ധൈഷണികതയുടെ മഹാത്ഭുതം

പഴയനിയമത്തില്‍  മോശ ജ്ഞാനവിശുദ്ധിയുടെ ഉയരങ്ങളിലേക്കും ആരാധനയുടെ കൊടുമുടികളിലേക്കും നടന്നുകയറിയതുപോലെയായിരുന്നു ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ജ്ഞാനയോഗാനുഭൂതികളുടെ പര്‍വ്വതനിരകളെ കണ്ടെത്തിയത്
ധൈഷണികതയുടെ മഹാത്ഭുതം

സ്വാമി വിവേകാനന്ദനും ഡോ. എസ്. രാധാകൃഷ്ണനും ശേഷം ഭാരതത്തിന്റെ ബോധദീപ്തിയെ പാശ്ചാത്യര്‍ക്കു പകര്‍ന്നുകൊടുത്ത ദാര്‍ശനികനായിരുന്നു ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ്. ഭാരതീയമായ ബോധദീപ്തിയിലൂടെ ഭാവുകത്വ വിസ്‌ഫോടനം നടത്തി വിശ്വമാനവ സമൂഹം കെട്ടിപ്പടുക്കാന്‍ യത്‌നിച്ച ഡോ. ഗ്രിഗോറിയോസ് ധൈഷണികതയുടെ മഹാത്ഭുതമായിരുന്നു. ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് ഒൻപതിന് അദ്ദേഹത്തിന്റെ ജനനത്തിന്റെ നൂറാം വർഷമായിരുന്നു.

അറിവിന്റെ കൊടുമുടികളും അനുഭൂതിയുടെ താഴ്‌വരകളും നിറഞ്ഞൊരു കുലപര്‍വ്വതമായിരുന്നു ഡോ. ഗ്രിഗോറിയോസ്. ഭാരതത്തില്‍ സപ്തപര്‍വ്വതങ്ങളല്ല അഷ്ടപര്‍വ്വതങ്ങളാണ് ഉണ്ടായിരുന്നതെന്ന് ഇനി തിരുത്തിപ്പറയേണ്ടിവരും. ഭാരതത്തിന്റെ ഏഴു ഖണ്ഡങ്ങളിലുള്ള കുലപര്‍വ്വതങ്ങളായ മഹേന്ദ്രം, മലയം, സഹ്യന്‍, ശക്തിമാന്‍, ഋക്ഷപര്‍വ്വതം, വിന്ധ്യന്‍, പാരിയാത്രം എന്നിവയ്‌ക്കൊപ്പം എട്ടാമതായി ധിഷണയുടെ ഒരു ഗ്രിഗോറിയന്‍ കുലപര്‍വ്വതം കൂടിയുണ്ടായിരുന്നെന്നു വിശ്വമനീഷികളുടെ ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞു.

പഴയനിയമത്തില്‍ പര്‍വ്വതങ്ങളുടെ പുരുഷനായ മോശ ജ്ഞാനവിശുദ്ധിയുടെ ഉയരങ്ങളിലേക്കും ആരാധനയുടെ കൊടുമുടികളിലേക്കും നടന്നുകയറിയതുപോലെയായിരുന്നു ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ജ്ഞാനയോഗാനുഭൂതികളുടെ പര്‍വ്വതനിരകളെ കണ്ടെത്തിയത്. മോശ ദൈവത്തിന്റെ പര്‍വ്വതമായ ഹോരേബിലേക്കു നടന്നുകയറി തന്റെ അധൈര്യം മാറ്റിയതുപോലെ, ഗ്രിഗോറിയോസ് ജീവിതത്തിലെ കയ്‌പേറിയ ദു:ഖങ്ങളും പ്രതിസന്ധികളും ആത്മനൊമ്പരങ്ങളും അകറ്റി യോഗാനുഭൂതിയെ പ്രാപിച്ചതു നിരന്തരമായ ഈശ്വരസമ്പര്‍ക്കം കൊണ്ടായിരുന്നു. ഡോ. ഗ്രിഗോറിയോസിന്റെ ചിന്തയ്ക്കും ദര്‍ശനത്തിനും കരുത്തു പകര്‍ന്നത് ഈ ഹോരേബ് അനുഭൂതിയായിരുന്നു.

മോശ ദൈവത്തെ അന്വേഷിച്ച് സീനായ് പര്‍വ്വതത്തില്‍ കയറിയിറങ്ങിയ പ്രകാരം ഡോ. ഗ്രിഗോറിയോസും മനുഷ്യചേതന അന്വേഷിച്ചു കൊടുമുടികള്‍ കയറിയിറങ്ങി. മനുഷ്യസ്വാതന്ത്ര്യത്തിന്റെ കല്പന ദൈവബോധത്തില്‍നിന്നു സ്വീകരിക്കുകയും പുതിയൊരു വേദശാസ്ത്രദര്‍ശനം രൂപപ്പെടുത്തുകയും ചെയ്തു അദ്ദേഹം.

അനീതിക്കും യുദ്ധക്കൊതിക്കും എതിരെ പൊരുതാനാണ് മോശയെപ്പോലെ ഡോ. ഗ്രിഗോറിയോസ് ഫോര്‍ പര്‍വ്വതങ്ങള്‍ കയറിയിറങ്ങിയത്. ഗ്രിഗോറിയോസിനെ മൂന്നാം ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ വക്താവായി സ്വീകരിച്ചത് അതുകൊണ്ടാണ്. അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ രക്ഷയ്ക്കായി സഭകളുടെ ലോക കൗണ്‍സിലിലൂടെ അദ്ദേഹം പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യത്തിനു പുതിയൊരു ദര്‍ശനം രൂപപ്പെടുത്തി.

പഴയനിയമത്തില്‍ മോശയുടെ അന്ത്യം നെബോ പര്‍വ്വതത്തിലെ പിസ്ഗാ കൊടുമുടിയില്‍ കയറി വാഗ്ദത്തദേശം കണ്ടതിനുശേഷമായിരുന്നു. ഭൗതികജീവിതത്തില്‍ ജ്ഞാനത്തിന്റെ കൊടുമുടികള്‍ കയറുമ്പോഴും ഡോ. ഗ്രിഗോറിയോസിന്റെ ആത്മചൈതന്യത്തെ ശക്തിപ്പെടുത്തിയത് അനുദിനം ശക്തിപ്പെട്ട യോഗാനുഭൂതിയായിരുന്നു. താബോര്‍മലയില്‍ മരണാനന്തരം മോശയ്ക്കു മറുരൂപപ്പെടാന്‍ കഴിഞ്ഞതു ദൈവചൈതന്യത്തെ ഉള്‍ക്കൊണ്ടവനായതു മൂലമാണ്. ഡോ. ഗ്രിഗോറിയോസിന്റെ ചിന്തകളും ദര്‍ശനങ്ങളും പ്രവചനങ്ങളും നമ്മെ എത്തിക്കുന്നത് താബോര്‍മലയിലെ ഈ തേജസ്‌കരത്തിന്റെ അനുഭവത്തിലേക്കാണ്. 

പൗലോസ് മാർ ​ഗ്രി​ഗോറിയോസ് ദലൈലാമയ്ക്കൊപ്പം
പൗലോസ് മാർ ​ഗ്രി​ഗോറിയോസ് ദലൈലാമയ്ക്കൊപ്പം

വിജ്ഞാനത്തിന്റെ ഗിരിശൃംഗങ്ങളില്‍

പൗലോസ് മാര്‍ ഗ്രിഗോറിയോസ് നടന്നുകയറാത്ത വിചാരലോകങ്ങളില്ല. തത്ത്വചിന്ത, മതം, വേദശാസ്ത്രം, ദൈവവിജ്ഞാനീയം, സംസ്‌കാരം, രാഷ്ട്രീയം, മാര്‍ക്‌സിസം, പാശ്ചാത്യ  പൗരസ്ത്യ ദര്‍ശനം, ശാസ്ത്രം, മനുഷ്യസ്വാതന്ത്ര്യം, ലോകസമാധാനം, പരിസ്ഥിതി, മനോവിജ്ഞാനീയം, ലോകസമ്പദ്‌വ്യവസ്ഥ, സാഹിത്യം, നീതിശാസ്ത്രം, ചരിത്രം, വിദ്യാഭ്യാസം, ആരോഗ്യം, ചികിത്സ, ഭാഷകള്‍ എന്നിങ്ങനെ സര്‍വ്വ വിഷയങ്ങളിലും പാരംഗതനായിരുന്ന ഡോ. ഗ്രിഗോറിയോസ് ഇതേപ്പറ്റി ലോകത്തിലെ വിവിധ പണ്ഡിതസദസ്സുകളില്‍ നടത്തിയിട്ടുള്ള പ്രഭാഷണങ്ങളും പണ്ഡിതജിഹ്വകളില്‍ നടത്തിയിട്ടുള്ള രചനകളും സംവാദങ്ങളും ആ കൊടുമുടിയുടെ ഔന്നത്യത്തേയും ഉദാത്തതയേയും കുറിക്കുന്നു.

വിജ്ഞാനത്തിന്റെ ഗിരിശൃംഗങ്ങളില്‍ നില്‍ക്കുമ്പോഴും മനുഷ്യന്‍ തന്നെയായിരുന്നു ഡോ. ഗ്രിഗോറിയോസിന്റെ ചിന്താധാരയില്‍ ഉണ്ടായിരുന്നത്. ഗ്രിഗോറിയോസ് എന്ന പദത്തിന്റെ അര്‍ത്ഥം സൂചിപ്പിക്കുംപോലെ അദ്ദേഹം ഉണര്‍ന്നിരിക്കുന്നവനും മനുഷ്യനെ ഉണര്‍ത്താന്‍ ശ്രമിച്ചവനുമായിരുന്നു.

മനുഷ്യന്റെ സത്തയെപ്പറ്റിയുള്ള ചിന്തയില്‍ അദ്ദേഹത്തിനു വഴികാട്ടിയായിരുന്നത് നാലാം നൂറ്റാണ്ടിലെ പൗരസ്ത്യ ചിന്തകനായിരുന്ന നിസ്സായിലെ ഗ്രിഗോറിയോസ് (330- 395 എ.ഡി) ആയിരുന്നു. സ്വതന്ത്ര മാനവികതയ്ക്കുവേണ്ടിയുള്ള അന്വേഷണവും പോരാട്ടവും നടത്താന്‍ പൗലോസ് മാര്‍ ഗ്രിഗോറിയോസിനു കരുത്തു പകര്‍ന്നത് നിസ്സായിലെ ഈ ചിന്തകനായിരുന്നു. ആ തത്ത്വജ്ഞാനിയുടെ സ്വാതന്ത്ര്യദര്‍ശനമാണ് മനുഷ്യസ്വാതന്ത്ര്യത്തെപ്പറ്റിയുളള ചിന്തകളില്‍ പൗലോസ് മാര്‍ ഗ്രിഗോറിയോസിന് അടിത്തറയേകിയത്. സ്വന്തം ഉണ്മയെ ഈശ്വരനില്‍ ഉറപ്പിക്കാനുള്ള മനുഷ്യന്റെ അന്വേഷണമാണ് അദ്ദേഹത്തിന്റെ ചിന്താവിഷയം.

നിസ്സായിലെ ഗ്രിഗോറിയോസിന്റെ ദര്‍ശനത്തെ മുന്‍നിര്‍ത്തി മനുഷ്യനെ 'കോസ്മിക് മാന്‍' എന്നാണ് പൗലോസ് മാര്‍ ഗ്രിഗോറിയോസ് വിളിക്കുന്നത്. മനുഷ്യസൃഷ്ടികൊണ്ട് ദൈവത്തെ ആരാധിക്കണമെന്ന സങ്കല്പം മാത്രമല്ല, ദൈവത്തോട് സൃഷ്ടിയില്‍ സഹകരിക്കണമെന്ന സങ്കല്പവും ഉണ്ട്. അതിനാല്‍ സൃഷ്ടിയെ പൂര്‍ണ്ണതയില്‍ എത്തിക്കുകയാണ് മനുഷ്യലക്ഷ്യമെന്ന് പൗലോസ് മാര്‍ ഗ്രിഗോറിയോസ് വാദിക്കുന്നു. മനുഷ്യനേയും സമൂഹത്തേയും സമ്പൂര്‍ണ്ണമാക്കാനും പുതുക്കാനും ഈശ്വരന്‍ കൊടുത്ത പ്രത്യേകതകളാണ് യുക്തിയും സര്‍ഗ്ഗവൈഭവവും സ്‌നേഹചിന്തയും മറ്റുമെന്നാണ് ഗ്രിഗോറിയോസിന്റെ വ്യാഖ്യാനം.

പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ ചിന്തയില്‍ മനുഷ്യന്‍ സമൂഹത്തിന്റെ ഭാഗമാണ്. അവന് ഒറ്റപ്പെട്ട അവസ്ഥയില്ല. മനുഷ്യന്‍ ലക്ഷ്യമാക്കേണ്ടത് പൂര്‍ണ്ണതയാണ്. മനുഷ്യന്‍ ഒന്നാകണമെന്നും വിശ്വമാനവികത വളര്‍ത്തണമെന്നും പൗലോസ് മാര്‍ ഗ്രിഗോറിയോസ് ഉദ്‌ഘോഷിക്കുന്നത് അതുകൊണ്ടാണ്. ഗ്രിഗോറിയോസിന്റെ ദര്‍ശനത്തില്‍ മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്.

പ്രപഞ്ചം മനുഷ്യന് ഈശ്വരസാന്നിധ്യം അനുഭവിക്കാനുള്ള വേദിയാണെന്ന് അദ്ദേഹം ചിന്തിച്ചു. അദ്ദേഹത്തിന്റെ വിഖ്യാതമായ 'കോസ്മിക് മാന്‍' (1980) എന്ന ഗ്രന്ഥം ഈ ദര്‍ശനത്തിന്റെ അര്‍ത്ഥതലങ്ങളിലേക്കു നമ്മെ നയിക്കുന്നു. പ്രപഞ്ചത്തേയും ഈ ദാര്‍ശനികന്‍ മാനുഷികമായി കാണുന്നു. മനുഷ്യന്റെ പൂര്‍ണ്ണത ലക്ഷ്യമാക്കിയുള്ള ദൈവവിജ്ഞാനീയത്തിന്റെ വക്താവായിരുന്നു പൗലോസ് മാര്‍ ഗ്രിഗോറിയോസ്.

ഡോ. ഗ്രിഗോറിയോസിന്റെ ചിന്താപദ്ധതി പാശ്ചാത്യ പൗരസ്ത്യ വേദികളില്‍ സംവാദം ചെയ്യപ്പെട്ടത് 'Enlightenment East and West' (1989) എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തോടെയായിരുന്നു. യൂറോപ്യന്‍ ബോധദീപ്തി പ്രസ്ഥാനത്തേക്കാള്‍ സര്‍ഗ്ഗാത്മകമായ ഭാരതീയ ബോധദീപ്തി പ്രസ്ഥാനത്തെപ്പറ്റി ഈ ഗ്രന്ഥത്തിലാണ് അദ്ദേഹം ചര്‍ച്ച ചെയ്തത്. പ്രബുദ്ധത എന്ന പദം തന്നെ ഭാരതീയമാണെന്ന് ഗ്രിഗോറിയോസ് സമര്‍ത്ഥിക്കുന്നു.

എത്യോപ്യൻ ചക്രവർത്തി ​ഹെയ്ലി സെലാസിയോടൊപ്പം പൗലോസ് മാർ ​ഗ്രി​ഗോറിയോസ്  (ഫയൽ ചിത്രം)
എത്യോപ്യൻ ചക്രവർത്തി ​ഹെയ്ലി സെലാസിയോടൊപ്പം പൗലോസ് മാർ ​ഗ്രി​ഗോറിയോസ്  (ഫയൽ ചിത്രം)

പ്രബുദ്ധതയുടെ കിഴക്കും പടിഞ്ഞാറും

ബുദ്ധമതത്തിലെ പ്രധാന ആശയമായ പ്രബുദ്ധതയെപ്പറ്റി അദ്ദേഹം ഇങ്ങനെ എഴുതുന്നു: 'ഈ ലോകത്തിലുള്ള ഒന്നിനും അതിന്റേതായ സ്വഭാവമില്ലെന്നും മനുഷ്യമനസ്സും അതിനെ അഭിമുഖീകരിക്കുന്ന മറ്റൊരു പ്രതിഭാസവും തമ്മില്‍ പരസ്പര സമ്പര്‍ക്കമുണ്ടാകുമ്പോള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഉദിച്ചുയരുന്ന ഈ ലോകവും ഈ അഹവും സത്യവുമല്ല, അസത്യവുമല്ല, യഥാര്‍ത്ഥവുമല്ല, അയഥാര്‍ത്ഥവുമല്ല, പ്രതീത്യസമുല്പന്നം മാത്രമാണ് എന്നും അറിവുണ്ടാകുമ്പോള്‍ എല്ലാ കര്‍ത്താ, കര്‍മ്മവിഷയ വിവേചനങ്ങള്‍ക്കുമതീതമായി ചിന്തയ്ക്കും പ്രജ്ഞയ്ക്കും അപ്പുറത്തു മനുഷ്യപ്രജ്ഞയുടെ അതിരിക്ത പ്രതിഭാസമായി നിര്‍വ്വാണം അഥവാ സമ്യക് സംബോധിയുണ്ടാകുന്നു. അതിനാണ് ബുദ്ധഭഗവാന്റെ ശിഷ്യന്മാര്‍ ബോധി എന്ന പേരു കൊടുത്തത്.' 

ഭാരതീയമായ ഈ ബോധിപാരമ്പര്യത്തില്‍നിന്നു വ്യത്യസ്തമാണ് പാശ്ചാത്യരുടെ ആധുനിക പ്രബുദ്ധതയെന്നു ഗ്രിഗോറിയോസ് വ്യക്തമാക്കുന്നു. ബുദ്ധധര്‍മ്മത്തിലെ പ്രബുദ്ധത സര്‍വ്വത്തേയും ഒന്നായിക്കാണുമ്പോള്‍ പാശ്ചാത്യ പ്രബുദ്ധത നിരീക്ഷകനേയും നിരീക്ഷിതത്തേയും രണ്ടായിട്ടാണ് കാണുന്നത്. ഈ ബഹുസ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ലോകത്തേയും അതു കാണുന്നത്. ഭാരതീയ പ്രബുദ്ധതയുടെ അടിസഥാനം ഏകത്വമാണ്. ഈ ബോധിയുടെ ഫലം കരുണയും ഭൗതിക മൂല്യങ്ങളോടുള്ള മൈത്രിയും ആകുന്നു. എന്നാല്‍, പാശ്ചാത്യബോധിയുടെ ലക്ഷ്യം സര്‍വ്വത്തേയും വിഷയവല്‍ക്കരിച്ച്, നിയന്ത്രിച്ച് അധീനമാക്കി സ്വന്തമാക്കാനുള്ള വ്യഗ്രതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പാശ്ചാത്യരുടെ ഈ ആധുനിക പ്രബുദ്ധതയുടെ ഫലമായി 'ഞാന്‍ തന്നെയാണ് എന്റെ അധിപന്‍' എന്നു മനുഷ്യന്‍ ഉദ്‌ഘോഷിക്കാന്‍ തുടങ്ങി. ഈശ്വരനേയും മതത്തേയും പാരമ്പര്യത്തേയും യജമാനനേയും ഈ പുത്തന്‍ സ്വാതന്ത്ര്യബോധം നിരാകരിച്ചു. പാശ്ചാത്യ പ്രബുദ്ധതമൂലം വിധിവിധേയയുക്തിയുടെ പരമാധികാരത്തിനു മനുഷ്യന്‍ വിധേയനാകാന്‍ തുടങ്ങി. കൂടാതെ ആധുനിക ശാസ്ത്രത്തെ യഥാര്‍ത്ഥ ജ്ഞാനമായി സ്വീകരിക്കാനും തുടങ്ങി. അങ്ങനെയാണ് സാങ്കേതികജ്ഞാനം ഉപയോഗിച്ചുള്ള നാഗരികത കെട്ടിപ്പടുക്കാന്‍ തുടങ്ങിയത്. 

മനുഷ്യസ്വാതന്ത്ര്യം, വിധിവിധേയ യുക്തി, ശാസ്ത്രസാങ്കേതികത എന്നിവയില്‍ ഊന്നിനില്‍ക്കുന്ന പാശ്ചാത്യ പ്രബുദ്ധതയുടെ മറ്റൊരു ഘടകമാണ് സെക്യുലര്‍ സ്‌റ്റേറ്റ് എന്ന സങ്കല്പമെന്ന് പൗലോസ് മാര്‍ ഗ്രിഗോറിയോസ് ചൂണ്ടിക്കാട്ടുന്നു. ഈ മതേതരസങ്കല്പം ഭാരതത്തിന് ഒരു സംഭാവനയും നല്‍കില്ലെന്നു പ്രഖ്യാപിക്കാന്‍ ഗ്രിഗോറിയോസ് മടി കാണിച്ചില്ല.

സെക്യുലര്‍ സംസ്‌കാരത്തോട് ഗ്രിഗോറിയോസിന് വിയോജിപ്പായിരുന്നു. തികച്ചും മതനിരപേക്ഷമായ ഭാരതം തന്റെ ലക്ഷ്യമല്ലെന്ന് ഇ.എം.എസ്. നമ്പൂതിരിപ്പാടുമായി നടത്തിയ ഒരു സംവാദത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നമുക്കു വേണ്ടത് മതനിരപേക്ഷതയല്ല, വിശ്വനാഗരികതയാണെന്ന് ഗ്രിഗോറിയോസ് ചിന്തിക്കുന്നു. വിശ്വനാഗരികത മതബദ്ധമോ മതനിരപേക്ഷമോ അല്ല.

ഗ്രിഗോറിയോസ് വിഭാവനം ചെയ്ത വിശ്വനാഗരികതയുടെ അടിസ്ഥാനം എല്ലാ വിശ്വമതങ്ങളേയും ധാര്‍മ്മികമൂല്യങ്ങളേയും ഒന്നിച്ച് ഉള്‍ക്കൊള്ളുന്ന ഒരു വിശ്വധാര്‍മ്മികതയാണ്. സര്‍വ്വമതസംഗ്രാഹിയായ ഒരു വിശ്വനാഗരികതയെ ലക്ഷ്യം വച്ചായിരുന്നു അദ്ദേഹത്തിന്റെ എല്ലാ രചനകളും. ഈ ആശയങ്ങള്‍ അദ്ദേഹം മലയാളത്തില്‍ എഴുതിയ 'പാശ്ചാത്യ പ്രബുദ്ധതയും ആധുനികോത്തരതയും', 'മതനിരപേക്ഷത ഒരു സംവാദം' എന്നീ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

മാര്‍ ഗ്രിഗോറിയോസിന്റെ സ്വാതന്ത്ര്യസങ്കല്പം ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കൃതികളാണ് Joy of Freedom, Freedom of Man എന്നീ ഗ്രന്ഥങ്ങള്‍. ഇതില്‍ Joy of Freedom 'സ്വാതന്ത്ര്യദീപ്തി' എന്ന പേരില്‍ കെ.എം. തരകന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പൗരസ്ത്യാരാധനയുടെ സവിശേഷതകള്‍ വിശദീകരിക്കുന്നതിലൂടെ സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദം പങ്കിടാനാണ് പൗലോസ് മാര്‍ ഗ്രിഗോറിയോസ് ഈ കൃതിയിലൂടെ ശ്രമിക്കുന്നത്. 
പൗരസ്ത്യാരാധന യോഗാത്മകമാണെന്നും ആരാധനയില്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും ഹൃദയത്തിനും ആത്മാവിനും പങ്കുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു. ആരാധന മാത്രമല്ല, പൗരസ്ത്യ ദൈവജ്ഞാനവും യോഗാത്മകമാണ്.

അദ്ദേഹം ഇങ്ങനെ എഴുതുന്നു: 'പൗരസ്ത്യ ആരാധനയുടെ സത്ത ദൈവസാന്നിധ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ പ്രവേശിക്കാനുള്ള പുത്രന്റെ സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യമാണ് ക്രൈസ്തവനു ലഭിച്ചിരിക്കുന്ന പുത്രത്വത്തിന്റെ സവിശേഷാവകാശം. ഇതാണ് സാക്ഷാല്‍ ബ്രഹ്മാനന്ദത്തിന്റെ ഉറവിടം. മനുഷ്യസ്വാതന്ത്ര്യം ദാര്‍ശനികര്‍ക്കു ദുര്‍ഘട പ്രശ്‌നമാണ്. സ്വാതന്ത്ര്യമെന്നാല്‍ സര്‍വ്വതന്ത്ര സ്വതന്ത്രതയല്ലേ? മനുഷ്യന്‍ സൃഷ്ടിയാണല്ലോ. സൃഷ്ടിക്കു പരിമിതിയുണ്ട്. പരിമിതമായ സൃഷ്ടിക്കെങ്ങനെയാണ് അപരിമേയനായ സ്രഷ്ടാവിനു മാത്രം അവകാശപ്പെടാവുന്ന സ്വാതന്ത്ര്യം ലഭിക്കുക? ദൈവമാണ് സ്വതന്ത്ര സ്വരൂപന്‍.'

അമേരിക്കയില്‍ പ്രസിദ്ധപ്പെടുത്തിയ Freedom of Man (1974) എന്ന ഗ്രന്ഥത്തിന്റെ ഭാരതീയ പതിപ്പാണ് freedom and Authortiy മൗലികമായ ചിന്തകളാണ് ഈ കൃതിയില്‍ അവതരിപ്പിക്കുന്നത്. ആധുനിക മനുഷ്യന്‍ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ അവന് മൂന്നു യാഥാര്‍ത്ഥ്യങ്ങളെ മറക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 'മനുഷ്യന്‍ ശൂന്യതയല്ല, സത്തയാണ്. അവന്റെ സത്ത ദൈവഹിതത്തില്‍ നിഷ്ഠമാണ്. തന്മൂലം അത് ദൈവത്തിന്റെ ശക്തിയാണ്, അനശ്വരമാണ്. ഇതാണ് ഒന്നാമത്തെ സത്യം. ചരിത്രത്തില്‍ക്കൂടി മനുഷ്യന്‍ യുഗാന്ത്യത്തിലേക്കു നീങ്ങുന്നു, ദൈവത്തിന്റെ ഹിതം സാക്ഷാല്‍ക്കരിക്കാന്‍. പുരോഗതി സുനിശ്ചിതമാണ്. തിന്മ സംഹരിക്കപ്പെടും. നന്മ നിലനില്‍ക്കുകയും ചെയ്യും. തിന്മയോ നന്മയോ ഏതാനും വ്യക്തികളിലോ വസ്തുക്കളിലോ മാത്രമായി വേര്‍തിരിഞ്ഞു കിടക്കുന്നില്ല. മനുഷ്യന്റെ വിധി പ്രപഞ്ചാരംഭത്തില്‍ത്തന്നെ നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നുമില്ല. ഇതാണ് രണ്ടാമത്തെ സത്യം. സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് ദത്തമാണ്. ദൈവസൃഷ്ടിയെന്ന നിലയിലും ക്രിസ്തുവിലൂടെ ഈശ്വരന്‍ മനുഷ്യനു നല്‍കിയ ദാനങ്ങളില്‍ ഇതാണ് ഏറ്റവും വിശിഷ്ടവും. സ്വാതന്ത്ര്യവും ചട്ടക്കൂടുകളുടെ അധികാരവും തമ്മിലുള്ള സംഘര്‍ഷം അനിവാര്യമാണ്. അതില്‍നിന്നാണ് നന്മ ഉരുത്തിരിയുന്നത്. ഇതാണ് മൂന്നാമത്തെ സത്യം.'

അദ്ദേഹത്തിന്റെ പ്രകൃതിയോടുള്ള സമീപനം ഔാമി ജൃലലെിരല (1978) എന്ന ഗ്രന്ഥത്തില്‍ വെളിവാകുന്നു. ഈ ഭൂമി എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നും ഇവിടെ ജീവിക്കാനും സര്‍ഗ്ഗാത്മകമായ സ്വാതന്ത്ര്യം സാക്ഷാല്‍ക്കരിക്കാനും എല്ലാ മനുഷ്യര്‍ക്കും കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകത്തെ നവീകരിക്കാന്‍ പുതിയ ഉല്പാദനരീതിയും പുതിയ വിതരണരീതിയും ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനു പ്രകൃതിയോടുള്ള സമീപനം മാറ്റാനാണ് അദ്ദേഹം ഉദ്‌ബോധിപ്പിച്ചത്.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ 1979ല്‍ നടന്ന 'വിശ്വാസം, ശാസ്ത്രം, ഭാവി' എന്ന സെമിനാറില്‍ ഡോ. ഗ്രിഗോറിയോസ് മോഡറേറ്ററായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരത്തോളം ശാസ്ത്രജ്ഞന്മാരും വേദശാസ്ത്രജ്ഞന്മാരും പങ്കെടുത്ത ഈ സമ്മേളനത്തില്‍ ശാസ്ത്രത്തെ വേദശാസ്ത്രം ഉദ്ഗ്രഥിച്ചു സ്വാംശീകരിക്കണമെന്ന വീക്ഷണമാണ് ഡോ. ഗ്രിഗോറിയോസ് പുലര്‍ത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ രചിച്ച വിഖ്യാത ഗ്രന്ഥമാണ് Science for Sane Societies. ആധുനിക ശാസ്ത്രവിജ്ഞാനീയത്തെ മുഴുവനായി കാണാനും ഉദ്ഗ്രഥിക്കാനും ഗ്രിഗോറിയോസ് ഇതില്‍ ശ്രമിക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ശാസ്ത്രവിജ്ഞാനം വേദശാസ്ത്രത്തിന് അന്യമല്ല. 

മലയാളത്തില്‍ ഡോ. ഗ്രിഗോറിയോസ് എഴുതിയ ശ്രദ്ധേയമായ ഗ്രന്ഥം 'ദര്‍ശനത്തിന്റെ പൂക്കള്‍' ആണ് (1992). കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡ് ഈ ഗ്രന്ഥത്തിനു ലഭിക്കുകയും ചെയ്തു. ഘടനാവാദത്തെപ്പറ്റിയും അതില്‍ പ്രവര്‍ത്തിച്ച ചിന്തകന്മാരുടെ വിചാരവിശേഷങ്ങളെപ്പറ്റിയുമുള്ള പ്രൗഢപ്രബന്ധം ഈ കൃതിയിലാണുള്ളത്. 'ദര്‍ശനം, മതം, ശാസ്ത്രം' (1995) എന്ന ഗ്രന്ഥത്തില്‍ ദാര്‍ശനികമായ വിഷയത്തെപ്പറ്റിയും ചിന്തിക്കുന്നു.

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ തന്റെ ജീവിതത്തിന്റെ വളര്‍ച്ചയ്ക്കു മാത്രമല്ല, ചിന്തയുടെ വളര്‍ച്ചയ്ക്കും പരിവര്‍ത്തനത്തിനും വിനിയോഗിച്ച വ്യക്തിത്വമാണ് പോള്‍ വറുഗീസ് എന്ന പൗലോസ് മാര്‍ ഗ്രിഗോറിയോസ്. ജീവിതത്തിലെ ചില യാദൃച്ഛികതകള്‍ അദ്ദേഹത്തെ പുതിയ അന്വേഷണപഥത്തില്‍ എത്തിച്ചു.

തൃപ്പൂണിത്തുറ തടീക്കല്‍ പോള്‍ വറുഗീസ് ഒരിക്കല്‍ ഒരു കാറില്‍ യാത്ര ചെയ്യുകയായിരുന്നു. അന്നദ്ദേഹം തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനാണ്. ട്രേഡ് യൂണിയന്‍ നേതാവാണ്. യാത്രയ്ക്കിടയില്‍ ഒരു മിലിട്ടറി ലോറി അപകടത്തില്‍പ്പെട്ട് കിടക്കുന്നത് അദ്ദേഹം കണ്ടു. ആലുവാ ഇടപ്പള്ളിക്കടുത്താണ്. കാര്‍ നിര്‍ത്തി.

തിരുവിതാംകൂര്‍ മിലിട്ടറി ലോറിയായതുകൊണ്ട് അപകടത്തില്‍പ്പെട്ട് കിടക്കുന്നവരെ ശുശ്രൂഷിക്കുന്നത് അബദ്ധമാണ് എന്നു ധരിച്ചു ജനങ്ങള്‍ കാഴ്ചക്കാരായി നില്‍ക്കുന്നു. പോള്‍ വര്‍ഗീസും അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്തിരുന്ന ഒരു സായ്പും അപകടത്തില്‍പ്പെട്ടു കിടക്കുന്നവരെ ശുശ്രൂഷിക്കാന്‍ സന്നദ്ധരായി. വീണ്ടും യാത്ര ചെയ്ത് കാര്‍ ആലുവയിലെത്തി. സായ്പ് അവിടെ ഇറങ്ങി.

എത്യോപ്യയിലേക്കു അദ്ധ്യാപകരെ എടുക്കുവാന്‍ ഇന്ത്യയിലെത്തിയതായിരുന്നു സായ്പ്. പെട്ടെന്ന് സായ്പ് ആ ചെറുപ്പക്കാരനോടു ചോദിച്ചു: 'എത്യോപ്യയില്‍ അദ്ധ്യാപകനായി ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടോ?' 

മറ്റൊന്നും ആലോചിക്കാതെ പോള്‍ വറുഗീസ് സമ്മതം അറിയിച്ചു. തപാല്‍ വകുപ്പിലെ ജോലി രാജിവച്ചിട്ട് ഏത്യോപ്യക്കു വിമാനം കയറി.

ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് എന്ന വിശ്രുത ചിന്തകനും ദാര്‍ശനികനുമായിത്തീര്‍ന്ന പോള്‍ വര്‍ഗീസിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അത്.

എത്യോപ്യയിലേക്കു പോകുമ്പോള്‍ യോഗ്യതയായി അദ്ദേഹത്തിന്റെ പക്കല്‍ യൂണിവേഴ്‌സിറ്റി ബിരുദമൊന്നും ഉണ്ടായിരുന്നില്ല. മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് മാത്രം. സ്‌കൂള്‍ ഫൈനല്‍ ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായിരുന്നു. കോളേജില്‍ ചേര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയില്ല. സാമ്പത്തിക ഞെരുക്കം ഒരുവശത്ത്. അമ്മ നിത്യരോഗിണിയായിരുന്നു. എല്ലാംകൊണ്ടും പോള്‍ വര്‍ഗീസിന്റെ ബാല്യകാലം തിക്താനുഭവങ്ങള്‍കൊണ്ടു നിറഞ്ഞതായിരുന്നു. രണ്ടു ജ്യേഷ്ഠ സഹോദരന്മാര്‍ ചെറുപ്പത്തിലേ മരിച്ചു. ഇളയ സഹോദരന്മാര്‍ രണ്ടുപേര്‍. അവരുടെ പഠനത്തില്‍ ശ്രദ്ധിക്കണം. അവരെ സാമ്പത്തികമായി സഹായിക്കാനുള്ള ബാധ്യതയും വന്നുചേര്‍ന്നു. അമ്മയുടെ രോഗം ജോലിയില്‍നിന്നു റിട്ടയര്‍ ചെയ്ത അപ്പനെ വല്ലാതെ തളര്‍ത്തിയിരുന്നു.

തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്നു മെട്രിക്കുലേഷന്‍ പാസ്സായപ്പോള്‍ കോളേജ് വിദ്യാഭ്യാസത്തിനു അയയ്ക്കാന്‍ പറ്റില്ലെന്നു അപ്പന്‍ ശഠിച്ചു. 15ാം വയസ്സില്‍ തൊഴില്‍ തേടി ഇറങ്ങാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അപ്പന്റെ ആ ശാഠ്യമായിരുന്നു. കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ കഴിയാതിരുന്നത് ആ കൊച്ചു മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അപ്പന്‍ അദ്ധ്യാപകനായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് തന്നെ കോളേജില്‍ അയയ്ക്കാന്‍ തടസ്സം പറഞ്ഞതെന്ന് അദ്ദേഹത്തിനു പിടികിട്ടാത്ത കാര്യമാണ്.

പൗലോസ് മാർ ​ഗ്രി​ഗോറിയോസ് ഇഎംഎസിനും പ്രകാശ് കാരാട്ടിനുമൊപ്പം
പൗലോസ് മാർ ​ഗ്രി​ഗോറിയോസ് ഇഎംഎസിനും പ്രകാശ് കാരാട്ടിനുമൊപ്പം

എത്യോപ്യയിലെ ഏകാന്തധ്യാനങ്ങള്‍

പോളിനു മഹാരാജാസ് കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് കിട്ടിയതാണ്. എന്തായാലും കോളേജ് പഠനത്തിനുള്ള മോഹം കളഞ്ഞ് പോള്‍ വറുഗീസ് ഒരു പത്ര റിപ്പോര്‍ട്ടറായി. 'മലബാര്‍ മെയിലി'ന്റെ തൃപ്പൂണിത്തുറ ലേഖകനായിരുന്നു ആദ്യം. പിന്നെ മലയാള മനോരമ ഉള്‍പ്പെടെ പല പത്രങ്ങള്‍ക്കും വാര്‍ത്ത തയ്യാറാക്കി അയച്ചുകൊടുത്തു. തൊഴില്‍ എന്നതിനേക്കാള്‍ അതൊരു രസകരമായ അനുഭവമാക്കി മാറ്റി അദ്ദേഹം. പല കാര്യങ്ങളും പഠിക്കാനും അറിയാനും പത്രപ്രവര്‍ത്തനം അവസരമൊരുക്കി. അങ്ങനെ നാലുവര്‍ഷം കഴിഞ്ഞു. പിന്നീടു രണ്ടു വര്‍ഷം ഒരു ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഗുമസ്തനായി. അപ്പോഴാണ് കമ്പിത്തപാല്‍ വകുപ്പിന്റെ ടെസ്റ്റ് ജയിച്ചതും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതും. അത് 1942ല്‍ ആയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ആലുവാ സംഭവം. കമ്പിത്തപാല്‍ വകുപ്പില്‍നിന്നു രാജിവച്ചു പോകുമ്പോള്‍ പോള്‍ വര്‍ഗീസ് പോസ്റ്റ് മാസ്റ്ററായിരുന്നു.

ഇംഗ്ലീഷ് ഭാഷ മനോഹരമായി കൈകാര്യം ചെയ്യാനുള്ള കഴിവും പാണ്ഡിത്യവും ഉണ്ടായിരുന്നതിനാല്‍ എത്യോപ്യയില്‍ എത്തിയ പോള്‍ വര്‍ഗീസിനു അദ്ധ്യാപനത്തില്‍ നന്നായി ശോഭിക്കാന്‍ കഴിഞ്ഞു. മാത്രമല്ല, അവിടുത്തെ മുഖ്യഭാഷയായ അംഹാരിക്കും പഠിച്ചു. അതില്‍ പാണ്ഡിത്യവും നേടി. ആദ്യമായി ആ ഭാഷയ്‌ക്കൊരു വ്യാകരണഗ്രന്ഥം എഴുതിയതും അദ്ദേഹം തന്നെ. പിന്നീട് അംഹാരിക് പാഠപുസ്തക കമ്മിറ്റി ചെയര്‍മാനായും ആഡിസ് അബാബയിലെ ഹെയ്‌ലി സെലാസി സെക്കന്‍ഡറി സ്‌കൂളില്‍ അംഹാരിക് ഭാഷാവിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചു. 1947 മുതല്‍ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ അവിസ്മരണീയമായ രണ്ടു സംഭവങ്ങള്‍ ഉണ്ടായി.

പോള്‍ വര്‍ഗീസിനു തന്റെ മതദര്‍ശനത്തെ അനുഭൂതിയാക്കാന്‍ കഴിഞ്ഞതാണ് ഒരു സംഭവം. തന്റെ ജീവിതത്തിലെ ഏറ്റവും ദിവ്യമായ യോഗാനുഭൂതി അനുഭവിക്കാന്‍ കഴിഞ്ഞ ആ സംഭവം എത്യോപ്യയിലെ ഏകാന്തധന്യമായ ചില നിമിഷങ്ങളിലാണ് ഉണ്ടായത്. അവിടെ താമസിക്കുന്ന കാലത്തു കടുത്ത വസൂരി പിടിപെട്ടു. ആരും തിരിഞ്ഞു നോക്കാനില്ലാതായി. വല്ലാത്ത വേദനയും. വേദനയിലും യാതനയിലും ഈശ്വരന്റെ മഹത്വം ദര്‍ശിക്കാനും അനുഭവിക്കാനും കഴിഞ്ഞ ആ സംഭവമാണ് ഡോ. ഗ്രിഗോറിയോസിന്റെ മതദര്‍ശനത്തിന് അടിത്തറയിട്ടത്.

മറ്റൊരു സംഭവം. എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്‌ലി സെലാസിയുടെ ആദരവു പിടിച്ചുപറ്റാന്‍ കഴിഞ്ഞതാണ്. ആഡിസ് അബാബയിലെ സ്‌കൂളില്‍ വാര്‍ഷികത്തിനു മുഖ്യാതിഥിയായി ചക്രവര്‍ത്തി എത്തി. സ്വാഗതം പറഞ്ഞത് പോള്‍ വര്‍ഗീസാണ്, അംഹാരിക്കില്‍. പോളിന്റെ പ്രസംഗം ചക്രവര്‍ത്തിയെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് പോളിനെ ക്ഷണിച്ചു. ആ ക്ഷണം നിരസിച്ചുകൊണ്ട് പോള്‍ വര്‍ഗീസ് എത്യോപ്യ വിട്ടു. കൂടുതല്‍ പഠിക്കണമെന്ന അഗ്രഹം മനസ്സിലുണ്ടായിരുന്നു. അമേരിക്കയില്‍ ഇന്ത്യാനയിലെ ഗോഷന്‍ കോളജില്‍ ബി.എയ്ക്കു ചേര്‍ന്നു. വിഷയം തത്ത്വശാസ്ത്രവും ഭാഷാശാസ്ത്രവും. നാലുവര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കേണ്ട ഡിഗ്രി പഠനം രണ്ടുവര്‍ഷം കൊണ്ടു തീര്‍ത്തു. ക്ലാസ്സില്‍ ഒന്നാമനായിരുന്നു.

വേദശാസ്ത്രപഠനത്തിന്റെ ആദ്യഘട്ടം ഒക്‌ലാഹോമാ യൂണിവേഴ്‌സിറ്റിയിലും ന്യൂയോര്‍ക്ക് യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയിലും ആയിരുന്നു. പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്നു വേദശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി.

ഔദ്യോഗിക രംഗത്തു ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ കണക്കിലെടുക്കാതെ അദ്ദേഹം കേരളത്തില്‍ തിരിച്ചെത്തി. ആലുവാ യു.സി കോളേജിലും കോട്ടയം ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും പഠിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറിയായും എസ്.സി. എമ്മിന്റെ ഓണററി അസോസിയേറ്റ് സെക്രട്ടറിയായും അദ്ദേഹം കേരളത്തിലെ ക്രൈസ്തവ യുവജനതയെ സേവിച്ചു. ആലുവാ ഫെല്ലോഷിപ്പ് ഹൗസിന്റെ ഡയറക്ടറായി രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചു. 1956ല്‍ ഹെയ്‌ലി സെലാസി ഇന്ത്യയില്‍ വന്നപ്പോള്‍ പോള്‍ വര്‍ഗീസിനെ കണ്ടുമുട്ടാന്‍ അവസരമുണ്ടായി. ചക്രവര്‍ത്തിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിതനായ അദ്ദേഹം വീണ്ടും എത്യോപ്യയ്ക്കു പോയി. അവിടെ വിദ്യാഭ്യാസ കാര്യങ്ങളിലും സാമൂഹിക കാര്യങ്ങളിലും ചക്രവര്‍ത്തിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റുമായി സൗഹൃദബന്ധം നിലനിര്‍ത്താനുള്ള മുഖ്യ ചുമതലയും വഹിച്ചു. ഹെയ്‌ലി സെലാസി ട്രസ്റ്റിന്റെ മുഖ്യ ഉപദേഷ്ടാവും അദ്ദേഹമായിരുന്നു.

എത്യോപ്യയില്‍നിന്നു വീണ്ടും അമേരിക്കയില്‍ ഉപരിപഠനത്തിനു പോയി. യേല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും വേദശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടി. പിന്നീട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പാശ്ചാത്യ പൗരസ്ത്യ വേദശാസ്ത്ര ദര്‍ശനങ്ങളെപ്പറ്റി ഗവേഷണം നടത്തി. അവിടെനിന്നുള്ള ഡോക്ടറേറ്റ് കൂടാതെ ജര്‍മനിയിലെ ഗ്രിഗറി ഓഫ് നാസ ഇന്‍സ്റ്റിറ്റിയൂട്ട്, സെറാമ്പൂര്‍ യൂണിവേഴ്‌സിറ്റി, ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ അക്കാദമി. ബുഡാപ്പസ്റ്റ് ലുതറന്‍ തിയോളജിക്കല്‍ അക്കാദമി, ചെക്കോസ്ലോവോക്യ ജാന്‍ ഹസ് ഫാക്കല്‍റ്റി എന്നിവിടങ്ങളില്‍നിന്നും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

1958ല്‍ പോള്‍ വര്‍ഗീസ് വീണ്ടും കേരളത്തിലെത്തി. വൈദികവൃത്തി സ്വീകരിച്ചു. 1962ല്‍ എല്ലാ ഓര്‍ത്തഡോക്‌സ് സഭകളുടേയും പ്രതിനിധിയായി ജനീവ കേന്ദ്രമാക്കിയുള്ള വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയായി (1962-67). ബൈബിള്‍ ഭാഷ്യകാരനെന്ന നിലയില്‍ ലോകപ്രശസ്തി നേടിയത് ഈ കാലയളവിലാണ്. വര്‍ഗ്ഗവിവേചനത്തിനെതിരെ പോരാടാന്‍ ഡബ്ല്യൂ.സി.സിയുടെ നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഡബ്ല്യൂ.സി.സി ഡലിഗേഷന്‍ നേതാവായി സോവിയറ്റ് യൂണിയനിലും (1962) യുനെസ്‌ക്കോയിലും (1965) പോയി. പിന്നീട് കോട്ടയം ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയില്‍ പ്രിന്‍സിപ്പലായി. 1975ല്‍ അദ്ദേഹത്തെ പൗലോസ് മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മലങ്കര ഓര്‍ത്ത്‌ഡോക്‌സ് സഭ മെത്രാപ്പോലീത്താ ആയി അഭിഷേകം ചെയ്തു.

കപ്പദോക്യന്‍ പിതാക്കന്മാരായ കൈസരിയായിലെ ബസേലിയോസിന്റേയും നിസായിലെ മാര്‍ ഗ്രിഗോറിയോസിന്റേയും ജീവിതവും ദര്‍ശനവും ഇദ്ദേഹത്തെ ആകര്‍ഷിച്ചു. നിസായിലെ മാര്‍ ഗ്രിഗോറിയോസിന്റെ ദര്‍ശനങ്ങളെ അപഗ്രഥിച്ചു വ്യാഖ്യാനിച്ചു. സ്വതന്ത്രവും സര്‍ഗ്ഗാത്മകവുമായ പുതിയൊരു മാനവികതയ്ക്കുവേണ്ടിയുള്ള അന്വേഷണമാണ് മാര്‍ ഗ്രിഗോറിയോസിന്റെ ചിന്തയുടെ ഒരടിസ്ഥാനമെന്നു വേദശാസ്ത്ര പണ്ഡിതനായ ഫാ. ഡോ. കെ.എം. ജോര്‍ജ് പറഞ്ഞിട്ടുണ്ട്.

വിവിധ ഭാഷകളിലായി ആയിരത്തിലധികം പ്രബന്ധങ്ങള്‍ ഡോ. ഗ്രിഗോറിയോസ് രചിച്ചിട്ടുണ്ട്. ശാസ്ത്രം, തത്ത്വശാസ്ത്രം, രാഷ്ട്രീയം, ദര്‍ശനം, മതം തുടങ്ങിയ വിഷയങ്ങളില്‍ എഴുതിയിട്ടുള്ള പ്രബന്ധങ്ങള്‍ ഇന്ത്യയിലും പുറത്തും ഉള്ള ജേര്‍ണലുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സര്‍വ്വവിജ്ഞാനങ്ങളിലും ഡോ. ഗ്രിഗോറിയോസ് പാണ്ഡിത്യം പ്രകടിപ്പിച്ചു. മസാച്ചുസെറ്റ്‌സില്‍ 1979ല്‍ ണഇഇ നടത്തിയ വിശ്വാസം, ശാസ്ത്രം, ഭാവി എന്ന സമ്മേളനത്തിന്റെ മോഡറേറ്റര്‍ ഡോ. ഗ്രിഗോറിയസ് ആയിരുന്നു. 1989ല്‍ സഭകളുടെ ലോക കൗണ്‍സില്‍ (WCC) പ്രസിഡന്റായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. ഫ്രെഞ്ച്, ജര്‍മന്‍, ഗ്രീക്ക്, സുറിയാനി, റഷ്യന്‍ തുടങ്ങി പത്തിലേറെ വിദേശഭാഷകള്‍ അയത്‌നലളിതമായി ഡോ. ഗ്രിഗോറിയോസ് കൈകാര്യം ചെയ്തു. 

ദ് ഗോസ്പല്‍ ഓഫ് ദ് കിംഗ്ഡം (1968), ബീ സ്റ്റില്‍ ആന്‍ഡ് നോ (1974), ദ് ക്വസ്റ്റ് ഫോര്‍ സേര്‍ട്ടനിറ്റി (1975), ട്രൂത്ത് വിത്തൗട്ട് ട്രഡീഷന്‍ (1978) എന്നിവയാണ് ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്തിയ മറ്റു ഗ്രന്ഥങ്ങള്‍.
ബേണിംഗ് ഇഷ്യൂസ്, സയന്‍സ് ആന്‍ഡ് ഔവര്‍ ഫ്യൂച്ചര്‍, ഫെല്ലോഷിപ്പ് അണ്‍ബ്രോക്കണ്‍, സെക്യൂലര്‍ സൊസൈറ്റി ഓര്‍ പ്ലൂറലിസ്റ്റിക് കമ്യൂണിറ്റി, കള്‍ച്ചറല്‍ ഐഡന്റിറ്റി ആന്‍ഡ് പെര്‍സെപ്ഷന്‍ ഓഫ് റിയാലിറ്റി, മഡില്‍ഡ് മെറ്റാഫര്‍സ്, നോയിംഗ് ആസ് സ്‌ട്രെവിംഗ് ടുവേര്‍ഡ്‌സ് യൂണിറ്റി തുടങ്ങി ഇരുപതിലധികം ഗ്രന്ഥങ്ങള്‍ സമാഹരിക്കുകയും സംശോധിക്കുകയും ചെയ്തിട്ടുണ്ട്.

ഡോ. ഗ്രിഗോറിയോസിനെ അത്യുക്തി കലരാത്ത ഭാഷയില്‍ മഹാപണ്ഡിതനെന്നു വിശേഷിപ്പിക്കാനാവും. അദ്ദേഹത്തിന്റെ സവിശേഷമായ പഠനം ചെന്നെത്തിയ വിഷയം തീര്‍ച്ചയായും വേദശാസ്ത്രമാണ്. തന്റെ ആരാധ്യപുരുഷനായ നിസായിലെ ഗ്രിഗറിയെ എന്ന പോലെ, പൗലോസ് മാര്‍ ഗ്രിഗറിയോസിനേയും 'ഗ്രിഗറി ദ് തിയോളജിയന്‍' എന്നു വിശേഷിപ്പിക്കാം. ആധുനിക പൗരസ്ത്യ വേദശാസ്ത്രത്തിന്റെ ശില്പികളിലൊരാളാണ് ഡോ. ഗ്രിഗോറിയോസെന്ന് പൗരസ്ത്യരും പാശ്ചാത്യരും ഒരേ വിധത്തില്‍ സമ്മതിക്കും. 

ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തില്‍ മാത്രമായിരുന്നു മെത്രാപ്പോലീത്തായുടെ ആഭിമുഖ്യമെങ്കില്‍ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ചിന്തയേയും കൂടുതല്‍ വ്യക്തമായി നമുക്കു ഗ്രഹിക്കാന്‍ കഴിയുമായിരുന്നു. നമ്മിലധികം പേര്‍ക്കും  പഠിക്കയും ചിന്തിക്കയും എഴുതുകയും ചെയ്യുന്നവര്‍ക്കുപോലും ചില വിഷയങ്ങളില്‍ മാത്രമാവും ശ്രദ്ധ. അതിനാല്‍ എല്ലാ വിഷയങ്ങളേയും ഒരേ വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച ആ മഹാമനസ്സിനെ ഗ്രഹിക്കാന്‍ നമുക്കു പെട്ടെന്നു കഴിഞ്ഞെന്നും വരില്ല.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com