, പ്രത്യേകിച്ച് ഞങ്ങള്‍ കുട്ടികള്‍ക്ക്.

എന്റെ നിറയുന്ന കണ്ണുകള്‍ അമ്മൂമ്മ കാണരുതേ എന്ന് പ്രാര്‍ത്ഥിച്ച് ശ്വാസം വലിച്ചുപിടിച്ച് ഞാന്‍ ഓരോ ഉരുളയും വിഴുങ്ങി. കട്ടപിടിച്ച് വയറ്റിലെവിടെയോ ആ അത്താഴം കുന്നുകൂടുന്നതായി അന്നെനിക്കു തോന്നി. അപ്പൂപ്പന്റെ വായില്‍നിന്നുതിരുന്ന രുചിയുടെ സംഗീതം അന്നു മാത്രം എനിക്ക് അസഹനീയമായി മാറി. തൂശനിലയില്‍ അപ്പൂപ്പന്‍ രണ്ടാമതും മൂന്നാമതും പുഴുക്കലരിച്ചോറ് നിറച്ചു. ഇല വടിച്ചു മാംസം അറ്റ എല്ലുകക്ഷണങ്ങള്‍ അപ്പൂപ്പന്റെ തൂശനിലയുടെ വാടിയ ഭാഗത്ത് കുമിഞ്ഞുകൂടി. വിരലുകള്‍ ചീമ്പി മടക്കിയ ഇലയുമായി കയ്യും വായും കഴുകാന്‍ അപ്പൂപ്പന്‍ വെളിയിലേയ്ക്ക് സന്തുഷ്ടനായി ഇറങ്ങിപ്പോയി.

തഴപ്പായില്‍ ഉറങ്ങാന്‍ ശ്രമിക്കുന്ന എനിക്ക് രാത്രിയില്‍ വയറുവേദന കഠിനമായി, കൂടെ ഛര്‍ദ്ദിയും. അപ്പൂപ്പന്‍ എന്റെ പുറം തിരുമ്മി; അമ്മൂമ്മ വെള്ളപ്പാത്രവുമായി പുറകില്‍. അപ്പൂപ്പന് ഛര്‍ദ്ദി കോരുന്നതൊന്നും ഒരു പ്രശ്‌നമല്ല. ഒരിക്കല്‍ ഞങ്ങള്‍ കുടുംബം വയനാട്ടിലേക്ക് ഒരു യാത്ര പോയപ്പോള്‍ വളഞ്ഞുപുളഞ്ഞ വഴികളിലൂടെ കാര്‍ വലിഞ്ഞുകയറുന്ന നേരത്ത് ഓമനക്കുഞ്ഞമ്മ ഛര്‍ദ്ദിയോടെ ഛര്‍ദ്ദിലായിരുന്നു. അപ്പൂപ്പന്‍ ഒഴികെ ബാക്കി എല്ലാവരും അത് കണ്ട് ഛര്‍ദ്ദിക്കാന്‍ പരുവത്തില്‍ മൂക്കടച്ചിരുന്നു. ഒരിക്കല്‍ ഒരു യാത്രയില്‍ വല്ല്യമ്മയുടെ മകള്‍ ഉഷച്ചേച്ചി കാറില്‍ ഇരുന്ന് പറഞ്ഞു: 'എനിക്ക് ഛര്‍ദ്ദിക്കണം' അപ്പൂപ്പന്‍ രണ്ട് കൈകള്‍ കുമ്പിളു കൂട്ടി, അതിലേയ്ക്ക് ഉഷച്ചേച്ചി ഛര്‍ദ്ദിച്ചിട്ടു.   

അപ്പൂപ്പന്റെ വയറു തടവലും അമ്മൂമ്മയുടെ ചൂടുവെള്ളക്കിഴിയും ഏതോ ഒറ്റമൂലിയും മറ്റുമായി ഞങ്ങള്‍ക്ക് ഒരു കാളരാത്രി. അപ്പൂപ്പന് തിരുമ്മല്‍ അറിയാമായിരുന്നു; പഴയ രീതിയിലുള്ള ഉഴിച്ചില്‍. വയറിനു മുകളില്‍ രണ്ട് കൈവെള്ളകള്‍കൊണ്ട് പല ആകൃതിയില്‍ അമര്‍ത്തി തിരുമ്മും. അപ്പൂപ്പന്റെ അമ്മ പഠിപ്പിച്ച വിദ്യ എന്ന് അപ്പൂപ്പന്‍ പറഞ്ഞതായിട്ടാണ് എന്റെ ഓര്‍മ്മ. ഉദരരോഗക്കാരനായ ഒരമ്മാവന്‍ അപ്പൂപ്പനുണ്ടായിരുന്നു; അപ്പൂപ്പന്റെ അമ്മ മൂത്ത ജേഷ്ഠത്തിയും.

തകഴിയിലും അമ്പലപ്പുഴയ്ക്കടുത്ത് ആമയിടയിലും അപ്പൂപ്പന് നെല്‍ക്കൃഷിയുണ്ടായിരുന്ന ഒരു കാലത്തേയ്ക്ക് പോകാം. ആമയിട ഇപ്പോഴുള്ള തകഴി അമ്പലപ്പുഴ റോഡില്‍നിന്ന് തെക്കോട്ട് യാത്ര ചെയ്താല്‍ എത്തുന്ന ഒരു സ്ഥലമാണ്. അവിടെ ഞങ്ങള്‍ക്ക് ഒരു പുരയിടവും ചെറിയ രണ്ടു മുറി വീടും തെങ്ങില്‍ ചിറകളും അല്പം നെല്‍ക്കൃഷിയും ഉണ്ടായിരുന്നു. ആ കൊച്ചുവീട് കൃഷിയായുധങ്ങളും തേങ്ങയും മറ്റും സൂക്ഷിക്കാന്‍ മാത്രമെ ഉപയോഗിച്ചിരുന്നുള്ളു. തേങ്ങയും വിളവും കേറ്റിയ വള്ളത്തിലാണ് ഞാന്‍ തിരികെ തകഴിക്കു വരാറുള്ളത്. അതില്‍ അപ്പൂപ്പന് ഒട്ടും താല്പര്യമില്ല, വള്ളം മുങ്ങാം എന്നുവരെ ചിന്തിക്കും. പക്ഷേ, ഞാന്‍ അമ്മൂമ്മയുടെ അനുവാദം വാങ്ങി വള്ളത്തേല്‍ കയറി ഒളിച്ചിരിക്കും. അപ്പൂപ്പന്‍ ആമയിടയില്‍നിന്ന് തകഴിക്കടുത്ത് ഒരു കടവില്‍ എത്തി കാത്തുനില്‍ക്കും. ഞാനും വള്ളവും എത്തുന്നതുവരെ വെപ്രാളമാണ്.
 
അന്നൊക്കെ രാത്രിയില്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തിലും മെതിക്കലും പുഴുങ്ങലും അളക്കലും തകഴിയില്‍ പാടശേഖരങ്ങള്‍ക്കടുത്തുള്ള തറകളില്‍ എന്നപോലെ വീട്ടുമുറ്റത്തും നടക്കും. ഒച്ചയും ബഹളവും മെയ്ത്തുപാട്ടും. അകത്തെ തളത്തിന്റെ ഇരുട്ടില്‍ നിറയെ പിരിച്ചിട്ട തേങ്ങകള്‍, പാക്കിന്‍ കുലകള്‍, പലതരം പഴക്കുലകള്‍ ഉത്തരത്തില്‍നിന്ന് ഞാന്ന് കിടക്കുന്ന കയറുകളില്‍ തൂങ്ങിക്കിടക്കും. ചെവികള്‍ മറച്ച് തോര്‍ത്ത് തലയില്‍ കെട്ടി നടക്കുന്ന അപ്പൂപ്പന് ഒരുതരം വെപ്രാളമാണപ്പോള്‍; അതിന്റെ കൂടെ സന്തോഷത്തിമിര്‍പ്പും. ചെവി മറയ്ക്കാതെ പകലും ചെവി മറച്ച് രാത്രിയിലും യാത്ര പോകുമ്പോഴും തലയില്‍ അമരുന്ന തോര്‍ത്തുകെട്ട്. 

ഒരു കൃഷിക്കാരന്റെ സന്തോഷം. ലോകത്തിന്റെ പല കോണുകളില്‍ ജീവിക്കുമ്പോഴും ആ സന്തോഷം എന്താണെന്ന് ഇന്നും എന്നും എനിക്കും അറിയാം. അതാണല്ലൊ ജനിതകശാസ്ത്രത്തിന്റെ നേര്‍ക്കാഴ്ചയും ഭംഗിയും! 

ശങ്കരമംഗലം അറയും പുരയുമാണ്. ഒരു ഓലമേഞ്ഞ രണ്ടു മുറി മുളങ്കുടിലിലായിരുന്നു അപ്പൂപ്പനും അമ്മൂമ്മയും ആദ്യത്തെ രണ്ട് മക്കളുമായി പൊറുതി തുടങ്ങിയപ്പോള്‍. വക്കീല്‍പണിയില്‍നിന്ന് വലിയ സമ്പാദ്യങ്ങള്‍ ഉണ്ടായതായറിവില്ല. പിന്നീട് പ്രസിദ്ധങ്ങളായി മാറിയ ഓരോ പുസ്തകവും വിറ്റ് കിട്ടുന്ന കാശ് സ്വരൂപിച്ച് ഓല മാറി ഓട് വന്നു; മുളങ്കാലുകള്‍ മാറി സിമന്റും ഇഷ്ടികകളും വന്നു. പുതിയ മുറികള്‍ ചേര്‍ത്ത് ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തി. അറ പിന്നീട് വാങ്ങി അകത്ത് സ്ഥാപിച്ചതാണ്. 

ചുവന്ന തറയുള്ള ഹാളിനു പടിഞ്ഞാറ് വശത്ത് ഇടനാഴിക്കുള്ളില്‍ ഞങ്ങളുടെ അറ കൃഷിക്കാരന്റെ ഐശ്വര്യം അവിടെ കുടികൊള്ളുന്നു എന്ന് വിശ്വാസം. അരക്കെട്ടിനു മുകളില്‍ എത്തിനില്‍ക്കുന്ന അറയുടെ വാതില്‍പ്പടി വെളിയില്‍ ഭൂനിരപ്പില്‍നിന്ന് ഏകദേശം ആറടിക്കപ്പുറം വരുമായിരിക്കും. വെള്ളപ്പൊക്കം കണക്കിലെടുത്താണ് ഈ സ്ഥാനം. നെല്ല് അളന്നിടുന്നതില്‍ ശ്രദ്ധാലുവായ അപ്പൂപ്പന്‍ എന്ന കര്‍ഷകനെ ഞാന്‍ ഓര്‍ക്കുന്നു. എണ്ണമെല്ലാം മനസ്സിലാണ്, ഒട്ടും തെറ്റില്ല. ഉച്ചത്തില്‍ ആണല്ലൊ അവര്‍ നെല്ല് നിറച്ച പറകളും ഇടങ്ങഴിയും നാഴിയും എണ്ണുന്നത്. ഈ വക കൃഷിക്കാര്യങ്ങള്‍ അപ്പൂപ്പന്‍ ജനിച്ചപ്പോള്‍ മുതല്‍ കണ്ട് വളര്‍ന്നതാണ്. അപ്പൂപ്പന്റെ അച്ഛന്‍ പൂര്‍ണ്ണമായും ഒരു കൃഷിക്കാരനായിരുന്നു; കഥകളിയും തുള്ളലും മറ്റും പഠിച്ചിട്ടുണ്ടെങ്കിലും. അപ്പൂപ്പന്റെയമ്മ നെല്‍പ്പാടത്ത്  കൊയ്തിട്ടുള്ള സ്ത്രീയാണ്. 

ശങ്കരമംഗലത്തെ അറയ്ക്ക് മുന്‍പില്‍ ഒരു തട്ടില്‍ തേച്ചുമിനുക്കി തിളങ്ങുന്ന നിലവിളക്ക്. അമ്മൂമ്മയുടെ സാന്നിദ്ധ്യമാണ് ആ തിളക്കം. അറയ്ക്കകത്ത് നില്‍ക്കുന്ന ആളെ കാണാന്‍ കഴിയാത്ത ഇരുട്ടിന് പണ്ടൊക്കെ നെല്ലിന്റെ മണം!

ആ കഥ പറയാന്‍ കാത്തുകിടന്ന ചുവന്ന തറ ഇന്നില്ല. ഗവണ്‍മെന്റ് അത് പൊളിച്ചുമാറ്റി ചുവന്ന തറയോട് പാകി പരിഷ്‌കരിച്ചു! അപ്പൂപ്പന്റെ മരണശേഷം സാംസ്‌കാരിക വകുപ്പും പുരാവസ്തു വകുപ്പും കൂടി വീടും പറമ്പും ഏറ്റെടുത്തപ്പോള്‍ അമ്മൂമ്മ നിയമപ്രകാരം വാടകക്കാരിയായി. ഒരു രൂപ വാടക. ഇന്ന് അറപ്പുരയ്ക്കകം നിറയെ പെറ്റുപെരുകിയ നരിച്ചീറുകള്‍. അറയ്ക്ക് അവയുടെ കാഷ്ഠത്തിന്റെ രൂക്ഷഗന്ധമാണ്. 

അപ്പൂപ്പന്‍ പണിയിച്ച വീട്

ഒരുകാലത്ത് മലയാളത്തിലെ സാഹിത്യസാമൂഹികരാഷ്ട്രീയ കുലപതികള്‍ക്കും അവരുടെ അനുയായികള്‍ക്കും സാഹിത്യസ്‌നേഹികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഇതൊന്നുമല്ലാത്ത ഏതൊരു അതിഥിക്കും തൂശനിലയില്‍ വളരെയേറെ സ്വാദിഷ്ടമായ നെല്ലുകുത്തരിയുടെ ചോറും കുട്ടനാടന്‍ കറികളും അളക്കാതെ അമ്മൂമ്മ വിളമ്പിയിട്ടുണ്ട്. 

ധന്യമായ ആ അടുക്കളയ്ക്കും ഇന്ന് അതേ ഗതി. അടുപ്പ് എന്നെന്നേക്കുമായി അണഞ്ഞു. നരിച്ചീറുകള്‍ തലങ്ങും വിലങ്ങും പായുന്നു! പതിറ്റാണ്ടുകളുടെ വിശപ്പടക്കിയ അടുപ്പുകളുടെ മുകളിലെ കരിപുരണ്ട ചിമ്മിനി വഴി അവ യഥേഷ്ടം വന്നുപോകുന്നു. കുറ്റം പറയുകയല്ല, കൃഷിക്കാരനും കൃഷിക്കാരിയും പോയാല്‍ അറയ്ക്കും അടുക്കളയ്ക്കും ആവശ്യവും അര്‍ത്ഥവും ഇല്ലല്ലോ എന്ന് നെടുവീര്‍പ്പിടുകയാണ്.

പണ്ടൊക്കെ ഉച്ചതിരിഞ്ഞാല്‍ പറമ്പില്‍ നിറഞ്ഞുതുളുമ്പിക്കിടക്കുന്ന വലിയ മരങ്ങളുടെ തണലും അകത്ത് അടഞ്ഞ ജനലുകളുള്ള മച്ചിട്ട മുറികളും തകഴിയിലെ ചൂടില്‍നിന്ന് ഒരാശ്വാസം ആയിരുന്നു. പക്ഷേ, ഞങ്ങള്‍ പൂമുഖത്തുള്ള വരാന്തയിലോ പുറകിലത്തെ ഹാളിലോ വാതോരാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ചുട്ടുപൊള്ളുന്ന വെയിലുമാറി 'പകലെ' ആവാന്‍ കാത്തുകിടക്കും. വീഴുമല്ലൊ എന്ന പേടിയുണ്ടെങ്കിലും എല്ലാ വര്‍ഷവും അപ്പൂപ്പന്‍ കിഴക്കുവശത്തെ വലിയ മാവിന്‍ കൊമ്പില്‍ നീണ്ട ഒരു ഊഞ്ഞാല്‍ ഇടുവിക്കുമായിരുന്നു. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ ഊഞ്ഞാലുകള്‍. ഞങ്ങള്‍ കുട്ടികളും കൂട്ടുകാരും ഇത്തിരി വികൃതി കാട്ടി ഊഞ്ഞാലിലെ മടലില്‍ കയറിനിന്നും കൈവിട്ടും ആടുമ്പോള്‍ ഒച്ചവച്ച് വരാന്തയില്‍ ഇരിപ്പുണ്ടാവും അപ്പൂപ്പന്‍. ചിറ്റപ്പന്‍മാര്‍ ഞങ്ങളെ വാശികേറ്റി ഓരോന്ന് ചെയ്യിക്കുമ്പോള്‍ അതൊന്നും വേണ്ട അപകടമാണ് എന്നു പറഞ്ഞ് അപ്പൂപ്പന്‍ ചുറ്റിപ്പറ്റി എവിടെയും ഒരു കണ്ണ് നല്‍കി ഉണ്ടാവും. 

'ശങ്കരമംഗലം' അപ്പൂപ്പന്‍ പണിയിച്ച വീടാണ്. അപ്പൂപ്പന്റെ ചേച്ചിയുടെ കുടുംബത്തോടൊപ്പം അരീപ്പുറത്ത് വീട്ടില്‍ ഒരു കൂട്ടുകുടുംബമായിട്ടാണ് 1934ല്‍ അപ്പൂപ്പനും അമ്മൂമ്മയും ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നത്. അപ്പൂപ്പന്റെ ചേച്ചിയുടെ ഭര്‍ത്താവ് തകഴിയിലെ അമ്മൂമ്മയുടെ അമ്മാവനാണ്. അമ്മൂമ്മ ആദ്യകാലങ്ങളില്‍ ഒരുപാട് ദുരിതം അനുഭവിച്ചിരുന്നു. വീട്ടുപണികളെല്ലാം ആ മെലിഞ്ഞ ഇത്തിരിപ്പോന്ന സ്ത്രീ ചെയ്തുപോന്നു. അന്നത്തെ സമ്പ്രദായങ്ങളില്‍ ഒരു കുറവും വരുത്തിയില്ല, നമുക്ക് ഊഹിക്കാവുന്ന എല്ലാത്തരം 'പോരുകളും' അമ്മൂമ്മ അനുഭവിച്ചിട്ടുണ്ട് എന്ന് വളരെ അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഒരിക്കലും അത് അമ്മൂമ്മയില്‍ നിന്നായിരുന്നില്ല. അമ്മൂമ്മയ്ക്ക് അതെല്ലാം അക്കാലത്തെ ജീവിതത്തിന്റെ ഭാഗം മാത്രം. കാലവും സംസ്‌കാരവും മരുമക്കത്തായവും അനുശാസിച്ചതെല്ലാം തര്‍ക്കിക്കാതെ അമ്മൂമ്മ ചെയ്തുപോന്നു. അത് കഠിനാദ്ധ്വാനം പിന്നീട് ഒരു ശീലമായി അത്രമാത്രം. ഭര്‍ത്താവിനു വേണ്ടതെല്ലാം ഒരുക്കി കുടുംബം പോറ്റിയ ഒരു നെടുമുടിക്കാരി. ആസ്തിയുടെ കാര്യത്തില്‍ അമ്മൂമ്മയുടെ കുടുംബം മെച്ചപ്പെട്ടതായിരുന്നു. ജേഷ്ഠന്മാര്‍ ലാളിച്ച് വളര്‍ത്തിയ കുഞ്ഞനുജത്തി പക്ഷേ, 1934ല്‍ തകഴിയില്‍ കെട്ടിക്കേറി വന്നപ്പോള്‍ സ്ഥിതി മറ്റൊന്നായി.  മരുമക്കത്തായം ക്ഷയിച്ച് 1925ലെ തിരുവിതാംകൂര്‍ നായര്‍ ആക്ട് പ്രകാരം വലിയ കൂട്ടുകുടുംബങ്ങള്‍ ശിഥിലമായി. വീതം വെച്ച് ക്ഷയിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അപ്പൂപ്പന്‍ വളര്‍ന്നുവന്നത്. 'അമ്മാവന്‍' സംബന്ധം കൂടിയ വീട്ടിലെ വെറും 'അച്ഛന്‍' ആയി മാറിയ കാലം. അമ്മാവന്മാരാല്‍ ലാളിച്ചു വളര്‍ത്തപ്പെട്ട അപ്പൂപ്പന്‍ പെട്ടെന്ന് അവര്‍ക്കു വേണ്ടാത്തവനായി. 

അമ്മാവന്മാര്‍ക്ക് വകയിലുള്ളതെല്ലാം പെങ്ങന്മാര്‍ക്കും മറ്റുള്ളവര്‍ക്കും തുല്യം വീതിച്ചു കൊടുത്ത് മിച്ചം കിട്ടിയ നക്കാപ്പിച്ചയുമായി പടിയിറങ്ങേണ്ടിവന്നു. അങ്ങനെ അപ്പൂപ്പന്റെ അച്ഛനും മറ്റൊരു കുടുംബത്തില്‍ ആസ്തികള്‍ ഉണ്ടായിരുന്ന വെറും ഒരു ഓര്‍മ്മയിലെ അമ്മാവനായി മാറി. അപ്പൂപ്പന്റെ അച്ഛന്റെ തിരിച്ചുപോക്കില്ലാത്ത വീട്ടിലേയ്ക്കുള്ള ആ വരവ് പക്ഷേ, അപ്പൂപ്പന് സന്തോഷം നല്‍കി. അച്ഛനെ കിട്ടിയ മക്കളുടെ സന്തോഷം. 

അപ്പൂപ്പന്റെ അച്ഛന്‍ (പാട്ടത്തിലെടുത്തതാകാം) കണ്ടത്തില്‍ ഉഴുതപ്പോള്‍ കിട്ടിയ മുട്ടന്‍ കാണ്ടാമരം. കുട്ടനാട്ടില്‍ പലയിടങ്ങളിലും ഭൂമി കുഴിച്ചാല്‍ പഴയ വന്‍കാടുകളുടെ അവശിഷ്ടം കാണാം എന്ന് അപ്പൂപ്പന്‍ പറഞ്ഞതോര്‍ക്കുന്നു. ഭൂമിക്കടിയില്‍ കിടന്നെങ്കിലും കാണ്ടാമരം നല്ല പരുവത്തില്‍ത്തന്നെ ആയിരുന്നു. അത് ഒരു നിമിത്തമായി അവരെല്ലാം കണ്ടു. അതെടുത്ത് തച്ചു കൂട്ടി ഒരു ഓലമേഞ്ഞ കൊച്ചുകുടില്‍ മുളങ്കമ്പുകളും ഓലയുമായിരുന്നു ചുറ്റിനും  രണ്ട് മുറിയും ചായ്പും മാത്രമുള്ള ശങ്കരമംഗലം. അരീപ്പുറം എന്ന അപ്പൂപ്പന്റെ ചേച്ചിയുടെ കൂട്ടുകുടുംബവീട്ടില്‍ നിന്ന് അപ്പൂപ്പനും അമ്മൂമ്മയും അവരുടെ ആദ്യത്തെ രണ്ട് സന്തതികളുമായി ശങ്കരമംഗലത്തേയ്ക്ക് താമസം മാറി. എന്തുകൊണ്ടും അമ്മൂമ്മയ്ക്ക് അത് വലിയ ഒരാശ്വാസമായി. അമ്മൂമ്മ ഇക്കഥകളെല്ലാം ആരെയും കുറ്റപ്പെടുത്താത്ത ഭാഷയില്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

വക്കീല്‍പ്പണിയില്‍നിന്നും ചെറിയ എഴുത്തുകളില്‍നിന്നും കിട്ടിയ പണംകൊണ്ട് ചാണകം മെഴുകിയ തറ മാറ്റി സിമന്റിട്ടു. പിന്നീട് മേല്‍ക്കൂരയിലെ ഓലമാറി ഓടിട്ടു. കല്ല് പണികള്‍ ചെയ്ത അയല്‍വാസി ഗോവിന്ദന്‍ ആശാരിയെ ഞാനിന്നും ഓര്‍ക്കുന്നു. ഞങ്ങളുടെ അയല്‍വാസി. അദ്ദേഹം സംസാരം പൂര്‍ണ്ണമായും നിറുത്തിയിട്ട് അപ്പോഴേയ്ക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. എന്ത് ചോദിച്ചാലും പല്ലുകള്‍ കാട്ടാതെ ചിരിക്കും, ചെറുതായി തലകുലുക്കും, ഊന്നുവടിയില്‍ തഴമ്പ് തേഞ്ഞുപോയ കൈവെള്ള അമര്‍ത്തി തിരുമ്മും. 

രണ്ടായിരത്തിരണ്ടില്‍ ഞാന്‍ അമ്മൂമ്മയെക്കുറിച്ച് ഫീച്ചര്‍ ഡോകുഡ്രാമ (കാഴ്ചവസ്തുക്കള്‍The Exhibits) എടുക്കുന്ന കാലത്ത് രാവിലെ തന്നെ വെളുത്ത താടിയും മുടിയും മുഖത്ത് പടര്‍ത്തി ഗോവിന്ദന്‍ ആശാരി വടികുത്തിപ്പിടിച്ച് പതുക്കെ നടന്ന് ഷൂട്ടിങ്ങ് ലൊക്കേഷനില്‍  തകഴി മ്യൂസിയത്തില്‍  എത്തും. അതെ, ഞങ്ങളുടെ ശങ്കരമംഗലം എന്ന തറവാട് തകഴി സ്മൃതിമ്യൂസിയം ആയിക്കഴിഞ്ഞിരുന്നു. ഒരക്ഷരം മിണ്ടാതെ ഗോവിന്ദനാശാരി തണലില്‍ നില്‍ക്കും. ഞാന്‍ ചോദിക്കുന്നതിനും പറയുന്നതിനും എല്ലാം ചെറുമന്ദസ്മിതവും തലയാട്ടലും മാത്രം. ഞാന്‍ വീടുപണിത കാലത്തെപ്പറ്റി ചോദിക്കും പക്ഷേ, എല്ലാത്തിനും ഉത്തരം ചുണ്ടുകള്‍ വിടര്‍ത്താത്ത ചിരി മാത്രം. 

അപ്പോഴേയ്ക്കും അപ്പൂപ്പന്‍ മരിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com