'ഏകാകിനി'യും 'പ്രകൃതി മനോഹരി'യും വിസ്മരിച്ച് മലയാള സിനിമയ്ക്ക് ചരിത്രമില്ല

അടൂര്‍, കെ.ജി. ജോര്‍ജ്, കെ.ആര്‍. മോഹനന്‍ എന്നിവരെപ്പോലെ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് സംവിധാനം പഠിച്ചിറങ്ങിയ ആളാണ് മലയാള സിനിമയിലെ ഒരു സംക്രമണ ഘട്ടത്തിന്റെ പ്രതിനിധിയായ ജി.എസ്. പണിക്കര്‍
'ഏകാകിനി'യും 'പ്രകൃതി മനോഹരി'യും വിസ്മരിച്ച് മലയാള സിനിമയ്ക്ക് ചരിത്രമില്ല

ജി.എസ്. പണിക്കര്‍ എന്ന സംവിധായകന്റെ പേരില്‍ ഒരു വിക്കിപീഡിയ പേജ് ഇതുവരെയുണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ മരണം ചില പത്രങ്ങള്‍ ചരമക്കോളത്തിലും മറ്റു ചിലര്‍ ഒന്നോ രണ്ടോ കോളങ്ങളിലും ഒതുക്കി. കഴിഞ്ഞ മുപ്പതിലേറെ വര്‍ഷങ്ങളായി സിനിമാരംഗത്തില്ലെങ്കിലും മലയാള സിനിമാചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ടു സിനിമകള്‍ സംവിധാനം ചെയ്തയാളാണ് ജി.എസ്. പണിക്കര്‍. 

ആദ്യ സിനിമയായ ഏകാകിനി (1975/1978) മികച്ച പ്രദര്‍ശന വിജയം നേടി. രണ്ടാമത്തെ സിനിമ (പ്രകൃതി മനോഹരി/1980) മലയാളത്തിലെ പ്രധാന രാഷ്ട്രീയ സിനിമാ അനുഭവങ്ങളിലൊന്നാണ്. സേതുവിന്റെ അതേ പേരിലുള്ള നോവലിന്റെ സിനിമാവിഷ്‌കാരമാണ് പാണ്ഡവപുരം (1986). മറ്റു സിനിമകള്‍ സഹ്യന്റെ മകന്‍ (1982), വാസരശയ്യ (1993) എന്നിവയാണ്. 'ഏകാകിനി'ക്ക് കേരളത്തില്‍ നിര്‍മ്മിച്ച ചിത്രത്തിനും എഡിറ്റിംഗിനുമുള്ള (സുരേഷ് ബാബു) 1975ലെ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചു (കെ.ജി. ജോര്‍ജിന്റെ 'സ്വപ്നാടനം' ആയിരുന്നു ആ വര്‍ഷത്തെ മികച്ച സിനിമ). ഏകാകിനി 1978ലാണ് ജനശക്തി ഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ചത്. പുരസ്‌കാരങ്ങളൊന്നും കിട്ടിയില്ലെങ്കിലും 'പ്രകൃതി മനോഹരി' സമാന്തര സിനിമാ പ്രസ്ഥാനത്തിലെ മികച്ച അനുഭവങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടു. രണ്ടു സിനിമകളും ഫിലിം സൊസൈറ്റികള്‍ വഴി കേരളമെങ്ങും പ്രദര്‍ശിപ്പിക്കപ്പെട്ടു.

അടൂര്‍, കെ.ജി. ജോര്‍ജ്, കെ.ആര്‍. മോഹനന്‍ എന്നിവരെപ്പോലെ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് സംവിധാനം പഠിച്ചിറങ്ങിയ ആളാണ് മലയാള സിനിമയിലെ ഒരു സംക്രമണ ഘട്ടത്തിന്റെ പ്രതിനിധിയായ ജി.എസ്. പണിക്കര്‍. 'ഏകാകിനി'യും 'പ്രകൃതി മനോഹരി'യും വിസ്മരിച്ച് മലയാള സിനിമയ്ക്ക് ചരിത്രമില്ല. സിനിമാരംഗത്ത് തുടര്‍ച്ച നിലനിര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ പലരും വിസ്മൃതരാക്കപ്പെട്ടിട്ടുണ്ട്. കെ.ആര്‍. മോഹനന്‍, ജി.എസ്. പണിക്കര്‍ തുടങ്ങിയവര്‍ രണ്ടുമൂന്നു സിനിമകള്‍ക്കുശേഷം ആ രംഗത്തുനിന്നു പല കാരണങ്ങളാല്‍ വിട്ടുനില്‍ക്കേണ്ടിവന്നവരാണ്. കെ.ആര്‍. മോഹനന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലാണ് പിന്നീട് അറിയപ്പെട്ടത്. അത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തെ അല്പം പ്രകാശമാനമാക്കിയെന്നു മാത്രം. മോഹനന്റേയും പണിക്കരുടേയും മറ്റു പലരുടേയും സിനിമകളുടെ ജീവിതം തിയേറ്റര്‍ പ്രദര്‍ശനങ്ങള്‍ക്കുശേഷം ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സുവര്‍ണ്ണ നാളുകളില്‍ നടത്തപ്പെട്ട പ്രദര്‍ശനങ്ങളിലൂടെ കുറച്ചുകാലം കൂടി നീണ്ടുനിന്നു. പിന്നീട് ആ സിനിമകളുടെയൊന്നും പ്രിന്റുകള്‍ ലഭ്യമല്ലാതായി. അപ്പോഴേക്കും സിനിമയും പ്രദര്‍ശനരീതികളും വലിയ സാങ്കേതിക മാറ്റങ്ങള്‍ക്കു വിധേയമായി. ഡിജിറ്റല്‍ വിപ്ലവത്തോടെ അവയില്‍ ചിലതെല്ലാം പുതിയ രൂപത്തില്‍ തിരിച്ചുവന്നു.

ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതയായിരിക്കില്ല ജി.എസ്. പണിക്കരെ സിനിമാ മേഖലയില്‍നിന്നു പിന്തിരിപ്പിച്ചത്. ആ മേഖലയോട് തോന്നിയ പലവിധത്തിലുള്ള വിരക്തിയാവണം അതിനു കാരണം. 'ഏകാകിനി'യും 'പ്രകൃതി മനോഹരി'യും 'പാണ്ഡവപുര'വും അദ്ദേഹം തന്നെയാണ് നിര്‍മ്മിച്ചത്. തിരക്കഥാരചനയിലും അദ്ദേഹം പങ്കാളിയായി. പി. രാമന്‍ നായര്‍, ദിവാകര മേനോന്‍, രാമചന്ദ്ര ബാബു, എം.ബി. ശ്രീനിവാസന്‍, സി.എന്‍. കരുണാകരന്‍ തുടങ്ങിയ പ്രതിഭാധനരായ വലിയൊരു നിരയുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യ സിനിമയുടെ കഥ എം.ടിയുടേതായിരുന്നു. ഏകാകിനിയില്‍ അഭിനയിച്ച രവിമേനോന്‍ പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. നല്ല സിനിമയുടെ പ്രചാരകരായിരുന്ന ജനശക്തി ഫിലിംസ് ആണ് ഏകാകിനിയും പ്രകൃതി മനോഹരിയും വിതരണം ചെയ്തത്.

2.
ഏകാകിനി എന്ന സിനിമ അത് നിര്‍മ്മിക്കപ്പെട്ട കാലത്തിനെ സവിശേഷമായി അടയാളപ്പെടുത്തുന്നതോടൊപ്പം പുതിയ കാലത്തോടും ആശയപരമായി സംവദിക്കുന്നുണ്ട്. എം.ടി. വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കപ്പെട്ടത്. നിര്‍മ്മാല്യം എന്ന സിനിമയിലൂടെ സംവിധായകനെന്ന നിലയ്ക്ക് എം.ടി. അന്ന് പ്രശസ്തനാണ്. അതിനു മുന്‍പേ അദ്ദേഹത്തിന്റെ നിരവധി കഥകള്‍ ചലച്ചിത്രങ്ങളാവുകയും അവയ്ക്ക് അദ്ദേഹം തിരക്കഥകളെഴുതുകയും ചെയ്തിട്ടുണ്ട്. എങ്കിലും 'ഏകാകിനി'യുടെ തിരക്കഥ എഴുതിയത് പി. രാമന്‍ നായരായിരുന്നു. എം.ടിയുടെ കഥയ്ക്ക് മറ്റൊരാള്‍ തിരക്കഥയെഴുതിയ രണ്ടാമത്തെ സന്ദര്‍ഭമാണത് (ആദ്യത്തേത് പാതിരാവും പകല്‍ വെളിച്ചവും എന്ന സിനിമയ്ക്കു വേണ്ടി ആസാദ് എഴുതിയതാണ്) രാമന്‍ നായരുടെ തിരക്കഥയും പണിക്കരുടെ സംവിധാനവും ചേര്‍ന്ന് എം.ടി. കഥകളുടെ ഭൂമിശാസ്ത്രത്തിനും ആഖ്യാന മാതൃകകള്‍ക്കും വരുത്തിയ പരിവര്‍ത്തനം അന്യാദൃശമാണ്. വള്ളുവനാടിന്റെ ഭൂമിശാസ്ത്രത്തില്‍നിന്നും കൂടു കുടുംബങ്ങളുടെ ദുഃഖഗാഥകളില്‍നിന്നും എം.ടി. സാഹിത്യത്തെ സിനിമയിലൂടെ വിമോചിപ്പിച്ച ആദ്യാനുഭവം 'ഏകാകിനി'യാണെന്നു പറയാം. ഒന്നു രണ്ടു സന്ദര്‍ഭങ്ങളൊഴിച്ചാല്‍ സംഭാഷണങ്ങളിലെവിടെയും വള്ളുവനാടന്‍ ഭാഷയില്ല. ജി. എസ്. പണിക്കര്‍ ആ കഥയെ എഴുപതുകളിലെ കേരളീയാന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നു. കേരളത്തിലെവിടെയും നടക്കാവുന്ന ഒരു കഥയായി അത് മാറി. കഥയിലെ സ്ത്രീകഥാപാത്രമായ പത്മം സിനിമയില്‍ ശോഭയും പേരില്ലാത്ത പുരുഷകഥാപാത്രം രവിയുമായി. കഥാപാത്രങ്ങളെ അവതരിപ്പിച്ച നടീനടന്മാരായ രവിമേനോന്റേയും ശോഭയുടേയും പേരുകള്‍ കഥാപാത്രങ്ങള്‍ക്കും ലഭിച്ചു. 

ഒരു യാത്രയില്‍ തുടങ്ങി അതില്‍ത്തന്നെ അവസാനിക്കുന്ന കഥയില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം അറുത്തുമാറ്റപ്പെടുന്നതിന്റെ സൂചനയില്ല. തരളമായ പ്രണയഭാവനകള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി മുഖാമുഖം വരുമ്പോള്‍ സംഭവിക്കുന്ന പരിണാമമാണ് അതിലെ പ്രമേയം. കഥയില്‍ പത്മത്തിന്റെ മനസ്സില്‍ തെളിയുന്ന പുരുഷ ചേഷ്ടകളിലൂടെയാണ് ആ കഥാപത്രത്തോടുള്ള വെറുപ്പ് പ്രകടമാവുന്നതെങ്കില്‍ സിനിമയില്‍ പുരുഷകഥാപാത്രത്തെ ആസക്തികളുടേയും അഹന്തകളുടേയും മൂര്‍ത്തരൂപമാക്കി മാറ്റുന്നതിലൂടെ ഇരുവരും തമ്മിലുള്ള അന്തരം വലിയതാകുന്നു. സ്ത്രീ അനുഭവിക്കുന്ന ആന്തരികമായ ഒറ്റപ്പെടലുകളും വിഹ്വലതകളും പ്രണയത്തെ സംബന്ധിച്ച കാല്പനികതയ്‌ക്കേറ്റ ക്ഷതവും അജ്ഞാതമായ ഒരു വിപരീത ലോകത്തേക്കുള്ള പുരുഷന്റെ ധൃതിപിടിച്ച യാത്രയും സിനിമ പ്രമേയമാക്കുന്നു. ശാസ്ത്രീയ സംഗീതമെന്നപോലെ പാശ്ചാത്യ സംഗീതവും ഇഷ്ടപ്പെടുന്ന പുരുഷകഥാപാത്രം കേരളത്തിലെ മദ്ധ്യവര്‍ഗ്ഗ സദസ്സുകളില്‍ അക്കാലത്ത് പ്രചാരത്തിലായിക്കൊണ്ടിരുന്ന സമൂഹനൃത്തങ്ങളിലും പാര്‍ട്ടികളിലും പങ്കാളിയാകുന്നു. മാംസഭോജിയും മദ്യപാനിയുമായ അയാള്‍ വേട്ടയാടുന്നതില്‍ സന്തോഷിക്കുന്നു. താണനിലയിലുള്ളവരോട് കലഹിക്കുകയും പൊങ്ങച്ചങ്ങള്‍ പറഞ്ഞ് ഉച്ചത്തില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു. വാക്കായും പ്രവൃത്തിയായും അവള്‍ക്കുമേലും അധികാര പ്രയോഗം നടത്തിക്കൊണ്ടിരിക്കുന്നു. അതുവരെ കാണാത്തതോ പ്രതീക്ഷിക്കാത്തതോ ആയ അയാളുടെ മുഖമാണത് (കഥയിലെ പത്മം പറയുന്നു: 'അയാളുടെ ചുവന്നു തടിച്ച മുഖത്തിന്റെ സൗന്ദര്യം, അരിശം കൊണ്ട് ചീര്‍ത്തപ്പോള്‍ ഒരാവരണംപോലെ അടര്‍ന്നുവീണതായി തോന്നി').

എന്നാല്‍, എതിര്‍ഭാഗത്ത് സസ്യഭോജിയായ അവള്‍ അങ്ങേയറ്റം അശക്തയായി നില കൊള്ളുന്നു. ശബ്ദത്തിന്റെ ആധിക്യത്തെ നിശ്ശബ്ദതകൊണ്ടാണ് നേരിടുന്നത്. കുറച്ചുമാത്രം പറഞ്ഞ് ബാക്കിയെല്ലാം മുഖഭാവങ്ങള്‍കൊണ്ടും ആംഗ്യങ്ങള്‍കൊണ്ടും നിര്‍വ്വഹിക്കുന്നു. വൈവാഹിക ജീവിതവും പ്രണയജീവിതവും തമ്മിലുള്ള അന്തരമാണ് അവളെ കുഴക്കുന്നത്. പ്രണയത്തെ ആദ്യകാലത്ത് പ്രതിരോധിക്കാനാണ് അവള്‍ ശ്രമിച്ചത്. 'വിലമതിക്കാനാകാത്ത ഹൃദയഭണ്ഡാകാരത്തിന്റെ ദേവത', 'നിന്നെ പുകഴ്ത്താന്‍ വാക്കുകളില്ല, നീയൊരവാച്യ സൃഷ്ടിയാണ്' എന്നു തുടങ്ങി നിരവധി കാല്പനിക പദാവലികള്‍കൊണ്ടാണ് അയാള്‍ അക്കാലത്ത് അവളെ വിശേഷിപ്പിച്ചിരുന്നത്. അവളാകട്ടെ, അവസാനിക്കാത്ത കാല്പനികതയില്‍ വിശ്വസിക്കുകയും വിവാഹജീവിതം അതിന്റെ തുടര്‍ച്ചയായി സങ്കല്പിക്കുകയും ചെയ്തപ്പോള്‍ പുരുഷന്‍ അതെല്ലാം അപ്പാടെ പിന്‍വലിക്കുകയും അതിനു വിരുദ്ധവും പുരുഷകാമനാധിഷ്ഠിതവുമായ മറ്റൊരു ജീവിതം മുന്നില്‍ വെയ്ക്കുകയും ചെയ്തു. വൈവാഹിക ബന്ധത്തിലെ സങ്കല്പവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷം ഇങ്ങനെ സൂക്ഷ്മമായാവിഷ്‌കരിച്ച സിനിമ മലയാളത്തില്‍ അതിനുമുന്‍പുണ്ടായിട്ടില്ല.
 
എം.ടിയുടെ കഥകളില്‍ മറഞ്ഞിരുന്നിരുന്ന ഈവിധമൊരു പുരുഷനേയും ആദ്യമായി കണ്ടെത്തുകയായിരുന്നു. പിന്നീട് അത്തരം കഥാപാത്രങ്ങള്‍ സിനിമയില്‍ വ്യാപകമായി. അതിലെ സ്ത്രീ കഥാപാത്രവും പരിണാമവിധേയമായി മലയാള സിനിമയില്‍ ഇടം നേടി. പുരുഷ കഥാപാത്രം അവളിലെ കാല്പനികതയെ നിര്‍വീര്യമാക്കുന്നത് തന്റെ പൗരുഷാധികാരങ്ങളെ ഉയര്‍ത്തിപ്പിടിക്കാനാണ്. അത് യാഥാര്‍ത്ഥ്യമല്ല, മറ്റൊരു കാല്പനികത തന്നെയാണ്. എന്നാല്‍ സ്ത്രീയാവട്ടെ, കാല്പനികതയുടെ തൂവലുകള്‍ ഓരോന്നായി കൊഴിച്ചു കളയാന്‍ നിര്‍ബ്ബന്ധിതയാവുകയും യാഥാര്‍ത്ഥ്യത്തിലേക്ക് ഉണര്‍ത്തപ്പെടുകയും ചെയ്യുന്നു. അവള്‍ യാത്ര പാതിവഴിയിലാക്കി അയാളെ വിട്ട് ഒറ്റയ്ക്ക് തിരിച്ചുപോകുന്നു. കാണാനാഗ്രഹിച്ച പൂന്തോട്ടം അവളൊരിക്കലും കാണുന്നില്ല. ഇരുവരും ചേര്‍ന്നു പൂക്കള്‍ക്കിടയില്‍ ഓടിനടക്കുകയും ഊഞ്ഞാലാടുകയും ചെയ്യുന്ന ഒരു ഭാവനാദൃശ്യത്തിലാണ് സിനിമ തുടങ്ങുന്നത്. ആദ്യരാത്രിയില്‍ തന്നെ സംഭവിച്ച ഭാവനയുടെ അന്ത്യവും അതിന്റെ അനുബന്ധവുമാണ് തുടര്‍ന്നുള്ള സിനിമ ആവിഷ്‌കരിക്കുന്നത്.

യാത്രയും പ്രകൃതിയുമാണ് ഏകാകിനിയിലെ രണ്ടു പ്രധാന സാന്നിദ്ധ്യങ്ങള്‍. അവ രണ്ടും പുരുഷനും സ്ത്രീയും കാണുന്നതും രണ്ടുവിധത്തിലാണ്. ഒരാളതിനെ സൗന്ദര്യാനുഭവമായും മറ്റേയാള്‍ വേട്ടയ്ക്കുള്ള വിഭവകേന്ദ്രമായും കാണുന്നു. പ്രകൃതിയില്‍നിന്ന് അന്യരാണ് രണ്ടുപേരും. കഥയിലെ പുരുഷന്‍ പുകതുപ്പുന്ന ഒരു വാഹനമാണ്, മുറിക്കകത്തും ('അയാള്‍ പുകതുപ്പിക്കൊണ്ട് മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നു'). എം.ടിയുടെ കഥയിലെ കാറിനും യാത്രയ്ക്കും ദൃശ്യരൂപമായപ്പോള്‍ സംഭവിച്ച മാറ്റവും പ്രധാനമാണ്. ബ്രേക്ക് ഡൗണാവുന്ന കാര്‍ കഥയിലില്ല. എന്നാല്‍, സിനിമയില്‍ യാത്രയുടെ കാല്പനികതയെ നിസ്സാരമാക്കാനുള്ള വഴികളിലൊന്നായി അത് ഉപയോഗിക്കപ്പെടുന്നു. യാത്രാവാഹനമായ കാര്‍ തള്ളാന്‍ അവള്‍ നിര്‍ബ്ബന്ധിതയാവുന്നത്, അയാള്‍ വഴിയരികില്‍നിന്നു മൂത്രമൊഴിക്കുന്നത്, അവളോട് മൂത്രമൊഴിക്കണോ എന്നു ചോദിക്കുന്നത്, മുള്ളന്‍ പന്നിയുടെ മുള്ളെടുത്തു കാണിക്കുന്നത്, മുയല്‍ കാഷ്ഠത്തെക്കുറിച്ചു പറയുന്നത് തുടങ്ങി കാല്പനിക ഭാഷയേയും സങ്കല്പങ്ങളേയും പൊളിച്ചുകളയുന്ന സന്ദര്‍ഭങ്ങള്‍ സാധാരണവും രസകരവുമാണ്. ഇവിടെ പുരുഷന്‍ ഒരേ സമയം വില്ലനും നായകനുമാണ്. റസ്റ്റ് ഹൗസില്‍ അവര്‍ താമസിക്കുന്ന രാജാവിന്റെ മുറി മറ്റൊരു സങ്കല്പനഷ്ടത്തിന്റെ പ്രതീകമാണ്. രാജാവ് ഉരുളക്കിഴങ്ങു കൃഷിചെയ്ത് കുടുംബം പുലര്‍ത്തുന്നു. ഒരു പുള്ളിപ്പുലിയുടെ ദേഹത്ത് കാല്‍ വെച്ചു നില്‍ക്കുന്ന ഷിക്കാരിയുടെ ചിത്രമുണ്ട് ആ മുറിയില്‍. അതായിരിക്കണം രാജാവ്.

3.
'പ്രകൃതി മനോഹരി'യില്‍ വ്യത്യസ്തവും നിശ്ചിതവുമായ സ്ഥലകാലങ്ങളിലേക്കാണ് സംവിധായകന്‍ സഞ്ചരിക്കുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ സ്വാതന്ത്ര്യത്തിനു മുന്‍പു നടന്ന കല്ലറ പാങ്ങോട് സമരങ്ങളുടെ പശ്ചാത്തലം സിനിമയ്ക്കുണ്ട്. അധികാരത്തിന്റെ അന്ധതകളും വിഫലതകളും ജാതീയമായ വേര്‍തിരിവുകളുമെല്ലാം ചേര്‍ന്ന സമ്പൂര്‍ണ്ണമായ ഒരു രാഷ്ട്രിയ പ്രമേയമാണ് സിനിമ അവതരിപ്പിക്കുന്നത്. 'ഏകാകിനി'യില്‍നിന്നു ഭിന്നമാണ് ഈ സിനിമയിലെ പ്രകൃതിയും യാത്രയും. 'ഏകാകിനി'യില്‍ അത് കാഴ്ചകള്‍ കാണലാണെങ്കില്‍ 'പ്രകൃതി മനോഹരി'യില്‍ അത് ജീവിതം തന്നെയാണ്. പ്രകൃതിയും മനുഷ്യനും രണ്ട് അനന്യതകളല്ല. പശ്ചാത്തലമെന്ന അവസ്ഥ വെടിഞ്ഞ് പ്രകൃതി നേരിട്ട് രാഷ്ട്രീയ പ്രമേയമാകുന്നു.

രാമനും കൃഷ്ണനും കള്ളുകുടിച്ചും പെണ്ണുപിടിച്ചും പുഴയില്‍ നീന്തിയും സന്തോഷപൂര്‍വ്വം അലഞ്ഞു നടന്നവരാണ്. അതിനിടയില്‍ അവര്‍ ഈഴവരുടെ ഉത്സവത്തില്‍ പോയി കുഴപ്പമുണ്ടാക്കും. എല്ലാറ്റിനും മുന്‍പന്തിയില്‍ അര്‍ദ്ധബ്രാഹ്മണനായ രാമന്‍ നായരാണ്. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ രാജാവും ദിവാനും അധികാരിയുമൊക്കെ ചേര്‍ന്നതാണ് ഭരണവ്യവസ്ഥ. രാജാവിന്റെ ഭരണമാണ് നടക്കുന്നതെന്നും അതിനെതിരായ കലാപം രാജനിന്ദയാണെന്നും ജനങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. കോണ്‍ഗ്രസ്സ് രാജാവിനെതിരായതിനാല്‍ അതില്‍ ചേരുന്നതും പ്രവര്‍ത്തിക്കുന്നതും രാജധ്വംസനമായി കണക്കാക്കപ്പെടുന്നു.

മഹാരാജാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടത്തിയ ഘോഷയാത്രയ്ക്കിടയിലേക്ക് തെങ്ങിന്‍ മുകളില്‍നിന്നു കള്ളിന്‍കുടം താഴെയിട്ട രാമനും കൃഷ്ണനും അധികാരിയുടെ പിടിയിലകപ്പെടുകയും ഇരുവര്‍ക്കും കൊടിപിടിച്ച് ജാഥയില്‍ നില്‍ക്കേണ്ടിയും വന്നു. 'മഹാരാജാവ് നീണാള്‍ വാഴട്ടെ' എന്ന മുദ്രാവാക്യം വിളിച്ചു നടന്ന രാമന്‍ കാമുകിയുടെ അടുത്തെത്തുമ്പോള്‍ അത് 'ഞാനും നീയും നീണാള്‍ വാഴട്ടെ' എന്നാക്കി മാറ്റുന്നു. ഈഴവത്തിയാണെന്നറിഞ്ഞുകൊണ്ടും അപ്രകാരം അവളെ അപമാനിച്ചുകൊണ്ടും തന്നെയാണ് അവര്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നത്. ഗര്‍ഭിണിയായ അവളെ വീടിനു തീയിട്ട് നാട്ടില്‍നിന്ന് ഓടിക്കാനുള്ള തന്ത്രം രാമനും കൃഷ്ണനും ഒരുമിച്ചാണ് ആവിഷ്‌കരിക്കുന്നത്. പ്രണയത്തിന്റെ ആര്‍ദ്രതയോ വൈകാരികതയോ അവരെ തെല്ലും ബാധിക്കുന്ന കാര്യങ്ങളല്ല. ചിരിച്ചുകൊണ്ട് ഇരുവരും കത്തിയെരിയുന്ന വീടു കണ്ടുനില്‍ക്കുന്നു.

ജാതിയുടെ പ്രാമാണ്യം വെളിപ്പെടുത്തുന്ന ഒന്നിലധികം സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്. കോണ്‍ഗ്രസ്സിന്റെ പരിപാടിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കു ശിക്ഷ നല്‍കുന്നത് അവരെ ജാതിതിരിച്ച് നിര്‍ത്തിയാണ്. അവരില്‍ത്തന്നെ ബ്രാഹ്മണനായ കുട്ടിയെ അദ്ധ്യാപകന്‍ മാറ്റി നിര്‍ത്തുകയും ഈഴവന്റേയും മേത്തന്റേയും കൂടെ കൂടരുത് എന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ജാതിയുടെ കണ്ണിലൂടെയാണ് കോണ്‍ഗ്രസ്സിനേയും കാണുന്നത്. ഹരിജനങ്ങളും ഈഴവരുമൊക്കെയാണ് കോണ്‍ഗ്രസ്സിലെന്ന പ്രചാരണത്തെ ഗാന്ധിജി ബ്രാഹ്മണനാണെന്നും പട്ടം താണുപിള്ള നായരാണെന്നും പറഞ്ഞാണ് നേരിടുന്നത്. ഹിറ്റ്‌ലറും മഹാത്മാഗാന്ധിയും സര്‍ സി.പിയുമെല്ലാം പരാമര്‍ശിക്കപ്പെടുന്ന സിനിമയില്‍ അക്കാലത്തെ ലോകരാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും തിളച്ചുനില്‍ക്കുന്നുണ്ട്. സാവധാനത്തിലാണെങ്കിലും സ്വാതന്ത്ര്യസമരത്തിലേക്കും കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലേക്കും ജനങ്ങള്‍ പരിവര്‍ത്തനപ്പെടുന്നു.

കോണ്‍ഗ്രസ്സിനോടുള്ള സ്‌നേഹം കൊണ്ടല്ല രാമനും കൃഷ്ണനും അതില്‍ എത്തിപ്പെട്ടത്. രാജാവിനും ബ്രിട്ടീഷുകാര്‍ക്കുമെതിരാണ് കോണ്‍ഗ്രസ്സ് എന്നു വന്നപ്പോള്‍ രാമന്‍ തിരിച്ചുപോന്നു. കോണ്‍ഗ്രസ്സില്‍ തുടര്‍ന്ന കൃഷ്ണനെ തിരിച്ചുകൊണ്ടു വരാന്‍ രാമന്‍ പരമാവധി ശ്രമം നടത്തിനോക്കിയെങ്കിലും അവന്‍ വഴങ്ങിയില്ല. മഹാരാജാവിനൊപ്പം നിന്നാല്‍ എന്തും കിട്ടുമെന്നു പറഞ്ഞ രാമന്റെ മുന്നില്‍ കൃഷ്ണന്‍ മൂന്ന് ആവശ്യങ്ങള്‍ നിരത്തി: 1. സി.പിയെ നാടുകടത്തണം. 2. ഉത്തരവാദ ഭരണം നടപ്പിലാവണം 3. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടണം. കോണ്‍ഗ്രസ്സുകാരെ ഒറ്റിക്കൊടുക്കുന്ന കൂലിപ്പൊലീസിന്റെ പണി രാമന്‍ തുടര്‍ന്നുകൊണ്ടിരുന്നു. കൃഷ്ണന് സ്വന്തം നിലപാട് കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കിലും രാമനത് കഴിയുന്നില്ല. സംഘര്‍ഷങ്ങളുടേയും നിസ്സഹായതകളുടേയും അതില്‍നിന്നു ലഭിച്ച തിരിച്ചറിവുകളുടേയും ഫലമായി രാമന്‍ വെടിയേറ്റു പരുക്കേറ്റ ഒരു കോണ്‍ഗ്രസ്സുകാരന്റെ അന്ത്യനേരങ്ങള്‍ക്ക് കൂട്ടാവുന്നു. ഇരുവരും പുഴയിലിറങ്ങി നീന്തുകയും ദൂരെനിന്നു കേള്‍ക്കുന്ന പാട്ട് ഒരുമിച്ചാസ്വദിക്കുകയും ചെയ്യുന്നു. രണ്ടുപേരേയും വ്യത്യസ്തരാക്കുന്നത് അവരുടെ വസ്ത്രം മാത്രമാണെന്നതിനാല്‍ അവ ഊരിയെറിയുന്നു. കോണ്‍ഗ്രസ്സുകാരന്‍ അയാളെ തേടിയെത്തിയ പൊലീസിന്റെ ബൂട്ട് കഴുത്തിലമര്‍ന്നും രാമന്‍ വെടിയേറ്റും മരണം വരിച്ചു. അതിനുശേഷം പൊലീസുകാര്‍ ഒരു ബീഡി കത്തിച്ചു വലിക്കുകയും ജഡം നദിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നു. നദി ഇപ്പോള്‍ പഴയ നദിയല്ലാതാവുന്നു.

രാമന്റെ ഭാര്യ വിദ്യാഭ്യാസം നേടിയവളും ഹാര്‍മോണിയം വായിക്കാനറിയുന്നവളുമാണ്. അവള്‍ രാമനെ അക്ഷരമെഴുതാന്‍ പരിശീലിപ്പിക്കുന്നു. അവള്‍ക്ക് ബുദ്ധനെക്കുറിച്ചും കലിംഗയുദ്ധത്തെക്കുറിച്ചും അറിയാം. യുദ്ധത്തിനെതിരായും സ്വാതന്ത്ര്യസമരത്തിന് അനുകൂലമായതുമായ നിലപാട് അവളില്‍ രൂപം കൊള്ളുന്നു. കോണ്‍ഗ്രസ്സിനകത്തും പലതരം ആശയഗതികള്‍ ഏറ്റുമുട്ടുന്നുണ്ട്. സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്ന ആഹ്വാനവും വേണ്ടിവന്നാല്‍ ആയുധമെടുക്കണമെന്ന നിലപാടും പിന്‍തുടര്‍ന്നാണ് അവര്‍ പാങ്ങോട് പൊലീസ് ക്യാമ്പിലേക്ക് മാര്‍ച്ചു ചെയ്യുന്നത്. അത് വെടിവെപ്പിലും മരണങ്ങളിലുമാണ് കലാശിച്ചത്. സിനിമ അവസാനിക്കുമ്പോള്‍ പരാജയപ്പെട്ട സമരങ്ങളുടെ രക്തവും മാംസവുമായി പുഴയൊഴുകുകയാണ്.

ഉത്തരായണം (1975), കബനീനദി ചുവന്നപ്പോള്‍ (1976) എന്നീ സിനിമകള്‍ക്കു ശേഷം മലയാളത്തിലുണ്ടായ വ്യത്യസ്തമായ രാഷ്ട്രീയ സിനിമകളിലൊന്നാണ് പ്രകൃതി മനോഹരി. മൂന്നു സിനിമകളും സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പുമുള്ള സായുധസമരങ്ങളേയും ചെറുത്തുനില്‍പ്പുകളേയും പ്രമേയമാക്കുന്നു. 'കബനീനദി' നക്‌സല്‍ കാലത്തിന്റെ പരിമിത വൃത്തത്തിലൊതുങ്ങുന്ന സമകാലിക രാഷ്ട്രീയമാണ് കൈകാര്യം ചെയ്തത്. 'ഉത്തരായണം' കീഴരിയൂര്‍ ബോംബ് കേസിന്റെ അനന്തരകാലവും സ്വതന്ത്ര ഇന്ത്യയിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയും അസംതൃപ്തിയുമാണ് ആവിഷ്‌കരിച്ചത്. സംഘര്‍ഷാത്മകമായ തിരുവിതാംകൂര്‍ രാഷ്ട്രീയത്തിന്റെ ഭൂതകാലമാണ് 'പ്രകൃതി മനോഹരി'. കൊളോണിയലിസവും രാജാധികാരവും അവയുടെ സ്ഥാപനങ്ങളും ചേര്‍ന്നു ജനങ്ങളെ സന്ദിഗ്ദ്ധതയിലാക്കുന്നതിന്റേയും ദേശീയതയും സാര്‍വ്വദേശീയതയും അവരോട് നേരിട്ട് ഇടപെടുന്നതിന്റേയും ആഖ്യാനം. ജാതി എല്ലാ തലങ്ങളിലും പ്രവര്‍ത്തനനിരതമായിരിക്കുന്നു.

'ഏകാകിനി'യില്‍നിന്ന് 'പ്രകൃതി മനോഹരി'യിലേക്ക് ഒരു നേര്‍രേഖയുണ്ട്. 'ഏകാകിനി' പ്രത്യക്ഷത്തില്‍ രാഷ്ട്രീയമുക്തമായ വര്‍ത്തമാനകാലത്തെയാണ് ആവിഷ്‌കരിക്കുന്നതെങ്കിലും അതിലെ കുടുംബരാഷ്ട്രീയം ഇക്കാലത്ത് കൂടുതല്‍ തെളിഞ്ഞുവരും. 'പ്രകൃതി മനോഹരി' ഭൂതകാലത്തെ അതിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോടെയും സ്ഥലകാല സൂക്ഷ്മതയോടെയും അവതരിപ്പിക്കുന്നു. തെക്കന്‍ തിരുവിതാംകൂറിന്റെ ഒരു ചെറുപ്രദേശത്തുനിന്ന് അത് ദേശീയതയിലേക്കും അന്തര്‍ദ്ദേശീയതയിലേക്കും സഞ്ചരിക്കുന്നു. 'ഏകാകിനി'യില്‍ കാഴ്ചവസ്തുവായ പ്രകൃതി ഇവിടെ പ്രമേയത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളിലൊന്നാവുന്നു. 'ഏകാകിനി'യിലെ നായക കഥാപാത്രം പ്രകടിപ്പിക്കുന്ന പുരുഷാഹന്തയല്ല 'പ്രകൃതി മനോഹരി'യിലുള്ളത്. ജാതീയതയും സ്ത്രീ വിവേചനവുമെല്ലാം കൊണ്ടുനടക്കുന്ന പുരുഷന്മാരാരും ബോധപൂര്‍വ്വമല്ല അതിലിടപെടുന്നത്. അധികാരരൂപമായ അധികാരി തന്നെ സന്ദര്‍ഭാനുസരണം വിനീത വിധേയനുമാവുന്നു. വ്യവസ്ഥകളുടെ നൃശംസതകള്‍ക്ക് അബോധമായി കീഴടങ്ങേണ്ടിവരുന്ന ഒരു ഭൗതികതലം അവരിലുണ്ട്. അതേസമയം അതിനെ എതിര്‍ത്തുനില്‍ക്കാന്‍ ധൈര്യം കാണിച്ചവരുമുണ്ട്. എതിര്‍ത്തവരും അനുകൂലിച്ചവരുമായ രണ്ടുപേര്‍ അവസാനം ഒരേ വിധി ഏറ്റുവാങ്ങാന്‍ നിര്‍ബ്ബന്ധിതരാവുകയും ചെയ്യുന്നു. കേവലമായ അധികാരം ആര്‍ക്കും ലഭ്യമാവുന്നില്ല. പൊലീസിന്റെ വെടിയേറ്റാണ് പൊലീസുകാരനായ രാമന്‍ മരിക്കുന്നത്. ഒരു കോണ്‍ഗ്രസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമമാണ് അയാള്‍ക്കും മരണമൊരുക്കിയത്. ഖദറും കാക്കിവേഷവും ഒന്നിക്കുന്ന രംഗങ്ങളിലൊന്നാണത്. മറ്റൊരു രംഗത്തില്‍ കോണ്‍ഗ്രസ്സ് യോഗം കയ്യേറാന്‍ ശ്രമിക്കുന്ന രാമനെ 'അവര്‍ നമുക്കുകൂടി വേണ്ടിയല്ലേ ഇതൊക്കെ ചെയ്യുന്ന'തെന്നു പറഞ്ഞ് സഹപ്രവര്‍ത്തകനായ പൊലീസുകാരന്‍ വിലക്കുന്നുണ്ട്.

'ഏകാകിനി'യിലെ സ്ത്രീയെക്കാള്‍ കരുത്തരാണ് 'പ്രകൃതി മനോഹരി'യില്‍ രാമന്റെ കാമുകിയും ഭാര്യയുമായെത്തുന്ന സ്ത്രീകള്‍. ഇരുവര്‍ക്കും രാമനെ വലിയ പാഠങ്ങള്‍ പഠിപ്പിക്കാനുണ്ട്. പ്രണയപാശത്താല്‍ ബന്ധിതരെങ്കിലും അതികാല്പനികതയിലേക്ക് വീണുപോയവരല്ല അവരാരും. 'ഏകാകിനി' ഭാഷകൊണ്ടോ ആഖ്യാനം കൊണ്ടോ ദേശത്തെ അടയാളപ്പെടുത്താന്‍ വിസമ്മതിക്കുമ്പോള്‍ പ്രകൃതി മനോഹരി അതിനു വിരുദ്ധമാണ്. തെക്കന്‍ തിരുവിതാംകൂര്‍ ദേശവും ഭാഷയും സിനിമയുടെ ആത്മാവായി വര്‍ത്തിക്കുന്നു. വള്ളുവനാടന്‍ ഭാഷ സിനിമയില്‍ പ്രബലമായിരുന്ന കാലത്താണ് എം.ടിയുടെ ഒരു കഥ സ്വീകരിച്ചുകൊണ്ടുതന്നെ ജി.എസ്. പണിക്കര്‍ അത് തിരസ്‌കരിച്ചത്.

സമാനതകളും വൈരുദ്ധ്യങ്ങളും കൊണ്ട് തുടര്‍ച്ചയും വിച്ഛേദവുമായ രണ്ടു സിനിമകളാണ് 'ഏകാകിനി'യും 'പ്രകൃതിമനോഹരി'യും. അവ രണ്ടും ചേര്‍ന്ന് ജി.എസ്. പണിക്കര്‍ എന്ന സംവിധായകനെ സമ്പൂര്‍ണ്ണമായി അടയാളപ്പെടുത്തുന്നു. അവിടെനിന്ന് അദ്ദേഹം മുന്നോട്ടു സഞ്ചരിച്ചതുമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com